Monday, February 19, 2007

ബുദ്ധനും കത്തിയും

ബുദ്ധനും കത്തിയും
ബുദ്ധന്റെ കാലത്തു ആയുര്‍വ്വേദം അതിന്റെ ഉച്ചാവസ്ഥായില്‍ ആയിരുന്നു. സര്‍ജ്ജറിയും ഒരു ശാഖയായി അതില്‍ വളരെ വികാസം പ്രാപിച്ചിരുന്നു. ഓട്ടോപ്ലാസ്റ്റിയും മൈക്രോ സര്‍ജ്ജറിയൊക്കെ അന്നുണ്ട്‌.

പാര്‍ക്ക്‌ ഡേവിസ്‌ മരുന്നു കമ്പനിയുടെ ഒരു പഴയകാല കലന്‍ഡറില്‍ അത്തരമൊരു ഓപ്പറേഷന്റെ ചിത്രീകരണം അച്ചടിച്ചുവന്നത്‌ ഓര്‍ക്കുന്നു. വളരെ അഭിമാനത്തോടെയാണു ഡോക്ടറന്മാര്‍ അന്ന് ആ കലന്‍ഡര്‍ ഭിത്തിയില്‍ പ്രദര്‍ശ്ശിപ്പിച്ചിരുന്നത്‌. മെഡിക്കല്‍ സയന്‍സിനു ഭാരതത്തിന്റെ സംഭാവനയായി ശസ്ത്രക്രിയാശാസ്ത്രത്തെ പരിഗണിക്കാന്‍ പഴയകാല ഭിഷഗ്വര്‍ന്മാര്‍ക്ക്‌ മടിയില്ലായിരുന്നു എന്നതിന്റെ തെളിവാണാ ചിത്രം. അത്തിനു താഴെ കൊടുത്തിരുന്ന കുറിപ്പു ഇതാണു.

" Susrutha, the famed Hindu surgeon is depicted in the home of a Noble of ancient India, about to begin an otoplastic surgeory. The patient, drugged with wine, steadied by friends and relatives, as great surgeon sets about fashioning an earlobe. He will use a section of flesh to be cut from patient's cheeck. It will be attached to the stumb of mutilated organ, treated with homostatic powders and bandaged. Details of these procedures and Susrutha's surgical methods and instruments are to be found in Susrutha Samhitha, an ancient Indian text on surgeory".

അതൊരു സാധാരണ ശസ്ത്രക്രിയ ആയിരുന്നില്ല. മുറിഞ്ഞു പോയ ചെവിയുടെ സ്ഥാനത്ത്‌ കൃത്രിമ ചെവി വച്ചുപിടിപ്പിക്കുന്ന അതീവ സങ്കീര്‍ണ്ണമായ ഒരു മെഡിക്കല്‍ മാനേജുമെന്റായിരുന്നു. ഇന്നത്തെ താരിപ്പനുസരിച്ച്‌ ഒരു റിനോപ്ലാസ്റ്റിക്ക്‌ സര്‍ജ്ജറി. കോസ്മെറ്റിക്ക്‌ സര്‍ജ്ജറിയുടെ വകുപ്പില്‍ പെടും.


രാജാവും സര്‍ജറിയുംപുരാതന ഭാരതത്തില്‍ വൈദ്യന്റെ മാത്രം താല്‍പ്പര്യപ്രകാരം സര്‍ജ്ജറി നടത്തുവാന്‍ അനുമതി ഉണ്ടായിരുന്നില്ല. അതിനു ആദ്യം മെഡിക്കല്‍ ബോര്‍ഡിന്റെ സമ്മതം വേണം! ഒരു സിസേറിയനാണെങ്കില്‍ക്കൂടി!! കാരണം, മരുന്ന് കൊടുത്തുള്ള ശമന ചികിത്സ പോലെ സുതാര്യമല്ല ശസ്ത്രക്രിയ. മാത്രമല്ല കൂടുതല്‍ സാങ്കേതികതയും, എക്സപര്‍ട്ടൈസും വേണ്ട ഒരു മേഖലയാണത്‌. അതു കൊണ്ടു തന്നെ ജനങ്ങളുടെ ആരോഗ്യത്തില്‍ താല്‍പ്പര്യമുള്ള ഒരു ഗവണ്മെന്റിനു അതില്‍ ഇടപെടാതെ നിര്‍വാഹമില്ല.

മുറിയ്ക്കാന്‍ പാടില്ലാത്തതായി 108 മര്‍മ്മങ്ങള്‍ ശരീരത്തിലുണ്ട്‌. അതിലൊന്ന് അടിവയറ്റിലാണു. അതിനു ക്ഷതം സംഭവിച്ചാല്‍, മരണകാരണമാവുകയില്ലെങ്കിലും, ശസ്ത്രക്രിയാനന്തരം, നടുവ്‌ കഴപ്പു, രക്തസമ്മര്‍ദ്ദം, ഗര്‍ഭാശയരോഗങ്ങള്‍ എന്നിവയ്ക്ക്‌ സാദ്ധ്യത ഉണ്ട്‌. ഇന്ന് സ്ത്രീകള്‍ക്ക്‌ സിസേറിയനൊക്കെ കഴിഞ്ഞാല്‍ ഒരുപാട്‌ അസുഖങ്ങള്‍ വരുന്നതു കാണാം. അതു ആ മര്‍മ്മത്തിനു ക്ഷതമേറ്റിട്ടാണൊ എന്നറിയില്ല. എന്തായാലും അത്തരം രോഗികള്‍ അനവധിയുണ്ട്‌. ചികിത്സാനന്തര രോഗങ്ങള്‍ ഒഴിവാക്കാനാണു ശസ്ത്രക്രിയക്ക്‌ അന്ന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്‌. ഇന്നത്തെ കഥയോ?

മെഡിക്കല്‍ ബോര്‍ഡ്‌ പ്രധാനമായും രാജാവു തന്നെ ആണു. രാജാവാകുന്നതിനു മുമ്പ്‌ ശാസ്ത്രങ്ങള്‍ ഒക്കെ പഠിച്ചിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്‌. വൈദ്യശാസ്ത്രവും പഠിക്കും. അതിനായിരുന്നല്ലോ ഗുരുകുലങ്ങള്‍. കാര്യങ്ങളൊക്കെ അറിഞ്ഞിരുന്നില്ലെങ്കില്‍ ബ്യൂറോക്രസി തലയ്ക്ക്‌ മുകളില്‍ കയറിയിരുന്ന് ഭരിക്കുമെന്ന് രാജാവിനറിയാം. ഈ രാജാവ്‌ വിദഗ്ദോപദേശങ്ങളുടെ വെളിച്ചത്തില്‍ ശസ്ത്രക്രിയ വേണമോ, വേണ്ടയോ എന്ന് നിശ്ചയിക്കും. റിസ്ക്കു ഒരുപാടുള്ള കാര്യമാണു ശസ്ത്രക്രിയ. അതിനു അനുമതി കൊടുക്കുന്നതു അതിനേക്കാള്‍ റിസ്ക്‌!! വലിയ,വലിയ ശസ്ത്രക്രിയകളില്‍ ചൈതന്യ നിഹന്ത്രക ( anesthesia) മൊക്കെ ഉപയോഗിക്കും. ജാഗ്രത്തില്‍ നിന്നും സ്വപ്നത്തിലേക്ക്‌ രോഗിയുടെ ബോധത്തെ കൊണ്ടു പോകാന്‍. ശസ്ത്രക്രിയ കഴിയുമ്പോള്‍ ആ ബോധത്തെ തിരികെ കൊണ്ടുവന്ന് രോഗിയെ ജീവിതത്തിലേക്ക്‌ കടത്തി വിടണം. അതിനു തക്ക യോഗ്യതയുള്ളവനായിരിക്കണം അനെസ്തറ്റിസ്റ്റ്‌. ഇതൊക്കെയാണു രാജാവ്‌ നോക്കേണ്ടത്‌. രക്തം തുടങ്ങി ശസ്ത്രക്രിയയ്ക്ക്‌ വേണ്ട സാമഗ്രഹികള്‍ നല്‍കേണ്ടതു രാജാവാണു. ശസ്ത്ര കുടീരം (operation theatre) പിശാചാദി വൈറസ്സുകളും ബാക്ടീരിയങ്ങളും സജീവമാകുന്ന ഇടമായിരിക്കരുതെന്ന് ഉറപ്പ്‌ വരുത്തണം. ഈ ആധുനിക കാലത്തു പോലും അതെത്ര ദുഷ്കരമാണെന്ന് അടുത്ത കാലത്തെ ഒരു സംഭവത്തില്‍ നിന്ന് നമുക്ക്‌ മനസ്സിലാക്കാവുന്നതേയുള്ളു. ലോകോത്തരമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റിയിലെ ഐ.സിയില്‍ അഡ്മിറ്റ്‌ ചെയ്ത്‌ 56-) o ദിവസം ഒരു രോഗി ചിക്കന്‍ പോക്സ്‌ വന്ന് മരിച്ചു.ആശുപത്രി അധികൃതര്‍ അമ്പരന്നു. ചിക്കന്റെ ഇങ്കുബേഷന്‍ പിരീട്‌ 15 ദിവസമാണു. അപ്പോള്‍ രോഗികൊണ്ടുവന്ന രോഗമല്ല എന്ന് ഉറപ്പാണു. പിന്നെ? ആശുപത്രി സ്റ്റാഫില്‍ നിന്ന് പകര്‍ന്നതാകുമോ? അങ്ങനെയാണെങ്കില്‍ ഐ.സിയില്‍ അതെങ്ങനെ വളര്‍ന്നു? ഐസി "ഡിസിന്‍ഫെക്ടഡ്‌ ഏരിയ" ആണു എന്നാണു വിശ്വാസം. പക്ഷെ യാഥാര്‍ത്ഥ്യം വേറൊന്നായിപ്പോയി. ഐസികളില്‍ രോഗാണുക്കള്‍ക്ക്‌ വളരാനാകും. അതെന്തു കൊണ്ട്‌? ഇന്നും അതിനൊരു ഉത്തരം കിട്ടിയതായി അറിവില്ല. രോഗിയുടെ ബില്ലൊഴിവാക്കി കൊടുത്തും, ശവസംസ്കാരച്ചെലവ്‌ വഹിച്ചും ഇരുചെവി അറിയാതെ കാര്യങ്ങള്‍ കുഴിച്ചു മൂടി. അങ്ങനെ വേറെയും എത്രയോ കാര്യങ്ങള്‍ ഉണ്ട്‌ പരിഗണിക്കേണ്ടതായി. അതിനൊക്കെ തീര്‍പ്പുണ്ടായിട്ടെ ഒരു സാധാരണ ശസ്ത്രക്രിയയ്ക്ക്‌ പോലും അനുമതി നല്‍കാനാകു..

യുദ്ധത്തില്‍ മുറിവേറ്റ ഭടന്‍, വീഴ്ച പറ്റിയവര്‍, അഗ്നി, മൃഗങ്ങള്‍ തുടങ്ങിയവയുടെ ആക്രമണത്തിനു ഇരയായവര്‍, എന്നിങ്ങനെയുള്ള കാഷ്വാലിറ്റികള്‍ക്ക്‌ ഒരല്‍പം അയവുകിട്ടും. എന്നാല്‍ അവയൊന്നും സാധാരണ വൈദ്യന്മാരുടെ പരിഗണനയ്ക്ക്‌ അയക്കാറില്ല. ആചാര്യന്മാരുടെ മേല്‍നോട്ടം അതിനു അനിവാര്യമാണു. സര്‍ജ്ജിക്കല്‍ മാനേജുമെന്റിനു ഒരു ലീഗല്‍ കോഡ്‌ നിലനിന്നതിന്റെ തെളിവുകള്‍ സ്മൃതിയില്‍ കാണാം. ശസ്ത്രക്രിയാരംഗം അന്ന് അത്രയേറെ വളര്‍ന്നിരുന്നു എന്ന് ചുരുക്കം. അതൊക്കെ പഴയ കഥ


സര്‍ജറി നിരോധിക്കുന്നു.........

ഇത്രയൊക്കെ മുന്‍ കരുതല്‍ എടുത്തിട്ടും ഒരു പരാജയം സംഭവിച്ചതാണു ഭാരതത്തിലെ ശസ്ത്രക്രിയാ പാരമ്പര്യത്തിനു തിരിച്ചടിയായത്‌. അതാകട്ടെ ഒരു വി വി ഐ പി പരാജയവും. അന്നനാളത്തിലെ ശസ്ത്രക്രിയയെ തുടര്‍ന്നുള്ള ശ്രീബുദ്ധന്റെ മരണമാണു വിവക്ഷ! ഭക്ഷണം കഴിക്കാന്‍ തടസ്സം നേരിട്ട ബുദ്ധഭഗവാനെ ഗുരുകുലത്തോട്‌ അനുബന്ധിച്ചുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്നനാളം തുറന്ന് തടസ്സം നീക്കിയിട്ട്‌ വേണം ചികില്‍സ തുടരാന്‍. ശസ്ത്രക്രിയക്ക്‌ രാജാവ്‌ അനുമതി നല്‍കി. എല്ലാ വശങ്ങളും പരിശോധിച്ചിട്ടാണോ സമ്മതം കൊടുത്തതെന്ന് വ്യക്തമല്ല. പക്ഷെ ആ അനുമതി സര്‍ജ്ജറി എന്ന ശാസ്ത്രശാഖയ്ക്ക്‌ വലിയൊരു വിനയായി. ശസ്ത്രക്രിയയെ തുടര്‍ന്ന് ബുദ്ധന്‍ മരിച്ചു. വൈകാരികത ശാസ്ത്രത്തെ അതിജീവിക്കുന്നതാണു പിന്നീട്‌ കന്‍ണ്ട കാഴ്ച.രാജ്യത്ത്‌ ഇനി ശസ്ത്രക്രിയയേ വേണ്ടെന്ന് രാജാവ്‌ ഉത്തരവിറക്കി. ശസ്ത്രം ബുദ്ധനെ കൊന്നു എന്നാണു ഭരണവര്‍ഗ്ഗം അതിനെ വിലയിരുത്തിയതു. അതിനൊരു ആപ്തവാക്യവും ചമച്ചു. "അഹിംസയാണു പരമമായ ധര്‍മ്മം! സര്‍ജ്ജറിയില്‍ ഹിംസയുണ്ട്‌. നമുക്കത്‌ വേണ്ട!!"

കാലക്രമത്തില്‍ ബുദ്ധവിഹാരങ്ങള്‍ തകരുകയും ഒരു നവ ഭാവുകത്വവുമായി ശങ്കരന്‍ വരികയും ചെയ്തു. ആ കാലയളവിലും പക്ഷെ ശസ്ത്രക്രിയാശാസ്ത്രരംഗത്ത്‌ നിലനിന്ന സ്തംഭനത്തിനു അയവു വന്നില്ല. കാരണം ശങ്കരനും അഹിംസയ്ക്കാണു മുന്തൂക്കം നല്‍കിയതു.


അറിവ്‌ നാടുവിടുന്നു - ഇന്നത്തേപ്പോലെ!

പിന്നെ ആ അറിവ്‌ പേര്‍ഷ്യ, അറേബ്യ വഴി യൂറോപ്പിലെത്തി. അതേപ്പറ്റി വൈദ്യശാസ്ത്രത്തിന്റെ ചരിത്രത്തില്‍ പറയുന്നത്‌ : "ചരകന്റേയും ശുശ്രുതന്റേയും സംഹിതകള്‍ ഏതാണ്ട്‌ 800 ഏഡിയോട്‌ കൂടി പേര്‍ഷ്യ വഴി യൂറോപ്പിലെത്തി. 17-ാ‍ം നൂറ്റാണ്ട്‌ വരെ അതായിരുന്നു യൂറോപ്പിലെ മുഖ്യധാരാ വൈദ്യത്തിന്റെ അടിത്തറ. അങ്ങനെ ആധുനിക പാശ്ചാത്യ വൈദ്യശാസ്ത്രത്തിന്റെ അടിസ്ഥാനമായി, അവര്‍ പോലും അറിയാതെ ഭാരതീയ വൈദ്യവിജ്ഞാനം മാറി. ബ്രിട്ടീഷ്‌ ഈസ്റ്റ്‌ ഇന്‍ഡ്യാ കമ്പനിയുടെ ഇന്‍ഡ്യയിലെ പ്രവര്‍ത്തനം അതിനു കൂടുതല്‍ സംഭാവന നല്‍കിയിട്ടുണ്ട്‌. റിനോപ്ലാസ്റ്റി പോലുള്ള നൂതന ശസ്ത്രക്രിയാസങ്കേതങ്ങള്‍ ബ്രിട്ടീഷ്‌ സര്‍ജ്ജന്മാര്‍ക്ക്‌ പഠിച്ചെടുക്കാനായതു അതു കൊണ്ടാണു......."
ചുരുക്കത്തില്‍ ശസ്ത്രക്രിയാശാസ്ത്രത്തിന്റെ അടിസ്ഥാനം തികച്ചും ഭാരതീയമാണു. അതു കൊണ്ടായിരിക്കാം ഡോ.എം.എസ്‌.വല്യത്താനേപ്പോലുള്ളവര്‍ വളരെ താമസിച്ചിട്ടാണെങ്കില്‍പ്പോലും ചരകനിലേക്കും ശുശ്രുതനിലേക്കുമൊക്കെ തിരിഞ്ഞിരിക്കുന്നത്‌. അത്‌ ശുഭോദര്‍ക്കമാണു.

Monday, February 12, 2007

സമസ്യ

മുന്നറിയിപ്പ്‌
(സാങ്കല്‍പ്പികമായ ഒരു വിവരണമാണു താഴെ കൊടുത്തിരിക്കുന്നത്‌. അതിനു യാതാര്‍ത്ഥ്യവുമായി എന്തെങ്കിലും ബന്ധം തോന്നുന്നുവെങ്കില്‍ അതു തികച്ചും യാദൃശ്ചികമാണു.)

ഈ സമസ്യ പൂരിപ്പിക്കുമോ?

പ്രഗത്ഭയായ ഒരു ഗൈനക്കോളജിസ്റ്റ്‌ ദിവസം 10 പുതിയ ഗര്‍ഭിണികളെ പരിശോധിക്കുന്നു എന്നു വയ്ക്കുക. ഒരു മരുന്ന് കമ്പനി ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചക്ക്‌ നല്ലതാണു എന്ന് പറയുന്ന ഒരു മരുന്ന് പ്രമോട്ട്‌ ചെയ്യണമെന്ന് ആ ഡോക്ടറോട്‌ ആവശ്യപ്പെടുന്നു. അതു നല്ലതാണല്ലോ എന്നു വിചാരിച്ച്‌ ഡോക്ടര്‍ ആ 10 പേര്‍ക്കും യാതൊരു വിവേചനവുമില്ലാതെ പ്രിസ്ക്രൈബ്‌ ചെയ്യുന്നു. മരുന്നിനു നല്ല ഓട്ടം കിട്ടിയതുകൊണ്ട്‌ കമ്പനി സന്തോഷപൂര്‍വ്വം ആ ഡോക്ടര്‍ക്ക്‌ ആദ്യകാലത്ത്‌ മിഠായിപ്പൊതി, പിന്നീട്‌ എലക്ടിക്കയണ്‍, ക്രമേണ ടീവി, ഫ്രിഡ്ജ്‌, വാഷിംഗ്‌ മെഷീന്‍, മാരുതിക്കാറു തുടങ്ങിയവ സമ്മാനമായിക്കൊടുക്കുന്നു. ഡോക്ടര്‍ സന്തോഷത്തോടെ ജീവിച്ചു പോരുന്നു.

30 വര്‍ഷം അങ്ങനെ കഴിഞ്ഞു. മാസത്തില്‍ 25 ദിവസം 10 പേരെ വച്ച്‌ 30 വര്‍ഷം. ആ ഡോക്ടര്‍ എത്ര പേര്‍ക്ക്‌ ആ മരുന്ന് കുറിച്ച്‌ കൊടുത്തുകാണും? 90,000 പേര്‍? മതി, അത്രയും പേര്‍ക്കെങ്കിലും മരുന്ന് കുറിച്ചു എന്ന് നമ്മുക്ക്‌ വിചാരിക്കാം. നല്ല പ്രാക്ടീസുള്ള ഡോക്ടറാണെങ്കില്‍ അതു ഒന്നോ, ഒന്നരയോ, രണ്ടോ ലക്ഷമായിരിക്കും. അങ്ങനെ ഇരിക്കുമ്പോഴാണു ഗവേഷകര്‍ കണ്ടെത്തുന്നതു, ആ മരുന്നിനു പാര്‍ശ്വഫലങ്ങള്‍ ഉണ്ട്‌.....ശരീരവളര്‍ച്ചക്ക്‌ സഹായിക്കുമെന്നേ കമ്പനി പറഞ്ഞിരുന്നുള്ളു. അതേ സമയം അത്‌ തലച്ചോറിനെ കാര്‍ന്ന് കാര്‍ന്ന് നശിപ്പിക്കുമെന്ന വേറൊരു ഗവേഷണവിവരം ഒന്ന് മറച്ചു വച്ചു. വേറെ കുറ്റമൊന്നും ചെയ്തില്ല. ഒരു വിവരം മറച്ചു വച്ചു..അത്രേയുള്ളു!വളരെപ്പണച്ചെലവുള്ള ഏര്‍പ്പാടാണീ മരുന്ന് കമ്പനി എന്നൊക്കെ പറയുന്നത്‌. അതിനു ഡൊക്ടറന്മാരുടെയൊക്കെ സഹായം വേണം. അല്ലാതെ നിലനിന്ന് പോകാനാവില്ല, അതിനവരെ കൂടെ നിര്‍ത്താന്‍ ചില്ലറ പണമൊന്നുമല്ല കമ്പനിക്ക്‌ ചെലവായതു. ഒക്കെ ആര്‍ത്തിക്കാരാണു. ഗിഫ്റ്റൊക്കെ ചോദിച്ചു വാങ്ങും. അപ്പോള്‍ അതിന്റെ ഒരു റിസ്ക്ക്‌ അവരും എടുക്കണ്ടെ? അത്രെയുള്ളു. ലോകാരോഗ്യ സംഘടന പറഞ്ഞാല്‍ പിന്നെ അപ്പീലില്ല! ദാ മരുന്ന് പിന്‍ വലിച്ചിരിക്കുന്നു. അല്ലേലും അതൊന്ന് നിര്‍ത്തണമെന്ന് വിചാരിച്ചിരിക്കുമ്പോഴാ അവരത്‌ കണ്ടുപിടിച്ചത്‌. നന്നായി. ഉര്‍വശി ശാപം ഉപകാരം!!

ഒരു ഡോക്ടര്‍ 90,000 പേര്‍ക്കെങ്കിലും ആ മരുന്ന് കൊടുക്കുമെങ്കില്‍ ഇന്‍ഡ്യയില്‍ എത്ര ഡോക്ടറന്മാര്‍ ആ മരുന്ന് എഴുതിക്കാണും? പോകട്ടെ കേരളത്തില്‍ എത്ര പേര്‍ എഴുതി കാണും? 500 ഗൈനക്കോളജിസ്റ്റുകള്‍? അതുമതി. 45 ലക്ഷം അമ്മമാരിലൂടെ 45 ലക്ഷം കുഞ്ഞുങ്ങളിലേക്ക്‌...അപകടകരമായ ഒരു മരുന്ന് കടന്നു ചെന്നിരിക്കാം എന്ന് ഊഹിച്ചാലോ? ഓട്ടിസവും, അള്‍ഷീമറും,ഇമ്മ്യുണിറ്റി ഡെഫിഷെനസിയുമൊക്കെയാണു അതുണ്ടാക്കുന്ന രോഗങ്ങള്‍ എന്നറിഞ്ഞാലോ? 50 ലക്ഷം രോഗികള്‍ നമുക്ക്‌ ചുറ്റും. വേണ്ട 5 ലക്ഷം എടുക്കുക. കാരണം പാരമ്പര്യവഴിയാ ഉള്ള പ്രതിരോധം 45 ലക്ഷത്തിനേയും രക്ഷപ്പെടുത്തി എന്നു വിചാരിക്കാം. 5 ലക്ഷത്തിന്റെ കാര്യത്തിലും നാം വലുതായി ആശങ്കപ്പെടേണ്ടത്തില്ല. നമ്മുക്ക്‌ ചുറ്റും സ്പെഷാലിറ്റികളും, സൂപ്പര്‍സ്പെഷാലിറ്റികളും എത്രവേണമെങ്കിലും ഉണ്ട്‌. കയ്യില്‍ നിറയെ കാശു വേണമെന്ന് മാത്രം. അതില്ലാത്തവര്‍ക്ക്‌ ഭൂസ്വത്ത്‌ ഉണ്ടായാല്‍ മതി. കണ്ടിട്ടില്ലെ, അത്തരം ആശുപത്രികളുടെ മുന്നില്‍ വച്ചിരിക്കുന്ന വലിയ ബോര്‍ഡുകള്‍! "വീടും വസ്തുവും വില്‍ക്കാന്‍ സഹായിക്കും!!" വില്‍ക്കാന്‍ വീടും വസ്തുവും ഉണ്ടായാല്‍ മതി! ബാക്കി കാര്യം അവര്‍ നോക്കിക്കൊള്ളും.

അപ്പോള്‍, നമുക്ക്‌ ചുറ്റും 5 ലക്ഷം രോഗികള്‍. വെറും രോഗികളല്ല. മസ്തിഷ്കരോഗം ബാധിച്ചവര്‍. പരസഹായമില്ലാതെ അവര്‍ക്ക്‌ ജീവന്‍ നിലനിര്‍ത്താന്‍ പോലുമാകില്ല. കലാഭവന്‍ മണിയും, മോഹന്‍ലാലും, ദിലീപുമൊക്കെ നമുക്ക്‌ ചുറ്റും പ്രാഞ്ചി പ്രാഞ്ചി നടക്കുന്നു... അല്ല, അവരവതരിപ്പിച്ച കഥാപാത്രങ്ങള്‍. ആ കാഴ്ച സിനിമയിലെപ്പോലെ അത്ര സുഖകരമായിരിക്കില്ല എന്നു മാത്രം. കാരണം അവര്‍, നമ്മുക്ക്‌ അടുപ്പമുള്ളവരായിരിക്കാം, ബന്ധുക്കള്‍ അല്ലെങ്കില്‍ സ്നേഹിതര്‍. അതിന്റെ വേദന നമ്മുടെ ഉള്ളില്‍ ഊറിക്കൂടും. അതു നമുക്ക്‌ സഹിക്കാം എന്ന് വയ്ക്കാം. പക്ഷെ മരുന്ന് കുറിച്ചു കൊടുത്ത ആ ഡോക്ടറുടെ അവസ്ഥയോ?

തന്റെ പിഴവുകൊണ്ട്‌, ആര്‍ത്തികൊണ്ട്‌ ഇത്രയധികം രോഗികള്‍ ഉണ്ടായി എന്നറിയുമ്പോള്‍ ആ ഡോക്ടര്‍ക്കുണ്ടാകുന്ന മനോവേദന എത്ര ഭീകരമായിരിക്കും? പിന്നെയുള്ള അവരുടെ ഓരോ ദിനങ്ങളും മനോനില തെറ്റിയ ഒരു മനുഷ്യന്റെപോലെ ആയിരിക്കില്ലെ? അവരുടെ മുന്നിലെത്തേണ്ടി വരുന്ന രോഗികളുടെ അവസ്ഥയോ? സ്നേഹിതരെ ഈ സമസ്യ പൂരിപ്പിക്കാന്‍ നിങ്ങളെ ക്ഷണിച്ചുകൊള്ളുന്നു.........

------------------------------------------------------------------------------------------------

LINKS :- സയന്‍സ്‌ ശാസ്ത്രമല്ല - സി.രാധാകൃഷ്ണന്‍

http://ashokapathrika.blogspot.com/

വേലിയില്‍ ഇരിക്കുന്ന പാമ്പ്‌....

http://akkosha.blogspot.com/