Monday, September 15, 2014

ആക്റ്റിവിസ്റ്റുകൾ സമരങ്ങൾ വിജയിക്കുവാൻ ആഗ്രഹിക്കുന്നില്ല.

ആക്റ്റിവിസ്റ്റുകൾ പ്രശ്നങ്ങളിൽ ഇടപെടുന്നതു സാമൂഹികപ്രതിബദ്ധത കൊണ്ടൊന്നുമല്ല. അവർക്കു പിന്നിൽ വങ്കിടമൂലധനതാല്പര്യക്കാരുണ്ട്. അവർ മിക്കപ്പോഴും വെറും ബിനാമികൾ മാത്രമായിരിക്കും.

ഇവരുടെ ജീവിതം ആരെങ്കിലും അടുത്തുനിന്നു ശ്രദ്ധിച്ചിട്ടുണ്ടോ? നിരന്തരം സമരപഥങ്ങളിൽ മാത്രമാണെന്നു അവകാശപ്പെടുന്ന ഇവർ എത്ര ആർഭാടപൂർണ്ണമായാണു കഴിഞ്ഞുപോകുന്നതു. അതിനുള്ള വരുമാനം എവിടെ നിന്നുണ്ടാകുന്നു. രാഷ്ട്രീയക്കാരുടെ വരുമാനം അന്വേഷിണിക്കണമെന്നു ആവശ്യപ്പെടുന്നവർ മിക്കവാറും ആക്റ്റിവിസ്റ്റുകൾ ആയിരിക്കും. പക്ഷെ ആക്റ്റിവിസ്റ്റുകളുടെ ജീവിതം കണ്ടിട്ടും അതൊന്നും അന്വേഷിക്കണമെന്നു ആരുമെന്താണു പറയാത്തതു? നാമവരെ വല്ലാതെ മുഖവിലയ്ക്കെടുക്കുന്നു.

തീവണ്ടിയിലും വിമാനത്തിലുമൊക്കെ മുന്തിയ ക്ലാസിലാണു അവർ സഞ്ചരിക്കുന്നതു. ആരാണു അവർക്ക് ടിക്കറ്റെടുത്തു കൊടുക്കുന്നതു? അല്ലെങ്കിൽ എവിടെ നിന്നാണു അവർക്കതിനുള്ള വരുമാനം? ഒരു ആക്റ്റിവിസ്റ്റും ദാരിദ്ര്യത്തിൽ ജീവിക്കുന്നതായി കാണുന്നില്ല. മക്കൾക്കൊക്കെ നല്ല വിദ്യാഭ്യാസവും പോസ്റ്റിങ്ങും. മെച്ചപ്പെട്ട വീടോ ഫ്ലാറ്റോ. ഉന്നത ബന്ധങ്ങൾ. ആധുനിക സൌകര്യങ്ങൾ. കമ്മ്യൂണിക്കേഷനു അത്യന്താധുനിക ഗാഡ്ജെറ്റുകൾ. സ്ഥിരം തൊഴിലില്ലാത്ത ആക്റ്റിവിസ്റ്റുകളും ഇതൊക്കെ സ്വന്തമാക്കുന്നു. സ്ഥിരവരുമാനക്കാർക്കുപോലും അസൂയ ഉളവാക്കുന്നതാണു ആക്റ്റിവിസ്റ്റുകളുടെ ജീവിതം. അധികവരുമാനം കൊണ്ടല്ലാതെ അതെങ്ങനെ സാദ്ധ്യമാകും? ആ വരുമാനത്തിന്റെ ഉറവിടമാണു അന്വേഷിക്കേണ്ടതു. പുറമേയുള്ള ആദർശവും ലാളിത്യവും അഭിനയത്തിനപ്പുറം മറ്റൊന്നുമല്ല.

അതുപോലെ തന്നെ സമാനമായ രണ്ടുപ്രശ്നങ്ങളുണ്ടെങ്കിൽ അവർ അതിൽ ഒന്നേ തിരഞ്ഞെടുക്കു. അതു പിന്നിൽ നിൽക്കുന്നവന്റെ താല്പര്യം സംരക്ഷിക്കാനുള്ളതുമായിരിക്കും. സമരങ്ങൾ എല്ലാം എതിർക്കാൻ വേണ്ടിയുള്ളതാണെന്നാണു നാം ധരിച്ചുവച്ചിരിക്കുന്നതു. സമരം കൊണ്ട് സഹായിക്കാനും കഴിയും. പലപ്പോഴും സമരങ്ങൾ പ്രശ്നങ്ങളെ കേന്ദ്ര വിഷയത്തിൽ നിന്നും മാറ്റിനിർത്താൻ സഹായിക്കാറുണ്ട്. വേറെ ചില സന്ദർഭങ്ങളിൽ ഇത്തരം ഇടപെടലുകൾ ബിസിനസ്സിനെ സഹായിക്കുന്നതാകും. കേരളത്തിലെ വിദ്യുച്ഛക്തിമേഖലയിലും മറ്റുമുണ്ടായ ആക്റ്റിവിസ്റ്റ് ഇടപെടലുകൾ വിശകലനം ചെയ്തു നോക്കിയാൽ അതിന്റെ തെളിവുകൾ കിട്ടും.

കുറേക്കാലം മുൻപ് കേരളത്തിൽ ഒരു സമരമുണ്ടായി. ഒരു ബ്രാൻഡിനെ പുകമറയിൽ നിർത്തി അതിന്റെ സ്ഥാനത്തു 2015ൽ മറ്റൊരു ബ്രാൻഡിറക്കാൻഒരു ബിസിനസ്സ് ഗ്രൂപ്പ്  തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായിരുന്നു അതു. പക്ഷെ പുറത്തുപറഞ്ഞതു പാരിസ്ഥിതിക വിഷയമാണെന്നാണു. അതല്ലെ പറ്റൂ. അതിന്റെ നേതൃത്വം സ്വാഭാവികമായും ആക്റ്റിവിസ്റ്റുകളിൽ ചെന്നു പെട്ടു. ന്യായമായ സമരമായതുകൊണ്ട് പല സാധാരണക്കാരും അതിൽ ആവേശത്തോടെ പങ്കെടുത്തു. ചിലരൊക്കെ ജീവിതം തന്നെ തുലച്ചു. മെച്ചമുണ്ടായതു ആക്റ്റിവിസ്റ്റുകൾക്കു മാത്രം. അതിലൊരാൾക്ക് തന്റെ ഓഫീസ് എക്സിക്യൂട്ടീവ് സ്റ്റൈലിലാക്കാൻ പറ്റി. പക്ഷെ മുഖ്യസമരാംഗം പട്ടിണികിടന്നും രോഗം വന്നും ചത്തു. ഒരു ആക്റ്റിവിസ്റ്റും തിരിഞ്ഞുനോക്കിയില്ല. ദോഷം പറയരുതല്ലോ അനുശോചന സമ്മേളനത്തിൽ കരഞ്ഞഭിനയിച്ച് പ്രസംഗിച്ചു. സമരം വിജയിച്ചോ? അതുമില്ല. ആക്റ്റിവിസ്റ്റുകൾ സമരങ്ങൾ വിജയിക്കുവാൻ ആഗ്രഹിക്കുന്നില്ല.

പൊതുപ്രശ്നവുമായി കോടതിയെ സമീപിക്കുന്ന വേറൊരു വിഭാഗം ആക്റ്റിവിസ്റ്റുകളുണ്ട്. പക്ഷെ അവർ കൊടുക്കുന്ന അന്യായം ആരെങ്കിലും വായിച്ചു നോക്കാറുണ്ടോ? അന്യായത്തിലെ വിഷയമാർക്കുമറിയില്ല. പത്രങ്ങളിൽ വരുന്നതൊക്കെ നാം അങ്ങ് വിശ്വസിക്കുന്നു. യഥാർത്ഥ കക്ഷികൾ കോടതിയിലെത്താതിരിക്കാനാണു ഇവർ മുങ്കൂറായി കേസ് ഫയൽ ചെയ്യുന്നതു. പിന്നീട് മറ്റുള്ളവർക്ക് അതിൽ കക്ഷിചേരാനൊക്കാത്തവിധം അതു ബ്ലോക്കാവും. കേസുചെലവ് മുതലാളി കൊടുക്കും. എന്നിട്ടു അയാൾക്ക് സഹായകരമാകുന്ന രീതിയിൽ മുന്നോട്ട് കൊണ്ടുപോകും. ജനം വിചാരിക്കുന്നതു ആക്റ്റിവിസ്റ്റ് ജനത്തെ സഹായിക്കാനാണു അങ്ങനെയൊക്കെ ചെയ്യുന്നതെന്നാണു. ഒരിക്കലുമല്ല. വിഷയം കോടതിയുടെ പരിഗണനയിൽ വരുമ്പോൾ ജനത്തിന്റെ ആവശ്യമൊന്നും അതിൽ കാണില്ല. ആർക്കും മനസിലാകാത്ത കുറേ സാങ്കേതികതയിൽ തൂങ്ങി നിന്നുള്ള വാദം നടക്കും. തെളിവുകളെ അടിസ്ഥാനമാക്കി കോടതി കേസ്പരിഗണിക്കുമ്പോൾ അന്യായം തുടങ്ങിയിടത്തായിരിക്കില്ല വിധി എത്തുക. അതിന്റെ പഴിമുഴുവനും കേൾക്കേണ്ടതു കോടതി. ചതിച്ച ആക്റ്റിവിസ്റ്റുകൾ ദിവ്യന്മാർ. അവരെ വിശ്വസിച്ച് ജനം കോടതിയേ വെറുക്കും.

ഈ ആക്റ്റിവിസത്തിന്റെ മറ്റൊരു രൂപമാണു നില്പുസമരത്തിൽ ഇപ്പോൾ നടക്കുന്നതു. പ്രകൃതിവാസികൾക്ക് അവരുടെ ഭൂമി കിട്ടാൻ അവകാശമുണ്ട്. അതിനു ഉപോൽബലകമായ ഒരു കോടതിവിധിയുമുണ്ട്. അതു വന്നിട്ട് കൊലം 13 ആയി. ഇതുവരെയായി വിധിനടത്തിപ്പിനു ഒരുനടപടിയും ഉണ്ടായില്ല. ഗോത്രമഹാസഭയ്ക്ക് ആത്മാർത്ഥതയുണ്ടായിരുന്നെങ്കിൽ വിധിനടത്തിപ്പിനുള്ള സാങ്കേതിക വഴികൾ ഇതിനിടെ പൂർത്തിയാക്കുമായിരുന്നു. എന്നിട്ടും നടപ്പാകാതെ വരുമ്പോൾ സമരം നടത്തിയിരുന്നെങ്കിൽ മനസിലാക്കാം. ഇതിപ്പോൾ പ്രകൃതിവാസികൾക്ക് കൂടുതൽ സമയം നിൽക്കാൻ പറ്റുന്ന ആരോഗ്യമുള്ള കാലുകളുള്ളതു കൊണ്ട് നില്പുസമരമുണ്ടായി. അതിലെ കൌതുകം പ്രചരിപ്പിക്കുക എന്നതാണു ഇപ്പോൾ നടക്കുന്നതു. ഇതിന്റെ സ്പോൺസർ ആരാണെന്നു കാലക്രമേണ ജനത്തിനു മനസിലാകും. താല്ക്കാലിക ഗുണഭോക്താക്കൾ ആരാണെന്നു പ്രത്യേകം പറയണ്ടല്ലോ.

നയപരമായ ഒരു കാര്യത്തിനാണു സമരമെങ്കിൽ പ്രതിപക്ഷത്തിന്റെ സഹായം തേടണം. അല്ല, കോടതിവിധി നിഷേധിക്കുന്നുവെന്നാണെങ്കിൽ കോടതിയോട് അപേക്ഷിക്കണം. കുറഞ്ഞപക്ഷം ഈ നില്പുസമരം കാട്ടിയെങ്കിലും കോടതിയിൽ ഒരു ഹരജിയിടണമായിരുന്നു. അതു പോലും ചെയ്യുന്നില്ല. ചെയ്താൽ കോടതിയെങ്ങാനും അനുകൂലമായി ഇടപെട്ടാലോ? ആക്റ്റിവിസ്റ്റുകൾ അതാഗ്രഹിക്കുന്നില്ല.

No comments: