Monday, June 7, 2010

എന്തുകൊണ്ട് പത്രക്കാർ പനി പിടിച്ച് ചാകുന്നില്ല?

പകർച്ചപ്പനികൾ മാർക്കറ്റു ചെയ്യപ്പെട്ട് തുടങ്ങിയിട്ട് പത്തു കൊല്ലത്തിലധികമായിട്ടില്ല. ലോകം ഒരു കമ്പോളമായപ്പോൾ പനി ചരക്കായി. ഈ ചരക്കിന്റെ പ്രചാരണം ഏറ്റെടുത്തത് മാദ്ധ്യമങ്ങളാണു. എന്നാൽ മാലോകർ മനസിലാക്കാതെ അത് ചെയ്യാൻ ഈ മണ്ടക്കുണാപ്പന്മാർക്ക് പലപ്പോഴും കഴിയാറില്ല. വലിയ മത്സരമുള്ള രംഗമാണ് മാദ്ധ്യമരംഗം. ഓരോ വാർത്തയും വിലയേറിയതാണു. ഒരു വാർത്ത വീണു കിട്ടിയാൽ മറ്റേ കൃമി അറിയാതെ വേണം അത് പൊതുജനങ്ങൾക്കെത്തിക്കേണ്ടത്. എന്നാൽ പനിക്കച്ചവടത്തിൽ അങ്ങനെയല്ല കാണുന്നത്. ഒട്ടുമിക്ക മാദ്ധ്യമങ്ങളും ഒരേ ദിവസം ഒരേ പോലെത്തെ പനിവാർത്തകൾ പുറത്ത് വിടും. ഈ തമാശ അവർ ശ്രദ്ധിക്കുന്നില്ലെങ്കിലും ദിവസം നാലഞ്ച് ചാനലും ഒന്ന് രണ്ട് പത്രങ്ങളും നക്കിത്തോർത്തുന്ന മലയാളി അത് മനസിലാക്കും. ‘ദാ, പനി വരുന്നു, ഇന്നയിന്ന സ്ഥലങ്ങളിൽ അത് ആഞ്ഞടിക്കും, അതിനുള്ള ചികിത്സകളും ടെസ്റ്റുകളും ഇന്നതാണു‘ എന്നൊക്കെ അറിയിച്ചു കൊണ്ട് ഒരേ ദിവസം പല മാദ്ധ്യമങ്ങളീൽ നിന്ന് വാർത്ത വരുമ്പോൾ ഇവരൊക്കെ പഠിച്ച പള്ളിക്കുടത്തിൽ നിന്നും പഠിച്ചുവന്ന മലയാളി എന്ത് വിചാരിക്കണം? ചുമ്മാതെയാണോ ചിലരൊക്കെ മാദ്ധ്യമക്കാരെ പിതൃശൂന്യർ എന്ന് വിളിച്ച് പോകുന്നത്?

പനിയുണ്ടാകുന്നതാണോ ഉണ്ടാക്കുന്നതാണോ എന്നതൊക്കെ അവിടെ നിക്കട്ടെ. ഈ പനി അത്ര കാര്യമുള്ളതാണോ? അതോ വെറും ബഡായിയാണോ? അക്കാര്യത്തിലുള്ള ഒരു ടേബിൾ ടെസ്റ്റാണിവിടെ പറയുന്നത്. അവിടെയും പത്രക്കാർ/മാദ്ധ്യമ കുണാപ്പന്മാരെ പന്നിയാക്കാവുന്നതാണു. ഗിനിപ്പന്നി എന്ന് പറഞ്ഞാൽ അവറ്റകൾക്ക് പിടിച്ചില്ലെങ്കിലോ?

പത്തു വർഷമായല്ലോ പനിയൊരു ചരക്കായിട്ട്. അത് വിറ്റ് കിട്ടുന്നവന്റെ ഏഴു തലമുറയുടെ കാര്യം പോക്കാണു. അത് പോകട്ടെ. ഈ പത്ത് വർഷത്തിനുള്ളിൽ ഏതെങ്കിലും പത്രക്കാരൻ ഈ പനി വന്ന് ചത്തിട്ടുണ്ടോ? (മരിക്കുക, നിര്യാതനാവുക, ചരമഗതി പ്രാപിക്കുക, ഇഹലോകവാസം വെടിയുക തുടങ്ങിയ പ്രയോഗങ്ങൾ മനുഷ്യർക്കുള്ളതാണു). എന്റെ അറിവിൽ അങ്ങനെയാരും ചത്ത് കെട്ട് പോയിട്ടില്ല. (ദൈവം ദുഷ്ടന്മാർക്ക് ആയുസ്സ് കൊടുക്കും). ജർണലിസ്റ്റ് യൂണിയൻ അനുശോചനം നടത്തുകയോ പ്രസ് ക്ലബ്ബിൽ ഫോട്ടോ വയ്ക്കുകയോ ചെയ്തതായും കേട്ടിട്ടില്ല. ഇതിൽ നിന്നും നാം മനസിലാക്കേണ്ടത് എന്താണു? അതി ഭീകരമെന്നും വന്നാൽ കൊണ്ടേ പോകൂ എന്നും പറയുന്ന പനി അതിന്റെ വാർത്ത നിർമ്മിക്കുന്ന ജന്തുക്കളേ ഒന്നും ഇന്നു വരെ കൊണ്ടുപോയിട്ടില്ല. എന്താണതിന്റെ ഗുട്ടൻസ്?

നമ്മുടെ തടിയിൽ തട്ടുന്ന ഒരു കാര്യമാണെങ്കിൽ നാമെല്ലാം സൂക്ഷിക്കും. പൊതുവിൽ നമുക്കെല്ലാം അറിയാവുന്ന ഒരു കാര്യമാണത്. പത്രക്കാരനാണെങ്കിലും വ്യത്യാസമൊന്നുമില്ല. കാരണം ഈ ശരീരം ചീഞ്ഞു കെട്ടുപോയാൽ വേറൊന്നു ഇതുപോലെ കിട്ടില്ല. പുനർജ്ജന്മത്തിൽ വിശ്വസിച്ചാലും ഈ ശരീരം തന്നെ വീണ്ടും കിട്ടിയെന്ന് വരില്ല. അപ്പോൾ സ്വാഭാവികമായും നാം ചെയ്യുന്നതെന്തായിരിക്കും? ഏതുവിധേനയും ഈ തടി രക്ഷിക്കാൻ നോക്കും. പനിയാണ് ശത്രുവെങ്കിൽ അതിനെ അതിർത്തി കടക്കാതെ ശരീരം കാക്കും. അതിന്റെ ഭാഗമാണു മുൻ‌കരുതലുകൾ!

മൂന്നാറിൽ പോകുമ്പോൾ നാമൊരു സ്വറ്ററെടുത്ത് വക്കും. എന്തിനാ? ശീതം അധികമുണ്ടെങ്കിൽ ബോഡിയിൽ തട്ടരുത്. ബൈക്കോടിക്കുമ്പോൾ ഹെൽമറ്റ് വയ്ക്കും. എന്തിനാ? താഴെ വീണാലും തല പൊട്ടാതെ നോക്കണമല്ലോ. മുറിവുണ്ടായാൽ ടി.ടി എടുക്കും. ഓരോരോ മുന്നറിവുകൾ കിട്ടുമ്പോൾ അതിനനുസരിച്ചുള്ള മുൻ‌കരുതലുകൾ നാം എടുക്കാറുണ്ട്. ഇവിടെയാണു ആ ചോദ്യം ഉദിക്കുന്നത്. പകർച്ചപ്പനിയേപ്പറ്റി സംഭ്രമിപ്പിക്കുന്ന വിവരം കിട്ടുന്ന മാദ്ധ്യമക്കാർ അതിന്റെ വാക്സിൻ എടുക്കാറുണ്ടോ? പനി ഗുരുതരമാണെങ്കിൽ അവർ അങ്ങനെ ചെയ്യേണ്ടതല്ലെ? ജോലി സ്ഥലത്തെ സുരക്ഷിതത്ത്വക്കുറിച്ച് വളരെയധികം ഇടപെടലുകൾ ഉള്ള കാലമാണ്. പനിയൊക്കെ റിപ്പോർട്ട് ചെയ്യാൻ പോകുമ്പോൾ അത് പകരാനിടയുണ്ട്. എന്നിട്ടും എത്ര മാദ്ധ്യമമാനേജുമെന്റുകൾ പകർച്ചപ്പനി റിപ്പോർട്ട് ചെയ്യുന്ന റിപ്പോർട്ടറന്മാർക്ക് ഈ കുത്തിവയ്പ് എടുപ്പിച്ചിട്ടുണ്ട്? അങ്ങനെയൊന്നും ചെയ്തതായി നമ്മൾ അറിഞ്ഞിട്ടില്ല. എന്തേ പകർച്ചപ്പനി മാദ്ധ്യമങ്ങൾക്ക് ബാധകമല്ലേ?

ഇനി നമുക്ക് കാര്യത്തിലേക്ക് പ്രവേശിക്കാം. ഈ തെളിവുകൾ വച്ചു നോക്കുമ്പോൾ പനിവാർത്തകൾ അത്ര കാര്യമുള്ളതാണോ എന്ന് സംശയിക്കനം? സംഗതി ഗൌരവമുള്ളതായിരുന്നെങ്കിൽ മാദ്ധ്യമത്തിലുള്ളവർ തന്നെ ആദ്യം പേടിക്കും. മുൻ‌ കരുതൽ എടുക്കും. കാരണം ഡോക്ടറന്മാരും നഴ്സുമാരും അറിയുന്നതിനു മുൻപ് പനിയേ അറിയുന്നവരാണു പത്രക്കാർ.

പക്ഷെ ഇവിടെ അതൊന്നും സംഭവിക്കുന്നില്ല. അപ്പോൾ ഈ വാർത്തകളുടെ ഉറവിടം എവിടെയാണു?പത്രത്തിൽ ഫൈനാൻസ് മാനേജർ എന്നൊരുത്തനുണ്ട്. അവന്റെ മേശക്കീഴിൽ നിന്നാണു ഇത്തരം വാർത്തകൾ പൊട്ടിപ്പുറപ്പെടുന്നത്. അവിടെയാണ് ഇതിന്റെ കച്ചവടം നടക്കുന്നത്.
സംഭ്രമജനകമായ പനി വാർത്തകൾ പുറത്ത് വിടുന്നതിനു മരുന്ന് കമ്പനികൾ കാശ് കൊടുക്കും. ബിസിനസ്സ് കൂട്ടാൻ മലബാർ ഗോൾഡും കല്യാൺ സിൽക്ക്സുമൊക്കെ പരസ്യം ചെയ്യുന്ന പോലെ. അവരൊക്കെ നല്ല പക്കാ ബിസിനസ്സുകാർ ആയത് കൊണ്ട് ‘ഇതാണു ചരക്ക്, വരു, വാങ്ങു‘ എന്ന് പറയും. വിജയ് മല്യ ആണെങ്കിലും അതാണു ചെയ്യുന്നത്. സർക്കാർ സമ്മതിക്കാത്തത് കൊണ്ടാണു വൈകിട്ടെന്താ പരിപാടി എന്നും “ദാ ഈ ഷോഡാ” കുടി എന്നൊക്കെ പറയുന്ന ചിറ്റിക്കളി വേണ്ടി വരുന്നത്.

എന്നാൽ മരുന്ന് കമ്പനിക്കാരും മാദ്ധ്യമക്കാരും തനി നെറികേടേ കാണിക്കു. അക്കാര്യത്തിൽ അവർക്ക് നിർബ്ബന്ധമുണ്ട്. പിതൃസംബന്ധമായ കുഴപ്പം കൊണ്ടായിരിക്കാം അവർ അങ്ങനെയൊക്കെ ചെയ്യുന്നത്. കാശുമേടിച്ച് വാർത്തയിടുന്നതിൽ മാദ്ധ്യമങ്ങൾക്ക് ഒരു ഉളുപ്പുമില്ല. ഒരു ദേശത്തെ ജനങ്ങൾ മുഴുവൻ വാർത്ത കണ്ട് പരിഭ്രമിച്ചാലും പത്രക്കാർക്ക് ഒരു മൈ.... മൈൻ‌ഡുമില്ല. പകർച്ചപ്പനിയുടെ പേരിൽ ജനങ്ങളെ പരിഭ്രാന്തരാക്കുന്ന വാർത്തയിടുന്നതിനു നിശ്ചയമായും പ്രതിഫലം ഉണ്ട്. അതിലേക്ക് വിരൽ ചൂണ്ടുന്ന തെളിവുകൾ പുറത്തായിക്കഴിഞ്ഞു.

പകർച്ചപ്പനിയെ ഒരു പേടിപ്പിക്കുന്ന സാംക്രമിക രോഗമായി ലോകമെമ്പാടും ചിത്രീകരിക്കുന്നതിനു WHO യുടെ ഉപദേഷ്ടാക്കൾ മരുന്ന് കമ്പനികളിൽ നിന്ന് കോഴ വാങ്ങി എന്ന് ബ്രിട്ടീഷ് മെഡിക്കൽ ജേണൽ റിപ്പോർട്ട് ചെയ്യുന്നു. BMJ അത് പുറത്ത് കൊണ്ടുവന്നപ്പോൾ കോഴയെപ്പറ്റി പരാമർശിക്കതെ പകർച്ചപ്പനി ഒരു സാംക്രമിക രോഗമാണെന്ന് പറഞ്ഞൊഴിയുക മാത്രമാണു ലോകാരോഗ്യസംഘടന ചെയ്തത്. ബലേ ഭേഷ്. അവർ പറഞ്ഞത് നമ്മൾ വിശ്വസിച്ചിരിക്കുന്നു. പകർച്ചപ്പനി ഒരു സാംക്രമിക രോഗമാണു. കോഴ വാങ്ങിയിട്ട് ഉളിപ്പില്ലാതെ നടക്കുന്നവനെ കണ്ട് കിടക്കുന്ന നാടാണ് ഇന്ത്യ. അത്തരം ആയിരക്കണക്കിനു ആളുകളെ നമുക്കറിയാം. ചിലരൊക്കെ ഭരണത്തിന്റെ ഉന്നത ശ്രേണികൾ വരെ എത്തിയവരാണു. അവരേയൊക്കെ കണ്ടിരിക്കുന്ന നമ്മളോടാ ലോകാരോഗ്യ സംഘടനയുടെ കളി.

ലോകാരോഗ്യ സംഘടന പോലെ ഒരു കടലാസുപുലിക്ക് കാശു കിട്ടുമെങ്കിൽ തനി സിംഗങ്ങളായ മാദ്ധ്യമങ്ങൾക്ക് എന്ത് കിട്ടിക്കാണും? അങ്ങനെ കിട്ടി എന്നതിന്റെ തെളിവല്ലെ WHO കോഴ വാങ്ങിയ വാർത്ത നമ്മുടെ അച്ചടി മാദ്ധ്യമങ്ങൾ ഒരു കോളം അഞ്ചു സെന്റീമീറ്ററായിപ്പോലും അച്ചടിക്കാതെ വിട്ടുകളഞ്ഞത്? ചാനലുകൾ അലക്ഷ്യമായിപ്പോലും പരാമർശിക്കാതെ അവഗണിച്ചത്. കരുണാകരൻ മൂത്രമൊഴിക്കാൻ പോകുന്നത് പോലും വാർത്തയാക്കുന്ന മാദ്ധ്യമങ്ങളാണു നമ്മുടേതെന്ന് ഓർക്കണം. അപ്പോഴാണു ജനജീവിതത്തെ സാരമായി ബാധിക്കുന്ന ഒരു വാർത്ത മുക്കിക്കളഞ്ഞത്.

നമ്മുടെ മാദ്ധ്യമങ്ങളിൽ പരാമർശിക്കപ്പെടാതെ പോയ ആ വാർത്ത യൂറോപ്പിൽ വലിയ ചർച്ചയായി. കോഴ വാങ്ങി എന്നത് മാത്രമല്ല അതിലെ വിഷയം. പകർച്ചപ്പനിയുടെ ഭീദിദമായ ചിത്രീകരണം ജനങ്ങളെ പരിഭ്രാന്തരാക്കുന്നെന്നും അനാവശ്യമായി മരുന്നുകൾ വാങ്ങിക്കൂട്ടാൻ അത് പ്രേരിപ്പിക്കുന്നു എന്നും അവർ പറഞ്ഞു. അതിനു കാരണക്കാർ WHO ആണെന്ന് അവർ കുറ്റപ്പെടുത്തി. വാഷിങ്ങ്ടൺ പോസ്റ്റ് യാതൊരു പൂഴ്ത്തലുമില്ലാതെ അതെല്ലാം അമേരിക്കയെ അറിയിക്കുകയും ചെയ്തു. ഇങ്ങനെയിരിക്കുമ്പോഴാണു നമ്മുടെ മാദ്ധ്യമങ്ങൾ പകർച്ചപ്പനിയെ ഒരു വലിയ സംഭവമാക്കി അവതരിപ്പിക്കുന്നത്. അതാണു സാക്ഷാൽ ജന്മഗുണം. കാശ് കൊടുത്ത് മാദ്ധ്യമങ്ങൾ സബ്സ്ക്രൈബ് ചെയ്യുന്നവനെക്കൊണ്ട് പിതൃർമഹത്ത്വം പറയിപ്പിക്കാതെ ഇവർ അടങ്ങുമെന്ന് തോന്നുന്നില്ല.

Friday, June 4, 2010

കമലയുടെ ഉടയാടയുമായി സിസ്റ്റർ ജസ്മി

ജസ്മിയുമായി സീമാ സുരേഷ് നടത്തിയ അഭിമുഖം പുതിയ ലക്കം കലാകൌമുദിയിൽ കാണാം.

കത്തോലിക്കാ സന്യാസി സംഘം വിട്ട ജസ്മിയെ ഇപ്പോഴും ‘സിസ്റ്റർ ജസ്മി‘ എന്ന് വിളിക്കേണ്ടതുണ്ടോ എന്നാണു എന്റെ സംശയം? അവർ ഏറ്റവും വെറുക്കുകയും മറക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു കാലത്തിന്റെ വിശേഷണമാണു ആ പദം . എന്നിട്ടും അവരോ അവരെ കൊണ്ടു നടക്കുന്നവരോ അത് ഉപേക്ഷിക്കുവാൻ ശ്രമിക്കുന്നില്ല. എന്താണു അവർ അത് ചെയ്യാത്തത്? ആ പദത്തിന്റെ വില്പനമൂല്യം ഉദ്ദേശിച്ചാണോ?. മിക്കവാറും അതായിരിക്കണം കാരണം.

സഭ വിടുകയും, ‘ആമേൻ‘ എഴുതുകയും, ജർമ്മനിയിൽ പോയി വരികയും ചെയ്ത കാലയളവിനുള്ളിൽ ജസ്മിക്കുണ്ടായ വിചാരങ്ങളാണു അഭിമുഖത്തിന്റെ വിഷയം. വായിച്ചു കഴിഞ്ഞപ്പോൾ അത് വേണ്ടിയിരുന്നില്ലെന്ന് തോന്നി. വാക്കുകളിലും വരികളിലും വിചാരങ്ങളിലുമെല്ലാം കമലാദാസിന്റെ ഒരു ചുവ. കമലയെപ്പോലെ കൊഞ്ചുക, കമലയെപ്പോലെ സെക്സിനേപ്പറ്റി സംസാരിക്കുക, കമലയെപ്പോലെ പ്രകൃതിയെ വർണ്ണിക്കുക, കമലയെപ്പോലെ ലോകത്തെ നിർദ്ധാരണം ചെയ്യുക. ചുരുക്കത്തിൽ അമ്മമാരുടെ വേഷഭൂഷകൾ എടുത്തണിയുന്ന ശിശുവിനെ അനുസ്മരിപ്പിക്കുന്നു ജസ്മി. നിർഭാഗ്യവശാൽ പഞ്ചതന്ത്രത്തിലെ അരയന്നത്തെ അനുകരിച്ച കാക്കയേപ്പോലെ ആയിത്തീർന്നു കാര്യങ്ങൾ.

എന്റെ കഥയെ അനുകരിച്ച് ആ അഭിമുഖം തയ്യാറാക്കിയതിനു സീമാ സുരേഷിനെ അഭിനന്ദിക്കുക തന്നെ വേണം. ഒരു ഗോസ്റ്റെഴുത്തുകാരി എന്ന നിലയിൽ ടിയാൾക്ക് നല്ല ഭാവിയുണ്ട്.

ജസ്മിയുടെ ഓരോ വരിയും അതിന്റെ ഘടനയിലും ഭാവത്തിലും സ്വരത്തിലും മാധവിക്കുട്ടിയെ ഓർമ്മിപ്പിക്കുന്നു. എന്റെ കഥയും നീർമാതളം പൂത്തകാലവും ഒക്കെ സ്മരണകളായി മനസിലേക്ക് അത് കൊണ്ടുവന്നു. ആയമ്മയുടെ ‘കൃഷ്ണൻ’ ഈയമ്മയ്ക്ക് ‘ഈശോ’ യാണു. നായന്മാരേപ്പറ്റി മാധവിക്കുട്ടി പറയുമ്പോൾ, ജസ്മി ‘കത്തോലിക്ക’നേക്കുറിച്ചും പറയുന്നു.

കത്തോലിക്കാ സഭയെ പ്രതിദ്വന്ദിയാക്കിക്കൊണ്ടാണു ജസ്മിയുടെ വാദങ്ങൾ. അത് പുതിയ ഒരു ആശയമൊന്നുമല്ല. യൂറോപ്പിൽ സഭ നിശിതമായി വിമർശിക്കപ്പെട്ടു കഴിഞ്ഞിരിക്കെ അതിനേക്കാൾ വലിയ സഭാവിമർശകനാണു താനെന്ന് സക്കരിയാ ധരിക്കുന്ന പോലെ ബാലിശമായ ഒരു കാര്യമാണ് ജസ്മിയുടെ സഭയെ പ്രതിദ്വന്ദിയാക്കൽ. ഈ അഭിമുഖത്തിൽ നിന്ന് പുതിയി എന്തെങ്കിലും കിട്ടുമെന്ന് പ്രതീക്ഷ വേണ്ട. കിട്ടാൻ പാടില്ലാത്ത പലതും കിട്ടുന്നുമുണ്ട്.

പത്ത് മുപ്പതു കൊല്ലം അദ്ധ്യാപികയായി കഴിഞ്ഞിട്ടും കൌമാരത്തിന്റെ മനശാസ്ത്രം ജസ്മിക്ക് തിരിഞ്ഞിട്ടില്ല. കിടക്കപങ്കിടൽ ഒരു ശരിയാണു എന്നാണു ആ മുൻ അദ്ധ്യാപികയും പ്രിൻസിപ്പാളുമായിരുന്ന മാന്യ ദേഹം ഉപദേശിക്കുന്നത്. ഒരു അദ്ധ്യാപികയെ സമൂഹം എങ്ങനെ കാണുന്നു എന്ന് അവർ മനസിലാക്കുന്നില്ല. എത്ര തലമുറകളിലേക്ക് അവരുടെ വാക്കുകൾ കടന്നു ചെല്ലുമെന്നും അവർ ചിന്തിക്കുന്നില്ല. കിടക്ക പങ്കിടൽ വളരെ സൂക്ഷിച്ച് ചെയ്യണമെന്ന് സർക്കാരുകൾ പോലും ഉപദേശിച്ചു നടക്കുന്നതിനിടയിലാണു ജസ്മി ഇങ്ങനെയൊക്കെ പറയുന്നത്. ഒരു നഷ്ട വൈകാരികതയുടെ ഏങ്ങൽ അതിൽ കേൾക്കുന്നുണ്ടോ? മദ്ധ്യപ്രായം കഴിഞ്ഞ സ്ത്രീകൾ തങ്ങൾക്ക് സാധിക്കാതെ പോയതിനേക്കുറിച്ച് ഭാവന ചെയ്തു കൊണ്ടിരിക്കും. അത് ഒരു തരം ഉന്മാദത്തിലാണവസാനിക്കുക. അങ്ങനെയുള്ള ഉന്മാദം വിചിത്രമായ കാഴ്ചകൾ ഉണർത്തിവിടും. അത്തരം ഉന്മാദിനികൾ കാക്കയേയും ആനയേയും ചേർത്ത് വച്ച് പറക്കുന്ന ആനയേയും തുമ്പിക്കൈ ഉള്ള കാക്കയേയും സൃഷ്ടിക്കും. നമുക്ക് വിശ്വാസ്യമാകുന്ന രീതിയിൽ അത് അവതരിപ്പിക്കാൻ അവർക്ക് വിരുതുണ്ടായിരിക്കുകയും ചെയ്യും. അത്തരം ഭാവനകൾ നിർദ്ദോഷമാണെങ്കിൽ കുഴപ്പമില്ല. പക്ഷെ അത് സമൂഹത്തെ സ്വാധീക്കാനുദ്ദേശിച്ചുള്ളതാകുമ്പോഴാണു നാം ഇടപെടേണ്ടി വരിക. ജസ്മി തന്റെ ഭാവനകൾ സീമയോട് പറയുകയും അവർ അത് കേട്ടിട്ട് വീട്ടിൽ പോവുകയും ചെയ്തിരുന്നെങ്കിൽ ആർക്കും ഒന്നും വരാനില്ല. ഇവിടെ അത് അച്ചടിച്ച് പ്രസിദ്ധീഅക്രിച്ചിരിക്കുകയാണു. നാമത് കാശ് കൊടുത്ത് വാങ്ങി വായിക്കേണ്ടി വരുന്നു.

ഭാവനാത്മകമായ ഇത്തരം മനോസൃഷ്ടികൾ സമൂഹത്തിലേക്ക് കടത്തി വിടുമ്പോൾ അത് രോഗമായി എണ്ണണം. നല്ല വാക്കോതുവാൻ ത്രാണിയുണ്ടാകണമെന്നായിരുന്നു പണ്ട് പ്രാർത്ഥന. ഇന്നിപ്പോൾ അതൊന്നുമില്ല. സ്ത്രീകളിലെ ഇത്തരം മനോവിഭ്രാന്തികൾ മാറിക്കിട്ടാൻ പഴയകാല വൈദ്യന്മാർ ഭാസ്കരലവണം എന്നൊരു നീറ്റ് പൊടി നിർദ്ദേശിക്കാറുണ്ട്. അത് വാങ്ങി തേനിലോ പാലിലോ കഴിച്ചാൽ ഇത് ശമിക്കും. കുടുംബത്തിലുള്ളവർ പണ്ട് അതൊക്കെ ശ്രദ്ധിക്കുമായിരുന്നു. അത് ചെയ്തില്ലെങ്കിൽ അത്തരക്കാർ കുടുംബത്തും ചുറ്റുവട്ടത്തും താളപ്പിഴകൾ ഉണ്ടാക്കും എന്ന് കാരണവന്മാർക്കറിയാമായിരുന്നു. ഇന്നിപ്പോൾ അതൊക്കെ നോക്കാൻ ആരിരിക്കുന്നു?

ജസ്മി കത്തോലിക്കാ അച്ചന്മാരിൽ കാണുന്ന രതിവൈകൃതം അസ്വാഭാവികമൊന്നുമല്ല. പക്ഷെ അവർ ഒരു ജസ്മിയെക്കണ്ട് ഹാലിളകിപ്പോയി എന്ന് പറയുന്നത് ഒരു തരം സ്വയം മേനി നടിക്കലാണു. കൌമാരക്കാലത്തെ ആദ്യാനുഭവങ്ങളൂടെ കാലത്ത് ഇത്തരം ചിന്തകൾ ഉണ്ടാകാം.‘അവൻ എന്നെ നോക്കി’ ‘അത് പറഞ്ഞു’ എന്നൊക്കെ. വലുതായിക്കഴിഞ്ഞാൽ അങ്ങനെയൊക്കെ പറഞ്ഞ് നടക്കാനാവുമോ? വിവാഹമൊക്കെ കഴിഞ്ഞ് ഒരു തരം പാകത വരുമ്പോൾ അതൊക്കെ ഒരു ചമ്മലോടെ ഓർക്കാനേ കഴിയു. ജസ്മി അത് അഭിമാനപുരസരം വിളമ്പുന്നത് കണ്ടപ്പോൾ ലജ്ജ തോന്നി. പൌരുഷമില്ലാത്ത പുരുഷന്മാർക്കും സ്ത്രീത്ത്വമില്ലാത്ത സ്ത്രീകൾക്കും (ഇരട്ട ലൈംഗികാവയവമുള്ള കുട്ടികൾ ജനിക്കുന്ന നാടായി കേരളം പരിണമിച്ചു കൊണ്ടിരിക്കുകയാണെന്ന് ചികിത്സകർ പറയുന്നു) ജസ്മി വിവരിക്കുന്ന വൈകൃതങ്ങൾ ഒരു പരിധി വരെ രുചിക്കും. രതിവികൃതികളുടെ ഒരു വലിയ ചന്തയാണല്ലോ ഇന്ന് കേരളം.

കാര്യമായ ലൈംഗിക ചോദനയുള്ള ഒരാൾക്ക് കരസ്ഥമാക്കാൻ അത്ര പ്രയാസമുള്ള സംഗതിയൊന്നുമല്ല ഒരു സ്ത്രീ ശരീരം. എന്നിട്ടും തന്നെക്കണ്ട് ഹരം കൊണ്ടു എന്ന രീതിയിൽ പറയുമ്പോൾ എനിക്ക് തോന്നുന്നത് ഇതൊരു ‘പറക്കുന്ന ആനയോ‘ ‘തുമ്പിക്കൈ ഉള്ള കാക്ക’യോ ആവണം. വെറും ഭാവന! അതിൽ ക്ഷണം ഒളിച്ചിരിക്കുന്നുണ്ടൊ എന്ന് മനശാസ്ത്ര്ജ്ഞന്മാർ വിശകലനം ചെയ്യട്ടെ.

വിമോചന സമരം നയിക്കാനും സർക്കാറുകളെ നിശ്ചയിക്കാനും വിശാല കൊച്ചി വികസന അഥോറിട്ടി ഭരിക്കാനും കഴിഞ്ഞിട്ടുള്ള അച്ചന്മാർക്ക് (അമ്മമാർക്കും) ഇങ്ങനെ ഒരു പൂതിയിളക്കം ഉണ്ടായാൽ അത് സാധിക്കാനും കഴിയും. അല്ലെങ്കിൽ അയാൾ ഒരു വെറും ഒരു അയ്യോപാവിയോ കൊജ്ജ്ഞാണനായിരിക്കും. അവരെ സഹതാപ പൂർവ്വം പരിഗണിക്കുകയല്ലെ വേണ്ടത്!

എന്നെ സങ്കടപ്പെടുത്തുന്നത് അതൊന്നുമല്ല. പത്ത് മുപ്പത് കൊല്ലം ദൈവവിളിയുമായിട്ട് നടന്നിട്ടും ഈ ഉടലിന്റെ നിസ്സാരത ജസ്മിക്ക് മനസിലായില്ലെ? പിന്നെയെന്ത് ആത്മീയത? ‘ഞാൻ നിന്നോട് കൂടെ ഉണ്ടെന്ന്’ അറിയുമ്പോഴും അവനെ മറന്ന് ഉടലിനു നേരെ നോക്കുന്നവനെ എങ്ങനെ കാണാൻ കഴിയുന്നു? ആദ്ധ്യാത്മികതയേയും യേശുവിന്റെ മഹത്വത്തേയും പുകഴ്ത്തുമ്പോഴും ഇതെൺഗനെ സംഭവിക്കുന്നു. ഉടലോ അവന്റെ സാന്നിദ്ധ്യമോ എതാണു സത്യം? അവനാണു വലുതെങ്കിൽ ഉടലിനെന്ത് പ്രസക്തി? ആദ്ധ്യാതികത മാറ്റി വച്ചാലും ഈ ലോകത്ത് മറ്റെത്രയോ വിശേഷകാര്യങ്ങൾ കിടക്കുന്നു. എന്നിട്ടും ഈ അമ്മ എത്രയോ പേർ എത്രയോ കാലമായി മേഞ്ഞിടത്ത് തന്നെ വിണ്ടും വീണ്ടും മേയുന്നു. ഉടലിലുള്ള ഈ കൌതുകം അസ്തമിക്കാത്തതാണെന്ന് വിവേകമുള്ളവർ പറഞ്ഞതെത്ര ശരി. പരാശരനും, വിശ്വാമിത്രനും, ശന്തനുവും, ‘നിന്റെ യൌവ്വനം തീരുന്നല്ലോ’ എന്ന് സീതയെ ഓർത്ത് വിലപിക്കുന്ന രാമൻ ഉൾപ്പെടെ എത്രയോ പേർ നടന്ന വഴിയാണത്!! പിന്നെ എന്ത് ജസ്മി?

പെരുമഴക്കാലത്തെ മാദ്ധ്യമ ഭീകരത

മാലോകർക്ക് മനസമാധാനത്തോടെ കഴിയണമെങ്കിൽ ഇനി കുറച്ച് കാലം ന്യൂസ് പേപ്പർ കാണാതെയും ചാനലുകൾ തുറക്കാതെയും ഇരിക്കണം.

കാലവർഷം തുടങ്ങുകയാണു. അതിന്റെ കേളി കൊട്ടായി മാദ്ധ്യമങ്ങൾ വർഷകാല രോഗങ്ങളെപ്പറ്റി ഭീതിദമായ വർത്തമാനങ്ങൾ പുറത്തുവിട്ടു തുടങ്ങി. പൊതുതാല്പര്യത്തിനെന്നുള്ള വ്യാജേനയാണു ടി വാർത്തകൾ പ്രചരിപ്പിക്കുന്നത്. സ്വന്തമായി ആശുപത്രിയുള്ള ഒരു മാദ്ധ്യമം വിവിധതരം പനിയേക്കുറിച്ചും അതിന്റെ ബീഭത്സതയേക്കുറിച്ചും വിവരണമിട്ടിട്ടുണ്ട്. മരണത്തിലൂന്നിയാണു അവരുടെ കലക്കവെള്ളത്തിൽ മീൻ പിടുത്തം.

കഴിഞ്ഞ രണ്ട് സീസണിൽ ചിക്കൻ‌ഗുണിയാ വരാത്തവർക്ക് ഇത്തവണ അത് കിട്ടും. ഡങ്കിപ്പനിയുടെ പരിക്ഷ്കരിച്ച പതിപ്പ് ഇറങ്ങിയിട്ടുണ്ട്. ഇന്നയിന്ന ജില്ലകളിൽ രോഗത്തിന്റെ എഡിഷനുകൾ തുറക്കും എന്നൊക്കെയാണു അവർ നൽകുന്ന സന്ദേശം. ഇത്ര കൃത്യമായി പ്രവചിക്കുന്നുണ്ടെങ്കിൽ നാം സൂക്ഷിക്കണം. അതിനുള്ള പണി ഒപ്പിച്ച ആരോ എവിടെയോ ഉണ്ട്. ഏതെങ്കിലും മരുന്നു കച്ചവടക്കാരോ ആശുപത്രിവില്ലന്മാരോ ആകും അതിന്റെ പിന്നിൽ. പണം വാങ്ങി വാർത്തയിടുന്നത് ഒരപരാധമല്ലാത്ത കാലമാണു. അത് കൊണ്ട് എന്തും സംഭവിക്കാം.

പകർച്ചപ്പനി, കാലവർഷപ്പനി തുടങ്ങിയ സംഗതികൾ കൃത്യമായി മാർക്കറ്റ് ചെയ്യപ്പെട്ട് തുടങ്ങിയിട്ട് പത്ത് വർഷത്തിലധികമായിട്ടില്ല. മാദ്ധ്യമങ്ങളുടെ അതിപ്രസരണവും രോഗങ്ങളുടെ വ്യാപനവുമായി ചേർത്ത് വച്ച് ചിന്തിക്കാവുന്നതേയുള്ളു. കഴിഞ്ഞ പത്ത് വർഷത്തിനിടയിലാണു പ്രിണ്ടായും, ദൃശ്യമായും മാദ്ധ്യമങ്ങളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചത്. അതേ പോലെ രോഗവും രോഗികളുടെ എണ്ണവും കൂടി. ചികിത്സാ രംഗത്തെ കച്ചവട താൽ‌പ്പര്യങ്ങൾ പുറത്ത് കൊണ്ടുവരുന്നതിലുപരി രോഗത്തിന്റെ ഭീകരത പരത്തി ജനത്തെ ആശുപത്രികളിലേക്ക് ആട്ടിത്തെളിക്കുന്ന ഒരു രീതിയാണു മാദ്ധ്യമങ്ങൾ അവലം‌മ്പിച്ചിരിക്കുന്നത്. ചികിത്സക്കിടയിൽ എവിടെയെങ്കിലും ഒരു രോഗി മരിച്ചാൽ ആ സീസണിലെ രോഗവുമായി അതിനെ ബന്ധപ്പെടുത്തി വാർത്ത നൽകി ഭീതി പരത്തുന്ന രീതി വ്യാപകമാണു.

അടുത്തിട ഡ്രഗ് കണ്ട്രോളർ ചില കാര്യങ്ങൾ തുറന്നു പറഞ്ഞു. നിർഭാഗ്യവശ്ശാൽ അത് ജനങ്ങളിൽ എത്തിക്കാൻ ഒരു മാദ്ധ്യമവും തയ്യാറായില്ല. തന്റെ നിസ്സഹായത അദ്ദേഹം കൊച്ചി എഫ്. എമ്മിലൂടെ പറയുന്നത് കേട്ടപ്പോൾ ഇവിടെ ജീവിച്ചു പോരുന്നതിൽ ലജ്ജ തോന്നി. വലിയ പരസ്യം നൽകി പ്രചരിപ്പിക്കുന്ന ഒരു വാജീകരണ ഔഷധത്തിന്റെ ഉള്ളുകള്ളികൾ അദ്ദേഹം വിസ്തരിച്ചത് കേട്ടപ്പോൾ വാപൊളിച്ചിരുന്നു പോയി. കേരളത്തിലെ ജനം ഐസ് ക്രീം എന്ന് പറഞ്ഞ് വാങ്ങിത്തിന്നുന്ന ചരക്ക് ഐസ്ക്രീം അല്ലെന്ന് അറിയുന്നവർ എത്ര പേരുണ്ട്? ഇങ്ങനെയൊക്കെയുള്ള രഹസ്യങ്ങൾ ജനത്തിൽ നിന്ന് മറച്ച് വക്കാൻ ശ്രമിക്കുന്ന വൈതാളികരാണു മാദ്ധ്യമങ്ങൾ.

ലോകത്ത് ഒരിടത്തും ഇല്ലാത്ത ഒരപ്രമാദിത്തം ഇവിടെ മാദ്ധ്യമ പ്രവർത്തകർക്ക് എങ്ങനെയോ കിട്ടിയിട്ടുണ്ട്. എന്നാൽ അതിനു തക്ക വിവരമോ വിവേകമോ മാന്യതയോ അവർ കാണിക്കുന്നില്ല. രോഗത്തേപ്പറ്റി വിദഗ്ധരുടെ അഭിപ്രായത്തേക്കാൾ പത്ര ശുംഭന്മാരുടെ അഭിപ്രായങ്ങൾക്കാണു ഇവിടെ വില.

വൈറൽ‌പ്പനികൾ കൈകാര്യം ചെയ്യുന്നതിനു ലോകത്തെമ്പാടും സ്വീകരിക്കുന്ന ഒരു മാനദണ്ഡം അത്തരം അവസ്ഥകളിൽ ശാരീരിക ക്ഷമത വർദ്ധിപ്പിക്കാനുള്ള ഉപചാരം നൽകുക എന്നുള്ളതാണു. അതിൽ മനസ്വസ്ഥത വളരെ പ്രധാനമാണു. ഭീതി പരത്തുന്ന വാർത്തകൾ കണ്ടാൽ അത് നഷ്ടപ്പെടും. വിശ്രമവും, നന്നായി വെള്ളം കുടിക്കലും - കേരളത്തിന്റെ സാഹചര്യത്തിൽ കഞ്ഞിയും ചമ്മന്തിയും പപ്പടവുമായി കമ്പിളി പുതച്ച് ഒന്നു രണ്ട് ദിവസം കിടക്കുക - എന്നതാണു ഉത്തമമായ ഉപചാര വിധി. നിർഭാഗ്യവശാൽ അത് നിർദ്ദേശിക്കുവാൻ സത്യസന്ധരായ ഡോക്ടറന്മാർ പോലും ഭയപ്പെടുന്നു. അവർ നല്ലത് എന്തെങ്കിലും ചെയ്തു പോയാൽ അവരെ അപഹാസ്യരാക്കി ജനത്തിനുമുന്നിൽ അവതരിപ്പിക്കാനുള്ള ശ്രമം മാദ്ധ്യമങ്ങൾ നടത്തും. സർക്കാർ മേഘലയിലുള്ള ഡോക്ടറന്മാർക്കാണു ഇതേറ്റവും അനുഭവിക്കേണ്ടി വരിക. അവരുടെ ഭാഗത്തു നിന്ന് എന്തെങ്കിലും ചെറിയ പിഴവുകൾ സംഭവിച്ചാൽ അവ പർവ്വതീകരിക്കപ്പെടും. ഡോക്ടറുടെ പേർ, ആശുപത്രി എല്ലാം വിശദമായി ജനങ്ങളിൽ എത്തിക്കും. എന്നാൽ ഏതെങ്കിലും സ്വകാര്യാശുപത്രിയിൽ സംഭവിക്കുന്ന മന:പൂർവ്വമായ കാര്യങ്ങളേ അവഗണിക്കാനും മറച്ചു പിടിക്കാനും മാദ്ധ്യമങ്ങൾക്ക് ഉത്സാഹമാണു. അത്തരം സംഭവങ്ങളിൽ ആശുപത്രിയുടെയോ ഡോക്ടറുടെയോ പേർ പരാമർശിക്കില്ല. പലപ്പോഴും തീരെ നിവർത്തിയില്ലെങ്കിലെ സ്വകാര്യ ആശുപത്രി സംബന്ധമായ വാർത്തകൾ അപ്രധാനകോണിലെങ്കിലും വരു. കേരളത്തിലെ പ്രശസ്തമായ ഒരു സ്വകാര്യാശുപത്രിയിലെ ഐ.സിയിൽ കിടന്ന പതിനാലോളം പേർക്ക് ചിക്കൻ പോക്സ് ബാധിച്ചിട്ടും അത് വാർത്തയായില്ല. ലോകനിലവാരമുള്ളതാണു ആ ആശുപത്രി. അവിടെ അതെങ്ങനെ സംഭവിച്ചു എന്നത് ഔത്സുക്യത്തിനു വേണ്ടിയെങ്കിലും ഒരു മാദ്ധ്യമ പ്രവർത്തകനും അന്വേഷിച്ചില്ല. മാദ്ധ്യമ ഭീകരത അത്രമാത്രം നമ്മുടെ സമൂഹത്തെ ഗ്രസിച്ചിരിക്കുകയാണു. ഈ കിനാവള്ളിപിടുത്തത്തിൽ നിന്ന് പുറത്ത് കടക്കാൻ എന്താണു വഴി?