Showing posts with label swine flue. Show all posts
Showing posts with label swine flue. Show all posts

Monday, June 7, 2010

എന്തുകൊണ്ട് പത്രക്കാർ പനി പിടിച്ച് ചാകുന്നില്ല?

പകർച്ചപ്പനികൾ മാർക്കറ്റു ചെയ്യപ്പെട്ട് തുടങ്ങിയിട്ട് പത്തു കൊല്ലത്തിലധികമായിട്ടില്ല. ലോകം ഒരു കമ്പോളമായപ്പോൾ പനി ചരക്കായി. ഈ ചരക്കിന്റെ പ്രചാരണം ഏറ്റെടുത്തത് മാദ്ധ്യമങ്ങളാണു. എന്നാൽ മാലോകർ മനസിലാക്കാതെ അത് ചെയ്യാൻ ഈ മണ്ടക്കുണാപ്പന്മാർക്ക് പലപ്പോഴും കഴിയാറില്ല. വലിയ മത്സരമുള്ള രംഗമാണ് മാദ്ധ്യമരംഗം. ഓരോ വാർത്തയും വിലയേറിയതാണു. ഒരു വാർത്ത വീണു കിട്ടിയാൽ മറ്റേ കൃമി അറിയാതെ വേണം അത് പൊതുജനങ്ങൾക്കെത്തിക്കേണ്ടത്. എന്നാൽ പനിക്കച്ചവടത്തിൽ അങ്ങനെയല്ല കാണുന്നത്. ഒട്ടുമിക്ക മാദ്ധ്യമങ്ങളും ഒരേ ദിവസം ഒരേ പോലെത്തെ പനിവാർത്തകൾ പുറത്ത് വിടും. ഈ തമാശ അവർ ശ്രദ്ധിക്കുന്നില്ലെങ്കിലും ദിവസം നാലഞ്ച് ചാനലും ഒന്ന് രണ്ട് പത്രങ്ങളും നക്കിത്തോർത്തുന്ന മലയാളി അത് മനസിലാക്കും. ‘ദാ, പനി വരുന്നു, ഇന്നയിന്ന സ്ഥലങ്ങളിൽ അത് ആഞ്ഞടിക്കും, അതിനുള്ള ചികിത്സകളും ടെസ്റ്റുകളും ഇന്നതാണു‘ എന്നൊക്കെ അറിയിച്ചു കൊണ്ട് ഒരേ ദിവസം പല മാദ്ധ്യമങ്ങളീൽ നിന്ന് വാർത്ത വരുമ്പോൾ ഇവരൊക്കെ പഠിച്ച പള്ളിക്കുടത്തിൽ നിന്നും പഠിച്ചുവന്ന മലയാളി എന്ത് വിചാരിക്കണം? ചുമ്മാതെയാണോ ചിലരൊക്കെ മാദ്ധ്യമക്കാരെ പിതൃശൂന്യർ എന്ന് വിളിച്ച് പോകുന്നത്?

പനിയുണ്ടാകുന്നതാണോ ഉണ്ടാക്കുന്നതാണോ എന്നതൊക്കെ അവിടെ നിക്കട്ടെ. ഈ പനി അത്ര കാര്യമുള്ളതാണോ? അതോ വെറും ബഡായിയാണോ? അക്കാര്യത്തിലുള്ള ഒരു ടേബിൾ ടെസ്റ്റാണിവിടെ പറയുന്നത്. അവിടെയും പത്രക്കാർ/മാദ്ധ്യമ കുണാപ്പന്മാരെ പന്നിയാക്കാവുന്നതാണു. ഗിനിപ്പന്നി എന്ന് പറഞ്ഞാൽ അവറ്റകൾക്ക് പിടിച്ചില്ലെങ്കിലോ?

പത്തു വർഷമായല്ലോ പനിയൊരു ചരക്കായിട്ട്. അത് വിറ്റ് കിട്ടുന്നവന്റെ ഏഴു തലമുറയുടെ കാര്യം പോക്കാണു. അത് പോകട്ടെ. ഈ പത്ത് വർഷത്തിനുള്ളിൽ ഏതെങ്കിലും പത്രക്കാരൻ ഈ പനി വന്ന് ചത്തിട്ടുണ്ടോ? (മരിക്കുക, നിര്യാതനാവുക, ചരമഗതി പ്രാപിക്കുക, ഇഹലോകവാസം വെടിയുക തുടങ്ങിയ പ്രയോഗങ്ങൾ മനുഷ്യർക്കുള്ളതാണു). എന്റെ അറിവിൽ അങ്ങനെയാരും ചത്ത് കെട്ട് പോയിട്ടില്ല. (ദൈവം ദുഷ്ടന്മാർക്ക് ആയുസ്സ് കൊടുക്കും). ജർണലിസ്റ്റ് യൂണിയൻ അനുശോചനം നടത്തുകയോ പ്രസ് ക്ലബ്ബിൽ ഫോട്ടോ വയ്ക്കുകയോ ചെയ്തതായും കേട്ടിട്ടില്ല. ഇതിൽ നിന്നും നാം മനസിലാക്കേണ്ടത് എന്താണു? അതി ഭീകരമെന്നും വന്നാൽ കൊണ്ടേ പോകൂ എന്നും പറയുന്ന പനി അതിന്റെ വാർത്ത നിർമ്മിക്കുന്ന ജന്തുക്കളേ ഒന്നും ഇന്നു വരെ കൊണ്ടുപോയിട്ടില്ല. എന്താണതിന്റെ ഗുട്ടൻസ്?

നമ്മുടെ തടിയിൽ തട്ടുന്ന ഒരു കാര്യമാണെങ്കിൽ നാമെല്ലാം സൂക്ഷിക്കും. പൊതുവിൽ നമുക്കെല്ലാം അറിയാവുന്ന ഒരു കാര്യമാണത്. പത്രക്കാരനാണെങ്കിലും വ്യത്യാസമൊന്നുമില്ല. കാരണം ഈ ശരീരം ചീഞ്ഞു കെട്ടുപോയാൽ വേറൊന്നു ഇതുപോലെ കിട്ടില്ല. പുനർജ്ജന്മത്തിൽ വിശ്വസിച്ചാലും ഈ ശരീരം തന്നെ വീണ്ടും കിട്ടിയെന്ന് വരില്ല. അപ്പോൾ സ്വാഭാവികമായും നാം ചെയ്യുന്നതെന്തായിരിക്കും? ഏതുവിധേനയും ഈ തടി രക്ഷിക്കാൻ നോക്കും. പനിയാണ് ശത്രുവെങ്കിൽ അതിനെ അതിർത്തി കടക്കാതെ ശരീരം കാക്കും. അതിന്റെ ഭാഗമാണു മുൻ‌കരുതലുകൾ!

മൂന്നാറിൽ പോകുമ്പോൾ നാമൊരു സ്വറ്ററെടുത്ത് വക്കും. എന്തിനാ? ശീതം അധികമുണ്ടെങ്കിൽ ബോഡിയിൽ തട്ടരുത്. ബൈക്കോടിക്കുമ്പോൾ ഹെൽമറ്റ് വയ്ക്കും. എന്തിനാ? താഴെ വീണാലും തല പൊട്ടാതെ നോക്കണമല്ലോ. മുറിവുണ്ടായാൽ ടി.ടി എടുക്കും. ഓരോരോ മുന്നറിവുകൾ കിട്ടുമ്പോൾ അതിനനുസരിച്ചുള്ള മുൻ‌കരുതലുകൾ നാം എടുക്കാറുണ്ട്. ഇവിടെയാണു ആ ചോദ്യം ഉദിക്കുന്നത്. പകർച്ചപ്പനിയേപ്പറ്റി സംഭ്രമിപ്പിക്കുന്ന വിവരം കിട്ടുന്ന മാദ്ധ്യമക്കാർ അതിന്റെ വാക്സിൻ എടുക്കാറുണ്ടോ? പനി ഗുരുതരമാണെങ്കിൽ അവർ അങ്ങനെ ചെയ്യേണ്ടതല്ലെ? ജോലി സ്ഥലത്തെ സുരക്ഷിതത്ത്വക്കുറിച്ച് വളരെയധികം ഇടപെടലുകൾ ഉള്ള കാലമാണ്. പനിയൊക്കെ റിപ്പോർട്ട് ചെയ്യാൻ പോകുമ്പോൾ അത് പകരാനിടയുണ്ട്. എന്നിട്ടും എത്ര മാദ്ധ്യമമാനേജുമെന്റുകൾ പകർച്ചപ്പനി റിപ്പോർട്ട് ചെയ്യുന്ന റിപ്പോർട്ടറന്മാർക്ക് ഈ കുത്തിവയ്പ് എടുപ്പിച്ചിട്ടുണ്ട്? അങ്ങനെയൊന്നും ചെയ്തതായി നമ്മൾ അറിഞ്ഞിട്ടില്ല. എന്തേ പകർച്ചപ്പനി മാദ്ധ്യമങ്ങൾക്ക് ബാധകമല്ലേ?

ഇനി നമുക്ക് കാര്യത്തിലേക്ക് പ്രവേശിക്കാം. ഈ തെളിവുകൾ വച്ചു നോക്കുമ്പോൾ പനിവാർത്തകൾ അത്ര കാര്യമുള്ളതാണോ എന്ന് സംശയിക്കനം? സംഗതി ഗൌരവമുള്ളതായിരുന്നെങ്കിൽ മാദ്ധ്യമത്തിലുള്ളവർ തന്നെ ആദ്യം പേടിക്കും. മുൻ‌ കരുതൽ എടുക്കും. കാരണം ഡോക്ടറന്മാരും നഴ്സുമാരും അറിയുന്നതിനു മുൻപ് പനിയേ അറിയുന്നവരാണു പത്രക്കാർ.

പക്ഷെ ഇവിടെ അതൊന്നും സംഭവിക്കുന്നില്ല. അപ്പോൾ ഈ വാർത്തകളുടെ ഉറവിടം എവിടെയാണു?പത്രത്തിൽ ഫൈനാൻസ് മാനേജർ എന്നൊരുത്തനുണ്ട്. അവന്റെ മേശക്കീഴിൽ നിന്നാണു ഇത്തരം വാർത്തകൾ പൊട്ടിപ്പുറപ്പെടുന്നത്. അവിടെയാണ് ഇതിന്റെ കച്ചവടം നടക്കുന്നത്.
സംഭ്രമജനകമായ പനി വാർത്തകൾ പുറത്ത് വിടുന്നതിനു മരുന്ന് കമ്പനികൾ കാശ് കൊടുക്കും. ബിസിനസ്സ് കൂട്ടാൻ മലബാർ ഗോൾഡും കല്യാൺ സിൽക്ക്സുമൊക്കെ പരസ്യം ചെയ്യുന്ന പോലെ. അവരൊക്കെ നല്ല പക്കാ ബിസിനസ്സുകാർ ആയത് കൊണ്ട് ‘ഇതാണു ചരക്ക്, വരു, വാങ്ങു‘ എന്ന് പറയും. വിജയ് മല്യ ആണെങ്കിലും അതാണു ചെയ്യുന്നത്. സർക്കാർ സമ്മതിക്കാത്തത് കൊണ്ടാണു വൈകിട്ടെന്താ പരിപാടി എന്നും “ദാ ഈ ഷോഡാ” കുടി എന്നൊക്കെ പറയുന്ന ചിറ്റിക്കളി വേണ്ടി വരുന്നത്.

എന്നാൽ മരുന്ന് കമ്പനിക്കാരും മാദ്ധ്യമക്കാരും തനി നെറികേടേ കാണിക്കു. അക്കാര്യത്തിൽ അവർക്ക് നിർബ്ബന്ധമുണ്ട്. പിതൃസംബന്ധമായ കുഴപ്പം കൊണ്ടായിരിക്കാം അവർ അങ്ങനെയൊക്കെ ചെയ്യുന്നത്. കാശുമേടിച്ച് വാർത്തയിടുന്നതിൽ മാദ്ധ്യമങ്ങൾക്ക് ഒരു ഉളുപ്പുമില്ല. ഒരു ദേശത്തെ ജനങ്ങൾ മുഴുവൻ വാർത്ത കണ്ട് പരിഭ്രമിച്ചാലും പത്രക്കാർക്ക് ഒരു മൈ.... മൈൻ‌ഡുമില്ല. പകർച്ചപ്പനിയുടെ പേരിൽ ജനങ്ങളെ പരിഭ്രാന്തരാക്കുന്ന വാർത്തയിടുന്നതിനു നിശ്ചയമായും പ്രതിഫലം ഉണ്ട്. അതിലേക്ക് വിരൽ ചൂണ്ടുന്ന തെളിവുകൾ പുറത്തായിക്കഴിഞ്ഞു.

പകർച്ചപ്പനിയെ ഒരു പേടിപ്പിക്കുന്ന സാംക്രമിക രോഗമായി ലോകമെമ്പാടും ചിത്രീകരിക്കുന്നതിനു WHO യുടെ ഉപദേഷ്ടാക്കൾ മരുന്ന് കമ്പനികളിൽ നിന്ന് കോഴ വാങ്ങി എന്ന് ബ്രിട്ടീഷ് മെഡിക്കൽ ജേണൽ റിപ്പോർട്ട് ചെയ്യുന്നു. BMJ അത് പുറത്ത് കൊണ്ടുവന്നപ്പോൾ കോഴയെപ്പറ്റി പരാമർശിക്കതെ പകർച്ചപ്പനി ഒരു സാംക്രമിക രോഗമാണെന്ന് പറഞ്ഞൊഴിയുക മാത്രമാണു ലോകാരോഗ്യസംഘടന ചെയ്തത്. ബലേ ഭേഷ്. അവർ പറഞ്ഞത് നമ്മൾ വിശ്വസിച്ചിരിക്കുന്നു. പകർച്ചപ്പനി ഒരു സാംക്രമിക രോഗമാണു. കോഴ വാങ്ങിയിട്ട് ഉളിപ്പില്ലാതെ നടക്കുന്നവനെ കണ്ട് കിടക്കുന്ന നാടാണ് ഇന്ത്യ. അത്തരം ആയിരക്കണക്കിനു ആളുകളെ നമുക്കറിയാം. ചിലരൊക്കെ ഭരണത്തിന്റെ ഉന്നത ശ്രേണികൾ വരെ എത്തിയവരാണു. അവരേയൊക്കെ കണ്ടിരിക്കുന്ന നമ്മളോടാ ലോകാരോഗ്യ സംഘടനയുടെ കളി.

ലോകാരോഗ്യ സംഘടന പോലെ ഒരു കടലാസുപുലിക്ക് കാശു കിട്ടുമെങ്കിൽ തനി സിംഗങ്ങളായ മാദ്ധ്യമങ്ങൾക്ക് എന്ത് കിട്ടിക്കാണും? അങ്ങനെ കിട്ടി എന്നതിന്റെ തെളിവല്ലെ WHO കോഴ വാങ്ങിയ വാർത്ത നമ്മുടെ അച്ചടി മാദ്ധ്യമങ്ങൾ ഒരു കോളം അഞ്ചു സെന്റീമീറ്ററായിപ്പോലും അച്ചടിക്കാതെ വിട്ടുകളഞ്ഞത്? ചാനലുകൾ അലക്ഷ്യമായിപ്പോലും പരാമർശിക്കാതെ അവഗണിച്ചത്. കരുണാകരൻ മൂത്രമൊഴിക്കാൻ പോകുന്നത് പോലും വാർത്തയാക്കുന്ന മാദ്ധ്യമങ്ങളാണു നമ്മുടേതെന്ന് ഓർക്കണം. അപ്പോഴാണു ജനജീവിതത്തെ സാരമായി ബാധിക്കുന്ന ഒരു വാർത്ത മുക്കിക്കളഞ്ഞത്.

നമ്മുടെ മാദ്ധ്യമങ്ങളിൽ പരാമർശിക്കപ്പെടാതെ പോയ ആ വാർത്ത യൂറോപ്പിൽ വലിയ ചർച്ചയായി. കോഴ വാങ്ങി എന്നത് മാത്രമല്ല അതിലെ വിഷയം. പകർച്ചപ്പനിയുടെ ഭീദിദമായ ചിത്രീകരണം ജനങ്ങളെ പരിഭ്രാന്തരാക്കുന്നെന്നും അനാവശ്യമായി മരുന്നുകൾ വാങ്ങിക്കൂട്ടാൻ അത് പ്രേരിപ്പിക്കുന്നു എന്നും അവർ പറഞ്ഞു. അതിനു കാരണക്കാർ WHO ആണെന്ന് അവർ കുറ്റപ്പെടുത്തി. വാഷിങ്ങ്ടൺ പോസ്റ്റ് യാതൊരു പൂഴ്ത്തലുമില്ലാതെ അതെല്ലാം അമേരിക്കയെ അറിയിക്കുകയും ചെയ്തു. ഇങ്ങനെയിരിക്കുമ്പോഴാണു നമ്മുടെ മാദ്ധ്യമങ്ങൾ പകർച്ചപ്പനിയെ ഒരു വലിയ സംഭവമാക്കി അവതരിപ്പിക്കുന്നത്. അതാണു സാക്ഷാൽ ജന്മഗുണം. കാശ് കൊടുത്ത് മാദ്ധ്യമങ്ങൾ സബ്സ്ക്രൈബ് ചെയ്യുന്നവനെക്കൊണ്ട് പിതൃർമഹത്ത്വം പറയിപ്പിക്കാതെ ഇവർ അടങ്ങുമെന്ന് തോന്നുന്നില്ല.

Tuesday, August 11, 2009

H1N1 ന്റെ പ്രയോക്താക്കൾ ആര്?

പന്നിപ്പനി അനാവശ്യമായി ആശങ്കപ്പെടേണ്ട ഒരു രോഗമാണെന്ന് തോന്നുന്നില്ല. കാര്യവിവരമുള്ളവർ അതിനെ അങ്ങനെ കരുതുന്നുമില്ല. പന്നിപ്പനിയെ ഭീഷണമാക്കുന്നത് മാദ്ധ്യമങ്ങളാണു. അക്കാര്യത്തിൽ അവർ ഒറ്റക്കെട്ടാണു. പന്നിപ്പനിക്ക് ആസ്പദമെന്ന് പറയുന്ന H1N1 വൈറസ് പുതിയ ഒരിനമല്ല. അവയെക്കുറിച്ച് പഠനങ്ങൾ മുൻപ് തന്നെ നടന്നിട്ടുണ്ട്. ആ മാന്യവൈറസ്സ് അല്ലലുകളോ ആവലാതികളോ ഇല്ലാതെ ജീവിച്ച് പോരികയായിരുന്നു. അതിനെ മനുഷ്യജന്തുവിൽ കണ്ടെത്തി എന്ന് പറയുന്നിടത്താണു ഈ കോലാഹലമൊക്കെ തുടങ്ങുന്നത്. അതും അത്രയങ്ങ് അപ്രതീക്ഷിതമോ അവിചാരിതമോ ആണെന്ന് വിശ്വസിക്കാനുമാവില്ല.

ഇക്കഴിഞ്ഞ മേടത്തിൽ മെക്സിക്കോവിലും അമേരിക്കയിലും അവന്റെ അസാധാരണമായ വ്യാപകത്വം ഉണ്ടായി എന്ന് ആരോഗ്യക്കച്ചവടക്കാരെ ഉദ്ധരിച്ച് മാദ്ധ്യമങ്ങൾ പ്രചരിപ്പിച്ചു തുടങ്ങുന്നു. അത് പൊതുജന നന്മയെ ലക്ഷ്യമാക്കിയുള്ള ഒരു അറിയിപ്പായിരുന്നു എന്ന് വിചാരിക്കണ്ട. കാരണം പ്രചരണത്തിന്റെ പോക്ക് അതിനു അനുഗുണമായിരുന്നില്ല. വൈറസിന്റെ ആഗമനം നടുക്കുന്ന വിധത്തിൽ ആകാൻ WHO എന്ന കഴമ്പില്ലാ കമ്പനി സഹായിച്ചു കൊടുക്കുകയും ചെയ്തു. യഥാർത്ഥത്തിൽ ഈ സംഘടന നമുക്ക് ആവശ്യമുണ്ടോ എന്ന് ചിന്തിക്കേണ്ട സമയം കടന്നിരിക്കുകയാണ്. അത് നിലവിൽ വന്നതിനു ശേഷം ഹെൽത്ത് ബിസിനസ്സ് വർദ്ധിച്ചതല്ലാതെ ആഗോളതലത്തിൽ മനുഷ്യന്റെ ആരോഗ്യത്തിനു എന്തു ഗുണമുണ്ടായിട്ടുണ്ട്? ഈ ഒരു കാര്യം ആരും ഇതുവരെ അന്വേഷിച്ചിട്ടില്ല. ആദ്യം അത് ചെയ്യണം. എന്നിട്ട് വേണം അവർ പറയുന്നത് കേൾക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാൻ.

മനുഷ്യന്റെ ആരോഗ്യപരിപാലനരംഗത്ത് ആധുനിക വൈദ്യം അമ്പേ പരാജയപ്പെട്ട് നിൽക്കുകയാണു. യഥാർത്ഥ രോഗങ്ങളേക്കാൾ ആശുപത്രിജന്യ രോഗങ്ങൾ കൂടിയിരിക്കുന്നു. ഇത് മനസിലാക്കാൻ സാമാന്യ യുക്തി മതി. പക്ഷെ ആധുനിക കാലത്ത് ആ ഫാക്കൽറ്റി പ്രയൊജനപ്പെടുത്താൻ ആരും തയ്യാറാകുന്നില്ല.

ഒരു രോഗവുമായി ആശുപത്രി കയറുന്ന വ്യക്തി പണ്ടേപ്പോലെ പൂർണ്ണ ആരോഗ്യത്തോടേ അല്ല തിരിച്ചു വരുന്നത്. ഒട്ടനവധി രോഗങ്ങളുടെ വിത്തുകളുമായിട്ടായിരിക്കും മടക്കം. പിന്നെ അതിന്റെ ചികിത്സയായി. ഇത് ചാക്രികമായി തുടരും. അത് അവസാനിക്കുന്നത് രോഗിയുടെ മരണത്തിലോ കുടുംബത്തിന്റെ സാമ്പത്തിക തകർച്ചയിലോ ആയിരിക്കും. അതു വരെ ആ രോഗി ആശുപത്രി വ്യവസായത്തിനു ഇരയാകുകയാണു. ഈ വസ്തുത കണ്ടില്ലെന്ന് നടിക്കാനാണു രോഗിക്കും ബന്ധുക്കൾക്കും താൽ‌പ്പര്യം. രോഗവും ചികിത്സയും അഭിമാനത്തിന്റെ പ്രശ്നമാണിന്ന്. രോഗി രക്ഷപ്പെടുന്നില്ലെങ്കിൽ കൂടി കൂടുതൽ ചെലവുള്ള ചികിത്സ ചെയ്തു എന്ന് അഭിമാനിക്കാനാണു ലോകർ ഇഷ്ടപ്പെടുന്നത്. ഇതു മുതലെടുത്തുകൊണ്ട് ആശുപത്രികളും ലാബുകളും മെഡിക്കൽ ഇൻഷ്വറൻസ് കമ്പനികളും തഴച്ചു വളരുന്നു.

രോഗം ചികിത്സിക്കപ്പെട്ട് ഭേദമാകുന്നില്ല എന്ന പ്രതിസന്ധി തരണം ചെയ്യാൻ ലോകം എമ്പാടും മെഡിക്കൽ കമ്പനികൾ - മരുന്നുണ്ടാക്കുന്നതും ആശുപത്രികൾ നടത്തുന്നതും ക്ലിനിക്കൽ ടെസ്റ്റുകൾ ചെയ്യുന്നതും - പലതരം രോഗങ്ങളുടെ ആശങ്കകൾ പരത്തി ജനതയെ മുൾമുനയിൽ നിർത്തുന്നു. അതിന്റെ ഭാഗമായിട്ടാവില്ലെ പുതുരോഗങ്ങളുടെ കഥകൾ പ്രചരിക്കുന്നത്?

സൂക്ഷ്മമായി പരിശോധിച്ചാൽ കഴിഞ്ഞ 10 വർഷത്തിനിടെ പുറത്തിറങ്ങിയ ഒട്ടു മിക്ക രോഗങ്ങളും നേരത്തെ കണ്ടെത്തി ചികിത്സിക്കാൻ കഴിഞ്ഞിരുന്ന രോഗത്തിന്റെ തന്നെ വ്യതിയാനങ്ങൾ (VARIENTS) ആണ്. പുതിയ രോഗങ്ങൾ അല്ല. അവയെ കീഴടക്കാൻ നിലവിലുള്ള മരുന്നും ചികിത്സാ രീതിയും മതി. പക്ഷെ അത് ധീരമായി പറയാൻ ഡോക്ടറന്മാർക്ക് ഇന്ന് കഴിവില്ല. വ്യവസായികൾ അവരെ വിലയ്ക്കെടുത്ത് വച്ചിരിക്കുകയാണു. കോടികൾ വരെ ചെന്നെത്തുന്ന ആധുനിക മെഡിക്കൽ വിദ്യാഭ്യാസത്തിനു ചെലവാകുന്ന പണം തിരികെ പിടിക്കുന്നതിനു പ്രയാസപ്പെടുന്ന ആധുനിക ഡോക്ടറന്മാർ വ്യവസായികളുടെയും വണിക്കുകളുടേയും കെണിയിൽ പെട്ടുപോയാൽ അത്ഭുതമില്ല.

H1N1 ന്റെ കഥയെടുത്താലും ഒരു സാധാരണ വൈറൽ‌പ്പനിയുടെ ഗണത്തിനു അപ്പുറം അതിനെ പെടുത്താനാവില്ല. പന്നിപ്പനി വൈറസ് ആരേയെങ്കിലും കൊല്ലുന്നതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. മരിക്കുന്ന ഒരു രോഗിയിൽ ഈ വൈറസിന്റെ സാന്നിദ്ധ്യം കണ്ടാൽ ഉടൻ മരണകാരണം ഈ വൈറാവിയാണെന്ന് നിശ്ചയിക്കുന്നു. ഇന്ത്യയിലാണു ഈ ശീലം വ്യാപകമായിരിക്കുന്നത്. വിദേശത്ത് പലപ്പോഴും യഥാർത്ഥ മരണകാരണം തന്നെ റിപ്പോർട്ടിൽ ചേർക്കും.

ഈ വൈറസ്സ് ബാധിച്ച എല്ലാവരും മരിക്കുന്നില്ല ശ്രദ്ധിച്ചിട്ടുണ്ടോ? അത്രേയുള്ളു അതിന്റെ ഭീഷണി. രോഗബാധിതരായി ചികിത്സ തേടിയെത്തുന്ന മിക്കവരും രോഗവിമുക്തരായി സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു. രോഗ പഠനങ്ങളിൽ മരണം ഒരു Exeception ആയിക്കാണണം. രോഗമില്ലെങ്കിലും മനുഷ്യൻ മരിക്കും. രോഗിയും മരിക്കും. അതിനു ചില സന്ദർഭങ്ങളിൽ രോഗം ഒരു നിമിത്തമാകാമെന്നേയുള്ളു. ആ തീരുമാനത്തിൽ എത്തെണമെങ്കിൽ അത്രയ്ക്ക് കൂടിയ അളവിൽ ആ രോഗം കൊണ്ട് മരണം ഉണ്ടാകണം. ഇവിടെ അത് സംഭവിക്കുന്നില്ല. എന്നിട്ടും മരണത്തെ ചൂണ്ടിക്കാണിച്ച് ആശങ്കകൾ ഉണർത്തി വിടുന്നത് ഒരു കുടില തന്ത്രം മാത്രമായേ കരുതാവു. അതിനു മാദ്ധ്യമങ്ങൾ സഹായം ചെയ്തു കൊടുക്കുന്നു. ആ കർമ്മത്തിനു അവർ വേണ്ടവിധത്തിൽ സൽക്കരിക്കപ്പെടുന്നുണ്ടാവണം. അല്ലെങ്കിൽ ഒരേ ദിവസം ഒരേ തലക്കെട്ടോടെ എല്ലാ മാദ്ധ്യമങ്ങളും ആശങ്കയുടെ ആ വാർത്ത ഒരേ പോലെ കൊടുക്കുമായിരുന്നില്ല. മാദ്ധ്യമങ്ങൾക്ക് അതിന്റെ വരിക്കാരോട് അല്പമെങ്കിലും പ്രതിബദ്ധതയുണ്ടായിരുന്നെങ്കിൽ രോഗബാധിധരിൽ കൂടുതലും പേരും ആരോഗ്യത്തിലേക്ക് മടങ്ങുന്ന ചിത്രം പ്രചരിപ്പിച്ച് ബാക്കിയുള്ളവരെയെങ്കിലും ആത്മവിശ്വാസത്തിലേക്ക് നയിക്കുമായിരുന്നു. അങ്ങനെ ചെയ്യാതിരിക്കുന്നതിന്റെ പിന്നിൽ മാദ്ധ്യമങ്ങൾ വലിയ എന്തോ ലാഭം പ്രതീക്ഷിക്കുന്നു. പണമായോ അവസരങ്ങളായോ. ഈ കുത്സിതത്വം ചലിപ്പിക്കുവാൻ ഒരു റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്നും വിശ്വസിക്കണം. മാദ്ധ്യമങ്ങളും ആരോഗ്യ കച്ചവടക്കാരും, NGO കളും ചേർന്ന വലിയ ഒരു ഗൂഡ സംഘം. അവരെ തിരിച്ചറിയുകയാണ് ഇനി വേണ്ടത്.
*****************************************************
മേമ്പൊടി
*****************************************************
  • യഥാർത്ഥത്തിൽ H1N1 വൈറസ് ശക്തി കുറഞ്ഞ ഇനത്തിൽ പെട്ടതാണു.
  • സാധാരണ പകർച്ചപ്പനിയുടെ അത്ര മാരകമല്ല
(ആരോഗ്യ വകുപ്പ് സെക്രട്ടറി, ഭാരത സർക്കാർ)
*****************************************************
  • ലോകമെമ്പാടും പന്നിപ്പനി ബാധിച്ച 95% പേരും സുഖം പ്രാപിച്ചു കഴിഞ്ഞു.
  • രോഗബാധിധരിൽ 6% നു മാത്രമേ ആസ്പത്രിയിൽ കിടത്തി ചികിത്സ വേണ്ടി വന്നുള്ളു.
  • അതിൽ തന്നെ തീവ്രപരിചരണ ശുശ്രൂഷ 2% നു മാത്രം
  • (രൺദീപ് ഗുലേറിയ, AIMS മെഡിസിൻ വിഭാഗം മേധാവി)

*****************************************************

അനുപാനം
പന്നിപ്പനിയേപ്പറ്റി മുൻപ് പ്രസിദ്ധീകരിച്ച പോസ്റ്റുകൾ കൂടി ശ്രദ്ധിക്കുക
അവ താഴെ ലഭ്യമാണു

Monday, August 10, 2009

പന്നിപ്പനിക്ക് തുല്യം പന്നിപ്പനി മാത്രം

നൂറു കോടി പത്തു ലക്ഷം ദാരിദ്യവാസികളും അവരേയൊക്കെ ഞെക്കിപ്പിഴിഞ്ഞ് ജീവിക്കുന്ന പത്തോ പന്ത്രണ്ടോ ലക്ഷം മാന്യന്മാരുമുള്ള ഒരു നാടാണു ഇന്ത്യ. അതിൽ 400 ക്ടാങ്ങൾക്ക് പന്നിപ്പനിയുണ്ട് എന്ന് സർക്കാർ ഗുമസ്തന്മാർ രേഖപ്പെടുത്തിയിരിക്കുന്നു. അതിൽ നാലു പേർ ഇഹലോകവാസം വെടിഞ്ഞു.

വളരെ അലാമിങ്ങായ ഒരു സിറ്റുവേഷനാണ് ഇതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

അദ്ദേഹം അത് സ്വന്തം നിലയിൽ പറഞ്ഞതാകാൻ ഇടയില്ല. ഗുമസ്താവികൾ എഴുതിക്കൊടുത്തതാകും ആ ഭീതി.അതിനുള്ള ചില്ലറ ഡോളറായിത്തന്നെ അവന്മാർക്ക് മറ്റേവന്മാരിൽ നിന്ന് കിട്ടിക്കാണും. എല്ലാ മാദ്ധ്യമ ജീവികളും ആ ഭീതി തിന്നു തൂറി. അവനും കിട്ടിയിട്ടുണ്ടാവും കാശ്.

സാധാരണ ഒരു ഇന്ത്യാക്കാരനു ഭയം ഉളവാക്കുന്ന ഒന്നും ഈ പന്നിപ്പനി മരണത്തിലില്ല. ദിവസവും അതിൽ കൂടുതൽ അസ്വാഭാവിക മരണങ്ങൾ അവന്റെ ചുറ്റും നടക്കാറുണ്ട്. നിയമം അനുസരിക്കാൻ കൂട്ടാക്കാത്തതു കൊണ്ട് സംഭവിക്കുന്ന അപകടമരണങ്ങൾ ഒരു ഉദാഹരണം. വണ്ടി തട്ടി തന്നെ എത്ര പേരാണു ദിനം പ്രതി മരിക്കുന്നത്. എന്നിട്ടും ആരെങ്കിലും ആശങ്കപ്പെട്ടിട്ടുണ്ടോ? ട്രാഫിക്ക് നിയമങ്ങൾ കർശനമായി നടപ്പാക്കണമെന്ന് നിർദ്ദേശം കൊടുത്തിട്ടുണ്ടോ? അത് മോണിറ്റർ ചെയ്യുന്നുണ്ടോ? പ്രതികളെ കണ്ടെത്തി വിലക്കുന്നുണ്ടോ? പാവം ഒരു വൈറസ്സിന്റെ കാര്യം വന്നപ്പോൾ എല്ലാ കീഴ്വഴക്കങ്ങളും മറന്നു. അതു പോകട്ടെ. വർഗ്ഗീയ ലഹളകളിൽ എത്ര പേരാണു മരിക്കുന്നത്? എന്നിട്ട് കാര്യമായ എന്തു നടപടിയുണ്ടായി. ഡോക്ടറന്മാരുടെ കൈതെറ്റു കൊണ്ട് മരിക്കുന്നുവരുടെ കാര്യം എടുക്കാം. കുറ്റം തെളിഞ്ഞാലെങ്കിലും അത്തരക്കാരെ പാടത്ത് പണിയ്ക്കയക്കാറുണ്ടോ? ഇതെന്താണെന്ന് എനിക്ക് മനസിലാകുന്നില്ല.

അതൊക്കെ വിടാം. സാധാരണ പനി, ചിരങ്ങ്, ആശുപത്രികളിലെ ഐ.സികളിൽ കിടക്കുന്നത് കൊണ്ടുണ്ടാകുന്ന അസുഖങ്ങളും മരണങ്ങളും ആരുമെന്താണു പരിഗണിക്കാത്തത്?

ഇതാണു ഇപ്പോഴും സായിപ്പിനെക്കണ്ടാൽ ഇന്ത്യാക്കാരൻ കവാത്ത് മറക്കും എന്ന് പറയുന്നത്. ഇത് അവന്റെ നാട്ടിൽ ഉണ്ടായ സൂക്കേടാണു. അത് അവനെ പേടിപ്പിച്ചു. അത് കൊണ്ട് ലോകം മുഴുവൻ പേടിക്കണം എന്നാണു അവന്റെ ശാഠ്യം. അവന്റെ സിൽബന്ധികൾ അതിനു മരുന്നുണ്ടാക്കും. അത് ഇന്ത്യയിലെ തെണ്ടികൾ വാങ്ങി തിന്നോണം. എങ്കിലെ അവന്റെ കീശ വീർക്കു.

അവിടെ ആകെ ദാരിദ്രമാണു. മാന്ദ്യം. നമ്മൾ വല്ലതും കൊടുക്കണം. “അമ്മാ, ഒരു ഡോളർ തരണേ” എന്ന് കൈനീട്ടി പറയാൻ ആ ജന്തുക്കൾക്ക് നാണമാണു. അതിനു ഇത്തരം കുന്നായ്മകളെ കൂട്ടു പിടിക്കും.

പന്നിപ്പനി വന്നാൽ മൂക്ക് മൂടിക്കെട്ടി അകത്തിരുന്നോണം. ഇടവിട്ടിടവിട്ട് സോപ്പ് ഉപയോഗിച്ച് കൈകഴുകണം. ശ്വാസം എടുക്കരുത്. എടുത്താൽ പുറത്ത് വിടരുത്. ഒരുപാടുണ്ട് ശാസനങ്ങൾ. ആരേക്കൊണ്ടാകും ഇതൊക്കെ ഓർത്തിരുന്നു പാലിക്കാൻ.

വഴിയിൽ തുമ്മരുത്, തുപ്പരുത് എന്നൊക്കെ ഇന്ത്യാക്കാരോട് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ?

വണ്ടികൾ പുറത്തുവിടുന്ന പുകയുടെ കാര്യം ആലോചിച്ച് നോക്കുക. അതിന്റെ നിയമവും അതു നടപ്പാക്കുന്ന രീതിയും ഓർത്താൽ മറ്റൊരു ഫലിതമില്ല.

തൊട്ടും തുപ്പലിലൂടെയുമാണു പന്നിപ്പനി പകരുന്നതെന്ന് പറയുന്നു. അതുകൊണ്ട് അമ്മ കുഞ്ഞിനെ ഉമ്മവക്കരുത്.

ഇത് ശരിയാണെങ്കിൽ നമ്മുടെ റ്റൂറിസത്തിന്റെ കാര്യം പോക്കാണു. അവിടെയുള്ള ദേഹാദ്ധ്വാനവും വിയർപ്പും വിസർജ്യങ്ങളും മറ്റൊരു മേഖലയിലുമില്ല. അവിടെങ്ങാനും പന്നിപ്പനിയുടെ ഒരു വൈറാവി ചെന്നുപെട്ടാൽ എന്താകും ഗതി? ആരെങ്കിലും അത് സങ്കല്പിച്ചിട്ടുണ്ടോ? നമ്മുടെ സകല സുഖചികിത്സാ കേന്ദ്രങ്ങളും ഉടൻ അടച്ചു പൂട്ടണം. ഇല്ലെങ്കിൽ പന്നിപ്പനി തീപ്പനിയാകും. സായിപ്പ് പറയുന്നത് വിശ്വസിക്കാമെങ്കിൽ.

ഇങ്ങനെ പറയാൻ കാരണമുണ്ട്. പടക്കത്തിനു തീപിടിക്കുന്ന പോലെ എയിഡ്സ് ഇന്ത്യയിൽ വ്യാപകമാകുമെന്നാണു സായിവും അവന്റെ ഇന്ത്യക്കാരായ ടിഷ്യുപേപ്പറുകളും പ്രചരിപ്പിച്ചത്. എന്നിട്ടെന്തായി. സങ്ങതി അങ്ങോട്ട് പിക്കപ്പായില്ല. എന്താ കാര്യം എന്ന് ആരും പറയുന്നുമില്ല.

നാലുപേർ മരിച്ച സ്ഥിതിക്ക് ആശങ്കാകുലമായ പന്നിപ്പനിയെ നാം സൂക്ഷിച്ചിരിക്കണം. അവന്മാരടെ എർത്തുകൾ മരുന്നുമായി ആറുമാസത്തിനകം എത്തും. അതുവരെ നാം പിടിച്ചു നിക്കണം.അത്രയും കാലം അദ്ധ്വാനിച്ചോ വെട്ടിച്ചോ കുറച്ച് കാശുണ്ടാക്കി വച്ചാൽ മതി. അത് അടിച്ചുമാറ്റുന്ന കാര്യം അവന്മാരും സിൽബന്ധികളും കൂടി നോക്കിക്കോളും. പന്നിയെ തന്നെ തിന്നാൻ കിട്ടുന്നില്ല. അപ്പോൾ പന്നിപ്പനിയെങ്കിലും വിറ്റ് ജീവിക്കണ്ടെ?

മേമ്പൊടി

മദ്ധ്യവർഗ്ഗ ഇന്ത്യാക്കാരനെ പിടികൂടുന്ന രോഗങ്ങൾക്കൊന്നും വളരെ മോശമായ സാഹചര്യത്തിൽ ജീവിക്കുന്ന ദരിദ്രനാരായണന്മാരെ തൊടാൻ കഴിയുന്നില്ല. എന്താ അവരെ ഇത്ര പേടി. എലികൾക്കൊപ്പം ജീവിക്കുന്ന ചേരിനിവാസികളെ എലിപ്പനിക്ക് വേണ്ടാ. കാണുന്ന പറവകളെ ഒക്കെ മാടിപ്പിടിച്ചു തിന്നുന്ന നായാടികളെ പക്ഷിപ്പനിക്ക് ഭയം! റയിൽ‌വേസ്റ്റേഷനിൽ പുതയ്ക്കാൻ ഒരു പുതപ്പുപോലുമില്ലാതെ കൊതുകുകടിയും കൊണ്ട് കിടന്നുറങ്ങുന്ന നാടോടികളെ ഡെങ്കിപ്പനിക്ക് കണ്ടഭാവമില്ല. ഒരു കാലത്ത് സമ്മന്തവും, നേരമ്പോക്കുമായി പലരുടെ പുറത്തും കേറിമറിഞ്ഞ വരേണ്യവർഗ്ഗത്തിനു എയിഡ്സുമില്ല!കൈയിൽ നാലു പുത്തനുള്ളവരെ മാത്രമേ വൈറസ്സിനായാലും ബാക്ടീരിയായ്ക്കായാലും വേണ്ടു. കാലത്തിന്റെ ഒരു പോക്കേ.

Thursday, April 30, 2009

പന്നിപ്പനിയുടെ അക്ഷയതൃതീയ

WHO യുടെ സഹായത്തോടെ ആധുനിക വൈദ്യശാസ്ത്രം നടത്തുന്ന ഒരു ‘തെറ്റ് മറയ്ക്കല്‍’ പ്രചാരണം മാത്രമല്ലെ ലോകമെമ്പാടും കോലാഹലമുണ്ടാക്കിക്കൊണ്ടിരിക്കുന്ന പന്നിപ്പനി?

ആധുനിക വൈദ്യശാസ്ത്രത്തിനു മാത്രം അംഗീകാരം നിലനില്‍ക്കുന്ന ഭൂഖണ്ഡങ്ങളാണു അമേരിക്കയും യൂറോപ്പും. അവിടെ പൈതൃക ചികിത്സാരീതികള്‍ക്ക് സാധുത ഇല്ല. അതു കൊണ്ട് അവരുടെ വിലപിടിച്ച സംഭാവനകള്‍ പരിഗണിക്കപ്പെടാറില്ല. ആധുനിക വൈദ്യശാസ്ത്രമാണെങ്കിലോ മനുഷ്യന്റെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ അമ്പേ പരാജയപ്പെട്ടു നില്‍ക്കുകയുമാണു. ആ രംഗത്ത് പ്രവര്‍ത്തിക്കുന്നവരില്‍ അതിന്റെ ആശങ്ക വളരെയധികമുണ്ട്.

മരുന്ന്, ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ആരോഗ്യരംഗത്തെ പരമാവധി ചൂഷണം ചെയ്തു കഴിഞ്ഞു. മനുഷ്യനെ രോഗിയായി നിലനിര്‍ത്തിക്കൊണ്ട് രോഗം മാനേജു ചെയ്യാവുന്ന അവസ്ഥയും കടന്നു പോയി. ആധുനിക വൈദ്യശാസ്ത്രത്തില്‍ ചികിത്സകള്‍ ഇന്ന് ഫലപ്രദമാകുന്നില്ല. രോഗി രോഗത്തിനു അടിമപ്പെട്ട് മരണം വരിക്കുന്ന ചിത്രമാണു അത് ഇന്ന് കാഴ്ചവയ്ക്കുന്നത്. രോഗം താല്‍ക്കാലികമാണെന്നും അത് ഭേദപ്പെടുത്താവുന്നതാണെന്നും മെഡിക്കല്‍ രംഗം വിചാരിക്കുന്നില്ല. ഇത് ഒട്ടനവധിപ്പേരേ മറ്റ് ചികിത്സാരീതിയിലേക്ക് തിരിയാന്‍ പ്രേരിപ്പിക്കുന്നു. ആരോഗ്യ വ്യസാ‍യ രംഗത്തെ ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട്. ലാഭം കുറഞ്ഞാല്‍ ലോഭികള്‍ പ്രകോപിതരാകും. ആരോഗ്യരംഗത്ത് ലോകമെമ്പാടും കാണുന്ന കോലാഹലങ്ങള്‍ അതിന്റെ ഭാഗമാണു.

ഒരു രോഗത്തിനു ചികിത്സയ്ക്ക് ചെന്നാല്‍ മറ്റനവധി രൊഗങ്ങളുമായി തിരിച്ചു പോരേണ്ട ഗതികേടിലാണു ലോകമെമ്പാടും മനുഷ്യര്‍. ഒരു രോഗത്തിനും കുറ്റമറ്റ പ്രതിവിധികള്‍ ഇല്ല. ഒരു രോഗവും പൂര്‍ണ്ണമായി മാറുന്നില്ല. ആരോഗ്യത്തോടെ ജീവിക്കാന്‍ ഉതകുന്ന ഒരു രീതിയിലല്ല മെഡിക്കല്‍ രംഗം ഇന്ന് മുന്നോട്ട് പോകുനത്. ചികിത്സ രോഗമാനേജുമെന്റാണെന്നാണു പക്ഷം. അതൊരു വാണിജ്യസങ്കല്പമാണെന്ന് ആരും തിരിച്ചറിയുന്നുമില്ല.

ആധുനിക വൈദ്യശാസ്ത്രത്തിന്റെ പശ്ചാത്തലത്തില്‍ രോഗത്തില്‍ നിന്ന് രോഗത്തിലേക്കുള്ള യാത്ര ഇന്ത്യയില്‍ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയിട്ടുണ്ടോ എന്ന് സംശയമാണു. പുതുമയുള്ള ചികിത്സാരീതിയെന്ന നിലയില്‍ ആധുനിക വൈദ്യശാസ്ത്രത്തെ പിന്‍പറ്റുന്നവര്‍ അതിന്റെ ആഘോഷത്തില്‍ കഴിയുകയാണു.

പ്രമേഹത്തിനു ചികിത്സ തുടങ്ങിയാല്‍ അത് മാറുന്നതിനു പകരം ജീവിതകാലം മുഴുവന്‍ മരുന്നുമായി കഴിയേണ്ടിവരുന്നത് എന്തുകൊണ്ടാണെന്ന് പ്രമേഹരോഗികള്‍ ആലോചിക്കുന്നില്ല. ചെറിയ അളവില്‍ തുടങ്ങുന്ന മരുനു അളവുകൂട്ടിയും പുതിയ പുതിയ മരുന്നുകളിലേക്കു മാറിയും തുടരുന്നതല്ലാതെ അത് നിര്‍ത്താന്‍ കഴിയാറില്ല. എന്നുമാത്രല്ല അനുബന്ധരോഗങ്ങള്‍ വേറെയും ഉണ്ടാകുന്നു. ഡയബറ്റിക്സ് ഡയബറ്റിക് ന്യൂറോപ്പതിയിലേക്കും, വൃക്കരോഗങ്ങളീലേക്കും, ചീയുന്ന ശരീര ഭാഗങ്ങള്‍ മുറിച്ചു നീക്കുന്നതിലേക്കും വളരുന്ന ചിത്രമാണു നമ്മുടെ മെഡിക്കല്‍ രംഗത്ത് കാണുന്നത്. ശാസ്ത്രം ഇത്ര ആധുനികമായിട്ടും എന്തുകൊണ്ട് പ്രമേഹത്തെ ഇല്ലായ്മ ചെയ്യാനാവുന്നില്ല? അല്ലെങ്കില്‍ അതിന്റെ രോഗസാദ്ധ്യത കുറച്ചു കൊണ്ടുവരാന്‍ കഴിയുന്നില്ല. ആധുനികമെന്നും പുരോഗതിയെന്നും അഭിമാനിക്കുമ്പോള്‍ ഈ യാഥാര്‍ത്ഥ്യം കാണുവാന്‍ നാം ശ്രമിക്കുന്നില്ല.

കാന്‍സര്‍ ചികിത്സയില്‍ ശാരീരിക ക്ഷമത നഷ്ടപ്പെടുന്നതും രോഗി ദുരിതത്തിലേക്ക് എടുത്തെറിയപ്പെടുന്നതും സ്വാഭാവികം. ചികിത്സയുടെ പേരില്‍ പരമാവധി പണം വസൂലാക്കിക്കഴിഞ്ഞാല്‍ വേദനകൂടാതെ മരിക്കാന്‍ പറഞ്ഞയക്കുകയാണു പിന്നെ ആധുനികത.

രക്തസമ്മര്‍ദ്ദത്തിനു ചികിത്സ ആരംഭിക്കുന്നവര്‍ ഹൃദയ രോഗങ്ങളിലേക്ക് നയിക്കപ്പെടുന്നത് കാണാം. സൂക്ഷ്മമായി പരിശോധിച്ചാല്‍ ഉദാഹരണങ്ങള്‍ അനവധിയാണു.

ഇതുകൊണ്ടൊക്കെ എല്ലാ ശാഖകളിലുമുള്ള ഡോക്ടറന്മാര്‍ക്ക് മെച്ചമുണ്ട്. മനസാക്ഷിക്കുത്ത് കൂടാതെ ഫീസു വാങ്ങാം. ഇപ്പോഴത്തെ വ്യാധിക്ക് കാരണം മുന്‍പത്തെ ചികിത്സ കൊണ്ടായിരുന്നെന്ന് പറയാം. ആദ്യത്തെയാള്‍ തള്ളിയ സ്ഥിതിക്ക് അയാള്‍ പിന്നീട് ആ രോഗിയെ കാണുന്നുമില്ല. എങ്ങനെയുണ്ട് മെഡിക്കല്‍ ‘മാനേജുമെന്റ്’?

രോഗങ്ങള്‍ ചികിത്സിച്ചിട്ട് മാറുന്നില്ലെന്നും പുതിയ പുതിയ രോഗങ്ങളില്ര്ക്ക് അത് നയിക്കുന്നുവെന്നും ഉള്ള തിരിച്ചറിവ് പാശ്ചാത്യരില്‍ ശക്തമായിക്കൊണ്ടിരിക്കുകയാണു. അത് മെഡിക്കല്‍ വ്യവസായത്തിനു ഭീഷണിയായി വളരുന്നതിനു മുന്‍പ് തടയിടേണ്ടതുണ്ടെന്ന് ആ രംഗത്തെ വ്യവസായികള്‍ക്കറിയാം. മരുന്നുകമ്പനികളോ ആശുപത്രികളോ ഈ ആവശ്യത്തിനു നേരിട്ടിറങ്ങിയാല്‍ പലപ്പോഴും അത് പൊളിച്ചുകാട്ടപ്പെടും എന്നതുകൊണ്ട് പൊതുജനസമ്മതിയുള്ള ഒരു ബാനര്‍ ആവശ്യമാണു. WHO അഭിനയിക്കുന്നത് ആ റോളാണെന്ന് തോന്നുന്നു.

‘പഴയ രോഗങ്ങളെല്ലാം ആധുനിക വൈദ്യശാസ്ത്രം കീഴടക്കിക്കഴിഞ്ഞു. ഇപ്പോള്‍ മനുഷ്യനെ ബാധിച്ചു കൊണ്ടിരിക്കുന്നത് പുതിയ രോഗങ്ങളാണു. അതിനു പുതിയ മരുന്നുകള്‍ വേണം. ആധുനിക വൈദ്യശാസ്ത്രത്തിനു ഒരു പ്രതിസന്ധിയുമില്ല‘.

ഈ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമാണു പന്നിപ്പനി പോലുള്ള ജലദോഷപ്പനികളെക്കുറിച്ചുള്ള ആശങ്കാകുലമായ പരസ്യങ്ങള്‍. മൂനു ദിവസം മുന്‍പ് ഭയാശങ്കകള്‍ ഉണ്ടാകത്തക്കവിധം മാധ്യമങ്ങളീലേക്ക് ചാമ്പപ്പെടുകയായിരുന്നു അത്. ആ രോഗത്തിന്റെ സ്ത്രോതസ്സ് എന്താണെന്നോ എങ്ങനെ പടര്‍ന്നുവെന്നോ വിശ്വാസമാംവണ്ണം ഇന്നുവരെ ആരും ഒരു ഉത്തരം തന്നിട്ടില്ല. ഈ പകര്‍ച്ച വ്യാധിക്ക് മരുന്നുമില്ല. കൂട്ടം കൂടരുത്. കൈ കൊടുക്കരുത്. ആലിംഗനം ചെയ്യരുത് തുടങ്ങിയ സ്വയം സംരക്ഷണമല്ലാതെ മറ്റ് പ്രതിവിധികള്‍ ഇതിനു നിര്‍ദ്ദേശിക്കാനില്ല. അമിതമായി ബാഹ്യലോകത്ത് വ്യാപരിച്ച് ജീവിക്കുന്ന പാശ്ചാത്യനു ഈ നിര്‍ദ്ദേശങ്ങള്‍ എങ്ങനെ പാലിക്കാന്‍ കഴിയും? ഒരു മുറിക്കുള്ളില്‍ അല്പ സമയം കഴിഞ്ഞുകൂടിയാല്‍ ഭ്രാന്ത് പിടിക്കുന്നവനാണ് പാശ്ചാത്യന്‍. (ഇന്ത്യന്‍ ആധുനികനും വ്യത്യസ്ഥനല്ല). അവനോടാണു സ്വയം ഒതുങ്ങിക്കൂടാന്‍ പറയുന്നത്!

ഇവിടെയാണു വണിക്കിന്റെ ബുദ്ധി പ്രവര്‍ത്തിച്ചത്.

സാധാരണ ഫ്ലൂവാണെന്ന് പറഞ്ഞാല്‍ ശാസ്ത്രം ഇത്ര വികസിച്ചിട്ടും ഫ്ലൂവിനു ഇതുവരെ മരുന്ന് കണ്ട് പിടിച്ചില്ലേ എന്ന് ചോദ്യം വരും. ലോകമെമ്പാടുമായി വൈറല്‍ മരുന്നുകള്‍ ഉണ്ടാക്കിക്കൊണ്ടിരുന്ന 50 കമ്പനികള്‍ ഉണ്ടായിരുന്നത് ഇന്ന് 10 ആയി ചുരുങ്ങി. ഫ്ലൂവിനു മരുന്നുണ്ടാക്കിയാല്‍ ലാഭം ഉണ്ടാകില്ല എന്നതായിരുന്നു കാരണം. അപ്പോള്‍ ഫ്ലൂവില്‍ നിന്ന് ലാഭമുണ്ടാകണമെങ്കില്‍ ഫ്ലൂവിന്റെ പേര്‍ മാറണം.

നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഇറങ്ങിയ എല്ലാ പകര്‍ച്ചവ്യാധികളും പനിയുടെ ഗണത്തില്‍ പെടുന്നതായിരുന്നു.
എലിപ്പനി.
ഡെങ്കിപ്പനി.
പശുപ്പനി.
ജപ്പാന്‍ പനി.
പക്ഷിപ്പനി.
ഒടുവില്‍ ഏതോ ഹറാമ്പിറന്നവന്റെ തലയില്‍ നിന്ന് പുറത്ത് ചാടിയ പന്നിപ്പനി.

ഒരുമാതിരിപ്പെട്ട ജന്തുക്കളുടെ പേരിലെല്ലാം പനിയായിക്കഴിഞ്ഞു. മനുഷ്യപ്പനി മാത്രമില്ല.

അതോ മനുഷ്യന്‍ പന്നിയായി മാറിയതുകൊണ്ട് ഇത് മതി എന്ന് വച്ചതാണോ?

എതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? മനുഷ്യന്റെ രോഗകാരണം പാവം മിണ്ടാപ്രാണികളുടെ പേരിലാകുമ്പോള്‍ പിന്നെ ഗവണ്മെന്റിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ചികിത്സാജന്യ രോഗം സൃഷ്ടിച്ചതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാമല്ലോ. രോഗപ്രതിരോധമെന്ന നിലയില്‍ പാവം ജീവജാലങ്ങളെ കൊന്നൊടുക്കിയാല്‍ മതി. മനുഷ്യന്‍ ഇന്നത്തേക്കാള്‍ മോശപ്പെട്ട ഭൌതികസാഹചര്യത്തില്‍ ഈ പറഞ്ഞ ജീവികളുമായി സഹവസിച്ചിരുന്ന കാലത്ത് ഉണ്ടാകാതിരുന്ന പകര്‍ച്ചവ്യാധികള്‍ ഇന്ന് ഉണ്ടാകുന്നു. അത് എന്തുകൊണ്ട് ഉണ്ടാകുന്നു എന്ന് ആരും അന്വേഷിക്കാത്തതെന്താണു? നമ്മുടെ ബുദ്ധി മരവിച്ചു പോയോ?

പന്നി വൈറസ്സുകള്‍ പരിണമിച്ചാണു പുതിയ ഫ്ലൂ വൈറസ്സ് ഉണ്ടാകുന്നതെങ്കില്‍ അതിന്റെ പരിണാമത്തിന്റെ ഹേതു എന്താണു? എന്തുകൊണ്ട് അതിനു മനുഷ്യന്റെ സ്വാസ്ഥ്യത്തിനുമേല്‍ അധീശത്വം നേടാന്‍ കഴിയുന്നത്? ഇതിനൊക്കെ ഉത്തരം പറയാന്‍ പോയാല്‍ WHO ആ നിമിഷം പിരിച്ചുവിടപ്പെടും. അതവര്‍ക്കറിയാം. അതുകൊണ്ട് പാവം പന്നി സഹിക്കട്ടെ!

ആധുനിക ചികിത്സ കൊണ്ട് പ്രയോജനമില്ലാതെ വരികയും ചികിത്സയെ തുടര്‍ന്നുള്ള മരണ നിരക്ക് വര്‍ദ്ധിക്കുകയും ചെയ്തപ്പോള്‍ അത് പൊതുജന ശ്രദ്ധയില്‍ നിന്ന് മറച്ചുവയ്ക്കേണ്ടതിന്റെ ആവശ്യകതയില്‍ നിന്നാണു ഇത്തരം സംഭ്രമജനകമായ ആരോഗ്യപ്രശ്നങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നത്. രോഗത്തിനു വ്യത്യസ്ഥയുണ്ടെന്ന് വരുത്തിത്തീര്‍ത്താല്‍ ഒരുപാട് നൂലാമാലകളില്‍ നിന്ന് തലയൂരാം. പ്രത്യേകിച്ചും മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് വ്യാപകമായ രാജ്യങ്ങളില്‍.

പലവിധ രോഗങ്ങള്‍ക്കും ചികിത്സിക്കപ്പെട്ടുകൊണ്ടിരുന്നവരാണു പന്നിപ്പനിക്ക് അടിപ്പെട്ട് മരണം ഏറ്റുവാങ്ങുന്നതെന്ന് അനൌദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഉണ്ട്. രോഗചികിത്സ ഒരു പരാജയമാകുകയും മരണം പന്നിയുടെ തലയില്‍ കെട്ടിവച്ചു കൊടുക്കുകയുമാണു തന്ത്രമെന്ന് തോന്നുന്നു. വ്യത്യസ്ഥമായ പുതിയ പുതിയ രോഗങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് ഈ ചങ്ങല ഇനിയും നീട്ടിക്കൊണ്ട് പോകാം. അതുകൊണ്ട് നാളെ പട്ടിപ്പനിയും പൂച്ചപ്പനിയും ഉണ്ടായാല്‍ അത്ഭുതപ്പെടണ്ട. ആദ്യം ഉപകാരപ്രദങ്ങളായ മൃഗങ്ങള്‍ തീരട്ടെ.


മേമ്പൊടി

ജ്വരചികിത്സയെ പറ്റി വിപുലമായ പഠനങ്ങള്‍ ആയുര്‍വ്വേദത്തിലുണ്ട്. പന്നിപ്പനിക്ക് മരുന്നില്ല എന്ന് സമ്മതിച്ച സ്ഥിതിക്ക് അതൊന്നു പരീക്ഷിച്ചു കൂടെ? മനുഷ്യന്‍ ജീവിച്ചു പോട്ടെ!
(1)
തുളസിയില
കരിനൊച്ചിയില
പാണലില
തുമ്പയില
ഇവയിട്ട് വെള്ളം തിളപ്പിച്ച് കഴുത്തിനു താഴെ ധാരയാക്കി ഒഴുക്കി കുളിച്ചാല്‍ വന്ന പനി പോകും. പുതിയ പനി വരില്ല.
(2)
അടയ്ക്കാമണിയന്റെ വേരു കഷായം വച്ച് നെറുകയില്‍ ധാര കോരിയാല്‍ നാലുനാള്‍ കൂടുന്ന പനി മാറും.
(3)
പീനസപ്പനിയാണെങ്കില്‍ ത്രികടു ചൂര്‍ണ്ണം നസ്യം.

പന്നിപ്പനിയുടെ ലക്ഷണം വായിച്ചപ്പോള്‍ ഇതൊക്കെ തന്നെ അധികമാണെന്ന് തോന്നുന്നു.
(അവലംബം : കൈരളി ടി വി യിലെ ആരോഗ്യജീവനം പരിപാടി. എല്ലാ ഞായറാഴ്ചകളിലും രാവിലെ 7.15നു)

അനുപാനം :

എറിക്ക് സീഗല്‍ എന്നൊരു ആംഗലേയ നോവലിസ്റ്റുണ്ട്. മലയാളത്തിന്റെ വിശ്രുത സംവിധായകരായ കമലിന്റേയും, ലാല്‍ ജോസിന്റേയും ‘നിറം’, ‘ക്ലാസ്സ്മേറ്റ്സ്’ എന്നീ സിനിമകള്‍ കണ്ട് അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ദ് ഡോക്ടേഴ്സ് എന്നൊരു നോവല്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. അതിന്റെ പ്രിലൂഡില്‍ 26 എന്ന സംഖ്യയെക്കുറിച്ച് ഒരു പരാമര്‍ശമുണ്ട്. ആരെങ്കിലും അതൊന്നു വായിച്ചു അതിന്റെ അര്‍ത്ഥമൊന്ന് പറഞ്ഞുതന്നാല്‍ ഉപകാരമായിരുന്നു. (പുതിയ സിനിമ എടുക്കരുത്)