Friday, June 4, 2010

പെരുമഴക്കാലത്തെ മാദ്ധ്യമ ഭീകരത

മാലോകർക്ക് മനസമാധാനത്തോടെ കഴിയണമെങ്കിൽ ഇനി കുറച്ച് കാലം ന്യൂസ് പേപ്പർ കാണാതെയും ചാനലുകൾ തുറക്കാതെയും ഇരിക്കണം.

കാലവർഷം തുടങ്ങുകയാണു. അതിന്റെ കേളി കൊട്ടായി മാദ്ധ്യമങ്ങൾ വർഷകാല രോഗങ്ങളെപ്പറ്റി ഭീതിദമായ വർത്തമാനങ്ങൾ പുറത്തുവിട്ടു തുടങ്ങി. പൊതുതാല്പര്യത്തിനെന്നുള്ള വ്യാജേനയാണു ടി വാർത്തകൾ പ്രചരിപ്പിക്കുന്നത്. സ്വന്തമായി ആശുപത്രിയുള്ള ഒരു മാദ്ധ്യമം വിവിധതരം പനിയേക്കുറിച്ചും അതിന്റെ ബീഭത്സതയേക്കുറിച്ചും വിവരണമിട്ടിട്ടുണ്ട്. മരണത്തിലൂന്നിയാണു അവരുടെ കലക്കവെള്ളത്തിൽ മീൻ പിടുത്തം.

കഴിഞ്ഞ രണ്ട് സീസണിൽ ചിക്കൻ‌ഗുണിയാ വരാത്തവർക്ക് ഇത്തവണ അത് കിട്ടും. ഡങ്കിപ്പനിയുടെ പരിക്ഷ്കരിച്ച പതിപ്പ് ഇറങ്ങിയിട്ടുണ്ട്. ഇന്നയിന്ന ജില്ലകളിൽ രോഗത്തിന്റെ എഡിഷനുകൾ തുറക്കും എന്നൊക്കെയാണു അവർ നൽകുന്ന സന്ദേശം. ഇത്ര കൃത്യമായി പ്രവചിക്കുന്നുണ്ടെങ്കിൽ നാം സൂക്ഷിക്കണം. അതിനുള്ള പണി ഒപ്പിച്ച ആരോ എവിടെയോ ഉണ്ട്. ഏതെങ്കിലും മരുന്നു കച്ചവടക്കാരോ ആശുപത്രിവില്ലന്മാരോ ആകും അതിന്റെ പിന്നിൽ. പണം വാങ്ങി വാർത്തയിടുന്നത് ഒരപരാധമല്ലാത്ത കാലമാണു. അത് കൊണ്ട് എന്തും സംഭവിക്കാം.

പകർച്ചപ്പനി, കാലവർഷപ്പനി തുടങ്ങിയ സംഗതികൾ കൃത്യമായി മാർക്കറ്റ് ചെയ്യപ്പെട്ട് തുടങ്ങിയിട്ട് പത്ത് വർഷത്തിലധികമായിട്ടില്ല. മാദ്ധ്യമങ്ങളുടെ അതിപ്രസരണവും രോഗങ്ങളുടെ വ്യാപനവുമായി ചേർത്ത് വച്ച് ചിന്തിക്കാവുന്നതേയുള്ളു. കഴിഞ്ഞ പത്ത് വർഷത്തിനിടയിലാണു പ്രിണ്ടായും, ദൃശ്യമായും മാദ്ധ്യമങ്ങളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചത്. അതേ പോലെ രോഗവും രോഗികളുടെ എണ്ണവും കൂടി. ചികിത്സാ രംഗത്തെ കച്ചവട താൽ‌പ്പര്യങ്ങൾ പുറത്ത് കൊണ്ടുവരുന്നതിലുപരി രോഗത്തിന്റെ ഭീകരത പരത്തി ജനത്തെ ആശുപത്രികളിലേക്ക് ആട്ടിത്തെളിക്കുന്ന ഒരു രീതിയാണു മാദ്ധ്യമങ്ങൾ അവലം‌മ്പിച്ചിരിക്കുന്നത്. ചികിത്സക്കിടയിൽ എവിടെയെങ്കിലും ഒരു രോഗി മരിച്ചാൽ ആ സീസണിലെ രോഗവുമായി അതിനെ ബന്ധപ്പെടുത്തി വാർത്ത നൽകി ഭീതി പരത്തുന്ന രീതി വ്യാപകമാണു.

അടുത്തിട ഡ്രഗ് കണ്ട്രോളർ ചില കാര്യങ്ങൾ തുറന്നു പറഞ്ഞു. നിർഭാഗ്യവശ്ശാൽ അത് ജനങ്ങളിൽ എത്തിക്കാൻ ഒരു മാദ്ധ്യമവും തയ്യാറായില്ല. തന്റെ നിസ്സഹായത അദ്ദേഹം കൊച്ചി എഫ്. എമ്മിലൂടെ പറയുന്നത് കേട്ടപ്പോൾ ഇവിടെ ജീവിച്ചു പോരുന്നതിൽ ലജ്ജ തോന്നി. വലിയ പരസ്യം നൽകി പ്രചരിപ്പിക്കുന്ന ഒരു വാജീകരണ ഔഷധത്തിന്റെ ഉള്ളുകള്ളികൾ അദ്ദേഹം വിസ്തരിച്ചത് കേട്ടപ്പോൾ വാപൊളിച്ചിരുന്നു പോയി. കേരളത്തിലെ ജനം ഐസ് ക്രീം എന്ന് പറഞ്ഞ് വാങ്ങിത്തിന്നുന്ന ചരക്ക് ഐസ്ക്രീം അല്ലെന്ന് അറിയുന്നവർ എത്ര പേരുണ്ട്? ഇങ്ങനെയൊക്കെയുള്ള രഹസ്യങ്ങൾ ജനത്തിൽ നിന്ന് മറച്ച് വക്കാൻ ശ്രമിക്കുന്ന വൈതാളികരാണു മാദ്ധ്യമങ്ങൾ.

ലോകത്ത് ഒരിടത്തും ഇല്ലാത്ത ഒരപ്രമാദിത്തം ഇവിടെ മാദ്ധ്യമ പ്രവർത്തകർക്ക് എങ്ങനെയോ കിട്ടിയിട്ടുണ്ട്. എന്നാൽ അതിനു തക്ക വിവരമോ വിവേകമോ മാന്യതയോ അവർ കാണിക്കുന്നില്ല. രോഗത്തേപ്പറ്റി വിദഗ്ധരുടെ അഭിപ്രായത്തേക്കാൾ പത്ര ശുംഭന്മാരുടെ അഭിപ്രായങ്ങൾക്കാണു ഇവിടെ വില.

വൈറൽ‌പ്പനികൾ കൈകാര്യം ചെയ്യുന്നതിനു ലോകത്തെമ്പാടും സ്വീകരിക്കുന്ന ഒരു മാനദണ്ഡം അത്തരം അവസ്ഥകളിൽ ശാരീരിക ക്ഷമത വർദ്ധിപ്പിക്കാനുള്ള ഉപചാരം നൽകുക എന്നുള്ളതാണു. അതിൽ മനസ്വസ്ഥത വളരെ പ്രധാനമാണു. ഭീതി പരത്തുന്ന വാർത്തകൾ കണ്ടാൽ അത് നഷ്ടപ്പെടും. വിശ്രമവും, നന്നായി വെള്ളം കുടിക്കലും - കേരളത്തിന്റെ സാഹചര്യത്തിൽ കഞ്ഞിയും ചമ്മന്തിയും പപ്പടവുമായി കമ്പിളി പുതച്ച് ഒന്നു രണ്ട് ദിവസം കിടക്കുക - എന്നതാണു ഉത്തമമായ ഉപചാര വിധി. നിർഭാഗ്യവശാൽ അത് നിർദ്ദേശിക്കുവാൻ സത്യസന്ധരായ ഡോക്ടറന്മാർ പോലും ഭയപ്പെടുന്നു. അവർ നല്ലത് എന്തെങ്കിലും ചെയ്തു പോയാൽ അവരെ അപഹാസ്യരാക്കി ജനത്തിനുമുന്നിൽ അവതരിപ്പിക്കാനുള്ള ശ്രമം മാദ്ധ്യമങ്ങൾ നടത്തും. സർക്കാർ മേഘലയിലുള്ള ഡോക്ടറന്മാർക്കാണു ഇതേറ്റവും അനുഭവിക്കേണ്ടി വരിക. അവരുടെ ഭാഗത്തു നിന്ന് എന്തെങ്കിലും ചെറിയ പിഴവുകൾ സംഭവിച്ചാൽ അവ പർവ്വതീകരിക്കപ്പെടും. ഡോക്ടറുടെ പേർ, ആശുപത്രി എല്ലാം വിശദമായി ജനങ്ങളിൽ എത്തിക്കും. എന്നാൽ ഏതെങ്കിലും സ്വകാര്യാശുപത്രിയിൽ സംഭവിക്കുന്ന മന:പൂർവ്വമായ കാര്യങ്ങളേ അവഗണിക്കാനും മറച്ചു പിടിക്കാനും മാദ്ധ്യമങ്ങൾക്ക് ഉത്സാഹമാണു. അത്തരം സംഭവങ്ങളിൽ ആശുപത്രിയുടെയോ ഡോക്ടറുടെയോ പേർ പരാമർശിക്കില്ല. പലപ്പോഴും തീരെ നിവർത്തിയില്ലെങ്കിലെ സ്വകാര്യ ആശുപത്രി സംബന്ധമായ വാർത്തകൾ അപ്രധാനകോണിലെങ്കിലും വരു. കേരളത്തിലെ പ്രശസ്തമായ ഒരു സ്വകാര്യാശുപത്രിയിലെ ഐ.സിയിൽ കിടന്ന പതിനാലോളം പേർക്ക് ചിക്കൻ പോക്സ് ബാധിച്ചിട്ടും അത് വാർത്തയായില്ല. ലോകനിലവാരമുള്ളതാണു ആ ആശുപത്രി. അവിടെ അതെങ്ങനെ സംഭവിച്ചു എന്നത് ഔത്സുക്യത്തിനു വേണ്ടിയെങ്കിലും ഒരു മാദ്ധ്യമ പ്രവർത്തകനും അന്വേഷിച്ചില്ല. മാദ്ധ്യമ ഭീകരത അത്രമാത്രം നമ്മുടെ സമൂഹത്തെ ഗ്രസിച്ചിരിക്കുകയാണു. ഈ കിനാവള്ളിപിടുത്തത്തിൽ നിന്ന് പുറത്ത് കടക്കാൻ എന്താണു വഴി?

12 comments:

അശോക് കർത്താ said...

തീരെ നിവർത്തിയില്ലെങ്കിലെ സ്വകാര്യ ആശുപത്രി സംബന്ധമായ വാർത്തകൾ അപ്രധാനകോണിലെങ്കിലും വരു. കേരളത്തിലെ പ്രശസ്തമായ ഒരു സ്വകാര്യാശുപത്രിയിലെ ഐ.സിയിൽ കിടന്ന പതിനാലോളം പേർക്ക് ചിക്കൻ പോക്സ് ബാധിച്ചിട്ടും അത് വാർത്തയായില്ല.

Unknown said...

ഒരു ബ്ലോഗ് പത്രം തുടങ്ങാം. സത്യസന്ധമായ വാര്‍ത്തകള്‍ ഓരോരുത്തര്‍ക്കും ബ്ലോഗ് പത്രത്തില്‍ പോസ്റ്റ് ചെയ്യുകയോ കമന്റ് എഴുതുകയോ അല്ലെങ്കില്‍ അഡ്‌മിന് മെയില്‍ ചെയ്യുകയോ ചെയ്യാം. വാര്‍ത്താമൂല്യം ഉണ്ടെങ്കില്‍ മാധ്യമക്കാര്‍ ഏറ്റ്പിടിക്കാതിരിക്കില്ല.

അശോക് കർത്താ said...

നല്ല,കാര്യം സുകുമാരേട്ടാ. എന്റെ എല്ലാ സഹായങ്ങളും ഉണ്ടാകും.

വേണു venu said...

വാര്‍ത്തകള്‍ക്ക് പിന്നിലെ വാര്‍ത്തകള്‍ക്കുള്ളില്‍,
കലക്കവെള്ളത്തിലെ മീന്‍പിടുത്തം നടത്തിയാണ് വാര്‍ത്താ ഭീകരര്‍ ജീവിക്കുന്നത്. കൂലി എഴുത്തുകാരും പേനാചട്ടമ്പികളും ചേര്‍ന്ന് ഒരു ഭീകര വാര്‍ത്താ മാധ്യമം തന്നെ തുറന്നിട്ടിരിക്കുന്നു.

നിസ്സഹായന്‍ said...

നല്ല കാര്യം. വാര്‍ത്തകള്‍ തമസ്ക്കരിക്കപ്പെടാതെ കൈകാര്യം ചെയ്യപ്പടുമെങ്കില്‍ !

raj said...

ശരിയാണു. ചില മാധ്യമങ്ങൾ കച്ഛവടക്കണ്ണോടു കൂടി ചില നിന്ദ്യമായ പ്രചരണങ്ങൾ നടത്തുന്നുണ്ട്. മദ്ധ്യതിരുവിതാംകൂറിലെ 6 ജില്ലകളിൽ ഈ വർഷകാലത്ത് ചിക്കൻ ഗുനിയ വരാൻ സാധ്യതയുണ്ടന്ന് ഈയിടെ ചില മാധ്യമങ്ങളിൽ കണ്ടിരുന്നു.ഗൾഫിലെ മദ്ധ്യവേനൽ സ്കൂൾ അവധി സമയത്ത് നാട്ടിലേക്ക് പോകാനിരുന്ന എന്റെ കുടുംബം ആ വാർത്ത കണ്ടു ഭയന്ന് പോകുന്നില്ല എന്നു തീരുമാനിച്ഛു. കാരണം ഈ ചിക്കൻ ഗുനിയായെ ഒക്കെ പറ്റി അത്ര ബീഭത്സ്മായ ഒരു ചിത്രമാണു പ്രത്യേകിച്ഛും കുട്ടികൾക്കുള്ളത്. ഇത്ര കിറുകൃത്യമായി ഇതൊക്കെ പ്രവചിക്കാൻ കഴിയുന്നെങ്കിൽ അതിനുള്ള പ്രതി വിധി കൂടി കണ്ടു പിടിച്ഛു കൂടെ.പണ്ടൊക്കെ ഒരു രോഗം വന്നാൽ എന്താണു രോഗമെന്നു കണ്ടു പിടിക്കാൻ ചിലപ്പോൾ മൂന്നും നാലും ഡോക്റ്ററെ കാണേണ്ടിയിരുന്നു. എന്നിട്ട് അവസാനം ഒരു ഡോക്ടറുടെ കുറിപ്പും വാങ്ങി മെഡിക്കൽ കോളേജിലേക്ക്. ഇന്ന് അതിന്റെ ആവശ്യമില്ല. ഒരാൾക്ക് എന്ത് രോഗമാണു വരാൻ പോകുന്നതെന്ന് പോലും മനോരമ പത്രത്തിന്റെ ഓഫീസിലേക്കൊ, അല്ലെങ്കിൽ ഏഷ്യാനെറ്റ് ചാനലിലേക്കൊ വിളിച്ഛ് ചോദിച്ഛാൽ അറിയാൻ കഴിയും. അപ്പോ അത്രയൊക്കെ നമ്മുടെ കേരളം വളർന്നു പോയി. അക്ഷരക്കഷായത്തിന്റെ ഒക്കെ ലോകത്ത് വിരാജിക്കുന്ന നിങ്ങളൊക്കെ അതിനെ അനുമോദിക്കുകയല്ലെ വേണ്ടത്. ചുരുങ്ങിയ പക്ഷം ഇങ്ങനെ പാടുകയും ചെയ്തു കൂടെ.” എത്ര സുന്ദരം എന്റെ കേരളം”

ജിവി/JiVi said...

ബ്ലോഗ് വഴി ഒരു പനി സര്വേറൊര നടത്തിയാലോ ആഗസ്റ്റ് പകുതിയില്‍, ഓരോരുത്തരുടെയും കുടുംബത്തിലുണ്ടായ പനി, അതിന്റെ കാഠിന്യം ഒക്കെ അളന്ന് ഒരു മുഖ്യധാരാ മാദ്ധ്യമത്തിലൂടെ പ്രസിദ്ധീകരിക്കാനും ശ്രമിക്കാം. എനിക്ക് തന്നെ വേണെമെങ്കില്‍ ചെയ്യാം. എന്നാല്‍ കൂടുതല്‍ ആളുകള്‍ ശ്രദ്ധിക്കുന്ന മറ്റൊരു ബ്ലോഗിലൂടെ ചെയ്യണമെന്നാണ്‍ എന്റെ പോലും താല്പര്യം.

അശോക് കർത്താ said...

@ ജീവി
സ്വാഗതാർഹമായ ഒരു നിർദ്ദേശമാണു താങ്കൾ മുന്നോട്ട് വച്ചിരിക്കുന്നത്. മുന്നോട്ട് പോകണം. സഹകരണമുണ്ടാകും. പിന്നെ എതെങ്കിലും മുഖ്യധാരാ മാദ്ധ്യമം അത് പ്രസിദ്ധീകരിക്കും എന്ന് പ്രതീക്ഷിക്കണ്ട.

പാട്ടോളി, Paattoli said...

അല്ല ചെങ്ങാതീ,

നിങ്ങളെ ഈ വഴി കണ്ടത്
കഴിഞ്ഞ കാലവർഷത്തിലാണല്ലോ ?

ഇതെന്താ ഒരുമാതിരി
ചിക്കുൻഗുനിയാ പോലെ ????????

പറഞ്ഞതൊക്കെ കൊള്ളാം.
പക്ഷേ ഇടെക്കിടെ ഇതിലേ കാണണം !!

Retheesh said...

കര്‍ത്താ സാര്‍ ഏതുലോകത്താണ്? ഇതൊരു കൃത്രിമമായുള്ള ചാകര സൃഷ്ടിക്കലാണ്, അതാതു കാലങ്ങളില്‍ കോളേജ് പ്രവേശനം വരുമ്പോള്‍ സ്വാശ്രയക്കാര്‍ ചില മുടന്തന്‍ ന്യായങ്ങളുമായി വന്ന് അവരവരുടെ കോളേജുകള്‍ക്ക് ഒരു പബ്ലിസിറ്റി കൊടുക്കും, ഇലക്ഷന്‍ അടുക്കുമ്പോള്‍ നേതാക്കള്‍ വിവാദ വിഷയങ്ങള്‍ക്കു വേണ്ടി ചാനലുകാരുടെ അടുക്കളതെണ്ടും.
സുകുമാരേട്ടന്‍ പറഞ്ഞ കാര്യം ഒന്നു പരീക്ഷിക്കാവുന്നതാണ്.
ഇപ്പോള്‍ ഒരു പിന്നാമ്പുറ കഥകൂടി കേള്‍ക്കുന്നു, മത്സ്യത്തൊഴിലാളികളുടെ വലയില്‍ മീനൊന്നും കയറുന്നില്ല..കാര്യം ലവന്മാര്‍ ഇവറ്റകളെ മലയാള പത്രങ്ങളില്‍ പൊതിഞ്ഞു വില്‍ക്കുന്നതിലുള്ള പ്രധിഷേധമാണെന്ന്.

നിസ്സഹായന്‍ said...

നമ്മുടെ രാജ്യത്തെ,പ്രത്യേകിച്ച് കേരളത്തിലെ മാധ്യമപ്രവര്‍ത്തകരുടെ തൊണ്ണൂറ്റൊന്‍പതു ശതമാനവും യാതൊരു ആദര്‍ശനിഷ്ഠയും വിവരവും ഇല്ലാത്തവരാണെന്ന് അവരുമായി നേരിട്ട് ഇടപെടേണ്ടി വന്ന രണ്ടുമൂന്ന് സന്ദര്‍ഭങ്ങളില്‍ നേരിട്ട് ബോദ്ധ്യപ്പട്ട കാര്യമാണ്. പണം, മദ്യം, പെണ്ണ് ഇങ്ങനെ എന്തിനും വിധേയരാകാന്‍ തയ്യാറുള്ള ഇതുപോലത്തെ ഒരു വൃത്തികെട്ട വര്‍ഗ്ഗം പടച്ചുവിടുന്ന വാര്‍ത്തകളും അറിവുകളും നമ്മെ കാര്യമായി സ്വാധീനിക്കുകയും നമ്മുടെ ധാരണയേയും ചിന്തകളേയും പ്രവര്‍ത്തിയേയും സാരമായി വഴി തെറ്റിക്കുകയും ചെയ്യുന്നുണ്ട്. കാര്യമായി ഭേദപ്പെട്ട നിലവാരം ദേശാഭിമാനിയുടേയും മാധ്യമത്തിന്റെയും പത്രപ്രവര്‍ത്തകര്‍ക്കാണെന്നത് അനുഭത്തില്‍ നേരിട്ടു ബോദ്ധ്യപ്പെട്ട കാര്യമായതിനാല്‍ പേരെടുത്തു പറയുകയാണ്.(ഒരു പക്ഷേ അവര്‍ രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കുന്നുണ്ടാകും എങ്കിലും) . ഏറ്റവും നീചന്മാരും വിവരം കെട്ടവരും ചാനല്‍ പ്രവര്‍ത്തകരാണ്. ഇരുവരിലേയും യുവതലമുറയാണ് എല്ലാക്കാര്യത്തിലും പോക്കുകേസ്.

അശോക് കർത്താ said...

പകർച്ചപ്പനിയുടെ കാര്യത്തിൽ നമ്മുടെ മാദ്ധ്യമ മുതലാളിമാർക്കുള്ള താല്പര്യത്തിന്റെ കാരണമറിയാൻ ഈ ലിങ്കിൽ ഞെക്കുക...


WHO scandal exposed: Advisors received kickbacks from H1N1 vaccine manufacturers
http://www.washingtonpost.com/wp-dy...