Saturday, September 6, 2014

ഓണം

ഇന്നു നാം ആഘോഴഷിക്കുന്ന പോലെയൊരു ഇവന്റ് ആയിരുന്നില്ല ഓണം.

കർക്കിടകമഴ കഴിഞ്ഞ് സൂര്യൻ ചിങ്ങം രാശിയിൽ പ്രവേശിക്കുമ്പോൾ വെയിൽ തെളിഞ്ഞു തുടങ്ങും. വളരെ സൂക്ഷിക്കേണ്ട ഒരു ഋതുസംക്രമണമാണതു. ശുചിത്വവും കർമ്മകുശലതയുമാണു അവിടെ പ്രധാനം. ശുചിത്വം കൊണ്ടേ ആരോഗ്യമുണ്ടാകു. കർമ്മകുശലതയുണ്ടെങ്കിലേ ജീവിതമുള്ളു. അതു രണ്ടും പണ്ട് മലയാളിക്ക് അറിയാമായിരുന്നു. അതു കൊണ്ട് ചിങ്ങമാസത്തിന്റെ ആദ്യഭാഗത്തു അതിനുള്ള ഒരു കർമ്മപദ്ധതി ആവിഷ്കരിച്ചു. പത്തുനാൾ നീണ്ടുനിൽക്കുന്ന ഒരു യത്നം. കർക്കിടകത്തിന്റെ ദൈന്യത്തിൽ നിന്നും കർമ്മകുശലതയുടെ തെളിച്ചത്തിലേക്കൊരു സടകുടയൽ!! അത്തം തുടങ്ങി തിരുവോണം പത്തുനാൾ. അല്ലാതെ ഇന്നത്തേപ്പോലെ ഒരു വ്യാപാരോത്സവമല്ല, ഓണം.

തകർത്തുപെയ്ത മഴയിൽ വീട്ടിനുള്ളിലും പറമ്പിലും കുറേ കെടുതികൾ ഉണ്ടാക്കിയിട്ടുണ്ടാകും. കയ്യാലകൾക്കും, മുരിപ്പുകൾക്കും മഴവരുത്തിയ കേടുപാടുകൾ തീർക്കുകയാണു ആദ്യപണി. പിന്നെ വീട്ടുമുറ്റത്തു കയറിയ കാടുകൾ വെട്ടിവെടുപ്പാക്കണം. ആദ്യത്തെപ്പണി അവന്റെ കർമ്മകാണ്ഡവുമായി ബന്ധപ്പെട്ടതാണു. കൃഷിതന്നെ ജീവിതമായിരുന്ന ഒരു സമൂഹത്തിൽ കൃഷിയിടങ്ങൾ സൂക്ഷിക്കുക പ്രധാനമാണു. അതിന്റെ ഭാഗമായാണു തൂർന്ന മുരിപ്പുകൾ ശരിയാക്കുന്നതും കയ്യാലയിലെ ഇളകിയ കല്ലുകൾ ഉറപ്പിച്ചുവക്കുന്നതും മറ്റും. മഴയെത്തുടർന്നു മുറ്റത്തു കിളിച്ചുപൊന്തിയ കാടുകൾ നീക്കം ചെയ്യുന്നതു മലയാളിയുടെ ബാഹ്യശുചിത്വത്തിന്റെ ഭാഗമാണു. ചപ്പും കുപ്പയും നീക്കം ചെയ്തു വീടും ചുറ്റുപാടും വെടിപ്പായി സൂക്ഷിക്കണമെന്നു അവനു നിർബ്ബന്ധമുണ്ട്. അല്ലെങ്കിൽ ആരോഗ്യം പോകും. ആരോഗ്യമില്ലെങ്കിൽ വേറെന്തും ഉണ്ടായാലും പ്രയോജനമില്ല.

ആരോഗ്യം സൂക്ഷിക്കാൻ വീടും ശുചിയാക്കണം. മഴക്കാലത്തെ ഈർപ്പം മുഴുവൻ വീടിനുള്ളിൽ കാണും. സൂര്യനു ചൂടുപിടിക്കുന്നതോടെ അതു മാറാൻ തുടങ്ങും. ചൂടുപിടിക്കുന്നതോടെ തണുപ്പിൽ സ്വസ്ഥാമായിരുന്ന ചെറുജീവികൾ പുറത്തുവരാൻ തുടങ്ങും. അവയെ നിയന്ത്രിക്കണം. അതിനായി വീടിനുള്ളിലെ മുക്കും മൂലയും വരെ അടിച്ചുവാരണം. തറ ചാണകം കുഴച്ചു മെഴുകണം. പൊടി തുടച്ചുകളയണം. വേണ്ടാന്തസാധനങ്ങൾ തീയിടും. കീറിപ്പറിഞ്ഞ പായും, കരിമ്പനടിച്ച തുണികളും ഉപേക്ഷിക്കും. ഒരുതരം വാർഷിക മരാമത്താണതു. അതിന്റെ നേതൃത്വം സ്ത്രീകൾക്കാണു.

ഇതൊക്കെ നടക്കുമ്പോൾ മൊൺസ്റ്റേഴ്സ് ഒരു ശല്യമാകാൻ ഇടയുണ്ട്. അവർക്കൊരു പണികൊടുക്കണമല്ലോ. പത്തുദിവസം വികൃതികളെ പ്രകൃതിയിലേക്ക് തുറന്നുവിടുന്നു. നാടുചുറ്റിയടിച്ചു പൂക്കൾ പറിച്ചുകൊണ്ടുവരിക, അർമ്മാദിക്കുക എന്നതാണു അവറ്റയ്ക്കു കൊടുക്കുന്ന പണി. ഈ ചുറ്റിക്കറക്കത്തിലൂടെ കുട്ടികൾ പ്രകൃതിയുമായി അടുപ്പത്തിലാകുന്നു. വിവിധതരം സസ്യങ്ങൾ, ശലഭങ്ങൾ, കിളികൾ, മൃഗങ്ങൾ തുടങ്ങിയവയുമായി അവർ ചങ്ങാത്തത്തിലാകുന്നു. അവയുമായി സംവദിക്കുമ്പോൾ താൻ ഈ പ്രകൃതിയുടെ ഭാഗമാണു എന്നു അവൻ മനസിലാക്കുന്നു. ആ പാരസ്പര്യം പ്രകൃതിയേ ചൂഷണം ചെയ്യുന്നതിൽ നിന്നും കുട്ടികളെ തടയും. പ്രകൃതി നിലനിന്നില്ലെങ്കിൽ താനുമില്ല എന്ന ബോധം കുട്ടികളിൽ അതു വളർത്തും. ഓണക്കാലം കുട്ടികൾക്ക് അങ്ങനെ ഒരു പരിശീലക്കളരികൂടിയായിത്തീരുന്നു. പുത്തനുടുപ്പിട്ട് കൂട്ടുചേർന്നും, കളിച്ചും, പൂക്കൾ പറിച്ചും, ഊഞ്ഞാലാടിയും, ഉപ്പേരിതിന്നും, ശർക്കരവരട്ടി നുണഞ്ഞും അവർ പ്രചോദിതമായ ഒരു ലോകത്തു വിഹരിക്കുന്നു. വിശ്വപൌരനാകാനുള്ള ആദ്യപടിയാണതു.

പൂക്കളം ഒരു പ്രകൃതികലണ്ടർ ആണെന്നാണു തോന്നുന്നതു. ഒന്നാം ദിവസം ഒരു ചുറ്റുപൂവ്. രണ്ടാം ദിവസം രണ്ടെന്ന രീതിയിലാണു അതു കയറിപ്പോകുന്നതു. ഓരോദിവസത്തേയ്ക്കുമുള്ള പൂക്കൾക്കുമുണ്ട് പ്രത്യേകത. മുറ്റത്തൊരു പൂക്കളമുണ്ടായാൽ അന്നേതു ദിവസമാണെന്നു പൂക്കളുടെ ചുറ്റുകൊണ്ടോ പുറത്തെ പൂവേതാണെന്നതുകൊണ്ടോ തിരിച്ചറിയാം! തിരക്കിട്ട ജോലികൾക്കിടയിൽ കലണ്ടർ നോക്കാനൊന്നും പോകണ്ട. ഇന്നത്തേക്കാൾ എത്രയോ സ്വയമ്പര്യാപ്തമായിരുന്നു പണ്ടുള്ളവർ. പക്ഷെ അതിനു ആദ്യം അറിവുണ്ടാകണമെന്നു മാത്രം. ഇന്നു മനുഷ്യനു അറിവില്ല. ഉള്ളതു കുറേ ഇൻഫൊർമേഷനുകൾ മാത്രം!!

മുതിർന്നവർക്കു പിന്നെയും പണിയുണ്ട്. അരിയുണ്ടാക്കണം. അതിനു പുന്നെല്ലെടുത്തു പുഴുങ്ങിക്കുത്തി അരിയുണ്ടാക്കണം. കാഫലങ്ങൾ ശേഖരിച്ചു ഭക്ഷണമുണ്ടാക്കണം. എല്ലാ ദിവസവും കഴിക്കാനുള്ളതല്ല സദ്യ! കൃഷിപ്പണി ചെയ്യുമ്പോൾ അതിനനുസരിച്ചുള്ള ഭക്ഷണമാണു കഴിക്കുന്നതു. ചിലപ്പോൾ ഭക്ഷണം തന്നെ ഉണ്ടായെന്നു വരില്ല. ഓണം വരുമ്പോൾ എല്ലാ സങ്കടങ്ങളും മറന്നൊരു ഊണു. അതും ശാസ്ത്രീയമായി തയ്യാർ ചെയ്യപ്പെട്ടതു. ഷഡ്‌രസങ്ങളും അതിൽ ഉൾപ്പെട്ടിരിക്കുന്നു.

ബന്ധങ്ങളും പാരസ്പര്യവും പരീക്ഷിക്കപ്പെടുന്നതുമായ ഒരു കാ‍ലം കൂടിയാണു ഓണപ്പത്തു. പല പരിഭവങ്ങളും, ഈർഷ്യകളും ഓണക്കാലത്തെ ഒത്തുചേരലുകളിൽ അവസാനിക്കുന്നു. പിന്നെ ഒന്നിച്ചൊരല്പസമയം വിനോദം. കർമ്മകാണ്ഡം മുന്നിൽ കാത്തുനില്പുണ്ട്. അതിനുമുൻപുള്ള ഒരിടവേള. അതായിരുന്നു മലയാളിയുടെ ഓണം.

1 comment:

കുഞ്ഞൂസ് (Kunjuss) said...

എല്ലാം ബിസിനസ് ആയ ഇക്കാലത്ത് ഓണത്തിനെ മാത്രം നമുക്ക് ഒഴിച്ചു നിറുത്തുവാനാവില്ലല്ലോ.... !!

ചിന്തിപ്പിക്കുന്ന നല്ല ലേഖനം