Monday, October 13, 2014

ഇരട്ടവാലുള്ള പൂച്ച

കെട്ടുകഥകളിൽ വിശ്വസിച്ച് യഥാർത്ഥ ജീവിതം കാണാതെ പോകുന്നവരെക്കുറിച്ച് കെങ്കോ സന്യാസി പറയുന്നതാണു ഇരട്ടവാലുള്ള പൂച്ചയുടെ.കഥ......

പർവ്വതങ്ങളുടെ നിഗൂഢസ്ഥാനങ്ങളിൽ ഇരട്ടവാലുകളുള്ള ഭീകരപൂച്ചകൾ പാർക്കുന്നുണ്ടെന്നു പറയുന്നു.... പിശാചുകൾ രൂപാന്തരം പ്രാപിച്ചാണു അവയുണ്ടാകുന്നതെന്നാ‍ണു കേട്ടിട്ടുള്ളതു. ഏതോ കുസൃതികൾ പ്രചരിപ്പിച്ച ഒരു കഥയാണു. ഒരുപാടുപേർ അതു വിശ്വസിച്ചു. യോഗാൻ ആശ്രമത്തിലെ ഒരു ഭിക്ഷുവും അതു ശരിയാണെന്നു വിചാരിച്ചിരുന്നവരുടെ കൂട്ടത്തിൽ ഒരിക്കലുണ്ടായിരുന്നു. അവ മനുഷ്യരെപ്പിടിച്ചു തിന്നുമെന്നു ഓർത്തു അദ്ദേഹം ഭയപ്പെട്ടു. അത്തരം പൂച്ചകളെപ്പേടിച്ചു രാത്രികാലങ്ങളിൾ അദ്ദേഹം യാത്രകൾ ചെയ്തില്ല. അങ്ങനെ ഒരുപാട് നിലാവും, സുഗന്ധപൂർണ്ണമായ കാറ്റും അദ്ദേഹത്തിനു നഷ്ടമായി. കെട്ടുകഥയിലുള്ള വിശ്വാസം കൊണ്ട് തത്ത്വജ്ഞാനമൊക്കെ മറന്നു.

അങ്ങനെയിരിക്കുമ്പോൾ ഒരുദിവസം ഒരു യാത്രകഴിഞ്ഞ് രാ‍ത്രിയിൽ അദ്ദേഹത്തിനു മടങ്ങേണ്ടിവന്നു. ഒരു നദി കടന്നുവേണം ആശ്രമത്തിലെത്താൻ. ഇരട്ടവാലൻ പൂച്ചയെക്കുറിച്ച് ആലോചിച്ചു കൊണ്ട് അദ്ദേഹം നദിക്കരയിലെത്തി. വീട്ടിൽ വളരുന്ന പൂച്ചകളും ചിലപ്പോൾ പ്രായംകൂടുമ്പോൾ ഇങ്ങനെ രണ്ടുവാലൻ സത്വമായി മാറുമെന്നു ആരോ കഥയിൽ കൂട്ടിച്ചേർത്തതു അദ്ദേഹമപ്പോൾ ഓർത്തു. ഭിക്ഷുവിനു ഭയമിരട്ടിയായി. അപ്പോഴാണു ദൂരത്തു ആ കാഴ്ച കണ്ടതു. ഒരു സത്വം നദി നീന്തിക്കടന്നു വരുന്നു. അതു ഇരട്ടവാലൻ പൂച്ചയാണെന്നു ഭിക്ഷു ഉറപ്പിച്ചു. കരയ്ക്കുകയറി അതു ഭിക്ഷുവിന്റെ നേർക്ക് ചാടി. നിലവിളിച്ചുകൊണ്ട് ഭിക്ഷു ബോധരഹിതനായി വീണു.

ഓടിയെത്തിയ നാട്ടുകാർ കണ്ടതു ബോധംകെട്ടുകിടക്കുന്ന ഭിക്ഷുവിന്റെ അടുത്തിരിക്കുന്ന അദ്ദേഹത്തിന്റെ വളർത്തു നായയേയാണു. അതു ആകെ നനഞ്ഞിരുന്നു. അക്കരെ നിന്നു യജമാനനെക്കണ്ട് സന്തോഷം കൊണ്ടതു നദിനീന്തി വന്നതായിരുന്നു. ഇരട്ടവാലുള്ള പൂച്ചയുടെ കഥ അതിനറിയില്ലാത്തതുകൊണ്ട് തന്നെക്കണ്ട് യജമാനൻ ഭയപ്പെടുമെന്നു അതു വിചാരിച്ചില്ല. ആളുകൾ വെള്ളം തളിച്ച് സന്യാസിയെ ഉണർത്തി അടുത്തിരുന്ന നായയെ കാണിച്ചുകൊടുത്തപ്പോഴാണു ഭിക്ഷുവിനു കാര്യം ബോദ്ധ്യമായതു. ഇതുവരെ താൻ തേടിയ ഇരട്ടവാലൻ പൂച്ച ആരോ പറഞ്ഞതുകേട്ട് തന്റെ മനസ് സങ്കല്പിച്ച ഇല്ലാത്ത ഒരു ജന്തുവാണെന്നു ഓർത്തപ്പോൾ അദ്ദേഹം ലജ്ജിച്ചു. ആരെങ്കിലും പറയുന്നതു കേട്ട് അനുഭവത്തെ മറന്നു വിശ്വസിച്ചാൽ നമുക്കു നഷ്ടപ്പെടുന്നതു യഥാർത്ഥ ജിവിതമാണു. ഈ ആയുസ്സിൽ അങ്ങനെ നഷ്ടപ്പെട്ടവ എത്രയുണ്ടാകുമെന്നു ആലോചിച്ചാൽ തന്നെ ഇനിയുള്ളതെങ്കിലും അനുഭവിക്കാം.

ചുറ്റും പരക്കുന്ന ഓരോരോ കഥകൾ കേൾക്കുമ്പോഴും മനസിനോട് ‘ഫൂളാക്കല്ലെ’ എന്നു പറഞ്ഞാൽ യോഗാനിലെ സന്യാസിയേപ്പോലെ ലജ്ജിതനാവേണ്ടി വരില്ല. പ്രകൃതിയുടെ നെറ്റിൽ നമ്മുടെ ജീവിതമുണ്ട്. അതു സെർച്ച് ചെയ്യുക.

Friday, October 10, 2014

മമ്മൂട്ടിക്കൊരു ഡോക്ടർ ചലഞ്ച്

കുഞ്ഞുങ്ങൾക്ക് ഭക്ഷണം പാകം ചെയ്തു നല്കാനാകാത്തവർ അമ്മമാരാകണ്ടെന്നു മമ്മൂട്ടി. സൌജന്യ കാൻ‌സർ ചികിത്സയ്ക്കുള്ള ‘സുകൃതം’ പദ്ധതി ഉത്ഘാടനം ചെയ്തുകൊണ്ട് മമ്മൂട്ടി പറഞ്ഞു. ജീവിത ശൈലികൊണ്ടുണ്ടാകുന്ന ഒരു പ്രധാനരോഗമാണു കാൻസർ. ടിൻ‌ / ഫാസ്റ്റ് ഫുഡുകൾ അതിനു ഇടയാക്കുന്നു. അതൊഴിവാക്കാനാണു അഭ്യർത്ഥന.

സൂക്ഷ്മമായി ചിന്തിച്ചാൽ ഇതു സ്ത്രീകളുടെ അവകാശത്തിനു നേരെയുള്ള കടന്നുകയറ്റമായി കണ്ടുകൂടെ. പുരുഷമേധിവിത്വപരമായ, പാരമ്പര്യ കുടുംബസംവിധാനത്തിലാണു കുട്ടിക്കു ഭക്ഷണം കൊടുക്കണ്ട ചുമതല അമ്മയ്ക്കുള്ളതു. കാലം മാറി. സ്വന്തമായി തൊഴിലെടുത്തു വ്യക്തിത്വത്തോടെ ജീവിക്കുന്നവരാണു ഇന്നു സ്ത്രീകൾ. കുട്ടികളുടെ ഭക്ഷണം കൂട്ടുത്തരവാദിത്തോടെ ചെയ്യണം. അതിനു കഴിയാത്ത പുരുഷന്മാർ കല്യാണം കഴിക്കരുതെന്നല്ലേ പറയേണ്ടിയിരുന്നതു? പകരം പാപ്പം കൊടുക്കാൻ വയ്യാത്ത സ്ത്രീകൾ പ്രസവിക്കണ്ട എന്നു പറയുന്നതു ശരിയാണോ?

കടയിൽ നിന്നും പാപ്പം വാങ്ങിക്കൊടുക്കുന്നതിലും അപകടകരമായ ഒരു കാര്യം  പ്രസവസമയത്തു നടക്കുന്നതു മമ്മൂട്ടിയുടെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നു തോന്നുന്നു. പ്രസവം കഴിയുമ്പോൾ ഡോക്ടറന്മാർ നവജാത ശിശുക്കളുടെ ഭക്ഷണകാര്യത്തിൽ നടത്തുന്ന ഒരു ശൈലീകരണമുണ്ട്. കുട്ടികൾക്ക് മുലപ്പാൽ കൊടുക്കാമെന്നൊക്കെ പറയും. പക്ഷെ സിസേറിയന്റെയോ അതുപോലുള്ള മാനേജുമെന്റിന്റേയോ ഭാഗമായി മിക്ക അമ്മമാർക്കും പാൽ ചുരത്താൻ കഴിയാറില്ല. അപ്പോൾ ഡോക്ടർ നിർദ്ദേശിക്കുന്ന ടിൻ‌ഫുഡുണ്ട്. മിക്ക കുഞ്ഞുങ്ങളും നാവിലാദ്യം നുണയുന്നതു അതാണു. തുടർന്നും അതു തന്നെ കൊടുക്കുന്നതാണു ആരോഗ്യപ്രദം എന്നും അവർ നിർദ്ദേശിക്കും. 0-3 വയസ്സുവരെ സ്റ്റാൻഡാർഡൈസു ചെയ്ത കമ്പനി ഭക്ഷണം മാർക്കറ്റിൽ ലഭ്യമാണു. അതു കഴിഞ്ഞാൽ ഹെൽത്തുഫുഡുകൾ. ഈ കൃത്രിമഭക്ഷണങ്ങളിൽ എല്ലാ പോഷകമൂല്യങ്ങളും അടങ്ങിയിട്ടുണ്ടെന്നു വിശ്വസിപ്പിച്ചാണു അതു തന്നെ കൊടുക്കാൻ പ്രേരിപ്പിക്കുന്നതു. ടിൻ‌ഫുഡ് കൊടുക്കുന്നതു സൌകര്യപ്രദമായതു കൊണ്ട് അമ്മമാർ അതിൽ വീഴും. അവർക്ക് കുഞ്ഞല്ലാതെ വേറെ പണിയുണ്ടല്ലോ. അതിനിടയിൽ നാടൻ ഭക്ഷണങ്ങൾ തയ്യാറാക്കാൻ പോകുന്നതു എന്തൊരു ബോറാണു. മിക്കവർക്കും അതൊന്നും ഉണ്ടാക്കാനുമറിയില്ല. അതുകൊണ്ട് സൊല്ലയില്ലാത്ത പാക്കഡ് ഫുഡിലേക്കു മാറും. അഡിക്റ്റീവായുള്ള എന്തെങ്കിലും അതിൽ ഉൾപ്പെട്ടിട്ടുള്ളതുകൊണ്ടാണോ എന്നറിയില്ല കുഞ്ഞുങ്ങൾക്കും അതാണു പ്രിയം. തുടക്കത്തിൽ തന്നെ ശൈലീകരിക്കപ്പെടുന്ന കുഞ്ഞുങ്ങൾ പിന്നീടും സമാന ഭക്ഷണം ആവശ്യപ്പെട്ടാൽ അവരെ കുറ്റം പറയാൻ പറ്റുമോ? അതു വാങ്ങിക്കൊടുക്കുന്ന അമ്മമാരെ കുറ്റം പറയാമോ? മമ്മൂട്ടി പറഞ്ഞെന്നു വച്ച് അവരങ്ങ് മാറിപ്പോകുമോ?

കുട്ടികളുടെ അവകാശങ്ങൾക്ക് രണ്ട് നോബൽ സമ്മാനം ലഭിച്ച ഈ സമയത്തു മമ്മൂട്ടി ചെയ്യേണ്ടതു നവജാതശിശുക്കളുടെ അവകാശം സംരക്ഷിക്കാൻ ഇറങ്ങിപ്പുറപ്പെടുകയാണു. അവർക്ക് മുലപ്പാലും സ്വാഭാവിക ഭക്ഷണവും ഉറപ്പാക്കാൻ പ്രചരണം നടത്തണം. അതിനു അദ്ദേഹം ചെയർമാനായിരിക്കുന്ന ചാനലിൽ ദിവസേന ഒരു സ്ലോട്ടിടാൻ തയ്യാറാകുമോ? പൊതുജനഹിതാർത്ഥായം എന്നു പറഞ്ഞുകൊണ്ട്?

വേറൊന്നുള്ളതു മെഡിക്കൽ വ്യവസായത്തിൽ നവജാത ശിശുക്കൾ ചൂഷണം ചെയ്യപ്പെടുന്നതിനെതിരേ ശക്തമായ ഒരു ഡോക്ടർ കഥാപാത്രത്തെ സിനിമയിലൂടെ അവതരിപ്പിക്കണം. ആശുപത്രിവ്യവസായത്തെ പൊളിച്ചു കാട്ടുന്ന, ഗൈനക്കുകളുടേയും, പീഡിയാട്രീഷന്മാരുടേയും ഒത്തുകളി തുറന്നു പറയുന്ന ഒരു ശക്തനായ മമ്മൂട്ടി ഡോക്ടർ. തയ്യാറുണ്ടോ? കഥ വേണമെങ്കിൽ പറഞ്ഞു തരാം. കഴിവുള്ളവരെക്കൊണ്ട് തിരക്കഥയെഴുതിച്ചു സംവിധാനം ചെയ്താൽ മതി. മമ്മൂക്കാ തയ്യാറായാൽ നിർമ്മാതാക്കൾ, പന്തളത്തു നെല്ലുണ്ടെന്നറിഞ്ഞാൽ പത്തനാപുരത്തു നിന്നും എലി വരുമെന്നു പറയുന്നപോലെ വരും.

ഈ ഡോക്ടർ ചലഞ്ച് ഏറ്റെടുക്കാൻ മമ്മൂക്കാ തയ്യാറുണ്ടോ?

Thursday, October 9, 2014

മരണാനന്തര ജീവിതമെന്ന കച്ചവടം

മരണാനന്തര ജീവിതമുണ്ടോ? ഉണ്ടെന്നാണു മതങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നതു. അതിന്റെ പേരിലാണു അവരുടെ കച്ചവടവും. ഇപ്പോഴിതാ ശാസ്ത്രിമാരും ആ ലോകത്തിലേക്ക്......

ഒരു സൌത്താമ്പ്ടൻ (UK) പഠനത്തിലാണു പൂച്ച പുറത്തുചാടിയതു. പഠനമെന്നു പറഞ്ഞാൽ പതിവ് ഉഡായിപ്പു തന്നെ. ശാസ്ത്രികൾ പ്ലാൻ ചെയ്ത ഒരു ഫ്രെയിമിൽ അവർ ഉദ്ദേശിച്ച ഉത്തരം കണ്ടെത്താൻ നടത്തുന്ന സ്ഥിരം ഗവേഷണം. 2008ലാണു സംഭവം തുടങ്ങിയതു. ഹൃദയസ്തംഭനമുണ്ടായ 2060 പേരെ നിരീക്ഷിച്ചു. ജൈവമരണത്തിനു തുല്യമായ ഹൃദയസ്തംഭനങ്ങളായിരുന്നു അവ എന്നാണു ശാസ്ത്രികൾ പറയുന്നതു. അവരിൽ നിന്നും മിനുറ്റുകൾ നീണ്ടുനിന്ന മരണാനന്തര ജീവിതം ശാസ്ത്രജ്ഞന്മാർ കണ്ടുപിടിച്ചു പേപ്പറാക്കി. ഇനി നോബൽ സമ്മാനം കൊടുക്കാം.

ഈ വാർത്തയ്ക്ക് ലഭിച്ച സ്വീകാര്യതയാണു എന്നെ അത്ഭുതപ്പെടുത്തുന്നതു. ആയുർവ്വേദം മരണാനന്തര ജീവിതത്തേക്കുറിച്ചു നടത്തിയിട്ടുള്ള പഠനങ്ങൾക്കിടയിൽ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞ കടലാസിന്റെ വിലപോലുമില്ലാത്ത ഒരു പഠനം. അതു ആധുനികർ നടത്തിയപ്പോൾ ശാസ്ത്രമായി. സയൻസ് ജേണലുകൾ പ്രസിദ്ധീകരിക്കുന്നു. ശാസ്ത്രബോധമുണ്ടെന്നു അഭിമാനിക്കുന്ന ജനം സ്വാഗതം ചെയ്യുന്നു.

ശരിക്കൊന്നാലോചിച്ചാൽ ഇതൊരു ശാസ്ത്ര ചിന്തയാണോ? അതോ മതങ്ങളെ രക്ഷപ്പെടുത്താനുള്ള കൂട്ടുകച്ചവടമാണോ? ഒത്തുകളി. ഇനി മതങ്ങൾക്ക് പറയാമല്ലോ മരണാനന്തര ജീവിതമുണ്ടെന്നു ശാസ്ത്രം പോലും പറഞ്ഞിരിക്കുന്നു. ഞങ്ങൾ ഇതു പണ്ടേ പറഞ്ഞതാണു. ജാഗ്രതൈ. എല്ലാവരും മതത്തിലേക്ക് പോന്നോളിൻ. ഇല്ലെങ്കിൽ അന്ത്യവിധിനാളിലെ കാര്യമറിയാമല്ലോ!

സ്വാഗതം ചെയത ജനവും ആശ്വസിക്കുകയാകും. ശാസ്ത്രമെന്നൊക്കെ പുറമേ പറഞ്ഞാലും ഉള്ളിൽ ഒരു ശങ്കയുണ്ട്. ഇനി ദൈവമെങ്ങാനുമുണ്ടോ? മരണാനന്തര ജീവിതം ഉണ്ടാകുമോ? ഇതിപ്പോൾ അങ്ങോട്ട് ചാടാൻ ശാസ്ത്രികൾ ഒരു വള്ളിയിട്ടു കൊടുത്തു. ഈ ഗവേഷണത്തിന്റെ കച്ചവടമെന്താണെന്നു കാത്തിരുന്നു കാണാം.

Sunday, October 5, 2014

വിവാദ ജീൻസ്

വസ്ത്രം തെരെഞ്ഞെടുക്കുന്ന കാര്യത്തിൽ എന്താണു മലയാളിയെ നയിക്കുന്നതു? ആരോഗ്യപരമായ വസ്ത്രധാരണരീതിയാണു ഉദ്ദേശമെങ്കിൽ വെള്ളമുണ്ടും വെള്ള മേൽ‌വസ്ത്രവും മതിയാകും. ഈ ട്രോപ്പിക്കൽ കാലാവസ്ഥയിൽ അതാണു ഉചിതവും. ആവശ്യത്തിനു വായുസഞ്ചാരം. ഇറുക്കത്തിനനുസരിച്ച് അയക്കാൻ കഴിയുന്ന അരച്ചുറ്റ്. വിയർപ്പുതുടയ്ക്കാനും നെഞ്ചു തണുപ്പിക്കാനും സൌകര്യം. പക്ഷെ നമ്മുടെ ചിന്തകളെ സ്വാധീനിക്കുന്നതു അതൊന്നുമല്ല. ഭംഗി, ഫാഷൻ, വിലകൾ. സെലിബ്രിട്ടികളുടെ തിരഞ്ഞെടുക്കലൊക്കെയാണു. വ്യത്യസ്ഥതയ്ക്കു വേണ്ടിയാണെന്നൊക്കെ പറയുമെങ്കിലും അതിനുള്ള എന്തു യോഗ്യത അതു ധരിക്കുന്നവർക്കുണ്ട് എന്നാരും ആലോചിക്കാറില്ല. മറ്റുള്ളവർ ധരിക്കുന്നതു നാം കടമെടുക്കുന്നു. അതിന്റെ ശാസ്ത്രീയതയോ, സാമൂഹികപ്രസക്തിയോ നാം ചിന്തിക്കാറില്ല. അന്യന്റെ വസ്ത്രത്തിലാണു നമ്മുടെ കണ്ണ്. അങ്ങനെയാണു സാരിയും, ചൂരിദാറും, ട്രൌസറുകളും കേരളത്തിലേക്ക് കടന്നുവന്നതു. അതു ധരിക്കാനുള്ള ന്യായങ്ങൾ നാം പിന്നീടുണ്ടാക്കി. ട്രൌസറാണെങ്കിൽ ദിവസവും നനയ്ക്കണ്ട. ചൂരിദാർ യാത്രക്ക് സൌകര്യം. സാരിയുടുത്താൽ ശ്വാസം മുട്ടും. പക്ഷെ ആഘോഷങ്ങളിൽ പങ്കെടുക്കുമ്പോൾ ഇതൊന്നുമില്ല. അപ്പോൾ എല്ലാവർക്കും ട്രഡീഷനലാവണം. ജീൻസായാലും ട്രൌസറായാലും നനക്കാതെ ഉപയോഗിക്കാം എന്നു ശുചിത്വത്തിൽ ഏറെ ശുഷ്കാന്തിയുള്ള മലയാളി പറയുമ്പോൾ അതിൽ‌പ്പരം ഹിപ്പോക്രസി വേറെ എന്തുണ്ട്? ഈ ചൂടിൽ ദിവസവും നനച്ചുണക്കാതെ വസ്ത്രങ്ങൾ ധരിക്കുന്നവനു എന്തു ശാസ്ത്രബോധം?

ഇങ്ങനെയുള്ള വരത്തന്റെ വസ്ത്രങ്ങളിലാണു മലയാളിക്ക് കമ്പമെങ്കിൽ അതു നടക്കട്ടെ. സ്വന്തമായ ഭക്ഷണശീലം നശിപ്പിച്ചവനാണു മലയാളി. പിന്നെ വസ്ത്രത്തിന്റെ കാര്യത്തിൽ എന്തിനു ഒരു നിർബ്ബന്ധം. അന്നത്തേക്കാൾ വലുതല്ലല്ലോ‍ വസ്ത്രം. ഇതാണു പറയുന്നതു മയാളിക്ക് വിദ്യാഭ്യാസമുണ്ട്. പക്ഷെ വിവരമില്ല. ആശകൊണ്ട് പുതുമുറ വസ്ത്രങ്ങൾ ധരിക്കട്ടെ. പക്ഷെ അതിൽ മിനിമം ഔചിത്യമെങ്കിലും കാണിക്കാറുണ്ടോ, അതുമില്ല.

ഇപ്പോൾ സ്ത്രീകളുടെ ജീൻസു വിവാദമായിരിക്കുകയാണല്ലോ. അതിനുള്ള ന്യായം അതു ധരിക്കുന്നതു സുരക്ഷയെ പ്രതിയാണെന്നാണു. ജീൻസ് ഊരിയെടുക്കാൻ പ്രയാസമായതുകൊണ്ട് സ്ത്രീ ബലാത്സംഗം ചെയ്യപ്പെടില്ലത്രെ. ശരിയായിരിക്കാം. എങ്കിൽ അതു അതിന്റെ രീതിയിൽ ധരിക്കണം. ശരീരം മറച്ച്, ലോങ്ങ്ഷർട്ടിട്ട് ഒക്കെ. ഇപ്പോഴങ്ങനെയാണൊ? ഇതിപ്പോൾ Low rise Jeans ഉം Short shirt ഉമാണു മിക്കവരുടേയും ചോയിസ്. അതു ബീഭത്സമാണെന്നു പറയാതെ നിവർത്തിയില്ല. കേരളത്തിലെ ഒരുമാതിരിപ്പെട്ട പെണ്ണിന്റേയും ആണിന്റേയും ശരീരം പരമ ബോറാണു. അളവോ അഴകോ ഇല്ലാത്ത, മാംസക്കഷണങ്ങൾ തൂങ്ങിക്കിടക്കുന്ന, വയറുന്തിയ, ചുളിവുകളും പാടുകളും വീണ, മടക്കുകളിൽ അഴുക്കുപിടിച്ച താണു മിക്ക ഉടലുകളും. അവയൊക്കെ പ്രദർശിപ്പിച്ചാൽ അറപ്പാണു തോന്നുന്നുക. ബർമുഡയും ഷോർട്ട് ഷർട്ടുമിട്ടു നടക്കുന്ന ആണുങ്ങളെ കണ്ടാലും ഇങ്ങനെ തന്നെ. കാർക്കിച്ചു തുപ്പും. പലരുമതു കാഷ്വൽ മാറ്റി ഒഫീഷ്യൽ പോലുമാക്കാറുണ്ട്. അതുപോലെ വേറൊരു കൂട്ടരാണു കക്ഷം മിനുക്കാതെ സ്ലീവ്‌ലസ്സ് ഇടുന്ന സ്ത്രീകൾ. വളരെ ശ്രദ്ധിച്ചില്ലെങ്കിൽ ഉച്ചയാകുന്നതിനു മുൻപേ മിക്ക മലയാളിയുടെ കക്ഷത്തിലും ഗുളിക ഉരുട്ടാവുന്ന പരുവത്തിൽ മെഴുക്ക് അടിയും. പിന്നെ അതും കാണിച്ചുകൊണ്ടാണു സ്ലീവ്‌ലെസ്സുകളുടെ ഊരുചുറ്റൽ.. ഉറപ്പില്ലാത്ത തുടകളും, അഴകില്ലാത്ത കൈകളും വേറെ വൈകൃതങ്ങൾ. വസ്ത്രം തിരഞ്ഞെടുക്കുന്നതിനു മുൻപ് മലയാളി സ്വന്തം ശരീരത്തെ ഒന്നു പഠിക്കണം.

2Kയോടെ Low rise Jeans ലോകമെമ്പാടും ഫാഷനായി. മുകൾഭാഗം അരഞ്ഞാണമിടുന്ന ഭാഗം വരെ എത്തുന്നതരം ജീൻസുകളാണവ. ഷിമിസോ ബനിയനോ ഇടാതെ Low rise Jeans ധരിച്ചാൽ മിക്കവരുടേയും അടിവസ്ത്രം പുറത്തുകാണും. Low rise Jeansനൊപ്പം പുതിയൊരു സൌന്ദര്യസങ്കല്പവുമുണ്ടായി. Attraction of buttock cleavage. അതിനു മുൻപുവരെ മാറിടത്തിന്റെ വിടവായിരുന്നു ആകർഷണം. കമ്പനികൾ മാർക്കറ്റിങ്ങിനു ഉപയോഗിച്ച ഒരു തന്ത്രമാണു പിൻ‌ഭാഗവിടവ്. ഫോട്ടോഗ്രാഫുകളിലും, പെയിന്റിങ്ങുകളിലും മനോഹരമായി ചിത്രീകരിച്ചിട്ടുള്ള ഒരു സങ്കല്പമായിരുന്നെങ്കിലും പൊതുസമൂഹത്തിൽ അതുണർത്തിയതു കൂടുതലും ജുഗുപ്സയായിരുന്നു. അഴുക്കുപറ്റി തുറന്നുവയ്ക്കുന്ന നാപ്പികളെ അതോർമ്മപ്പെടുത്തി. Low rise Jeans ഹൈലൈറ്റ് ചെയ്യുന്നതു മനുഷ്യന്റെ പിൻ‌ഭാഗമാകുമ്പോൾ അതു സൌന്ദര്യത്തേക്കാൾ വിസർജ്ജനത്തെ ഓർമ്മപ്പെടുത്തുന്നതു സ്വാഭാവികം. കേരളത്തിലുമിപ്പോൾ Low rise Jeans ആണു ട്രെൻഡ്. ഷേപ്പില്ലാത്ത പുക്കിളും ചാടിയ വയറുമുള്ള മലയാളി അതു ധരിക്കുമ്പോഴുള്ള വൈകൃതം പറഞ്ഞറിയിക്കാൻ വയ്യ.

Wednesday, October 1, 2014

ശാസ്ത്ര ഫാഷിസം

ഇന്നത്തെപ്പോലെ ദൃശ്യപ്രപഞ്ചത്തെക്കുറിച്ച് പഠിക്കുന്ന ഒരു രീതി പൌരാണികർക്ക് ഇല്ലായിരുന്നു എന്നാണു ആധുനികരായ പലരും ധരിച്ചു വച്ചിരിക്കുന്നതു. അതു അക്കാലത്തെ ഭൌതികജീവിതത്തെക്കുറിച്ചു ആഴത്തിൽ പഠിക്കാത്തതു കൊണ്ടാണു. പൌരാണികരുടെ ജീവിതത്തിൽ നിന്നും ഇന്നിലേക്ക് തുറിച്ചുനിൽക്കുന്ന എത്രയോ നിർമ്മിതികൾ, ഉപകരണങ്ങൾ, ഔഷധങ്ങൾ, ജീവിതരീതികൾ ഒക്കെയുണ്ട്. ആധുനികർ അതൊന്നും ശ്രദ്ധിക്കാതെയാണു ഈ അബദ്ധമൊക്കെ എഴുന്നള്ളിക്കുന്നതു.

ഇപ്പോഴത്തെ ശാസ്ത്രത്തിന്റെ സിദ്ധാന്തങ്ങൾ കൊണ്ടും ടൂളുകൾകൊണ്ടും പ്രാചീനരുടെ ശാസ്ത്രത്തെ അപഗ്രഥിക്കാനാവുന്നില്ല എന്നതാകും അവർ നേരിടുന്ന പ്രതിസന്ധി. ആ വീക്ഷണത്തിൽ നോക്കുമ്പോൾ ആധുനികശാസ്ത്രം വളരെ പ്രിമിറ്റീവ് ആണെന്നു പറയേണ്ടി വരും. തങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയാത്തതിനെ അവഗണിക്കുന്നതാണു ആധുനികന്റെ രീതി. അങ്ങനെ ചെയ്യുന്നതു ശാസ്ത്രമല്ല. വെറും ഈഗോയിസം.

ഇതേ ഈഗോയിസ്റ്റുകൾ തന്നെ പൌരാണികതയുടെ ആ എടുപ്പുകളെ ആന്റിക് മൂല്യത്തോടെ ആസ്വദിക്കുകയും ചെയ്യുന്നു. അതിന്റെ പിന്നിൽ ഒരു ശാസ്ത്രമുണ്ടെന്നു അവർ വിശ്വസിക്കുന്നില്ല. അതിനു കഴിയാത്തവിധം അശാസ്ത്രീയമാണു അവരുടെ മനസ്സ്. ആധുനികവിദ്യാഭ്യാസമാണു അതിനു ഉത്തരവാദി. ശാസ്ത്രപഠനം ഇപ്പോൾ ഒരു അന്ധവിശ്വാസമാണു. തൊഴിലിനു വേണ്ടി മാത്രമാണു ശാസ്ത്രപഠനം. അതു കൊണ്ടുതന്നെ ഇന്നത്തെ ശാസ്ത്രപുസ്തകത്തിൽ രേഖപ്പെടുത്താതൊന്നും ശാസ്ത്രമല്ലെന്നു അവർ ശഠിക്കുന്നു. ഈജിപ്ഷ്യൻ മമ്മികളായാലും ദില്ലിയിലെ തുരുമ്പെടുക്കാത്ത സ്തൂപമായാലും അവർക്ക് അതൊക്കെ വെറും പുരാവസ്തുക്കൾ മാത്രം. അറിവില്ലാത്തവർ എങ്ങനെയൊക്കയോ തട്ടിക്കൂടി വച്ചതു. അതിന്റെ ശാസ്ത്രീയതയൊന്നും അന്വേഷിക്കേണ്ട കാര്യമില്ല എന്നവർ ‘വിശ്വസിക്കുന്നു’. എന്തെങ്കിലും അന്വേഷണം നടത്തിയാൽ, അതു വെളിവാക്കുന്ന അറിവുകൾ തങ്ങളുടെ ശാസ്ത്രത്തെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുമോ എന്നുമവർ ഭയപ്പെടുന്നു. അതുകൊണ്ടാണു ഇതിന്റെയൊക്കെ പിന്നിലൊരു ശാസ്ത്രമുണ്ടെന്നു പറയുന്നവരെ പരിഹസിച്ചും അവഗണിച്ചും അകറ്റി നിർത്തുന്നതു. അതൊരു തരം പുതിയ ഫാഷിസമാണു. ശാസ്ത്ര ഫാഷിസം.

ഇന്ത്യൻ ശാസ്ത്രത്തെ ആത്മീയതയുടെ തിരശീലയിലയ്ക്ക് പിന്നിലേക്ക് തള്ളിയതിൽ വിവേകാനന്ദസ്വാമിയുടെ പ്രഭാഷണങ്ങൾക്കു ചെറുതല്ലാത്ത പങ്കുണ്ട്. ഇന്ത്യയുടെ സമ്പത്തു ആത്മീയത മാത്രമാണെന്ന ധാരണപരക്കത്തക്കവിധമായിരുന്നു സ്വാമിജിയുടെ പ്രഭാഷണങ്ങൾ. അതൊരുപക്ഷെ ആ കാലഘട്ടത്തിന്റെ ആവശ്യമായിരുന്നിരിക്കാം. കൂപ്പുകുത്തുന്ന ഇന്ത്യൻ ആത്മാഭിമാനത്തെ ഉയർത്തിപ്പിടിക്കാൻ കണ്ടെത്തിയ വഴിയാകണം പാശ്ചാത്യനു അപ്രാപ്യമായ ഇന്ത്യൻ ആത്മീയത. പക്ഷെ അതു വലിയ അപകടമുണ്ടാക്കി. ഭൌതികമായുള്ളതെല്ലാം ഭാരതത്തിനു വെളിയിലാണു. ഭൌതികവളർച്ചയ്ക്ക് അതു സ്വീകരിക്കണം. ഇതുവരെ തുടർന്നു വന്ന ശാസ്ത്രവും സാങ്കേതികവിദ്യയും തള്ളിക്കളയണം. ഇന്ത്യൻ ശാസ്ത്രം അന്ധവിശ്വാസവും ആത്മീയതയുടെ സേവകനും മാത്രമാണെന്നൊരു ധാരണ പരക്കാൻ അതിടയാക്കി. എന്നാൽ അപ്പോഴും കോസ്മറ്റിക് സർജ്ജറിപോലുള്ള അത്യാധുനിക ശാസ്ത്രീയാഭ്യാസങ്ങൾ ഇന്ത്യയിൽ നിലനില്പുണ്ടായിരുന്നു. വിവേകാനന്ദസ്വാമികളുടെ വാക്കുകൾ ഇന്ത്യൻ ശാസ്ത്രത്തെ അവജ്ഞയോടെ കാണുവാൻ ഇടയാക്കി. തുടർന്നു വന്ന ഇന്ത്യൻ സന്യാസസമൂഹങ്ങളും സ്വാമിജിയുടെ വാക്കുകളെയാണു പിന്തുടർന്നതു. അതുകൊണ്ട് എന്തു സംഭവിച്ചു. ഇന്ത്യൻ ശാസ്ത്രം അവഗണിക്കപ്പെട്ടു. ആത്മീയത അതിന്റെ ആധാരത്തിൽ നിന്നും മാറി ഭൌതികവുമായി. ഇന്നു ഏതെങ്കിലും സന്യാസിസമൂഹം ഇന്ത്യൻ ശാസ്ത്രത്തിൽ ആത്മാർത്ഥമായി വിശ്വസിക്കുന്നുണ്ടോ? ആത്മീയതയുടെ മാർക്കറ്റിങ്ങിനുവേണ്ടി ഇന്ത്യൻ സയൻസിനെക്കുറിച്ചൊക്കെ പറയും. പക്ഷെ ആധുനിക ശാസ്ത്രത്തെ ആവേശത്തോടെ പുണരുകയും ചെയ്യും. വേദപാഠശാലകൾ സ്ഥാപിച്ച അനേകം ആശ്രമങ്ങളുണ്ട്. അവരാരെങ്കിലും പൌരാണിക സാങ്കേതികവിദ്യപഠിപ്പിക്കുന്ന സ്ഥാപനങ്ങൾ തുടങ്ങാറുണ്ടോ?

പക്ഷെ ഒട്ടേറെപ്പേർ അവരെയും ആധുനികശാസ്ത്രത്തെയും ത്തള്ളിക്കളഞ്ഞ് ജീവിതത്തോട് ചേർന്നു നിന്ന ആ പൌരാണിക ശാസ്ത്രീയതയിലേക്ക് തിരിച്ചു പോകാൻ വെമ്പുന്നുണ്ട്. അതിനായുള്ള ഒറ്റപ്പെട്ട ശ്രമങ്ങളും നടക്കുന്നുണ്ട്. ആധുനികശാസ്ത്രവാദികൾക്കു അതുണ്ടാക്കുന്ന സംഘർഷം വളരെ വലുതുമാണു.