Friday, June 4, 2010
പെരുമഴക്കാലത്തെ മാദ്ധ്യമ ഭീകരത
കാലവർഷം തുടങ്ങുകയാണു. അതിന്റെ കേളി കൊട്ടായി മാദ്ധ്യമങ്ങൾ വർഷകാല രോഗങ്ങളെപ്പറ്റി ഭീതിദമായ വർത്തമാനങ്ങൾ പുറത്തുവിട്ടു തുടങ്ങി. പൊതുതാല്പര്യത്തിനെന്നുള്ള വ്യാജേനയാണു ടി വാർത്തകൾ പ്രചരിപ്പിക്കുന്നത്. സ്വന്തമായി ആശുപത്രിയുള്ള ഒരു മാദ്ധ്യമം വിവിധതരം പനിയേക്കുറിച്ചും അതിന്റെ ബീഭത്സതയേക്കുറിച്ചും വിവരണമിട്ടിട്ടുണ്ട്. മരണത്തിലൂന്നിയാണു അവരുടെ കലക്കവെള്ളത്തിൽ മീൻ പിടുത്തം.
കഴിഞ്ഞ രണ്ട് സീസണിൽ ചിക്കൻഗുണിയാ വരാത്തവർക്ക് ഇത്തവണ അത് കിട്ടും. ഡങ്കിപ്പനിയുടെ പരിക്ഷ്കരിച്ച പതിപ്പ് ഇറങ്ങിയിട്ടുണ്ട്. ഇന്നയിന്ന ജില്ലകളിൽ രോഗത്തിന്റെ എഡിഷനുകൾ തുറക്കും എന്നൊക്കെയാണു അവർ നൽകുന്ന സന്ദേശം. ഇത്ര കൃത്യമായി പ്രവചിക്കുന്നുണ്ടെങ്കിൽ നാം സൂക്ഷിക്കണം. അതിനുള്ള പണി ഒപ്പിച്ച ആരോ എവിടെയോ ഉണ്ട്. ഏതെങ്കിലും മരുന്നു കച്ചവടക്കാരോ ആശുപത്രിവില്ലന്മാരോ ആകും അതിന്റെ പിന്നിൽ. പണം വാങ്ങി വാർത്തയിടുന്നത് ഒരപരാധമല്ലാത്ത കാലമാണു. അത് കൊണ്ട് എന്തും സംഭവിക്കാം.
പകർച്ചപ്പനി, കാലവർഷപ്പനി തുടങ്ങിയ സംഗതികൾ കൃത്യമായി മാർക്കറ്റ് ചെയ്യപ്പെട്ട് തുടങ്ങിയിട്ട് പത്ത് വർഷത്തിലധികമായിട്ടില്ല. മാദ്ധ്യമങ്ങളുടെ അതിപ്രസരണവും രോഗങ്ങളുടെ വ്യാപനവുമായി ചേർത്ത് വച്ച് ചിന്തിക്കാവുന്നതേയുള്ളു. കഴിഞ്ഞ പത്ത് വർഷത്തിനിടയിലാണു പ്രിണ്ടായും, ദൃശ്യമായും മാദ്ധ്യമങ്ങളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചത്. അതേ പോലെ രോഗവും രോഗികളുടെ എണ്ണവും കൂടി. ചികിത്സാ രംഗത്തെ കച്ചവട താൽപ്പര്യങ്ങൾ പുറത്ത് കൊണ്ടുവരുന്നതിലുപരി രോഗത്തിന്റെ ഭീകരത പരത്തി ജനത്തെ ആശുപത്രികളിലേക്ക് ആട്ടിത്തെളിക്കുന്ന ഒരു രീതിയാണു മാദ്ധ്യമങ്ങൾ അവലംമ്പിച്ചിരിക്കുന്നത്. ചികിത്സക്കിടയിൽ എവിടെയെങ്കിലും ഒരു രോഗി മരിച്ചാൽ ആ സീസണിലെ രോഗവുമായി അതിനെ ബന്ധപ്പെടുത്തി വാർത്ത നൽകി ഭീതി പരത്തുന്ന രീതി വ്യാപകമാണു.
അടുത്തിട ഡ്രഗ് കണ്ട്രോളർ ചില കാര്യങ്ങൾ തുറന്നു പറഞ്ഞു. നിർഭാഗ്യവശ്ശാൽ അത് ജനങ്ങളിൽ എത്തിക്കാൻ ഒരു മാദ്ധ്യമവും തയ്യാറായില്ല. തന്റെ നിസ്സഹായത അദ്ദേഹം കൊച്ചി എഫ്. എമ്മിലൂടെ പറയുന്നത് കേട്ടപ്പോൾ ഇവിടെ ജീവിച്ചു പോരുന്നതിൽ ലജ്ജ തോന്നി. വലിയ പരസ്യം നൽകി പ്രചരിപ്പിക്കുന്ന ഒരു വാജീകരണ ഔഷധത്തിന്റെ ഉള്ളുകള്ളികൾ അദ്ദേഹം വിസ്തരിച്ചത് കേട്ടപ്പോൾ വാപൊളിച്ചിരുന്നു പോയി. കേരളത്തിലെ ജനം ഐസ് ക്രീം എന്ന് പറഞ്ഞ് വാങ്ങിത്തിന്നുന്ന ചരക്ക് ഐസ്ക്രീം അല്ലെന്ന് അറിയുന്നവർ എത്ര പേരുണ്ട്? ഇങ്ങനെയൊക്കെയുള്ള രഹസ്യങ്ങൾ ജനത്തിൽ നിന്ന് മറച്ച് വക്കാൻ ശ്രമിക്കുന്ന വൈതാളികരാണു മാദ്ധ്യമങ്ങൾ.
ലോകത്ത് ഒരിടത്തും ഇല്ലാത്ത ഒരപ്രമാദിത്തം ഇവിടെ മാദ്ധ്യമ പ്രവർത്തകർക്ക് എങ്ങനെയോ കിട്ടിയിട്ടുണ്ട്. എന്നാൽ അതിനു തക്ക വിവരമോ വിവേകമോ മാന്യതയോ അവർ കാണിക്കുന്നില്ല. രോഗത്തേപ്പറ്റി വിദഗ്ധരുടെ അഭിപ്രായത്തേക്കാൾ പത്ര ശുംഭന്മാരുടെ അഭിപ്രായങ്ങൾക്കാണു ഇവിടെ വില.
വൈറൽപ്പനികൾ കൈകാര്യം ചെയ്യുന്നതിനു ലോകത്തെമ്പാടും സ്വീകരിക്കുന്ന ഒരു മാനദണ്ഡം അത്തരം അവസ്ഥകളിൽ ശാരീരിക ക്ഷമത വർദ്ധിപ്പിക്കാനുള്ള ഉപചാരം നൽകുക എന്നുള്ളതാണു. അതിൽ മനസ്വസ്ഥത വളരെ പ്രധാനമാണു. ഭീതി പരത്തുന്ന വാർത്തകൾ കണ്ടാൽ അത് നഷ്ടപ്പെടും. വിശ്രമവും, നന്നായി വെള്ളം കുടിക്കലും - കേരളത്തിന്റെ സാഹചര്യത്തിൽ കഞ്ഞിയും ചമ്മന്തിയും പപ്പടവുമായി കമ്പിളി പുതച്ച് ഒന്നു രണ്ട് ദിവസം കിടക്കുക - എന്നതാണു ഉത്തമമായ ഉപചാര വിധി. നിർഭാഗ്യവശാൽ അത് നിർദ്ദേശിക്കുവാൻ സത്യസന്ധരായ ഡോക്ടറന്മാർ പോലും ഭയപ്പെടുന്നു. അവർ നല്ലത് എന്തെങ്കിലും ചെയ്തു പോയാൽ അവരെ അപഹാസ്യരാക്കി ജനത്തിനുമുന്നിൽ അവതരിപ്പിക്കാനുള്ള ശ്രമം മാദ്ധ്യമങ്ങൾ നടത്തും. സർക്കാർ മേഘലയിലുള്ള ഡോക്ടറന്മാർക്കാണു ഇതേറ്റവും അനുഭവിക്കേണ്ടി വരിക. അവരുടെ ഭാഗത്തു നിന്ന് എന്തെങ്കിലും ചെറിയ പിഴവുകൾ സംഭവിച്ചാൽ അവ പർവ്വതീകരിക്കപ്പെടും. ഡോക്ടറുടെ പേർ, ആശുപത്രി എല്ലാം വിശദമായി ജനങ്ങളിൽ എത്തിക്കും. എന്നാൽ ഏതെങ്കിലും സ്വകാര്യാശുപത്രിയിൽ സംഭവിക്കുന്ന മന:പൂർവ്വമായ കാര്യങ്ങളേ അവഗണിക്കാനും മറച്ചു പിടിക്കാനും മാദ്ധ്യമങ്ങൾക്ക് ഉത്സാഹമാണു. അത്തരം സംഭവങ്ങളിൽ ആശുപത്രിയുടെയോ ഡോക്ടറുടെയോ പേർ പരാമർശിക്കില്ല. പലപ്പോഴും തീരെ നിവർത്തിയില്ലെങ്കിലെ സ്വകാര്യ ആശുപത്രി സംബന്ധമായ വാർത്തകൾ അപ്രധാനകോണിലെങ്കിലും വരു. കേരളത്തിലെ പ്രശസ്തമായ ഒരു സ്വകാര്യാശുപത്രിയിലെ ഐ.സിയിൽ കിടന്ന പതിനാലോളം പേർക്ക് ചിക്കൻ പോക്സ് ബാധിച്ചിട്ടും അത് വാർത്തയായില്ല. ലോകനിലവാരമുള്ളതാണു ആ ആശുപത്രി. അവിടെ അതെങ്ങനെ സംഭവിച്ചു എന്നത് ഔത്സുക്യത്തിനു വേണ്ടിയെങ്കിലും ഒരു മാദ്ധ്യമ പ്രവർത്തകനും അന്വേഷിച്ചില്ല. മാദ്ധ്യമ ഭീകരത അത്രമാത്രം നമ്മുടെ സമൂഹത്തെ ഗ്രസിച്ചിരിക്കുകയാണു. ഈ കിനാവള്ളിപിടുത്തത്തിൽ നിന്ന് പുറത്ത് കടക്കാൻ എന്താണു വഴി?
Thursday, November 19, 2009
അമേരിക്ക തോറ്റ യുദ്ധം
കാൻസർ പ്രതിവിധിക്കായി ലോകമെമ്പാടും വമ്പിച്ച ഗവേഷണം നടക്കുന്നുണ്ടെന്നാണു പ്രചരണം. ഉണ്ടാവാം. അതിൽ ഇന്ത്യയുടെ കാര്യം നോക്കണ്ട. ഗവേഷണം എന്നൊക്കെ പറയുന്നത് ഇവിടെ ഒരു വകയാണു. കാശടിക്കാൻ മറ്റൊരു വഴി. എന്നാൽ അമേരിക്കയുടെ കാര്യം അതാണോ?
1971 ൽ റിച്ചാഡ് നിക്സൺ - അന്ന് അയാൾ അമേരിക്കയുടെ പ്രസിഡന്റായി - അമേരിക്കൻ വൈദ്യശാസ്ത്രജ്ഞന്മാരെ അഭിസംബോധന ചെയ്തുകൊണ്ട് ഒരു കാര്യം ആവശ്യപ്പെട്ടു -
“ആധുനികമെന്ന് നാം അഭിമാനിക്കുന്ന അമേരിക്ക ഒരു വിപത്സന്ധിയിലാണു. അർബ്ബുദരോഗികൾ എണ്ണമില്ലാതെ പെരുകുന്നു. ലോകത്തെ നയിക്കാനുള്ള നമ്മുടെ നിയോഗത്തിൽ ഇത് വിള്ളൽ വീഴ്ത്തും എന്ന് ഞാൻ ഭയപ്പെടുകയാണു.....”
(നിക്സൺ അത് പറയുമ്പോൾ ഇന്ത്യയിൽ കാൻസർ രോഗികൾ താരതമ്യേന കുറവായിരുന്നു എന്നോർക്കണം. ഓങ്കോളജിസ്റ്റുകൾ വളരെ വിരളം. അവർ രോഗികളെ തേടി നടന്നു. സംശയമുള്ളവർക്ക് സി.പി.മാത്യുസാറിനോട് ചോദിക്കാം).
“പത്തു വർഷത്തിനകം ഈ ഭീകര രോഗം നിങ്ങൾ കീഴടക്കിയില്ലെങ്കിൽ അമേരിക്ക അർബ്ബുദരോഗികളുടെ ഒരു സാനട്ടോറിയമായി മാറും. അതു കൊണ്ട് ഞാൻ നിങ്ങളോട് ആവശ്യപ്പെടുകയാണു, അല്ല ആജ്ഞാപിക്കുക തന്നെ ചെയ്യുന്നു, പത്തു കൊല്ലക്കാലത്തിനകം അർബ്ബുദം എന്ന രോഗത്തെ ഈ മണ്ണിൽ നിന്ന് തുടച്ച് മാറ്റണം. അതിനുള്ള ആർജ്ജവം നിങ്ങൾക്കുണ്ടെന്നാണു എന്റെ വിശ്വാസം. കാൻസറിനെതിരെയുള്ള യുദ്ധം നാമിതാ പ്രഖ്യാപിക്കുന്നു. വിജയവുമായേ തിരിച്ചു വരാവു. അതിനു നിങ്ങളെ സഹായിക്കാനായി നാഷണൽ കാൻസർ പോളിസിയും അതിലേക്കായി 100 മില്യൺ ഡോളറിന്റെ സഹായനിധിയും ഞാനിതാ പ്രഖ്യാപിക്കുന്നു......”
പിന്നിട് സംഭവിച്ചത് വ്യക്തം. പല യുദ്ധങ്ങളിലും വിജയിച്ചെന്ന് അഭിമാനിക്കുന്ന അമെരിക്ക കാൻസറിനു മുന്നിൽ മുട്ടുമടക്കി. രോഗത്തെ കീഴടക്കാൻ പോയിട്ട് കാൻസർ രോഗികളുടെ വർദ്ധനവ് കണ്ട് അന്ധാളിച്ചു നിൽക്കുകയാണു ഇന്ന് അമേരിക്ക. അതേക്കുറിച്ച് ന്യൂസ് വീക്ക് 2008 സെപ്തംബർ 15 നു ഒരു ലേഖനം പ്രസിദ്ധപ്പെടുത്തി.After billions spent on research and decades of hit-or-miss treatments, it's time to rethink the war on cancer.
ഇതാണു ഇന്ന് അമേരിക്കയുടെ അവസ്ഥ. അവിടെ നിന്ന് ആക്രി വാങ്ങി ചികിത്സിക്കുന്ന ഇന്ത്യയുടെ അവസ്ഥ അപ്പോൾ എത്ര ഭയാനകമായിരിക്കും?
എന്തായിരിക്കും അമേരിക്കക്ക് വിജയം ലഭിക്കാതെ പോയതിനു കാരണമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടാകുമോ? അതിനു സാദ്ധ്യത കുറവാണു. കഴിഞ്ഞ 300 കൊല്ലമായി ലോകമെമ്പാടും നിലനിൽക്കുന്ന വിദ്യാഭ്യാസപദ്ധതി അങ്ങനെയൊരു ചിന്തയ്ക്ക് സഹായിക്കില്ല. ചൂഷണമാണു ആ പദ്ധതിയുടെ കാതൽ. അത് വച്ചു യാഥാർത്ഥ്യത്തിലേക്ക് ഉറ്റു നോക്കാനാവില്ല. മെഡിക്കൽ വിദ്യാഭ്യാസം രോഗപരിഹാരത്തിനുള്ള മാർഗ്ഗമല്ല ഇന്നു. അതൊരു തൊഴിലാണു. ആ തൊഴിൽ ചെയ്യുന്നത് ലാഭം ഉണ്ടാക്കാനാണ്. അത് ലാഭകരമായി നിലനിൽക്കണമെങ്കിൽ രോഗികൾ വർദ്ധിച്ചു വരണം. അങ്ങനെ ആഗ്രഹിക്കുന്ന ഭിഷഗ്വരവർഗ്ഗത്തിനു മുന്നിൽ അർബ്ബുദം പോലെ മാരകമായ രോഗങ്ങളുടെ പ്രതിവിധികൾ തെളിഞ്ഞു വരില്ല. അത് തെളിഞ്ഞ് വരണമെങ്കിൽ കാരുണ്യമുള്ള മനുഷ്യർ ഉണ്ടായിരിക്കണം. ചികിത്സ വരുമാനമാർഗ്ഗമാകരുത്. അങ്ങനെ ഒരു കാലഘട്ടം ഭാരതത്തിൽ ഉണ്ടായിരുന്നു. അന്നുള്ളവർ രോഗമുണ്ടാകാതിരിക്കാനും ഉണ്ടായാൽ അത് ഭേദമാക്കാനുമുള്ള വഴികൾ കണ്ടെത്തി സമൂഹത്തിനു സമർപ്പിച്ചു. അവർ ഒന്നിനും പേറ്റെന്റ് എടുത്തില്ല. ഇന്നും അവരുടെ വഴികൾ നിലനിൽക്കുന്നുണ്ട്. ഇന്നും അവയ്ക്കൊ പേറ്റെന്റില്ല. എന്നിട്ടും അവ പഠിച്ച് ലോകനന്മക്ക് ഉപയോഗപ്പെടുത്താൻ നാം തയ്യാറാകുന്നില്ലെങ്കിൽ രോഗങ്ങൾ ഈ ജനതതിയുടെ സമാപനത്തിനുവേണ്ടി ഉദ്ദേശിച്ചുള്ളതാണെന്ന് നമുക്ക് സമാധാനിക്കാം.
Wednesday, November 18, 2009
കാൻസറിനെ പേടിക്കണോ?
‘കോട്ടയത്ത് എത്ര മത്തായിമാരുണ്ട്’ എന്ന് പണ്ട് ശ്രീമാൻ ജോൺ എബ്രഹാം അന്വേഷിച്ചതുപോലെ നമുക്ക് ചില ചോദ്യങ്ങൾ ചോദിക്കാം.
1.അർബ്ബുദബാധ ഉണ്ടായിട്ട് ആശുപത്രിയിൽ ചെല്ലാത്തവർ എത്ര?
2.രോഗമുണ്ടായിട്ടും മറ്റ് വൈദ്യശാസ്ത്രശാഖകളെ ആശ്രയിച്ച് രോഗം ഭേദമായവർ എത്ര?
3.നാട്ടുവൈദ്യം, മന്ത്രവാദം, പടം വരച്ച് രോഗം മാറ്റൽ തുടങ്ങിയവയ്ക്ക് പോയി രോഗം മാറിയവർ എത്ര? മരിച്ചവർ എത്ര?
4.രോഗമുണ്ടായിട്ടും അതറിയാതെ ജീവിക്കുന്നവർ എത്ര?
5.രോഗം ഒരു വരുമാനമാക്കിയവർ എത്ര?
ഇങ്ങനെ പലവിധ കോണുകളിൽ നിന്ന് അന്വേഷിച്ച് വസ്തുതകൾ ശേഖരിച്ചാലല്ലെ ‘സംസ്ഥാനത്ത് അർബ്ബുദം പടരുകയാണോ’ അല്ലയോ എന്ന് തീർത്ത് പറയാനാകു?
ഇതിപ്പോൾ സോഷ്യൽ സെക്യൂരിറ്റി മിഷൻ കൊണ്ടുവന്ന കാൻസർ സുരക്ഷാപദ്ധതിയുടെ ഭാഗമായി നടത്തിയ കണ്ടെത്തലാണെന്ന് വാർത്ത പറയുന്നു. അതും കേരളത്തിലെ ഏതാനം സ്ഥാപങ്ങളെ ആശ്രയിച്ച് എടുത്ത കണക്ക് പ്രകാരം! ഇത് ഒരു പൊതു ട്രെൻഡാണെന്ന് വിശ്വസിക്കുന്നത് ശരിയായിരിക്കുമോ?
‘കാൻസർ സുരക്ഷാപദ്ധതി‘ എന്ന് പറയുന്നതിൽ തന്നെ ഒരു അപശകുനം ഉണ്ട്. കാൻസറിന്റെ സുരക്ഷയ്ക്കുള്ള പദ്ധതിയാണെന്ന് വാഗർത്ഥം. രോഗിയുടെ സുരക്ഷയല്ല. അതു കൊണ്ടു തന്നെ കാൻസർ ചികിത്സ ചിലവുള്ളതും ദൈർഘ്യമേറിയതുമാണെന്നും ഈ മിഷൻകാർ പ്രചരിപ്പിക്കുന്നു.
പിന്നെയുള്ളത് അർബ്ബുദം ഇത്രയും (അവരുടെ കണക്കിൽ) പെരുകുമ്പോഴും അതിന്റെ കാരണമെന്താണന്ന് ചികിത്സിക്കുന്നവർക്ക് അറിയില്ല. അതിനു കാശുകൊടുക്കുന്ന മിഷനുമറിയില്ല. എന്നാൽ അത് കണ്ടെത്താനുള്ള താല്പര്യം മിഷനോ കേരളത്തിലെ ആധുനിക വൈദ്യശാസ്ത്ര മേഖലയ്ക്കോ ഉള്ളതായി വാർത്തയിൽ സൂചനയൊന്നും കാണുന്നുമില്ല. കാൻസറുള്ള ഒരു കുട്ടിയുണ്ടെങ്കിൽ പോരു, അൻപതിനായിരം രൂപാ ഇനാം എന്നതാണു അവരുടെ ലൈൻ. അതായത് ഡോക്ടറന്മാർക്കും മരുന്നു കമ്പനികൾക്കും കൂടി ആളൊന്നുക്ക് 50000 രൂപയുടെ കച്ചവടം ഉറപ്പ്. രോഗകാരണം അന്വേഷിച്ച് കണ്ടുപിടിച്ചാൽ അത് സമൂഹത്തിൽ നിന്നു തന്നെ നിസാരമായി മാറ്റിക്കളയാൻ കഴിഞ്ഞാൽ പിന്നെ ഈ കച്ചവടം നടക്കുമോ? അതു കൊണ്ട് അതാരും ഡോക്ടറന്മാരിൽ നിന്നോ ഇത്തരം മിഷനുകളിൽ നിന്നോ പ്രതീക്ഷിക്കരുത്. രോഗം ഉണ്ടാക്കുക. അത് ചികിത്സിക്കുന്ന കാര്യം ഇതുപോലുള്ള ഏജൻസികൾ ചെയ്തു കൊള്ളും. അല്ലാതെ രോഗം ഉന്മൂലനം ചെയ്യണം, അതിനുവേണ്ട പ്രചരണം നടത്തണമെന്നൊന്നും പറയരുത്.
പുകയില കാൻസറിനു കാരണമാകുമെന്ന് വമ്പിച്ച പ്രചരം നടത്തുന്നുണ്ട്. നല്ല കാര്യം. പക്ഷെ നിങ്ങൾ ഉപയോഗിക്കുന്ന പലമരുന്നുകളും കാൻസർ ഉണ്ടാക്കുമെന്ന് അറിയാമോ? അവയൊക്കെ പൊതിഞ്ഞുവരുന്ന കടലാസുകൾ പഠിക്കണം. റാപ്പറുകൾ. ‘ഇതു വെള്ളെലികളിൽ കാൻസർ ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്’, ‘ഇത് അപകടകരമായ ഒരു രാസസംയുക്തമാണു, ഡോക്ടറുടെ നിർദ്ദേശപ്രകാരം സൂക്ഷിച്ച് ഉപയോഗിക്കുക’, ‘ഗർഭിണികൾ കഴിക്കരുത്’ എന്നൊക്കെ കാണാം. ഡോക്റ്ററന്മാരോ ഫാർമസിസ്റ്റുകളോ ഡ്രഗ്ഗിസ്റ്റുകളോ ഇതൊന്നും ശ്രദ്ധിക്കാറില്ല. പിന്നെയാണോ രോഗികൾ? വെള്ളെലിയിൽ കാൻസർ ഉണ്ടാക്കുന്നതല്ലെ, നമ്മളെ ബാധിക്കില്ല എന്ന് മരുന്നു കഴിക്കുന്നവർക്ക് വേണമെങ്കിൽ വിചാരിക്കാം. നാം വെള്ളെലികൾ അല്ലല്ലോ. (യഥാർത്ഥത്തിൽ അതിനേക്കാൾ കഷ്ടമാണു നമ്മുടെ സ്ഥിതി. ഒരു മരുന്ന് പരീക്ഷണം കൊണ്ട് അവറ്റയുടെ ജന്മം അവസാനിക്കും. മനുഷ്യന്റെയോ? എന്തോരം മരുന്നാ മാർക്കറ്റിൽ!). കാശുണ്ടാക്കാനുള്ള തിരക്കിൽ മരുന്നിന്റെ രസതന്ത്രമൊന്നും നോക്കാൻ ഡോക്റ്ററന്മാർ മിനക്കെടാറില്ല. അല്ലെങ്കിൽ തന്നെ പരീക്ഷ എഴുതിക്കഴിഞ്ഞപ്പോഴെ ആ പുസ്തകങ്ങളൊക്കെ കെട്ടിവച്ചതാണു. ഇനി ആരേക്കൊണ്ടാകും അതൊക്കെ മറിച്ചു നോക്കാൻ. ഇനി റെപ്പ് പറയുന്ന രസതന്ത്രമൊക്കേയുള്ളു. ജീവിക്കാൻ അത് മതി. പക്ഷെ നമുക്ക് ജീവിക്കാൻ അത് പോരാ. പുകയില കാൻസർ ഉണ്ടാക്കും എന്ന് വ്യാപകമായ പ്രചരണം നടത്തുന്നപോലെ മരുന്നുകൾ എന്തൊക്കെ ഉണ്ടാക്കും എന്നൊരു പ്രചരണം തുടങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ആ ബോധവൽക്കരണത്തിനൊടുവിൽ ലോകത്തിലെ കാൻസർ രോഗികളുടെ എണ്ണം പകുതിയായി കുറയുമെന്നാണു എന്റെ വിശ്വാസം. അതല്ലാതെ മറ്റൊരു പോംവഴി എന്തെങ്കിലും ഉണ്ടോ എന്ന് അടുത്ത പോസ്റ്റിൽ...........
Thursday, October 29, 2009
മലയാള മനോരമയുടെ ചാത്തൻ ത്രില്ലർ
മെഡിക്കൽ സ്റ്റോറുകളിൽ എത്തുന്ന മരുന്നുകളിൽ 20% വും ചാത്തനാണെന്നും അവ ഉപയോഗിച്ചാൽ ഗുണമുണ്ടാവുകയില്ലെന്നും പുതിയ കണ്ടുപിടുത്തമൊന്നുമല്ല. ഗൾഫ് ബൂമിനൊപ്പം കേരളത്തിൽ സ്വകാര്യ ആശുപത്രികൾ വ്യാപകമാകാൻ തുടങ്ങിയതു മുതൽ ഈ വ്യാജൻ നിലവിലുണ്ട്. ചാത്തന്മാരെ കൂടുതൽ പ്രയോജനപ്പെടുത്തുന്നത് സർക്കാർ ആശുപത്രികൾ അല്ല. സ്വകാര്യ ആശുപത്രികളാണു. കാരണം അവർ അകത്തു നിന്നു കൊടുക്കുന്ന മരുന്ന് എന്താണെന്നോ എവിടെ ഉണ്ടാക്കിയതാണെന്നോ ബോദ്ധ്യപ്പെടുത്താറില്ല. സർക്കാർ ആശുപത്രികളിൽ വിലകൂടിയ മരുന്നുകൾ മിക്കപ്പോഴും പുറത്തുനിന്ന് വാങ്ങേണ്ടി വരും. അതെന്താണെന്ന് കാണാനെങ്കിലും ചുരുങ്ങിയ പക്ഷം ജനത്തിനു കഴിയും.
നമുക്ക് ചാത്തനിലേക്ക് വരാം. ഇവൻ എങ്ങനെ ഉൽഭവിച്ചു?
ആദ്യകാലത്ത് വലിയ കമ്പനികൾ മരുന്നുണ്ടാക്കാനുള്ള കരാറുകൾ പുറം പാർട്ടിക്കു കൊടുക്കുമ്പോൾ അതിൽ നിന്നും സ്പില്ലിങിനു നൽകുന്ന അധികം റോ മറ്റീരിയൽ ഉപയോഗിച്ച് ഒരു നിശ്ചിത ശതമാനം മരുന്നു വേറെ ഉണ്ടാക്കുന്നതായിരുന്നു രീതി. മുംബൈലും ഗുജറാത്തിലും ചില ചേരികളിൽ അവയുടെ നിർമ്മാണം നടക്കുന്നുണ്ട്. അത്തരം അധികപ്പറ്റു മരുന്നുകൾ സെക്കന്റ്സായി ഒറിജിനൽ കമ്പനിയുടെ അതേ ബ്രാൻഡിലും ബാച്ചിലും വിതരണം ചെയ്യപ്പെടും. വില ഒറിജിനലിന്റെ പകുതിയിൽ താഴെ. മെഡിക്കൽ സ്റ്റോറുകൾക്ക് അതൊരു ലാഭക്കച്ചവടമാണു. അതിന്റെ ഒരു പങ്ക് മരുന്നു കുറിക്കുന്ന ഡോക്ടർക്കും കിട്ടും. അതിന്റെ രുചി പിടിച്ചു കൊണ്ടാണു ഡോക്ടറന്മാർ അധ:പതിച്ചു തുടങ്ങിയത്. സ്വകാര്യവൽക്കരണവും ആഗോളീകരണവും ചിറകു വിരിച്ചപ്പോൾ മരുന്നു കമ്പനികളുടെ എണ്ണവും തമ്മിലുള്ള മത്സരവും വർദ്ധിച്ചു. അപ്പോൾ ഒറിജിനൽ റോ മറ്റീരിയൽ മാറി കപ്പപ്പൊടിയും മഞ്ഞപ്പൊടിയും ഡിസ്റ്റിൽഡ് വന്നു.
വേറെ ഒരു കാര്യമുള്ളത് കേരളത്തിലെ രോഗികളിലെ 60% പേരും ഒരു രോഗവും ഇല്ലാത്തവരാണു. അവർക്കുള്ളത് രോഗത്തെക്കുറിച്ചുള്ള ഭീതിയാണു. ഇതിനെ ചികിത്സിക്കാൻ മഞ്ഞപ്പൊടിയും കപ്പപ്പൊടിയും ഡിസ്റ്റിൽഡ് വാട്ടറും തന്നെ അധികം. ഇല്ലാത്ത രോഗത്തിനു എന്തു മരുന്നു കൊടുക്കാനാണു?
എന്നാൽ ജീവൻ രക്ഷാ ഔഷധങ്ങളുടെ കാര്യത്തിൽ ഇത് നടക്കില്ല. അത് വേണ്ട രോഗികൾ ഉണ്ട്. ആ മരുന്നിൽ ഔഷധം വേണം. അതിനു കപ്പപ്പൊടി മരുന്ന് പറ്റില്ല. യഥാർത്ഥ മരുന്ന് ഉണ്ടാക്കുന്നത് ചെലവുള്ള കാര്യമാണു. വലിയ ലാഭവും അതിനു കിട്ടില്ല. മരുന്ന് വെറുതെ എഴുതിക്കൊടുക്കാനും പറ്റില്ല. യഥാർത്ഥ രോഗം തന്നെ ഉണ്ടായിരിക്കണം. ആ കച്ചവടത്തിനു ലാഭം കുറയും. ഈ ഡോക്ടറന്മാരാണെങ്കിൽ കടുത്ത ആർത്തിക്കാരും. ജീവൻ രക്ഷാ മരുന്നുകളുടെ നിർമ്മാണത്തിൽ നിന്നും കമ്പനികൾ പതുക്കെ പിന്മാറിത്തുടങ്ങുന്നത് അങ്ങനെയാണു. 25 വർഷം മുമ്പ് ഉണ്ടായിരുന്നതിൽ പകുതി സ്ഥാപങ്ങളെ ഇന്ന് ജീവൻ രക്ഷാമരുന്നുകൾ ഉണ്ടാക്കുന്നുള്ളു. കമ്പനികൾ കൂടുതൽ ലാഭമുള്ളതും കൂടുതൽ ഇൻസെന്റീവുകൾ കൊടുക്കാവുന്നതുമായ കപ്പപ്പൊടി മരുന്നുകളിലേക്ക് മാറി തുടങ്ങിയത് അങ്ങനെയാണു. അതിനവരെ കുറ്റം പറയരുത്. ലാഭമുണ്ടാക്കാനാണു കച്ചവടം ചെയ്യുന്നത്. അതിന്റെ ക്വാളിറ്റിയൊക്കെ ശ്രദ്ധിക്കേണ്ടത് ഡോക്ടേഴ്സിന്റെ കടമയല്ലെ? രോഗികളുടെ ഉത്തരവാദിത്തം ഡോക്ടറിലല്ലാതെ മറ്റാരിലാണു ഇരിക്കുന്നത്?
ഒരു ഇരുപത് വർഷം മുമ്പ് വരെ ഡോക്ടറന്മാർക്ക് തങ്ങളെ വന്നു കാണുന്നതിനു ചില്ലറ കിട്ടണമെന്നേ നിർബ്ബന്ധമുണ്ടായിരുന്നുള്ളു. മരുന്നിന്റെയും ടെസ്റ്റുകളുടെയും വീതം കൂടി കിട്ടണമെന്ന് മോഹമായത് പിന്നീടാണു. അതിനേത്തുടർന്നാണു ചാത്തൻസ് സർവ്വത്ര വ്യാപകമായത്. ഡൊക്ടേഴ്സിനു വീതം കൊടുക്കണമെങ്കിൽ കൂടുതൽ ലാഭം കിട്ടണം. കമ്പനിക്കാരനു പണം കീശയിൽ നിന്നു എടുത്ത് കൊടുക്കാനാവില്ല. കച്ചികെട്ടാൻ തിരി കച്ചിയിൽ നിന്ന് എടുക്കുക എന്നൊരു ചൊല്ലുണ്ടല്ലോ. അതിനാലാണു മരുന്നിൽ മായം ചേർക്കുന്നത്. ഔഷധചേരുവകൾ വേണ്ടത്ര അളവിൽ ചേർത്ത്, മിതമായ ലാഭം ഉണ്ടാക്കിക്കൊണ്ട് മത്സരാധിഷ്ഠിധ കമ്പോളത്തിൽ എങ്ങനെ പിടിച്ചു നിക്കും? അതിനു കപ്പപ്പൊടി തന്നെ ശരണം. അതാകുമ്പോൾ അപകടമില്ല. നോ റിയാക്ഷൻ. ആക്ഷൻ തന്നെയില്ലാതിരിക്കുമ്പോൾ എന്ത് റീയാക്ഷൻ? ഈ കപ്പപ്പൊടി മരുന്നു കൊണ്ട് വേറൊരു ഗുണം കൂടിയുണ്ട്. എന്തെങ്കിലും രോഗമുണ്ടെങ്കിൽ തന്നെ അത് മാറില്ല. അത് ഡോക്ടർക്ക് ഒരു അനുഗ്രഹമാണു. ചുറ്റിത്തിരിഞ്ഞ് വരുമ്പോൾ കമ്പനിക്കും കിട്ടും ലാഭം.
“ങ്ഹാ! രോഗം മാറിയില്ല അല്ലെ? എന്നാൽ വേറൊരു ചാത്തനെ കുറിക്കാം.“ ഡോക്ടർ രോഗിയെ സമാധാനിപ്പിക്കുമ്പോൾ രോഗിക്കൊരു സുഖം. ഡോക്ടർക്കും കച്ചവടക്കാർക്കും ലാഭം. രോഗം മാറാത്തതു കൊണ്ട് രോഗി ഒരിക്കലും കൈവിട്ടു പോവുകയുമില്ല. അത് ബോണസ്സ്.
ഇങ്ങനെയുള്ള ചികിത്സക്ക് കൊടുക്കുന്ന ചാത്തൻ മരുന്നുകൾ നിർമ്മിക്കാൻ എന്തിനാണു ആധുനിക സജ്ജീകരണങ്ങളുള്ള ഫാക്റ്ററികൾ? ഒരാവശ്യവുമില്ല. 10x10 മുറി തന്നെ ഒരു അനാവശ്യമാണു.
ഗുളിക നിറയ്ക്കാനാണെങ്കിൽ ഇടനേരത്ത് വീടുകളിൽ ഒഴിവുള്ള പെണ്ണുങ്ങൾക്ക് അത് ചെയ്യാം. അതിനിടെ കുട്ടി അപ്പിയിട്ടാൽ അത് വാരിക്കളഞ്ഞിട്ട് ആ കൈകൊണ്ട് തന്നെ പണി തുടരാം. അങ്ങനെ ചെയ്യുമ്പോൾ സാധരണ വലിയ കുഴപ്പങ്ങൾ ഒന്നും ഉണ്ടാവാറില്ല. പക്ഷെ ചിലപ്പോൾ ചില സന്ദർഭങ്ങളിൽ തിരിച്ചടിക്കും. പകർച്ച വ്യാധികൾ വന്നേക്കാം. അതും ഒരു കണക്കിനു ഗുണമാണു. ഒരു മരുന്ന് അതിനും എഴുതാമല്ലോ. കമ്പനികൾക്ക് പുതിയ പേരിൽ കപ്പപ്പൊടി ഇറക്കുകയും ചെയ്യാം. ആനയുടെ കാര്യം പറഞ്ഞപോലെ, ചത്താലും ഇരുന്നാലും ലാഭം.
ഈ പണി മനോരമ വാദിക്കാൻ പോകുന്ന പോലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ഭരണമേറ്റ ശേഷം ഉണ്ടായതല്ല. 1995 ൽ തന്നെ ഇതിനേക്കുറിച്ചുള്ള വസ്തുതാ റിപ്പോർട്ടുകൾ മാദ്ധ്യമങ്ങളിൽ വന്നിട്ടുണ്ട്. പിന്നെ മാത്തുക്കുട്ടിച്ചായൻ ഇത് ഇപ്പോൾ എന്തിനെടുത്ത് വീശുന്നു എന്നു ചോദിച്ചാൽ ഒരു ഉദ്ദേശമുണ്ട്. എല്ലാവർക്കും അതറിയാം. ഗവണ്മെന്റിനെ അടിയന്തിരമായി നാറ്റിക്കണം.
അച്ചായൻ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത് വായിച്ചാൽ എന്താ നമുക്ക് തോന്നുക? സർക്കാർ നടപടി ക്രമങ്ങൾ പാലിക്കാതെ മരുന്നു വാങ്ങുന്നു. അതിനു സർക്കാർ ഏജൻസി കൂട്ട് നിക്കുന്നു. യഥാർത്ഥത്തിൽ അത് എന്താണു? ഈ ചാത്തനെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കാൻ വേണ്ടിയിട്ട ഒരു സെറ്റാണു യാഥാർത്ഥ്യമാണെന്ന് തോന്നത്തക്ക വിധത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. അത് ഒരു തരം വെടക്കാക്കി തനിക്കാക്കലാണു.
വേറൊന്നുള്ളത് ചാത്തൻ മരുന്നുകൾ സർക്കാരാശുപത്രിയിലേക്ക് മാത്രമുള്ളതാണെന്ന് തോന്നത്തക്കവിധമാണു റിപ്പോർട്ടിങ്. സർക്കാർ ചാത്തൻ മരുന്നു മേടിക്കുകയാണെങ്കിൽ സ്വകാര്യ ആശുപത്രികൾ ചാത്തന്റെ അപ്പൻ മരുന്ന് മേടിക്കും. ഉദ്ദ്യോഗസ്ഥന്മാർക്ക് പർച്ചേസിലെ ചില്ലറ കിട്ടിയാൽ തൃപ്തിയാകും. മറ്റേവന്മാർക്ക് അത് പോര. കൊള്ള ലാഭം തന്നെ വേണം. അപ്പോൾ ചാത്തനല്ല അവന്റെ അപ്പനുണ്ടെങ്കിൽ കൊണ്ടുവരാൻ പറയും.
സ്വകാര്യ ആശുപത്രികളുടെ ഇത്തരം രീതിക്ക് ഒരു ഉദാഹരണം പറയാം.
1.ഒരു പ്രത്യേക ചികിത്സയിൽ ഒരു യൂണിറ്റ് മരുന്ന് മൂന്നായാണു കൊടുക്കേണ്ടത്. മരുന്നിനു ആകെ 3000 രൂപയാണു വില. അത് മൂന്നായി വിഭജിച്ചു വേണം രോഗിക്ക് നൽകേണ്ടത്. എന്നാൽ സ്വകാര്യക്കാർ അതിനു ഓരോ തവണയും ഓരോ യൂണിറ്റ് വാങ്ങി ഉപയോഗിച്ചു എന്ന് പറഞ്ഞ് 3000 രൂപാ വച്ച് വാങ്ങും. ലാഭം 6000 രൂപ!
2.അപകടങ്ങളിൽ പെട്ട് ചെല്ലുന്ന രോഗികളോട് കാണിക്കുന്ന ക്രൂരത:
രോഗി മരിച്ചു പോയാൽ കാലിൽ കമ്പിയിട്ടു, കയ്യിൽ പ്ലാസ്റ്ററിട്ടു എന്ന് പറഞ്ഞ് പണം പിടുങ്ങും. ചത്ത രോഗിയിൽ കമ്പിയിട്ടോ പ്ലാസ്റ്ററിട്ടോ എന്നാരു നോക്കാൻ? സ്വകാര്യനു ലാഭം വരുന്ന വഴികളെ...
3.വെന്റിലേറ്റർ കച്ചവടം:
ആളു കുറവുള്ള ആശുപത്രിയിലാണെങ്കിൽ അടുത്ത മരണാസന്നൻ വരുന്നതു വരെ പല മൃതദേഹങ്ങൾക്കും വെന്റിലേറ്ററിൽ കാത്ത് കിടക്കേണ്ടി വരും. ഇത് അബദ്ധമാകുന്നതും ചിലപ്പോൾ പുറത്തറിയുന്നതും രോഗിയുടെ ബന്ധുക്കൾ ഡോക്ടേഴ്സാകുമ്പോഴാണു. മലയാളത്തിലെ പ്രശസ്തനായ ഒരു ചലച്ചിത്ര സംവിധായകനു അത്തരം ഒരു അനുഭവം ഉണ്ടാവുകയും അതിന്റെ പശ്ചാത്തലത്തിൽ ഒരു ചലച്ചിത്രം നിർമ്മിച്ചു വക്കുകയും ചെയ്തിട്ടുണ്ട്.
മേമ്പൊടി:
ഈ പരമ്പര അച്ചടിച്ചു വരുമ്പോൾ ചാത്തന്റെ ആൾക്കാർ എന്തു ചെയ്യുമെന്ന് ഓർത്തിട്ട് കഷായക്കാരനു കോരിത്തരിക്കുന്നു. ഇത് കണ്ട് അവർ വെറുതെ ഇരിക്കുമോ? സംശയമാണു. കൊച്ചു കാര്യമൊന്നുമല്ല അച്ചായൻ ചെയ്ത് വച്ചിരിക്കുന്നത്. കോടികളുടെ കച്ചവടം പൂട്ടിക്കുകയാണു ലക്ഷ്യം. അതും വെറും കച്ചവടമൊന്നുമല്ല. നല്ല സ്വയമ്പൻ കച്ചവടം. അതിനവർ തിരിച്ചടിക്കാതിരിക്കുമോ? തിരിച്ചടിക്കാതിരുന്നാൽ സംശയിക്കണം.
1.ഇത് മലയാള മനോരമ വാരികയിൽ അച്ചടിക്കാൻ വച്ചിരുന്ന ഏതോ കിടിലൻ ത്രില്ലറിന്റെ ഒരു ഭാഗമാണു.
2.റിപ്പോർട്ടിൽ ചാത്തൻ കമ്പനികൾ ഇരിക്കുന്ന കടയുടെ മുനിസിപ്പൽ നമ്പരും കമ്പനിയുടെ പേരും ചെക്ക് പോസ്റ്റിലെ രസീറ്റ് നമ്പറുമൊന്നുമില്ല. അതു കൊണ്ട് ഈ റിപ്പോർട്ട് ഒരു തരം ബഡായി ആണു. അല്ലേലും രണ്ട് ലാർജ്ജ് അകത്തുചെന്നാൽ ഏതു പത്ര പ്രവർത്തകനും ഇങ്ങനെയൊക്കെ ഭാവന ചെയ്യാൻ തോന്നും.
3.ഒറിജനൽ മരുന്ന് ഉണ്ടാക്കുന്ന കമ്പനികളേ ഇത് ബാധിക്കും. സിംസ് പോലുള്ള പ്രസിദ്ധീകരണങ്ങളിൽ പരസ്യം വരുന്ന നല്ല ഒറിജിനൽ കമ്പനികൾ ഉണ്ട്. അവരുടെ പരസ്യം പിടിക്കാനുള്ള സമ്മർദതന്ത്രമാണു.
4.ഇനി വേറൊരു കാര്യം തോന്നുന്നുണ്ട്. കടുവയെ എങ്ങാനും കിടുവ പിടിച്ചോ? മെഡിക്കൽ രംഗത്ത് പിടിമുറുക്കണമെന്ന് ഈ സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. കാരണം, ഊർജ്ജം, ആരോഗ്യം, വിദ്യാഭ്യാസം ഈ മൂന്ന് വകുപ്പുകൾ വരുതിക്ക് നിന്നാൽ ഒരു സർക്കാരിനും പേടിക്കണ്ട. കേരളത്തിൽ അവസാനത്തെ രണ്ടെണ്ണവും അപകടസ്ഥിതിയിലാണു. ഗവണ്മെന്റ് വീർപ്പ് മുട്ടുകയാണു. അപ്പോൾ അതിലെ ആരോഗ്യത്തെ വരുതിയിലാക്കാൻ ഒരു അലക്ക് അലക്കുകയാണോ? അതും മനോരമയുടെ ലേഖകരെ ഉപയോഗിച്ച്. കാരണം ഇതിൽ പറയുന്ന വിവരങ്ങൾ യാഥാർത്ഥ്യമാകണമെങ്കിൽ ഒരു ഉഗ്രൻ സോഴ്സ് ഉണ്ടായിരിക്കണം. .....സ് സാറിനെപ്പോലെ ഒരു അത്യുഗ്രൻ. രാശിയുള്ള മന്ത്രിയാണു ടീച്ചർ. പറന്നു പോകുന്ന കാക്കയെക്കൊണ്ടുമാത്രമല്ല, ആടുതിന്നുന്ന മനോരമ കൊണ്ടും ടീച്ചർക്ക് ഗുണമുണ്ടാകും. മരുന്ന് വിതരണം ഓൺലൈനിലാക്കാനുള്ള ശ്രമത്തിലേക്ക് ഈ റിപ്പേർട്ടിങ് നയിക്കാൻ ഇടയുണ്ട്.
5. അല്ലെങ്കിൽ മോഹൻ ലാൽ പറയുന്ന പോലെ, “ചുമ്മാ....” (ഒരു കണ്ണിറുക്കലും)
(ചാത്തൻ പരമ്പര മനോരമ പത്രത്തിൽ 29-10-09 മുതൽ വരുവിൻ വായിക്കുവിൻ)
Saturday, October 17, 2009
ശ്രീമതി ടീച്ചർ പറയേണ്ടത്
വളരെ സെൻസിറ്റീവായ ഒരു വകുപ്പാണു ആരോഗ്യം. ആയുസ്സിനെ തൊട്ടുള്ള കളിയാണ് ആ വകുപ്പിന്റെ കീഴിലുള്ള ആശുപത്രികളിൽ നടക്കുന്നത്. അതുകൊണ്ട് തന്നെ മരുന്ന് കമ്പനികൾക്കും പരിശോധനാ ഉപകരണസ്ഥാപനങ്ങൾക്കും അവിടെ ഇടപെട്ട് അലമ്പുണ്ടാക്കാൻ എളുപ്പമാണു. കേരളത്തിലെ ഔദ്യോഗികവും അനൌദ്യോഗികവുമായ എല്ലാ ഡോക്ടേഴ്സും പണിമുടക്കി വീട്ടിലിരുന്നാലും സത്യത്തിൽ ഒന്നും സംഭവിക്കുകേല. കാരണം എത്രത്തോളം മെഡിക്കൽ ഇന്റർവെൻഷൻ കുറയുന്നോ അത്രയ്ക്ക് ആയുസ്സ് കൂടും. അതിനെപ്പറ്റി ഭർത്തൃഹരി പണ്ടേ ഒരു തമാശ പറഞ്ഞിട്ടുണ്ട്. കാലനാണെങ്കിൽ നിങ്ങളുടെ ആയുസ്സ് മാത്രമേ കൊണ്ടു പോകു. ഡോക്ടേഴ്സാണെങ്കിൽ കാശുംകൂടി കൊണ്ടുപോയിക്കളയും. എല്ലാ തമാശകളും സത്യത്തിന്റെ വെളിപാടുകൾ ആയതുകൊണ്ട് ഭർത്തൃഹരിയെ അവിശ്വസിക്കേണ്ട കാര്യമില്ല.
അതൊക്കെ വിട്ടു കളയാം. ഈ പോസ്റ്റിടാൻ തീരുമാനിച്ചത്, മെഡിക്കൽ വിദ്യാഭാസവകുപ്പിലെ ഡോക്ടറന്മാരുടെ സമര ഭീഷണി വന്നതു കൊണ്ടാണു. ഒക്ടോബർ 22 മുതൽ അവർ പണിയെടുക്കില്ല.
വേണ്ട. വീട്ടുകാര്യമായിരുന്നെങ്കിൽ ടിച്ചർക്ക് അങ്ങനെ പറയാം.
പക്ഷെ ഇത് നാട്ടുകാര്യമായിപ്പോയി. അതു കൊണ്ട് ടീച്ചർ എന്തുപറയുമെന്ന് എനിക്ക് ഉറപ്പില്ല.
അലോപ്പതി വിദ്യാഭ്യാസ വകുപ്പിലെ സമരക്കാരോട് വീട്ടിൽ പൊയ്ക്കോളാൻ പറയുന്നതാണു ഉചിതം. അങ്ങനെ പറഞ്ഞുകളയാതിരിക്കാൻ ‘ഡോക്ടറന്മാരെ സമരത്തിലേക്ക് തള്ളിവിടുന്നത് സ്വകാകാര്യ ആശുപത്രികളെ സഹായിക്കാൻ‘ എന്ന രീതിയിലുള്ള കൊള്ളിവാക്ക് പ്രചരണം ചില മാദ്ധ്യമങ്ങൾ തുടങ്ങിക്കഴിഞ്ഞു. സത്യത്തിൽ ഡോക്ടേഴ്സിനു സമരം ചെയ്യണമെന്നാഗ്രഹമില്ല. സ്വകാര്യപ്രാക്ടീസ് നിർത്തരുതെന്ന മോഹമേയുള്ളു. അത് സാധിക്കാനുള്ള സമ്മർദ്ദമായി എന്തും ഉപയോഗിക്കും.
നാം ഒരു കാര്യം ആലോചിക്കണം. മെഡിക്കൽ കോളേജിലെ ഡോക്ടർ സാറന്മാർ ആരാണു? പ്രാഥമികമായി അവർ ടീച്ചറെപ്പോലെയുള്ള അദ്ധ്യാപകരാണു.
ഈ പള്ളിക്കുടത്തിൽ എങ്ങനെ വന്നു പെട്ടു? പി.എസ്.സി ടെസ്റ്റെഴുതി?
എന്താ ഉദ്ദേശം? വൈദ്യം പഠിപ്പിക്കുക.
അതിനിടയിൽ രോഗികളെ പരിശോധിച്ച് ചികിത്സ നിശ്ചയിക്കുന്നത് തെറ്റാണോ? അല്ല.
അതിനു വീട്ടിലിരുന്ന ചികിത്സിക്കണമെന്ന് നിർബ്ബന്ധമുണ്ടോ? ഉണ്ട്. എങ്കിലെ പുറം വരുമാനമുണ്ടാകു.
അതെത്ര വരും? ദിവസം ഒരു 10000 രൂപാ മുതൽ മുകളിലേക്ക്. അതവർ കളയണോ?
അപ്പോൾ അതാണു പ്രശ്നം. വരുമാനം. അല്ലാതെ രോഗികളുടെ വെൽഫെയറോ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ മെച്ചപ്പെടുത്തലോ അല്ല. അപ്പോൾ അവർ എന്താണു ചെയ്യേണ്ടത്. ജോലി രാജിവച്ച് പുറത്ത് പോകണം. പോകുമോ? ഇല്ല. അതെന്താ? മെഡിക്കൽ കോളേജിലെ സാറെന്ന പേരിലാ അവരെ വിവരമുള്ള ഡോക്ടേഴ്സായി പരിഗണിക്കുന്നത്. കോളേജിലെ ജോലിവിട്ടാൽ ആ പേരുപറഞ്ഞ് ഫീസുവാങ്ങാൻ പറ്റുമോ? ഇല്ല.
അപ്പോൾ ടീച്ചർ എന്താ ചെയ്യേണ്ടത്?
പണ്ട് ക്ലാസ്സ് റുമിലൊക്കെ ചെയ്തപോലെ ഒരു ചൂരൽ വടിയുമായി വന്ന് “കേറിപ്പോടാ/പോടീ അകത്ത്” എന്നങ്ങ് പറയണം.
അവിടെ തീരും കാര്യങ്ങൾ. കാരണം ഈ സമരത്തിൽ വൈദ്യത്തിനോ, വിദ്യാഭ്യാസത്തിനോ റോളൊന്നുമില്ല. സമരം അടിച്ചമർത്തിയാൽ ഡോക്ടറന്മാരുടെ ആത്മാഭിമാനം മുറിപ്പെടുമെന്ന് ശങ്കയുണ്ടോ? അതിന്റെയും ആവശ്യമില്ല. കാരണം അങ്ങനെയൊന്ന് അവർക്കില്ല. ഉണ്ടായിരുന്നെങ്കിൽ കച്ചവടക്കാരുമായി ചേർന്ന് രോഗികളെ ദ്രോഹിക്കില്ല. പ്രസവമുറിയിൽ അമ്മമാരെ തെറി പറയില്ല. രോഗികളോട് പരുഷമായി സംസാരിക്കില്ല. പാരസെറ്റമോൾ കുറിച്ച് കൊടുക്കണ്ടിടത്ത് സ്കാനിന് കുറിപ്പെഴുതുമായിരുന്നില്ല.
അതു കൊണ്ട് ടീച്ചർക്ക് ധൈര്യമായിപ്പറയാം.
അത് കേട്ടാൽ അവർ പഴയ ആ സിനിമാ ഡയലോഗ് ഉച്ചരിച്ച് ഓടിക്കോളും.
“വിട്ടോടാ തോമസ്സുകുട്ടീ...........................”