Thursday, August 7, 2014

ഇന്ത്യൻ സെക്കുലറിസം

പാശ്ചാത്യമാനദണ്ഡനുസരിച്ച് സെക്കുലറിസം മത-ഇതരത്വമാണു. അതായതു മതങ്ങൾ ഇല്ലാത്ത നാസിതിക ചിന്ത. എന്നാൽ മതനിരപേക്ഷതയ്ക്ക് വേറെ അർത്ഥമാണു. എല്ലാ മതങ്ങൾക്കും പുർണ്ണസ്വാതന്ത്ര്യവും ഭരണത്തിൽ സ്വാധീനമില്ലായ്മയും. ഇതിലേതാണു ഇന്ത്യൻ സെക്കുലറിസം? മതേതരത്വമാണോ, മതനിരപേക്ഷതയാണോ, അതോ മറ്റുവല്ലതുമാണോ? സെക്കുലറിസം ഉൾപ്പെടുത്താൻ ഭരണഘടന ഭേദഗതി ചെയ്യുമ്പോൾ ഇന്ദിരാഗാന്ധി ഉദ്ദേശിച്ചതു നാസ്തികത്വമാണെന്നു തോന്നുന്നു. പാശ്ചാത്യരാജ്യങ്ങളിൽ മതേതരത്വമാണു. അതു നാമും സ്വീകരിച്ചാൽ ഇന്ത്യയും മോഡേണാകുമല്ലോ. അടിയന്തിരാവസ്ഥയുടെ കാലമായിരുന്നതുകൊണ്ട് അത്തരം ഗിമിക്കുകൾ ആവശ്യമായിരുന്നു. പക്ഷെ സെക്കുലറിസം ഭരണഘടനയിൽ കടന്നു കൂടിയശേഷമാണു മതങ്ങൾ ഏറ്റവും ശക്തമായി ഇന്ത്യൻ സമൂഹത്തെ പിടിമുറുക്കിയതായി നാം കാണുന്നതു.
ഇന്ത്യയുടെ ആദ്യകാല ഭരണാധികാരികൾ എന്തുകൊണ്ട് മതേതരത്വം ഭരണഘടനയിൽ ഉൾപ്പെടുത്തിയില്ല? ഉത്തരം : അവർ മതനിരപേക്ഷതയുടെ വക്താക്കളായിരുന്നു.

നാസ്തികനായ നെഹൃ പ്രധാനമന്ത്രിയായിരിക്കുമ്പോഴാണു ബുദ്ധമതവുമായി ബന്ധപ്പെട്ട അശോകസ്തഭവും അതിലെ 24 ആരക്കാലുള്ള ചക്രവും സർക്കാരിന്റെ മുദ്രയായി സ്വീകരിച്ചതും അതിൽ മുണ്ഡകോപനിഷത്തിൽ നിന്നുമുള്ള सत्यमेव जयते എന്ന ആപ്തവാക്യം ആലേഖനം ചെയ്തതും. നാസ്തികത ഉൾക്കൊള്ളുന്ന ‘മതേതരത്വം’ ഉൾപ്പെടുത്തണമായിരുന്നെങ്കിൽ അന്നു അവർക്ക് കഴിയുമായിരുന്നു. നെഹൃവിന്റെ സഹപ്രവർത്തകർ ഇന്ദിരയുടെ സ്തുപാഠകരേപ്പോലെയായിരുന്നില്ല. അവർ പണ്ഡിതന്മാരും കാര്യവിവരമുള്ളവരുമായിരുന്നു. എന്നിട്ടും ചെയ്തില്ല.
സ്റ്റേറ്റിനു ഒരു മതമില്ലെന്നു പറയുമെങ്കിലും പ്രവർത്തിയിൽ അതു പ്രതിഫലിക്കുന്നുണ്ടോ? ഭൂരിപക്ഷമതത്തെ അടിസ്ഥാനമാക്കിയാണു മറ്റുമതങ്ങളോടുള്ള സമീപനമെന്നാണു കാണുന്നതു. ഭൂരിപക്ഷമതമുള്ളതു കൊണ്ട് ന്യൂനപക്ഷമതങ്ങൾക്ക് സംരക്ഷണം. സാംസ്കാരിക പൈതൃകത്തിൽ പെടുന്നതെല്ലാം ഭൂരിപക്ഷമതത്തിന്റേതാണു.അറിവായാലും, ആരോഗ്യശാസ്ത്രമാ‍യാലും. അങ്ങനെയാണു പൊതുവിൽ സ്വീകരിക്കുന്ന നിലപാട്. ഭൂരിപക്ഷമതത്തിന്റെ ആരാധനാലയങ്ങൾക്ക് പ്രത്യേക നിയമം. അവരുടെ ദേവതകൾക്കെല്ലാം ഹിന്ദു കൂട്ടുകുടുംബ വ്യവസ്ഥയിലെ മൈനറുടെ അവകാശവും സംരക്ഷണവുമുണ്ട്. അവരെ തീറ്റിപ്പോറ്റണ്ട ചുമതല സർക്കാരിനും.
എന്തു കൊണ്ടാണു ഇങ്ങനെ? അതറിയാൻ ഭൂതകാലത്തിൽ പോയി തപ്പണം. പണ്ട് ഓരോ ഗ്രാമവും അതാതു ഗ്രാമദേവതയുടെയായിരുന്നു. ഗ്രാമത്തിന്റെ മിച്ചമൂല്യം ക്ഷേത്രങ്ങളിൽ സ്വർണവും, രത്നങ്ങളുമായി ശേഖരിച്ചു. ക്ഷേത്രങ്ങളുടെ മേൽനോട്ടം ബ്രാഹ്മണർക്കോ കരപ്രഭുക്കന്മാർക്കോ ആയിരുന്നു. അവർ അഴിമതിക്കാരായപ്പോൾ ദേശികരോ രാജാക്കന്മാരോ അവയുടെ ഭരണം ഏറ്റെടുത്തു. ഇങ്ങനെ ഏറ്റെടുക്കുന്ന മുതൽ ഭരിക്കാൻ ഒരു ഏകീകൃതം നിയമം വേണം. അതു കൊണ്ടുവന്നതു അധിനിവേശ ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ മിസ്റ്റർ.മൺ‌റോയാണു(1812). "All Devaswom properties be treated as government properties and the revenue from Devaswom be merged with the general revenues of the state" - Munroe. ഇതിന്റെ അടിസ്ഥാനത്തിൽ മൺ‌റോ തയ്യാറാക്കിയ ഹിന്ദുനിയമം 1863 ൽ സെന്റ് ജോർജ്ജ് ഗസറ്റിൽ പ്രസിദ്ധീകരിച്ചു. ഇത് രാജാക്കന്മാ‍ർ അംഗീകരിച്ചു. ക്ഷേത്രങ്ങളും സ്വത്തും റവന്യൂവിന്റെ ഭാഗമായപ്പോൾ ക്ഷേത്രച്ചെലവുകൾ സർക്കാർ വഹിക്കാൻ തുടങ്ങി. ഇന്ത്യയിലെ ഹിന്ദുക്ഷേത്ര/മഠ നിയമങ്ങൾ എല്ലാം 1863ലെ മൺ‌റോയുടെ നിയമത്തെ അടിസ്ഥാനമാക്കിയാണു പിന്നീട് ഉണ്ടാക്കിയിട്ടുള്ളത്. അതായതു ഇന്ത്യൻ സർക്കാരിന്റെ അടിസ്ഥാനം ഹിന്ദുക്ഷേത്രങ്ങളും അവയുടെ സ്വത്തുമാണു..
സ്വാതന്ത്ര്യാനന്തര കാലത്തെ നിയമനിർമ്മാണങ്ങൾ നോക്കിയാലും ഹിന്ദുമതം സർക്കാരിന്റെ ഭാഗമാണെന്നു വ്യക്തമാണു. “The management and control of the temples and the administration of their endowments is one of the primary   responsibilities of the State (തമിഴ്നാട്).  "......whenever the temples and mutts intend to sell their land, they have to first ask the government to buy it at market price. Only when the government says no, they can sell it to others". (Odisha Hindu Religious Endowments (Amendment) Bill 2012. മലബാർ ദേവസ്വംബോർഡ് രൂപീകരിച്ചു കൊണ്ട് ഇടതുപക്ഷ സർക്കാർ പറഞ്ഞതു ഒരു സെക്കുലർ ഭരണഘടനയ്ക്ക് കീഴിൽ മതകാര്യങ്ങളിൽ സർക്കാർ ഇടപെടുന്നതു വിരോധാഭാസമാണെന്നു തോന്നാങ്കിലും ഇവിടെ അനിവാര്യമാണെന്നാണു.

ഇതിൽനിന്നെല്ലാം മനസിലാക്കേണ്ടതു ഹിന്ദുമതവും, ക്ഷേത്രങ്ങളും, മഠങ്ങളും സർക്കാരിന്റെ ഭാഗമാണെന്നും അതിനെ സർക്കാർ സംരക്ഷിക്കുന്നതു കൂട്ടുകുടുംബവ്യവസ്ഥയിലെ കാരണവരേ  പോലെയാണെന്നുമല്ലെ? ഹിന്ദുമത സംബന്ധമായി വരുന്ന എല്ലാ അന്യായങ്ങളും പൊതു അന്യായങ്ങളും. അതിൽ ഒരു കക്ഷി സർക്കാരുമാണെന്നും കാണാം.എല്ലാ കേസുകളിലും ഹിന്ദുത്വത്തിനു വേണ്ടി പ്രച്ഛന്ന രൂപത്തിൽ (Proxy) ഹാജരാകുന്നതും സർക്കാരാണു. എന്നാൽ പള്ളിയുടെയോ മോസ്കിന്റെയോ കാര്യത്തിൽ ഇങ്ങനെയല്ല. അവ സ്വകാര്യ അന്യായങ്ങളായാണു തീർപ്പാക്കുന്നതു. ക്രമസമാധാനപ്രശ്നമുണ്ടാകുന്നില്ലെങ്കിൽ അത്തരം മതസ്ഥാപനങ്ങളിൽ ഗവണ്മെന്റ് ഇടപെടാറുമില്ല.
അപ്പോൾ എന്താണു ശരിക്കും നമ്മുടെ സെക്യുലറിസം? മതേതരമോ, മതനിരപേക്ഷമോ, അതോ ഒരു മതത്തെ അടിസ്ഥാനമാക്കി ഇതര മതങ്ങളെ സംരക്ഷിക്കലോ?

No comments: