Thursday, June 20, 2013

ആർജ്ജിത വൈകാരികത

ഒരു തരം ആർജ്ജിതവൈകാരികതയിൽ ത്രസിക്കുകയാണു ഇന്നു ഇന്ത്യൻ സമൂഹം. പ്രത്യേകിച്ചും കേരളത്തിലുള്ളവർ. 1980 കളുടെ പകുതിയോടെയാണു ഇതു ശക്തിപ്രാപിക്കാൻ തുടങ്ങിയത്. ലൈംഗിക അരാജകത്വത്തിന്റെ മേമ്പൊടിയോടെ അതു പടർന്നു പിടിച്ചു. ഇന്ത്യൻ കുടുംബങ്ങൾ ആന്തരികമായി തകർന്ന ഒരു ബിന്ദുവാണത്. 1990ൽ അതിന്റെ തുടർച്ചയായി ആഗോളികരണം ഇന്ത്യയിൽ എത്തി. ശരിക്കും പറഞ്ഞാൽ ആഗോളീകരണത്തിനു പശ്ചാത്തലമൊരുക്കാനായിരുന്നു ആ വൈകാരികത അഴിച്ചുവിട്ടത്.

തുടർന്നു സ്ത്രീയും പുരുഷനും തുറന്നിടപഴകുന്ന ഒരു ലോകം ഉണ്ടായി വന്നു. സ്ത്രീപുരുഷന്മാർക്ക് വേണ്ടത്ര ശിക്ഷണമില്ലാതിരുന്നതിനാൽ കാമവും ഒപ്പം കടന്നു കൂടി. സത്വരജതമോഗുണാത്മകമാണു മനസും ശരീരവും. അതു അതിന്റെ ഗുണമേ കാണിക്കു. ഇഷ്ടത്തിനും അനിഷ്ടത്തിനും ഇതല്ലാതെ പ്രത്യേകിച്ച് കാരണമൊന്നുമില്ല. സ്ത്രീപുരുഷബന്ധങ്ങൾ ഉണ്ടാകുന്നത് ഈ ഇഷ്ടാനിഷ്ടത്തിൽ നിന്നുമാണു. അതിനപ്പുറമുള്ള കയ്യേറ്റങ്ങളോ, പിടിച്ചടക്കലോ തമോഗുണത്തിന്റെ ആധിക്യത്താലുണ്ടാകുന്ന മനോരോഗമാണു. അതു മൃഗീയവുമാണു.

ഭാരതീയർ ഇതേക്കുറിച്ച് നന്നായി പഠിച്ചിരുന്നു. അതിന്റെ വെളിച്ചത്തിൽ സമൂഹം അന്തരാളത്തിൽ പെടാതിരിക്കാൻ നിയന്ത്രിതമായ കുടുബബന്ധങ്ങൾ ആവിഷ്കരിച്ചു. ഗുണാധിക്യമുണ്ടാകാതെ സമത്വത്തിൽ പോകുന്നവർക്കേ ദാമ്പത്യം പരഞ്ഞിട്ടുള്ളു. അല്ലാത്തവർ വിട്ടു നിൽക്കും. അതുകൊണ്ടാണു മുൻപ് പലകുടുംബങ്ങളിലും ധാരാളം അവിവാഹിതർ ഉണ്ടായിരുന്നത്.

ഏതുകാലത്തും ഗുണഭേദമനുസരിച്ച് സ്ത്രീപുരുഷന്മാർ അന്യോന്യം വശീകരിക്കപ്പെടാറുണ്ട്. കുടുംബബന്ധങ്ങൾക്കിടയിൽ പോലും അതു സംഭവിക്കാം. അതിനു അടിസ്ഥാനം ലൈംഗികതയാകണമെന്നില്ല. സ്ത്രീയെ സംബന്ധിച്ചിടത്തോളം കരുതലാണു അവൾക്ക് പ്രധാനം. പുരുഷനു ലാളനയും. ഒന്നിച്ചു ജീവിക്കാതെയും ലൈംഗികബന്ധത്തിലേർപ്പെടാതെയും പാരസ്പര്യം തുടരുന്ന വഴികളുമുണ്ട്. സേവനം, ബഹുമാനം, ഭക്തി, ആരാധനയൊക്കെ അതിന്റെ ലക്ഷണങ്ങളാണു.

ദാമ്പത്യം എപ്പോഴും പരസ്പരധാരണയിൽ അധിഷ്ഠിതമാണു. ഭാര്യയ്ക്കും ഭർത്താവിനും പൊതുവായുണ്ടാകുന്ന ഭാവനയാണു കുടുംബമായി പരിണമിക്കുന്നത്. കുട്ടിയുണ്ടാകുന്നതോടെ അതു വികസിക്കും. ഇതോടൊപ്പം അച്ഛനപ്പുപ്പുന്മാരും അമ്മ അമ്മുമ്മമാരരും സഹോദരങ്ങളുമൊക്കെ ഉൾപ്പെടുന്ന വലിയൊരു കുടുംബവൃക്ഷം രൂപപ്പെടും. അതു ഭംഗിയായി കൊണ്ടുനടത്താനായിരുന്നു പണ്ടുള്ളവർ ശ്രമിച്ചിരുന്നത്. അതിനവർ ദൈവം, ദാമ്പത്യ ദൃഢത. സ്നേഹത്തിലധിഷ്ഠിതമായ ലൈംഗികത, കുട്ടികളുടെ ഭാവി, സമൂഹത്തിലുള്ള മാന്യത തുടങ്ങിയ കുറ്റികളിൽ ബന്ധങ്ങളെ തറച്ച് ഭദ്രമാക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ആധുനിക വിദ്യാഭ്യാസം സമന്വയമല്ല, വ്യക്തിസ്വാതന്ത്ര്യമാണ് വലുതെന്ന് പഠിപ്പിക്കുകയും കുടുംബങ്ങൾ തകരാൻ തുടങ്ങുകയും ചെയ്തു.

പാചകം, കുട്ടികളെ വളർത്തൽ, ഭർത്താവിന്റെയും മുതിർന്നവരുടേയും പരിചരണം, വീടുനോക്കൽ, പശുപരിപാലനം, കൃഷിയിൽ സഹായിക്കൽ എല്ലാം കഴിഞ്ഞ് സഹശയനവും. തിരക്കിട്ട ജോലിക്കിടയിൽ സ്ത്രീക്ക് വിനോദത്തിനും ആലസ്യത്തിനും, അതിരുകടക്കാനും സമയമില്ലായിരുന്നു എന്നായിരുന്നു അന്നത്തെ ആക്ഷേപം. ഇതുവ്യക്തിപരമായ അടിച്ചമർത്തലായി ചിത്രീകരിച്ചു. ഇങ്ങനെ ജീവിച്ചിട്ടും അവൾക്കു സുരക്ഷിതത്വമുണ്ടായിരുന്നു. അതിനെ മറികടക്കാനാണു അവൾക്ക് സ്വകാര്യസ്വത്തില്ലെന്ന വാദം മുന്നോട്ട് വച്ചത്. കറൻസിയിൽ എണ്ണുന്ന ശമ്പളമില്ലെന്നതായിരുന്നു ചൂണ്ടക്കൊളുത്തു. അതു മനസിലാക്കിക്കാൻ അവൾക്ക് ആധുനിക വിദ്യാഭ്യാസം നൽകി. ഏതാണ്ട് രണ്ടുതലമുറ കഴിഞ്ഞപ്പോഴേക്കും അവൾ വ്യക്തിസ്വാതന്ത്ര്യത്തിന്റെ രുചി അനുഭവിച്ചറിഞ്ഞു. സ്വതന്ത്രമായ സഞ്ചാരം, സ്വന്തമായ ജോലിയും, വരുമാനവും, പാരസ്പര്യത്തിനു പകരം വ്യക്തിതാല്പര്യത്തിനു മുൻ‌ഗണന, അങ്ങിനെ ചിലത് അവൾ നേടിയെടുക്കുന്നു. പക്ഷെ അതിനനുസരിച്ച് ആരോപിതമായ വിഷയങ്ങൾക്ക് കുറവുണ്ടായില്ല. അവയുടെ എണ്ണവും വ്യാപ്തിയും കൂടി. എന്നുമാത്രമല്ല മുൻപ് കിട്ടിയിരുന്ന സാമൂഹിക സുരക്ഷിതത്വം നഷ്ടമാകുകയും ചെയ്തു. നേരത്തെ ഭർത്താവും കുടുംബവും അടിമയാക്കി വച്ചിരുന്നു എന്നു പറയപ്പെട്ട സ്ത്രീ പൊതുസമൂഹത്തിലേക്ക് വലിച്ചെറിയപ്പെട്ടു. അവളുടെ സാമൂഹിക സുരക്ഷിതത്വത്തേക്കുറിച്ചായി പിന്നെ മുറവിളി. തൊഴിലിടങ്ങളിൽ ഭർത്തൃഗൃഹങ്ങളിലേക്കാൾ നീചമായി അവൾ അടിമപ്പണിക്കു വിധേയമാക്കപ്പെട്ടു. ലൈംഗികമായ ചൂഷണങ്ങൾ സർവ്വസാധാരണമായി. തൊഴിലിടങ്ങളിൽ മാത്രമല്ല, പഠനത്തിലും പെണ്ണിനു അതു അനുഭവിക്കാൻ നിർഭാഗ്യമുണ്ടായി. ഇന്നു ഒട്ടെല്ലാ മേഖലയിലും സ്ത്രീ ആദരിക്കപ്പെടുകയല്ല, അപമാനിക്കപ്പെടുകയാണു ചെയ്യുന്നത്.

ഇതിനെല്ലാം പുരുഷനും അവന്റെ മൃഗീയമായ ലൈംഗികതയുമാണു കാരണമെന്നാണു കണ്ടെത്തൽ. അതിനെ നേരിടാൻ നിയമങ്ങൾ ഉണ്ടാക്കുന്നു. അവ ലംഘിക്കപ്പെടുന്നു. ഇവിടെയാണു ആ ചോദ്യം. സ്ത്രീക്കും പുരുഷനും പാരസ്പര്യമുണ്ടോ? അവർക്കിടയിൽ കരുതലും ലാളനയും ഇന്നുണ്ടോ? ഏതെങ്കിലും വിഷയത്തിൽ അഭിപ്രായസമന്വയമുണ്ടോ? ഏറെ ആഘോഷിക്കപ്പെടുന്ന ലൈംഗികതയിലെങ്കിലും? ഒരു കഷണം തുണിമേടിക്കണമെങ്കിൽ പോലും സ്ത്രീ പുരുഷന്റെ വാക്ക് കേൾക്കുമോ, പരസ്യത്തിലെ വാചകം കേൾക്കുമൊ? അതുപോലെ തിരിച്ച് അവളുടെ ഒരു തിരുത്തലിനു വിധേയമാകാൻ എത്ര പുരുഷന്മാർ തയ്യാറാകും? പാരസ്പര്യം നഷ്ടപ്പെട്ട്, സ്വതന്ത്രമായി കുത്തഴിഞ്ഞുപോയ ഒരു സാമൂഹികക്രമത്തിൽ നിയമങ്ങൾ കൊണ്ട് അതെങ്ങനെ ശരിപ്പെടുത്തി എടുക്കും? വാഗ്ദാനലംഘനത്തിൽ വിജയം നേടാൻ വേണ്ടി കൂട്ടുവിളിക്കുന്നതല്ലെ ഈ നിയമത്തിനെ. അല്ലാതെ സ്ഥായിയായ എന്തു പരിഗണന അതു നേടിത്തരുന്നുണ്ട്? ഒറ്റപ്പെട്ട സംഭവങ്ങളിൽ തുടങ്ങിയ ഈ അതിവൈകാരിക ഇപ്പോൾ സമൂഹത്തെ ആകെ ഗ്രസിച്ചു കഴിഞ്ഞു.

ഇനി എന്താണു വഴി : ഒരു വഴിയുമില്ല. എല്ലാം തകർന്നടിയുമ്പോൾ ബോധം തെളിയുകയും പുതിയ സാമൂഹികക്രമം ഉദിച്ചുയരുകയും ചെയ്യും. അതുവരെ ഇങ്ങനെയൊക്കെ അങ്ങ് പോകട്ടെ. ആക്രമിച്ചും പരിക്കേറ്റും നമുക്ക് ജീവിക്കാം

1 comment:

Anonymous said...

സ്ത്രീക്കും പുരുഷനും പാരസ്പര്യമുണ്ടോ? അവർക്കിടയിൽ കരുതലും ലാളനയും ഇന്നുണ്ടോ?
താങ്കളുടെ അഭിപ്രായം ഇതില്‍ എന്താണ് ?