കാൻസർ പ്രതിവിധിക്കായി ലോകമെമ്പാടും വമ്പിച്ച ഗവേഷണം നടക്കുന്നുണ്ടെന്നാണു പ്രചരണം. ഉണ്ടാവാം. അതിൽ ഇന്ത്യയുടെ കാര്യം നോക്കണ്ട. ഗവേഷണം എന്നൊക്കെ പറയുന്നത് ഇവിടെ ഒരു വകയാണു. കാശടിക്കാൻ മറ്റൊരു വഴി. എന്നാൽ അമേരിക്കയുടെ കാര്യം അതാണോ?
1971 ൽ റിച്ചാഡ് നിക്സൺ - അന്ന് അയാൾ അമേരിക്കയുടെ പ്രസിഡന്റായി - അമേരിക്കൻ വൈദ്യശാസ്ത്രജ്ഞന്മാരെ അഭിസംബോധന ചെയ്തുകൊണ്ട് ഒരു കാര്യം ആവശ്യപ്പെട്ടു -
“ആധുനികമെന്ന് നാം അഭിമാനിക്കുന്ന അമേരിക്ക ഒരു വിപത്സന്ധിയിലാണു. അർബ്ബുദരോഗികൾ എണ്ണമില്ലാതെ പെരുകുന്നു. ലോകത്തെ നയിക്കാനുള്ള നമ്മുടെ നിയോഗത്തിൽ ഇത് വിള്ളൽ വീഴ്ത്തും എന്ന് ഞാൻ ഭയപ്പെടുകയാണു.....”
(നിക്സൺ അത് പറയുമ്പോൾ ഇന്ത്യയിൽ കാൻസർ രോഗികൾ താരതമ്യേന കുറവായിരുന്നു എന്നോർക്കണം. ഓങ്കോളജിസ്റ്റുകൾ വളരെ വിരളം. അവർ രോഗികളെ തേടി നടന്നു. സംശയമുള്ളവർക്ക് സി.പി.മാത്യുസാറിനോട് ചോദിക്കാം).
“പത്തു വർഷത്തിനകം ഈ ഭീകര രോഗം നിങ്ങൾ കീഴടക്കിയില്ലെങ്കിൽ അമേരിക്ക അർബ്ബുദരോഗികളുടെ ഒരു സാനട്ടോറിയമായി മാറും. അതു കൊണ്ട് ഞാൻ നിങ്ങളോട് ആവശ്യപ്പെടുകയാണു, അല്ല ആജ്ഞാപിക്കുക തന്നെ ചെയ്യുന്നു, പത്തു കൊല്ലക്കാലത്തിനകം അർബ്ബുദം എന്ന രോഗത്തെ ഈ മണ്ണിൽ നിന്ന് തുടച്ച് മാറ്റണം. അതിനുള്ള ആർജ്ജവം നിങ്ങൾക്കുണ്ടെന്നാണു എന്റെ വിശ്വാസം. കാൻസറിനെതിരെയുള്ള യുദ്ധം നാമിതാ പ്രഖ്യാപിക്കുന്നു. വിജയവുമായേ തിരിച്ചു വരാവു. അതിനു നിങ്ങളെ സഹായിക്കാനായി നാഷണൽ കാൻസർ പോളിസിയും അതിലേക്കായി 100 മില്യൺ ഡോളറിന്റെ സഹായനിധിയും ഞാനിതാ പ്രഖ്യാപിക്കുന്നു......”
പിന്നിട് സംഭവിച്ചത് വ്യക്തം. പല യുദ്ധങ്ങളിലും വിജയിച്ചെന്ന് അഭിമാനിക്കുന്ന അമെരിക്ക കാൻസറിനു മുന്നിൽ മുട്ടുമടക്കി. രോഗത്തെ കീഴടക്കാൻ പോയിട്ട് കാൻസർ രോഗികളുടെ വർദ്ധനവ് കണ്ട് അന്ധാളിച്ചു നിൽക്കുകയാണു ഇന്ന് അമേരിക്ക. അതേക്കുറിച്ച് ന്യൂസ് വീക്ക് 2008 സെപ്തംബർ 15 നു ഒരു ലേഖനം പ്രസിദ്ധപ്പെടുത്തി.After billions spent on research and decades of hit-or-miss treatments, it's time to rethink the war on cancer.
ഇതാണു ഇന്ന് അമേരിക്കയുടെ അവസ്ഥ. അവിടെ നിന്ന് ആക്രി വാങ്ങി ചികിത്സിക്കുന്ന ഇന്ത്യയുടെ അവസ്ഥ അപ്പോൾ എത്ര ഭയാനകമായിരിക്കും?
എന്തായിരിക്കും അമേരിക്കക്ക് വിജയം ലഭിക്കാതെ പോയതിനു കാരണമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടാകുമോ? അതിനു സാദ്ധ്യത കുറവാണു. കഴിഞ്ഞ 300 കൊല്ലമായി ലോകമെമ്പാടും നിലനിൽക്കുന്ന വിദ്യാഭ്യാസപദ്ധതി അങ്ങനെയൊരു ചിന്തയ്ക്ക് സഹായിക്കില്ല. ചൂഷണമാണു ആ പദ്ധതിയുടെ കാതൽ. അത് വച്ചു യാഥാർത്ഥ്യത്തിലേക്ക് ഉറ്റു നോക്കാനാവില്ല. മെഡിക്കൽ വിദ്യാഭ്യാസം രോഗപരിഹാരത്തിനുള്ള മാർഗ്ഗമല്ല ഇന്നു. അതൊരു തൊഴിലാണു. ആ തൊഴിൽ ചെയ്യുന്നത് ലാഭം ഉണ്ടാക്കാനാണ്. അത് ലാഭകരമായി നിലനിൽക്കണമെങ്കിൽ രോഗികൾ വർദ്ധിച്ചു വരണം. അങ്ങനെ ആഗ്രഹിക്കുന്ന ഭിഷഗ്വരവർഗ്ഗത്തിനു മുന്നിൽ അർബ്ബുദം പോലെ മാരകമായ രോഗങ്ങളുടെ പ്രതിവിധികൾ തെളിഞ്ഞു വരില്ല. അത് തെളിഞ്ഞ് വരണമെങ്കിൽ കാരുണ്യമുള്ള മനുഷ്യർ ഉണ്ടായിരിക്കണം. ചികിത്സ വരുമാനമാർഗ്ഗമാകരുത്. അങ്ങനെ ഒരു കാലഘട്ടം ഭാരതത്തിൽ ഉണ്ടായിരുന്നു. അന്നുള്ളവർ രോഗമുണ്ടാകാതിരിക്കാനും ഉണ്ടായാൽ അത് ഭേദമാക്കാനുമുള്ള വഴികൾ കണ്ടെത്തി സമൂഹത്തിനു സമർപ്പിച്ചു. അവർ ഒന്നിനും പേറ്റെന്റ് എടുത്തില്ല. ഇന്നും അവരുടെ വഴികൾ നിലനിൽക്കുന്നുണ്ട്. ഇന്നും അവയ്ക്കൊ പേറ്റെന്റില്ല. എന്നിട്ടും അവ പഠിച്ച് ലോകനന്മക്ക് ഉപയോഗപ്പെടുത്താൻ നാം തയ്യാറാകുന്നില്ലെങ്കിൽ രോഗങ്ങൾ ഈ ജനതതിയുടെ സമാപനത്തിനുവേണ്ടി ഉദ്ദേശിച്ചുള്ളതാണെന്ന് നമുക്ക് സമാധാനിക്കാം.