ഒരാള്‍ ശാസ്ത്രജ്ഞനാകുന്നത് എപ്പോഴാണു? താന്‍ പഠിച്ചതിനെ ജീവിതത്തില്‍ പകര്‍ത്തുമ്പോഴല്ലെ? ഡോക്ടറന്മാരുടെ കാര്യത്തില്‍ ഇത് എത്ര കണ്ട് ശരിയാണു? ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തിലെ അവസാനവാക്കാണു മോഡേണ്‍ മെഡിസിനിലെ ഡോക്ടറന്മാര്‍. നാനാതരം രോഗങ്ങളെക്കുറിച്ച് അവര്‍ പഠിക്കുന്നു, പരീക്ഷിക്കുന്നു, മരുന്ന് കണ്ടുപിടിക്കുന്നു, രോഗികള്‍ക്ക് നല്‍കുന്നു. ആധുനികവും ശാസ്ത്രീയവുമായ ആരോഗ്യരീതികള്‍ ഉപദേശിക്കുന്നു. രോഗികള്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും പാലിക്കാന്‍ ഡോക്ടറന്മാരും ബാദ്ധ്യസ്ഥരല്ലെ? അങ്ങനെ ചെയ്യുന്നില്ലെന്നു വരുമ്പോള്‍ അതിന്റെ അര്‍ത്ഥം എന്താണു? അവര്‍ പ്രചരിപ്പിക്കുന്ന ശാസ്ത്രം അര്‍ത്ഥശൂന്യവും വെറും വില്‍പനച്ചരക്കും മാത്രമാണെന്നാണോ?രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊളസ്റ്റ്രോള്‍, ഇവ മൂന്നും ഡോക്ടറന്മാര്‍ക്ക് നല്ല വരുമാനം നേടിക്കൊടുക്കുന്ന ശാരീരിക വ്യതിയാനങ്ങളാണു. അവയെപ്പറ്റി ഭീതിദമായ കഥകള്‍ മെനഞ്ഞ് രോഗികളെ ഭയപ്പെടുത്തുമ്പോള്‍ സ്വാഭാവികമായും നാം എന്താണു വിചാരിക്കുക? ഇത്തരം അസുഖങ്ങള്‍ ഡോക്ടറന്മാരില്‍ കാണില്ല. കാരണം ഇതിന്റെ ദുരന്തത്തേക്കുറിച്ച് ശാസ്ത്രയുക്ത്യാ അവബോധമുള്ളവരാണു ഡോക്ടറന്മാര്‍. അതുകൊണ്ട് ഇത്തരം അസുഖങ്ങള്‍ ഉണ്ടാകാന്‍ അവര്‍ ഇടവരുത്തില്ല. ഉണ്ടായാല്‍ തന്നെ ചികിത്സിച്ച് ഭേദമാക്കിക്കഴിഞ്ഞിരിക്കും. രോഗിയായിരുന്നു കൊണ്ട് മറ്റൊരു രോഗിയെ ഉപദേശിച്ചാല്‍ എന്ത് പ്രയോജനം? അങ്ങനെ ചികിത്സിക്കാന്‍ മനസാക്ഷിയുള്ള ആര്‍ക്കെങ്കിലും കഴിയുമോ? അതു ചെകുത്താന്റെ വേദം പറച്ചിലോ വേശ്യയുടെ ചാരിത്ര്യ പ്രസംഗമോ ആയി അധഃപതിക്കില്ലെ? എന്നാല്‍ ഡോക്ടറന്മാര്‍ അത് ചെയ്യുന്നുണ്ട്.
പ്രമേഹം, കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം, പൊണ്ണത്തടി, കുടവയര്‍ തുടങ്ങിയവ ഡോക്ടറന്മാരില്‍ എത്രകണ്ട് വ്യാപകമാണെന്നറിയുവാന്‍ വേണ്ടി ഒരു പഠനം ** നടന്നു. അഞ്ചു വര്‍ഷക്കാലം ഇന്ത്യയുടെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന ഗവേഷണത്തിന്റെ ഫലം ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നു. അതൊട്ടും ആശാവഹമല്ല. പഠനവിധേയമാക്കിയ ഡോക്ടറന്മാരുടെ പ്രായം 25-55. അതായത് നമ്മുടെ സമകാലിക ഡോക്ടറന്മാരുടെ പ്രായം! (യാഥാര്‍ത്ഥ്യത്തോട് യോജിക്കില്ലെന്ന് അറിയിച്ചതു കൊണ്ട് ഇവിടെ ഉണ്ടായിരുന്ന പരാമര്‍ശം നീക്കം ചെയ്തിരിക്കുന്നു.)
സാധാരണ നിലയില്‍ ഒരു രോഗിയെ ഭയവിഹ്വലനാക്കാന്‍ ഡോക്ടറന്മാര്‍ നിരീക്ഷണ വിധേയമാക്കുന്ന ഘടകങ്ങളാണു കൊളസ്റ്റ്രോള്‍, രക്തത്തിലെ പഞ്ചസാര, അമിതവണ്ണം തുടങ്ങിയവ. അവ നിശ്ചിത തോതിനുള്ളില്‍ നിന്നില്ലെങ്കില്‍ അപകടമാണെന്നാണു ഡോക്ട്ടറന്മാരുടെ വിരട്ടല്‍സ്. രോഗി പേടിച്ച് ഒരു നൂറായിരം ടെസ്റ്റുകള്‍ക്ക് വിധേയമാകുകയും ആയിരക്കണക്കിനു രൂപയുടെ മരുന്ന് വിഴുങ്ങുകയും ചെയ്യും. ഈ വിരട്ടല്‍സ് നടത്തുന്ന ഡോക്ടറുടെ അവസ്ഥ എന്തായിരിക്കുമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ഈ ഘടകങ്ങള്‍ ഡോക്ടറിന്മാരില്‍ പഠനവിധേയമാക്കിയപ്പോള്‍ അവരുടെ കാര്യത്തിലും അതൊന്നും പരിധിക്കുള്ളിലല്ല എന്ന് കണ്ടെത്തുന്നു. എന്നുമാത്രമല്ല പഠിപ്പോ വിദ്യാഭ്യാസമോ ഇല്ലാത്ത ചിട്ടകള്‍ പാലിക്കാത്ത സാധരണ രോഗികള്‍ക്കുള്ള അനുപാതത്തിലും തരത്തിലും തന്നെയാണു ഡോക്ടറന്മാരിലും അവയൊക്കെ കാണപ്പെട്ടത്. പിന്നെ ഈ ഡോക്ടറന്മാര്‍ ഇത്രയൊക്കെ പഠിച്ചതുകൊണ്ട് എന്തു ഗുണം? അതോ ഏട്ടിലെ പശു പുല്ലു തിന്നില്ല എന്നാണോ? ഇതൊക്കെ ഒരു തൊഴിലല്ലെ എന്നാണോ? ചുരുക്കത്തില്‍ അമ്മയും മോളും പെണ്ണു തന്നെ! ഡോക്ടറും രോഗിയും തമ്മില്‍ ഒരു വ്യത്യാസവുമില്ല എന്ന് ചുരുക്കം. പിന്നെ ചികിത്സയ്കായി ഡോക്ടറെ കണ്ടിട്ട് എന്ത് പ്രയോജനം?
സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രികള്‍. രോഗം കണ്ടുപിടിക്കാനുള്ള ആധുനിക സങ്കേതങ്ങള്‍. അത്ഭുതകരമായ മരുന്നുകള്‍. അതിനിപുണന്മാരായ ഭിഷഗ്വരന്മാര്‍. ഇത്രയൊക്കെയും ഉണ്ടായിട്ടും അതിന്റെ സാരഥികളില്‍ നിന്നു പോലും രോഗം അകറ്റി നിര്‍ത്താനാവുന്നില്ല. ഇത് രോഗികള്‍ ശ്രദ്ധിക്കേണ്ട ഒരു വസ്തുതയല്ലെ? ഇത് നല്‍കുന്ന സൂചനയെന്താണു? ആധുനിക വൈദ്യശാസ്ത്രം ഒരു പരാജയമാണെന്നോ?
വ്യവസായം എന്ന നിലയില്‍ ആധുനിക വൈദ്യശാസ്ത്രം ഒരു വന്‍ വിജയമാണെന്ന് ആര്‍ക്കാണറിയാത്തത്. പക്ഷെ ആരോഗ്യത്തിന്റേയോ, രോഗം ഭേദമാകുന്നതിന്റേയോ മാനദണ്ഡം വച്ചു നോക്കിയാല്‍ അത് പരാജയമാണെന്ന് സമ്മതിക്കേണ്ടി വരും. അതിനുള്ള ഏറ്റവും വലിയ തെളിവാണു ഈ പഠനം വഴി പുറത്ത് വന്നിരിക്കുന്നത്.
ഇനി മുതല്‍ ഒരു ഡോക്ടറെ സമീപിക്കുമ്പോള്‍ രോഗിയുടെ ഉത്തരവാദിത്തം ഇരട്ടിയാകും. ആദ്യം തന്നെ ഡോക്ടര്‍ ഒരു രോഗിയാണൊ എന്നറിയണ്ടെ? സ്പിഗ്മോമാനോ മീറ്റര്‍ കയ്യില്‍ കെട്ടാന്‍ തുടങ്ങുന്നതിനു മുന്‍പ് രോഗിക്ക് ഡോക്ടറോട് ചോദിക്കേണ്ടി വരും,
"ഡോക്ടറെ, ഡോക്ടറുടെ ബി.പി.എത്രയാ? 80/120 ?“
അതില്‍ നിന്നും വ്യത്യാസമുണ്ടെന്ന് പറഞ്ഞാല്‍, എന്തു കൊണ്ട് അതിതുവരെ നോര്‍മ്മലായില്ല? അതറിയാനുള്ള അവകാശം രോഗിക്കില്ലെ? ഡോക്ടര്‍ക്ക് തന്നെ ആ രോഗം ചികിത്സിച്ചു ഭേദമാക്കാന്‍ കഴിഞ്ഞിട്ടില്ല. പിന്നെ താനെന്തിനു നിന്നു കൊടുക്കണം എന്ന് രോഗികള്‍ ചിന്തിക്കാന്‍ തുടങ്ങിയലോ? അതുപോലെ ഡോക്ടര്‍ പുകവലിക്കുമോ? അതറിയണം.
പിന്നെ കൊളസ്റ്റ്രോള്‍ എത്രയാ? അതില്‍ LDL എത്ര? HDL എത്ര?
സംഗതി 200 നു മുകളിലാണെങ്കില്‍ എന്താ ഡോക്ടറെ അത് ഇതുവരെ പരിധിക്കകത്ത് കൊണ്ടുവരാന്‍ കഴിയാതിരുന്നത്?
പുക്കിളിനു കണക്കാക്കി ടേപ്പ് പിടിച്ചാല്‍ എത്ര സെന്റീമീറ്റര്‍ വണ്ണമുണ്ട്?
90 നു മുകളിലോ. എന്നാല്‍ അത് കുറച്ചിട്ടു വാ.
ഇതൊക്കെ അറിഞ്ഞിട്ടു വേണ്ടി വരും രോഗിക്ക് ചികിത്സ ആരംഭിക്കാന്‍.
ഏതു രോഗത്തിനും ബോര്‍ഡ് വച്ച് ചികിത്സയുള്ള കാലമാണു. വലിയ ഫീസും ഈടാക്കുന്നുണ്ട്. അപ്പോള്‍ അതിന്റെ ഗുണമേന്മ അന്വേഷിക്കാനുള്ള അര്‍ഹത രോഗിക്കില്ലെ? അതൊരു ഉപഭോക്താവിന്റെ അവകാശമല്ലെ? ഇത്തരം തലവേദന ഒഴിവാക്കാന്‍ വേണ്ടിയാകും ആശുപത്രികളെ ഉപഭോക്തൃനിയമത്തിനു പുറത്ത് കൊണ്ട് വരണമെന്ന് ഡോക്ടറന്മാര്‍ ബഹളം വയ്ക്കുന്നത്.
ഡോക്ടറന്മാരുടെ പേച്ചും പ്രവര്‍ത്തിയും തമ്മില്‍ പിരിഞ്ഞിട്ട് കാലം കുറച്ചേറയായി. കള്ളപ്പണക്കാരനും കള്ള് കച്ചവടക്കാരനും ആശുപത്രികള്‍ ആരംഭിച്ചപ്പോള്‍ കാശ് മോഹിച്ച് അവിടേക്ക് ചെന്നതു മുതലാണു അതിന്റെ തുടക്കം. ചികിത്സയുടെ അന്തസത്ത വിസ്മരിച്ചു. പണമുണ്ടാക്കാനുള്ള ഒരു ബിസിനസ്സില്‍ പങ്കാളിയാകുമ്പോള്‍ സ്വാഭാവികമായും അതിന്റെ മൂല്യം നഷ്ടപ്പെടും.
രോഗം ഭേദമാക്കലല്ല ഇന്നത്തെ മെഡിക്കല്‍ മാനേജ്‌മന്റ്. ചാകുന്ന വരെ രോഗവുമായി രോഗിയെ നടത്തുക. കോടികള്‍ മുടക്കി തുടങ്ങിയ ആശുപത്രികള്‍ ലാഭത്തില്‍ ഓടിച്ച് പോകണ്ടെ. അതിനു രോഗികള്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ടു കൊണ്ടിരിക്കണം.ഒരിക്കലും രോഗം മാറരുത്.
ഇതിന്റെ തന്നെ വേറൊരു വശം മോഡേണ്‍ മെഡിസിനിലെ ആധുനിക താവഴി രോഗികളെ ചികിത്സിക്കുന്നില്ല എന്നുള്ളതാണു. രോഗലക്ഷണങ്ങളെ മറച്ചു പിടിക്കാന്‍ മരുന്ന് നല്‍കുകയാണു അവരുടെ രീതി. രോഗിക്ക് ആശ്വാസമുണ്ടെന്ന് വരുത്തിത്തീര്‍ക്കണം. ഇനി അതിനു പറ്റാതെ വന്നാല്‍ ബന്ധപ്പെട്ട അവയവം മുറിച്ച് മാറ്റും. ഒത്താല്‍ കൃത്രിമമായ വേറൊന്ന് വച്ച് പിടിപ്പിച്ചു കൊടുക്കും. ഒരു മോട്ടോര്‍ മെക്കാനിക്കിനെപ്പോലെ. പക്ഷെ, മനുഷ്യന്‍ കാറോ സ്കൂട്ടറോ അല്ലല്ലോ.
സമഗ്രമായ ഒരു ആരോഗ്യശാസ്ത്രത്തിന്റെ സരണികളിലേക്ക് വൈദ്യശാസ്ത്രം ചുവടുമാറിയാലെ ഈ വാരിക്കുഴിയില്‍ നിന്ന് കരകയറാനാകു. ഇന്ത്യയ്കാണെങ്കില്‍ അത്തരമൊരെണ്ണം ചൂണ്ടിക്കാണിച്ച് തരാനുമുണ്ട്.
** ചെന്നയിലെ ഇന്ത്യന്‍ ഡയബറ്റിക്ക് ഫൌണ്ടേഷനാണു പഠനം നടത്തിയത്. അതിന്റെ റിപ്പോര്‍ട്ട് 2008 ജനവരി ലക്കം അസ്സോസ്സിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യാ ജേര്‍ണലില്‍
മേമ്പൊടി:
High Prevalence of Cardiometabolic Risk Factors among Young Physicians in India
A Ramachandran, C Snehalatha, A Yamuna, N Murugesan
Abstract
Aim : To assess the health status of young Indian doctors engaged in clinical practice compared with the general population.
Conclusions: In India , doctors had high prevalence of metabolic disorders showing that they had not taken good care of their health. Doctors need to be motivated to practise good healthcare habits that they advocate to their clients.
(പൊതു അറിവിനായി പ്രസിദ്ധീകരിക്കുന്നത്. പൂര്‍ണ്ണരൂപത്തിനു http://www.japi.org/january2008/O-17.htm)