
ഏതാണ്ട് മുപ്പത് കൊല്ലം മുമ്പാണു റെഫ്രിജറേറ്ററുകൾ എന്ന് ഫ്രിഡ്ജ് കേരളത്തിൽ വ്യാപകമാകാൻ തുടങ്ങിയത്. ഇന്ന് ഫ്രിഡ്ജില്ലാത്ത കേരളഭവനങ്ങൾ ചുരുക്കമാണു. ആദ്യകാലത്ത് പരിഷ്കാരത്തിന്റെ ചിഹ്നമായിരുന്നു. ഇന്ന് ഒരു അവശ്യവസ്തുവായി മാറിയിരിക്കുന്നു. തിരക്ക് പിടിച്ച ജീവിതമാണു മലയാളിയുടേത്. വിശേഷിച്ചും ഇടത്തരക്കാരന്റേത്. രാവിലത്തെ ട്രെയിൻ പിടിച്ച് ജോലിക്ക് പോകണം. അല്ലെങ്കിൽ ബസ്സിലോ ഇരുചക്രവാഹനങ്ങളിലോ. കുടുംബങ്ങളാണെങ്കിൽ അച്ഛൻ അമ്മ രണ്ട് മക്കൾ എന്ന രീതിയിൽ പരിമിത കുടുംബങ്ങളായി. ബന്ധുക്കൾ കൂടെ താമസിക്കുന്നില്ല. വീട്ടുജോലിക്ക് ആളെ കിട്ടാനുമില്ല. ഈ സമ്മർദ്ദത്തിനിടയിൽ ഒരു അനുഗ്രഹമായാണു ഫ്രിഡ്ജ് കടന്ന് വന്നത്.
ഭക്ഷണം മനുഷ്യന് ഒഴിച്ചു കൂടാൻ പറ്റാത്തതാണു. എന്നാൽ തിരക്കിനിടയിൽ അത് വേണ്ട വിധത്തിൽ ഉണ്ടാക്കിക്കൊടുത്ത് തൊഴിലിനു പോകാൻ വീട്ടമ്മക്ക് പ്രയാസമായി. മത്സരത്തിന്റെ കാലത്തെ തലമുറ കൂടി കുടുംബ ജീവിതം ആരംഭിച്ചപ്പോൾ പലർക്കും പാചകം അറിയുക കൂടി ഇല്ലാതായിത്തീർന്നു. വീട്ടിലെ അടുക്കളയിൽ സഹകരിച്ച് പഠിച്ചെടുക്കേണ്ട ഒന്നാണു പാചകം. പഠനത്തിനും തുടർന്നുള്ള മത്സരത്തിനും കുട്ടികളെ പാകമാക്കാൻ അമ്മമാർ അവർക്ക് ആദ്യം ഒഴിവാക്കിക്കൊടുത്തത് അടുക്കളയാണു. ജീവിച്ചില്ലെങ്കിലും ബിരുദങ്ങൾ നേടുക. മത്സരിക്കുക എന്നതായി ലക്ഷ്യം.
ഈ ഒരു ഗാപ്പിൽ ഫ്രിഡ്ജ് നമ്മുടെ ജീവിതത്തിലേക്ക് ഇടിച്ചു കയറിയത് നാമറിഞ്ഞില്ല. ഫ്രിഡ്ജിനു ഒരുപാട് സൌകര്യങ്ങളുണ്ട്. പല ദിവസത്തേക്കുള്ള ഭക്ഷണം സൂക്ഷിച്ചു വക്കാം. ഓരോ നേരവും എടുത്ത് ചൂടാക്കി കഴിച്ചാൽ മതി. എന്ത് സൌകര്യം! പല വീടുകളിലും ഒരാഴ്ചത്തേക്കുള്ള ഭക്ഷണമാണു തയ്യാറാക്കി ഫ്രിഡ്ജിൽ വക്കുന്നത്. അത് സ്വൈര്യത തരുമെന്നാണു വീട്ടമ്മമാർ പറയുന്നത്. ടി.വി.കാണാനും സോഷ്യൽ സർവ്വീസ് ചെയ്യാനും ബന്ധുഗൃഹങ്ങൾ സന്ദർശിക്കാനും അത് സഹായിക്കും.
പാചകം ചെയ്ത ഭക്ഷണം സൂക്ഷിച്ചു വക്കാൻ മാത്രമല്ല എന്തും തണുപ്പിച്ച് സൂക്ഷിക്കാൻ ഉത്തമമാണു ഫ്രിഡ്ജെന്ന ഒരു തിരിച്ചറിവു ഇപ്പോൾ ഉണ്ടായിട്ടുണ്ട്. പച്ചക്കറികൾ വാങ്ങി വക്കാം. എപ്പോഴും വില കൂടിക്കൊണ്ടിരിക്കുന്നതും നാം ഉൽപ്പാദനം ഉപേക്ഷിച്ചതുമായ ഒന്നാണത്. അതു കൊണ്ട് സഹായ വിലക്ക് കിട്ടുമ്പോൾ വാങ്ങി സൂക്ഷിക്കുന്നത് നല്ലതാണു. ഫ്രിഡ്ജിൽ തന്നെ ഒരറയുണ്ട്. ഫ്രീസറാണത്. മാംസവും മത്സ്യവും മിഠായികളും അതിൽ വയ്ക്കാം.
മദ്യപാന ശീലം വർദ്ധിച്ചപ്പോൾ സോഡയും ബിയറും ഫ്രിഡ്ജിനുള്ളിൽ സ്ഥാനം പിടിച്ചു. വട്ട് സോഡക്ക് പകരം തിരിപ്പടപ്പുള്ള സോഡ വന്നതാണു മദ്യപാനത്തിൽ ഏറ്റവും വിപ്ലവകരമായ മുന്നേറ്റം ഉണ്ടാക്കിയതെന്ന് സരസനായ ഒരു സ്നേഹിതൻ പറഞ്ഞത് ഓർക്കുന്നു. ‘ഫ്രിഡ്ജ് തുറന്ന് ഒരു കുപ്പി ഷോഡയും ഇച്ചരെ പിക്കിളും എടുത്ത് സ്വസ്ഥമായിരുന്ന് അടിക്കാൻ‘ കഴിയുന്ന കാലത്തിലേക്ക് നാം എത്തി. ഇതിൽ അടിപറ്റിയത് സോഡാമേക്കറിനാണു.
ഇങ്ങനെ എന്തു കൊണ്ടും അനുഗ്രമായ ഫ്രിഡ്ജെന്ന ഈ സാധനം നമ്മുടെ ജീവിതത്തെ എല്ലാ അർത്ഥത്തിലും ഗ്രസിച്ചു കഴിഞ്ഞു എന്ന് പറയാതെ വയ്യ!
ഭക്ഷണം കേടാകാതെ ഇരിക്കുന്നു എന്നതാണു ഫ്രിഡ്ജിന്റെ അനുഗ്രഹമായി നാം പറയുന്നത്. എന്താണു അതിന്റെ അർത്ഥം? ഫ്രിഡ്ജിലിരിക്കുന്ന ജൈവ വസ്തുക്കളുടെ ഘടനയ്ക്ക് മാറ്റം ഉണ്ടാകുന്നില്ല എന്നല്ലെ? അത് ശരിയാണു. കീടനാശിനികൾ തളിക്കപ്പെട്ടവയാണു നമുക്ക് ലഭിക്കുന്ന പച്ചക്കറികളിൽ അധികവും. കീടനാശിനിയോട് കൂടി നാമത് ഫ്രിഡ്ജിൽ വക്കുമ്പോൾ അവയുടെ ജൈവസ്വഭാവത്തിനു മാറ്റം വരുന്നില്ല എങ്കിൽ എപ്പോൾ നാം അതെടുത്താലും കീടനാശിനിയുടെ രൂക്ഷതയ്ക്ക് കുറവൊന്നും വരില്ല എന്നല്ലെ? അടച്ച ഒരു സംവിധാനമായത് കൊണ്ട് കീടനാശിനി ചുറ്റുപാടും പ്രസരിച്ച് മറ്റ് ഭക്ഷ്യവസ്തുക്കളിലും കയറിപ്പറ്റിക്കൊള്ളും. പച്ചക്കറികൾ തുറന്ന് വച്ചിരുന്നാൽ സൂര്യപ്രകാശവും കാറ്റും അതിലൂടെ കടന്നു പോകുമ്പോൾ ഒരുപരിധി വരെ അതിലെ വിഷത്തിനു കുറവു സംഭവിച്ചേക്കാനിടയുണ്ട്. ഫ്രിഡ്ജിനുള്ളിൽ അതിനുള്ള സാദ്ധ്യതയില്ല.
അണുബാധ കൊണ്ട് സ്വാഭാവികമായും ചീത്തയാകേണ്ട ഭക്ഷ്യവസ്തുക്കളും നാം വാങ്ങിയവയുടെ കൂട്ടത്തിൽ ഉണ്ടാകാം. അവ ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ സ്വാഭാവികമായി സംഭവിക്കേണ്ട ആ ദ്രവീകരണം സംഭവിക്കില്ല. നല്ലതാണെന്ന് കരുതി നാമത് ഭക്ഷിക്കുകയും ചെയ്യും.
മത്സ്യത്തിലും മാംസത്തിലും പലപ്പോഴും ചോരമയം ഉണ്ടാകാറുണ്ട്. അവയിൽ അണുജീവികൾ പെട്ടെന്ന് വളരും. താഴ്ന്ന ഊഷ്മാവു അണുജീവികൾക്ക് ഏറ്റവും അനുകൂലവുമാണു. അവയാണു നാം പിന്നീടെടുത്ത് ഭക്ഷണമാക്കുന്നത്.
അണുജീവികൾക്കും അണുനാശിനികൾക്കും ഒരുപോലെ സഹവർത്തിത്തൊടെ കഴിയാൻ ഫ്രിഡ്ജ് പോലെ മറ്റൊരാവാസ വ്യവസ്ഥ ഭൂമിയിലുണ്ടെന്ന് തോന്നുന്നില്ല.
ബയോളജിയും, ബയോകെമിസ്ട്രിയും, പതോളജിയും പഠിച്ചവർ പോലും ഫ്രിഡ്ജിനുള്ളിലെ സവിശേഷമായ ആവസവ്യവസ്ഥയെക്കുറിച്ച് ആലോചിക്കുന്നുണ്ടോ എന്ന് സംശയമാണു.
ഒരു വീട്ടമ്മ ഒരു ജീവശാസ്ത്രജ്ഞയാണെന്ന് സങ്കല്പിക്കുക. വീട്ടിൽ ഫ്രിഡ്ജിൽ നിന്നുള്ള ഭക്ഷണം വിശ്വാസപൂർവ്വം ഭർത്താവിനും കുട്ടികൾക്കും നൽകിയിട്ട് ലാബിൽ പോയി ചെയ്യുന്നത് എന്തായിരിക്കും? അവിടെ ശീതീകരിച്ച അന്തരീക്ഷത്തിൽ വൈറസ് വളരുന്നു എന്ന് കുട്ടികളെ പഠിപ്പിക്കുകയും പ്രബന്ധങ്ങൾ എഴുതുകയും ചെയ്യുന്നു. ഇതിൽ ഏതാണു ശരി? അവർ കണ്ടെത്തിയ ശാസ്തസത്യം- തണുപ്പിൽ അണുജീവികൾ വളരും- തെറ്റാണെങ്കിൽ അവർക്ക് ശമ്പളം നൽകുന്നത് സത്യസന്ധമല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിനു വേണ്ടിയാണു. ഇക്കാലത്ത് ആരെങ്കിലും അങ്ങനെ ധനം പാഴാക്കിക്കളയുമോ? ഇനി അത് സത്യമാണെങ്കിൽ സ്വന്തം ജീവിതത്തോട് അവർ ചെയ്യുന്നത് കൊടും ക്രൂരതയാണു. അണുജീവികളാൽ പരിപൂരിതമായ ഭക്ഷണം അറിഞ്ഞു കൊണ്ട് കുടുംബത്തിനു നൽകുകയും സ്വയം ഭക്ഷിക്കുകയും ചെയ്യുന്ന അവസ്ഥ. അത് ആലോചിക്കാൻ കൂടിയാവുമോ? താൻ ഒറ്റക്കും കുടുംബാഗങ്ങൾ മൊത്തമായും രോഗത്തിനും ജനിതക വൈകല്യങ്ങൾക്കും വിധേയമാകുമാറ് ഒരു ഫ്രിഡ്ജ് അധിഷ്ഠിത ഭക്ഷണ രീതി നടപ്പാക്കാൻ അവർക്കെങ്ങനെ കഴിയുന്നു? അവരുടെ ശാസ്ത്ര ബോധം അതിനു അവരെ അനുവദിക്കുമോ?
ഫ്രിഡ്ജിന്റേയും ഫ്രീസറിന്റേയും തണുപ്പിൽ യാതൊരു അണുജീവികളും വളരില്ലെന്ന് വീട്ടിൽ വിശ്വസിക്കുകയും അത്രയും തണുപ്പിലേ അണുക്കളെ സൂക്ഷിക്കാനാവു എന്ന് ഔദ്യോഗികരംഗത്ത് വാശിപിടിക്കുകയും ചെയ്യുന്ന ഒരു ശാസ്ത്രവൈരുദ്ധ്യം ഇതുവരെ നാമാരും ശ്രദ്ധിച്ചിട്ടില്ലെന്നു തോന്നുന്നു.
പശുവിനു കുത്തിവക്കാനുള്ള ബീജം ആ തണുപ്പിലാണു സൂക്ഷിക്കുന്നത്. ആ തണുപ്പിൽ അവ ജീവത്തായി ഇരുന്നില്ലെങ്കിൽ പശുവിനെ ഗർഭിണിയാക്കുന്നത് ആരാണു?
സ്ത്രീകളിൽ ‘ഇബ്സി’ ഏർപ്പാടിനുള്ള പുംബീജവും ഗർഭധാരണ ശേഷിയില്ലാത്ത സ്ത്രീക്ക് വേണ്ടിയുള്ള അണ്ഡവും ഈ തണുപ്പിലാണു സജീവമായി സൂക്ഷിക്കുന്നത്. പശുവിന്റെ കാര്യത്തിൽ ചോദിച്ച പോലെ രണ്ടാമത്തെ ചോദ്യം ചോദിക്കുന്നില്ല.
പോളിയോക്കുള്ള വാക്സിൻ വ്യാപകമായി ഉപയോഗിക്കുന്ന നാളുകളിൽ ഫ്രീസറുകൾക്ക് തുടർച്ചയായി പ്രവർത്തിക്കാനുള്ള സൌകര്യം ഉണ്ടാക്കണമെന്ന് സർക്കാർ നിഷ്കർഷിക്കുന്നത് ചൂടിൽ അവ നശിച്ചു പോകും എന്നത് കൊണ്ടാണു. അപ്പോൾ അണുക്കൾ നശിക്കാൻ ഫ്രിഡ്ജിൽ വക്കണോ പുറത്ത് വക്കണോ? ശാസ്ത്രം പഠിച്ച മലയാളി ആലോചിച്ച് നോക്കു.
ഹൃദ്രോഗവും കരൾ രോഗവും ഒഴിവാക്കാൻ ആധുനിക വൈദ്യം പോലും ആവശ്യപ്പെടുന്നത് വെയിൽ കൊള്ളാനാണു. എന്താണു അപ്പോൾ ഇതിന്റെ മറുപുറം? ഇരുട്ടിലും തണുപ്പിലും രോഗം വരാനുള്ള സാദ്ധ്യത കൂടുതലാണു?
പാശ്ചാത്യന്റെ തണുപ്പിൽ സുലഭമായ പലതരം അണുജീവികളേയും നാം ഫ്രിഡ്ജിൽ വളർത്തുന്നുണ്ടോ. അവയാണൊ നമുക്ക് പുതിയ സാംക്രമിക രോഗങ്ങൾ സംഭാവന ചെയ്തത്. നമ്മുടെ നാട്ടിൽ ഇപ്പോഴുണ്ടാകുന്ന രോഗങ്ങളേക്കുറിച്ച് കൂടുതൽ പഠനങ്ങളും മരുന്നുകളും മറുനാട്ടിൽ നിന്നാണു വരുന്നത് ഇത് സംശയാസ്പദമാണു. വെറും സഹാനുഭൂതിയുടെ പുറത്താണു പാശ്ചാത്യനും അവന്റെ മരുന്നു കമ്പനികളും ഇന്ത്യൻ ദരിദ്രന്റെ ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുന്നതെന്ന് കരുതാനാവില്ല. സൂര്യനെ കാണാനില്ലാത്ത തണുപ്പുരാജ്യങ്ങളിലെ വിധ്വംസകങ്ങളായ അണുകങ്ങളെ ഇന്ത്യയിലേക്ക് ആനയിച്ചു കൊണ്ടു വരുന്നത് ഉഷ്ണമേഖലാ രാജ്യത്തിലെ കാലാവസ്ഥയ്ക്കുള്ളിലെ ശീകരിക്കപ്പെട്ട ആവസവ്യവസ്ഥകൾ അല്ലെ? ആ രീതിയിൽ ഒരു പഠനം നടത്താൻ ഒരാളുമെന്തേ തയാറാകാത്തത്? അതിൽ ഫ്രിഡ്ജിനും ഏ.സിക്കും ഉള്ള പങ്കിനേക്കുറിച്ച് ആലോചിക്കാത്തത്?
പാശ്ചാത്യ രീതിയിൽ ഭക്ഷണം കഴിക്കുകയും ശീതികരിച്ച മുറികളിലിരുന്നു പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന കുട്ടികളും യുവാക്കളും കൂടുതൽ രോഗികളും അല്പായുസ്സുകളുമായി മാറുന്നത് കാണുമ്പോൾ ഈ ഒരു ചോദ്യത്തിനു പ്രസക്തിയേറുന്നു.