Sunday, September 28, 2014

സുമ്മാതിരി

"സുമ്മാതിരി........”

രമണമഹർഷിയുടെ ഉപദേശമാണിതു. സത്യത്തിൽ അതിനേക്കാൾ വലിയ എന്തു ഉപദേശമാണു നൽകാനുള്ളതു.

നാമൊക്കെ ധരിച്ചുവച്ചിരിക്കുന്നതു നമ്മുടെ അഹംബോധമാണു ഈ ലോകത്തെ നയിച്ചൂകൊണ്ടുപോകുന്നതു എന്നാണു. ചുമ്മാതിരുന്നാൽ അതുവല്ലോം നടക്കുമോ? അതായതു ഈ നാമരൂപങ്ങളിൽ ഇരിക്കുന്ന ഞാൻ എന്തൊക്കയോ ചെയ്യുന്നു എന്ന ഭാവം!

പണ്ട് ശ്രീരാ‍മൻ എന്നൊരാൾ ഈ ലോകം നടത്തിയിരുന്നതായി പറയപ്പെടുന്നു. ആ രാജാവ് ഇപ്പോൾ എവിടെയാണു? ജനകൻ എന്നൊരാളേപ്പറ്റിയും കേട്ടിട്ടുണ്ട്. അയാളും ഇപ്പോൾ ഇല്ല. നളൻ. ഭരതൻ, ധർമ്മപുത്രർ? ആരുമില്ല. അലക്സാണ്ടർ? ബാബർ. ഹിറ്റ്ലർ. ഒരാളേയും കാണാനില്ല. എന്നിട്ടും ഈ ലോകത്തിനു കുഴപ്പമൊന്നും സംഭവിച്ചില്ല. എന്നിട്ടും നാം വിചാരിക്കുന്നതു നാമില്ലെങ്കിൽ സംഭവമാകെ തകരാറിലാകുമെന്നാണു. ചുമ്മാ! ഈ ലോകത്തു ഒരു ചുക്കും സംഭവിക്കില്ല.

ലോകം വിട്! രാജ്യവും ദേശവും വിട്. അവനവനെത്തന്നെ ഒന്നു എടുത്തു നോക്കു. ഈ ഞാൻ എന്നു പറയുന്ന നാമരൂപധാരിയാണോ ശരീരമെങ്കിലും നടത്തുന്നതു? അതെ എന്നു പറയുന്നവരോട് ഒരു ചോദ്യം. എങ്കിൽ ഈ ശരീരത്തെക്കുറിച്ച് നിങ്ങൾക്ക് എന്തു അറിയാം. അതിൽ ചൂടൊരല്പം കൂടിയാൽ അതെന്താണെന്നു അറിയാൻ കഴിയാറുണ്ടോ? ഇല്ല ഉടൻ ഓടും, ഡോക്ടർ എന്ന മറ്റൊരു ‘ഞാൻ’ ഭാവിയെക്കാണാൻ. അയാൾക്ക് എല്ലാം അറിയാമെന്നു വിചാരിച്ചാണു ചെല്ലുന്നതു. പക്ഷെ നാക്കിനടിയിൽ ഒരു കമ്പുവച്ചു നോക്കണം അയാൾക്ക് എന്തെങ്കിലും പറയണമെങ്കിൽ. അയാൾ പറയും നിങ്ങളുടെ ശരീരത്തിന്റെ ചൂടു ഇത്ര ഡിഗ്രി ഫാരൻഹീറ്റാണു. അതു സാധാരണയിൽ കൂടുതലാണു. അപ്പോഴാണു നിങ്ങൾക്ക് വിശ്വാസമാകുന്നതു. ഡോക്ടറോ, Cornelis Drebbel എന്നൊരാൾ നിർമ്മിച്ച ഉപകരണത്തെ വിശ്വസിച്ചാണു അങ്ങനെ പറയുന്നതു. ജീവിതത്തിന്റെ വലകൾ അങ്ങനെ നീണ്ടുനീണ്ടുപോകുന്നു! അപ്പോൾ എന്താണു ഈ ജീവിതത്തിന്റെ അടിസ്ഥാനം? അതറിയണമെങ്കിൽ ചുമ്മാതിരിക്കണം.

ഈ ശരീരം എന്താണെന്നറിഞ്ഞാൽ നിങ്ങൾക്ക് ഭ്രാന്തുപിടിക്കും. മനുഷ്യശരീരത്തെ ഒരു ഫാക്റ്ററിയായി മാറ്റിയാൽ അതു 9 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചു കിടക്കുന്ന വലിയൊരു സ്ഥാപനമായിരിക്കുമെന്നാണു ഇന്നത്തെ ശാസ്ത്രജ്ഞന്മാർ പറയുന്നതു. അതിലെ യന്ത്രങ്ങൾ പ്രവർത്തിക്കുന്ന ശബ്ദം 250 ച.കിമി സ്ഥലത്തു കേൾക്കാം. അത്തരമൊരു ഫാക്റ്ററി സ്ഥാപിക്കാൻ ആയിരക്കണക്കിനു തൊഴിലാളികൾ വർഷങ്ങളോളം പണിയെടുക്കണം. അതിനുള്ള ചെലവ് കണക്കാക്കിയിട്ടില്ല! ഫാക്റ്ററി സ്ഥാപിച്ചാലും ആവശ്യാനുസരണം വൈവിദ്ധ്യമാർന്ന പ്രോഡക്റ്റുകൾ അതിൽ നിന്നും പുറത്തുവരുമെന്നു തോന്നുന്നില്ല.  അങ്ങനെയുള്ള ഒരു യന്ത്രമാണു ഇത്ര ശാന്തമായി 1.8 ച.മീറ്ററിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതു.

ഇതിൽ അത്ഭുതമൊന്നുമില്ല. അതിന്റെ പിന്നിൽ ഒരു ഇന്റലിജൻസുണ്ടെന്നു മനസിലാക്കിയാൽ മതി. നാമൊക്കെ ശ്രദ്ധിക്കാതെപോകുന്നതും അതാണു. അതിനെ കണ്ടെത്താനാണു രമണമഹർഷി പറഞ്ഞതു. അതിനുള്ള വഴി : സുമ്മാതിരി. പക്ഷെ അതു നമുക്ക് ഉൾക്കൊള്ളാൻ പ്രയാസമാണു. ചുമ്മാതിരുന്നാൽ എന്തു മനസിലാക്കാനാണു എന്നാണു നമ്മുടെ തോന്നൽ.

വെറുതെ കണ്ണുതുറന്നിരുന്നാൽ പോലും കാണുന്നതു എത്ര അത്ഭുതങ്ങളാണു. സമയത്തിന്റെ ഏതോ ഖണ്ഡത്തിൽ പ്രകാശം പരക്കുന്നു. അതിന്റെ പിന്നാലെ സൂര്യൻ എന്ന തേജോഗോളം വരുന്നു. അതുവരെ നിദ്രയിലായിരുന്ന അനേകം ജീവികൾ ഉണരുന്നു. ഇരതേടാനിറങ്ങുന്നു. ഒരു സ്കൂളിലും പഠിച്ചിട്ടല്ല അവയുടെ അന്നം അവർ കണ്ടെത്തുന്നതു. ചെടികൾ വേരു നീട്ടുന്നതു. ശലഭങ്ങൾ പൂക്കൾ അറിയുന്നതു. ഇതൊക്കെ എങ്ങനെയാണു ഒരു തെറ്റും കൂടാതെ ഇങ്ങനെ നടക്കുന്നതു? എന്നാൽ മനുഷ്യൻ ചെയ്യുന്ന ഓരോ പ്രവർത്തിയും അബദ്ധമാകുകയാണു. ആദ്യമതു ആവേശപൂർവ്വം ചെയ്യും. പിന്നെയതു തെറ്റി എന്നു കണ്ടെത്തും. അതു തിരുത്തണമെന്നു വിചാരിക്കും. അതിനു തർക്കിക്കും. എന്നാൽ വിശേഷബുദ്ധിയില്ലാത്ത ജന്തുക്കൾ അത്തരം അപകടങ്ങളിൽ പെടുന്നില്ല. അല്ലെങ്കിൽ ആ ഇന്റെലിജൻസിനു വിധേയമായി ജീവിക്കുന്നു. മനുഷ്യൻ മാത്രം ആ ഇന്റെലിജൻസിനെ വിസ്മരിച്ചു ഞാൻ എന്ന ഷാഡോ ഇന്റെലിജൻസിൽ ചെന്നു പെടുന്നു. പിന്നെ മൊത്തം കൺഫ്യൂഷനാണു.

ആ കൺഫ്യൂഷൻ മാറണമെങ്കിൽ ചുമ്മാതിരിക്കണം എന്നാണു രമണ മഹർഷി പറയുന്നതു.

Saturday, September 27, 2014

മലയാളിയുടെ ശാസ്ത്രബോധം

അച്യുതമേനോൻ മന്ത്രിസഭയുടെ കാലത്താണു സിലബസ്സുകൾ സമൂലം പരിഷ്കരിച്ചതു. വിദ്യാഭ്യാസം കൂടുതൽ ശാസ്ത്രീയമാക്കുന്നതിന്റെ ഭാഗമായിരുന്നു അതു. 73-74ൽ ഹൈസ്കൂൾ തലത്തിൽ പുതിയ സിലബസ് നിലവിൽ വന്നു. ഒപ്പം ശാസ്ത്രസാഹിത്യപരിഷത്തുപോലുള്ള സംഘടനകൾ ജനങ്ങളിൽ ശാസ്ത്രാവബോധമുണ്ടാക്കാനുള്ള ശ്രമവും തുടങ്ങി. ഭാരതീയമായ എല്ലാ പഠനങ്ങളും പഴഞ്ചനും, അശാസ്ത്രീയവുമാണെന്നു അവരും പ്രചരിപ്പിച്ചു. ഇടതുപാർട്ടികളുടെ ശാസ്ത്രീയാധിഷ്ഠിത വിഗ്രഹഭഞ്ജക സ്വഭാവം അത്തരം പ്രചരണങ്ങൾക്ക് സഹായകവുമായി.
പുതിയ ശാസ്ത്രാവബോധം ആദ്യം മാറ്റമുണ്ടാക്കിയതു വൈദ്യരംഗത്താണു. അതോടെ ആയുർവ്വേദ ചികിത്സയോട് വല്ലാത്തൊരു അവജ്ഞയും പരിഹാസവും ജനങ്ങൾക്കുണ്ടായി. അതുവരെ ലോപ്രൊഫീലിലായിരുന്നെങ്കിലും ആയുർവ്വേദം മോഡേൺ മെഡിസിനൊപ്പം ആരോഗ്യരംഗത്തുണ്ടായിരുന്നു. പുതിയപ്രചരണം കൊഴുത്തതോടെ പരമ്പരാഗത ആയുർവ്വേദത്തിനു പിൻ‌വാങ്ങേണ്ടി വന്നു. കാലദോഷം കൊണ്ടാണോ എന്നറിയില്ല അതിന്റെ ഗുണഭോക്താക്കൾ ആയിരുന്നവരിൽ പലരും തന്നെ ആയുർവ്വേദത്തെ എതിർക്കാൻ മുൻ‌നിരയിൽ ഉണ്ടായിരുന്നു. ഒളിവിലും, ഗുണ്ടാ / പോലീസ് ആക്രമണങ്ങളിലും ഇടതുസഖാക്കളെ ചികിത്സിച്ചതും ആരോഗ്യത്തോടെ നിലനിർത്തിയിരുന്നതും ആയുർവ്വേദവൈദ്യന്മാരായിരുന്നു എന്നവർ ഓർത്തില്ല. അക്കാലത്തു കമ്മ്യൂണിസ്റ്റുപാർട്ടിയിൽ അംഗത്വമെടുത്ത അനേകം വൈദ്യന്മാർ ഉണ്ടായിരുന്നു. അവരില്ലായിരുന്നുവെങ്കിൽ പിന്നീട് നാം കണ്ട പല ഉന്നതനേതാക്കന്മാരാരും അവരുടെ യൌവ്വനം കടക്കുമായിരുന്നില്ല! ഭരണം ആസ്വദിച്ചു തുടങ്ങിയപ്പോഴാണു നാട്ടിലെ ആധുനിക വൈദ്യം പോലും അവർക്ക് പുച്ഛമായിത്തുടങ്ങിയതും ചികിത്സയ്ക്ക് ജർമ്മനിയിലും ഇംഗ്ലണ്ടിലുമൊക്കെ പോകണമെന്നു നിർബ്ബന്ധമായതും.
രണ്ടുനേരവും എണ്ണതേച്ചു കുളിക്കുന്ന സ്വഭാവക്കാരായിരുന്നു മലയാളികൾ. ആധുനികവൈദ്യം ആദ്യത്തെ കത്തിവച്ചതു മെഴുക്കുപുരട്ടലിലാണു. ഈ മെഴുക്കുപുരട്ടലിലാണു ഏറെപ്പേരും അരോഗ്യത്തോടെ ജീവിച്ചിരുന്നതു. അതു മനസിലാക്കിയാവണം ആദ്യപ്രചരണം അതിനു നേർക്കായതു. എണ്ണതേക്കുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്നു ഡോക്ടറന്മാർ വാദിച്ചു. എണ്ണതേക്കുന്നവരെ അവർ പരിഹസിക്കുകയും അവരോട് അപരിഷ്കൃതരോടെന്നപോലെ പെരുമാറുകയും ചെയ്തു. ഉടലിലായാലും തലയിലായാലും എണ്ണ തേച്ചാൽ അതു അകത്തേക്കുപോകില്ലെന്നും അതിനു യാതൊരു രോഗപ്രതിരോധശക്തിയുമില്ലെന്നു അവർ പറഞ്ഞു. ആയുർവ്വേദം എന്തു ശാസ്ത്രീയാടിത്തറയിലാണു അതു നിർദ്ദേശിച്ചിരുന്നെതെന്നു അങ്ങനെ വാദിച്ചിരുന്നവർ പരിശോധിച്ചിരുന്നോ? വെറും ഭൂതവൃക്ഷാദിയും, കയ്യുണ്യാദിയും, ലാക്ഷാദിയും കൊണ്ടുമാത്രം പ്രൈമറികോപ്ലക്സ് മാറ്റിയിരുന്ന വൈദ്യന്മാരെക്കുറിച്ച് അവർ കേട്ടിരുന്നോ? എണ്ണതേക്കുമ്പോൾ അതു അകത്തേക്കുപോകിന്നില്ലെങ്കിൽ പിന്നെയെങ്ങനെയാണു കുട്ടികളുടെ ക്ഷയരോഗം മാറിയതെന്നു ചിന്തിക്കാനാകാത്ത വിധം അന്ധരായിരുന്നു അന്നു ഡോക്ടറന്മാരും ജനങ്ങളും. മോഡേൺ‌മെഡിസിനിലെ ഡോക്ടറന്മാർ പറഞ്ഞതുകൊണ്ടുമാത്രം എണ്ണതേപ്പ് അത്യാചാരമാണെന്നോർത്തു അതുപേക്ഷിച്ചവരാണു ആധുനികർ .
കാലം 1990കളിലേക്ക് കടക്കുമ്പോൾ നാം കാണുന്നതു മറ്റൊരു കാഴ്ചയാണു. മുൻപ് എണ്ണയെ എതിർത്തിരുന്ന ആധുനിക ഡോക്ടറന്മാർ പറയുന്നു, നിങ്ങളുടെ പൊന്നോമനകൾ ആരോഗ്യത്തോടെയിരിക്കാൻ അവരെ ബേബിഓയിൽ പുരട്ടിത്തടവണം! അപ്പോൾ 20 കൊല്ലം മുൻപ് ‘എണ്ണപുരട്ടരുതു. അതു അശാസ്ത്രീയമാണു‘ എന്നു അവരുടെ മുൻ‌ഗാമികൾ പറഞ്ഞതു ആരെങ്കിലും ഓർത്തുകാണുമോ? സാധ്യതയില്ല. പകരം ഇതാ ഒരു ആധുനികസിദ്ധാന്തം അവതരിപ്പികപ്പെട്ടിരിക്കുന്നു എന്നു സന്തോഷിച്ചു കാണും. എണ്ണ തേക്കരുതെന്ന എന്ന പഴയ സിദ്ധാന്തം ഇപ്പോൾ എങ്ങനെ അശാസ്ത്രീയമായി? എണ്ണപുരട്ടൽ എങ്ങനെ ശാസ്ത്രമായി? ഇതിനാണോ ശാസ്ത്രം എന്നു പറയേണ്ടതു? എണ്ണ തേക്കുന്നതു ഇന്നു ശാസ്ത്രമാണെങ്കിൽ അന്നു ആയുർവ്വേദവൈദ്യന്മാർ പറഞ്ഞിരുന്നതും ശാസ്ത്രമായിരുന്നില്ലെ? പക്ഷെ അതൊന്നും ആലോചിക്കാനുള്ള ശാസ്ത്രയുക്തികൾ നിങ്ങൾക്കില്ല.
ഇതുകൊണ്ടും തീർന്നില്ല. നിങ്ങളുടെ ഡോക്ടർ നിർദ്ദേശിക്കുന്ന ബേബി ഓയിൽ കുഞ്ഞുങ്ങൾക്ക് എത്രമാത്രം ഹിതകരമാണെന്നു ആരെങ്കിലും പരിശോധിച്ചിട്ടുണ്ടോ? വൈദ്യന്മാർ നൽകിയിരുന്ന ഒരു എണ്ണയിലും ലിക്വിഡ് പാരഫിൻ ഉണ്ടായിരുന്നില്ല. വെളിച്ചെണ്ണയോ, നല്ലെണ്ണയോ, ആവണക്കെണ്ണയോ കൊണ്ടായിരുന്നു അവർ തൈലങ്ങൾ നിർമ്മിച്ചിരുന്നതു. അതിൽ ചേർക്കുന്ന മരുന്നുകളും പ്രകൃതിയിൽ നിന്നും ലഭിക്കുന്നതും നിങ്ങൾക്ക് അറിയാവുന്നവയുമായിരുന്നു. എന്നിട്ടും ലിക്വിഡ്പാരഫിനിൽ നിർമ്മിച്ച ചരക്കാണു നിങ്ങൾക്ക് പഥ്യം. യൂണിവേഴ്സിറ്റി വിദ്യാഭ്യാസമുള്ള നിങ്ങൾ അതിന്റെ റാപ്പറിൽ എഴുതിവച്ചതൊന്നും ശ്രദ്ധിക്കുന്നുപോലുമില്ല. ബേബിഓയിൽ കുട്ടികളുടെ ഉള്ളിൽ പോകരുതെന്നും, അതിന്റെ പുക അപകടകരമാകുമെന്നും കമ്പനികൾ നൽകുന്ന മുന്നറിയിപ്പു പോലും ശാസ്ത്രവാദികളായ നിങ്ങൾ കാണുന്നില്ല. കച്ചവടക്കാരാണെങ്കിലും അവർ നിങ്ങളേക്കാൾ എത്രയോ ഭേദം. അപകടമുന്നറിയിപ്പെങ്കിലും തരുന്നുണ്ടല്ലോ. നിങ്ങളോ ഇത്ര മാരകമായ സാധനമാണോ കുഞ്ഞുങ്ങളെ തേപ്പിക്കണ്ടതെന്നു ആലോചിക്കുന്നുപോലുമില്ല.
എന്തിനാണു മലയാളിക്ക് ഇങ്ങനെയൊരു ശാസ്ത്രബോധം?

Friday, September 26, 2014

ശാസ്ത്രം എന്ന പുതിയ മതം

കിഴക്കിന്റെ ഈശ്വരസങ്കല്പത്തെ വിമർശിക്കുന്നവർ ഒരു കാര്യം മറക്കുന്നു. ഈശ്വരന്റെ സെമറ്റിക് മാതൃകവച്ചാണു അവർ അതു ചെയ്യുന്നതു. ആർക്കും അവരെ തിരുത്താൻ കഴിയില്ല. അവർ അങ്ങനെ പഠിച്ചുപോയി. അവർക്ക് ശാസ്ത്രം ഒരു അന്ധവിശ്വാസമാണു. ശാസ്ത്രമാണു ഏറ്റവും പുതിയ സെമറ്റിക് മതം.
കണങ്ങളുടേയും തരംഗങ്ങളുടേയും സ്വഭാവത്തെപ്പറ്റി മാർക്സ് പ്ലാങ്ക് ഒരു പഠനം നടത്തി. ഉർജ്ജവും തരംഗദൈർഘ്യവും ആനുപാതികമായെടുത്താൽ അതിനെ ഒരു ഖരാംഗം കൊണ്ട് സമീകരിക്കാൻ കഴിയുമെന്നു അദ്ദേഹം സമർത്ഥിച്ചു. അതു 6.626176 x 10-34 joule-seconds ആണെന്നു അദ്ദേഹം പറയുകയും ചെയ്തു. ശാസ്ത്രലോകം അതു അംഗീകരിച്ചു. അതുവച്ച് കുറേ ഭൌതികശാസ്ത്ര സമസ്യകൾ പരിഹരിച്ചിട്ടുണ്ട്, തരംഗ ദൈർഘ്യമെന്തായാലും ഒരു തരംഗത്തിലടങ്ങിയിരിക്കുന്ന ഊർജ്ജം സ്ഥിരമായിരിക്കുമെന്ന സങ്കല്പത്തിലാണു പ്ലാങ്ക് ℏ നെ നിർവ്വചിച്ചതു. എന്നാൽ തരംഗദൈർഘ്യവ്യതിയാനത്തിനനുസരിച്ച് ഊർജ്ജനിലകളും മാറുമെന്നു വ്യക്തമാണു. പക്ഷെ പ്ലാങ്ക് അതു പരിഗണിച്ചില്ല. ℏ ന്റെ അസ്ഥിത്വം ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയപ്പോൾ അതു ഏറ്റവും കുറഞ്ഞ അളവിലെ ഊർജ്ജം അടിസ്ഥാനപ്പെടുത്തി ആണെന്നു തിരുത്തി. പക്ഷെ ഭൌതികശാസ്ത്ര പഠനം പിന്നെയും വികസിച്ചപ്പോൾ പ്ലാങ്ക്സ് ഖരാംഗം ℏ കൂടുതൽ അസ്ഥിരമാകാൻ തുടങ്ങി. അതിന്റെ ഉല്പത്തിയിലുള്ള സങ്കല്പം തന്നെ ചോദ്യം ചെയ്യപ്പെട്ടു. ആപേക്ഷികതലത്തിൽ പ്ലാങ്ക്സ് സ്ഥിരാംഗത്തിനു ഒരു നിലനില്പുമില്ലെന്നു വന്നിട്ടും ഒരു മതോപാസനപോലെ ഇന്നുമതു നാം വിശ്വസിക്കുകയും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു.
ഇനി ഗണിതശാസ്ത്രത്തിലെ കാൽക്കുലസിലേക്ക് ഒന്നു പോകാം. മഹാനായ ഐസക് ന്യൂട്ടൺ ഗണിതത്തിനു നൽകിയ സംഭാവനയാണതു. ഒരു മൂന്നാം ഡിഗ്രി സമവാക്യത്തെ ഡിഫറൻഷ്യേറ്റ് ചെയ്തു നോക്കു. ഇപ്പോൾ അതിലെ സ്ഥിരസംഖ്യകളൊക്കെ നിങ്ങൾക്ക് അറിയാം. ഡിഫറൻഷ്യേറ്റ് ചെയ്യുമ്പോൾ അതു അപ്രത്യക്ഷമാകും. ഇനി വീണ്ടും (തിരിച്ച്)അതിനെ ഇന്റഗ്രേറ്റ് ചെയ്യുക. അപ്പോൾ നിങ്ങൾക്ക് ആദ്യത്തെ സമവാക്യം തന്നെ കിട്ടുന്നുണ്ടോ? ഉണ്ടാവില്ല. കാൽക്കുലസിലെ ഒരു സമസ്യയാണു പോയവഴിയിലൂടെ തിരിച്ചു വന്നാലും ആദ്യത്തെ ഇടത്തിൽ എത്തില്ല എന്നുള്ളതു. ക്രിയ കഴിയുമ്പോൾ സമവാക്യം വേരൊന്നായിപ്പോകുന്നു. അവിടെ നിങ്ങളുടെ അജ്ഞത സൂചിപ്പിക്കാൻ C എന്നൊരു അവ്യക്തത ചേർക്കേണ്ട ഗതികേടു വരുന്നു. C എന്താണെന്നു ചോദിച്ചാൽ അതെന്തായിരുന്നു എന്നറിയാവുന്നവനു പോലും അതെന്തുമാകാമെന്നു പറയേണ്ടി വരുന്ന സ്ഥിതി. C is an arbitrary constant known as the constant of integration. എന്താ അതിന്റെ അർത്ഥം? C യ്ക്ക് ഏതു മൂല്യവുമാകാം. ആദ്യം മുതൽ നിർദ്ധാരണം ചെയ്തുവന്ന വ്യക്തിയെന്ന നിലയിൽ നിങ്ങൾക്ക് ബോദ്ധ്യമുള്ളമൂല്യം പറഞ്ഞാലും ശാസ്ത്രലോകം അതു അംഗീകരിക്കില്ല. മനുഷ്യനെന്ന നിലയിൽ ശാസ്ത്രത്തിനു നിങ്ങളെ വിശ്വാസമില്ല. എങ്ങനെയുണ്ട് ശാസ്ത്രത്തിന്റെ അന്ധവിശ്വാസം?
സോളിഡ് സ്റ്റേറ്റ് കെമിസ്ട്രിയിൽ/ഫിസിക്സിൽ, ഖഗോളശാസ്ത്രത്തിൽ അങ്ങനെ ഭൌതികതയുമായി ബന്ധപ്പെടുന്ന എല്ലാ മേഖലകളിലും ഇതുപോലെ അനേകം അവ്യക്തതകൾ ഉണ്ട്. ഇത്രയും അവ്യക്തതകൾ നിറഞ്ഞ ശാസ്ത്രയുക്തികളുടെ പശ്ചാത്തലത്തിൽ വികസിച്ചതാണു ഇന്നത്തെ സാങ്കേതികവിദ്യ. അതെപ്പോൾ വേണമെങ്കിലും വഴുതിപ്പോകാവുന്നതേയുള്ളു. ശാസ്ത്രം സത്യമായിരിക്കാമെന്ന അന്ധവിശ്വാസത്തിലാണു നാമതു ഉപയോഗിക്കുന്നതു. എന്നിട്ടു ചുമ്മാതങ്ങ് വിശ്വസിക്കും. ഒരു ഡോക്ടർ പറയുന്നതു നിങ്ങൾ വിശ്വസിക്കില്ല. പക്ഷെ സ്കാൻ റിപ്പോർട്ട് വിശ്വസിക്കും. ഒരു സ്കാനിൽ ഭൌതികശാസ്ത്രത്തിലെ ഈ അവ്യക്തത എത്രമാത്രം പ്രതിഫലിച്ചിട്ടുണ്ടാകാമെന്നു ആരെങ്കിലും ആലോചിക്കാറുണ്ടോ? അതുപോലെ നിങ്ങൾ വിശ്വാസപൂർവ്വം കൊണ്ടുനടക്കുന്ന ഒരു ഉപകരണത്തിൽ? നിർമ്മിക്കുന്ന ഒരു പ്രോഗ്രാമിൽ. ഇല്ല. ആരും അതൊന്നും ആലോചിക്കുകയില്ല. കാരണം നാം ശാസ്ത്രമെന്ന മതത്തിലെ അന്ധവിശ്വാസികളാണു. ശാസ്ത്രം സത്യമാണെന്നു വിചാരിച്ച് വിശ്വാസപൂർവ്വം അങ്ങ് പോവുകയാണു.
ഈ ശാസ്ത്രസമസ്യയകൾക്കുമപ്പുറം ഭൂഖണ്ഡങ്ങളും, ഗോത്രങ്ങളും വരെ ശാസ്ത്രമെന്ന മതത്തിനെ സ്വാധീനിക്കുന്നുണ്ടെന്നു എത്രപേർക്കറിയാം? ഒരു ജെ.സി.ബോസോ, രാമാനുജമോ, ജോർജ്ജുസുദർശനനോ ഒരു തിയറി അവതരിപ്പിച്ചാൽ അതിനെയൊക്കെ ദേശീയമായും, വംശീയമായും കണ്ട് തള്ളിക്കളയാൻ ശ്രമിക്കുന്നവരാണു ശാസ്ത്രത്തിലെ തമ്പുരാക്കന്മാർ എന്നു എത്രപേർ തിരിച്ചറിഞ്ഞിട്ടുണ്ട്. ആരുമില്ല! ഇതാണു ലോകത്തിന്റെ പോക്ക്!!
ഭൌതികശാസ്ത്രത്തിലെ അന്ധവിശ്വാസത്തേക്കാളും അവ്യക്തതയേക്കാളും ലളിതമാണു ഈശ്വരനും വിശ്വാസങ്ങളും. അതിനെ തിരിച്ചറിയാനുള്ള പഠനവും ടൂളും കിഴക്കുണ്ട്. പക്ഷെ അതു പഠിച്ചുനോക്കാതെ വിമർശിക്കുന്നതിലാണു എല്ലാവർക്കും താല്പര്യം. കാരണം ശാസ്ത്രം മറ്റൊരു മതമാണു. ഒരു മതത്തിനു മറ്റൊരു മതത്തെ കണ്ടുകൂടാ.
ശാസ്ത്രലോകത്തെ അനവധി അവ്യക്തതകൾ കണ്ട്, പ്രപഞ്ചത്തിന്റെ അവ്യക്തതയെന്തായിരിക്കുമെന്നു ആലോചിച്ച് സ്വന്തം പാരമ്പര്യത്തിലൂടെപ്പോയി ഒന്നു വിനയാന്വിതനായിപ്പോയതാണോ ഡോ.രാധാകൃഷ്ണൻ ചെയ്ത തെറ്റ്?

Wednesday, September 24, 2014

എന്റെ അറിവില്ലായ്മകൾ 1 - പ്രഭാതം

ഇന്നലെ വാക്കുകൊടുത്തതാണു. ഇനിയുള്ള സീസണുകളിൽ ഞാൻ എന്റെ അറിവില്ലായ്മയെക്കുറിച്ചു മാത്രം പോസ്റ്റിടും. അതിന്റെ തുടക്കം ഇന്നായിക്കോട്ടെ എന്നു വിചാരിച്ചാണു ഉറക്കമുണർന്നതു തന്നെ......

ഇതൊഴിച്ചാൽ പ്രത്യേകതകൾ ഒന്നുമില്ലാത്തതായിരുന്നു പ്രഭാതം. നോ അജണ്ട. അതുകൊണ്ട് കണ്ണുതുറന്നു ചുറ്റിനും നോക്കാൻ മടി തോന്നിയില്ല.

പുലർവെട്ടം വീണുതുടങ്ങിയപ്പോൾ ചുറ്റുമുള്ളവ തെളിഞ്ഞുവന്നു. ഒരു ലൈറ്റ് അന്റ് സൌണ്ട് ഷോ ആരംഭിക്കുന്നു. തെക്കു നിന്നു ഒരു പറ്റം കിളികൾ വടക്കു ദിശയിലേക്ക് പറന്നു പോയി. അവയിൽ നിന്നു ഒരു സംഘം പെട്ടെന്നു തിരിഞ്ഞു മറ്റൊരു ദിശ തെരെഞ്ഞെടുത്തു. എന്തിനു? ആവോ ആർക്കറിയാം!

അപ്പോഴാണു വീടിന്റെ പിന്നിൽ ചിലപ്പു കേട്ടതു. ഹോ! കിളികളുടെ ഒരു അഹങ്കാരം! ഇന്നലെ എപ്പഴോ തട്ടിക്കളഞ്ഞ ചോരും കറിയും കൊത്തിപ്പെറുക്കുന്നതിന്റെ തർക്കമാണു. പാർസലായി വാങ്ങിയ ഗോബിമഞ്ജൂരി കഴിക്കണോ വേണ്ടയോ എന്നതാണു തർക്കവിഷയമെന്നു തോന്നുന്നു. കിളികൾ അതു തൊടുന്നില്ല. ബാക്കിയുള്ള ചോറും വീട്ടിൽ വച്ച കറികളുടെ അവശിഷ്ടവും കൊത്തിത്തിന്നുന്നതിനിടയിലാണു ചർച്ച. അതിനിടയിൽ ഗോബിമഞ്ജൂരിൻ കഴിക്കാൻ പോയ കിളികളെ മറ്റുള്ളവ കൊത്തി വിരട്ടി! സീനിയറന്മാരായിരിക്കും! ‘എന്താ ഗോബിമഞ്ജൂറിൻ തിന്നാൽ’ എന്ന ഭാവത്തിൽ അവ സീനിയേഴ്സിനെ നോക്കിക്കൊണ്ട് മാറി നിന്നു. എന്താ തിന്നാൽ? ഞാനും ചോദിച്ചു. കഴിഞ്ഞ ദിവസം മഞ്ജൂറിൻ വാങ്ങിക്കൊണ്ടുവന്നപ്പോൾ കുറച്ച് മുണ്ടിൽ വീണു. അപ്പോൾ തന്നെ വെള്ളത്തിലിട്ടു. കഴുകി വിരിക്കാൻ നോക്കുമ്പോൾ കറ അതുപോലുണ്ട്. ഇതെന്താ അപെക്സ് അൾട്ടിമയോ. പായലേ വിട. പൂപ്പലേ വിട! ചുവരിലടിക്കാനുള്ള പെയിന്റാണോ കറിയിൽ ചേർക്കുന്നതു? ങും! അറിയില്ല!!

ലൈറ്റ് ആന്റ് സൌണ്ട് ഷോ തുടരുന്നു.......

പൂമ്പാറ്റയാണു പുതിയ കഥാപാത്രം. അയാൾ പലപൂക്കളേയും പരീക്ഷിച്ചങ്ങനെ പറക്കുകയാണു. അത്ര തൃപ്തിവരാത്തതു കൊണ്ടാകും വേലികടന്നതു പറന്നു പോയതു. ദാ, ഉടൻ ഇന്നെന്താണു പോസ്റ്റെന്നു ആരായൂന്ന ഭാവത്തിൽ നാടൻ പട്ടി ഗേറ്റിൽ വന്നു ഉറ്റുനോക്കി. അടുത്തേക്കു ചെന്നപ്പോൾ ബഹുമാനപൂർവ്വം അവളെഴുന്നേറ്റു നിന്നു. വീട്ടുകാരറിയാതെ അവൾക്കും ഫ്രണ്ട്സിനും ഞാൻ ഗേറ്റ് തുറന്നിട്ടു കൊടുക്കാറുണ്ടായിരുന്നു. ഇടയ്ക്കിടെ നെറ്റ് അകറ്റി അതിനുള്ളിലൂടെയും കടക്കും. എന്റെ വീടിനു ചുറ്റും മതിലുകളില്ല. തറയിൽ നിന്നും അരയടി പൊക്കി ഇരുമ്പുവലയാണിട്ടിരിക്കുന്നതു. ഇടയ്ക്കിടെ കീരിയും, ചേരകളും ആ പാതകൾ ഉപയോഗിക്കാറുണ്ടായിരുന്നു. എന്തിനാണങ്ങനൊക്കെ ചെയ്തതു? ആർക്കറിയാം.

മതി. എന്റെ അറിവില്ലായ്മ കൂടി വരുന്നു. ആരാണാവോ ഇങ്ങനെ, കൃത്യമായി ഈ കഥാപാത്രങ്ങളെ ഒക്കെ ഇങ്ങനെ പ്രവേശിപ്പിക്കുന്നതും പിൻ‌വലിക്കുന്നതും. ഇപ്പോൾ ഈ വിശകലനം മനസിൽ ഉണർത്തുന്നതും? ഞാൻ ശാസ്ത്രം പഠിച്ചിരിക്കുന്നു എന്നു യൂണിവേഴ്സിറ്റി തലകുലുക്കി സമ്മതിച്ചിട്ടുണ്ട്. സർട്ടിഫിക്കറ്റും എഴുതി തന്നു. പക്ഷെ ഞാൻ പഠിച്ച ഭൌതിക ശാസ്ത്രം കൊണ്ട് ഈ ദൃശ്യത്തിന്റെ ഒരു പങ്കുപോലും വിശദീകരിക്കാൻ പറ്റുന്നില്ല. പ്രകാശത്തെക്കുറിച്ചും ചലനങ്ങളേക്കുറിച്ചും വേണമെങ്കിൽ ഒരു പ്രബന്ധമെഴുതാം. പക്ഷെ ഇതൊക്കെ എങ്ങനെയാണു അവികലമായി കൊണ്ടുപോകുന്നതെന്നു ഒരു പിടിയും കിട്ടുന്നുന്നില്ല! പുറത്തൊരാൾ ഉണ്ടോ? അതോ അകത്തു നിന്നും എല്ലാവരും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവോ? ആർക്കറിയാം. ആരന്വേഷിക്കുന്നു!!

പണ്ട് കൊയ്ത്തൊക്കെ കഴിഞ്ഞ് കറ്റമെതിക്കാൻ വരുന്നവർ കൌതുകത്തോടെ എനിക്കുണ്ടാക്കി തന്നിരുന്ന ഒരു കളിപ്പാട്ടമുണ്ട്. ഓലക്കാൽ കീറിയെടുത്തു മെടയും. അതിനുള്ളിൽ ഒരു വെള്ളക്കാ വയ്ക്കും. നീണ്ടവാലിൽ പിടിച്ച് അതു നീട്ടിയെറിയുന്നതാണു കളി. ആകാശത്തേക്കു അതുയർന്നുയർന്നു പോകുന്നതു കാണാൻ ഒരു രസമാണു. ഏതുയരം വരെ അതു പൊങ്ങിപ്പോകുമെന്നു നോക്കിയിരിക്കുന്നതു ഒരു രസമാണു. പൊട്ടനെറിയുമ്പോഴാണു അതു ഏറ്റവും ഉയരത്തിലെത്തിയിരുന്നതു. കളിപ്പാട്ടം ഉയരുന്നതും ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്നതും എത്ര കൌതകത്തോടെയാണു നോക്കിനിന്നിരുന്നതു. അന്നു ഞാൻ പൊട്ടനെ എത്ര ആദരവോടെയാണു കണ്ടിരുന്നതു. പക്ഷെ പൊട്ടൻ പറഞ്ഞതു “ബബ്ബബ്ബബാ” എന്നു മാത്രമായിരുന്നു. അതിന്റെ അർത്ഥം ഇന്നും ഞാൻ ആലോചിച്ചു കൊണ്ടിരിക്കുന്നു!

കൂടുതൽ അറിവില്ലായ്മകൾ അടുത്ത പോസ്റ്റിൽ.

Sunday, September 21, 2014

മസ്തിഷ്കകോശങ്ങൾ പുനർജനിക്കുമോ?

കഴിഞ്ഞ 25 കൊല്ലത്തിനിടയിൽ പ്രചാരം നേടിയ ഒരു മെഡിക്കൽ മാനേജുമെന്റാണു മോഡേൺ മെഡിസിനിലെ ക്രിട്ടിക്കൽ കെയർ. ആസന്നമരണലക്ഷണങ്ങൾ കാണിക്കുന്ന അവസ്ഥയിൽ രോഗിയേയും ബന്ധുക്കളേയും പരിഭ്രാന്തരാക്കാമെന്നതേ അതുകൊണ്ടു ഉപകാരമുള്ളു. മെഡിക്കൽ വ്യവസായികൾക്ക് അതു ലാഭമുണ്ടാക്കാനുള്ള ഒരു വഴി മാത്രമാണു.

രോഗികളിൽ രിഷ്ടലക്ഷണങ്ങളോ, ആയുസ്സുതീരുന്നതിന്റെ സൂചനയോ ഉണ്ടെങ്കിൽ ഒരു മെഡിക്കൽ മാനേജുമെന്റും ഫലപ്പെടുകയില്ല. മരണം ഒരു യാഥാർത്ഥ്യമാണു. ആയുസ്സുനീട്ടിക്കൊടുക്കാൻ ഒരു വൈദ്യനും കഴിയില്ല. അതു ആയുർവ്വേദമായാലും അലോപ്പതിയായാലും. വൈദ്യശാസ്ത്രത്തിന്റെ ഒരു പരിമിതിയാണതു. എന്നാൽ രിഷ്ടലക്ഷണമില്ലാത്തവരേയും, രിഷ്ടാഭാസങ്ങൾ കാണിക്കുന്നതായ രോഗികളേയും ക്രിട്ടിക്കൽ കെയറിലേക്കുമാറ്റുമ്പോൾ അവരുടെ ആത്മവിശ്വാസം നഷ്ടപ്പെടുകയും പലപ്പോഴും മരണത്തിനു അടിമപ്പെടുകയും ചെയ്തുവരുന്നതു ഇന്നു സർവ്വസാധാരണമാണു. യഥാർത്ഥ ഭിഷഗ്വരന്മാരുടെ സത്പേരു നഷ്ടപ്പെടാൻ അതു ഇടയാക്കുന്നു.


ക്രിട്ടിക്കൽ കെയറിനേപ്പറ്റി വൈദ്യവിദ്യാർത്ഥികളുമായി സ്വാമി. നിർമ്മലാനന്ദഗിരി മഹരാജ് പങ്കുവച്ച ആശയങ്ങൾ കേൾക്കുക.......

Thursday, September 18, 2014

ആക്റ്റിവിസം എന്ന ആത്മപ്രകാശനം

ആക്റ്റിവിസം ആത്മപ്രകാശനമാണെന്നാണു Js Adoor പറയുന്നതു....
ആയിരിക്കാം. ലോകം ഒരുപാട് കണ്ട വലിയ ഒരു മനുഷ്യനാണു അദ്ദേഹം. അദ്ദേഹത്തിനെ അവിശ്വസിക്കണ്ട കാര്യമില്ല. പക്ഷെ ഇവിടെ അങ്ങനെയല്ല സാർ.
ചൊറിയാനും കലിപ്പുതീർക്കാനുമുള്ള ഒരുതരം പരിപാടിയാണു ഇവിടെ ആക്റ്റിവിസം. മിക്കവരുടേയും ഉള്ളിലെ ചൊറിച്ചിലാണു ആക്റ്റിവിസമായി കുരുപൊട്ടുന്നതു. ഇപ്പോഴതു കാശുണ്ടാക്കാനും നല്ലൊരു മാർഗ്ഗമാണു. ഇവരിൽ പലർക്കും (എല്ലാവർക്കുമല്ല) മെഗലോമാനിയ എന്ന മനോരോഗമുണ്ട്. തങ്ങൾ മാത്രമാണു ശ്രദ്ധിക്കപ്പെടേണ്ടതെന്ന ഒരു തോന്നൽ. ഭൂരിഭാഗം മലയാളികൾക്കും ഈ രോഗമുണ്ട്. അതുകൊണ്ട് കുഴപ്പമില്ല. പലർക്കും ഈ ആക്റ്റിവിസ്റ്റുകളേക്കാൾ തീവ്രവുമാണു താനും. ഉദാഹരണം Ashok Kartha. കേരളത്തിലെ 10 ആക്റ്റിവിസ്റ്റുകളുടെ പേരെടുത്താൽ സ്ഥിരം പേരു വരുന്ന ഒരാളുണ്ട്. എ.കെ.ഗോപാലനേയും നരേന്ദ്രമോഡിയേയും ഒരേപോലെ വാഴ്ത്താൻ കഴിവുള്ള ഒരാൾ. അവരിൽ നിന്നൊക്കെ നാം പഠിക്കേണ്ടതെന്താ? ആക്റ്റിവിസമെന്നാൽ കള്ളിനും ചക്കരയ്ക്കും ചെത്തുന്ന ഒരിടപാടാണു എന്നല്ലെ? പിന്നെ എന്തോന്നു അത്മാർത്ഥത? മനസാക്ഷി? തത്ത്വദീക്ഷ?
ഉണ്ടിരിക്കുന്ന നായർക്ക് വിളികിട്ടുന്ന ഒരിടപാടുണ്ട്. മലയാളിക്ക് ആക്റ്റിവിസം വരുന്നതു അതുപോലെയാണു. അല്ലാതെ സ്വന്തം ജീവിതത്തിന്റെയോ പ്രവർത്തിയുടേയോ തുടർച്ചയല്ല അവനിതൊന്നും. ഇപ്പോൾ അതെല്ലാരും അംഗീകരിക്കുന്ന ഒരു പ്രൊഫഷൻ കൂടിയായതു കൊണ്ട് നിലവാരം കുറച്ചു മെച്ചപ്പെട്ടിട്ടുണ്ട്. നല്ല വേഷം. ഭക്ഷണം. എക്സിക്യൂട്ടീവ് സ്റ്റൈൽ ഫ്രണ്ടോഫീസ്. അത്രയും സന്തോഷം. മോഡേൺ മെഡിസിനിലെ ഡോക്ടറന്മാരെ ഒക്കെ നാം സഹിക്കുന്നില്ലെ? അതുപോലെ ഇവരേയും സഹിക്കാം എന്നു വക്കാം.
പക്ഷെ ഒരു കാര്യമുണ്ട്. സമൂഹത്തിന്റെ ചെലവിൽ, സമൂഹത്തിന്റെ പേരിൽ, സമൂഹത്തിനാണെന്നു പറഞ്ഞ് ഞെളിഞ്ഞാൽ ഓഡിറ്റുണ്ടാകും. ആക്റ്റിവിസ്റ്റുകൾ ചോദ്യങ്ങൾ കേൾക്കേണ്ടി വരും. അപ്പോൾ മുഖം വീർപ്പിക്കരുതു.
ആക്റ്റിവിസ്റ്റുകളുടെ പ്രവർത്തിയിൽ ആത്മാർത്ഥതയുണ്ടോ എന്നു ചൊറിയുന്നതു ജനത്തിനൊരു രസമാണു. അതിനു അവരുടെ പ്രവർത്തനം കൊണ്ട് സമൂഹത്തിനു എന്തു നേട്ടമുണ്ടായി എന്നു ചിലപ്പോൾ അന്വേഷിക്കും. വേറൊന്നുള്ളതു അവരുടെ സാമ്പത്തിക ഉറവിടം തിരക്കലാണു. ഒരാൾ പച്ചപിടിച്ചെന്നു കണ്ടാൽ ഉടൻ ഏതൊരു മലയാളിയും അതിന്റെ കാരണം തിരക്കും. ഗൾഫുകാരനായാലും ആക്റ്റിവിസ്റ്റായാലും അതിനു വ്യത്യാസമില്ല. അസൂയ! അപ്പോൾ കേട്ടാൽ വിശ്വസിക്കാൻ പറ്റുന്ന ഒരു സോഴ്സ് ഉണ്ടായിരിക്കണം. അല്ലെങ്കിൽ പെടും. സംശയത്തിന്റെ വേസ്റ്റുമുഴുവൻ അവന്റെ തലയിൽ കുടഞ്ഞീട്ട് അവനെ നശിപ്പിക്കും.
അഭിനയമെന്ന തൊഴിൽ ചെയ്തു കോടികൾ വാങ്ങുന്ന സിനിമാക്കാരെപ്പോലും മലയാളി ക്വസ്റ്റ്യൻ ചെയ്യും. അതു അയാളുടെ തൊഴിലാണു. വിട്ടേക്കെന്നൊരു മനോഭാവം മലയാളിക്കില്ല. അടുത്തിടെ കണ്ടില്ലെ, മോഹൻലാലിനോട് ജനം എന്താ ആവശ്യപ്പെട്ടതു. അങ്ങോർ അഭിനയിച്ച ഒരു ചിത്രത്തിൽ അട്ടപ്പാടി എന്നു മോശമായി ഉപയോഗിച്ചത്രെ. കേട്ടപാതി കേൾക്കാത്ത പാതി ജനം ഇരച്ചിറങ്ങി. അങ്ങേരുടെ ഏഴുതലമുറവരെ ചികഞ്ഞിട്ട് പരിശോധിച്ചു. എന്നിട്ടു ഒടുക്കം പറഞ്ഞു : ലാലേട്ടോ കൂയ്! ആ പട്ടാളബഹുമതി അങ്ങ് തിരിച്ചു കൊടുത്തേരു. അതാണു അന്തിമവിധി!! പിന്നാണോ ഒരു എൻ.ജി.ഒ നടത്തുന്ന പാവം കുട്ടപ്പൻ?
അതു കൊണ്ട് എല്ലാ ആക്റ്റിവിസ്റ്റുകളും കരുതിയിരിക്കണം. താന്താങ്ങളുടെ പ്രവർത്തിയുടെ ഒരു ധവളപത്രം തയ്യാറാക്കി വക്കുന്നതു നല്ലതായിരിക്കും. കൃമികടിയുള്ള മലയാളി ചൊറിയാൻ വരുമ്പോൾ അവന്റെയൊക്കെ മുഖത്തെറിഞ്ഞു കൊടുക്കാൻ അങ്ങനെയുള്ള ഒന്നുണ്ടെങ്കിൽ ബസ്റ്റ്.

Monday, September 15, 2014

ആക്റ്റിവിസ്റ്റുകൾ സമരങ്ങൾ വിജയിക്കുവാൻ ആഗ്രഹിക്കുന്നില്ല.

ആക്റ്റിവിസ്റ്റുകൾ പ്രശ്നങ്ങളിൽ ഇടപെടുന്നതു സാമൂഹികപ്രതിബദ്ധത കൊണ്ടൊന്നുമല്ല. അവർക്കു പിന്നിൽ വങ്കിടമൂലധനതാല്പര്യക്കാരുണ്ട്. അവർ മിക്കപ്പോഴും വെറും ബിനാമികൾ മാത്രമായിരിക്കും.

ഇവരുടെ ജീവിതം ആരെങ്കിലും അടുത്തുനിന്നു ശ്രദ്ധിച്ചിട്ടുണ്ടോ? നിരന്തരം സമരപഥങ്ങളിൽ മാത്രമാണെന്നു അവകാശപ്പെടുന്ന ഇവർ എത്ര ആർഭാടപൂർണ്ണമായാണു കഴിഞ്ഞുപോകുന്നതു. അതിനുള്ള വരുമാനം എവിടെ നിന്നുണ്ടാകുന്നു. രാഷ്ട്രീയക്കാരുടെ വരുമാനം അന്വേഷിണിക്കണമെന്നു ആവശ്യപ്പെടുന്നവർ മിക്കവാറും ആക്റ്റിവിസ്റ്റുകൾ ആയിരിക്കും. പക്ഷെ ആക്റ്റിവിസ്റ്റുകളുടെ ജീവിതം കണ്ടിട്ടും അതൊന്നും അന്വേഷിക്കണമെന്നു ആരുമെന്താണു പറയാത്തതു? നാമവരെ വല്ലാതെ മുഖവിലയ്ക്കെടുക്കുന്നു.

തീവണ്ടിയിലും വിമാനത്തിലുമൊക്കെ മുന്തിയ ക്ലാസിലാണു അവർ സഞ്ചരിക്കുന്നതു. ആരാണു അവർക്ക് ടിക്കറ്റെടുത്തു കൊടുക്കുന്നതു? അല്ലെങ്കിൽ എവിടെ നിന്നാണു അവർക്കതിനുള്ള വരുമാനം? ഒരു ആക്റ്റിവിസ്റ്റും ദാരിദ്ര്യത്തിൽ ജീവിക്കുന്നതായി കാണുന്നില്ല. മക്കൾക്കൊക്കെ നല്ല വിദ്യാഭ്യാസവും പോസ്റ്റിങ്ങും. മെച്ചപ്പെട്ട വീടോ ഫ്ലാറ്റോ. ഉന്നത ബന്ധങ്ങൾ. ആധുനിക സൌകര്യങ്ങൾ. കമ്മ്യൂണിക്കേഷനു അത്യന്താധുനിക ഗാഡ്ജെറ്റുകൾ. സ്ഥിരം തൊഴിലില്ലാത്ത ആക്റ്റിവിസ്റ്റുകളും ഇതൊക്കെ സ്വന്തമാക്കുന്നു. സ്ഥിരവരുമാനക്കാർക്കുപോലും അസൂയ ഉളവാക്കുന്നതാണു ആക്റ്റിവിസ്റ്റുകളുടെ ജീവിതം. അധികവരുമാനം കൊണ്ടല്ലാതെ അതെങ്ങനെ സാദ്ധ്യമാകും? ആ വരുമാനത്തിന്റെ ഉറവിടമാണു അന്വേഷിക്കേണ്ടതു. പുറമേയുള്ള ആദർശവും ലാളിത്യവും അഭിനയത്തിനപ്പുറം മറ്റൊന്നുമല്ല.

അതുപോലെ തന്നെ സമാനമായ രണ്ടുപ്രശ്നങ്ങളുണ്ടെങ്കിൽ അവർ അതിൽ ഒന്നേ തിരഞ്ഞെടുക്കു. അതു പിന്നിൽ നിൽക്കുന്നവന്റെ താല്പര്യം സംരക്ഷിക്കാനുള്ളതുമായിരിക്കും. സമരങ്ങൾ എല്ലാം എതിർക്കാൻ വേണ്ടിയുള്ളതാണെന്നാണു നാം ധരിച്ചുവച്ചിരിക്കുന്നതു. സമരം കൊണ്ട് സഹായിക്കാനും കഴിയും. പലപ്പോഴും സമരങ്ങൾ പ്രശ്നങ്ങളെ കേന്ദ്ര വിഷയത്തിൽ നിന്നും മാറ്റിനിർത്താൻ സഹായിക്കാറുണ്ട്. വേറെ ചില സന്ദർഭങ്ങളിൽ ഇത്തരം ഇടപെടലുകൾ ബിസിനസ്സിനെ സഹായിക്കുന്നതാകും. കേരളത്തിലെ വിദ്യുച്ഛക്തിമേഖലയിലും മറ്റുമുണ്ടായ ആക്റ്റിവിസ്റ്റ് ഇടപെടലുകൾ വിശകലനം ചെയ്തു നോക്കിയാൽ അതിന്റെ തെളിവുകൾ കിട്ടും.

കുറേക്കാലം മുൻപ് കേരളത്തിൽ ഒരു സമരമുണ്ടായി. ഒരു ബ്രാൻഡിനെ പുകമറയിൽ നിർത്തി അതിന്റെ സ്ഥാനത്തു 2015ൽ മറ്റൊരു ബ്രാൻഡിറക്കാൻഒരു ബിസിനസ്സ് ഗ്രൂപ്പ്  തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായിരുന്നു അതു. പക്ഷെ പുറത്തുപറഞ്ഞതു പാരിസ്ഥിതിക വിഷയമാണെന്നാണു. അതല്ലെ പറ്റൂ. അതിന്റെ നേതൃത്വം സ്വാഭാവികമായും ആക്റ്റിവിസ്റ്റുകളിൽ ചെന്നു പെട്ടു. ന്യായമായ സമരമായതുകൊണ്ട് പല സാധാരണക്കാരും അതിൽ ആവേശത്തോടെ പങ്കെടുത്തു. ചിലരൊക്കെ ജീവിതം തന്നെ തുലച്ചു. മെച്ചമുണ്ടായതു ആക്റ്റിവിസ്റ്റുകൾക്കു മാത്രം. അതിലൊരാൾക്ക് തന്റെ ഓഫീസ് എക്സിക്യൂട്ടീവ് സ്റ്റൈലിലാക്കാൻ പറ്റി. പക്ഷെ മുഖ്യസമരാംഗം പട്ടിണികിടന്നും രോഗം വന്നും ചത്തു. ഒരു ആക്റ്റിവിസ്റ്റും തിരിഞ്ഞുനോക്കിയില്ല. ദോഷം പറയരുതല്ലോ അനുശോചന സമ്മേളനത്തിൽ കരഞ്ഞഭിനയിച്ച് പ്രസംഗിച്ചു. സമരം വിജയിച്ചോ? അതുമില്ല. ആക്റ്റിവിസ്റ്റുകൾ സമരങ്ങൾ വിജയിക്കുവാൻ ആഗ്രഹിക്കുന്നില്ല.

പൊതുപ്രശ്നവുമായി കോടതിയെ സമീപിക്കുന്ന വേറൊരു വിഭാഗം ആക്റ്റിവിസ്റ്റുകളുണ്ട്. പക്ഷെ അവർ കൊടുക്കുന്ന അന്യായം ആരെങ്കിലും വായിച്ചു നോക്കാറുണ്ടോ? അന്യായത്തിലെ വിഷയമാർക്കുമറിയില്ല. പത്രങ്ങളിൽ വരുന്നതൊക്കെ നാം അങ്ങ് വിശ്വസിക്കുന്നു. യഥാർത്ഥ കക്ഷികൾ കോടതിയിലെത്താതിരിക്കാനാണു ഇവർ മുങ്കൂറായി കേസ് ഫയൽ ചെയ്യുന്നതു. പിന്നീട് മറ്റുള്ളവർക്ക് അതിൽ കക്ഷിചേരാനൊക്കാത്തവിധം അതു ബ്ലോക്കാവും. കേസുചെലവ് മുതലാളി കൊടുക്കും. എന്നിട്ടു അയാൾക്ക് സഹായകരമാകുന്ന രീതിയിൽ മുന്നോട്ട് കൊണ്ടുപോകും. ജനം വിചാരിക്കുന്നതു ആക്റ്റിവിസ്റ്റ് ജനത്തെ സഹായിക്കാനാണു അങ്ങനെയൊക്കെ ചെയ്യുന്നതെന്നാണു. ഒരിക്കലുമല്ല. വിഷയം കോടതിയുടെ പരിഗണനയിൽ വരുമ്പോൾ ജനത്തിന്റെ ആവശ്യമൊന്നും അതിൽ കാണില്ല. ആർക്കും മനസിലാകാത്ത കുറേ സാങ്കേതികതയിൽ തൂങ്ങി നിന്നുള്ള വാദം നടക്കും. തെളിവുകളെ അടിസ്ഥാനമാക്കി കോടതി കേസ്പരിഗണിക്കുമ്പോൾ അന്യായം തുടങ്ങിയിടത്തായിരിക്കില്ല വിധി എത്തുക. അതിന്റെ പഴിമുഴുവനും കേൾക്കേണ്ടതു കോടതി. ചതിച്ച ആക്റ്റിവിസ്റ്റുകൾ ദിവ്യന്മാർ. അവരെ വിശ്വസിച്ച് ജനം കോടതിയേ വെറുക്കും.

ഈ ആക്റ്റിവിസത്തിന്റെ മറ്റൊരു രൂപമാണു നില്പുസമരത്തിൽ ഇപ്പോൾ നടക്കുന്നതു. പ്രകൃതിവാസികൾക്ക് അവരുടെ ഭൂമി കിട്ടാൻ അവകാശമുണ്ട്. അതിനു ഉപോൽബലകമായ ഒരു കോടതിവിധിയുമുണ്ട്. അതു വന്നിട്ട് കൊലം 13 ആയി. ഇതുവരെയായി വിധിനടത്തിപ്പിനു ഒരുനടപടിയും ഉണ്ടായില്ല. ഗോത്രമഹാസഭയ്ക്ക് ആത്മാർത്ഥതയുണ്ടായിരുന്നെങ്കിൽ വിധിനടത്തിപ്പിനുള്ള സാങ്കേതിക വഴികൾ ഇതിനിടെ പൂർത്തിയാക്കുമായിരുന്നു. എന്നിട്ടും നടപ്പാകാതെ വരുമ്പോൾ സമരം നടത്തിയിരുന്നെങ്കിൽ മനസിലാക്കാം. ഇതിപ്പോൾ പ്രകൃതിവാസികൾക്ക് കൂടുതൽ സമയം നിൽക്കാൻ പറ്റുന്ന ആരോഗ്യമുള്ള കാലുകളുള്ളതു കൊണ്ട് നില്പുസമരമുണ്ടായി. അതിലെ കൌതുകം പ്രചരിപ്പിക്കുക എന്നതാണു ഇപ്പോൾ നടക്കുന്നതു. ഇതിന്റെ സ്പോൺസർ ആരാണെന്നു കാലക്രമേണ ജനത്തിനു മനസിലാകും. താല്ക്കാലിക ഗുണഭോക്താക്കൾ ആരാണെന്നു പ്രത്യേകം പറയണ്ടല്ലോ.

നയപരമായ ഒരു കാര്യത്തിനാണു സമരമെങ്കിൽ പ്രതിപക്ഷത്തിന്റെ സഹായം തേടണം. അല്ല, കോടതിവിധി നിഷേധിക്കുന്നുവെന്നാണെങ്കിൽ കോടതിയോട് അപേക്ഷിക്കണം. കുറഞ്ഞപക്ഷം ഈ നില്പുസമരം കാട്ടിയെങ്കിലും കോടതിയിൽ ഒരു ഹരജിയിടണമായിരുന്നു. അതു പോലും ചെയ്യുന്നില്ല. ചെയ്താൽ കോടതിയെങ്ങാനും അനുകൂലമായി ഇടപെട്ടാലോ? ആക്റ്റിവിസ്റ്റുകൾ അതാഗ്രഹിക്കുന്നില്ല.

Saturday, September 13, 2014

കാമനും ആധുനിക കവികളും

“അഗ്നിശലാകകളാൽ മധുചുംബനം നൽകിയെൻ പ്രാണസഖി“

ആധുനികകവികൾ ഇങ്ങനെയൊക്കെ വച്ചുകീച്ചിയാൽ ചുംബനം കിട്ടുന്നയാൾ കരിഞ്ഞുപോകത്തേയുള്ളു! കൂടെ മധു - തേൻ ഉള്ളതുകൊണ്ട് കുറച്ച് ആശ്വാസമുണ്ട്. പൊല്ലുന്നിടത്തു പുരട്ടാം. സംഗതി വിഭാവനാലംങ്കാരമാ‍ണെന്നൊക്കെ സാങ്കേതികമായി പറയാമെങ്കിലും അതിൽ നിന്നും ആശയഭാവനയുണ്ടാകുന്നുണ്ടോ എന്നാണു സംശയം.

ശലാക എന്നുപറഞ്ഞാൽ ഇരുമ്പുവടി, കുന്തം, സൂചി, പല്ലുകുത്തി എന്നൊക്കെയാണു. കവി ഉദ്ദേശിക്കുന്നതു ഇരുമ്പുവടിയാണെങ്കിൽ കുഴഞ്ഞൂ. പഴുപ്പിച്ച ഇരുമ്പുവടികൊണ്ടുള്ള ചുംബനം. ആഹാ! അതു കിട്ടുന്ന കാമുകഹൃദയം എങ്ങനെയിരിക്കും. നേരെ ആശുപത്രിയിലേക്ക് ഓടില്ലെ.
പഞ്ചവർണ്ണക്കിളി എന്നൊരു അർത്ഥവും ശ്രീകണ്ഠേശ്വരം ശലാകയ്ക്കു കൊടുക്കുന്നുണ്ട്. അഗ്നിയാണു പഞ്ചവർണ്ണക്കിളികളായി വരുന്നതെങ്കിലും വ്യത്യസമൊന്നുമില്ല. നല്ല തീച്ചുംബനം. മുഖത്തിന്റെ ഷേപ്പ് മാറും.

ആധുനികകവിയുടെ പ്രാണസഖി ആളുകൊള്ളാം. ഒന്നുകിൽ പഴുപ്പിച്ച ഇരുമ്പുകമ്പിക്കുള്ള പ്രയോഗം. അല്ലെങ്കിൽ തീച്ചുണ്ടുമായി വന്നൊരു കൊത്തിപ്പറിക്കൽ. കമിതാവ് ആശുപത്രിയിലും! ഇതായിരിക്കുമോ ബ്ലാക് ലവ്! അതായതു ബ്ലാക്ക് ഹ്യൂമർ പോലെ?
മനീഷീകളായ ഭാരതീയ കവികൾ ‘വിഭാവന’ എന്ന അലങ്കാരം തന്മയത്വത്തോടെ ഉപയോഗിച്ചു വിജയിച്ചിട്ടുണ്ട്. കാമദേവൻ എന്ന ബിംബം അതിന്റെ ഉദഹരണമാണു. പൂക്കൾ കൊണ്ട് അമ്പെയ്തു കീഴ്പെടുത്തുന്ന യോദ്ധാവ്. പ്രചീനകവികൾ അനംഗൻ എന്നാണു കാമനെ വിളിക്കുന്നതു. അയാൾക്ക് ശരീരമില്ല. അയാൾ ഉപയോഗിക്കുന്ന വില്ലു പൂക്കൾ കൊണ്ടുണ്ടാക്കിയതും ഞാൺ കരിവണ്ടിൻ ശൃംഗലയുമാണു. വലിക്കാനോ, കുലയ്ക്കാനോ കഴിയുന്നവിധത്തിലുള്ള ഒരു ഉപകരണമല്ല പൂവില്ല്. തമ്മിൽ ചേർച്ചയില്ലാതെ അനങ്ങിക്കൊണ്ടിരിക്കുന്ന വണ്ടുകളുടെ ഞാണിൽ പൂവമ്പ് തൊടുക്കാനും കഴിയില്ല. എങ്കിലും ആ ഭാവനയിലെ ഹൃദ്യത അനുവാചകർ ഉൾക്കൊള്ളുന്നു. ഇവിടെയാണു കവിത്വം പ്രകാശിക്കുന്നതു. അതിനുപയോഗിക്കുന്നതു വിഭാവന എന്ന അലങ്കാരവും. ‘കാരണേന വിനാ കാര്യോത്പത്തിർവ്വിഭാവന’ എന്നു വിഭാവനയുടെ ലക്ഷണം.
അനംഗത്വത്തേയും പൂവമ്പാദി അകാരണത്വത്തേയും ഏതുകൃപയുടെ കടാക്ഷത്തിലാണു ലയിപ്പിക്കുന്നതെന്നു മനസിലാക്കുമ്പോഴാണു ആ മനീഷികളുടെ പ്രതിഭയുടെ മഹത്വം തിരിച്ചറിയുന്നതു. അപ്പോഴാണു സഹിതത്വമുണ്ടാകുന്നതും രചനകൾ സാഹിത്യമായി മാറുന്നതും.

ആധുനികകവികൾ ആർജ്ജിക്കേണ്ടത് ആ മനീഷിത്വമാണു. അതിനു പ്രാചീനകവികളുടെ രചനകളിലൂടെ നടന്നു നോക്കണം. ഇല്ലെങ്കിൽ നൂറ്റാണ്ടുകൾ കഴിയുമ്പോൾ ലോകം പറയും എഴുത്തച്ഛനും ചെറുശ്ശേരിക്കും ശേഷം മലയാളത്തിൽ കവികളോ കവിതയോ ഉണ്ടായിട്ടില്ലെന്നു. ഇടയ്ക്ക് പൂന്താനത്തെപ്പോലെ ചില മിന്നലാട്ടങ്ങൾ കണ്ടു. പിന്നെ ആശാൻ, ഉള്ളൂർ, വള്ളത്തോൾ എന്നവരെപ്പോലെ ചില മിന്നാമിനുങ്ങുകളുമുണ്ടായി. ബാക്കികാലം ശൂന്യമായിരുന്നു

Friday, September 12, 2014

ബ്രഹ്മപ്പുലയൻ

എന്തുകൊണ്ടാണു ഈ നായരേയും നമ്പൂതിരിയേയുമൊക്കെ സവർണ്ണൻ എന്നും മേലാളൻ എന്നുമൊക്കെ വിളിക്കുന്നതു? ഉത്സാഹക്കമ്മിറ്റിക്കാർ ആരോപിക്കുന്ന പോലെ എക്കണോമിയും പവറും കൊണ്ടായിരിക്കും. പക്ഷെ ഈ എക്കണോമി ഒരു ദിവസം കൊണ്ടൊന്നുമായിരിക്കില്ല അവർ നേടിയതു. പ്രകൃതിവാസികളിൽ തന്നെ ഒരു വിഭാഗം സമ്പത്തു കൂട്ടിത്തുടങ്ങിയപ്പോൾ തങ്ങളുടെ പൂർവ്വികരിൽ നിന്നും വേറിട്ടതാണെന്നു കാണിക്കാൻ നായർ, മേനോൻ, നമ്പ്യാർ എന്നൊക്കെ രാജാവിൽ നിന്നോ ദേശപ്രമാണിയിൽ നിന്നോ നോട്ടിഫൈ ചെയ്തുവാങ്ങിയിരിക്കണം. അന്നത്തെ പട്ടികവർഗ്ഗക്കാർ. എന്തായാലും ആദിയിൽ പ്രകൃതിവാസികൾ മാത്രമേ ഉണ്ടായിരുന്നുള്ളു. സംശയമുണ്ടോ? ഏതു നായരുണ്ട് വെളുത്തു തുടുത്തു? കറുത്ത എത്ര നമ്പൂതിരിമാരെ കാണിച്ചു തരണം. എല്ലാം ഹാഫ് ബേക്ക്ഡാണു. എല്ലാറ്റിനും ഒരു തരം കരുവാളിച്ച കറുപ്പാണു. അവർ പിന്നീട് ദുഷിച്ച് പ്രകൃതിവാസികളെ കീഴ്പ്പെടുത്തിക്കാണും.
കാലം ഒരു ചുറ്റുകറങ്ങിയപ്പോൾ അവശിഷ്ട പ്രകൃതിവാസികൾക്കു പ്രാബല്യം വീണ്ടും വന്നു തുടങ്ങി. പവറും ഇക്കണോമിയും അവരിലേക്ക് ചെല്ലാനാരംഭിച്ചു. അതിനെ സഹായിക്കാൻ സവർണ്ണനും കൂടിച്ചേർന്നു നിയമങ്ങൾ നിർമ്മിച്ചു. ജനിതകമായ ഒരു ഉൾവലി! മൂടുമറക്കരുതല്ലോ. ശ്വാസം ഉള്ളിൽ ചെന്നു മുകളിലേക്ക് ഉയരുന്നതുപോലെയാണു ഈ പരിണാമം. ഇനി പ്രകൃതിവാസികൾ കൂടുതൽ പ്രാബല്യം നേടും. അപ്പോൾ അവരെ അവശിഷ്ടസവർണ്ണനിൽ നിന്നും എങ്ങനെ തിരിച്ചറിയണം?
എനിക്ക് ഇഷ്ടമായതു അഡ്വ.സജി ചേരമന്റെ മാതൃകയാണു. പേരിനൊപ്പം പാരമ്പര്യം സൂചിപ്പിക്കുന്ന മാതൃക. സ്വന്തം പാരമ്പര്യത്തെ തിരിച്ചറിയാനും അഭിമാനം കൊള്ളാനും പ്രകൃതിവാസികൾ എന്നാണു ഇനി പഠിക്കുക. അല്ലാതെ സവർണ്ണൻ ഇകഴ്ത്തി എന്നു പറഞ്ഞ് അതാവർത്തിച്ച് അമർഷം കൊള്ളുകയല്ല വേണ്ടതു. പാരമ്പര്യത്തിലുള്ള മാഹാത്മ്യത്തെ ഉയർത്തിപ്പിടിക്കണം. അതിനെ പ്രമോട്ട് ചെയ്യണം.
എന്റെ സ്നേഹിതൻ ഉത്തമൻ പറയുന്നതു പോലെ : “ഞാനാടാ ബ്രഹ്മപ്പുലൻ. നീയൊക്കെ വെറും ശുദ്രൻ.. നായര്”. കാപ്പിക്കടയിലും കലുങ്കിലുമിരുന്നു വഴിയെ പോകുന്ന നായരുടെ കോണകത്തെ കളിയാക്കുന്നതിനു പകരം എന്നാണു ഈ ആർജ്ജവവുമായി പ്രകൃതിവാസി മുന്നോട്ടുവരിക?

Thursday, September 11, 2014

അഭിമുഖം

രാവിലെ വെറുതെ മുറ്റത്തിറങ്ങിയതാണു. പ്രപഞ്ചം എങ്ങനെയിരിക്കുന്നു എന്നറിഞ്ഞാലല്ലെ സ്റ്റാറ്റസ്സിടാൻ പറ്റു? അപ്പോഴാണു അണ്ണാൻ സാഹിബ്ബുമായി സന്ധിച്ചതു. ഇന്നത്തെ ഇര ഇവൻ തന്നെ എന്നു മനസിൽ കണക്കുകൂട്ടി. മേൽ‌പ്പടിയാൻ ഒരു നോൺ‌വർക്കി അല്ലാത്തതിനാൽ രാവിലെ തന്നെ പണിതുടങ്ങിയിരുന്നു. പുള്ളിയുടെ കാലത്തെ മെനു എന്താണെന്നു മനസിലായില്ല. വാഴക്കൂമ്പിലൂടെ ഊർന്നിറങ്ങി തെങ്ങിൻ ചുവട്ടിലേക്ക് ഒരു ചാട്ടം. അവിടെ എന്തൊക്കെയോ പരതിയിട്ട് പൂവരശിൽ കയറിയിരുന്നു. അപ്പോഴായിരുന്നു അഭിമുഖം.

അഭിമുഖത്തിനു വന്നതാണെന്നു പറഞ്ഞപ്പോൾ ‘ഈ മൻസ്യന്മാർക്ക് വേറെ പണിയൊന്നുമില്ലെ’ എന്നു പറഞ്ഞ് ചിൽ..ഛിൽ എന്നൊന്നു ചിരിച്ചു. മനുഷ്യൻ മാദ്ധ്യമത്തോടായിരുന്നു ആ ചിരി ചിരിച്ചതെങ്കിൽ ഒരു നൂറ്റാണ്ട് കാലത്തേക്കു മാദ്ധ്യമങ്ങൾ അവനെ തമസ്കരിച്ചേനെ. അത്ര പുച്ഛമാണു ഈ അഭിമുഖകാരനോട് അണ്ണൻ കാട്ടിയതു.
- ഹേ, മനുഷ്യാ നിങ്ങളീ പോസ്റ്റുമെഴുതി, ചർച്ചയും നടത്തി വെറും നോൺ‌വർക്കിയായി നടക്കുന്നതെന്തിനാണു. വയറുകായാത്തതാണു കാരണം. ഇതൊക്കെ ഒരു പ്രവർത്തനമാണെന്നു നിങ്ങൾ വാദിച്ചേക്കാം. അതു കേൾകുമ്പോൾ എനിക്ക് പുച്ഛമാണു. മറ്റൊരാളെ ഇന്നേവരെ ശാന്തമാക്കാനോ ഉത്തേജിപ്പിക്കാനോ നിങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടോ? എന്തോരം പോസ്റ്റുകളാണു ഈ സോഷ്യൽ മീഡിയ പ്രസവിക്കുന്നതു. എന്നിട്ട് ലോകത്തിനു എന്തെങ്കിലും സമാധാനം ഉണ്ടായിട്ടുണ്ടോ?

- എഗ്രീഡ്

- ഞങ്ങളുടെ ലോകം നോക്കൂ.... ഞങ്ങൾ ഉള്ളിൽ നിന്നാണു ഈ ലോകത്തെ നോക്കുന്നതു. ആദ്യം കാണുന്നതു വിശപ്പാണു. അതിനുള്ള വഴി കണ്ടുപിടിക്കും. നിങ്ങളുടെ ഉപദ്രവമുണ്ടായിരുന്നില്ലെങ്കിൽ ഈ ജന്തുജാലത്തിനു മുഴുവൻ സുഭിക്ഷമായി തിന്നാനുള്ളതു ഈ ലോകത്തുണ്ടാകുമാ‍ായിരുന്നു. നിങ്ങൾക്കും. ഞങ്ങൾ അതു അത്യാവശ്യത്തിനു മാത്രം എടുക്കുന്നു. പരമാവധി ഷേർ ചെയ്യുന്നു. അടുത്തതലമുറ വേണമെന്നു തോന്നുമ്പോൾ ഇണചേരുന്നു. ചെറുതാണെങ്കിലും മനസിന്റെ വ്യാപ്തിയിലാണു ഞങ്ങളൊക്കെ ജീവിക്കുന്നതു. നിങ്ങളോ...

- സമ്മതിച്ചു. അപ്പോൾ, വികസിച്ച ഒരു തലച്ചോറുണ്ടായതാണോ മനുഷ്യന്റെ കുഴപ്പം?

- എന്തു വികസിച്ച തലച്ചോറ്? കുരുട്ടുബുദ്ധികളല്ലെ അതിൽ നിറയെ? അതാണോ വികാസം? സുതാര്യമായും നേർമ്മയോടും പെരുമാറുന്ന എത്ര മനുഷ്യരുണ്ട്? പ്രത്യേകിച്ചും പഠിപ്പൊക്കെയുള്ളവരുടെയിടയിൽ? മനുഷ്യനായി ജനിച്ച നിങ്ങൾക്ക് എന്തെങ്കിലും ഒരു സ്ഥായിയായ ലക്ഷ്യമുണ്ടോ? ജീവിതത്തിൽ? എല്ലാം താൽകാലികവും മാറിക്കൊണ്ടിരിക്കുന്നതുമല്ലെ? ഒരു സമാഹൃത ഉന്നത്തിലേക്ക് മനുഷ്യരാശി ഒന്നിച്ചു നീങ്ങുന്നതു നിങ്ങൾക്കു എവിടെയേലും കാണിച്ചുതരാൻ കഴിയുമോ? അത്യാവശ്യം നിങ്ങളാരാണെന്ന ബോധമെങ്കിലും ഉണ്ടോ? ഉറക്കമെണീറ്റാൽ കുന്നായ്മ ചിന്തിക്കുന്നതല്ലാതെ ഞാൻ എന്താണു? ഈ ശരീരം എങ്ങനെ കിട്ടി? അതിനു എന്താണു ആവശ്യം. ഈ പ്രപഞ്ചത്തെ അലോസരപ്പെടുത്താതെ അതെങ്ങനെ നേടാം. എന്നു വല്ലോമാണോ ചിന്ത? അവനവൻ ആരാണെന്നു തിരിച്ചറിയുക എന്നതല്ലെ ജിവിതനിയോഗം....

- ആളു പണ്ഡിതനാണല്ലോ

- ഇതാണു മനുഷ്യന്റെ കുഴപ്പം. സ്വന്തം ഈഗോയിൽ തട്ടിയാൽ ഉടൻ പരിഹാസം. അതിന്റെ പിന്നിൽ ഈർഷ്യയുണ്ട്. അതു പകയാകും. പിന്നെ എല്ലാം നശിപ്പിക്കണം. ശരി, നടക്കട്ടെ. ഇനിപോയി ഈ ലോകം നശിപ്പിക്കാനുള്ള നടപടി തുടങ്ങൂ. കാലത്തെയുള്ള എന്റെ മെനുവിലെ ഒരു ഐറ്റം കിട്ടാനുണ്ട്. ദാ, അതവിടെ കിടപ്പുണ്ട്. പക്ഷെ നിങ്ങളോട് സംസാരിച്ചിരിക്കുന്നതിനിടയിൽ ഒരു പറ്റം ഉറുമ്പുകൾ അതു ലക്ഷ്യം വച്ചു വരുന്നതു കണ്ടു. അവറ്റ കഷ്ടപ്പെട്ടു വരികയല്ലെ. എടുത്തോട്ടെ. ഞാൻ വേറെ കണ്ടുപിടിച്ചോളാം. അപ്പോൾ ബൈ.....

- ഒരു ഫോട്ടോ?

- ചിൽ...ഛിൽ......

വീണ്ടും അതേ പരിഹാസം.

Tuesday, September 9, 2014

ആദിവാസികളോട് സമതലങ്ങൾ ചെയ്യുന്നതു

ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള ആദിവാസികളാണു ഈ ഭൂമിയുടെ യഥാർത്ഥ അവകാശികൾ. സമതല മനുഷ്യനേക്കാൾ എന്തുകൊണ്ടും അവർ വളരെ മുകളിലുമാണു. എന്നാൽ ആധുനികർ അവരെക്കാണുന്നതു പ്രാകൃതരായിട്ടാണു. അതിനുകാരണം ചൂഷണോന്മുഖമായ ആധുനികന്റെ വിദ്യാഭ്യാസമാണു. ആധുനികൻ വിദ്യാഭ്യാസത്തിലൂടെ വളർത്തിക്കൊണ്ടുവന്ന ഒരു ജീവിതമാതൃകയുണ്ട്. അതുമാത്രമാണ് ശരിയെന്ന ആധുനികന്റെ അഹന്തയാണു ആദിവാസിക്കു ഇപ്പോൾ ദുരന്തമായിരിക്കുന്നതു.

പ്രകൃതിയുമായി നേരിട്ടു സംവദിക്കാൻ കഴിയുന്ന ആദിവാസി സമൂഹം ഈ യുഗത്തിലും ആധുനികനു അത്ഭുതമാണു. തന്നെപ്പോലെയല്ല ആദിവാസി ജീവിക്കുന്നതു. അതുകൊണ്ട് അവന്റെ ജീവിതം പരിമിതവും പ്രാകൃതവുമാണെന്നാണു ആധുനികന്റെ വാദം. ഈ നിഗമനം ആദിവാസികളുടെ തലത്തിൽ നിന്നും പഠിച്ചിട്ടുണ്ടായതല്ല.

ആദിവാസിസ്വത്തു തനിക്കുകൂടി അവകാശപ്പെട്ടതാണെന്നു ഓരോ ആധുനികനും വിചാരിക്കുന്നു. എന്നാൽ താൻ കൈവശം വച്ചിരിക്കുന്നതു എപ്പോഴും തന്റേതു മാത്രവുമായിരിക്കും. അതിന്റെ കാര്യം വരുമ്പോൾ ആധുനികൻ അവന്റെ അദ്ധ്യാനത്തിന്റെ കണക്കു പറയും. എന്നാൽ ആദിവാസി പ്രകൃതിയെ സംരക്ഷിക്കുന്നതിന്റെ കണക്കൊട്ട് എടുക്കുകയുമില്ല. പ്രകൃതി നൽകിയ സമ്പത്തു ചൂഷണം ചെയ്തും ധൂർത്തടിച്ചും തീർത്തകൂട്ടത്തിലാണു ആധുനികൻ. കൂടുതൽ ചൂഷണത്തിനാണു അവൻ മലകയറിയതു. എന്നാൽ സമതലത്തിൽ തനിക്ക് അവകാശപ്പെട്ടതു പകരം കൊടുക്കാനും തയ്യാറല്ല. തനിക്കു വേണ്ടി ആദിവാസി ചുരുങ്ങണം എന്നാണു നാട്ടുകാരുടെ മനോഭാവം.

റബ്ബർ, ചായത്തോട്ടങ്ങളുടെ നിർമ്മാണത്തിനു ബ്രിട്ടീഷുകാരും സിൽബന്ധികളുമാണു ആദ്യമായി ആദിവാസി ഭൂമി കയ്യേറാൻ തുടങ്ങിയതു. അതൊന്നും വിശപ്പടക്കാനായിരുന്നില്ല. കൂടുതൽ മിച്ചമൂലധനം ഉണ്ടാക്കി പ്രഭുക്കന്മാരകാൻ ആയിരുന്നു. അങ്ങനെ കാടുകേറിയവരാണു ആദിവാസികളുടെ ജീവിതം നികൃഷ്ടമാണെന്നു പറഞ്ഞതു. തങ്ങൾക്ക് പിടിച്ചു നിൽക്കാനാവാത്ത പലപ്രതിഭാസങ്ങളും കുടിയേറ്റക്കാർ അവിടെ കണ്ടു. കുത്തുകയറ്റങ്ങൾ. അവിചാരിതമായ പ്രകൃതിക്ഷോഭങ്ങൾ. കാട്ടുമൃഗങ്ങൾ. മലമ്പനിപോലുള്ള രോഗങ്ങൾ.... തങ്ങൾക്ക് ഭീകരമായതു ആദിവാസികൾക്കും ഭീകരമാണെന്നു അവരങ്ങുറപ്പിച്ചു. അപ്പോൾ പിന്നെ കാട്ടുവെട്ടലായി, വേട്ടയാടലായി, അണകെട്ടലായി, റോഡു നിർമ്മാണമായി. കുടിയേറ്റക്കാർക്കു വേണ്ടിയുള്ള മെഡിക്കൽ കിറ്റുകളുമായി കയറിയ സന്നദ്ധസേവകർ അതു ആദിവാസികളിലും പ്രയോഗിച്ചു. തങ്ങളെ നശിപ്പിച്ച വിദ്യാഭ്യാസം ആദിവാസികളും പഠിക്കണമെന്നു നിർബ്ബന്ധിച്ചു. അതാണു പുരോഗമനപരം എന്നു പ്രചരിപ്പിച്ചു. ഇതിനൊന്നും സമതലത്തിൽ പകരം കൊടുക്കാൻ അവർ ഒട്ടു തയ്യാറുമായില്ല. ആദിവാസികളെ നശിപ്പിക്കുക എന്നതു തന്നെയായിരുന്നു പാശ്ചാത്യ അജണ്ട. സ്വാതന്ത്ര്യാനാന്തരവും അതു തുടർന്നു. അതു മനുഷ്യരാശിയുടെ അവസാനത്തോടെയേ തീരു.

ആഗോളീകരണം വന്നപ്പോൾ ആദിവാസി ചൂഷണം മറ്റൊരു തലത്തിലേക്ക് വളർന്നു. മെഡിക്കൽ ഗവേഷണം. സമതലവാസികൾക്ക് എത്രയൊക്കെ ശാസ്ത്രീയമായി ജിവിച്ചിട്ടും ആരോഗ്യത്തോടെ ഇരിക്കാൻ കഴിയുന്നില്ല. ആളുകൾക്ക് അനവധി രോഗങ്ങൾ. എന്നാൽ ഒരുപാട് പ്രാതികൂല്യങ്ങളെ നേരിട്ടിട്ടും ആദിവാസികൾ പിടിച്ചു നിൽക്കുന്നു. അതവരുടെ ജനിതകഘടനയുടെ സവിശേഷത കൊണ്ടാണെന്നു നാടൻ കൌശലക്കാർ മനസിലാക്കി. എങ്കിൽ അവരിൽ പരീക്ഷണം നടത്തി അതിന്റെ ഗുട്ടൻസ് പിടിച്ചെടുക്കണം. അതിനു ഫണ്ടുകൾ ഉണ്ടായി. സഹായിക്കാൻ NGO കൾ രംഗത്തിറങ്ങി. ഇതിനൊക്കെ ആതുരശുശ്രൂഷയുടേയും, സാമൂഹിക സേവനത്തിന്റെയും, ആധുനികവൽക്കരണത്തിന്റെയും നിറം കൊടുത്തു. ഇന്നു ആദിവാസി മേഖലയിലുള്ള ഒട്ടുമിക്ക NGO കളും ഈ ഗൂഡലക്ഷ്യത്തോടെയാണു പ്രവർത്തിക്കുന്നതെന്നു അന്വേഷിച്ചാൽ കണ്ടെത്തും. ആദിവാസി സ്നേഹവും അതിന്റെ പൊളിറ്റിക്സും അതിനൊരു മറമാത്രം. ഏറ്റവുമൊടുവിൽ NGO കൾ ആദിവാസി മേഖലയിൽ തേടുന്നതു ഉദ്ധാരണശേഷിക്കുള്ള മരുന്നുകളാണെന്നതാണു തമാശ. ക്ലീബത്വമുള്ളവർക്ക് ഇതിൽ ഉത്സാഹം കൂടും. അതു കാണാനുണ്ട്. പോരാത്തതിനു സ്വദേശത്തും വിദേശത്തും അതിനുള്ള സ്കോപ്പ്.

ഇവിടെ സർക്കാർ ഇടപെടേണ്ടതാണു. ആദിവാസികളിൽ നിന്നും അതു ശേഖരിച്ച് സർക്കാർ പ്രമോട്ട് ചെയ്യണം. ഇപ്പോൾ മാർക്കറ്റിലുള്ള അത്തരം മരുന്നുകൾക്ക് ഫലപ്രാപ്തി തീരെക്കുറവാണു. ആദിവാസി മരുന്നിനു നല്ല റിസൾട്ടു കിട്ടും. അല്ലെങ്കിൽ ഈ NGO കൾ ഇങ്ങനെ ആദിവാസിപ്രേമികളാവില്ലല്ലോ. അതിൽ നിന്നും വലിയ റെവന്യൂ കിട്ടും. അതു ആദിവാസിക്ഷേമത്തിനു ഉപയോഗിച്ചാൽ മതി. ക്ഷേമം എന്നതു കൊണ്ടുദ്ദേശിക്കുന്നതു, തനതു രീതിയിൽ അവർക്കു ജീവിക്കാനുള്ള സൌകര്യമുണ്ടാക്കിക്കൊടുക്കുക എന്നതാണു. അധികവരുമാനം സർക്കാരിനെടുക്കാം. അത് ചെറുതൊന്നുമായിരിക്കില്ല.

Sunday, September 7, 2014

കേശവാനന്ദ ഭാരതി : ഫെഡറലിസത്തെ ഉയർത്തിപ്പിടിച്ച ഇന്ത്യൻ സന്യാസി

ഗവർണ്ണറായി ജ.പി.സദാശിവം നിയമിക്കപ്പെടുമ്പോൾ ഉയരുന്ന ചോദ്യങ്ങൾ ഭരണഘടയുടെ പരമോന്നസ്ഥാനം, പാർലിമെന്റിന്റെ പരിധി, ഇന്ത്യൻ ജുഡീഷ്യറിയുടെ കരുത്തു ഇവയിലേക്ക് വീണ്ടും ഒരിക്കൽക്കൂടി കൂട്ടിക്കൊണ്ടുപോകുന്നു.
സദാശിവത്തിന്റെ നിയമനത്തിൽ ഭരണഘടനാപരമായ അപാകത ആരും കാണുന്നില്ല. എല്ലാവരും ധാർമ്മികതലത്തിൽ നിന്നാണു വിമർശിക്കുന്നതു. ഇതെങ്ങനെ ഇത്ര പെട്ടെന്നു ഇന്ത്യൻ രാഷ്ട്രീയം ധാർമ്മികതയിലേക്ക് ഉയർന്നു?

തനിക്കെതിരേ അസുഖകരമായ കോടതിവിധികൾ ഉയർന്നുവരാൻ തുടങ്ങിയപ്പോൾ പ്രധാനമന്ത്രിപദത്തിനു പരിരക്ഷ ഉറപ്പുവരുത്താൻ വേണ്ടി ശ്രീമതി. ഇന്ദിരാഗാന്ധി ഭരണഘടന ഭേദഗതി ചെയ്യാൻ ശ്രമിച്ചു. ഭരണഘടനയുടെ 368ആം വകുപ്പുപ്രകാരാം ഇന്ത്യൻ പാർലിമെന്റിനു അനന്തമായ അധികാരമുണ്ട്. ഭരണഘടനയിൽ മാറ്റം വരുത്താം. പക്ഷെ അതെത്രമാത്രം. ചോദ്യമതാണു. ജനാധിപത്യത്തിനു അടിസ്ഥാനമായ ഈ ഭരണഘടന തിരുത്തിത്തിരുത്തി ഏകാധിപത്യത്തിൽ എത്തിക്കാൻ കഴിയുമോ? കേശവാനന്ദഭാരതി കേസിൽ ഇന്ത്യയുടെ പരമോന്നത നീതിന്യായപീഠം പരിശോധിച്ചതു അതാണു. സുപ്രീം കോടതി എത്തിച്ചേർന്ന നിഗമനം : ‘ഭരണഘടനയുടെ അന്തസത്തയ്ക്ക് കോട്ടമുണ്ടാകാത്ത തരത്തിലെ മാറ്റങ്ങൾ പാടുള്ളു’. അതായതു അംബേദ്കർ, പട്ടേൽ, നെഹൃ തുടങ്ങിയവരുടെ സ്വപ്നങ്ങൾക്കപ്പുറം ഒരു ഭരണാധികാരിക്കും ഇന്ത്യയിൽ സ്കോപ്പില്ല.
ഭരണഘടനയ്ക്കുള്ളിൽ നിന്നുകൊണ്ട് ഭരണകൂടത്തോട് യോജിച്ചുപോകുന്ന ഒരു നിലപാടാണു ഇന്ത്യൻ നീതിന്യായവ്യവസ്ഥയുടെ അടിസ്ഥാനം. നിയമങ്ങൾ ഉണ്ടാക്കുന്നതു ജനകീയ സഭകളാണു. അതിനെ വ്യാഖ്യാനിക്കുകയും തെളിവുകളുടെ അടിസ്ഥാനത്തിൽ വിധികൾ പറയുകയും ചെയ്യുന്നതാണു കോടതികളുടെ ചുമതല. വിധിന്യായം നടപ്പിലാക്കേണ്ടതു എക്സിക്യൂട്ടീവാണു. കോടതിയും ജനസഭകളും അതിനെ നിരീക്ഷിക്കുന്നു. ശിക്ഷവിധിച്ചു കഴിഞ്ഞാൽ സ്റ്റേറ്റിന്റെ ചെലവിൽ എക്സിക്യൂട്ടീവ് അതു നടപ്പാക്കും. ഇതിൽ ഒരു ന്യായാധിപനു ഭരണഘടനയുടെ കാവലാൾ എന്നതിൽ കവിഞ്ഞ് എന്തു വ്യക്തിപരമായ ധാർമ്മിക ഉപയോഗിക്കാൻ കഴിയും? ജഡ്ജിയെന്ന ഭരണഘടനാ സ്ഥാനമല്ലെ വ്യക്തിയേക്കാൾ മുകളിൽ നിൽക്കുന്നതു? അതിനു പുറത്തുവരുമ്പോൾ ആ വ്യക്തി ഇന്ത്യൻ പൌരനായി എല്ലാ തത്ത്വങ്ങൾക്കും മീതേ ഉയരുകയാണു. അങ്ങനെയുമാണല്ലോ വേണ്ടതു.
മറിച്ചുള്ള വാദങ്ങൾ അതീതചിന്തകളിൽ നിന്നു ഉടലെടുക്കുന്നതാണു. ജൂറി സിസ്റ്റമുള്ള ഒരു രാഷ്ടത്തിലേ ഒരു ന്യായാധിപനു വ്യക്തിപരമായ സവിശേഷത സൂക്ഷിക്കേണ്ടതുള്ളു. 1950കളിൽ തന്നെ നാം ജൂറിസിസ്റ്റം ഉപേക്ഷിച്ചു കഴിഞ്ഞതാണു. ജൂറിസിസ്റ്റത്തിലെ ഒരു ജഡ്ജി വ്യക്തിനിഷ്ഠമായി അദ്ദേഹം തീർപ്പുകൽ‌പ്പിച്ച വിധികളുടെ ഭാണ്ഡവുമായി ഏകാന്തത്തിൽ കഴിഞ്ഞുകൂടണം. അതിൽ യുക്തിയുണ്ട്. എന്നാൽ ഇന്ത്യൻ അവസ്ഥ അതല്ലല്ലോ.
വേറൊന്നുള്ളതു ഒരു ന്യായാധിപൻ തന്റെ സ്ഥാനമുപേക്ഷിച്ചുകഴിഞ്ഞാൽ ഏകാന്തത്തിലേക്കു പോകണമെന്നു പറയുന്നതു മനുവിന്റെ സിദ്ധാന്തമാണു. ദൈവത്തിന്റെ പ്രതിപുരുഷനാണു മനുവിന്റെ രാജാവ്. ആ രാജാവു തന്നെയാണു ന്യായാധിപനും. ന്യായചർച്ചകൾക്കുശേഷം രാജാവ് വിധിപറയും. അതു കല്ലേപ്പിളർക്കുന്നതുമായിരിക്കും. ഇന്ത്യൻ ന്യായാസനങ്ങളെ ആ തലത്തിലേക്കു ഉയർത്തിയാണു കാണുന്നതെങ്കിൽ സന്തോഷം. പക്ഷെ അപ്പോൾ ഒരാളെ ജഡ്ജിയായി നിയമിച്ചാൽ അദ്ദേഹത്തെ മരിക്കുന്നതുവരെ ആ സ്ഥാനത്തു തുടരാനും അനുവദിക്കണം. റിട്ടയർമെന്റോ, ഇമ്പീച്ച്മെന്റോ പാടില്ല. അല്ലെങ്കിൽ അദ്ദേഹമെങ്ങനെ സ്വതന്ത്രമായി പ്രവർത്തിക്കും?
ചൊറി : ഇന്ത്യൻ ഫെഡറലിസത്തെ ഉയർത്തിപ്പിടിക്കാനും ഒരു ഇന്ത്യൻ സന്യാസി തന്നെ വേണ്ടി വന്നു. ഹും!

Saturday, September 6, 2014

ഓണം

ഇന്നു നാം ആഘോഴഷിക്കുന്ന പോലെയൊരു ഇവന്റ് ആയിരുന്നില്ല ഓണം.

കർക്കിടകമഴ കഴിഞ്ഞ് സൂര്യൻ ചിങ്ങം രാശിയിൽ പ്രവേശിക്കുമ്പോൾ വെയിൽ തെളിഞ്ഞു തുടങ്ങും. വളരെ സൂക്ഷിക്കേണ്ട ഒരു ഋതുസംക്രമണമാണതു. ശുചിത്വവും കർമ്മകുശലതയുമാണു അവിടെ പ്രധാനം. ശുചിത്വം കൊണ്ടേ ആരോഗ്യമുണ്ടാകു. കർമ്മകുശലതയുണ്ടെങ്കിലേ ജീവിതമുള്ളു. അതു രണ്ടും പണ്ട് മലയാളിക്ക് അറിയാമായിരുന്നു. അതു കൊണ്ട് ചിങ്ങമാസത്തിന്റെ ആദ്യഭാഗത്തു അതിനുള്ള ഒരു കർമ്മപദ്ധതി ആവിഷ്കരിച്ചു. പത്തുനാൾ നീണ്ടുനിൽക്കുന്ന ഒരു യത്നം. കർക്കിടകത്തിന്റെ ദൈന്യത്തിൽ നിന്നും കർമ്മകുശലതയുടെ തെളിച്ചത്തിലേക്കൊരു സടകുടയൽ!! അത്തം തുടങ്ങി തിരുവോണം പത്തുനാൾ. അല്ലാതെ ഇന്നത്തേപ്പോലെ ഒരു വ്യാപാരോത്സവമല്ല, ഓണം.

തകർത്തുപെയ്ത മഴയിൽ വീട്ടിനുള്ളിലും പറമ്പിലും കുറേ കെടുതികൾ ഉണ്ടാക്കിയിട്ടുണ്ടാകും. കയ്യാലകൾക്കും, മുരിപ്പുകൾക്കും മഴവരുത്തിയ കേടുപാടുകൾ തീർക്കുകയാണു ആദ്യപണി. പിന്നെ വീട്ടുമുറ്റത്തു കയറിയ കാടുകൾ വെട്ടിവെടുപ്പാക്കണം. ആദ്യത്തെപ്പണി അവന്റെ കർമ്മകാണ്ഡവുമായി ബന്ധപ്പെട്ടതാണു. കൃഷിതന്നെ ജീവിതമായിരുന്ന ഒരു സമൂഹത്തിൽ കൃഷിയിടങ്ങൾ സൂക്ഷിക്കുക പ്രധാനമാണു. അതിന്റെ ഭാഗമായാണു തൂർന്ന മുരിപ്പുകൾ ശരിയാക്കുന്നതും കയ്യാലയിലെ ഇളകിയ കല്ലുകൾ ഉറപ്പിച്ചുവക്കുന്നതും മറ്റും. മഴയെത്തുടർന്നു മുറ്റത്തു കിളിച്ചുപൊന്തിയ കാടുകൾ നീക്കം ചെയ്യുന്നതു മലയാളിയുടെ ബാഹ്യശുചിത്വത്തിന്റെ ഭാഗമാണു. ചപ്പും കുപ്പയും നീക്കം ചെയ്തു വീടും ചുറ്റുപാടും വെടിപ്പായി സൂക്ഷിക്കണമെന്നു അവനു നിർബ്ബന്ധമുണ്ട്. അല്ലെങ്കിൽ ആരോഗ്യം പോകും. ആരോഗ്യമില്ലെങ്കിൽ വേറെന്തും ഉണ്ടായാലും പ്രയോജനമില്ല.

ആരോഗ്യം സൂക്ഷിക്കാൻ വീടും ശുചിയാക്കണം. മഴക്കാലത്തെ ഈർപ്പം മുഴുവൻ വീടിനുള്ളിൽ കാണും. സൂര്യനു ചൂടുപിടിക്കുന്നതോടെ അതു മാറാൻ തുടങ്ങും. ചൂടുപിടിക്കുന്നതോടെ തണുപ്പിൽ സ്വസ്ഥാമായിരുന്ന ചെറുജീവികൾ പുറത്തുവരാൻ തുടങ്ങും. അവയെ നിയന്ത്രിക്കണം. അതിനായി വീടിനുള്ളിലെ മുക്കും മൂലയും വരെ അടിച്ചുവാരണം. തറ ചാണകം കുഴച്ചു മെഴുകണം. പൊടി തുടച്ചുകളയണം. വേണ്ടാന്തസാധനങ്ങൾ തീയിടും. കീറിപ്പറിഞ്ഞ പായും, കരിമ്പനടിച്ച തുണികളും ഉപേക്ഷിക്കും. ഒരുതരം വാർഷിക മരാമത്താണതു. അതിന്റെ നേതൃത്വം സ്ത്രീകൾക്കാണു.

ഇതൊക്കെ നടക്കുമ്പോൾ മൊൺസ്റ്റേഴ്സ് ഒരു ശല്യമാകാൻ ഇടയുണ്ട്. അവർക്കൊരു പണികൊടുക്കണമല്ലോ. പത്തുദിവസം വികൃതികളെ പ്രകൃതിയിലേക്ക് തുറന്നുവിടുന്നു. നാടുചുറ്റിയടിച്ചു പൂക്കൾ പറിച്ചുകൊണ്ടുവരിക, അർമ്മാദിക്കുക എന്നതാണു അവറ്റയ്ക്കു കൊടുക്കുന്ന പണി. ഈ ചുറ്റിക്കറക്കത്തിലൂടെ കുട്ടികൾ പ്രകൃതിയുമായി അടുപ്പത്തിലാകുന്നു. വിവിധതരം സസ്യങ്ങൾ, ശലഭങ്ങൾ, കിളികൾ, മൃഗങ്ങൾ തുടങ്ങിയവയുമായി അവർ ചങ്ങാത്തത്തിലാകുന്നു. അവയുമായി സംവദിക്കുമ്പോൾ താൻ ഈ പ്രകൃതിയുടെ ഭാഗമാണു എന്നു അവൻ മനസിലാക്കുന്നു. ആ പാരസ്പര്യം പ്രകൃതിയേ ചൂഷണം ചെയ്യുന്നതിൽ നിന്നും കുട്ടികളെ തടയും. പ്രകൃതി നിലനിന്നില്ലെങ്കിൽ താനുമില്ല എന്ന ബോധം കുട്ടികളിൽ അതു വളർത്തും. ഓണക്കാലം കുട്ടികൾക്ക് അങ്ങനെ ഒരു പരിശീലക്കളരികൂടിയായിത്തീരുന്നു. പുത്തനുടുപ്പിട്ട് കൂട്ടുചേർന്നും, കളിച്ചും, പൂക്കൾ പറിച്ചും, ഊഞ്ഞാലാടിയും, ഉപ്പേരിതിന്നും, ശർക്കരവരട്ടി നുണഞ്ഞും അവർ പ്രചോദിതമായ ഒരു ലോകത്തു വിഹരിക്കുന്നു. വിശ്വപൌരനാകാനുള്ള ആദ്യപടിയാണതു.

പൂക്കളം ഒരു പ്രകൃതികലണ്ടർ ആണെന്നാണു തോന്നുന്നതു. ഒന്നാം ദിവസം ഒരു ചുറ്റുപൂവ്. രണ്ടാം ദിവസം രണ്ടെന്ന രീതിയിലാണു അതു കയറിപ്പോകുന്നതു. ഓരോദിവസത്തേയ്ക്കുമുള്ള പൂക്കൾക്കുമുണ്ട് പ്രത്യേകത. മുറ്റത്തൊരു പൂക്കളമുണ്ടായാൽ അന്നേതു ദിവസമാണെന്നു പൂക്കളുടെ ചുറ്റുകൊണ്ടോ പുറത്തെ പൂവേതാണെന്നതുകൊണ്ടോ തിരിച്ചറിയാം! തിരക്കിട്ട ജോലികൾക്കിടയിൽ കലണ്ടർ നോക്കാനൊന്നും പോകണ്ട. ഇന്നത്തേക്കാൾ എത്രയോ സ്വയമ്പര്യാപ്തമായിരുന്നു പണ്ടുള്ളവർ. പക്ഷെ അതിനു ആദ്യം അറിവുണ്ടാകണമെന്നു മാത്രം. ഇന്നു മനുഷ്യനു അറിവില്ല. ഉള്ളതു കുറേ ഇൻഫൊർമേഷനുകൾ മാത്രം!!

മുതിർന്നവർക്കു പിന്നെയും പണിയുണ്ട്. അരിയുണ്ടാക്കണം. അതിനു പുന്നെല്ലെടുത്തു പുഴുങ്ങിക്കുത്തി അരിയുണ്ടാക്കണം. കാഫലങ്ങൾ ശേഖരിച്ചു ഭക്ഷണമുണ്ടാക്കണം. എല്ലാ ദിവസവും കഴിക്കാനുള്ളതല്ല സദ്യ! കൃഷിപ്പണി ചെയ്യുമ്പോൾ അതിനനുസരിച്ചുള്ള ഭക്ഷണമാണു കഴിക്കുന്നതു. ചിലപ്പോൾ ഭക്ഷണം തന്നെ ഉണ്ടായെന്നു വരില്ല. ഓണം വരുമ്പോൾ എല്ലാ സങ്കടങ്ങളും മറന്നൊരു ഊണു. അതും ശാസ്ത്രീയമായി തയ്യാർ ചെയ്യപ്പെട്ടതു. ഷഡ്‌രസങ്ങളും അതിൽ ഉൾപ്പെട്ടിരിക്കുന്നു.

ബന്ധങ്ങളും പാരസ്പര്യവും പരീക്ഷിക്കപ്പെടുന്നതുമായ ഒരു കാ‍ലം കൂടിയാണു ഓണപ്പത്തു. പല പരിഭവങ്ങളും, ഈർഷ്യകളും ഓണക്കാലത്തെ ഒത്തുചേരലുകളിൽ അവസാനിക്കുന്നു. പിന്നെ ഒന്നിച്ചൊരല്പസമയം വിനോദം. കർമ്മകാണ്ഡം മുന്നിൽ കാത്തുനില്പുണ്ട്. അതിനുമുൻപുള്ള ഒരിടവേള. അതായിരുന്നു മലയാളിയുടെ ഓണം.

Wednesday, September 3, 2014

ചായമണിഞ്ഞ പരിസ്ഥിതിവാദം :

മലയാളികളിൽ ഒരു നല്ല പങ്കും പ്രകൃതിസ്നേഹികളാണു. മലതുരക്കരുതു. പാറപൊളിക്കരുതു. അണകെട്ടരുതു. ജൈവപച്ചക്കറികൾ തിന്നണം. പശ്ചിമഘട്ടം സംരക്ഷിക്കണം. ഓസോൺ തുളയടയ്ക്കണം. അങ്ങനെ ഒരുപാട് അജണ്ടകളുണ്ടവർക്ക്. പക്ഷെ വസ്ത്രത്തിന്റെ കാര്യത്തിൽ പ്രകൃതിസ്നേഹം ഒരു അജണ്ടയായി ഇതുവരെ മലയാളി എടുത്തുകണ്ടില്ല. ചായം മുക്കാത്ത വെള്ളപരുത്തിത്തുണികളാണു പ്രകൃതിയനുകൂലം. എന്നാൽ പരിസ്ഥിതിവാദികൾ അങ്ങനെയൊരു മാതൃക കാണിക്കുന്നുണ്ടോ എന്നു ചോദിച്ചാൽ ഇല്ലെന്നു പറയേണ്ടി വരും.  Harish Vasudevan Sreedevi യായാലും, സി.ആർ.നീലകണ്ഠനായാലും, എന്തിനു മനേകാ ഗാന്ധിയാണെങ്കിൽ‌പ്പോലും ഉപയോഗിക്കുന്നതു തിളങ്ങുന്ന വർണ്ണവസ്ത്രങ്ങളാണു. ആ വസ്ത്രങ്ങളിലെ നിറങ്ങൾ ഈ പ്രകൃതിയെ വീർപ്പുമുട്ടിച്ചുകൊണ്ടാണു അതിനെ മനോഹരമാക്കുന്നതെന്നു അവർ അറിയുന്നില്ലെ? തുണികൾ ചായം മുക്കുമ്പോൾ ഈ ഭൂമി മലിനപ്പെടുകയാണു.

വെള്ളവസ്ത്രമായിരുന്നു കേരളത്തിന്റെ തനതുവേഷം. പരമാവധി തുന്നലും മോടിപിടിപ്പിക്കലും ഒഴിവാക്കിയ ലളിതവസ്ത്രം. ജന്മികളും, പ്രഭുക്കന്മാരും, രാജാക്കന്മാർ പോലും അപൂർവ്വം വിശേഷാവസരങ്ങളിലൊഴികെ വെള്ളവസ്ത്രമാണു ധരിച്ചിരുന്നതു. എന്നുവച്ച് നിറമുള്ള വസ്ത്രങ്ങൾ നമുക്ക് അന്യമായിരുന്നു എന്നു ധരിക്കരുതു. സഹ്യനപ്പുറമായിരുന്നു അവയ്ക്ക് കൂടുതലും പ്രചാരം. മലയാളിയുടെ ശുചിത്വമുണ്ടായിരുന്നതിനാൽ (ഇപ്പോൾ ഇല്ല) വസ്ത്രം കൊണ്ട് ശരീരത്തെ പരിരക്ഷിക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ല. എന്നാൽ കേരളത്തിനു പുറത്തു സ്ഥിതി വ്യത്യസ്ഥമായിരുന്നു. ചൂടും തണുപ്പും കാറ്റുമൊക്കെ ശരീരത്തെ ആക്രമിച്ചു കൊണ്ടിരുന്നു. അവയിൽ നിന്നും സംരക്ഷണം കിട്ടാൻ നിറമുള്ള വസ്ത്രങ്ങൾ ഉപയോഗിച്ചു. ഉടലിനു കുളിർമ്മയുണ്ടാകാൻ നീലം മുക്കിയ വസ്ത്രങ്ങൾ സഹായിച്ചു. അണുബാധ തടയാൻ കടുക്ക. അവയൊക്കെ പ്രകൃതിദത്തമായ നിറങ്ങളായിരുന്നു. ഇലകൾ, പൂക്കൾ, തടികൾ തുടങ്ങിയവയിൽ നിന്നാണു പ്രാചീനർ നിറങ്ങൾ ഉല്പാദിപ്പിച്ചതു. ചിലർ കാവിക്കല്ലുകൾ ഉരച്ച് മഷിയുണ്ടാക്കി അതിൽ വസ്ത്രം മുക്കിയെടുത്തു. ഇരുമ്പിന്റെ അയിരു പാകപ്പെടുത്തി പട്ടുവസ്ത്രങ്ങളിൽ ചായം പിടിപ്പിച്ചു. ഗോമൂത്രവും തുണികൾ നിറമ്പിടിപ്പിക്കാൻ ഉപയോഗിച്ചിരുന്ന പതിവുണ്ടായിരുന്നു.

ഇവയുടെ എല്ലാം സവിശേഷത അവ പ്രകൃതിദത്തവും പരിസ്ഥിതിക്ക് അപകടമില്ലാത്തതുമാണെന്നാണു. മാഞ്ചസ്റ്ററിലെ രാസവസ്തു നിർമ്മാണശാലകൾക്ക് വ്യാപാരം വർദ്ധിപ്പിക്കാൻ വേണ്ടി ബ്രിട്ടീഷ്സർക്കാർ ഇവയെ പിന്തള്ളാൻ തുടങ്ങിയതോടെയാണു ഇന്ത്യക്കാരന്റെ ഗതികേട് ആരംഭിക്കുന്നതു. ഇവയോരോന്നിനേയും നിരോധിക്കുകയോ അശാസ്ത്രീയമെന്നു പ്രചരിപ്പിക്കുകയോ ചെയ്തു. നീലം കൃഷിക്കു ബ്രിട്ടീഷ് സർക്കാർ നിയന്ത്രണമേർപ്പെടുത്തിയതു ഒരു ജനകീയമുന്നേറ്റത്തിനിടയാക്കിയതു ചരിത്രം.

മാഞ്ചസ്റ്റർ കെമിക്കൽ കമ്പനികളെ സഹായിക്കാൻ വേണ്ടിയാണു ആധുനിക ചായം മുക്കൽ പ്രചരിപ്പിച്ചതു. ഇന്നതു എത്തിനിൽക്കുന്നതു കടുത്ത പ്രകൃതി ദുരന്തത്തിലാണു. കേരളത്തിലെ കണ്ണൂരും, ആലപ്പുഴയും അതിന്റെ ദുരന്തസാക്ഷികളാണു. തമിഴ്നാട്ടിലെ തിരുപ്പൂരിലും, ഗുജറാത്തിലെ സൂറത്തിലും, ദില്ലിയിലും ഇതു വൻപിച്ച പാരിസ്ഥിതിക പ്രത്യാത്ഘാതങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. തുണിമുക്കിയശേഷമുള്ള ചായം നിർവ്വീര്യമാക്കാതെ ഭൂമിക്കടിയിലെ വലിയ കിണറുകളിലേക്ക് തള്ളുകയാണു ഇപ്പോൾ ചെയ്യുന്നതു. ചായം മുക്കിയ വെള്ളം ഭദ്രമായി സംസ്കരിച്ചെന്നു തോന്നാമെങ്കിലും ഭൂമിക്കടിയിലൂടെ അവ മറ്റിടങ്ങളിലേക്ക് വ്യാപിക്കുന്നുണ്ട്. അതു ഭൂഗർഭജലത്തിൽ കലർന്നു മനുഷ്യന്റെ ആരോഗ്യത്തെ കാർന്നു തിന്നുന്നു. വർണ്ണവസ്ത്രങ്ങളോടുള്ള കമ്പത്തിനു നാം കൊടുക്കേണ്ട വില ആലോചിച്ചു നോക്കു. തഴച്ചുവളരുന്ന ചായം‌പിടിപ്പിക്കൽ വ്യവസായത്തിനു കടിഞ്ഞാണിടാൻ വെള്ളവസ്ത്രങ്ങളിലേക്ക് തിരിയുകയല്ലാതെ മറ്റൊരു മാർഗ്ഗവും നമ്മുടെ മുന്നിലില്ല.

പ്രകൃതിസ്നേഹികൾ അതിനു മുൻ‌കൈ എടുക്കണം. അവർ നിറമുള്ള വസ്ത്രങ്ങൾ ഉപേക്ഷിച്ച് മാതൃക കാട്ടണം. അതിൽ നിന്നും പ്രചോദനമുൾക്കൊണ്ട് മറ്റുള്ളവരും ആ പാത പിന്തുടരും. പ്രവർത്തിയിലില്ലാത്ത പ്രകൃതിസ്നേഹം കൊണ്ട് കാര്യമില്ല. അതു നമ്മുടെ കോഴിയുടെ ഇല്ലാത്ത മുലപോലെയിരിക്കുകയല്ലാതെ മറ്റെന്താണു?

Tuesday, September 2, 2014

പുറപ്പാട് പുസ്തകം : ദില്ലി 2014

ദില്ലിയിൽ തമ്പടിച്ചിരുന്ന പല ഉന്നതന്മാരും നാട്ടിലേക്കു മടങ്ങാനുള്ള തയ്യാറെടുപ്പിലാണെന്നു കേൾക്കുന്നു. ഭരണകേന്ദ്രത്തിൽ സ്വാധീനമുള്ള റിട്ടേഡ് ഉദ്യോഗസ്ഥരും, മുന്തിയ മാദ്ധ്യമപ്രവർത്തകരും അതുപോലെയുള്ളവരുമാണു തൊഴിൽ മാറ്റമോ വിശ്രമജീവിതമോവായി നാട്ടിലേക്ക് വരുന്നതു. അതിന്റെ ആദ്യപടിയെന്ന നിലയിൽ ഫ്ലാറ്റുകൾ വാടകയ്ക്ക് കൊടുക്കാനും, വീട്ടുസാമാനങ്ങൾ നാട്ടിലേക്കു അയക്കാനുമുള്ള ശ്രമങ്ങൾ പലരും തുടങ്ങിക്കഴിഞ്ഞു. വരുംനാളുകളിൽ അവരേപ്പറ്റിയുള്ള നിറമ്പിടിപ്പിച്ച വാർത്തകൾ മാദ്ധ്യമങ്ങളിലൂടെ നമുക്ക് കേൾക്കാൻ കഴിയും. ദില്ലിയിലെ അവരുടെ ജീവിതവും കേരളത്തോടുള്ള അഭിനിവേശവും അതിൽ തുടിച്ചു നിൽക്കുന്നതു കാണാം! അതു കണ്ട് ഞെട്ടരുതു. ഇത്രയും കാലം ദില്ലിയിലിരുന്നു കേരളത്തിനുവേണ്ടി എന്തു ചെയ്തു എന്നു ചോദിച്ചു കളയരുതു. ദല്ലാൾപ്പണിക്കിടെ അതിനൊക്കെ എവിടെ സമയം? ഇപ്പോൾ അവിടെ പുതിയ അധികാരദല്ലാളന്മാർ വന്നു. അവരോട് പിടിച്ചു നിൽക്കാൻ പറ്റില്ല. അതുകൊണ്ട് ഒഴിഞ്ഞുകൊടുക്കുകയാണു. ഇനി ദില്ലിയിൽ നിന്നിട്ടെന്താ കാര്യം. നാട്ടിൽ‌പ്പോയി വട്ടച്ചെലവ് ഒപ്പിക്കാമോ എന്നു നോക്കട്ടെ!
ഇതുപോലൊരു ‘പുറപ്പാട്’ ഇതിനു മുൻപ് ഉണ്ടായതു അടിയന്തിരാവസ്ഥക്കാലത്താണു. സഞ്ജയ്ഗാന്ധിയുടെ നേതൃത്വത്തിൽ അധികാരത്തിന്റെ ഇടനാഴികൾ പുതിയ തലമുറ (അതായതു ഇപ്പോൾ സ്ഥാനമൊഴിയുന്നവർ) കയ്യടക്കിയപ്പോൾ പല പഴയ പിമ്പുകളും നാട്ടിലേക്ക് വണ്ടി കേറി. വിശ്രമജീവിതമെന്ന വ്യാജേന അമർഷത്തോടെ ജീവിച്ചു. രാഷ്ട്രീയക്കാർ, ഉദ്യോഗസ്ഥർ, കലാകാരന്മാർ, പത്രപ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ ഒരുപാട് മേഖലകളിൽ നിന്നുള്ളവർ അക്കൂട്ടത്തിലുണ്ടായിരുന്നു. നാട്ടിലെത്തിയതോടെ അവർ ചലിച്ചും ചിലച്ചും തുടങ്ങി. അതുവരെ പുച്ഛമായിരുന്ന മലയാളിയെ സ്നേഹിക്കുന്നതായി അഭിനയിച്ചു. ഇനിയിപ്പോൾ ദാ ഈ പെട്ടകത്തിൽ വരുന്നവരേയും മലയാളി സഹിക്കണം. അവരുടെ പുറപ്പാടു കഥകൾ കേൾക്കണം. എന്തൊരു വിധിയാണു മലയാളിയുടേതു!
അധികാരകേന്ദ്രങ്ങളിൽ പിമ്പുകളെ മാത്രം ഭയന്നു ഉത്തരവിറക്കേണ്ടി വന്ന ഉദ്യോഗസ്ഥർക്ക് ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കേണ്ടി വന്നതാണു ഈ പ്രതിസന്ധിക്കു കാരണമെന്നു പറയുന്നു. കേന്ദ്രഭരണം ഒരു ഈജിയൻ തൊഴുത്തായിരുന്നു. അതിനൊരു ക്രമം വന്നതു മോഡിയുടെ വരവോടെയാണു. ഔദ്യോഗിക കാര്യങ്ങളിൽ ഉന്നത ഉദ്യോഗസ്ഥരെ ഉത്തരവാദിത്തം ഏൽ‌പ്പിച്ചു കൊടുത്തു തുടങ്ങി. ഉദ്യോഗസ്ഥർക്കാണെങ്കിൽ ഉത്തരവാദിത്തം ഏറ്റെടുത്തു ശീലവുമില്ല. പിമ്പുകളെ മാത്രം കണ്ടും ഭയന്നും ശീലിച്ച ഉദ്യോഗസ്ഥന്മാർക്കു എങ്ങനെ സ്വന്താമായി തീരുമാനമെടുക്കാൻ കഴിയും? എല്ലാക്കാര്യത്തിലും ഒരുതരം ശങ്കയും പേടിയും. അതുകൊണ്ട് എന്തിനും ഏതിനും പ്രധാനമന്ത്രിയുടേയും മന്ത്രിമാരുടേയും ഉത്തരവുകൾ തന്നെ വേണം. അങ്ങനെയുള്ള ഒരു അപേക്ഷയ്ക്കു താഴെ നിഷ്കളന്മായി ഒരു കുറിപ്പുവന്നു വീണു. ‘നിങ്ങളുടെ അധികാരത്തിന്റെ വ്യാപ്തി എന്താണെന്നു അറിയിക്കു’. ഉടൻ തന്നെ ആ പാവമതു നോട്ടാക്കി ഫയലിൽ കൂട്ടിച്ചേർത്തു. ഇട്ടൂപ്പു പറഞ്ഞത്രെ : “സ്വന്തം അധികാരത്തിന്റെ വ്യാപ്തിപോലും അറിയാത്ത താനെന്തിനാ ഇവിടിരിക്കുന്നതു? വേറെ ഏതെങ്കിലും ലാ‍വണത്തിലേക്ക് പൊയ്ക്കോളൂ. അതറിയാവുന്ന ആരെങ്കിലും ആ കസേരയിൽ വന്നിരിക്കട്ടെ”. ആ ശാസനം ഭരണസിരകളെ ഞെട്ടിച്ചത്രെ. ഉദ്യോഗസ്ഥർ ഉത്തരവാദിത്തത്തോടെ അധികാരം കയ്യാളാൻ തുടങ്ങിയാൽ അതിലുണ്ടാകുന്ന പിഴകൾക്കും അവർ തന്നെ ഏത്തമിടേണ്ടി വരും. ആ കളിക്കു സർക്കാർ ഉദ്യോഗസ്ഥരെക്കിട്ടില്ല. അതിനു ആളുവേറെ നോക്കണം. സർക്കാർ ഉദ്യോഗസ്ഥർ ചട്ടപ്പടി പെരുമാറാൻ തുടങ്ങിയാൽ പിന്നെ ദല്ലാളന്മാർക്ക് എന്തു സ്കോപ്പാണു? നാട്ടിൽ‌പ്പോയി വിശ്രമിക്കാം.