Monday, November 15, 2010

വേൾഡ് ഡയബറ്റിക് ഡേ



ലോകത്തിലെ അഞ്ചു പ്രമേഹരോഗികളിൽ ഒരാൾ ഇന്ത്യാക്കാരനാണെന്ന കണക്കിലെ കളി രണ്ടു ദിവസമായി മാദ്ധ്യമങ്ങളിൽ കളിക്കുകയാണു. അത് അഞ്ച് കോടിയോളം വരും. ആധുനിക വൈദ്യശാസ്ത്രം ഇത്രയേറെ വികസിച്ചിട്ടും 5 കോടി പ്രമേഹരോഗികളോ എന്ന് അത്ഭുതപ്പെടരുത്. നാമമാത്ര പ്രമേഹരോഗികളിൽ നിന്നാണു നാം 5 കോടിയിലെത്തി ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ ചൈന നമുക്ക് പിറകിലാണു. 4.3 കോടി. അമേരിക്കയിൽ 2.7 കോടി. 2030 ആകുമ്പോഴേക്കും ഇന്ത്യയിലെ പ്രമേഹരോഗികളുടെ എണ്ണം ഇരട്ടിയാകുമെന്ന ശുഭപ്രതീക്ഷയിലാണു വൈദ്യവ്യവസായം. ജനസംഖ്യയുടെ 10% എന്ന ഈ നിരക്ക് അമേരിക്ക നേരത്തെ ആർജ്ജിച്ചു കഴിഞ്ഞു. ഇനി നമ്മൾ എന്തിനു മടിച്ചു നിൽക്കണം?

ലോക പ്രമേഹദിനത്തിന്റെ അവതരണത്തിനായി സൂട്ടും കോട്ടും സ്റ്റെത്തുമിട്ട് വൈദ്യമാനേജറന്മാർ രണ്ടുദിവസമായി മാദ്ധ്യമങ്ങൾ നിറഞ്ഞു നിന്നു. ഈ മൂന്നാം ലോകത്തിന്റെ ആരോഗ്യകാര്യത്തിൽ അവർക്കുള്ള ശുഷ്കാന്തി കണ്ട് എങ്ങനെ അത്ഭുതപ്പെടാതിരിക്കും? അപകടത്തിലെങ്ങാനം പെട്ട് തലപൊട്ടി ആശുപത്രിയിൽ എത്തിയാൽ പ്രൈവറ്റ് പ്രാക്ടീസ് നിരോധിച്ചതിന്റെ കലിപ്പ് തീർക്കാൻ ഒരു ചിട്ടെഴുതി മെഡിക്കൽ കോളേജിലേക്ക് വിടുന്ന ജില്ലാ ആശുപത്രി അധികൃതരാണു നമുക്ക്. തല തുന്നിക്കെട്ടാനും പഞ്ഞിവെച്ച് ചോരയൊപ്പി സമാധാനിപ്പിക്കാനും വൈദ്യം പഠിച്ച വേറെ ആൾ കൂടെ വേണം. അല്ലെങ്കിൽ ചോരയൊലിച്ചു തന്നെ മെഡിക്കൽ കോളേജിലേക്ക് യാത്ര!

5 കോടി പ്രമേഹികൾ എന്നത് വൈദ്യബിസിനസ്സിൽ കൊച്ചുകാര്യമല്ല. അമേരിക്കക്കാരന്റെ തരം നിയന്ത്രണമൊന്നുമില്ലാത്ത ഈ നാട്ടിലെ മെഡിക്കൽ രംഗത്ത് ഒന്നോർത്താൽ അതൊരു ചാകര തന്നെയാണു. അത് വാരിയെടുക്കാനുള്ള തത്രപ്പാടിലാ‍ണു എല്ലാ ഡയബറ്റീഷന്മാരും. അതിൽ അച്ഛനമമ്മാരുടെ പേരും പ്രശസ്തിയും ഉള്ളവർക്ക് കൊടും ചാകര!!

പാങ്ക്രിയാസ് എന്ന അവയവം ഇൻസുലിൻ പുറപ്പെടുവിക്കാതെ ശരീരത്തിൽ ഗ്ലൂക്കോസ് വർദ്ധിപ്പിക്കുന്നതാണു പ്രമേഹകാരണമായി സയൻസ് പറയുന്നത്. എന്താ അത് ആ തരവഴികേട് കാണിക്കുന്നതെന്ന് ഇന്നും സയന്റിസ്റ്റുകൾക്ക് അത്ര നിശ്ചയമില്ല. ചില ഊഹങ്ങളെ അടിസ്ഥാനപ്പെടുത്തിയാണു ചികിത്സ.

ടൈപ്പ് 1 രോഗത്തിൽ ഇൻസുലിനെ ആരോ തിന്നു കളയും. ഗ്ലൂക്കോസിന്റെ അളവ് അങ്ങനെയാണു കൂടുന്നത്. അത് ഏതേലും കീടാണു പറ്റിക്കുന്നതാണോ എന്നറിയില്ല. പിന്നത്തെ ഒരു കാരണം കൈവിഷമാണു. കൈവിഷം എന്ന് കേട്ട് തെറ്റിദ്ധരിക്കണ്ട. നമ്മുടെ മന്ത്രവാദികളുടെ സബ്ജക്റ്റാ‍യ കൈവിഷമല്ല ഇത്. ഇരുമുടി കെട്ടുമായി മലകയറുമെങ്കിലും ഡോക്ടറന്മാർ അന്ധവിശ്വാസികളാണെന്ന് ആരും പറയില്ല. ഈ കൈവിഷം എന്നത്, കൈകൊണ്ട് ഉള്ളിൽ ചെന്നു പറ്റുന്നതെന്നേ അർത്ഥമാക്കേണ്ടതുള്ളു. ഭക്ഷണത്തിലൂടെ, മരുന്നിലൂടെ ഒക്കെ പ്രതിരോധം തകർക്കുന്ന രാസപദാർത്ഥങ്ങൾ ഉള്ളിൽ ചെന്നു പറ്റിയാൽ പ്രമേഹമുണ്ടാകും എന്നാണു ഒരൂഹം.

ടൈപ്പ് 2 ചേട്ടനാണെങ്കിൽ ഇൻസുലിന്റെ കുത്തൊഴുക്ക് കാരണം ഉണ്ടാകുന്നതാണു. പ്രായം, പൊണ്ണത്തടി, വ്യായാമക്കുറവ്, വാരിവലിച്ചുള്ള തീറ്റി, പാങ്ക്രിയാസിനുണ്ടാകുന്ന ചില രോഗങ്ങൾ ഒക്കെയാണു അതിനു കാരണമായി പറയുന്നത്.

ഏറ്റവും രസകരമായ ഒരു കാരണമുണ്ട്. പശുവിൻ പാൽ. കുഞ്ഞുന്നാളിൽ പാലുകൊടുത്താൽ അവൻ പ്രമേഹിയാകുമത്രെ! അതു കൊണ്ടാവും ഇപ്പോൾ ഗൈനക്കോളജിസ്റ്റുകൾ പശുവിൻ പാൽ വിലക്കുകയും നല്ല കമ്മീഷനുള്ള നെസ്ലേപ്പാൽ നിർദ്ദേശിക്കുകയും ചെയ്യുന്നത്. എന്നിട്ടും എവിടെ കുറയാൻ? പ്രമേഹരോഗികൾ മുന്നോട്ട് തന്നെ. പശുവിൻ പാൽ മാത്രം കുട്ടികൾക്ക് കുടിക്കാൻ ഉണ്ടായിരുന്ന ഒരു കാലത്ത് പ്രമേഹരോഗികൾ വിരളമായതെന്തുകൊണ്ടായിരുന്നു എന്ന് വിശദീകരിക്കാൻ ഡോക്ടറന്മാർ തയ്യാറാകുമോ?

ഇതിലൊന്നും ഡോക്ടറന്മാരെ കുറ്റം പറയാനാവില്ല. ലക്ഷങ്ങളും കോടികളും എറിഞ്ഞ് ഒരു ബിരുദം സമ്പാദിക്കുമ്പോൾ ചെലവ് കാശ് തിരിച്ച് പിടിക്കാനാവും എല്ലാവരും ആദ്യം ശ്രമിക്കുക. തന്റെ ഒപ്പം കളിച്ചു നടന്ന മീൻപെറുക്കി ചെക്കൻ സ്കോഡയിലും ബി.എം.ഡബ്ലിയൂവിലും ചെത്തി നടക്കുമ്പോൾ നാനോയിൽ ഇരമ്പി നെരങ്ങാൻ ആരാണാഗ്രഹിക്കുക? അതു കൊണ്ട് അവരെ വിടാം.

ഡയബറ്റിക് കച്ചവടത്തിനു കോപ്പുകൂട്ടുന്ന ‘രോഗകാരണങ്ങളി’ലെ തമാശകൾ മാത്രമാണിവിടെ പരാമർശ വിഷയം.

ചുമ്മാ വാരിവലിച്ചു തിന്ന് വെറുതേയിരുന്നാൽ പ്രമേഹം ഉണ്ടാകും എന്നൊരു സന്ദേശം എല്ലാം ഡോക്ടറന്മാരും കൊടുക്കാറുണ്ട്. അപ്പോൾ ഞാൻ വെറുതെ ആലോചിച്ചു. എന്തു കൊണ്ടാണു നമ്മൂടെ പഴയ നമ്പൂരാർക്കും നായർ ഈഴവ കാരണവന്മാർക്കും ഒന്നും ഈ രോഗം ഉണ്ടായില്ല. അടൂരിന്റെ എലിപ്പത്തായം കണ്ടവർക്കറിയാം പഴയ ഒരു കാരണവരുടെ സ്റ്റൈൽ. “രായമ്മോ” എന്നൊരൊറ്റ വിളി മാത്രമാണു അദ്ദേഹത്തിന്റെ അദ്ധ്വാനം. പിന്നെ പിള്ളാരേ ഉണ്ടാക്കലും. അതൊരു പത്ത് പതിമൂന്നെണ്ണം വരും. മൂന്നു നേരം മൃഷ്ടാന്നം (എലിപ്പത്തായത്തിലേ അല്ല). നെയ്യും എണ്ണയും ഇഷ്ടം പോലെ. ചോറാണെങ്കിൽ ഇടങ്ങഴി അരിയുടേത് ഒറ്റയാൾക്ക് വേണം. സദ്യക്കൊക്കെ പോയാൽ പായസം തവക്കണക്കിനു. എന്നിട്ടും അവർക്കാർക്കും വ്യാപകമായി ഡയബറ്റിസ് ഉണ്ടായില്ല.

വേറൊരു വിഭാഗമുള്ളത് ഗുജറാത്തികളാണു. മധുരത്തിൽ മുങ്ങാൻ മൂക്ക് മാത്രമേ അവർക്കു ബാക്കിയുള്ളു. പൊണ്ണത്തടി എന്ന് പറഞ്ഞാൽ പോര. പലരും എവിടെങ്കിലും ഇരുന്നാൽ പൊക്ലേൻ വേണം എടുത്ത് മാറ്റാൻ. അവർക്കും വ്യാപകമായി ഡയബറ്റിക്ക് ഉണ്ടായില്ല. ഇവർക്കൊന്നും കൊളസ്ട്രോളും അറ്റാക്കും ഉണ്ടായില്ല. മിക്കവരും എൺപതും നൂറും വയസ്സ് വരെ ജീവിച്ചു. ഏതാണ്ട് ആ ജീവിത ചര്യ തുടരുന്ന ഒരാൾ നമുക്കിടെ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. തൊണ്ണൂറ്റാറു വയസ്സായി. വലിയ ആരോഗ്യപ്രശ്നമൊന്നുമില്ല. മിക്ക സാമൂഹിക, രാഷ്ട്രീയ, നിയമ പ്രശ്നങ്ങളിൽ അദ്ദേഹം ഇടപെടുകയും ചെയ്യും. ആളിന്റെ പേരു പറഞ്ഞാൽ ആയുസ്സ് കുറയും എന്നൊരു അന്ധവിശ്വാസമുള്ളതു കൊണ്ട് പേര് പറയില്ല.

പ്രമേഹ രോഗികളെ ശ്രദ്ധിച്ചാൽ രസകരമായ ഒരു പന്തുകളിയുടെ ചിത്രം നമുക്കവരുടെ ജീവിതത്തിൽ കാണാം. ഡയബറ്റിക്കാകുന്ന രോഗികൾ ആധുനിക ചികിത്സ സ്വീകരിക്കുന്നിടത്ത് പന്ത് ഉരുണ്ട് തുടങ്ങുന്നു. ടെസ്റ്റ്, ഗുളിക, മധുരമില്ലാത്ത ചായ, ചപ്പാത്തിയൊക്കെയായി കുറേനാൾ കഴിയുമ്പോൾ ഡയബറ്റിക്ക് ഡോക്ടർ നീട്ടിയൊരടിയാണു. നെഫ്രോളജിസ്റ്റിനടുത്തേക്ക്. ചികിത്സ ഒരു വകയായിക്കഴിയുമ്പോൾ പ്രമേഹരോഗികൾ മിക്കവരും വൃക്ക രോഗത്തിനു വിധേയമാകുന്നത് കാണാം. പിന്നെ കോർട്ട് വൃക്കസദനത്തിലേക്ക് മാറും. അവിടുത്തെ ഫുട്ബോളുകളിയുടെ ഭാഗമായി വിദ്വാനോട് ആദ്യം ഉപ്പ് കുറയ്ക്കാൻ ആവശ്യപ്പെടും. അതു ചെയ്യുമ്പോ ദാ കിടക്കുന്നു ഷുഗർ താഴെ! ഗോൾ!! ഇത്രയും കാലം കൊണ്ടു നടന്ന ഷുഗർ കുറഞ്ഞു.(നേരത്തെ ഇത് നോക്കിയാപ്പോരാരുന്നോ എന്നപ്പോൾ ചിന്തിക്കില്ല) ഷുഗർ കുറഞ്ഞത് ശ്രദ്ധിക്കാൻ ഡയബറ്റിക്ക് കളിക്കാരൻ അവിടെ കാണില്ല!! കാരണം രണ്ടു ഡോക്ടറന്മാർ തമ്മിൽ കണ്ടാൽ മുറുമുറുക്കും. അല്ലെങ്കിൽ പെപ്സിയുടെ വേദിയായിരിക്കണം. അതെന്താ ഉപ്പു കുറയ്ക്കുമ്പോൾ മധുരം കുറയുന്നത്? എനിക്കറിയില്ല. പക്ഷെ അങ്ങനെ കാണുന്നുണ്ട്. അത്തിന്റെ ചുവട് പിടിച്ച് എന്തെങ്കിലും ഗവേഷണം നടക്കുന്നുണ്ടോ എന്ന് അറിയില്ല.

എന്തായാലും വൃക്ക ചികിത്സ തുടരുമ്പോൾ അതിന്റെ ബാക്കിയായി ഹൃദ്രോഗം ഉണ്ടായിക്കൊള്ളും. അപ്പോൾ വീശിയടിക്കുന്നത് കാർഡിയോളജിസ്റ്റിന്റെ അടുത്തേക്ക്!! പിന്നെ അയാളുടെ കാലിൽ കിടന്നുരുളുന്ന പന്താകും, രോഗി.മിക്കവാറും അങ്ങോരാകും ഫൈനൽ ഗോളടിക്കുന്നത്.

അപ്പോൾ പ്രമേഹം രോഗരാജനാണെന്ന് പറയുന്നത് വെറുതേയല്ല. അത് പലരേയും രാജാക്കന്മാരാക്കുന്നുണ്ട് . ഡയബറ്റിക്കിൽ തുടങ്ങിയാൽ എത്ര പേർക്കാണു കച്ചവടം ഒത്തു കിട്ടുന്നത്? ഡയബറ്റീഷനാകുന്നു ഈ വീടിന്റെ ഐശ്വര്യം എന്ന് ഓരോ സ്പെഷലിസ്റ്റ് ഡോക്ടറന്മാരും എഴുതി വക്കേണ്ടി വരും.

എനിക്ക് ആദ്യമായി പരിചിതമാകുന്ന ഡയബറ്റിക്ക് രോഗി എന്റെ അമ്മയാണു. ഏതാണ്ട് നല്ല പൊണ്ണത്തടി. വലിച്ചു വാരി തിന്നും. കഴിവതും പണിയൊന്നും എടുക്കില്ല. ഞങ്ങളെ ഊട്ടുക, പശുവിനോടും പട്ടിയോടും പുന്നാരം പറയുക,ജോലിക്ക് നിക്കുന്നവർക്ക് നിർദ്ദേശം കൊടുക്കുക, ഉറങ്ങുക എന്നുള്ളതായിരുന്നു അമ്മയുടെ പ്രധാന തൊഴിൽ. അതിനിടയിൽ 56 വയസ്സുള്ളപ്പോൾ തൊലിപ്പുറമേ ചൊറിച്ചിൽ വന്നു. ഞങ്ങൾക്കുണ്ടായിരുന്ന ക്ലിനിക്കിലെ യുവഡോക്ടർ ഒരു മരുന്നു നൽകി. (മരുന്നിന്റെ പേർ ചോദിക്കരുത്. ഇപ്പോഴും അതു ഉപയോഗിക്കുന്ന ലക്ഷങ്ങൾ ഉണ്ട്. അവർക്കൊരു അങ്കലാപ്പുണ്ടാകണ്ട). ചൊറിച്ചിൽ മാറി. പക്ഷെ ഒന്നര മാസം കഴിഞ്ഞ് അമ്മ ഡയബറ്റിക്കായി. ഗുളികയിൽ തുടങ്ങി ഇൻസുലിനോളം പോയി. പഴന്തടിയായിരുന്നത് കൊണ്ടായിരിക്കണം വൃക്ക പിടിച്ചു നിന്നു. ഡയബറ്റിക് നെഫ്രോപ്പതിയിൽ എത്തിയില്ല. ദൈവത്തിനു സ്തുതി.

ഇവിടെ ഡയബറ്റിക്ക് ശാസ്ത്രജ്ഞന്മാർ പറഞ്ഞ ഒരു കാര്യം സത്യമാകുന്നു. ചില മരുന്നുകൾ പ്രമേഹമുണ്ടാക്കും. എന്നാലും ഇത്ര വ്യാപകമാകുന്നത് എന്തു കൊണ്ടാണു? ഇന്നത്തേക്കാൾ അപരിഷ്കൃതമായിരുന്നു പഴയ കാലം. അന്ന് ഇത്രത്തോളം ഉണ്ടായില്ല. ഇന്ന് വെടിപ്പുള്ളതും ശാസ്ത്രീയമായതുമായ ഭക്ഷണമുണ്ട്. WHO നിഷ്കർഷിക്കുന്ന രീതിയിലാണു നാം കുട്ടികളെ വളർത്തുന്നത്. പ്രഭാത സവാരി. ഹെൽത്ത് ക്ലബ്ബ് എല്ലാം ഉണ്ട്. ലോകനിലവാരത്തിലാണു വൈദ്യരംഗം. എന്നിട്ടും ആ നാട്ടിലാണു ഡയബറ്റിക്കുകൾ ഏറെയും.

ഇതെന്ത് വിരോധാഭാസം?

മേമ്പൊടി:

നംവംബർ 14 എന്ന് പറഞ്ഞാൽ ശിശുദിനം. ചാച്ചാ നെഹൃവിന്റെ ജന്മദിനം എന്നൊരു ലൈനായിരുന്നു പണ്ട്. ഇപ്പോഴത് മാറി. എന്ത് നേരു? എന്ത് ശിശു? വേൾഡ് ഡയബറ്റിക് ഡേ!

Sunday, November 14, 2010

ഓട്ടിസം


ഓട്ടിസമുള്ള കുട്ടികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ച്‌ വരികയാണു. ഇരുനൂറ്റിയന്‍പതിനു ഒന്നാണു ഇന്ത്യയിലെ കണക്ക്‌. അമേരിക്കയില്‍ അത്‌ നൂറ്റിയന്‍പതിനു ഒന്നും.

ലോകം ഭൌതികമായും ബൌദ്ധികമായും ഏറ്റവും പുരോഗമിച്ച രാജ്യത്താണു ഏറ്റവും കൂടുതല്‍ വൈകല്യമുള്ളവര്‍. ഇത്‌ എന്തുതരം വിരോധാഭാസമാണു?

ആയുര്‍വ്വേദത്തിന്റെ തഥ്യകളിലൂടെ പോയാല്‍ ഓട്ടിസം ഒരു ജനിതക പ്രധിഷേധമാനെന്ന് കാണാം. ഓട്ടിസമുള്ള കുട്ടിയെ പരിശോധിച്ചാല്‍ അവന്റെ തലച്ചോറിനു തകരാറുകള്‍ ഒന്നും തന്നെ കാണുകയില്ല. ആശയവിനിമയത്തിലെ പിഴവിനേയാണു ഓട്ടിസമായി നാം തിരിച്ചറിയുന്നത്‌. തലച്ചോറില്‍ നിന്നും പുറപ്പെട്ട്‌ കര്‍മ്മപഥത്തിലേക്ക്‌ പോകുന്ന മസ്തിഷ്ക സന്ദേശങ്ങള്‍ ഇടയ്കെവിടെയൊ വഴിതെറ്റിപ്പോകുന്നു. അതിനുള്ള ഒരു യന്ത്രമാതൃക കണ്ടെത്താന്‍ മോഡേണ്‍ മെഡിസിന്‍ കിണഞ്ഞുശ്രമിച്ചുകൊണ്ടിരിക്കുകയാണു.

സാധാരണ ജീവിത സങ്കല്‍പങ്ങള്‍ വിട്ട്‌ മറ്റൊരു ഭാവാത്മക ലോകത്തില്‍ വിഹരിക്കുന്നവരാണു ഓട്ടിസം ബാധിച്ചവര്‍. പലതും കേള്‍ക്കാനോ പലതുമായി പ്രതികരിക്കാനോ അവര്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട്‌ അത്തരം മസ്തിഷ്കകേന്ദ്രങ്ങള്‍ അവര്‍ ബോധപൂര്‍വ്വം പ്രവര്‍ത്തിപ്പിക്കാതെയിരിക്കുന്നു. ഈ ഒരവസ്ഥയില്‍ അവരെ എത്തിച്ചത്‌ അവരുടെ അച്ഛനമ്മമാരാണു എന്ന് നിസംശയം പറയാം.

പാരമ്പര്യം വിട്ടുള്ള ദാമ്പത്യം സര്‍വ്വസാധാരണമായതോടെ രോഗാതുരമായ ഒരു തലമുറ ജനിച്ചു തുടങ്ങി. ശിഷ്ടാചാരപ്രകാരമുള്ള ജീവിതം നയിച്ചില്ലെങ്കില്‍ കുട്ടികളില്‍ വൈകല്യമുണ്ടാകുമെന്ന് പണ്ടുള്ളവര്‍ വിശ്വസിച്ചിരുന്നു. അന്നുള്ളവര്‍ക്ക്‌ ദാമ്പത്യം ഒരു നേരമ്പോക്കോ ഇന്നത്തെപ്പോലെ മൃഗതൃഷ്ണ തീര്‍ക്കാനുള്ള ഒരുപാധിയോ ആയിരുന്നില്ല. അതു കൊണ്ട്‌ അന്ന് ജനിച്ചിരുന്ന കുട്ടികളില്‍ മസ്തിഷ്ക വൈകല്യങ്ങള്‍ കുറവായിരുന്നു. ആധുനികനു ഇത്‌ സമ്മതമാവില്ല എന്നറിയാം. എങ്കിലും സത്യമതാണു. നമ്മുടെ ചുറ്റുപാടുമുള്ള പഴയ കുടുംബങ്ങളിലെ കാര്യമൊന്ന് ആലോചിച്ച്‌ നോക്കിയാല്‍ ഇത്‌ മനസിലാകും. അന്നൊക്കെ നാട്ടില്‍ ഒന്നോ രണ്ടോ ബുദ്ധിമാന്ദ്യമുള്ളവരൊക്കെ ഉണ്ടായിരുന്നുള്ളു. ഇന്ന് അതാണോ സ്ഥിതി?

പണ്ട്‌ ഒരു പെണ്‍കുട്ടി ഗര്‍ഭിണിയാകുമ്പോള്‍ ഒരു കുടുംബത്തിന്റെ മുഴുവന്‍ സംരക്ഷണവും അവള്‍ക്ക്‌ കിട്ടിയിരുന്നു. അന്നവള്‍ക്ക്‌ അന്തര്‍സംഘര്‍ഷങ്ങള്‍ കുറവായിരുന്നു. ഇന്ന് കുടുംബങ്ങള്‍ ഭൂരിഭാഗവും അണുകുടുംബങ്ങളായി. ദമ്പതികള്‍ക്കിടയില്‍ സ്നേഹവും വിശ്വാസവും കുറഞ്ഞു. പ്രൊഫഷന്റെ തിരക്കുകളും സമ്മര്‍ദ്ദവും വേറെ. അതിനിടയിലാണു അറിഞ്ഞോ അറിയാതെയോ ഒരു ജീവന്‍ പിറവിയെടുക്കുന്നത്‌. പലര്‍ക്കും അത്‌ വിളിക്കാതെ വരുന്ന അതിഥിയാണു.

പാരമ്പര്യത്തിലൂടെ സ്വാംശീകരിക്കുന്ന സാരവത്തായ ഒരു ജീവിതത്തിന്റെ രൂപരേഖ ഓരോരുത്തരുടേയും ബോധത്തില്‍ ഉണ്ടായിരിക്കും. അതുപോലെ ഒരു ആധുനിക ജീവിതം വേറെയുമുണ്ട്‌. ഇവ തമ്മില്‍ പൊരുത്തപ്പെടാതെ വന്നാല്‍ അന്തര്‍സംഘര്‍ഷം ഉണ്ടാകും. ഉള്ളില്‍ പ്രതിഷ്ഠിതമായ സാരവത്തായ ജീവിത ബോധത്തെ മറച്ചു കൊണ്ട്‌ താല്‍ക്കാലികമായ ആധുനിക ലോകത്തെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുമ്പോള്‍ ആന്തരികമായി ഉണ്ടാകുന്ന പ്രതിഷേധമല്ലേ അനന്തരതലമുറകളില്‍ ഓട്ടിസമായി പ്രകടീഭവിക്കുന്നത്‌?

മഠപ്പുരവൈദ്യത്തിലൊക്കെ ബുദ്ധിമാന്ദ്യങ്ങളെ ഇങ്ങനെ കാണാനാണു താല്‍പ്പര്യം.. ഇതുണ്ടാകാതിരിക്കണമെങ്കില്‍ ഹിംസാദി ദശപാപങ്ങള്‍ ഒഴിവാക്കണമെന്ന് അവര്‍ നിര്‍ദ്ദേശിക്കുന്നു.

ഒന്നിനേയും ദ്രോഹിക്കരുത്‌.
ഒന്നും മോഷ്ടിക്കരുത്‌.
ഒന്നിലും ദുരാശ പാടില്ല.
ഏഷണി പറയുകയോ കഠിനമായ വാക്കുകള്‍ ഉപയോഗിക്കുകയൊ ചെയ്യരുത്‌.
സത്യമേ പറയാവു.
ഇല്ലാത്തത്‌ ഒന്നും ഉണ്ടാക്കിപ്പറയരുത്‌.
ദ്രോഹവിചാരവും പരധനാസക്തിയും പാടില്ല.
സത്യദൃക്കായിരിക്കണം.

ഇതു മനസിലാക്കിയിരുന്ന അമ്മമാര്‍ മക്കളെ അതിനനുസരിച്ചാണു പണ്ട്‌ വളര്‍ത്തിയിരുന്നത്‌. മകള്‍ ഗര്‍ഭിണിയാണെന്നറിഞ്ഞാല്‍ പഴയ അമ്മമാര്‍ പറഞ്ഞു കൊടുക്കും, 'മകളെ നീയിനി ചക്ക മുറിക്കണ്ട', 'കുമ്പളങ്ങാ കഷണിക്കണ്ട' എന്നൊക്കെ. ചക്കക്കുരു പിളരുമ്പോള്‍ അതിനുള്ളിലിരിക്കുന്ന ജീവനാണു പിളര്‍ത്തപ്പെടുന്നത്‌. കുമ്പളങ്ങ അരിയുമ്പോള്‍ കുരുമുറിഞ്ഞ്‌ അതിലിരിക്കുന്ന ജീവന്‍ ഹിംസിക്കപ്പെടും. ജീവശൃംഘലയില്‍ അതിന്റെ ആന്ദോളനങ്ങള്‍ ഉണ്ടാകുമെന്നും അത്‌ മകളുടെ ഉള്ളിരിക്കുന്ന കുഞ്ഞിലെ ജീവന്റെ ബോധത്തില്‍ ചെന്ന് പറ്റി അതിനെ താറുമാറാക്കുമെന്നും അന്നത്തെ പഠിപ്പില്ലാത്ത അമ്മമാര്‍ വിചാരിച്ചിരുന്നു. എത്ര സമഗ്രമായാണു അവര്‍ ലോകത്തെ കണ്ടിരുന്നത്‌! ഇന്നോ?

ഒരേ ലോഹം പല മൂശകളിലൊഴിച്ച്‌ പലരൂപത്തിലുള്ള സാമഗ്രികള്‍ നിര്‍മ്മിക്കുന്ന കുശവനേപ്പോലെയാണു, പ്രകൃതി ഒരേജീവന്‍ തന്നെ പല യോനികളിലായി പലരൂപത്തില്‍ സൃഷ്ടിക്കുന്നത്‌ എന്നവര്‍ വിചാരിച്ചു. മാനായും മനുഷ്യനായും ഇരിക്കുന്നത്‌ ഒരേജീവസത്ത തന്നെ. പ്രകൃതിയിലെ ജീവജാലങ്ങള്‍ക്കിടയിലെ പാരസ്പര്യം നിഷേധിക്കാന്‍ പണ്ടുള്ളവര്‍ തയ്യാറായിരുന്നില്ല. അതുകൊണ്ട്‌ ചീരയരി പാകന്‍ തുടങ്ങുന്ന ഗര്‍ഭിണി ബി.എച്ഛ്‌.സി പൊടി എടുക്കുന്നതു കണ്ടാല്‍ അവര്‍ തടയും. പകരം മുറിയരി ഇട്ടുകൊടുക്കാന്‍ ഉപദേശിക്കും. മണ്ണില്‍ ഉറുമ്പുകളുണ്ട്‌. അവ ചീരയരി എടുത്തുകൊണ്ട്‌ പോകും. നമുക്ക്‌ ചീര വേണം. ഉറുമ്പിനു അതിന്റെ ഭക്ഷണവും. അതുകൊണ്ട്‌ ഉറുമ്പിനു മറ്റെന്തെങ്കിലും ആഹാരം കൊടുത്ത്‌ ചീര സംരക്ഷിക്കണം. അതിനാണു മുറിയരി. ഇതൊക്കെ അനുശീലിക്കുന്നതു വഴി ജീവജാലങ്ങള്‍ക്കിടയിലെ പാരസ്പര്യത്തെക്കുറിച്ചുള്ള ഒരു തത്ത്വം ഉള്‍ക്കൊള്ളുകയാണു ഗര്‍ഭിണി ചെയ്യുന്നത്‌. അത്‌ ഉള്ളില്‍ വളര്‍ന്നുവരുന്ന ജീവന്റെ ബോധത്തിലേക്ക്‌ രേഖപ്പെടുമ്പോള്‍ ഉത്തമനായ ഒരു കുഞ്ഞ്‌ ജന്മമെടുക്കും.

ഇന്ന് മത്സരത്തിന്റേതല്ലാത്ത എന്ത്‌ സന്ദേശമാണു കൊടുക്കാനുള്ളത്‌?

അതു പോലെ സഭ്യമായ വാക്കുകള്‍.

രണ്ട്‌ മാസമായാല്‍ കുഞ്ഞ്‌ ശബ്ദം തിരിച്ചറിയാന്‍ തുടങ്ങും.. പിന്നെ അമ്മ പറയുന്നതും കേള്‍ക്കുന്നതും സൂക്ഷിച്ച്‌ വേണം. അമ്മയുടെ ശബ്ദത്തിലൂടെ-അമ്മ കേള്‍ക്കുന്ന ശബ്ദത്തിലൂടെയും- തന്റെ പാരമ്പര്യ ജനിതകത്തിലിരിക്കുന്ന അര്‍ത്ഥവിന്യാസങ്ങളെ അതിന്റെ ആന്തരികഘടനകളിലേക്ക്‌ കുഞ്ഞ്‌ ഉള്‍ക്കൊള്ളുന്ന കാലമാണത്‌. ആ സമയത്ത്‌ നന്മയും സത്യവും മൂല്യങ്ങളും ശബ്ദമായി ഗര്‍ഭസ്ഥശിശുവിന്റെ ഉള്ളിലേക്ക്‌ ചെല്ലണം. പണ്ടൊക്കെ അതിനു സാദ്ധ്യമായ സമാധാനപരമായ അന്തരീക്ഷമുണ്ടായിരുന്നു.

ഇന്നോ?

വിശ്രമസമയത്തിന്റെ ഒട്ടുമുക്കാല്‍ പങ്കും സ്ത്രീകള്‍ ചെലവഴിക്കുന്നത്‌ ചാനലുകള്‍ക്ക്‌ മുന്നിലാണു. അതില്‍ നിന്ന് ഉയരുന്ന അസംബന്ധങ്ങളും ബഹളങ്ങളും ആക്രോശങ്ങളും അമ്മയ്കൊപ്പം കുഞ്ഞും കേള്‍ക്കുന്നു. അതിനു അനുഗുണമായ ബോധം രൂപപ്പെട്ടാണു കുഞ്ഞ്‌ ജനിക്കുന്നത്‌. അനാശാസ്യ ബന്ധങ്ങളുടേയും അവിഹിത വേഴ്ചകളുടേയും നാടകീയാവതരണങ്ങള്‍ കേട്ട്‌ വളര്‍ന്നാല്‍ കുഞ്ഞും അങ്ങനെയൊക്കെ ആയിത്തീരും. അല്ലെങ്കില്‍ ഈ സമൂഹത്തില്‍ നിന്നു തന്നെ മുഖം തിരിക്കും.

ഓട്ടിസമുള്ളവരില്‍ ഈ രണ്ട്‌ സ്വഭാവങ്ങളും വളരെ പ്രകടമായിക്കാണാം.സമൂഹത്തിന്റെ പൊതു സ്വഭാവം അഴിമതിയും അക്രമവുമാനെന്ന് കേട്ടാല്‍ ജനിക്കുന്ന കുഞ്ഞിനും അഴിമതിയും അക്രമവും ചെയ്യാന്‍ മടിക്കില്ല. ഇന്നത്തെ അമ്മമാര്‍ ആഗ്രഹിക്കുന്നതും അത്തരം കുഞ്ഞുങ്ങളെ പ്രസവിക്കാനാനെന്ന് തോന്നുന്നു. ജീവിതത്തില്‍ പിടിച്ചു നില്‍ക്കാന്‍ അതൊക്കെ ആവശ്യമാണെന്ന ചിന്താഗതിക്കാരാണു ഭൂരിഭാഗം അമ്മമാരും. സീരിയലിലും വാര്‍ത്തകളിലും നാം കാണുന്നത്‌ പൊതുജീവിതമല്ലെന്നും അതില്‍ നിന്നുള്ള വ്യതിയാന(Exception)മാണെന്നും മനസിലാക്കാതെയാണു അവര്‍ അതൊക്കെ കണ്ട്‌ ആസ്വദിക്കുന്നത്‌. ഗര്‍ഭിണി അതാസ്വദിക്കുമ്പോള്‍ അവള്‍ മാത്രമല്ല, അടുത്ത തലമുറകൂടി നശിക്കുന്നു.

മാത്സര്യവും ദുരാശയും പണക്കൊതിയും ഇല്ലാത്തത്‌ പറഞ്ഞുണ്ടാക്കുന്നതും ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമായിട്ടുണ്ട്‌. അവ സ്ട്രെസ്സ്‌ ഉണ്ടാക്കുന്നു എന്ന് നാം അറിയാറില്ല. സ്ട്രെസ്സ് തൈറോയിഡില്‍ മാറ്റമുണ്ടാക്കും. തൈറോയിഡില്‍ ഉണ്ടാകുന്ന ഏതൊരു ചെറിയ മാറ്റവും ഉത്തോലകത്തില്‍ പ്രവര്‍ത്തിക്കുന്ന കല്ല് പോലെ ഉള്ളിലിരിക്കുന്ന കുഞ്ഞില്‍ പതിന്മടങ്ങായി ചെന്ന് വീഴും. ജന്മവൈകല്യത്തിനുള്ള സാദ്ധ്യത അവിടെ ആരംഭിക്കുകയായി.

ഇതൊഴിവാക്കാന്‍ അമ്മയാകുന്നവള്‍ സൌമ്യമായിരിക്കണം. തര്‍ക്കിക്കാനോ പിടിച്ചടക്കാനോ പോകരുത്‌. ഇന്ന് ആര്‍ക്കു കഴിയും ഇതിനൊക്കെ? ലോകം സുഖവും സമൃദ്ധവും ശാന്തിപൂര്‍ണ്ണവുമായിത്തീരാന്‍ ഒരു പ്രജയെ ജനിപ്പിക്കുന്നവളാണു താനെന്ന് എത്രപേര്‍ക്ക്‌ ബോധമുണ്ട്‌?

യഥാര്‍ത്തില്‍ ഉത്തമനായ ഒരു കുട്ടിക്കുവേണ്ടിയൊന്നുമല്ല ഇന്ന് ദമ്പതികള്‍ ഇണചേരുന്നത്‌. നൈമിഷികമായ ഒരു സുഖം. അത്‌ അനുഭവിക്കുക. അതിന്റെ ഉപോല്‍പ്പന്നമായി കുഞ്ഞ്‌ പിറക്കുന്നു. ഉത്തമനായ പ്രജയെ ലഭിക്കണമെങ്കില്‍ അതിനു ആദ്യമായി സ്ത്രീക്ക്‌ വേണ്ടത്‌ വിനയമാണു. ഇന്ന് അതില്ല. വിനയം എന്തോ മോശമായ കാര്യമാണെന്നാണു സമൂഹവും ആധുനികരായ മാതാപിതാക്കളും അവളെ പഠിപ്പിച്ച്‌ വച്ചിരിക്കുന്നത്‌. അത്‌ അടിമത്തമാണെന്ന് ഫെമിനിസ്റ്റുകളും പ്രചരിപ്പിക്കുന്നു. മത്സരത്തിന്റേതായ ഈ ലോകത്തില്‍ പൌരുഷമാണു ആവശ്യമെന്ന് ഒരു ധാരണ പരന്നിട്ടുണ്ട്‌. പൌരുഷം വേണ്ടിടത്താവാം. പക്ഷെ ദാമ്പത്യത്തില്‍ അത്‌ പ്രയോജനപ്പെടില്ല. അവിടെ അവള്‍ സ്വീകര്‍ത്താവാണു. അതിന്റെ വിനയം ആദ്യമുണ്ടാകണം. ഇന്ന് അതിനുള്ള സാഹചര്യം കുറവാണു. പലപ്പോഴും പുരുഷനേക്കാള്‍ മികച്ച പഠിപ്പും തൊഴിലുമുള്ളവരായിരിക്കും സ്ത്രീകള്‍. പ്രായം ഏതാണ്ട്‌ സമമായിരിക്കും. പുരുഷനേക്കാള്‍ സ്ത്രീയുടെ പ്രായം കൂടിയിരിക്കുന്ന സാഹചര്യങ്ങളും കുറവല്ല. സ്ത്രീധനത്തിന്റെ പേരിലുള്ള കച്ചവടം കൂടിയാകുമ്പോള്‍ വിനയാന്വിതയാകാന്‍ അവള്‍ക്കെങ്ങനെ കഴിയും?

വേറൊന്നുള്ളത്‌,കണ്ടും പരിചയപ്പെട്ടുമാണു കൂടുതല്‍ വിവാഹങ്ങളും ഇന്ന് നടക്കുന്നത്‌. മാതാപിതാക്കള്‍ ആലോചിച്ചുറപ്പിക്കുന്ന വിവാഹമായാലും ആലോചിച്ചുറപ്പിച്ചുകഴിഞ്ഞാല്‍ അടുത്ത്‌ പരിചയപ്പെടല്‍ തുടങ്ങുകയായി. അതിപരിചയം ദാമ്പത്യത്തില്‍ ആവശ്യമായി വരുന്ന വിനയത്തെ ഇല്ലാതാക്കുന്നു.

ഇങ്ങനെയുള്ള ഈ സമൂഹം കുട്ടികളെ ഉല്‍പ്പാദിപ്പിക്കാതിരിക്കുകയാണു ഉത്തമം. സ്ത്രീക്കും പുരുഷനും മദിച്ച്‌ ജീവിക്കാനുള്ള ഒരു സംവിധാനമായി ദാമ്പത്യം ചുരുങ്ങുമ്പോള്‍ കുട്ടികള്‍ അനാവശ്യമാണെന്ന് ആധുനിക സമൂഹം തിരിച്ചറിഞ്ഞാല്‍ ഓട്ടിസമുള്ള അനേക ലക്ഷം കുഞ്ഞുങ്ങള്‍ ജനിക്കുന്നത്‌ ഒഴിവാക്കാം.

ദമ്പതിക്രിയയില്‍ സ്ത്രീ സ്വീകര്‍ത്താവാണു എന്ന് പറഞ്ഞല്ലോ. അനേക ലക്ഷം പുരുഷബീജങ്ങളില്‍ നിന്ന് അവള്‍ക്ക്‌ വേണ്ട ഒന്നിനെ അവള്‍ തിരഞ്ഞെടുക്കുമ്പോഴാണു ഗര്‍ഭധാരണം സാദ്ധ്യമാകുന്നത്‌. ആ തിരഞ്ഞെടുക്കുന്ന ഒന്ന് ലോകകണ്ടകനായ രാവണനാകാം. അല്ല്ലെങ്കില്‍ ഭരതനെപ്പോലെ കാളിദാസനെപ്പോലെ അതിപ്രഗത്ഭരാകാം. അത്‌ തിരിച്ചറിയണമെങ്കില്‍ അവളില്‍ സരസ്വതി ഉണരണമെന്ന് പണ്ടുള്ളവര്‍ പറയും. വിനയമില്ലെങ്കില്‍ സരസ്വതി തെളിയില്ല. അറിവാണു സരസ്വതി. എന്താണു സ്ത്രീ അറിഞ്ഞിരിക്കേണ്ടത്‌? ലോകക്ഷേമകരമായി ജീവിക്കാന്‍ കഴിയുന്ന ഒരു പ്രജയെ എങ്ങനെ ഉല്‍പ്പാദിപ്പിക്കാം. അതിസൂക്ഷ്മങ്ങളായ ബീജങ്ങളില്‍ നിന്ന് അത്‌ തിരിച്ചറിയാനുള്ള കഴിവാണു അവള്‍ക്ക്‌ വേണ്ടത്‌. അതില്ലെങ്കില്‍ കുടുംബനാശവും കുലനാശവും വരുത്തുന്ന ലോകകണ്ടകന്മാരായ രാവണാദികളെ അവള്‍ പ്രസവിക്കേണ്ടി വരും. വിനയവും സൌശീല്യവും കൊണ്ട്‌ തനിക്കും സമൂഹത്തിനും യശസ്സുണ്ടാക്കുന്ന ജനിതഘടകങ്ങള്‍ അടങ്ങിയിട്ടുള്ള ബീജമേതാണെന്ന് കണ്ടെത്തി സാത്വികമായ ഭാവത്തിലുള്ള അണ്ഡവുമായി മേളിക്കാനുള്ള അനുമതി കൊടുക്കുമ്പോള്‍ അവളിലെ സ്ത്രീത്വം പൂര്‍ണ്ണമാകുന്നു.

എല്ലാ ബീജങ്ങളും എല്ലാ അണ്ഡങ്ങളും സംയോജിച്ച്‌ പ്രജയുണ്ടാകുന്നില്ലെന്ന് അറിയുമ്പോള്‍ ഇതിന്റെ സാംഗത്യം മനസിലാകും. ഈ തത്ത്വം അറിഞ്ഞിരുന്ന പഴയ അമ്മമാര്‍ തങ്ങളുടെ മക്കളെ അതിനനുസരിച്ച്‌ വളര്‍ത്തിയിരുന്നതായിക്കാണാം. ലോകം ആധുനികമായപ്പോള്‍ അതെല്ലാം വിട്ടു.

ഇതിനെല്ലാമപ്പുറം സിന്തറ്റിക്ക്‌ വസ്തുക്കളുടെ അമിതോപയോഗം ഓട്ടിസത്തിനു ഭൌതികമായ ഒരു കാരണമാകുന്നില്ല്ലെ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

കൃത്രിമവസ്തുക്കള്‍ വാര്‍ദ്ധക്യത്തേ ഉണ്ടാക്കുമെന്നാണു പണ്ടുള്ളവര്‍ വിശ്വസിച്ചിരുന്നത്‌. അതുകൊണ്ട്‌ പ്രകൃതിയില്‍ നിന്നും പച്ചയായി പറിച്ചെടുക്കുന്ന സസ്യജാലങ്ങളെയാണു അവര്‍ ഭക്ഷണമാക്കിയത്‌. അത്‌ ശരീരത്തെ എപ്പോഴും തരുണാവസ്ഥയില്‍ നിലനിര്‍ത്തുമെന്ന് അവര്‍ അനുഭവത്തിലൂടെ മനസിലാക്കുകയും ചെയ്തു.

ഇന്ന് കൃത്രിമമായ ഭക്ഷണങ്ങളുടേയും മരുന്നുകളുടേയും ലോകത്താണു മനുഷ്യന്‍. സ്ത്രീകളാണെങ്കില്‍ ഇത്തരം കൃത്രിമവസ്തുക്കളുടെ വലിയൊരു ഉപഭോക്തൃസംഘം തന്നെയാണു. പരസ്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത്‌ മനസിലാകും. ഒട്ടുമിക്ക പരസ്യവും സ്ത്രീകളെ ലക്ഷ്യമാക്കിയുള്ളതാണു. ഇതില്‍ തന്നെ അവരുടെ ജൈവപരമായ അസ്വാധീനത്തിനെ മറികടക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ളവ കൂടുതല്‍ ഉപയോഗിക്കപ്പെടുന്നു എന്ന് വിചാരിക്കണം. മുഖം മിനുക്കാനും മുടിമോടിപിടിപ്പിക്കാനും രോമം നീക്കം ചെയ്യാനുമുള്ള രാസവസ്തുക്കളില്‍ പലതും ശരീരത്തിനു ഹിതകരമല്ല എന്ന് തെളിയിക്കപ്പെട്ടിട്ടുള്ളവയാണു. ത്വക്കും മസ്തിഷ്കവും ഒരേകലകള്‍ കൊണ്ട്‌ നിര്‍മ്മിതമായിരിക്കുന്നതിനാല്‍ ത്വക്കിനു ഹിതകരമല്ലാത്തത്‌ മസ്തിഷ്കത്തിനും ഹിതകരമായിരിക്കുകയില്ല. മസ്തിഷ്കത്തിനു ഹിതമല്ലെങ്കില്‍ അത്തരം വസ്തുക്കളുടെ ഉപയോഗം ഋണാത്മകമായി ബാധിക്കും. ആ രേഖപ്പെടുത്തലുകള്‍ ജനിതകങ്ങളിലേക്ക്‌ കൈമാറ്റപ്പെടാന്‍ സാദ്ധ്യതയുണ്ട്‌.

ആര്‍ത്തവരോധത്തിനും ആര്‍ത്തവം തന്നെ നിര്‍ത്തിവയ്ക്കാനുമുള്ള മരുന്നുകള്‍ വിപുലമായി ഇന്ന് ഉപയോഗിക്കപ്പെടുന്നു. കൃത്രിമഹോര്‍മ്മോണുകളാണവ. ശരീരത്തിലെ ഹോര്‍മ്മോണ്‍ സന്തുലനത്തെ അത്‌ നിശ്ചയമായും ബാധിക്കും. ഉല്ലാസയാത്രപോകാനോ, വിവാഹത്തില്‍ പങ്കെടുക്കാനോ, ആര്‍ത്തവവേദനകളില്‍ നിന്നുതന്നെ ഒഴിവാകാനോ ആണു ഇത്തരം അപകടങ്ങളില്‍ ചെന്ന് ചാടുന്നത്‌. കുട്ടികള്‍ ആവശ്യമായി വരുമ്പോള്‍ ആര്‍ത്തവം പുനരാരംഭിച്ചാല്‍ പോരെ എന്നാണു പല പെണ്‍കുട്ടികളുടേയും മനോഭാവം. ഇത്തരം കൃത്രിമവസ്തുക്കളുടെ ഉപഭോഗം ഓട്ടിസം ബാധിച്ച കുട്ടികള്‍ ജനിക്കാന്‍ കാരണമാകുമോ എന്നുള്ള പഠനം ആരംഭിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആയുര്‍വ്വേദത്തിനു ഇക്കാര്യത്തില്‍ യാതൊരുവിധ സംശയവുമില്ല.

1. പ്രൊഫഷന്റെ ആവശ്യത്തിനായി ബോസിനോട്‌ വിനയാന്വിതമായി പെരുമാറുന്ന സ്ത്രീക്ക്‌ ഭര്‍ത്താവിനോടും കുടുംബത്തോടും വിനയം കാണിക്കാൻ‌ സാധിക്കാതെ വരിക

2. തന്റെ സങ്കല്‍പ ലോകവും ആധുനിക ലോകവും തമ്മില്‍ പൊരുത്തപ്പെടുത്താനാകാതെ പോകുക

3. ഋണാത്മക മൂല്യങ്ങളെ തെറ്റാണന്നറിഞ്ഞുകൊണ്ട്‌ ഉള്‍ക്കൊള്ളുക

4. വിവാഹിതരായിരിക്കെ ദാമ്പത്യേതര ബന്ധങ്ങളില്‍ ഏര്‍പ്പെടുക - വിശേഷിച്ചും ഗര്‍ഭിണിയായ ശേഷം

5. സിന്തറ്റിക്ക്‌ വസ്തുക്കളുടെ ഉപഭോഗം

6. മത്സരം, വാശി

ഇവയ്ക്കൊക്കെ ഓട്ടിസമുള്ള കുട്ടിയുടെ സ്വഭാവം സംഭാവന ചെയ്യാനാകുമോ എന്ന് ഒന്ന് ആലോചിച്ച്‌ നോക്കുക. ഇതൊരു നിരീക്ഷണമാണു. ശരിയോ തെറ്റ്‌ എന്ന് ആലോചിക്കില്ലെ?

(കടപ്പാട്: ഗുരുസല്ലാപം)

Friday, November 12, 2010

നിങ്ങളുടെ ഫ്രിഡ്ജ് സുരക്ഷിതമാണോ?


ഏതാണ്ട് മുപ്പത് കൊല്ലം മുമ്പാണു റെഫ്രിജറേറ്ററുകൾ എന്ന് ഫ്രിഡ്ജ് കേരളത്തിൽ വ്യാപകമാകാൻ തുടങ്ങിയത്. ഇന്ന് ഫ്രിഡ്ജില്ലാത്ത കേരളഭവനങ്ങൾ ചുരുക്കമാണു. ആദ്യകാലത്ത് പരിഷ്കാരത്തിന്റെ ചിഹ്നമായിരുന്നു. ഇന്ന് ഒരു അവശ്യവസ്തുവായി മാറിയിരിക്കുന്നു. തിരക്ക് പിടിച്ച ജീവിതമാണു മലയാളിയുടേത്. വിശേഷിച്ചും ഇടത്തരക്കാരന്റേത്. രാവിലത്തെ ട്രെയിൻ പിടിച്ച് ജോലിക്ക് പോകണം. അല്ലെങ്കിൽ ബസ്സിലോ ഇരുചക്രവാഹനങ്ങളിലോ. കുടുംബങ്ങളാണെങ്കിൽ അച്ഛൻ അമ്മ രണ്ട് മക്കൾ എന്ന രീതിയിൽ പരിമിത കുടുംബങ്ങളായി. ബന്ധുക്കൾ കൂടെ താമസിക്കുന്നില്ല. വീട്ടുജോലിക്ക് ആളെ കിട്ടാനുമില്ല. ഈ സമ്മർദ്ദത്തിനിടയിൽ ഒരു അനുഗ്രഹമായാണു ഫ്രിഡ്ജ് കടന്ന് വന്നത്.

ഭക്ഷണം മനുഷ്യന് ഒഴിച്ചു കൂടാൻ പറ്റാത്തതാണു. എന്നാൽ തിരക്കിനിടയിൽ അത് വേണ്ട വിധത്തിൽ ഉണ്ടാക്കിക്കൊടുത്ത് തൊഴിലിനു പോകാൻ വീട്ടമ്മക്ക് പ്രയാസമായി. മത്സരത്തിന്റെ കാലത്തെ തലമുറ കൂടി കുടുംബ ജീവിതം ആരംഭിച്ചപ്പോൾ പലർക്കും പാചകം അറിയുക കൂടി ഇല്ലാതായിത്തീർന്നു. വീട്ടിലെ അടുക്കളയിൽ സഹകരിച്ച് പഠിച്ചെടുക്കേണ്ട ഒന്നാണു പാചകം. പഠനത്തിനും തുടർന്നുള്ള മത്സരത്തിനും കുട്ടികളെ പാകമാക്കാൻ അമ്മമാർ അവർക്ക് ആദ്യം ഒഴിവാക്കിക്കൊടുത്തത് അടുക്കളയാണു. ജീവിച്ചില്ലെങ്കിലും ബിരുദങ്ങൾ നേടുക. മത്സരിക്കുക എന്നതായി ലക്ഷ്യം.

ഈ ഒരു ഗാപ്പിൽ ഫ്രിഡ്ജ് നമ്മുടെ ജീവിതത്തിലേക്ക് ഇടിച്ചു കയറിയത് നാമറിഞ്ഞില്ല. ഫ്രിഡ്ജിനു ഒരുപാട് സൌകര്യങ്ങളുണ്ട്. പല ദിവസത്തേക്കുള്ള ഭക്ഷണം സൂക്ഷിച്ചു വക്കാം. ഓരോ നേരവും എടുത്ത് ചൂടാക്കി കഴിച്ചാൽ മതി. എന്ത് സൌകര്യം! പല വീടുകളിലും ഒരാഴ്ചത്തേക്കുള്ള ഭക്ഷണമാണു തയ്യാറാക്കി ഫ്രിഡ്ജിൽ വക്കുന്നത്. അത് സ്വൈര്യത തരുമെന്നാണു വീട്ടമ്മമാർ പറയുന്നത്. ടി.വി.കാണാനും സോഷ്യൽ സർവ്വീസ് ചെയ്യാനും ബന്ധുഗൃഹങ്ങൾ സന്ദർശിക്കാനും അത് സഹായിക്കും.

പാചകം ചെയ്ത ഭക്ഷണം സൂക്ഷിച്ചു വക്കാൻ മാത്രമല്ല എന്തും തണുപ്പിച്ച് സൂക്ഷിക്കാൻ ഉത്തമമാണു ഫ്രിഡ്ജെന്ന ഒരു തിരിച്ചറിവു ഇപ്പോൾ ഉണ്ടായിട്ടുണ്ട്. പച്ചക്കറികൾ വാങ്ങി വക്കാം. എപ്പോഴും വില കൂടിക്കൊണ്ടിരിക്കുന്നതും നാം ഉൽ‌പ്പാദനം ഉപേക്ഷിച്ചതുമായ ഒന്നാണത്. അതു കൊണ്ട് സഹായ വിലക്ക് കിട്ടുമ്പോൾ വാങ്ങി സൂക്ഷിക്കുന്നത് നല്ലതാണു. ഫ്രിഡ്ജിൽ തന്നെ ഒരറയുണ്ട്. ഫ്രീസറാണത്. മാംസവും മത്സ്യവും മിഠായികളും അതിൽ വയ്ക്കാം.

മദ്യപാന ശീലം വർദ്ധിച്ചപ്പോൾ സോഡയും ബിയറും ഫ്രിഡ്ജിനുള്ളിൽ സ്ഥാനം പിടിച്ചു. വട്ട് സോഡക്ക് പകരം തിരിപ്പടപ്പുള്ള സോഡ വന്നതാണു മദ്യപാനത്തിൽ ഏറ്റവും വിപ്ലവകരമായ മുന്നേറ്റം ഉണ്ടാക്കിയതെന്ന് സരസനായ ഒരു സ്നേഹിതൻ പറഞ്ഞത് ഓർക്കുന്നു. ‘ഫ്രിഡ്ജ് തുറന്ന് ഒരു കുപ്പി ഷോഡയും ഇച്ചരെ പിക്കിളും എടുത്ത് സ്വസ്ഥമായിരുന്ന് അടിക്കാൻ‘ കഴിയുന്ന കാലത്തിലേക്ക് നാം എത്തി. ഇതിൽ അടിപറ്റിയത് സോഡാമേക്കറിനാണു.

ഇങ്ങനെ എന്തു കൊണ്ടും അനുഗ്രമായ ഫ്രിഡ്ജെന്ന ഈ സാധനം നമ്മുടെ ജീവിതത്തെ എല്ലാ അർത്ഥത്തിലും ഗ്രസിച്ചു കഴിഞ്ഞു എന്ന് പറയാതെ വയ്യ!

ഭക്ഷണം കേടാകാതെ ഇരിക്കുന്നു എന്നതാണു ഫ്രിഡ്ജിന്റെ അനുഗ്രഹമായി നാം പറയുന്നത്. എന്താണു അതിന്റെ അർത്ഥം? ഫ്രിഡ്ജിലിരിക്കുന്ന ജൈവ വസ്തുക്കളുടെ ഘടനയ്ക്ക് മാറ്റം ഉണ്ടാകുന്നില്ല എന്നല്ലെ? അത് ശരിയാണു. കീടനാശിനികൾ തളിക്കപ്പെട്ടവയാണു നമുക്ക് ലഭിക്കുന്ന പച്ചക്കറികളിൽ അധികവും. കീടനാശിനിയോട് കൂടി നാമത് ഫ്രിഡ്ജിൽ വക്കുമ്പോൾ അവയുടെ ജൈവസ്വഭാവത്തിനു മാറ്റം വരുന്നില്ല എങ്കിൽ എപ്പോൾ നാം അതെടുത്താലും കീടനാശിനിയുടെ രൂക്ഷതയ്ക്ക് കുറവൊന്നും വരില്ല എന്നല്ലെ? അടച്ച ഒരു സംവിധാനമായത് കൊണ്ട് കീടനാശിനി ചുറ്റുപാടും പ്രസരിച്ച് മറ്റ് ഭക്ഷ്യവസ്തുക്കളിലും കയറിപ്പറ്റിക്കൊള്ളും. പച്ചക്കറികൾ തുറന്ന് വച്ചിരുന്നാൽ സൂര്യപ്രകാശവും കാറ്റും അതിലൂടെ കടന്നു പോകുമ്പോൾ ഒരുപരിധി വരെ അതിലെ വിഷത്തിനു കുറവു സംഭവിച്ചേക്കാനിടയുണ്ട്. ഫ്രിഡ്ജിനുള്ളിൽ അതിനുള്ള സാദ്ധ്യതയില്ല.

അണുബാധ കൊണ്ട് സ്വാഭാവികമായും ചീത്തയാകേണ്ട ഭക്ഷ്യവസ്തുക്കളും നാം വാങ്ങിയവയുടെ കൂട്ടത്തിൽ ഉണ്ടാകാം. അവ ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ സ്വാഭാവികമായി സംഭവിക്കേണ്ട ആ ദ്രവീകരണം സംഭവിക്കില്ല. നല്ലതാണെന്ന് കരുതി നാമത് ഭക്ഷിക്കുകയും ചെയ്യും.

മത്സ്യത്തിലും മാംസത്തിലും പലപ്പോഴും ചോരമയം ഉണ്ടാകാറുണ്ട്. അവയിൽ അണുജീവികൾ പെട്ടെന്ന് വളരും. താഴ്ന്ന ഊഷ്മാവു അണുജീവികൾക്ക് ഏറ്റവും അനുകൂലവുമാണു. അവയാണു നാം പിന്നീടെടുത്ത് ഭക്ഷണമാക്കുന്നത്.

അണുജീവികൾക്കും അണുനാശിനികൾക്കും ഒരുപോലെ സഹവർത്തിത്തൊടെ കഴിയാൻ ഫ്രിഡ്ജ് പോലെ മറ്റൊരാവാസ വ്യവസ്ഥ ഭൂമിയിലുണ്ടെന്ന് തോന്നുന്നില്ല.

ബയോളജിയും, ബയോകെമിസ്ട്രിയും, പതോളജിയും പഠിച്ചവർ പോലും ഫ്രിഡ്ജിനുള്ളിലെ സവിശേഷമായ ആവസവ്യവസ്ഥയെക്കുറിച്ച് ആലോചിക്കുന്നുണ്ടോ എന്ന് സംശയമാണു.

ഒരു വീട്ടമ്മ ഒരു ജീവശാസ്ത്രജ്ഞയാണെന്ന് സങ്കല്പിക്കുക. വീട്ടിൽ ഫ്രിഡ്ജിൽ നിന്നുള്ള ഭക്ഷണം വിശ്വാസപൂർവ്വം ഭർത്താവിനും കുട്ടികൾക്കും നൽകിയിട്ട് ലാബിൽ പോയി ചെയ്യുന്നത് എന്തായിരിക്കും? അവിടെ ശീതീകരിച്ച അന്തരീക്ഷത്തിൽ വൈറസ് വളരുന്നു എന്ന് കുട്ടികളെ പഠിപ്പിക്കുകയും പ്രബന്ധങ്ങൾ എഴുതുകയും ചെയ്യുന്നു. ഇതിൽ ഏതാണു ശരി? അവർ കണ്ടെത്തിയ ശാസ്തസത്യം- തണുപ്പിൽ അണുജീവികൾ വളരും- തെറ്റാണെങ്കിൽ അവർക്ക് ശമ്പളം നൽകുന്നത് സത്യസന്ധമല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിനു വേണ്ടിയാണു. ഇക്കാലത്ത് ആരെങ്കിലും അങ്ങനെ ധനം പാഴാക്കിക്കളയുമോ? ഇനി അത് സത്യമാണെങ്കിൽ സ്വന്തം ജീവിതത്തോട് അവർ ചെയ്യുന്നത് കൊടും ക്രൂരതയാണു. അണുജീവികളാൽ പരിപൂരിതമായ ഭക്ഷണം അറിഞ്ഞു കൊണ്ട് കുടുംബത്തിനു നൽകുകയും സ്വയം ഭക്ഷിക്കുകയും ചെയ്യുന്ന അവസ്ഥ. അത് ആലോചിക്കാൻ കൂടിയാവുമോ? താൻ ഒറ്റക്കും കുടുംബാഗങ്ങൾ മൊത്തമായും രോഗത്തിനും ജനിതക വൈകല്യങ്ങൾക്കും വിധേയമാകുമാറ് ഒരു ഫ്രിഡ്ജ് അധിഷ്ഠിത ഭക്ഷണ രീതി നടപ്പാക്കാൻ അവർക്കെങ്ങനെ കഴിയുന്നു? അവരുടെ ശാസ്ത്ര ബോധം അതിനു അവരെ അനുവദിക്കുമോ?

ഫ്രിഡ്ജിന്റേയും ഫ്രീസറിന്റേയും തണുപ്പിൽ യാതൊരു അണുജീവികളും വളരില്ലെന്ന് വീട്ടിൽ വിശ്വസിക്കുകയും അത്രയും തണുപ്പിലേ അണുക്കളെ സൂക്ഷിക്കാനാവു എന്ന് ഔദ്യോഗികരംഗത്ത് വാശിപിടിക്കുകയും ചെയ്യുന്ന ഒരു ശാസ്ത്രവൈരുദ്ധ്യം ഇതുവരെ നാമാരും ശ്രദ്ധിച്ചിട്ടില്ലെന്നു തോന്നുന്നു.

പശുവിനു കുത്തിവക്കാനുള്ള ബീജം ആ തണുപ്പിലാണു സൂക്ഷിക്കുന്നത്. ആ തണുപ്പിൽ അവ ജീവത്തായി ഇരുന്നില്ലെങ്കിൽ പശുവിനെ ഗർഭിണിയാക്കുന്നത് ആരാണു?

സ്ത്രീകളിൽ ‘ഇബ്സി’ ഏർപ്പാടിനുള്ള പുംബീജവും ഗർഭധാരണ ശേഷിയില്ലാത്ത സ്ത്രീക്ക് വേണ്ടിയുള്ള അണ്ഡവും ഈ തണുപ്പിലാണു സജീവമായി സൂക്ഷിക്കുന്നത്. പശുവിന്റെ കാര്യത്തിൽ ചോദിച്ച പോലെ രണ്ടാമത്തെ ചോദ്യം ചോദിക്കുന്നില്ല.

പോളിയോക്കുള്ള വാക്സിൻ വ്യാപകമായി ഉപയോഗിക്കുന്ന നാളുകളിൽ ഫ്രീസറുകൾക്ക് തുടർച്ചയായി പ്രവർത്തിക്കാനുള്ള സൌകര്യം ഉണ്ടാക്കണമെന്ന് സർക്കാർ നിഷ്കർഷിക്കുന്നത് ചൂടിൽ അവ നശിച്ചു പോകും എന്നത് കൊണ്ടാ‍ണു. അപ്പോൾ അണുക്കൾ നശിക്കാൻ ഫ്രിഡ്ജിൽ വക്കണോ പുറത്ത് വക്കണോ? ശാസ്ത്രം പഠിച്ച മലയാളി ആലോചിച്ച് നോക്കു.

ഹൃദ്രോഗവും കരൾ രോഗവും ഒഴിവാക്കാൻ ആധുനിക വൈദ്യം പോലും ആവശ്യപ്പെടുന്നത് വെയിൽ കൊള്ളാനാണു. എന്താണു അപ്പോൾ ഇതിന്റെ മറുപുറം? ഇരുട്ടിലും തണുപ്പിലും രോഗം വരാനുള്ള സാദ്ധ്യത കൂടുതലാണു?

പാശ്ചാത്യന്റെ തണുപ്പിൽ സുലഭമായ പലതരം അണുജീവികളേയും നാം ഫ്രിഡ്ജിൽ വളർത്തുന്നുണ്ടോ. അവയാണൊ നമുക്ക് പുതിയ സാംക്രമിക രോഗങ്ങൾ സംഭാവന ചെയ്തത്. നമ്മുടെ നാട്ടിൽ ഇപ്പോഴുണ്ടാകുന്ന രോഗങ്ങളേക്കുറിച്ച് കൂടുതൽ പഠനങ്ങളും മരുന്നുകളും മറുനാട്ടിൽ നിന്നാണു വരുന്നത് ഇത് സംശയാസ്പദമാണു. വെറും സഹാനുഭൂതിയുടെ പുറത്താണു പാശ്ചാത്യനും അവന്റെ മരുന്നു കമ്പനികളും ഇന്ത്യൻ ദരിദ്രന്റെ ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുന്നതെന്ന് കരുതാനാവില്ല. സൂര്യനെ കാണാനില്ലാത്ത തണുപ്പുരാജ്യങ്ങളിലെ വിധ്വംസകങ്ങളായ അണുകങ്ങളെ ഇന്ത്യയിലേക്ക് ആനയിച്ചു കൊണ്ടു വരുന്നത് ഉഷ്ണമേഖലാ രാജ്യത്തിലെ കാലാവസ്ഥയ്ക്കുള്ളിലെ ശീകരിക്കപ്പെട്ട ആവസവ്യവസ്ഥകൾ അല്ലെ? ആ രീതിയിൽ ഒരു പഠനം നടത്താൻ ഒരാളുമെന്തേ തയാറാകാത്തത്? അതിൽ ഫ്രിഡ്ജിനും ഏ.സിക്കും ഉള്ള പങ്കിനേക്കുറിച്ച് ആലോചിക്കാത്തത്?

പാശ്ചാത്യ രീതിയിൽ ഭക്ഷണം കഴിക്കുകയും ശീതികരിച്ച മുറികളിലിരുന്നു പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന കുട്ടികളും യുവാക്കളും കൂടുതൽ രോഗികളും അല്പായുസ്സുകളുമായി മാറുന്നത് കാണുമ്പോൾ ഈ ഒരു ചോദ്യത്തിനു പ്രസക്തിയേറുന്നു.

Wednesday, November 10, 2010

ഒറിജിനൽ വ്യാജനാരാണു?

വീണ്ടും അല്പം ആശുപത്രിക്കാര്യമാകാം.

അലോപ്പതി ഡോക്ടറന്മാരുടെ സംഘടന വ്യാജന്മാരെ പിടികൂടണമെന്നുള്ള വാശിയിലാണു. ആയുർവ്വേദക്കാർക്കുമുണ്ട് ആ ആവേശം. ഹോമിയോക്കാരും യൂനാനിക്കാരുമൊന്നും അത്ര സജീവമായിട്ടില്ല. വ്യാജഡോക്ടറന്മാരുടെ വേട്ടക്കുള്ള സന്നാഹം കാണുമ്പോൾ സത്യത്തിൽ ചിരിയാണു വരുന്നത്.

ഡോക്ടർ എന്ന് പറയുന്നത് ഏതു കൊജ്ഞാണനും എത്തിച്ചേരാവുന്ന ഒരു പദവിയല്ല. അതിനു നന്നായി പഠിക്കണം. അല്ലെങ്കിൽ തന്തക്കും തള്ളക്കും നല്ല പൂത്ത കാശു വേണം. നമുക്ക് നന്നായി പഠിക്കുന്നവരുടെ കാര്യമെടുത്താൽ മതി. മറ്റേ കക്ഷികളെ യഥാർത്ഥത്തിൽ വ്യാജന്മാരുടെ പട്ടികയിൽ തന്നെയാണു പെടുത്തേണ്ടത്. യൂണിവേഴ്സിറ്റി പരീക്ഷയിൽ കൂടുതൽ മാർക്കുള്ള ഒരുവനെ പുറത്ത് നിർത്തിയിട്ട് കാശുകൊണ്ട് സീറ്റ് കരസ്ഥമാക്കിയവൻ നേടുന്ന ഡിഗ്രി വ്യാജമായ ഡിഗ്രിതന്നെയാണു. അർഹതയില്ലാത്തവൻ ചെയ്യുന്ന ചികിത്സയാണു അവൻ ചെയ്യുന്ന ചികിത്സ. പച്ചയായി പറഞ്ഞാൽ അവനാണു യഥാർത്ഥ വ്യാജ ഡോക്ടർ. അതെന്തുമായിക്കോട്ടെ. വിഷയമതല്ല.
എക്കാലത്തും ഒരു ഡോക്ടറുടെ പണിയെന്താണു?

ആരോഗ്യാർത്ഥികളെ പരിശോധിച്ച് വേണ്ടത് ചെയ്ത് അവരെ ആരോഗ്യത്തിലേക്കും ജീവിതത്തിലേക്കും തിരികെ കൊണ്ടുവരിക. അതിനുള്ള പഠിപ്പാണു അഞ്ചും പിന്നെ ഒന്നരയും വർഷം കൊണ്ടവർ നേടുന്നത്. അങ്ങനെ വിദഗ്ധനാകുന്ന ഒരാൾ വ്യാജന്മാരെ എന്തിനു പേടിക്കണം? തനിക്കറിയാവുന്ന തൊഴിൽ വൃത്തിയായി ചെയ്താൽ പോരെ?

വ്യാജൻ എന്ന് പറയുന്നത് അക്കാദമിക്ക് വിദ്യാഭ്യാസം നേടിയിട്ടില്ലാത്തവരേയാണു. അല്ലെ?

അതായത് വെൽഡിങ്ങ് നടത്തിക്കൊണ്ടിരുന്ന ഒരുവൻ പെട്ടെന്ന് ഒരു ദിവസം ബോർഡ് വച്ചു കളയുന്നു: “ഞാൻ ഡോക്ടറാണു. നിങ്ങളെ ചികിത്സിച്ചു കളയും”. ആരോഗ്യാർത്ഥികൾ നേരെ പോയി അയാളുടെ മുന്നിൽ ക്യൂ നിൽക്കാൻ തുടങ്ങുന്നു. അയാൾ കാശുണ്ടാക്കും. ഇതാണു വ്യാജവൈദ്യത്തിന്റെ ഒരു ലൈൻ.

ഇവിടെ ഒരു ചോദ്യമുണ്ട്. വെൽഡിങുകാരൻ ഡോക്ടറാണെന്ന് പറഞ്ഞ് ചികിത്സിച്ചാൽ എത്ര പേർ രക്ഷപ്പെടും? കാലന്റെ ഫ്രാഞ്ചൈസി വേറെ അന്വേഷിക്കണോ? പക്ഷെ അങ്ങനെ ഒരു പ്രതിഭാസം കാണുന്നില്ല. അംഗീകാരമുള്ള ഡോക്ടേഴ്സിനേക്കാൾ കൂടുതൽ അംഗീകാരമില്ലാത്തവർ ഉണ്ടെന്നാണു എനിക്കു തോന്നുന്നത്. മെഡിക്കൽ സ്റ്റോറുകളിൽ നിൽക്കുന്ന പെമ്പിള്ളാർ, നഴ്സുമാർ- റിട്ടയർ ചെയ്തതും അല്ലാത്തതും-, പട്ടാളത്തിൽ നിന്നും പിരിഞ്ഞ കമ്പോണ്ടറന്മാർ, തലവേദനയാണോ എന്ന് ചോദിച്ച് പരസെറ്റമോൾ പ്രിസ്ക്രൈബു ചെയ്യുന്ന സുഹൃത്ത് , കണ്ടും കേട്ടും ബോർഡ് വച്ചും ബോർഡ് വക്കാതെയും ചികിത്സിക്കുന്ന നാടി നാടോടി നായാടി അട്ടപ്പാടി തുടങ്ങി വ്യാജന്മാരുടെ ഗണത്തിൽ ലക്ഷക്കണക്കിനാളുകൾ ഉണ്ട്. അലോപ്പതി ഡോക്ടറന്മാരുടെ നിർവ്വചനമനുസരിച്ച്. ഇത്രയും പേർ ചികിത്സ നടത്തിയിട്ടും പക്ഷെ ജനസംഖ്യക്ക് ഒരു കുറവുമില്ല. കണക്കുകൾ എടുത്ത് പരിശോധിച്ചാൽ അംഗീകാരമുള്ള ഡോക്ടറന്മാരുടെ അടുത്ത് പോയി രോഗം മൂർച്ഛിക്കുന്നവരും മരിക്കുന്നവരുമാണു കൂടുതൽ. വ്യാജന്മാരുടെ അടുത്ത് ചെന്ന് വഷളാകുന്നവർ നന്നേ കുറവാണു. ഇതിന്റെ ലോജിക്ക് സിമ്പിളാണു. ഒരു മനുഷ്യൻ ജീവിച്ചിരുന്നാലേ തനിക്ക് ആ ഒരു രോഗിയേ തുടർന്നും കിട്ടു എന്ന് വ്യാജനറിയാം. മറ്റേക്കക്ഷികൾ രോഗിയെ കടുംവെട്ട് വെട്ടിക്കളയും. ആശുപത്രിയുടമ കൊടുത്ത നിർദ്ദേശം അതാണു.

രണ്ട്: കരുതൽ.

ഒരു കയ്യബദ്ധം പോലും പറ്റാതെ നോക്കണം. വ്യാജമായിട്ട് ചെയ്യുന്ന പണിയാണു. റിസ്കുണ്ട്. ഒരിക്കൽ പാളിയാൽ പണി എന്നെന്നത്തേക്കും പാളും. ചിലപ്പോൾ അകത്ത് പോയി കിടക്കേണ്ടി വരും. അതു കൊണ്ട് അംഗീകാരമുള്ളവർ കാണിക്കുന്ന ജാടകൾ പറ്റില്ല. സൂക്ഷ്മത ഏറും. രോഗിയോട് സൌ‌മ്യമായി പെരുമാറാൻ അവർ നിഷ്കർഷിക്കും. പരമാവധി അപകടം കുറഞ്ഞ മരുന്നേ കൊടുക്കു. ഫീസും ന്യായമായിരിക്കും. രോഗിയേയും ബന്ധുക്കളേയും സമാധാനിപ്പിക്കാനും കയ്യിലെടുക്കാനും വ്യാജന്മാർ ശ്രദ്ധിക്കും. ഒരാവശ്യം വന്നാൽ വീട്ടിൽ ചെന്നും ചികിത്സിക്കും.

ഇനി, ചികിത്സയുടെ കാര്യത്തിൽ വ്യാജനും ഒറിജനലും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ? ഒന്ന് ആലോചിച്ചു നോക്കു. ഇന്നത്തെക്കാലത്ത് എങ്ങനെയാ ചികിത്സ നിശ്ചയിക്കുന്നത്? ഒരു ഡോക്ടർക്ക് അതിൽ എന്തും മാത്രം പങ്കുണ്ട്?

ഒരു രോഗി ആശുപത്രിയിൽ ചെന്നാൽ ഡോക്ടർക്ക് സ്വന്തമായി ഒരു നിഗമനത്തിൽ എത്താൻ പറ്റില്ല. ആശുപത്രി മാനേജുമെന്റ് അതിനു സമ്മതിക്കില്ല. ഡോക്ടർ കുറേ ടെസ്റ്റുകൾ ആദ്യം എഴുതി കൊടുക്കണം. ആ ചിറ്റും കൊണ്ട് ഐ.ടി.ഐക്കാരേയും ഡിപ്ലോമാക്കാരേയുമാണു പിന്നെ പോയി കാണുന്നത്. അവരാണു ആ ടെസ്റ്റുകൾ നടത്തുന്നത്. ഡോക്ടർക്ക് അതിന്റെ സാങ്കേതിക വിദ്യ അറിയില്ല. റിപ്പോർട്ടിന്റെ താഴെ ഒപ്പിടുന്ന ഡോക്ടർക്കും അറിയില്ല. ശേഷം ഭംഗിയായി അച്ചടിച്ച ഒരു കടലാസ് കിട്ടും. റിപ്പോർട്ട്. റിപ്പോർട്ടിൽ രോഗത്തിന്റെ വിശദവിവരങ്ങൾ കാണും. ഈ റിപ്പോർട്ട് തെറ്റാകാനും ഇടയുണ്ടെന്ന കുറിപ്പോടെ. അത് വായിക്കാനുള്ള അക്ഷരജ്ഞാനമുണ്ടായാൽ മതി, രോഗമെന്താണെന്നറിയാം. അപ്പോൾ രോഗം നിശ്ചയിക്കാൻ യഥാർത്ഥത്തിൽ ഒരു ഡോക്ടറുടെ ആവശ്യമുണ്ടോ?

ഇനി രോഗമാനേജുനെന്റാണു. അതിലാണു മരുന്നുകൾ വരുന്നത്. മരുന്ന് നിശ്ചയിക്കാൻ ഇഷ്ടം പോലെ കൈപ്പുസ്തകങ്ങൾ ഉണ്ട്. മുൻപ് പറഞ്ഞ എഴുത്തും വായനയും അറിയാമെങ്കിൽ അതിലേതെങ്കിലും ഒന്ന് വായിച്ച് നോക്കാം. ഇല്ലെങ്കിൽ മെഡിക്കൽ റെപ്പുകൾ പറഞ്ഞു തരും. അത് വച്ച് കാച്ചിയാൽ മതി. ചികിത്സ തീർന്നു. ഇതിൽ എവിടെയാ ഒരു ഡോക്ടറുടെ പ്രതിഭ ആവശ്യമുള്ളത്? ഇത്രയും ചെയ്യുന്നതിനു 5 കൊല്ലം പഠിക്കേണ്ടതുണ്ടോ? ഇതിനു വ്യാജനായാലെന്ത്? അവ്യാജനായാലെന്ത്?

അപ്പോൾ അംഗീകരാമുള്ള ഡോക്ടറന്മാ‍ർ മനസിലാക്കേണ്ട കാതലയ കാര്യം എന്താണെന്ന് വച്ചാൽ അവർ ഇനിയെങ്കിലും വല്ലവരും പറയുന്നത് കേട്ട് എന്തൊക്കെയോ ചെയ്യുന്നത് നിർത്തി നേരിട്ട് ചികിത്സ ആരംഭിക്കാൻ ശ്രമിക്കണം. അതിനുള്ള ആർജ്ജവവും വിനയവും ഉണ്ടാകണം. തങ്ങൾ തങ്ങളേപ്പോലുള്ള മനുഷ്യരേയാണു ചികിത്സിക്കുന്നതെന്ന് ഓർക്കണം. ഡോക്ടറന്മാർ തങ്ങളുടെ പണി ആത്മാർത്ഥതയോടെയും മികവോടേയും ചെയ്യാനാരംഭിച്ചാൽ ആരോഗ്യാർത്ഥികൾ അന്വേഷിച്ച് വരും. ദൈവത്തേപ്പോലെ കണക്കാക്കും. സമ്പത്തും ഉണ്ടാകും. വ്യാജനു ചെയ്യാൻ പറ്റാത്തത് ഒരു ഒറിജനലിനു ചെയ്യാൻ പറ്റണം. അതിനു പകരം പോലീസിനെ കൊണ്ട് നടന്ന് റെയിഡ് നടത്തിയിട്ട് ഒരു കാര്യവുമില്ല. വ്യാജൻ ഈ പണി കള്ളമാണെന്നറിഞ്ഞ് കൊണ്ട് തിരഞ്ഞെടുത്തയാളാണു. കക്കാനറിയാവുന്നവനു നിക്കാനുമറിയാമെന്ന് ഓർത്താൽ നന്ന്.

Tuesday, November 2, 2010

ആശുപത്രി സന്ദർശനം

സാധരണയായി, രോഗികളെ കാണാൻ പോകുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല. രണ്ട് കാരണങ്ങൾ ഉണ്ട്. ഒന്ന് ആശുപത്രികളുടെ നിഗൂഡത. അവ ആതുരാലയങ്ങൾ അല്ലാതായി മാറിയിരിക്കുന്നു. രണ്ട്, രോഗികൾ ഈ ആശുപത്രി വാസം സുഖകരമായ അവസ്ഥയായി എടുത്ത് രോഗത്തെ ഹരമായി കൊണ്ടുനടക്കുന്നു. വീട്ടിലും ചുറ്റുപാടും കിട്ടാത്ത ഒരു പരിഗണന രോഗക്കിടക്കയിൽ കിട്ടുന്നു. ബൈസ്റ്റാൻഡർക്കും ഉണ്ട് ചില സുഖങ്ങൾ.

ന്നത്തേത് എന്തായാലും ഒഴിവാക്കാൻ പറ്റുന്നതായിരുന്നില്ല. അടുത്ത ബന്ധുവാണു പ്രതി. പക്ഷെ ആ സന്ദർശനം കൊണ്ട് ഗുണമുണ്ടായി. ആശുപത്രികളിലെ പുതുരീതികൾ കുറച്ചൊക്കെ അറിയാൻ പറ്റി.

നിവർന്നു നിൽക്കാൻ പ്രയാസമുള്ളയാളാണു രോഗി. കിടക്കയിൽ തന്നെ ചിലപ്പോൾ പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കേണ്ടി വരും. അത്തരമൊരു അവസ്ഥയുണ്ട്. ആശുപത്രിയിലാകുമ്പോൾ ഇതിനു സഹായം കിട്ടും എന്നാണു നമ്മുടെ വിചാരം. അരിപ്രാവുകളെ അതിശയിപ്പിക്കുന്ന സ്നേഹശീലരും ശുശ്രൂഷിക്കാൻ വൈമുഖ്യമില്ലാത്ത നഴ്സുമാർ ഉണ്ടല്ലോ. ബന്ധു പറഞ്ഞത് കേട്ടപ്പോൾ അത് ശരിയല്ലെന്ന് പിടികിട്ടി.

രോഗി സ്ത്രീയാണു. അതു കൊണ്ട് സ്ത്രീകൾ സഹായിക്കാനുണ്ടാകുന്നതാണു ഉചിതം. നിർഭാഗ്യവശാൽ സ്ത്രീകളെപ്പറ്റി ഒട്ടും നല്ലതല്ലാത്ത അനുഭവമാണവർക്കുണ്ടായത്. ബട്ടർഫ്ലൈ ഘടിപ്പിക്കുമ്പോൾ നഴ്സിണികൾ പിറുപിറുക്കും. ‘എന്തൊരു കട്ടിയാ തള്ളേടെ തൊലിക്ക്”. കഴിവതും അത് വേദനാജനകമായിട്ടായിരിക്കും അവസാനിക്കുക.

-“കരയണ്ട അമ്മച്ചി, അസുഖം വരുമ്പോ ഇതൊക്കെ സഹിക്കണം”.

കിലുകിലെ ചിരിച്ചു കൊണ്ട് നഴ്സിണിക്കൂട്ടം വിടവാങ്ങുന്നു. സംഘത്തിനു പിൻപറ്റി നിൽക്കുന്ന ഒന്നു രണ്ട് മെയിൽ നഴ്സുകൾ കാണും. അവരാണു പിന്നെ സമാധാനിപ്പിക്കുക.

-‘സാരമില്ല അമ്മച്ചി. മാറിമാറി കുത്തുന്നതല്യോ. ഇച്ചരെ നീരുണ്ട്. വേദന കൂടുവാണേ പറഞ്ഞാ മതി, എടുത്ത് മാറ്റിയേക്കാം”.

വേറൊന്നു ബഡ് സ്പ്രെഡ് മാറുമ്പോഴാണ്. രോഗി കാശ് കൊടുത്ത് വാങ്ങി ഏൽ‌പ്പിക്കുന്ന സാധനം. അതൊന്ന് മാറ്റിക്കൊടുക്കാൻ പറയുമ്പോൾ, “നിങ്ങക്കെന്താ അതൊന്നു മാറിയാൽ” എന്നാകും മറുചോദ്യം. അതിനും പുരുഷ നഴ്സിന്റെ സഹായം തേടേണ്ടി വന്ന അവസ്ഥയിലായി രോഗിയുടെ ബന്ധുക്കൾ. ഇതൊക്കെ സർക്കാർ ആശുപത്രിയിലെ സംഭവമല്ല. നല്ല പരിചരണം കിട്ടുമെന്ന് നാം സങ്കല്പിക്കുന്ന സ്വകാര്യ ആശുപത്രിയിലേതാണു.

തിന്റെ കാതലായ ഭാഗം ആശുപത്രികളേപ്പറ്റിയല്ല. സ്ത്രീയേപ്പറ്റിയാണു. സ്ത്രീയുടെ ജീനുകൾ പുരുഷനിലേക്ക് മാറിപ്പോയെന്നു തോന്നുന്നു. കരുതൽ സ്ത്രീസഹജമാണെന്നാണു എന്റെ വിചാരം. അതെന്റെ അമ്മയിൽ നിന്നു ഞാൻ മനസിലാക്കിയതാണു. എന്നോടുള്ള അമ്മയുടെ കരുതലിന്റെ ചൂട് ഇന്നും എന്റെ നെഞ്ചിലുണ്ട്. കുലീനയായ ഏതു സ്ത്രീയെയും അമ്മയെപ്പോലെ കരുതാൻ പ്രേരിപ്പിക്കുന്നതും അതാണു. പക്ഷെ ഏറ്റവും കരുതൽ വേണ്ട ശുശ്രൂഷയുടെ മേഖലയിൽ അതിന്നു സ്ത്രീയിൽ നിന്നു കിട്ടാതായി എന്നാണു മനസിലാക്കാൻ കഴിയുന്നത്.

സ്ത്രീ സ്ത്രീയോട് മോശമായി പെരുമാറുന്ന ഒരു രംഗമേ പണ്ട് ആശുപത്രികളിൽ ഉണ്ടായിരുന്നുള്ളു. പ്രസവവാർഡ്. മിക്ക ഗൈനക്കോളജിസ്റ്റുകളും നല്ല തെറി പറയും. പെറാൻ കിടക്കുന്ന പെണ്ണിനെ അപമാനിച്ചാണു പ്രസവിപ്പിക്കുന്നത്. ഒരു കുഞ്ഞ് ജനിക്കുമ്പോൾ അവനാദ്യം കേൾക്കുന്നത് പച്ചത്തെറിയാകുന്നത് ഈ ആശുപത്രി ഇടപാടിൽ മാത്രമാണു.

തു പഴയ കഥ. ഇന്നു മിക്കവാറും രംഗങ്ങളിലെല്ലാം ഇത് സംഭവിക്കുന്നു. പെണ്ണെല്ലാം ആണാകുന്ന പോലെ. രൂപം സ്ത്രീയുടെ. സ്വഭാവം പൌരുഷം. ലോകം കിഴ്മേൽ മറിയുകയാണു. ആണു പെണ്ണാകുന്നു. മീശയെടുത്തും നാണംകുണിങ്ങിയും സ്നേഹവും കരുതലും കാണിച്ചും ആണു സ്ത്രൈണതയിലേക്ക് ചുവട് മാറുന്നു. കുട്ടിയേ നോക്കാനും കുപ്പിപ്പാൽ കുടിപ്പിക്കാനും അവർ തയ്യാർ. സ്ത്രീ ക്യൂവിൽ നിക്കുമ്പോൾ കുട്ടിയെ കളിപ്പിച്ച് കരയാതെ നിർത്തുന്നതും പുരുഷസ്ത്രീ.

രസ്പരമുള്ള ഈ സ്വഭാവമാറ്റം ഇരുവരുടേയും ആന്തരവ്യവസ്ഥകളിൽ എന്തു മാറ്റമുണ്ടാക്കുന്നു എന്ന് നാം പഠനം നടത്താൻ ആരംഭിച്ചിട്ടില്ല. വമ്പിച്ച തോതിലുള്ള ഗർഭധാരണശേഷിക്കുറവ് ഇതുമായി ചേർത്ത് വായിക്കാമോ?