Friday, December 27, 2013

ഡാർവ്വിനും ദൈവവും

ഡാർവിനിസം അംഗീകരിക്കുന്ന ഏതെങ്കിലും മതമുണ്ടോ? ഡാർവ്വിന്റെ സിദ്ധാന്തപ്രകാരം. ജീവജാലങ്ങൾ ദൈവസൃഷ്ടിയല്ല. മനുഷ്യൻ ഒട്ടുമല്ല. കുരങ്ങ് രൂപാന്തരം പ്രാപിച്ചു വന്നതാണു മനുഷ്യൻ. ദൈവം തന്റെ രൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു എന്നൊരു മതം പറയുമ്പോൾ മറ്റൊന്നു പറയുന്നതു മനുഷ്യനുൾപ്പെടെ സകലതും ഇവിടെ സൂക്ഷ്മരൂപത്തിൽ ഉണ്ടായിരുന്നുവെന്നും അതിനെ സാക്ഷാത്കരിക്കാൻ പ്രജാപതിയെന്ന പേരിൽ ഒരാളെ നിയമിച്ചു എന്നുമാണു. ഇനിയൊരു മതം പറയുന്നതു ദൈവം തന്റെ അപദാനങ്ങൾ കീർത്തിച്ചു കേൾക്കുവാനായി മനുഷ്യസൃഷ്ടി നടത്തി എന്നാണു. എവിടെയായാലും ദൈവമാണു സൃഷ്ടിയുടെ ആദിമബിന്ദു. അതിനെയാണു ഡാർവ്വിൻ തന്റെ സിദ്ധാന്തത്തിലൂടെ നിഷേധിച്ചതും ശാസ്ത്രലോകം അംഗീകരിച്ചതും.

ആധുനിക ജൈവശാസ്ത്രത്തിന്റെ അടിസ്ഥാനങ്ങളിൽ ഒന്നു ഡാർവ്വിന്റെ പരിണാമവാദമാണു. അല്ലാതെ മതങ്ങൾ പ്രചരിപ്പിക്കുന്ന ദൈവത്തിന്റെ സൃഷ്ടിശാസ്ത്രമല്ല. പരിണാമവാദത്തെ അടിസ്ഥാനപ്പെടുത്തിയാണു മനുഷ്യനുൾപ്പെടെയുള്ള ജന്തുജാലത്തിന്റെ ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങൾ നടക്കുന്നതു. പരിണാമച്ചങ്ങലയിലെ മുതിർന്ന കണ്ണിയായ മനുഷ്യൻ കൂടുതൽ പ്രാധാന്യമർഹിക്കുന്നു എന്നു ശാസ്ത്രജ്ഞന്മാർ തീരുമാനിച്ചു. അതു കൊണ്ടാണു അവനിൽ നേരിട്ട് നടത്താതെ സമാനതയുള്ള ജന്തുക്കളായ വെള്ളെലിയിലും ആൾക്കുരങ്ങിലും പരീക്ഷണം നടത്തി മനുഷ്യനുയോജിക്കുന്നതു കണ്ടുപിടിക്കുന്നതു. വിശ്വാസികൾ ആണെങ്കിൽ‌പോലും ശാസ്ത്രജ്ഞന്മാർ അപ്പോൾ ദൈവത്തെക്കുറിച്ചോ ദൈവത്തിന്റെ സൃഷ്ടിശാസ്ത്രത്തെക്കുറിച്ചോ ചിന്തിക്കുന്നപോലുമില്ല. ഇതിനെ മതങ്ങൾ എങ്ങനെയാണു വിലയിരുത്തുന്നതു?

എല്ലാ സൃഷ്ടിക്കുപിന്നിലും ഈശ്വരനാണെന്നു പറയുന്ന മതം ഈശ്വരനിഷേധമായ ശാസ്ത്രത്തെ അംഗീകരിക്കുന്നു എന്നാണു കാണുന്നതു. ഈശ്വരന്റെ പിൻ‌ബലത്തിൽ ആരാധനാലയങ്ങൾ നിർമ്മിക്കുകയും പുരോഹിതന്മാരെ നിയോഗിച്ച് ആളുകളെ  ആകർഷിക്കുകയും ചെയ്യുന്ന മതത്തിനു ഇതെങ്ങനെയാണു സാധിക്കുന്നതു? ആധുനിക ആശുപത്രികളും, മെഡിക്കൽ കോളേജുകളും, ശാസ്ത്രവിദ്യാലയങ്ങളും, ഗവേഷണസ്ഥാപനങ്ങളും നടത്താത്ത ഏതു മതമാണുള്ളത്? സ്വന്തം മതപാഠശാലകളേക്കാൾ എണ്ണത്തിൽ അവ കൂടുതലുമായിരിക്കും. പുരോഹിതന്മാർക്കോ മതമേലദ്ധ്യക്ഷന്മാർക്കോ ഒരു അവശത വന്നാൽ അവർ നേരെ ഓടിച്ചെല്ലുന്നതു അത്യാധുനികസൌകര്യങ്ങളുള്ള അലോപ്പതി ആശുപത്രികളിലേക്കാണു. അല്ലാതെ തങ്ങൾ പിന്തുടരുന്ന വിശ്വാസഗ്രന്ഥത്തിന്റെ വഴിയിലേക്കാവില്ല. പ്രാണന്റെ കാര്യം വരുമ്പോൾ ‘ഈശ്വരനിഷേധി‘കളായ ഡോക്ടറന്മാരുടെ വാക്കുകളാണു വേദത്തേക്കാൾ പ്രമാണമെന്നു ചുരുക്കം. തനിക്ക് അടുപ്പമുള്ളവരോ ബന്ധുക്കളോ എങ്ങാനും മറുവഴിക്കുതിരിഞ്ഞാൽ അവരെ നിരുത്സാഹപ്പെടുത്തുകയും ചെയ്യും.

അപ്പോൾ ആധുനികശാസ്ത്രപഠനങ്ങളുടെ കാര്യത്തിൽ മതങ്ങളുടെ യഥാർത്ഥ നിലപാട് എന്താണു? ദൈവമാണു അടിസ്ഥാനമെങ്കിൽ, അതു പൂർണ്ണവും, സർവ്വശക്തവുമാണെങ്കിൽ, അതിനൊരു ദൈവശാസ്ത്രമുണ്ടെങ്കിൽ പിന്നെ എന്തിനാണു ആധുനികശാസ്ത്രം? അഥവാ മതങ്ങൾക്ക് അത്ര ഉറപ്പില്ലാത്ത കാര്യമാണു ദൈവവും ദൈവത്തിന്റെ ശക്തിയുമെങ്കിൽ ആ പേരിൽ ജനങ്ങളെ വഞ്ചിക്കുന്നതു ശരിയാണോ?

തങ്ങൾക്ക് ദൈവത്തിൽ വിശ്വാസമില്ല എന്നു മതങ്ങൾ പ്രഖ്യാപിച്ചാൽ അപ്പോൾ തീരാനുള്ളതേയുള്ളു ലോകത്തിലെ ഏറിയപങ്ക് പ്രശ്നങ്ങളും. മനുഷ്യനു അവൻ ജനിച്ചു ജീവിക്കുന്ന ജൈവ-സാമൂഹിക-ഭൌമ തലത്തിൽ സ്വമേധയാ ലഭ്യമാകുന്നതോ അവൻ കണ്ടെത്തുന്നതോ ആയ അറിവുമായി മുന്നോട്ടുപോയി ജീവിതം പൂർണ്ണമാക്കാൻ കഴിയും. മറ്റുജീവജാലങ്ങൾ ജീവിക്കുന്നതു അങ്ങനെയാണല്ലോ. ഇനി, സർവ്വശക്തനായ ദൈവം ഉണ്ടെങ്കിൽ, പ്രപഞ്ചത്തിലെ സകലകാര്യങ്ങളും ആരുടേയും ഒത്താശയില്ലാതെ തന്നെ നിർവ്വഹിക്കാനും ആ ദൈവത്തിനു കഴിയും. അതിനു ഒരു മതത്തിന്റേയും പുരോഹിതന്മാരുടേയും സഹായം ആവശ്യമില്ല. ദൈവത്തെ തങ്ങൾ അറിഞ്ഞിട്ടുണ്ടോ എന്നു മതങ്ങളും പുരോഹിതന്മാരും ആദ്യം തെളിയിക്കണം. അല്ലാതെ തങ്ങൾക്കറിയാത്ത ദൈവം ഇങ്ങനെയൊക്കെയാണു പെരുമാറുക എന്നു പറഞ്ഞാൽ ആരാണു വിശ്വസിക്കുക? ദൈവത്തെ അറിയുന്നെങ്കിൽ അതിനുള്ള തീട്ടൂരം കാണിക്കണം. വളരെ സിമ്പിളായൊരു കാര്യമാണതു. വേറൊന്നും ചെയ്യണ്ട, ആധുനികശാസ്ത്രത്തെ അടിമുടിനിഷേധിച്ച്, മതഗ്രന്ഥങ്ങളിൽ പറയുന്നതുപോലെ ഒന്നു ജീവിച്ചു കാണിക്കുക. അത്രമാത്രം മതി. അതിനു പറ്റുന്നവർ ഒന്നു കൈപൊക്കിക്കേ......

വേദം പഠിപ്പിക്കാത്തതിനു പരാതി പറയുന്നവർ


ഉല്പതിഷ്ണുക്കളെക്കുറിച്ച് ഒരു വലിയ തമാശയുണ്ട്. അവർ ഇങ്ങനെ പറഞ്ഞു തുടങ്ങും....

വേദങ്ങളും ഉപനിഷത്തുക്കളും ആയുർവ്വേദവുമൊക്കെ ഒരുപറ്റം സവർണ്ണർ കയ്യടക്കിവച്ചിരിക്കുകയായിരുന്നു. അതുകൊണ്ട് അതു സാധാരണക്കാർക്കാർക്കും പഠിക്കാൻ പറ്റിയില്ല. സവർണ്ണമേധാവിത്വത്തിന്റെതായിരുന്നു ആ കാലം. അതു ഇരുണ്ടയുഗമാണു. ജനങ്ങളെ അടിമകളാക്കാൻ അവർ ആയുധമാക്കിയതു വേദോപനിഷത്തുക്കളെയാണു.

സംഗതി നേരാണു. ഓത്തും സ്വാദ്ധ്യായവുമായി നടന്ന കുറേ ക്രോസ്ബൽറ്റുകാരുടെ കയ്യിലായിരുന്നു അതൊക്കെ. കാര്യങ്ങളൊക്കെ അവർ നിയന്ത്രിച്ചു. വേദം കേൾക്കുന്ന ശുദ്രന്റെ ചെവിയിൽ ഈയം ഉരുക്കിയൊഴിക്കണമെന്നു ഒരു നിയമംവരെ അന്നുണ്ടായിരുന്നത്രെ. ശുദ്രൻ എന്നു പറഞ്ഞാൽ നായർ തൊട്ടു ബാക്കിയെല്ലാവരും വരും. എന്നിട്ടും ചില നായന്മാരും, പിഷാരോടിമാരും, ഈഴവപ്പണിക്കന്മാരും, തീയന്മാരുമൊക്കെ സംസ്കൃതവും ആയുർവ്വേദവുമൊക്കെ പഠിച്ചു. നായരിലാരും വേദം പഠിച്ച് തന്ത്രിയായില്ലെങ്കിലും ഈഴവരിൽ നിന്നു ഒരു തന്ത്രിയുണ്ടായി. ചെവിയിൽ ഈയം‌പറ്റാതെ അതൊക്കെ എങ്ങനെ സാധിച്ചു എന്നു മനസിലായിട്ടില്ല. അതൊരുപക്ഷെ ബുദ്ധഭിക്ഷുക്കൾ പഠിപ്പിച്ചതാകാം. പക്ഷെ അവിടെയുമുണ്ട് ഒരു സംശയം. ബൌദ്ധന്മാർ നിഷേധിച്ച വേദം അവരെന്തിനു പഠിപ്പിക്കണം?

അതൊക്കെ പോകട്ടെ. ഇതൊന്നും പഠിക്കാൻ എല്ലാവരേയുമൊന്നും അനുവദിക്കാതിരുന്ന ഒരുകാലമുണ്ടായിരുന്നു എന്നു സമ്മതിക്കണം. അതൊരു മോശമായ കാലവുമാണു. പക്ഷെ അന്നു ഉല്പതിഷ്ണുക്കൾ വാദിച്ചിരുന്നതെന്തണു?

ഇടിയും, മിന്നലും, മഴയും കണ്ടുപേടിച്ച മനുഷ്യൻ ഉരുവിട്ട ജല്പനങ്ങളാണു വേദങ്ങൾ. ഭയത്തിൽ നിന്നും മോചനം നേടാനായി കല്ലിനേയും മരത്തിനേയുമൊക്കെ പൂജിക്കാൻ പറഞ്ഞു. അതു അധമമാണു. വേദങ്ങൾ സംസ്കൃതിയെ പിന്നോട്ടടിച്ചിട്ടേയുള്ളു. അതെഴുതിവച്ചിരിക്കുന്ന ഭാഷ മൃതഭാഷയാണു. ആ ഗ്രന്ഥങ്ങളൊക്കെ നശിപ്പിക്കണം.
പാശ്ചാത്യവിദ്യാഭ്യാസവും, ആധുനികശാസ്ത്രചിന്തയും, ഇംഗ്ലീഷുമാണു പുരോഗതിയിലേക്ക് നയിക്കാൻ പോകുന്നതു. പുരോഗമനചിന്താഗതിക്കാർ അതു സ്വീകരിക്കണം. വേദങ്ങളെ നിഷേധിച്ചാൽ ആ തലമുറരക്ഷപ്പെടും.

ഇതുൾക്കൊണ്ടവരുടെ തലമുറയാണു പിന്നീട് ഉണ്ടായതു. ദാ, അവരിപ്പോൾ പറയുന്നു: ‘വേദോപനിഷത്തുക്കളിലെ പ്രാചീനമായ അറിവ് സാമാന്യജനങ്ങളിൽ നിന്നും അകറ്റിനിർത്തിയതു കൊണ്ട് നഷ്ടമുണ്ടായി. തങ്ങളെ പഠിക്കാൻ അനുവദിക്കാത്തതു കഷ്ടമായി’. അതിന്റെ അർത്ഥമെന്താ? തങ്ങൾ പിന്തുടർന്ന ആധുനികതയേക്കാൾ മികച്ചതായിരുന്നു പ്രാചീനമായ വേദങ്ങളിലെ അറിവ് എന്നാണോ?

ഇങ്ങനെ വേദം‌പഠിക്കാൻ കഴിയാത്തതിൽ നിരാശ്ശപ്പെടുകയും അതിനു സവർണ്ണരെ കുറ്റം‌പറയുകയും ചെയ്യുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്നു. പക്ഷെ ഇതൊരു ഡബ്‌ൾ ടോക് അല്ലെ? വൈരുദ്ധ്യാഭാസം? പ്രതിലോമകരമായ ആ അറിവ് പൊയ്പോയെന്നു സമാധാനിക്കുന്നതിനു പകരം ഇവരെന്തിനാ നിരാശ്ശപ്പെടുകയും പരാതി പറയുകയും ചെയ്യുന്നതു?

അതോ ആളുകൾക്ക് വൈകിയിട്ടാണെങ്കിലും ഒരു തിരിച്ചറിവ് വന്നോ? എങ്കിൽ നല്ലകാര്യം. വേദോപനിഷത്തുക്കളിൽ അറിവുണ്ട്. അതു സ്വായത്തമാക്കുന്നതു നല്ലതാണു. പിന്നെന്താ അതു പത്തിക്കാൻ താമസം. ഇന്നു പഴയതുപോലെ വേദം കയ്യടക്കിവക്കുന്ന വരേണ്യവർഗ്ഗമില്ല. ആർക്കും പഠിക്കാം. പഠിപ്പിക്കാൻ ആളുമുണ്ട്. എന്നിട്ടും അതുപഠിക്കാൻ മിനക്കെടാതെ പിന്നെയും പഴയപരാതി തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നതെന്തിനാണു? അല്ലാ, എന്താ അതിന്റെ അർത്ഥം?

ചുരുക്കത്തിൽ ഇവർക്ക് പരാതി മാത്രമേയുള്ളു. പരാതിപറയാനുള്ള ഒരു സംഗതി മാത്രമാണു വേദവും സവർണ്ണതയും. അതാണു അതിന്റെ തമാശയും......

Thursday, December 26, 2013

ബുദ്ധമതത്തിന്റെ തകർച്ച


ബുദ്ധമതത്തെ തോല്പിച്ച ആര്യൻ തിയറി എന്തുകൊണ്ടോ എനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല. ഒരു ജനത കഷ്ടമനുഭവിക്കുമ്പോഴാണു പരദേശവാസിയാകുന്നതു. ദാരിദ്ര്യം മൂത്തപ്പോൾ ബ്രിട്ടീഷുകാർ ചെയ്തതുപോലെ. അപ്പോൾ അവർ അക്രമങ്ങൾ കാണിക്കും. രണ്ടാമത്തെ ഉദാഹരണം മലയാളികളുടെ പ്രവാസജീവിതം. തങ്ങളേക്കാൾ വളർന്നതും സുഭിക്ഷവുമായ ഒരു സമൂഹത്തിലേക്കേ പരദേശിമോക്ഷയാത്രകൾ ഉണ്ടാകാറുള്ളു. അവർക്ക് പുതിയ ദേശത്തെ ജനതയെ കീഴടക്കുന്നതിനു ഒരു പരിധിയുണ്ട്. അതിനുദാഹരണം അലക്സാണ്ടറുടെ പരാജയമാണു. ഇന്നിപ്പോൾ നാം അമേരിക്കയിൽ പോകുമെങ്കിലും അവരുടെ ഭരണം പിടിച്ചെടുക്കാൻ നോക്കുന്നുണ്ടോ?കീഴടക്കപ്പെടുന്ന ജനത സ്വയമേവ ശിഥിലമാകുമ്പോഴാണു അക്രമികൾക്ക് വേറുറപ്പിക്കാൻ കഴിയുന്നതു. ബ്രിട്ടീഷുകാർക്ക് മുൻപേ അറബികളും, ഗ്രീക്കുകാരും, ഈജിപ്ത്യന്മാരും ഇന്ത്യയിൽ എത്തിയിരുന്നു. അവരാരും ഭരണം പിടിച്ചെടുക്കുകയോ സാമൂഹികക്രമം അട്ടിമറിക്കുകയോ ചെയ്തില്ല. മുസ്ലീം ഭരണാധികാരികൾ വന്നിട്ടും അവർ സമന്വയത്തിന്റെ പാതയാണു സ്വീകരിച്ചതു. എന്നാൽ ബ്രിട്ടൺ ഇന്ത്യയിൽ എത്തുമ്പോൾ ഇന്ത്യൻ സമൂഹം ചെതുക്കിച്ചു തുടങ്ങിയിരുന്നു. അതാണു അവർക്ക് മേൽക്കൈകിട്ടാൻ ഇടയാക്കിയതു.

ശങ്കരാചാര്യർ ബുദ്ധിസ്റ്റുകളെ വാദത്തിൽ തോൽ‌പ്പിച്ചു എന്നു പറയുമ്പോൾ അതു വ്യക്തമാക്കുന്നതു താത്ത്വികമായി ബുദ്ധമതത്തിന്റെ ദൌർബ്ബല്യമാണു. സർവ്വവും ഉൾക്കൊള്ളുന്ന ഒരു ദർശനത്തിനെതിരേ അഹിംസയും, ആത്മപീഢനവും മാത്രം കൈമുതലായുള്ള ഒരു തത്ത്വചിന്തയ്ക്ക് പിടിച്ചു നിൽക്കാനായില്ല. എന്നുമാത്രമല്ല അതു ശാസ്ത്രത്തിന്റെ വളർച്ചയ്ക്ക് തടസ്സമായി നിൽക്കുകയും ചെയ്തു. എന്തും ബുദ്ധമത തത്ത്വങ്ങൾക്കുള്ളിൽ നിന്നില്ലെങ്കിൽ അവർ അതിനെ അംഗീകരിച്ചിരുന്നില്ല.

ഏറ്റവും പ്രധാനം വൈകാരികമായ ഒത്തുചേരലിൽ ഉണ്ടായ അപഭ്രംശമാണു. വേണ്ടത്ര തപസോ സ്വാദ്ധ്യായമോ ഇല്ലാതിരുന്ന സന്യാസി-സന്യാസിനിമാർ മഠങ്ങളിൽ ഒന്നിച്ചുപാർത്തപ്പോൾ ഉണ്ടായ തകരാറുകളാണു ബുദ്ധമതത്തെ ആന്തരികമായി നശിപ്പിച്ചതു. ഭരണസ്വാധീനമുപയോഗിച്ചാണു ബുദ്ധമതം വളർന്നതു. ബ്രിട്ടന്റെ സഹായത്തോടെ ക്രിസ്തീയസഭകൾ വളരുന്നതുപോലെ. അധികാരത്തോട് അടുത്തുനിൽക്കുന്ന എന്തും പെട്ടെന്നു സ്വയം ദുഷിക്കും. ബുദ്ധമതവും അങ്ങനെ ദുഷിച്ചു.

ഒരു കളപോലും ആലോചിച്ചല്ലാതെ പറിച്ചു കളയാത്തവരായിരുന്നു നമ്മുടെ പൂർവ്വികർ. ഇഴഞ്ഞുപോകുന്ന പാമ്പിനെ കണ്ടാൽ തല്ലിക്കൊല്ലില്ല. നായയെ വെറുതെ കല്ലെടുത്തെറിയില്ല. ഒരു മരം വെട്ടണമെങ്കിൽ അതിൽ പാർക്കുന്ന ജന്തുജാലത്തോട് അനുവാദം ചോദിക്കുമായിരുന്നു. വഴിയിൽ ഒരു കല്ലുകിടന്നാൽ മറ്റൊരാൾക്കു ഉപദ്രവമാകുമെന്നു കണ്ട് എടുത്തുമാറ്റുന്നവരായിരുന്നു പണ്ടുള്ളവർ. പണ്ഡിതന്മാരേയും സന്യാസിമാരേയും ബഹുമാനിച്ചിരുന്നു. സ്നേഹം മാത്രം കൈമുതലായുള്ള ഒരു ജനത ബൌദ്ധമാരുടെ കഴുത്തറക്കുമെന്നും തെറിപറഞ്ഞ് ഓടിക്കുമെന്നും പറഞ്ഞാൽ അതു വെറും പാശ്ചാത്യവീക്ഷണമാണു. അവർക്കെ അങ്ങനെ ചെയ്യാൻ കഴിയൂ. ഓരോദിവസവും ദുർഘടമായ പാശ്ചാത്യനു പെട്ടെന്നു വെറിവരാം. എന്നാൽ പ്രകൃതിയോട് ഇണങ്ങിജീവിച്ചിരുന്ന ഭാരതീയനു അതു കഴിയുമായിരുന്നില്ല.

നാം ആലോചിക്കേണ്ടതു തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം ചരിത്രങ്ങൾ ആരാണു പടച്ചുവിട്ടതെന്നാണു.

Saturday, December 21, 2013

പരിസ്ഥിതിയുടെ അജണ്ട


സാമാന്യബുദ്ധിയുള്ള ആർക്കും മനസിലാകുന്ന പലകാര്യങ്ങളും പലപ്പോഴും കേരളത്തിലെ ജനത്തിനു മനസിലാകാറില്ല. പരിസ്ഥിതി സംരക്ഷണം അതിനൊരുദാഹരണമാണു. 1980നു ശേഷമാണു പരിസ്ഥിതി നിഷ്കർഷ ഇന്ത്യയിൽ ഒരു വിശേഷാൽ അജണ്ടയാകുന്നതു. ആർജ്ജവമുള്ള ഒരു ഭരണകർത്താവായിരുന്നതു കൊണ്ട് ഇന്ദിരാഗാന്ധി അതു നേരത്തെ ഉൾക്കൊണ്ടിരുന്നു എന്നു അനുമാനിക്കണം. അല്ലെങ്കിൽ സൈലന്റ‌വാലിയുടെ കാര്യത്തിൽ അന്നങ്ങനെയൊരു തീരുമാനമെടുക്കുമായിരുന്നില്ല. തന്റെ പ്രിയപ്പെട്ട സേവകനും വികസനതല്പരനായിരുന്ന കെ.കരുണാകരനെ പോലും മറികടന്നാണു ശ്രീമതി.ഗാന്ധി അതു ചെയ്തതു.

അതിനു ശേഷം വന്ന വനംവകുപ്പ് മന്ത്രിമാരെ ശ്രദ്ധിച്ചാലും കാര്യങ്ങൾ കുറേ മനസിലാകും. ഏതു പൊളവനാണെങ്കിലും ചില ചട്ടക്കൂടുകൾക്കുള്ളിൽ അടങ്ങേണ്ടി വന്നിട്ടുണ്ട് എല്ലാവർക്കും. ഒടുവിലൊടുവിൽ ആർക്കും അത്ര താല്പര്യമുള്ള ഒരു വകുപ്പുമല്ലാതെ അതു മാറാനും തുടങ്ങി. ബിനോയ്‌വിശ്വത്തെപ്പോലെ സ്വാത്തികന്മാരും, ഗണേശനേപ്പോലെ മർമ്മമറിയാവുന്നവരും മാത്രമായി അതിന്റെ തലപ്പത്തു. അച്ഛനും എന്തിനു പൂഞ്ഞാറ്റിൽ തമ്പുരാൻ പോലും ഇടഞ്ഞീട്ടും ഗണേശൻ വിട്ടുകൊടുത്തില്ല. അഥവാ അതിനുള്ള സ്കോപ്പ് ആ വകുപ്പിലില്ല. എന്നാൽ ഇതിനേക്കാളൊക്കെ മുന്നേ കൂപ്പുമുതലാളിമാർ കെണിമനസിലാക്കി പിൻ‌വാങ്ങാൻ ആരംഭിച്ചിരുന്നു. മുതലാളിമാർക്കാണല്ലോ പലകാര്യങ്ങളിലും പഠിപ്പും ബിരുദവുമുള്ളവരേക്കാളൊക്കെ ഗ്രാഹ്യം. ബിരുദം നേടാൻ ഏതു അങ്ങനും അടകോടനും കഴിയും. ഒരു കച്ചവടം നടത്തണമെങ്കിൽ അതിനു ബുദ്ധി വേണം. തടിവെട്ട് അധികകാലം നിലനിൽക്കില്ലെന്നു അവർ മുൻ‌കൂട്ടിക്കണ്ട് മലേഷ്യൻ തടി ഇറക്കുമതി ചെയ്യാൻ തുടങ്ങി.

മറ്റ് ഏതു മേഖലകളിലും എന്തു തരവഴികേടും കാണിച്ച് പിടിച്ചുനിൽക്കുന്ന പണക്കാർ, സ്വാധീനമുള്ളവർ, സെലിബ്രിട്ടികളൊക്കെ വനം വകുപ്പിന്റെ മുന്നിൽ കെണിയുന്ന കാഴ്ചയും പിന്നാലെ ഉണ്ടായി. ആനക്കൊമ്പെടുത്തവനായാലും നല്ലമാനിനെ വെടിവെച്ചിട്ടവനായാലും വനം വകുപ്പിന്റെ അടിച്ചിലിൽ വീണു. ഇതൊക്കെ കണ്ടിട്ടും പരിസ്ഥിതിവനം ഏരിയയാലുള്ള മാറ്റം ഉൾക്കൊള്ളാൻ സാധാരണക്കാരനു കഴിയുന്നില്ല. അവരിപ്പോഴും വർഗ്ഗസമരത്തിന്റെയും ആർത്തിയുടേയും അഞ്ചാംക്ലാസിൽ തന്നെ തോറ്റുതോറ്റു കിടക്കുകയാണു. വനനിയമത്തിന്റെ കാർക്കശ്യം മെല്ലെവന്നു പൊതിയുന്നതിനു മുൻപേ രക്ഷപ്പെടാനുള്ള വഴി നോക്കുന്നതിനു പകരം കല്ലിൽ കടിച്ച് പല്ലുകളയാനുള്ള തത്രപ്പാടിലാണവർ.

ആരു പ്രധാനമന്ത്രിയായാലും ആരു മുഖ്യമന്ത്രിയായാലും വനം-പരിസ്ഥിതിവകുപ്പുകളുടെ അജണ്ട നിശ്ചയിക്കുന്നതു ഏതോ അജ്ഞാത കേന്ദ്രത്തിൽ നിന്നാണു. അതു കൊണ്ടാണു വനം മന്ത്രിമാർ ഈയിടെ ശ്രദ്ധേയരാകുന്നതും, പലപ്പോഴും അതിരു കവിഞ്ഞ അധികാരമുള്ളവരേപ്പോലെ പെരുമാറുന്നതും. തമ്പുരാന്റെ മുകളിൽ ഒടയതമ്പുരാൻ ഉണ്ടെന്നു അവർക്കറിയാം. മോഡി ഭരണത്തിൽ വന്നാലും ഈ സ്ഥിതിക്ക മാറ്റം വരില്ല. അപ്പോഴും പ്രധാനമന്ത്രിയേക്കാൾ മുഖ്യൻ വനം മന്ത്രിതന്നെയായിരിക്കും. പുറമേ അതിന്നും കാണിക്കില്ലെങ്കിലും വരുംകാലങ്ങളിൽ അതായിരിക്കും അതിന്റെയൊരു ചിട്ട.

സാധാരണഗതിയിൽ പുല്ലുപോലെ മറികടക്കാവുന്നതേയുള്ളു കസ്തൂരിയും ഗാഡ്ഗില്ലുമൊക്കെ. പക്ഷെ അതൊക്കെ നീറിനീറിക്കിടക്കുന്നതല്ലാതെ കെട്ടുപോകുന്നില്ല. അതാരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? എന്തായിരിക്കും അതിനു കാരണം? ആരാണു ഇന്ത്യയിലെ പരിസ്ഥിതി സംരക്ഷിക്കപ്പെടണമെന്നു ഇത്ര വാശിപിടിക്കുന്നതു? കാര്യം വളരെ സിമ്പിളാണു. പാരിസ്ഥിതിക വിഷയത്തിൽ ഇനി ലോകത്തിന്റെ ആകെയുള്ള ആശ്രയം ഇന്ത്യയിലെ പരിസ്ഥിതി മേഖലകളാണു. ഇന്ത്യൻ സർക്കാർ ആഗ്രഹിക്കുന്നില്ലെങ്കിൽക്കൂടി അതു സംരക്ഷിക്കപ്പെടും. ഇതു തിരിച്ചറിഞ്ഞ കർണ്ണാടകാ തമിഴ്നാട് സർക്കാറുകൾ കിട്ടാവുന്ന ധനസഹായമെല്ലാം മേടിച്ച് പശ്ചിമഘട്ടസംരക്ഷണ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. നമ്മൾ മാത്രം ആർപ്പും അലമ്പുമായിക്കഴിയുന്നു. ചോദിച്ചാൽ എത്ര കാശുവേണമെങ്കിലും തരാൻ ആളുകളുണ്ട്. പക്ഷെ പരിസ്ഥിതി സംരക്ഷിക്കണം. കാശുമേടിച്ചിട്ട് ഞ്ഞഞ്ഞാപുഞ്ഞാ പറഞ്ഞാൽ വിവരമറിയും. സുവ്യക്തമായ പദ്ധതികൾ മുന്നോട്ട് വച്ചാൽ എന്തും തരികയും ചെയ്യും. മുന്നോട്ട് വയ്ക്കാൻ നമുക്ക് പദ്ധതികൾ ഇല്ലെങ്കിൽ താമസം വിനാ കാര്യങ്ങൾ അതിന്റെ സ്വന്തം വഴിക്ക് മുന്നോട്ട് പോകും. കാശുമില്ല, അടിയും കിട്ടും എന്ന അവസ്ഥയാണു മലയാളിക്ക് വരാൻ പോകുന്നതു. മാണിസാറോ മാർക്സിസ്റ്റ്പാർട്ടിയോ വിചാരിച്ചാലൊന്നും അതിനു ഒരു മാറ്റവുമുണ്ടാവില്ല. പിന്നെ, പെട്രോൾ വിലകൾ പോലെ പൊതുജനത്തിനു അതുമായി അങ്ങ് താദാത്മ്യപ്പെടേണ്ടി വരും. ഭേദം പരിസ്ഥിതിയെ സംരക്ഷിക്കുന്നതല്ലെ?

ചന്ദ്രശേഖറിൽ നിന്നും കേജരിവാളിലേക്ക് :


അരവിന്ദ് കേജ്രിവാളിനേയും ആം ആദ്മി പാർട്ടിയേയും കാണുമ്പോൾ എനിക്കൊരു പൂർവ്വകാലഫലിതമാണു ഓർമ്മയിൽ വരുന്നതു. ഒരു പഞ്ചായത്തു പ്രസിഡന്റ് പോലുമാകാതെ നേരിട്ട് ഇന്ത്യൻ പ്രധാനമന്ത്രിയായ എസ്സ്.ചന്ദ്രശേഖറേയും ജനതാപാർട്ടിയേയും കുറിച്ച്. തനിക്ക് ജനസേവനം മതി അധികാരമാവശ്യമില്ല എന്നു വാശിപിടിച്ച ഒരു നേതാവും അനന്തമായ പ്രതീക്ഷകൾ വാഗ്ദാനം ചെയ്ത ഒരു പാർട്ടിയുമായിരുന്നു ചന്ദ്രശേഖറും ജനതാപാർട്ടിയും. എന്നിട്ടും കാലം രണ്ടിനേയും എവിടെക്കൊണ്ടെത്തിച്ചു എന്നതു ചരിത്രമാണു. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ചലനരേഖകളുടെ മാപിനിയുമാണതു.

1977 മാർച്ചമാസത്തിലെ പൊതുതെരെഞ്ഞെടുപ്പിൽ ഇന്ദിരയും കോൺഗ്രസ്സും തോറ്റുതുന്നമ്പാടി. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പ്രതിപക്ഷകക്ഷികളുടെ സമാഹാരമായ ജനതാപാർട്ടി പാർലമെന്റിലേക്ക്. ആ സമയത്തു ജയപ്രകാശ് നാരായണൻ മുംബൈ ജസ്ലോക് ആശുപത്രിയിൽ ജീവിതത്തിനും മരണത്തിനുമിടയിലെ സന്ധിയിൽ എവിടേക്ക് പോകണമെന്നു നിശ്ചയമില്ലാതെ കഴിയുന്നു. ആരാകണം പുതിയ പ്രധാനമന്ത്രി എന്ന ചൂടുപിടിച്ച ചർച്ച ദില്ലിയിൽ നടക്കുന്നു. മൊറാർജി, ചരൺസിംഗ്, ജഗജീവൻ‌റാം. ഈ മൂന്നുപേരാണു സ്ഥാനമോഹികൾ. ജനതാപാർട്ടിയിൽ ലയിച്ച ഭാരതീയ ജനസംഘത്തിനു അന്നൊരു പ്രധാനമന്ത്രിസ്ഥാനത്തേക്കുറിച്ച് സങ്കല്പിക്കാനുള്ള ഉൾക്കരുത്തൊന്നുമുണ്ടായിരുന്നില്ല. സ്ഥാനമോഹികൾ മൂന്നുപേരും ശക്തരായതു കൊണ്ട് തീരുമാനം അന്തരീക്ഷത്തിൽ തന്നെ തൂങ്ങി നിന്നു. ജയപ്രകാശിന്റെ മദ്ധ്യസ്ഥതയിൽ ഒരു തീരുമാനമുണ്ടായാൽ അതംഗീകരിക്കാമെന്നു മൂന്നുപേരും സമ്മതിച്ചതാണു ആശ്വാസകരമായ ഒരേയൊരു കാര്യം.

ചന്ദ്രശേഖർ പ്രധാനമന്ത്രിയാകട്ടെ എന്നായിരുന്നു ജെ.പിയുടെ നിലപാട്. അതിനു അദ്ദേഹത്തിനു വ്യക്തമായ ന്യായങ്ങൾ ഉണ്ടായിരുന്നു. അടിയുറച്ച സോഷ്യലിസ്റ്റാണു ചന്ദ്രശേഖർ. കറപുരളാത്ത രാഷ്ട്രീയ വ്യക്തിത്വം. സൌ‌മ്യവും സൌഹാദപൂർവ്വവുമായ പെരുമാറ്റത്തിനുടമ. ജനതാപാർട്ടിയെ ഒരു മൃഗശിക്ഷകനെപ്പോലെ കൊണ്ടുനടത്താൻ കഴിഞ്ഞേക്കും എന്നു ജെ.പിക്ക് തോന്നി. എല്ലാറ്റിലുമുപരി ചന്ദ്രശേഖറിനു ജനത്തോടുള്ള കാരുണ്യം. ഇന്ത്യയെന്ന അഭിമാനം നെഞ്ചിലേറ്റിയ കോൺഗ്രസ്സിലെ യുവതുർക്കിയായ ചന്ദ്രശേഖർ ഇന്ത്യയെ പുരോഗതിയിലേക്കും സ്വാതന്ത്ര്യത്തിലേക്കും നയിക്കുമെന്നു അദ്ദേഹം പ്രതീക്ഷിച്ചു. പക്ഷെ ശനിബാധിച്ച നളനെപ്പോലെ ചന്ദ്രശേഖർ അതു നിർദ്ദയം നിരസ്സിച്ചു. ജയപ്രകാശ് ഒരുനിമിഷം മൂകനായി എന്നാണു അതിനു സാക്ഷ്യം വഹിച്ച ഒരു പത്രപ്രവർത്തകൻ അന്നെഴുതിപ്പിടിപ്പിച്ചതു. അതിനു ശേഷമരങ്ങേറിയ കോമാളിത്തങ്ങൾ നമുക്ക് വിട്ടുകളയാം. ചരിത്രത്തിനു ഫലിതബോധമാണു ഏറെയെന്നു അതു നമ്മെ പഠിപ്പിക്കുന്നുണ്ടെങ്കിലും.

ഒരു വ്യാഴവട്ടം എത്തുന്നതിനു മുൻപേ താൻ നിരസിച്ച പ്രധാനമന്ത്രിപദത്തിനു വേണ്ടി എന്തൊക്കെ അശ്ലീലതകളാണു ചന്ദ്രശേഖറിനു കാണിക്കേണ്ടി വന്നതു. അതോർക്കുമ്പോൾ ആരായാലും ലജ്ജിച്ചു പോകും. തന്നെത്തന്നെ പൂർണ്ണമായി നിഷേധിച്ചുകൊണ്ടാണു രാജീവ്ഗാന്ധിയുടെ പിന്നാലെ നടന്നു ആ സ്ഥാനം ചന്ദ്രശേഖർ ഉറപ്പാക്കിയതു. ആരൊക്കെ പരിഹസിച്ചിട്ടും അദ്ദേഹം പിൻ‌വാങ്ങിയില്ല. അതാണു അധികാരത്തിന്റെ ലഹരി. അധികാരത്തിൽ മോഹമുണ്ടായാൽ പിന്നെ എല്ലാ അഭിമാനവും നഷ്ടമാകും. ആചാര്യ വിനോബാ ഭാവെ, ജയപ്രകാശ് നാരായണൻ, ഡോ.ജി.രാമചന്ദ്രൻ തുടങ്ങിയ അപൂർവ്വം ചില വ്യക്തിത്വങ്ങൾക്കേ അധികാരത്തിന്റെ ഇടനാഴിയിൽ നിന്നും വിട്ടുനിൽക്കാൻ കഴിഞ്ഞിട്ടുള്ളു. അതിനു തക്കതായ ആത്മബലം അവർക്കുണ്ടായിരുന്നു. ജീവിത സാഹായാഹ്നത്തിൽ ചന്ദ്രശേഖറിനു നഷ്ടപ്പെട്ടതും അതാണു. അരബിന്ദ് കേജ്രിവാളിനു അതെത്രമാത്രമുണ്ടെന്നു അറിയാനുള്ള സന്ദർഭം ദില്ലിയിലെ വോട്ടറന്മാർ ഒരുക്കിയിട്ടുണ്ട്. അനേകം ഭരണാധികാരികളെ കണ്ടതിന്റെ ജനിതകപാരമ്പര്യമുള്ള ദില്ലി ജനത ഈ തീരുമാനമെടുത്തതു വെറുതേയല്ല. കേജ്രിവാളിനും ആം ആദ്മിക്കും ഇതൊരു പരീക്ഷണമാണു. അതെങ്ങനെ അതിജീവിക്കുമെന്നു നമുക്ക് നോക്കിയിരുന്നു കാണാം!


Friday, December 20, 2013

സ്വവർഗ്ഗരതിയും ആത്മീയതയും


ഇന്ത്യയിൽ ആദ്ധ്യാത്മികത ഒരിക്കലും ഒരു സംഘടിതശ്രമമായിരുന്നില്ല. ഒരു വ്യക്തിക്ക് തന്റെ ചുറ്റുമുള്ള ലോകത്തോട് എന്തോ ഒരു ചേർച്ചക്കുറവ് തോന്നുമ്പോൾ തുടങ്ങുന്ന അന്വേഷണമാണു ആദ്ധ്യാത്മികതയിൽ ചെന്നവസാനിക്കുന്നതു. വ്യക്തിയെ സമൂഹവുമായി ചേർത്തുകൊണ്ടുപോകാനുള്ള എല്ലാ ശ്രമങ്ങളും സാമൂഹികശാസ്ത്രമാണു. പലപ്പോഴും അതിനെ നാം ആദ്ധ്യാത്മികതയായി തെറ്റിദ്ധരിക്കാറുണ്ട്. സർവ്വതിനോടും സമന്വയിക്കാനുള്ള ശേഷി നേടലാണു ഇന്ത്യൻ ആദ്ധ്യാത്മികത. അതിനു മനസും ശരീരവും ആരോഗ്യത്തോടെ ഇരിക്കണം. അകത്തേക്ക് നോക്കിയാണു ഒരുവൻ തന്നെത്തന്നെ കണ്ടെത്തുന്നതു. അവിടെ അവൻ ഏകനാണു. സംഘം ചേർന്നും, ഭജനപാടിയും, ഡാൻസ്ചെയ്തും, സോപ്പും, അഗർബത്തിയും, വൃക്ഷത്തൈകളും വിറ്റ് ആത്മസാക്ഷാത്കാരം നേടാമെന്നു ആരും വിചാരിക്കണ്ട. അതൊക്കെ പുറത്തേക്കുള്ള നോട്ടവും അലഞ്ഞുതിരിയലുമാണു. അതിനു മറ്റൊരു Cult ആയി മാറാനേ കഴിയുകയുള്ളു.

ആത്മപ്രചോദിതമായ ഒരു ലക്ഷ്യത്തിനു പുറത്ത് സാമൂഹികമായി സംഘടിക്കുമ്പോഴാണു രതികൾ ഉടലെടുക്കുന്നതു. സ്വഭാവികമായ രതി സമൂഹത്തിൽ അനുവദിനീയമായിരിക്കെ വ്യത്യസ്ഥതയ്ക്കു വേണ്ടിയാണു സംഘം പ്രകൃതിവിരുദ്ധതയിലേക്ക് ചുവടുമാറുന്നതു. സംഘടനകളിൽ സ്വവർഗ്ഗരതി കടന്നുവരുന്നതിങ്ങനെയാണു. അതിനൊരു ഗുണമുണ്ട്. സ്വാഭാവികമായ രതിപോലെ അതു കണ്ടുപിടിക്കപ്പെടുകയോ വിമർശിക്കപ്പെടുകയോ ചെയ്യില്ല. വേറൊന്നുള്ളതു അതിൽ ഒരു കാലത്തും പൂർണ്ണത ലഭിക്കാത്തതിനാൽ സംഘാഗംങ്ങൾ പ്രതീക്ഷയോടെ സംഘത്തിൽത്തന്നെ തുടർന്നു കൊള്ളുമെന്നുള്ളതാണു.

ആധുനിക ലോകചരിത്രമെടുത്തു പരിശോധിച്ചാൽ നാസിപ്പടയാളികളിൽ സ്വവർഗ്ഗരതി വ്യാപകമായിരുന്നെന്നു കാണാം. ഹിറ്റ്‌ലർ പോലും ഒരു സ്വവർഗ്ഗാനുരാഗിയായിരുന്നു. നാസിപ്പടയിലെ പത്തോളം നിർദ്ദയ കൊലയാളികളും ഈ വകുപ്പിൽ പെടും. സേവന-സന്നദ്ധ സംഘടനകളുടെ ക്യാമ്പുകൾ, ഹോസ്റ്റലുകൾ, ആശ്രമങ്ങൾ, ദീർഘദൂരതീവണ്ടിയാത്രകൾ വരെ സ്വവർഗ്ഗാനുരാഗത്തിന്റെ ഈറ്റില്ലിങ്ങളാണെന്നു പഠനങ്ങൾ പറയുന്നു.

സ്വവർഗ്ഗരതി ഒരു അത്ഭുതമൊന്നുമല്ല. പക്ഷെ അതിനെ ന്യായീകരിക്കുന്നതു നിന്ദ്യമാണു. വിശേഷിച്ചും ഇന്ത്യൻ ആത്മീയതയെ കൂട്ടുപിടിച്ചു. അതിനു ഒരൊറ്റ ഉദ്ദേശമേ കാണുന്നുള്ളു. ഇന്ത്യൻ ആത്മീയതയുടെ പേരിൽ സംഘം ചേർത്തവർ വിട്ടുപോകാതിരിക്കാനുള്ള ഒരടവാണതു. A modern management technic. ആചാര്യന്മാർ അങ്ങനെ പറയുമ്പോൾ ചെയ്യുന്നതു തെറ്റാണെന്ന ബോധമുണ്ടെങ്കിലും അനുയായികളായ സ്വവർഗ്ഗരതിക്കാർക്ക് ആശ്വസിക്കാൻ കഴിയും. ഇതുകൊണ്ട് ആചാര്യനുള്ള ഗുണം സംഘത്തിലുള്ളവർ വിട്ടുപോകില്ലെന്നുള്ളതാണു. സ്വാമി ബോധാനന്ദയാണെന്നു തോന്നുന്നു സ്വവർഗ്ഗരതി തെറ്റല്ലെന്നും അതു ജനസംഖ്യ കുറയ്ക്കാൻ ഉതകുമെന്നും ആദ്യമായി പ്രചരിപ്പിച്ചു തുടങ്ങിയതു. അമേരിക്കയിലെ സ്വവർഗ്ഗരതിക്കാരുടെ സമ്മേളനത്തിലായിരുന്നു അതു. എന്നാൽ അതു ഇന്ത്യൻ ആദ്ധ്യാത്മികതയ്ക്കു വിരുദ്ധമാണെന്നു അദ്ദേഹം ബോധപൂർവ്വം മറന്നു. ഇതാണു നമ്മുടെ ആചാര്യന്മാർ!

ആദ്ധ്യാത്മികത വിട്ടാൽ പോലും ഇന്ത്യൻ വൈദ്യശാസ്ത്രം സ്വവർഗ്ഗരതിയെ അംഗീകരിക്കുന്നില്ല. അതു നിഷിദ്ധമായിട്ടാണു ചരകൻ പറയുന്നതു. പ്രകൃതിവിരുദ്ധമായ ഏതു മാർഗ്ഗം അവലംബിക്കുന്നവരും രോഗിയാകും. ചരകനു അതിൽ ഒരു സംശയവുമില്ല. അതിനുള്ള ആധുനിക തെളിവാണു എയിഡ്സിന്റെ പഠനങ്ങളിൽ നാം കണ്ടതും. ഇന്ദ്രിയോപക്രമണീയത്തിൽ, നൂറ്റാണ്ടുകൾക്കു മുൻപേ ചരകൻ പറഞ്ഞുകഴിഞ്ഞു, നായോന്യൌ - യോനിയില്ലാതെ മൈഥുനം അരുതു. അതു ആയുസ്സിനെ കുറയ്ക്കും. സാമൂഹികമായി ഉപദേശിക്കുമ്പോൾ ഒരു ആചാര്യൻ ശ്രദ്ധിക്കേണ്ടതു പൂർവ്വാചാര്യന്മാരുടെ വാക്കുകളേയാണു. അതു ശ്രദ്ധിക്കാതെ തൽക്കാലത്തെ ലാഭത്തിനു വേണ്ടി എന്തെങ്കിലും പറഞ്ഞാൽ അതു സമൂഹത്തെ അവ്യവസ്ഥിതമാക്കും. സമൂഹം അന്തരാളത്തിൽ പെടുന്നതാണല്ലോ ആചാര്യന്മാർക്ക് വേണ്ടതു. അവരുടെ കച്ചവടം സമൂഹത്തിന്റെ അസ്വസ്ഥതയിലാണെന്നു ആർക്കാണു അറിഞ്ഞുകൂടാത്തതു.

Monday, December 2, 2013

മലയാളി കുള്ളനായ കഥബൈസിക്കിൾ തീവ്സ് കണ്ടതു കൌമാരകാലത്തായിരുന്നു. വയറിന്റെ വിശപ്പിനു മോഷണം നടത്തേണ്ടി വരുന്ന ഒരാ‍ളുടെ കഥയെന്നേ ഇപ്പോൾ ഓർമ്മയുള്ളു. എങ്കിലും അതിന്റെ അന്തർധാര വിട്ടുപോയിട്ടില്ല. ദാരിദ്ര്യവും, വിവശതയും! പിന്നീട് യൂറോപ്പിനെക്കുറിച്ചറിഞ്ഞപ്പോൾ അവരുടെ പരിതാപകരമായ ജീവിതത്തെക്കുറിച്ച് സഹതാപം തോന്നി. അരക്ഷിതമായ ദിനങ്ങളിലൂടെ കടന്നു വേണം അവിടെ ജീവിതം പൂർത്തിയാക്കാൻ. കാലത്തിന്റെ പകുതിയും തണുപ്പായിരിക്കും. സൂര്യപ്രകാശം  ഒരു ആർഭാടമാണു. ചെടികൾ സ്വമേധയാ മുളയ്ക്കാൻ വിസമ്മതിക്കുന്ന മണ്ണു. അന്നന്നു അദ്ധ്വാനിച്ചുവേണം അന്നത്തെ അപ്പം കണ്ടെത്തണ്ടതു. കാലം മാറിയപ്പോൾ അതു പണത്തിന്റെ തോതിലായി. പണം സമ്പാദിച്ചു അതു കൊണ്ട് ഭക്ഷണം വാങ്ങുക. ദാരിദ്ര്യത്തെ ഭയന്നാണു ഓരോ ദിവസവും തള്ളിനീക്കുന്നതു. ദാരിദ്ര്യമുള്ളടത്തു ചൂഷണവുമുണ്ട്. ചൂഷണം മൂലം ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം വളരെ വലുതുമായിരിക്കും. ഈ ഒരു അവസ്ഥയിൽ നിന്നും ഉരുത്തിരിഞ്ഞ ജീവിതവീക്ഷണവും അതിന്റെ അതിജീവനത്തിനുള്ള ശാസ്ത്രവുമാണു യൂറോപ്പിനെ ഭരിച്ചു കൊണ്ടിരിക്കുന്നതു. അതറിയാതെയാണു അതിനെ നാം മികച്ചതാണെന്നു കരുതി സ്വാശീകരിച്ചതു. ഇപ്പോൾ നാമും ദാരിദ്ര്യത്തിന്റെ ആ അവസ്ഥയിലേക്ക് നടന്നെത്തിക്കൊണ്ടിരിക്കുകയാണു.

ഒരു മലയാളിയുടെ ജീവിതം നോക്കുക. എത്ര അന്തസാരശൂന്യമാണതു. കപടസ്വത്വങ്ങളിൽ അഭിരമിക്കാനാണു അവനു താല്പര്യം. ഇഷ്ടമ്പോലെ പകൽ വെളിച്ചമുള്ള ഒരു നാട്. എന്നിട്ടും അവൻ പകലുകളെ വെറുക്കുന്നു. കാലത്തിന്റെ പകുതി മഴകിട്ടും. മഴയുടെ നുളുപ്പ് അവനെ അസ്വസ്ഥതപ്പെടുത്തുന്നു. വാരിവിതറിയാൽ വിത്തുകൾക്ക് മുളയ്ക്കാൻ കഴിയുന്ന മണ്ണ്. ഒരു ചെടിപോലും നട്ടുവളർത്താൻ അവനു ആഗ്രഹമില്ല. എന്താണ് മലയാളിക്ക് സംഭവിച്ചതു. അലസവും ഉദാസീനവുമായ ജീവിതമാണു അവന്റെ രതി. അദ്ധ്വാനം കുറഞ്ഞപണികളിലാണു അവനു കമ്പം. പൊരുത്തോ ഇടനിലനിന്നോ ഒരല്പം പണമുണ്ടാകാൻ ആഗ്രഹിക്കുന്നവരാണു ഓരോ മലയാളിയും. പണം ആർഭാടത്തിനുള്ളതാണു. ജീവിതത്തിനുള്ളതല്ല. ഈ പാഠങ്ങളൊക്കെയാണു അവന്റെ തലയിലിരുന്നു ഭരിക്കുന്നതു.

ഒരു കുഞ്ഞ് ജനിച്ചാൽ അച്ഛനമ്മമാരുടെ സ്വപ്നം അവൻ ഭൂമിയുടെ ഉപ്പായി വളരണമെന്നല്ല. എങ്ങനെ വേഗത്തിൽ  അവനു പണമുണ്ടാക്കാൻ കഴിയുമെന്നതാണു. അതിനു മത്സരിക്കണം. അതവർ മനസിലാക്കിയിട്ടുണ്ട്. അതിനു അവനെ തയ്യാറെടുപ്പിക്കാനുള്ള ഉദ്വേഗത്തിലാണു ഓരോ അച്ഛനും അമ്മയും. മത്സരത്തിലെ കുറുക്കുവഴികൾ എന്താണെന്നു അവർ ആലോചിക്കുന്നു. അതിനു ആദ്യം വേണ്ടതു ഭാഷമറക്കുകയാണെന്നു അവർ കണ്ടെത്തി. ഈ നാടിനെ പൊതിഞ്ഞുനിൽക്കുന്ന പദാവലികൾ മറക്കണം. അല്ലെങ്കിൽ അതിലൂടെ അവൻ ഈ നാടിന്റെ സ്വപ്നത്തിലേക്കും സ്വത്വത്തിലേക്കും വഴുതിവീണാലോ? തങ്ങൾ ഇവിടെ ജനിച്ചുപോയതു ഒരപരാധമായാണു ഏറെ അച്ഛനമ്മമാരും കണക്കാക്കുന്നതു. തന്റെ കുട്ടിക്കതു വരരുതു. അതാണു മോഹം! വളർന്നു കഴിഞ്ഞാൽ  അവൻ അന്യദേശങ്ങളിലേക്ക് കൂടുമാറണം. തങ്ങൾ ഉപേക്ഷിക്കപ്പെട്ടാലും അവർക്ക് വിരോധമില്ല. ഇതിനൊക്കെ അമൃതഭാഷയും അമ്മിഞ്ഞപ്പാലും മറക്കണം.

ശബ്ദത്തിലൂടെയാണു ലോകം സൃഷ്ടിക്കപ്പെട്ടതെന്നു നാം മറന്നു. വാക്കുകൾ അല്ലാതെ മറ്റെന്താണു ഈ ലോകം? ഓരോ ലോകവും തിരിച്ചറിയുന്നതു ആ ലോകത്തിന്റെ ഭാഷയിലൂടെയാണു. മറ്റൊരു ഭാഷയിലെ ശബ്ദം കടന്നു വന്നു തനതു ശബ്ദത്തെ ആദേശംചെയ്തു പുറത്തുകളയുമ്പോൾ ആ പരഭാഷയുടെ ലോകമാണു ഉണരുന്നതെന്നു നാം അറിയുന്നില്ല. കാക്കയെ കാണിച്ചിട്ട് കാക്കയെന്നു പറഞ്ഞുകൊടുക്കാതെ Crow എന്നു പഠിപ്പിക്കുമ്പോൾ നമ്മുടെ കറുത്ത കാക്കകൾ മരിച്ചു പോവുകയാണു. അവയുടെ അസ്ഥിത്വം വെറും പറവ മാത്രമായി ചുരുങ്ങുന്നു. അതു പഠിക്കുന്ന കുഞ്ഞിലേക്ക്, അവൻ കണ്ട കാക്കവഴി പ്രകൃതി തുറക്കുന്ന ഒരു ലോകമുണ്ട്. അതറിഞ്ഞാലെ മനുഷ്യർക്ക് അവനവന്റെ ദേശങ്ങളിൽ വളരുവാനാകു. പരദേശിഭാഷയ്ക്കു വേണ്ടി പ്രകൃതിനീട്ടിയിട്ട ചരട് മുറിക്കുമ്പോൾ അവനു നഷ്ടമാകുന്നതെന്താണെന്നു ആരെങ്കിലും ആലോചിക്കാറുണ്ടോ? പ്രകൃതിയിലെ ഒരു ചങ്ങലക്കണ്ണി മുറിഞ്ഞുവീണാൽ അതുമാത്രമല്ല നഷ്ടപ്പെടുന്നതു. തുടർന്നുള്ള അനേകം കണ്ണികളും നഷ്ടമാകുന്നു. അവനു ജീവിക്കാനുതകുന്ന തന്റെ യഥാർത്ഥ ലോകം തന്നെ നഷ്ടമാകുന്നു.

ഏകകോശജിവിയായി ആരംഭിക്കുന്ന ജീവന്റെ തുടിപ്പ് അമ്മയുടെ ഉള്ളിൽ സുരക്ഷിതമായി വളർന്നാണു ഈ ലോകത്തിലേക്ക് പിറക്കുന്നതു. അമ്മമാർ ഒരിക്കലും ഉള്ളിൽ തുടിക്കുന്ന ജീവനോട് ശത്രുതാപരമായി പെറുമാറുന്നില്ല.  (ഇപ്പോൾ അതിനും അപവാദങ്ങൾ ഉണ്ടായിത്തുടങ്ങിയിട്ടുണ്ട്.) തന്റെ ജീവരക്തമാണു കുഞ്ഞിന്റെ വളർച്ചയ്ക്ക് അമ്മ പങ്കുവെയ്ക്കുന്നതു. അതിനുള്ള നാളികൾ ഗർഭപാത്രത്തിൽ നിന്നും അവന്റെ പുക്കിളിലേക്ക് നീളുന്നു.. പിറവിയെടുക്കുമ്പോൾ നാളികളോരോന്നും പറിച്ചു മാറ്റിയും പുക്കിൾക്കൊടി അറുത്തുമാണു അവനെ മറ്റൊരു വ്യക്തിയാക്കുന്നതു. പിന്നെ അവൻ അമ്മയുമായി താദാത്മ്യം പ്രാപിക്കുന്നതു മനസുകളിലൂടെ മാത്രമാണു. ഇപ്പോൾ കുഞ്ഞ് വിശാലമായ മറ്റൊരു ലോകത്തിലേക്കാണു കടന്നു വരുന്നതു. പ്രകൃതി നീട്ടുന്ന നാളികളിലൂടെയാണു അവൻ ആ ലോകത്തിൽ വളരുന്നതു. ദേശവാക്കുകളാണു ആ നാളികൾ. അവയെ അറുത്തുകളഞ്ഞ് പരദേശ ഫീഡിങ്ങ് ബോട്ടിലുകൾ നാം അവന്റെ ചുണ്ടുകളിൽ ചേർത്തുകൊടുക്കുന്നു. ജീവകങ്ങളും മൂലകങ്ങളും കൃത്യമായ അളവിൽ ചേർത്ത സമീകൃതാഹാരമാണു പരദേശിഭാഷയെന്നു നാം വിചാരിക്കുന്നു. കിളികളെ Birds യായും, മരത്തെ Tree യായും പൂക്കളെ Flower ആയും മാത്രം കാണാൻ കഴിയുന്ന നിർവികാരമായ ഒരു അവസ്ഥയിലേക്ക് അവൻ വീണുപോകുന്നു. പ്രകൃതിയുടെ നാളികൾ മുറിച്ചുമാറ്റപ്പെടുന്നതു കൊണ്ട് അവനു ശരീരത്തിന്റെ വളർച്ചയുണ്ടാകുന്നെങ്കിലും ആന്തരികവളർച്ചയുണ്ടാകുന്നില്ല. മലയാളി കുള്ളനായതു അങ്ങനെയാണു!