Sunday, October 19, 2014

ബിസിനസ്സ് പൊട്ടിയാൽ............?

ബിസിനസ്സ് പൊട്ടിയാൽ............?

എന്റെ വിനീതശിഷ്യനായ അനിരുദ്ധൻ ഒരാഴ്ചയായി വിളിച്ചു കൊണ്ടിരിക്കുന്നു. പ്രശ്നം അവൻ നടത്തുന്ന വ്യവസായത്തിൽ ഒരു പ്രതിസന്ധിയുണ്ടായിരിക്കുന്നു. പലതവണ പലതരം ബിസിനസ്സുകൾ നടത്തി പൊട്ടിയിട്ടുള്ള എന്നേക്കാൾ വലിയൊരു മാനേജുമെന്റ് ഗുരുവിനെ അവനു കിട്ടാനില്ല.

സ്വാഭാവിക റബ്ബർ കൊണ്ട് ചപ്പലുണ്ടാക്കി കയറ്റുമതി ചെയ്യുന്ന വ്യവസായമായിരുന്നു തുടക്കം. സംഗതി ക്ലിക്കായി. 20 കൊല്ലമായി തുടരുന്നു. അതിനിടയിൽ മറ്റുപല മേഖലകളിലേക്കും വികസിച്ചു. ആറുമാസം മുൻപാണു ആദ്യമായി ഒരു പാളിച്ച പറ്റിയതു. ഒരു കൺസെയിന്മെന്റ് അയച്ചപോലെ തിരിച്ചുവന്നു. സംഗതി സായിപ്പിനു പിടിച്ചില്ല. നഷ്ടമുണ്ടായി. എന്നാലും സാധനം പകുതിവിലയ്ക്ക് നാട്ടിൽ വിറ്റ് നഷ്ടം കുറച്ചു. അതൊരു അപശകുനമായി അന്നേ തോന്നിയതാണു.

രണ്ടാത്തെ സംഭവം. കൃത്യസമയത്തിനു ഒരു ഷിപ്മെന്റ് നടത്താൻ പറ്റിയില്ല. അനിരുദ്ധൻ മാന്യനായതു കൊണ്ടതു വായുവിലൂടെ പറത്തി വിട്ടു. അതിലുമുണ്ടായി നഷ്ടവും ചില കുഴപ്പങ്ങളും. ഒരു പെട്ടി പായിപ്പാട്ടിറക്കിയപ്പോൾ മറ്റേതു പള്ളിപ്പാട്ടായിപ്പോയി. കാലദോഷം എന്നല്ലാതെ എന്തു പറയാൻ. വിമാനക്കമ്പനിക്കാരുടെ പാളിച്ച അനിരുദ്ധന്റെ തലയിൽ കെട്ടിവച്ച് ഇടനിലക്കാരൻ ഒരു കളികളിച്ചു. പേമെന്റ് പിടിച്ചുവച്ചു. പറഞ്ഞ സമയമൊക്കെ കഴിഞ്ഞിട്ടും അവർ അതു റിലീസു ചെയ്തില്ല. പലിശ കണക്കു കൂട്ടിയാൽ എന്തോരം ലാഭമാ ഇടനിലക്കാരനു. അനിരുദ്ധൻ വിഷമിക്കാൻ തുടങ്ങി. ബാങ്ക് പേമെന്റുകൾ മുടങ്ങുന്നു. സപ്ലയർ പിണങ്ങി. വില്ലയുടെ ഇ.എം.ഐ അടയ്ക്കാൻ പറ്റുമോ എന്നൊരു സംശയം. കരഞ്ഞ് കാലുപിടിച്ചപ്പോൾ ഇടനില തെണ്ടി 5% റിലീസ് ചെയ്തു. 5% മാത്രം. ആനവായിൽ അമ്പഴങ്ങ!

അപ്പോഴാണു അവൻ എന്നെ മനപ്രയാസപ്പെടുത്തുന്ന രീതിയിൽ വിളിക്കുന്നതു. -അണ്ണോ, ഞാനിനി എന്തോ ചെയ്യും?

-ഒരുമാതിരിപ്പെട്ട ഇടനിലക്കാരൊന്നും തന്തയ്ക്ക് പിറന്നവരായിരിക്കില്ലടാ. അതു കൊണ്ട് അവന്മാരുടെ അപ്പന്മാർക്ക് വർക്കലയിൽ പോയി വായിക്കരിയിട്. ചത്തവർ ചതിക്കില്ല. അവൻ പൈസാ തരും.

ഞാൻ ആലോചിച്ചു. ശരിക്കും അതായിരുന്നോ അവനോട് പറയേണ്ടിയിരുന്നതു?

തുടങ്ങിയ ബിസിനസ്സ് പൊട്ടിയാൽ നന്നായി എന്നു വിചാരിച്ചാലെന്താ. ജനിച്ച മനുഷ്യൻ തന്നെ മരിക്കുന്നു. പിന്നാ മനുഷ്യൻ തുടങ്ങിയ വ്യവസായം! പക്ഷെ മലയാളികൾക്ക് അങ്ങനെ ചിന്തിക്കാൻ പ്രയാസമാണു. അത്രയ്ക്കുണ്ട് മലയാളിയുടെ ഈഗോ‍ാ. കമ്പനി നിയമങ്ങളിൽ പറയുന്നതു വ്യവസായി വ്യക്തിയല്ല ഒരു അരൂപിയാണെന്നാണു. പൊട്ടുന്നതു അരൂപിയാണു. അതിനു നാം എന്തിനു ഐഗോയിസ്റ്റാകണം? പല ബിസിനസ്സുകാരുടേയും ഉള്ളിലേ വ്യക്തി നമ്മളേക്കാൾ നല്ലവരായിരിക്കും പലപ്പോഴും. പക്ഷെ അവരേയല്ല നാം കാണുന്നതു. അമ്പാനി തന്നെ നാം വിളിക്കുന്ന ചീത്തയ്ക്കൊക്കെ അർഹനാണോ എന്നു സംശയമാണു.

അനിരുദ്ധനു ഇതൊരു നല്ലൊരു ചാൻസാണു. അവന്റെ ഉള്ളറിയാവുന്നതു കൊണ്ട് പറയുന്നതാണു. അവനു വ്യവസായം മടുത്തിട്ട് 10 കൊല്ലമെങ്കിലും ആയിക്കാണും. തുടക്കത്തിൽ തോന്നിയ ഹരം ബിസിനസ്സ് സ്റ്റെഡിയായപ്പോൾ പോയി. പണം കുന്നുകൂടുന്നതിൽ ഒരു രസവുമില്ല. അതു കളയാൻ അവൻ പല ഫിലാന്ത്രോപ്പികളും ചെയ്തു. പണം ഉണ്ടാക്കുന്നവനു അതു ഉപയോഗിക്കാനുള്ള അവസരമില്ലെന്നു അവൻ കണ്ടുപിടിച്ചു. നമ്മൾ പറയുന്ന ബിസിനസ്സുകാരുടെ ആർഭാടങ്ങളൊക്കെ ബിസിനസ്സ് അരൂപിക്കു വേണ്ടി കെട്ടുന്ന വേഷങ്ങളാണു. പക്ഷെ അതൊക്കെ അവന്റെ വ്യക്തിയുടേതാണെന്നു നാം തെറ്റിദ്ധരിക്കുന്നു. അതൊക്കെ നമ്മുടേയും മറ്റുള്ളവരുടേയും കണ്ണിൽ മണ്ണിടാനുള്ളതാണു.

വ്യാപാരവും വ്യവസായവുമൊക്കെ മാധവിക്കുട്ടിയുടെ ‘പക്ഷിയുടെ മണ’ത്തിലെ ഫ്ലാറ്റുപോലെയാണു. കയറിയാൽ ഇറങ്ങാൻ പാടാണു. അപ്പോൾ അതു സ്വയം പൊളിയുന്നതു ഒരു അനുഗ്രഹമാണു. പക്ഷെ അതിനെ അങ്ങനെ കാണാൻ ആർജ്ജവമുണ്ടായിരിക്കണം. പകരം ഇപ്പോൾ അനിരുദ്ധൻ ചിന്തിക്കുന്നപോലെ ബിസിനസ്സ് തകർന്നിട്ട് എങ്ങനെ സമൂഹത്തിന്റെ മുഖത്തു നോക്കും എന്ന ചിന്തിക്കaരുതു. അവൻ പറയുന്ന സമൂഹം അവന്റെ ബിസിനസ്സിന്റെ ഒപ്പം ഉണ്ടായി വന്നതാണു. അതിനു മുൻപോ അതിനുശേഷമോ ആ സമൂഹമില്ല. അപ്പോൾ സമൂഹം ഒരു പ്രശ്നമല്ല.

പിന്നെയുള്ളതു കുടുംബമാണു. ബിസിനസ്സിനൊപ്പം വളർന്നു വന്ന കുടുംബം പൊട്ടുമ്പോൾ അതും മനസിലാക്കണം. പള്ളത്തിനടുത്തു ഫാക്റ്ററിയോട് ചേർന്ന ഒരൊറ്റമുറി വീട്ടിലാണു രാഖി അനിരുദ്ധനൊപ്പം ജീവിതം തുടങ്ങിയതു. അന്നു ചെരിപ്പൂവെട്ടാ‍നും പാക്കു ചെയ്യാനും അവളും സഹകരിച്ചതാണു. ബിസിനസ്സ് പൊട്ടുന്നതു അവൾക്കു മനസിലായില്ലെങ്കിൽ പിന്നാർക്കു മനസിലാകും? വില്ലയും, ലാൻഡ് ക്രൂയിസറുമൊക്കെയാണു അവളുടേയും മക്കളുടേയും പ്രശ്നമെങ്കിൽ അതവർ എടുത്തോട്ടെ എന്നു വക്കണം. നിനക്കതൊന്നും ഇനി മെയിന്റെയിൻ ചെയ്യാൻ കഴിയില്ലാ എന്നു മനസിലാക്കിയെങ്കിൽ പോട്ടെ പുല്ലെന്നു പറഞ്ഞ് എല്ലാം വിട്ടുകൊടുത്തു ഇറങ്ങണം. പിന്നെ നിന്റെ അഭിലാഷമായ തെണ്ടൽ തെണ്ടാമല്ലോ.

ഒരാൾ എപ്പോഴും നോക്കേണ്ടതു അവനവന്റെ ഉള്ളിലേക്കാണു. അവിടെയാണു മഷിനോട്ടം. ബിസിനസ്സു ചെയ്യാനുള്ള പൂതി ഇനിയും തീർന്നിട്ടില്ലെങ്കിൽ അതവിടെയറിയാം. എങ്കിൽ വട്ടിപ്പലിശയ്ക്കു പണമെടുത്തു അതു സ്റ്റെഡിയാക്കണം. തകർന്നിട്ട് വീണ്ടും കരകയറിയ എത്രയോ പേരുണ്ട്.. മറിച്ചു ബിസിനസ്സ് പൊട്ടി എന്നറിയുമ്പോൾ ഉള്ളിലും ലഡുപൊട്ടുന്നുണ്ടെങ്കിൽ ശങ്കിക്കാനൊന്നുമില്ല മനസിനിണങ്ങിയ കാര്യത്തിലേക്കിറങ്ങണം. അതു തെണ്ടലാണെങ്കിൽ തെണ്ടൽ. പടം വരയെങ്കിൽ അതു.

# പൊട്ടാൻ ആഗ്രഹിക്കുന്നവർക്കും തൊഴിൽ വിടാൻ ആഗ്രഹിക്കുന്നവർക്കും ഇനിയും ഉപദേശമുണ്ട്. ആവശ്യമുള്ളവർ ദക്ഷിണ സഹിതം നേരിൽക്കാണുക.

No comments: