Showing posts with label Health Magazines. Show all posts
Showing posts with label Health Magazines. Show all posts

Thursday, December 6, 2007

സ്വാമി നിര്‍മ്മലാനന്ദ ഗിരിയെ വെറുതെ വിടുക........

കായില്ലാത്ത കൊമ്പില്‍ കൊഴുവെറിയുന്ന സ്വഭാവം പണ്ടേ മനോരമയ്ക്കില്ല.
അലോപ്പതി ചികിത്സാരംഗം ഇന്നൊരു പ്രതിസന്ധിയിലാണ്. പ്രശസ്തിക്കും പ്രചാരത്തിനും തക്കവണ്ണമുള്ള ഫലസിദ്ധി ആ ശാഖയില്‍ നിന്ന് രോഗികള്‍ക്ക്‌ കിട്ടുന്നില്ല. കാന്‍സര്‍ പോലെ ഒട്ടു മിക്ക രോഗങ്ങള്‍ക്കും അവിടെ ചികിത്സിച്ചാല്‍ ആളും കാശും പോക്കാണ്‌. എന്നാല്‍ വലിയൊരു വ്യവസായമെന്ന നിലയില്‍ ചികിത്സിക്കാതിരിക്കാന്‍ അവര്‍ക്ക് ആവുകയുമില്ല.ചികിത്സ തടിയേ തട്ടിയുള്ള കാര്യമാകുമ്പോള്‍ ആളുകള്‍ അങ്ങനെ വെറുതെ വിട്ടു കൊടുത്തു എന്നുവരില്ല. ഡോക്ടറന്മാര്‍ക്ക്‌ ചില്ലറ തല്ലും സ്ഥാപനത്തിന്‌ വ്യാപകമായ പേരുദോഷവും പലപ്പോഴും ഉണ്ടാകാറുണ്ട്‌.

ഇതൊക്കെ കാണുമ്പോള്‍ മനോരമ പോലൊരു മാദ്ധ്യമം എന്തു ചെയ്യണം?

രോഗി ചത്താലും വ്യവസായത്തെ സംരക്ഷിക്കണം. അതാണു ചേംബര്‍ ഓഫ് കോമേഴ്സ്! അല്ലെങ്കില്‍ വ്യാപാരി വ്യവസായി ഒരുമ!!

ആധുനിക വൈദ്യശാസ്ത്രത്തിനു 50 കൊല്ലത്തില്‍ കൂടുതല്‍ പഴക്കം കേരളത്തിലില്ല. അതിനു മുന്‍പും കേരളത്തില്‍ വൈദ്യവും ചികിത്സയും ഉണ്ടായിരുന്നു. അതൊക്കെ അശാസ്ത്രീയമാണെന്ന് പറഞ്ഞാണ് മലയാളി ആധുനിക വൈദ്യത്തിലേക്ക് ചുവട് മാറിയത്. അതിനുവേണ്ടി ചെയ്യാവുന്ന എല്ലാ മാദ്ധ്യമ സഹായവും മനോരമയും മറ്റ് പത്രങ്ങളും ചെയ്തുകൊടുത്തിട്ടുണ്ട്‌.

ആ വൈദ്യശാസ്ത്രം ഇപ്പോള്‍ വല്ലാത്ത ഒരു പരുങ്ങലിലാണ്‌. അതിനു കാരണം വേറൊന്നുമല്ല. റിസള്‍ട്ടില്ല!!

ഇവിടുത്തെ കുഞ്ഞുകുട്ടി പരാധീനങ്ങള്‍ പഠിച്ച സയന്‍സിന്റെ മാതൃകയിലുള്ള ചികിത്സയുള്ളത് ‌ അലോപ്പതിയിലാണ്. അതു കൊണ്ട്‌ ആദ്യം അങ്ങോട്ട്‌ പോകാന്‍ ഒരു പ്രേരണയുണ്ടാകും. പക്ഷെ അധികം താമസിയാതെ പോയവര്‍ നിരാശ്ശരായിത്തീരും. കാശ്‌ പോയത്‌ പോട്ടേ എന്ന് വയ്ക്കാം. വലിയ അദ്ധ്വാനമൊന്നും കൂടാതെ കിട്ടുന്ന പണമാണിന്ന് മലയാളി‍ക്കുള്ളത്‌. അതു ഇഷ്ടം പോലെ ചെലവാക്കാനും മടിയില്ല..

വൈദ്യവ്യവസായത്തിനും അതേ വേണ്ടൂ.

പണം!

പക്ഷെ രോഗശാന്തി കിട്ടുന്നില്ലെങ്കിലോ?

മനുഷ്യന്‍ ലാടവൈദ്യം തൊട്ട്‌ ധ്യാനംകൂടല്‍ വരെ പരീക്ഷിച്ച്‌ നോക്കും. ഇതില്‍ അവരെ കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല. അവനവന്റെ തടിയെ തട്ടുന്ന കാര്യമാണ്. അപ്പോള്‍ എന്തും ചെയ്തു പോകും. ഇതു നന്നായറിയുന്നവരാണു മനോരമ ഓടിച്ച്‌ കൊണ്ട്‌ പോകുന്നത്‌. ആധുനിക വൈദ്യത്തിനു എങ്ങനെയൊക്കെ പ്രചാരണം കൊടുത്തുവോ അതുപോലെ ഇനിയിപ്പോള്‍ ലാടവൈദ്യത്തിനും മര്‍മ്മാണിചികിത്സക്കും പ്രചാരം കൊടുത്താലേ പത്രത്തിനു നാല്‌ കാശുണ്ടാകു. കാരണം ആളുകള്‍ വ്യാപകമായി ഇപ്പോള്‍ ആ മേഖലയിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുകയാണ്‌. മറ്റേ പത്രം അവിടെ കച്ചോടം പിടിക്കുന്നതിനു മുന്‍പേ 'നമ്മള്‍' അവിടെ ചെന്നിരിക്കണം.

അതിന്റെ ഒരു തിരനോട്ടമാണ് 2007 ഡിസംബറിലെ 'മനോരമ ആരോഗ്യ'ത്തില്‍ കാണുന്നത്. 'വിശ്വാസചികിത്സ'ക്ക്‌ വേണ്ടി മാറ്റിവച്ചിരിക്കുന്ന ലക്കം.

അത്ര മാത്രമേ ഉദ്ദേശം ഉണ്ടായിരുന്നുള്ളു എങ്കില്‍ അതിനെ മനോരമയുടെ പണമുണ്ടാക്കാനുള്ള ‘സോദ്ദേശം‘ എന്ന് പറയാമായിരുന്നു. പക്ഷെ, അതിന്റെ ഒരു അടുക്കും അനുഭവ സാക്ഷ്യവുമൊക്കെ കാണുമ്പോള്‍ വേറെ ചില ദുരുദ്ദേശം കൂടിയില്ലെ എന്ന് ഒരു സംശയം.

സത്യസായിബാബ, മാതാ അമൃതാനന്ദമയി, ശ്രീ ശ്രീ രവിശങ്കര്‍ തുടങ്ങിയവരെ ആദ്യമേ തന്നെ നിരത്തി വച്ചിട്ടുണ്ട്. അടുത്ത സെറ്റ് സ്വാമി രാംദേവും നിര്‍മ്മലാനന്ദഗിരിയുമാണ്. ഇവരും മനോരമയുടെ പട്ടികയില്‍ വിശ്വാസചികിത്സകരാണ്. പിന്നെ ധ്യാനകേന്ദ്രങ്ങള്‍, അമ്പലങ്ങള്‍. എന്നാല്‍ തകഴി അമ്പലമോ കൈപ്പുഴയമ്പലമോ പട്ടികയിലില്ല. ധ്യാന കേന്ദ്രങ്ങളുടെ വ്യവസായം ഒന്നിടിഞ്ഞ മട്ടിലാണു. അത് ഉയര്‍ത്തിക്കൊടുക്കേണ്ടത് മനോരമയുടെ ചുമതലയാണ്. അത്‌ ചെയ്യാതിരിക്കുന്നത്‌ ശരിയല്ലല്ലോ! മതം ബാലന്‍സ്‌ ചെയ്യാനായിരിക്കണം പാണക്കാടിനേക്കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. പോരുമ്പോള്‍ എല്ലാം കൂടി ഇങ്ങ്‌ പോരട്ടെ!!

സത്യസായിബാബക്കോ, മാതാ അമൃതാനന്ദമയിക്കോ വിശ്വാസചികിത്സയില്‍ സ്വന്തം നിലയില്‍ തന്നെ വലിയ വിശ്വാസമുണ്ടെന്ന് തോന്നുന്നില്ല. അല്ലെങ്കില്‍ പുട്ടപര്‍ത്തിയിലും എറ‍ണാകുളത്തും ഇത്ര വലിയ ആശുപത്രികള്‍ അവര്‍ സ്ഥാപിക്കുമായിരുന്നില്ല! അനുഗ്രഹം കൊണ്ട് രോഗം മാറുമെങ്കില്‍ കോടികള്‍ മുടക്കി എന്തിനു ആശുപത്രികള്‍ പണിയണം?

അനുഗ്രഹം കൊടുത്ത്‌ രോഗം മാറ്റുന്നത്‌ അശാസ്ത്രീയമാണെന്ന് ഈ ലേഖനങ്ങള്‍ അച്ചടിച്ചവരേക്കാള്‍ അവര്‍ക്ക്‌ നന്നായി അറിയാം. അതു കൊണ്ട്‌ അവരെ ചികിത്സകരുടെ പട്ടികയില്‍ പെടുത്തിയതെ തെറ്റ്‌. വിവേകമുള്ളതുകൊണ്ട്‌ അവര്‍ തിരുത്താന്‍ പോകുന്നില്ലെന്നു മാത്രം.

ശ്രീശ്രീയുടേത്‌ ഹഠയോഗത്തിലെ പ്രാണായാമമെന്ന സങ്കേതമാണ്‌. കര്‍ണ്ണാടകത്തിലെ സ്വാമി പൂര്‍ണ്ണാനന്ദ എഴുപതുകളില്‍ ഇതുപോലെ ഒരു സങ്കേതം വികസിപ്പിച്ചിരുന്നതായി ഓര്‍ക്കുന്നു. എന്നാല്‍ യമശമാദികള്‍ ഇല്ലാത്ത മനുഷ്യര്‍ അതുപയോഗിച്ച് ഭ്രാന്തുപിടിക്കണ്ടാ എന്ന് കരുതി അദ്ദേഹം അതുപേക്ഷിക്കുകയാണുണ്ടായത്. കേട്ടിടത്തോളും സുദര്‍ശ്ശനക്രിയക്ക് അതിനോട് സാമ്യമുണ്ട്. അതിലും വിശ്വാസത്തിനു വലിയ പങ്കില്ല. യോഗശാസ്ത്രമാണത്.

പിന്നെയുള്ളത്‌ അമ്പലത്തിന്റേയും പള്ളിയുടേയും പേരില്‍ നടക്കുന്നവയാണ്‌. ഇന്നത്തെ സാഹചര്യത്തില്‍ അവയുടെ കച്ചവടം പ്രമോട്ട്‌ ചെയ്തുകൊടുക്കുന്നത്‌ നന്നായിരിക്കും. തിരിച്ച്‌ പരസ്യങ്ങള്‍ കിട്ടുമല്ലാ.

ഇതിനിടയില്‍ കാണിച്ച ഒരു അപരാധമുണ്ട്‌. സ്വാമി രാംദേവിനേയും സ്വാമി നിര്‍മ്മലാനന്ദഗിരിയേയും വിശ്വാസചികിത്സകരില്‍ ഉള്‍പ്പെടുത്തി. രണ്ടുപേരുടേയും ഒപ്പമുള്ള 'സ്വാമി' യെന്ന വിശേഷണം വിശ്വാസവുമായി കൂട്ടിയിണക്കാന്‍ എളുപ്പമാണ്!! നിര്‍ഭാഗ്യമെന്ന് പറയട്ടെ രണ്ട്‌ പേരും ചികിത്സിക്കുന്നത്‌ ആയുര്‍വ്വേദത്തില്‍ നിന്നുകൊണ്ടാണ്. അവര്‍ക്ക്‌ വിശ്വാസവും ദൈവസങ്കല്‍പവും ഒക്കെ ഉണ്ടാകും. പക്ഷെ അത്‌ അവര്‍ ചികിത്സയുമായി കൂട്ടിക്കുഴയ്ക്കാറില്ല.

ഒറ്റപ്പാലത്തിനടുത്താണ്‌ സ്വാമി നിര്‍മ്മലാനന്ദഗിരിയുടെ ആസ്ഥാനം. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ 8.30 നു അവിടെ ചെന്നാല്‍ നിര്‍മ്മലാന്ദഗിരിയുടെ ആയുര്‍വ്വേദ തത്ത്വശാസ്ത്രം നിങ്ങള്‍ക്ക്‌ കേള്‍ക്കാം. മാദ്ധ്യമങ്ങള്‍ വളച്ചൊടിക്കാതെ നേരിട്ട്‌.

സന്യാസിമാരുടെ പ്രോട്ടോക്കോളോ ഡോക്ടറന്മാരുടെ ജാഡയോ കാണിക്കാത്ത സ്വാമി നിര്‍മ്മലാനന്ദഗിരി ആര്‍ക്കും യഥേഷ്ടം സമീപിക്കാവുന്ന ഒരു സന്യാസിയും വൈദ്യനുമാണ്.

എന്നിട്ടും മനോരമ എന്താണ്‌ അച്ചടിച്ച്‌ വച്ചിരിക്കുന്നത്‌?

ചിത്രമോ വിലാസമോ വെളിപ്പെടുത്താന്‍ തയ്യാറാകാത്ത ഒരു ദിവ്യഗാത്രമാണത്രെ അദ്ദേഹം!!

ഒരു തവണയെങ്കിലും അദ്ദേഹത്തെ നേരില്‍ കണ്ടവരാരും ഇത് വിശ്വസിക്കുമെന്ന് തോന്നുന്നില്ല.

ഇനി മാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ അദ്ദേഹം വിമുഖനാണെന്നാണോ വിവക്ഷ? എങ്കില്‍ അതും തെറ്റി. എല്ലാ ഞായറാഴ്ചകളിലും രാവിലെ 7.15 നു കൈരളി ചാനല്‍ തുറന്ന് വച്ച്‌ നോക്കൂ.. അദ്ദേഹം പ്രത്യക്ഷപ്പെട്ട്‌ ആരോഗ്യചര്‍ച്ച നടത്തുന്നത്‌ കാണാം. കഴിഞ്ഞ 5 വര്‍ഷമായി അത്‌ തുടരുന്നുണ്ട്‌. കേരളാവിഷനില്‍ ആഴ്ചയില്‍ മൂന്നു ദിവസം വീതം ‘ജ്ഞാനത്തിന്റെ വഴി‘ എന്നൊരു ദീര്‍ഘമായ അഭിമുഖത്തില്‍ കഴിഞ്ഞ ആറുമാസമായി അദ്ദേഹത്തെ കാണാം. കര്‍ക്കിടകമാസം മുഴുവന്‍ രാവിലെ രാമായണ സംബന്ധിയായ ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം ജീവനില്‍ ഉണ്ടായിരുന്നു. അദ്ദേഹം നടത്തിയ പ്രഭാഷണങ്ങളുടെ നൂറുകണക്കിനു കോംപാക്റ്റ്‌ ഡിസ്കുകള്‍ വിപണിയിലുണ്ട്‌. പുസ്തകങ്ങള്‍ വേറെ.

ഇത്രയധികം സുതാര്യനായ വ്യക്തിയെ ഒരു ഗുപ്തമന്ത്രവാദിയെപ്പോലെ അവതരിപ്പിച്ചത്‌ എന്തിനായിരിക്കും? എന്തായാലും അത് സദുദ്ദേശത്തോടെ ആയിരിക്കാനിടയില്ല.അതിന്റെ പിന്നില്‍ എന്തോ ഗൂഢോദ്ദേശമുണ്ട്.

വിശ്വാസചികിത്സ ഒരു സോപ്പുകുമിളയാണെന്ന് ആര്‍ക്കാണറിയാത്തത്? അത്‌ പൊട്ടാന്‍ അധികനേരം വേണ്ട. ചില ധ്യാന കേന്ദ്രങ്ങളേക്കുറിച്ചും മന്ത്ര-തന്ത്രവാദികളെക്കുറിച്ചും ഇപ്പോള്‍ തന്നെ ആരോപണങ്ങള്‍ ഉയരുകയും അന്വേഷണങ്ങള്‍ നടക്കുകയും ചെയ്യുന്നുണ്ട്‌.

ആയുര്‍വ്വേദത്തേക്കൂടി 'വിശ്വാസചികിത്സ‘യ്ക്കകത്തുള്‍പ്പെടുത്തിയാല്‍ വിശ്വാസചികിത്സക്കുണ്ടാകുന്ന പരാജയങ്ങള്‍ ആയുര്‍വ്വേദത്തിനെക്കൂടി ബാധിച്ചുകൊള്ളുമല്ലോ! അത്‌ ആധുനിക ആരോഗ്യവ്യവസായത്തിനു ആവശ്യമാണ്. അതിനു വേണ്ടി ചെയ്തൊരു പദ്ധതിയല്ലെ ആരോഗ്യത്തിന്റെ 2007 ഡിസംബര്‍ ലക്കം?

ശസ്ത്രക്രിയകള്‍ വ്യാപകമായി നടന്നെങ്കിലേ ഓപ്പറേഷന്‍ തീയറ്ററുകള്‍ ലാഭകരമാകു എന്നറിഞ്ഞിട്ട്‌ അതിനു ആളെകണ്ടെത്തിക്കൊടുക്കാന്‍ ഹൃദയപൂര്‍വ്വം ചിലര്‍ നടത്തിയ സഹായം മലയാളികള്‍ മറന്നിട്ടുണ്ടാവാന്‍ ഇടയില്ല.

ആയുര്‍വ്വേദം പഴയ പ്രൗഢി വീണ്ടെടുത്തു കൂടാ. വീണ്ടെടുത്താല്‍ അത് ബാധിക്കുന്നത് ആധുനിക വൈദ്യവ്യവസായത്തെയാണു. അതിന്റെ കുത്തകക്കാര്‍ ആരാണെന്ന് പറയാതെ തന്നെ അറിയാമല്ലോ.

അപ്പോള്‍ ആയുര്‍വ്വേദത്തിന്റെ തളിരില്‍ ചൂടുവെള്ളം ഒഴിക്കുക തന്നെ വേണം. പക്ഷെ അങ്ങനെ ചെയ്തതാണെന്ന് തോന്നുകയും ചെയ്യരുത്‌. മാസികയിലെ അനുഭസാക്ഷ്യങ്ങളുടെ ഉദ്ദേശം അതാണു.

ആരോഗ്യത്തില്‍ വരുന്ന ലേഖനങ്ങളെക്കുറിച്ച് പത്രാധിപരുടെ ഒരു കുമ്പസാരമുണ്ട്. ബേസ് ലൈനില്‍. “ഇതില്‍ അച്ചടിക്കുന്നതൊക്കെ എഴുതിയ കശ്മലന്മാരുടെ അഭിപ്രായങ്ങളാണ്”.
ഞങ്ങള്‍ക്കൊന്നും പറയാനില്ല!
പാവം പത്രാധിപര്‍.
ഒരു നിര്‍ഗ്ഗുണ പരബ്രഹ്മം!
കഷ്ടം തന്നെ!!
എന്തു വേണമെങ്കിലും ചെയ്തു കൊള്ളു. പക്ഷെ ഒരപേക്ഷയുണ്ട്‌. സ്വാമി നിര്‍മ്മലാന്ദഗിരിയെ വെറുതെ വിടുക!

ആധുനിക ചികിത്സാ രംഗം പണവും ആരോഗ്യവും ഊറ്റിയെടുത്ത് ഉപേക്ഷിച്ച കുറേ രോഗികളാണു നിര്‍മ്മലാനന്ദഗിരിയെ മുഖ്യമായും സമീപിക്കുന്നത്. അതില്‍ കുറേപ്പേര്‍ രക്ഷപ്പെടുന്നുണ്ട്‌. അതില്‍ മന്ത്രമോ മായമോ ഇല്ല. തികച്ചും ആയുര്‍വ്വേദത്തിന്റെ രീതിയാണു അദ്ദേഹം അവലംബിക്കുന്നത്. ഒരു അന്‍പത്‌ വര്‍ഷം മുന്‍പ്‌ കേരളത്തിലെ പ്രഗത്ഭരായ ആയുര്‍വേദ ഭിഷഗ്വരന്മാര്‍ പിന്തുടര്‍ന്നിരുന്ന വഴികള്‍ ശ്രദ്ധിച്ചാല്‍ ഇത്‌ മനസിലാകും. സ്വാമി നിര്‍മ്മലാനന്ദഗിരിക്ക്‌ ദിവ്യാത്ഭുതമൊന്നുമില്ല. ഉള്ളത്‌ ആയുര്‍വ്വേദത്തിലുള്ള അറിവ്‌ മാത്രം. അത്‌ തേടിയെത്തുന്നവരെ ദിവ്യാത്ഭുതങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ്‌ ഓടിച്ച്‌ കളയരുത്‌.അദ്ദേഹം ആശുപതി വ്യവസായം നടത്തുന്നില്ല. മരുന്നു കമ്പനിയും കച്ചോടോം ഇല്ല. തന്നെ കാണാന്‍ വരുന്നവര്‍ക്ക് ചരകന്റേയും വാഗ്‌ഭടന്റേയും പാരമ്പര്യത്തില്‍ നിന്നുകൊണ്ട് അറിയാവുന്നത് പറഞ്ഞുകൊടുക്കും. ആയുര്‍വ്വേദം നന്നായി പഠിച്ചവര്‍ ആര്‍ക്കും ഇതൊക്കെ ചെയ്യാവുന്നതേയുള്ളു. പണ്ട് അങ്ങനെ ചെയ്തിരുന്നവര്‍ ധാരാളം ഉണ്ടായിരുന്നു.

ആശുപത്രി വ്യവസായം നടത്തുന്നവരോട് അദ്ദേഹത്തിനു എന്തെങ്കിലും വിരോധമുണ്ടോ? അതുമില്ല. കുറേപ്പേര്‍ കാശ്‌ മുടക്കി മരിക്കണമെന്ന് തന്നെ നിശ്ചയിച്ച്‌ ചികിത്സയ്ക്ക്‌ പുറപ്പെടും. അവരാണു ആശുപത്രി വ്യവസായം നിലനിര്‍ത്തുന്നത്. ആരുപറഞ്ഞാലും അവര്‍ക്ക് മാറ്റമുണ്ടാവില്ല. അത്തരക്കാര്‍ നിര്‍മ്മലാനന്ദഗിരിയെ സമീപിക്കാറില്ല. സമീപിച്ചാല്‍ തന്നെ രാവിലത്തെ ക്ലാസ്സ് കേള്‍ക്കുന്നതോടെ മടങ്ങിക്കൊള്ളും. നിര്‍മ്മലാനന്ദഗിരി ചികിത്സിക്കുന്നതുകൊണ്ട്‌ അവരുടെ എണ്ണമൊന്നും കുറയുന്നില്ല. ആയിരം നിര്‍മ്മലാനന്ദഗിരിമാര്‍ ഉണ്ടെങ്കിലും അവരുടെ എണ്ണം കുറയ്ക്കാന്‍ പ്രയാസമാണ്. കാരണം കേരളജനതയില്‍ മുക്കാല്‍ പങ്കും അത്തരം രോഗികളാണു. വനിതാ മാസികകളും ആരോഗ്യപ്രസിദ്ധീകരണങ്ങളും, സീര്യലുകളും ചേര്‍ന്ന് പുതുതായി അത്തരം രോഗിഅകളെ സൃഷ്ടിച്ചു കൊണ്ട് ഇരിക്കുകയും ചെയ്യുന്നു. പത്ത് തലയും ഇരുപതു കൈകളും ഉള്ള ആയിരം രാവണന്മാര്‍ ഡോക്ടറായി വന്നാല്‍ പോലും അവരെ ചികിത്സിച്ചു തീരില്ല. പിന്നെ എന്തിനു ഭയക്കണം. ‌ ആശുപത്രി വ്യവസായം ഇവിടെ അഭംഗുരം തുടരും.
അതിനിടയില്‍ വല്ല പുല്ലോ വൈക്കോലോ കൊടുത്ത് പത്തോ നൂറോ പേരുടെ രോഗം ഒഴിവാക്കിയാല്‍ എന്തു സംഭവിക്കാനാണ്? അതുകൊണ്ട് ദയാവായി നിര്‍മ്മലാനന്ദഗിരിയെ ഒഴിവാക്കുന്നതല്ലെ ഉചിതം?
അല്ലെങ്കില്‍ ഇപ്പോള്‍ തന്നെ വേണ്ടത്ര ധാര്‍മ്മിക ച്യുതിയുള്ള ഒരു സ്ഥാപനം ബ്രഹ്മശാപം കൂടി വലിച്ച് തലക്ക് വെക്കണോ?