Sunday, December 30, 2007

ചൊറിതണം പറിച്ചടിക്കണം ഈ മലയാളിയെ........

HPV വൈറസ്സ്‌ ബാധയ്ക്ക്‌ ആധുനിക സാനിട്ടറി നാപ്‌കിനുകള്‍ മാദ്ധ്യമമാകാനിടയുണ്ടെന്ന് അക്ഷരക്കഷായത്തില്‍ എഴുതിയിരുന്ന പോസ്റ്റിനോട്‌ ചിലരെങ്കിലും പ്രതികരിച്ചത്‌ വേണ്ടത്ര ഗൗരവത്തോടെയായിരുന്നില്ല. സ്ത്രീസമൂഹത്തെ മുച്ചൂടും രോഗാതുരമാക്കാനിടയുള്ള ഒരു വിപത്തിനെ ലാഘവത്തോടെ കാണാന്‍ കഴിയുന്നത്‌ അത്ഭുതപ്പെടുത്തുന്നു. നിലവില്‍ ചികിത്സയുള്ള രോഗമല്ല HPV ബാധ. എന്നിട്ടും അതു വരാതിരിക്കാനുള്ള ഒരു സാധ്യത ചൂണ്ടിക്കാട്ടിയപ്പോള്‍ ജീവിതക്രമം മാറിപ്പോയതു കൊണ്ട്‌ ഇനി തിരിച്ച്‌ പോക്കാവില്ലെന്ന ഒരു നിലപാടാണു പലരും കൈക്കൊണ്ടത്‌. മരിച്ച്‌ പോയാലും, കമ്പനി നിര്‍മ്മിത മാസമുറത്തുണികള്‍ വിടില്ല എന്നതായിരുന്നു മനോഭാവം. ഇതു സമകാലിക മലയാളിയുടെ ആന്തരിക ഭാവങ്ങളിലേക്ക്‌ വിരല്‍ ചൂണ്ടുന്നു.
അരി കടയില്‍ നിന്ന് വാങ്ങാവുന്ന ഒരു സാധനം മാത്രമാണെന്ന തോന്നല്‍ പോലെയാണിതും. ഭൂമിയില്‍ മഴയും വെയിലുമൊക്കെ നോക്കി മനുഷ്യന്‍ കൃഷി ചെയ്തുണ്ടാക്കുന്നതാണു നെല്ലെന്നും അത്‌ കുത്തിയാണു അരി എടുക്കുന്നതെന്നും നാം മറന്നു. ഏതോ യന്ത്രം നിര്‍മ്മിച്ച്‌ പാക്ക്‌ ചെയ്ത്‌ തരുന്ന ഒരു പ്രോഡക്ടായി അരിയെ കാണാന്‍ നാം പഠിച്ചു. മലയാറ്റൂരിന്റെ 'വേരുകളി'ലെ നെല്‍വയല്‍ ചൂണ്ടിക്കാട്ടുമ്പോള്‍ 'ഇതെന്നാ, അരശിച്ചെടിയാ?' എന്ന് അത്ഭുതം കൂറുന്ന കഥാപാത്രമായി വളര്‍ന്നുകൊണ്ടിരിക്കുകയാണു നാം!!
സാമാന്യ ബുദ്ധിയുപയോഗിച്ചാല്‍ നാപ്‌കിന്നുകള്‍ ദോഷം ചെയ്യുന്നുണ്ടെന്ന് മനസിലാകും. ഈര്‍പ്പം വലിച്ചെടുത്ത്‌ ഉള്ളില്‍ ശേഖരിക്കുകയാണു നാപ്പികള്‍ ചെയ്യുന്നത്‌. മൂത്രം വീണു അടിവസ്ത്രം നനഞ്ഞാല്‍ ഉണ്ടാകുന്ന അസ്വസ്ഥത ഒന്നാലോചിച്ച്‌ നോക്കുക. അപ്പോള്‍ രക്തവും വിയര്‍പ്പും സ്രവങ്ങളും കൂടിക്കലര്‍ന്ന് തൊലിപ്പുറമേ തങ്ങിനിന്നാലോ? അതെല്ലാം നാപ്പി ഉള്ളിലേക്ക്‌ വലിച്ചെടുക്കുന്നുണ്ടെന്ന് നിങ്ങള്‍ പറയും.
ഒരു കഷണം സ്പോഞ്ച്‌ എടുത്ത്‌ പരസ്യത്തില്‍ കാണുന്നപോലെ കുറച്ച്‌ മഷിയൊഴിച്ച്‌, അല്‍പനേരത്തിനു ശേഷം അമര്‍ത്തിനോക്കുക. വിരലുകളില്‍ മഷി പറ്റുമോ? നിങ്ങളുടെ പരീക്ഷണത്തിലെ സ്പോഞ്ച്‌ തുറന്നിരിക്കുന്നതായത്‌ കൊണ്ട്‌ കുറേ മഷി ബാഷ്പീകരിച്ച്‌ പോകും. അതുകൊണ്ട്‌ മഷി ഒഴിച്ച ശേഷം പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ്‌ കുറച്ചു കഴിഞ്ഞ്‌ വീണ്ടും പരീക്ഷിക്കുക. ഇപ്പോള്‍ വിരലില്‍ പറ്റുന്ന മഷിയുടെ നനവ്‌ എത്രയുണ്ട്‌? ആദ്യപരീക്ഷണവുമായി ഈ റിസള്‍ട്ട്‌ ഒന്ന് താരതമ്യം ചെയ്ത്‌ നോക്കു. വ്യത്യാസം മനസിലാകും!ഇതു തന്നെയാണു അവിടേയും സംഭവിക്കുന്നത്‌.
രണ്ടാമത്തെ പരീക്ഷണത്തിലെ സ്പോഞ്ച്‌ പിഴിഞ്ഞാല്‍ മഷി ഇറ്റും. ഓടുകയും ചാടുകയും ഒക്കെ ചെയ്യുമ്പോള്‍ നാപ്പികളും പിഴിയപ്പെടും. അപ്പോള്‍ ഇറ്റുന്ന മലങ്ങള്‍ എവിടെ വീഴും? വീണ്ടുമത്‌ ശ്ലേഷ്മസ്തരങ്ങളില്‍ പടരുകയും ഉള്ളിലേക്ക്‌ ആഗീരണം ചെയ്യപ്പെടുകയും ചെയ്യില്ലെ? ഒരു തുള്ളി മൂത്രം വീണാല്‍ അസഹ്യതപ്പെടുന്ന നിങ്ങള്‍ അതിഷ്ടപ്പെടുമോ? അതു രോഗമുണ്ടാക്കുമോ എന്നത്‌ വേറെ കാര്യം. ആ സ്പര്‍ശം നിങ്ങള്‍ ഇഷ്ടപ്പെടുമോ?പരുത്തിത്തുണിക്കുള്ള മെച്ചം രക്താദികള്‍ അതില്‍ പടരുന്ന പാടെ കുറേ ബാഷ്പീകരിച്ച്‌ പോകും. ഈര്‍പ്പം ഉടനുടന്‍ വലിച്ചെടുക്കുകയും ചെയ്യും. ചര്‍മ്മത്തിനു ഹിതകരമാണു പരുത്തി. വിഷമദിവസങ്ങളില്‍ ഓടാതെയും ചാടാതെയും അടങ്ങി ഒരിടത്തിരിക്കാന്‍ പറയുന്നത്‌ തുണി പിഴിയപ്പെടാതിരിക്കാനാണ്‌. ഹൈജീനിന്റെ ഒരു പാഠമാണത്‌.
പിന്നെയുള്ള പരാതി കാലദോഷത്തേപ്പറ്റിയാണു.ആധുനിക ജീവിതത്തിന്റെ തിക്കിനേക്കുറിച്ചും തിരക്കിനേക്കുറിച്ചും പലരും വേവലാതിപ്പെട്ടു കണ്ടു. അതു കൊണ്ടാണു തുണി കഴുകിയെടുക്കാന്‍ നേരം കിട്ടാത്തതെന്നും പറയുന്നു. എന്തു തിക്ക്‌? എന്ത്‌ തിരക്ക്‌? ഇതൊരു മിസ്റ്റിഫിക്കേഷനാണു. നിങ്ങള്‍ക്ക്‌ കമ്പമോ ആവശ്യമോ ഉള്ള ഒരു കാര്യത്തിനും നിങ്ങള്‍ക്ക്‌ തിക്കോ തിരക്കോ ഇല്ല. ഒരു തിരത്തുണി അലക്കിയെടുക്കാന്‍ നേരമില്ലാത്തവര്‍ സപ്താഹങ്ങള്‍ക്കും, ധ്യാനം കൂടലുകള്‍ക്കും, മത പ്രസംഗങ്ങള്‍ക്കും സമയം ഉണ്ടാക്കി പോകും. ടി.വിയുടെ മുന്നിലിരുന്ന് സീര്യലുകളും അണ്‍റിയാലിറ്റി ഷോകളും കണ്ട്‌ വെള്ളമിറക്കാന്‍ എത്ര നേരം വേണമെങ്കിലും നിങ്ങള്‍ക്കുണ്ട്‌. കണ്ട ആരോഗ്യമാസികള്‍ ഒക്കെ വായിച്ച്‌ രോഗമുണ്ടാക്കാന്‍ ധാരാളം നേരമുണ്ട്‌. നെറ്റില്‍ തെന്നിനടക്കാനും സൗഹൃദവും കൂട്ടായ്മകളും സംഘടിപ്പിക്കുവാനും സമയക്കുറവില്ല്ല. തുണിക്കടകളിലും ജ്വല്ലറികളിലും എത്രനേരം വേണമെങ്കിലും ചെലവഴിക്കാനുണ്ട്‌. പക്ഷെ ഒരു തുണി നനച്ച്‌ ഉണങ്ങാനിടാന്‍ സമയമില്ല. നിങ്ങളുടെ കയ്യിലിരിപ്പുകൊണ്ട്‌ രോഗം വന്നിട്ട്‌ ആശുപത്രികളില്‍ പോയി കാത്ത്‌ കെട്ടിക്കിടക്കുമ്പോള്‍ ഈ സമയബോധം എവിടെപ്പോയി?
ചുരുക്കത്തില്‍ മെയ്യനങ്ങാന്‍ വയ്യാ എന്നുള്ളതാണു കാര്യം. അതിനു കാലത്തെ പഴിക്കരുത്‌. നിങ്ങള്‍ക്ക്‌ യഥാര്‍ത്ഥ ആവശ്യമുണ്ടെങ്കില്‍ നേരം നിങ്ങളുടെ കൈക്കുള്ളില്‍ ഇഷ്ടം പോലെ...ഇല്ലെങ്കില്‍ ഇല്ല! അത്രേയുള്ളു.നമ്മുടെ പൊതുവായ ഒരു മാനസികസ്ഥിതി നമുക്ക്‌ ജീവിക്കാന്‍ ആഗ്രഹമില്ലെന്നതാണു. മലയാളികളില്‍ ഭൂരിഭാഗവും ഇന്നത്തെ ജീവിതത്തിനു മിസ്ഫിറ്റാണു. അര്‍ഹമായ ഇടങ്ങളില്‍ എത്തിച്ചേരാനാവാത്തതിന്റെ ഒരു തരം നിരാശ. അതുകൊണ്ട്‌ കിട്ടിയ ജീവിതം അടിച്ചുപൊളിച്ച്‌ ചെലവാക്കി ത്തീര്‍ക്കുന്നു. അത്ര മാത്രം. ജീവിതത്തോട്‌ ഇത്ര കമിറ്റ്‌മെന്റില്ലാത്ത ഒരു സമൂഹം ലോകത്ത്‌ വേറെവിടെയെങ്കിലും ഉണ്ടാകുമോ? അതു കൊണ്ടാണു ഒരു കഷണം പരുത്തിത്തുണി കഴുകി വെയിലില്‍ ഉണക്കിയെടുത്ത്‌ ആരോഗ്യസംരക്ഷണം നടത്തുന്നതിനു പകരം 60ഉം 100ഉം രൂപകൊടുത്ത്‌ സിന്തെറ്റിക്ക്‌ സാധനങ്ങള്‍ വാങ്ങി ഉപയോഗിച്ച്‌ കാന്‍സര്‍ പോലുള്ള രോഗങ്ങളിലൂടെ കടന്ന് മരണം വാങ്ങാന്‍ ശ്രമിക്കുന്നത്‌. രോഗം വന്ന് മരിച്ചാല്‍ ഒരു ഗുണമുണ്ട്‌. മരിക്കാന്‍ ഒരു കാരണമായി. അവനവന്റെ തെറ്റും കുറ്റോം മറച്ച്‌ വയ്ക്കാം. കുറ്റം മുഴുവനും രോഗത്തിനും കാലത്തിനും. എങ്ങനെയുണ്ട്‌ മലയാളി?

Saturday, December 22, 2007

ഓടാം....ചാടാം....ആടാം...നോ ടെന്‍ഷന്‍......

(ഓടാനും ചാടാനുമുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി കാന്‍സര്‍ വിലകൊടുത്ത്‌ വാങ്ങാന്‍ തയ്യാറുള്ള സ്ത്രീകള്‍ ദയവായി ഇത്‌ വായിക്കാതിരിക്കുക)
കേരളത്തിലെ സ്ത്രീകള്‍ക്കിടയില്‍ ഗര്‍ഭാശയ കാന്‍സര്‍ കൂടി വരുന്നു! അതിനുള്ള കാരണത്തെക്കുറിച്ച്‌ ഗൗരവതരമായ ഒരന്വേഷണം ഇനിയും ആരംഭിച്ചിട്ടില്ല. കേരളത്തിലെ ഒരു സ്ഥാപനം അനൗപചാരികമായി നടത്തിയ പഠനത്തിലെ കണ്ടെത്തല്‍, പക്ഷെ ഈ പ്രവണതയുടെ കാരണത്തിലേക്ക്‌ വിരല്‍ ചൂണ്ടുന്നുണ്ട്‌.
ഹ്യൂമന്‍ പാപ്പിലോമാ വൈറസ്സ്‌ ഗര്‍ഭാശയകാന്‍സറിനു കാരണമാകുമെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഒരു പ്രദേശത്തു നടത്തിയ സര്‍വ്വേയില്‍ ലഭിച്ച സാമ്പിളിലെ സ്ത്രീകളില്‍ 60% ഉം ഹ്യൂമന്‍ പാപ്പിലോമ വൈറസ്‌ ഉള്ളതായി കണ്ടു.
നൂറോളം തരത്തിലുള്ള ഹ്യൂമന്‍ പാപ്പിലോമാ വൈറസ്സുകളുണ്ട്‌. ഡി.എന്‍.എ അടിസ്ഥാനമായി വളരുന്ന ഒരു രോഗാണുവാണത്‌. ചര്‍മ്മത്തെയും ശ്ലേഷ്മസ്തരത്തേയും ബാധിച്ച്‌ കാന്‍സര്‍ രോഗമുണ്ടാക്കാന്‍ അതിനു കഴിയും. ഗര്‍ഭാശയ കാന്‍സറുമായി അതിനുള്ള അടുത്ത ബന്ധമാണു ശാസ്ത്രജ്ഞരെ ഞെട്ടിക്കുന്നത്‌. രോഗബധയുണ്ടായാല്‍ പിന്നെ പ്രതിവിധിയില്ല. ആധുനിക വൈദ്യം നിസ്സഹായമാണു ഇക്കാര്യത്തില്‍. ശരീരത്തിനു പ്രതിരോധശക്തിയുള്ളിടത്തോളം കാലം വൈറസ്സ്‌ ബാധ പ്രകടമാവുകയില്ലെങ്കിലും രോഗം പകരുവാന്‍ ഇടയൊരുക്കുന്നു.ഗുഹ്യഭാഗത്തുണ്ടാകുന്ന അരിമ്പാറകള്‍, മുഴകള്‍, മാംസം തള്ളിച്ച, ചുവന്നതും തിളങ്ങുന്നതുമായ വീക്കങ്ങള്‍, ഇവയെല്ലാം ഹ്യൂമന്‍ പാപ്പിലോമാ വൈറസ്സുമായി ബന്ധപ്പെട്ടതാണെന്നാണു ശാസ്ത്രമതം. മലദ്വാരത്തേയും അത്‌ ബാധിക്കുന്നുണ്ട്‌.
അമേരിക്കയിലെ HPV ബാധിതരുടെ എണ്ണത്തിനടുത്തുണ്ട്‌ കേരളത്തിലും. അവിടെയത്‌ 60-80% ആണു. വൈറസ്സ്‌ ബാധിധരുടെ പ്രായം 14-65 എന്നുള്ളതും ശ്രദ്ധേയമാണു. അമേരിക്കന്‍ പഠനത്തില്‍ രോഗബാധയുടെ കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത്‌ അനഭിലഷണീയമായ ലൈംഗികബന്ധങ്ങളാണു. പ്രത്യേകിച്ചും പ്രകൃതിവിരുദ്ധമാര്‍ഗ്ഗങ്ങള്‍. ലൈംഗികരോഗങ്ങളുടെ പട്ടികയിലാണു അവിടെ HPV ബാധയും. ഇണകളെ മാറ്റി ബന്ധപ്പെടുന്നതിലൂടെ ഇത്‌ പകരുന്നതായി അനുമാനിക്കുന്നു.
ഇന്ത്യയില്‍ HPV ബാധയെക്കുറിച്ച്‌ വിപുലമായ പഠനങ്ങളൊന്നും നടന്നിട്ടില്ല. ഉണ്ടെങ്കില്‍ തന്നെ പുറത്തുവിടാന്‍ തയ്യാറാകുന്നുമില്ല. വിദേശത്ത്‌ നടന്ന പഠനങ്ങളുടെ വെളിച്ചത്തില്‍ മാത്രമേ ഈ രോഗത്തെപ്പറ്റി ഇപ്പോള്‍ എന്തെങ്കിലും പറയാനാകു.
കേരളത്തിലെ രോഗവ്യാപനത്തിന്റെ തോത്‌ അമ്പരപ്പിക്കും വിധം വലുതാണു. തന്മൂലം ഗവേഷകര്‍ തങ്ങളുടെ നിരീക്ഷണഫലം പുറത്തുവിടാന്‍ ഭയക്കുന്നുണ്ടെന്ന് തോന്നുന്നു. അറിവ്‌ പൊതിഞ്ഞ്‌ വയ്ക്കുന്നതിനനുസരിച്ച്‌ രോഗം പടരുകയും ചെയ്യുന്നു.
പ്രകൃതിവിരുദ്ധമായ ലൈംഗികമാര്‍ഗ്ഗങ്ങള്‍ തേടിത്തുടങ്ങിയതു കൊണ്ടാണോ ഇവിടെയും ഇതിത്ര വ്യാപകമായത്‌? അതൊരു കാരണമാകാം. സ്ത്രീ-പുരുഷ ബന്ധം മുന്‍പ്‌ എന്നത്തേക്കാളും കുത്തഴിഞ്ഞതായിട്ടുണ്ട്‌. പാരമ്പര്യ വഴികള്‍ വിട്ടും ഇണകളെ മാറ്റിയും സാന്ദര്‍ഭികമായി ലഭിക്കുന്ന ഇണകള്‍ക്കൊപ്പവുമുള്ള ലൈംഗികബന്ധം കേരളത്തിലും വ്യാപകമായി.
പരസ്യമായി ചുംബിക്കുന്നതും ഇണചേരുന്നതും മാന്യവും പരിഷ്കൃതവുമാണെന്ന ഒരു തോന്നല്‍ ഇന്നുണ്ട്‌. എന്നാല്‍ പരസ്യമായി മൂത്രമൊഴിക്കുകയോ മലവിസര്‍ജ്ജനം നടത്തുകയോ ചെയ്യുന്നത്‌ ഹീനവും അപരിഷ്കൃതവുമാകും.
ആദ്യത്തേതിനേക്കാള്‍ അപകടം പിടിച്ചതാണു രണ്ടാമത്തേതെന്ന് നാം അറിയുന്നില്ല. വേഗങ്ങള്‍ തടഞ്ഞാല്‍ രോഗമുണ്ടാകും എന്ന് ആയുര്‍വ്വേദം. മൂത്രപുരീഷാദികള്‍ വേഗമുണ്ടാകുമ്പോള്‍ തന്നെ പുറത്ത്‌ പോക്കണം. അല്ലെങ്കില്‍ ശരീരത്തിനെ അത്‌ ബാധിക്കും. പണ്ടുള്ള ഡോക്ടറന്മാര്‍ക്കും ഇത്‌ അറിയുമായിരുന്നു. ക്ലിനിക്കല്‍ പരിശോധനകളില്‍ ശോധനയും മൂത്രം തടച്ചിലും അവര്‍ കൃത്യമായി അന്വേഷിച്ചറിഞ്ഞിരുന്നു.
എന്നാല്‍ കാമം അങ്ങനെയല്ല. അത്‌ നിയന്ത്രണവിധേയമാണു. അതേക്കുറിച്ച്‌ ആഴത്തില്‍ പഠിച്ച ഒരു ഋഷിപാരമ്പര്യം ഇന്ത്യക്കുണ്ട്‌. അതില്‍ നിന്നുള്‍ക്കൊണ്ട ഒരു കുടുംബ സംവിധാനവും നിലനിന്നിരുന്നു. ഇന്ന് താറുമാറായിരിക്കുന്നത്‌ അതാണു. ഫലമോ ഇനിയും കീഴ്‌പ്പെടുത്താനാവാത്ത കാന്‍സറുകളും.
എന്നാല്‍ വഴിവിട്ട ശാരീരിക ബന്ധമില്ലാത്തവര്‍ക്കിടയിലും ഹ്യൂമന്‍ പാപ്പിലോമാ വൈറസ്സിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്‌ ശാസ്ത്രലോകത്തെ അമ്പരപ്പിക്കുന്നു. വൃത്തിഹീനമായ യൂറോപ്യന്‍ ക്ലോസറ്റുകള്‍, അബോര്‍ഷനുകള്‍, ലൈംഗിക ബന്ധത്തിനുപയോഗിക്കുന്ന ജെല്ലികള്‍ തുടങ്ങിയവയെ ന്യായമായമായും സംശയിക്കുന്നുണ്ട്‌. എന്നാല്‍ ആയുര്‍വ്വേദം വിരല്‍ ചൂണ്ടുന്നത്‌ മാസമുറക്കാലത്തെ ശുചിത്വത്തിലേക്കാണു. ഇന്നത്‌ ഒരു സാനിട്ടറി നാപ്‌കിന്‍ ധരിക്കുന്നതിലേക്ക്‌ മാത്രം ചുരുങ്ങിയിട്ടുണ്ട്‌. ഇത്‌ അപകടകരമാനെന്നാണു ആയുര്‍വ്വേദ പണ്ഡിതന്മാരുടെ അഭിപ്രായം.
ഉഷ്ണമേഖലാപ്രദേശത്ത്‌ അന്തരീക്ഷോഷ്മാവ്‌ കൂടിയിരിക്കുന്നതിനാല്‍ ധാരാളം വിയര്‍പ്പ്‌ ഉല്‍പ്പാദിപ്പിക്കപ്പെടും. ധാതുവൈപരീത്യം ഉണ്ടാക്കുന്ന ഒരു മലമാണത്‌. അതു തണുപ്പിച്ചോ ഒപ്പിയോ മാറ്റേണ്ടതാണു. രക്തവും വൈറ്റ്‌ ഡിസ്ചാര്‍ജ്ജും വിയര്‍പ്പിനൊപ്പം കലരുമ്പോള്‍ ഭൂതോല്‍പ്പാദനത്തിനു ഒരു മാദ്ധ്യമമാകുന്നുവെന്ന് ആയുര്‍വ്വേദാചാര്യന്മാര്‍ അനുമാനിക്കുന്നു. വൈറസ്സും ബാക്ടീരയകളും ആയുര്‍വ്വേദത്തില്‍ ഭൂതഗണത്തിലാണു പെടുന്നത്‌.
അലക്കി ഉണക്കിയെടുത്ത പരുത്തിത്തുണികളായിരുന്നു വിഷമ ദിവസങ്ങളില്‍ പണ്ട്‌ സ്ത്രീകള്‍ ഉപയോഗിച്ചിരുന്നത്‌. സൂര്യപ്രകാശം ഏത്‌ അണുനാശിനിയേക്കാള്‍ മികച്ച അണുനാശകമാണെന്ന് മുന്‍പുള്ളവര്‍ മനസിലാക്കിയിരുന്നു. എന്നു മാത്രമല്ല, ഒരു ദിവസം തന്നെ പലതവണ തുണി മാറ്റിവച്ച്‌ പരമാവധി ശുചിത്വം സൂക്ഷിക്കുക്കാനും അവര്‍ ശ്രദ്ധിച്ചു. ആ ദിവസങ്ങളില്‍ സ്ത്രീകളെ ദൈനംദിന ജോലികളില്‍ നിന്നൊഴിവാക്കി മാതൃക കാട്ടാനും അവര്‍ മടിച്ചില്ല. ഇത്‌ ആന്തരിക സ്രവങ്ങളുടെ ഒഴുക്ക്‌ പരമാവധി കുറയ്ക്കാന്‍ സഹായിക്കും. എഞ്ജിന്‍ ഓയല്‍ ചെയ്ഞ്ച്‌ ചെയ്യുന്ന ഒരു വണ്ടി പോലും 'ഐഡലില്‍' നിര്‍ത്തിയാണത്‌ ചെയ്യുന്നത്‌. സ്ത്രീക്ക്‌ പരമാവധി സ്വാതന്ത്ര്യമുണ്ടെന്ന് അവകാശപ്പെടുന്ന 21 ആം നൂറ്റാണ്ടില്‍ ഒരു ശാരീരികമായ ഒഴുക്കിക്കളയലിനു പോലും ഉടല്‍ 'ഐഡലില്‍' ഇടാന്‍ നമ്മുടെ സ്ത്രീകള്‍ക്ക്‌ കഴിയുന്നില്ല!!
ഇന്ന് സ്ത്രീകള്‍ ഉപയോഗിക്കുന്ന നാപ്‌കിനുകള്‍ക്ക്‌ എത്രമാത്രം ശുചിത്വമുണ്ട്‌? റീസൈക്കിള്‍ഡ്‌ സ്പോഞ്ച്‌ ഉള്ളില്‍ വച്ച്‌ പ്ലാസ്റ്റിക്ക്‌ കടലാസ്സുകൊണ്ട്‌ പൊതിഞ്ഞ മാസമുറത്തുണികള്‍ സുരക്ഷിതമാണോ?
എട്ടും പത്തും രൂപാ കൊടുത്ത്‌ വാങ്ങുന്ന അവ പഴയ പരുത്തിത്തുണികളേപ്പോലെ രക്തവും വിയര്‍പ്പും സ്രവങ്ങളും വലിച്ചെടുക്കുന്നുണ്ടോ?
അതോ അതിന്റെ പ്ലാസ്റ്റിക്ക്‌ തൊട്ടിലില്‍ അവ ശേഖരിച്ച്‌ വച്ച്‌ വൈറസ്സുകള്‍ വളരാനുള്ള ഒരു മാദ്ധ്യമമായി മാറുകയാണോ?
ഈ സംശയം പരിഹരിക്കാനുള്ള ഗവേഷണമൊന്നും ഇവിടെ നടക്കുന്നില്ല. പക്ഷെ നമ്മുടെ കണ്മുന്നിലുള്ള യാഥാര്‍ത്ഥ്യം ചിലത്‌ ചൂണ്ടിക്കാണിച്ച്‌ തരുന്നുണ്ട്‌. ലഭ്യമായിട്ടുള്ള ഗവേഷണ ഫലങ്ങളും അവയ്ക്കനുഗുണമാണു.
HPV വൈറസ്‌ ബാധിതരുടെ പ്രായം 14-65 ആണു. അതിനര്‍ത്ഥം 65 നു മുകളിലുള്ളവര്‍ സുരക്ഷിതരാണെന്നാണു. അതേതാണ്ട്‌ പഴയ തലമുറയില്‍ പെട്ടവരായി വരും. കീറത്തുണിയുപയോഗിച്ച്‌ മാസമുറയെ നേരിട്ടവര്‍! അവരില്‍ സെര്‍വ്വിക്സ്‌ കാന്‍സറോ ഗര്‍ഭാശയ കാന്‍സറോ വിരളമാണു. വയറ്റില്‍ മുഴയോ ഗുഹ്യഭാഗത്ത്‌ അരിമ്പാറകളോ ഇല്ല. എന്നാല്‍ പുതുതലമുറയില്‍ അതെല്ലാം 14 വയസ്സില്‍ തന്നെ തുടങ്ങുന്നു. ജനിച്ച്‌ വീഴുമ്പോള്‍ തൊട്ട്‌ നാപ്പി കെട്ടി ജീവിതത്തിലേക്കിറങ്ങുന്നവരാണവര്‍. 14 വയസ്സില്‍ അവരില്‍ HPV സാന്നിദ്ധ്യം കണ്ട്‌ തുടങ്ങുന്നു. ഒരു 35-45 വയസ്സാകുമ്പോഴേക്കും ഗര്‍ഭാശയ കാന്‍സറിലേക്ക്‌ അത്‌ വളരുന്നു. എങ്ങനെയുണ്ട്‌ നമ്മുടെ പുരോഗതി?

ബ്രാ പറിച്ചെറിയാന്‍ ഉപദേശിച്ച പഴയ കാല സ്ത്രീസമത്വ വാദികളെപ്പോലെ, നാപ്‌കിന്‍ വലിച്ചെറിഞ്ഞ്‌ വീട്ടിലോ ഫ്ലാറ്റിലോ സ്വസ്ഥമായിരിക്കാന്‍ ആധുനിക ഫെമിനിസ്റ്റുകള്‍ ആഹ്വാനം ചെയ്യുമോ? ശരീരത്തിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിക്കാനല്ല, അവനവന്റെ ആരോഗ്യം നിലനിര്‍ത്താന്‍? തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ക്ക്‌ ആ ദിവസം ശമ്പളത്തോടെ അവധി കൊടുക്കാന്‍ സമരം ചെയ്യുമോ? എത്രയൊ അവധികള്‍ ബന്ദായും ഹര്‍ത്താലായും നമ്മള്‍ ആഘോഷിക്കുന്നു.ഇതിനു മറുപടി പറയുമ്പോള്‍ യഥാര്‍ത്ഥ ഫെമ്മുകളുടെ മാറ്ററിയും.

മേമ്പൊടി:

ഈ സൈറ്റുകള്‍ കൂടി നോക്കുക

1. http://www.diaperaps.com/home/dp1/myth_main.html

2. http://www.diaperjungle.com/Cloth-Diapers-Exposed.html

(കടപ്പാട്: മൂര്‍ത്തി said...
THE DISPOSABLE DIAPER MYTH എന്ന ഈ ലേഖനവും Cloth Diapers Exposed! The Facts and the Fiction! എന്ന ഈ ലേഖനവും ഉപയോഗപ്പെടുമെന്നു കരുതുന്നു. )

3. http://www.thebody.com/content/art497.html

(കടപ്പാട്:Jayaprakash:
സായിപ്പ് പറഞെങ്കില്‍ മലയാളിക്ക് സംശയല്യ ..ഇല്ലല്ലീ?ഡയോക്സിന്‍, റയോണ്‍ അപകടത്തെപ്പറ്റിയുള്ള ഒരു ലിങ്ക്http://www.thebody.com/content/art497.html)

മൂര്‍ത്തിയുടേയും ജയപ്രകാശിന്റേയും കമന്റുകള്‍ കമന്റ് ബൊക്സില്‍ കാണുക

Thursday, December 6, 2007

സ്വാമി നിര്‍മ്മലാനന്ദ ഗിരിയെ വെറുതെ വിടുക........

കായില്ലാത്ത കൊമ്പില്‍ കൊഴുവെറിയുന്ന സ്വഭാവം പണ്ടേ മനോരമയ്ക്കില്ല.
അലോപ്പതി ചികിത്സാരംഗം ഇന്നൊരു പ്രതിസന്ധിയിലാണ്. പ്രശസ്തിക്കും പ്രചാരത്തിനും തക്കവണ്ണമുള്ള ഫലസിദ്ധി ആ ശാഖയില്‍ നിന്ന് രോഗികള്‍ക്ക്‌ കിട്ടുന്നില്ല. കാന്‍സര്‍ പോലെ ഒട്ടു മിക്ക രോഗങ്ങള്‍ക്കും അവിടെ ചികിത്സിച്ചാല്‍ ആളും കാശും പോക്കാണ്‌. എന്നാല്‍ വലിയൊരു വ്യവസായമെന്ന നിലയില്‍ ചികിത്സിക്കാതിരിക്കാന്‍ അവര്‍ക്ക് ആവുകയുമില്ല.ചികിത്സ തടിയേ തട്ടിയുള്ള കാര്യമാകുമ്പോള്‍ ആളുകള്‍ അങ്ങനെ വെറുതെ വിട്ടു കൊടുത്തു എന്നുവരില്ല. ഡോക്ടറന്മാര്‍ക്ക്‌ ചില്ലറ തല്ലും സ്ഥാപനത്തിന്‌ വ്യാപകമായ പേരുദോഷവും പലപ്പോഴും ഉണ്ടാകാറുണ്ട്‌.

ഇതൊക്കെ കാണുമ്പോള്‍ മനോരമ പോലൊരു മാദ്ധ്യമം എന്തു ചെയ്യണം?

രോഗി ചത്താലും വ്യവസായത്തെ സംരക്ഷിക്കണം. അതാണു ചേംബര്‍ ഓഫ് കോമേഴ്സ്! അല്ലെങ്കില്‍ വ്യാപാരി വ്യവസായി ഒരുമ!!

ആധുനിക വൈദ്യശാസ്ത്രത്തിനു 50 കൊല്ലത്തില്‍ കൂടുതല്‍ പഴക്കം കേരളത്തിലില്ല. അതിനു മുന്‍പും കേരളത്തില്‍ വൈദ്യവും ചികിത്സയും ഉണ്ടായിരുന്നു. അതൊക്കെ അശാസ്ത്രീയമാണെന്ന് പറഞ്ഞാണ് മലയാളി ആധുനിക വൈദ്യത്തിലേക്ക് ചുവട് മാറിയത്. അതിനുവേണ്ടി ചെയ്യാവുന്ന എല്ലാ മാദ്ധ്യമ സഹായവും മനോരമയും മറ്റ് പത്രങ്ങളും ചെയ്തുകൊടുത്തിട്ടുണ്ട്‌.

ആ വൈദ്യശാസ്ത്രം ഇപ്പോള്‍ വല്ലാത്ത ഒരു പരുങ്ങലിലാണ്‌. അതിനു കാരണം വേറൊന്നുമല്ല. റിസള്‍ട്ടില്ല!!

ഇവിടുത്തെ കുഞ്ഞുകുട്ടി പരാധീനങ്ങള്‍ പഠിച്ച സയന്‍സിന്റെ മാതൃകയിലുള്ള ചികിത്സയുള്ളത് ‌ അലോപ്പതിയിലാണ്. അതു കൊണ്ട്‌ ആദ്യം അങ്ങോട്ട്‌ പോകാന്‍ ഒരു പ്രേരണയുണ്ടാകും. പക്ഷെ അധികം താമസിയാതെ പോയവര്‍ നിരാശ്ശരായിത്തീരും. കാശ്‌ പോയത്‌ പോട്ടേ എന്ന് വയ്ക്കാം. വലിയ അദ്ധ്വാനമൊന്നും കൂടാതെ കിട്ടുന്ന പണമാണിന്ന് മലയാളി‍ക്കുള്ളത്‌. അതു ഇഷ്ടം പോലെ ചെലവാക്കാനും മടിയില്ല..

വൈദ്യവ്യവസായത്തിനും അതേ വേണ്ടൂ.

പണം!

പക്ഷെ രോഗശാന്തി കിട്ടുന്നില്ലെങ്കിലോ?

മനുഷ്യന്‍ ലാടവൈദ്യം തൊട്ട്‌ ധ്യാനംകൂടല്‍ വരെ പരീക്ഷിച്ച്‌ നോക്കും. ഇതില്‍ അവരെ കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല. അവനവന്റെ തടിയെ തട്ടുന്ന കാര്യമാണ്. അപ്പോള്‍ എന്തും ചെയ്തു പോകും. ഇതു നന്നായറിയുന്നവരാണു മനോരമ ഓടിച്ച്‌ കൊണ്ട്‌ പോകുന്നത്‌. ആധുനിക വൈദ്യത്തിനു എങ്ങനെയൊക്കെ പ്രചാരണം കൊടുത്തുവോ അതുപോലെ ഇനിയിപ്പോള്‍ ലാടവൈദ്യത്തിനും മര്‍മ്മാണിചികിത്സക്കും പ്രചാരം കൊടുത്താലേ പത്രത്തിനു നാല്‌ കാശുണ്ടാകു. കാരണം ആളുകള്‍ വ്യാപകമായി ഇപ്പോള്‍ ആ മേഖലയിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുകയാണ്‌. മറ്റേ പത്രം അവിടെ കച്ചോടം പിടിക്കുന്നതിനു മുന്‍പേ 'നമ്മള്‍' അവിടെ ചെന്നിരിക്കണം.

അതിന്റെ ഒരു തിരനോട്ടമാണ് 2007 ഡിസംബറിലെ 'മനോരമ ആരോഗ്യ'ത്തില്‍ കാണുന്നത്. 'വിശ്വാസചികിത്സ'ക്ക്‌ വേണ്ടി മാറ്റിവച്ചിരിക്കുന്ന ലക്കം.

അത്ര മാത്രമേ ഉദ്ദേശം ഉണ്ടായിരുന്നുള്ളു എങ്കില്‍ അതിനെ മനോരമയുടെ പണമുണ്ടാക്കാനുള്ള ‘സോദ്ദേശം‘ എന്ന് പറയാമായിരുന്നു. പക്ഷെ, അതിന്റെ ഒരു അടുക്കും അനുഭവ സാക്ഷ്യവുമൊക്കെ കാണുമ്പോള്‍ വേറെ ചില ദുരുദ്ദേശം കൂടിയില്ലെ എന്ന് ഒരു സംശയം.

സത്യസായിബാബ, മാതാ അമൃതാനന്ദമയി, ശ്രീ ശ്രീ രവിശങ്കര്‍ തുടങ്ങിയവരെ ആദ്യമേ തന്നെ നിരത്തി വച്ചിട്ടുണ്ട്. അടുത്ത സെറ്റ് സ്വാമി രാംദേവും നിര്‍മ്മലാനന്ദഗിരിയുമാണ്. ഇവരും മനോരമയുടെ പട്ടികയില്‍ വിശ്വാസചികിത്സകരാണ്. പിന്നെ ധ്യാനകേന്ദ്രങ്ങള്‍, അമ്പലങ്ങള്‍. എന്നാല്‍ തകഴി അമ്പലമോ കൈപ്പുഴയമ്പലമോ പട്ടികയിലില്ല. ധ്യാന കേന്ദ്രങ്ങളുടെ വ്യവസായം ഒന്നിടിഞ്ഞ മട്ടിലാണു. അത് ഉയര്‍ത്തിക്കൊടുക്കേണ്ടത് മനോരമയുടെ ചുമതലയാണ്. അത്‌ ചെയ്യാതിരിക്കുന്നത്‌ ശരിയല്ലല്ലോ! മതം ബാലന്‍സ്‌ ചെയ്യാനായിരിക്കണം പാണക്കാടിനേക്കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. പോരുമ്പോള്‍ എല്ലാം കൂടി ഇങ്ങ്‌ പോരട്ടെ!!

സത്യസായിബാബക്കോ, മാതാ അമൃതാനന്ദമയിക്കോ വിശ്വാസചികിത്സയില്‍ സ്വന്തം നിലയില്‍ തന്നെ വലിയ വിശ്വാസമുണ്ടെന്ന് തോന്നുന്നില്ല. അല്ലെങ്കില്‍ പുട്ടപര്‍ത്തിയിലും എറ‍ണാകുളത്തും ഇത്ര വലിയ ആശുപത്രികള്‍ അവര്‍ സ്ഥാപിക്കുമായിരുന്നില്ല! അനുഗ്രഹം കൊണ്ട് രോഗം മാറുമെങ്കില്‍ കോടികള്‍ മുടക്കി എന്തിനു ആശുപത്രികള്‍ പണിയണം?

അനുഗ്രഹം കൊടുത്ത്‌ രോഗം മാറ്റുന്നത്‌ അശാസ്ത്രീയമാണെന്ന് ഈ ലേഖനങ്ങള്‍ അച്ചടിച്ചവരേക്കാള്‍ അവര്‍ക്ക്‌ നന്നായി അറിയാം. അതു കൊണ്ട്‌ അവരെ ചികിത്സകരുടെ പട്ടികയില്‍ പെടുത്തിയതെ തെറ്റ്‌. വിവേകമുള്ളതുകൊണ്ട്‌ അവര്‍ തിരുത്താന്‍ പോകുന്നില്ലെന്നു മാത്രം.

ശ്രീശ്രീയുടേത്‌ ഹഠയോഗത്തിലെ പ്രാണായാമമെന്ന സങ്കേതമാണ്‌. കര്‍ണ്ണാടകത്തിലെ സ്വാമി പൂര്‍ണ്ണാനന്ദ എഴുപതുകളില്‍ ഇതുപോലെ ഒരു സങ്കേതം വികസിപ്പിച്ചിരുന്നതായി ഓര്‍ക്കുന്നു. എന്നാല്‍ യമശമാദികള്‍ ഇല്ലാത്ത മനുഷ്യര്‍ അതുപയോഗിച്ച് ഭ്രാന്തുപിടിക്കണ്ടാ എന്ന് കരുതി അദ്ദേഹം അതുപേക്ഷിക്കുകയാണുണ്ടായത്. കേട്ടിടത്തോളും സുദര്‍ശ്ശനക്രിയക്ക് അതിനോട് സാമ്യമുണ്ട്. അതിലും വിശ്വാസത്തിനു വലിയ പങ്കില്ല. യോഗശാസ്ത്രമാണത്.

പിന്നെയുള്ളത്‌ അമ്പലത്തിന്റേയും പള്ളിയുടേയും പേരില്‍ നടക്കുന്നവയാണ്‌. ഇന്നത്തെ സാഹചര്യത്തില്‍ അവയുടെ കച്ചവടം പ്രമോട്ട്‌ ചെയ്തുകൊടുക്കുന്നത്‌ നന്നായിരിക്കും. തിരിച്ച്‌ പരസ്യങ്ങള്‍ കിട്ടുമല്ലാ.

ഇതിനിടയില്‍ കാണിച്ച ഒരു അപരാധമുണ്ട്‌. സ്വാമി രാംദേവിനേയും സ്വാമി നിര്‍മ്മലാനന്ദഗിരിയേയും വിശ്വാസചികിത്സകരില്‍ ഉള്‍പ്പെടുത്തി. രണ്ടുപേരുടേയും ഒപ്പമുള്ള 'സ്വാമി' യെന്ന വിശേഷണം വിശ്വാസവുമായി കൂട്ടിയിണക്കാന്‍ എളുപ്പമാണ്!! നിര്‍ഭാഗ്യമെന്ന് പറയട്ടെ രണ്ട്‌ പേരും ചികിത്സിക്കുന്നത്‌ ആയുര്‍വ്വേദത്തില്‍ നിന്നുകൊണ്ടാണ്. അവര്‍ക്ക്‌ വിശ്വാസവും ദൈവസങ്കല്‍പവും ഒക്കെ ഉണ്ടാകും. പക്ഷെ അത്‌ അവര്‍ ചികിത്സയുമായി കൂട്ടിക്കുഴയ്ക്കാറില്ല.

ഒറ്റപ്പാലത്തിനടുത്താണ്‌ സ്വാമി നിര്‍മ്മലാനന്ദഗിരിയുടെ ആസ്ഥാനം. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ 8.30 നു അവിടെ ചെന്നാല്‍ നിര്‍മ്മലാന്ദഗിരിയുടെ ആയുര്‍വ്വേദ തത്ത്വശാസ്ത്രം നിങ്ങള്‍ക്ക്‌ കേള്‍ക്കാം. മാദ്ധ്യമങ്ങള്‍ വളച്ചൊടിക്കാതെ നേരിട്ട്‌.

സന്യാസിമാരുടെ പ്രോട്ടോക്കോളോ ഡോക്ടറന്മാരുടെ ജാഡയോ കാണിക്കാത്ത സ്വാമി നിര്‍മ്മലാനന്ദഗിരി ആര്‍ക്കും യഥേഷ്ടം സമീപിക്കാവുന്ന ഒരു സന്യാസിയും വൈദ്യനുമാണ്.

എന്നിട്ടും മനോരമ എന്താണ്‌ അച്ചടിച്ച്‌ വച്ചിരിക്കുന്നത്‌?

ചിത്രമോ വിലാസമോ വെളിപ്പെടുത്താന്‍ തയ്യാറാകാത്ത ഒരു ദിവ്യഗാത്രമാണത്രെ അദ്ദേഹം!!

ഒരു തവണയെങ്കിലും അദ്ദേഹത്തെ നേരില്‍ കണ്ടവരാരും ഇത് വിശ്വസിക്കുമെന്ന് തോന്നുന്നില്ല.

ഇനി മാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ അദ്ദേഹം വിമുഖനാണെന്നാണോ വിവക്ഷ? എങ്കില്‍ അതും തെറ്റി. എല്ലാ ഞായറാഴ്ചകളിലും രാവിലെ 7.15 നു കൈരളി ചാനല്‍ തുറന്ന് വച്ച്‌ നോക്കൂ.. അദ്ദേഹം പ്രത്യക്ഷപ്പെട്ട്‌ ആരോഗ്യചര്‍ച്ച നടത്തുന്നത്‌ കാണാം. കഴിഞ്ഞ 5 വര്‍ഷമായി അത്‌ തുടരുന്നുണ്ട്‌. കേരളാവിഷനില്‍ ആഴ്ചയില്‍ മൂന്നു ദിവസം വീതം ‘ജ്ഞാനത്തിന്റെ വഴി‘ എന്നൊരു ദീര്‍ഘമായ അഭിമുഖത്തില്‍ കഴിഞ്ഞ ആറുമാസമായി അദ്ദേഹത്തെ കാണാം. കര്‍ക്കിടകമാസം മുഴുവന്‍ രാവിലെ രാമായണ സംബന്ധിയായ ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം ജീവനില്‍ ഉണ്ടായിരുന്നു. അദ്ദേഹം നടത്തിയ പ്രഭാഷണങ്ങളുടെ നൂറുകണക്കിനു കോംപാക്റ്റ്‌ ഡിസ്കുകള്‍ വിപണിയിലുണ്ട്‌. പുസ്തകങ്ങള്‍ വേറെ.

ഇത്രയധികം സുതാര്യനായ വ്യക്തിയെ ഒരു ഗുപ്തമന്ത്രവാദിയെപ്പോലെ അവതരിപ്പിച്ചത്‌ എന്തിനായിരിക്കും? എന്തായാലും അത് സദുദ്ദേശത്തോടെ ആയിരിക്കാനിടയില്ല.അതിന്റെ പിന്നില്‍ എന്തോ ഗൂഢോദ്ദേശമുണ്ട്.

വിശ്വാസചികിത്സ ഒരു സോപ്പുകുമിളയാണെന്ന് ആര്‍ക്കാണറിയാത്തത്? അത്‌ പൊട്ടാന്‍ അധികനേരം വേണ്ട. ചില ധ്യാന കേന്ദ്രങ്ങളേക്കുറിച്ചും മന്ത്ര-തന്ത്രവാദികളെക്കുറിച്ചും ഇപ്പോള്‍ തന്നെ ആരോപണങ്ങള്‍ ഉയരുകയും അന്വേഷണങ്ങള്‍ നടക്കുകയും ചെയ്യുന്നുണ്ട്‌.

ആയുര്‍വ്വേദത്തേക്കൂടി 'വിശ്വാസചികിത്സ‘യ്ക്കകത്തുള്‍പ്പെടുത്തിയാല്‍ വിശ്വാസചികിത്സക്കുണ്ടാകുന്ന പരാജയങ്ങള്‍ ആയുര്‍വ്വേദത്തിനെക്കൂടി ബാധിച്ചുകൊള്ളുമല്ലോ! അത്‌ ആധുനിക ആരോഗ്യവ്യവസായത്തിനു ആവശ്യമാണ്. അതിനു വേണ്ടി ചെയ്തൊരു പദ്ധതിയല്ലെ ആരോഗ്യത്തിന്റെ 2007 ഡിസംബര്‍ ലക്കം?

ശസ്ത്രക്രിയകള്‍ വ്യാപകമായി നടന്നെങ്കിലേ ഓപ്പറേഷന്‍ തീയറ്ററുകള്‍ ലാഭകരമാകു എന്നറിഞ്ഞിട്ട്‌ അതിനു ആളെകണ്ടെത്തിക്കൊടുക്കാന്‍ ഹൃദയപൂര്‍വ്വം ചിലര്‍ നടത്തിയ സഹായം മലയാളികള്‍ മറന്നിട്ടുണ്ടാവാന്‍ ഇടയില്ല.

ആയുര്‍വ്വേദം പഴയ പ്രൗഢി വീണ്ടെടുത്തു കൂടാ. വീണ്ടെടുത്താല്‍ അത് ബാധിക്കുന്നത് ആധുനിക വൈദ്യവ്യവസായത്തെയാണു. അതിന്റെ കുത്തകക്കാര്‍ ആരാണെന്ന് പറയാതെ തന്നെ അറിയാമല്ലോ.

അപ്പോള്‍ ആയുര്‍വ്വേദത്തിന്റെ തളിരില്‍ ചൂടുവെള്ളം ഒഴിക്കുക തന്നെ വേണം. പക്ഷെ അങ്ങനെ ചെയ്തതാണെന്ന് തോന്നുകയും ചെയ്യരുത്‌. മാസികയിലെ അനുഭസാക്ഷ്യങ്ങളുടെ ഉദ്ദേശം അതാണു.

ആരോഗ്യത്തില്‍ വരുന്ന ലേഖനങ്ങളെക്കുറിച്ച് പത്രാധിപരുടെ ഒരു കുമ്പസാരമുണ്ട്. ബേസ് ലൈനില്‍. “ഇതില്‍ അച്ചടിക്കുന്നതൊക്കെ എഴുതിയ കശ്മലന്മാരുടെ അഭിപ്രായങ്ങളാണ്”.
ഞങ്ങള്‍ക്കൊന്നും പറയാനില്ല!
പാവം പത്രാധിപര്‍.
ഒരു നിര്‍ഗ്ഗുണ പരബ്രഹ്മം!
കഷ്ടം തന്നെ!!
എന്തു വേണമെങ്കിലും ചെയ്തു കൊള്ളു. പക്ഷെ ഒരപേക്ഷയുണ്ട്‌. സ്വാമി നിര്‍മ്മലാന്ദഗിരിയെ വെറുതെ വിടുക!

ആധുനിക ചികിത്സാ രംഗം പണവും ആരോഗ്യവും ഊറ്റിയെടുത്ത് ഉപേക്ഷിച്ച കുറേ രോഗികളാണു നിര്‍മ്മലാനന്ദഗിരിയെ മുഖ്യമായും സമീപിക്കുന്നത്. അതില്‍ കുറേപ്പേര്‍ രക്ഷപ്പെടുന്നുണ്ട്‌. അതില്‍ മന്ത്രമോ മായമോ ഇല്ല. തികച്ചും ആയുര്‍വ്വേദത്തിന്റെ രീതിയാണു അദ്ദേഹം അവലംബിക്കുന്നത്. ഒരു അന്‍പത്‌ വര്‍ഷം മുന്‍പ്‌ കേരളത്തിലെ പ്രഗത്ഭരായ ആയുര്‍വേദ ഭിഷഗ്വരന്മാര്‍ പിന്തുടര്‍ന്നിരുന്ന വഴികള്‍ ശ്രദ്ധിച്ചാല്‍ ഇത്‌ മനസിലാകും. സ്വാമി നിര്‍മ്മലാനന്ദഗിരിക്ക്‌ ദിവ്യാത്ഭുതമൊന്നുമില്ല. ഉള്ളത്‌ ആയുര്‍വ്വേദത്തിലുള്ള അറിവ്‌ മാത്രം. അത്‌ തേടിയെത്തുന്നവരെ ദിവ്യാത്ഭുതങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ്‌ ഓടിച്ച്‌ കളയരുത്‌.അദ്ദേഹം ആശുപതി വ്യവസായം നടത്തുന്നില്ല. മരുന്നു കമ്പനിയും കച്ചോടോം ഇല്ല. തന്നെ കാണാന്‍ വരുന്നവര്‍ക്ക് ചരകന്റേയും വാഗ്‌ഭടന്റേയും പാരമ്പര്യത്തില്‍ നിന്നുകൊണ്ട് അറിയാവുന്നത് പറഞ്ഞുകൊടുക്കും. ആയുര്‍വ്വേദം നന്നായി പഠിച്ചവര്‍ ആര്‍ക്കും ഇതൊക്കെ ചെയ്യാവുന്നതേയുള്ളു. പണ്ട് അങ്ങനെ ചെയ്തിരുന്നവര്‍ ധാരാളം ഉണ്ടായിരുന്നു.

ആശുപത്രി വ്യവസായം നടത്തുന്നവരോട് അദ്ദേഹത്തിനു എന്തെങ്കിലും വിരോധമുണ്ടോ? അതുമില്ല. കുറേപ്പേര്‍ കാശ്‌ മുടക്കി മരിക്കണമെന്ന് തന്നെ നിശ്ചയിച്ച്‌ ചികിത്സയ്ക്ക്‌ പുറപ്പെടും. അവരാണു ആശുപത്രി വ്യവസായം നിലനിര്‍ത്തുന്നത്. ആരുപറഞ്ഞാലും അവര്‍ക്ക് മാറ്റമുണ്ടാവില്ല. അത്തരക്കാര്‍ നിര്‍മ്മലാനന്ദഗിരിയെ സമീപിക്കാറില്ല. സമീപിച്ചാല്‍ തന്നെ രാവിലത്തെ ക്ലാസ്സ് കേള്‍ക്കുന്നതോടെ മടങ്ങിക്കൊള്ളും. നിര്‍മ്മലാനന്ദഗിരി ചികിത്സിക്കുന്നതുകൊണ്ട്‌ അവരുടെ എണ്ണമൊന്നും കുറയുന്നില്ല. ആയിരം നിര്‍മ്മലാനന്ദഗിരിമാര്‍ ഉണ്ടെങ്കിലും അവരുടെ എണ്ണം കുറയ്ക്കാന്‍ പ്രയാസമാണ്. കാരണം കേരളജനതയില്‍ മുക്കാല്‍ പങ്കും അത്തരം രോഗികളാണു. വനിതാ മാസികകളും ആരോഗ്യപ്രസിദ്ധീകരണങ്ങളും, സീര്യലുകളും ചേര്‍ന്ന് പുതുതായി അത്തരം രോഗിഅകളെ സൃഷ്ടിച്ചു കൊണ്ട് ഇരിക്കുകയും ചെയ്യുന്നു. പത്ത് തലയും ഇരുപതു കൈകളും ഉള്ള ആയിരം രാവണന്മാര്‍ ഡോക്ടറായി വന്നാല്‍ പോലും അവരെ ചികിത്സിച്ചു തീരില്ല. പിന്നെ എന്തിനു ഭയക്കണം. ‌ ആശുപത്രി വ്യവസായം ഇവിടെ അഭംഗുരം തുടരും.
അതിനിടയില്‍ വല്ല പുല്ലോ വൈക്കോലോ കൊടുത്ത് പത്തോ നൂറോ പേരുടെ രോഗം ഒഴിവാക്കിയാല്‍ എന്തു സംഭവിക്കാനാണ്? അതുകൊണ്ട് ദയാവായി നിര്‍മ്മലാനന്ദഗിരിയെ ഒഴിവാക്കുന്നതല്ലെ ഉചിതം?
അല്ലെങ്കില്‍ ഇപ്പോള്‍ തന്നെ വേണ്ടത്ര ധാര്‍മ്മിക ച്യുതിയുള്ള ഒരു സ്ഥാപനം ബ്രഹ്മശാപം കൂടി വലിച്ച് തലക്ക് വെക്കണോ?