
ആശുപത്രി-ജന്യ രോഗമാണു പ്രതി. അമേരിക്കയിലും യൂറോപ്പിലും ഡോക്ടറന്മാര്‍ക്കും പാരാമെഡിക്കല്‍ തൊഴിലാളികള്‍ക്കുമിടയില്‍ ഭീതി പരത്തിക്കൊണ്ടിരിക്കുന്ന Medical Bug! ഇവനാളു പുലിയാണു കേട്ടാ....രോഗം ചികിത്സിച്ച് ഭേദമാക്കണ്ട ആശുപത്രിയില്‍ നിന്ന് രോഗം പകരും. പാശ്ചാത്യനു രോഗത്തെ പേടിയാണു. ഇതുകൊണ്ടാണു രോഗികളെ പരിചരിക്കാന്‍ മൂന്നാം ലോകത്തില്‍ നിന്ന് ചരക്കുകളെ അവര്‍ ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യാക്കാരനും പാക്കിസ്ഥാനിയും ശ്രീലങ്കക്കാരനും വന്ന് എന്തു രോഗം വേണമെങ്കിലും ഏറ്റുപിടിച്ചോട്ടെ!! ഉള്ള കാശങ്ങ് കൊടുത്തേക്കാം. എമിഗ്രേഷന്‍ നിയമത്തിലും ഇളവുവരുത്താം. നമുക്ക് വയ്യേ, വയ്യ! കാനഡ, ബ്രിട്ടന്‍, ആസ്ത്രേലിയ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇന്ത്യയില്‍ നിന്നും നഴ്സുമാരുടെ കുത്തിയൊഴുക്കിനു ഒരു കാരണം ഇതാണു.
പക്ഷെ നമ്മുടെ ഡോക്ടറന്മാരെ അവിടെങ്ങും അടുപ്പിക്കുകേല. പലരും ഡോക്ടറാകാന്‍ ഇംഗ്ലണ്ടില്‍ ചെന്നിട്ട് വേലേം കൂലിം ഇല്ലാതെ ലക്ഷ്മീനാരായണ ക്ഷേത്രത്തില്‍ പടച്ചോറുണ്ട് കഴിയുകയാണു. ദേഹത്ത് തൊട്ടുള്ള കളിക്ക് സായിപ്പിനു നമ്മളെ അത്ര വിശ്വാസം പോരാ. അതിനു അവിടുത്തുകാര്‍ വേണം. അല്ലെങ്കില്‍ അവിടുത്തെ പരീക്ഷയൊക്കെ പാസാകണം. അതിനു കഴിയുന്നില്ലെങ്കില്‍ ആസ്ത്രേലിയായിലൊക്കെ പല ഇന്ത്യന്‍ ഡോക്ടര്‍ന്മാരും ചെയ്യുന്ന പോലെ മസാലദോശയൊക്കെ കിട്ടുന്ന നല്ല തട്ടുകടകള്‍ ആരംഭിക്കാം. ക്ലിനിക്ക് പറ്റുകേല. ഒരു തരത്തില്‍ ഭക്ഷണവും ഒരു മരുന്നാണല്ലൊ. ജീവന്‍ നിലനിര്‍ത്തുന്ന മരുന്ന്.
ആശുപത്രി എന്ന് പറയുന്നത് മറ്റ് കച്ചവടങ്ങള്‍ പോലെ അരത്തട്ടിപ്പും മുക്കാല്‍ വെട്ടിപ്പുമാണെന്ന് ഇന്ന് എല്ലാവര്‍ക്കും അറിയാം. അല്ലെങ്കില്‍ നല്ല വിറ്റുവരവുള്ള റേഞ്ചൊക്കെ വേണ്ടെന്ന് വച്ചിട്ട് കള്ള് കച്ചവടക്കാര്‍ ആശുപത്രികള്‍ തുടങ്ങില്ലല്ലോ. ഏതാണ്ട് ചാരായ ഷാപ്പുപോലെയാണു ആശുപത്രികളും. കയ്യില്‍ കാശുള്ളവനെ അവിടെ മതിപ്പുള്ളു. (ചിക്കൂണ്‍ ഗുണിയ വ്യാപകമായപ്പോള്‍ സ്വകാര്യ ആശുപത്രികള്‍ എന്തു ചെയ്തുവെന്ന് ഓര്‍ക്കുക). കാശുള്ളവനെക്കാണുമ്പോള്‍ ഈ ഡോക്ടറന്മാരും നഴ്സുമാരുമൊക്കെ "അപ്പച്ചാ" "അമ്മച്ചി" "അങ്കിളേ" എന്നൊക്കെ വിളിക്കും. കാശില്ലാത്തവനെ കണ്ടാലോ? "ശവങ്ങള്" എന്നും. (അത് കേള്‍ക്കാന്‍ ഗവണ്മെന്റാശുപത്രിയില്‍ തന്നെ പോകണം). പണത്തിനു മീതേ ദീദിയും പറക്കില്ലാ എന്നൊരു ചൊല്ലില്ലെ? ആ പണക്കൊഴുപ്പിന്റെ ഒരു സെലിബ്രിറ്റി രൂപമാണു സ്പെഷാലിറ്റി, സൂപ്പര്‍ സ്പെഷാലിറ്റി, മെഗാ സ്പെഷാലിറ്റി ഹോസ്പിറ്റലുകള്‍. (ആരാണാവോ ഇതിനൊക്കെ ഇങ്ങനെ പേരിടുന്നത്?) അവിടൊക്കെ കാശുകൊടുത്താല്‍ എല്ലാം ഭദ്രമാണെന്നാണു വയ്പ്. മുന്തിയ ചികിത്സ. മുന്തിയ പരിചരണം. മുന്തിയ ബില്ല്! ഇപ്പോളവിടെ നിന്നും മുന്തിയ 'സഹായവും' കിട്ടുമെന്ന് ഈ വാര്‍ത്ത സ്ഥിതികരിക്കുന്നു. സൗജന്യ AIDSരോഗം!!
പക്ഷെ ഇതിന്റെ ദാരുണമായ മാനുഷിക വശത്തെക്കുറിച്ച് ആരും പ്രതികരിച്ച് കണ്ടില്ല. നഴ്സുമാരുടെ സംഘടന പോലും. മെച്ചപ്പെട്ട ഒരു തൊഴില്‍ എന്ന നിലയിലാണു പല പെണ്‍കുട്ടികളും നഴ്സിങ്ങിനെ കാണുന്നത്. മികച്ച വേതനത്തിനൊപ്പം തൊഴിലില്‍ നിന്നുള്ള സംതൃപ്തിയും ഇതിലുണ്ട്. അവര്‍ ആത്മാര്‍ത്ഥമായി ജോലിചെയ്യുമ്പോള്‍ മെച്ചപ്പെട്ട സേവന സൗകര്യങ്ങള്‍ ചെയ്തുകൊടുക്കണ്ടെ? അവരുടെ സുരക്ഷിതത്ത്വം ഉറപ്പുവരുത്തണ്ടെ? അത് ആരുടെ ചുമതലയാണു? സ്വകാര്യമേഖലയിലാകുമ്പോള്‍ അത് മുതലാളിയുടെ ഉത്തരവാദിത്തമല്ലെ? ഇവിടെ അത് നിര്‍വ്വഹിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ കാണുന്നു. എയിഡ്‌സ് രോഗികളെ ചികിത്സിക്കുമ്പോള്‍ സൂക്ഷിക്കേണ്ട അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണു എയിഡ്‌സ് ബാധക്ക് കാരണമെന്ന് 'പണ്ഡിതന്മാര്‍' സ്ഥിതീകരിച്ചിട്ടുണ്ട്. (അതെന്തായാലും നന്നായി. അവര്‍ നാലുപേരുടേയും ജീവിതം കട്ടപ്പൊകയായെങ്കിലെന്താ നമുക്ക് ശാസ്ത്രീയമായ ഒരു കാരണം കിട്ടിയല്ലോ. അതു മതി.) ഗ്രാഡുവേറ്റ് നഴ്സുകളായിരുന്നു അവര്‍ നാലുപേരും. നാല് മനുഷ്യജന്മങ്ങളാണു മാനേജുമെന്റിന്റെ ദുരകാരണം കരിഞ്ഞ് പോയത്.
ആശുപത്രിയില്‍ എത്തുന്ന വി.ഐ.പി കളുടെ താല്‍പര്യം സംരക്ഷിക്കാന്‍ ശ്രമിച്ചതാണു ദുരന്തത്തിനു കാരണമെന്ന് പറയപ്പെടുന്നു. വി.ഐ.പികളുടെ ഒരാശുപത്രിയായതു കൊണ്ട് അവിടുത്തെ പല സംഗതികളും രഹസ്യമായി വച്ചിരിക്കുകയാണത്രെ. യതാര്‍ത്ഥ രോഗം രേഖപ്പെടുത്താതെ തന്നെ അവിടെ ചികിത്സ നടക്കാറുണ്ട്. എയിഡ്‌സ് ബാധയുള്ള വി.ഐ.പികള്‍ വന്നാല്‍ മറ്റ് രോഗത്തിന്റെ മറവില്‍ ചികിത്സിക്കും. പണക്കാരന്റെ മാനത്തിനു വലിയ വിലയാണല്ലോ. അപ്പോള്‍ മെഡിക്കല്‍ എത്തിക്കുകള്‍ ഉപേക്ഷിക്കാം. വലിയ ഡോക്ടര്‍ക്കും നഴ്സിംഗ് സൂപ്രണ്ടിനുമായിരിക്കും രോഗിയുടെ നിജസ്ഥിതി അറിയാവുന്നത്. അവര്‍ അത് പുറത്ത് വിടില്ല. വങ്കിട ആശുപത്രികളില്‍ ഇതു ഒരു പുതുമയൊന്നുമല്ല. നിത്യപരിചരണത്തിലേര്‍പ്പെട്ടിരിക്കുന്ന പാവം നഴ്സുമാരും മറ്റ് സ്റ്റാഫുകളും അതൊന്നുമറിയാതെ രോഗികളുമായി ഇടപഴകുന്നു. വി.ഐ.പി രോഗികള്‍ വച്ചു നീട്ടുന്ന'സഹായം'-AIDS- അറിയാതെ കൈപ്പറ്റുന്നു.
കൃത്യമായി മാറാന്‍ കയ്യുറകള്‍ പോലും അവിടെ നല്‍കാറില്ലെന്ന് പരാതിയുണ്ട്. കയ്യുറകള്‍ അണിഞ്ഞ് വി.ഐ.പികളെ പരിചരിക്കുന്നത് അവര്‍ക്ക് ഇഷ്ടമല്ലത്രെ! ആശുപത്രി ജീവനക്കാരുടെ സുരക്ഷിതത്ത്വത്തേക്കള്‍ മാനേജുമെന്റിനു ആവശ്യം വി.ഐ.പികളുടെ മാനസികോല്ലാസമാണല്ലോ. പണം വരുന്നത് അതിലൂടെയാണല്ലോ. പക്ഷെ നാഴികയ്ക്ക് നാല്‍പതു വട്ടം ശാസ്ത്രത്തെപിടിച്ച് ആണയിടുന്ന ഒരൊറ്റ ഡോക്ടര്‍ പോലും ഇതിനെതിരെ ഒരു ചെറുവിരല്‍ അനക്കിയതായി എങ്ങും കണ്ടില്ല. കാരണം എന്തായിരിക്കും?
നഴ്സ് വേറും സ്ത്രീയാണു. അവള്‍ അനുഭവിക്കാനുള്ളവളാണു. സെക്കന്‍ഡ് സെക്സിലെ തന്നെ അധഃകൃത. ഡോക്ടറന്മാര്‍ക്കും മാനേജുമെന്റിനും ഈ ചിന്താഗതിയുണ്ട്. അതാവില്ലെ ഈ നികൃഷ്ഠതയിലേക്ക് അവരെ എറിഞ്ഞുകൊടുക്കാന്‍ ഇടയാക്കിയത്?
അല്ലെങ്കില്‍ തന്നെ മൂന്നാം ലോകത്തില്‍ പെണ്ണ് പെണ്ണല്ല! അവള്‍ മനുഷ്യജീവിയേ അല്ല. വെറും പുഴുവാണു. പ്രത്യേകിച്ച് ശാസ്ത്രത്തിന്റെ മറവില്‍ വ്യാപാരം നടത്തുമ്പോള്‍ അവളുടെ വിധിക്ക് രൂക്ഷത കൂടും. അവള്‍ അതിന്റെ പല്‍ച്ചക്രത്തിനിടയില്‍ കിടന്ന് അരഞ്ഞുപോകാനുള്ള പുഴുവാണു.
മേമ്പൊടി
Delhi High Court has sought an explanation from medical superintendent of AIIMS for its failure to comply with the disclosure of sufficient details after a boy, suffering from cancer//, became infected with AIDS after blood transfusion at the hospital in 2001. Aggrieved with the defensive attitude of AIIMS, Justice Vikramjit Sen has asked the hospital to explain its unwillingness to disclose details of the donor whose blood was transfused into the victim.