Sunday, November 16, 2014

ചെന്നിയിൽ നരകേറിയാൽ

ഒരു കാലത്തു ജ്ഞാനത്തിന്റെയും പക്വതയുടെയും പ്രതിരൂപങ്ങളായിരുന്നു വാർദ്ധക്യം. ഇന്നതു കൌമാരത്തേക്കാൾ കുത്സിതമാണു. മദ്ധ്യവയസ്സിലെത്തിത്തുടങ്ങുന്ന ഓരോ മലയാളിയും അതിനെ ഓർത്തു ഭയപ്പെടേണ്ടതാണു. നാളെ താനും ഇങ്ങനെയൊക്കെ ആയിത്തീർന്നാലോ?

പ്രശസ്തിക്കും, സ്ഥാനമാനങ്ങൾക്കും (സ്ഥാനം നേടുന്നതിൽ മാനം ഒട്ടുമില്ല്ല... എങ്കിലും ഒരു ശൈലിയായതു കൊണ്ട് പ്രയോഗിച്ചു), അധികാരത്തിനും വേണ്ടി നാണംകെട്ട് ഇറങ്ങുന്നതു ഇന്നു വാർദ്ധക്യമാണു. തങ്ങളുടെ യൌവ്വനത്തിൽ നേടാൻ കഴിയാതെ പോയതൊക്കെ നേടിയെടുക്കാനുള്ള വെമ്പലിൽ വാർദ്ധക്യങ്ങൾ തമ്മിൽത്തമ്മിലും തങ്ങളുടെ പിൻ‌തലമുറയോടും മത്സരിക്കുന്ന കാഴ്ച വല്ലാത്ത ഒരു ജുഗുപ്സയുണർത്തുന്നു.

പ്രായവും അനുഭവവും കൂടുമ്പോൾ ഉണ്ടാകേണ്ടതു പക്വതയാണു. കാലപ്പഴക്കത്തിൽ മരത്തിനു കാതൽ വയ്ക്കും. തെങ്ങിനു ആരുറയ്ക്കും. മലയാളിക്കു മാത്രം വളരുന്നതു ബാലിശത്വമാണു.

കൌമാരത്തിലും യൌവ്വനത്തിലും രഹസ്യമായി തങ്ങൾ ആഗ്രഹിച്ചതൊക്കെ പിന്നത്തെ തലമുറ നേടിയെടുക്കുന്നതു കണ്ടപ്പോൾ മുതിർന്നവർ ഇളകിപ്പോയി. തങ്ങളുടെ തീവ്രമായ ആശകൾ കാലം വന്നപ്പോൾ മുളച്ചു പൂവണിഞ്ഞതാണെന്നു മനസിലാക്കാനുള്ള വിവേകം അവർക്കുണ്ടായില്ല. ആയിരം പൂർണ്ണചന്ദ്രന്മാരെക്കണ്ട എത്ര ഉടലുകളാണു ഇന്നു അധികാരത്തിനു വേണ്ടി മത്സരിക്കുന്നതു. അവാർഡുകൾ സംഘടിപ്പിക്കാൻ ചരടുവലിക്കുന്നതു. കാമം ഇളക്കി മറിക്കുന്നതു. അതിനിടയിൽ എന്തെങ്കിലും ഇച്ഛാഭംഗം നേരിട്ടാൽ അവരുടൻ പൊട്ടിത്തെറിക്കുന്നു. പ്രതികാരം ചെയ്യുന്നു. തന്റെ അടിത്തറയിളകിയാലും പോരാടി നിൽക്കാൻ ശ്രമിക്കുന്നു. എത്ര അപഹാസ്യമാണിതൊക്കെ.

യൌവ്വനത്തോട് മത്സരിക്കാൻ യൌവ്വനത്തിന്റെ വേഷപ്പകിട്ടും ശീലങ്ങളും കടം കൊള്ളുന്നവരാണു ഭൂരിപക്ഷവും. അങ്ങനെ ചെയ്താൽ അവരിലൊരാളായി തീരാമെന്നു അവർ വിചാരിക്കുന്നു. തങ്ങളുടെ അനുഭവങ്ങളും അറിവുകളും ഉപേക്ഷിച്ചു യൌവ്വന ചാപല്യങ്ങൾ സ്വീകരിക്കുന്ന അവരെ പുതിയ തലമുറ പരിഹാസത്തോടെയാണു വീക്ഷിക്കുന്നതു. യുവസമൂഹം കടുത്തൊന്നും പ്രതികരിക്കാത്തതു അവരുടെ നന്മ.

ചെന്നിയിലേക്ക് വെള്ളയിറങ്ങിയാൽ നാടുവിട്ടുപോയിരുന്ന ഒരു സമൂഹം ഇന്നു പ്രായം പ്രയാൻ പോലും മടിക്കുന്നു. നരമറയ്ക്കാൻ മുടികറുപ്പിക്കുന്നു. ജരയൊതുക്കാൻ ശിശുപിണ്ഡങ്ങൾ തൊലിയിൽ കുത്തിവയ്ക്കുന്നു. രാക്ഷസന്മാർ പോലും ചെയ്യാൻ അറച്ചിരുന്ന പ്രവർത്തികളാണു താൽകാലിക യൌവ്വനത്തിനായി ഇന്നത്തെ വാർദ്ധക്യം കാട്ടിക്കൂട്ടുന്നതു. എഴുപതിലും പതിനേഴിന്റെ നിറവെന്നൊക്കെ അഭിമാനിക്കുമ്പോഴും വീട്ടിൽ കിടന്നു ഊർദ്ധന്റെ മാരണങ്ങളോട് പൊരുതുകയാകും അവർ. എന്നാൽ പുറത്ത് തങ്ങൾ സിംഹങ്ങളാണെന്നുള്ള ഭാവനയും. ഇവർക്കൊന്നും നാണമില്ലെ?

കവികൾക്കും, കലാകാരന്മാർക്കും ഭ്രാന്തു ഭൂഷണമായിരിക്കാം. പക്ഷെ അതു കവിതയെഴുതുമ്പോൾ മാത്രം. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ അത്തരം ജ്ഞാനവൃദ്ധന്മാർ ഇരിക്കുമ്പോൾ സ്ഥാനത്തിനു ചേർന്ന വാക്കുകളും പ്രവർത്തികളുമേ പുറത്തു വരാവു. അതാണോ നാമിപ്പോൾ ചുറ്റിനും കാണുന്നതു? ജല്പനങ്ങൾ പറയുവാനാണെങ്കിൽ അടച്ചിട്ട മുറിക്കുള്ളിൽ പോയിക്കിടന്നു മച്ചിനോട് പറയൂ. ഇന്നു പൊതുസമൂഹത്തിൽ ഇത്തരം ജല്പനങ്ങളാണു ഒരു നിയന്ത്രണവുമില്ലാതെ പ്രചരിക്കുന്നതു. പിൻ‌തലമുറയ്ക്കു അനുഭവപാഠങ്ങൾ പറഞ്ഞുകൊടുത്തു ശാന്തമായി ജീവിക്കേണ്ട വാർദ്ധക്യം അവരുടെ അവസരങ്ങൾ തട്ടിപ്പറിച്ചു കൊണ്ട് ഒരു പൊതുശല്യമായി മാറിയിരിക്കുന്നു. അതുകൊണ്ടാണു ഇന്നു വാർദ്ധക്യം നിർദ്ദയം ഉപേക്ഷിക്കപ്പെട്ടുപോയതു. ഇവരെക്കണ്ടിട്ടാകാം ഇനിയൊരു തലമുറയിവിടെ ആവശ്യമില്ലെന്ന മട്ടിൽ പുതിയ തലമുറയിൽ വന്ധ്യത വല്ലാത്ത തോതിൽ ഉയരുന്നതു.

ഈ വാർദ്ധക്യത്തെ എന്തു ചെയ്യണമെന്നു എനിക്കറിയില്ല. സാമാന്യവിവേകം ഉണ്ടെങ്കിൽ ദയവായി അവർ ഒഴിഞ്ഞുപോകണം. യുവതലമുറയ്ക്കു കൊടുക്കാൻ ഒരു സന്ദേശവുമില്ല നിങ്ങൾക്ക്. നിങ്ങൾ ചെയ്യുന്നതു അതിനേക്കാൾ ഭംഗിയായി നിർവ്വഹിക്കാൻ അവർക്കറിയാം. ദയവായി സ്റ്റാൻഡ് വിട്ടുപോകൂ. അല്ലെങ്കിൽ വാർദ്ധക്യത്തിന്റെ പക്വത കാണിക്കു. യുവസമൂഹത്തെ ഉന്നത മൂല്യങ്ങളിലേക്ക് നയിക്കാൻ കഴിയില്ലെങ്കിൽ ഒരിടത്തു അടങ്ങിയിരിക്കണം.

വാർദ്ധക്യം പറഞ്ഞാൽ ഇപ്പോഴും യൌവ്വനം അനുസരിക്കും. പക്ഷെ വെറും പേച്ചു പോരാ. ജീവിച്ചു കാണിക്കണം.

ദാ, ഇവിടേക്ക് കുറച്ചു ദൂരമേ ഉള്ളു എന്നു മറക്കണ്ട.

No comments: