Friday, December 20, 2013

സ്വവർഗ്ഗരതിയും ആത്മീയതയും


ഇന്ത്യയിൽ ആദ്ധ്യാത്മികത ഒരിക്കലും ഒരു സംഘടിതശ്രമമായിരുന്നില്ല. ഒരു വ്യക്തിക്ക് തന്റെ ചുറ്റുമുള്ള ലോകത്തോട് എന്തോ ഒരു ചേർച്ചക്കുറവ് തോന്നുമ്പോൾ തുടങ്ങുന്ന അന്വേഷണമാണു ആദ്ധ്യാത്മികതയിൽ ചെന്നവസാനിക്കുന്നതു. വ്യക്തിയെ സമൂഹവുമായി ചേർത്തുകൊണ്ടുപോകാനുള്ള എല്ലാ ശ്രമങ്ങളും സാമൂഹികശാസ്ത്രമാണു. പലപ്പോഴും അതിനെ നാം ആദ്ധ്യാത്മികതയായി തെറ്റിദ്ധരിക്കാറുണ്ട്. സർവ്വതിനോടും സമന്വയിക്കാനുള്ള ശേഷി നേടലാണു ഇന്ത്യൻ ആദ്ധ്യാത്മികത. അതിനു മനസും ശരീരവും ആരോഗ്യത്തോടെ ഇരിക്കണം. അകത്തേക്ക് നോക്കിയാണു ഒരുവൻ തന്നെത്തന്നെ കണ്ടെത്തുന്നതു. അവിടെ അവൻ ഏകനാണു. സംഘം ചേർന്നും, ഭജനപാടിയും, ഡാൻസ്ചെയ്തും, സോപ്പും, അഗർബത്തിയും, വൃക്ഷത്തൈകളും വിറ്റ് ആത്മസാക്ഷാത്കാരം നേടാമെന്നു ആരും വിചാരിക്കണ്ട. അതൊക്കെ പുറത്തേക്കുള്ള നോട്ടവും അലഞ്ഞുതിരിയലുമാണു. അതിനു മറ്റൊരു Cult ആയി മാറാനേ കഴിയുകയുള്ളു.

ആത്മപ്രചോദിതമായ ഒരു ലക്ഷ്യത്തിനു പുറത്ത് സാമൂഹികമായി സംഘടിക്കുമ്പോഴാണു രതികൾ ഉടലെടുക്കുന്നതു. സ്വഭാവികമായ രതി സമൂഹത്തിൽ അനുവദിനീയമായിരിക്കെ വ്യത്യസ്ഥതയ്ക്കു വേണ്ടിയാണു സംഘം പ്രകൃതിവിരുദ്ധതയിലേക്ക് ചുവടുമാറുന്നതു. സംഘടനകളിൽ സ്വവർഗ്ഗരതി കടന്നുവരുന്നതിങ്ങനെയാണു. അതിനൊരു ഗുണമുണ്ട്. സ്വാഭാവികമായ രതിപോലെ അതു കണ്ടുപിടിക്കപ്പെടുകയോ വിമർശിക്കപ്പെടുകയോ ചെയ്യില്ല. വേറൊന്നുള്ളതു അതിൽ ഒരു കാലത്തും പൂർണ്ണത ലഭിക്കാത്തതിനാൽ സംഘാഗംങ്ങൾ പ്രതീക്ഷയോടെ സംഘത്തിൽത്തന്നെ തുടർന്നു കൊള്ളുമെന്നുള്ളതാണു.

ആധുനിക ലോകചരിത്രമെടുത്തു പരിശോധിച്ചാൽ നാസിപ്പടയാളികളിൽ സ്വവർഗ്ഗരതി വ്യാപകമായിരുന്നെന്നു കാണാം. ഹിറ്റ്‌ലർ പോലും ഒരു സ്വവർഗ്ഗാനുരാഗിയായിരുന്നു. നാസിപ്പടയിലെ പത്തോളം നിർദ്ദയ കൊലയാളികളും ഈ വകുപ്പിൽ പെടും. സേവന-സന്നദ്ധ സംഘടനകളുടെ ക്യാമ്പുകൾ, ഹോസ്റ്റലുകൾ, ആശ്രമങ്ങൾ, ദീർഘദൂരതീവണ്ടിയാത്രകൾ വരെ സ്വവർഗ്ഗാനുരാഗത്തിന്റെ ഈറ്റില്ലിങ്ങളാണെന്നു പഠനങ്ങൾ പറയുന്നു.

സ്വവർഗ്ഗരതി ഒരു അത്ഭുതമൊന്നുമല്ല. പക്ഷെ അതിനെ ന്യായീകരിക്കുന്നതു നിന്ദ്യമാണു. വിശേഷിച്ചും ഇന്ത്യൻ ആത്മീയതയെ കൂട്ടുപിടിച്ചു. അതിനു ഒരൊറ്റ ഉദ്ദേശമേ കാണുന്നുള്ളു. ഇന്ത്യൻ ആത്മീയതയുടെ പേരിൽ സംഘം ചേർത്തവർ വിട്ടുപോകാതിരിക്കാനുള്ള ഒരടവാണതു. A modern management technic. ആചാര്യന്മാർ അങ്ങനെ പറയുമ്പോൾ ചെയ്യുന്നതു തെറ്റാണെന്ന ബോധമുണ്ടെങ്കിലും അനുയായികളായ സ്വവർഗ്ഗരതിക്കാർക്ക് ആശ്വസിക്കാൻ കഴിയും. ഇതുകൊണ്ട് ആചാര്യനുള്ള ഗുണം സംഘത്തിലുള്ളവർ വിട്ടുപോകില്ലെന്നുള്ളതാണു. സ്വാമി ബോധാനന്ദയാണെന്നു തോന്നുന്നു സ്വവർഗ്ഗരതി തെറ്റല്ലെന്നും അതു ജനസംഖ്യ കുറയ്ക്കാൻ ഉതകുമെന്നും ആദ്യമായി പ്രചരിപ്പിച്ചു തുടങ്ങിയതു. അമേരിക്കയിലെ സ്വവർഗ്ഗരതിക്കാരുടെ സമ്മേളനത്തിലായിരുന്നു അതു. എന്നാൽ അതു ഇന്ത്യൻ ആദ്ധ്യാത്മികതയ്ക്കു വിരുദ്ധമാണെന്നു അദ്ദേഹം ബോധപൂർവ്വം മറന്നു. ഇതാണു നമ്മുടെ ആചാര്യന്മാർ!

ആദ്ധ്യാത്മികത വിട്ടാൽ പോലും ഇന്ത്യൻ വൈദ്യശാസ്ത്രം സ്വവർഗ്ഗരതിയെ അംഗീകരിക്കുന്നില്ല. അതു നിഷിദ്ധമായിട്ടാണു ചരകൻ പറയുന്നതു. പ്രകൃതിവിരുദ്ധമായ ഏതു മാർഗ്ഗം അവലംബിക്കുന്നവരും രോഗിയാകും. ചരകനു അതിൽ ഒരു സംശയവുമില്ല. അതിനുള്ള ആധുനിക തെളിവാണു എയിഡ്സിന്റെ പഠനങ്ങളിൽ നാം കണ്ടതും. ഇന്ദ്രിയോപക്രമണീയത്തിൽ, നൂറ്റാണ്ടുകൾക്കു മുൻപേ ചരകൻ പറഞ്ഞുകഴിഞ്ഞു, നായോന്യൌ - യോനിയില്ലാതെ മൈഥുനം അരുതു. അതു ആയുസ്സിനെ കുറയ്ക്കും. സാമൂഹികമായി ഉപദേശിക്കുമ്പോൾ ഒരു ആചാര്യൻ ശ്രദ്ധിക്കേണ്ടതു പൂർവ്വാചാര്യന്മാരുടെ വാക്കുകളേയാണു. അതു ശ്രദ്ധിക്കാതെ തൽക്കാലത്തെ ലാഭത്തിനു വേണ്ടി എന്തെങ്കിലും പറഞ്ഞാൽ അതു സമൂഹത്തെ അവ്യവസ്ഥിതമാക്കും. സമൂഹം അന്തരാളത്തിൽ പെടുന്നതാണല്ലോ ആചാര്യന്മാർക്ക് വേണ്ടതു. അവരുടെ കച്ചവടം സമൂഹത്തിന്റെ അസ്വസ്ഥതയിലാണെന്നു ആർക്കാണു അറിഞ്ഞുകൂടാത്തതു.

No comments: