Thursday, November 25, 2010

കീടങ്ങൾക്ക് പറയാനുള്ളത്

അമരന്മാർ മരങ്ങളായിടുന്നു
അജം ചത്ത് ഗജമായ് പിറക്കുന്നു
ഗജം ചത്തങ്ങജവുമായിടുന്നു;
നരി ചത്തു നരനായ് പിറക്കുന്നു
നാരി ചത്തുടനോരിയായ്പോകുന്നു
കൃപകൂടാതെ പീഢിപ്പിച്ചീടുന്ന
നൃപൻ ചത്ത് കൃമിയായി പിറക്കുന്നു


പ്രിയ കീടാത്മകളെ

അടുത്ത മാസത്തിൽ കീടനാശിനി നിർമ്മാതാക്കൾ ദൽഹിയിൽ സമ്മേളിക്കുന്നുണ്ട്. പ്രധാനമന്ത്രി ഇരിക്കുന്ന സ്ഥലമാണു ദില്ലി. ശീതം വർദ്ധിച്ചില്ലെങ്കിൽ തോമസ് മാഷും ഉണ്ടാകും അവിടെ.

കീടനാശിനികളുടെ നിർമ്മാണത്തിനും വില്പനക്കും സംരക്ഷണം ആവശ്യപ്പെടുകയാണ് സമ്മേളനത്തിന്റെ ഉദ്ദേശം . കീടനാശിനികൾ നിരോധിക്കുകയല്ല നീതിപൂർവ്വകമായി ഉപയോഗിക്കുന്നതിലൂടെ അവയുടെ ദൂഷ്യഫലങ്ങൾ ഇല്ലാതാക്കണമെന്നാണമെന്നേ അവർ പറയു. കഠിനമായ വാക്കുകൾ ഒന്നും ഉപയോഗിച്ച് അവർക്ക് ശീലമില്ല്ല.

സത്യം പറഞ്ഞാൽ കീടനാശിനിക്ക് എന്ത് ദൂഷ്യം? വെറുതേ ആളുകൾ ഓരോന്നു പറഞ്ഞുണ്ടാക്കുകയാണു. നമ്മൾ കീടങ്ങൾ അത് കേട്ട് ഇളകരുത്. അവരാണു നമ്മുടെ കാണപ്പെട്ട ദൈവം എന്നറിയണം. അവർക്ക് പിന്തുണയും അഭിവാദ്യവുമർപ്പിക്കണം. അതിനു വേണ്ടിയാണു മാന്യ മഹാകീടങ്ങളെ, നിങ്ങളെ ഇവിടെ വിളിച്ചു ചേർത്തിരിക്കുന്നത്.

നിങ്ങളിലെ മുതിർന്ന ഒരു കീടം ആത്മവിനാശകമായ രീതിയിൽ ചിന്തിക്കുകയാണോ എന്ന് നിങ്ങൾക്ക് സശയം തോന്നാം. മനുഷ്യസഹവാസം കൊണ്ട് കോഴയുടെ പ്രലോഭനത്തിൽ പെട്ടുവോ എന്നും അതിശയിക്കാം.

ഞാൻ തുറന്നു പറയട്ടെ നിങ്ങളുടെ സംശയവും അതിശയവും അസ്ഥാനത്താണു. എനിക്ക് നിങ്ങളോട് പറയുവാൻ ഒന്നേയുള്ളു. മനുഷ്യനെപ്പോലെ നമ്മൾ കീടങ്ങൾ ദുഷ്ടബുദ്ധ്യാ ചിന്തിക്കരുത്. നിങ്ങൾക്ക് യാതൊരു ആശങ്കയ്ക്കും ഇടയില്ലെന്ന് ഞാൻ ഉറപ്പ് തരുന്നു.

(വമ്പിച്ച ചിറകടി)

ഞാൻ തുടരട്ടെ‌-

ഈ മനുഷ്യർക്ക് ഒരു ഭാവനയുണ്ട്. ഈ ഭൂമി അവന്റെയൊക്കെ അപ്പനമ്മമാർ സമ്പാദിച്ചതാണെന്നാണു അവരുടെ വിചാരം. ഒരു സ്ഥലം തന്റേതാണെന്ന് തോന്നിക്കഴിഞ്ഞാൽ അതിനവൻ ആദ്യം അതിരിടുന്നു. എലുകയും തണ്ടപ്പേരും നിശ്ചയിക്കുന്നു. സർവ്വേ നമ്പർ പതിച്ച് കരം കൊടുക്കുന്നു.
എന്തു പ്രയോജനം?
അവനു, അവനേപ്പോലുള്ള മനുഷ്യജന്തുക്കൾ പ്രവേശിക്കുന്നത് തടയാം. അവൻ വളർത്തുന്ന പക്ഷിമൃഗാദികളേയും തടയാം.
നമ്മെ പറ്റുമോ?
കാക്കയേയും കീരിയേയും പന്നിയെലിയേയും പറ്റുമോ?
കാറ്റ് വീശരുതെന്നും, മഞ്ഞ് പൊഴിയരുതെന്നും, മഴ പെയ്യരുതെന്നും പറയാൻ പറ്റുമോ? പേടിത്തൊണ്ടന്മാർ അതിനും ശ്രമിച്ചു. വീടുണ്ടാക്കി. അന്തച്ഛിദ്രങ്ങൾ കൊണ്ട് മിക്കവാറും എല്ലാ വീടുകളും ഇന്ന് കുട്ടിച്ചോറായിട്ടുണ്ട്.

ഏറ്റവും വികാസം പ്രാപിച്ച ബുദ്ധികേന്ദ്രം എന്ന് മനുഷ്യൻ അഭിമാനിക്കുന്ന അവന്റെ രണ്ടരക്കിലോ തലച്ചോർ കൊണ്ട് നന്നായി പ്രയോജനപ്പെട്ടിട്ടുള്ളത് വിനാശകരമായ പ്രവർത്തനങ്ങൾക്കാണ്. കഴിഞ്ഞ നൂറ്റാണ്ടിൽ തന്നെ ലക്ഷകണക്കിന് ആളുകൾ ചത്തൊടുങ്ങിയ രണ്ട് മഹായുദ്ധങ്ങൾ അവനുണ്ടാക്കി. ഏറ്റവും താഴ്ന്ന പടിയിലുള്ള നാൽക്കാലി പോലു അറയ്ക്കുന്ന ഹിംസയാണ് അവൻ ചെയ്ത് കൂടിയത്.
മൃഗങ്ങൾ പോലും ഭക്ഷണത്തിനും ആത്മരക്ഷയ്ക്കും മാത്രമെ സാധരണ ഹിംസ നടത്താറുള്ളു.
ഇവന്മാരോ?
ജാതിക്ക്,
മതത്തിന്,
അധികാരത്തിന്,
അതിരുകൾക്ക്
ചിലപ്പോൾ വാശിക്കും വെറും രസത്തിനും.
ഇവന് ആരാപ്പാ മനുഷ്യനെന്ന് പേരിട്ടത്?

ലോകമഹായുദ്ധങ്ങളിൽ ചത്ത് വീണ മനുഷ്യജന്തുക്കളുടെ ചിത്രങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടോ എന്നറിയില്ല. മുൻപ് ഒരു ജന്മത്തിൽ ഞാനത് കണ്ടിരുന്നത് ഓർക്കുന്നു.

പടക്കളത്തിലും തടവറകളിലും ശവങ്ങൾ! മുറിവേറ്റവരും അംഗഭംഗം വന്നവരും വേറേ. കുറേയൊക്കെ ഷവലിൽ കോരിയെടുത്ത് അവന്മാർ തന്നെ കുഴിച്ചിട്ടു. കുറെ പെട്രോൾ ഒഴിച്ചു കത്തിച്ചൂ! പിന്നെയും ശവങ്ങൾ അവശേഷിച്ചു. കുറേ അവന്മാർക്ക് തിന്നാമായിരുന്നു. യുദ്ധം കഴിഞ്ഞപ്പോൾ പട്ടിണീയായിരുന്നല്ലോ ലോകമെങ്ങും. അതവന്മാർ ചെയ്തില്ല.

പരമകാരുണികനായ് ദൈവം അന്ന് നമ്മുടെ പിതാമഹന്മാരോട് പറഞ്ഞു;

‌-ഭൂമി നാറുകയാണ്. എനിക്കാകെ നാണക്കേടായി, കൂട്ടരെ. നിങ്ങൾക്ക് ഇതിൽ എന്നെ സഹായിക്കാൻ കഴിയും. എന്ത് പറയുന്നു...

വിവേകശാലികളായ അവർ പറഞ്ഞു.

-ദൈവമെ ഞങ്ങൾക്ക് ഈ കർമ്മം വിധിക്കാതിരിക്കു. അവിടുത്തെ ഇച്ഛപോലെ ഈ ശവങ്ങളൊക്കെ ദ്രവിപ്പിച്ച് ഭൂമി നാറാതെ വയ്ക്കാം. പക്ഷെ അതിന്റെ ആവശ്യമുണ്ടോ? അവർ എന്തിനാണു ഈ ഹിസകൾ നടത്തിയത്? അഹങ്കാരം. ദുര. മത്സരം, അല്ലെ? മനുഷ്യരിലെ ആത്മവിനാശകരമായ അത്തരം വാസനകൾ ഞങ്ങളിലേക്ക് കയറിപ്പറ്റിയാൽ ഈ ലോകത്തിനു എന്തു സംഭവിക്കും എന്നവിടുന്നു ദയവായി ചിന്തിച്ചു നോക്കണം. അല്പായുസ്സുകളാണെങ്കിലും ഞങ്ങൾക്ക് പെരുകാൻ അധികം സമയം വേണ്ട. അതാണല്ലോ അവിടുത്തെ നിശ്ചയം. മനുഷ്യന് ഒരു സഹായം ചെയ്ത് കൊടുത്ത് ഞങ്ങൾ ദുഷിച്ചവരായി പെരുകി വരുമ്പോൾ അവന്റെ നാശോന്മുഖബുദ്ധി വീണ്ടും ഉണർന്ന് പ്രവർത്തിക്കില്ലെ? അവനോട് സാദൃശ്യം പുലർത്തുന്ന, ഞങ്ങളിൽ കയറിപ്പറ്റിയ അവന്റെ വാസനകൾ ഞങ്ങളെ ഒറ്റു കൊടുക്കില്ല? ഞങ്ങളുടെ കുലമറ്റുപോകില്ലെ?

ദൈവം ഖിന്നനായി.

ദൈവത്തിന്റെ ആ ഇരിപ്പ് പരമ ദയനീയമായിരുന്നു. തന്റെ സ്വരൂപത്തിൽ ഒരു സൃഷ്ടി നടത്തിയതിൽ അന്നു ആദ്യമായി ദൈവം ദുഖിച്ചു.

ലോകമെങ്ങും ചിതറികിടക്കുന്ന പടക്കോപ്പുകൾ. അവയ്ക്കിടയിൽ അഴുകാതെ കിടക്കുന്ന ശരീരങ്ങൾ. കല്ലിൽ കൊത്തിയ പോലുള്ള ഹിംസയുടെ ചിത്രങ്ങൾ. അവയ്ക്ക് മീതെ പ്രഭാതങ്ങൾ ഉദിക്കുന്നു. രാത്രികൾ അമരുന്നു. മഴ പെയ്യുന്നു. മഞ്ഞ് പൊഴിയുന്നു. കാറ്റ് വീശുന്നു. പനിനീർപുഷ്പങ്ങൾ നാമ്പു നീട്ടുന്നു. എത്ര ദാരുണമായ കാഴ്ച.

ദൈവം കണ്ണുകൾ ഇറുക്കിയടച്ച് തല കുടഞ്ഞു. മായയുടെ പ്രലോഭനത്തിനു സ്വയമറിയാതെ അല്പനേരം ദൈവവും വശംവദനായി.

ആ കാഴ്ച മനുഷ്യനൊഴികെയുള്ള പ്രകൃതിജീവികൾക്കൊക്ക് ദുഖകരമായിരുന്നു. ഞങ്ങൾക്കത് സഹിക്കാനായില്ല.

‌-ദൈവമെ വ്യസിനിക്കേണ്ട. അങ്ങ് പറയുന്നതെന്തും ഞങ്ങൾ ചെയ്യും. ഞങ്ങൾക്ക് അവിടുന്നല്ലാതെ മറ്റൊരു ആശ്രയവും ഇല്ല.

ദൈവം കണ്ണ് തുറന്നു.

എല്ലാം മറക്കുവാനും എല്ലാം പൊറുക്കുവാനും മനുഷ്യന് ഒരവസരം കൊടുക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. വേദനാജകമായ ഹിംസയുടെ ചിത്രങ്ങൾ മാഞ്ഞു പോകട്ടെ. അവ നേരിട്ട് കണ്ടും അനുഭവിച്ചും പുത്തൻ ജന്മങ്ങൾ തകർന്നു പോകാതിരിക്കട്ടെ. അവൻ ഇടക്കിടെ അതോർത്തുകൊള്ളട്ടെ എന്ന് വിചാരിച്ച് ചരിത്രത്തിന്റെ താളുകളിലേക്ക് ഒളിച്ചു വയ്ക്കാം. നിങ്ങളുടെ വംശത്തിനു ഒരു കുറവും സംഭവിക്കില്ല. ഇനിയൊരിക്കൽ മനുഷ്യൻ മദിച്ചാൽ അവന്റെ അവസാനം നിങ്ങളിലൂടെ ആയിരിക്കുമെന്ന് ഞാൻ വാഗ്ദാനം തരുന്നു.

അതു പറഞ്ഞ് ദൈവം മറഞ്ഞു.

പക്ഷെ മനുഷ്യൻ ആദ്യം ചെയ്തത് ചരിത്രം മറക്കുകയായിരുന്നു. ചരിത്രത്തിൽ നിന്നും ആരും ഒന്നും പഠിക്കുന്നില്ല എന്നു പറയുന്നത് എത്ര ശരിയാണ്.

കൃഷിവ്യവസായം എന്നൊരു അഹങ്കാരം അവനിലുണ്ടായതാണ് കീടകുലത്തിനു വിനാശമായത്.

വളരെ പണ്ട് നമ്മോട് സഹവർത്തിച്ച് അന്നമുണ്ടാക്കാൻ മനുഷ്യൻ ശ്രമിച്ചിരുന്നു. ആ കലമെല്ലാം പോയി.

അന്ന് കൃഷിക്കാർ തന്നെയായിരുന്നു കൃഷി ശാസ്ത്രജ്ഞന്മാരും. മനുഷ്യർക്കു മനുഷ്യപറ്റുള്ള സമയം. പതുക്കെ അവനിൽ മോഹമുദിച്ചു. അദ്ധ്വാനിക്കാതെ എങ്ങനെ അന്നം നേടാം എന്ന് അവന്മാർ ചിന്തിക്കാൻ തുടങ്ങി. കൃഷി പഠിപ്പിക്കാൻ സർവകലാശാലകൾ ഉണ്ടായത് അങ്ങനെയാണ്. അവിടെ പഠിച്ചിറങ്ങിയവർ കൃഷി ചെയ്തില്ല. തന്റെ വേഷവിധാനങ്ങൾ കൊണ്ടും ധാടി മോടി കൊണ്ടും സാങ്കേതിക ശബ്ദങ്ങൾ ഉരുവിട്ടും കൃഷിക്കാരനെ അവർ കൃഷിയിടത്തിൽ നിന്നും ഓടിച്ചു വിട്ടു. ഇടത്തട്ട്കാരനോടും കച്ചവടക്കരനോടും അധികാരികളോടും ചങ്ങാത്തം പിടിച്ചു. ലാഭം ഉണ്ടാക്കാമെന്ന് പറഞ്ഞു കൂടുതൽ ചെലവു ചെയ്യിച്ചു. ദിനം പ്രതി കൃഷി നഷ്ടമായി വന്നു. കച്ചവടക്കാരനും ഇടത്തട്ടുകാരനും ശാസ്ത്രജ്ഞനും ചേർന്നു കൃത്രിമങ്ങൾ അവതരിപ്പിച്ചു. വിത്തില്ലാത്ത പഴം. ഭൂഷണിക്കാൻ രാസവസ്തുക്കൾ. പ്രകൃതിയിൽ നിന്നു ഭിന്നമായി ഒരേകാലത്ത് പൂക്കാനും കായ്കാനും മരുന്നുകൾ. അവന്റെ അന്തസാര ശൂന്യതയ്ക്ക് പ്രകൃതി അർത്ഥരഹിതമായ ഫലങ്ങൾ മാത്രമെ കൊടുത്തുള്ളു. ലോഭം മൂർച്ഛിച്ച അവനും കൂട്ടാളികൾക്കും പക നുരഞ്ഞു പൊന്തി.

പ്രകൃതിയെ കൊല്ലാൻ മണ്ണിലും കാറ്റിലും വെള്ളത്തിലും അവൻ വിഷം ചേർത്തു.

നമുക്ക് ഒരുപാട് നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.
എത്ര പകയോടെയാണ്, അവന്റെ പദപ്രയോഗം തന്നെ.

കീടനാശിനി!

എന്നിട്ടിപ്പോൾ എന്തായി.

അത് അവൻ തന്നെ കുടിച്ച് തുടങ്ങിയിരിക്കുന്നു. വിഷ വീര്യത്തിൽ അവന്റെ തന്നെ കോശങ്ങൾ മരണവെപ്രാളപ്പെടുകയാണ്. അവ ജനിതകങ്ങളെ മാറ്റി മറിയ്ക്കാൻ തുടങ്ങി. ദൈവം ചരിത്രത്തിൽ മറച്ചു വച്ച ദുരന്ത ചിത്രം അവന്റെ മുന്നിൽ ജീവനെടുത്തു നിൽക്കുന്ന ദുഖകരമായ് കാഴ്ചയിൽ എത്തിൽ നിൽക്കുന്നു അവന്റെ വിഷമയമായ മോഹം.

ഒരിക്കൽ ദൈവത്തോട് സഹതപിച്ചതിന്റെ ഫലമാണ് ഇന്ന് നാം അനുഭവിക്കുന്നത്. മനുഷ്യനോട് ഇനിയൊരു സഹതാപത്തിന്റെ ആവശ്യമില്ല. അവൻ കണ്ടിട്ടില്ലാത്ത കാടുകൾ ഇനിയും ഭൂമിയിലുണ്ട്. കുംബളങ്ങി പോലെ ജൈവസംരക്ഷിത മേഖലകൾ വേറെ ഉണ്ട്. നമുക്ക് അവിടെയൊക്കെ പോകാം. തണ്ടുതുരപ്പനും മുഞ്ഞയും മഞ്ഞക്കീടവുമായി അർമ്മാദിച്ചു നടക്കാം. മനുഷ്യൻ അവിടേയും കീടനാശിനിയുമായ് വന്ന് കൊള്ളും. മണ്ണിലും വെള്ളത്തിലും കാറ്റിലുമവൻ വാരിവിതറും. അവന്റെ തന്നെ അമ്മ പെങ്ങന്മാരും കുഞ്ഞുങ്ങളും അത് കഴിച്ചു കൊള്ളും. കാലം ചെല്ലുമ്പോൾ നമ്മെ കൊന്നു തീർത്തതു പോലെ അവനും ഇല്ലാതായിക്കൊള്ളും. മനുഷ്യനില്ലെങ്കിൽ എന്തിനു കീടനാശിനി. എന്തിനു കീടനാശിനിക്കമ്പനികൾ?

(വമ്പിച്ച ചിറകടി)


അവൻ തന്നെ അവനെ കൊന്ന് തീർന്നു കഴിയുമ്പോൾ നമുക്ക് ശാന്തമായി സുഭിക്ഷമായ് ഈ ഹ്രസ്വജന്മങ്ങൾ ആസ്വദിച്ചു തുടങ്ങാം. അതിനായി അധികകാലം കാത്തിരിക്കേണ്ടി വരില്ല. അതുവരേയും കീടനാശിനി കമ്പനികളുടെ നിലനിൽ‌പ്പിനായ് പ്രാർത്ഥിക്കണം.

മേമ്പൊടി

(കീടാചാര്യൻ അങ്ങനെ പറഞ്ഞു നിർത്തിയപ്പോൾ ഒരു ചെറുകീടം ചോദ്യവുമായ് എഴുന്നേറ്റു)

? എൻഡോസൾഫാനെതിരെയുള്ള സമരം വന്ദ്യവയോധികനായ കീടാത്മാവിന്റെ ശ്രദ്ധയിൽ പെട്ടില്ലെ?

= (ച്രിരിക്കുന്നു) അതിൽ ആശങ്കപ്പെടാൻ ഒന്നുമില്ല കുഞ്ഞേ. ഈ എൻഡോസൾഫാൻ പോയാൽ വേറൊന്നു. വിഷം ഉണ്ടായിരിക്കണമെന്നത് മനുഷ്യനു കിട്ടിയ ശാപമാണു. ഒരുപകാരം ചെയ്തതിനു നമുക്ക് കിട്ടിയതും അത് തന്നെ. അപ്പോൾ പിന്നെ പുതിയൊരു വിഷം വന്നെ തീരു. അതിനു ലാക്കുനോക്കിയിരിക്കുന്ന മുതലാളിമാർ ഉണ്ട്. ഒരു വിഷം അങ്ങനെ കൊണ്ടുവരാൻ പറ്റില്ല. അത് ജനങ്ങളിൽ എത്തിക്കാൻ പരസ്യം കൃഷിയാഫീസറന്മാർ രാസവസ്തുവിഭാഗത്തിലെ ഗുമസ്തന്മാർ തുടങ്ങിയവർക്കുള്ള ദക്ഷിണ ഒക്കെയായി എന്ത് ചെലവ് വരുമെന്നാ കുഞ്ഞിന്റെ വിചാരം? അതൊഴിവാക്കാൻ എന്താ മാർഗ്ഗം? ഒന്നു മാറ്റി അതിനു പകരമായി കയറുക. അതിനു പൊതുജന ങ്ങളേക്കൊണ്ട് പറയിപ്പിക്കണം. അതു ചെയ്തു കൊടുക്കുന്ന സന്നദ്ധസംഘടനകൾക്കും മാദ്ധ്യമങ്ങൾക്കും പുതിയ ബ്രാൻഡിന്റെ ഉടമകൾ കനത്ത പാരിതോഷികം നൽകും. എല്ലാ കീടനാശിനിയും നിരോധിക്കും എന്നു പറഞ്ഞാലെ ഭയപ്പെടേണ്ടതുള്ളൂ. ദൈവം സഹായിച്ച് അതുണ്ടാവില്ല. പെണ്ണുമായി നാടുചുറ്റാൻ പോയവനെ കുത്തിനു പിടിച്ച് വിവാദമുണ്ടാക്കാൻ കഴിയുന്ന രാഷ്ട്രീയക്കാർക്ക് പക്ഷെ വിഷമടിക്കുന്ന മുതലാളിയുടെ കുത്തിനു പിടിക്കാനാവില്ല. പഴയ തലവെട്ടുകാരും പുതിയ കൈവെട്ടുകാരുമൊക്കെ നാവുകൊണ്ടുള്ള അഭ്യാസത്തിലേക്ക് ചുരുങ്ങിയത് ദൈവഹിതം മാനിച്ചാ കുഞ്ഞേ. അതിനു പ്രശസ്തിയും പണവും കിട്ടും. മനസിലായോ?

5 comments:

അശോക് കർത്താ said...

അവൻ കണ്ടിട്ടില്ലാത്ത കാടുകൾ ഇനിയും ഭൂമിയിലുണ്ട്. കുംബളങ്ങി പോലെ ജൈവസംരക്ഷിത മേഖലകൾ വേറെ ഉണ്ട്. നമുക്ക് അവിടെയൊക്കെ പോകാം. തണ്ടുതുരപ്പനും മുഞ്ഞയും മഞ്ഞക്കീടവുമായി അർമ്മാദിച്ചു നടക്കാം. മനുഷ്യൻ അവിടേയും കീടനാശിനിയുമായ് വന്ന് കൊള്ളും. മണ്ണിലും വെള്ളത്തിലും കാറ്റിലുമവൻ വാരിവിതറും. അവന്റെ തന്നെ അമ്മ പെങ്ങന്മാരും കുഞ്ഞുങ്ങളും അത് കഴിച്ചു കൊള്ളും. കാലം ചെല്ലുമ്പോൾ നമ്മെ കൊന്നു തീർത്തതു പോലെ അവനും ഇല്ലാതായിക്കൊള്ളും. മനുഷ്യനില്ലെങ്കിൽ എന്തിനു കീടനാശിനി. എന്തിനു കീടനാശിനിക്കമ്പനികൾ?

abith francis said...

""ദൈവത്തിന്റെ ആ ഇരിപ്പ് പരമ ദയനീയമായിരുന്നു. തന്റെ സ്വരൂപത്തിൽ ഒരു സൃഷ്ടി നടത്തിയതിൽ അന്നു ആദ്യമായി ദൈവം ദുഖിച്ചു.""

മനുഷ്യനെ സൃഷ്ട്ടിച്ചത് ദൈവമാണെങ്കില്‍ മനുഷ്യകുലത്തിന്റെ ഭാവിയെക്കുറിച് ദൈവത്തിനു ധാരണ ഉണ്ടെങ്കില്‍ എന്തുകൊണ്ട് ദൈവത്തിനു "അഹങ്കാരം. ദുര. മത്സര" വികാരങ്ങളെ മനുഷ്യ മനസുകളില്‍ നിന്നും പിഴുതെറിഞ്ഞുകൂട???? സ്വന്തം മക്കള്‍ വഴി പിഴച്ചു പോകാന്‍ ഏതെങ്കിലും ഒരു അച്ഛന്‍ അനുവദിക്കുമോ???

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഭൂമിയിലേക്ക്‌ പൊട്ടി വീണ കീടനാശിനികള്‍ എന്ന മഹാവിപതിനെതിരെ പ്രതികരിക്കാന്‍ വൈകുന്ന ഓരോ നിമിഷവും നാളെ വരാന്‍ പോകുന്ന ഒരു തലമുറയുടെ ശവപ്പെട്ടിക്കുള്ള ആണികലായിരിക്കും എന്ന ബോധ്യം നമ്മുടെ സാമൂഹ്യ വ്യവസ്ഥിതിക്കു എന്ന് ഉണ്ടാകുന്നുവോ, അഴിമതിയുടെയും ജാതിമത ബ്രാന്ധിനറെയും നീരാളിപ്പിടുത്തത്തില്‍ നിന്നും മോചനം എന്ന്നെടുന്നുവോ അന്നേ നമ്മുടെ നാടിനു പ്രതീക്ഷക്കു വകയുള്ളൂ എന്ന ഒരു തിരിച്ചറിവ്...

അശോക് കർത്താ said...

ദൈവത്തേപ്പറ്റിയുള്ള ചർച്ചയല്ല ഇത്. ദയവായി അങ്ങനെ വായിക്കരുത്

abith francis said...

അയ്യോ..ഒരിക്കലുമില്ല ..ഞാന്‍ അങ്ങനെ വിചാരിച്ചല്ല കമന്‍റ് ഇട്ടത്...ആ വരികള്‍ വായിച്ചപ്പോള്‍ തോന്നിയത് പറഞ്ഞൂന്നേ ഉള്ളു...കീടങ്ങള്‍ക്ക് എല്ലാ ശംസകളും നേരുന്നു..ഇനിയും നിങ്ങള്‍ 1000 വര്‍ഷങ്ങള്‍ ജീവിച്ചു അനുഭവിക്കട്ടെ..

AJU MATHEWS said...

Well said. The narrative as well as the content was good