Showing posts with label u s banks. Show all posts
Showing posts with label u s banks. Show all posts
Thursday, October 9, 2008
ഇനി ഈ രതികള്‍ക്ക് ഒരു സയോനര
യൂറോപ്പിലും അമേരിക്കയിലും ജര്‍മ്മനിയിലുമൊക്കെ അനിവാര്യമായത് സംഭവിച്ചു തുടങ്ങി. സാമ്പത്തിക വാണിജ്യ സ്ഥാപനങ്ങള്‍ തകരുന്നു. അതിനിയും കുടുതല്‍ വ്യാപകമാകുകയേയുള്ളു. ഈ തകര്‍ച്ച അനിവാര്യമാകുന്നത് എങ്ങനെ എന്നൊരു ചോദ്യമുണ്ടാകാം. മനുഷ്യാദ്ധ്വാനത്തെ അടിസ്ഥാനമാക്കിയല്ല ധനകാര്യ-ബാങ്കിംഗ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം. കണക്കുകൊണ്ടുള്ള മായക്കാഴ്ചകള്‍ വഴി മനുഷ്യനെ ചൂഷണം ചെയ്യുന്നതാണു അതിന്റെ രീതി. വഞ്ചനയില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണു അവ പ്രവര്‍ത്തിക്കുന്നത്. അത് പ്രകൃതി വിരുദ്ധമാണു. അതുകൊണ്ട് തന്നെ അവയ്ക്ക് തകരാതിരിക്കാനാവില്ല! ഇപ്പോള്‍ പൊളിഞ്ഞ സ്ഥാപനങ്ങള്‍ ലാഭത്തിനുവേണ്ടി വലിയ വലിയ ചൂഷണങ്ങള്‍ നടത്തിയിട്ടുള്ളവയാണു. സാമൂഹികനീതി മാനദണ്ഡമാക്കിയിരുന്നെങ്കില്‍ സാധാരണക്കാരനുകൂടി ലഭ്യമാകേണ്ട ഭൂമിയെ വാണിജ്യവല്‍ക്കരിക്കുകയാണു അത്തരം സ്ഥാപങ്ങള്‍ ചെയ്തത്. കൃഷി ചെയ്യാനും വീട് വയ്ക്കാനും വേണ്ടിയുള്ള ഭൂമിയെ നമുക്ക് ചുറ്റും ലാഭച്ചരക്കാക്കി മാറ്റുന്നകാഴ്ച കാണുന്നില്ലെ. അതിന്റെ വിപുലമായ ഒരു പതിപ്പാണു അവിടെ സംഭവിച്ചത്. അതിനു ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിന്‍ബലമുണ്ടായിരുന്നു. ആദ്യമായി ഭൂമിക്ക് കൃത്രിമമായ വിലവര്‍ദ്ധനയുണ്ടാക്കും. റിയല്‍ എസ്റ്റേറ്റിനേ ആകര്‍ഷകമാക്കുന്നത് ഇത്തരം അസ്വാഭാവിക വിലകളാണു. അതുവഴി യഥാര്‍ത്ഥ ആവശ്യക്കാര്‍ക്ക് ഭൂമിയും വീടും അപ്രാപ്യമാക്കുകയാണു ഉദ്ദേശം. പിന്നീട് വായ്പകള്‍ നല്‍കി ആവശ്യക്കരെ കടക്കെണിയില്‍ പെടുത്തുന്നു. മറ്റ് മാര്‍ഗ്ഗമൊന്നുമില്ലാത്തത് കൊണ്ട് സാധാരണക്കാര്‍ക്ക് ധനകാര്യസ്ഥാപനങ്ങളുടെ ഇത്തരം കെണികളില്‍ ചെന്ന് മുളയേണ്ടി വരുന്നു. അതില്‍ നിന്നൂറുന്ന പലിശ നിക്ഷേപകനു അര്‍മ്മാദിക്കാന്‍ കൊടുത്ത് അവന്റെ രുചിയും നിലനിര്‍ത്തുന്നു. ലാഭക്കൊതിയന്മാരും മുതലാളിത്ത സര്‍ക്കാരുകളും ധനകാര്യസ്ഥാപനങ്ങളുടെ ഈ സാമൂഹികവിരുദ്ധതയെ പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. അവര്‍ക്കുമുണ്ട് അതിന്റേതായ ലാഭം! ഈ പ്രവര്‍ത്തനത്തിനു അവര്‍ നല്‍കുന്ന ഒരു മുഖമ്മൂടിയുണ്ട്. വികസനം! പൌരന്റെ 'കടം' എങ്ങനെ വികസനമാകുമെന്ന് ആരും ചോദിക്കാറില്ല. അത്തരം സ്ഥാപനങ്ങളില്‍ ചിലതാണു ഇന്ന് ചീട്ട് കൊട്ടാരം പോലെ നമ്മുടെ കണ്മുന്നില്‍ തകര്‍ന്ന് വീഴുന്നത്. അതില്‍ സഹതപിയ്ക്കേണ്ടതായി ഒന്നുമില്ല. സ്വാഭാവികമായ ഒരു പരിണിതിയാണത്. ഇത്തരം സ്ഥാപനങ്ങളില്‍ മുതലിറക്കിയിരുന്നവര്‍ക്ക് അവരുടെ പണം പോയി. അതില്‍ എന്ത് സങ്കടപ്പെടാനിരിക്കുന്നു? അതൊരു നല്ലകാര്യമാണു. അത് അങ്ങനെ സംഭവിച്ചില്ലെങ്കിലേ അത്ഭുതപ്പെടെണ്ടതുള്ളു. എത്രയോ ലക്ഷം ആളുകളെ വഞ്ചിച്ചും ചൂഷണം ചെയ്തും ഭീഷണിപ്പെടുത്തിയും ജീവിതം നശിപ്പിച്ചുമാണു ധനകാര്യസ്ഥാപനങ്ങള്‍ അതിന്റെ ഓഹരി ഉടമകള്‍ക്ക് ലാഭം ഉണ്ടാക്കി കൊടുത്തുകൊണ്ടിരുന്നത്. ആ പണമാണു ഇപ്പോള്‍ പൊലിഞ്ഞത്. അല്ലാതെ ആ വ്യക്തി അദ്ധ്വാനിച്ചുണ്ടാക്കിയതല്ല. ചൂഷണത്തിന്റെ പങ്കുപറ്റിയവര്‍ ഇപ്പോള്‍ കരയുകകയല്ല വേണ്ടത്. തങ്ങള്‍ ചെയ്തുപോയ അപരാധത്തിനു ലോകത്തോട് മാപ്പ് പറയുകയും അവശേഷിക്കുന്ന സ്വത്തുക്കള്‍ വല്ലതുമുണ്ടെങ്കില്‍ അത് എല്ലാവര്‍ക്കുമായി പങ്കുവയ്ക്കുകയും വേണം. അല്ലെങ്കില്‍ മനസമാധനമുണ്ടാകുകയില്ല. ആത്മഹത്യാ മുനമ്പുകള്‍ അവര്‍ക്കായി കാത്തിരിക്കുന്നു. കഴിഞ്ഞദിവസം തന്നെ ഇന്ത്യന്‍ വംശജനായ ഒരു നിക്ഷേപകന്‍ അതിനു തുടക്കമിട്ടു. വരുംദിവസങ്ങളില്‍ കൂടുതല്‍ ആളുകളെ നമുക്ക് പ്രതീക്ഷിക്കാം. കാരണം ഇത്തരം നിക്ഷേപകരുടെ മനോനില വളരെ ദുര്‍ബ്ബലമാണു. അദ്ധ്വാനിച്ച് പണമുണ്ടാക്കാന്‍ കഴിയാത്തവരാണവര്‍. വഞ്ചനയെ കൂട്ടുപിടിച്ചാണെങ്കിലും എളുപ്പവഴിയില്‍ പണമുണ്ടാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. ഇത്തരം എളുപ്പവഴിയില്‍ പണമുണ്ടാക്കുന്നത് ഒരു മനോരോഗമാണെന്നവര്‍ അറിയുന്നില്ല. ആധുനികസാമ്പത്തികശാസ്ത്രം ലോകത്തിനു സംഭാവന ചെയ്ത ഒരു മനോരോഗം. അവര്‍ ആത്മഹത്യ ചെയ്യുക തന്നെ ചെയ്യും. അമേരിക്കയുടേയോ യൂറോപ്പിന്റേയോ ഈ തകര്‍ച്ചകൊണ്ട് ലോകം ഇതാ ഇപ്പോള്‍ ഇരുളിലാണ്ട് പോകുമെന്ന് ആരും പരിഭ്രമിക്കേണ്ട. കുറേ ധനമോഹികളുടെ ജീവിതം അസ്തമിച്ചു. അത്രമാത്രം. പ്രകൃതിയുടെ ഒരു തിരുത്തല്‍ നടപടിയാണിതൊക്കെ. വെള്ളപ്പൊക്കമോ മലയിടിച്ചിലോ പോലെ വേറൊന്ന്. അങ്ങനെ കണ്ടാല്‍ മതിയാകും ഈ തകര്‍ച്ചയേയും. അത് തിരിച്ചറിഞ്ഞു ഭാവി തിരുത്താനുള്ള വിവേകം മനുഷ്യരാശിക്ക് ഉണ്ടായാല്‍ മതി. ലോകമെമ്പാടുമുള്ള വാണിജ്യ-വ്യാപാരങ്ങള്‍ ഇതിനേത്തുടന്ന് ചിലപ്പോള്‍ തളര്‍ന്ന് പോയേക്കാം. ആയുധക്കച്ചവടം സമാപിച്ചേക്കാം. 35കോടി ഡോളറിന്റെ ഇന്റര്‍നെറ്റിലെ പ്രതിദിന രതിവ്യാപാരം സ്തംഭിച്ചേക്കാം. സാമ്പത്തിക ഞെരുക്കം കൊണ്ടും പ്രകൃതിക്ഷോഭം കൊണ്ടും ഭ്രാന്തായിക്കൊണ്ടിരിക്കുന്ന ഭരണാധികാരികളെക്കൊണ്ടും അമേരിക്ക ഒരു ഇരുണ്ടഭൂഖണ്ഡമായി മാറിയെന്നും വരാം. യഥാര്‍ത്ഥ മനുഷ്യര്‍ക്ക് ഭൂമിക്ക് മേല്‍ അവകാശമുണ്ടാകാന്‍ പോകുന്നതിന്റെ സൂചനയായി അതിനെ ഒക്കെ എടുത്താല്‍ മതി. യാദവകുലം നശിച്ചതു പോലെ ഭൂമിക്ക് ഭാരമായ ഒരു സമൂഹം ലോകത്തുനിന്നും തുടച്ചുമാറ്റപ്പെടുകയാണെന്ന് വിചാരിക്കാം.. അമേരിക്ക എന്നത് വെറും ഭൂമിശാസ്ത്രപരമായ അതിരുകള്‍ മാത്രമല്ല. അതൊരു ചൂഷണ മനോഭാവമാണു. അതാണു തകരുന്നത്. തകരേണ്ടത്. അതുകൊണ്ട് അതിന്റെ പ്രത്യാത്ഘാതങ്ങള്‍ മല്ലപ്പള്ളിയിലോ മയ്യനാട്ടോ അലയടിച്ചാലും അത്ഭുതപ്പെടേണ്ട. നമുക്കിടയിലും അമേരിക്കയുണ്ട്. വളരെ ചെറിയൊരുകാലമേ ഈ പതനത്തിനു എടുത്തുള്ളു എന്നതാണു ആശ്വാസകരം. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം എന്തൊക്കെ വാഗ്ദാനങ്ങളോടെ കടന്ന് വന്നതാണു ആധുനിക സാമ്പത്തിക സമൂഹം. അതാണിപ്പോള്‍ തവിടുപൊടിയാകാന്‍ പോകുന്നത്. മുമ്പൊക്കെ ഒരു സമൂഹം തകരാന്‍ നൂറ്റാണ്ടുകള്‍ എടുക്കുമായിരുന്നു. ഇതിപ്പോള്‍ 70കൊല്ലം തികച്ചെടുത്തില്ല. നമ്മുടെ ഭാഗ്യം! അതിനു സഹായിച്ച അമേരിക്കയോട് നാം നന്ദിപറയുക. വളരെയധികം ബൌദ്ധിക-സാംസ്കാരിക പാരമ്പര്യമുണ്ടായിരുന്ന തദ്ദേശവാസികളെ ഉന്മൂലനം ചെയ്തുകൊണ്ട് വളര്‍ന്നു വന്നതുകൊണ്ടാവാം അമേരിക്കയ്ക്ക് അതിത്രപെട്ടെന്ന് സാധിച്ചെടുക്കാന്‍ കഴിഞ്ഞത്. വാളെടുത്തവന്‍ വാളാല്‍ തീരും. ലോകത്തിലെ എല്ലാ പുരോഗതിക്കും പിന്നില്‍ ഈ പിതൃശൂന്യരായ കുടിയേറ്റക്കാരാണന്ന പ്രചരണം എത്രകണ്ട് വ്യാജമായിരുന്നെന്ന് തെളിയിക്കാന്‍ പോകുന്ന കാലമാണിനി വരാന്‍ പോകുന്നത്. തദ്ദേശവാസികളുടെ അറിവിനേയും സാങ്കേതിക വിദ്യയെയും തമസ്കരിച്ചു കൊണ്ട് ലാഭക്കൊതിയുടെ തത്ത്വശാസ്ത്രത്തില്‍ മുന്നേറിയ ഒരു സംസ്കാരത്തിനു 'സയോനര' പറയാന്‍ നേരമായി.
Subscribe to:
Posts (Atom)