Wednesday, August 13, 2014

അർജ്ജുനൻ തെരെഞ്ഞെടുത്ത യുദ്ധം


ഗീത കേട്ടു എന്നു കരുതി യുദ്ധമൊന്നും ഉണ്ടാകാതിരിക്കാൻ പോകുന്നില്ല. എന്നാൽ യുദ്ധത്തിനുള്ള കാരണം പിടികിട്ടും.

അധിനിവേശഭൂമിക്കു വേണ്ടി ഒരേ പൈതൃകമുള്ള രണ്ടു ശാഖകൾ തമ്മിലുള്ള യുദ്ധമാണു കുരുക്ഷേത്രത്തിൽ നടന്നതെന്നുള്ള പ്രചരണം ശുദ്ധ തട്ടിപ്പ്! അതു മാദ്ധ്യമങ്ങളും അനുഭാവികളും ചേർന്നു പറഞ്ഞൂണ്ടാക്കിയതാണു. പകുതി രാജ്യം ചോദിച്ചു. കൊടുത്തില്ല. അഞ്ചുദേശം ചോദിച്ചു. അതും കൊടുത്തില്ല. അഞ്ചു ഗ്രാമങ്ങൾ. ങേഹേ.... അഞ്ചുവീടുകൾ പോലും എന്നു സെന്റി ചമച്ചു. ഒരു പക്ഷത്തെ ചോരക്കൊതിയന്മാരായി ചിത്രീകരിച്ചു. മറുപക്ഷത്തെ ദിവ്യന്മാരായും.ച്ചതും. എന്നിട്ട് ഇരുവരും യുദ്ധം ചെയ്തു. ജയിച്ചവൻ ദു:ഖിച്ചു. തോറ്റവർ ദിവ്യമരണം പ്രാപിച്ചു. നാശമുണ്ടായതല്ലാതെ ഗുണം ഒന്നും യുദ്ധം കൊണ്ടുണ്ടായില്ല. പിന്നെ എന്തു ദിവ്യന്മാർ? എന്തു ചോരക്കൊതിയന്മാർ?

നീചമായ ഒരു പൊളിറ്റിക്കൽ അസാസിനേഷന്റെ പശ്ചാത്തലത്തിൽ നിന്നാണു യുദ്ധം ഉടലെടുക്കുന്നതു. അതൊരു വളരെപ്പഴയ കഥയായതുകൊണ്ട് ആരും ഓർത്തില്ല. ശന്തനു സഖാവായ മകനെ പച്ചയ്ക്ക് കുരിശേറ്റി. അതിന്റെ കലിപ്പാണു കുരുക്ഷേത്രത്തിലെ രക്തച്ചൊരിച്ചിലിൽ അവസാനിച്ചതു. രാജാവിനു സത്യവതിയിൽ കാമമുണ്ടായി. സപത്നിയായി സ്വീകരിച്ചു ഇഷ്യു ഒതുക്കാമായിരുന്നു. ദാശമുഖ്യൻ സമ്മതിച്ചില്ല. നേരമ്പോക്കിനു കനത്തവില കൊടുക്കേണ്ടിവന്നു. സഖാവിനെ മാറ്റി സത്യവതിയിലുണ്ടാകുന്ന കൊച്ചനെ രാജാവാക്കണം എന്നു കണ്ടീഷൻ വച്ചു. ആദർശത്തിന്റെ അസിക്യതയുണ്ടായിരുന്ന ഭഗീരഥൻ അതേറ്റുപിടിച്ചു. വള്ളമൂന്നുകാരിയുടെ മകനു ഭരിക്കണമെങ്കിൽ തന്റെ സഹായം വേണ്ടിവരുമെന്നു ഗംഗാദത്തൻ അന്നേ കണക്കുകൂട്ടിയതാണു. ജനപ്രതിനിധികൾക്ക് മന്ത്രിയാകാം. ഭരിക്കാൻ ബ്യൂറോക്രസി തന്നെ വേണം എന്നുള്ളതുപോലെ ഭരിക്കാൻ താൻ വേണ്ടി വരുമെന്നു ഗംഗാദത്തനു അറിയാമായിരുന്നു. അതുകൊണ്ട് താൻ രാജാവാകുന്നില്ല എന്നു ആദർശ രാഷ്ട്രീയക്കാരെപ്പോലെ പറഞ്ഞിട്ട് ഹസ്തിനപുരിയിൽ തന്നെ ചുറ്റിക്കളിച്ചു നിന്നു. ഭരണം വേണ്ടെങ്കിൽ അയാൾക്ക് പോയി തപസു ചെയ്തുകൂടെ? അതയാൾ ചെയ്തില്ലല്ലോ. അതാണു പോയന്റ്. പവർ ക്രേസ് ഒരു മനോരോഗമാണു.

ശന്തനു മഹാരാജാവ് സദാചാരം ലംഘിച്ചു. അതിന്റെ തുടർച്ചയായി,മകൻ, അംബാ, അംബാലികാ തുടങ്ങിയവരെ പിടിച്ചുകൊണ്ടു വന്നു സാമൂഹികനീതിയും (സ്മൃതിയും - സ്ത്രീയെ സംരക്ഷിച്ചില്ല) തകർത്തു. യുദ്ധത്തിന്റെ വിത്തു അവിടെ വീണു. അന്ധന്മാരും, രോഗികളും രാജാക്കന്മാരാകാൻ പാടില്ല. തും സംഭവിച്ചു. അതുവഴി രാജവംശത്തിന്റെ പാരമ്പര്യവും തെറ്റിച്ചു. അതിലൊരാളുടെ പത്നി വിവാഹത്തിനു മുൻപേ ത്രില്ലിനുവേണ്ടി ഒന്നു പെറ്റതാണു. മറ്റൊരു പത്നിയുടെ സഹോദരൻ കാസിനോ നടത്തിപ്പുകാരനായിരുന്നു. രാജാക്കന്മാർക്ക് പാടില്ലാത്ത ചൂതുകളിക്ക് പ്രേരിപ്പിച്ചതു അയാളാണു. പോരെ തകർച്ച! ഇതൊക്കെ യുദ്ധത്തിലല്ലാതെ എവിടെച്ചെന്നു നിൽക്കും.

ധർമ്മം മാത്രം നോക്കിനടക്കുമെന്നു വീമ്പിളക്കിയിരുന്ന ഒരാൾ ഉണ്ടായിരുന്നു. ഭാര്യയെ പണയം വയ്ക്കുമ്പോൾ അയാൾ ധർമ്മം മറന്നുപോയി. സ്ത്രീസുരക്ഷയില്ലാത്ത നാട്ടിലെങ്ങനെ ധർമ്മം പുലരും? ഉടൻ തന്നെ അതിന്റെ തെളിവും കണ്ടു. അരങ്ങിൽ വച്ച് സ്ത്രീയുടെ തുണിയഴിച്ചു. അതുകണ്ട് എല്ലാ മാന്യന്മാരും ഓരോ ന്യായം പറഞ്ഞു നിന്നതേയുള്ളു. ആദർശധീരൻ ചോറുന്യായം പറഞ്ഞൂ. ചോറുതരുന്നവർ തെറ്റുചെയ്താലും ചോദ്യം ചെയ്യില്ലാന്നു. വേണമെങ്കിൽ രാജിവച്ച് പുറത്തുപോകാം. എന്നാലും തെറ്റു ചൂണ്ടിക്കാട്ടില്ല. യുദ്ധം ഇവിടെ ഒരു മഹാവൃക്ഷമായി വളർന്നു കഴിഞ്ഞു. അതൊക്കെ കണക്കാക്കിയല്ലെ ഇരുപക്ഷവും സാമന്തന്മാരെ സംഘടിപ്പിച്ചതും യുദ്ധോപകരണങ്ങൾ നിർമ്മിച്ചുവച്ചതും. യുദ്ധം ഇരുപക്ഷവും മനസിൽ കൊണ്ടുനടന്നതാണു. അല്ലാതെ പെട്ടെന്നുണ്ടായ പ്രകോപനം കൊണ്ട് പൊട്ടിപ്പുറപ്പെട്ടതാണെന്നു നിങ്ങൾ വിശ്വസിക്കുന്നോ? എങ്കിൽ കഷ്ടം!

കരുതിക്കൂട്ടി യുദ്ധത്തിനുള്ള തയ്യാറെടുപ്പൊക്കെ കഴിഞ്ഞപ്പോഴാണു അർജ്ജുനനു തോന്നിയതു ഇതെന്തിനാണു? സർവ്വനാശമാകില്ലെ ഫലം?

“ആകും. പക്ഷെ നീന്റെ മനസിൽ നീ തന്നെ വിത്തിട്ട് പാകിമുളപ്പിച്ചു വെള്ളംകോരി വളർത്തിയതാണു ഈ യുദ്ധം. മറുപക്ഷവും അങ്ങനെ തന്നെ“. കൃഷ്ണൻ പറഞ്ഞു. “എല്ലാ യുദ്ധങ്ങളുടേയും അടിസ്ഥാന കാരണം കാമമാണു. പെണ്ണിനുവേണ്ടിയോ, രാജ്യത്തിനുവേണ്ടിയോ എന്തുതന്നെയായാലും യുദ്ധത്തിനു വ്യത്യാസമൊന്നുമില്ല. വെറുപ്പിൽ നിന്നന്നാണു അതിന്റെ തുടക്കം. അതു പകയുണ്ടാകും. സദാചാരത്തെ നശിപ്പിക്കും. ധർമ്മം ഇല്ലാതാകും. ഒടുവിൽ എല്ലാം നശിക്കും“.

കാര്യമൊക്കെ അർജ്ജുനനു പിടികിട്ടി. പക്ഷെ യുദ്ധം നടന്നു. കൃഷ്ണൻ പറഞ്ഞിട്ടാണു അർജ്ജുനൻ യുദ്ധം ചെയ്തതെന്നാണു എല്ലാവരുടേയും കമ്പ്ലെയിന്റ്. എങ്കിൽ സർവ്വനാശമാണു ഫലമെന്നു പറഞ്ഞതു അർജ്ജുനൻ എന്താ കേക്കാതെ പോയതു? ഇതൊക്കെ ചുമ്മാ പക്ഷം പിടിക്കാനുള്ള ഓരോ ന്യായങ്ങളല്ലെ. ആശയുള്ളിലുള്ളപ്പോൾ ആരായാലും യുദ്ധം ചെയ്യും. അതിനു ആരും പക്ഷം പിടിക്കണ്ട കാര്യമൊന്നുമില്ല. അതൊക്കെ നടക്കാനുള്ളതാണു.

1 comment:

Anonymous said...

"ഭരിക്കാൻ താൻ വേണ്ടി വരുമെന്നു ഗംഗാദത്തനു അറിയാമായിരുന്നു."

Ingane evide enkilum soochana undo ?


-Sagar