Saturday, April 6, 2013

വർത്തകൾ അറിയാൻ എന്തിനു ഈ മാദ്ധ്യമങ്ങൾ?

2002 ഫെബ്രുവരി മാസം 8ആം തീയ്യതിയോ, 10ആം തീയതിയോ ആണു മലയാളത്തിലെ മുഖ്യദിനപ്പത്രങ്ങളിൽ ഒന്നു ഉപേക്ഷിക്കണമെന്നു ഞാൻ തീരുമാനമെടുത്തത്. അന്നുവരെ കുറഞ്ഞത് 2 മലയാള ദിനപ്പത്രവും ഒരിംഗ്ലീഷ് പത്രവുമെങ്കിലും ദിവസവും പരതുന്ന ഒരു ദുശ്ശീലം എനിക്കുണ്ടായിരുന്നു. പത്രവായന എന്ന ശൈലിരോഗത്തിൽ നിന്നും മോചിതനാകാൻ ഞാൻ തീരുമാനിച്ചു. അതിനു കാരണം, ആ സമയത്തു നടന്നു വരികയായിരുന്ന പൊതുപണിമുടക്കിനെക്കുറിച്ച് മാദ്ധ്യമങ്ങൾ നടത്തിയ അപവാദപ്രചരണമാണു. ന്യായമായ ചില അവകാശങ്ങൾക്ക് വേണ്ടി അദ്ധ്യാപകരും, സർക്കാർ ഉദ്യോഗസ്ഥരും നടത്തിയ പണിമുടക്കിനെ അപകീർത്തിപ്പെടുത്താനും പരിഹസിക്കാനും ആ ഒരു മാദ്ധ്യമം കാണിച്ച ഉത്സാഹം എനിക്ക് സഹിച്ചില്ല. ഒരുച്ചയൂണു സമയത്ത് ഞാൻ അതു പ്രഖ്യാപിച്ചു. ഇനി ആ പത്രം ഞാൻ കൈകൊണ്ട് തൊടില്ല. എന്നോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് ഒരു സ്നേഹിതനും കൂടി. ഗോപിനാഥപിള്ള. അന്നു വൈകുന്നേരം കൊല്ലം ചിന്നക്കടയിൽ കൂടിയ പൊതുസമ്മേളനത്തിൽ ട്രേഡ്യൂണിയൻ പ്രവർത്തകൻ കൂടിയായ ഗോപിനാഥപിള്ള കേൾവിക്കാരെ ആവേശം കൊള്ളിച്ചു കൊണ്ട് തന്റെ തീരുമാനം പ്രഖ്യാപിക്കുകയും കഴിയുന്നവർ അതു പിന്തുടരണമെന്നു അഭ്യർത്ഥിക്കുകയും ചെയ്തു. ഫോർത്ത് എസ്റ്റേറ്റിനോടുള്ള വെല്ലുവിളിയായി ചില ‘ഉന്നത നേതാക്കമാർക്ക്’ അതു തോന്നി. അതിനു കാരണം, അതു ചെയ്താൽ നാളെ അവരുടെ പടവും വാർത്തയും അതിൽ വരില്ല എന്ന സ്വാർത്ഥവിചാരം മാത്രമായിരുന്നു. ഞങ്ങൾ അത് പാടേ അവഗണിച്ചു.

എളുപ്പമുള്ള കാര്യമല്ല ഒരു ദിനപ്പത്രം ഉപേക്ഷിക്കുക എന്നത്. 37 കൊല്ലമായുള്ള ശീലമാണു പറിച്ചെറിയേണ്ടത്. പിറ്റേന്നു രാവിലെ വീട്ടിൽ വച്ച് പത്രം തൊട്ടില്ലെങ്കിലും ട്രെയിൽ വരുമ്പോൾ അടുത്ത് ഇരിക്കുന്നആൾ നിവർത്തിവച്ചിരിക്കുന്ന പത്രത്തിലേക്ക് പാളിനോക്കാനുള്ള ആന്തരിക ചോദന ശക്തമായിരുന്നു. എങ്കിലും അതിലുപരിയുള്ള ട്രേഡ്യൂണിയൻ ആവേശം തൽക്കാലം എന്നെ പിന്തിരിപ്പിച്ചു. കൊല്ലത്തു തീവണ്ടിയിറങ്ങുമ്പോൾ എന്നെ ആശ്വസിപ്പിക്കുമാറ് കാസിം എന്ന പോർട്ടർ പറഞ്ഞു : ‘സാറെ ഞാനും ആ $%^&പത്രമങ്ങ് നിർത്തിയെന്നു ഗോപിസാറിനോട് പറഞ്ഞേരെ. ഇവിടെ സംഘത്തിൽ എല്ലാരോടും പറയുന്നുണ്ട്’. റിമാൻ‌ഡ് ചെയ്ത സമരക്കാർക്ക് സൌകര്യമൊരുക്കുന്നതിനു പണിയുപേക്ഷിച്ച് ഇറങ്ങിത്തിരിച്ചയാളാണു കാസിം. എനിക്ക് ആവേശമായി. മുൻ‌നിരനേതാക്കന്മാരേക്കാൾ എപ്പോഴും ആവേശമാകുന്നത് ഇത്തരം സാധാരണക്കാരാണു. എന്തായാലും പത്രവായന എന്ന ശീലം ഞാൻ പതുക്കെ ഉപേക്ഷിച്ചു. ഇപ്പോൾ പത്രം ഇറങ്ങുന്നുണ്ടോ എന്നു പോലും ഞാൻ അന്വേഷിക്കാറില്ല.

തുടർന്നു 2003ൽ ടിവിയോടുള്ള ബന്ധവും ഉപേക്ഷിച്ചു. ഈ തീരുമാനം കൊണ്ട് വാർത്താചാനലുകളുടെ കെണിയിൽ വീഴാതെ കഴിയാൻ പറ്റി. ചാനലികളൊക്കെ പ്രചാരത്തിലെത്തുന്നതിനു മുൻപേ അവയിലുള്ള ആവേശം നഷ്ടപ്പെട്ടതു എത്ര നന്നായി എന്നാണു എനിക്കിപ്പോൾ തോന്നുന്നത്. അതു കൊണ്ടൊന്നും വിവരങ്ങൾ അറിയുന്നതിനു ഒരു കുറവും സംഭവിച്ചില്ല. ഞാൻ അറിയേണ്ടതൊക്കെ ആരെങ്കിലും പറഞ്ഞ് അറിയുന്നു. പിന്നെ, അഴിമതിയും, ഇക്കിളിയും ബലാത്സംഗവുമൊക്കെ കേട്ടിട്ട് എന്തു കാര്യം? വാർത്തകൾ എന്നു പറയുന്നതു അതുമാത്രമാണല്ലോ. പത്രം വായിക്കാതെയും ചാനലുകൾ കാണാതെയും വാർത്ത അറിയാൻ കഴിയുന്നത് എന്തൊരു ആശ്വാസമാണു. അതിനെന്നെ സഹായിക്കുന്നത് എന്റെ സ്നേഹിതന്മാരാണു. ചില ഉറപ്പുവരുത്തലുകൾക്ക് ഓൺ-ലൈൻ എഡിഷനുകൾ സഹായിക്കുന്നു. അല്ലെങ്കിൽ ആകാശവാണിയുടെ വാർത്തകൾ. വാർത്താ വാസ്തവങ്ങൾ കൂടുതലും വ്യക്തികളിൽ നിന്നു തന്നെയാണു ലഭിക്കുന്നത്. സോഷ്യൽ നെറ്റ്വർക്കുകൾ പ്രചാരത്തിലായപ്പോൾ അതൊക്കെ പരസ്പരം പകർന്നു. അതു കണ്ടിട്ടാവാം, മാദ്ധ്യമരംഗത്തു പ്രവർത്തിക്കുന്ന അനവധി സുഹൃത്തുക്കൾ തങ്ങൾക്ക് പങ്കു വയ്ക്കാൻ കഴിയാത്ത വാർത്തകൾ എനിക്ക് നൽകുന്നത്. അവരോടുമുണ്ട് നന്ദി.

ഇതൊക്കെ പറഞ്ഞത് നിങ്ങളിൽ നിന്നു ആത്മാർത്ഥമാ‍യ ഒരു മറുപടി കിട്ടാനാണു. പണ്ട് രണ്ടുതരം പത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. പാർട്ടി പത്രവും ദേശീയ ദിനപ്പത്രവും. ഇന്നിപ്പോൾ ഒരൊറ്റതരവഴിയിലുള്ള മാദ്ധ്യമേ കാണുന്നുള്ളു. സിന്റിക്കേറ്റ് മാദ്ധ്യമങ്ങൾ. പാർട്ടിപത്രം പോലും കൂടുതൽ കൈകാര്യം ചെയ്യുന്നത് സിൻഡിക്കേറ്റ് വാർത്തകളാണു. അങ്ങനെയിരിക്കെ നമുക്കീ പത്രങ്ങളും ചാനലുകളും ആവശ്യമുണ്ടോ? അവയിൽ നിന്നു നമുക്ക് യഥാർത്ഥ വാർത്തകൾ കിട്ടുന്നുണ്ടോ. അതിൽ കൂടുതൽ നിങ്ങൾ മറ്റുള്ള ഉപാധികളിൽ നിന്നു അറിയുന്നില്ലെ? എങ്കിൽ പിന്നെ എന്തിനാണു മാദ്ധ്യമങ്ങൾക്ക് വെറുതെ വരികൊടുത്തു പണം കളയുന്നത്? സ്നേഹിതരെ നിങ്ങൾക്ക് എന്തു ഉത്തരമുണ്ട്?

No comments: