Thursday, August 7, 2014

സൌജന്യ സാർവ്വത്രികവിദ്യാഭ്യാസം തുടരണോ?

കേരളത്തിൽ സാർവ്വത്രിക സൌജന്യവിദ്യാഭ്യാസം ആദ്യം പ്രൈമറിതലം വരെയായിരുന്നു. പിന്നെയതു ഹൈസ്കൂളിലേക്കുകൂടി വ്യാപിപ്പിച്ചു. അദ്യഘട്ടത്തിൽ ചെറിയൊരു സ്പെഷൽ ഫീസ് ഈടാക്കിയിരുന്നു. പിന്നെയതും നിർത്തി. സർവ്വകലാശാലാവിദ്യാഭ്യാസവും ഏതാണ്ട് സൌജന്യമാണു. ഫീസ് ഈടാക്കിയിരുന്ന ആദ്യകാലങ്ങളിൽ പഠിക്കാൻ കഴിവുണ്ടായിരുന്ന ഒരുപാടുപേർക്ക് അവസരം കിട്ടിയില്ല എന്നതു വാസ്തവം. ദാരിദ്ര്യം അത്രയ്ക്കുണ്ടായിരുന്നു. എങ്കിലും പഠനത്തിൽ മികവുള്ളവരെ സഹായിക്കാൻ അദ്ധ്യാപകരും സന്മനസുള്ളവരും മുന്നോട്ട് വരുമായിരുന്നു. അങ്ങനെ പഠിച്ച് ഉന്നതങ്ങളിൽ എത്തിയ പലരേയും കേരളീയർക്കറിയാം. പഠിക്കുന്നവരോട് സമൂഹത്തിനു അക്കാലത്തു ആദരവുണ്ടായിരുന്നു. പൊതുഇടങ്ങളിൽ അവർ ബഹുമാനിക്കപ്പെട്ടു. അന്നത്തെ വിദ്യാഭ്യാസം നേടിയവർ അതിന്റെ മൂല്യം തികച്ചും പ്രതിഫലിപ്പിച്ചിരുന്നു. കഴിവും പ്രാഗത്ഭ്യവുമുള്ളവരേ അന്നു പരീക്ഷകൾ പാസ്സായിരുന്നുള്ളു. ഭാഷയായാലും, ഹ്യുമാനിറ്റീസായാലും, ശാസ്ത്രമായാലും ബിരുദം നേടിയവർ അതിനു അർഹരായവർ മാത്രമായിരുന്നു അക്കാലത്തു. അല്ലാതെ ഇന്നത്തെപ്പോലെ തേക്കുകുട്ടയ്ക്കു വെള്ളം ചാമ്പിയൊഴിക്കുന്ന ഓൾ പാസ്സ് കൊടുത്തിരുന്നില്ല. എന്നാൽ അന്നു അവരെ ഉപയോഗപ്പെടുത്താനുള്ള തൊഴിലിടങ്ങളോ, ഗവേഷണ സ്ഥാപനങ്ങളോ കേരളത്തിനില്ലാതെ പോയി. അതാണു കേരളത്തിനു പറ്റിയ പരാജയം. അന്നത്തെ മെച്ചപ്പെട്ട വിദ്യാർത്തികളാണു കേരളത്തിന്റെ വികസനാടിത്തറയിട്ടതു. പക്ഷെ അവർക്ക് പിന്തുടർച്ചക്കാർ ഉണ്ടായില്ല. കുറെ വെറും സാക്ഷരരെ ഉണ്ടാക്കാൻ മാത്രമെ നമുക്ക് കഴിഞ്ഞുള്ളു. അവർക്ക് സമൂഹത്തിൽ ഒരു ചലനവും സൃഷ്ടിക്കാനാവില്ല.

എന്നിട്ടും സർക്കാർ വക സൌജന്യ വിദ്യാഭ്യാസം തുടരുകയാണു. പൊതുസമൂഹത്തിനു അതിൽ താല്പര്യമുണ്ടോ എന്നാരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ? ഇന്നു സാധാരണക്കാരായ മലയാളി പോലും തെരെഞ്ഞെടുക്കുന്ന വിദ്യാഭ്യാസം അത്ര ചെലവു കുറഞ്ഞതാണോ? സർക്കാർ എയിഡഡ് സ്കൂളുകളിലാണു നിങ്ങൾക്ക് സൌജന്യവിദ്യഭ്യാസം കിട്ടുന്നതു. അതു നിലനിർത്തണമെന്നുവാദിക്കുന്നവരിൽ എത്രപേർ തങ്ങളുടെ കുട്ടികളെ അവിടെ വിടുന്നു? സൌജന്യവിദ്യാഭ്യാസം ഒരു മൂല്യം പോലെ ഉയർത്തിപ്പിടിക്കുമ്പോഴും കുട്ടികളെ പണംകൊടുത്തു പഠിപ്പിക്കേണ്ട സമാന്തരവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേർക്കുന്നവരാണു മലയാളികൾ. സ്വകാര്യസ്കൂളുകൾ തിരഞ്ഞെടുക്കുമ്പോൾ കേരളത്തിൽ സാർവ്വത്രിക സൌജന്യവിദ്യാഭ്യാസമാണു പോളിസി എന്നു നാം വാശിപിടിക്കാത്തതെന്താണു? അത്തരം സ്കൂളുകൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തി പൂട്ടിക്കാൻ ശ്രമിക്കാത്തതെന്താണു? അവർ പറയുന്ന ഫീസിനു വഴങ്ങുന്നതിന്റെ മനശാസ്ത്രമെന്താണു? മലയാളിയുടെ കാപട്യം. അതല്ലാതെ വേറൊന്നുമില്ല.

ഒരു സാധാരണ അണെയിഡഡ് സ്കൂളിൽ 600 രൂപയെങ്കിലും പ്രതിമാസ ഫീസ് കൊടുക്കണം. ഡെപ്പോസിറ്റുകൾ വേറെ. മാനേജുമെന്റ് തരാതരം പോലെ പിരിവുകൾ നടത്തും. വണ്ടിവാടക എന്ന അറപ്പു പുറമെ. ഇതെല്ലാം കെട്ടിവച്ചു കുട്ടികളെ പഠിപ്പിക്കുന്നവരാണു സൌജന്യ വിദ്യാഭ്യാസം തുടരണമെന്നു ആവശ്യപ്പെടുന്നതു. ഇതാണു റിയൽ കോമഡി. ഒരു സാധാരണമലയാളിക്ക് കുട്ടികളെ അവിടെ വിടാനേ താല്പര്യമുള്ളു. പക്ഷെ പുറമെ വലിയ ആദർശമൊക്കെ പറയും. അത്തരം സ്കൂളുകളിൽ യോഗ്യതയുള്ളവരാണോ പഠിപ്പിക്കുന്നതെന്നു പോലും ആരും തിരക്കാറില്ല. എന്നിട്ടാണു ലാഭകരമല്ലാത്ത സ്കൂളുകൾ പൂട്ടുമെന്നു സർക്കാർ പറയുമ്പോൾ ചാടിവീഴുന്നതു.

ഇത്തരം കുരച്ചുചാടലുകൾക്ക് സർക്കാർ ചെവികൊടുക്കരുതു. സമൂഹം ഉപയോഗപ്പെടുത്താത്ത പദ്ധതികൾ നിർദ്ദയം ഉപേക്ഷിക്കണം. സ്കൂളുകൾ അടച്ചുപൂട്ടുകയോ അല്ലെങ്കിൽ സ്വാകാര്യസ്കൂളുകൾക്ക് തുല്യമായ ഫീസീടാക്കുകയോ ചെയ്യണം. അപ്പോഴും നിർദ്ധനർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ഫീസിളവുകൊടുത്തു സാമൂഹിക പ്രതിബദ്ധത നിലനിർത്താം. കാശുള്ളവർ പണം കൊടുത്തുതന്നെ പഠിക്കട്ടെ.

ഫീസ് ഈടാക്കാൻ തുടങ്ങിയാൽ എയിഡഡ് സ്കൂളുകളിലും മാറ്റമുണ്ടാകും. സർക്കാരാണു അവിടെ ശമ്പളം കൊടുക്കുന്നതു. അവ ഫീസുകൊടുത്തു പഠിക്കേണ്ട സ്കൂളുകൾ ആകുമ്പോൾ അവിടുത്തെ അദ്ധ്യാപകരുടെ നിലവാരമുയർത്താൻ മാനേജുമെന്റുകൾ ബാദ്ധ്യസ്ഥരാകും. നല്ല അദ്ധ്യാപകരില്ലെങ്കിൽ കുട്ടികൾ വരില്ല. അതു കോഴയദ്ധ്യാപകരെ ഒരുപരിധിവരെ അകറ്റി നിർത്താൻ സഹായിക്കും. അല്ലെങ്കിൽ തന്നെ കൂടുതൽ കുട്ടികളെ സംഘടിപ്പിച്ച് അദ്ധ്യാപകരുടെ എണ്ണം വർദ്ധിപ്പിക്കുന്ന എയിഡഡ് സ്കൂളുകളിൽ നിന്നും വർദ്ധിച്ച റവന്യു എങ്കിലും ലഭിക്കും. വിദ്യാഭ്യാസത്തിനു വേണ്ടി പണം വാരിച്ചെലവാക്കുന്ന ഒരു സമൂഹമുണ്ടിവിടെ. വിദ്യാഭ്യാസനിലവാരം മെച്ചപ്പെടുത്താൻ അവരിൽ നിന്നും പണം ഊറ്റിയെടുക്കുക തന്നെ വേണം.

അപ്പർ പ്രൈമറി തലം വരെ എല്ലാ കുട്ടികളേയും പ്രവേശിപ്പിക്കുകയും സാർവ്വത്രിക സൌജന്യവിദ്യാഭ്യാസം നൽകുകയും ചെയ്യാം. അതിനപ്പുറം കടക്കേണ്ടവർ അതിനുള്ള കാമ്പ് തെളിയിക്കണം. അതു സ്വന്തം ചെലവിലോ സ്കോളർഷിപ്പിലോ മതി. സെക്കണ്ടറി, ഹയർ സെക്കണ്ടറി വിദ്യാഭ്യാസം പണം കൊടുത്തു തന്നെ നേടണം. അതു നടപ്പാക്കാൻ ധൈര്യമുള്ള ആരുണ്ടിവിടെ?

No comments: