Friday, May 2, 2008

വയോക്സ് - പ്രതി ഡോക്ടറാണു


ചിത്രം കടപ്പാട്: ദി ഹിന്ദു


ലോക മരുന്ന് ഭീമന്‍ മെര്‍ക്കിന്റെ ഒരു പ്രോഡക്റ്റ്‌ ആയിരുന്നു വയോക്സ്‌(Vioxx)। ഒരു വേദനാസംഹാരിയായാണു അത്‌ വിപണിയില്‍ എത്തിയത്‌. 2004 ല്‍ മരുന്ന് അപകടകരമാണെന്ന് മനസിലാക്കിയ കമ്പനി അത്‌ സ്വയം പിന്‍വലിച്ചു. മരുന്നിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ചു വയ്ക്കുകയും കൃത്രിമ തെളിവുകള്‍ നിരത്തി പൊതുജനത്തെ വഞ്ചിക്കുകയും ചെയ്തതിനു മെര്‍ക്ക്‌ കമ്പനി ഇപ്പോള്‍ നിയമ നടപടികള്‍ നേരിടുകയാണു.
Nonsteroidal anti-inflammatory drugs (NSAIDs)- പട്ടികയില്‍ പെടുന്നതായിരുന്നു വയോക്സ്‌. ജ്വരവും വേദനയും ഇല്ലാതാക്കുന്ന ഒരത്ഭുത മരുന്നായാണ്‌ കമ്പനി അതിനെ അവതരിപ്പിച്ചത്‌! ഒട്ടുമിക്ക തരത്തിലും പെട്ട വേദനകള്‍ക്ക്‌ അത്‌ ഫലപ്രദമാണെന്നായിരുന്നു കമ്പനിയുടെ അവകാശവാദം. മരുന്നിന്റെ ഇന്‍ഡിക്കേഷന്‍സില്‍ അത്‌ രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
Vioxx reduce pain, inflammation, and stiffness caused by osteoarthritis, rheumatoid arthritis and certain forms of juvenile rheumatoid arthritis; to manage acute pain in adults; to treat migraines; and to treat menstrual pain.........
ഒരു സര്‍വ്വ വേദനാ സംഹാരി. സിദ്ധമര്‍മ്മാണി വൈദ്യന്മാരാണു ഇതുപോലെയുള്ള പരസ്യങ്ങള്‍ നല്‍കാറ്‌. അത്‌ തട്ടിപ്പാണെന്ന് നമുക്കുടന്‍ മനസിലാകുകയും ചെയ്യും. പഠിപ്പുള്ളതു കൊണ്ടാണോ എന്നറിയില്ല ഡോക്ടറന്മാര്‍ക്കത്‌ മനസിലാകാന്‍ കാലം ഏറെയെടുത്തു.
വേദനയുള്ള ഏത്‌ രോഗി വന്നാലും എഴുതിക്കൊടുക്കാന്‍ പറ്റുന്ന ഒരു സാധനമായി ഡോക്ടറന്മാര്‍ വയോക്സിനെ കണ്ടു! ആമവാതം മുതല്‍ മാസമുറക്കാലത്തെ സ്വാഭാവിക വേദന വരെ മാറുമെങ്കില്‍ പിന്നെ എന്തു വേണം। മുട്ടു വേദന, തലവേദന, ശരീരവേദന, ചെന്നിക്കുത്ത്‌ - ഇതില്‍ ഏതെങ്കിലുമൊക്കെ വല്ലപ്പോഴുമെങ്കിലും ഇല്ലാത്ത ഒരു രോഗി ഈ ഭൂലോകത്ത്‌ കാണുമോ? അപ്പോള്‍ ആര്‍ക്ക്‌ വേണമെങ്കിലും ഈ മരുന്ന് എഴുതിക്കൊടുക്കാം। ഡോക്ടറന്മാര്‍ ഹാപ്പിയായി। 2004 വരെ തുരുതുരാ മരുന്നെഴുത്തായിരുന്നു। വേദന മാറുന്നുണ്ടോ എന്ന് ചോദിച്ചാല്‍ പലരുടേയും വേദന മാറി। ഇനി ഒരിക്കലും ഉണ്ടാകാത്ത വിധം അതങ്ങ്‌ മാറാന്‍ തുടങ്ങിയപ്പോള്‍ കമ്പനി ഒന്നാലോചിച്ചു. ഇതിനിയും തുടരണമോ? മരുന്ന് ഉപയോഗിക്കാന്‍ തുടങ്ങിയ പലരേയും പിന്നീട്‌ കാണാനില്ല. കാണണമെങ്കില്‍ സെമിത്തേരിയില്‍ ചെല്ലണം എന്നതായി അവസ്ഥ. ഇക്കണക്കിനു പോയാല്‍ മരുന്ന് കഴിക്കാന്‍ ആളുണ്ടാവില്ലെന്ന് കരുതിയാണോ വേണ്ടത്ര ലാഭം കിട്ടിയതു കൊണ്ടാണോ എന്നറിയില്ല കമ്പനി മരുന്ന് പിന്‍വലിച്ചു.
വെളുക്കാന്‍ തേച്ചത്‌ പാണ്ഡായി എന്ന് പണ്ട്‌ പറയാറുള്ളത്‌ വല്ല ലൊട്ടുലൊടുക്ക്‌ വൈദ്യന്മാരുടേയും വാക്ക്‌ കേട്ട്‌ ഏതെങ്കിലുമൊക്കെ മരുന്ന് ആരെങ്കിലുമൊക്കെ ശീലിക്കുമ്പോഴായിരുന്നു. ഇപ്പോള്‍ ഇത്‌ പഠിപ്പും ഡിഗ്രിയുമുള്ള ഡോക്ടറന്മാരുടെ വാക്ക്‌ കേട്ടാലും സംഭാവ്യമാണെന്ന് മെര്‍ക്കിന്റെ വയോക്സ്‌ ഉപയോഗിച്ചവര്‍ക്ക്‌ മനസിലായി. വേദന മാറാന്‍ മരുന്ന് കഴിച്ചവര്‍ക്ക്‌ ഹൃദ്രോഗബാധ!. 'വട പേടിച്ച്‌ വടകരയില്‍ ചെന്നപ്പോള്‍ ദാ മുന്നില്‍ വടയക്ഷി' എന്ന അവസ്ഥയിലായി പലരും. അരലക്ഷത്തോളം പേര്‍ ഇന്ന് നഷ്ടപരിഹാരത്തിനായി കമ്പനിക്ക്‌ പുറകേയുണ്ട്‌. മരുന്ന് ഉപയോഗത്തെ തുടര്‍ന്ന് മരിച്ചവര്‍ വേറെ.
വയോക്സ്‌ മാത്രമല്ല ഈ പട്ടികയില്‍ മാര്‍ക്കറ്റിലുണ്ടായിരുന്നത്‌। അനേകം പേരിലുള്ള അനേകം മരുന്നുകള്‍. (Rofecoxib - COCK sib).എതാണ്ട്‌ 6 കൊല്ലക്കാലം ഡോക്റ്ററന്മാര്‍ അതെല്ലാം എഴുതിക്കൊടുത്ത ശേഷമാണു പിന്‍വലിക്കല്‍ നടപടിയുണ്ടായത്‌. കമ്പനികള്‍ക്ക്‌ അത്‌ മതി. അതിനിടയില്‍ അവര്‍ വേണ്ടത്ര ലാഭം ഉണ്ടാക്കിക്കഴിഞ്ഞിരിക്കും. ഒരു ടാബ്‌ലെറ്റിനു 2.50 മുതല്‍ 5 രൂപവരെയായിരുന്നു ഈ മരുന്നുകളുടെ വില. കേരളത്തില്‍ തന്നെ എത്ര ലക്ഷങ്ങള്‍ അവ കഴിച്ചു കാണും? ഏതു ചെറിയ വേദനയ്ക്കും ഡോക്ടറെപ്പോയിക്കാണുന്ന മലയാളി എത്ര കിലോഗ്രാം വയോക്സോ തത്തുല്യമായ മറ്റ്‌ മരുന്നുകളോ കഴിച്ചിട്ടുണ്ടാകുമെന്ന് ആലോചിച്ചാല്‍ ഞെട്ടിപ്പോകും! മരുന്ന് ഉപയോഗത്തില്‍ നിയന്ത്രണവും നിരീക്ഷണവുമുള്ള അമേരിക്കയില്‍ അരലക്ഷത്തോളം പേര്‍ വയോക്സിന്റെ പാര്‍ശ്വഫലങ്ങള്‍ക്ക്‌ വിധേയരായതായി കണ്ടെത്തുമ്പോള്‍ ഇവിടെ അതിന്റെ തോത്‌ എത്രയായിരിക്കും? ആലോചിക്കാനാവുമോ?
കഴിഞ്ഞ അഞ്ചെട്ട്‌ വര്‍ഷമായി നമ്മുടെ നാട്ടില്‍ ഒരു പ്രത്യേക തരം മരണം റിപ്പോര്‍ട്ട്‌ ചെയ്യുന്നുണ്ട്‌. കുഴഞ്ഞ്‌ വീണു മരിക്കുക! അധികം കാലമായിട്ടില്ല അത്‌ വ്യാപകമായിട്ട്‌. അത്തരക്കാരുടെ എണ്ണം കൂടിക്കൂടി വരികയും ചെയ്യുന്നു. ഏത്‌ പത്രമെടുത്താലും കുഴഞ്ഞ്‌ വീണു മരിക്കുന്ന ഒന്ന് രണ്ട്‌ വാര്‍ത്തകളെങ്കിലും ഇല്ലാത്ത ദിവസമില്ല. അവയെല്ലാം ഹൃദയാഘാതത്തിന്റെ പട്ടികയില്‍ പെടുത്തി സമാധാനിക്കുകയാണു പതിവ്‌. പണ്ടില്ലാതിരുന്ന ഈ പ്രതിഭാസം-ഈ കുഴഞ്ഞ്‌ വീഴലും മരണവും - അത്‌ ഡോക്ടറന്മാര്‍ മരണസര്‍ട്ടിഫിക്കറ്റില്‍ പറയുന്ന പോലെ ഹൃദയാഘാതം തന്നെ ആയിരിക്കാം. പക്ഷെ വയോക്സ്‌ പോലുള്ള മരുന്നുകളുടെ ഉപയോഗം അതിനു കാരണമാകുന്നുണ്ടോ? കുഴഞ്ഞ്‌ വീണുള്ള മരണത്തില്‍ മരുന്നുകള്‍ക്കുള്ള പങ്ക്‌ ആരും ഗവേഷണം നടത്തിയതായി അറിവില്ല! വളരെയധികം മരുന്ന് ഉപയോഗിക്കുന്ന മലയാളിയുടെ കാര്യത്തില്‍ അത്തരമൊരു പഠനത്തിനു പ്രസക്തി വളരെയുണ്ട്‌. വയോക്സ്‌ മാത്രമല്ല, ഒട്ടനവധി മരുന്നുകള്‍ ഇത്തരം പ്രത്യാത്ഘാതങ്ങള്‍ ഉണ്ടാക്കാം. പല മരുന്നുകളിലും അത്‌ രേഖപ്പെടുത്തി വച്ചിട്ടുമുണ്ട്‌. പക്ഷെ പൂച്ചയ്ക്കാര്‌ മണി കെട്ടും?
മരുന്ന് കമ്പനികളില്‍ നിന്ന് കാറും ഹോംതീയറ്ററും സിങ്കപ്പൂര്‍ യാത്രയുമൊക്കെ സ്വപ്നം കണ്ടിരിക്കുന്ന ഡോക്ടറന്മാര്‍ ഇതിനു മുന്‍കൈ എടുക്കുമെന്ന് പ്രതീക്ഷിയ്ക്കണ്ട. വയോക്സിന്റെ കാര്യത്തില്‍ ലാന്‍സെറ്റ്‌ മാസിക അപകടം ചൂണ്ടിക്കാണിച്ചു കൊണ്ട്‌ നേരത്തെ തന്നെ എഴുതിയിരുന്നു. എന്നിട്ട്‌ എത്ര ഡോക്ടറന്മാര്‍ അതറിഞ്ഞു? മരുന്നെഴുത്ത്‌ നിര്‍ത്തി? വേണ്ട പത്രാധിപര്‍ക്ക്‌ ഒരു കത്തെങ്കിലുമയച്ചോ? പ്രാക്ടീസിനിടയ്ക്ക്‌ ഇതിനൊക്കെ ആര്‍ക്കാ നേരം! മെഡിക്കല്‍ കോളേജില്‍ നിന്ന് ഇറങ്ങിയിട്ട്‌ പിന്നെ പുസ്തകം തുറക്കേണ്ട ഗതികേട്‌ ഉണ്ടായിട്ടില്ല! എന്തിനു മാര്‍ട്ടിന്‍ഡേല്‍ ജീവിതത്തില്‍ ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്ത ഡോക്ടറന്മാരുള്ള നാടാണു കേരളം! മെഡിക്കല്‍ റെപ്പുകള്‍ പറയുന്നതിലപ്പുറം മരുന്നുകളെപ്പറ്റി അറിയാവുന്ന ഡോക്ടറന്മാര്‍ ചുരുങ്ങും. ഈ റെപ്പ്‌ വിവരിച്ചു കൊടുക്കുന്നതു തന്നെ മനസിലാകുന്നുണ്ടോ ആവോ? ഇംഗ്ലീഷിലുള്ള അവന്റെ വാക്‌ക്‍ധോരണിക്കു മുന്നില്‍ 'മനസിലാകുന്നില്ല' എന്ന് പറയാന്‍ ദുരഭിമാനം ഡോക്ടറന്മാരെ അനുവദിക്കാറില്ല. അത്‌ കൊണ്ട്‌ റെപ്പ്‌ പറയുന്നത്‌ തലകുലുക്കി കേള്‍ക്കുന്നതായി ഭാവിച്ചിട്ട്‌ മരുന്നിന്റെ പേരും ഓഫറും മാത്രം ഓര്‍ത്തിരിക്കും. ഇതു നന്നായി അറിയാവുന്നവരാണു മരുന്ന് കച്ചവടക്കാര്‍. പക്ഷെ അതിനു ബലിയാടാകേണ്ടി വരുന്നത്‌ പാവം ജനങ്ങളാണു. ഒരലപം അവധാനത ഡോക്ടറന്മാര്‍ക്കുണ്ടെങ്കില്‍ വിലപ്പെട്ട എത്ര മനുഷ്യജീവനുകള്‍ രക്ഷിക്കാന്‍ കഴിയും!