Wednesday, October 1, 2014

ശാസ്ത്ര ഫാഷിസം

ഇന്നത്തെപ്പോലെ ദൃശ്യപ്രപഞ്ചത്തെക്കുറിച്ച് പഠിക്കുന്ന ഒരു രീതി പൌരാണികർക്ക് ഇല്ലായിരുന്നു എന്നാണു ആധുനികരായ പലരും ധരിച്ചു വച്ചിരിക്കുന്നതു. അതു അക്കാലത്തെ ഭൌതികജീവിതത്തെക്കുറിച്ചു ആഴത്തിൽ പഠിക്കാത്തതു കൊണ്ടാണു. പൌരാണികരുടെ ജീവിതത്തിൽ നിന്നും ഇന്നിലേക്ക് തുറിച്ചുനിൽക്കുന്ന എത്രയോ നിർമ്മിതികൾ, ഉപകരണങ്ങൾ, ഔഷധങ്ങൾ, ജീവിതരീതികൾ ഒക്കെയുണ്ട്. ആധുനികർ അതൊന്നും ശ്രദ്ധിക്കാതെയാണു ഈ അബദ്ധമൊക്കെ എഴുന്നള്ളിക്കുന്നതു.

ഇപ്പോഴത്തെ ശാസ്ത്രത്തിന്റെ സിദ്ധാന്തങ്ങൾ കൊണ്ടും ടൂളുകൾകൊണ്ടും പ്രാചീനരുടെ ശാസ്ത്രത്തെ അപഗ്രഥിക്കാനാവുന്നില്ല എന്നതാകും അവർ നേരിടുന്ന പ്രതിസന്ധി. ആ വീക്ഷണത്തിൽ നോക്കുമ്പോൾ ആധുനികശാസ്ത്രം വളരെ പ്രിമിറ്റീവ് ആണെന്നു പറയേണ്ടി വരും. തങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയാത്തതിനെ അവഗണിക്കുന്നതാണു ആധുനികന്റെ രീതി. അങ്ങനെ ചെയ്യുന്നതു ശാസ്ത്രമല്ല. വെറും ഈഗോയിസം.

ഇതേ ഈഗോയിസ്റ്റുകൾ തന്നെ പൌരാണികതയുടെ ആ എടുപ്പുകളെ ആന്റിക് മൂല്യത്തോടെ ആസ്വദിക്കുകയും ചെയ്യുന്നു. അതിന്റെ പിന്നിൽ ഒരു ശാസ്ത്രമുണ്ടെന്നു അവർ വിശ്വസിക്കുന്നില്ല. അതിനു കഴിയാത്തവിധം അശാസ്ത്രീയമാണു അവരുടെ മനസ്സ്. ആധുനികവിദ്യാഭ്യാസമാണു അതിനു ഉത്തരവാദി. ശാസ്ത്രപഠനം ഇപ്പോൾ ഒരു അന്ധവിശ്വാസമാണു. തൊഴിലിനു വേണ്ടി മാത്രമാണു ശാസ്ത്രപഠനം. അതു കൊണ്ടുതന്നെ ഇന്നത്തെ ശാസ്ത്രപുസ്തകത്തിൽ രേഖപ്പെടുത്താതൊന്നും ശാസ്ത്രമല്ലെന്നു അവർ ശഠിക്കുന്നു. ഈജിപ്ഷ്യൻ മമ്മികളായാലും ദില്ലിയിലെ തുരുമ്പെടുക്കാത്ത സ്തൂപമായാലും അവർക്ക് അതൊക്കെ വെറും പുരാവസ്തുക്കൾ മാത്രം. അറിവില്ലാത്തവർ എങ്ങനെയൊക്കയോ തട്ടിക്കൂടി വച്ചതു. അതിന്റെ ശാസ്ത്രീയതയൊന്നും അന്വേഷിക്കേണ്ട കാര്യമില്ല എന്നവർ ‘വിശ്വസിക്കുന്നു’. എന്തെങ്കിലും അന്വേഷണം നടത്തിയാൽ, അതു വെളിവാക്കുന്ന അറിവുകൾ തങ്ങളുടെ ശാസ്ത്രത്തെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുമോ എന്നുമവർ ഭയപ്പെടുന്നു. അതുകൊണ്ടാണു ഇതിന്റെയൊക്കെ പിന്നിലൊരു ശാസ്ത്രമുണ്ടെന്നു പറയുന്നവരെ പരിഹസിച്ചും അവഗണിച്ചും അകറ്റി നിർത്തുന്നതു. അതൊരു തരം പുതിയ ഫാഷിസമാണു. ശാസ്ത്ര ഫാഷിസം.

ഇന്ത്യൻ ശാസ്ത്രത്തെ ആത്മീയതയുടെ തിരശീലയിലയ്ക്ക് പിന്നിലേക്ക് തള്ളിയതിൽ വിവേകാനന്ദസ്വാമിയുടെ പ്രഭാഷണങ്ങൾക്കു ചെറുതല്ലാത്ത പങ്കുണ്ട്. ഇന്ത്യയുടെ സമ്പത്തു ആത്മീയത മാത്രമാണെന്ന ധാരണപരക്കത്തക്കവിധമായിരുന്നു സ്വാമിജിയുടെ പ്രഭാഷണങ്ങൾ. അതൊരുപക്ഷെ ആ കാലഘട്ടത്തിന്റെ ആവശ്യമായിരുന്നിരിക്കാം. കൂപ്പുകുത്തുന്ന ഇന്ത്യൻ ആത്മാഭിമാനത്തെ ഉയർത്തിപ്പിടിക്കാൻ കണ്ടെത്തിയ വഴിയാകണം പാശ്ചാത്യനു അപ്രാപ്യമായ ഇന്ത്യൻ ആത്മീയത. പക്ഷെ അതു വലിയ അപകടമുണ്ടാക്കി. ഭൌതികമായുള്ളതെല്ലാം ഭാരതത്തിനു വെളിയിലാണു. ഭൌതികവളർച്ചയ്ക്ക് അതു സ്വീകരിക്കണം. ഇതുവരെ തുടർന്നു വന്ന ശാസ്ത്രവും സാങ്കേതികവിദ്യയും തള്ളിക്കളയണം. ഇന്ത്യൻ ശാസ്ത്രം അന്ധവിശ്വാസവും ആത്മീയതയുടെ സേവകനും മാത്രമാണെന്നൊരു ധാരണ പരക്കാൻ അതിടയാക്കി. എന്നാൽ അപ്പോഴും കോസ്മറ്റിക് സർജ്ജറിപോലുള്ള അത്യാധുനിക ശാസ്ത്രീയാഭ്യാസങ്ങൾ ഇന്ത്യയിൽ നിലനില്പുണ്ടായിരുന്നു. വിവേകാനന്ദസ്വാമികളുടെ വാക്കുകൾ ഇന്ത്യൻ ശാസ്ത്രത്തെ അവജ്ഞയോടെ കാണുവാൻ ഇടയാക്കി. തുടർന്നു വന്ന ഇന്ത്യൻ സന്യാസസമൂഹങ്ങളും സ്വാമിജിയുടെ വാക്കുകളെയാണു പിന്തുടർന്നതു. അതുകൊണ്ട് എന്തു സംഭവിച്ചു. ഇന്ത്യൻ ശാസ്ത്രം അവഗണിക്കപ്പെട്ടു. ആത്മീയത അതിന്റെ ആധാരത്തിൽ നിന്നും മാറി ഭൌതികവുമായി. ഇന്നു ഏതെങ്കിലും സന്യാസിസമൂഹം ഇന്ത്യൻ ശാസ്ത്രത്തിൽ ആത്മാർത്ഥമായി വിശ്വസിക്കുന്നുണ്ടോ? ആത്മീയതയുടെ മാർക്കറ്റിങ്ങിനുവേണ്ടി ഇന്ത്യൻ സയൻസിനെക്കുറിച്ചൊക്കെ പറയും. പക്ഷെ ആധുനിക ശാസ്ത്രത്തെ ആവേശത്തോടെ പുണരുകയും ചെയ്യും. വേദപാഠശാലകൾ സ്ഥാപിച്ച അനേകം ആശ്രമങ്ങളുണ്ട്. അവരാരെങ്കിലും പൌരാണിക സാങ്കേതികവിദ്യപഠിപ്പിക്കുന്ന സ്ഥാപനങ്ങൾ തുടങ്ങാറുണ്ടോ?

പക്ഷെ ഒട്ടേറെപ്പേർ അവരെയും ആധുനികശാസ്ത്രത്തെയും ത്തള്ളിക്കളഞ്ഞ് ജീവിതത്തോട് ചേർന്നു നിന്ന ആ പൌരാണിക ശാസ്ത്രീയതയിലേക്ക് തിരിച്ചു പോകാൻ വെമ്പുന്നുണ്ട്. അതിനായുള്ള ഒറ്റപ്പെട്ട ശ്രമങ്ങളും നടക്കുന്നുണ്ട്. ആധുനികശാസ്ത്രവാദികൾക്കു അതുണ്ടാക്കുന്ന സംഘർഷം വളരെ വലുതുമാണു.

No comments: