Wednesday, September 24, 2014

എന്റെ അറിവില്ലായ്മകൾ 1 - പ്രഭാതം

ഇന്നലെ വാക്കുകൊടുത്തതാണു. ഇനിയുള്ള സീസണുകളിൽ ഞാൻ എന്റെ അറിവില്ലായ്മയെക്കുറിച്ചു മാത്രം പോസ്റ്റിടും. അതിന്റെ തുടക്കം ഇന്നായിക്കോട്ടെ എന്നു വിചാരിച്ചാണു ഉറക്കമുണർന്നതു തന്നെ......

ഇതൊഴിച്ചാൽ പ്രത്യേകതകൾ ഒന്നുമില്ലാത്തതായിരുന്നു പ്രഭാതം. നോ അജണ്ട. അതുകൊണ്ട് കണ്ണുതുറന്നു ചുറ്റിനും നോക്കാൻ മടി തോന്നിയില്ല.

പുലർവെട്ടം വീണുതുടങ്ങിയപ്പോൾ ചുറ്റുമുള്ളവ തെളിഞ്ഞുവന്നു. ഒരു ലൈറ്റ് അന്റ് സൌണ്ട് ഷോ ആരംഭിക്കുന്നു. തെക്കു നിന്നു ഒരു പറ്റം കിളികൾ വടക്കു ദിശയിലേക്ക് പറന്നു പോയി. അവയിൽ നിന്നു ഒരു സംഘം പെട്ടെന്നു തിരിഞ്ഞു മറ്റൊരു ദിശ തെരെഞ്ഞെടുത്തു. എന്തിനു? ആവോ ആർക്കറിയാം!

അപ്പോഴാണു വീടിന്റെ പിന്നിൽ ചിലപ്പു കേട്ടതു. ഹോ! കിളികളുടെ ഒരു അഹങ്കാരം! ഇന്നലെ എപ്പഴോ തട്ടിക്കളഞ്ഞ ചോരും കറിയും കൊത്തിപ്പെറുക്കുന്നതിന്റെ തർക്കമാണു. പാർസലായി വാങ്ങിയ ഗോബിമഞ്ജൂരി കഴിക്കണോ വേണ്ടയോ എന്നതാണു തർക്കവിഷയമെന്നു തോന്നുന്നു. കിളികൾ അതു തൊടുന്നില്ല. ബാക്കിയുള്ള ചോറും വീട്ടിൽ വച്ച കറികളുടെ അവശിഷ്ടവും കൊത്തിത്തിന്നുന്നതിനിടയിലാണു ചർച്ച. അതിനിടയിൽ ഗോബിമഞ്ജൂരിൻ കഴിക്കാൻ പോയ കിളികളെ മറ്റുള്ളവ കൊത്തി വിരട്ടി! സീനിയറന്മാരായിരിക്കും! ‘എന്താ ഗോബിമഞ്ജൂറിൻ തിന്നാൽ’ എന്ന ഭാവത്തിൽ അവ സീനിയേഴ്സിനെ നോക്കിക്കൊണ്ട് മാറി നിന്നു. എന്താ തിന്നാൽ? ഞാനും ചോദിച്ചു. കഴിഞ്ഞ ദിവസം മഞ്ജൂറിൻ വാങ്ങിക്കൊണ്ടുവന്നപ്പോൾ കുറച്ച് മുണ്ടിൽ വീണു. അപ്പോൾ തന്നെ വെള്ളത്തിലിട്ടു. കഴുകി വിരിക്കാൻ നോക്കുമ്പോൾ കറ അതുപോലുണ്ട്. ഇതെന്താ അപെക്സ് അൾട്ടിമയോ. പായലേ വിട. പൂപ്പലേ വിട! ചുവരിലടിക്കാനുള്ള പെയിന്റാണോ കറിയിൽ ചേർക്കുന്നതു? ങും! അറിയില്ല!!

ലൈറ്റ് ആന്റ് സൌണ്ട് ഷോ തുടരുന്നു.......

പൂമ്പാറ്റയാണു പുതിയ കഥാപാത്രം. അയാൾ പലപൂക്കളേയും പരീക്ഷിച്ചങ്ങനെ പറക്കുകയാണു. അത്ര തൃപ്തിവരാത്തതു കൊണ്ടാകും വേലികടന്നതു പറന്നു പോയതു. ദാ, ഉടൻ ഇന്നെന്താണു പോസ്റ്റെന്നു ആരായൂന്ന ഭാവത്തിൽ നാടൻ പട്ടി ഗേറ്റിൽ വന്നു ഉറ്റുനോക്കി. അടുത്തേക്കു ചെന്നപ്പോൾ ബഹുമാനപൂർവ്വം അവളെഴുന്നേറ്റു നിന്നു. വീട്ടുകാരറിയാതെ അവൾക്കും ഫ്രണ്ട്സിനും ഞാൻ ഗേറ്റ് തുറന്നിട്ടു കൊടുക്കാറുണ്ടായിരുന്നു. ഇടയ്ക്കിടെ നെറ്റ് അകറ്റി അതിനുള്ളിലൂടെയും കടക്കും. എന്റെ വീടിനു ചുറ്റും മതിലുകളില്ല. തറയിൽ നിന്നും അരയടി പൊക്കി ഇരുമ്പുവലയാണിട്ടിരിക്കുന്നതു. ഇടയ്ക്കിടെ കീരിയും, ചേരകളും ആ പാതകൾ ഉപയോഗിക്കാറുണ്ടായിരുന്നു. എന്തിനാണങ്ങനൊക്കെ ചെയ്തതു? ആർക്കറിയാം.

മതി. എന്റെ അറിവില്ലായ്മ കൂടി വരുന്നു. ആരാണാവോ ഇങ്ങനെ, കൃത്യമായി ഈ കഥാപാത്രങ്ങളെ ഒക്കെ ഇങ്ങനെ പ്രവേശിപ്പിക്കുന്നതും പിൻ‌വലിക്കുന്നതും. ഇപ്പോൾ ഈ വിശകലനം മനസിൽ ഉണർത്തുന്നതും? ഞാൻ ശാസ്ത്രം പഠിച്ചിരിക്കുന്നു എന്നു യൂണിവേഴ്സിറ്റി തലകുലുക്കി സമ്മതിച്ചിട്ടുണ്ട്. സർട്ടിഫിക്കറ്റും എഴുതി തന്നു. പക്ഷെ ഞാൻ പഠിച്ച ഭൌതിക ശാസ്ത്രം കൊണ്ട് ഈ ദൃശ്യത്തിന്റെ ഒരു പങ്കുപോലും വിശദീകരിക്കാൻ പറ്റുന്നില്ല. പ്രകാശത്തെക്കുറിച്ചും ചലനങ്ങളേക്കുറിച്ചും വേണമെങ്കിൽ ഒരു പ്രബന്ധമെഴുതാം. പക്ഷെ ഇതൊക്കെ എങ്ങനെയാണു അവികലമായി കൊണ്ടുപോകുന്നതെന്നു ഒരു പിടിയും കിട്ടുന്നുന്നില്ല! പുറത്തൊരാൾ ഉണ്ടോ? അതോ അകത്തു നിന്നും എല്ലാവരും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവോ? ആർക്കറിയാം. ആരന്വേഷിക്കുന്നു!!

പണ്ട് കൊയ്ത്തൊക്കെ കഴിഞ്ഞ് കറ്റമെതിക്കാൻ വരുന്നവർ കൌതുകത്തോടെ എനിക്കുണ്ടാക്കി തന്നിരുന്ന ഒരു കളിപ്പാട്ടമുണ്ട്. ഓലക്കാൽ കീറിയെടുത്തു മെടയും. അതിനുള്ളിൽ ഒരു വെള്ളക്കാ വയ്ക്കും. നീണ്ടവാലിൽ പിടിച്ച് അതു നീട്ടിയെറിയുന്നതാണു കളി. ആകാശത്തേക്കു അതുയർന്നുയർന്നു പോകുന്നതു കാണാൻ ഒരു രസമാണു. ഏതുയരം വരെ അതു പൊങ്ങിപ്പോകുമെന്നു നോക്കിയിരിക്കുന്നതു ഒരു രസമാണു. പൊട്ടനെറിയുമ്പോഴാണു അതു ഏറ്റവും ഉയരത്തിലെത്തിയിരുന്നതു. കളിപ്പാട്ടം ഉയരുന്നതും ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്നതും എത്ര കൌതകത്തോടെയാണു നോക്കിനിന്നിരുന്നതു. അന്നു ഞാൻ പൊട്ടനെ എത്ര ആദരവോടെയാണു കണ്ടിരുന്നതു. പക്ഷെ പൊട്ടൻ പറഞ്ഞതു “ബബ്ബബ്ബബാ” എന്നു മാത്രമായിരുന്നു. അതിന്റെ അർത്ഥം ഇന്നും ഞാൻ ആലോചിച്ചു കൊണ്ടിരിക്കുന്നു!

കൂടുതൽ അറിവില്ലായ്മകൾ അടുത്ത പോസ്റ്റിൽ.

No comments: