Sunday, May 20, 2007

വി.എസ്സും നോബല്‍ സമ്മാനവും

വി.എസ്സും നോബല്‍ സമ്മാനവും

തെക്കു വടക്ക്‌ ആയിരം കിലോമീറ്ററില്‍ താഴെ നീളം.
ഏറിവന്നാല്‍ 150 ഒ 200 ഓ കി.മി. കിഴക്ക്‌ പടിഞ്ഞാറു വീതി.
ബസ്തര്‍ ജില്ലയെക്കാള്‍ ചെറുത്‌.
ഇതാണു കൊച്ച്‌ കേരളം.
അവിടെ ഇപ്പോള്‍ ഒരു അത്ഭുതം നടക്കുന്നു.

പണത്തിനും പേശീ ബലത്തിനും താഴെയാണു ജനകീയാധികാരം എന്ന് മേനി നടിച്ച്‌ നടന്നവര്‍ക്ക്‌ ഒരു നടുക്കം! അവരുടെ സ്വപ്നങ്ങള്‍ പൊളിഞ്ഞു വീഴുന്ന കാഴ്ചയാണു ദൃശ്യമാദ്ധ്യമങ്ങള്‍ ഓരോ നിമിഷവും കാണിച്ചു കൊണ്ടിരിക്കുന്നത്‌.

ഇപ്പോള്‍ മൂന്നാറില്‍.
താമസിക്കാതെ കേരളമൊട്ടാകെ!!

ഇതിനൊക്കെ നാം നന്ദി പറയേണ്ട ഒരു ഉരുക്ക്‌ മനുഷ്യനുണ്ട്‌.
വി.എസ്സ്‌. അച്യുതാനന്ദന്‍ എന്ന കേരളത്തിന്റെ കമ്മ്യൂണിസ്റ്റ്‌ മുഖ്യമന്ത്രി.

സ്വകാര്യ സ്വത്തിനെ അമ്പേ നിഷേധിക്കുന്ന തത്ത്വ ചിന്തയാണു കമ്മ്യൂണിസത്തില്‍.
അതു സ്വന്തം രക്തത്തില്‍ അലിയിച്ചു ചേര്‍ത്ത വ്യക്തിയാണു വി.എസ്സ്‌.
ജനകീയ ജനാധിപത്യത്തില്‍ ആ തത്ത്വചിന്തക്ക്‌ സാരമായ കട്ടി കുറവ്‌ സംഭവിച്ചു.
എന്നാല്‍ അതു പൊതുജനത്തിന്റെ മൊത്തം മുതലും കൊള്ളയടിക്കുന്നതിലേക്ക്‌ എത്തിച്ചേരുന്നത്‌ കാണുമ്പോള്‍ വി.എസ്സിനെപ്പോലെ ഒരാള്‍ക്ക്‌ രോഷം കൊള്ളാതിരിക്കാനാവുമോ?
ആ രോഷാഗ്നിയാണു മൂന്നാറില്‍ ഇന്ന് ആളിപ്പടരുന്നത്‌.
മലമുകളിലെ ശീതളമായ കുളിരിനെ അലിയിച്ച്‌ കളയുന്നത്‌.

നദികള്‍, അരുവികള്‍, ചെറു തോടുകള്‍, കായല്‍പ്പരപ്പ്‌.
കേരളത്തെ സസ്യശ്യാമളമാക്കുന്ന ഈ ജലസമൃദ്ധിയുടെ പിന്നില്‍ കിഴക്ക്‌ ഉയര്‍ന്നു നില്‍ക്കുന്ന മലകളും അതില്‍ പടര്‍ന്ന നില്‍ക്കുന്ന കാടുകളുമാണു.
മനുഷ്യന്റെ അതിരില്ലാത്ത മോഹം മലകയറി കാടുകളെ തീണ്ടിത്തുടങ്ങിയപ്പോള്‍ പരക്കാന്‍ ആരംഭിച്ച ജനതയുടെ അസ്വാസ്ഥ്യമാണു ഇന്ന് ശമനം നേടുന്നത്‌.
പോയ കാടുകള്‍ ഇനി തിരിച്ച്‌ വരില്ല.
പക്ഷെ കൂടുതല്‍ ഇടപെടലുകള്‍ തടയാം.
ഒരു ഭരണാധികാരിയും ആഗ്രഹിച്ചിട്ടില്ലാത്ത കാര്യം.
ആഗ്രഹിച്ചവര്‍ക്കൊന്നും നടപ്പാക്കാന്‍ കഴിയാതെ പോയത്‌.
ഇതൊരു നിസ്സാര സംഗതിയല്ല.

ആസ്ത്രേലിയായിലും ന്യൂസിലാന്‍ഡിലും പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി പേപ്പര്‍ നിര്‍മ്മാണ കമ്പനികളെ നിയന്ത്രിക്കാന്‍ പോയ ഭരണകര്‍ത്താക്കള്‍ അനുഭവിച്ച ദുരിതം ഓര്‍ക്കുക.

കേരളത്തേപ്പോലെ ഒരു ചെറിയ സ്ഥലമല്ല അതൊന്നും.
ആധുനികരും സംസ്കാരസമ്പന്നരും നിവസിക്കുന്ന നാട്‌.
സജീവമായ പരിസ്ഥിതി സംഘടനകളുടെ പിന്തുണ വേറെ.
എന്നിട്ടും അവര്‍ അനുഭവിച്ച ദുരിതം വളരെ വലുതായിരുന്നു.
അപ്പോള്‍ കേരളം പോലെ Politically sesitive ആയ ഒരു സ്ഥലത്ത്‌ എന്തൊക്കെ സംഭവിച്ചു കൂടാ? ആ ഉള്‍ഭയങ്ങളേ ഒക്കെ വിസ്മരിച്ച്‌ കൊണ്ട്‌ ഒരു നീക്കമുണ്ടാകുമ്പോള്‍ അതിനെ എത്ര കണ്ട്‌ പ്രശംസിച്ചാല്‍ മതിയാകും?
അച്യുതാനന്ദന്റെ ഉരുക്ക്‌ മുഷ്ഠിക്ക്‌ മുന്നില്‍ എല്ലാ എതിര്‍പ്പുകളും അസ്തമിച്ചു.
കേരളത്തിനു പ്രത്യാശയുണര്‍ന്നു.
സാധാരണ മനുഷ്യന്റെ ആത്മവിശ്വാസം ഉയര്‍ന്നു.
കലികാലത്തില്‍ ധര്‍മ്മ ധേനു മൂന്ന് കാലുകളും നഷ്ടപ്പെട്ട്‌ നിന്ന് കേഴുമ്പോള്‍ രക്ഷകനായവതരിച്ച പുരാണകഥാപാത്രത്തെ അനുസ്മരിപ്പിക്കുന്നു വി.എസ്സ്‌.
ജീവന്റെ നിലനില്‍പ്പിനെയാണു അദ്ദേഹം പരിരക്ഷിച്ചിരിക്കുന്നത്‌.
ലോകമെമ്പാടും പാരിസ്ഥിതിക പ്രശ്നങ്ങള്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണു.
ചൂട്‌ കൂടുന്നു.
കുടിവെള്ളം കിട്ടാതാകുന്നു.
നദികള്‍ നഷ്ടപ്പെടുന്നു.
ഭൂമി ദുര്യുപയോഗം ചെയ്യപ്പെടുന്നു.
മനുഷ്യന്റെ നിലനില്‍പ്പ്‌ തന്നെ മുള്‍മുനയിലാണു.
എന്തും സംഭവിക്കാവുന്ന ഒരു ആത്മഹത്യാ മുനമ്പില്‍ ചെന്നു നില്‍ക്കുകയാണു മാനവം.
പിന്‍ വിളി വിളിക്കാന്‍ ആരുമില്ല.

ഈ സാഹചര്യത്തില്‍ വി.എസ്സിന്റെ നടപടി സൃഷ്ടിക്കുന്ന മൂല്യം അതുല്യമാണു.
മനുഷ്യരാശിയെ ഒരു ദുരന്തത്തില്‍ നിന്നും രക്ഷിക്കാനുള്ള ദിശാനക്ഷത്രമാകാന്‍ അതിനു കഴിയുന്നു.

ഇതു പൂര്‍ണ്ണവും സമഗ്രവുമാണെന്നൊന്നും അഭിപ്രായമില്ല.
പക്ഷെ ഇന്നത്തെ ലോകക്രമത്തില്‍ ഇത്രയെങ്കിലും കഴിയുന്നതു അത്ഭുതമാണു.
അതിനു അച്യുതാനന്ദന്‍ ആദരിക്കപ്പെട്ടേ തീരു.
നാം അതിനു വിമുഖത കാട്ടിയാല്‍ ലോകം നമ്മെ പരിഹസിക്കും.
കേരളവും മൂന്നാറുമൊന്നും ഇന്ന് പാശ്ചാത്യലോകത്തിനു അജ്ഞാതമല്ല.
മനുഷ്യസ്നേഹികളും പരിസ്ഥിതി പ്രവര്‍ത്തകരും ഇതൊക്കെ ഉറ്റ്‌ നോക്കുന്നുണ്ട്.
നാം ആദരിക്കുന്നത്‌ കണ്ടില്ലെങ്കില്‍ അവര്‍ മുന്നോട്ട്‌ വന്നെന്ന് ഇരിക്കും.
ഇതിനേക്കാള്‍ നിസ്സാരമായ കാര്യങ്ങള്‍ക്ക്‌ പോലും പലരും ആദരിക്കപ്പെട്ടിട്ടുണ്ട്‌.
അതു കൊണ്ട്‌ വി.എസ്സും സംഘവും ആദരിക്കപ്പെടാതെ പോകില്ല.
അതു ഒരു പക്ഷെ മഗ്സാസേ പുരസ്കാരമാകാം.
ചിലപ്പോള്‍ നോബല്‍ സമ്മാനം തന്നെയാകാം.
രണ്ടായാലും നേടുന്നത്‌ വി.എസ്സ്‌ ആയതു കൊണ്ട്‌ അതു മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ തൊപ്പിയിലെ ചുവന്ന ഒരു തൂവലായിരിക്കും.
കേരളത്തിലെ സാധാരണക്കാരനു അതു അഭിമാന പൂര്‍വ്വം നെഞ്ചിലെടുത്തണിയാനും സാദ്ധ്യമാകും. ഇനി നാമതിനു കാത്തിരിക്കുകയേ വേണ്ടു.
അതിനു മുന്‍പ്‌ നാം വേണ്ടത്‌ ചെയ്യണം.

അനുപാനം.

മലയമുക്കികളെ നടുക്കി. അതു കൊണ്ട്‌ തീരുന്നില്ല. മണലൂറ്റന്മാരും, മദ്യവാറ്റന്മാരും, മുന്തിയറപ്പന്മാരും (ബാങ്കുകളും പൊതു മേഖലാ സ്ഥാപനങ്ങളുമുള്‍പ്പെടെ) വേറെ കിടക്കുന്നു...അവ ഓരോ കഴഞ്ച്‌ എടുത്ത്‌ സ്ഫുടപാകം ചെയ്തു സേവിക്കണം. എങ്കിലെ കേരളത്തിലെ ജനതയുടെ നെഞ്ചിടിപ്പ്‌ മാറൂ.

അറിയിപ്പ്‌.


നിങ്ങളുടെ അഭിപ്രായം ചുരണ്ടിയെടുത്ത്‌ താഴെ കാണുന്ന കഷായക്കുപ്പിയില്‍ ഇടുക.
http://www.orkut.com/Scrapbook.aspx?uid=7558426525359753485

Saturday, May 19, 2007

വി.എസ്സും നോബല്‍ സമ്മാനവും


തെക്കു വടക്ക്‌ ആയിരം കിലോമീറ്ററില്‍ താഴെ നീളം.
ഏറിവന്നാല്‍ 150 ഒ 200 ഓ കി.മി. കിഴക്ക്‌ പടിഞ്ഞാറു വീതി.
ബസ്തര്‍ ജില്ലയെക്കാള്‍ ചെറുത്‌. ഇതാണു കൊച്ച്‌ കേരളം.
അവിടെ ഇപ്പോള്‍ ഒരു അത്ഭുതം നടക്കുന്നു.
പണത്തിനും പേശീ ബലത്തിനും താഴെയാണു ജനകീയാധികാരം എന്ന് മേനി നടിച്ച്‌ നടന്നവര്‍ക്ക്‌ ഒരു നടുക്കം! അവരുടെ സ്വപ്നങ്ങള്‍ പൊളിഞ്ഞു വീഴുന്ന കാഴ്ചയാണു ദൃശ്യമാദ്ധ്യമങ്ങള്‍ ഓരോ നിമിഷവും കാണിച്ചു കൊണ്ടിരിക്കുന്നത്‌.
ഇപ്പോള്‍ മൂന്നാറില്‍.
താമസിക്കാതെ കേരളമൊട്ടാകെ!!
ഇതിനൊക്കെ നാം നന്ദി പറയേണ്ട ഒരു ഉരുക്ക്‌ മനുഷ്യനുണ്ട്‌.
വി.എസ്സ്‌. അച്യുതാനന്ദന്‍ എന്ന കേരളത്തിന്റെ കമ്മ്യൂണിസ്റ്റ്‌ മുഖ്യമന്ത്രി.
സ്വകാര്യ സ്വത്തിനെ അമ്പേ നിഷേധിക്കുന്ന തത്ത്വ ചിന്തയാണു കമ്മ്യൂണിസത്തില്‍.
അതു സ്വന്തം രക്തത്തില്‍ അലിയിച്ചു ചേര്‍ത്ത വ്യക്തിയാണു വി.എസ്സ്‌.
ജനകീയ ജനാധിപത്യത്തില്‍ ആ തത്ത്വചിന്തക്ക്‌ സാരമായ കട്ടി കുറവ്‌ സംഭവിച്ചു.
എന്നാല്‍ അതു പൊതുജനത്തിന്റെ മൊത്തം മുതലും കൊള്ളയടിക്കുന്നതിലേക്ക്‌ എത്തിച്ചേരുന്നത്‌ കാണുമ്പോള്‍ വി.എസ്സിനെപ്പോലെ ഒരാള്‍ക്ക്‌ രോഷം കൊള്ളാതിരിക്കാനാവുമോ?
ആ രോഷാഗ്നിയാണു മൂന്നാറില്‍ ഇന്ന് ആളിപ്പടരുന്നത്‌.
മലമുകളിലെ ശീതളമായ കുളിരിനെ അലിയിച്ച്‌ കളയുന്നത്‌.

നദികള്‍, അരുവികള്‍, ചെറു തോടുകള്‍, കായല്‍പ്പരപ്പ്‌, കേരളത്തെ സസ്യശ്യാമളമാക്കുന്ന ഈ ജലസമൃദ്ധിയുടെ പിന്നില്‍ കിഴക്ക്‌ ഉയര്‍ന്നു നില്‍ക്കുന്ന മലകളും അതില്‍ പടര്‍ന്ന നില്‍ക്കുന്ന കാടുകളുമാണു. മനുഷ്യന്റെ അതിരില്ലാത്ത മോഹം മലകയറി കാടുകളെ തീണ്ടിത്തുടങ്ങിയപ്പോള്‍ പരക്കാന്‍ ആരംഭിച്ച ജനതയുടെ അസ്വാസ്ഥ്യമാണു ഇന്ന് ശമനം നേടുന്നത്‌. പോയ കാടുകള്‍ ഇനി തിരിച്ച്‌ വരില്ല. പക്ഷെ കൂടുതല്‍ ഇടപെടലുകള്‍ തടയാം. ഒരു ഭരണാധികാരിയും ആഗ്രഹിച്ചിട്ടില്ലാത്ത കാര്യം. ആഗ്രഹിച്ചവര്‍ക്കൊന്നും നടപ്പാക്കാന്‍ കഴിയാതെ പോയത്‌.ഇതൊരു നിസ്സാര സംഗതിയല്ല.

ആസ്ത്രേലിയായിലും ന്യൂസിലാന്‍ഡിലും പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി പേപ്പര്‍ നിര്‍മ്മാണ കമ്പനികളെ നിയന്ത്രിക്കാന്‍ പോയ ഭരണകര്‍ത്താക്കള്‍ അനുഭവിച്ച ദുരിതം ഓര്‍ക്കുക.

കേരളത്തേപ്പോലെ ഒരു ചെറിയ സ്ഥലമല്ല അതൊന്നും. ആധുനികരും സംസ്കാരസമ്പന്നരും നിവസിക്കുന്ന നാട്‌. സജീവമായ പരിസ്ഥിതി സംഘടനകളുടെ പിന്തുണ വേറെ. എന്നിട്ടും അവര്‍ അനുഭവിച്ച ദുരിതം വളരെ വലുതായിരുന്നു. അപ്പോള്‍ കേരളം പോലെ Politically sesitive ആയ ഒരു സ്ഥലത്ത്‌ എന്തൊക്കെ സംഭവിച്ചു കൂടാ?

ആ ഉള്‍ഭയങ്ങളേ ഒക്കെ വിസ്മരിച്ച്‌ കൊണ്ട്‌ ഒരു നീക്കമുണ്ടാകുമ്പോള്‍ അതിനെ എത്ര കണ്ട്‌ പ്രശംസിച്ചാല്‍ മതിയാകും?അച്യുതാനന്ദന്റെ ഉരുക്ക്‌ മുഷ്ഠിക്ക്‌ മുന്നില്‍ എല്ലാ എതിര്‍പ്പുകളും അസ്തമിച്ചു. കേരളത്തിനു പ്രത്യാശയുണര്‍ന്നു.
സാധാരണ മനുഷ്യന്റെ ആത്മവിശ്വാസം ഉയര്‍ന്നു.
കലികാലത്തില്‍ ധര്‍മ്മ ധേനു മൂന്ന് കാലുകളും നഷ്ടപ്പെട്ട്‌ നിന്ന് കേഴുമ്പോള്‍ രക്ഷകനായവതരിച്ച പുരാണകഥാപാത്രത്തെ അനുസ്മരിപ്പിക്കുന്നു വി.എസ്സ്‌.
ജീവന്റെ നിലനില്‍പ്പിനെയാണു അദ്ദേഹം പരിരക്ഷിച്ചിരിക്കുന്നത്‌.
ലോകമെമ്പാടും പാരിസ്ഥിതിക പ്രശ്നങ്ങള്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണു.
ചൂട്‌ കൂടുന്നു.
കുടിവെള്ളം കിട്ടാതാകുന്നു.
നദികള്‍ നഷ്ടപ്പെടുന്നു.
ഭൂമി ദുര്യുപയോഗം ചെയ്യപ്പെടുന്നു.
മനുഷ്യന്റെ നിലനില്‍പ്പ്‌ തന്നെ മുള്‍മുനയിലാണു.
എന്തും സംഭവിക്കാവുന്ന ഒരു ആത്മഹത്യാ മുനമ്പില്‍ ചെന്നു നില്‍ക്കുകയാണു മാനവം.
പിന്‍ വിളി വിളിക്കാന്‍ ആരുമില്ല.
ഈ സാഹചര്യത്തില്‍ വി.എസ്സിന്റെ നടപടി സൃഷ്ടിക്കുന്ന മൂല്യം അതുല്യമാണു.
മനുഷ്യരാശിയെ ഒരു ദുരന്തത്തില്‍ നിന്നും രക്ഷിക്കാനുള്ള ദിശാനക്ഷത്രമാകാന്‍ അതിനു കഴിയുന്നു. ഇതു പൂര്‍ണ്ണവും സമഗ്രവുമാണെന്നൊന്നും അഭിപ്രായമില്ല.
പക്ഷെ ഇന്നത്തെ ലോകക്രമത്തില്‍ ഇത്രയെങ്കിലും കഴിയുന്നതു അത്ഭുതമാണു.
അതിനു അച്യുതാനന്ദന്‍ ആദരിക്കപ്പെട്ടേ തീരു.
നാം അതിനു വിമുഖത കാട്ടിയാല്‍ ലോകം നമ്മെ പരിഹസിക്കും.
കേരളവും മൂന്നാറുമൊന്നും ഇന്ന് പാശ്ചാത്യലോകത്തിനു അജ്ഞാതമല്ല.
ലോകത്തെമ്പാടുമുള്ള മനുഷ്യസ്നേഹികളും പരിസ്ഥിതി പ്രവര്‍ത്തകരും ഇതൊക്കെ ഉറ്റ്‌ നോക്കുകയാണു.
നാം ആദരിക്കുന്നത്‌ കണ്ടില്ലെങ്കില്‍ അവര്‍ മുന്നോട്ട്‌ വന്നെന്ന് ഇരിക്കും.
ഇതിനേക്കാള്‍ നിസ്സാരമായ കാര്യങ്ങള്‍ക്ക്‌ പോലും പലരും ആദരിക്കപ്പെട്ടിട്ടുണ്ട്‌.
അതു കൊണ്ട്‌ വി.എസ്സും സംഘവും ആദരിക്കപ്പെടാതെ പോകില്ല.
അതു ഒരു പക്ഷെ മഗ്സാസേ പുരസ്കാരമാകാം.
ചിലപ്പോള്‍ നോബല്‍ സമ്മാനം തന്നെയാകാം.
രണ്ടായാലും നേടുന്നത്‌ വി.എസ്സ്‌ ആയതു കൊണ്ട്‌ അതു മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ തൊപ്പിയിലെ ചുവന്ന ഒരു തൂവലായിരിക്കും. കേരളത്തിലെ സാധാരണക്കാരനു അതു അഭിമാന പൂര്‍വ്വം നെഞ്ചിലെടുത്തണിയാനും സാദ്ധ്യമാകും.
ഇനി നാമതിനു കാത്തിരിക്കുകയേ വേണ്ടു.
അതിനു മുന്‍പ്‌ നാം വേണ്ടത്‌ ചെയ്യണം.


അനുപാനം.
മലയമുക്കികളെ നടുക്കി. അതു കൊണ്ട്‌ തീരുന്നില്ല. മണലൂറ്റന്മാരും, മദ്യവാറ്റന്മാരും, മുന്തിയറപ്പന്മാരും (ബാങ്കുകളും പൊതു മേഖലാ സ്ഥാപനങ്ങളുമുള്‍പ്പെടെ) വേറെ കിടക്കുന്നു...അവ ഓരോ കഴഞ്ച്‌ എടുത്ത്‌ സ്ഫുടപാകം ചെയ്തു സേവിക്കണം. എങ്കിലെ കേരളത്തിലെ ജനതയുടെ നെഞ്ചിടിപ്പ്‌ മാറൂ.

അറിയിപ്പ്‌.
നിങ്ങളുടെ അഭിപ്രായം ചുരണ്ടിയെടുത്ത്‌ താഴെ കാണുന്ന കഷായക്കുപ്പിയില്‍ ഇടുക.

http://www.orkut.com/Scrapbook.aspx?uid=7558426525359753485

Tuesday, May 1, 2007

ക്ഷേത്രങള്‍ ആരാധനാലയങളാണോ?

ധനാവാഹന ഭീകര തന്ത്രം

ക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ക്ക്‌ പ്രവേശനമില്ല എന്നത്‌ ദൈവവുമായോ ദര്‍ശനവുമായോ ബന്ധപ്പെട്ട ഒരു കാര്യമല്ല. അതു വെറും Law of the land ആണു. ക്ഷേത്രപ്രവേശനം നിലവില്‍ വന്ന ശേഷം ജനപ്രതിനിധികള്‍ കൂടിയാലോചിച്ച്‌ അംഗീകരിച്ച ഒരു പ്രമേയത്തിന്റേയോ നിയമത്തിന്റേയോ അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്ന ഒരു ചട്ടം. അതു നടപ്പാക്കാനുള്ള ചുമതല ദേവസ്വത്തിനുണ്ട്‌. അതുകൊണ്ടാവണമല്ലോ ഗുരുവായൂര്‍ പോലുള്ള ക്ഷേത്രങ്ങളില്‍ ആ അറിയിപ്പ്‌ പരസ്യമായി എഴുതി വച്ചിരിക്കുന്നത്‌. ഒരു രാജ്യത്തും സര്‍ക്കാറിന്റെ അനുമതിയില്ലാതെ ഇതു പോലെ ഒരു നിയമവും നടപ്പില്‍ വരുത്താനാവില്ല. ജനാധിപത്യ വ്യവസ്ഥിതിയില്‍ ജനപ്രതിനിധികള്‍ക്ക്‌ (രാജഭരണത്തില്‍ രാജാവിനും) അത്‌ നീക്കം ചെയ്യാനോ കര്‍ശ്ശനമാക്കാനോ അവകാശമുണ്ട്‌. യേശുദാസിനുമാത്രമായി ആ നിയമം ഇളവു ചെയ്താലും തെറ്റ്‌ പറയാനാവില്ല.

പിന്നെ എന്തു കൊണ്ടാണിത്‌ വിവാദമാകുന്നത്‌? വികാരം വിവേകത്തെ മറികടക്കുന്നത്‌ കൊണ്ട്‌ എന്ന് സാമാന്യമായി പറയാം. വിശ്വാസികളുടെ സംഘങ്ങള്‍ നിയമം നിര്‍വ്വചിക്കുന്നു. ദൈവത്തിന്റെ പേരില്‍ അവര്‍ക്കെന്തും ചെയ്യാം. സര്‍വ്വവ്യാപിയും സര്‍വ്വശക്തനും സര്‍വ്വസാക്ഷിയുമായ ഈശ്വരനെ രക്ഷിക്കാന്‍ വരെ ഭക്തസംഘങ്ങള്‍ മുന്നിട്ട്‌ ഇറങ്ങുന്നു. എന്തു വിരോധാഭാസമാണിത്‌! ഇതൊരു രോഗലക്ഷണമാണു. സനാതനി സെമെറ്റിക്കാവുന്നതിന്റെ ലക്ഷണം. ഹിന്ദുവെന്ന് (പരിഹസിക്കാന്‍) ഇരട്ടപ്പേരിട്ട്‌ വിളിക്കുന്ന ഇന്ത്യാക്കാരനു ദൈവം മുകളിലെവിടെയോ ഇരുന്ന് ഭരിക്കുന്ന മനുഷ്യരൂപിയൊന്നുമായിരുന്നില്ല. ആ മാറ്റം സംഭവിച്ചിട്ട്‌ അധികം കാലമായിട്ടുമില്ല. സംസ്കാരത്തിന്റെ അടിത്തറയിളക്കിയ മെക്കാളേയുടെ വിദ്യാഭ്യാസം വന്നതിനു ശേഷമാണു അതുണ്ടായത്‌. പാരമ്പര്യത്തേയും അറിവിനേയും പരിഹസിച്ചും വലിച്ചെറിഞ്ഞും പടിഞ്ഞാറിന്റെ ചുഷണ സംസ്കാരം സ്വാഗതം ചെയ്ത സവര്‍ണ്ണഹിന്ദുവിന്റെ കാലം മുതലാണു ദൈവം പടികയറിപ്പോയത്‌. പിന്നെ വിശ്വാസികള്‍ സംഘം ചേരാനും ദൈവത്തെ സംരക്ഷിക്കാനും തുടങ്ങി. സംഘടിച്ച്‌ ശക്തരാകാന്‍ ആഹ്വാനം ചെയ്ത സന്യാസിമാര്‍ നമുക്കുണ്ടായി. വിശ്വാസം വലിയൊരു വ്യവസായമായി മാറുന്ന കാഴ്ചയുടെ മദ്ധ്യത്തിലാണു നാം ഇപ്പോള്‍. ദൈവത്തിനു കടുത്ത വര്‍ണ്ണങ്ങള്‍ നല്‍കുന്നതും വിവാദങ്ങള്‍ വഴി പരസ്യങ്ങള്‍ സൃഷ്ടിക്കുന്നതും വ്യവസായങ്ങളില്‍ സ്വാഭാവികം. അതില്‍ തെറ്റ്‌ പറയരുത്‌.

ഇതിനിടയില്‍ ലളിതമായ ഒരു ചോദ്യമുണ്ട്‌. ക്ഷേത്രങ്ങള്‍ സാമൂഹികാരാധനയ്ക്കുള്ള ഇടങ്ങളാണോ? അവിടെ ചെന്നാല്‍ ഭക്തിയും ജ്ഞാനവും ഉണ്ടാകുമോ? മനസ്സ്‌ ശാന്തമാകുമോ? സംശയമാണു. എന്തൊരു ബഹളമാണു ക്ഷേത്രങ്ങളില്‍? നിര്‍മ്മാല്യത്തിനും ദീപാരാധനയ്ക്കും തിരക്ക്‌. വിവാഹം, ചോറൂണ്‍, തുലാഭാരം തുടങ്ങി ചടങ്ങുകള്‍ വേറെ. VIP ഭക്തന്മാരും അവരുടെ കറുത്തപൂച്ചകളും ചെയ്യുന്ന ശല്യം മറുവഴിക്ക്‌! ഇതിനിടയില്‍ ദേവനെ ഒന്ന് നന്നായി കാണുന്ന എത്ര പേരുണ്ട്‌? ഈ ബഹളങ്ങള്‍ക്കിടയില്‍ മനസ്‌ ശാന്തമാകുന്നതെങ്ങനെ? ശാന്തിയില്ലാതെ എന്ത്‌ ആരാധന?

പ്രാര്‍ത്ഥിച്ചതു കൊണ്ട്‌ മാത്രമായില്ല. ദൈവം പ്രസാദിക്കണമെങ്കില്‍ പണം കൊടുക്കണം. കണ്ടിട്ടില്ലെ അനുഗ്രഹങ്ങളുടെ വിലവിവരപ്പട്ടിക ക്ഷേത്രങ്ങളില്‍ എഴുതി വച്ചിരിക്കുന്നത്‌? കൂടുതല്‍ പണം കൊടുത്താല്‍ കൂടുതല്‍ അനുഗ്രഹം!! എന്നിട്ടും ഭഗവാനേപ്പറ്റിപ്പറയുന്നതോ 'നിര്‍മ്മമന്‍'.

അനുഗ്രഹിക്കുക മാത്രമല്ല ദൈവത്തിന്റെ തൊഴില്‍. മനുഷ്യര്‍ തമ്മിലുള്ള വഴക്കിനും വക്കാണത്തിനും കക്ഷിചേരണം. വേറൊരുത്തന്‍ മുടിയാനും ചാകാനും പൂജയുണ്ട്‌. ശത്രുവിന്റെ കയ്യോ കാലോ ഒടിക്കാന്‍ ദൈവത്തോട്‌ പറഞ്ഞാല്‍ മതി. ഇതെന്തു ലോകം? ദൈവമെന്താ ക്വട്ടേഷന്‍ പാര്‍ട്ടിയോ? പ്രാര്‍ത്ഥിക്കുന്നവന്റെ ഗുണ്ടയാകേണ്ടി വരുന്ന ദൈവത്തിന്റെ ഗതികേടിനേക്കുറിച്ച്‌ ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ? സിനിമയില്‍ മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ ചെയ്യുന്ന വേഷങ്ങള്‍ ജീവിതത്തില്‍ കെട്ടേണ്ടി വരുന്ന ഭഗവാനെക്കുറിച്ച്‌ എന്തു പറയാന്‍! നിശ്ചലനും നിരാകാരനുമായ ഈശ്വരനെ ഇങ്ങനെയൊക്കെ ആക്കിത്തീര്‍ക്കുന്ന മനുഷ്യമനസിനെ രണ്ട്‌ കയ്യുമുയര്‍ത്തി തൊഴണം.

ക്ഷേത്രവും ക്ഷേത്രാരാധനയും വൈദികമാണെന്ന് പറയാന്‍ പ്രയാസമാണു. ആരും അങ്ങനെ പറഞ്ഞു കേട്ടിട്ടില്ല. വൈദിക കാലത്ത്‌ ജ്ഞാനമാണു പരമപദം. അതിനുള്ള ക്ഷേത്രങ്ങള്‍ ഋഷീശ്വരന്മാരാണു. അവര്‍ കുടിലുകളില്‍ താമസിച്ചു. അദ്ധ്യയനമാണു ആരാധന. രാജാക്കന്മാരും സാധാരണക്കാരും അവിടേക്ക്‌ ചെന്നു. അറിവ്‌ പാത്രമനുസരിച്ച്‌ അവര്‍ പകര്‍ന്നു. ശാന്തിയും സമാധാനവും ഉണ്ടായി. മനുഷ്യന്‍ തൃപ്തിയോടെ ജീവിച്ച്‌ പോന്നു. സനാതന ധര്‍മ്മത്തില്‍ ഇതിലപ്പുറം എന്താണു ഉള്ളതു?

സനാതന ധര്‍മ്മത്തിന്റെ അടിത്തറ വേദമാകുമ്പോള്‍ അതിലില്ലാത്തതു നിഷ്കരുണം ഉപേക്ഷിക്കണ്ടതാകുന്നു.

അപ്പോള്‍ ശ്രീരാമനും, അര്‍ജ്ജുനനുമൊക്കെ പൂജകള്‍ നടത്തിയിട്ടുണ്ടല്ലോ എന്ന് ചിലര്‍ക്കെങ്കിലും സംശയം തോന്നാം. പക്ഷെ അതൊന്നും ഇന്ന് നാം കാണുന്ന മാതിരിയുള്ള ക്ഷേത്രങ്ങളിലായിരുന്നില്ല. രാമേശ്വരത്ത്‌ കടല്‍ത്തീരത്തായിരുന്നു രാമന്റെ പൂജ.
വെറും പൂഴി മണ്ണില്‍.
ഈശ്വരനെ പ്രത്യക്ഷപ്പെടുത്തിയതായി പറയപ്പെടുന്ന ഓരോ കഥാപാത്രങ്ങളും വിജനവും ഗഹനവുമായ വനങ്ങളില്‍പ്പോയാണു സാക്ഷാത്ക്കാരം നേടിയത്‌.
അതിനൊന്നും ഇന്നുള്ള പോലെ വലിയ എടുപ്പോടുകൂടിയ കെട്ടിടങ്ങളോ പുരോഹിതന്മാരോ അമ്പലം കമ്മറ്റിക്കാരോ ആവശ്യമായിരുന്നില്ല. അവര്‍, തനിച്ച്‌, ഏകാന്തത്തില്‍ നേടിയ നിര്‍വൃതിയെ ആണു പിന്നീട്‌ ക്ഷേത്രങ്ങളിലൂടെ പുരോഹിത വര്‍ഗ്ഗം വില്‍പ്പനക്ക്‌ വയ്ക്കാന്‍ ശ്രമിച്ചത്‌. ക്ഷേത്രങ്ങള്‍ക്ക്‌ അതു നല്‍കാനാവില്ലെന്ന് ഈ വിവാദമുള്‍പ്പെടെയുള്ള ചരിത്രം തെളിയിക്കുന്നു.

അപ്പോള്‍ പിന്നെ ഈ ക്ഷേത്രങ്ങള്‍ എങ്ങനെ ഉണ്ടായി?
അവയുടെ ചരിത്രത്തിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ ചില തെളിവുകള്‍ ലഭിക്കും.
വൈദേശിക കയ്യേറ്റക്കാരെക്കാള്‍ കൂടുതല്‍ ക്ഷേത്രങ്ങള്‍ സ്വദേശീയരായ ഹിന്ദു രാജാക്കന്മാര്‍ നശിപ്പിച്ചിട്ടുണ്ട്‌. ഏതു രാജാവും അന്യരാജ്യം പിടിച്ചടക്കുമ്പോള്‍ ആദ്യം കയ്യേറിയിരുന്നതു ക്ഷേത്രങ്ങളായിരുന്നു. അവ തീര്‍ത്തും കൊള്ളയടിക്കുകയും വിലപിടിപ്പുള്ള സാധനങ്ങള്‍ എടുത്ത്‌ കൊണ്ട്‌ പോവുകയും ചെയ്തിരുന്നു. ക്ഷേത്രസമുച്ചയങ്ങള്‍ തകര്‍ത്ത്‌ തരിപ്പണമാക്കാനും പല ഹിന്ദു രാജാക്കന്മാരും മടിച്ചില്ല. അവയൊക്കെ ആരാധനാലയങ്ങളായിരുന്നുവെങ്കില്‍ ഹിന്ദു ധര്‍മ്മികളായ രാജാക്കന്മാര്‍ അങ്ങനെ ചെയ്യുമായിരുന്നോ? വെറുതെ ദൈവകോപം വരുത്തി വയ്ക്കുന്ന അത്തരം പ്രവര്‍ത്തികള്‍ ചെയ്യുവാന്‍ ഏത്‌ ഹിന്ദുവാണു ധൈര്യപ്പെടുക? ക്ഷേത്രങ്ങള്‍ രാജാധികാരത്തിനു താഴെയായിരുന്നു എന്നൊരു തീര്‍പ്പ്‌ ഭാരതത്തില്‍ പണ്ട്‌ തൊട്ടേ നിലനിന്നിരുന്നു എന്നു വേണം കരുതാന്‍.

ഇതിലേക്കുള്ള തെളിവിനായി അത്ര പഴയകാലം വരെ ഒന്നും പോകണ്ട.
തീവ്രഹിന്ദുവായ ഗുജറാത്ത്‌ മുഖ്യമന്ത്രി ശ്രീ. നരേന്ദ്രമോഡി ചെയ്തത്‌ ശ്രദ്ധിച്ചാല്‍ മതി.
നര്‍മ്മദ അണക്കെട്ടിനായി ആയിരക്കണക്കിനു ശിവക്ഷേത്രങ്ങളാണു ഗുജറാത്തില്‍ മുക്കിക്കളയേണ്ടി വന്നത്‌. നര്‍മ്മദയുടെ തീരത്തെ ക്ഷേത്രങ്ങളുടെ പ്രാധാന്യം അദ്ദേഹത്തിനു തീരെ അറിവില്ലായിരുന്നു എന്ന് വിശ്വസിക്കാന്‍ പ്രയാസമാണു. ഹിന്ദു സന്യാസത്തിനു അവിഭാജ്യമാണു നര്‍മ്മദാ തീരത്തെ ക്ഷേത്രങ്ങള്‍. അവയിലൂടെ ഒരു വട്ടം ചുറ്റിക്കഴിയുമ്പോഴാണു ഒരു ഹിന്ദു സന്യാസി പൂര്‍ണ്ണനാകുന്നത്‌. നര്‍മ്മദാ പരിക്രമണം എന്നത്‌ അറിയപ്പെടുന്നു. നര്‍മ്മദയില്‍ അണക്കെട്ട്‌ വന്നപ്പോള്‍ ഹിന്ദുവിനു നിഷേധിക്കപ്പെട്ടതു ഏറ്റവും പാവനമായ ഒരു അനുഷ്ടാനമാണു. നര്‍മ്മദാ പരിക്രമണം. അതും അനുഷ്ടാനങ്ങളേ ഒക്കെ ബഹുമാനിക്കുന്ന, ഹിന്ദുവായ, ലോകമെങ്ങും ഹിന്ദു ധര്‍മ്മം പുലരണമെന്ന് ഓരോ ശ്വാസത്തിലും ആഗ്രഹിക്കുന്ന ഒരു ഭരണാധികാരിയില്‍ നിന്ന്.

ഇതില്‍ നിന്നും നമുക്ക്‌ ലഭിക്കുന്ന സന്ദേശമെന്താണു?

ഒരു പൊതുധര്‍മ്മത്തിനായി ഏതു വലിയ ക്ഷേത്രത്തേയും ഉപേക്ഷിക്കുന്നതില്‍ തെറ്റില്ല. ആയിരക്കണക്കിനാളുകള്‍ക്ക്‌ കുടിവെള്ളം, ഹെക്ടറുകണക്കിനു ഭൂമിയില്‍ കൃഷി, വ്യവസായങ്ങള്‍ക്ക്‌ ശുദ്ധജലം. നര്‍മ്മദ വിഭാവനം ചെയ്യുന്നത്‌ അതാണു. ഹിന്ദുവിന്റെ അനുഷ്ടാനങ്ങള്‍ മാറ്റിവച്ചാണെങ്കിലും ഇതൊക്കെ നേടുന്നതാണു പുണ്യം. സാമൂഹികാരാധനക്ക്‌ ഇടം വേറെയുണ്ടാക്കാം.

കേരളത്തിന്റെ കാര്യം വരുമ്പോള്‍ ക്ഷേത്രങ്ങള്‍ക്ക്‌ സാമൂഹിക ആരാധനയില്‍ ഇത്രപോലും പങ്കുണ്ടോ എന്ന് സംശയമാണു.

വലിയ വലിയ നമ്പൂതിരി കുടുംബങ്ങളില്‍ സ്വന്തമായ വച്ച്‌ വാഴിച്ചകള്‍ ഉണ്ട്‌. ദേവത അവരുടെ ഇല്ലങ്ങളില്‍ പാര്‍ക്കുന്നു.
തൊട്ട്‌ താഴെയുള്ള നായന്മാര്‍ക്കും മറ്റും കളരി ദൈവങ്ങളും പിതൃക്കളുമായിരുന്നു ആരാദ്ധ്യര്‍.
ഒറ്റത്തിരി മാത്രം കൊളുത്തുന്ന കാവുകള്‍ അവരിലെ സ്ഥാനികളുടെ ആരാധനാ കേന്ദ്രങ്ങളായിരുന്നു. ഈഴവര്‍ക്കും ഏതാണ്ട്‌ ഇതേപോലെ തന്നെ.
ദളിതുകള്‍ക്ക്‌ പ്രകൃതി ദൈവങ്ങള്‍! ഏറ്റവും ശക്തവും തീഷ്ണവുമായിരുന്നു അവരുടെ സാന്നിദ്ധ്യം.

ഇതിനിടയില്‍ നാമിന്നു കാണുന്ന ക്ഷേത്രങ്ങളുടെ സ്ഥാനം എവിടെയാണു?

ക്ഷേത്രങ്ങള്‍ നില്‍ക്കുന്ന സ്ഥലം അതിന്റെ രൂപകല്‍പ്പന തുടങ്ങിയവ ശ്രദ്ധിച്ചാല്‍ അതേപ്പറ്റി ചില ഊഹങ്ങള്‍ കിട്ടും. ഗ്രാമകേന്ദ്രത്തില്‍ ഉയര്‍ന്ന ഒരു സ്ഥാനത്തായിരിക്കും ഏതാണ്ട്‌ മിക്ക ക്ഷേത്രങ്ങളും. കനത്ത ചുറ്റ്‌ മതിലു കൊണ്ട്‌ മറ്റുള്ള എടുപ്പുകളില്‍ നിന്ന് വേര്‍തിരിച്ചാണു അവയുടെ നില്‍പ്പ്‌.
മലയാളി വേലി പോലും കെട്ടിത്തുടങ്ങിയിട്ടില്ലാത്ത കാലത്താണു ഈ കനത്ത ചുറ്റുമതില്‍ എന്നോര്‍ക്കണം. ഒരു സംരക്ഷിത മേഖലയുടെ എല്ലാ സ്വഭാവവും അതിനുണ്ട്‌.
എല്ലാവര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശനമില്ല.
സവര്‍ണ്ണനും ഉന്നത ജാതിക്കാരനുമാണെങ്കില്‍ പോലും.
ക്ഷേത്രപ്രവേശന നിയമം വരുന്നതിനു മുമ്പ്‌ സവര്‍ണ്ണരിലെ സ്ഥാനി നായന്മാരെ പോലും അതിനകത്ത്‌ കടക്കാന്‍ അനുവദിച്ചിരുന്നില്ല.
അമ്പലവാസികള്‍ക്ക്‌ സഞ്ചാര പരിധി നിര്‍ണ്ണയിച്ചിരുന്നു.
ക്ഷത്രിയനായ രാജാവിനെ പൂര്‍ണ്ണകുംഭം നല്‍കി സ്വീകരിച്ച്‌ അകത്തേക്ക്‌ പ്രവേശിപ്പിക്കും.

ബ്രാഹ്മണന്‍, വേദം പഠിച്ചവനാണെങ്കില്‍ മണിയടിച്ച്‌ നേരിട്ട്‌ ശ്രീകോവിലില്‍ കടന്ന് പൂജചെയ്യും. പൂജാരിയെ ശ്രദ്ധിക്കുകയേ ഇല്ല. ഇന്ന് കാണുന്ന പ്രാധാന്യമൊന്നും പൂജാരിക്ക്‌ അന്ന് ഉണ്ടായിരുന്നില്ല. അകത്ത്‌ കടക്കാത്തവര്‍ സോപാന മണ്ഡപത്തില്‍ നമസ്കരിച്ച്‌ വേദം ചൊല്ലും.
പൂജാരിക്കു ഒരു കാവലാളിന്റെ സ്ഥാനമാണന്ന്.

ക്ഷേത്രങ്ങളുടെ ഉള്‍ത്തളങ്ങള്‍ ശ്രദ്ധിച്ച്‌ നോക്കിയിട്ടുണ്ടോ?
ഒന്നിലധികം പേര്‍ക്ക്‌ നിന്ന് ആരാധിക്കുവാന്‍ സൗകര്യമുള്ള എത്ര ക്ഷേത്രങ്ങള്‍ കേരളക്കരയിലുണ്ട്‌? ആരാധിക്കണ്ട വിഗ്രഹം നേരില്‍ക്കാണാനുള്ള സൗകര്യമെങ്കിലും?
ശ്രീകോവിലിനുമുന്നില്‍ രണ്ടു പേര്‍ വന്നാല്‍ കൂട്ടിതൊടാതെ നില്‍ക്കാന്‍ പ്രയാസമാണു. രണ്ടാമത്തേയാള്‍ എതിര്‍ ലിംഗത്തില്‍ പെട്ടയാളാണെങ്കില്‍ ശ്രദ്ധ ദേവനില്‍ നില്‍ക്കുമോ?
പിന്നെ എങ്ങനെ ഭക്തിയുണ്ടാകും?

പുറമേ നിന്ന് വണങ്ങാമെന്ന് വിചാരിച്ചാല്‍ ദര്‍ശ്ശനം തടയുന്ന എടുപ്പുകളാണു മുന്നില്‍ മുന്നില്‍....കൊടിമരം കൊണ്ട്‌ തന്നെ അകത്തുള്ളത്‌ ഒട്ടുമുക്കാലും മറയും.
ശേഷിക്കുന്നതു ബലിക്കല്ലും മറയ്ക്കും.
വാഹനപ്രതിഷ്ടയുള്ള അമ്പലങ്ങളില്‍ വിഗ്രഹം മറച്ച്‌ കൊണ്ടായിരിക്കും വാഹനം നില്‍ക്കുക. ശ്രീകോവിലിനു മുന്നില്‍ പോയി നിന്നാല്‍ പ്രതിഷ്ഠ വ്യക്തമായി കാണാനാകുമോ?
മിക്കയിടത്തും അതും പ്രയാസമാണു.
കുനിഞ്ഞോ ചരിഞ്ഞോ നിന്നാലേ പല ക്ഷേത്രങ്ങളിലും വിഗ്രഹം കാണൂ.
അതു തന്നെ താന്ത്രിക വിധിപ്രകാരമുള്ള ഏത്‌ പ്രതിഷ്ഠയാണെന്ന് തിരിച്ചറിയണമെങ്കില്‍ അല്‍പനേരം സൂക്ഷിച്ച്‌ നോക്കി നില്‍ക്കേണ്ടി വരും.
അതിനുള്ള അറിവ്‌ ഭക്തനുണ്ടെങ്കില്‍.
അങ്ങനെ നോക്കി നില്‍ക്കാന്‍ ക്ഷേത്രങ്ങളിലെ തിരക്ക്‌ അനുവദിക്കുമോ?
അനുവദിച്ചാല്‍ തന്നെ ദേവസ്വം ഉദ്ദ്യോഗസ്ഥര്‍ സമ്മതിക്കുമോ? "മാറു..മാറൂ.." എന്ന് പറഞ്ഞ്‌ അവര്‍ ഭക്തനെ ഓടിച്ച്‌ കളയും! കാശുകൊടുത്ത്‌ ചീട്ടെടുക്കുന്നത്‌ വരയേ ക്ഷേത്രത്തിനുള്ളില്‍ ഭക്തനു കാര്യമുള്ളു. പൂജയും മന്ത്രവുമൊക്കെ അതിന്റെ വഴിക്ക്‌ നടക്കും. ആളുകള്‍ വന്നാലുമില്ലെങ്കിലും. ചുരുക്കത്തില്‍ ദേവതയും ആരാധകരുമായി വലിയ ബന്ധമൊന്നുമില്ലെന്നും ക്ഷേത്രത്തിലെ പൂജ മറ്റേതോ തലത്തിലാണു നടക്കുന്നതെന്ന് വ്യക്തം.
അതേപ്പറ്റി തിരിച്ചറിവില്ലാത്തവരാണു ബാലിശമായ വിവാദങ്ങള്‍ ഉണ്ടാക്കുന്നത്‌.

വിഗ്രഹാരാധന ഭാരതത്തിനു അപരിചിതമല്ല. പക്ഷെ അതിനുള്ള അര്‍ഹത നേടുകയെന്നത്‌ ദുഷ്കരമാണു. അമ്പലപ്രസംഗങ്ങളില്‍ കേള്‍ക്കുന്ന പോലെ അത്‌ 'പ്രഥമ'യൊന്നുമല്ല. സര്‍വ്വാന്തര്യാമിയായ ഈശ്വരനെ കല്ലിലും തടിയിലും കാണുവാന്‍ കഴിവുള്ളവര്‍ക്കാണു അത്‌ പറഞ്ഞിട്ടുള്ളത്‌. ആ സവിശേഷഭാവം ആര്‍ജ്ജിക്കുവാന്‍ നിസ്സാരമായി കഴിയുകയുമില്ല. അതിനു തപസ്സ്‌ വേണമെന്ന് പണ്ടുള്ളവര്‍ പറയുന്നു. ആ മാനദണ്ഡം വച്ച്‌ നോക്കിയാല്‍ ഇന്ന് ഒരു സാധാരണ ഭക്തനുമാത്രമല്ല പല പുരോഹിതന്മാര്‍ക്കും ക്ഷേത്രത്തിനുള്ളില്‍ കടക്കുവാന്‍ കഴിയില്ല. വിധി പ്രകാരമുള്ള മന്ത്രം അറിയാതെ വരുമ്പോള്‍ വയലാര്‍ക്കവിതയോ, (a+b)2 എന്ന ഇക്വേഷന്റെ നിര്‍ദ്ധാരണമോ ചൊല്ലി അര്‍ച്ചിക്കുന്ന പൂജകരുമുള്ള നാടാണു കേരളം!
കല്ലിലും തടിയിലും വരെ ഈശ്വരനേ കാണുക എന്ന ഉയര്‍ന്ന സങ്കല്‍പം കാരണമാകണം ക്ഷേത്രങ്ങള്‍ എല്ലാവരാലും ഉപയോഗിക്കപ്പെടാതെ ഒഴിച്ച്‌ നിര്‍ത്തപ്പെട്ടത്‌.
കാലക്രമത്തില്‍ അതിന്റെ അന്തസത്ത വിസ്മരിക്കപ്പെട്ട്‌ അതു നിരോധിത സൗധങ്ങളായി മാറി.

ക്ഷേത്രങ്ങളുടെ രൂപഘടന മറ്റൊരു ഊഹം കൂടി നല്‍കുന്നുണ്ട്‌. പുറമേനിന്നുള്ള ആക്രമണങ്ങളെ ചെറുക്കത്തക്ക വിധം ഉയര്‍ന്ന മതില്‍ക്കെട്ടോടു കൂടിയവയായിരിക്കും മിക്ക ക്ഷേത്രങ്ങളും. സുരക്ഷിതത്വത്തിനു പ്രാധാന്യം കൊടുത്താണു മിക്കവയും രൂപകല്‍പന ചെയ്തിരിക്കുന്നത്‌. പലയിടത്തും strong room കള്‍ ഉണ്ട്‌. അധിഷ്ഠാന ദേവതയെചുറ്റി ശാപാനുഗ്രഹങ്ങളുടെ കഥകളുമുണ്ട്‌. 'ഭയം' എന്ന കരിമ്പൂച്ചകള്‍ കാവല്‍ നില്‍ക്കുന്നവയാണു ക്ഷേത്രങ്ങള്‍! ആരാധനയ്ക്കാണെങ്കില്‍ എന്തിനാണു ഇത്ര security?

ക്ഷേത്രങ്ങളുടെ രൂപഘടനയും സുരക്ഷാ സംവിധാനവും വച്ച്‌ നോക്കുമ്പോള്‍ അവയ്ക്ക്‌ കൂടുതല്‍ സമാനത ഖജനാവുകളോടാണു.
land classification രേഖകളില്‍ അതിന്റെ തെളിവുണ്ട്‌.
ഗ്രമദേവതയുടെ പേരിലായിരുന്നു പണ്ട്‌ ഭൂമി മുഴുവന്‍. ഭരദേവത എന്നാണു പേര്‍.
നിയമപരമായി മൈനറണാണു കഥാപാത്രം.
Undivided Hindu family യിലെ മൈനറിനുള്ള എല്ലാ അവകാശങ്ങളും ഗ്രാമദേവതയ്ക്ക്‌ ലഭിച്ചു പോന്നു. സ്വാതന്ത്ര്യാനന്തരകാലത്തും ദേവതയുടെ നിയമപരമായ അവകാശം നിലനിന്നു.
ഭൂപരിഷ്കരണമാണു കേരളത്തില്‍ അതിനൊരു വിരാമമിട്ടത്‌.
ആ നിയമം വലിയ വ്യവഹാരങ്ങള്‍ക്ക്‌ പിന്നീട്‌ ഇടനല്‍കി.
അതൊന്നും ആരാധനയുമായി ബന്ധപ്പെട്ടല്ലായിരുന്നു എന്ന് പ്രത്യേകം ഓര്‍ക്കുക.
എല്ലാം വസ്തു സംബന്ധമായ സിവില്‍ കേസ്സുകളായിരുന്നു.
ഇതില്‍ നിന്ന് മനസിലാകുന്നത്‌ ക്ഷേത്രങ്ങള്‍ ആരാധനയ്ക്കുപരി മറ്റ്‌ എന്തിനൊക്കയോ വേണ്ടി ആയിരുന്നു എന്നാണു.

രാജാധികാരത്തിന്റെ ഗ്രാമ്യമായ പ്രതിരൂപമായിരുന്നില്ലേ ക്ഷേത്രങ്ങള്‍?
പറയെടുപ്പെന്ന കാര്‍ഷികോല്‍പ്പന്നങ്ങളുടെ സമാഹരണം നികുതി പിരിവല്ലേ യഥാര്‍ത്ഥത്തില്‍? ആദ്യകാലത്ത്‌ ഈ നികുതിപ്പണം സമൂഹ നന്മയ്ക്ക്‌ ഉപയോഗിച്ചിരുന്നു എന്ന് വേണം കരുതാന്‍.
പണ്ട്‌ ക്ഷേത്രങ്ങള്‍ നല്‍കിയിരുന്ന സേവനങ്ങള്‍ നോക്കിയാല്‍ അത്‌ ബോദ്ധ്യമാകും. അതിലൊന്നായിരുന്നു വിജ്ഞാനത്തിന്റെ വിതരണം. ചെങ്ങന്നൂര്‍, ആറന്മുള, ഹരിപ്പാട്‌, വൈക്കം തുടങ്ങിയ വലിയ ക്ഷേത്രങ്ങളില്‍ വിശാലമായ ഗ്രന്ഥപ്പുരകള്‍ ഉണ്ടായിരുന്നു. തച്ച്‌ ശാസ്ത്രം, ആയുര്‍വ്വേദം, ജ്യോതിഷം, രസതന്ത്രം തുടങ്ങിയ വിഷയങ്ങളില്‍ ഉള്ള താളിയോലകളും മറ്റ്‌ രേഖകളുമായിരുന്നു അത്തരം ഗ്രന്ഥപ്പുരകളില്‍ നിറഞ്ഞിരുന്നത്‌.
അവയൊക്കെ വിശദമായി പഠിപ്പിച്ച്‌ കൊടുക്കാന്‍ പ്രാപ്തരായ പണ്ഡിതര്‍ ക്ഷേത്രപരിസരത്ത്‌ താമസിക്കുകയും ചെയ്തു.

ആരാധനയ്ക്ക്‌ മാത്രമായിരുന്നു ക്ഷേത്രങ്ങള്‍ എങ്കില്‍ ഇതിന്റെയൊക്കെ ആവശ്യമുണ്ടോ?

ആരോഗ്യപരിപാലനകാര്യങ്ങളും ക്ഷേത്രങ്ങള്‍ വഴിയാണു നടപ്പാക്കിയിരുന്നത്‌.
തകഴിയില്‍ നിന്ന് പക്ഷവധത്തിനു ചികിത്സ കിട്ടും.
തിരുവിഴയില്‍ കൈവിഷത്തിനു.
(തെറ്റിദ്ധരിക്കണ്ട. ശരീരത്തിനുള്ളില്‍ പുറമേ നിന്നു കടന്നു കൂടുന്ന ദോഷകരമായ വസ്തുക്കള്‍, വിരുദ്ധാഹാരത്തില്‍ നിന്ന് ഉല്‍പ്പന്നമാകുന്ന ആന്തരിക വിഷം എന്നൊക്കെയാണു കൈവിഷത്തിനു ആയുര്‍വ്വേദം നല്‍കിയിരിക്കുന്ന നിര്‍വ്വചനം).
മണ്ണടിയിലും പ്രക്കാനത്തും ചിലന്തി വിഷത്തിനു മരുന്നുണ്ടായിരുന്നു.
കൊല്ലൂരും, വടക്കന്‍ പറവൂരും ബുദ്ധിവികാസത്തിനുള്ള കഷായങ്ങള്‍!

അര്‍ബ്ബുദത്തിനു കൈപ്പുഴ (പന്തളം) ക്ഷേത്രത്തിലെ കദളിപ്പഴം!
വിവിധ ഔഷധികള്‍ ചേര്‍ത്ത തീര്‍ത്ഥങ്ങള്‍ എല്ലാ ക്ഷേത്രങ്ങളിലും ലഭ്യമായിരുന്നു.
ഇതൊക്കെ തികച്ചും സൗജന്യമായാണു ജനങ്ങള്‍ക്ക്‌ ലഭിച്ചു കൊണ്ടിരുന്നതും.
സമൂഹത്തിലെ ജ്ഞാനികളും, തപസ്വികളും, നിര്‍മ്മമന്മാരുമായ വ്യക്തികളായിരുന്നു അന്ന് ക്ഷേത്രങ്ങളുടെ ചുമതലയില്‍. അവര്‍ക്ക്‌ സ്ഥാപിത താല്‍പ്പര്യങ്ങള്‍ കുറവായിരുന്നു.
ചിലവിനു പ്രത്യേകം കൃഷിഭൂമിയുണ്ട്‌. ബ്രഹ്മസ്വം.
നൂറ്റാണ്ടുകളായി അവര്‍ ക്ഷേത്രങ്ങള്‍ സംരക്ഷിച്ചിട്ടും ഉണ്ടാകാത്ത വിവാദങ്ങളും അഴിമതികളുമാണു 50 വര്‍ഷം കൊണ്ട്‌ നമ്മുടെ ജനായത്ത ദേവസ്വം ഭരണാധികാരികള്‍ ഉണ്ടാക്കിയിരിക്കുന്നത്‌. ക്ഷേത്രങ്ങള്‍ക്ക്‌ പവിത്രതയും ആരാധകര്‍ക്ക്‌ ഭക്തിയും ഭരണപര്‍ക്ക്‌ ദൈവഭയവും ഉണ്ടായിരുന്നെങ്കില്‍ ക്ഷേത്രങ്ങളേക്കുറിച്ച്‌ ഇന്ന് കേള്‍ക്കുന്ന ആക്ഷേപങ്ങള്‍ ഉണ്ടാകുമായിരുന്നോ?.

നേരല്ലാത്തവഴിക്ക്‌ സമ്പാദിക്കുന്ന ധനത്തിന്റെ പങ്ക്‌ കൊണ്ട്‌ ചെന്ന് തള്ളാന്‍ ഭക്തന്മാര്‍ കണ്ടെത്തിയിരിക്കുന്ന ഒരിടമാണു അമ്പലങ്ങള്‍.
അതു കൊണ്ട്‌ തങ്ങളുടെ തെറ്റുകള്‍ പൊറുക്കപ്പെടുമെന്നാണു പാവങ്ങളുടെ വിശ്വാസം!
ഇറച്ചി വെട്ടുന്നിടത്ത്‌ പട്ടി ചെന്നിരിക്കും എന്ന പോലെ ആര്‍ത്തിക്കാരായ അമ്പലം കമ്മിറ്റിക്കാരും പൂജാരികളും അവിടെ കാത്തിരിക്കുന്നു.
വിശ്വാസിയുടെ അഥവാ കുറ്റബോധക്കാരന്റെ പണം അടിച്ചെടുക്കാനുള്ള തന്ത്രങ്ങള്‍ മെനെഞ്ഞു കൊണ്ട്‌.അതിനു സഹായിക്കാന്‍ ജ്യോത്സ്യന്മാരുമുണ്ട്‌.
വിലവിവരപ്പട്ടിക എഴുതി വച്ച്‌ ചടങ്ങുകള്‍ കച്ചവടം ചെയ്യുന്നതല്ലാതെ എന്താണു ക്ഷേത്രങ്ങളില്‍ നടക്കുന്നത്‌?
ഹിന്ദുവിന്റെ ധര്‍മ്മശാസ്ത്രങ്ങള്‍ അവിടെ പഠിപ്പിക്കുന്നുണ്ടോ?
നല്ല ഒരു ജീവിതത്തിനു വേണ്ടുന്ന ഉപദേശം കിട്ടുമോ ക്ഷേത്രങ്ങളില്‍ നിന്ന്?
നെറ്റിയിലിരിക്കാത്ത ചന്ദനവും, കപ്പപ്പൊടികൊണ്ടുള്ള സിന്ദൂരവും കവറുപാലിന്റെ പാല്‍പ്പായസവും ഒക്കെ അല്ലാതെ മറ്റ്‌ എന്താണു അവിടുത്തെ പ്രസാദങ്ങള്‍?
കാമന സാധിക്കാനുള്ള പ്രാര്‍ത്ഥനകളല്ലാതെ മറ്റ്‌ എന്ത്‌ മന്ത്രങ്ങളാണു ഇന്ന് ക്ഷേത്രങ്ങളില്‍ മുഴങ്ങുന്നത്‌?
ആഗ്രഹിക്കുന്നത്‌ സാധിക്കാതെ വരുമ്പോള്‍ അതു വരെ ഉണ്ടായിരുന്ന ഭക്തി പുതിയ ദേവതകളിലേക്കും ഇതര മതങ്ങളിലേക്കും നീങ്ങിപ്പോകുന്നതു കാണുമ്പോള്‍ ക്ഷേത്രവിശ്വാസത്തേക്കുറിച്ച്‌ തന്നെ പുച്ഛം തോന്നുന്നില്ലെ?.

ഇനിയും ആര്‍ക്കെങ്കിലും സംശയമുണ്ടോ ക്ഷേത്രങ്ങള്‍ സാമൂഹികാരാധനയ്ക്കുള്ള സ്ഥലങ്ങളാണെന്ന്?

മേമ്പൊടി

ഹരിനാമകീര്‍ത്തനം

അനുപാനം
തകഴിയുടെ 'കയര്‍' ഓരോ അദ്ധ്യായങ്ങളായി മൂന്ന് നേരം. പിന്നെ നേരംകിട്ടുമ്പോഴൊക്കെ....