Tuesday, October 14, 2008

അവനെയാണു തൊഴേണ്ടത്......


മേരിക്കയിലെ അഞ്ച്‌ വന്‍കിട നിക്ഷേപസ്ഥാപനങ്ങളില്‍ മൂന്നും പൊട്ടി. അതുപോലെ ജര്‍മ്മനിയിലും ഇംഗ്ലണ്ടിലും ചിലത്‌ സംഭവിച്ചു. ടോക്കിയോവില്‍ പൊതുമേഖലയിലുള്ള ഒരു ഇന്‍ഷ്വറന്‍സ്‌ കമ്പനിയാണു ചീറ്റിയത്‌. ഇന്ത്യക്ക്‌ ഭയക്കാനെന്തെങ്കിലും ഉണ്ടോ എന്ന് പലരും ആരാഞ്ഞ്‌ തുടങ്ങിയിട്ടുണ്ട്‌. പ്രത്യേകിച്ചും സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍! സൂക്ഷിക്കണം!!
നുഷ്യന്റെ ധനാര്‍ത്തിയുടെ പരിണിതിയാണു ഇതെന്ന് എല്ലാവര്‍ക്കും അറിയാം. പണം ആളേക്കൊല്ലിയാണെന്ന പാക്കനാര്‍ വചനമാണു നമ്മുടെ അറിവും വെളിച്ചവും. അത്‌ വിസ്മരിക്കുമ്പോള്‍ ഇങ്ങനെയൊക്കെ സംഭവിക്കും. ധനാര്‍ത്തി മൂത്ത്‌ മറ്റുള്ളവരെ ചൂഷണം ചെയ്യാന്‍ സംഘടിതമായി ഇറങ്ങിയവരാണു വീഴ്ച വന്നപ്പോള്‍ പൊട്ടിക്കരയുന്നത്‌. ധനം ഊഹാധിഷ്ഠിതമായി മാറിയതുകൊണ്ടാണു ഇങ്ങനെയൊക്കെ സംഭവിച്ചതെന്ന് അവര്‍ നിലവിളിക്കുന്നു. ഇതാണു അതിന്റെ തമാശ. പണത്തെ ഊഹാധിഷ്ഠിതമായി ഉപയോഗിച്ചിരുന്നവര്‍ തന്നെ ഇപ്പോള്‍ നെഞ്ചത്തടിയും നെലവിളിയുമായി ഇറങ്ങിയിരിക്കുന്നു. ഒന്ന് തട്ടിവീണപ്പോള്‍ പഴയ കാര്യങ്ങള്‍ എല്ലാം മറന്നു. കൊച്ചു കുഞ്ഞുങ്ങളേപ്പോലെ.
പണം ആദ്യം പ്രയോജനപ്രദവും പിന്നെയത്‌ പ്രലോഭനവുമായിത്തീരും. ഒടുവില്‍ അത്‌ കയ്യിലിരിക്കുന്നവനെ കൊലയ്ക്ക്‌ കൊടുക്കുകയും ചെയ്യും.
ണത്തിന്റെ ഒരു രസതന്ത്രമതാണു. ഇതൊക്കെ പഞ്ചതന്ത്രത്തില്‍ പറഞ്ഞിരിക്കുന്നതായത്‌ കൊണ്ട്‌ കഥയായേ നമുക്ക്‌ തോന്നു. സാമ്പത്തിക ശാസ്ത്രജ്ഞന്മാരെന്ന വെടക്കുകള്‍ വേണം ഇക്കാലത്ത്‌ ഇതൊക്കെ പറയേണ്ടത്‌. പക്ഷെ അതിനു പരിപ്പുള്ള ഒരു ശാസ്ത്രജ്ഞനും ഭൂമുഖത്തുണ്ടായില്ല. ഒരു കാര്യം പറഞ്ഞ്‌ സങ്കീര്‍ണ്ണമാക്കാനല്ലാതെ പ്രയോജനപ്പെടുന്ന രീതിയില്‍ ഉപദേശിക്കാന്‍ ഈ ശാസ്ത്രജ്ഞന്മാര്‍ക്ക്‌ കഴിയാറില്ല.
സുനാമിയുണ്ടായിക്കഴിഞ്ഞാല്‍ എത്ര എടങ്ങഴി വേണമെങ്കിലും അവര്‍ 'ശാസ്ത്രീയമായി' വിശകലനം അളന്നു തരും. പക്ഷെ സുനാമി എപ്പോള്‍ വരുമെന്നോ അതില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നോ അവര്‍ക്കറിയില്ല. പശു പക്ഷി മൃഗാദികള്‍ക്കുള്ള ആന്തരിക ജ്ഞാനം പോലും അവര്‍ക്കുണ്ടായില്ല എന്ന് നാം കണ്ടതാണു. ഭൂമികുലുക്കത്തിലും ഇടിയിലും മഴയിലും ഇതൊക്കെ തന്നെ ശാസ്ത്രജ്ഞന്മാരുടെ വിവരം.
മെറില്‍ ലിഞ്ചും ലേമാനും എപ്പോള്‍ പൊട്ടുമെന്ന് ഒരു ശാസ്ത്രജ്ഞനും പ്രവചിച്ചില്ല. അവര്‍ പാപ്പര്‍ ഹര്‍ജ്ജി കൊടുത്തപ്പോഴാണു അതിപ്രഗത്ഭരായ സാമ്പത്തിക ശാസ്തജ്ഞര്‍ പോലും, "അയ്യോ, അതു സംഭവിച്ചല്ലോ" എന്ന് പറഞ്ഞുകൊണ്ട്‌ നെഞ്ചത്തടിച്ചത്‌. അതു കൊണ്ട്‌ ഇനി അത്തരക്കാര്‍ വായ തുറക്കുന്നതു കണ്ടാല്‍ ഒരു വെട്ടിത്തൂമ്പാ എടുത്ത്‌ കയ്യില്‍ കൊടുക്കുക. എന്നിട്ട്‌ കെ.എസ്‌.കെ.ടി.യുക്കാര്‍ കൊടികുത്തിയ ഒരു പാടത്തേക്ക്‌ പറഞ്ഞ്‌ വിടുക. ഇല്ലെങ്കില്‍ നമ്മുടെ ജീവിതം കട്ടപ്പൊകയാകും!
ള്ളിനും ചക്കരയ്ക്കും ചെത്തുന്നവരാണു ഈ വിദ്വാന്മാരൊക്കെ. ഇന്നൊരാള്‍ക്ക്‌ നോബല്‍ പ്രൈസ്‌ കിട്ടിയിട്ടുണ്ട്‌. ബുഷിന്റെ നയങ്ങളോട്‌ കടുത്ത എതിര്‍പ്പുള്ള ഒരു കടുത്താ സ്വാമിയാണെന്നാണു പത്രക്കാര്‍ പറയുന്നത്‌. ഒന്ന് ചോദിച്ചോട്ടെ, അണലി പെറ്റാല്‍ കോഴിക്കുഞ്ഞുണ്ടാകുമോ? സാമ്പത്തികശാസ്ത്രം പഠിച്ചിറങ്ങുന്നവനെല്ലാം ഒരു ജാതിയാണു. നിലനില്‍പ്പിനായി ചേരിതിരിഞ്ഞ്‌ നില്‍ക്കുന്നു എന്ന് മാത്രം.
ന്നത്തെ നോബലിസ്റ്റ്‌ പോള്‍ക്രൂഗ്മാന്‍ തന്നെ പറഞ്ഞിരിക്കുന്നത്‌ എന്താണു? സമ്പൂര്‍ണ്ണ തകര്‍ച്ചയുണ്ടാവില്ലെന്ന്! എന്തടിസ്ഥാനത്തിലാണു അയാള്‍ ഇത്‌ പറഞ്ഞിരിക്കുന്നതെന്ന് മനസിലാകുന്നില്ല. സാമ്പത്തിക രംഗത്തിന്റെ ഇപ്പോഴത്തെ നില ക്ലോക്കിലെ സൂചിയുടെ 12 ആണു. അതിനു താഴെപ്പോകാതെ മുകളിലേക്ക്‌ മടങ്ങി വരാനാകില്ല! 6 ഒരു സമ്പൂര്‍ണ്ണ താഴ്ചയാണു.
ക്രൂക്കഡ്‌ പോള്‍ മാന്‍ അത്‌ തുറന്ന് പറയാന്‍ മടിക്കുന്നത്‌ അയാളുടെ പല താല്‍പ്പര്യങ്ങളും ഈ വിപണിയുമായി ബന്ധപ്പെട്ടാണു കിടക്കുന്നത്‌. അയാളുടെ വിദ്യാഭ്യാസം ഗവേഷണം വരുമാനം എല്ലാം ഈ വിപണിയിലാണു വേരൂന്നിയിരിക്കുന്നത്‌. അയാള്‍ അതിനെ എതിര്‍ക്കുന്നതായി ഭാവിക്കുന്നുണ്ടെങ്കില്‍ പോലും. (ആത്മാര്‍ത്ഥമായ എതിര്‍പ്പാണെങ്കില്‍ അയാള്‍ എന്തുകൊണ്ട്‌ അത്‌ ഉപേക്ഷിച്ച്‌ പോകുന്നില്ല?). അതുകൊണ്ട്‌ ഈ വിപണി തകരുന്നതിനേക്കുറിച്ച്‌ ചിന്തിക്കാന്‍ പോലും അയാള്‍ ആഗ്രഹിക്കുന്നില്ല. പൊതുവില്‍ പലരുടേയും അവസ്ഥ ഇതാണു. പക്ഷെ പ്രകൃതിനിയമം ആര്‍ക്കും മറികടക്കാനാവില്ല. വിതച്ചത്‌ കൊയ്യും.
ലോക സാമ്പത്തിക രംഗത്തിന്റെ അശ്ലീലതയെക്കുറിച്ച്‌ ആദ്യം മുന്നറിയിപ്പു നല്‍കിയതും അതിനെ എതിര്‍ക്കാന്‍ തുടങ്ങിയതും സാമ്പത്തിക ശാസ്ത്രജ്ഞരല്ല. സാധാരണക്കാരും വീട്ടമ്മമാരും കര്‍ഷകരുമാണു. തൊഴിലാളികളും ഉദ്ദ്യോഗസ്ഥരും അതു ശരിവച്ചു. അവര്‍ അനുഭത്തില്‍ നിന്ന് പറഞ്ഞതാണു. ഗവേഷണപ്രബന്ധങ്ങളില്‍ അത്‌ കാണുകയില്ല. അതിന്റെ പേരില്‍ അന്ന് എത്ര ഭര്‍ത്സനങ്ങള്‍ അവര്‍ക്ക്‌ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്‌. അതിനെ രാഷ്ട്രീയക്കാര്‍ ഉപയോഗിക്കാനാരംഭിച്ചപ്പോഴാണു ശാസ്ത്രജ്ഞന്മാര്‍ തിരനോട്ടം നടത്തിത്തുടങ്ങിയത്‌. പക്ഷെ എല്ലാവരും ചേര്‍ന്ന് ചര്‍ച്ച ചെയ്തു കാര്യങ്ങള്‍ കുഴച്ചതല്ലാതെ ഒരു നടപടിയും ഉണ്ടായില്ല. അത്‌ നമ്മുടെ വിധി!
പ്പോഴത്തെ ഈ വീഴ്ച ഇന്ത്യയെ ബാധിക്കുമോ? നമ്മുടെ ധനമന്ത്രിയുടെ നാക്ക്‌ പൊന്നാണു. ഇതൊന്നും ഇന്ത്യയെ ബാധിക്കാന്‍ പോകുന്നില്ല എന്ന് ചിദംമ്പരം പറഞ്ഞിട്ടുണ്ട്‌. യാഥാര്‍ത്ഥ്യം അറിഞ്ഞു കൊണ്ടാണോ അദ്ദേഹം അത്‌ പറഞ്ഞതെന്ന് അറിയില്ല. ഈ ആഗോളീകരണവും ആധുനിക വിപണിയും ഒക്കെ ബാധിക്കുന്നത്‌ നമ്മുടെ ജനസംഖ്യയിലെ വെറും 30% ത്തിനെ മാത്രമാണു. അതാണു സത്യം. പക്ഷെ അത്‌ 30കോടി ഉണ്ടന്നുള്ളത്‌ വേറെ കാര്യം. ഒരു വിപണിയെ സംബന്ധിച്ചിടത്തോളം അത്‌ വലിയൊരു കണ്ണഞ്ചേമ്പാണു. Chunk എന്ന് പരിഭാഷ. അതു ഇങ്ങനെ 'ആടുന്നത്‌ കണ്ടാണു' അമേരിക്കന്‍ കുറുക്കന്മാര്‍ നാവില്‍ വെള്ളവുമൊലിപ്പിച്ച്‌ നിന്നത്‌. നാട്ടുകുറക്കന്മാര്‍ അതിനേക്കാള്‍ ബുദ്ധിയുള്ളവരായിരുന്നു. അത്‌ 'വീഴുന്ന സാധനം'അല്ലെന്ന് അവര്‍ക്കറിയാമായിരുന്നു. അതു കൊണ്ട്‌ അവരുടെ നോട്ടം അമേരിക്കയിലേക്കും യൂറോപ്പിലേക്കുമായി. അവരവിടെ വന്‍ തോതില്‍ മുതലിറക്കിക്കൊണ്ടിരിക്കുന്നു. അഞ്ചോ പത്തോ കൊല്ലം കഴിഞ്ഞാല്‍ അമേരിക്കയുടെ സി.ഇ.ഓ ഒരിന്ത്യക്കാരനായിക്കൂടെന്നില്ല! ശ്ശോ സി.ഇ.ഓ അല്ല, പ്രസിഡന്റ്‌!!
പ്പോള്‍ ഇന്ത്യക്ക്‌ എന്ത്‌ സംഭവിക്കും എന്ന് ചോദിച്ചാല്‍ വിശേഷിച്ചൊന്നും സംഭവിക്കില്ല. നമ്മള്‍ ഇതെത്ര കണ്ടതാ. ബ്ലേഡ്‌ സാജനില്‍ തുടങ്ങി ശബരീനാഥിനെ വരെ ഈ കൊച്ചു കേരളക്കാര്‍ കണ്ടു. എന്നിട്ടും ഇവിടെയൊന്നും സംഭവിച്ചില്ല. കുറച്ചു പേരുടെ കൈക്കാശ്‌ പോയി എന്ന് തോന്നാം. പക്ഷെ അതും അത്ര കണ്ട്‌ ശരിയല്ല. യഥാര്‍ത്ഥ നഷ്ടം പലപ്പോഴും അജ്ഞാതര്‍ക്കാണു. വലിയ വലിയ രാഷ്ട്രീയക്കാര്‍, മെത്രാന്മാര്‍, സന്യാസികള്‍, കള്ളപ്പണക്കാര്‍ തുടങ്ങിയവര്‍ക്കാണത്‌ സംഭവിക്കുന്നതെന്ന് നാം പിന്നീട്‌ രഹസ്യമായി മനസിലാക്കുന്നു. ഇതിലൊക്കെ ഒലിച്ച്‌ പോകുന്നത്‌ അനധികൃത സമ്പാദ്യമാണു.അതൊക്കെ അങ്ങ്‌ പോകട്ടേ!
ത്രയാലോചിച്ചിട്ടും ചിലപ്പോള്‍ മനസിലാകാത്ത ഒരു കാര്യമുണ്ട്‌. അടുത്തിടെ ഉണ്ടായ ഒരു സാമ്പത്തിക സുനാമിയില്‍ ഒരു സ്ത്രീക്ക്‌ നഷ്ടപ്പെട്ടത്‌ 5 ലക്ഷം. അവരുടെ ചരിത്രം കേട്ടാല്‍ ആരായാലും അന്തം വിടും. ഒരു പുവര്‍ ഹോമിലേ അന്തേവാസിയാണവള്‍. അവള്‍ക്ക്‌ എവിടുന്ന് കിട്ടി ഇത്രയും തുക? അതോ അവള്‍ പോലും അറിയാതെ ആരെങ്കിലും ആ പേരില്‍ നിക്ഷേപിച്ചതാകുമോ? ഇതൊക്കെയാണു ദ ഗ്രേറ്റ്‌ ഇന്ത്യന്‍ എക്കണോമിക്ക്‌ ട്രിക്ക്‌!! ദ ഗ്രേറ്റ്‌ ഇന്ത്യന്‍ റോപ്പ്‌ ട്രിക്ക്‌ മാത്രമല്ല നമുക്ക്‌ വശമെന്ന് ലോകം അറിയണം. നേരേവാ, നേരേപോ എന്നുള്ള സായ്പ്പിന്റെ സാമ്പത്തികമല്ല നമ്മുടേത്‌. അതിനു ഇത്തിരി വളവുണ്ട്‌. അതുകൊണ്ട്‌ എന്തെങ്കിലും എവിടെങ്കിലും തകര്‍ന്നു എന്ന് കേട്ടാല്‍ അത്‌ ശരിയാണെന്ന് വിചാരിക്കരുത്‌. യഥാര്‍ത്ഥ തകര്‍ച്ച മറ്റ്‌എവിടെങ്കിലും ആയിരിക്കും. പ്രസവവേദന ഭര്‍ത്താവിനൂടെ പങ്കിട്ട്‌ കൊടുക്കാന്‍ വരം മേടിച്ച പെണ്ണിന്റെ കഥ അറിയില്ലെ? അയലത്തെ ചേട്ടനാണു ഒടുവില്‍ വേദനകൊണ്ട്‌ പുളഞ്ഞ്‌ പോയത്‌. ഇന്ത്യന്‍ സാമ്പത്തികത്തിന്റെ ഉള്ളിലേക്ക്‌ പോയാല്‍ അത്ഭുതങ്ങള്‍ അങ്ങനെ പലതും കാണാം. അങ്ങനെ ഒരു വശം.
ഥാര്‍ത്ഥ ഇന്ത്യ എന്ന് പറയുന്നത്‌ ഈ 30% നു പുറത്താണു എന്നത്‌ മറ്റൊരു വശം. അത്‌ കാണണമെങ്കില്‍ കേരളം വിട്ട്‌ യാത്രചെയ്യണം. അവരുടെ സാമ്പത്തികം അങ്ങ്‌ മുകളിലാണിരിക്കുന്നത്‌. എന്നും രാവിലെ ഉദിക്കുകയും വൈകിട്ട്‌ അസ്തമിക്കുകയും ചെയ്യും. പകലന്തിയോളം ആനന്ദത്തോടെ പണി ചെയ്യും. എവിടേലും കിടന്നുറങ്ങും. കൂരവേണമെന്നില്ല. ആഹരാവും കുറച്ച്‌ മതി. അവന്‍ രാപ്പകല്‍ കഷ്ടപ്പെടുന്നതു കൊണ്ട്‌ എല്ലാവരും ഉണ്ടുറങ്ങിക്കഴിയുന്നു. അവന്റെ അദ്ധ്വാനം പലപ്പോഴും കണക്കുകളില്‍ വരാറില്ല. എങ്കിലും നമുക്ക്‌ ശ്വാസമുള്ളതു കൊണ്ട്‌ അവര്‍ ജീവിച്ചിരിപ്പുണ്ട്‌ എന്ന് ഊഹിക്കാം.
ബ്ദായമായ ആധുനിക ലോകത്തില്‍ കിടന്ന് പിരളുന്ന 30% നു സംഭവിക്കാവുന്നത്‌ ഈ 70% ലേക്ക്‌ ചേരേണ്ടി വരിക എന്നുള്ളതാണു. അത്‌ സംഭവിക്കട്ടെ. കാരണം അതൊരു സുഖവും സ്വാതന്ത്ര്യവുമാണു. സംശയമുണ്ടോ? എങ്കില്‍ അല്‍പ നേരം സ്വസ്ഥമായി ഇരുന്ന് അവനവന്റെ ഉള്ളിലേക്ക്‌ നോക്കുക. അപ്പോള്‍ മനസിലാകും അവനെയാണു തൊഴേണ്ടത്‌. ബുഷൊക്കെ വെറും പീറ!

Thursday, October 9, 2008

ഇനി ഈ രതികള്‍ക്ക് ഒരു സയോനര

യൂറോപ്പിലും അമേരിക്കയിലും ജര്‍മ്മനിയിലുമൊക്കെ അനിവാര്യമായത്‌ സംഭവിച്ചു തുടങ്ങി. സാമ്പത്തിക വാണിജ്യ സ്ഥാപനങ്ങള്‍ തകരുന്നു. അതിനിയും കുടുതല്‍ വ്യാപകമാകുകയേയുള്ളു. ഈ തകര്‍ച്ച അനിവാര്യമാകുന്നത്‌ എങ്ങനെ എന്നൊരു ചോദ്യമുണ്ടാകാം. മനുഷ്യാദ്ധ്വാനത്തെ അടിസ്ഥാനമാക്കിയല്ല ധനകാര്യ-ബാങ്കിംഗ്‌ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം. കണക്കുകൊണ്ടുള്ള മായക്കാഴ്ചകള്‍ വഴി മനുഷ്യനെ ചൂഷണം ചെയ്യുന്നതാണു അതിന്റെ രീതി. വഞ്ചനയില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണു അവ പ്രവര്‍ത്തിക്കുന്നത്‌. അത്‌ പ്രകൃതി വിരുദ്ധമാണു. അതുകൊണ്ട്‌ തന്നെ അവയ്ക്ക്‌ തകരാതിരിക്കാനാവില്ല!
ഇപ്പോള്‍ പൊളിഞ്ഞ സ്ഥാപനങ്ങള്‍ ലാഭത്തിനുവേണ്ടി വലിയ വലിയ ചൂഷണങ്ങള്‍ നടത്തിയിട്ടുള്ളവയാണു. സാമൂഹികനീതി മാനദണ്ഡമാക്കിയിരുന്നെങ്കില്‍ സാധാരണക്കാരനുകൂടി ലഭ്യമാകേണ്ട ഭൂമിയെ വാണിജ്യവല്‍ക്കരിക്കുകയാണു അത്തരം സ്ഥാപങ്ങള്‍ ചെയ്തത്‌. കൃഷി ചെയ്യാനും വീട്‌ വയ്ക്കാനും വേണ്ടിയുള്ള ഭൂമിയെ നമുക്ക്‌ ചുറ്റും ലാഭച്ചരക്കാക്കി മാറ്റുന്നകാഴ്ച കാണുന്നില്ലെ. അതിന്റെ വിപുലമായ ഒരു പതിപ്പാണു അവിടെ സംഭവിച്ചത്‌. അതിനു ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിന്‍ബലമുണ്ടായിരുന്നു.
ആദ്യമായി ഭൂമിക്ക്‌ കൃത്രിമമായ വിലവര്‍ദ്ധനയുണ്ടാക്കും. റിയല്‍ എസ്റ്റേറ്റിനേ ആകര്‍ഷകമാക്കുന്നത്‌ ഇത്തരം അസ്വാഭാവിക വിലകളാണു. അതുവഴി യഥാര്‍ത്ഥ ആവശ്യക്കാര്‍ക്ക്‌ ഭൂമിയും വീടും അപ്രാപ്യമാക്കുകയാണു ഉദ്ദേശം. പിന്നീട്‌ വായ്പകള്‍ നല്‍കി ആവശ്യക്കരെ കടക്കെണിയില്‍ പെടുത്തുന്നു. മറ്റ്‌ മാര്‍ഗ്ഗമൊന്നുമില്ലാത്തത്‌ കൊണ്ട്‌ സാധാരണക്കാര്‍ക്ക്‌ ധനകാര്യസ്ഥാപനങ്ങളുടെ ഇത്തരം കെണികളില്‍ ചെന്ന് മുളയേണ്ടി വരുന്നു. അതില്‍ നിന്നൂറുന്ന പലിശ നിക്ഷേപകനു അര്‍മ്മാദിക്കാന്‍ കൊടുത്ത്‌ അവന്റെ രുചിയും നിലനിര്‍ത്തുന്നു.
ലാഭക്കൊതിയന്മാരും മുതലാളിത്ത സര്‍ക്കാരുകളും ധനകാര്യസ്ഥാപനങ്ങളുടെ ഈ സാമൂഹികവിരുദ്ധതയെ പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. അവര്‍ക്കുമുണ്ട്‌ അതിന്റേതായ ലാഭം! ഈ പ്രവര്‍ത്തനത്തിനു അവര്‍ നല്‍കുന്ന ഒരു മുഖമ്മൂടിയുണ്ട്‌. വികസനം! പൌരന്റെ 'കടം' എങ്ങനെ വികസനമാകുമെന്ന് ആരും ചോദിക്കാറില്ല.
അത്തരം സ്ഥാപനങ്ങളില്‍ ചിലതാണു ഇന്ന് ചീട്ട്‌ കൊട്ടാരം പോലെ നമ്മുടെ കണ്മുന്നില്‍ തകര്‍ന്ന് വീഴുന്നത്‌. അതില്‍ സഹതപിയ്ക്കേണ്ടതായി ഒന്നുമില്ല. സ്വാഭാവികമായ ഒരു പരിണിതിയാണത്‌. ഇത്തരം സ്ഥാപനങ്ങളില്‍ മുതലിറക്കിയിരുന്നവര്‍ക്ക്‌ അവരുടെ പണം പോയി. അതില്‍ എന്ത്‌ സങ്കടപ്പെടാനിരിക്കുന്നു? അതൊരു നല്ലകാര്യമാണു. അത്‌ അങ്ങനെ സംഭവിച്ചില്ലെങ്കിലേ അത്ഭുതപ്പെടെണ്ടതുള്ളു. എത്രയോ ലക്ഷം ആളുകളെ വഞ്ചിച്ചും ചൂഷണം ചെയ്തും ഭീഷണിപ്പെടുത്തിയും ജീവിതം നശിപ്പിച്ചുമാണു ധനകാര്യസ്ഥാപനങ്ങള്‍ അതിന്റെ ഓഹരി ഉടമകള്‍ക്ക്‌ ലാഭം ഉണ്ടാക്കി കൊടുത്തുകൊണ്ടിരുന്നത്‌. ആ പണമാണു ഇപ്പോള്‍ പൊലിഞ്ഞത്. അല്ലാതെ ആ വ്യക്തി അദ്ധ്വാനിച്ചുണ്ടാക്കിയതല്ല.
ചൂഷണത്തിന്റെ പങ്കുപറ്റിയവര്‍ ഇപ്പോള്‍ കരയുകകയല്ല വേണ്ടത്‌. തങ്ങള്‍ ചെയ്തുപോയ അപരാധത്തിനു ലോകത്തോട്‌ മാപ്പ്‌ പറയുകയും അവശേഷിക്കുന്ന സ്വത്തുക്കള്‍ വല്ലതുമുണ്ടെങ്കില്‍ അത്‌ എല്ലാവര്‍ക്കുമായി പങ്കുവയ്ക്കുകയും വേണം. അല്ലെങ്കില്‍ മനസമാധനമുണ്ടാകുകയില്ല. ആത്മഹത്യാ മുനമ്പുകള്‍ അവര്‍ക്കായി കാത്തിരിക്കുന്നു. കഴിഞ്ഞദിവസം തന്നെ ഇന്ത്യന്‍ വംശജനായ ഒരു നിക്ഷേപകന്‍ അതിനു തുടക്കമിട്ടു. വരുംദിവസങ്ങളില്‍ കൂടുതല്‍ ആളുകളെ നമുക്ക്‌ പ്രതീക്ഷിക്കാം. കാരണം ഇത്തരം നിക്ഷേപകരുടെ മനോനില വളരെ ദുര്‍ബ്ബലമാണു. അദ്ധ്വാനിച്ച്‌ പണമുണ്ടാക്കാന്‍ കഴിയാത്തവരാണവര്‍. വഞ്ചനയെ കൂട്ടുപിടിച്ചാണെങ്കിലും എളുപ്പവഴിയില്‍ പണമുണ്ടാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. ഇത്തരം എളുപ്പവഴിയില്‍ പണമുണ്ടാക്കുന്നത്‌ ഒരു മനോരോഗമാണെന്നവര്‍ അറിയുന്നില്ല. ആധുനികസാമ്പത്തികശാസ്ത്രം ലോകത്തിനു സംഭാവന ചെയ്ത ഒരു മനോരോഗം. അവര്‍ ആത്മഹത്യ ചെയ്യുക തന്നെ ചെയ്യും.
അമേരിക്കയുടേയോ യൂറോപ്പിന്റേയോ ഈ തകര്‍ച്ചകൊണ്ട്‌ ലോകം ഇതാ ഇപ്പോള്‍ ഇരുളിലാണ്ട്‌ പോകുമെന്ന് ആരും പരിഭ്രമിക്കേണ്ട. കുറേ ധനമോഹികളുടെ ജീവിതം അസ്തമിച്ചു. അത്രമാത്രം. പ്രകൃതിയുടെ ഒരു തിരുത്തല്‍ നടപടിയാണിതൊക്കെ. വെള്ളപ്പൊക്കമോ മലയിടിച്ചിലോ പോലെ വേറൊന്ന്. അങ്ങനെ കണ്ടാല്‍ മതിയാകും ഈ തകര്‍ച്ചയേയും. അത്‌ തിരിച്ചറിഞ്ഞു ഭാവി തിരുത്താനുള്ള വിവേകം മനുഷ്യരാശിക്ക്‌ ഉണ്ടായാല്‍ മതി.
ലോകമെമ്പാടുമുള്ള വാണിജ്യ-വ്യാപാരങ്ങള്‍ ഇതിനേത്തുടന്ന് ചിലപ്പോള്‍ തളര്‍ന്ന് പോയേക്കാം. ആയുധക്കച്ചവടം സമാപിച്ചേക്കാം. 35കോടി ഡോളറിന്റെ ഇന്റര്‍നെറ്റിലെ പ്രതിദിന രതിവ്യാപാരം സ്തംഭിച്ചേക്കാം. സാമ്പത്തിക ഞെരുക്കം കൊണ്ടും പ്രകൃതിക്ഷോഭം കൊണ്ടും ഭ്രാന്തായിക്കൊണ്ടിരിക്കുന്ന ഭരണാധികാരികളെക്കൊണ്ടും അമേരിക്ക ഒരു ഇരുണ്ടഭൂഖണ്ഡമായി മാറിയെന്നും വരാം. യഥാര്‍ത്ഥ മനുഷ്യര്‍ക്ക്‌ ഭൂമിക്ക്‌ മേല്‍ അവകാശമുണ്ടാകാന്‍ പോകുന്നതിന്റെ സൂചനയായി അതിനെ ഒക്കെ എടുത്താല്‍ മതി.
യാദവകുലം നശിച്ചതു പോലെ ഭൂമിക്ക്‌ ഭാരമായ ഒരു സമൂഹം ലോകത്തുനിന്നും തുടച്ചുമാറ്റപ്പെടുകയാണെന്ന് വിചാരിക്കാം..
അമേരിക്ക എന്നത്‌ വെറും ഭൂമിശാസ്ത്രപരമായ അതിരുകള്‍ മാത്രമല്ല. അതൊരു ചൂഷണ മനോഭാവമാണു. അതാണു തകരുന്നത്‌. തകരേണ്ടത്.
അതുകൊണ്ട്‌ അതിന്റെ പ്രത്യാത്ഘാതങ്ങള്‍ മല്ലപ്പള്ളിയിലോ മയ്യനാട്ടോ അലയടിച്ചാലും അത്ഭുതപ്പെടേണ്ട. നമുക്കിടയിലും അമേരിക്കയുണ്ട്‌.
വളരെ ചെറിയൊരുകാലമേ ഈ പതനത്തിനു എടുത്തുള്ളു എന്നതാണു ആശ്വാസകരം. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം എന്തൊക്കെ വാഗ്ദാനങ്ങളോടെ കടന്ന് വന്നതാണു ആധുനിക സാമ്പത്തിക സമൂഹം. അതാണിപ്പോള്‍ തവിടുപൊടിയാകാന്‍ പോകുന്നത്‌. മുമ്പൊക്കെ ഒരു സമൂഹം തകരാന്‍ നൂറ്റാണ്ടുകള്‍ എടുക്കുമായിരുന്നു. ഇതിപ്പോള്‍ 70കൊല്ലം തികച്ചെടുത്തില്ല. നമ്മുടെ ഭാഗ്യം! അതിനു സഹായിച്ച അമേരിക്കയോട്‌ നാം നന്ദിപറയുക.
വളരെയധികം ബൌദ്ധിക-സാംസ്കാരിക പാരമ്പര്യമുണ്ടായിരുന്ന തദ്ദേശവാസികളെ ഉന്മൂലനം ചെയ്തുകൊണ്ട്‌ വളര്‍ന്നു വന്നതുകൊണ്ടാവാം അമേരിക്കയ്ക്ക്‌ അതിത്രപെട്ടെന്ന് സാധിച്ചെടുക്കാന്‍ കഴിഞ്ഞത്‌. വാളെടുത്തവന്‍ വാളാല്‍ തീരും. ലോകത്തിലെ എല്ലാ പുരോഗതിക്കും പിന്നില്‍ ഈ പിതൃശൂന്യരായ കുടിയേറ്റക്കാരാണന്ന പ്രചരണം എത്രകണ്ട്‌ വ്യാജമായിരുന്നെന്ന് തെളിയിക്കാന്‍ പോകുന്ന കാലമാണിനി വരാന്‍ പോകുന്നത്‌. തദ്ദേശവാസികളുടെ അറിവിനേയും സാങ്കേതിക വിദ്യയെയും തമസ്കരിച്ചു കൊണ്ട്‌ ലാഭക്കൊതിയുടെ തത്ത്വശാസ്ത്രത്തില്‍ മുന്നേറിയ ഒരു സംസ്കാരത്തിനു 'സയോനര' പറയാന്‍ നേരമായി.