Friday, August 29, 2014

ആരാണു ബ്രാഹ്മണൻ?

“തറവാട്ടിലേക്ക് മടക്കം (ഘര്‍ വാപസി). പല ഘട്ടങ്ങളിലായി മറ്റു മതങ്ങളിലേക്ക് പോയവരെ തിരികെ ഹിന്ദു മതത്തിലേക്ക് കൊണ്ടുവരാനുള്ള സംഘപരിവാര്‍ പദ്ധതി. നല്ല കാര്യം തന്നെ, പക്ഷെ തിരിച്ചു കൊണ്ടുവരുമ്പോള്‍ ബ്രാഹ്മണനായി കൊണ്ടുവന്നു കൂടെ?”

നമ്മുടെ സ്നേഹിതൻ Anish KS ന്റെയാണു ചോദ്യം.

അതു തന്നെയാണു വേണ്ടതു. പക്ഷെ അത്രയ്ക്കുള്ള ഉൾക്കാഴ്ച സംഘപരിവാർ സംഘടനകൾക്കുണ്ടോ എന്നേ സംശയമുള്ളു.

ചാതുർവർണ്ണ്യത്തെക്കുറിച്ച് ചർച്ച ചെയ്യുന്ന ഒരു ഉപനിഷത് നമുക്കുണ്ട്. ‘വജ്രസൂചികോപനിഷദ്’. അതിൽ ബ്രാഹ്മണനെ നിർവ്വചിക്കുന്നതു കാണാം.

വേദങ്ങളും സ്മൃതികളും ചാതുർവർണ്ണ്യത്തെ അംഗീകരിക്കുന്നു. അതിൽ ബ്രാഹ്മണ്യമാണു പരമോന്നതം. എങ്കിൽ ആരാണു ഈ ബ്രാഹ്മണൻ? വജ്രസൂചികോപനിഷത്തിൽ അതിന്റെ ചർച്ചയുണ്ട്.

ജീവനാണോ ബ്രാഹ്മണൻ എന്നു ചോദിച്ചുകൊണ്ടാണു അതാരംഭിക്കുന്നതു. ‘അല്ല’ എന്നു ഉടൻ നിഷേധവും വരുന്നു. എന്താ കാരണം? പുൽനാമ്പ് തൊട്ട് നാനാജാതി മനുഷ്യർ വരെ എല്ലാറ്റിലും ഒരേ ജീവനാണു പ്രവർത്തിക്കുന്നതു. പിന്നെ അതെങ്ങനെ ഒരു ബ്രാഹ്മണൻ മാത്രമാകും?

എങ്കിൽ ശരീരമായിരിക്കും? ലോകത്തു അനേകം ശരീരങ്ങൾ ഉണ്ട്. അവയിൽ ഒന്നിനെ ചൂണ്ടിക്കാണിച്ച് ബ്രാഹ്മണൻ എന്നു പറയാമോ? അതും പറ്റില്ല. ഏതു ശരീരം പരിശോധിച്ചാലും അതെല്ലാം പഞ്ചഭൂതാത്മകമാണെന്നു കാണാം. എല്ലാ ശരീരത്തിന്റെയും അടിസ്ഥാനം ഈ 5 മുലകങ്ങളാണു. നായർക്കായാലും, നമ്പൂരിക്കായാലും, നസ്രാണിക്കായാലും, പട്ടികജാതിക്കാരനായാലും ചോറുചെന്നാലെ വിശപ്പടങ്ങു. എല്ലാവർക്കും രോഗം വരികയും ചെയ്യും. രോഗം വരുമ്പോൾ നമ്പൂരിക്കും, പട്ടികജാതിക്കാരനും വെവ്വേറെ രോഗങ്ങളല്ല വരുന്നതു. വിശപ്പും രോഗവും ജാതിമത ഭേദമെന്യേ വരുമെങ്കിൽ ബ്രാഹ്മണ്യം ശരിരത്തിലാണെന്നു പറയുന്നതിൽ അർത്ഥമില്ല.

ഓ, അപ്പോൾ ജന്മം കൊണ്ടായിരിക്കും ബ്രാഹ്മണ്യം ഉണ്ടാകുന്നതു. അങ്ങനെ നോക്കിയാൽ ഋശ്യശൃംഗനെ എങ്ങനെ ബ്രാഹ്മണൻ എന്നു വിളിക്കും? മനുഷ്യനിൽ നിന്നുപോലുമല്ല ആ മുനി ഉണ്ടായതു. എന്നിട്ടും ബ്രാഹ്മണനാണെന്നു പറയുന്നു. ദർഭയിൽ നിന്നുണ്ടായിട്ടും കൌശികൻ ബ്രാഹ്മണനാണു. ആട്ടക്കാരിയായ ഉർവ്വശിയിൽ പിറന്നയാളാണു വസിഷ്ഠൻ. അഗസ്ത്യൻ കുംഭസംഭവൻ. അതിലെന്തെങ്കിലും കുഭാരകസൂചനയുണ്ടോ? ഇനി കേരളപ്പഴമ എടുത്തുനോക്കിയാൽ കാണാം പറയി പെറ്റ പന്തിരുകുലം. അഗ്നിഹോത്രി മുതൽ പാക്കനാർ വരെ 12 പേർ. എല്ലാവരുടേയും അമ്മ ഒരാൾ. പട്ടികജാതിക്കാരി. ആ അമ്മ പെറ്റതിൽ ഒരാൾ ബ്രാഹ്മണനും. അഗ്നിഹോത്രി! അപ്പോൾ ഉല്പത്തിയുമല്ല ബ്രാഹ്മണ്യത്തിനു അടിസ്ഥാനം.

പിന്നെ? ബ്രഹ്മജ്ഞാനമായിരിക്കുമോ? അതിനും സാദ്ധ്യതയില്ല. എല്ലാ ജാതിയിൽ പെട്ടവർക്കും അതു ലഭിച്ചിട്ടുണ്ട്. ജനകൻ ക്ഷത്രിയനാണു, സത്യകാമൻ ചണ്ഡാളനാണു, വാൽമീകി, വ്യാസൻ, നാരായണഗുരു. ഇവരൊക്കെ ദളിതുകൾ. അപ്പോൾ ജാതിമതങ്ങൾക്കനുസരിച്ചല്ല ബ്രഹ്മജ്ഞാനം ലഭിക്കുന്നതെന്നു ഉറപ്പായി. മറ്റെന്തോവാണു അതിന്റെ അളവുകോൽ.

കർമ്മമാണു അതിനു അടിസ്ഥാനമെന്നു പറയാൻ പറ്റുമോ? ശാസ്ത്രീയമായി അതും ശരിയല്ല. കർമ്മകുശലത വ്യക്തികൾക്ക് അനുസരിച്ചാണു. ജാതികൾക്കനുസരിച്ചല്ല. ചെമ്പൈ ബ്രാഹ്മണനാണു. നെയ്യാറ്റിങ്കര ജാതിശ്രേണിയിൽ പ്രത്യേക ഒരു വിഭാഗത്തിൽ പെട്ടയാളാണു. യേശുദാസ് കൃസ്ത്യാനിയാണു. ഇവരിൽ പൊതുവായിട്ടുള്ളതു സംഗീതത്തിലുള്ള വ്യുൽ‌പ്പത്തിയാണു. കർമ്മകുശലത കൊണ്ടാണു ബ്രാഹ്മണ്യമുണ്ടാകുന്നതെങ്കിൽ എല്ലാ നമ്പൂരാരും കൂടി ഈ കേരളത്തെ പടി പാട്ടിന്റെ പാലാഴി ആക്കുമായിരുന്നില്ലെ?

ഇതൊന്നുമല്ല ബ്രാഹ്മണ്യത്തിന്റെ അടിസ്ഥാനമെങ്കിൽ അതെന്തായിരിക്കും? വജ്രസൂചികോപനിഷത് നിങ്ങൾക്കതു പറഞ്ഞു തരട്ടെ. സംഘികൾക്കും.

അധിക വായനയ്ക്ക് : ബ്രഹ്മാനന്ദ തീർത്ഥപാദരുടെ ‘ചാതുർവർണ്ണ്യപ്രകാശികാ വ്യാഖ്യാനം’

Wednesday, August 27, 2014

ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കിയില്ലെങ്കിൽ?

ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കിയില്ലെങ്കിൽ എന്തു? പ്രകൃതിയുമായി ചേർന്നു പോകേണ്ടതു മനുഷ്യന്റെ മാത്രം ആവശ്യമാണു. പ്രകൃതിയുടെയല്ല. മറ്റുജീവജാലങ്ങളേപ്പോലെയേ മനുഷ്യനേയും അവൾ പരിഗണിച്ചിട്ടുള്ളു. വിവേകപൂർവ്വം ജീവിക്കാനുള്ള ഒരു തലച്ചോർ കൊടുത്തിട്ടുണ്ടതെന്നു ഒഴിച്ചാൽ മറ്റുജീവജാലങ്ങളിൽ നിന്നും മനുഷ്യനു ഒരു പ്രത്യേകതയുമില്ല. പക്ഷെ അതവൻ പ്രകൃതിയെ ചൂഷണം ചെയ്യാനും, അതിനുള്ള ന്യായം കണ്ടെത്താനുമാണിപ്പോൾ ഉപയോഗിക്കുന്നതു.

തന്റെ പൌരുഷമുപയോഗിച്ച് പ്രകൃതിയിൽ മാറ്റം വരുത്തുന്ന ഏക ജന്തു മനുഷ്യൻ മാത്രമാണെന്നു തോന്നുന്നു. ബാക്കിയൊക്കെ പ്രകൃതിയോട് താദാത്മ്യപ്പെട്ടുപോകാനാണു ശ്രമിക്കുന്നതു. ജലാശയം വറ്റിയാൽ കൊക്കുകൾ വെള്ളമുള്ള ദിശയിലേക്ക് പറന്നു പോകും. അതിനുള്ള ആന്തരികപ്രചോദനം പ്രകൃതി അതിൽ വച്ചിട്ടുണ്ട്. അങ്ങനെയൊരു സന്ധിയിൽ ആധുനിക മനുഷ്യൻ കുടിനീർവറ്റിയതിനു തന്റെ എന്തു പ്രവർത്തിയാണു കാരണമായതെന്നു ആലോചിക്കാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു മുൻപിൽ പോയി ധർണ്ണയിരിക്കും. താനൊഴികെ ബാക്കിയുള്ളവരെ കുറ്റം പറയും.

ബുദ്ധിയുണ്ടെന്നു വിചാരിക്കുന്ന മനുഷ്യരെ പ്രകൃതി പ്രചോദിപ്പിക്കുന്നില്ല. അതിന്റെ ആവശ്യമില്ല. വിവേകം കൊണ്ടവൻ ജീവിക്കണം. ബുദ്ധിയോ കൌശലമോ അല്ല കാണിക്കേണ്ടതു. വേണ്ടതു പാരസ്പര്യമാണു. സമസ്തപ്രപഞ്ചത്തേയും ഒന്നായിക്കാണാനുള്ള ഭാവനയാണു. അതിനാണു പ്രകൃതി അവനിൽ വിവേകമായി ഇരിക്കുന്നതു തന്നെ. തനിക്കു ചുറ്റുമുള്ള കാഴ്ചകളിൽ നിന്നു പ്രകൃതിയുമായി ഇണങ്ങിപ്പോകാനുള്ളതു കണ്ടെത്തുമ്പോഴെ മനുഷ്യൻ പൂർണ്ണനാകുന്നുള്ളു.

മനുഷ്യൻ എത്ര ആഗ്രഹിച്ചാലും പ്രകൃതി കാലത്തിലൂടെ അതിന്റെ വഴിക്കു പോകും. തികച്ചും ഒരു സ്വേച്ഛയാണതു. അതു തിരിച്ചറിയണം. അത്യാഗ്രഹവും, ചൂഷണത്ത്വരയും കൊണ്ട് മനുഷ്യൻ പ്രകൃതിയെ എത്ര മാന്തിപ്പൊളിച്ചാലും, അവൾക്കുമീതേ എത്ര എടുപ്പുകൾ കെട്ടിപ്പൊക്കിയാലും പ്രകൃതിയുടെ സമഗ്രതയ്ക്കു കോട്ടമുണ്ടായാലുടൻ തിരിച്ചടിയുണ്ടാകും. അവൾ കുലുങ്ങും. മഴയായി ചൊരിയും. കാറ്റായി വീശും. ഉരുളുകൾ അടർന്നു വീഴും. അപ്പോൾ ഈ ഉത്സാഹക്കമ്മിറ്റിക്കാരൊന്നും കാണില്ല. പിന്നെ നിലവിളിച്ചിട്ടൊരു കാര്യവുമില്ല. പ്രകൃതിദുരന്തം ഉണ്ടായാൽ അതുവരെ കാണിച്ച അഹന്തയും അഹങ്കാരവുമൊക്കെ ഓടിയൊളിക്കും. അപ്പോൾ ഒഴുകിവരുന്ന മലവെള്ളത്തോടോ, പാറിവീഴുന്ന ഇടിമിന്നലിനോടോ വാദം പറയാൻ അവനു തോന്നില്ല. എങ്ങനെയും രക്ഷപ്പെട്ടാൽ മതിയെന്നാകും അപ്പോൾ വിചാരം.

പ്രകൃതിയുടെ മുഖമൊന്നു കറുത്താൽ മതി അപ്പോൾ മനുഷ്യൻ ദയനീയനാകുന്നതു കാണാം. ആ നിമിഷം മുതൽ അവൻ നിഷേധിച്ച ഈ സമസ്തപ്രപഞ്ചത്തിന്റേയും സഹായം വേണം. കൃഷിചെയ്യാൻ വേണ്ടി മുൻപ് പിടിച്ചുവച്ച ഭൂമിയിലേക്കു ഭീതിയോടെ നോക്കും. ഇതൊന്നും വേണ്ടായിരുന്നെന്നു തോന്നും. താൻ വെറുമൊരു അഭയാർത്ഥി മാത്രമാണെന്നു തിരിച്ചറിയും. ക്യാമ്പുകളിൽ വിശന്നു പൊരിയുമ്പോൾ താൻ ഉല്പാദിപ്പിച്ചു എന്നു അഭിമാനിച്ച വിളകളൊന്നും സഹായത്തിനെത്തുന്നില്ല എന്നു മനസിലാക്കും. അപ്പോൾ ലോകത്തിന്റെ മറ്റൊരുഭാഗത്തു പ്രകൃതി കനിവോടെ വിളയിച്ചിട്ട വിഭവങ്ങൾ തന്നെ വേണ്ടിവരുന്നു ജീവൻ നിലനിർത്താൻ! ഒരു നാണവുമില്ലാതെ അതൊക്കെ ഭുജിക്കേണ്ടി വരുമ്പോൾ മനുഷ്യാ എവിടെപ്പോകുന്നു നിന്റെ അഹങ്കാരം? അപ്പോഴെന്താ നദിയെ നിന്നെ ഞാൻ മാറ്റിയൊഴുക്കും എന്നു പറയാത്തതു? നിന്റെ നെഞ്ചുതുറന്നു പാറയെടുക്കും എന്നു വാശിപിടിക്കാത്തതു? ഇപ്പോഴുള്ള ധീരതയൊക്കെ അപ്പോഴില്ലാതെ വരുന്നതെന്താണു?

ഇങ്ങനെ ആരുടെയൊക്കയോ ഔദാര്യത്തിനു വേണ്ടി ദയനീയമായി നിൽക്കാതെ വരട്ടെ എന്നു പ്രകൃതി ആഗ്രഹിക്കുന്നതുകൊണ്ടാണു ഗാഡ്ഗിൽ പോലുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നതു. മനുഷ്യവിവേകത്തിന്റെ സൂചന മാത്രമാണതു. അത് കണ്ടില്ലെന്നു നടിച്ചാൽ ആർക്കും നിങ്ങളെ രക്ഷിക്കാൻ കഴിയില്ല. ഗാഡ്ഗിൽ റിപ്പോർട്ടിലെ സൂചനകൾ നടപ്പാക്കിയില്ലെങ്കിൽ ഈ പ്രപഞ്ചത്തിനു ഒന്നും സംഭവിക്കാനില്ല. എത്രയോ മഹാനഗരങ്ങളെ നിസ്സാരമായി കടപുഴക്കി എറിഞ്ഞതാണു ഈ പ്രകൃതി. പിന്നെയാണു ഒരു കൊച്ചുകേരളം. നൊടിമതി കേരളമെന്ന ഈ പരീക്ഷണശാലയെ നിശ്ശേഷം തകർത്തെറിയാൻ. പിന്നെ പഠിക്കാനോ, നടപ്പാക്കാനോ ബാക്കിയൊന്നുമുണ്ടാവില്ല. ചരിത്രത്തിൽ‌പ്പോലും കേരളമെന്ന പേരുമുണ്ടാവില്ല.

Monday, August 25, 2014

കേരളത്തിൽ ജന്മിത്തമുണ്ടായിരുന്നോ?

ബ്രിട്ടീഷുകാരുടെ വരവോടെയാണു കേരളത്തിൽ സ്വകാര്യസ്വത്തു ഉണ്ടാകുന്നതു. അതിനിടയാക്കിയതോ അവർ നടത്തിയ ലാൻഡ് ക്ലാസിഫിക്കേഷനും. അതുവരെ ഭൂമി ഗ്രാമത്തിന്റെ പൊതുസ്വത്തായിരുന്നു. നികുതി വരുമാനം കൂട്ടാൻ വേണ്ടി ബ്രിട്ടീഷുകാർ കണ്ടുപിടിച്ച പണിയാണു സ്വകാര്യസ്വത്തുണ്ടാക്കൽ. അതുവരെ ദേശത്തിന്റെ പ്രധാനവരുമാനം കയറ്റുമതിയിൽ നിന്നുള്ള ചുങ്കമായിരുന്നു. ചുങ്കം വർദ്ധിപ്പിച്ചാൽ അതു തങ്ങൾക്ക് നഷ്ടമുണ്ടാക്കും എന്നു കണ്ടാണു അവർ ഭൂമിക്ക് നികുതി ഏർപ്പെടുത്തിയതു. ചുങ്കം കൂട്ടിയാൽ ഇവിടുന്നുള്ള കയറ്റുമതി ചരക്കുകൾ വിദേശത്തു എത്തുമ്പോൾ വിലകൂടും. പൊതുവിൽ ദാരിദ്ര്യത്തിൽ കഴിയുന്ന ബ്രിട്ടണെ അതു ഒന്നുകൂടി ദരിദ്രമാക്കുകയേയുള്ളു എന്നവർ മനസിലാക്കി. ചൂഷണത്തിനു ഭൂനികുതി എന്ന പുതിയ ആശയം അങ്ങനെയാണവർ കൊണ്ടുവരുന്നതു. അതുവഴി തങ്ങളുടേയും സാമന്തന്മാരുടെയും ചെലവിനും ആർഭാടത്തിനുമുള്ള വക നമ്മുടെ നാട്ടിൽ നിന്നും പിരിക്കാൻ കഴിയും. അതിന്റെ ആദ്യപടിയാണു വസ്തുക്കളെ പട്ടികതിരിച്ച് ചാർത്തിക്കൊടുത്തതു. നികുതിയുടെ ബാദ്ധ്യത വ്യക്തികളിൽ അധിഷ്ഠിതമാക്കി കേന്ദ്രീകരിച്ചാൽ നികുതിപിരിവ് സുഗമമാകുമെന്നു കൊള്ളക്കാർ കണ്ടു. ബ്രിട്ടീഷുകാർ പ്രബലമായിരുന്ന ബംഗാളിലും ഇതു സംഭവിച്ചു. അക്കാലത്തു പാർവ്വത്യാർ വരുന്നതു കണ്ടാൽ ആളുകൾ ഭയന്നു ഓടി മാറും. അയാൾ വസ്തു തന്റെ പേരിലെങ്ങാനും എഴുതിവച്ചാലോ എന്നു പേടിച്ചു. വ്യക്തികൾ ഏറ്റെടുക്കാത്ത ഭൂമി ഒക്കെയും ബ്രഹ്മസ്വവും, ദേവസ്വവുമായി മാറ്റി. അങ്ങനെ ഉടമ അടിമ സംവിധാനം വന്നു. തൊഴിൽ ചെയ്യുന്നതും മൂലധനം ആസ്വദിക്കുന്നതുമായ രണ്ടുവിഭാഗങ്ങളുമുണ്ടായി. അതിനുള്ള വരുമാനം ഭൂമിയിൽ നിന്നുള്ള പാട്ടമായി നിശ്ചയിച്ചു. അതുവരെ കർഷകർ സ്വയം നൽകിയിരുന്ന വിളവു വീതമേ ഗ്രാമഭരണങ്ങൾക്ക് ലഭിച്ചിരുന്നുള്ളു. അതു ഗ്രാമദേവതയുടെ വിഹിതമാണു. വർഷത്തിലൊരിക്കൽ ഗ്രാമദേവത കർഷകന്റെ അടുത്തു ചെന്നു അതു പറയെടുക്കും. അതു കൊണ്ട് വിളവ് പൊലിക്കാൻ ഗ്രാമദേവതയ്ക്കും ധാർമ്മികമായ ഒരു ഉത്തരവാദിത്തമുണ്ടായിരുന്നു. വിളവുമുടിഞ്ഞാൽ പറയില്ല! ഇക്കാരണത്താൽ ഭൂമി‌ഉപയോഗത്തിൽ ഗ്രാമങ്ങൾ ജാഗരൂഗരായിരുന്നു. ചുമ്മാ വയലു നികത്താനോ, ക്വാറി സ്ഥാപിക്കാനോ കഴിയില്ല. എന്തിനു ഒരു വരമ്പ് മുറിച്ചാൽ‌പ്പോലും വിവരമറിയും. ബ്രിട്ടീഷുകാരുടെ വരവോടെ അതൊക്കെ നഷ്ടമായി.

ഓ.ടോ : കേരളത്തിലെ (ബംഗാളിലും) കമ്മ്യൂണിസ്റ്റ് മുന്നേറ്റങ്ങൾക്ക് ഇടയാക്കിയതു ഈ ലാൻഡ് ക്ലാസ്സിഫിക്കേഷൻ വഴിയുണ്ടായ മൂലധനകേന്ദ്രീകരണമായിരുന്നു. അല്ലാതെ ജന്മിത്തമൊന്നുമല്ല. ഇവിടെ അതുണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കിൽ ഒരുമാതിരിപ്പെട്ട ജന്മിമാരൊന്നും കമ്മ്യൂണിസം സംഘടിപ്പിക്കാൻ ഇറങ്ങുകയുമില്ല. പാർട്ടിയുടെ ചരിത്രം നോക്കിയാൽ മുലധനവ്യതിയാനം വന്നപ്പോൾ ജന്മികൾ തന്നെ മാറ്റത്തിനുവേണ്ടി ഇറങ്ങിത്തിരിക്കുകയായിരുന്നു എന്നു കാണാം. ജന്മിത്വമാണു വിപ്ലവത്തിനു ഊർജ്ജം പകർന്നതെങ്കിൽ യഥാർത്ഥ ജന്മിത്വം നിലനിന്നിരുന്ന ഉത്തരേന്ത്യയിലായിരുന്നു കമ്മ്യൂണിസ്റ്റുപാർട്ടി കാട്ടുതീപോലെ ആദ്യം പടന്നു പിടിക്കേണ്ടിയിരുന്നതു. അതു സംഭവിച്ചില്ല. എന്തുകൊൻണ്ടെന്നു ഒരു ചരിത്രകാരനും അന്വേഷിച്ചില്ല. ഹ്രസ്വദൃഷ്ടികളായ അവർക്ക് അതൊന്നും കാണാൻ താല്പര്യമില്ല. അവരൊക്കെ ബ്രിട്ടീഷ്മേൽക്കോയ്മയെ അംഗീകരിച്ച് അവർക്ക് ഓശാന പാടി നടക്കുന്നവരാണു.

Saturday, August 23, 2014

ശവസംസ്കാരം : കത്തോലിക്കാസഭയും ചിതയൊരുക്കുന്നു

വിശ്വാസികൾക്ക് മൃതദേഹം ദഹിപ്പിക്കാൻ കത്തോലിക്കാസഭ അനുമതി നൽകുന്നു. ഹൈന്ദവാചാരങ്ങൾ പലതും ക്രിസ്തീയസഭകൾ സ്വീകരിച്ചിട്ടുണ്ട്. നിവേദ്യത്തിനു സമാനമായ അപ്പവും വീഞ്ഞും വാഴ്ത്തലുമാണു ഏറ്റവും പഴയതു. കാവി വസ്ത്രവും, നിലവിളക്കും, പഞ്ചവാദ്യവും, കൊടിമരവുമാണു അടുത്തകാലത്തായി സഭയിലേക്ക് കടന്നുവന്നതു. ഇപ്പോൾ ശവസംസ്കാരത്തിനും അനുമതിയായി. സഭ കൂടുതൽ കൂടുതൽ ഹൈന്ദവവൽക്കരിക്കപ്പെടുകയാണോ?

മൃതദേഹം ദഹിപ്പിച്ചുകളയുന്നതു ഹിന്ദുസമുദയത്തിലെ എല്ലാവരും പിന്തുടരുന്ന ആചാരമല്ല. ഗോത്രസൂത്രാദികളിൽ സംശയവും ദീക്ഷയില്ലായ്മയുമുള്ളപ്പോഴാണു ശവദാഹം നടക്കുന്നതു. ഉപനയനം നടന്നു, വേദശാസ്ത്രങ്ങൾ പഠിച്ച്, അർത്ഥപൂർണ്ണമായ ഒരു ജീവിതം നയിച്ചശേഷം ജീവന്മുക്തിക്കായി അല്പജീവനോടെ സമാധിയിരുത്തുന്നതാണു ശരിയായ രീതി. പ്രളയകാലത്തു ബ്രഹ്മപ്പിതാമഹൻ അങ്ങനെയുള്ള ജീവനുകൾക്ക് ഉടലോടെ മുക്തിനൽകും. അവർ അതിന്റെ തുടർച്ചയായി ബ്രഹ്മലോകത്തു ജീവിക്കും. അതാണു ഹൈന്ദവസങ്കല്പം.

അനേകകോടി മനുഷ്യർ ഉണ്ടാകുമ്പോൾ എല്ലാവർക്കും ഈ ഗതിയുണ്ടാകില്ല. എന്നെപ്പോലുള്ള അല്പപ്രാണികൾ ദുർബ്ബലന്മാരായും, അജിതേന്ദ്രിയന്മാരായും പാപങ്ങളൊക്കെ ചെയ്തു ജീവിക്കും. അങ്ങനെയുള്ളവർക്ക് ഈ ശരീരം ഒരു ഭാരമാണു. കാരുണ്യമുള്ള ബ്രഹ്മപ്പിതാമഹൻ അവർക്ക് നൽകുന്ന ഒരു ഔദാര്യമാണു ശവം ദഹിപ്പിക്കാനുള്ള അനുമതി. ആ ശരീരം അങ്ങനെ പഞ്ചഭൂതാത്മകമായി വിഘടിച്ച് പ്രകൃതിയിൽ ലയിക്കും. പ്രാണനോ സൂക്ഷ്മരൂപാകാരേണ ആകാശത്തിൽ സഞ്ചരിച്ചുകൊണ്ടുമിരിക്കും. അപ്പോൾ ഈശ്വരകൃപയാൽ നല്ലജീവിതം നയിക്കാൻ ഉതകുന്ന ഒരു ശരീരം പഞ്ചഭൂതാത്മകമായി ഉണ്ടായിവരും. നേരത്തെ ചാരവും, വാതവുമായിപ്പോയ ഉടലുകൾ സസ്യലതാദികളിലൂടെയും പക്ഷിമൃഗാദികളിലൂടെയും, ജലത്തിലൂടെയുമൊക്കെ ഭൌതികമായി പരിണമിച്ച് അന്നരൂപേണ മനുഷ്യരിൽ തിരിച്ചെത്തുന്നു. അതു അനുയോജ്യരായ ഒരു ജോടി അച്ഛനമ്മമാരിൽ അണ്ഡമായും ബീജമായും വന്നിരിക്കും. അവയുടെ സംയോഗം നടക്കുമ്പോൾ ഈശ്വരനിയോഗത്താൽ സൂക്ഷ്മശരീരരൂപിയായ പ്രാണൻ അതിൽ പ്രവേശിച്ച് പുത്രനോ പുത്രിയോ ആയി പുനർജനിക്കുന്നു. മുൻപ് കഴിഞ്ഞജീവിതത്തിന്റെ തുടർച്ചയാണു അപ്പോൾ അനുഭവിക്കുന്നതു. അങ്ങനെ ഒരു ഉടൽ തന്നതിനുള്ള കടപ്പാടാണു മാതാപിതാക്കളോടുള്ള ഉത്തരവാദിത്തം നിർവ്വഹിക്കൽ. പിന്നീട് നല്ലവ്യക്തിജീവിതം നയിച്ചാൽ പ്രളയകാലത്തു മുക്തനാകാം. അല്ലെങ്കിൽ മൃതികളുടെ ആവർത്തനത്തിൽ പെടും. പെട്ടാൽ ആ ഉടൽ വീണ്ടും ദഹിപ്പിക്കും.

ദീക്ഷസ്വീകരിക്കുന്ന ഗോത്രങ്ങളിലൊക്കെ സമാധിയിരുത്തലാണു രീതി. അതു പിന്തുടരാനാണ് യേശുദേവനും തന്റെ ശിഷ്യന്മാരോട് ആവശ്യപ്പെട്ടതു. നല്ലവ്യക്തിജീവിതം നയിച്ച് ആ ഉടലുകൾ സൂക്ഷിച്ചുവച്ചാൽ അന്തിവിധിനാളിൽ യഹോവാ മുക്തി നൽകും. ഹിന്ദുസമുദായത്തിൽ തന്നെ ജന്മദീക്ഷയുള്ള, കലർപ്പില്ലാത്ത സമുദായജീവിതമുള്ള ഈഴവർ, ഗോത്രവർഗ്ഗക്കാർ, പട്ടികജാതിക്കാർ എന്നിവർക്കിടയിൽ ശവദാഹമില്ല. വീരശൈവർക്കും, പിഷാരടികൾക്കുമില്ല. സന്യാസിമാർ സമാധിയിരുത്തുകയാണു. ആദ്യകാലത്തു രാമകൃഷ്ണാമിഷൻ സന്യാസിമാരെ ദഹിപ്പിച്ചപ്പോൾ വിവേകാനന്ദൻ എതിർത്തിട്ടുണ്ട്. വസൂരി, കോളറാ പോലുള്ള ജനപഥരോഗങ്ങൾ ബാധിച്ചവരെ മാത്രമാണു പണ്ട് ചിതയിൽ ദഹിപ്പിച്ചിരുന്നതു. നായന്മാർ ശവദാഹത്തിൽ ആകൃഷ്ടരായതു അവരുടെ ഗോത്രപരമായ കലർപ്പുകൊണ്ടാവണം. അതുകൊണ്ടുതന്നെയാവണം അവരുടെ മരണാനന്തരകർമ്മങ്ങൾ വളരെ സങ്കീർണ്ണമായിരിക്കുന്നതും. നായർ സമുദാ‍യത്തെപ്പോലെ കത്തോലിക്കാസഭയിലും കലർപ്പിന്റെ കാറ്റ് വീശിത്തുടങ്ങിയോ? ശവംദഹിക്കപ്പെട്ടാൽ അന്ത്യവിധിനാളിൽ അവർക്കെങ്ങനെ സ്വർഗ്ഗത്തിൽ പ്രവേശിക്കാനാവും? അതോ നായന്മാർ ചെയ്യുന്നപോലെ സായൂജ്യപൂജകളിലേക്ക് സഭയും എത്തിച്ചേരുമോ? അതോ രണ്ടും ഒന്നുതന്നെയാണോ?

Wednesday, August 20, 2014

ഫെമിനിസം എന്ന രോഗം

ഈ ഫെമിനിസത്തെ പണ്ടുമുതലേ എനിക്ക് സംശയമായിരുന്നു. അവർ അവകാശപ്പെടുന്ന ഈ ലിംഗസമത്വം പ്രകൃതിയിലൊരിടത്തും കണ്ടിട്ടില്ല. ഒന്നിച്ചു ഇരതേടുന്ന ജീവികളെ ചൂണ്ടിക്കാണിച്ചാലും അവയുടെ ജീവിതം അതാതു ലിംഗത്തിൽ അധിഷ്ഠിതമാണു. പൂച്ചക്കുഞ്ഞുങ്ങളെ അതിന്റെ തള്ളയ്ക്കൊപ്പമേ കാണാറുള്ളു. കണ്ടൻ പൂച്ച പൂച്ചക്കുഞ്ഞുങ്ങളുമായി എലിപിടുത്തം പഠിപ്പിക്കുന്ന നഴ്സറിയിൽ പോകുന്നതു ആരെങ്കിലും കണ്ടിട്ടുണ്ടോ? ജന്തുജാലങ്ങൾക്കിടയിൽ ജില്ലകൾ തിരിച്ച് ഫാമിലികോർട്ടുണ്ടോ? കുടുംബം മനുഷ്യന്റെ ഒരു സ്ഥാപനമാണു. അതിന്റെ ചിട്ടകൾ വേറെ. അതിൽ നിന്നുകൊണ്ട് ഒരു വ്യക്തിക്കും - ആണിനായാലും പെണ്ണിനായാലും - സ്വാതന്ത്ര്യം പ്രഖ്യാപിക്കാനാവില്ല. സ്വാതന്ത്ര്യം വേണമെന്നുമുള്ളവർ കുടുംബം, സമൂഹം തുടങ്ങിയ സ്ഥാപനങ്ങൾ ത്യജിക്കണം.

പ്രകൃതിയിലെ ഓരോ ജീവിയും തനതും വ്യത്യസ്ഥവുമായിരിക്കും. ഒന്നിനു മറ്റൊന്നിനോട് സമാനതയില്ല. അതിനു പിന്നിൽ അവയുടെ ജനിതകബാർ കോഡുകളാണു. അതിനെ മറികടന്നാണു മനുഷ്യൻ ഭാവന കൊണ്ട് കുടുംബവും സമൂഹവും സൃഷ്ടിച്ചതു. പുറമേയ്ക്ക് സാമൂഹികതുല്യത ആവശ്യപ്പെടുമ്പോഴും ഫെമിനിസ്റ്റുകൾ ആഗ്രഹിക്കുന്നതു തുല്യതയേക്കാൾ കൂടുതൽ പരിരക്ഷയും സംവരണവുമാണു. അവർ ആവശ്യപ്പെടുന്ന നിയമങ്ങളിൽ നിന്നും അതു വ്യക്തവുമാണു. ജൈവതുല്യതയുണ്ടെങ്കിൽ പിന്നെ ആരിൽ നിന്നു എന്തു പരിരക്ഷ? എതിർലിംഗത്തിന്റെ ലോകത്തിലേക്ക് പ്രവേശിക്കാൻ തങ്ങളെ അനുവദിക്കു എന്നാണു ഫെമിനിസ്റ്റുകളുടെ കാഹളം. സ്ത്രീത്വത്തിനു തീർത്തും അപമാനകരമാണെന്നു അവർ തന്നെ വാദിക്കുന്ന പുരുഷമേധാവിത്വലോകമാണു ഫെമിനിസ്റ്റുകളുടെ ഡിമാന്റ്. അല്ലാതെ സ്ത്രീത്വത്തിന്റെ ഉദ്ഗ്രഥനമല്ല.എന്തുകൊണ്ടായിരിക്കും ഫെമിനിസ്റ്റുകൾ ഇങ്ങനെയൊരു ചിന്തയിലേക്ക് പോയതു?

ഡോ.Kanam Sankara Pillai ‘ഉഭയജീവി‘ എന്നപേരിൽ ഫേസ്ബുക്കിൽ ഇട്ടിരുന്ന കുറിപ്പ് ഇതിലേക്ക് വെളിച്ചം വീശുമെന്നു തോന്നുന്നു. പണ്ട് സ്ത്രീകളിൽ അപൂർവ്വമായി ഉണ്ടായിരുന്ന ഒരു പ്രതിഭാസമാണു "ടെസ്റ്റിക്കുലാര്‍ ഫെമിനൈസേഷന്‍ സിന്‍ഡ്രോം". അതേക്കുറിച്ചുള്ള ഒരു അനുഭവക്കുറിപ്പാണു ഡോക്ടർ പ്രസിദ്ധീകരിച്ചതു.

ഇതൊരു ഉഭയ ലിംഗ പ്രതിഭാസമാണു. സ്ത്രീശരീരത്തിൽ പുരുഷ സ്വഭാവം ഉണ്ടാക്കുന്ന ഗ്രന്ഥികൾ പ്രബലമാകുമ്പോഴുള്ള അവസ്ഥ. സ്ത്രീ ശൈലിയിലുള്ള മുടിയും, മൃദുത്വവും, ആകാരവും കാണുമെങ്കിലും ഗര്‍ഭ പാത്രം.അണ്ഡവാഹിനിക്കുഴല്‍,അണ്ഡാശയം ഇവയൊന്നും കാണാതിരിക്കുകയോ സുപ്തമായിരിക്കുകയോ ചെയ്യും. പലർക്കും വൃഷണവും കാണും. എങ്കിലും സാധാരണ പോലെ ദമ്പതിക്രിയ സാദ്ധ്യമാണു. പക്ഷെ ഗർഭംധരിക്കാനും പ്രസവിക്കാനും പ്രയാസമായിരിക്കും.

ആധുനിക വൈദ്യലോകം ഇതിനെ വിളിക്കുന്നതു complete androgen insensitivity syndrome എന്നാണു. പാശ്ചാത്യനാടുകളിൽ, ഇവിടുത്തേ ഗുപ്തപൌരഷത്തിൽ നിന്നും വിട്ട് ശരിക്കും ഉഭയജീവികളായി (She Man) ജനിക്കുന്നവരുടെ എണ്ണം കൂടിവരികയാണു. ഗർഭാവസ്ഥയിലെ മ്യൂട്ടേഷനുകളാണു ഈ പ്രതിഭാസത്തിന്റെ പിന്നിൽ. മനുഷ്യനെ വെറുമൊരു യന്ത്രത്തിനപ്പുറം ജീവനുള്ള ശരീരമായിക്കാണാൻ ഇനിയും ശാസ്ത്രജ്ഞന്മാർ തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ ഈ ഒരു പ്രതിഭാസമുണ്ടാകാൻ ഇടയാക്കുന്ന ‘മനസി’നെ വേണ്ടരീതിയിൽ ഉൾക്കൊള്ളാനോ വിശകലനം ചെയ്യാനോ അവർക്കായിട്ടില്ല. ശരിക്കും എല്ലാ മ്യൂട്ടേഷനുകൾക്കു പിന്നിലുമുള്ളതു മനസ്സാണു.

മാനസികമായി തുടങ്ങി ശാരീരികമായി മാറിയ ഈ ഗുപ്തപൌരുഷമാണു ലോകമെമ്പാടുമുള്ള ഫെമിനിസത്തിന്റെ ചാലകശക്തി. മഹാഭാരതത്തിലെ ശിഖണ്ഡിയാണു പൂർവ്വകാലത്തെ സ്പെസിമൻ. സ്ത്രീയ്ക്കുള്ളിൽ ഒരു പുരുഷനെ വളർത്തി ഭീഷ്മരെവീഴ്ത്തിയ ഇതിഹാസ കഥാപാത്രം. ഫെമിനിസ്റ്റുകളും ആ പാതയാണു പിന്തുടരുന്നതു. സ്ത്രീത്വത്തിന്റെ നിസ്സഹായത ഉയർത്തിക്കാട്ടിയും പൌരുഷത്തെ നിന്ദിക്കുകയും ചെയ്തുകൊണ്ട് അതേ പൌരുഷം തന്നെ പിൻ‌പറ്റുന്നു. ആണിന്റെ വേഷം കെട്ടണമെന്നും, ആണിനേപ്പോലെ നടക്കണമെന്നും, ആണുങ്ങൾ ചെയ്യുന്നതെല്ലാം ചെയ്യണമെന്നും പറയുമ്പോൾ പുരുഷനാകാനുള്ള ത്വരയാണു അവരിൽ സജീവമെന്നു വ്യക്തം. കുട്ടികളുണ്ടാ‍കാനുള്ള സാദ്ധ്യതയില്ലാത്ത ഫെമിനിസ്റ്റുകൾക്ക് ഫ്രീസെക്സിനു പ്രേരിപ്പിക്കാം. പക്ഷെ ഇതിലൊക്കെ വീണു പരിക്കുപറ്റുന്നതു complete androgen insensitivity syndrome ഇല്ലാത്ത സാധാരണസ്ത്രീകളാണു.

ഫെമിനിസത്തിന്റെ മറുപുറം ക്ലീബത്വമാണു. അവരിൽ സ്ത്രൈണജനികതയാണു പ്രബലം. ഫെമിനിസ്റ്റുകളോട് അടുക്കുന്ന പുരുഷന്മാരെ ശ്രദ്ധിച്ചാൽ അതു മനസിലാകും. ഇരുവരും ചേർന്നു ജനിതക വൈകല്യങ്ങളുടെ പുതിയൊരു ലോകം ഉയർത്തിക്കൊണ്ടു വരികയാണു.

Sunday, August 17, 2014

റബ്ബറിന്റെ കാര്യം എന്താകും?


ഇന്നു 1190 ചിങ്ങം 1. കാപട്യത്തിന്റെ മുഖം‌മൂടി അണിഞ്ഞുകൊണ്ട് നവവത്സരാശംസകൾ നേരുന്ന ദിനം. എന്റെയും ആശംസകൾ.

പുതുവർഷാഘോഷത്തിനു പുറമെ ഇന്നു കർഷകദിനാഘോഷം കൂടിയുണ്ട്. കൃഷി ഒരു ജീവിതരീതിയോ വൈകാരികതയോയല്ലാത്ത മലയാളിക്കെന്തിനാണു ഒരു കർഷകദിനം? സിനിമയിലെ ടെറസുകൃഷിയെപ്പറ്റി ആഘോഷിക്കുന്നപോലെയല്ല ഒരു ചെടി നട്ടുവളർത്തുന്നതു. ഭിത്തിക്ക് തൂക്കുകട്ടപിടിച്ചുകൊണ്ട് വാട്സാപ്പിൽ മെസേജയക്കുന്ന ശശിമേസ്തിരിയേപ്പോലെ ഒരു സൈബർ കർഷകനപ്പുറമൊന്നുമല്ല എന്റെ കാർഷികവൃത്തിയും! എങ്കിലും കമന്റിനും ലൈക്കിനും വേണ്ടി ഒരു കാർഷികചിന്ത പങ്കുവെച്ചു കളയാമെന്നു വിചാരിക്കുന്നു.

ഒരു കാലത്തു കേരളത്തിന്റെ ആശയും, പ്രതീക്ഷയും, ജീവിതവുമായിരുന്ന റബർ കൃഷി ഇന്നു തളർച്ചയിലാണു. താമസിക്കാതെ നെല്ലും തെങ്ങും പോലെ അതു വീഴും. കാര്യങ്ങളുടെ പോക്കതാണു. കപ്പക്കാലാകൾ വെട്ടിത്തെളിച്ചാണു കിഴക്കൻ മലകളിൽ റബർ തോട്ടങ്ങൾ വെച്ചുപിടിപ്പിച്ചതു. പിന്നീട് അതിനു ചുറ്റുമൊരു രാഷ്ട്രീയം വളർന്നു വന്നു. ഏതാണ്ട് നാല്പതുകൊല്ലത്തോളം കേരള രാഷ്ട്രീയത്തെ നിയന്ത്രിച്ചുകൊണ്ടിരുന്ന ഒരു കൃഷിയാണു റബർ. ആഗോളവൽക്കരണത്തിന്റെ വരവോടെ അതിന്റെ അടിവേരുകൾ ചീയാനും പാലുകുറയാനും തുടങ്ങി. ഇന്നു റബർ പ്രതിസന്ധിയിലാണു.

തെങ്ങിനോ നെല്ലിനോ കപ്പയ്ക്കോ ഒരു രാഷ്ട്രീയമില്ലായിരുന്നു. അതുകൊണ്ട് അവയേ മുതലാളിത്തത്തിനു നിസ്സാരമായി തകർക്കാൻ കഴിഞ്ഞു. പാമോയിൽ വനസ്പതി ലോബികളായിരുന്നു തെങ്ങിന്റെ ശത്രു. വെളിച്ചെണ്ണയുടെ ആരോഗ്യപരമായ ദോഷങ്ങൾ പറഞ്ഞ് പേടിപ്പിച്ചാണു അവർ മാർക്കറ്റിൽ നിന്നും തേങ്ങയും വെളിച്ചെണ്ണയും ഓടിച്ചുവിട്ടതു. ആരോ എവിടെയോ നടത്തിയിട്ടുണ്ടെന്നു അവകാശപ്പെടുന്ന ഗവേഷണങ്ങളെ മലയാളികൾ വിശ്വസിച്ചു. ഇതാണു അക്കാദമിക്കായാലുള്ള കുഴപ്പം. അച്ചടിച്ചുവരുന്നതെന്തും വിശ്വസിച്ചുപോകും. ഹൈലി അക്കദമിക്കാണു മലയാളികൾ. അക്കാദമിക്കുകൾക്ക് ചിന്താശേഷിയില്ല. ഒരു സമൂഹം നൂറ്റാണ്ടുകളായി ഉപയോഗിച്ചുവന്ന ഫലവും ഭക്ഷ്യേഎണ്ണയും പെട്ടെന്നു ഒരു ദിവസം എങ്ങനെ അപകടകരമായീ എന്നവർ ചിന്തിക്കില്ല. അതിനുള്ള കഴിവ് ഈ വിദ്യാഭ്യാസം നഷ്ടപ്പെടുത്തി. മെക്കാളേയും അത്രയേ ആഗ്രഹിച്ചിരുന്നുള്ളു. പണ്ടുകാലത്തേക്കാൾ ഹൃദ്രോഗവും കൊളസ്ട്രോളും വർദ്ധിക്കുന്നതു കണ്ടിട്ടും ഒരു പുനർചിന്തയ്ക്കു തയ്യാറാകുന്നുമില്ല. ഈ വിദ്യാഭ്യാസത്തിനു നാം അത്രയ്ക്കടിമപ്പെട്ടുപോയി.

ഭൂപരിഷകരണനിയമത്തിൽ രാഷ്ട്രീയക്കാരെ മറികടന്നു പണ്ഡിതർ നടത്തിയ വഞ്ചനയാണു നെല്ലിനെ ചതിച്ചതു. അതുവഴി കൃഷിഭൂമി പാട്ടക്കാരനു കിട്ടി. പാട്ടക്കാർ ലാഭത്തിനു കൃഷി ചെയ്യുന്നവരായിരുന്നു. ലാഭം കുറഞ്ഞപ്പോൾ അവർ കൃഷിഭൂമി മറ്റുപയോഗങ്ങൾക്ക് വിട്ടുകൊടുത്തു ലാഭം നേടി. യതാർത്ഥ കർഷകൻ വഴിയാധാരമായി. നെല്ലിനെ ചതിച്ചവർ തോട്ടങ്ങളെ സംരക്ഷിച്ചു. എന്നാൽ തെങ്ങിൻ തോപ്പുകൾ തോട്ടങ്ങളായി പരിഗണിച്ചുമില്ല. കൌശലക്കാരായ ഇത്തരം പണ്ഡിതന്മാരാണു ഈ നാടിന്റെ ശാപം! അവർ ദീർഘായുസ്സുകളായി ഇരിക്കട്ടെ. അവരൊക്കെ മരിച്ച് ചിതാഭസ്മം മണ്ണിൽ ചേർന്നാൽ പ്രകൃതി പൊറുക്കില്ല. ദൈവത്തിനു സ്തുതി.

നെല്ലിന്റേയും തെങ്ങിന്റേയും അനുബന്ധമായിരുന്നു പച്ചക്കറികൃഷി. നെല്ലും തെങ്ങും തകർന്നപ്പോൾ പച്ചക്കറിയും തകർന്നു. തൊടിയിലേക്ക് ഓടിയിരുന്ന മലയാളി മാർക്കറ്റിലേക്കോടി തമിഴന്റെ ലോറിവരാൻ കാത്തു നിന്നു. ഇന്നു മലയാളിയുടെ അന്നവിചാരം നിയന്ത്രിക്കുന്നതു തമിഴനും, തെലുങ്കനും, പഞ്ചാബിയുമാണു. നാണമില്ലാത്ത ഒരു ജനത!

പരമ്പരാഗത തൊഴിലിൽ നിന്നും ജീവിതത്തിൽ നിന്നും കുടിയിറക്കപ്പെട്ട കർഷകൻ പിന്നീട് കണ്ടെത്തിയ ശാദ്വലമേഖലയായിരുന്നു റബർക്കൃഷി. ഒറ്റവിള. ജീവിക്കാനുതകുന്ന വരുമാനം. അലട്ടലില്ലാത്ത കൃഷിരീതികൾ. രാഷ്ട്രീയം കുടപിടിച്ചിരുന്നതു കൊണ്ട് റബർ ഒരു സർക്കാർ സൌഹൃദകൃഷി കൂടിയായിരുന്നു. ചോദിച്ചാലുടൻ വായ്പകൾ. വില താന്നാൽ താങ്ങിനിർത്താൻ ഏജൻസി. എല്ലാത്തിലുമുപരി അതിനൊരു എലിറ്റിസം ഉണ്ടായിരുന്നു. മറ്റുകൃഷിപോലെ ആളുകൾക്കിടയിൽ അവജ്ഞയില്ല. കുറച്ചു റബറൊക്കെ ഉണ്ടെന്നു പറഞ്ഞാൽ വലിയ ഗമയാണു. ഒരു ആത്മവിശ്വാസവും. പക്ഷെ, എല്ലാം നഷ്ടപ്പെടുകയാണു. റബർ വിലയിടിയുന്നു. 130 ആണു ഇപ്പോൾ സ്ഥിരമായി നിൽക്കുന്നതു. സുനാമിക്കുശേഷം ശ്രീലങ്കയിലും, മലയയിലും, ഫിലിപ്പൈൻസിലും റീപ്ലാന്റ് ചെയ്ത റബ്ബറിൽ വിളവെടുപ്പുതുടങ്ങി. അത് പുർണ്ണമാകുമ്പോൾ വില പിന്നയും താഴും. 60-80 റേഞ്ചിൽ എത്തിനിൽക്കുമെന്നാണു പറയുന്നതു. ആഗോളീകരണവും, സർക്കാരുകളുടെ പ്രാദേശിക കൂട്ടായ്മകൾ കാരണവും ഇനി വിലനിയന്ത്രണം സാദ്ധ്യമാവുകയില്ല. കരാറുകളെല്ലാം ഒപ്പിട്ടുപോയി.

തനിച്ചുനിന്നു മേൽക്കൈ നേടുന്ന എല്ലാത്തിന്റെയും അവസ്ഥയിതാണു. വീഴ്ച ഭീകരമായിരിക്കും. മറ്റൊരു ചെടിപോലും വളരാൻ സമ്മതിക്കാതെ മണ്ണിനെ ചൂഷണം ചെയ്തു വളർന്ന മരങ്ങളാണു റബ്ബർ. അതൊരുപാടുപേരുടെ ജീവിതം നിലനിർത്തി എന്നത് സത്യം. പക്ഷെ അതിനുമൊരു അന്ത്യമുണ്ടെന്നു ഓർത്തില്ല. ഇന്നിപ്പോൾ വൻ‌കിട തോട്ടങ്ങൾക്കും തനിയെ വെട്ടുന്ന കർഷകർക്കും പിടിച്ചുനിൽക്കാമെന്ന നിലയിലേക്ക് വന്നു. ഇടനിലക്കാർ അവിടേയും ശശിയായി. വെട്ടുന്നതിൽ പകുതിപ്പാൽ കൂലിയായി ചോദിക്കുന്നിടം വരെയായി കാര്യങ്ങൾ. തെങ്ങുകയറ്റം പോലെ. ഏറ്റവും വലിയ ദോഷം സംഭവിച്ചിരിക്കുന്നതു റിയൽ എസ്റ്റേറ്റിലാണു. റബ്ബർതോട്ടങ്ങൾ ലാഭകരമല്ലെന്നു മനസിലായിത്തുടങ്ങിയതോടെ അതു വിറ്റുമാറാനുള്ള ശ്രമങ്ങളും തകൃതിയായി തുടങ്ങി. ഭൂമിവില ഇടിയാനും ആരംഭിച്ചു. റബറിൽ നിന്നും ലാഭമെടുത്തു നഗരങ്ങളിൽ നിക്ഷേപിച്ചുകൊണ്ടിരുന്നവരും ഇന്നു പ്രതിസന്ധിയിലാണു.

എന്താണു പോംവഴി? കുറേ റബ്ബർ വെട്ടിക്കളഞ്ഞ് അവിടെ കപ്പനട്ടാലോ? ഒരു തിരിച്ചുപോക്കു. ഇനി തിരിച്ചുപോക്കു സാദ്ധ്യമല്ല എന്നു വാദിക്കുന്നവരൊഴെയുള്ളവർക്ക് പരീക്ഷിച്ചു നോക്കാം. തായിസർക്കാർ റബർ കർഷകരോട് അതാവശ്യപ്പെട്ടുകഴിഞ്ഞു. റബറുവെട്ടി മറ്റു കൃഷി ചെയ്യുക.

Wednesday, August 13, 2014

രസ, വീര്യ, വിപാകം ആയുർവ്വേദത്തിൽ

ആധുനികർ പഠിച്ച ശാസ്ത്രത്തിന്റെ രീതിയിൽ വഴങ്ങാത്തതൊന്നും ആധുനികർക്ക് ശാസ്ത്രമല്ല. ആയുർവ്വേദം ആധുനികന്റെ നാഴിയിൽ ഇറങ്ങുന്ന പറയല. ആ പറയെ വേണമെങ്കിൽ ആധുനികശാസ്ത്രത്തിന്റെ നാഴികൊണ്ടളക്കാം. പക്ഷെ പറനിറയാൻ ആധുനികശാസ്ത്രം ഒരുപാട് അളക്കേണ്ടി വരും. അതിനുള്ള കോപ്പിന്നു ആധുനികശാസ്ത്രത്തിനില്ല. അതുകൊണ്ട് ആയുർവ്വേദത്തെ ശാസ്ത്രമായി എടുക്കണ്ട. അതു അന്ധവിശ്വാസമാണെന്നു തന്നെ വിചാരിക്കുക. അല്ല ‘വിശ്വസി’ക്കുക.

ഇത്ര കടുത്ത ഒരു അന്ധവിശ്വാസം എന്തിനാണു ചെടികളെക്കുറിച്ചും, സയുക്തങ്ങളേക്കുറിച്ചും, ജീവജാലങ്ങളേക്കുറിച്ചും സ്വന്തമായ രീതിയിൽ പഠിച്ചതെന്നാണു എനിക്കു മനസിലാകാത്തതു. ഒരു അന്ധവിശ്വാസത്തിനു നിലനിൽക്കാൻ ആഴത്തിലുള്ള പഠനം വല്ലതും ആവശ്യമുണ്ടോ? ഭയപ്പെടുത്താനുള്ള കാര്യങ്ങൾ പറഞ്ഞാൽ പോരെ? ഇന്നു മോഡേൺ മെഡിസിൻ ചെയ്യുന്നപോലെ. പണ്ടുള്ളവർ അങ്ങനെയുള്ള ഗിമിക്കുകൾ കാണിച്ചില്ല.

അവർ ചെയ്തതു ഓരോ ദേശത്തും സ്വാഭാവികമായി വളരുന്ന ചെടികൾ, ജീവിക്കുന്ന ജന്തുജാലങ്ങൾ, ഭൂമിയുടെ സ്വഭാവം, കാലാവസ്ഥയൊക്കെ നിരീക്ഷിച്ചും പരീക്ഷിച്ചും പഠിച്ചു. അതെങ്ങനെ മനുഷ്യനെ സ്വാധീനിക്കുന്നു എന്നു വിശകലനം ചെയ്തു രേഖപ്പെടുത്തി. അതു രഹസ്യമാക്കി വച്ചിട്ടൊന്നുമില്ല. ആർക്കും എപ്പോഴും എടുത്തു നോക്കാം.

ഒരു സസ്യത്തെ കണ്ടെത്തിയാൽ അതിന്റെ വേരുമുതൽ ഫലം വരെയുള്ള ഭാഗങ്ങളുടെ രസ, വീര്യ, വിപാകങ്ങളാണവർ പഠിച്ചതു. രസമെന്നാൽ നാവിലലിയുമ്പോഴുള്ള അതിന്റെ രുചി. പുളി നുണഞ്ഞാൽ പുളിക്കും! വീര്യം അതിന്റെ രാസഘടനയാണു. നാരങ്ങ അമ്ലഗുണമുള്ളതാണ്. അതു അവർ പഠിച്ചു. അടുത്തതു വിപാകം. അതാണു ഏറ്റവും വലിയ പഠനം. ഒരു വസ്തുവിന്റെ രുചിയും, ഗുണവും മനസിലായിട്ടു മാത്രം കാര്യമില്ല. അതെങ്ങനെയാണു വയറ്റിൽ പ്രവർത്തിക്കുക എന്നറിയണം. ഈ വയറ്റിലുമുണ്ട് അനേകം രാസവസ്തുക്കൾ. അകത്തേക്കുകൊടുക്കുന്നതു അവയുമായി പ്രതിപ്രവർത്തിക്കും. മാത്രമല്ല ശരീരം പ്രവർത്തിപ്പിക്കാൻ ഉള്ളിൽ ജീവൻ എന്നൊരു കാര്യവുമുണ്ട്. അതു സൂക്ഷ്മമാണു. മനസുമായാണു അതിന്റെ ബന്ധം. ഉള്ളിൽ ചെല്ലുന്ന ഒരു വസ്തു ഇതിനേയെല്ലാം എങ്ങനെ ബാധിക്കും? അതു ആ വസ്തുവിന്റെ വിപാകം കൊണ്ടാണു അറിയേണ്ടതു. ഉപ്പിനു നാവിൽ ഉപ്പുരസവും, ഉള്ളിൽ ലവണഗുണവുമാണു. പക്ഷെ അതു വയറ്റിൽ ചെന്നാൽ മധുരമാകും. അതാണു അതിന്റെ വിപാകം. അതു കൊണ്ട് പ്രമേഹരോഗികൾ ഉപ്പിട്ട നാരങ്ങാവെള്ളം കുടിക്കുന്നതു വെറുതെയാണെന്നു ആയുർവ്വേദം പറയും.

ഈ രസ,വീര്യ,വിപാകങ്ങൾ ആയുർവ്വേദത്തിന്റെ തന്നെ മറ്റൊരു അന്ധവിശ്വാസമായ വാത-പിത്ത-കഫങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്നു നോക്കിയിട്ടാണു അവർ മരുന്നുകൾ നിശ്ചയിക്കുന്നതു. അതിനൊപ്പം രോഗികഴിക്കുന്ന ഭക്ഷണത്തേയും ശ്രദ്ധിക്കുന്നു. അവയും രാസസംയുക്തങ്ങളാണു. അവയ്ക്കുമുണ്ട് ത്രിദോഷങ്ങളിൽ സ്വാധീനം. മരുന്നുമായി പ്രതിപ്രവർത്തിക്കുന്നതും പരിഗണിക്കണം. അപ്പോൾ രോഗം ഭേദമാകണമെങ്കിൽ ഭക്ഷണത്തിൽ നിയന്ത്രണം വരുത്തി ത്രിദോഷങ്ങളെ സമീകരിക്കുന്ന മരുന്നു കൊടുക്കണം. അത്രേയുള്ളു. വളരെ സിമ്പിൾ. ആധുനികൻ രോഗിയെ എന്തൊക്കെ ഉപകരങ്ങളിൽക്കൂടി കയറ്റിയിറക്കിയാലും, എത്രയൊക്കെ ടെസ്റ്റെടുത്താലും, ഏതൊക്കെ മരുന്നു കൊടുത്താലും അസുഖം മാറണമെങ്കിൽ ശരീരത്തിൽ അതിന്റെ സമതുലിത വരണം. അങ്ങനെ സമഗ്രമായ ഒരു പഠനം ആധുനിക വൈദ്യത്തിലുണ്ടോ? ഉണ്ടെങ്കിൽ പറ....

എബോളയ്ക്ക് മരുന്നു ഡിഗോൾഫി

എബോളയ്ക്ക് വിദേശ മരുന്നു കമ്പനി ഒരു വാക്സിൻ തട്ടിക്കൂട്ടിയിട്ടുണ്ട്. ലാബറട്ടറി പരീക്ഷണം കഴിഞ്ഞൂ. ഡിങ്കോൾഫി കണ്ടെത്തി എന്നാണു വാർത്ത. in virto പരീക്ഷണം ഒ.കെ. ഇനി in vivo പരീക്ഷണമാണു വേണ്ടതു. അതു മൃഗങ്ങളിൽ ചെയ്തപ്പോൾ ബസ്റ്റ് റിസൾട്ട്. അതും ഒ.കെ. എല്ലാം കമ്പനി പറയുന്നതാണേ. അടുത്തഘട്ടം പരീക്ഷിക്കേണ്ടതു മനുഷ്യനിലാണു. പക്ഷെ അതിനൊക്കെ ഇക്കാലത്തു എന്താ ചെലവ്! 335 മില്യണ്‍ ഡോളര്‍ തന്നെ കൊടുത്തു പ്രതിരോധ വൈറസിന്റെ പേറ്റന്റ് വാങ്ങാൻ. ഇനിയിപ്പം മനുഷ്യനിൽ പരീക്ഷിക്കാനും കാശുമുടക്കണോ? മരുന്നുകമ്പനി നടത്തുന്നതു പുണ്യം കിട്ടാനൊന്നുമല്ല. പണമുണ്ടാക്കാനാണു. അതിനു ചെലവുകുറയ്ക്കണം. അതുകൊണ്ട് ചുളുവിൽ വേണം ഇതു മനുഷ്യനിൽ പരീക്ഷിച്ച് ഉറപ്പുവരുത്തേണ്ടതു. അതിനാണല്ലോ മൂന്നാം ലോകങ്ങളിൾ മനുഷ്യൻ വന്നുപിറക്കുന്നതു തന്നെ. ഒന്നാം ലോകത്തിനു പരീക്ഷിക്കാനുള്ള പന്നികൾ. ഇത്തവണ നറുക്കു വീണിരിക്കുന്നതു ആഫ്രിക്കക്കാർക്കും ഇന്ത്യക്കാർക്കും, സോറി ഹിന്ദുസ്ഥാനികൾക്കുമാണെന്നു തോന്നുന്നു. അതിനൊരു ഭൂതദയാ രാഷ്ട്രം ഇറങ്ങിയിട്ടുമുണ്ട്. കാനഡ. എബോളാ പരീക്ഷണത്തിനു 1000 ഡോസ് വൈറസ് ഫ്രീയായിട്ടു കൊടുക്കാമെന്നു അവർ പറഞ്ഞു കഴിഞ്ഞു. അതു കൊണ്ടുപോയി കുത്തിവച്ച് നോക്ക്. എന്നിട്ട് ചാകുകയോ പൊട്ടിത്തെറിച്ചുപോകുകയോ ചെയ്താൽ നിങ്ങൾ അങ്ങ് സഹിച്ചോണം.

in vivo പരീക്ഷണങ്ങൾ നടത്തി സ്ഥിതീകരിച്ചിട്ടില്ലാത്ത ഒരു ഡിങ്കോൾഫി മൂന്നാംലോകത്തെ ജനത്തിന്റെ ആസനത്തിൽ പരീക്ഷിക്കാൻ തീരുമാനിച്ചിട്ടും ഒരുത്തനും അനക്കമില്ലെ? WHO യും അതിനുകൂട്ടു നിൽക്കുകയാണു. അവർ അനുമതി കൊടുത്തു കഴിഞ്ഞു. ആഫ്രിക്കയിൽ കാണപ്പെട്ട എബോള പകരാതിരിക്കാൻ എന്നതാണു ന്യായം.

ന്യായമൊക്കെ ക്ഷ പിടിച്ചു. അതിനുമുൻപുണ്ടായ കാര്യങ്ങൾ കൂടി വിലയിരുത്തണം. എബോളയ്ക്ക് മരുന്നില്ലെന്ന പ്രചരണം ശക്തമാക്കി. 1000 പേരെ അതു കൊന്നു എന്നു പേടിപ്പിച്ചു. ലോക ആരോഗ്യ സംഘടനയെക്കൊണ്ട് അടിയന്തിരാവസ്ഥ പ്രഖ്യാപിപ്പിച്ചു. എന്നിട്ടാണു ഡിങ്കോൾഫിയുമായി മരുന്നു കമ്പനി വരുന്നതു. ഉടന്തന്നെ ലോകത്തിലെ പരോപകാരികൾക്ക് മുയവൻ ഭൂതദയ ഉണർന്നു. ആഫ്രിക്കയിലെ പാവങ്ങൾ രക്ഷപ്പെടട്ടെ. ഹിന്ദുസ്ഥാനിലെ പുഴുക്കൾക്ക് ഒന്നും വരാതെയിരിക്കട്ടെ. അതിനു സ്വന്തം കീശയിലെ കാശെടുത്തു കൊടുക്കുന്നു. എന്താ ഒരു സ്നേഹം? ഇത്രയും സഹാനുഭൂതിക്കാരൊക്കെ ഈ ഭൂമിയിലുണ്ടോ? എന്നിട്ടുമെന്താ എത്യോപ്യയിലെ പട്ടിണി മാറാത്തതു?

ശാ‍സ്ത്രീയമായ രീതിയിൽ പഠിച്ച് ഡിഗ്രിയൊക്കെ നിങ്ങൾ ഇതൊന്നും ചിന്തിക്കില്ല. ഇംഗ്ലീഷ് മരുന്നു കമ്പനി പറഞ്ഞതുകൊണ്ട് എല്ലാവരും നാളെമുതൽ ഇതു തിന്നാൻ തുടങ്ങും. എബോളാ വരാതിരിക്കാൻ. നിങ്ങൾ മാത്രമല്ല, ഒന്നുമറിയാത്ത പാവം നിങ്ങളുടെ കുഞ്ഞുങ്ങളും. മരുന്നു കമ്പനികൾ ഇറക്കുന്ന ചരക്കുകൾ ശാസ്ത്രീയമാണെന്നാണു നിങ്ങളുടെ വിശ്വാസം. മരുന്നു അവരുടെ കച്ചവടമാണെന്നു നിങ്ങൾ ചിന്തിക്കുന്നേയില്ല. എവിടെയോ എന്തൊക്കെയോ പരീക്ഷണങ്ങൾ നടന്നു എന്നു വിശ്വസിച്ച് നിങ്ങൾ അതെല്ലാം വെട്ടിവിഴുങ്ങും. ശാസ്ത്രം പഠിച്ചാൽ ഇങ്ങനെയും മന്ദബുദ്ധിയാകാമോ? ഇതിനാണു ശാസ്ത്രീ അന്ധവിശ്വാസം എന്നുപറയുന്നതു.

നിങ്ങളുടെ അലോപ്പതി മരുന്നു സേവ അന്ധവിശ്വാസമല്ലാതെ മറ്റെന്താണു? മരുന്നിന്റെ എല്ലാവിവരങ്ങളും കൂടിനുപുറത്തു എഴുതിവച്ചിട്ടുണ്ടെന്നു നിങ്ങൾ വാദിച്ചു കളയും. ഉണ്ട്. പക്ഷെ കൂടിനു പുറത്തു എഴുതിയിരിക്കുന്ന രാസവസ്തുക്കളുടെ പേരുപോലും വായിക്കാൻ നിങ്ങൾക്ക് കഴിയുമോ? പിന്നെയല്ലെ അതിന്റെ കെമിസ്ട്രി അറിയുന്നതു. നിങ്ങളുടെ ഡോക്ടറും ഒട്ടും വ്യത്യസ്ഥനല്ല. അതാണു നിങ്ങളുടെ ആശ്വാസം. അവർക്കും ഇതൊന്നുമറിയില്ല. അല്ലെങ്കിൽ അതൊന്നു പരീക്ഷിച്ചു നോക്കു. അതു വായിച്ചു മനസിലാക്കി നിങ്ങൾക്കു പറഞ്ഞുതരാൻ കഴിവുള്ള എത്ര ഡോക്ടറന്മാരുണ്ട്? വളരെക്കുറച്ച്. പക്ഷെ അവരുടെ അടുത്തു നിങ്ങൾ പോകില്ല. കാരണം അവർ ശാസ്ത്രം പ്രാക്റ്റീസുചെയ്യുന്നവരാണു. അവർ നിങ്ങളെ സുഖിപ്പിക്കില്ല. നിങ്ങൾക്കാവശ്യം അതാണല്ലോ.

മനുഷ്യനിൽ പരീക്ഷണംനടത്തി തെളിയിക്കാത്ത, ഡോക്ടർ പറയുന്ന മരുന്നു കഴിക്കുന്നതിനേക്കാൾ ഭേദം മോഹനൻ വൈദ്യരുടെ മരുന്നു കഴിക്കുന്നതാണു. കുറഞ്ഞപക്ഷം താനെന്താ നൽകുന്നതെന്നെങ്കിലും അദ്ദേഹം വിശദീകരിക്കുന്നുണ്ടല്ലോ. ഇതിപ്പം ലാടവൈദ്യന്മാരെപ്പോലെ ഒരു പൊടിയെടുത്തു തന്നിട്ടു “ഇതു കഴിച്ചോ. നല്ലതാ”എന്നു പറയുന്നപോലെയായിപ്പോയി.

അർജ്ജുനൻ തെരെഞ്ഞെടുത്ത യുദ്ധം


ഗീത കേട്ടു എന്നു കരുതി യുദ്ധമൊന്നും ഉണ്ടാകാതിരിക്കാൻ പോകുന്നില്ല. എന്നാൽ യുദ്ധത്തിനുള്ള കാരണം പിടികിട്ടും.

അധിനിവേശഭൂമിക്കു വേണ്ടി ഒരേ പൈതൃകമുള്ള രണ്ടു ശാഖകൾ തമ്മിലുള്ള യുദ്ധമാണു കുരുക്ഷേത്രത്തിൽ നടന്നതെന്നുള്ള പ്രചരണം ശുദ്ധ തട്ടിപ്പ്! അതു മാദ്ധ്യമങ്ങളും അനുഭാവികളും ചേർന്നു പറഞ്ഞൂണ്ടാക്കിയതാണു. പകുതി രാജ്യം ചോദിച്ചു. കൊടുത്തില്ല. അഞ്ചുദേശം ചോദിച്ചു. അതും കൊടുത്തില്ല. അഞ്ചു ഗ്രാമങ്ങൾ. ങേഹേ.... അഞ്ചുവീടുകൾ പോലും എന്നു സെന്റി ചമച്ചു. ഒരു പക്ഷത്തെ ചോരക്കൊതിയന്മാരായി ചിത്രീകരിച്ചു. മറുപക്ഷത്തെ ദിവ്യന്മാരായും.ച്ചതും. എന്നിട്ട് ഇരുവരും യുദ്ധം ചെയ്തു. ജയിച്ചവൻ ദു:ഖിച്ചു. തോറ്റവർ ദിവ്യമരണം പ്രാപിച്ചു. നാശമുണ്ടായതല്ലാതെ ഗുണം ഒന്നും യുദ്ധം കൊണ്ടുണ്ടായില്ല. പിന്നെ എന്തു ദിവ്യന്മാർ? എന്തു ചോരക്കൊതിയന്മാർ?

നീചമായ ഒരു പൊളിറ്റിക്കൽ അസാസിനേഷന്റെ പശ്ചാത്തലത്തിൽ നിന്നാണു യുദ്ധം ഉടലെടുക്കുന്നതു. അതൊരു വളരെപ്പഴയ കഥയായതുകൊണ്ട് ആരും ഓർത്തില്ല. ശന്തനു സഖാവായ മകനെ പച്ചയ്ക്ക് കുരിശേറ്റി. അതിന്റെ കലിപ്പാണു കുരുക്ഷേത്രത്തിലെ രക്തച്ചൊരിച്ചിലിൽ അവസാനിച്ചതു. രാജാവിനു സത്യവതിയിൽ കാമമുണ്ടായി. സപത്നിയായി സ്വീകരിച്ചു ഇഷ്യു ഒതുക്കാമായിരുന്നു. ദാശമുഖ്യൻ സമ്മതിച്ചില്ല. നേരമ്പോക്കിനു കനത്തവില കൊടുക്കേണ്ടിവന്നു. സഖാവിനെ മാറ്റി സത്യവതിയിലുണ്ടാകുന്ന കൊച്ചനെ രാജാവാക്കണം എന്നു കണ്ടീഷൻ വച്ചു. ആദർശത്തിന്റെ അസിക്യതയുണ്ടായിരുന്ന ഭഗീരഥൻ അതേറ്റുപിടിച്ചു. വള്ളമൂന്നുകാരിയുടെ മകനു ഭരിക്കണമെങ്കിൽ തന്റെ സഹായം വേണ്ടിവരുമെന്നു ഗംഗാദത്തൻ അന്നേ കണക്കുകൂട്ടിയതാണു. ജനപ്രതിനിധികൾക്ക് മന്ത്രിയാകാം. ഭരിക്കാൻ ബ്യൂറോക്രസി തന്നെ വേണം എന്നുള്ളതുപോലെ ഭരിക്കാൻ താൻ വേണ്ടി വരുമെന്നു ഗംഗാദത്തനു അറിയാമായിരുന്നു. അതുകൊണ്ട് താൻ രാജാവാകുന്നില്ല എന്നു ആദർശ രാഷ്ട്രീയക്കാരെപ്പോലെ പറഞ്ഞിട്ട് ഹസ്തിനപുരിയിൽ തന്നെ ചുറ്റിക്കളിച്ചു നിന്നു. ഭരണം വേണ്ടെങ്കിൽ അയാൾക്ക് പോയി തപസു ചെയ്തുകൂടെ? അതയാൾ ചെയ്തില്ലല്ലോ. അതാണു പോയന്റ്. പവർ ക്രേസ് ഒരു മനോരോഗമാണു.

ശന്തനു മഹാരാജാവ് സദാചാരം ലംഘിച്ചു. അതിന്റെ തുടർച്ചയായി,മകൻ, അംബാ, അംബാലികാ തുടങ്ങിയവരെ പിടിച്ചുകൊണ്ടു വന്നു സാമൂഹികനീതിയും (സ്മൃതിയും - സ്ത്രീയെ സംരക്ഷിച്ചില്ല) തകർത്തു. യുദ്ധത്തിന്റെ വിത്തു അവിടെ വീണു. അന്ധന്മാരും, രോഗികളും രാജാക്കന്മാരാകാൻ പാടില്ല. തും സംഭവിച്ചു. അതുവഴി രാജവംശത്തിന്റെ പാരമ്പര്യവും തെറ്റിച്ചു. അതിലൊരാളുടെ പത്നി വിവാഹത്തിനു മുൻപേ ത്രില്ലിനുവേണ്ടി ഒന്നു പെറ്റതാണു. മറ്റൊരു പത്നിയുടെ സഹോദരൻ കാസിനോ നടത്തിപ്പുകാരനായിരുന്നു. രാജാക്കന്മാർക്ക് പാടില്ലാത്ത ചൂതുകളിക്ക് പ്രേരിപ്പിച്ചതു അയാളാണു. പോരെ തകർച്ച! ഇതൊക്കെ യുദ്ധത്തിലല്ലാതെ എവിടെച്ചെന്നു നിൽക്കും.

ധർമ്മം മാത്രം നോക്കിനടക്കുമെന്നു വീമ്പിളക്കിയിരുന്ന ഒരാൾ ഉണ്ടായിരുന്നു. ഭാര്യയെ പണയം വയ്ക്കുമ്പോൾ അയാൾ ധർമ്മം മറന്നുപോയി. സ്ത്രീസുരക്ഷയില്ലാത്ത നാട്ടിലെങ്ങനെ ധർമ്മം പുലരും? ഉടൻ തന്നെ അതിന്റെ തെളിവും കണ്ടു. അരങ്ങിൽ വച്ച് സ്ത്രീയുടെ തുണിയഴിച്ചു. അതുകണ്ട് എല്ലാ മാന്യന്മാരും ഓരോ ന്യായം പറഞ്ഞു നിന്നതേയുള്ളു. ആദർശധീരൻ ചോറുന്യായം പറഞ്ഞൂ. ചോറുതരുന്നവർ തെറ്റുചെയ്താലും ചോദ്യം ചെയ്യില്ലാന്നു. വേണമെങ്കിൽ രാജിവച്ച് പുറത്തുപോകാം. എന്നാലും തെറ്റു ചൂണ്ടിക്കാട്ടില്ല. യുദ്ധം ഇവിടെ ഒരു മഹാവൃക്ഷമായി വളർന്നു കഴിഞ്ഞു. അതൊക്കെ കണക്കാക്കിയല്ലെ ഇരുപക്ഷവും സാമന്തന്മാരെ സംഘടിപ്പിച്ചതും യുദ്ധോപകരണങ്ങൾ നിർമ്മിച്ചുവച്ചതും. യുദ്ധം ഇരുപക്ഷവും മനസിൽ കൊണ്ടുനടന്നതാണു. അല്ലാതെ പെട്ടെന്നുണ്ടായ പ്രകോപനം കൊണ്ട് പൊട്ടിപ്പുറപ്പെട്ടതാണെന്നു നിങ്ങൾ വിശ്വസിക്കുന്നോ? എങ്കിൽ കഷ്ടം!

കരുതിക്കൂട്ടി യുദ്ധത്തിനുള്ള തയ്യാറെടുപ്പൊക്കെ കഴിഞ്ഞപ്പോഴാണു അർജ്ജുനനു തോന്നിയതു ഇതെന്തിനാണു? സർവ്വനാശമാകില്ലെ ഫലം?

“ആകും. പക്ഷെ നീന്റെ മനസിൽ നീ തന്നെ വിത്തിട്ട് പാകിമുളപ്പിച്ചു വെള്ളംകോരി വളർത്തിയതാണു ഈ യുദ്ധം. മറുപക്ഷവും അങ്ങനെ തന്നെ“. കൃഷ്ണൻ പറഞ്ഞു. “എല്ലാ യുദ്ധങ്ങളുടേയും അടിസ്ഥാന കാരണം കാമമാണു. പെണ്ണിനുവേണ്ടിയോ, രാജ്യത്തിനുവേണ്ടിയോ എന്തുതന്നെയായാലും യുദ്ധത്തിനു വ്യത്യാസമൊന്നുമില്ല. വെറുപ്പിൽ നിന്നന്നാണു അതിന്റെ തുടക്കം. അതു പകയുണ്ടാകും. സദാചാരത്തെ നശിപ്പിക്കും. ധർമ്മം ഇല്ലാതാകും. ഒടുവിൽ എല്ലാം നശിക്കും“.

കാര്യമൊക്കെ അർജ്ജുനനു പിടികിട്ടി. പക്ഷെ യുദ്ധം നടന്നു. കൃഷ്ണൻ പറഞ്ഞിട്ടാണു അർജ്ജുനൻ യുദ്ധം ചെയ്തതെന്നാണു എല്ലാവരുടേയും കമ്പ്ലെയിന്റ്. എങ്കിൽ സർവ്വനാശമാണു ഫലമെന്നു പറഞ്ഞതു അർജ്ജുനൻ എന്താ കേക്കാതെ പോയതു? ഇതൊക്കെ ചുമ്മാ പക്ഷം പിടിക്കാനുള്ള ഓരോ ന്യായങ്ങളല്ലെ. ആശയുള്ളിലുള്ളപ്പോൾ ആരായാലും യുദ്ധം ചെയ്യും. അതിനു ആരും പക്ഷം പിടിക്കണ്ട കാര്യമൊന്നുമില്ല. അതൊക്കെ നടക്കാനുള്ളതാണു.

Monday, August 11, 2014

ആയുർവ്വേദം രാജചികിത്സയാണു

ആയുർവ്വേദ ചികിത്സയ്ക്ക് ചെലവുകൂടുന്നതായി പരാതി. കൂടും. ആയുർവ്വേദം അലോപ്പതിപോലെ ധർമ്മചികിത്സയല്ല, സർ! അതിനു മോഡേൺ മെഡിസിനിൽ സർക്കാർ വക ധർമ്മാശുപത്രികളുണ്ട്. അവിടെപോകണം. ആയുർവ്വേദം രാജചികിത്സയാണു. അതിന്റെ രീതി വ്യത്യസ്ഥമാണു. ചെലവും കൂടും. ബോധിക്കുന്നവർ മാത്രം ആ വഴിക്കുപോയാൽ മതി.

എല്ലാവരേയും ചികിത്സിക്കാമെന്നൊന്നും ആയുർവ്വേദം ഏറ്റിട്ടില്ല. ഏതു തരത്തിലുള്ള രോഗിയേയാണു ചികിത്സിക്കേണ്ടതെന്നു പ്രത്യേകം ശാസ്ത്രം നിഷ്കർഷിച്ചിട്ടുണ്ട്. രോഗി ആഢ്യനായിരിക്കണം.  സാമ്പത്തികശേഷിയുള്ളവനായിരിക്കണം. അറിവും, കാര്യവിവരവും, വൈദ്യനെ അനുസരിക്കുന്നവനുമായിരിക്കണം. അങ്ങനെയുള്ളവരേയേ ചികിത്സിക്കേണ്ടതുള്ളു. ആധുനികവൈദ്യശാസ്ത്രത്തെപ്പോലെ ക്യാമ്പുനടത്തി ആളെപ്പിടികൂടി ചികിത്സിക്കുന്ന ഒരു ശാഖയല്ല ആയുർവ്വേദം. മോഡേൺ മെഡിസിനിലെ ആശുപത്രിവ്യവസായത്തിലാണു എല്ലാവരും രോഗികളായിക്കോട്ടെ, അവരെ പിഴിഞ്ഞേക്കാം, രോഗികൾ തങ്ങളുടെ വരുമാനമാർഗ്ഗമാണെന്നു വിചാരിക്കുന്നതു. ചികിത്സ ഉപജീവനമാക്കിയവരെ ആയുർവ്വേദം നിന്ദിക്കുകയാണു ചെയ്യുന്നതു.

വൈദ്യന്മാർക്കുമുണ്ട് ആയുർവ്വേദത്തിൽ നിർവ്വചനം. ശാസ്ത്രാർത്ഥങ്ങളിൽ അവഗാഹമുള്ളവനായിരിക്കണം വൈദ്യൻ. വെറുതെ തിയറി പഠിച്ചാൽ പോരാ. ആചാര്യന്മാർ ചികിത്സിക്കുന്നതു കണ്ടുപഠിച്ചവനാകണം. അതും പോരാ, നിർമ്മലനായിരിക്കണം. ബർണാഡ് ഷാ പറഞ്ഞപോലെ ക്ഷയരോഗിക്ക് സുന്ദരിയായ ഭാര്യയുണ്ടെങ്കിൽ രോഗിചത്താൽ അവളെ കിട്ടുമെന്നു വിചാരിക്കുന്നവനായിരിക്കരുതു വൈദ്യൻ. രോഗത്തെ മാത്രം കാണുകയും അതെത്രയും പെട്ടെന്നു സുഖപ്പെടട്ടെ എന്നാശിക്കുന്നവനുമാകണം ആയുർവ്വേദത്തിലെ വൈദ്യൻ.

രോഗം വരാതിരിക്കണമെങ്കിൽ അതിനു ആയുർവ്വേദം പറയുന്ന രീതിയിൽ ആദ്യം ജീവിക്കണം. എന്നിട്ടും രോഗം വന്നെങ്കിലെ ചികിത്സയുള്ളു. അതുൾക്കൊള്ളാതെ നിങ്ങൾ തോന്നിയപോലെ ജീവിച്ചു. രോഗമുണ്ടായി. രോഗത്തിന്റെ കാരണം അന്വേഷിക്കാതെ നിങ്ങൾ ഉടൻ പോയി ഒരു ഡോക്ടറെക്കാണും. കാരണമന്വേഷിച്ചാൽ നിങ്ങൾക്ക് നിങ്ങളുടെ ജീവിതരീതികൾ ശാസ്ത്രത്തിൽ പറയുന്നപോലെ മാറ്റേണ്ടി വരും. അങ്ങനെ മാറ്റിയാൽ നിങ്ങളുടെ പല ആഗ്രഹങ്ങളും നടക്കില്ല. അതു കൊണ്ട് നിങ്ങൾക്ക് അനുകൂലമായിപ്പറയുന്ന ഒരാളെപ്പോയിക്കാണും. അയാൾ ഇരയെക്കാത്തിരിക്കുന്നവനെപ്പോലെയാണു. നിങ്ങളെ കിട്ടിയിട്ടുവേണം അയാൾക്ക് അയാളുടെ ആശകൾ സാധിക്കേണ്ടതു. അതുകൊണ്ട് നിങ്ങളുടെ രോഗം മാറാൻ അയാൾ ആഗ്രഹിക്കുന്നില്ല.

മിക്കവാറും നിങ്ങൾ സമീപിക്കുന്നതു ആധുനികശാസ്ത്രം പഠിച്ച ഒരാളേയായിരിക്കും. പഴമയിൽ നിന്നു എന്തെങ്കിലും നല്ല അനുഭവമുണ്ടായാൽ നിങ്ങൾ പഠിച്ച ആധുനികശാസ്ത്രമൊക്കെ വൃധാവിലായിപ്പോയെന്നു നിങ്ങൾക്ക് തോന്നും. ആ ഇച്ഛാഭംഗം ഒഴിവാക്കാനാണു നിങ്ങൾ അനുകൂലം പറയുന്ന ഒരുവനെ തേടിപ്പോകുന്നതു. നിങ്ങൾക്കിരുവർക്കും നിങ്ങൾ നിൽക്കുന്ന മണ്ടൻ ശാസ്ത്രത്തെ താങ്ങിനിർത്തിയേപറ്റൂ. അതു കൊണ്ട് നിങ്ങളെ അയാൾ കുറ്റം പറയില്ല. അതു നിങ്ങൾക്ക് സന്തോഷവുമാകും. നിങ്ങൾ ജീവിച്ചാലെ അയാൾക്ക് വരുമാനമുണ്ടാകു. അതുകൊണ്ടാണവർ നിങ്ങളെ കുറ്റം പറയാത്തതു. പണമുണ്ടാക്കാൻ വളർച്ചയും ഗർഭവും പോലും അവർ രോഗമാക്കി ചികിത്സിക്കുന്നുണ്ട്. അതുപോലും നിങ്ങൾക്കറിയില്ല.

ചികിത്സിച്ചാലും മിക്കപ്പോഴും നിങ്ങളുടെ രോഗം മാറാറില്ല. അപ്പോൾ വേറെ ഡോക്ടറന്മാരെ പോയിക്കാണും. ആശുപത്രികൾ മാറിക്കയറും. അതിനിടയിൽ നിങ്ങൾ പുതിയ പുതിയ രോഗങ്ങളും സമ്പാദിച്ചു കൂട്ടും. അതും നിങ്ങൾക്ക് സന്തോഷമാണു. പത്തുപേരോട് പറയാമല്ലോ. പ്രമേഹത്തിനു തുടങ്ങി. ഇപ്പോ കിഡ്നി ഔട്ടാ! എല്ലാ ആഴ്ചയിലും ഡയാലിസ് വേണം. എല്ലാം കൂടി പത്തുപന്ത്രണ്ട് ലക്ഷമായി. എന്തൊരഭിമാനം!! അപ്പോഴേക്കും ആദ്യം കൂടിയ രോഗം മറക്കുകയോ അതുമായി താദാത്മ്യപ്പെട്ടു കഴിഞ്ഞിരിക്കുകയോ ചെയ്യും. രോഗങ്ങളുടെ എണ്ണംകൂടുന്തോറും അതൊരു ലോകകപ്പ് മത്സരം പോലാകും. ഒടുവിൽ ഗോൾ വീഴുമ്പോൾ ഡോക്ടർ പറയും ഞങ്ങളുടെ കളിതീർന്നു. വേറെന്തെങ്കിലും നോക്കിക്കോ. അപ്പോഴേക്കും നിങ്ങൾ ചക്കിലിട്ടാട്ടിയ കരിമ്പുപോലെയായിക്കഴിഞ്ഞിരിക്കും.

ഈ സന്ദർഭത്തിലാണു മിക്കവരും ആയുർവ്വേദത്തെക്കുറിച്ച് ആലോചിക്കുന്നതു. അതു തീരെ നിവർത്തിയില്ലാത്തതു കൊണ്ടുമാത്രമാണു. ഇനിയും കുറേ ആശകൾ ബാക്കിയുണ്ട്. അതു പൂർത്തീകരിക്കാൻ ആയുർവ്വേദം സഹായിക്കുമെന്ന പ്രത്യാശയിലാണു അന്വേഷിക്കുന്നതു. അല്ലാതെ ആരോഗ്യത്തോടെ ജീവിക്കണമെന്നു വച്ചിട്ടോ ആയുർവേദത്തിൽ വിശ്വാസമുണ്ടായിട്ടോ അല്ല. പിന്നെ അതിനെ വിമർശിക്കാനും ആ രംഗത്തു ചെലവുകൂടുതലാണെന്നു പരാതിപ്പെടാനും നിങ്ങൾക്ക് എന്താ അവകാശം? മുൻപുള്ള ചികിത്സയിൽ അങ്ങനെ എന്തെങ്കിലും വിമർശനമോ പരാതിയോ ഉയർത്തിയിട്ടുണ്ടോ? ഇതുവരെ നിങ്ങൾ പൊടിച്ച ധനവും, സഹിച്ച കഷ്ടപ്പാടുകളും മറന്നുകൊണ്ടല്ലെ ഈ പരാതിപറയുന്നതു? ആരെങ്കിലും ആവശ്യപ്പെട്ടോ ആയുർവ്വേദചികിത്സ ചെയ്യണമെന്നു? വേണമെങ്കിൽ ചികിത്സിച്ചാൽ മതി. വിമർശനവും പരാതിയും നിങ്ങളുടെ കയ്യിൽ തന്നെ ഇരിക്കട്ടെ. ആയുർവ്വേദം വേണ്ടെങ്കിൽ അതിനെ വിട്ടേരെ.

ആയുർവേദം അന്ധവിശ്വാസമാണെന്നും അതിനു ചെലവുകൂടുമെന്നും പ്രചരിപ്പിക്കുന്നതു അതിൽ പ്രത്യാശകാണുന്നതു കൊണ്ടാണു. ആധുനിക ആശുപത്രികളിൽ നിന്നു തള്ളുമ്പോൾ നല്ല ഒരു ചികിത്സ വേണം. അതു ചെലവുകുറഞ്ഞതായിരിക്കണം. സൌജന്യമായി കിട്ടിയാൽ സന്തോഷം. ആയുർവ്വേദം ശാസ്ത്രമൊന്നുമല്ലല്ലോ. അന്ധവിശ്വാസമല്ലെ. പിന്നെന്താ സൌജന്യമായിത്തന്നാൽ? അതാണു മോഡേൺ മെഡിസിൻ ഉപേക്ഷിച്ചവരുടെ ഉള്ളിലിരുപ്പ്. അങ്ങനെ കിട്ടിയില്ലെങ്കിൽ ഒരു രക്ഷയുമില്ല എന്നതാണു വാസ്തവം. സമ്പാദിച്ചതെല്ലാം മോഡേൺ മെഡിസിൻ കൊണ്ടുപോയി. ഇനിയും മുടക്കാനൊന്നുമില്ല. ആയുർവ്വേദം മോഡേൺ മെഡിസിന്റെ തലത്തിൽ നിന്നാൽ നമ്മൾ പിന്നെ എന്തു ചെയ്യും? അപ്പോൾ അതിനെ വിമർശിച്ച് താഴെ നിർത്തുക തന്നെ വേണം. ആ പണി വിട്ടേരെ. ആയുർവ്വേദം ചികിത്സയുടെ രാജാവാണു. അതിനെ അതിന്റെ ബഹുമാനത്തോടും ആദരവോടും സമീപിക്കാവുന്നവർ സമീപിച്ചാൽ മതി. അതിനു നന്നായി പണം മുടക്കേണ്ടിയും വരും. ചുളുവിനടിക്കാനിരിക്കുന്നവർ പോയി വേറെ പണിനോക്കട്ടെ.

അധിനിവേശപ്പഴങ്ങൾ മസ്തിഷ്കജ്വരം പരത്തുന്നു : ലിച്ചിയും റംബുട്ടാനും ഒരുപകട വാർത്ത

മൃഗങ്ങളുടെ സാമാന്യബുദ്ധിപോലുമില്ലാത്തവരാകണം മനുഷ്യർ. ഇരതേടുന്ന കാര്യത്തിൽ അതു തീർത്തും ശരിയാണു. പശുവായാലും, പട്ടിയായാലും, പൂച്ചയായാലും അതിന്റെ ചുറ്റുപാടുകളിൽ നിന്നാണു അതിനുവേണ്ട ഭക്ഷണം സ്വീകരിക്കുന്നതു. മനുഷ്യനാണെങ്കിലോ അതിന്റെ മാന്യതയും മാർക്കറ്റ് വാല്യുവും നോക്കിയിട്ടും. രുചിയേക്കുറിച്ചും ഭക്ഷണത്തിന്റെ elitism ത്തേക്കുറിച്ചും ആലോചിച്ചിട്ട് വിലകൂടിയതും അഭിമാ‍നം തരുന്നതുമായ ഭക്ഷണമാണു ആധുനികൻ തെരെഞ്ഞെടുക്കുന്നതു. അല്ലാതെ അവന്റെ ആവശ്യകതകളോ ആരോഗ്യമോ, ഭക്ഷണ ലഭ്യതയോ പരിഗണിച്ചല്ല. ഉന്നതരെന്നു വിചാരിക്കുന്നവർ കപ്പയും മീങ്കറിയും കഴിക്കാൻ തുടങ്ങിയപ്പോൾ അതുവരെ അതിനോട് പുച്ഛമായിരുന്നവരും അതു കഴിക്കാൻ തുടങ്ങിയതു ഒരു ഉദാഹരണം. ആഹാരവും ബ്രാൻഡഡായിക്കഴിഞ്ഞു. തന്റെ ശരീരത്തെക്കാൾ ഭക്ഷണനിർമ്മാണക്കമ്പനിയുടെ - ഹോട്ടലായാലും, പാക്ക്ഡ് ഐറ്റമായാലും - പേരാണു അവനു വലുതു.

ഇതിവിടെ കുറിക്കാൻ കാരണം ബിഹാറിൽ നിന്നുള്ള ഞെട്ടിക്കുന്ന ഒരു റിപ്പോർട്ടാണു. മുസാഫിർജില്ലയിൽ 70 കുട്ടികളിൽ മസ്തിഷ്കജ്വരം കണ്ടെത്തിയിരിക്കുന്നു. പശ്ചിമബംഗാളിലെ മാൽഡയിൽ നിന്നും സമാനമായതു റിപ്പോർട്ട് ചെയ്തതിന്റെ പിന്നാലെയാണിതു. മസ്തിഷ്കജ്വരത്തിന്റെ കാരണമായി സംശയിക്കപ്പെടുന്നതു ലിച്ചി, റമ്പുട്ടാൻ പഴങ്ങളിൽ നിന്നും പകർന്ന വൈറസുകളാണു. അതീവമാരകമാണു മസ്തിഷ്കപനി. ലിച്ചി, റമ്പുട്ടാൻ വിളവെടുപ്പുകാലങ്ങളിൽ ഉത്തേരേന്ത്യയിൽ മസ്തിഷ്കപ്പനി പടർന്നു പിടിക്കാറുണ്ട്. അവിടുത്തെ ജീവിതസാഹചര്യങ്ങളുടെ ശോച്യാവസ്ഥയെയാണു നാമിതുവരെ കുറ്റം പറഞ്ഞുകൊണ്ടിരുന്നതു. പക്ഷെ ഇപ്പോൾ ആരോഗ്യശാസ്ത്രജ്ഞന്മാരും ലിച്ചി തുടങ്ങിയ അധിനിവേശപ്പഴങ്ങളിലേക്ക് വിരൽ ചൂണ്ടാൻ തുടങ്ങിയിരിക്കുന്നു.

നമ്മുടെ നാട്ടിൽ സുലഭമല്ലാത്ത എന്തിനോടും മലയാളിക്ക് സവിശേഷമായൊരു ആദരവുണ്ട്. എന്തുവിലകൊടുത്തും നാമതു നേടും. മാദ്ധ്യമപ്രചാരണം കൂടി അവയ്ക്കുണ്ടെങ്കിൽ പിന്നെ അതു കൈക്കലാക്കാൻ ആർത്തിയാണു. ഇതു മനസിലാക്കി കച്ചവടക്കാർ അതു വിദഗ്ധമായി മാർക്കറ്റ് ചെയ്യും. നമ്മുടെ നാട്ടിലെ ചക്കയും മാങ്ങയും വെറുതെകിടന്നു ചീഞ്ഞുപോകുമ്പോഴാണു വൻ വില കൊടുത്തു ലിച്ചിയും റമ്പുട്ടാനും നാം വാങ്ങുന്നതു. അവ രോഗവാഹികളാണോ എന്നൊന്നും ആരും ചിന്തിക്കാറില്ല.

ഇന്തോനേഷ്യയിലെ വനങ്ങളിൽ വളരുന്ന ചെറുമരങ്ങളാണു ലിച്ചിയും റമ്പുട്ടാനും. അവിടുത്തെ കാലാവസ്ഥയിൽ വളരുന്ന അവ ഇന്തോനേഷ്യക്കാർക്കു ഭുജിക്കാനുള്ളതാണു. പക്ഷെ അവയ്ക്കവിടെ മാർക്കറ്റില്ല. അതിനെ മറ്റൊരുദേശത്തു കൊണ്ടുപോയി വിറ്റാൽ കൂടുതൽ വിലകിട്ടും. ആ തന്ത്രമാണു കച്ചവടക്കാർ ഉപയോഗപ്പെടുത്തുന്നതു. മലയാളി ആ തന്ത്രത്തിൽ വീഴുന്ന ഇരകളും. പുതിയൊരു ഫലം മാർക്കറ്റിലെത്തുമ്പോൾ അതുണ്ടാക്കാവുന്ന പ്രശ്നങ്ങൾ ഇന്ത്യയിലെ ആരോഗ്യവകുപ്പ് പഠിക്കാറില്ല. അത്രയും ഉത്തരവാദിത്തമേ സർക്കാരിനും ബ്യൂറോക്രസ്സിക്കുമുള്ളു. എന്നാൽ ന്യൂസിലണ്ടിലോ, ആസ്ട്രേലിയയിലോ ഇതു സാധിക്കില്ല. ദുരഭിമാനം കൊണ്ട് ചാകാൻ നടക്കുന്ന ഒരു സമൂഹത്തിനു ഇത്തരം അപകടങ്ങൾ സ്വാഭാവികമാണു.

ലിച്ചിയും, റമ്പുട്ടാനും പോലെ മലയാളി തീന്മേശകളിലേക്ക് കടന്നുവന്ന അനവധി ഭക്ഷണസാധനങ്ങളായിരിക്കില്ലെ ഇവിടെ കാൻസറും, വൃക്കരോഗങ്ങളും ഇത്ര കൂടുവാൻ ഇടയാക്കിയതു? നവജാതശിശുക്കളിലെ ഓട്ടിസമുൾപ്പെടെയുള്ള മസ്തിഷ്കരോഗങ്ങൾക്കു കാരണം ഗർഭകാലത്തു ഭക്ഷിച്ച അപരിചിത ഫലങ്ങൾ ആയിരിക്കില്ലെ? ഇതിനെക്കുറിച്ച് സർക്കാർ തലത്തിൽ എന്നാണു ഇനിയൊരു പഠനം നടക്കുക? അതുവരെ ഉണ്ടാകുന്ന തലമുറകളിലെ ആരോഗ്യവ്യതിയാനങ്ങൾക്ക് ആരു ഉത്തരവാദിത്തം വഹിക്കും?

Saturday, August 9, 2014

Actually : എന്താണു ഈ മല്ലൂസിന്റെ ഇംഗ്ലീഷ്?

ഈ മല്ലൂസിന്റെ ഇംഗ്ലീഷ് ശ്രദ്ധിച്ചിട്ടുണ്ടോ? അലിഗറിലൊക്കെ പോയി പഠിച്ചുവന്ന റബ്ബുസാഹിബ്ബ് നടത്തുന്ന കേരളാ +2 ഇംഗ്ലീഷല്ല. ഒന്നാം തരം കോൺ‌വന്റ് / ഇന്റർനാഷണൽ സ്കൂളുകളിൽ പോയി പഠിച്ചുവന്നവരുടെ ഹാഷ്ബുഷ് ഇംഗ്ലീഷ്? അതിപ്പോൾ രഞ്ജിനി ഹരിദാസിന്റെയായാലും എസ്തർ റൈബിന്റെയായാലും. അവർ പറയുന്ന ഇംഗ്ലീഷ് കേട്ട് അന്തംവിട്ടിരിക്കുകയാണു മലയാളി. എന്തൊരു ഇംഗ്ലീഷ്! പക്ഷെ, അതിൽ‌പ്പരം ഒരു തമാശ ഈ ലോകത്തു വേറെയില്ല. സത്യം.

ഒരു തീവണ്ടിയാത്രയിൽ സഹയാത്രികരിൽ രണ്ടുപെൺകുട്ടികളുണ്ടായിരുന്നു. Jurisprudence എന്ന വാക്കു അവർ ആവർത്തിച്ചുപയോഗിക്കുന്നതു കേട്ടതു കൊണ്ട് ശ്രദ്ധിച്ചു. നിയമത്തിന്റെ തത്ത്വശാസ്ത്രത്തേക്കുറിച്ച് ഇവരെന്താണു ഇത്ര കൂലംകഷമായി ചർച്ച ചെയ്യുന്നതു? ഇരുവരും നുവാത്സ് വിദ്യാർത്ഥികളാണു. പക്ഷെ അവരുടെ സംഭാഷണം ശ്രദ്ധിച്ചപ്പോൾ, പണ്ട് സെബാസ്റ്റ്യൻ സാർ പഠിപ്പിച്ചതിലധികമൊന്നും ഈ ശാഖയിൽ സംഭവിച്ചിട്ടില്ലെന്നു മനസിലായി. അവരേതോ ഡിബേറ്റിൽ വിജയം നേടിയ കഥ അയവിറക്കുകയാണു. സബ്ജക്റ്റ് വിരസമായിരുന്നെങ്കിലും അവരുടെ ‘ഹാഷ്ബുഷ്‘ വലിയൊരു തമാശയായി. അവയിൽ നിന്നും ചിലതു:

1. Straight എന്ന പദം ഉച്ചരിക്കുമ്പോൾ Strai***** എന്നു പറഞ്ഞ് ഒരമർത്തലുണ്ട്. ആ പദമുപയോഗിക്കുന്നതിൽ ഒരു ആത്മവിശ്വാസമില്ലാത്തപോലെ. കേൾക്കുന്നവർക്ക് അർത്ഥം മനസിലായില്ലെങ്കിലോ എന്നുവിചാരിച്ചാവണം അങ്ങനെ നീട്ടുന്നതു. അതു കേൾക്കുമ്പോൾ നമുക്ക് പിടികിട്ടും something moving uniformly in one direction എന്നു. അതിപ്പോൾ ഇംഗ്ലീഷ് അറിയാത്തവർക്കും അങ്ങനെയൊക്കെ മൂളാൻ പറ്റില്ലെ? ജഗദീഷ് എത്രയോ സിനിമകളിൽ അതു പ്രയോഗിച്ചിരിക്കുന്നു. ഇവർ ഇംഗ്ലീഷ് മലയാളത്തിൽ പറയുന്നപോലെ ജഗദീഷ് ‘കാക്ക ടൂറി’ എന്നൊക്കെ മലയാളം ഇംഗ്ലീഷിൽ പറയാറുണ്ടല്ലോ.

2. അതുപോലെ Inside എന്ന പദം പ്രയോഗിക്കുന്നതു......... ഹ, ഹ! അതാണു രസം. അതുപയോഗിക്കുമ്പോൾ ആഗംഗികം കൂടിയുണ്ട്. രണ്ടുകൈകൾ കൊണ്ടും എന്തോ പൊതിഞ്ഞുപിടിച്ചാണു അവർ Inside പുറത്തേക്കു വിടുന്നതു. അങ്ങനെ പറഞ്ഞില്ലെങ്കിൽ കേൾക്കുന്ന ആൾക്ക് അർത്ഥം മനസിലാകില്ലെന്നു അവർക്ക് ഉറപ്പുണ്ട്

3.Yeah! നമ്മുടെ ‘ങാ’ പോലെ തന്നെ

4. Construction എന്ന പദത്തിലെ R ഉച്ചരിക്കുന്നതു കേട്ടാൽ എന്തോ ‘ഉണ്ടാക്കുക’യാണെന്നു കേൾക്കുന്നവർക്ക് ബോദ്ധ്യം വരും. ഇങ്ങനെയൊക്കെയാണു മലയാളിയുടെ ഇംഗ്ലീഷ്.

5.ഏറ്റവും രസകരം Actually യാണു. ഹാഷ്ബുഷുകൾ വളരെക്കൂടുതൽ ഉപയോഗിക്കുന്നതും ഈ പദമാണു. മിക്ക വാചകങ്ങളും ഒരു Actually യിലായിരിക്കും തുടങ്ങുക. ‘ആ‍ാ‍ാ‍ാൿച്വലീ‍ീ‍ീ‍ീ‍ഇ’ എന്നൊരു നീട്ടോടെയായിരിക്കുമതു. ഒരുതരം ബലാത്സംഗം പോലെയാണു ആ പ്രയോഗം. അതിന്റെ പിന്നിൽ ഒരു രഹസ്യമുണ്ട്. Actually ഉച്ചരിക്കാനെടുക്കുന്ന സമയം കൊണ്ടുവേണം പിന്നീടുള്ള വാക്കുകൾ കണ്ടുപിടിക്കാൻ. സംസാരം തുടരാനുള്ള പദങ്ങൾ തപ്പുകയാണു, യഥാർത്ഥത്തിൽ ആ ഗ്യാപ്പിൽ അവർ ചെയ്യുന്നതു! മലയാളിക്ക് ഇംഗ്ലീഷ് നിരർഗ്ഗളമായി വരാൻ പ്രയാസമാണു.

മലയാളി സംസാരിക്കുന്നതു യഥാർത്ഥത്തിൽ ഇംഗ്ലീഷല്ല. ഒരു സംശയവും വേണ്ട ആന്തരികമായി അതു മലയാളം തന്നെയാണു. ഈ നീട്ടും, കുറുക്കലും, അമർത്തലുമൊക്കെ അതിന്റേതാണു. ഇംഗ്ലീഷ് സംസാരിക്കേണ്ടതു അങ്ങനെയല്ല. മല്ലൂസ് ചെയ്യുന്നതു മലയാളത്തിൽ ചിന്തിച്ച് ഇംഗ്ലീഷ് ഭാഷയിലാക്കിപ്പറയുക മാത്രമാണു. അതുകൊണ്ടാണതു മലയാളിയുടെ ഇംഗ്ലീഷ് മംഗ്ലീഷാകുന്നതു. മലയാളത്തിന്റെ അരമില്ലാതെ ഇംഗ്ലീഷ് സംസാരിക്കാൻ കഴിയുന്ന എത്രപേരുണ്ട്? യഥാർത്ഥ ഇംഗ്ലീഷുകാരോട് മല്ലു ഇംഗ്ലീഷുപറഞ്ഞാൽ ചിദമ്പരം ഒരു സിവിൽ സർവ്വന്റിനോട് പറഞ്ഞ മറുപടിയായിരിക്കും കിട്ടുക. I cant understand your English

ഈ ഡൂക്കിലി മംഗ്ലീഷ് പഠിക്കാൻ മലയാളി എന്തിനാനു കിടന്നു കയറുപൊട്ടിക്കുന്നതു? മൂന്നഴ്ച കൊണ്ട് ഹിന്ദിയും അറബിയുമൊക്കെ പച്ചവെള്ളമ്പോലെ പഠിക്കാൻ കഴിയുന്ന മലയാളിക്കു 7 വർഷത്തെ ഇംഗ്ലീഷ് കരിക്കുലത്തിന്റെ ആവശ്യമുണ്ടോ. ഇത്രയും പഠിച്ചിട്ടും ഗോസായിയും, ബീഹാറിയും, പാണ്ടിയുമൊക്കെ ഇംഗ്ലീഷ് സംസാരിക്കുന്ന പോലെ ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് സംസാരിക്കാൻ മലയാളിക്ക് കഴിയുന്നില്ല. പിന്നെന്തിനാണു ഈ ഇംഗ്ലീഷ് കരിക്കുലം. ആ സമയത്തു വെൽഡിങ്ങോ, പ്ലമ്പിങ്ങോ പഠിപ്പിച്ചാൽ ഒരു കൈത്തൊഴിലെങ്കിലുമാകുമായിരുന്നു.

ബീഹാറിക്ക് ബീഹാറിയുടെ ഇംഗ്ലീഷും, ഗോസായിക്കു ഗോസായിയുടെ ഇംഗ്ലീഷുമുള്ളപ്പോൾ മോഡി പറഞ്ഞതല്ലെ ശരി? സിവിൽ സർവ്വീസിൽ എന്തിനാ ഇംഗ്ലീഷ്? അവരെന്താ ഇംഗ്ലണ്ടിൽ പോയാണോ ഭരിക്കാൻ പോകുന്നതു? ഇന്ത്യയിൽ വിദ്യാഭ്യാസമുള്ളവരിൽ തന്നെ ഇംഗ്ലീഷ് അറിയാവുന്നവർ വെറും 13% മാണു സർ. പിന്നെന്തിനാ നമുക്ക് ഇംഗ്ലീഷ്? അതു കച്ചവടക്കാർക്കു വേണ്ടിയുള്ളതാണു. പൊരുത്തുഭഷ. ഓമല്ലൂർ കാളച്ചന്തയിൽ ചെന്നാൽ ഇടനിലക്കാർ കൈവെള്ളയിൽ എഴുതുന്ന ഭാഷയുടെ പ്രാധാന്യമല്ലെ ഇംഗ്ലീഷിനുള്ളു. കച്ചോടം നടക്കാൻ അതു വേണം. ഇംഗ്ലീഷും വേണം

(അപകടച്ചങ്ങല : സംഭാഷണത്തിന്റെയിടക്കു ഒരു കുട്ടിക്ക് ഫോൺ കാൾ വരുന്നു. കാൾ അറ്റന്റ് ചെയ്തുകൊണ്ട് അവൾ : “എന്തരമ്മച്ചി? ഞങ്ങൾ കായംകുളങ്ങൾ കഴിഞ്ഞതേയുള്ളു . ഉടൻ മറ്റേവൾ : എന്നതാ, അമ്മച്ചിക്ക് ആധിയായോ? എത്ര സുന്ദരമായ മലയാളം).

മതം മാറ്റരുതു : ഫ്രാൻസിസ് മാർപ്പാപ്പാ

മറ്റുള്ളവരുടെ വിശ്വാസത്തെ മാനിക്കണമെന്നു ഫ്രാൻസിസ് മാർപ്പാപ്പ. മതപരിവർത്തനം മോശമാണു. അതവസാനിപ്പിക്കണം. ലോകത്തിലെ ജനസംഖ്യയുടെ ആറിലൊന്നു (100 കോടി) വരുന്ന കത്തോലിക്കരുടെ ആത്മീയഗുരുവാണു ഇതു പറയുന്നതു. വെറുതെ ഒരാവേശത്തിൽ എന്തെങ്കിലും പറയാവുന്ന ഒരാളല്ല, പാപ്പ. കൃത്യമായ പഠനങ്ങൾക്കും ചർച്ചകൾക്കും ശേഷമേ പാപ്പയ്ക്ക് ഇങ്ങനെയൊരു പ്രസ്താ‍വന പുറപ്പെടുവിക്കാനാവു. അങ്ങനെയാണെങ്കിൽ കത്തോലിക്കസഭയ്ക്ക് ഇപ്പോൾ എന്തുകൊണ്ടാണു ഈ വിചാരമുണ്ടായതു?

ലോകത്തിന്റെ വിവിധഭാഗങ്ങളിലായി പല എത്തിനിക്ക് ഗ്രൂപ്പുകളിൽ ചിതറിക്കിടക്കുന്ന മനുഷ്യരെ സഭയിലേക്ക് കൂട്ടുവാനുള്ള നടപടികൾ ഒരു പത്തു നൂറ്റാണ്ടുകളെങ്കിലും മുൻപേ ആരംഭിച്ചിട്ടുണ്ടാകും. ഒരു പരിധിവരെ അതു വിജയിക്കുകയും ചെയ്തു. അതിനു പ്രലോഭനങ്ങളും ഭീഷണികളും ഉപയോഗിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെയും, ആ‍തുരശുശ്രൂഷയുടേയും മറവിൽ പശ്ചാത്തലമൊരുക്കിയിട്ടുമുണ്ട്. ഭരണകൂടങ്ങളെ സ്വാധീനിക്കാനും, വഴങ്ങാത്തയിടങ്ങളിൽ അസ്വസ്ഥത വിതറി വഴക്കാൻ ശ്രമിച്ചതും ഗോപ്യമല്ല. ഇപ്പോഴും അതിനൊക്കെയുള്ള കഴിവ് സഭയ്ക്കുണ്ട്. എന്നിട്ടും എന്തുകൊണ്ടായിരിക്കും പാപ്പ ദിശമാറി ചിന്തിക്കാൻ തുടങ്ങിയത്? മുന്നോട്ടുവച്ചകാൽ പിന്നോട്ട് വലിക്കുന്നതു സ്വഭവം സഭയ്ക്കില്ലാത്തതാണു.

മാദ്ധ്യമങ്ങളും ആധുനികഭരണാധികാരികളും അവഗണിച്ചതും നാം കാണാതെപോയതുമായ വേറൊരു വർത്തമാന ലോകമുണ്ട്. ലോകത്തിലെ പല ജനവിഭാഗങ്ങളും അവരുടെ സ്വത്വത്തിലേക്ക് മടങ്ങുകയാണു. മുൻപ് മതം മാറിയ പലരും തങ്ങളുടെ എത്തിനിസിറ്റി കണ്ടെത്തി മടങ്ങാൻ ആഗ്രഹിക്കുന്നു. ഈ ഒഴുക്കിൽ ഏറെപ്പേരും ചെന്നെത്തിപ്പെട്ടതു ബുദ്ധമതത്തിലാണു. ബുദ്ധമതം ഇന്നു വളർന്നുകൊണ്ടിരിക്കുകയാണു. ദലയിലാമയുടെ പലായനം, ബുദ്ധസന്യാസിമാരുടെ ജീവിതമാർഗ്ഗങ്ങൾ, സെൻ‌കഥകൾ, ആചാര്യ രജനീഷിനേപ്പോലുള്ളവരുടെ ഹൈലൈറ്റുകൾ എന്നിവ നവബുദ്ധമതത്തിനു ആക്കം കൂട്ടി. കത്തോലിക്കരായിരിക്കുകയും മനസുകൊണ്ട് ബുദ്ധമതത്തിലേക്ക് മാറുകയും ചെയ്ത ഒരു വലിയവിഭാഗമുണ്ട്. ഇതു ക്ലാസിക്കൽ മതത്തിനെ അതിന്റെ ഉള്ളിൽ നിന്നും ഇടിച്ചിടാൻ കാരണമായി. ഇതിന്റെ പ്രതിഫലനമെന്നോണം 1970കളുടെ തുടക്കത്തോടെ പാശ്ചാത്യനാടുകളിൽ വിശ്വാസികൾ പള്ളി ഉപേക്ഷിച്ചുപോകാൻ ആരംഭിച്ചു. കുറേ സഭാംഗങ്ങളെ നിയോ റിലീജ്യസ്റ്റ് സഭകൾ വശീകരിച്ചു. എങ്കിലും സ്ഥായിയായ ഒഴുക്കു ബുദ്ധമതത്തിലേക്കോ അതിന്റെ ആവാന്തരവിഭാഗങ്ങളിലേക്കോ ആയിരുന്നു. ഇതു ഒരു റിവേഴ്സ് ഓസ്മോസിസ് ആണു. അതിനെ തടയുവാനുള്ള ടൂൾ സഭയുടെ കയ്യിലുണ്ടായില്ല. പുരോഹിതവർഗ്ഗം ആത്മീയത വിട്ട് ഭൌതികതയിൽ ശ്രദ്ധയൂന്നിയതാണു ഇതു തടയാൻ പറ്റാതെപോയതിനു ഒരു കാരണം. ഈ ഉരുൾപൊട്ടലിൽ സഭകൾ പകച്ചുപോയി. അതിനെ ഫ്രാൻസിസ് പാപ്പ സമചിത്തതയോടെ കണ്ടിരിക്കുന്നു എന്നു വേണം അനുമാനിക്കാൻ. ഇനി മതപരിവർത്തനം നടത്തിയിട്ടു കാര്യമില്ല. ഉള്ളവിശ്വാസികളെ ഉറപ്പിച്ചു നിർത്തുകയാണു ആവശ്യം. മറ്റുള്ളവരിൽ കൂടുതൽ ആദരവുണ്ടാകത്തക്കവിധത്തിൽ സഭ പ്രവർത്തിക്കണം. അതിനു ആദ്യം ഇതരവിശ്വാസങ്ങളെ അംഗീകരിക്കണം. മതപരിവർത്തനത്തിനു പോയാൽ അതു കൂടുതൽ സംഘർഷം ഉണ്ടാക്കുകയേ ഉള്ളു. പാപ്പയുടെ സന്ദേശത്തിന്റെ അന്ത:സത്ത ഇതാണെന്നു തോന്നു.

ഏതിന്റേയും പരീക്ഷണശാലയായ കേരളം സഭകളുടെ എത്തിസിനിറ്റിയിലേക്കുള്ള മടക്കത്തിനും പോസിറ്റീവ് റിസൾട്ട് കാണിക്കുന്നു. നായന്മാരേയും നമ്പൂതിരിമാരേയും ചേർത്തുണ്ടാക്കിയതാണു കേരളത്തിലെ സഭകൾ. സഭയിപ്പോൾ അതിന്റെ കെടുതി അനുഭവിച്ചുകൊണ്ടിരിക്കുകയാണു. ചാതുർവർണ്ണ്യ കാലത്താണു നായരും നമ്പൂതിരിയും മറ്റുസവർണ്ണരും കൃസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടതു. അവർ അന്നെങ്ങനെ പെരുമാറിയോ അതുപോലെയാണു സഭകൾ ഇന്നു പെരുമാറുന്നതു. കൃസ്തുമത വിശ്വാസത്തിനു നിരക്കാത്ത അധികാര വടംവലികളും, സദാചാരവിരുദ്ധതയും, മാംസാഹാര തൃഷ്ണയും, പരിസ്ഥിതിനാശവും, മതമുപയോഗിച്ച് ഭരണത്തെ നിയന്ത്രിക്കലുമെല്ലാമിപ്പോൾ കാണാം. അതിനുള്ള ജനിതകം കടന്നു വന്നതു തീർച്ചയായും ആദ്യം മതം മാറിവന്ന മേൽത്തട്ടുകാരനിൽ നിന്നായിരിക്കണം. അതു കൃസ്തുമതത്തിനു കളങ്കം വരുത്തുന്ന തലത്തിലേക്ക് ഉയർന്നിരിക്കുന്നു. ദളിതുകളും ആദിവാസികളും സഭകളോട് പ്രകടമാ‍യ അകലം സൂക്ഷിക്കുന്നതും ഈ സവർണ്ണമേൽക്കോയ്മ കൊണ്ടാണു.സഭയുടെ പേരിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ പങ്കുവക്കുന്നതും സാധാരണക്കാരനല്ല. കുലം, കീർത്തി, വിധേയത്വമൊക്കെയുള്ളവർക്കാണു. അതായിരുന്നല്ലോ പഴയ വർണ്ണ സമ്പ്രദായത്തിലും. സഭ അതിലെ അതിലെ അംഗങ്ങളുടെ എത്തിനിക് സ്വഭാവം കാണിച്ചു തുടങ്ങിയാൽ പത്രോസിന്റെ പിന്തുടർച്ച എങ്ങനെ സാക്ഷ്യപ്പെടുത്തും? ചുരുക്കത്തിൽ പാപ്പയുടെ നിരീക്ഷണം ശരിവക്കുന്നതാണു കേരളത്തിലെ അവസഥ.

ഏറ്റവും പ്രാധാന്യമുള്ള ഒരു കാര്യം, പാപ്പായുടെ കല്പനകൾ ലോകമെമ്പാടും ചർച്ചചെയ്യപ്പെട്ടപ്പോൾ ഇന്ത്യൻ മുഖ്യധാരാ മാദ്ധ്യമങ്ങൾ അതു മുക്കി എന്നുള്ളതാണു. സവർണ്ണ ഉടമസ്ഥതയിലുള്ള മാദ്ധ്യമങ്ങൾ തങ്ങളുടെ വർഗ്ഗത്തിനെ തിരിച്ചറിഞ്ഞ് അനുഭാവം പ്രകടിപ്പിച്ചതായിരിക്കുമോ? സഭയും പുരോഹിതരും നിശബ്ദരാണു. പാപ്പയുടെ കല്പനകൾ രേഖപ്പെടുത്തിയ ഇടയലേഖനങ്ങൾ ഒന്നുമിറങ്ങിയില്ല. എന്തു കൊണ്ടായിരിക്കും? അഥവാ, ഇനി പാപ്പ പറഞ്ഞതു ഒരു വ്യക്തിപരമായ അഭിപ്രായമാണെങ്കിൽ സഭകൾക്ക് അതേപ്പറ്റി എന്താണു പറയാനുള്ളതു?

അപാമാർഗാ : എബോളയ്ക്ക് പ്രതിവിധി (അന്ധവിശ്വാസികൾക്ക് മാത്രം)

എബോളയെ ഭയമുള്ള അന്ധവിശ്വാസികൾക്ക് ഇതാ ഒരു ഔഷധം. അന്ധവിശ്വാസികൾക്കു മാത്രം. 

അഥർവ്വ വേദത്തിലെ അപാമാർഗ്ഗ സ്തുതി ജപിക്കുക. വേദമറിയാവുന്നവരോട് ചോദിച്ചാൽ പറഞ്ഞു തരും.

ഔഷധി രൂപത്തിൽ കാണപ്പെടുന്ന അല്ലയൊ സഹദേവി എന്നു തുടങ്ങി

“അപാമാർഗ്ഗ ഒഷധീനാം സർവ്വാസാമേക ഇദ് വശീ
തേന തേ മൃജ്മ ആസ്ഥിമഥ ത്വമഗദശ്ചര.”
എന്നവസാനിക്കുന്ന സൂക്തം.

(......കൃത്യയിലൂടെ വന്നെത്തിയ പ്രയാസങ്ങളെ ഞാൻ അപാമാർഗ്ഗത്തിലൂടെ അകറ്റിക്കളയുന്നു. ഇനിമുതൽ നീ രോഗമില്ലാത്ത വഴികളിലൂടെ സഞ്ചരിക്കുക.ഈ അപാമാർഗ്ഗം മറ്റ് ഔഷധികളെക്കൂട്ടി വശത്താക്കുന്നു)

ഇതിൽ മതവും സവർണ്ണതയുമൊക്കെ സംശയിക്കുന്നവർക്ക് മറ്റൊന്നു ചെയ്യാം.

കടലാടി അരച്ച് പാലിൽ കഴിക്കുക. രോഗം മാറ്റുന്നതിൽ അപാമാർഗയ്ക്കു മത, ജാതി, വർണ്ണ, വർണ്ണ ഭേദങ്ങൾ ഒന്നുമില്ല.

അപാമാർഗ എന്നു വേദത്തിൽ പറയുന്ന കടലാടി ഒരു എബോളയ്ക്ക് ഒരു പ്രതിരോധൌഷധമായി ഉപയോഗിക്കാം എന്നാണു കിട്ടിയിരിക്കുന്ന അറിവ്. ഉപയോഗക്രമം അടുത്തുള്ള ആയുർവ്വേദവൈദ്യന്മാരിൽ നിന്നും സ്വീകരിക്കേണ്ടതാണു.


എബോള വൈറസിനെ WHO ഭീകരനായി പ്രഖ്യാപിച്ചു

എബോള വൈറസിനെ WHO ഭീകരനായി പ്രഖ്യാപിച്ചു. ആഫ്രിക്കയിൽ 1000 നടുത്തു ആളുകളുടെ ജീവനപഹരിച്ചതിനെ തുടർന്നാണതു. എബോളയെ നിഗ്രഹിക്കാൻ ആധുനിക വൈദ്യശാസ്ത്രത്തിന്റെ കൈവശം ഒന്നുമില്ല എന്നും ലോകാരോഗ്യസംഘടന സമ്മതിച്ചു. വന്യമൃഗങ്ങളുമായുള്ള സംബന്ധമാണു രോഗം പകരാൻ കാരണമെന്നാണു ആധുനിക ശാസ്ത്രികളുടെ കണ്ടെത്തൽ. മരുന്നില്ലെങ്കിലും കച്ചോടം കൊഴുപ്പിക്കാൻ മാദ്ധ്യമങ്ങൾ ഭീതിപരത്തിത്തുടങ്ങിയിട്ടുണ്ട്. ആശുപത്രിവയവ്യവസായികൾ ചാകര പ്രതീക്ഷിക്കുന്നു.

ഇന്ത്യയിലും എബോളാ അലർട്ട് വന്നു കഴിഞ്ഞു. മരുന്നില്ലെങ്കിൽ അടുത്തപടി പ്രതിരോധമാണു. വൈദ്യശാസ്ത്രപരമായി അതിനു പ്രതിരോധമരുന്നുകൾ ഒന്നുമില്ല. പിന്നെ സാമൂഹികമായ രീതികളാണു അവലംബിക്കേണ്ടതു. അതിനു ആദ്യം പഴങ്ങളും ഭക്ഷ്യവസ്തുക്കളും വിദേശത്തു നിന്നു ഇറക്കുമതി ചെയ്യുന്നതു നിർത്തിവക്കണം. എമ്പോളാ വരുന്നതിനേക്കാൾ നല്ലതു എലിറ്റ് ഭക്ഷണം ഉപേക്ഷിക്കുന്നതായിരിക്കും. ഹൈടെക്, ന്യൂജെൻ സമൂഹമാണു ഇതിൽ ഏറെ ശ്രദ്ധിക്കേണ്ടതു. അവർ സന്ദർശിക്കുന്ന ഫുഡ്കോർട്ടുകളിലെ ഭക്ഷണം എംബോളയുമായി വരുന്നതല്ലെന്നു ഉറപ്പുവരുത്തണം. നെറികെട്ടവരാണു കച്ചവടക്കാർ. എംബോളാ ബാധയെത്തുടർന്നു പഴം പച്ചക്കറി, മാംസത്തിനൊക്കെ വിദേശത്തു വിലയിടിവ് ഉണ്ടാകുമ്പോൾ അത് വാങ്ങി ലാഭം കൂട്ടാൻ ഇവിടുത്തെ കച്ചവടക്കാർ ശ്രമിക്കും. സർക്കാർ ഇടപെട്ട് അതു തടയണം.

ഭക്ഷണത്തോടൊപ്പം തന്നെ സാമൂഹിക ഇടപെടലുകളിലും ശ്രദ്ധവേണം. എമ്പോളയുടെ പശ്ചാത്തലത്തിൽ ശരീരങ്ങൾ ചേർത്തുവച്ചുള്ള സൌഹൃദം ഉപേക്ഷിക്കുന്നതാണു നല്ലതു. കൈകൊടുപ്പും കെട്ടിപ്പിടുത്തവും ഉപേക്ഷിച്ച് കൈകൂപ്പൽ സ്വീകരിച്ചാൽ നന്നു. ഡിസ്പോസിബിൾ വിരികൾ ഉപയോഗിക്കുന്ന ഹോട്ടലുകളേയും ആശുപത്രികളേയും മാത്രമേ ആശ്രയിക്കാവു. വിയർപ്പും, ഉമിനീരും, ലൈംഗികസ്രവങ്ങളും എമ്പോളയുടെ വാഹകരാകാൻ സാദ്ധ്യതയുണ്ട്. പാരമ്പര്യേതര ലൈംഗികരീതികൾ ഒഴിവാക്കണം. മറ്റുള്ളവരുടെ വസ്ത്രങ്ങൽ മാറിധരിക്കരുതു. ഒരുപാത്രത്തിൽ നിന്നും വാരിക്കഴിക്കരുതു. കൂട്ടായ്മകൾ പരമാവധി തുറന്നസ്ഥലത്താവണം. ഏ.സി ഓഡിറ്റോറിയങ്ങൾ പോലുള്ളിടത്തു കൂട്ടായ്മകൾ സംഘടിപ്പിക്കുന്നതു രോഗസാദ്ധ്യത വർദ്ധിപ്പിക്കും.

ഇനിയുള്ളതു ആർക്കും സ്വീകാര്യമാവില്ലെന്നറിയാം. ഔപസർഗ്ഗീക രോഗവിജ്ഞാനിയത്തിൽ അണുക്കൾ രൂപം മാറുന്നതിനെക്കുറിച്ച് ആയുർവ്വേദം പരാമർശിക്കുന്നുണ്ട്. അതുവച്ച് അനുമാനിച്ചാൽ എംബോളാ ഒരു രൂപം മാറിയ അണുവാണെന്നു മനസിലാക്കാം. ഈ രൂപമാറ്റമാണു ആധുനിക വൈദ്യത്തെ ഭ്രമിപ്പിക്കുന്നതു. അവർ കരുതുന്നത് ഇതു പുത്തൻ വൈറസ്സാണെന്നാണു. അതു അറിവില്ലായ്മയല്ലാതെ മറ്റൊന്നുമല്ല. എന്തായാലും അവർ കയ്യൊഴിഞ്ഞസ്ഥിതിക്ക് മറ്റുശാഖകളിൽ പരിഹാരമുണ്ടോ എന്നു അന്വേഷിക്കാവുന്നതാണു. സർക്കാർ വേണം അതിനു മുൻ‌കൈ എടുക്കാൻ.

ആശുപത്രികൾ ആരോഗ്യത്തിനു ഹാനികരം?

ആശുപത്രികൾ ആരോഗ്യത്തിനു ഹാനികരം?

അധികം താമസിക്കാതെ ഇങ്ങനെയൊരു മുന്നറിയിപ്പ് എല്ലാ ആശുപത്രികളുടേയും മുന്നിൽ പതിക്കേണ്ടി വരും. ഒപ്പം കിടത്തി ചികിത്സി വേണ്ടി വരുന്ന ഘട്ടത്തിൽ ‘ചികിത്സയ്ക്കിടയിൽ ആശുപത്രിജന്യരോഗം വന്നു മരിക്കാൻ ഇടയായാൽ പരാതി ഉണ്ടായിരിക്കുന്നതല്ല’ എന്നു ബന്ധുക്കൾ എഴുതിക്കൊടുക്കേണ്ടിയും വരും.

അമേരിക്കയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികളിൽ 40% ചികിത്സയ്ക്കിടയിൽ ആശുപത്രിജന്യ രോഗം ബാധിച്ച് മരിക്കുന്നതായി കണക്കുകൾ വെളിപ്പെടുത്തുന്നു. ഇവിടെ അത്തരം കണക്കൊന്നും ഇല്ല. അതൊക്കെ കച്ചവടത്തെ പ്രതികൂലമായി ബാധിക്കും. അതു കൊണ്ട് സൂക്ഷിക്കാറില്ല. അമേരിക്കയിൽ ഇൻഷ്വറൻസ് കമ്പനികളാണു മെഡിക്കൽ ബില്ലുകൾ കൊടുക്കുന്നതു. അതുകൊണ്ട് അവർ നിരീക്ഷിക്കും. ഇവിടെ അങ്ങനെയുള്ള മരണങ്ങൾ ശ്വാസതടസ്സം, ന്യൂമോണിയാ, മൂത്രാശയത്തെ സംബന്ധിച്ച മാറാവ്യാധി എന്നൊക്കെപ്പറഞ്ഞ് എഴുതിത്തള്ളും. ഡോക്ടറന്മാരേ ദൈവത്തേപ്പോലെ കരുതുന്നതു കൊണ്ട് നാം അതൊക്കെ വിശ്വസിച്ചു ശവം ഏറ്റുവാങ്ങും. ഈ മരണമെല്ലാം ഒരൊറ്റ അണുബാധകൊണ്ടാണു സംഭവിക്കുന്നതെന്ന വാസ്തവം ആശുപത്രി അധികൃതർ മറച്ചുവക്കുന്നു. ആശുപത്രിയിൽ നിന്നും രോഗിയിലേക്കു പകരുന്ന Klebsiella pneumoniae bacteria യാണു അതിനു കാരണമെന്നു ശാസ്ത്രലോകത്തിനറിയാം. അതിനെ പ്രതിരോധിക്കാൻ മരുന്നുന്നില്ല. സാധാരണക്കാർ മാത്രമല്ല അത്യുന്നതർ പോലും ഇങ്ങനെ മരിക്കുന്നുണ്ട്. ഏതെങ്കിലും സെലിബ്രിറ്റിയുടെ രോഗനില മെഡിക്കൽ ബുള്ളറ്റിനുകളായി ഇറങ്ങാൻ തുടങ്ങിയോ അപ്പോൾ വിചാരിച്ചോണം അയാൾക്ക് Klebsiella ബാധിച്ചിരിക്കുന്നു എന്നു. പിന്നെ രക്ഷയില്ല.

ആശുപത്രി മാനേജുമെന്റുകളുടെ ധനാർത്തികാരണം ഇന്ത്യയിൽ ഇതു വ്യാപകമായിക്കൊണ്ടിരിക്കുകയാണു. ഒരു ആശുപത്രിയുടേയും നിയന്ത്രണം ഇന്നു ഡോക്ടറന്മാർക്കല്ല. മെഡിക്കൽ മാനേജുമെന്റ് ഗ്രൂപ്പുകളാണു ആശുപത്രിയിൽ എന്തു ചെയ്യണം, എങ്ങനെ ചെയ്യണമെന്നൊക്കെ തീരുമാനിക്കുന്നതു. ഒരു രോഗി ആശുപത്രിയിൽ എത്തിയാൽ അയാളിൽ നിന്നും എത്ര രൂപാ വരുമാനം കിട്ടണമെന്നു ആദ്യം അവർ നിശ്ചയിക്കും. അതനുസരിച്ചുള്ള നിർദ്ദേശം ഡോക്ടർക്ക് കൈമാറും. അങ്ങനെ വരുമ്പോൾ കിടത്തി ചികിത്സിക്കണ്ടതല്ലെങ്കിലും പലപ്പോഴും രോഗികൾ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെടുന്നു. ഇതിനുവേണ്ടി രോഗിയേയും ബന്ധുക്കളേയും ഭയപ്പെടുത്താൻ അവർ ഡോക്ടറന്മാരെ ചട്ടം കെട്ടും. അങ്ങനെ ചെയ്തില്ലെങ്കിൽ ആ ഡോക്ടർക്ക് അവിടെ നിലനില്പില്ല. ഒരു ആശുപത്രിയിൽ റിബലായ ഡോക്ടറെ ബാക്കിയുള്ളവരും അടുപ്പിക്കില്ല.

ഇങ്ങനെ തീവ്രപരിചരണ വിഭാഗത്തിലേക്കോ നിരീക്ഷണ വിഭാഗത്തിലേക്കോ രോഗിയെ എടുക്കും. അപ്പോൾ മുൻപ് തന്നെ അവിടെ അഡ്മിറ്റായിട്ടുള്ള ആസന്നമരണർ പലരും ഉണ്ടാകും. അവയാണു ബാക്റ്റീരിയത്തിന്റെ വിളഭൂമി. വായു, സ്പർശം, ജലം, മണ്ണ്, ഉപകരണങ്ങൾ വഴി പുതിയരോഗിയിലേക്ക് അണുക്കൾ പ്രവഹിക്കുന്നു. രോഗാവസ്ഥയിലായതു കൊണ്ട് പുതിയ രോഗിയുടെ ശരീരത്തിനു ഈ ബാക്റ്റീരിയങ്ങളെ പ്രതിരോധിക്കാൻ കഴിയാറില്ല. എന്നുമാത്രമല്ല അപ്പോൾ ശരീരത്തിൽ നിലവിലുള്ള രോഗത്തിന്റെ അണുജീവികളിലെ പ്രോട്ടീനുകളുമായി ചേർന്നു സങ്കരരോഗാണുക്കളായി പ്രവർത്തനം ആരംഭിക്കുന്നു. ഇതു വളരെ സങ്കീർണ്ണമായ ഒരു അവസ്ഥയാണു. പുതിയ ജൈവരൂപം എങ്ങനെയിരിക്കുമെന്നു പ്രതീക്ഷിക്കാനാവാത്തതു കൊണ്ട് അതിന്റെ മെഡിക്കൽ മാനേജുമെന്റ് അസാദ്ധ്യമായിത്തീരുന്നു. അപ്പോൾ ശാരീരികാവസ്ഥ കൂടുതൽ മോശമാകും. അതിനനുസരിച്ച് ആന്റീബയോട്ടിക്കുകളും തീവ്രതരമാക്കും. പകപിടിച്ച അണുക്കൾ അവയേയും തിന്നു രോഗിയേ മരണത്തിലേക്കു കൂട്ടിക്കൊണ്ടുപോകുന്നു.

ഈ അവസ്ഥ ആധുനിക സൂപ്പർ സ്പെഷാലിറ്റികളിലാണു കൂടുതൽ പ്രകടമെന്നതു ഒരു വിരോധാഭാസമാണു. ഏറെ സാധാരണക്കാർ വരുന്ന സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും ഇത്തരം സംഭവങ്ങളുടെ എണ്ണം താരതമ്മ്യേന കുറവാണു. എന്നുമാത്രമല്ല അപകടമുണ്ടാകുമോ എന്നു സംശയമുള്ള അവസ്ഥയിൽ മിക്ക സർക്കാർ ഡോക്ടറന്മാരും രോഗിയെ വീട്ടിൽ കൊണ്ടുപോയിക്കൊള്ളാൻ ഉപദേശിക്കാറുണ്ട്. അങ്ങനെ അവർ പറയുന്നതു അനുസരിച്ച് വീട്ടിലേക്കു മാറ്റിയ രോഗികൾ പലപ്പോഴും രക്ഷപ്പെടുകയും ചെയ്യും. എന്നാൽ ഒരു പരീക്ഷണം കൂടി ആയിക്കളയാം എന്നു വിചാരിച്ച് മുന്തിയതരം ആശുപത്രികളിലേക്ക് മാറ്റപ്പെടുന്നവർ മരിക്കുകയും ചെയ്യുന്നു.

നമ്മുടെ ഗാർഹികാന്തരീക്ഷത്തിൽ സുലഭമായ ബാക്റ്റീരയകളോട് സമാനതയുള്ളതാണു Klebsiella. തുറന്ന പ്രകൃതിയിൽ അവ മനുഷ്യനോട് പകയോടെ പെരുമാറുന്നില്ല എന്നതു അത്ഭുതം തന്നെ. ആശുപത്രികളുടെ ആധുനിക സാഹചര്യങ്ങളിലാണു അവയ്ക്ക് കലിബാധിക്കുന്നതു. അതെന്താണെന്നതിനേക്കുറിച്ച് പഠനങ്ങൾ നടന്നു വരുന്നതേയുള്ളു. അതുവരെ ആശുപത്രിയിൽ പോകുന്നതു ഒരു വലിയ റിസ്കാണു. ഈ ആശുപത്രിജന്യരോഗത്തെ എങ്ങനെ പ്രതിരോധിക്കാം എന്നു ചോദിച്ചപ്പോൾ അമേരിക്കൻ മെഡിക്കൽ സയന്റിസ്റ്റായ ആർ.ലക്ഷ്മിനാരായണൻ നിർദ്ദേശിച്ചതു ഇതാണു : “ Stay out of the hospital and nursing homes!“. ആശുപത്രിയിൽ പോകാതിരിക്കു. കാരണം “The findings are alarming because these outbreaks are extremely difficult to control and carry a high mortality risk,”.

Friday, August 8, 2014

ശ്രീപദ്മനാഭ സർവ്വകലാശാല

പുരോഗമനവാദികളുടെ സമ്മർദ്ദത്തിനു വഴങ്ങി ശ്രീപദ്മനാഭന്റെ മുതൽ ദേശസാൽക്കരിക്കാതിരിക്കാൻ ഇനി കഴിയില്ല. പക്ഷെ മുതലെടുത്തു എന്തു ചെയ്യുമെന്നതു ഒരു പ്രശ്നമാണു. അവയുടെ പഴക്കം പരിഗണിച്ചാൽ അതു ലേലത്തിൽ വയ്ക്കാൻ പറ്റില്ല. അവയെല്ലാം പുരാവസ്തു നിയമത്തിന്റെ പരിധിയിൽ വരും. ഇനി, അതെങ്ങനെയെങ്കിലും മറികടന്നു വിറ്റുപണമാക്കി എന്നു വക്കുക. ആ പണം എന്തിനു ഉപയോഗിക്കും? എങ്ങനെയുപയോഗിക്കും? റോഡും കുളവുമൊക്കെ ഉണ്ടാക്കണോ? അതൊക്കെ ഇപ്പോൾ പിരിക്കുന്ന നികുതിപ്പണത്തിൽ നിന്നും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കമ്മീഷനടിച്ചതിനു ശേഷമുള്ള ബാക്കി പണം കൊണ്ടുപോരെ? പദ്മനാഭന്റെ തുട്ട് ഭാവിയിലേക്ക് ഗുണകരമാകുന്ന എന്തെങ്കിലും കാര്യത്തിനു ചെലവു ചെയ്യുന്നതല്ലെ യുക്തി? 1952 ൽ ഹിന്ദുസംഘടനകൾ ആദ്യമായി ഈ മുതലിൽ നോട്ടമിട്ടപ്പോൾ മുന്നോട്ട് വച്ച ഒരു പദ്ധതിയുണ്ട്. ബനാറസ് ഹിന്ദു സർവ്വകലാശാലയുടെ മാതൃകയിൽ ഒരു യൂണിവേഴ്സിറ്റി. മുതലുതട്ടിയെടുക്കാൻ പത്തുപേർ കേട്ടാൽ കുറ്റം പറയാത്ത ഒരു ന്യായം വേണമല്ലൊ. പക്ഷെ അതു കേട്ട് ചിത്തിര പേടിച്ചു. പദ്മനാഭൻ സഹായിച്ചുമില്ല. ഹിന്ദുസംഘടനകളുടെ ആഗ്രഹം നടന്നില്ല. എങ്കിലും ആ ആശയം അന്നു കൊള്ളാമായിരുന്നു.

ഇന്നിപ്പോൾ ബനാറസ്സ് പോലുള്ള അനേകം സർവ്വകലാശാലകളുണ്ട്. ബനാറസ്സൊന്നും ഇന്ത്യൻ വിജ്ഞാനത്തിന്റെ യഥാർത്ഥ മുഖം പ്രതിഫലിപ്പിക്കുന്നില്ല. മറ്റേതു യൂണിവേഴ്സിറ്റികളേയും പോലൊരു ബ്യൂറോക്രാറ്റിക് സ്ഥാപനമായി അതും. ബിരുദങ്ങളുടെ ഒരു ലുലുമാൾ.  ഇനിയെന്തിനാണു അതുപോലൊന്നു കൂടി?

‘ശ്രീപദ്മനാഭ സർവ്വകലാശാല‘ ഒരു അന്താരാഷ്ട സർവ്വകലാശാലയായി വിഭാവനം ചെയ്താൽ നന്നായിരിക്കുമെന്നു Philip G. Altbach മുൻപൊരിക്കൽ ഹിന്ദു ദിനപ്പത്രത്തിൽ എഴുതിയിരുന്നു. അന്താരാഷ്ട്ര സർവ്വകലാശാല എന്നൊക്കെ പറഞ്ഞാലും ഇന്നു വലിയ സംഭവമല്ല. ഏതെങ്കിലും ഒരു പാറ്റേണിലേക്കു പഠിതാക്കളെ മെരുക്കുന്ന യൂണിവേഴ്സിറ്റി സംമ്പ്രദായമൊക്കെ കാലഹരണപ്പെട്ടു. ജീവിതത്തിനു പ്രയോജനപ്പെടുന്നതും മാനവികതയ്ക്കു ഊന്നൽ നൽകുന്നതുമായ പഠനരീതിയുമുള്ള ഒരു സർവ്വകലാശാലയാവണം വരുംകാലത്തേക്ക് വിഭാവനം ചെയ്യേണ്ടതു. വടക്കൻ പാട്ടിലൊക്കെ പറയാറില്ലെ, കണ്ണു മെയ്യാവണം എന്നൊക്കെ! അതുപോലെ ശ്രീപദ്മനാഭയിൽ നിന്നിറങ്ങുന്നവനിൽ അറിവ് ശരീരമായിരിക്കണം. അതിനു തക്ക ഒരു പഠന രീതിവേണം. അടിമപ്പണിക്കുവേണ്ടവരെ മുതലാളിമാർ മറ്റ് സാദാ യൂണിവേഴ്സിറ്റികളിലെ ‘പഠനപ്പന്തി’കളിൽ നിന്നു പൊക്കട്ടെ. ഒരു തുടൽ വേണമെങ്കിൽ നമുക്ക് സൌജന്യമായി കൊടുക്കാം.

ഇന്ത്യൻ വിദ്യാഭ്യാസരീതിയുടെ ഏറ്റവും വലിയ പോരായ്മ അതിനു ഇന്ത്യൻ ജീവിതവുമായി ഒരു ബന്ധവുമില്ലെന്നതാണു. ഇപ്പോഴുള്ള സർവ്വകലാശാലയിൽ നിന്നു പുറത്തിറങ്ങുന്നവർക്ക്, തന്നെക്കുറിച്ചോ, തന്റെ നാടിനേക്കുറിച്ചോ, നാടിന്റെ ആവശ്യത്തേക്കുറിച്ചോ ഒരു ധാരണയുമില്ല. കുറേ ഇൻഫൊർമേഷൻ അവരുടെ തലയിലുണ്ട്. അതാണെങ്കിലോ ജീവിതത്തിനു ഒരു പ്രയോജനവുമില്ലാത്തതും. സ്വന്തം പാരമ്പര്യത്തിലോ, സംസ്കാരത്തിലോ അധിഷ്ഠിതമായ പഠനങ്ങളലല്ല അവർ നടത്തുന്നതു എന്നതാണു അതിനുള്ള കാരണം. അങ്ങനെ പഠനം നടത്താനുള്ള സ്ഥാപനങ്ങളുടെ കുറവാണു ഇനി നികത്തേണ്ടതു. ഇന്നത്തെ വിദ്യാഭ്യാസരീതി ഒരാളെ പാശ്ചാത്യ വീക്ഷണത്തിലേക്ക് ചുരുക്കുന്നതാണു. അതു ചൂഷണാത്മകമാണെന്നു അനുഭവം കൊണ്ട് നാം മനസിലാക്കിയെങ്കിലും ഇനിയും അതുവിടാൻ കഴിഞ്ഞിട്ടില്ല. അവിടെയാണു ശ്രീപദ്മനാഭന്റെ സാംഗത്യം. പാശ്ചാത്യരീതി വിട്ട് ഇന്ത്യൻ രീതിയിലുള്ള ഗണിതം, കൃഷി, വൈദ്യം, രാഷ്ട്രതന്ത്രം, സാമ്പത്തികശാസ്ത്രം ഒക്കെ പഠിക്കാനുള്ള സൌകര്യമുണ്ടാകണം. എങ്കിൽ ഇന്നു നാം ജീവിതത്തിൽ നേരിടുന്ന അനേകം സമസ്യകൾക്ക് പരിഹാരമുണ്ടാകും. യഥാർത്ഥ ഇന്ത്യൻ പഠനങ്ങൾ എവിടെയാണോ സ്ട്രക്കായതു അവിടെ നിന്നു തുടങ്ങണം. അതിനു സൌകര്യമുള്ള ഒരു സർവ്വകലാശാലയാണു ഇനി വിഭാവനം ചെയ്യേണ്ടതു.

ഇത്തരമൊരു സർവ്വകലാശാലയിൽ ആരാണു പഠിക്കുക? ആർക്കും പഠിക്കാം. ഏതു പ്രായത്തിലുമുള്ളവർക്കും, എത്ര വിദ്യാർത്ഥികൾക്കും ഏതു വിഷയവും പഠിക്കാൻ കഴിയണം. ഗവേഷണതലത്തിലായിരിക്കും പഠനം. സാധാരണ സർവ്വകലാശാലയിൽ നിന്നുള്ള ബിരുദങ്ങളല്ല ഇവിടെ ചേരുന്നതിനുള്ള മാനദണ്ഡം. അതുണ്ടായിരിക്കുന്നതു ഇവിടെ ചേരുന്നതിനു തടസ്സവുമല്ല. ഒരു പാഠ്യപദ്ധതിയിലൂടെയും കടന്നു പോയിട്ടില്ലാത്തവർക്കും ഗവേഷണം ചെയ്യാൻ കഴിയണം. അതായിരിക്കണം ശ്രീപദ്മനാഭ സർവ്വകലാശാലയുടെ ഹൈലൈറ്റ്. അതായതു കൂലിപ്പണിക്കാരനും, ചെരുപ്പുകുത്തിക്കും, പോക്കറ്റടിക്കാർക്കും, കൊല്ലനും, കൊത്തനും, കൊശവനും പഠിക്കാൻ തോന്നുമ്പോൾ പഠിക്കാൻ കഴിയണം. അവരൊക്കെ പഠിച്ചാലേ നാടിനു എന്തെങ്കിലും ഗുണമുണ്ടാകു. ബിരുദധാരികൾ എന്തു പഠിച്ചാലും അവനവനു പോലും ഗുണമില്ല. അവരേക്കൊണ്ട് അടിമപ്പണിക്കേ പറ്റൂ‍.

വിദ്യാർത്ഥികൾ തന്നെ ഗുരുക്കന്മാരെ (ഗൈഡുകളെ) കണ്ടെത്തണം.സ്വതന്ത്രരായ ഗുരുക്കന്മാർക്കു കീഴിൽ പഠിക്കുകയും വിജ്ഞാനം ആർജ്ജിക്കുകയും ചെയ്യുന്ന വിദ്യാർത്ഥികൾ. മേൽനോട്ടവും, പഠനസാമഗ്രഹികളുടെ സംരക്ഷണവും നിർവ്വഹിക്കുന്ന സർവ്വകലാശാല! പരീക്ഷയും റിസൾട്ടുമില്ല. ബിരുദദാനവുമില്ല. അറിവില്ലാതെ ബിരുദമുണ്ടായിട്ടെന്തു ഗുണം. അറിവുണ്ടെങ്കിൽ വെറുതെ എന്തിനു ഗുമസ്തന്മാർക്ക് പണിയുണ്ടാക്കാൻ ഒരു ബിരുദം?

അറിവ് ആർജ്ജിക്കുന്നതിനു വേണ്ടി മാത്രമായിരിക്കണം ഈ സർവ്വകലാശാലയിൽ ഒരു വിദ്യാർത്ഥി ചേരേണ്ടതു. അവന്റെ തൊഴിൽ കൃഷിപ്പണിയാണെങ്കിൽ അതു നിർവ്വഹിച്ചു കൊണ്ട് പഠനം തുടരാൻ കഴിയണം. ബാർമാനു അങ്ങനെ. ഒരു ജീവിതസമസ്യയെ പരിഹരിക്കുന്നതാവണം ഗവേഷണവിഷയം. അതു നിർബ്ബന്ധമാണു. ഗവേഷണം നടത്തുന്നതിനു സ്ഥിരം കെട്ടിടങ്ങളോ, സ്ഥിരം ഫാക്കൾടികളോ ആവശ്യമില്ല.  അറിവിരിക്കുന്നിടത്തു ചെന്നു വിദ്യാർത്ഥി പഠിക്കണം. ഗുരുക്കന്മാർ അറിവ് പകരാൻ തയ്യാറായിരിക്കണം. പഠന സാമഗ്രികൾ തയ്യാറാക്കേണ്ടതും സൂക്ഷിക്കുന്നതും സർവ്വകലാശാലയായിരിക്കും.

വിദ്യാർത്ഥികളുടെ അറിവ് വിലയിരുത്തേണ്ടതു വർഷാവർഷം നടത്തുന്ന ‘അഭ്യാസക്കാഴ്ച’കളിലൂടെയായിരിക്കും. അതിൽ പഠിതാവ് തന്റെ അറിവ് ലോകത്തോട് പങ്കുവയ്ക്കും. അന്നു സർവ്വകലാശാലയിലെത്തി ആർക്കും പഠിതാക്കളുടെ അറിവ് പരിശോധിക്കാം, പരീക്ഷിക്കാം, അതു വിദ്യാർത്ഥിയുടെ ക്രെഡിറ്റിൽ രേഖപ്പെടുത്താം. ആഗ്രഹമുള്ളവർക്ക് തങ്ങൾക്ക് വേണ്ടവരെ അവിടെ നിന്നുകൂട്ടിക്കൊണ്ടുപോയി ജോലി കൊടുക്കാം. അതിനു അവർക്കു കൊടുക്കാനുദ്ദേശിക്കുന്ന ശമ്പളത്തിന്റെ 10% സർവ്വകലാശാലയ്ക്കു സ്ഥിരമായി നൽകിക്കൊണ്ടിരിക്കാൻ ബാദ്ധ്യസ്ഥരാണു. സർവ്വകലാശാലയുടെ തുടർച്ചെലവുകൾക്കാണതു. അഭ്യാസക്കാഴ്ച പൂർത്തിയാക്കുന്ന മുറയ്ക്ക് വിദ്യാർത്ഥിക്കു ഒരു പാരിതോഷികവും, ഗുരുക്കന്മാർക്ക് ദക്ഷിണയും നൽകണം. ആവശ്യമുള്ള സന്ദർഭങ്ങളിൽ യാത്രപ്പടികൾ നൽകാം. അതൊക്കെ നിർവ്വഹിക്കാനുള്ള ചെറിയൊരു ഗുമസ്ഥസംഘം. അവരുടെ നിത്യനിദാ‍നത്തിനുള്ള വക. ഇതൊക്കെ കണ്ടെത്തണം. അതിനാണല്ലോ ശ്രീപദ്മനാഭന്റെ മുതൽ! സർവ്വകലാശാലയ്ക്ക് ഒരു വി.സിയുടെ ആവശ്യമില്ല. ഭരണ നിർവ്വഹണത്തിനായി ഏറ്റവും മുതിർന്ന ഗുരുവിനെ നിയോഗിക്കാം. അതു അദ്ദേഹത്തിന്റെ ഗൈഡ് എന്ന നിലയിലുള്ള ചുമതലയ്ക്ക് പുറമേയായിരിക്കും. ഇതിനെല്ലാം കൂടി സാധാരണ ഒരു സർവ്വകലാശാലയിലെ പ്രൊഫസർക്കും, ഡീനിനും, വി.സിക്കുമുള്ള മാസ ശമ്പളം കണക്കാക്കിയാൽ അത്രവരില്ല. പ്രത്യേക പരീക്ഷണ നിരീക്ഷണങ്ങൾ വേണ്ടി വന്നാൽ ആ ചെലവു സർവ്വകലാശാല വഹിക്കും. സർട്ടിഫിക്കറ്റ് ഇല്ലാത്ത പഠനവും പഠിപ്പീരുമാകുമ്പോൾ യഥാർത്ഥ ആവശ്യക്കാരും ഗുരുക്കന്മാരും മാത്രമേ കാണു. അപ്പോൾ ചെലവും കുറവായിരിക്കും.

മനുഷ്യരാശിക്കു ഗുണകരമല്ലാത്ത അറിവുകൾ മുട്ടനാടിന്റെ മുലയാണെന്നതായിരിക്കും സർവ്വകലാശാലയുടെ ആപ്തവാക്യം. അന്താരാഷ്ട്രവിഷയങ്ങളിൽ ഗവേഷണം അനുവദിക്കുന്നതാണു. പക്ഷെ അതു വെറും അക്കാദമിക്ക് താല്പര്യത്തിന്റെ പുറത്താവരുതു. ഉദാഹരണം : ഗാസ. ഇസ്രേൽ-പാലസ്തീൻ ബന്ധം പഠിക്കാം. പക്ഷെ പഠനത്തിന്റെ അവസാനം അവിടെ സമാധാനമുണ്ടാകണമെന്നു നിർബ്ബന്ധമാണു. വിദേശവിദ്യാർത്ഥികളെ സ്വീകരിക്കുമ്പോൾ അവർക്ക് മാനസികമായോ ശാരീരികമായോ രോഗങ്ങളില്ലാ എന്നു ഉറപ്പുവരുത്തണം. എന്നുമാത്രമല്ല, സംസ്കൃതവും, ഒപ്പം ഒരു പ്രാദേശിക ഭാഷയും പഠിക്കാൻ അവർ തയ്യാറാകണം. അതു ഹിന്ദിയോ, ഉറുദുവോ, മലയാളമോ ആകാം. ഗവേഷണത്തിൽ കണ്ടെത്തുന്ന കാര്യങ്ങൾക്ക് പേറ്റന്റ് ഉണ്ടാവില്ല. ഗവേഷണഫലം ലോകത്തിലെ സകലമാനജനങ്ങൾക്കുമാണു. അതിനു തയ്യാറുള്ളവർ ചേർന്നാൽ മതി.
ഗവേഷണം പൂർത്തിയാക്കുന്നവരുടെ വിവരങ്ങൾ ബയോമെട്രിക് സൂചകങ്ങളിലൂടെ ഡിജിറ്റലായി സർവ്വകലാശാല ഒരു സെർവ്വറിൽ സൂക്ഷിക്കും. തന്റെ വിരലടയാളത്തിലൂടെ വിദ്യാർത്ഥിക്ക് അതാരേയും ലോകത്തെവിടെവച്ചും ബോദ്ധ്യപ്പെടുത്താൻ കഴിയും. അതാണു അയാളുടെ സർട്ടിഫിക്കറ്റ്. അതുമതിയാകും അയാൾക്കൊരു തൊഴിൽ കണ്ടെത്താൻ.
ക്ഷേത്രങ്ങളിൽ നിന്നും ഹിന്ദുരാജാക്കന്മാരിൽ നിന്നും പിടിച്ചെടുത്ത പണം ഇങ്ങനെയല്ലെ  ഉപയോഗിക്കേണ്ടത്? അല്ല അതും പാശ്ചാത്യന്റെ താല്പര്യത്തിനു അനുസരിച്ചു തന്നെ ചെലവാക്കണമെന്നു നിർബ്ബന്ധമുണ്ടോ പുരോഗമനവാദികൾക്കു.

(ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിനു ചുറ്റം മുള്ളി അടയാളപ്പെടുത്തിവച്ചിരിക്കുന്ന റിയൽ എസ്റ്റേറ്റുകാർ സദയം ക്ഷമിക്കുക. ഒടുവിൽ പുരോഗമനവാദികൾ  നിങ്ങൾക്കൊപ്പം തന്നെ നിന്നു കൊള്ളും)

Thursday, August 7, 2014

ഇന്ത്യൻ സെക്കുലറിസം

പാശ്ചാത്യമാനദണ്ഡനുസരിച്ച് സെക്കുലറിസം മത-ഇതരത്വമാണു. അതായതു മതങ്ങൾ ഇല്ലാത്ത നാസിതിക ചിന്ത. എന്നാൽ മതനിരപേക്ഷതയ്ക്ക് വേറെ അർത്ഥമാണു. എല്ലാ മതങ്ങൾക്കും പുർണ്ണസ്വാതന്ത്ര്യവും ഭരണത്തിൽ സ്വാധീനമില്ലായ്മയും. ഇതിലേതാണു ഇന്ത്യൻ സെക്കുലറിസം? മതേതരത്വമാണോ, മതനിരപേക്ഷതയാണോ, അതോ മറ്റുവല്ലതുമാണോ? സെക്കുലറിസം ഉൾപ്പെടുത്താൻ ഭരണഘടന ഭേദഗതി ചെയ്യുമ്പോൾ ഇന്ദിരാഗാന്ധി ഉദ്ദേശിച്ചതു നാസ്തികത്വമാണെന്നു തോന്നുന്നു. പാശ്ചാത്യരാജ്യങ്ങളിൽ മതേതരത്വമാണു. അതു നാമും സ്വീകരിച്ചാൽ ഇന്ത്യയും മോഡേണാകുമല്ലോ. അടിയന്തിരാവസ്ഥയുടെ കാലമായിരുന്നതുകൊണ്ട് അത്തരം ഗിമിക്കുകൾ ആവശ്യമായിരുന്നു. പക്ഷെ സെക്കുലറിസം ഭരണഘടനയിൽ കടന്നു കൂടിയശേഷമാണു മതങ്ങൾ ഏറ്റവും ശക്തമായി ഇന്ത്യൻ സമൂഹത്തെ പിടിമുറുക്കിയതായി നാം കാണുന്നതു.
ഇന്ത്യയുടെ ആദ്യകാല ഭരണാധികാരികൾ എന്തുകൊണ്ട് മതേതരത്വം ഭരണഘടനയിൽ ഉൾപ്പെടുത്തിയില്ല? ഉത്തരം : അവർ മതനിരപേക്ഷതയുടെ വക്താക്കളായിരുന്നു.

നാസ്തികനായ നെഹൃ പ്രധാനമന്ത്രിയായിരിക്കുമ്പോഴാണു ബുദ്ധമതവുമായി ബന്ധപ്പെട്ട അശോകസ്തഭവും അതിലെ 24 ആരക്കാലുള്ള ചക്രവും സർക്കാരിന്റെ മുദ്രയായി സ്വീകരിച്ചതും അതിൽ മുണ്ഡകോപനിഷത്തിൽ നിന്നുമുള്ള सत्यमेव जयते എന്ന ആപ്തവാക്യം ആലേഖനം ചെയ്തതും. നാസ്തികത ഉൾക്കൊള്ളുന്ന ‘മതേതരത്വം’ ഉൾപ്പെടുത്തണമായിരുന്നെങ്കിൽ അന്നു അവർക്ക് കഴിയുമായിരുന്നു. നെഹൃവിന്റെ സഹപ്രവർത്തകർ ഇന്ദിരയുടെ സ്തുപാഠകരേപ്പോലെയായിരുന്നില്ല. അവർ പണ്ഡിതന്മാരും കാര്യവിവരമുള്ളവരുമായിരുന്നു. എന്നിട്ടും ചെയ്തില്ല.
സ്റ്റേറ്റിനു ഒരു മതമില്ലെന്നു പറയുമെങ്കിലും പ്രവർത്തിയിൽ അതു പ്രതിഫലിക്കുന്നുണ്ടോ? ഭൂരിപക്ഷമതത്തെ അടിസ്ഥാനമാക്കിയാണു മറ്റുമതങ്ങളോടുള്ള സമീപനമെന്നാണു കാണുന്നതു. ഭൂരിപക്ഷമതമുള്ളതു കൊണ്ട് ന്യൂനപക്ഷമതങ്ങൾക്ക് സംരക്ഷണം. സാംസ്കാരിക പൈതൃകത്തിൽ പെടുന്നതെല്ലാം ഭൂരിപക്ഷമതത്തിന്റേതാണു.അറിവായാലും, ആരോഗ്യശാസ്ത്രമാ‍യാലും. അങ്ങനെയാണു പൊതുവിൽ സ്വീകരിക്കുന്ന നിലപാട്. ഭൂരിപക്ഷമതത്തിന്റെ ആരാധനാലയങ്ങൾക്ക് പ്രത്യേക നിയമം. അവരുടെ ദേവതകൾക്കെല്ലാം ഹിന്ദു കൂട്ടുകുടുംബ വ്യവസ്ഥയിലെ മൈനറുടെ അവകാശവും സംരക്ഷണവുമുണ്ട്. അവരെ തീറ്റിപ്പോറ്റണ്ട ചുമതല സർക്കാരിനും.
എന്തു കൊണ്ടാണു ഇങ്ങനെ? അതറിയാൻ ഭൂതകാലത്തിൽ പോയി തപ്പണം. പണ്ട് ഓരോ ഗ്രാമവും അതാതു ഗ്രാമദേവതയുടെയായിരുന്നു. ഗ്രാമത്തിന്റെ മിച്ചമൂല്യം ക്ഷേത്രങ്ങളിൽ സ്വർണവും, രത്നങ്ങളുമായി ശേഖരിച്ചു. ക്ഷേത്രങ്ങളുടെ മേൽനോട്ടം ബ്രാഹ്മണർക്കോ കരപ്രഭുക്കന്മാർക്കോ ആയിരുന്നു. അവർ അഴിമതിക്കാരായപ്പോൾ ദേശികരോ രാജാക്കന്മാരോ അവയുടെ ഭരണം ഏറ്റെടുത്തു. ഇങ്ങനെ ഏറ്റെടുക്കുന്ന മുതൽ ഭരിക്കാൻ ഒരു ഏകീകൃതം നിയമം വേണം. അതു കൊണ്ടുവന്നതു അധിനിവേശ ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ മിസ്റ്റർ.മൺ‌റോയാണു(1812). "All Devaswom properties be treated as government properties and the revenue from Devaswom be merged with the general revenues of the state" - Munroe. ഇതിന്റെ അടിസ്ഥാനത്തിൽ മൺ‌റോ തയ്യാറാക്കിയ ഹിന്ദുനിയമം 1863 ൽ സെന്റ് ജോർജ്ജ് ഗസറ്റിൽ പ്രസിദ്ധീകരിച്ചു. ഇത് രാജാക്കന്മാ‍ർ അംഗീകരിച്ചു. ക്ഷേത്രങ്ങളും സ്വത്തും റവന്യൂവിന്റെ ഭാഗമായപ്പോൾ ക്ഷേത്രച്ചെലവുകൾ സർക്കാർ വഹിക്കാൻ തുടങ്ങി. ഇന്ത്യയിലെ ഹിന്ദുക്ഷേത്ര/മഠ നിയമങ്ങൾ എല്ലാം 1863ലെ മൺ‌റോയുടെ നിയമത്തെ അടിസ്ഥാനമാക്കിയാണു പിന്നീട് ഉണ്ടാക്കിയിട്ടുള്ളത്. അതായതു ഇന്ത്യൻ സർക്കാരിന്റെ അടിസ്ഥാനം ഹിന്ദുക്ഷേത്രങ്ങളും അവയുടെ സ്വത്തുമാണു..
സ്വാതന്ത്ര്യാനന്തര കാലത്തെ നിയമനിർമ്മാണങ്ങൾ നോക്കിയാലും ഹിന്ദുമതം സർക്കാരിന്റെ ഭാഗമാണെന്നു വ്യക്തമാണു. “The management and control of the temples and the administration of their endowments is one of the primary   responsibilities of the State (തമിഴ്നാട്).  "......whenever the temples and mutts intend to sell their land, they have to first ask the government to buy it at market price. Only when the government says no, they can sell it to others". (Odisha Hindu Religious Endowments (Amendment) Bill 2012. മലബാർ ദേവസ്വംബോർഡ് രൂപീകരിച്ചു കൊണ്ട് ഇടതുപക്ഷ സർക്കാർ പറഞ്ഞതു ഒരു സെക്കുലർ ഭരണഘടനയ്ക്ക് കീഴിൽ മതകാര്യങ്ങളിൽ സർക്കാർ ഇടപെടുന്നതു വിരോധാഭാസമാണെന്നു തോന്നാങ്കിലും ഇവിടെ അനിവാര്യമാണെന്നാണു.

ഇതിൽനിന്നെല്ലാം മനസിലാക്കേണ്ടതു ഹിന്ദുമതവും, ക്ഷേത്രങ്ങളും, മഠങ്ങളും സർക്കാരിന്റെ ഭാഗമാണെന്നും അതിനെ സർക്കാർ സംരക്ഷിക്കുന്നതു കൂട്ടുകുടുംബവ്യവസ്ഥയിലെ കാരണവരേ  പോലെയാണെന്നുമല്ലെ? ഹിന്ദുമത സംബന്ധമായി വരുന്ന എല്ലാ അന്യായങ്ങളും പൊതു അന്യായങ്ങളും. അതിൽ ഒരു കക്ഷി സർക്കാരുമാണെന്നും കാണാം.എല്ലാ കേസുകളിലും ഹിന്ദുത്വത്തിനു വേണ്ടി പ്രച്ഛന്ന രൂപത്തിൽ (Proxy) ഹാജരാകുന്നതും സർക്കാരാണു. എന്നാൽ പള്ളിയുടെയോ മോസ്കിന്റെയോ കാര്യത്തിൽ ഇങ്ങനെയല്ല. അവ സ്വകാര്യ അന്യായങ്ങളായാണു തീർപ്പാക്കുന്നതു. ക്രമസമാധാനപ്രശ്നമുണ്ടാകുന്നില്ലെങ്കിൽ അത്തരം മതസ്ഥാപനങ്ങളിൽ ഗവണ്മെന്റ് ഇടപെടാറുമില്ല.
അപ്പോൾ എന്താണു ശരിക്കും നമ്മുടെ സെക്യുലറിസം? മതേതരമോ, മതനിരപേക്ഷമോ, അതോ ഒരു മതത്തെ അടിസ്ഥാനമാക്കി ഇതര മതങ്ങളെ സംരക്ഷിക്കലോ?

അയ്യാസ്വാമികളും ഗോപാൽ സുബ്രഹ്മണ്യവും

താൻ റിപ്പോർട്ട് തയ്യാറാക്കിയതു ‘ശ്രീപദ്മനാഭൻ തന്ന വെളിച്ചത്തിലാണു’ എന്നു അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം പറഞ്ഞപ്പോൾ പണ്ട്, ശ്രീപദ്മനാഭന്റെ വെളിച്ചത്തിൽ പ്രവചനങ്ങൾ നടത്തിയ തൈക്കാട്ട് അയ്യാസ്വാമികളെ ഓർമ്മ വരുന്നു.
വടക്കൻ കേരളത്തിലെ പാമ്പുകാട് ജനിച്ച സുബ്ബരായനാണു പിന്നീട് അയ്യാസ്വാമികളാകുന്നതു. അന്തശയനം കാണാനായിരുന്നു അദ്ദേഹം തിരുവനന്തപുരത്തെത്തിയതു. അവിടെ നിന്നും എന്തോ ആദേശം കിട്ടിയപോലെ ഗുരുവിനെത്തേടി പഴനിയിലേക്ക് പോയി. പിന്നെ ദേശസഞ്ചാരവും ഉപാസനകളുമായി കഴിഞ്ഞു. ഗുരുനിർദ്ദേശിച്ചതനുസരിച്ച് ഗൃഹസ്ഥാശ്രമത്തിൽ പ്രവേശിക്കുകയും പലവിധ തൊഴിലുകളിൽ ഏർപ്പെട്ട് ജീവിക്കുകയും ചെയ്തു. അതിനിടയിൽ ആത്മീയ സപര്യയും തുടർന്നു. ശ്രീനാരായണ ഗുരുവിന്റേയും, ചട്ടമ്പി സ്വാമികളുടെ ഗുരുസ്ഥാനീയനാണു അയ്യാസ്വാമികൾ. 36 കൊല്ലം തൈക്കാട് റസിഡൻസിയുടെ സൂപ്രണ്ടായിരുന്നു. അങ്ങനെയാണു തൈക്കാട് അയ്യാ സ്വാമി എന്നു അറിയപ്പെടാൻ തുടങ്ങിയതു.

ശ്രീപദ്മനാഭൻ പലപ്പോഴും അയ്യാവിലൂടെ സംസാരിച്ചിരുന്നു എന്നാണു ശിഷ്യന്മാർ വിശ്വസിക്കുന്നതു. പഴയ തിരുവന്തപുരത്തുകാർക്കും സ്വാമിയെ വിശ്വാസമായിരുന്നു. സേതുലക്ഷ്മിഭായി രാജ്യാവകാശിയായി ഭരണം നടത്തുമെന്നും പാർവതിഭായിക്ക് മകനിലൂടെയാണു  രാജഭോഗം കിട്ടുകയെന്നും അദ്ദേഹം പ്രവചിച്ചിരുന്നു. ഇരുവരും തീരെ ചെറിയ കുട്ടികളായിരിക്കുമ്പോഴാണു ആ പ്രവചനം നടത്തിയതു. രണ്ടും സത്യമായി. സേതു ലക്ഷ്മിഭായി റീജന്റായി. തിരുവിതാംകൂർ ഭരിച്ചു. ചിത്തിര തിരുനാൾ ബാലരാമവർമ്മയ്ക്ക് ജനനം നൽകി പാർവ്വതീഭായിയും രാജഭോഗം അനുഭവിച്ചു. മിസ്റ്റർ.ദൽഹൌസി ദത്താപഹാര നിയമം ശക്തമായി നടപ്പാക്കണമെന്നു നിർബ്ബന്ധം പിടിക്കുന്ന സമയത്താണു തിരുവിതാംകൂർ അതിനെ മറികടന്നു താൽക്കാലിക ഭരണാധികാരിയായി റീജന്റിനെ നിയമിക്കുന്നതു. ശ്രീമുലം അന്തരിക്കുമ്പോൾ തിരുവിതാംകൂറിനു അവകാശികൾ ആരും ഉണ്ടായിരുന്നില്ല. പക്ഷെ സേതുപാർവ്വതി ഭായി ഗർഭിണിയായിരുന്നു. ഇന്നത്തെപ്പോലെ സ്കാനിങ്ങ് സൌകര്യങ്ങൾ ഒന്നുമില്ലാത്ത അക്കാലത്തു കുട്ടി ആണാണെന്നും തിരുവിതാംകൂറിനു അവകാശിയുണ്ടെന്നും മി.മൺ‌റോ വൈസ്രോയിക്ക് എഴുതിയതു തൈക്കാട് അയ്യാസ്വാമിയുടെ വാക്കിനെ വിലമതിച്ചാണു. ‘ഇന്ത പൈതൽ ആൺ താൻ. ഇവൻ താൻ തിരുവിതാങ്കോടിൻ കടശ്ശിരാചാ‘. അതായിരുന്നു അയ്യാസ്വാമിയുടെ പ്രവചനം. അതും സംഭവിച്ചു.

ഭാരതത്തിൽ കറ്റാഴനാർ പട്ടെനെ‌വെ പരവുകാലം കന്നിയർകൾ വാസമില്ലാ കാട്ടുമലർ ചൂടും കാലം
വന്മാരി പെയ്താലും മഴ കോപിക്ക
വൻ കൊലയും വഴി പറയും മികവുണ്ടാം
കട്ടത്തുണിക്കും കഞ്ചിക്കും മക്കൾ കൈയേന്തിനിർപ്പാർ
വടനാട് വേറ്റുരിമൈയാകും തിട്ടംതാനെ"
അയ്യാസ്വാമികളുടെ മറ്റൊരു പ്രവചനമാണിതു.
ഭാരതത്തിൽ കറ്റാഴ നാർ ‘പട്ടെ‘ന്ന പേരിൽ പ്രചരിക്കും.കന്യകമാർ ‘വാസനയില്ലാത്ത‘ കാട്ടുപൂക്കൾ ചൂടും. വന്മാരി പെയ്താലും മണ്ണിനു പുഷ്ടിയുണ്ടാകില്ല. മഴ കോപിക്കും. വലിയ തോതിൽ കൊലപാതകങ്ങൾ നടക്കും. വഴികളിൽ പിടിച്ചുപറി സാധാരണമാകും. ഉടുതുണിക്കും കഞ്ഞിക്കും ജനങ്ങൾ യാചിക്കും. ഉത്തര ഭാരതം വേർപെട്ടു പോകും. ഇതു നിശ്ചയം. ജനാധിപത്യം ഉദയം ചെയ്തു 65 കൊല്ലം കഴിഞ്ഞിട്ടും ദാരിദ്രം രൂക്ഷമാകുന്നതല്ലാതെ കുറയുന്നില്ല എന്നതിൽ നിന്നും തൈക്കാട് അയ്യാസ്വാമികളുടെ പ്രവചനം എത്രമാത്രം സത്യമാണെന്നു ബോദ്ധ്യമാകും.
ഇപ്പോഴത്തെ ശ്രീപദ്മനാഭ വിവാദത്തെക്കുറിച്ചാണെന്നു സംശയിക്കാവുന്ന ഒരു പ്രവചനവും തൈക്കാട് അയ്യാവിന്റേതായി പ്രചാരത്തിലുണ്ട്. ‘കോവിലിൽ നിന്നും തോല തോലയായി സ്വർണ്ണമൊഴുകും.  പെരിയ സ്വാമികൾ (അതാരാണു?) അനന്തപുരത്തു വരും. അനന്തൻ കണ്ണു തുറക്കും. രാജാവും നമ്പിയും നാണം കെടും. കടൽ കോപിക്കും. അനന്തശായി തിരകളിൽ ആടും. മുക്കുവർ ചോര കൊടുത്തു കാവൽ നിൽക്കും. രസവിദ്യകൊണ്ടുണ്ടാക്കിയ ചക്രങ്ങൾ കളവുപോകും. അതു കൈവശം വച്ചവൻ മുടിയും.’. സാദൃശ്യമുള്ള വസ്തുക്കൾ ഉണ്ടാക്കി ഭണ്ഡാരത്തിൽ നിന്നും യഥാർത്ഥ വസ്തുക്കൾ മാറ്റിയിരിക്കാൻ ഇടയുണ്ട് എന്നു ചീഫ് സെക്രട്ടറി ശ്രീ.സി.വി.ആനന്ദബോസ് പറഞ്ഞതു കൂടി ചേർത്തു വായിക്കുമ്പോൾ തൈക്കാട് അയ്യാസ്വാമികൾ പറഞ്ഞതൊക്കെ സംഭവിക്കുമെന്നു ഭയക്കണം.

ഇന്ത്യൻ നിർമ്മിത വിദേശമദ്യം :)

ഇന്ത്യൻ നിർമ്മിത വിദേശമദ്യം എന്നുപറയുന്നതേ ഒരുതരം  തന്തയില്ലയ്മയാണു തോന്നുന്നതു. ‘ജോൺ ഡിസീക്കാ രാമദാസ്’ എന്നൊക്കെ പറയുന്നതു പൊലെ.

എന്താ ഇന്ത്യൻ മദ്യമില്ലെ?

പാലാഴികടഞ്ഞപ്പോൾ കിട്ടിയ പല സാധനങ്ങളുടെ കൂട്ടത്തിൽ ഒന്നായിരുന്നു ചാരായം. അതു അസുരന്മാർ കൊണ്ടുപോയി. അങ്ങനെ അതു സുരയായി. അതാണു ഐതിഹ്യം. പക്ഷെ അതിനു സായിപ്പിന്റെ പിതൃത്വം ചാർത്തി ഒരു പേരിടേണ്ട വല്ല കാര്യവുമുണ്ടോ? എത്രയടിച്ചാലും ഇന്ത്യക്കാരന്റെ അടിമത്തം മാറില്ല. സ്വന്തം നാട്ടിൽ വാറ്റിയാലും അതിനു ‘ഇന്ത്യൻ നിർമ്മിത വിദേശമദ്യം‘ എന്നു പേരിട്ടാലെ സമാധാനമാകു. ഈ മണ്ണിൽ പെറ്റിട്ടാലും മക്കളെ ഇംഗ്ലീഷ് മീഡിയത്തിലേ പഠിപ്പിക്കു എന്നു വാശിപിടിക്കുന്ന രക്ഷകർത്താക്കളെപ്പോലെ. ഈ സാധനം 2 ലാർജ്ജ് അടിച്ച് കഴിയുമ്പോൾ അപ്പോൾ പുറത്തു ചാടും നമ്മുടെ അടിമത്തം. പിന്നെ എല്ലാവനും ഇംഗ്ലീഷിലേ സ്പീച്ചു..........

‘ചെത്തുന്നവനും, കൊടുക്കുന്നവനും, കുടിക്കുന്നവനും നാറും. മദ്യം വിഷമാണു’ എന്നു ഗുരുസ്വാമി പറഞ്ഞിട്ടൊന്നും കാര്യമില്ലെന്നു നാം തെളിയിച്ചു. സ്വാമി പറയാത്തതു കൊണ്ടല്ല നാം നന്നാകാത്തതു. നമുക്ക് അതിനു ആഗ്രഹമില്ല. ദൈവാധീനവുമില്ല. പിന്നെ നീറ്റായി അങ്ങ് നശിക്കുന്നതല്ലെ നല്ലതു!

അട്ട തൊട്ട് കരിങ്ങാലി പട്ടവരെ ഇട്ടുവാറ്റിയ അനേകം ജനുസകളിലുള്ള മദ്യമുണ്ടാക്കാൻ നമുക്കറിയാം. ഒരു സ്കോച്ചും അതിന്റെയൊന്നും ഏഴയലത്തുവരില്ലെന്നാണു അനുഭവസ്ഥർ പറയുന്നതു. സായിപ്പ്, ഷോഡേം വെള്ളോം (ഐസാക്കിയും അല്ലാതെയും) ചേർത്തു മൊത്തുമ്പോൾ നാം കരിക്കും, കരിപ്പട്ടിക്കാപ്പീം, പാലും വരെ ചേർത്തടിക്കും. അതാണു അതിന്റെ ഒരു വെറൈറ്റി. കള്ള് പുളിപ്പിച്ച് മുന്തിരിയും ഇലവർഗ്ഗവും കറുവപ്പട്ടയും ചേർത്തുണ്ടാക്കുന്ന പ്രിമിയം ബ്രാൻഡൊക്കെ രുചിച്ചവർ അതൊന്നും ഒരിക്കലും മറക്കില്ല മക്കളെ.

പിന്നീടാണു മൊളാസസിൽ നിന്നും ചാരായമുണ്ടാക്കുന്ന രീതി വന്നതു. കരിമ്പുകൃഷി ഊ......കയും പഞ്ചസാരമില്ലുകൾ അടച്ചു പൂട്ടാൻ തുടങ്ങുകയും ചെയ്തപ്പോഴാണു തൊഴിലാളികളുടെ വയറ്റിപ്പിഴപ്പിനു അതാരംഭിച്ചതു. പിന്നെയതു പുറത്തുള്ള ഡിസ്റ്റിലറികളിൽ നിന്നും സ്പിരിട്ടുകൊണ്ടുവന്നു വെള്ളം ചേർക്കുന്ന പരിപാടിയായി അധ:പതിച്ചു. ഒരു കാലത്തു കേരളരാഷ്ട്രീയം നിലനിന്നതു തന്നെ മറുനാട്ടിൽ നിന്നും വരുന്ന സ്പിരിട്ട് ലോറികളെ ആശ്രയിച്ചായിരുന്നെന്നു ഓർക്കുമ്പോൾ കണ്ണുനിറയുന്നു!

ഗ്ലാസ്സിൽ ചാരായം അളന്നു കൊടുക്കുന്നതായിരുന്നു ആദ്യത്തെ രീതി. പിന്നെയതു പൊടിക്കുപ്പിയിലേക്കും, പ്ലാസ്റ്റിക് കവറിലേക്കും വികസിച്ചു, ഇതിനൊക്കെ സമാന്തരമായി ജനം സ്വന്തമായ നിലയിലും ചാരായം നിർമ്മിക്കുന്നുണ്ടായിരുന്നു. കെസ്തുകിട്ടാത്ത ചരക്കായതു കൊണ്ട് അതിനെ ‘കള്ളവാറ്റെ’ന്നു പറഞ്ഞ് അപമാനിക്കാനായിരുന്നു എക്സൈസ് വകുപ്പിനു കമ്പം. വാറ്റുന്നതു നിയമാനുസൃതമല്ലായിരുന്നെങ്കിലും അതിന്റെ തലച്ചാരായം അടിക്കുന്നതു ഒരു ആഡംബരം തന്നെയായിരുന്നു. ഇന്നിപ്പോൾ എന്തായി സ്ഥിതി? മറുനാടൻ വ്യവസായികൾ ഉണ്ടാക്കുന്ന സിന്തെറ്റിക് ചാരായം കുടിച്ച് കുടലുവാട്ടണ്ട അവസ്ഥയിൽ എത്തിയിരിക്കുന്നു മലയാളികൾ. പെട്രോൾ അടിസ്ഥാനമാക്കി കൃത്രിമചാരായം ഉൽ‌പ്പാദിപ്പിച്ചു തുടങ്ങിയപ്പോഴാണു അഡിക്ഷനും കരളുകാഞ്ഞുപോകലും വ്യാപകമായതു. ക്രമസമാധാനവും തകർന്നു.

പണ്ട് നാട്ടിൽ ഒരു ചാരായഷാപ്പുണ്ടെങ്കിൽ അലമ്പ് അതിനു ചുറ്റുമേ ഉണ്ടായിരുന്നുള്ളു. അടിക്കുന്നവർ മിക്കവരും സ്ഥിരക്കാരായിരിക്കും. ക്രമസമാധനപ്രശ്നമൊക്കെ നാട്ടുകാർ തന്നെ കൈകാര്യം ചെയ്യും. അടിച്ചു പാമ്പായാൽ പെണ്ണുമ്പിള്ള വന്നു ഷാപ്പുകാരനെ നാലുപുളിച്ച തെറിപറഞ്ഞിട്ട് വിളിച്ചോണ്ട് പൊക്കോളും. അന്നത്തെ ചാരായമടിക്കൊക്കെ ഒരു സ്നേഹമുണ്ടായിരുന്നെന്റിഷ്ടാ. ഈ ബാറുകളും ബിവറേജസും വന്നേപ്പിന്നെയാണു എല്ലാം പോയതു.

ഇതിനേക്കാൾ ഒക്കെ പ്രധാനം ഒരു തദ്ദേശിയ സാങ്കേതികവിദ്യ നഷ്ടപ്പെടുന്നതിലാണു. വെറൈറ്റി വാറ്റ് അറിയാവുന്നവർ ഇന്നു കുറഞ്ഞുവരികയാണു. പത്തോ ഇരുപതോ വർഷം കഴിഞ്ഞാൽ അതു ഗൾഫുകാരിലേക്ക് മാത്രമായി ചുരുങ്ങും. അവർക്കാണെങ്കിലോ എന്തിനും ഏതിനും പ്രഷർകുക്കറും ഗ്യാസും വേണം. തനതു വിജ്ഞാനം നിലനിർത്താനുള്ള ചുമതല സർക്കാരിനുണ്ട്. അതു കൊണ്ട് വാറ്റ് നിയമാനുസൃതമാക്കണം. വാറ്റിക്കുടിക്കാൻ ആഗ്രഹിക്കുന്നവർക്ക് യൂണിറ്റ് കണക്കാക്കി കെസ്തു ഈടാക്കാം. സാധാരണക്കാരായതു കൊണ്ട് അവർ മുടക്കം കൂടാതെ സത്യസന്ധമായി കെസ്തു അടച്ചോളും. മുതലാളിമാരാണല്ലോ എന്തിലും ഏതിലും വെട്ടിപ്പ് കാണിക്കുന്നതു. കൂടുതൽ വാറ്റുചാരായം ഉൽ‌പ്പാദിപ്പിക്കപ്പെട്ടാൽ അതു മിൽമാ പാൽ അളക്കുന്നതുപോലെ അളന്നു വാങ്ങി ബോട്ടിലു ചെയ്തു കേരളത്തിനു അകത്തും പുറത്തും വിറ്റ് സർക്കാരിനു വരുമാനമുണ്ടാക്കാവുന്നതേയുള്ളു. നമ്മുടെ ബ്രാൻഡുകൾ പ്രിമിയം ബ്രാൻഡുകളായാൽ അതിൽ നൂതന പരീക്ഷണങ്ങൾ നടത്തി മെച്ചപ്പെടുത്താൻ ജനം ഉത്സാഹിക്കും. അതു കൂടുതൽ റവന്യൂ കൊണ്ടുവരികയും ചെയ്യും. ഇതോടെ അച്ചന്മാരുടേയും, നടേശൻ മുതലാളിയുടേയും സൂക്കേടും തീരും. ജനത്തിനു ഒരു വരുമാനമാർഗ്ഗവുമാകും.

എട്ടുകാലികൾ

എട്ടുകാലികൾ വലകെട്ടാൻ ഡൈനാമിക്സ് പഠിച്ചതു ഏതു യൂണിവേഴ്സിറ്റിയിൽ നിന്നാണു? തനിക്കു ഭക്ഷിക്കാൻ കഴിയുന്ന ഇരകളെ മാത്രം കുടുക്കാൻ കഴിയുന്ന സംവിധാനമാണു എട്ടുകാലി വലകൾ. തനിക്കു ഭക്ഷിക്കാൻ കഴിയാത്ത ജീവികൾ വന്നു വീഴാൻ ഇടയില്ലാത്ത സ്ഥലത്തേ എട്ടുകാലികൾ വലനെയ്യു. അഥവാ ഏതെങ്കിലും ജീവി അവിചാരിതമായി അതിൽ വന്നുവീണാൽ വല ഒരു Swing ലൂടെ മുന്നോട്ട് ആഞ്ഞു വലിഞ്ഞ് നിൽക്കും. പൊട്ടില്ല. അതാണു അതിന്റെ ഡൈനാമിക്സ്! പ്രതിരോധം മനസിലാക്കി വലയിൽ വന്നുവീണ ജീവി മറ്റേതെങ്കിലും ദിശയിലേക്കു പറന്നുപൊയ്ക്കൊള്ളും. വലപൊട്ടാതെ നോക്കേണ്ടതു എട്ടുകാലിയുടെ ജീവിതപ്രശ്നമാണു. തോന്നുമ്പോൾ തോന്നുമ്പോൾ വലവാങ്ങാൻ മനുഷ്യനെപ്പോലെ ആരേയും പറ്റിച്ചല്ല എട്ടുകാലികൾ ജീവിക്കുന്നതു. വല സ്വന്തം പ്രയത്നംകൊണ്ടുണ്ടാക്കുന്നതാണു. അതിനു വേണ്ട സാധനസാമഗ്രികൾ സ്വന്തം ശരീരത്തിൽ നിന്നാണു ഉല്പാദിപ്പിക്കുന്നതു. അതു കൊണ്ടു തന്നെ അതിനു പരമാവധി ലൈഫും സുരക്ഷിതത്വവും വേണമെന്നു എട്ടുകാലിക്ക് നിർബ്ബന്ധമുണ്ട്. അപ്പോൾ അതിന്റെ ഡൈനാമിക്സും എട്ടുകാലിയുടെ ഉള്ളിൽ നിന്നു തന്നെ വരണം. വരും.

ഒരു എട്ടുകാലിയുടെ കുശലതപോലുമില്ലാത്തവരാണു ഈ പരട്ട മനുഷ്യർ. എന്നിട്ട് ഭാവം അതു വല്ലതുമാണോ? ലോകം അടക്കിഭരിക്കുന്നതു താനാണെന്നല്ലെ വിചാരം. അവനവനു അകത്തുള്ള അറിവുകളേക്കാൾ പുറത്തുള്ള അറിവുകൾക്ക് ഇത്ര വിശ്വാസം കൊടുക്കുന്ന മറ്റൊരു ജീവിയും ഈ ലോകത്തു കാണില്ല.

ഏതു കൊടികെട്ടിയ സിവിൽ എഞ്ജിനിയർ പണിഞ്ഞപാലമാണെങ്കിലും ആന തുമ്പിക്കൈ കൊണ്ട് അതിൽ ഒന്നു തട്ടിനോക്കിയിട്ടേ കാലെടുത്തു വയ്ക്കു. ആന കേറാമെന്നു ഫിറ്റ്നെസ്സ് സർട്ടിഫിക്കറ്റ് കാണിച്ചാലും ആന മൈൻഡ് ചെയ്യില്ല. തുമ്പിക്കയ്യിൽ സെൻസു ചെയ്ത അറിവാണു ആനയുടെ അറിവ്. ചീഫെഞ്ജിനിയറുടെ ചീട്ട് ആനയ്ക്ക്, മത്തായിക്ക് മയിൽ‌പ്പീലി പോളെയാണു. എന്നാൽ ഒരു കടലാസിലെന്തുമെഴുതി മുദ്രവച്ച് കൊടുത്താൽ മനുഷ്യൻ അതു വിശ്വസിക്കും. അത് തെറ്റാണെന്നു സ്വയമറിവുണ്ടെങ്കിൽ പോലും വിശ്വസിക്കുന്ന മണ്ടനാണു മനുഷ്യൻ. ശാസ്ത്രത്തിന്റെ പേരിലാണു ഈ സർട്ടിഫിക്കറ്റ് എങ്കിൽ ആ വിശ്വാസം അന്ധവിശ്വാസമായിരിക്കും.

ഉള്ളിലുള്ള അറിവിനെ മനുഷ്യനു പുച്ഛമായതുകൊണ്ടാണു അവൻ ഇത്രയേറെ പറ്റിക്കപ്പെടുന്നതു. പരസ്യങ്ങളിലൊക്കെ ഏതെങ്കിലും നടൻ വേഷം കെട്ടി വന്നു താൻ ദന്തഡോക്ടറാണെന്നു പറഞ്ഞാൽ, അതു ഡോക്ടർ തന്നെയാണെന്നും അവർ പറയുന്നതു ശാസ്ത്രമാണെന്നും വിശ്വസിക്കുന്നവരാണു മനുഷ്യർ. എല്ലാവർക്കുമറിയാം അതു മോഡലാണ്. പറയുന്നതു കോപ്പിറൈറ്റർ എഴുതിക്കൊടുത്ത ഡയലോഗാണു. ഈ അഭ്യാസം സാധനം വിൽക്കാൻ വേണ്ടിയാണു എന്നൊക്കെ. എന്നാലും അതു സത്യമായി വിശ്വസിച്ച് ആ സാധനം പോയി വാങ്ങും. ഇവരെയൊക്കെ ബുദ്ധിയുള്ള മൃഗങ്ങൾ എന്നുപോലും വിളിക്കാൻ പറ്റുമോ?

മോൺസ്റ്റേഴ്സ്

കുട്ടികളെ സ്വതന്ത്രരായി ജീവിക്കാൻ അനുവദിക്കണം എന്നു ആഹ്വാനം ചെയ്യുന്ന വ്യക്തികളും സംഘടനകളും അവർക്ക് ചെലവിനു കൊടുക്കുമോ? മദ്ധ്യവർഗ്ഗസമൂഹത്തിലെ കുട്ടികളെ ഉന്നി  അവരുടെ ‘അവകാശത്തിനു’ വേണ്ടി പോരാടുന്നവരോടാണു ചോദ്യം. പാവപ്പെട്ടവരുടെ കുട്ടികളെപ്പറ്റി, അവർ പീഡിപ്പിക്കപ്പെടുന്നതുവരെ ഈ ആക്റ്റിവിസ്റ്റുകൾക്ക് ഒരു ബേജാറുമില്ല. പീഡനമുണ്ടായാലല്ലേ എന്തേലും പ്രയോജനമുണ്ടാകു.

കുട്ടികളുടെ അവകാശത്തെപ്പറ്റി പറയുന്നവർ കുട്ടികൾക്കെന്തെങ്കിലും ഉത്തരവാദിത്തമുണ്ടോ എന്നു ആലോചിക്കാറുണ്ടോ? പശുവും, പന്നിയും, കാക്കയും, പൂച്ചയും പോലെ കണ്ണുവിരിഞ്ഞാൽ ഇരതേടാൻ കഴിയുന്നവരല്ല മനുഷ്യക്കുട്ടികൾ. ആരെങ്കിലുമൊക്കെ പാലും ചോറും കൊടുത്തുവളർത്തിയാലേ അവ അവകാശമുള്ളജീവിയായി വളരൂ. പെറ്റുകഴിഞ്ഞാലുടൻ കുട്ടികളെ വളർത്തുന്നതു ഈ സംഘടനകളും സർക്കാരുമാണെങ്കിൽ ഒ.കെ. മനുഷ്യക്കുട്ടികളുടെ കാര്യമങ്ങനെയല്ലല്ലോ...

തള്ളപെറ്റ്, തന്തയും തള്ളയുംകൂടി വളർത്തുന്ന ഒരു സംവിധാനമാണു പൊതുവിലുള്ളതു. ഇങ്ങനെയുള്ള ആ ചെറിയ സമൂഹത്തിനു കുടുംബമെന്നു പേരുണ്ട്. അവിടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൊതുവായി കുടുംബത്തിനു വേണ്ടിയുള്ളതാണു. കുടുംബത്തിൽ പണ്ട് അമ്മയുടേയോ, അച്ഛന്റെയോ മുൻ‌തലമുറ കൂടി ഉണ്ടായിരുന്നു. അവർ ഒരു ശല്യമാണെന്നും, കുട്ടികളുടെ ഉന്നതിക്ക് തടസമാണെന്നും പറഞ്ഞ് മിക്കവരും അവരെ ഒഴിവാക്കി. താനും, ഇണയും, കുഞ്ഞുങ്ങളുമാണെങ്കിൽ ഒരുപാട് സ്നേഹമുണ്ടാകുമെന്നും മൂലധനം മൊത്തമായും കുഞ്ഞുങ്ങളുടെ അഭ്യുന്നതിക്ക് ഉപയോഗിക്കാമെന്നു പറഞ്ഞാണു ‘ഷെർലി‘യേയും, ‘ഷിബു’വിനേയും ആക്രിസദനങ്ങളിൽ കൊണ്ടുപോയി തള്ളിയതു. എന്നിട്ട് സ്നേഹം കൂടിയോ?

ഇന്നത്തെ കൂട്ടികൾക്കുള്ള ഉചിതമായ പേർ വി.കെ.എൻ പറഞ്ഞ മോൺസ്റ്റർ ആണു. കുടുംബത്തിലെ കാരണവർ താനാണെന്നാണു ആ ജീവിയുടെ വിചാരം. ടിവിയിലെ പരസ്യങ്ങൾ നോക്കി മോൺസ്റ്റർ തന്റെ ഭക്ഷണം നിശ്ചയിക്കും. വസ്ത്രം, കളിപ്പാട്ടങ്ങൾ, വിദ്യാഭ്യാസം, ഔട്ടിങ്ങ് തുടങ്ങി എന്തിലും ഈ ജീവി അങ്ങനെ അഭിപ്രായം രൂപീകരിച്ചുവെച്ചിരിക്കും. അതു അന്തിമമായിരിക്കണമെന്നും അവറ്റകൾക്ക് വാശിയുണ്ട്. അച്ഛനും അമ്മയും ഓൽഡാണു. അതുകൊണ്ട് മണ്ടത്തരമേ പറയു എന്നാണു ഇവറ്റകൾ വിചാരിക്കുന്നതു. ഇങ്ങനെയല്ലാത്ത കുട്ടികളെ മണ്ടന്മാരായാണു പൊതുവിൽ കരുതുന്നതു. തന്റെ ആഗ്രഹം നടന്നില്ലെങ്കിൽ ഉടൻ പിശാചിന്റെ ഭാവം മാറും. നീയും നിന്റെ കെട്ടിയോളും കൂടി സുഖിച്ചതിനു ഞാൻ അനുഭവിക്കണോ എന്നഭാവമാണു പിന്നെ.

വീട്ടിലാരെങ്കിലും വന്നാൽ ഇവറ്റകൾ മൈൻഡുചെയ്യില്ല. വിളിച്ചാൽ പെട്ടെന്നൊന്നു വന്നു ഹായ് പറഞ്ഞുമറയും. അച്ഛന്റെയോ അമ്മയുടേയോ ബന്ധുത്വങ്ങളോ, സൌഹൃദമോ ഇവർ വിലമതിക്കുകയോ ആദരിക്കുകയോ ചെയ്യുന്നില്ല. എന്നു മാത്രമല്ല അതിന്റെ പേരിൽ തങ്ങളുടെ സ്വകാര്യതയ്ക്ക് ഭംഗംവരുത്തിയാൽ ഈർഷ്യകാണിക്കുകയും ചെയ്യും. ബന്ധുവീടുകളിലും മറ്റും പോകുന്നതു ഇവറ്റക്ക് ഇഷ്ടമല്ല. താനും സുഹൃത്തുക്കളുമുൾപ്പെടുന്ന ലോകമാണു ഇവർക്ക് കുടുംബത്തേക്കാൾ വലുതു. തങ്ങളുടെ  സൌഹൃദങ്ങളും കൂട്ടായ്മയും തന്തയും തള്ളയും അംഗീകരിച്ചുകൊള്ളണമെന്നും നിർബ്ബന്ധമുണ്ട്.

വൈകാരിതയൊക്കെ അവറ്റകളുടെ ഇഷ്ടത്തിനു നടക്കട്ടെ എന്നു വയ്ക്കാം. എന്നാൽ നാലുനേരാം മൂക്കുമുട്ടെ തിന്നുന്നതല്ലെ. അതിനു എന്തെങ്കിലും പണി വീട്ടിലെടുക്കുമോ? പാചകത്തിലോ, തുണിയലക്കി വിരിക്കാനോ കാറുകഴുകാനോ, മുറി അടിച്ചുവാരാനോ ഒന്നും സഹായിക്കാൻ അവർക്ക് താല്പര്യമില്ല. അതൊന്നും അവരുടെ പ്രോട്ടോകോളുകളിൽ പെടുന്നില്ല എന്നാണു ഭാവം. അതൊക്കെ സ്വയമോ ആരേയെങ്കിലും വച്ചോ ചെയ്യിച്ചോട്ടെ എന്നവർ വിചാരിക്കുന്നു. വീട്ടിൽ താമസിക്കുമ്പോൾ ഒരു പേയിങ് ഗസ്റ്റിന്റെ മര്യാദപോലും അവർക്കില്ല. ഇതിന്റെ ചമ്മൽ തിർക്കാനാണു അവറ്റയേ ഒക്കെ ഷോകളിൽ കെട്ടി എഴുന്നെള്ളിക്കുന്നതും  ഉന്നതവിദ്യാഭ്യാസത്തിനു ചെലവ് കൊടുത്തുവിടുന്നതും.

തനിച്ചുകഴിയുന്ന അമ്മയച്ഛന്മാർ, സ്നേഹവും കരുതലുമില്ലാത്ത സഹോദരർ, അപരിചിതരായ ബന്ധുക്കൾ.... കേരളീയ സമൂഹം ഇന്നൊരു താളടർന്ന പുസ്തകമാണു.

പി.കുഞ്ഞിരാമൻ നായർ

ഇന്നലെ(മേയ് 27)യായിരുന്നു കവി പി.കുഞ്ഞിരാമൻ നായരുടെ ചരമദിനം. മറ്റൊരു കവിയുടെ ജന്മനാളായിരുന്നതു കൊണ്ട് കൈരളി ഭക്തന്മാർ ആരും അതോർത്തില്ലെന്നു തോന്നുന്നു. പി.കുഞ്ഞിരാമൻ നായർക്ക് ഇനി ഒരു ചരമഗീതം എഴുതിയിട്ട് എന്തു കാര്യം? ജീവിച്ചിരിക്കുന്ന കവിയെ സേവപിടിച്ചാൽ നേടാൻ ഏറെയുണ്ടാകും.

കവിയെപ്പറ്റി പറയാൻ അനേകം കഥകൾ ഉണ്ടാകും. ദില്ലിയിൽ പുതിയ സർക്കാർ വന്ന പശ്ചാത്തലത്തിൽ കവിയും കമലാപതി ത്രിപാഠിയുമായി ബന്ധപ്പെട്ട ഒരു കഥപറയാം. ഒരിടത്തും ഉറച്ചു നിൽക്കുന്ന ശീലം കവിക്കില്ലായിരുന്നു. യാത്രതന്നെ, യാത്ര. കയ്യിൽ കാശും കാണില്ല. കയ്യിലുള്ളതെല്ലാം അപ്പപ്പോൾ ചെലവാക്കുന്ന ശീലമായിരുന്നു പിയ്ക്ക്. അതു കൊണ്ട് ഇരന്നു മേടിച്ചു പോകണ്ട ഗതികേടാണു മിക്കപ്പോഴും. അങ്ങനെയിരിക്കുമ്പോൾ ആരോ ചോദിച്ചു ട്രാൻസ്പോർട്ട് ബസ്സിൽ സഞ്ചരിക്കാൻ ഒരു പാസ്സ് സംഘടിപ്പിച്ചു കൂടേ എന്നു. അതൊരു നല്ല ആശയമാണെന്നു കവിക്കും തോന്നി. യാത്ര നടന്നു കിട്ടിയാൽ പിന്നെ ആഹാരം അന്വേഷിച്ചാൽ മതിയല്ലോ. കവിയേക്കണ്ടാൽ ഭക്ഷണം മേടിച്ചു കൊടുക്കാൻ ആരും മടിക്കുകയില്ല.
അക്കാലത്തു എം.എൻ.ഗോവിന്ദൻ നായരാണു ട്രാൻസ്പോർട്ട് മന്ത്രി. കവി നേരെ മന്ത്രിയെ ചെന്നു കണ്ട് കാര്യം പറഞ്ഞു. യാത്രയോടും സൌന്ദര്യത്തോടും കവിയ്ക്കുള്ള ഭ്രമമറിയാവുന്ന എം.എൻ അതിനൊരു വഴി ആലോചിച്ചു. അപ്പോഴാണു ട്രാസ്പോർട്ട് കൺസൾട്ടേറ്റീവ് കമ്മിറ്റിയിലേക്ക് ആളെ നോമിനേറ്റു ചെയ്യാനുള്ള കുറിപ്പടങ്ങിയ ഫയൽ മന്ത്രിയുടെ മുന്നിലെത്തുന്നതു. എം.എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വന്നു. പട്ടികനോക്കി. ഒരു അന്തിപ്പത്രത്തിന്റെ പത്രാധിപരുടെ പേരുണ്ടതിൽ.വെട്ടി അവിടെ കവിയുടെ പേരെഴുതി ‘പി.കുഞ്ഞിരാമൻ നായർ, അജാനൂർ, കാസർഗോഡ്’. ഫയൽ ഉത്തരവായിറങ്ങാൻ അധികം താമസമുണ്ടായില്ല. കവിയുടെ മടക്കയാത്ര സർക്കാർ ബസ്സിൽ  സൌജന്യമായാണെന്നു പറയേണ്ടല്ലോ.
ബസ്സിൽ സൌജന്യപാസ്സ് കിട്ടിയപ്പോൾ കവിയ്ക്കു ഒരു മോഹം. അത്തരമൊരെണ്ണം തീവണ്ടിയിൽ കിട്ടിയാൽ ഇന്ത്യ ചുറ്റിനടന്നു കാണാമല്ലോ! അന്നു വി.കെ.മാധവൻ കുട്ടി ദൽഹിയിലുണ്ട്. മാതൃഭൂമിയുടെ ലേഖകൻ. ഇന്ദിരയിലും, കേന്ദ്രസർക്കാറിലും നല്ല സ്വാധീനമുണ്ട്. കവിയ്ക്കു മാധവൻ കുട്ടിയെ അറിയാം. മാധവൻ കുട്ടി ശ്രമിച്ചാൽ പാസ്സ് ഒപ്പിക്കാൻ കഴിയുമെന്നു വിചാരിച്ച് കവി ദൽഹിയിലെത്തി. വെട്ടിലായതു മാധവൻ കുട്ടിയാണു. ഉഗ്രശാസനനായ കമലാപതി തൃപാഠിയാണു റയിൽ മന്ത്രി. അദ്ദേഹത്തോട് റെക്കമന്റ് ചെയ്യാനുള്ള ആത്മബലമൊന്നും മാധവൻ‌കുട്ടിക്കില്ല. പക്ഷെ അതു കവിയോട് പറയാനും പറ്റില്ല. അതു കൊണ്ട് മന്ത്രി സ്ഥലത്തില്ലാ, കാബിനറ്റ് മീറ്റിങ്ങ് നടക്കുകയാണു, ടൂറിലാണു, ലക്നൌൽ പോയിരിക്കുന്നു എന്നൊക്കെ ഒഴിവുകൾ പറഞ്ഞുകൊണ്ടിരുന്നു. വാങമയ ചിത്രങ്ങൾ വരയ്ക്കുന്ന കവിയ്ക്കുണ്ടോ മാധവൻ‌കുട്ടിയുടെ വാക്കുകളുടെ സ്വാരസ്യം പിടികിട്ടാത്തതു?
കവി നേരെ റയിൽഭവനിലേക്കു നടന്നു. അറിയാവുന്ന ഹിന്ദിയും, ഇംഗ്ലീഷും അതിലധികം സംസ്കൃതവും ഉപയോഗിച്ചു അകത്തു കടന്നുകൂടി. സംസ്കൃതമറിയാവുന്ന ഒരു മദ്രാസിയെക്കണ്ടപ്പോൾ ത്രിപാഠിജിയുടെ സെക്രട്ടറിക്കു കൌതുകം. മന്ത്രിയെക്കാണണം എന്നതല്ലാതെ ആവശ്യം പറയാതെ കവി പറഞ്ഞില്ല. സംസ്കൃതമറിയാവുന്നവനാണെങ്കിൽ പണ്ഡിതനായിരിക്കും. പണ്ഡിതനാണെങ്കിൽ ത്രിപാഠിജിക്ക് ഇഷ്ടപ്പെടുമായിരിക്കുമെന്നൊക്കെ ഓർത്തു സന്ദർശനസമയം കുറിച്ചു കൊടുത്തു. സമയമായപ്പോൾ ഒരാൾ വന്നു വിളിച്ച് അകത്തുകൊണ്ടുപോയി. ത്രിപാഠിജി ചാരിക്കിടക്കുന്നു. കവി ആ ബൃഹത്ത്‌വ്യക്തിത്വത്തെ ആകെയൊന്നു നോക്കിയിട്ട്
-തവ ദർശനം കാശിവിശ്വനാഥദർശന തുല്യം
-നിസ്വോഹം
-നിഭൃതോഹം
എന്നു പറഞ്ഞ് സാഷ്ടാംഗ പ്രണാമം നടത്തി.
കട്ട് ടു ദില്ലി പ്രസ്സ് ക്ലബ്ബ് :
മാധവൻ കുട്ടി കന്റീനിലിരിക്കുന്നു. കവി കടന്നു ചെല്ലുമ്പോൾ പരുന്തു എഴുന്നേറ്റ് വന്നു മുൻ‌കൂറായി പറയുന്നു. “ഇന്നെന്തായാലും ത്രിപാഠിജിയെ കാണാൻ പറ്റില്ല. ബ്രിട്ടീഷ് അംബാസഡർക്ക് മിസിസ്സ് ഗാന്ധി ഒരുക്കുന്ന അത്താഴവിരുന്നിൽ മന്ത്രിക്ക് പങ്കെടുക്കണം.
കവി ഗൂഡമന്ദഹാസം പൊഴിച്ചു. എന്നിട്ട് പോക്കറ്റിൽ നിന്നു ബ്രാസ്സിൽ നിർമ്മിച്ച ഒരു ബാഡ്ജ് എടുത്തുകാണിച്ചു. ഇന്ത്യൻ റയിൽ‌വേയുടെ ഫ്രീപാസ്. മാധവൻ കുട്ടി എത്ര ചോദിച്ചിട്ടും അതെങ്ങെനെ സംഘടിപ്പിച്ചു എന്നു കവിപറഞ്ഞില്ല. എപ്പോ ചോദിച്ചാലും വാ തുറന്നു ഒന്നു ചിരിക്കും. ത്രിപാഠിയെ വീഴ്ത്തിയതു 7 വരികളുള്ള ഒരു സംസ്കൃത ഖണ്ഡമായിരുന്നു. അതിൽ മൂന്നു വരി കുറിച്ചിട്ടുണ്ട്. ബാക്കി നാലെണ്ണം അറിയാവുന്നവർ അതിവിടെ കുറിക്കുമോ?

ലോകപരിസ്ഥിതി ദിനം 2014

എല്ലാക്കൊല്ലവും ജൂൺ 5 ആണു ലോകപരിസ്ഥിതി ദിനം. പരേതാത്മാക്കളെ ഓർമ്മിക്കാനുള്ള ദിവസം പോലെ പരിസ്ഥിതിക്കും ഒരു ദിവസമുണ്ടായതു നന്നായി. ബാക്കി ദിവസം പരിസ്ഥിതിയേപ്പറ്റി ഓർക്കണ്ടല്ലോ. ഇക്കൊല്ലത്തെ പരിസ്ഥിതിദിനം മനോരമ ആഘോഷിച്ചതു സി.എഫ്.എൽ പേടി നട്ടുകൊണ്ടാണു. ഇതൊക്കെ കാണുമ്പോൾ നാട്ടിടകളിലൊക്കെ പറയുന്ന ഒരു ചൊല്ലാണു ഓർമ്മ വരുന്നതു. ചെലകാര്യങ്ങൾ പറയുമ്പോൾ തലേന്നേ പറയേണ്ടെ, എന്നു പഴമക്കാർ ചോദിക്കാറുണ്ട്? ഒരു 5 കൊല്ലം മുൻപ് പറയണ്ടകാര്യമാണു മനോരമ 2 ദിവസം മുൻപ് പറഞ്ഞിരിക്കുന്നതു. അശ്രദ്ധമായി വലിച്ചെറിയുന്ന സി.എഫ്.എല്ലിൽ നിന്നും മണ്ണിലും വെള്ളത്തിലും മെർക്കുറി കലർന്നു മാരകമാകുന്നു.
സൌജന്യമുണ്ടെങ്കിൽ ഏതു പട്ടിക്കാട്ടവും കൂടുതൽ വിലകൊടുത്തു വാങ്ങുന്ന മനോരോഗം ബാധിച്ചവരാണു മലയാളികൾ. മലയാളിയുടെ ഈ രോഗാതുരത മുതലെടുത്താണു CFL കമ്പനികൾ ലാഭം കൊയ്തതു. ആ കച്ചവടമാണിപ്പോൾ വിനയായിരിക്കുന്നു എന്നു മലയാള മനോരമ വിലപിക്കുന്നതു! CFL ഉപയോഗിക്കു. വൈദ്യുതി ലാഭിക്കു, എന്നു വെണ്ടക്കാ നിരത്തി ഈ വിഷവിത്തു പ്രചരിപ്പിക്കുമ്പോൾ മനോരമ അതൊന്നും ഓർത്തില്ലെ? പുതിയൊരു പ്രോഡക്റ്റ് വിപണിയിൽ ഇറങ്ങുമ്പോൾ അതിന്റെ പശ്ചാത്തല അന്വേഷണം നടത്താനുള്ള സംവിധാനമൊന്നുമതിനില്ലെ മനോരമയ്ക്ക്? അതോ ഞാൻ പോസ്റ്റിടുന്നപോലെ മനോധർമ്മം എഴുത്താണോ മനോരമയുടെയും മാദ്ധ്യമപ്രവർത്തനം?
യൂറോപ്പിൽ 2010ൽ പൂർണ്ണനിരോധനം ഏർപ്പെടുത്തിയ ഒരു ഉല്പന്നമാണു CFL. പാരിസ്ഥിതികപ്രശ്നം തന്നെയാണു നിരോധനത്തിനു പിന്നിൽ. തങ്ങളുടെ നാട്ടിലെ ജനതയുടെ ആരോഗ്യത്തിൽ ആശങ്കയുള്ള സർക്കാരുകൾ ഉള്ളതുകൊണ്ട് അവിടൊക്കെ അതു നടക്കുന്നു. നിരോധനം വന്നെന്നു വച്ച് കാശുമുടക്കിയ മുതലാളിക്ക് കമ്പനിയങ്ങ് പൂട്ടിപ്പോകാൻ പറ്റുമോ? അവർ അതിന്റെ പരമാവധി ലാഭമെടുക്കാൻ നോക്കും. അങ്ങനെയാണു അവ ഇന്ത്യപോലുള്ള തരികിട രാജ്യങ്ങളിലേക്ക് വരുന്നതു. കാൽച്ചക്രമെറിഞ്ഞാൽ ഇന്ത്യയിൽ ഭരണം നടത്തുന്ന ഏതു ഉദ്യോഗസ്ഥനും വന്നു കാലുനക്കുമെന്നു അറിയാവുന്നവരാണു കച്ചവടക്കാർ. സാങ്കേതികമായ വലിയ പിടിപാടില്ലാത്തവരായിരിക്കും നമ്മുടെ ജനപ്രതിനിധികളിൽ ഏറെപ്പേരും. അവർക്കും കൊടുക്കും എന്തെങ്കിലും. പുളവൻ കടിച്ച് അത്താഴം മുടങ്ങണ്ടല്ലോ. ഇനി അഥവാ ഈ ജനപ്രതിനിധികൾക്ക് വിദ്യാഭ്യാസമുണ്ടെങ്കിലെന്താ? ജയറാം രമേശിനെപ്പോലെ അപൂർവ്വം ചിലരൊഴികെ ബാക്കിയുള്ളവരൊക്കെ തികഞ്ഞ സ്വാർത്ഥന്മാരും, കൌശലക്കാരുമായിരിക്കും. അതു കൊണ്ടാണു ഇന്ത്യയിൽ CFL കച്ചവടം കൊഴുത്തു തടിച്ചതു. 2010-15 കാലയളവിനുള്ളിൽ സമ്പൂർണ്ണനിരോധനം വരുന്ന ഈ ദുർബ്ബലപ്രകാശ ഉപകരണം ഇന്ത്യയ്ക്ക് വേണ്ടെന്നു പറയാൻ ഇവിടുത്തെ സാങ്കേതിക വിദഗ്ദർക്കോ, ഉദ്യോഗസ്ഥർക്കോ, ജനപ്രതിനിധികൾക്കോ കഴിഞ്ഞില്ല. അതിനുള്ള പരിപ്പ് അവർക്കില്ലായിരുന്നു. അല്ലെങ്കിൽ അവർ CFL കമ്പനിക്കാരുടെ നക്കാപ്പിച്ച വാങ്ങി രാജ്യത്തെ ജനങ്ങളുടെ ആരോഗ്യം ഒറ്റുകൊടുത്തു. ഇവരൊന്നും 7 തലമുറയ്ക്ക് വെള്ളമിറങ്ങി ചാകാൻ പോകുന്നില്ല.

യൂറോപ്പിൽ നിന്നൊക്കെ ആക്രിയായി ഇറക്കിയ പ്ലാന്റുകളിൽ സിംഗപ്പൂരിലും, ചൈനയിലുമൊക്കെ നിർമ്മിക്കുന്ന ചരക്കുകളാണു കറന്റ് ലാഭിക്കുന്ന CFL. നിർമ്മാണച്ചെലവ് 14 രൂപയിൽ താഴെ. വില്പനവില 150 മുതൽ മുകളിലേക്ക്. ചുരുങ്ങിയ കാലം കൊണ്ട് പരമാവധി ലാഭം ഉണ്ടാക്കാനും, കമ്മീഷൻ കൊടുക്കാനും ഈ വിലയിടണം. വില്പന തകൃതിയാക്കാൻ സർക്കാരിന്റെ പദ്ധതി. ഉർജ്ജലാഭവും, കാർബണിക പാരിസ്ഥിതിക പ്രശ്നങ്ങളും എടുത്തുകാട്ടി CFL വാങ്ങാൻ പ്രലോഭനം. ഇപ്പോൾ എല്ലാവർക്കും തൃപ്തിയായിക്കാണുമല്ലോ. അതിനേക്കാൾ മാരകമായ വിന വന്നു ഭവിച്ചല്ലോ. ജനനവൈകല്യത്തോടുകൂടിയ കുട്ടികൾ ഉണ്ടാകുന്നതിനു പിന്നിൽ CFL രസമാണോ എന്നു പരിശോധിക്കേണ്ടതുണ്ട്. യൂറോപ്പിലും, ആസ്ട്രേലിയയിലും CFL കേടായാൽ അതു തിരിച്ചെടുത്തു സംസ്കരിക്കണ്ട ചുമതല അതു വിറ്റ സ്ഥാപനങ്ങൾക്കാണു. ഒരു ഫോൺകോളിൽ അതു നിർവ്വഹിക്കാൻ അവർ ബാദ്ധ്യസ്ഥരാണു. അല്ലെങ്കിൽ നിയമം അവരെ പിടികൂടും. ഇവിടെ ചെയ്യുന്നതോ ഫ്യൂസായ ചരക്കെടുത്തു തോട്ടിലോ, പറമ്പിലോ ഇടും. ജനത്തിനോ പൌരബോധമില്ല. എന്നാൽ അതിന്റെ മാരകത്വം മനസിലാക്കി വേണ്ടനടപടി എടുക്കാനുള്ള വിവേകം സർക്കാരിനെങ്കിലുമുണ്ടാകേണ്ടതല്ലെ? അതെങ്ങനെയുണ്ടാകും. ലുലുമാളിൽ പോയി അർമ്മാദിക്കാൻ വ്യവസായികളുടെ നക്കാപിച്ച മേടിക്കുന്നവരാണല്ലോ അവിടൊക്കെ. അവർക്ക് ജനത്തോട് എന്തു ഉത്തരവാദിത്തം. തന്നോട് തന്നെ ഉത്തരവാദിത്തമില്ലാത്തവരാണു മലയാളികളിൽ ഏറിയകൂറും!
ഈ CFL കൾ ജനത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്നതുപോലെ തന്നെ വൈദ്യുതവിതരണ ശൃംഘലയേയും ബാധിക്കുന്നതാണു. അതിവിടുത്തെ എഞ്ജിനിയറന്മാർക്കറിയില്ലെങ്കിൽ അവർ പഠിച്ചതു എഞ്ജിനിയറിങ്ങാവില്ല. അറിഞ്ഞിട്ടാണു മിണ്ടാതിരിക്കുന്നതെങ്കിൽ അവരെപ്പറ്റി എന്തുപറയാൻ?
വന്നതോ വന്നു. പക്ഷെ ഇതിനൊരു പരിഹാരമുണ്ട്. ഭൂമിയിൽ നിന്നും മെർക്യുറി നീക്കം ചെയ്യാൻ കഴിയും. അതിനുള്ള സാങ്കേതികവിദ്യയുണ്ട്. പാശ്ചാത്യ വ്യവസായികളും അവരുടെ പിണിയാളുകളുമായ ഇന്ത്യാക്കാരും മനസിൽ കണ്ടപ്പോഴെ മരത്തിൽ കണ്ടവരാണു നമ്മുടെ പൂർവ്വികർ. അതു പറഞ്ഞു തരാം. പക്ഷെ ഈ സോഷ്യൽ നെറ്റ്‌വർക്കിലൂടെ ഒന്നും പറ്റില്ല. നേരിട്ടുവരണം. വന്നാൽ പറഞ്ഞുതരും. വെറും പരസ്യം കണ്ടുപോയി ചരക്കുമേടിക്കുന്ന മലയാളി അതിനു ഇങ്ങനെയെങ്കിലും പരിഹാരം ചെയ്യണം. ആവശ്യമുള്ളവർ മുങ്കൂട്ടി അറിയിച്ചിട്ട് വന്നാൽ പരിഹാരം പറഞ്ഞുതരുന്നതായിരിക്കും.

മലയാളിക്കെന്തിനാ മുല്ലപ്പെരിയാർ?

നാല് അണക്കെട്ടുകളുടെ നിയന്ത്രണാവകാശം തമിഴ്നാട് സ്വന്തമാക്കിയപ്പോൾ മലയാളി പതിവ് പണിതുടങ്ങി. അടിയന്തരപ്രമേയം, ഇറങ്ങിപ്പോക്ക്, കുറ്റപ്പെടുത്തൽ, തെറിവിളി, ന്യായീകരണം, സാങ്കേതികത, പഴിചാരൽ, കരച്ചിൽ, പരിഹാസം, കുത്തുവാക്ക്. ഡാം പോയാലും മെയ്യനങ്ങിയുള്ള ഒരു പണിക്കും മലയാളിയെ കിട്ടില്ല. അതു പോയാൽ പോട്ടെ. ചുമ്മാ പ്രതികരിച്ചു കൊണ്ടിരിക്കും. അത്ര തന്നെ.

ഇതിന്റെ യഥാർത്ഥകാരണം മലയാളിയുടെ കഴിവില്ലായ്മയൊന്നുമാണെന്നു തോന്നുന്നില്ല. ലാഭത്തിനു വേണ്ടി ആരെങ്കിലും ചെയ്തതുമാവില്ല. ലാഭമുണ്ടാകണമെങ്കിൽ പണിയെടുക്കണം. അഴിമതിയാണെങ്കിൽ പോലും മെയ്യനങ്ങാതെ ഒന്നുമുണ്ടാവില്ല. അല്ലെങ്കിൽ അതു ചെയ്യുന്നവർ കുടുങ്ങും. ഇങ്ങനെയൊക്കെ സംഭവിക്കുന്നതു മലായാളിയുടെ ഉദാസീനത എന്ന സവിശേഷമായ സ്വഭാവവൈകല്യം കൊണ്ടാണു. മലയാളിക്ക് ഒന്നിനോടും ആത്മാർത്ഥതയില്ല. ഒന്നിനേയും ഗൌരവമായി സമീപിക്കില്ല. എല്ലാം നിസ്സാരമാണു. ഈ നിസ്സാരതയാണു മലയാളിക്ക് സകല നഷ്ടവും ഉണ്ടാക്കുന്നതു. സർക്കാർ തലത്തിൽ മാത്രമല്ല നിത്യജീവിതത്തിലും ഇതു തന്നെ കാണാം.

ബൈക്കോടിച്ച് നടക്കുന്ന ചെത്തുപിള്ളേരെക്കണ്ടിട്ടില്ലെ? ഈ ബൈക്ക് മഴനനയാതെയും വെയിലുകൊള്ളാതെയും അവർ സൂക്ഷിക്കുന്നതു ആരെങ്കിലും കാണാറുണ്ടോ? ഭൂരിപക്ഷവും ചെയ്യാറില്ല. കാണുന്നിടത്തിട്ടിട്ട് പോകും. വെയിലുകൊണ്ടാലെന്തു. മഴനനഞ്ഞാലെന്തു? അതൊന്നു കേടാകട്ടെ. അപ്പോൾ കാണാം താക്കോൽ താഴെയെറിഞ്ഞ് ഒരു അരിശപ്പെടൽ. വാഹനം തന്റെയാണെന്ന ബോധത്തോടെ അതു സംരക്ഷിക്കാതിരുന്നതാണു കുറ്റമെന്നു ഒരു മലയാളി ചെത്തനും സമ്മതിച്ചു തരില്ല. ഇനി ബൈക്കോ കാറോ ഓടിക്കുന്നതു നോക്കിക്കെ. ആവശ്യമുള്ള ഗീയർ വീണില്ലെങ്കിൽ വീഴുന്ന ഗീയറിൽ അരിശപ്പെട്ടൊരു ഓടീരാണു. അല്ലാതെ ഗീയർ ഷിഫ്റ്റിങ്ങിൽ തനിക്കെന്തുപറ്റി എന്നു ആരും അവലോകനം ചെയ്യാറില്ല. എന്നുമാത്രമല്ല ഗീയർ വീഴാത്തതിനു കമ്പനിയേയും മോഡലിനേയും ഒരു കുറ്റമ്പറച്ചിലുണ്ട്. ഇതുമാറ്റി പുതിയ വണ്ടിയെടുക്കണമെന്നൊരു പ്രതിജ്ഞയുണ്ട്. എന്നിട്ട് അങ്ങനെ വല്ലോം ചെയ്യുമോ? എവിടുന്നു. അപ്പോഴത്തെ ജാള്യം മറയ്ക്കാൻ അതു ഡിസൈൻ ചെയ്ത എഞ്ജിനിയറേക്കാൾ കേമനാണ് താനെന്നു ഒന്നു സ്ഥാപിച്ചാൽ മതി മലയാളിക്ക്. വണ്ടി റോഡിൽ ഓടിക്കുമ്പോഴോ? എല്ലാവർക്കും അവരവരുടെ  നിയമമാണു. ഇടതുവശം ചേർത്തു വാഹനമോടിക്കുന്നതോ രാത്രിയിൽ ഡിപ്പർ ഉപയോഗിക്കുന്നതോ അവർക്കിഷ്ടമല്ല. എന്നാൽ എതിരേ വരുന്നവരെ ട്രാഫിക്ക് നിയമം പഠിപ്പിക്കാനുള്ള ശുഷ്കാന്തി അപാരം തന്നെ. അതാണു ഉത്തരവാദിത്തമില്ലാത്ത മലയാളിയുടെ പ്രതികരണ വൈകല്യമെന്ന സൂക്കേട്.

പുതിയ ഒരു ഗൃഹോപകരണം വാങ്ങിച്ചാൽ അതിന്റെ മാനുവൽ വായിച്ചിട്ട് പ്രവർത്തിപ്പിക്കുന്നവർ എത്ര പേരുണ്ട്? ഒരു തേപ്പുപെട്ടിയുടെ മാനുവൽ എങ്കിലും? അതിൽ പറഞ്ഞിരിക്കുന്നതെല്ലാം തങ്ങൾക്ക് ജന്മനാനിശ്ചയമുള്ള കാര്യമാണെന്നാണു മലയാളിയുടെ മനോഭാവം. എന്തെങ്കിലും സംശയമുണ്ടായാൽ അറിവുള്ളവരോട് ചോദിക്കാൻ അഹന്ത സമ്മതിക്കില്ല. തോന്നിയതു പോലെയൊക്കെ പ്രവർത്തിപ്പിക്കും. എന്നിട്ട് കേടാക്കും. അതു ശരിയാകുമോ എന്നു നോക്കാൻ മറ്റൊരു അജ്ഞാനിയോട് അഭിപ്രായം ചോദിക്കും. അവൻ പറയുന്ന മനോധർമ്മം പരീക്ഷിക്കും. യന്ത്രം ആക്രിയാകും. അപ്പോൾ അവൻ പാരവച്ചതാണെന്നു വിചാരിച്ച് അവനു പണികൊടുക്കാൻ നോക്കും. അവൻ പാരവച്ചതൊന്നുമല്ല ചങ്ങാതി. തന്റെ അറിവുകേട് പുറത്തുപറയാൻ നാണക്കേടായതു കൊണ്ട് വെറുതെ ഒരു കാച്ച് കാച്ചിയതാണു. അതു ശാസ്ത്രമാണെന്നു നിങ്ങൾ തെറ്റിദ്ധരിച്ചു. അതാണു പ്രശ്നം. ആദ്യം അതു മനസിലാക്കാൻ ശ്രമിക്കു.

സർക്കാർ തലത്തിലും ഇതൊക്കെ തന്നെയാണു സംഭവിക്കുന്നതു. കോൺഫ്രൻസുകളൊക്കെ വലിയ സംഭവമാണെന്നു നാം പുറമേ പറയും. പക്ഷെ അതിനുവേണ്ടി ആരും തയ്യാറെടുക്കില്ല. എന്നിട്ട് അവിടെപ്പോയി മുക്കിയും മൂളിയും എന്തെങ്കിലുമൊക്കെ പറയും. അറിയാത്തകാര്യമാണെങ്കിൽ ഗൌരവത്തിൽ മിണ്ടാതിരിക്കും. അല്ലെങ്കിൽ രേഖപരിശോധിച്ചു അറിയിക്കാമെന്നു കാച്ചും. ലതിക സാറും അങ്ങനെയേതാണ്ടാണു ചെയ്തതു. ഡാമുകൾ അങ്ങ് ഒഴുകിപ്പോയി. അതു നമ്മുടെ കയ്യിൽ ഇരുന്നിട്ടും കാര്യമില്ലല്ലോ എന്നു വേണമെങ്കിലും ഉദാസീനമായി ചിന്തിച്ചുകാണും. തമിഴൻ ആവശ്യക്കാരനായതു കൊണ്ട് അതുംകൊണ്ട് പോയി. അർഹതയുള്ളവർക്കേ ദൈവം കൊടുക്കു. ആദ്യം മലയാളിക്ക് ഉത്തരവാദിത്തബോധം വരട്ടെ. എന്നിട്ടു നമുക്കാലോചിക്കാം എന്തൊക്കെ വേണമെന്നു.

വധശിക്ഷ ഡോക്ടറന്മാരേ ഏൽ‌പ്പിക്കണം

തൂക്കികൊല ഒരു അപരിഷ്കൃതമായ ശിക്ഷയാണു. ലോകത്ത് വധശിക്ഷ ആദ്യമായി നിർത്തൽ
ചെയ്ത രാജ്യം തിരുവിതാംകൂറായിരുന്നു. അതും ക്രൂരനായ സി.പിയുടെ കാലത്തു.
ലോകം പുരോഗമിക്കുന്തോറും നാം പിന്നാക്കം പോവുകയാണോ? ആധുനികസമൂഹത്തിനു
ഒട്ടും ചേർന്നതല്ല വധശിക്ഷ.

ഇനി വധശിക്ഷ വേണമെന്നുണ്ടെങ്കിൽ അതു നടപ്പാക്കാൻ ആരാച്ചാർ തന്നെ
വേണമെന്നു എന്താണിത്ര നിർബ്ബന്ധം? ആധുനിക രീതികളിലേക്ക് നമുക്കെന്തു
കൊണ്ട് മാറിക്കൂടാ? ആരാച്ചാർക്കു പുറമേ മരണവുമായി നിരന്തരം ബന്ധപ്പെടുന്ന
മറ്റൊരു വിഭാഗം തൊഴിലാളികൾ നമുക്കിടയിലുണ്ട്. ഡോക്ടറന്മാർ. കുറ്റവാളികളെ
മരണത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ അവർക്ക് നിസ്സാരമായി കഴിയും.
രോഗക്കിടക്കയിലെ സാധാരണ മനുഷ്യർ മരണത്തിലേക്ക് കടന്നുപോകുന്നതു നിസംഗരായി
നോക്കി നിൽക്കുന്നവരാണു അവർ. പിന്നെയാണോ കുറ്റവാളികൾ!

ശിക്ഷനടപ്പാക്കുന്നതു അവരുടെ പ്രൊഫഷണൽ ഈഗോയെ ബാധിക്കുമെന്നാണെങ്കിൽ അതു
ശരിയല്ല. ഒരു ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഇല്ലാതെ ഒരാളും മരിച്ചതായി
അംഗീകരിക്കപ്പെടില്ല. ആരാച്ചാർക്കൊപ്പം പരിശോധകനായി എപ്പോഴും ഒരു
ഡോക്ടറുണ്ടായിരിക്കും. അതു ഡോക്ടറന്മാരുടെ അവകാശവും സർക്കാരിന്റെ
നിബന്ധനയുമാണു.

ഒറ്റപ്പെട്ടവരും പ്രാകൃതരുമായ ഒരുകൂട്ടം ആൾക്കാർ ചെയ്യുന്ന പണിയായിരുന്നു
ഇതുവരെ തൂക്കിക്കൊല. ഏഴെട്ടുകൊല്ലം വൈദ്യം പഠിച്ച ഡോക്ടറന്മാർ അതു
ചെയ്യണമെന്നു പറയുമ്പോൾ അതവരുടെ മാന്യതയെ ബാധിക്കില്ലെ എന്നാണെങ്കിൽ അതും
അംഗീകരിക്കാനാവില്ല. മറ്റുപലരും ചെയ്തിരുന്ന തൊഴിലുകൾ ഇന്നു
ഡോക്ടറന്മാരും ചെയ്യുന്നുണ്ട്. ജീവിക്കാൻ ഒരു വരുമാനമൊക്കെ വേണ്ടെ?
അതുകൊണ്ട്, കാതു കുത്താനും, മൂക്കു തുളയ്ക്കാനും ഇന്നു ഡോക്ടറന്മാക്ക്
മടിയില്ല. പണ്ട് ഒസ്സാൻ ചെയ്തിരുന്ന പണിയും ചെയ്യും. പഠിപ്പില്ലാത്ത
പതിച്ചികൾ ചെയ്തിരുന്ന പേറെടുപ്പിനു ഡോക്ടറന്മാർ മത്സരിക്കുകയാണു. വയറ്
ചെത്താനും മുലയൊരുക്കാനും അവർ തയ്യാറാകുന്നു. എല്ലാത്തിനും മുന്തിയ ഫീസും
കിട്ടും. പിന്നെ ഒരു മനുഷ്യനെ കൊല്ലാൻ എന്താ പ്രയാസം? ആരാച്ചാർക്ക്
കൊടുക്കാമെന്നു പറഞ്ഞ 2 ലക്ഷം കിട്ടിയാൽ അവരതു സന്തോഷത്തോടെ ചെയ്തു തരും.

പച്ചയായ മനുഷ്യനെ കൊല്ലുന്നതിൽ ഡോക്ടറന്മാർക്ക്
മനസാക്ഷിക്കുത്തുണ്ടാകുമെന്നാണെ
ങ്കിൽ അതിലും കഴമ്പില്ല. അപകടകരമെന്നു
കൂടിന്റെ പുറത്തു തന്നെ എഴുതിവച്ചിട്ടുള്ള മരുന്നുകൾ നിർദ്ദാക്ഷിണ്യം
നിർദ്ദേശിക്കുന്നവരാണു ഡോക്ടറന്മാർ. അതുപയോഗിച്ച് രോഗികൾ മരിച്ചുപോയാലും
അവർക്ക് പശ്ചാത്താപമുണ്ടാകാറില്ലല്ലോ. അതുപോലെ തന്നെ
മരിക്കുമെന്നുറപ്പുള്ളപ്പോൾ നടത്തുന്ന മെഡിക്കൽ മാനേജുമെന്റുകൾ. ആശുപത്രി
ഉടമയ്ക്ക് പണമുണ്ടാക്കാനാണെന്ന ഒരൊറ്റക്കാരണം കൊണ്ടാണു ഡോക്ടറന്മാർ അതിനു
വഴങ്ങുന്നതു. അപ്പോഴൊന്നുമില്ലാത്ത മന:സാക്ഷി വധശിക്ഷ നടപ്പാക്കുമ്പോൾ
എവിടെ നിന്നു വരും? ഒന്നുമില്ലെങ്കിലും, വധശിക്ഷ കോടതിയുടെ തീരുമാനവും
സർക്കാരിന്റെ നടപ്പാക്കലുമല്ലെ? അതായതു തീർത്തും ഭരണഘടനാനുസൃതം!

പലപ്പോഴും വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നവർ മരണം ആഗ്രഹിക്കുന്നവരാണു.
ഭൂരിഭാഗം ക്രൈമുകളും അന്നേരത്തെ ആവേശത്തിൽ ചെയ്തുപോകുന്നതാണു. ആ
തെറ്റുകളിൽ അവർക്ക് മനം നോവുന്നുണ്ടാകും. പിന്നെ മരിച്ചാൽ മതിയെന്നാകും
പലർക്കും. അവർക്ക് മാന്യമായ ഒരു മരണം നൽകാൻ ഭരണകൂടങ്ങൾക്ക്
ബാദ്ധ്യതയുണ്ട്. അതിനു ആശുപത്രികൾ പോലെ ഉചിതമായ മറ്റൊരു സ്ഥാപനമില്ല.
ഡോക്റ്ററന്മാരെപ്പോലെ ശാസ്ത്രീയമായി കൊല്ലാൻ പഠിച്ച മറ്റൊരുവർഗ്ഗവുമില്ല.
വധശിക്ഷ അവരെ തന്നെ ഏൽ‌പ്പിക്കണം. മാന്യമായ ഫീസുകൊടുത്തു. എല്ലാവർക്കും
അതിനു അനുമതി കൊടുക്കണ്ട. അപേക്ഷ ക്ഷണിച്ച്. ചരിത്രം പരിശോധിച്ചു ഏറ്റവും
ഭംഗിയായി മരണമൊരുക്കാൻ കഴിയുന്ന ഡോക്ടറന്മാരെ ആരാച്ചാരന്മാരായി ചാർട്ടേഡ്
ഡോക്ടറന്മാരെ തിരഞ്ഞെടുക്കണം. ആവശ്യമുള്ളപ്പോൾ അവരെ വിളിച്ചാൽ മതിയാകും.
ഇത്രയധികം ആശുപത്രികൾ ലാഭത്തിൽ പ്രവർത്തിക്കുന്ന കേരളത്തിൽ അത്തരം
ഡോക്ടറന്മാരെ കണ്ടെത്താൻ ഒരു പ്രയാസവും വരികയില്ല.

കൂലിപ്പണിക്കാർ

കൂലിപ്പണിക്ക് ഒരാളെ വിളിച്ചാൽ അവനെപ്പറ്റി ഏറെ പരാതിയുള്ളതു സർക്കാർ ഉദ്യോഗസ്ഥർക്കും മാഷുമ്മാർക്കുമാണു. അവൻ രാവിലെ എട്ടുമണിക്കെത്തിയില്ലെങ്കിൽ അവർക്ക് അസ്വസ്ഥതയായി. ‘പണിക്ക് വിളിച്ചാൽ സമയത്തിനൊന്നും വരത്തില്ല’ എന്നാണു കമന്റ്. ഈ പറയുന്ന വിദ്വാന്മാർ എത്രമണിക്കാണു ഓഫീസിലും പള്ളിക്കുടത്തിലുമൊക്കെ എത്തുന്നതെന്നു ആലോചിക്കാറുണ്ടോ? ആപ്പിസിലെത്തിയാലോ.... ജീവിതപ്രശ്നം പരിഹരിക്കാനുള്ളവർ കാത്തുനിൽക്കുകയാണു. അവരെ ഒന്നു ശ്രദ്ധിക്കുകപോലും ചെയ്യാതെ നേരെ കയറിപ്പോകും. സിനിമ, സീര്യൽ, രാഷ്ട്രീയം, പെൺ‌വാണിഭം. ഇതൊക്കെ സഹപ്രവർത്തകരോട് ചർച്ചചെയ്തു അപ്ഡേറ്റാക്കിയിട്ടേ സീറ്റിൽ വന്നിരിക്കു. ‘പണവും പാരിതോഷികവും കൊടുക്കുകയോ വാങ്ങുകയോ ചെയ്യുന്നതു ശിക്ഷാർഹമാണു’ എന്ന ബോർഡിലേക്ക് നോക്കുമ്പോഴാണു ചിലരെ പെട്ടെന്നു ഓർമ്മ വരുന്നതു. പിന്നെ അവരുടെ ഫയൽ എടുത്തുവച്ച് പണിതുടങ്ങും. അന്നത്തേക്ക് ഏതൊ ഒരിരയെ മനസിൽ കണ്ട് ഒരു ഫുൾബോട്ടിലോ, പട്ടുസാരിയോ, KSFE യിലെ അടവോ, കാർ വായ്പയുടെ ഗഡുവോ ഒക്കെ സ്മരിച്ച് ധ്യാനാത്മകമായി പണിതുടങ്ങുന്നു. ഇതിനിടയിലെങ്ങാനും സാധാരണപൌരൻ ഇടപെട്ടാൽ അവനെ റൂളും ചട്ടവും പറഞ്ഞ് വിരട്ടും.

ഇവരാണു കൂലിപ്പണിക്കാരന്റെ പണിക്കുറ്റം പറയുന്നതു. അവൻ പണിചെയ്തതു ശരിയായില്ല. കണ്ടില്ലെ, കോഴി ചപ്പുമാന്തിയതുപോലെയാണു സ്ഥലം കിളച്ചിട്ടിരിക്കുന്നതു. ഇവനെന്താ കൂന്താലിക്കുപകരം ഇടയിളക്ക് തൂമ്പയാണോ ഉപയോഗിക്കുന്നതു? എന്നിങ്ങനെയാണു എക്സിക്യൂട്ടീവിന്റെ കലിപ്പ്.

എന്റെ സാറെ, അവൻ അതു ചെയ്യുന്നതു തന്നെ അധികം! അവനു ഒരു ദിവസത്തെ കൂലി 600 രൂപയേയുള്ളു. മിക്കവർക്കും നിങ്ങൾക്ക് ജോലികിട്ടാനുള്ള അതേ വിദ്യാഭ്യാസം, +2 ഉണ്ട്. ചിലർക്ക് ചിലപ്പോൾ അതിലധികവും കാണും. തലതിരിവു കൊണ്ടോ, നിങ്ങളെപ്പോലെ കാശുകൊടുത്തു കോച്ചിങ്സെന്ററിൽ പോകാൻ കഴിവില്ലാത്തതു കൊണ്ടോ ആണു അവനു തൂമ്പയെടുക്കേണ്ടി വന്നതു. നിങ്ങൾ 10470-26870 സ്കെയിലിൽ 73% ഡി.എയും ചേർത്തു ശമ്പളം മേടിക്കുമ്പോൾ അവനു ഒരുമാസം ജോലി ചെയ്താൽ കിട്ടുന്നതു 18000 ഊഭാ! അതേസമയം നിങ്ങൾ ഒരു പണിയുമെടുത്തില്ലെങ്കിൽ പോലും കിട്ടും മാസം 20000. പണിയില്ലാത്ത ദിവസം അവനു കൂലിയില്ല. പക്ഷെ 4 ഞായറും, ഒരു രണ്ടാംശനിയും ചേർത്താണു നിങ്ങൾ കൂലിവാങ്ങുന്നതു. അതുകൂടി കണക്കിലെടുത്താൽ നിങ്ങൾ 30 ദിവസത്തിനു 35 ദിവസത്തേ ശമ്പളമാണു വാങ്ങിക്കുന്നതു. അപ്പോൾ അവനുമായുള്ള വ്യത്യാസം പിന്നെയും വർദ്ധിക്കും. ആ തോതിൽ അവനു കിട്ടുന്നതു വെറും15000.

കൂലിപ്പണിക്കാരനു പനിപിടിച്ചാൽ അവന്റെ കുടുംബം പട്ടിണിയിലാകു, ഒരു കടലാസെഴുതിത്തന്നാൽ ആരെങ്കിലും അവനു അവധിയും ശമ്പളവും കൊടുക്കുമോ? പക്ഷെ നിങ്ങൾക്ക് കിട്ടും. അവന്റെ ചികിത്സയുടെ ചെലവു അവൻ തനിയെ കയ്യിൽ നിന്നുണ്ടാക്കണം. നിങ്ങൾക്ക് പനിവന്നാൽ അതുമൊരു വരുമാനമാണു. മെഡിക്കൽ ബില്ലുകൊടുത്താൽ പണം സർക്കാർ തരും. നല്ല വിദ്വാന്മാരാണെങ്കിൽ പലചരക്കു വാങ്ങിയിട്ടുപോലും മെഡിക്കൽ റീ-ഇമ്പേഴ്സ്മെന്റ് സംഘടിപ്പിക്കും. തിരുവനന്തപുരത്തൊക്കെ അതിനു പറ്റിയ മെഡിക്കൽ സ്റ്റോറും പലചരക്കുകടയും ചേർന്ന കടകൾ ഉണ്ട്. അവർക്കൊക്കെ അവിടെയാണു പറ്റ്!

കൂടുതലൊന്നും പറയുന്നില്ല. ശേഷം ചിന്ത്യം. അവനേപ്പോലുള്ള സാധാരണക്കാർ എഴുതി സമർപ്പിക്കുന്ന അപേക്ഷകളിലാണു നിങ്ങൾ അപ്പിയിട്ട് അടയിരിക്കുന്നതെന്നു മറക്കരുതു. മാസാമാസം ശമ്പളം മേടിക്കുമ്പോഴെങ്കിലും അവനെയൊന്നു ഓർക്കണം. അവന്റെ കാര്യം ആദ്യം ചെയ്തു കൊടുക്കണം. കാരണം അവന്റെ വിയർപ്പിന്റെ മണമുള്ള നോട്ടാണു നിങ്ങൾ മാസാദ്യങ്ങളിൽ ATM കൌണ്ടറുകളിൽ നിന്നും വലിച്ചെടുക്കുന്നതു. നിങ്ങൾ ഇല്ലെങ്കിലും ഈ നാടിനൊന്നും സംഭവിക്കാൻ പോകുന്നില്ല സാറന്മാരെ. പക്ഷെ അവർ കോഴിചിക്കുന്നപോലെങ്കിലും ചിക്കിയില്ലെങ്കിൽ നിങ്ങൾക്കും എനിക്കും വിശക്കും. ചിലപ്പോൾ നാറുകയും ചെയ്യും. ചത്തിട്ട് കുഴിച്ചിടാൻ ഒരു കുഴിമാന്താനെങ്കിലും നിങ്ങൾക്ക് കഴിവുണ്ടോ ‘ജീവിതം രണ്ടറ്റം മുട്ടിക്കാൻ പെടാപ്പാടു പെടുന്ന’ സർക്കാർ ഉദ്യോഗസ്ഥർക്ക്?
Photo: കൂലിപ്പണിക്ക് ഒരാളെ വിളിച്ചാൽ അവനെപ്പറ്റി ഏറെ പരാതിയുള്ളതു സർക്കാർ ഉദ്യോഗസ്ഥർക്കും മാഷുമ്മാർക്കുമാണു. അവൻ രാവിലെ എട്ടുമണിക്കെത്തിയില്ലെങ്കിൽ അവർക്ക് അസ്വസ്ഥതയായി. ‘പണിക്ക് വിളിച്ചാൽ സമയത്തിനൊന്നും വരത്തില്ല’ എന്നാണു കമന്റ്. ഈ പറയുന്ന വിദ്വാന്മാർ എത്രമണിക്കാണു ഓഫീസിലും പള്ളിക്കുടത്തിലുമൊക്കെ എത്തുന്നതെന്നു ആലോചിക്കാറുണ്ടോ? ആപ്പിസിലെത്തിയാലോ.... ജീവിതപ്രശ്നം പരിഹരിക്കാനുള്ളവർ കാത്തുനിൽക്കുകയാണു. അവരെ ഒന്നു ശ്രദ്ധിക്കുകപോലും ചെയ്യാതെ നേരെ കയറിപ്പോകും. സിനിമ, സീര്യൽ, രാഷ്ട്രീയം, പെൺ‌വാണിഭം. ഇതൊക്കെ സഹപ്രവർത്തകരോട് ചർച്ചചെയ്തു അപ്ഡേറ്റാക്കിയിട്ടേ സീറ്റിൽ വന്നിരിക്കു. ‘പണവും പാരിതോഷികവും കൊടുക്കുകയോ വാങ്ങുകയോ ചെയ്യുന്നതു ശിക്ഷാർഹമാണു’ എന്ന ബോർഡിലേക്ക് നോക്കുമ്പോഴാണു ചിലരെ പെട്ടെന്നു ഓർമ്മ വരുന്നതു. പിന്നെ അവരുടെ ഫയൽ എടുത്തുവച്ച് പണിതുടങ്ങും. അന്നത്തേക്ക് ഏതൊ ഒരിരയെ മനസിൽ കണ്ട് ഒരു ഫുൾബോട്ടിലോ, പട്ടുസാരിയോ, KSFE യിലെ അടവോ, കാർ വായ്പയുടെ ഗഡുവോ ഒക്കെ സ്മരിച്ച് ധ്യാനാത്മകമായി പണിതുടങ്ങുന്നു. ഇതിനിടയിലെങ്ങാനും സാധാരണപൌരൻ ഇടപെട്ടാൽ അവനെ റൂളും ചട്ടവും പറഞ്ഞ് വിരട്ടും. 

ഇവരാണു കൂലിപ്പണിക്കാരന്റെ പണിക്കുറ്റം പറയുന്നതു. അവൻ പണിചെയ്തതു ശരിയായില്ല. കണ്ടില്ലെ, കോഴി ചപ്പുമാന്തിയതുപോലെയാണു സ്ഥലം കിളച്ചിട്ടിരിക്കുന്നതു. ഇവനെന്താ കൂന്താലിക്കുപകരം ഇടയിളക്ക് തൂമ്പയാണോ ഉപയോഗിക്കുന്നതു? എന്നിങ്ങനെയാണു എക്സിക്യൂട്ടീവിന്റെ കലിപ്പ്. 

എന്റെ സാറെ, അവൻ അതു ചെയ്യുന്നതു തന്നെ അധികം! അവനു ഒരു ദിവസത്തെ കൂലി 600 രൂപയേയുള്ളു. മിക്കവർക്കും നിങ്ങൾക്ക് ജോലികിട്ടാനുള്ള അതേ വിദ്യാഭ്യാസം, +2 ഉണ്ട്. ചിലർക്ക് ചിലപ്പോൾ അതിലധികവും കാണും. തലതിരിവു കൊണ്ടോ, നിങ്ങളെപ്പോലെ കാശുകൊടുത്തു കോച്ചിങ്സെന്ററിൽ പോകാൻ കഴിവില്ലാത്തതു കൊണ്ടോ ആണു അവനു തൂമ്പയെടുക്കേണ്ടി വന്നതു. നിങ്ങൾ 10470-26870 സ്കെയിലിൽ 73% ഡി.എയും ചേർത്തു ശമ്പളം മേടിക്കുമ്പോൾ അവനു ഒരുമാസം ജോലി ചെയ്താൽ കിട്ടുന്നതു 18000 ഊഭാ! അതേസമയം നിങ്ങൾ ഒരു പണിയുമെടുത്തില്ലെങ്കിൽ പോലും കിട്ടും മാസം 20000. പണിയില്ലാത്ത ദിവസം അവനു കൂലിയില്ല. പക്ഷെ 4 ഞായറും, ഒരു രണ്ടാംശനിയും ചേർത്താണു നിങ്ങൾ കൂലിവാങ്ങുന്നതു. അതുകൂടി കണക്കിലെടുത്താൽ നിങ്ങൾ 30 ദിവസത്തിനു 35 ദിവസത്തേ ശമ്പളമാണു വാങ്ങിക്കുന്നതു. അപ്പോൾ അവനുമായുള്ള വ്യത്യാസം പിന്നെയും വർദ്ധിക്കും. ആ തോതിൽ അവനു കിട്ടുന്നതു വെറും15000.

കൂലിപ്പണിക്കാരനു പനിപിടിച്ചാൽ അവന്റെ കുടുംബം പട്ടിണിയിലാകു, ഒരു കടലാസെഴുതിത്തന്നാൽ ആരെങ്കിലും അവനു അവധിയും ശമ്പളവും കൊടുക്കുമോ? പക്ഷെ നിങ്ങൾക്ക് കിട്ടും. അവന്റെ ചികിത്സയുടെ ചെലവു അവൻ തനിയെ കയ്യിൽ നിന്നുണ്ടാക്കണം. നിങ്ങൾക്ക് പനിവന്നാൽ അതുമൊരു വരുമാനമാണു. മെഡിക്കൽ ബില്ലുകൊടുത്താൽ പണം സർക്കാർ തരും. നല്ല വിദ്വാന്മാരാണെങ്കിൽ പലചരക്കു വാങ്ങിയിട്ടുപോലും മെഡിക്കൽ റീ-ഇമ്പേഴ്സ്മെന്റ് സംഘടിപ്പിക്കും. തിരുവനന്തപുരത്തൊക്കെ അതിനു പറ്റിയ മെഡിക്കൽ സ്റ്റോറും പലചരക്കുകടയും ചേർന്ന കടകൾ ഉണ്ട്. അവർക്കൊക്കെ അവിടെയാണു പറ്റ്!

കൂടുതലൊന്നും പറയുന്നില്ല. ശേഷം ചിന്ത്യം. അവനേപ്പോലുള്ള സാധാരണക്കാർ എഴുതി സമർപ്പിക്കുന്ന അപേക്ഷകളിലാണു നിങ്ങൾ അപ്പിയിട്ട് അടയിരിക്കുന്നതെന്നു മറക്കരുതു. മാസാമാസം ശമ്പളം മേടിക്കുമ്പോഴെങ്കിലും അവനെയൊന്നു ഓർക്കണം. അവന്റെ കാര്യം ആദ്യം ചെയ്തു കൊടുക്കണം. കാരണം അവന്റെ വിയർപ്പിന്റെ മണമുള്ള നോട്ടാണു നിങ്ങൾ മാസാദ്യങ്ങളിൽ ATM കൌണ്ടറുകളിൽ നിന്നും വലിച്ചെടുക്കുന്നതു. നിങ്ങൾ ഇല്ലെങ്കിലും ഈ നാടിനൊന്നും സംഭവിക്കാൻ പോകുന്നില്ല സാറന്മാരെ. പക്ഷെ അവർ കോഴിചിക്കുന്നപോലെങ്കിലും ചിക്കിയില്ലെങ്കിൽ നിങ്ങൾക്കും എനിക്കും വിശക്കും. ചിലപ്പോൾ നാറുകയും ചെയ്യും. ചത്തിട്ട് കുഴിച്ചിടാൻ ഒരു കുഴിമാന്താനെങ്കിലും നിങ്ങൾക്ക് കഴിവുണ്ടോ ‘ജീവിതം രണ്ടറ്റം മുട്ടിക്കാൻ പെടാപ്പാടു പെടുന്ന’ സർക്കാർ ഉദ്യോഗസ്ഥർക്ക്?