പതിത കാലം
(ഒരു ശീതോപചാരം)
ഇതു വീണുപോയ കാലമാണു.
ചൂട്!
മനസ്സിനേയും ശരീരത്തേയും ഒരുപോലെ വറുത്തെടുക്കുന്ന ഉഷ്ണകാലം. ഈ ചൂടില്‍ നിങ്ങള്‍ എന്തു ചെയ്യാന്‍ പോകുന്നു?
പകല്‍, വലിയ കൈകള്‍ ഉള്ള ഒരു ഭീകരജീവിയായി മാറിയിരിക്കുന്നു.
രാത്രി ഉറക്കത്തെ ആട്ടിപ്പായിക്കുന്ന പിശാചിനിയോ?
ഏറ്റവും തീക്ഷ്ണരശ്മികളാല്‍ സൂര്യന് ഇറുക്കി മുറുക്കുകയാല്‍ ഉടലിലെ ജലീയ ധാതു വരണ്ടുണങ്ങുന്നു. അതുകൊണ്ട് കഫം, ത്രിദോഷങ്ങളില്‍ മൂന്നാമത്തേത്, ദിനം പ്രതി ക്ഷയിച്ചു വരുന്നതായിക്കാണാം. ('കം' കൊണ്ട് ഫലിക്കുന്നതു കഫം!) അതിനനുസരിച്ച് വാതം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഉഷ്ണകാലത്തില്‍ ശരീരത്തിനു സംഭവിക്കുന്നതു ഇതാണെന്ന് ആയുര്‍വ്വേദം. അതിനെ ശീതോപാചാരം കൊണ്ട് നേരിടാനുള്ള വഴിയും ആയുര്‍വ്വേദം തന്നെ നിര്‍ദ്ദേശിക്കുന്നുണ്ട്.
ഉപ്പ്, പുളി, എരിവ് ഇവ നിശ്ശേഷം വര്‍ജ്ജിച്ചാല്‍ ഒരു പരിഹാരമായി. തീരെ നിവര്‍ത്തിയില്ലെങ്കില്‍ അവയുടെ അളവ് ഗണ്യമായി കുറക്കണം.
ഈ ഋതുവില്‍ വ്യായാമം വര്‍ജ്യമാണു.
കരുത്തില്ലാത്തവര് വെയില് കൊള്ളരുത്.
മധുരപ്രായമായ അന്നം കഴിക്കണം. അരിയാകാം. അതു തന്നെ കഞ്ഞിയാക്കിയോ, വെള്ളരിക്കയും മോരും ചേര്‍ത്ത ഒഴിച്ചു കറിയില്‍ കലക്കിയോ കുടിക്കുന്നതാണുത്തമം.
കുളിക്കുന്നതിനു ഏറ്റവും തണുത്തവെള്ളം തന്നെ വേണം.
ഇടയ്കിടെ കാലും മുഖവും കഴുകിക്കൊണ്ടിരിക്കണം.
മലരു പൊടിച്ച് അതില്‍ പഞ്ചസാര ചേര്‍ത്ത് നക്കിക്കഴിക്കണം.
ചൂടുകാലത്ത് മദ്യം തൊടരുത്! അതു രക്തക്കുഴലുകളെ നുലവുള്ളതാക്കും. കുടിക്കാതെ തീരെ നിര്‍വ്വാഹമില്ല എന്ന് തോന്നുന്നവര്‍ അല്പം മദ്യം ആറിരട്ടി തണുത്ത വെള്ളം ചേര്‍ത്ത് മെല്ലെ, മെല്ലെ നുണഞ്ഞകത്താക്കണം. കൂടുതല്‍ കുടിക്കുകയോ നേര്‍പ്പിക്കാതെ കുടിക്കുകയോ ചെയ്യരുത്. (ഇത്ര മിനക്കെട്ട് കുടിച്ചിട്ട് എന്താ കാര്യം. അല്ലേ?) ഈ ചൂടില്‍ മദ്യത്തോടൊപ്പം സോഡ അപകടകരമാകുമെന്ന് പ്രത്യേകം ഓര്‍ക്കുക. സോഡ അമ്ലമാണു.
ഈ വിധി അനുസരിക്കാതെ മദ്യപാനം നടത്തുന്നവര്‍ക്ക് കരള്‍ വീക്കം ഉടനെ പ്രതീക്ഷിക്കാം. ചൂടുകാലത്ത് ചര്യകള്‍ ഒന്നും അനുസരിക്കാതെ മദ്യപിക്കുന്നവര്‍ മരണത്തെ ക്ഷണിച്ചു വരുത്തുകയാണു. നുലവുള്ളതായിത്തീരുന്ന രക്തധമനികളുടെ വാഹകശേഷി നഷ്ടപ്പെടുന്നു. കുഴഞ്ഞു വീണുള്ള പലമരണങ്ങള്‍ക്കും പിന്നിലെ ഒരു കാരണം ഇതാണു.
മരണം സംഭവിച്ചില്ലെങ്കില്‍പ്പോലും മോഹാലസ്യം ഉണ്ടാകാം.
ഊണിനു തവിടു കളഞ്ഞ ചോറു ജാംഗലമാംസക്കറി കൂട്ടിക്കഴിക്കുന്നത് നന്ന്.
വെള്ളം ധാരാളമായി കുടിക്കണം. അതിനു പാനകങ്ങളുണ്ട്.
അവയുടെ വിധി പറയുന്നു....
പഴച്ചാര്‍ മണ്‍ഭരണികളിലാക്കി പുളിപ്പിച്ച് കുടിക്കാം.
അതിനെ പഞ്ചസാരമെന്ന് പറയും.
തൈരു കടഞ്ഞ് വെണ്ണ നീക്കിയ പച്ചമോരു ധാരാളം വെള്ളം ചേര്‍ത്ത് കഴിക്കാം.
ഇതു നമ്മുടെ സംഭാരമാണു.
വെറും വെള്ളമാണു കുടിക്കുന്നതെങ്കില്‍ ദാഹശമനികള്‍ ചേര്‍ക്കാതിരിക്കുന്നതാണു ഉത്തമം. പാതിരപ്പുവിട്ട് മണം പിടിപ്പിച്ചതും, കര്‍പ്പൂരപ്പൊടി ചേര്‍ത്തതുമായ തണുത്തവെള്ളത്തേപ്പറ്റി ഒരു വിധി കാണുന്നുണ്ട്. അല്ലാതെ ഇന്ന് മാര്‍ക്കറ്റില്‍ വില്‍ക്കുന്ന ദാഹശമനികളുടെ രീതിയിലൊന്നുമെവിടെയും പറയുന്നില്ല. ഇവിടെ പറഞ്ഞതും പരീക്ഷിക്കാതിരിക്കുകയാണു നന്ന്. കാരണം ഇന്ന് കടകളില്‍ വാങ്ങാന്‍ കിട്ടുന്ന കര്‍പ്പൂരം യഥാര്‍ത്ഥ കര്‍പ്പൂരമാവണമെന്നില്ല. കൃത്രിമമായി നിര്‍മ്മിച്ച ഒരു രാസവസ്തുവാണത്. അതു ഉള്ളില്‍ ചെന്നാല്‍ കിഡ്നി പോകും. അമ്പലങ്ങളിലും മറ്റും ചെന്ന് ഭക്തിപൂര്‍വ്വം അതിന്റെ പുക കൈയില്‍ കോരി ശ്വസിക്കുന്നതും ആശാസ്യമല്ല.
ഈ കാലത്ത് ലഭ്യമായിട്ടുള്ള വാഴ, ചക്ക, മാങ്ങാ തുടങ്ങിയ പഴങ്ങള്‍ ഇഷ്ടം പോലെ കഴിക്കണം. വരവു ഫലങ്ങള്‍ യാതൊരു കാരണവശാലും കഴിക്കരുത്. ഓരോ ഫലങ്ങളും അതാത് ദേശത്തെ ഉദ്ദേശിച്ച് ഉണ്ടാകുന്നവയാണെന്ന് ഓര്‍മ്മ വേണം. നമ്മുടെ നാട്ടില്‍ ഉണ്ടാകാത്ത ഫലങ്ങള്‍ നമുക്ക് വേണ്ടിയുള്ളവയല്ല. അതു കച്ചവടക്കാര്‍ക്ക് വേണ്ടിയുള്ളതാണു. അവര്‍ക്ക് ലാഭമുണ്ടാക്കാന്‍.
രാത്രിക്ക് നിര്‍ദ്ദേശിച്ചിരിക്കുന്നത് 'ശശാങ്കകിരണ'മാണു.
പാല് പഞ്ചസാര ചേര്‍ത്ത് കുറുക്കി കൊഴക്കട്ട പോലെയാക്കുന്ന ഒരു പലഹാരം.
രാത്രി ഭക്ഷണമായി അതു കഴിക്കാം. ഒപ്പം എരുമപ്പാല് കുടിക്കണം.
പകല്‍ കടന്ന് പോകുന്നതാണു ദുഷ്കരം!
വെയിലിന്റെ തീവ്രത പരമാവധി കുറച്ചേ അനുഭവിക്കാവൂ.
കോണ്‍ക്രീറ്റ് മന്ദിരങ്ങള്‍ ഇതിനു അനുയോജ്യമല്ല. നിര്‍വ്വഹിക്കാന്‍ ഇപ്പോള്‍ പ്രയാസമാണെങ്കിലും ചൂടുകാലത്തെ എതിരിടാന്‍ പ്രാചീനര്‍ തേടിയ വഴികള്‍ പഠനാര്‍ഹമാണു. മനോഹരവും!
മേഘങ്ങളോളം എത്തി നില്ക്കുന്ന പനകളുടെ കരിമ്പട്ട!
അല്ലെങ്കില്‍ മെടഞ്ഞ ഓല!!
അതായിരുന്നു അവര്‍ കണ്ടെത്തിയത്.
ഇത്തരം ഓലകള്‍ കൊണ്ടുള്ള മേലാപ്പ് കെട്ടി പകല്‍ അതിനുള്ളില്‍ കഴിയുക!
മുന്തിരി വള്ളികളും, കുരുക്കുത്തിമുല്ലയും വിതാനിച്ച കൊട്ടിലുകള്‍ നിര്‍മ്മിക്കാന്‍ കഴിയുന്നവര്‍ക്ക് അതാകാം.
വെളിയടകള്‍ ഒരുക്കാന്‍ കഴിവുള്ളവര്‍ക്ക് അങ്ങനെ ചെയ്യാം.
പനിനീരോ സുഗന്ധിയായ മറ്റ് പുഷ്പങ്ങള്‍ മുക്കിയെടുത്ത തണുത്ത വെള്ളമോ കൊണ്ട് ഈറനാക്കിയ ഷാമിയാനകളാണു വെളിയടകള്‍.
ഇലകള്‍ തൂക്കിയ തട്ടു പന്തല്‍ വേറെയുണ്ട്.
മാന്തളിര്, മാങ്ങാക്കുലകള്‍, താമരവളയങ്ങള്, ആമ്പല്‍തണ്ട്, സുഗന്ധപുഷ്പങ്ങള്‍ തുടങ്ങിയവകൊണ്ട് അവ മോടിപിടിപ്പിക്കണം.
വാഴയിലക്ക് ചൂടു താങ്ങാനുള്ള ശേഷിയും, അണുബാധ തടയാനുള്ള കഴിവും ഉള്ളതുകൊണ്ട് തട്ടുപന്തലുകളില്‍ അവയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്.
പൂക്കളുടെ അലങ്കാരം കണ്ടാല്‍ സുന്ദരിയായ പെണ്‍കൊടി ചിരിക്കുന്ന പോലെ ഇരിക്കണണമെന്നാണു അവര്‍ പറഞ്ഞത്!
അരിമുല്ലപ്പല്ലുകളെ ഓര്‍മ്മപ്പെടുത്തുന്ന വെള്ളപ്പൂക്കളും, ചെഞ്ചുണ്ടുകളെ ഓര്‍മ്മപ്പെടുത്തുന്ന ചുവന്ന പൂക്കളും അലങ്കാരത്തിനു വേണമെന്ന് വ്യംഗ്യം!!
ഉച്ചസൂര്യന് വിവശനാക്കിയവന്‍ അല്ലെങ്കില്‍ അവള് പുഷ്പശയ്യയില്‍ തളിരുകള്‍ക്കൊപ്പം ഉറങ്ങിക്കൊള്ളണം.
ഉപദേശമല്ല. ശാസനയാണു.
(പകലുറക്കം ചൂടുകാലത്ത് മാത്രമേ ആകാവൂ എന്നും ആയുര്‍വ്വേദം നിഷ്കര്‍ഷിച്ചിട്ടുണ്ട്.)
മുന്തിയവര്ക്ക് ധാരാഗൃഹങ്ങള്‍ നിര്‍മ്മിക്കാം.
കൃത്രിമമായി നിര്‍മ്മിച്ച പെണ്‍പാവകളുടെ സ്തനം, കൈ, അധരം എന്നിവയില്‍ നിന്ന് രാമച്ചം കൊണ്ട് കുളിര്‍പ്പിച്ച ജലം ധാരയായി ഒഴുകുന്ന മുറികളാണു ധാരാ ഗൃഹങ്ങള്‍.
അതില്‍ പകല്‍ കഴിയുന്നതു ആനന്ദദായകവും ചൂടിനെ എതിരിടാന്‍ ഉചിതവുമെന്ന് പ്രാചീനര്‍.
രാത്രികാലത്ത് മട്ടുപ്പാവുകളെ അഭയം പ്രാപിക്കണം.
അല്ലെങ്കില്‍ നടുത്തളത്തിലോ തിണ്ണയിലോ ആവാം ഉറക്കം.
രാത്രിയെ ദര്‍ശ്ശിക്കാവുന്ന വിധത്തില്‍ തുറസ്സായ ഒരു സ്ഥലമാണു വിവക്ഷ.
ചന്ദ്രരശ്മികളാല്‍ വ്യാപ്തമായ ഇടം വേണമെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്.
മനോവ്യാപാരങ്ങളില്‍ നിന്നും നിവൃത്തനായി വേണം ഉറങ്ങാന്‍ കിടക്കേണ്ടത്.
നനഞ്ഞ തുണികൊണ്ട് മേല്‍ തുടച്ച് ചന്ദനവും പൂശി, പുഷ്പമാല്യങ്ങള്‍ അണിഞ്ഞ് ഉറങ്ങണം.
മാലകള്‍ ധരിക്കുന്നില്ലെങ്കില്‍ പൂക്കള്‍ വിതറിയ മെത്തയിലാവണം ശയനം.
ഉറങ്ങുമ്പോള്‍ അയഞ്ഞ നേര്‍ത്ത വസ്ത്രങ്ങള്‍ ധരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ചൂടുകാലം കാമലീലയ്ക്ക് യോജ്യമല്ല.
അവനവനെ പ്രതിയും അനന്തര തലമുറയെ പ്രതിയും ഈ കാലത്ത് ദമ്പതി ക്രിയകളില്‍ ഏര്‍പ്പെടരുത്. കാമവ്യഗ്രത വാതത്തെ പ്രകോപിപ്പിക്കും. വര്‍ദ്ധിച്ച വാതം കഫത്തെ പിന്നെയും ക്ഷയിപ്പിക്കുന്നു. അതു ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതാണു.
അടുത്ത കാരണം കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു.
ചൂടുകാലത്ത് കഫം ക്ഷയിക്കുമെന്ന് പറഞ്ഞുവല്ലോ. അതു ബീജാണ്ഡങ്ങള്‍ക്കും ബാധകമാണു. താപ ക്ലേശം കാരണം അവ സ്വയം പൂര്‍ണമായിരിക്കുകയില്ല. അതുകൊണ്ട് ചൂടുകാലത്തെ ദമ്പതിക്രിയ ജനിപ്പിക്കുന്ന പ്രജ അപൂര്‍ണ്ണവികാസങ്ങളോടെയായിരിക്കും ജനിക്കുക. തലച്ചോര്‍, ഹൃദയം എന്നിവയെ ബാധിക്കുന്ന രോഗങ്ങളുമായി അവര്‍ ജനിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. അതു കൊണ്ട് കാമകേളികളൊഴിവാക്കാന്‍ ആചാര്യന്മാര് നിര്‍ദ്ദേശിച്ചിരിക്കുന്നു.
രാത്രിയായാലും പകലായാലും ചൂടിനെ ശമിപ്പിക്കുവാനുള്ള ഉപചാരങ്ങള്‍ക്ക് ഒരു കുറവും വരുത്തരുത്. ഇടക്കിടെ ശരീരം വീശിത്തണുപ്പിക്കണം.
താമരയില വിശറികള്‍ എത്രയും ഉത്തമമാണു.
ജലകണങ്ങള്‍ ചിന്നിത്തെറിക്കുന്ന വെഞ്ചാമരങ്ങളും നന്ന്.
വായുവിലവ ചലിക്കുമ്പോള്‍ വര്‍ഷിക്കുന്ന ജലബിന്ദുക്കളില്‍ നിന്ന് തണുത്തകാറ്റ് വീശും, അത് നല്കുന്ന സുഖം അനിര്‍വ്വചനീയമാണു. ആരോഗ്യദായകവും.
ഹരിചന്ദനം കോര്‍ത്തിട്ട മുത്തു മാലകള്‍, കര്‍പ്പൂരമല്ലിയുടെ മാലകള്‍ ഇവയൊക്കെ ഉഷ്ണഹരങ്ങളാണു. ഒപ്പം കൊഞ്ഞവാക്ക് പറയുന്ന കുഞ്ഞുങ്ങള്‍, പഞ്ചവര്‍ണ്ണക്കിളികള്‍, തത്തകള്‍, മൈനകള്‍.
അവയുടെ സ്വരസംഗീതം മനസ്സിനെക്കുളിര്‍പ്പിക്കുന്നു.
അതു ചൂടിനെ മറക്കുവാന്‍ സഹായിക്കും.
ചേതോഹരികളായ താമരക്കണ്ണികള്‍ ഭാര്യമാരായുണ്ടായാല്‍ ഏതു ചൂടും സഹിക്കാവുന്നതേയുള്ളു എന്നും ആചാര്യന് പറയുന്നുണ്ട്...
മൃണാളവലയാഃ കാന്താഃ പ്രോല്‍ഫുല്ലകമലോജ്ജ്വലാഃ
ജംഗമാ ഇവ പത്മിന്യോ ഹരന്തി ദൈതാ ക്ലമം
(താമര വളയത്തെ വളയാക്കിയിരിക്കുന്നവരും, വിടര്‍ന്ന താമരപ്പൂക്കള്‍ കൊണ്ട് ശോഭിക്കുന്നവരും, നടന്നു വരുന്ന താമരകളോ എന്ന് തോന്നുമാറു മനോഹരകളുമായ ഭാര്യമാരും ഉഷ്ണാധിക്യം കൊണ്ടുള്ള തളര്‍ച്ചയെ തീര്‍ക്കുന്നതാണു.)
മേമ്പൊടി
ഈ നിമിഷം മുതല്‍ ഇതാരെങ്കിലുമൊക്കെ ആചരിച്ചുകളയുമെന്ന വിശ്വാസത്തിലല്ല ഈ പോസ്റ്റിട്ടത്. ആചരിച്ചാല്‍ ആരോഗ്യം ഉണ്ടാകും. ദീര്‍ഘായുസ്സും. അതൊന്നുമില്ലെങ്കിലും ഇങ്ങനെ വായിച്ചു പോകുമ്പോള്‍ ഒരു സുഖമൊക്കെ തോന്നിയിട്ടുണ്ടെങ്കില്‍ അതു മതി.ഇതില്‍ പറയുന്ന പോലെയൊക്കെ ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്നൊരു തോന്നലുണ്ടായാല്‍ അഷ്ടാംഗഹൃദയം മനസ്സില്‍ വേരോടാന്‍ തുടങ്ങി എന്ന് അനുമാനിക്കാം.
ഇനി, ഇത് വായിച്ച് സ്വാംശീകരിക്കുന്നവരുണ്ടെങ്കില്‍, അവര്‍ വഴി ഈ അറിവ് ജന്മ ജന്മാന്തരങ്ങള് കടന്ന് ഒരു ജീവിതക്രമായി ഭൂമിയില്‍ വന്നു നിലകൊള്ളും. അതെങ്ങനെയെന്ന് വച്ചാല്‍, ഇപ്പോഴിത് വായിക്കുന്നവന് പുരുഷായുസ്സ് പൂര്‍ണമായനുഭവിച്ച്(120 കൊല്ലക്കാലം) മരിക്കുമ്പോള്‍ ആ അറിവ് ധാതുക്കളിലേക്ക് സൂക്ഷ്മരൂപത്തില്‍ കൈമാറ്റം ചെയ്യപ്പെടും. സസ്യങ്ങള്‍ ആ ധാതുക്കളെ ഉപയോഗപ്പെടുത്തി അന്നം പാകംചെയ്ത് ജന്തുജാലങ്ങള്‍ക്ക് നല്കുമ്പോള്, അതു ചുറ്റിത്തിരിഞ്ഞ് വീണ്ടും മനുഷ്യനിലെത്തുകയായി. അവനില്‍ അതു പ്രായോഗികമായ അറിവായി വിടരുമ്പോള്‍ അതൊരു ജീവിതക്രമാകുന്നതു കാണാം.
ഇതൊരു ഭാവനയാണെന്ന് തോന്നുന്നവരുണ്ടെങ്കില്‍ അതിന്റെ കാരണം നമ്മുടെ പൂര്‍വ്വസൂരികളുടെ പഠനങ്ങളും ഗവേഷണങ്ങളും അംഗീകരിക്കാനുള്ള നമ്മുടെ വൈമനസ്യം മാത്രമാണു. പൂര്‍വ്വികര്‍ ശാസ്ത്രത്തെ കവിതയിലൂടെ അവതരിപ്പിച്ചത് പ്രത്യേകമായ ഉദ്ദേശത്തോടെ ആയിരുന്നു. ശാസ്ത്രസത്യങ്ങള്‍ മനസ്സിലുറപ്പിക്കാന്‍ പറ്റിയ മാദ്ധ്യമം കവിതയാണെന്ന് അവര്‍ കണ്ടെത്തി.
അങ്ങനെ അഷ്ടാംഗഹൃദയവും ഒരു കവിതയായി.
ശാസ്ത്രം കവിതയാകുമ്പോള്‍ ഉണ്ടാകുന്ന പ്രയോജനം കവിത ആസ്വദിക്കുമ്പോള്‍ തന്നെ ശാസ്ത്രവും മനസ്സില്‍ പതിയും എന്നതാണു. ഒരു സാധാരണക്കാരനുപോലും ശാസ്ത്രസത്യങ്ങള്‍ കരഗതമായിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. അങ്ങനെ ഉദ്ധൃതജ്ഞാനം (sustainable knowledge) നേടിയ തലമുറകള്‍ ഇവിടെ സുഖമായി ജീവിച്ചു. അവര്‍ ജീവിതത്തെ കളിപ്പന്തുപോലെ കൊണ്ടു നടന്നു. ആധുനിക മാനുഷികം അവരെയൊക്കെ കണ്ടില്ലെന്ന് നടിച്ചുകൊണ്ട് അഗ്നി നാളങ്ങളിലേക്ക് പറന്ന് ചെല്ലുകയും ചിറകുകരിഞ്ഞു പതിതലോകങ്ങളിലേക്ക് വീഴുകയും ചെയ്തു.
അവിടെ കിടന്നു കൊണ്ട് ആ പഴയ കവിതകളിലേക്ക് ഇനിയെങ്കിലും ഒന്ന് കണ്ണോടിക്കാന്‍ കഴിഞ്ഞെങ്കില്‍.....
തുടക്കം അഷ്ടാംഗഹൃദയത്തില്‍ നിന്നു തന്നെയാവട്ടെ.
കാരണം നാമിന്ന് രോഗികളുടെ ഒരു സമൂഹമായി മാറിക്കഴിഞ്ഞിരിക്കുന്നു.
ഈ കവിത അതിനൊരു പരിഹാരമായെങ്കിലോ?
അതു വായിക്കാന്‍ നമുക്ക് സംസ്ക്കൃതമറിയില്ലല്ലോ! സംശയം തോന്നാം.
വിഷയം ആരോഗ്യശാസ്ത്രവുമാണു. പക്ഷെ ഭയപ്പെടാനൊന്നുമില്ല.
നമുക്ക് വേണ്ട ഒരുപാട് കാര്യങ്ങള്‍ ഇതിലുണ്ട്.
മദ്യം വിഷമാണെന്ന് നാരായണഗുരു പറഞ്ഞത് ഈ പുസ്തകം നോക്കീട്ടാണു.
അതുപോലെ നമുക്കാവശ്യമുള്ള മറ്റനേകം കാര്യങ്ങള്‍ ഇതിലുണ്ട്.
അതു മനസ്സിലാക്കാന്‍ വലിയ പരസ്സഹായം ഒന്നും വേണ്ടിവരില്ല.
കൂടുതല്‍ മനസ്സിലാക്കിക്കളയാം എന്ന് വിചാരിച്ച് ആയുര്‍വ്വേദ 'ഡോക്ടര്‍'മാരെ ഒന്നും സമീപിച്ചേക്കരുത്. അവര്‍ MBBS മിമിക്രിചെയ്യുകയാണല്ലോ. അവര്‍ ഇതൊന്നുമല്ല പഠിക്കുന്നത്. സംസ്കൃത പണ്ഡിതന്മാരേയും സമീപിക്കാതിരിക്കുന്നതാണു ഉചിതം. അവര്‍ അലങ്കാരവും വ്യാകരണവുമൊക്കെ പറഞ്ഞ് ക്ലേശിപ്പിക്കാന്‍ ഇടയുണ്ട്.
അഷ്ടാംഗഹൃദയത്തില്‍ അറിവ് നേടാന്‍ ആഗ്രഹിക്കുന്നവര്‍ വേറെ വഴി നോക്കണം.
സംസ്കൃത മൂലം മലയാളലിപിയില്‍ അച്ചടിച്ച് അതിനു അര്‍ത്ഥവും അന്വയവും ചേര്‍ത്തിട്ടുള്ള പുസ്തകങ്ങള്‍ ഇഷ്ടം പോലെ ഇന്ന് ലഭ്യമാണു.
ഒരു ദിവസം ഒരു ശ്ലോകം വച്ച് ഹൃദിസ്ഥമാക്കിയാല്‍ മതി.
ഇതു തന്നെ കുട്ടികളെ പഠിപ്പിച്ചെടുത്താല്‍ അതു അവരോട് ചെയ്യുന്ന ഒരു ഉപകാരവുമായിരിക്കും. അടുത്ത തലമുറയെ ജനിപ്പിക്കണ്ടതു അവരാണല്ലോ.
അവരുടെ ഉള്ളിലേക്ക് ഈ അറിവ് കടന്ന് ചെല്ലട്ടെ!

കഷായവിധി സമാപതം
(അവലംബം : അഷ്ടാംഗഹൃദയം. വൈദികായുര്‍വ്വേദാചാര്യന്‍ സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജിന്റെ പ്രഭാഷണങ്ങള്‍)
ശുഭം