Monday, June 3, 2013

മാധവിക്കുട്ടി അല്ല കമലാ സുരയ്യ : മരണക്കുഴിതോണ്ടിയ വെളിപാടുകൾ


വേണ്ട, വേണ്ട എന്നു വിചാരിച്ചാലും ഈ മാദ്ധ്യമങ്ങൾ സമ്മതിക്കില്ല. നാലപ്പാട്ടെ കമല മലയാളത്തിൽ സുന്ദരൻ കഥകളും ഇംഗ്ലീഷിൽ സുന്ദരിക്കവിതകളും എഴുതി നമ്മളെ ആനന്ദിപ്പിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു. അതുമതി ആയമ്മയുടെ ജന്മം ഇവിടെ രേഖപ്പെടുത്താൻ. പക്ഷെ അവർ മതം മാറി എല്ലാരേയും ഞെട്ടിച്ചു. മാധവിക്കുട്ടി മതം മാറിയാലും ഇല്ലെങ്കിലും മലയാളിക്കൊന്നും വരാനില്ലായിരുന്നു. എന്നാൽ മതം‌മാറ്റത്തിന്റെ പിന്നിൽ ഒരു പ്രണയമുണ്ടെന്ന രഹസ്യം അവർ ഒട്ടിച്ചുവച്ചു. പരിണാമഗുപ്തി വെളിപ്പെടുത്താത്ത നോവൽ പോലെ. എന്നിട്ട് ആയമ്മ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.

പ്രണയമെന്നു കേൽക്കുമ്പോൾ മലയാളിക്ക് ഒരു തരിപ്പ് കേറും. വിക്ടോറിയൻ കാമത്തിന്റെ സൂക്കേടാണത്. കുറേ ഭാവന ചെയ്യുമ്പോൾ അതങ്ങ് പോകണ്ടതാണു. അങ്ങനെ പോയിരിക്കുകയുമായിരുന്നു. അപ്പോഴാണു ഉണ്ടിരിക്കുകയായിരുന്ന ഇന്ദു നായർക്ക് (മേനോൻ) ഒരു വിളി കിട്ടിയത്. ആയമ്മ പ്രണയിച്ചത് ഒരു പണ്ഡിതനെയാണെന്ന (പേരിപ്പോൾ എല്ലർക്കുമറിയാം) വെളിപ്പെടുത്തൽ മേനോത്തി പുറത്തുവിട്ടു. കിണറ്റിൽ വീണു മരിക്കുന്ന കുട്ടിയേയും അമ്മയച്ഛന്മാർ ഞെക്കിക്കൊല്ലുന്ന കുട്ടിയേയും ഒരേതലത്തിൽ കാണുന്ന പാണ്ഡിത്യവിശേഷമുള്ള ഒരു വിദ്വാനാണു കക്ഷി. (ഞാനൊരു പുലിയാണെങ്കിൽ അയാളൊരു കോലാടാണെന്നു ആയമ്മ പറഞ്ഞത് അങ്ങനെ കറക്ടുമായി) ഇന്ദുപ്പെണ്ണ് ഇത്രയും വലിയൊരു മത്താപ്പ് കത്തിച്ചപ്പോൾ അടുത്ത നായർക്കും സോറി മേനോത്തിക്കും കിട്ടി ഒരു വിളി. കാച്ചി തന്റെ വക വേറൊരെണ്ണം. പണ്ഡിതനു കഷ്ടകാലമാണെന്നു തോന്നുന്നു. ഏത് ഖരാനയിലുള്ള ഗസലുപാടിയാലാണു ഇനി ഒന്നു പിടിച്ചു നിൽക്കാൻ കഴിയുക? ആയമ്മ മണ്ണിനടിയിൽ കിടന്നു പൊട്ടിച്ചിരിക്കുകയാകും! എന്റെ കഥ എഴുതി അതിന്റെ ദുരൂഹത തീർക്കാതെ മരിച്ചയാളാണു കമല. ജീവിതം കൊണ്ടുപോലും നോവൽ എഴുതാൻ കഴിയുന്ന മാധവിക്കുട്ടിയ്ക്ക് നോബേൽ പുരസ്കാരം കൊടുക്കേണ്ടതുതന്നെയായിരുന്നു............

ഈ കഥയ്ക്ക് വളരെ രസകരമായ ഒരു മറുവശമുണ്ട്. ഇന്ത്യയിലെ ഏതെങ്കിലും സംഘിക്കോ ഹിന്ദുപുളകിതനോ കഴിയാതെ പോയകാര്യം. തങ്ങളുടെ എതിരാളിയായ മതത്തെ ഇത്രയേറെ ചുറ്റിക്കാൻ മറ്റാർക്കും കഴിഞ്ഞില്ല. മതം‌മാറ്റത്തെത്തുടർന്നു ശരിയത്തുപഠിപ്പിക്കാൻ മുക്രിമാരുടെ ഘോഷയാത്രയായിരുന്നു. എല്ലാം ആസ്വദിച്ചിട്ട് ആയമ്മ കാച്ചി : “ഈ അത്തറുകാരെക്കൊണ്ട് പൊറുതിമുട്ടിയല്ലോ എന്റെ ഗുരുവായൂരപ്പാ....” ഓത്തുമുഴവൻ ആവിയായില്ലെ? പുറകെ വന്നു അടുത്ത ഗുണ്ട് : “ഞാനിപ്പോഴും ഉള്ളിൽ രാധയാണു“. മറ്റേവിദ്വാനു ഓടക്കുഴൽ വശമില്ലല്ലോ. അറിയാവുന്നതു ഗസലുമാത്രം. തസ്ലീമാ നസ്രിനൊക്കെ പുകഞ്ഞുനിൽക്കുന്ന കാലത്താണു ഇതൊക്കെ പുറത്തുവരുന്നത്. ഒന്നും സംഭവിച്ചില്ല. ഒടുവിൽ മരിച്ചപ്പോൾ മയ്യത്തുകൊണ്ടും കളിച്ചു ഒരു കളി. സ്ത്രീയുടെ മയ്യത്തിൽ മകനുപോലും അത്ര സ്വാതന്ത്ര്യമില്ലാത്ത ഒരു മതത്തിൽ അതുമായി കേരളം ചുറ്റിക്കറങ്ങി. അതിനു അന്നത്തെ സാംസ്കാരിക കർദ്ദിനാളിനേയും നമിക്കണം. തൂവാല ചുറ്റുന്നതിൽ‌പ്പോലും മതപരമായ അഭിപ്രായമുള്ള മതത്തിലെ ഒരൊറ്റ പണ്ഡിതൻ പോലും ഒന്നും മിണ്ടിയില്ല. വിക്റ്റർലീനസിന്റെ ഒരു കഥയുടെ പേരാണു : സമുദ്രപരിണാമം. ആയമ്മയുടെ കുസൃതികൾക്ക് ഒരു പേരിടണമെങ്കിൽ ആ പേർ കടമെടുക്കാം. മതപരിണാമം. മതവും ഒരു വലിയ സമുദ്രമാണല്ലോ.

ഗുണപാഠം : പ്രതിഭയെ ഏതുമതവും അംഗീകരിക്കും. സ്വയം ഒതുങ്ങിയിട്ടാണെങ്കിലും. അതൊരു ശുഭസൂചനയാണു..............

2 comments:

ആൾരൂപൻ said...

ആരെയാണ് മാധവിക്കുട്ടി പ്രണയിച്ചത്? അറിയാനൊരു ആകാംക്ഷ, പറയാമോ?

Unknown said...

കള്ളകഥകൾക്കെതിരെ കമല സുരയ്യയുടെ മകൻ പ്രതികരിക്കുന്നു


http://youtu.be/2s-Hc6GXPgM