Thursday, August 7, 2014

ഗീതപഠിച്ചാലെന്താ?

ഗീതപഠിച്ചാൽ സമൂഹം മാറിപ്പോകുമെന്നു ആരാണു നിങ്ങളെ പേടിപ്പിച്ചതു? അല്ല. അത്ര വശീകരണശക്തി ആ പുസ്തകത്തിനുണ്ടെങ്കിൽ അതൊന്നു വായിച്ചു നോക്കണ്ടെ? ഒരു പുസ്തകം തമസ്കരിക്കണമെന്നു പറയുന്നതു ഫനാറ്റിസമാണു. വ്യാസന്റെ ആവിഷ്കാരസ്വാതന്ത്ര്യത്തിനുമേൽ ഉള്ള കടന്നു കയറ്റുമാണു. ‘5000 കൊല്ലത്തിനുമുൻപുള്ള അവശിഷ്ടം’ എന്നൊക്കെ പറയുന്നവർ അതൊന്നു വായിച്ചു നോക്കാൻ ശ്രമിക്കണം. എങ്കിലെ അതിനെ സമർത്ഥമായി ഖണ്ഡിക്കാനാവു. വിമർശകർക്ക് അതിൽ നിന്നു ആകെകിട്ടിയിട്ടുള്ളതു ‘ചാതുർവർണ്ണ്യം’ എന്നൊരു വാക്കുമാത്രമാണു. അതുപോലും എന്തർത്ഥത്തിലാണു കൃതിയിലുപയോഗിച്ചിരിക്കുന്നതെന്നു വിമർശകർക്ക് അറിയില്ല. ഗീതയെ മറപിടിച്ചു കൊണ്ട് ഹൈന്ദവത പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവരും അതിനെ എതിർക്കാൻ ശ്രമിക്കുന്നവരും അതൊന്നു പഠിച്ചിട്ട് ചെയ്യുക.

ഗീതപഠിച്ചാൽ ഗീതയിലെ ഈശ്വരൻ വന്നു ഇതരമതങ്ങളിലെ ഈശ്വരനെ തള്ളിമാറ്റി കയറിയിരിക്കുമെന്നാണു വിമർശകരുടെ അലാഹം! ഗീതയിലെ ഈശ്വരനെങ്ങാനും അങ്ങനെ ചെയ്താൽ മതനിരപേക്ഷത പോകും. എന്നാൽ ആരാണെന്നു ആരും പറയുന്നില്ല.

“ഈശ്വര: സർവ്വഭൂതാനാം ഹൃദ്ദേശേർജ്ജുന തിഷ്ഠതി
ഭ്രാമയൻ സർവ്വഭൂതാനി യന്ത്രാരൂഢാനി മായയാ” (18-61)

പ്രപഞ്ചം ഒരു യന്ത്രമായി സങ്കല്പിച്ചാൽ അതൊരു കേന്ദ്രത്തെ ആധാരമാക്കിയാണു പ്രവർത്തിക്കുന്നതെന്നു കാണാം. സംശയമുള്ളവർ വീട്ടിലെ മിക്സി എടുത്തു ഒന്നു കറക്കിനോക്കുക. ആ കേന്ദ്രത്തിനോടു ബന്ധിച്ചാണു മറ്റ് പാർട്ടുകൾ ഫിറ്റു ചെയ്തിരിക്കുന്നതു. വൈദ്യുതിപോലെ മായാശക്തി പ്രവർത്തിക്കുമ്പോൾ ഈ പ്രപഞ്ചയന്ത്രം പ്രവർത്തിക്കും. എങ്ങനെയെന്നാൽ സർവ്വപ്രാണികളേയും അതാതിന്റെ കർമ്മങ്ങളിൽ നിലനിർത്തിക്കൊണ്ട്. ഈച്ചയ്ക്ക് ഈച്ചയുടെ പ്രവർത്തി. പൂച്ചയ്ക്ക് പൂച്ചയുടേതു. പൂച്ചയുടെ പ്രവർത്തിയെടുത്തു ഈച്ചയ്ക്കു കൊടുക്കുന്ന സ്വഭാവം ഈശ്വരനില്ല. എന്തു പ്രവർത്തിയെടുക്കണോ ആ രൂപത്തിലാണു ആ പ്രാണികൾ ഉണ്ടായിരിക്കുന്നതു. അവയെ പ്രവർത്തിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളു. അതാണു ഗീതയിലെ ഈശ്വരൻ.

ഇതെങ്ങനെ ഇതരമതങ്ങളെ ബാധിക്കും? അബ്ദുൾഖാദരിനെ അച്യുതൻ നായരാകാൻ പ്രേരിപ്പിക്കുന്നതല്ല ശ്രീകൃഷ്ണൻ അർജ്ജുനനനു പറഞ്ഞുകൊടുത്ത ഈശ്വരസങ്കല്പം. രൺജിതുസിംഗിനെ അതു റജിവർഗ്ഗീസുമാക്കില്ല. പിന്നെന്തിനാണു ഭയം? ഒരിക്കൽ ഗീതവായിച്ചാൽ നിങ്ങളുടെ ആ ഭയം മാറും. ഗീത അനുഷ്ഠാനപൂർവ്വം ഒന്നും വായിക്കണമെന്നു ആരും ആരേയും നിർബ്ബന്ധിക്കുന്നില്ല. പിന്നെയും ആ പേരുകേൾക്കുമ്പോൾ വിറളിപിടിക്കണോ?

ഈ ഭയം നിലനിൽക്കേണ്ടതു സ്ഥാപിതതാല്പര്യക്കാരുടെ ആവശ്യമാണു. ഗീതയേ സ്വാർത്ഥത്തിനുപയോഗിക്കുന്നവർക്കും, എതിർക്കുന്നവർക്കും ഒരുപോലെ. ആരെങ്കിലും ഗീതപഠിച്ചുപോയാൽ ഇരുകൂട്ടരുടേയും ആപ്പീസു പൂട്ടും. അതു കൊണ്ടാണു ഈ പ്രതിഷേധമൊക്കെ സ്അംഘടിപ്പിച്ച് അതു മാറ്റിനിർത്തുന്നതു. ഒരു കാര്യത്തെപ്പറ്റിയുള്ള ഭയം തീരാനുള്ള എളുപ്പവഴി അതിനെ പഠിക്കുക എന്നതാണു. ഇന്ത്യയിലെ ജനങ്ങൾ അറിയട്ടെ ഈ ഗീതയ്ക്കുള്ളിൽ എന്താണെന്നു. അതിൽ എന്തെങ്കിലും മതതാല്പര്യങ്ങൾ ഒളിച്ചു വച്ചിട്ടുണ്ടോ എന്നറിയട്ടെ. ഖുറാനും, ബൈബിളും അതുപോലെ തന്നെ പഠിപ്പിക്കണം. ഫിലോസഫി ക്ലാസുകളിലൊക്കെ ഇവ ടെക്സ്റ്റുബുക്കുകളാണല്ലോ. പിന്നെന്താ തഴ്ന്ന ക്ലാസുകളിലും പഠിച്ചാൽ?

കൂട്ടികൾ ഗീതപഠിച്ചാൽ ഒരു ഗുണമുണ്ട്. അവർ യൌവ്വനത്തിലെത്തുന്നതിനു മുൻപേ അതിലുള്ള കാര്യം പിടികിട്ടും.പിന്നെ മതനേതൃത്വങ്ങൾക്കു അവരെ വഴിതെറ്റിക്കാൻ കഴിയില്ല. അതോടെ ഇന്ത്യയിലെ മതതീവ്രവാദം അവസാനിക്കുകയും ചെയ്യും.

No comments: