Monday, August 11, 2014

അധിനിവേശപ്പഴങ്ങൾ മസ്തിഷ്കജ്വരം പരത്തുന്നു : ലിച്ചിയും റംബുട്ടാനും ഒരുപകട വാർത്ത

മൃഗങ്ങളുടെ സാമാന്യബുദ്ധിപോലുമില്ലാത്തവരാകണം മനുഷ്യർ. ഇരതേടുന്ന കാര്യത്തിൽ അതു തീർത്തും ശരിയാണു. പശുവായാലും, പട്ടിയായാലും, പൂച്ചയായാലും അതിന്റെ ചുറ്റുപാടുകളിൽ നിന്നാണു അതിനുവേണ്ട ഭക്ഷണം സ്വീകരിക്കുന്നതു. മനുഷ്യനാണെങ്കിലോ അതിന്റെ മാന്യതയും മാർക്കറ്റ് വാല്യുവും നോക്കിയിട്ടും. രുചിയേക്കുറിച്ചും ഭക്ഷണത്തിന്റെ elitism ത്തേക്കുറിച്ചും ആലോചിച്ചിട്ട് വിലകൂടിയതും അഭിമാ‍നം തരുന്നതുമായ ഭക്ഷണമാണു ആധുനികൻ തെരെഞ്ഞെടുക്കുന്നതു. അല്ലാതെ അവന്റെ ആവശ്യകതകളോ ആരോഗ്യമോ, ഭക്ഷണ ലഭ്യതയോ പരിഗണിച്ചല്ല. ഉന്നതരെന്നു വിചാരിക്കുന്നവർ കപ്പയും മീങ്കറിയും കഴിക്കാൻ തുടങ്ങിയപ്പോൾ അതുവരെ അതിനോട് പുച്ഛമായിരുന്നവരും അതു കഴിക്കാൻ തുടങ്ങിയതു ഒരു ഉദാഹരണം. ആഹാരവും ബ്രാൻഡഡായിക്കഴിഞ്ഞു. തന്റെ ശരീരത്തെക്കാൾ ഭക്ഷണനിർമ്മാണക്കമ്പനിയുടെ - ഹോട്ടലായാലും, പാക്ക്ഡ് ഐറ്റമായാലും - പേരാണു അവനു വലുതു.

ഇതിവിടെ കുറിക്കാൻ കാരണം ബിഹാറിൽ നിന്നുള്ള ഞെട്ടിക്കുന്ന ഒരു റിപ്പോർട്ടാണു. മുസാഫിർജില്ലയിൽ 70 കുട്ടികളിൽ മസ്തിഷ്കജ്വരം കണ്ടെത്തിയിരിക്കുന്നു. പശ്ചിമബംഗാളിലെ മാൽഡയിൽ നിന്നും സമാനമായതു റിപ്പോർട്ട് ചെയ്തതിന്റെ പിന്നാലെയാണിതു. മസ്തിഷ്കജ്വരത്തിന്റെ കാരണമായി സംശയിക്കപ്പെടുന്നതു ലിച്ചി, റമ്പുട്ടാൻ പഴങ്ങളിൽ നിന്നും പകർന്ന വൈറസുകളാണു. അതീവമാരകമാണു മസ്തിഷ്കപനി. ലിച്ചി, റമ്പുട്ടാൻ വിളവെടുപ്പുകാലങ്ങളിൽ ഉത്തേരേന്ത്യയിൽ മസ്തിഷ്കപ്പനി പടർന്നു പിടിക്കാറുണ്ട്. അവിടുത്തെ ജീവിതസാഹചര്യങ്ങളുടെ ശോച്യാവസ്ഥയെയാണു നാമിതുവരെ കുറ്റം പറഞ്ഞുകൊണ്ടിരുന്നതു. പക്ഷെ ഇപ്പോൾ ആരോഗ്യശാസ്ത്രജ്ഞന്മാരും ലിച്ചി തുടങ്ങിയ അധിനിവേശപ്പഴങ്ങളിലേക്ക് വിരൽ ചൂണ്ടാൻ തുടങ്ങിയിരിക്കുന്നു.

നമ്മുടെ നാട്ടിൽ സുലഭമല്ലാത്ത എന്തിനോടും മലയാളിക്ക് സവിശേഷമായൊരു ആദരവുണ്ട്. എന്തുവിലകൊടുത്തും നാമതു നേടും. മാദ്ധ്യമപ്രചാരണം കൂടി അവയ്ക്കുണ്ടെങ്കിൽ പിന്നെ അതു കൈക്കലാക്കാൻ ആർത്തിയാണു. ഇതു മനസിലാക്കി കച്ചവടക്കാർ അതു വിദഗ്ധമായി മാർക്കറ്റ് ചെയ്യും. നമ്മുടെ നാട്ടിലെ ചക്കയും മാങ്ങയും വെറുതെകിടന്നു ചീഞ്ഞുപോകുമ്പോഴാണു വൻ വില കൊടുത്തു ലിച്ചിയും റമ്പുട്ടാനും നാം വാങ്ങുന്നതു. അവ രോഗവാഹികളാണോ എന്നൊന്നും ആരും ചിന്തിക്കാറില്ല.

ഇന്തോനേഷ്യയിലെ വനങ്ങളിൽ വളരുന്ന ചെറുമരങ്ങളാണു ലിച്ചിയും റമ്പുട്ടാനും. അവിടുത്തെ കാലാവസ്ഥയിൽ വളരുന്ന അവ ഇന്തോനേഷ്യക്കാർക്കു ഭുജിക്കാനുള്ളതാണു. പക്ഷെ അവയ്ക്കവിടെ മാർക്കറ്റില്ല. അതിനെ മറ്റൊരുദേശത്തു കൊണ്ടുപോയി വിറ്റാൽ കൂടുതൽ വിലകിട്ടും. ആ തന്ത്രമാണു കച്ചവടക്കാർ ഉപയോഗപ്പെടുത്തുന്നതു. മലയാളി ആ തന്ത്രത്തിൽ വീഴുന്ന ഇരകളും. പുതിയൊരു ഫലം മാർക്കറ്റിലെത്തുമ്പോൾ അതുണ്ടാക്കാവുന്ന പ്രശ്നങ്ങൾ ഇന്ത്യയിലെ ആരോഗ്യവകുപ്പ് പഠിക്കാറില്ല. അത്രയും ഉത്തരവാദിത്തമേ സർക്കാരിനും ബ്യൂറോക്രസ്സിക്കുമുള്ളു. എന്നാൽ ന്യൂസിലണ്ടിലോ, ആസ്ട്രേലിയയിലോ ഇതു സാധിക്കില്ല. ദുരഭിമാനം കൊണ്ട് ചാകാൻ നടക്കുന്ന ഒരു സമൂഹത്തിനു ഇത്തരം അപകടങ്ങൾ സ്വാഭാവികമാണു.

ലിച്ചിയും, റമ്പുട്ടാനും പോലെ മലയാളി തീന്മേശകളിലേക്ക് കടന്നുവന്ന അനവധി ഭക്ഷണസാധനങ്ങളായിരിക്കില്ലെ ഇവിടെ കാൻസറും, വൃക്കരോഗങ്ങളും ഇത്ര കൂടുവാൻ ഇടയാക്കിയതു? നവജാതശിശുക്കളിലെ ഓട്ടിസമുൾപ്പെടെയുള്ള മസ്തിഷ്കരോഗങ്ങൾക്കു കാരണം ഗർഭകാലത്തു ഭക്ഷിച്ച അപരിചിത ഫലങ്ങൾ ആയിരിക്കില്ലെ? ഇതിനെക്കുറിച്ച് സർക്കാർ തലത്തിൽ എന്നാണു ഇനിയൊരു പഠനം നടക്കുക? അതുവരെ ഉണ്ടാകുന്ന തലമുറകളിലെ ആരോഗ്യവ്യതിയാനങ്ങൾക്ക് ആരു ഉത്തരവാദിത്തം വഹിക്കും?

2 comments:

റോസാപ്പൂക്കള്‍ said...

മേല്‍പ്പറഞ്ഞ പഴങ്ങള്‍ രോഗം പരത്തുന്നു എങ്കില്‍ അക്കാര്യം ശ്രദ്ധിക്കെണ്ടതുണ്ട്. പക്ഷെ വിദേശ പഴങ്ങളെ അപ്പാടെ തള്ളിക്കളഞ്ഞാല്‍ ഇപ്പോള്‍ നാം നമ്മുടെതാക്കിയ പപ്പായ,കശുമാങ്ങ,കപ്പ ഇവയൊക്കെ ഉപേക്ഷിക്കേണ്ടി വരും. തള്ളേണ്ടത് തള്ളി കൊള്ളേണ്ടത് കൊള്ളുന്നതായിരിക്കും ഉചിതം.

അശോക് കർത്താ said...

പപ്പായ, കശുമാങ്ങാ : വിദേശികൾ ആണെന്നതിനു തെളിവില്ല