Thursday, February 21, 2008

ദുര്‍മ്മനസിന്റെ അമാവാസി......


"....കാര്‍ഷികവൃത്തി ഒരു കാല്‍പനിക സങ്കല്‍പമാവുകയാണു. ഈ സങ്കല്‍പവുമായി ഇനിയിവിടെ ജീവിക്കാന്‍ കഴിയുകയില്ല. കര്‍ഷക ആത്മഹത്യകള്‍ക്ക്‌ പിന്നിലും മാറ്റമില്ലാത്ത സമീപനമാണു. കൃഷിഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കാണു ഇനി പ്രയോജനപ്പെടുത്തേണ്ടത്‌....."
ലോകം ആദരിക്കുന്ന ഒരു വ്യക്തിയുടേതാണു ഈ വാക്കുകള്‍. ആരാണെന്ന് ഞാന്‍ പറയുന്നില്ല. കഥയും നോവലുമൊക്കെ എഴുതും. ലോകത്ത്‌ സമാധനം നിലനില്‍ക്കണമെന്ന ഒറ്റ പിടിവാശിയായിരുന്നു ജീവിതത്തില്‍ ഇതുവരെ. അതിനുവേണ്ടി കോടിക്കണക്കിനു ഡോളര്‍ ശമ്പളമുള്ള ഒരു ലാവണം ഉണ്ടായിരുന്നു. ലോകസമാധാനമാണെങ്കില്‍ കോഴിയുടെ മുല പോലെ അനുദിനം കിളിച്ചു വന്നു കൊണ്ടിരിക്കുകയുമാണു. ഈ ജന്മത്തെ ജീവിതം നടന്നു പോകാന്‍ അതൊക്കെ അധികമായിരുന്നു. എന്നിട്ടും എങ്ങനെ ഈ വൈഖരി ഉണ്ടായി?.
ലോക സമാധനം മുഖ്യ അജണ്ടയിലുള്ളതുകൊണ്ടാകാം അദ്ദേഹം എപ്പോഴും അതിനേപ്പറ്റി മാത്രം ചിന്തിക്കുന്നത്‌. അങ്ങിനെയാണു അതിനൊരു ഉപായം ആ മനസില്‍ ഉരുത്തിരിഞ്ഞ്‌ വന്നത്‌.
"കൃഷി ഭൂമി കാര്‍ഷികേതര ആവശ്യത്തിനുപയോഗിക്കുക".
ഉടന്‍ ലോക സമാധാനം വരും. വിശക്കുമ്പോ വയറ്റിലേക്ക്‌ വല്ലതും ഇട്ട്‌ കൊടുക്കുന്നതു കൊണ്ടാണു 640 കോടി കുഞ്ഞുകുട്ടി പരാധീനങ്ങള്‍ ലോകസമാധാനത്തിനു ശ്രമിക്കാത്തത്. വയറു നിറഞ്ഞാലുടന്‍ ഇവറ്റകള്‍ യുദ്ധം തുടങ്ങും. അപ്പോള്‍, വയറു നിറയാതാക്കിയാല്‍ മതി. പിന്നെ പ്രശ്നമില്ലല്ലോ. അതിനുള്ള എളുപ്പ വഴിയാണു കൃഷിഭൂമിയിലെല്ലാം ആണവ നിലയങ്ങള്‍ പണിയുക. അല്ലെങ്കില്‍ വലിയ വലിയ കമ്പനികള്‍ക്ക്‌ പണ്ടിക ശാലകള്‍ തുടങ്ങാന്‍ വിട്ടു കൊടുക്കുക. അത്‌ വ്യാപകമാകുമ്പോള്‍ കൃഷി എന്ന പരിപാടി നില്‍ക്കും. പിന്നെ കര്‍ഷകനില്ല. കര്‍ഷക ആത്മഹത്യയുമില്ല. എല്ലാവര്‍ക്കും സമാധാനമായി കിടക്കാം. നിത്യസമാധാനം! അതിനു ആറടി മണ്ണ് മതി.
കേരളത്തില്‍ തനിക്ക്‌ വേരുകളുണ്ടെന്ന് ഊറ്റം കൊള്ളുന്നയാളാണു അദ്ദേഹം. 'വേരുകള്‍' എന്ന പ്രയോഗം തന്നെ മണ്ണിനോടും ചെടിയോടും ബന്ധപ്പെട്ടതാണെന്ന് അദ്ദേഹം ഓര്‍ത്തില്ലെന്ന് തോന്നുന്നു. ഭൂമിയില്‍ ഇറങ്ങുമ്പോള്‍ ടര്‍മാര്‍ക്കുമാത്രമായിരിക്കും ആ സമാധന കാംഷിക്ക് പരിചയമുള്ള ഭൂമിയുടെ ഉപരിതലം. അതു പോലും ഏറ്റവും മുന്തിയ തരം ഇറ്റാലിയന്‍ ഷൂവിന്റെ മുക്കാലിഞ്ച്‌ സോള്‍ കൊണ്ട്‌ അകത്തിപ്പിടിച്ചിരിക്കും. എന്നിട്ടാണു മണ്ണിന്റെ പേരില്‍ ജനതയെ പ്രബുദ്ധരാക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്‌.
ഇത്തരമാളുകള്‍ ലോകത്തിനു ഒരുപാട് നാശം ചെയ്യും. അന്നം നിഷേധിക്കാനുള്ള അനുജ്ഞ കൊടുക്കുന്നവര്‍ ഏത് നരകത്തിലാണു ചെന്നെത്തുക എന്ന് ഗരുഡപുരാണത്തില്‍ കാണാം. ഈ വാക്കുകള്‍ വൈശ്വാനരനെ പ്രകോപിപ്പിക്കുന്നു. വൈശ്വാനരനെന്നാല്‍ ലോകത്തിലെ വിശപ്പിന്റെ ആകത്തുക. അതഗ്നിയാണത്. ഭൌതികവാദികള്‍ക്ക് ഊര്‍ജ്ജമായും എടുക്കാം. വൈശ്വാനരന്റെ നീണ്ട നാവ് അദ്ദേഹത്തിന്റെ 7 തലമുറകളിലേക്ക് നീണ്ട് ചെല്ലില്ലെന്ന് ആരു കണ്ടു? ഇത്തരം വാക്കുകള്‍ അതുച്ചരിക്കുന്നവരെ നശിപ്പിക്കുന്നതിനൊപ്പം ലോകത്തിനു അസ്വസ്ഥതയുണ്ടാക്കിക്കൊണ്ട്‌ ചുറ്റി നടക്കും. .
ലോകത്ത്‌ ജീവന്‍ തുടിക്കുന്നത്‌ കാണുന്നതിനോടുള്ള വെറുപ്പാകാം ഇതിനു പിന്നില്‍. കൃഷി ചെയ്താലല്ലാതെ മനുഷ്യനു ഭക്ഷണം ഉണ്ടാവുകയില്ലെന്ന് അദ്ദേഹത്തിനു അറിയാത്തതല്ല. എന്നിട്ടും കൃഷി ഭൂമി മറ്റ് ആവശ്യങ്ങള്‍ക്കുപയോഗിക്കണമെന്ന് പറയുന്നതോ? അതാണു ലോകത്തോടുള്ള വെറുപ്പ്‌. ഓരോദിവസവും അന്നം വേണ്ടവനാണു മനുഷ്യന്‍. അത് തികയാതെ വരണം. കൃഷിഭൂമി കുറഞ്ഞാലുള്ള മാറ്റം അതാണല്ലോ.ഇത്രയധികം മനുഷ്യര്‍ ലോകമെമ്പാടും വായ തുറന്ന് നില്‍ക്കുന്ന ചിത്രമൊന്ന് സങ്കല്പിച്ചു നോക്കു?.
ലോക പരിചയം കൂടുന്തോറും മനുഷ്യനു വിവേകവും കാരുണ്യവും വര്‍ദ്ധിച്ചു വരികയാണു പതിവ്. ഇദ്ദേഹത്തിന്റെ കാര്യത്തില്‍ മറിച്ചാണു സംഭവിച്ചിരിക്കുന്നത്.
സോമാലിയയായിലേക്കും എത്യോപ്യയിലേക്കും സമാധന സംഘങ്ങളെ നയിച്ചിട്ടുള്ള ആളാണു അദ്ദേഹമെന്ന് കേട്ടിരിക്കുന്നു. പട്ടിണിയുടെ കറുത്ത മുഖങ്ങള്‍ അദ്ദേഹം നേരിട്ട് കണ്ടിട്ടുണ്ട്. അതിന്റെ ദുരന്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നിട്ടും ഈ വാക്കുകള്‍ എങ്ങനെ ഉണ്ടായി......?
വേണ്ട, അദ്ദേഹത്തിനു ശമ്പളം നല്‍കിയിരുന്ന അമേരിക്കന്‍ സര്‍ക്കാരിന്റെ കാര്‍ഷിക നയമെന്താണു? ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ വമ്പിച്ച സബ്ബ്‌സിഡികള്‍ അവിടെ നല്‍കുന്നു. വങ്കിടക്കാര്‍ക്കാണു അതിന്റെ പ്രയോജമെങ്കിലും ആത്യന്തികമായി അതു കൃഷിയെയാണു സഹായിക്കുന്നത്‌. ഭൂമിയില്‍ കൃഷി നിന്നുപോയാല്‍ മനുഷ്യന്റെ അവസ്ഥയെന്താകും? വാ തുറന്നിരിക്കുന്ന മനുഷ്യന്റെ ഉള്ളിലേക്ക് എന്തു ചെല്ലും? അരിയില്ലെങ്കില്‍ പാലും മുട്ടയും കഴിച്ചോളാന്‍ പറഞ്ഞ നമ്മുടെ ജനകീയ ജനാധിപത്യ നായകനെ കടത്തി വെട്ടിയിരിക്കുകയാണു ഈ ലോകാരാദ്ധ്യന്‍.

6 comments:

അശോക് കർത്താ said...
This comment has been removed by the author.
Rajesh Paverikkara said...

വായിച്ചു...... നല്ലൊരു പോസ്റ്റ് കൂടി....

അശോക് കർത്താ said...

ഭൂമിയില്‍ കൃഷി നിന്നുപോയാല്‍ മനുഷ്യന്റെ അവസ്ഥയെന്താകും? വാ തുറന്നിരിക്കുന്ന മനുഷ്യന്റെ ഉള്ളിലേക്ക് എന്തു ചെല്ലും? അരിയില്ലെങ്കില്‍ പാലും മുട്ടയും കഴിച്ചോളാന്‍ പറഞ്ഞ നമ്മുടെ ജനകീയ ജനാധിപത്യ നായകനെ കടത്തി വെട്ടിയിരിക്കുകയാണു ഈ ലോകാരാദ്ധ്യന്‍.

അശോക് കർത്താ said...

സോമാലിയയായിലേക്കും എത്യോപ്യയിലേക്കും സമാധന സംഘങ്ങളെ നയിച്ചിട്ടുള്ള ആളാണു അദ്ദേഹമെന്ന് കേട്ടിരിക്കുന്നു. പട്ടിണിയുടെ കറുത്ത മുഖങ്ങള്‍ അദ്ദേഹം നേരിട്ട് കണ്ടിട്ടുണ്ട്. അതിന്റെ ദുരന്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നിട്ടും ഈ വാക്കുകള്‍ എങ്ങനെ ഉണ്ടായി......?

asdfasdf asfdasdf said...

നെല്‍പ്പാടം നികത്തി ഫ്ലാറ്റുവെയ്ക്കുന്ന ഇന്റര്‍നാഷണല്‍ മലയാളിയൂടെ മറ്റൊരു മുഖം. ഇവരൊക്കെ ഐക്യരാഷ്ട്രസഭയുടെ പരമാധികാരിയായിത്തീര്‍ന്നിരുന്നെങ്കില്‍ ...

Anonymous said...

ദുര്‍മ്മനസേ സ്വസ്തി