Thursday, December 6, 2007

സ്വാമി നിര്‍മ്മലാനന്ദ ഗിരിയെ വെറുതെ വിടുക........

കായില്ലാത്ത കൊമ്പില്‍ കൊഴുവെറിയുന്ന സ്വഭാവം പണ്ടേ മനോരമയ്ക്കില്ല.
അലോപ്പതി ചികിത്സാരംഗം ഇന്നൊരു പ്രതിസന്ധിയിലാണ്. പ്രശസ്തിക്കും പ്രചാരത്തിനും തക്കവണ്ണമുള്ള ഫലസിദ്ധി ആ ശാഖയില്‍ നിന്ന് രോഗികള്‍ക്ക്‌ കിട്ടുന്നില്ല. കാന്‍സര്‍ പോലെ ഒട്ടു മിക്ക രോഗങ്ങള്‍ക്കും അവിടെ ചികിത്സിച്ചാല്‍ ആളും കാശും പോക്കാണ്‌. എന്നാല്‍ വലിയൊരു വ്യവസായമെന്ന നിലയില്‍ ചികിത്സിക്കാതിരിക്കാന്‍ അവര്‍ക്ക് ആവുകയുമില്ല.ചികിത്സ തടിയേ തട്ടിയുള്ള കാര്യമാകുമ്പോള്‍ ആളുകള്‍ അങ്ങനെ വെറുതെ വിട്ടു കൊടുത്തു എന്നുവരില്ല. ഡോക്ടറന്മാര്‍ക്ക്‌ ചില്ലറ തല്ലും സ്ഥാപനത്തിന്‌ വ്യാപകമായ പേരുദോഷവും പലപ്പോഴും ഉണ്ടാകാറുണ്ട്‌.

ഇതൊക്കെ കാണുമ്പോള്‍ മനോരമ പോലൊരു മാദ്ധ്യമം എന്തു ചെയ്യണം?

രോഗി ചത്താലും വ്യവസായത്തെ സംരക്ഷിക്കണം. അതാണു ചേംബര്‍ ഓഫ് കോമേഴ്സ്! അല്ലെങ്കില്‍ വ്യാപാരി വ്യവസായി ഒരുമ!!

ആധുനിക വൈദ്യശാസ്ത്രത്തിനു 50 കൊല്ലത്തില്‍ കൂടുതല്‍ പഴക്കം കേരളത്തിലില്ല. അതിനു മുന്‍പും കേരളത്തില്‍ വൈദ്യവും ചികിത്സയും ഉണ്ടായിരുന്നു. അതൊക്കെ അശാസ്ത്രീയമാണെന്ന് പറഞ്ഞാണ് മലയാളി ആധുനിക വൈദ്യത്തിലേക്ക് ചുവട് മാറിയത്. അതിനുവേണ്ടി ചെയ്യാവുന്ന എല്ലാ മാദ്ധ്യമ സഹായവും മനോരമയും മറ്റ് പത്രങ്ങളും ചെയ്തുകൊടുത്തിട്ടുണ്ട്‌.

ആ വൈദ്യശാസ്ത്രം ഇപ്പോള്‍ വല്ലാത്ത ഒരു പരുങ്ങലിലാണ്‌. അതിനു കാരണം വേറൊന്നുമല്ല. റിസള്‍ട്ടില്ല!!

ഇവിടുത്തെ കുഞ്ഞുകുട്ടി പരാധീനങ്ങള്‍ പഠിച്ച സയന്‍സിന്റെ മാതൃകയിലുള്ള ചികിത്സയുള്ളത് ‌ അലോപ്പതിയിലാണ്. അതു കൊണ്ട്‌ ആദ്യം അങ്ങോട്ട്‌ പോകാന്‍ ഒരു പ്രേരണയുണ്ടാകും. പക്ഷെ അധികം താമസിയാതെ പോയവര്‍ നിരാശ്ശരായിത്തീരും. കാശ്‌ പോയത്‌ പോട്ടേ എന്ന് വയ്ക്കാം. വലിയ അദ്ധ്വാനമൊന്നും കൂടാതെ കിട്ടുന്ന പണമാണിന്ന് മലയാളി‍ക്കുള്ളത്‌. അതു ഇഷ്ടം പോലെ ചെലവാക്കാനും മടിയില്ല..

വൈദ്യവ്യവസായത്തിനും അതേ വേണ്ടൂ.

പണം!

പക്ഷെ രോഗശാന്തി കിട്ടുന്നില്ലെങ്കിലോ?

മനുഷ്യന്‍ ലാടവൈദ്യം തൊട്ട്‌ ധ്യാനംകൂടല്‍ വരെ പരീക്ഷിച്ച്‌ നോക്കും. ഇതില്‍ അവരെ കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല. അവനവന്റെ തടിയെ തട്ടുന്ന കാര്യമാണ്. അപ്പോള്‍ എന്തും ചെയ്തു പോകും. ഇതു നന്നായറിയുന്നവരാണു മനോരമ ഓടിച്ച്‌ കൊണ്ട്‌ പോകുന്നത്‌. ആധുനിക വൈദ്യത്തിനു എങ്ങനെയൊക്കെ പ്രചാരണം കൊടുത്തുവോ അതുപോലെ ഇനിയിപ്പോള്‍ ലാടവൈദ്യത്തിനും മര്‍മ്മാണിചികിത്സക്കും പ്രചാരം കൊടുത്താലേ പത്രത്തിനു നാല്‌ കാശുണ്ടാകു. കാരണം ആളുകള്‍ വ്യാപകമായി ഇപ്പോള്‍ ആ മേഖലയിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുകയാണ്‌. മറ്റേ പത്രം അവിടെ കച്ചോടം പിടിക്കുന്നതിനു മുന്‍പേ 'നമ്മള്‍' അവിടെ ചെന്നിരിക്കണം.

അതിന്റെ ഒരു തിരനോട്ടമാണ് 2007 ഡിസംബറിലെ 'മനോരമ ആരോഗ്യ'ത്തില്‍ കാണുന്നത്. 'വിശ്വാസചികിത്സ'ക്ക്‌ വേണ്ടി മാറ്റിവച്ചിരിക്കുന്ന ലക്കം.

അത്ര മാത്രമേ ഉദ്ദേശം ഉണ്ടായിരുന്നുള്ളു എങ്കില്‍ അതിനെ മനോരമയുടെ പണമുണ്ടാക്കാനുള്ള ‘സോദ്ദേശം‘ എന്ന് പറയാമായിരുന്നു. പക്ഷെ, അതിന്റെ ഒരു അടുക്കും അനുഭവ സാക്ഷ്യവുമൊക്കെ കാണുമ്പോള്‍ വേറെ ചില ദുരുദ്ദേശം കൂടിയില്ലെ എന്ന് ഒരു സംശയം.

സത്യസായിബാബ, മാതാ അമൃതാനന്ദമയി, ശ്രീ ശ്രീ രവിശങ്കര്‍ തുടങ്ങിയവരെ ആദ്യമേ തന്നെ നിരത്തി വച്ചിട്ടുണ്ട്. അടുത്ത സെറ്റ് സ്വാമി രാംദേവും നിര്‍മ്മലാനന്ദഗിരിയുമാണ്. ഇവരും മനോരമയുടെ പട്ടികയില്‍ വിശ്വാസചികിത്സകരാണ്. പിന്നെ ധ്യാനകേന്ദ്രങ്ങള്‍, അമ്പലങ്ങള്‍. എന്നാല്‍ തകഴി അമ്പലമോ കൈപ്പുഴയമ്പലമോ പട്ടികയിലില്ല. ധ്യാന കേന്ദ്രങ്ങളുടെ വ്യവസായം ഒന്നിടിഞ്ഞ മട്ടിലാണു. അത് ഉയര്‍ത്തിക്കൊടുക്കേണ്ടത് മനോരമയുടെ ചുമതലയാണ്. അത്‌ ചെയ്യാതിരിക്കുന്നത്‌ ശരിയല്ലല്ലോ! മതം ബാലന്‍സ്‌ ചെയ്യാനായിരിക്കണം പാണക്കാടിനേക്കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. പോരുമ്പോള്‍ എല്ലാം കൂടി ഇങ്ങ്‌ പോരട്ടെ!!

സത്യസായിബാബക്കോ, മാതാ അമൃതാനന്ദമയിക്കോ വിശ്വാസചികിത്സയില്‍ സ്വന്തം നിലയില്‍ തന്നെ വലിയ വിശ്വാസമുണ്ടെന്ന് തോന്നുന്നില്ല. അല്ലെങ്കില്‍ പുട്ടപര്‍ത്തിയിലും എറ‍ണാകുളത്തും ഇത്ര വലിയ ആശുപത്രികള്‍ അവര്‍ സ്ഥാപിക്കുമായിരുന്നില്ല! അനുഗ്രഹം കൊണ്ട് രോഗം മാറുമെങ്കില്‍ കോടികള്‍ മുടക്കി എന്തിനു ആശുപത്രികള്‍ പണിയണം?

അനുഗ്രഹം കൊടുത്ത്‌ രോഗം മാറ്റുന്നത്‌ അശാസ്ത്രീയമാണെന്ന് ഈ ലേഖനങ്ങള്‍ അച്ചടിച്ചവരേക്കാള്‍ അവര്‍ക്ക്‌ നന്നായി അറിയാം. അതു കൊണ്ട്‌ അവരെ ചികിത്സകരുടെ പട്ടികയില്‍ പെടുത്തിയതെ തെറ്റ്‌. വിവേകമുള്ളതുകൊണ്ട്‌ അവര്‍ തിരുത്താന്‍ പോകുന്നില്ലെന്നു മാത്രം.

ശ്രീശ്രീയുടേത്‌ ഹഠയോഗത്തിലെ പ്രാണായാമമെന്ന സങ്കേതമാണ്‌. കര്‍ണ്ണാടകത്തിലെ സ്വാമി പൂര്‍ണ്ണാനന്ദ എഴുപതുകളില്‍ ഇതുപോലെ ഒരു സങ്കേതം വികസിപ്പിച്ചിരുന്നതായി ഓര്‍ക്കുന്നു. എന്നാല്‍ യമശമാദികള്‍ ഇല്ലാത്ത മനുഷ്യര്‍ അതുപയോഗിച്ച് ഭ്രാന്തുപിടിക്കണ്ടാ എന്ന് കരുതി അദ്ദേഹം അതുപേക്ഷിക്കുകയാണുണ്ടായത്. കേട്ടിടത്തോളും സുദര്‍ശ്ശനക്രിയക്ക് അതിനോട് സാമ്യമുണ്ട്. അതിലും വിശ്വാസത്തിനു വലിയ പങ്കില്ല. യോഗശാസ്ത്രമാണത്.

പിന്നെയുള്ളത്‌ അമ്പലത്തിന്റേയും പള്ളിയുടേയും പേരില്‍ നടക്കുന്നവയാണ്‌. ഇന്നത്തെ സാഹചര്യത്തില്‍ അവയുടെ കച്ചവടം പ്രമോട്ട്‌ ചെയ്തുകൊടുക്കുന്നത്‌ നന്നായിരിക്കും. തിരിച്ച്‌ പരസ്യങ്ങള്‍ കിട്ടുമല്ലാ.

ഇതിനിടയില്‍ കാണിച്ച ഒരു അപരാധമുണ്ട്‌. സ്വാമി രാംദേവിനേയും സ്വാമി നിര്‍മ്മലാനന്ദഗിരിയേയും വിശ്വാസചികിത്സകരില്‍ ഉള്‍പ്പെടുത്തി. രണ്ടുപേരുടേയും ഒപ്പമുള്ള 'സ്വാമി' യെന്ന വിശേഷണം വിശ്വാസവുമായി കൂട്ടിയിണക്കാന്‍ എളുപ്പമാണ്!! നിര്‍ഭാഗ്യമെന്ന് പറയട്ടെ രണ്ട്‌ പേരും ചികിത്സിക്കുന്നത്‌ ആയുര്‍വ്വേദത്തില്‍ നിന്നുകൊണ്ടാണ്. അവര്‍ക്ക്‌ വിശ്വാസവും ദൈവസങ്കല്‍പവും ഒക്കെ ഉണ്ടാകും. പക്ഷെ അത്‌ അവര്‍ ചികിത്സയുമായി കൂട്ടിക്കുഴയ്ക്കാറില്ല.

ഒറ്റപ്പാലത്തിനടുത്താണ്‌ സ്വാമി നിര്‍മ്മലാനന്ദഗിരിയുടെ ആസ്ഥാനം. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ 8.30 നു അവിടെ ചെന്നാല്‍ നിര്‍മ്മലാന്ദഗിരിയുടെ ആയുര്‍വ്വേദ തത്ത്വശാസ്ത്രം നിങ്ങള്‍ക്ക്‌ കേള്‍ക്കാം. മാദ്ധ്യമങ്ങള്‍ വളച്ചൊടിക്കാതെ നേരിട്ട്‌.

സന്യാസിമാരുടെ പ്രോട്ടോക്കോളോ ഡോക്ടറന്മാരുടെ ജാഡയോ കാണിക്കാത്ത സ്വാമി നിര്‍മ്മലാനന്ദഗിരി ആര്‍ക്കും യഥേഷ്ടം സമീപിക്കാവുന്ന ഒരു സന്യാസിയും വൈദ്യനുമാണ്.

എന്നിട്ടും മനോരമ എന്താണ്‌ അച്ചടിച്ച്‌ വച്ചിരിക്കുന്നത്‌?

ചിത്രമോ വിലാസമോ വെളിപ്പെടുത്താന്‍ തയ്യാറാകാത്ത ഒരു ദിവ്യഗാത്രമാണത്രെ അദ്ദേഹം!!

ഒരു തവണയെങ്കിലും അദ്ദേഹത്തെ നേരില്‍ കണ്ടവരാരും ഇത് വിശ്വസിക്കുമെന്ന് തോന്നുന്നില്ല.

ഇനി മാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ അദ്ദേഹം വിമുഖനാണെന്നാണോ വിവക്ഷ? എങ്കില്‍ അതും തെറ്റി. എല്ലാ ഞായറാഴ്ചകളിലും രാവിലെ 7.15 നു കൈരളി ചാനല്‍ തുറന്ന് വച്ച്‌ നോക്കൂ.. അദ്ദേഹം പ്രത്യക്ഷപ്പെട്ട്‌ ആരോഗ്യചര്‍ച്ച നടത്തുന്നത്‌ കാണാം. കഴിഞ്ഞ 5 വര്‍ഷമായി അത്‌ തുടരുന്നുണ്ട്‌. കേരളാവിഷനില്‍ ആഴ്ചയില്‍ മൂന്നു ദിവസം വീതം ‘ജ്ഞാനത്തിന്റെ വഴി‘ എന്നൊരു ദീര്‍ഘമായ അഭിമുഖത്തില്‍ കഴിഞ്ഞ ആറുമാസമായി അദ്ദേഹത്തെ കാണാം. കര്‍ക്കിടകമാസം മുഴുവന്‍ രാവിലെ രാമായണ സംബന്ധിയായ ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം ജീവനില്‍ ഉണ്ടായിരുന്നു. അദ്ദേഹം നടത്തിയ പ്രഭാഷണങ്ങളുടെ നൂറുകണക്കിനു കോംപാക്റ്റ്‌ ഡിസ്കുകള്‍ വിപണിയിലുണ്ട്‌. പുസ്തകങ്ങള്‍ വേറെ.

ഇത്രയധികം സുതാര്യനായ വ്യക്തിയെ ഒരു ഗുപ്തമന്ത്രവാദിയെപ്പോലെ അവതരിപ്പിച്ചത്‌ എന്തിനായിരിക്കും? എന്തായാലും അത് സദുദ്ദേശത്തോടെ ആയിരിക്കാനിടയില്ല.അതിന്റെ പിന്നില്‍ എന്തോ ഗൂഢോദ്ദേശമുണ്ട്.

വിശ്വാസചികിത്സ ഒരു സോപ്പുകുമിളയാണെന്ന് ആര്‍ക്കാണറിയാത്തത്? അത്‌ പൊട്ടാന്‍ അധികനേരം വേണ്ട. ചില ധ്യാന കേന്ദ്രങ്ങളേക്കുറിച്ചും മന്ത്ര-തന്ത്രവാദികളെക്കുറിച്ചും ഇപ്പോള്‍ തന്നെ ആരോപണങ്ങള്‍ ഉയരുകയും അന്വേഷണങ്ങള്‍ നടക്കുകയും ചെയ്യുന്നുണ്ട്‌.

ആയുര്‍വ്വേദത്തേക്കൂടി 'വിശ്വാസചികിത്സ‘യ്ക്കകത്തുള്‍പ്പെടുത്തിയാല്‍ വിശ്വാസചികിത്സക്കുണ്ടാകുന്ന പരാജയങ്ങള്‍ ആയുര്‍വ്വേദത്തിനെക്കൂടി ബാധിച്ചുകൊള്ളുമല്ലോ! അത്‌ ആധുനിക ആരോഗ്യവ്യവസായത്തിനു ആവശ്യമാണ്. അതിനു വേണ്ടി ചെയ്തൊരു പദ്ധതിയല്ലെ ആരോഗ്യത്തിന്റെ 2007 ഡിസംബര്‍ ലക്കം?

ശസ്ത്രക്രിയകള്‍ വ്യാപകമായി നടന്നെങ്കിലേ ഓപ്പറേഷന്‍ തീയറ്ററുകള്‍ ലാഭകരമാകു എന്നറിഞ്ഞിട്ട്‌ അതിനു ആളെകണ്ടെത്തിക്കൊടുക്കാന്‍ ഹൃദയപൂര്‍വ്വം ചിലര്‍ നടത്തിയ സഹായം മലയാളികള്‍ മറന്നിട്ടുണ്ടാവാന്‍ ഇടയില്ല.

ആയുര്‍വ്വേദം പഴയ പ്രൗഢി വീണ്ടെടുത്തു കൂടാ. വീണ്ടെടുത്താല്‍ അത് ബാധിക്കുന്നത് ആധുനിക വൈദ്യവ്യവസായത്തെയാണു. അതിന്റെ കുത്തകക്കാര്‍ ആരാണെന്ന് പറയാതെ തന്നെ അറിയാമല്ലോ.

അപ്പോള്‍ ആയുര്‍വ്വേദത്തിന്റെ തളിരില്‍ ചൂടുവെള്ളം ഒഴിക്കുക തന്നെ വേണം. പക്ഷെ അങ്ങനെ ചെയ്തതാണെന്ന് തോന്നുകയും ചെയ്യരുത്‌. മാസികയിലെ അനുഭസാക്ഷ്യങ്ങളുടെ ഉദ്ദേശം അതാണു.

ആരോഗ്യത്തില്‍ വരുന്ന ലേഖനങ്ങളെക്കുറിച്ച് പത്രാധിപരുടെ ഒരു കുമ്പസാരമുണ്ട്. ബേസ് ലൈനില്‍. “ഇതില്‍ അച്ചടിക്കുന്നതൊക്കെ എഴുതിയ കശ്മലന്മാരുടെ അഭിപ്രായങ്ങളാണ്”.
ഞങ്ങള്‍ക്കൊന്നും പറയാനില്ല!
പാവം പത്രാധിപര്‍.
ഒരു നിര്‍ഗ്ഗുണ പരബ്രഹ്മം!
കഷ്ടം തന്നെ!!
എന്തു വേണമെങ്കിലും ചെയ്തു കൊള്ളു. പക്ഷെ ഒരപേക്ഷയുണ്ട്‌. സ്വാമി നിര്‍മ്മലാന്ദഗിരിയെ വെറുതെ വിടുക!

ആധുനിക ചികിത്സാ രംഗം പണവും ആരോഗ്യവും ഊറ്റിയെടുത്ത് ഉപേക്ഷിച്ച കുറേ രോഗികളാണു നിര്‍മ്മലാനന്ദഗിരിയെ മുഖ്യമായും സമീപിക്കുന്നത്. അതില്‍ കുറേപ്പേര്‍ രക്ഷപ്പെടുന്നുണ്ട്‌. അതില്‍ മന്ത്രമോ മായമോ ഇല്ല. തികച്ചും ആയുര്‍വ്വേദത്തിന്റെ രീതിയാണു അദ്ദേഹം അവലംബിക്കുന്നത്. ഒരു അന്‍പത്‌ വര്‍ഷം മുന്‍പ്‌ കേരളത്തിലെ പ്രഗത്ഭരായ ആയുര്‍വേദ ഭിഷഗ്വരന്മാര്‍ പിന്തുടര്‍ന്നിരുന്ന വഴികള്‍ ശ്രദ്ധിച്ചാല്‍ ഇത്‌ മനസിലാകും. സ്വാമി നിര്‍മ്മലാനന്ദഗിരിക്ക്‌ ദിവ്യാത്ഭുതമൊന്നുമില്ല. ഉള്ളത്‌ ആയുര്‍വ്വേദത്തിലുള്ള അറിവ്‌ മാത്രം. അത്‌ തേടിയെത്തുന്നവരെ ദിവ്യാത്ഭുതങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ്‌ ഓടിച്ച്‌ കളയരുത്‌.അദ്ദേഹം ആശുപതി വ്യവസായം നടത്തുന്നില്ല. മരുന്നു കമ്പനിയും കച്ചോടോം ഇല്ല. തന്നെ കാണാന്‍ വരുന്നവര്‍ക്ക് ചരകന്റേയും വാഗ്‌ഭടന്റേയും പാരമ്പര്യത്തില്‍ നിന്നുകൊണ്ട് അറിയാവുന്നത് പറഞ്ഞുകൊടുക്കും. ആയുര്‍വ്വേദം നന്നായി പഠിച്ചവര്‍ ആര്‍ക്കും ഇതൊക്കെ ചെയ്യാവുന്നതേയുള്ളു. പണ്ട് അങ്ങനെ ചെയ്തിരുന്നവര്‍ ധാരാളം ഉണ്ടായിരുന്നു.

ആശുപത്രി വ്യവസായം നടത്തുന്നവരോട് അദ്ദേഹത്തിനു എന്തെങ്കിലും വിരോധമുണ്ടോ? അതുമില്ല. കുറേപ്പേര്‍ കാശ്‌ മുടക്കി മരിക്കണമെന്ന് തന്നെ നിശ്ചയിച്ച്‌ ചികിത്സയ്ക്ക്‌ പുറപ്പെടും. അവരാണു ആശുപത്രി വ്യവസായം നിലനിര്‍ത്തുന്നത്. ആരുപറഞ്ഞാലും അവര്‍ക്ക് മാറ്റമുണ്ടാവില്ല. അത്തരക്കാര്‍ നിര്‍മ്മലാനന്ദഗിരിയെ സമീപിക്കാറില്ല. സമീപിച്ചാല്‍ തന്നെ രാവിലത്തെ ക്ലാസ്സ് കേള്‍ക്കുന്നതോടെ മടങ്ങിക്കൊള്ളും. നിര്‍മ്മലാനന്ദഗിരി ചികിത്സിക്കുന്നതുകൊണ്ട്‌ അവരുടെ എണ്ണമൊന്നും കുറയുന്നില്ല. ആയിരം നിര്‍മ്മലാനന്ദഗിരിമാര്‍ ഉണ്ടെങ്കിലും അവരുടെ എണ്ണം കുറയ്ക്കാന്‍ പ്രയാസമാണ്. കാരണം കേരളജനതയില്‍ മുക്കാല്‍ പങ്കും അത്തരം രോഗികളാണു. വനിതാ മാസികകളും ആരോഗ്യപ്രസിദ്ധീകരണങ്ങളും, സീര്യലുകളും ചേര്‍ന്ന് പുതുതായി അത്തരം രോഗിഅകളെ സൃഷ്ടിച്ചു കൊണ്ട് ഇരിക്കുകയും ചെയ്യുന്നു. പത്ത് തലയും ഇരുപതു കൈകളും ഉള്ള ആയിരം രാവണന്മാര്‍ ഡോക്ടറായി വന്നാല്‍ പോലും അവരെ ചികിത്സിച്ചു തീരില്ല. പിന്നെ എന്തിനു ഭയക്കണം. ‌ ആശുപത്രി വ്യവസായം ഇവിടെ അഭംഗുരം തുടരും.
അതിനിടയില്‍ വല്ല പുല്ലോ വൈക്കോലോ കൊടുത്ത് പത്തോ നൂറോ പേരുടെ രോഗം ഒഴിവാക്കിയാല്‍ എന്തു സംഭവിക്കാനാണ്? അതുകൊണ്ട് ദയാവായി നിര്‍മ്മലാനന്ദഗിരിയെ ഒഴിവാക്കുന്നതല്ലെ ഉചിതം?
അല്ലെങ്കില്‍ ഇപ്പോള്‍ തന്നെ വേണ്ടത്ര ധാര്‍മ്മിക ച്യുതിയുള്ള ഒരു സ്ഥാപനം ബ്രഹ്മശാപം കൂടി വലിച്ച് തലക്ക് വെക്കണോ?

28 comments:

അശോക് കർത്താ said...

സ്വാമി നിര്‍മ്മലാനന്ദ ഗിരിയെ വെറുതെ വിടില്ലെ?

ammu said...

ശാസ്ത്രത്തെയും ചികിത്സയെയും , ഉത്തമം /അധമം എന്നു വേര്‍തിരിക്കുന്ന മാനദണ്ഡം, ഒന്നു പറഞ്ഞു തരു. മോള്‍ക്ക് അടുത്ത തവണ,അലെര്‍ജി സങ്കീര്‍ണ്ണമായി ശ്വാസം കിട്ടാതെ വിഷമിക്കുമ്പോള്‍, ആലോചിക്കാനോ സമയം കിട്ടില്ല്യ. മനോരമയുടെ കുതന്ത്രങ്ങള്‍ വെളിച്ചത്ത് കൊണ്ടുവരുന്ന ലക്ഷ്യത്തില്‍ , ലോകം മുഴുവനുള്ള ശസ്ത്രസാങ്കേതിക /ചികിത്സ സമ്പ്രദായങ്ങളെ ഒക്കെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തണോ?
ഞാനൊരു രാജ്യസ്നേഹിയല്ലാത്തത് കൊണ്ടാവാം, എനിക്ക് കര്‍ത്തായുടെ ഈ കാടടച്ചുള്ള വെടിവയ്പ്പില്‍ അതൃപ്തി. പറയാനുള്ള കാര്യങ്ങളില്‍ , ഈവക രാജ്യസ്നേഹവും മതസ്നേഹവും കുടുംബസ്നേഹവുമൊക്കെ , ഒപ്പം സ്ഥിരവൈര്യങ്ങളുടെ അന്ധതയും ഒഴിവാക്കിയാല്‍, കുറേക്കൂടി ‘സുതാര്യവും ‘ വിശസനീയവും സത്യസന്ധവും ഒക്കെ ആവും , വാക്കുകള്‍. അതോ കര്‍ത്തായ്ക്കുമുണ്ടോ ‘ഗൂഡ’ ലക്ഷ്യങ്ങള്‍?

അശോക് കർത്താ said...

ഇതില്‍ രാജ്യസ്നേഹമൊന്നുമില്ല. ആയുര്‍വ്വേദത്തെക്കുറിച്ച് അരിയാത്തതുകൊണ്ടാണു അമ്മു ഇങനെ എഴുതിയത്. രോഗശാന്തി ആധുനിക വൈദ്യശാസ്ത്രത്തിനു കൈവിട്ട് പൊയ്കൊണ്ടിരിക്കുകയാണു്. അതെന്തുകൊണ്ടാണന്നന്വേഷിക്കുന്നതിനു പകരം ആ ശാസ്ത്രം വ്യാപരിക്കുന്നത് മറ്റു പലതിലുമാണു. അതിന്റെ കാരണം അതിനു പിന്നിലുള്ള വാണിജ്യ-വ്യവസായ താല്‍പ്പര്യങ്ങളാണു. അതാണു എതിര്‍ക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇക്വലന്റുകള്‍ നോക്കി ഒരാളുടെ രോഗം നിര്‍ണ്ണയിക്കുമ്പോള്‍ അത് ബ്രിട്ടീഷ് സ്റ്റാന്‍ഡാര്‍ഡാണോ ഇന്ത്യന്‍ സ്റ്റാന്‍ഡാര്‍ഡാണൊ എന്ന് രോഗിയോ ഡോക്റ്ററോ ആലോചിക്കാറുണ്ടോ? സ്റ്റന്‍ഡാര്‍ഡുഅകള്‍ അതാത് രാജ്യത്തിന്റെയല്ലെങ്കില്‍ അതു കൊണ്ട് എന്തെങ്കിലും വ്യത്യാസം ഉണ്ടാകുമോ? ഇതൊക്കെ ചികിത്സയെ ബാധിക്കില്ലെ? കുട്ടിക്ക് രോഗമുണ്ടാകുമ്പോള്‍ നിങ്ങള്‍ ഓടി ഒരു അലോപ്പത്തിനെക്കാണുന്നത് നിങ്ങള്‍ പഠിച്ച ശാസ്ത്രത്തിന്റെ വാങ്ങല്‍ കൊണ്ടാണ്. ഒരു അലോപാത്തിനെ കിട്ടാനില്ലാത്തിടത്ത് എന്തു ചെയ്യുമെന്ന് ആലോചിച്ചിട്ടുണ്ടോ? നിങ്ങളുടെ ഉള്ളില്‍ നിന്ന് ഒരു വൈദ്യന്‍ പുരത്തുവരും. പട്ടിയും.,പൂച്ചയും, കിളിയുമൊക്കെ ചെയ്യുന്ന പോലെ.....ആയുര്‍വ്വേദത്തിന്റെ ചരടാണത്. പിന്നെ നിങ്ങള്‍ പോയിക്കാണുന്ന ഡോക്ടര്‍ ക്വാളിഫഡ് ആണെന്ന് എന്തെങ്കിലും ഉറപ്പുണ്ടോ? ഗവ. ആശുപത്രികളില്‍ ഇരിക്കുന്നവരെ വിശ്വസിക്കാം. സ്വകാര്യ ആശുപത്രികളില്‍ ഇരിക്കുന്നവര്‍ യോഗ്യതയുള്ളവരാനെന്നുള്ളതിനു എന്താണ് തെളിവു? അവരുടെ സര്‍ട്ടിഫിക്കറ്റ് ചോദിക്കാന്‍ ധൈര്യമുണ്ടോ? ആയുര്‍വ്വേദം സുതാര്യമാണു. അനാദിയാണു. അതിന്റെ ഫിലോസഫി കോപ്പിറൈറ്റില്ലാത്തതാണ്. അത് ഒന്ന് പഠിക്കാന്‍ ശ്രമിക്കു. വളരെ ലളിതമാണത്.

absolute_void(); said...

ഒരുമാസമായി മലയാളം ബ്ലോഗോസ്ഫിയറില്‍ നിറഞ്ഞുനില്‍ക്കുന്ന വിഷയമാണ് ആയുര്‍വേദം - അലോപ്പതി സംവാദം. കെ.പി. സുകുമാരന്‍ അഞ്ചരക്കണ്ടി തുടങ്ങിവയ്ക്കുകയും ഡോ. സൂരജ് (മെഡിസിന്‍ @ ബൂലോകം) ഏറ്റുപിടിക്കയും പണിക്കര്‍ സാറും (ഇന്‍ഡ്യാ ഹെറിറ്റേജ് ) ദേവനും മറ്റും മനോഹരമായ മറുപടി എഴുതുകയും ചിത്രകാരനും ബാബുരാജും മറ്റുപലരും ചേര്‍ന്ന് കൊഴുപ്പിക്കുകയും ജോസഫ് ആന്റണിയും (കുറിഞ്ഞി ഓണ്‍ലൈന്‍) വര്‍ക്കേഴ്സ് ഫോറവും ഒക്കെ ഒരു തരത്തില്‍ ഇടപെടുകയും ചെയ്ത, വിവിധ ബ്ലോഗുകളിലായി നടക്കുന്ന ഘനഗംഭീരന്‍ ചര്‍ച്ച തുടങ്ങിയപ്പോള്‍ മുതല്‍ ആസ്വദിച്ചുവായിച്ചുകൊണ്ടിരിക്കയാണ്. അതിനിടയിലാണ് ഇതേ വിഷയത്തില്‍ മാധ്യമവിമര്‍ശനത്തിന്റെ ഭാഗമായാണെങ്കിലും ഇങ്ങനെയൊരു പോസ്റ്റ് ശ്രദ്ധയില്‍ പെട്ടത്.

കര്‍ത്താ സാര്‍ ഇതൊക്കെ വായിച്ചിരുന്നോ എന്നറിയില്ല. എങ്കിലും ആ ചര്‍ച്ചയുടെ ഭാഗമായി ഈ പോസ്റ്റിനെയും, ഇതിന് വളരെ നാളുകള്‍ക്ക് മുമ്പെഴുതിയ ഗര്‍ഭം എന്ന രോഗം, പ്രസവം എന്ന ചികിത്സ എന്ന പോസ്റ്റിനേയും ചേര്‍ത്തുവയ്ക്കാമെന്ന് തോന്നുന്നു. അതേ പോലെ ഹോമിയോ ചികിത്സ അപ്പാടെ തട്ടിപ്പാണെന്ന് വാദിച്ചുകൊണ്ട് പ്ലാസിബോയെ കുറിച്ച് മുമ്പ് കുറിഞ്ഞി ഓണ്‍ലൈനില്‍ തന്നെ നടന്ന ചര്‍ച്ചയും. ബ്ലോഗിന്റെ അമിത സാധ്യതകളാണ് ഇവിടെ വെളിച്ചം കാണുന്നത്. ഒരുപക്ഷെ, ഈ വിഷയത്തില്‍ നടക്കാവുന്ന സര്‍വ്വതല സ്പര്‍ശിയായ ചര്‍ച്ചയാണ് ഇവിടങ്ങളിലെല്ലാമായി നടക്കുന്നതെന്ന് കാണാം. ആരെങ്കിലും ഈ പോസ്റ്റുകളെല്ലാം സമാഹരിച്ച് ഒരിടത്ത് ഇതിലേക്കുള്ള ലിങ്കുകള്‍ നല്‍കിയിരുന്നെങ്കില്‍ നന്നായിരുന്നേനെ.

ammu said...

ഒരു ഡോക്ടറോളം വരില്ലെങ്കിലും, ഒരു ഉത്തമ രോഗിയ്ക്ക് അറിവുണ്ടാകേണ്ട വിവര/വില പട്ടിക വര്‍ഷങ്ങളായി മനപ്പാഠമാക്കുന്നുണ്ട്.
അച്ഛനു കാന്‍സെര്‍ ചികിത്സയില്‍, കഴിഞ്ഞ 8വര്‍ഷമായി അലോപ്പതി ഗുണകരമായിതോന്നുന്നു, ഹൃദ്രോഗവും ഹെര്‍ണ്ണിയ തുടങ്ങിയ സഹരോഗങ്ങളും പിടിച്ചു നിര്‍ത്താന്‍ ആവുന്നുണ്ട്. അമ്മയുടെ കാര്യത്തില്‍ അല്പം ആയുര്‍വേദം പരീക്ഷിച്ചു. പ്രമേഹം , മാറിയില്ലെന്നു മാത്രല്ല, നിയന്ത്രണാതീതമാവുകയും ചെയ്തു. പിന്നെ ഇന്‍സുലിന്‍ ശരണം. എന്തോ, അമ്മ പെട്ടെന്നു മരിച്ചപ്പോള്‍, നിസ്സഹായത തോന്നി.

മനോരമയെക്കുറിച്ച് പറഞ്ഞതൊഴിച്ചാല്‍, മറുപടിയിലും നിങ്ങള്‍ ഉരുണ്ടുകളിക്കുകയാണ്. ദയവു ചെയ്ത്, അങ്ങ് പറയുന്നതെന്തെന്ന് , അങ്ങു തന്നെ വിലയിരുത്തുക. എന്നെപ്പോലുള്ള വിവരദോഷികള്‍, അക്രമികള്‍, അക്ഷന്തവ്യകള്‍ ഇടപെട്ടാല്‍, ഇവിടെ രക്തചൊരിച്ചിലുണ്ടാവും. ആയുര്‍വേദത്തില്‍, അത്തരം രക്തസ്രാവങ്ങള്‍ക്ക് ചികിത്സ കിട്ടുമോ എന്നെനിക്ക് സംശയമുണ്ട്.

അശോക് കർത്താ said...

“ആയുര്‍വേദത്തില്‍, അത്തരം രക്തസ്രാവങ്ങള്‍ക്ക് ചികിത്സ കിട്ടുമോ എന്നെനിക്ക് സംശയമുണ്ട്....”
ആന്തരിക രക്തസ്രാവമാണെങ്കില്‍ മുക്കുറ്റി പിഴിഞ്ഞ് പുക്കിളിനു ചുറ്റും നീരിറ്റിക്കുക. ബാഹ്യമായതിനു അതാത് സ്ഥലത്തും.
പിന്നെ കാന്‍സര്‍ ചികിത്സയിലെ കീമോയില്‍ രണ്ട് ശാഖയും ഉപയോഗിക്കുന്നത് ഒരേ മെഡിസിന്‍ തന്നെയാണ്. പക്ഷെ മരുന്ന് രോഗിക്ക് പഥ്യമാക്കാനുള്ള സങ്കേതം ആയുര്‍വ്വേദത്തിലുള്ളത്ര ആധുനിക വൈദ്യത്തിലില്ല. മോഡേണ്‍ മെഡിസിനു അത് അതിവിടെ നിന്ന് സ്വീകരിക്കാവുന്നതാണു. പ്രമേഹരോഗി അപകടത്തിലാകുന്നത് മറ്റ് അവയവങ്ങളെ അത് ബാധിക്കുമ്പോഴാണു. ശക്തമായ പഥ്യാചരണം കൊണ്ടേ അത് തടയാനാകൂ. ഇപ്പോള്‍ അമൃതയൊക്കെ അതിലേക്ക് ശ്രദ്ധ തിരിച്ചിട്ടുണ്ട്. ആയുര്‍വ്വേദം കൊണ്ട് പ്രമേഹം പൂര്‍ണ്ണമായും മാറിയ കുറച്ചുപേരെ എനിക്ക് നേരിട്ട് അറിയാം. ചികിത്സയുടെ മാനദണ്ഡം രോഗം മാറലണെങ്കില്‍ ആയുര്‍വ്വേദത്തിന്റെ സാധ്യത വളരെ വലുതാണ്. അഷ്ടാംഗഹൃദയത്തിന്റെ ഒരു കോപ്പി വാങ്ങി വെറുതേ ഒന്ന് വായിച്ചു നോക്കു. അത് മനസിലാകും. ഒന്നിനെപ്പറ്റി പഠിക്കാതെ അതേക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് നിഷ്പ്രയോജനമാണു.

myexperimentsandme said...

ആധുനിക വൈദ്യശാസ്ത്രം ഒരു റിയാലിറ്റിയാണ്. ആയുര്‍വേദത്തിന്റെ മൂലഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിലുമല്ല അതിന്റെ വികാസമെന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്. ശാസ്ത്രം പുരോഗമിച്ചിരുന്നതും മനുഷ്യ ശരീരത്തെ മനസ്സിലാക്കിയിരുന്നതും മനുഷ്യ ശരീരത്തിനോ അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കോ എന്തെങ്കിലും കുഴപ്പങ്ങള്‍ വരുമ്പോള്‍ അതിന്റെ പ്രതിവിധികള്‍ കണ്ടുപിടിക്കുമ്പോഴെല്ലാം ആയുര്‍വേദത്തിലും മറ്റു നാട്ടറിവുകളിലും പറഞ്ഞിരിക്കുന്നതിനെയും അറിഞ്ഞിരിക്കുന്നതിനെയും കൂടി കണക്കിലെടുത്തായിരുന്നെങ്കില്‍ ഇപ്പോഴുള്ള ആധുനിക വൈദ്യശാസ്ത്രം ഒന്നുകൂടി മെച്ചപ്പെടുമായിരുന്നോ അതോ അങ്ങിനെയൊരു കാര്യം സാധ്യമേ അല്ല എന്നാണോ എന്നും അറിയില്ല. എന്തായാലും ഇപ്പോളുള്ള പല ആധുനിക വൈദ്യശാസ്ത്ര ഗവേഷണങ്ങളും ആ ഒരു കാര്യം കണക്കിലെടുത്തല്ല നടക്കുന്നതെന്ന് തോന്നുന്നു.

എമര്‍ജന്‍സി കാര്യങ്ങള്‍ വരുമ്പോള്‍ എന്തായാലും ഇപ്പോളത്തെ പരിസ്ഥിതി വെച്ച് ആധുനിക വൈദ്യശാസ്ത്രമേ പറ്റൂ എന്നാണ് തോന്നുന്നത്. ആയുര്‍വേദത്തെ അടിസ്ഥാ‍നമാക്കി ഒരു എമര്‍ജന്‍സി ട്രീറ്റ്‌മെന്റ് സാധ്യമല്ലായിരിക്കാം (അതോ അതിനെപ്പറ്റി ശ്രമിക്കാഞ്ഞിട്ടാണോ). പണ്ട് കാറും ബസ്സുമൊന്നുമില്ലാതിരുന്നതിനാല്‍ വാഹനാപകടങ്ങളില്ലായിരുന്നു, അതുകൊണ്ട് തന്നെ അത്തരം ചികിത്സകളുടെ ആവശ്യവുമില്ലായിരുന്നു. അത്തരം ചികിത്സകളുടെ ആവശ്യം വന്ന സമയത്ത് ആയുര്‍വേദത്തെക്കൂടി കൂട്ടുപിടിച്ചുകൊണ്ടുള്ള ഒരു എമര്‍ജന്‍സി മെഡിക്കല്‍ ശാഖ വികസിപ്പിക്കാന്‍ പറ്റുമായിരുന്നോ‍ ഇല്ലയോ എന്നറിയില്ല.

ആയുര്‍വേദത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു മനുഷ്യന്റെ ജീവിതരീതിയെങ്കില്‍ ഇപ്പോഴുള്ള പല അസുഖങ്ങളും ഉണ്ടാവുക കൂടിയില്ലായിരുന്നു എന്ന് തോന്നുന്നു. മനുഷ്യന്റെ ജീവിത രീതിയും ചുറ്റുപാടുകളും മാറിയതനുസരിച്ച് ആയുര്‍വേദം ഒട്ട് മാറിയുമില്ല. എന്തായാലും ആഭ്യന്തര പ്രശ്‌നമൊന്നുമില്ലായിരുന്ന ഇറാഖില്‍ പോയി ബോംബിട്ട് അവിടം മൊത്തം കുളമാക്കി ഇനി പട്ടാളക്കാരോട് തിരിച്ച് പോരാന്‍ പറയുമ്പോള്‍ ഇപ്പോള്‍ അമേരിക്കന്‍ പട്ടാളം പോന്നാല്‍ ഇറാഖിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ എങ്ങിനെ തീര്‍ക്കും എന്ന് ബുഷ് ചോദിച്ചതുപോലെ, എല്ലാം ഇത്രയായ സ്ഥിതിക്ക് ആധുനിക വൈദ്യശാസ്ത്രത്തെ മൊത്തത്തില്‍ ഒഴിച്ച് നിര്‍ത്തിയുള്ള ഒരു മുന്നോട്ട് പോക്ക് സാധ്യമല്ല-അല്ലെങ്കില്‍ ആ വൈദ്യശാസ്ത്രത്തിന്റെ തുടക്കം മുതല്‍‌ക്കേ ആയുര്‍വേദം തുടങ്ങിയ പരമ്പരാഗത വൈദ്യശാഖകളെക്കൂടി കണക്കിലെടുത്തുകൊണ്ടും അവയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ അടിസ്ഥാനമാക്കിയും കൂടി ആയിരുന്നിരിക്കണം. എങ്കിലും ഇപ്പോഴും പലപ്പോഴും പരമ്പരാഗത ചികിത്സാ‍രീതികള്‍ ഫലവത്താകുന്നുണ്ട് താനും-അതായത് നിത്യജീവിതത്തില്‍ എന്തിനും ഏതിനും ആധുനിക വൈദ്യശാ‍സ്ത്രം മാത്രമേ പറ്റൂ എന്നൊരു സ്ഥിതിവിശേഷം ഇപ്പോഴുമായിട്ടില്ല.

നമ്മുടെ നാട്ടിലുള്ള ആധുനിക ആയുര്‍വേദത്തില്‍ പോലും ധാരാളം സ്ഥാപിത താത്പര്യങ്ങള്‍ കടന്നുകൂടിയിരിക്കുന്നു. അപ്പോള്‍ ലോകമെമ്പാടും പടര്‍ന്നുകിടക്കുന്ന ആധുനിക വൈദ്യശാസ്ത്രഗവേഷവും മരുന്നു ഗവേഷണവും സ്ഥാപിത/വ്യാവസായിക താത്പര്യങ്ങളില്‍ നിന്നും മുക്തമാണെന്ന് കരുതാന്‍ വയ്യ. കോണ്‍‌സ്പിരസി തിയറികള്‍ക്കപ്പുറവും ധാരാളം താത്പര്യങ്ങള്‍ ഓരോ മരുന്നുഗവേഷണത്തിനും പിന്നിലുണ്ട്- ധാരാളം പണം ഇതിനെല്ല്ലാം ചിലവഴിക്കപ്പെടുന്നതുള്‍പ്പടെ പല കാരണങ്ങളുമുണ്ട്. അത്, പക്ഷെ ആയുര്‍വേദം ഒരു അന്താരാഷ്ട്ര വൈദ്യശാഖയായി വികസിച്ചിരുന്നെങ്കില്‍ അതിന്റെ ഗവേഷണത്തിലും ഇത്തരം മാല്‍‌പ്രാക്ടീസുകള്‍ വരും. അത് മനുഷ്യന്റെ സ്വഭാവത്തില്‍ പെട്ടതായിപ്പോയി. ഒരു സര്‍ക്കിളിലാണ് കാര്യങ്ങളെല്ലാം - അസുഖം-ഗവേഷണം-മരുന്ന്-അസുഖം. അത് മാറണമെങ്കില്‍ മനുഷ്യന്റെ ജീവിത രീതി മൊത്തത്തില്‍ മാറണം. എങ്കിലും പലതും മനുഷ്യനില്‍ ഉറച്ചും പോയി.

വ്യക്തിപരമായ അനുഭവങ്ങള്‍ ഏത് ചികിത്സാ രീതിയെയും അനുകൂലിച്ചും പ്രതികൂലിച്ചും നമുക്കെല്ല്ലാം പറയാമെന്നുള്ളതുകൊണ്ട് അങ്ങിനെ പറയുന്നതുകൊണ്ട് അത് വ്യക്തിപരമായ അനുഭവം എന്നതിനപ്പുറം അതില്‍ കാര്യമുണ്ടോ?

മനോരമ ഉള്‍പ്പടെ ഏത് മാധ്യമത്തിനും നാടും നാട്ടുകാരും അവരുടെ രീതിക്ക് പോകണമെന്നുള്ള താത്പര്യങ്ങള്‍ കാണുമല്ലോ. അത് മനോരമ പ്രത്യേകിച്ചും വളരെ തന്ത്രപരാമായി നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്യും. കോണ്‍സ്പിരസി തിയറികള്‍ ധാരാളം മനോരമയെപ്പറ്റി ഉള്ളതുകൊണ്ട് അതില്‍ ഏതൊക്കെയാണ് ശരിക്കും കോണ്‍സ്പിരസി, ഏതൊക്കെയാണ് നമ്മുടെ ഭാവനകള്‍ എന്ന് തിരിച്ചറിയാനും വയ്യ. മനോരമയിലെ ഉത്തരവാദിത്തപ്പെട്ട ആരെങ്കിലും ഇത് വായിക്കുമെന്ന് പ്രതീക്ഷിക്കാം.

അശോക് കർത്താ said...

JP:
പോസ്റ്റ് വായിച്ചു.
അലോപ്പതി ഒഴിച്ച് മറ്റെല്ലാത്തിനേയും ആള്‍ട്ടര്‍നേറ്റ് മെഡിസിന്‍, വിശ്വാസ ചികിത്സ, പ്രകൃതി ചികിത്സ എന്നൊക്കെ ഒറ്റ ഗണത്തില്‍ പെടുത്തുന്ന പ്ര്വണതയാണിപ്പോള്‍.
കാടടച്ചുള്ള വെടി............
comparison of equalants കൊണ്ടാണ് അലോപ്പതിയിലെ ചികിത്സ. ഒരു സ്കാന്‍ എടുത്താല്‍ അത് വേറൊന്നുമായി താരതമ്യപ്പെടുത്തിയാണ് രോഗം നിശ്ചയിക്കുന്നത്. അത് രോഗനിര്‍ണ്ണയത്തെ ഒരു പാട് വഴി തെറ്റിക്കാറുണ്ട്. കാരണം സ്റ്റാന്‍ഡാര്‍ഡൈസേഷന്‍ മിക്കവാറും വൈദേശികമായ പരാമീറ്റേഴ്സ് വച്ചാണ്. സായിപ്പിന്റെ പൊക്കവും നമ്മുടെ പൊക്കവും ഒന്നാണോ? എന്നാല്‍ ആയുര്‍വ്വേദം അതിന്റെ സൂക്ഷ്മമായ ഘടകമാണു രോഗനിര്‍ണ്ണയത്തില്‍ പരിഗണിക്കുന്നത്. ത്രിദോഷങ്ങള്‍ എന്ന് അതിനെപ്പറയും. സായിപ്പിനായാലും നമുക്കായാലും ഈ ഘടകങ്ങള്‍ ഒന്നാണു.

അശോക് കർത്താ said...

വക്കാരിമഷ്റ്റാ!
പക്ഷിമൃഗാദികള്‍ അവയുടെ ആരോഗ്യകാര്യങ്ങള്‍ എങ്ങനെ നിര്‍വ്വഹിക്കുന്നു എന്നാലോചിച്ചാല്‍ മനുഷ്യന്‍ വളരെ താഴെയാണു എന്ന് മനസിലാകും. ഇപ്പോക്ക് ആരൊഗ്യരംഗം തുടരുകയാണെങ്കില്‍ വരുംകാലത്ത് നമുക്ക് ആശുപത്രികളില്‍ പോകാനോ ചികിത്സ നടത്താനോ കഴിയാതെ വരും. അതിനു മുമ്പേ നമ്മള്‍ തന്നെ നമുടെ വൈദ്യന്മാരായി മാറണം. ആയുര്‍വ്വേദം പ്രതീക്ഷിക്കുന്നത് അതാണ്.

Unknown said...

സ്റ്റാന്‍ഡാര്‍ഡൈസേഷന്‍ മിക്കവാറും വൈദേശികമായ പരാമീറ്റേഴ്സ് വച്ചാണ്. സായിപ്പിന്റെ പൊക്കവും നമ്മുടെ പൊക്കവും ഒന്നാണോ? എന്നാല്‍ ആയുര്‍വ്വേദം അതിന്റെ സൂക്ഷ്മമായ ഘടകമാണു രോഗനിര്‍ണ്ണയത്തില്‍ പരിഗണിക്കുന്നത്. ത്രിദോഷങ്ങള്‍ എന്ന് അതിനെപ്പറയും. സായിപ്പിനായാലും നമുക്കായാലും ഈ ഘടകങ്ങള്‍ ഒന്നാണു.
കര്‍ത്താ മാഷേ,
പക്ഷെ ഇത് തിരിച്ചും ചോദിച്ച് കൂടെ? ത്രിദോഷങ്ങള്‍ സായിപ്പിനും നമുക്കും ഒന്നാണ് എന്ന് എങ്ങനെ പറയാം? ആര്‍ഷഭാരതത്തിലെ മുനിമാര്‍ സായിപ്പിനെ പരിശോധിച്ച് സാമ്പിളിങ് നടത്തി എന്ന് വിശ്വസിക്കേണ്ടി വരില്ലേ അതിന്? (നടത്തിയിട്ടുണ്ടാവില്ല എന്നല്ല)

അശോക് കർത്താ said...

ത്രിദോഷങ്ങളുടെ കാര്യത്തില്‍ ദില്‍ബു ഒരു കാര്യം ശ്രദ്ധിച്ചില്ല. സൂക്ഷ്മം എന്ന പദം. വാതം പിത്തം കഫം, ശ്വസിക്കുന്ന വാതവും, ത്ടിക്കുന്ന പിത്തവും, തുപ്പുന്ന കഫവുമല്ല. അവയുടെ തത്ത്വം അഥവാ ഇതൊക്കെ മാനിഫെസ്റ്റ് ചെയ്യാനുള്ള സസൂക്ഷ്മ ശക്തികള്‍. അണു തലം തൊട്ട് എല്ലാം എല്ലായിടത്തും ഒരു പോലെ. പിന്നെ സാമ്പിളിങ് കൊണ്ട് ഒന്നും പഠിക്കാനാവില്ല. ഊഹിക്കാനേ ആകൂ.
പിത്തത്തെപ്പറ്റി പറയുന്നത് അഗ്നിയായിട്ടാണു. ശരീരത്തിനു ചൂട് നല്‍കുന്ന ഭക്ഷണം ദഹിപ്പിക്കുന്ന ആ വിശേഷം. അത് സായിവിലും നമ്മിലും അടിസ്ഥാന പരമായി ഒരുപോലെയിരിക്കും. അതിനുണ്ടാകുന്ന മാറ്റങ്ങളും ശരീരത്തെ ബാധിക്കുന്നത് ഒരുപോലെയാണ്. പിന്നെ ആയുര്‍വ്വേദാചാര്യന്മാര്‍ക്ക് സായിവിനെ അറിയില്ല എന്ന് വിചാരിക്കരുത്. യവന പരാമര്‍ശ്ശം ഇഷ്ടം പോലെയുണ്ട്. കടല്‍ത്തേങ്ങ പോലെ പല ഔഷധങ്ങളും അവര്‍ കൊണ്ട് വരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നെ അമേരിക്കയിലെ സായിപ്പിന്റെ കാര്യമാണെങ്കില്‍ അവര്‍ യൂറൊപ്പിലെ അപരിഷ്കൃതന്മാരല്ലായിരുന്നോ?

ammu said...

എന്താ കര്‍ത്താ ഇതിപ്പൊ പിടിച്ചേലും വലുത് അളയിലാണല്ലൊ. ഈ 86 വയസ്സില്‍ ഞാന്‍ അഷ്ടാംഗഹൃദയവും സുശ്രുതസംഹിതയുമൊക്കെ ഹൃദിസ്ഥാക്കണച്ചാല്‍, അല്പം ബുദ്ധിമുട്ടാവില്ല്യെ? നേര്‍ത്തെ , വൈദ്യന്റെ അറിവിനു സെര്‍ടിഫികേറ്റ് ചോദിക്കണം എന്നു വാശി പിടിച്ച കര്‍ത്താ അദ്ദ്യെം ഇപ്പൊ എന്നോട് ഒരു മുറിവൈദ്യന്‍ ആവാന്‍ ഉപദേശിക്കണു. അറിവില്ല്യാത്ത കാര്യങ്ങളെക്കുറിച്ച് ആധികാരികതയോടെ ‘സാമര്‍ത്ഥിച്ചത്’ ഞാനല്ല. അലോപ്പതിയുടെ പോപ്പുലാരിറ്റി ഇല്ലാത്തതിനാല്‍ ആയുര്‍വേദം ഒന്നു മടിച്ചു നിന്നെന്നെള്ളു , ഇപ്പൊ മാര്‍കെറ്റിംഗ് ഒക്കെ അസ്സ്ലായ്ട്ട് നടക്കുന്നുണ്ട്. മോഹന്‍ലാലും ചന്ദ്രിക കുമാരതുംഗെ ഒക്കെ പോയി പിഴിയാന്‍ കിടക്കണ പോലെ നമ്മളൊക്കെ കിടന്നാല്‍ എന്താവും കഥ!
ആയുര്‍വേദമോ അലോപ്പതിയോ അല്ല ക്ഷയിച്ചത്, അത് കൈകാര്യം ചെയ്യുന്ന മനുഷ്യരാണ്. ആ ക്ഷയം ചികിത്സിക്കാന്‍ കെല്‍പ്പുള്ള മര്‍മ്മാണികളാണുണ്ടാവേണ്ടത്. കപടകേരളത്തില്‍ ,ആത്മാര്‍ത്ഥ ഹൃദയമുണ്ടാവാത്തതാണ് പരാജയം.

ആയുര്‍വേദത്തിന്റെ പഥ്യം ,ചെലവ്, മാസങ്ങളോളം നീളുന്ന ചികിത്സാപരിപാടികള്‍.. ഇതൊക്കെ ഠപ്പേന്നു ചികിത്സിച്ച് അടുത്ത രോഗത്തിലേക്ക് ഓടുന്ന എന്നെപ്പോലുള്ളവര്‍ക്ക് ഏശുമോ?
ഞാനിതൊക്കെ പറയുന്നത്, പ്രായോഗികതയുടെ ഒരു വശം.

Unknown said...

കര്‍ത്താ മാഷേ,
വിശദീകരണത്തിന് നന്ദി. സൂക്ഷ്മം എന്ന വാക്കിന് പ്രാധാന്യം കൊടുത്തിരുന്നില്ല.

ammu said...

സായിപ്പിന്റെ രോഗവും മലയാളിയുടെ രോഗവും , ചികിത്സയോടുള്ള സമീപനത്തിലെങ്കിലും വ്യത്യസ്തമാണ്. [മദാമ്മയുടെ പ്രസവവും മലയാളിയുടെ പ്രസവവും നിരീക്ഷിച്ചാല്‍ മതി. അവരത് മൂക്കു ചീറ്റി കളയുന്ന പോലെ നിസാരമായി കഴിക്കും! നമ്മളോ, 7അയലത്ത് പോലും ആളുകളെ ഉറക്കില്ല്യ!]. നിര്‍മ്മലാനന്ദ ഗിരിയുടെ നിസ്വാര്‍ത്ഥതയില്‍ നിന്നു നിര്‍മ്മലയുടെ പേറിലെത്തിയോ, ക്ഷമിക്കു. വണ്ടി തിരിച്ചു വിട്ടു.

അശോക് കർത്താ said...

ആയുര്‍വേദമോ അലോപ്പതിയോ അല്ല ക്ഷയിച്ചത്, അത് കൈകാര്യം ചെയ്യുന്ന മനുഷ്യരാണ്.
( അമ്മു അമ്മുമ്മയ്ക്ക് കാര്യം തിരിഞ്ഞിട്ടുണ്ട്. അത് മതി.)
ഇപ്പൊ എന്നോട് ഒരു മുറിവൈദ്യന്‍ ആവാന്‍ ഉപദേശിക്കണു. (അഷ്ടാംഗഹൃദയവും സുശ്രുതവും വായിച്ചാല്‍ മൂറിവൈദ്യനാകുമെന്ന് ആര് പറഞ്ഞു? മുഴുവന്‍ വൈദ്യന്‍ തന്നെ ആകൂം.അറിവാണ് അതിന്റെ സര്‍ട്ടിഫിക്കറ്റ്. അരിവ് സ്വന്തം ജീവിതത്തില്‍ പകര്‍ത്താന്‍ പേടി വരില്ല. അനുഭവമുള്ളത് ആര്‍ക്കെങ്കിലും പറഞ്ഞ് കൊടുക്കാനും പറ്റും. പിന്നെ പഠനത്തിനു പ്രായമൊരു പ്രശ്നമല്ല, മുത്തീ)
ആയുര്‍വേദത്തിന്റെ പഥ്യം ,ചെലവ്, മാസങ്ങളോളം നീളുന്ന ചികിത്സാപരിപാടികള്‍.. ഇതൊക്കെ ഠപ്പേന്നു ചികിത്സിച്ച് അടുത്ത രോഗത്തിലേക്ക് ഓടുന്ന എന്നെപ്പോലുള്ളവര്‍ക്ക് ഏശുമോ
(ആയുര്‍വ്വേദത്തിനെ ചിലവേറിയതാക്കുന്നത് ആയുര്‍വ്വേദം അലോപ്പതി പോലെ ഇരിക്കണം എന്ന് വാശിപിടിക്കുന്ന സങ്കര വൈദ്യന്മാരാണ്. ആചാര്യന്മാര്‍ ഒരൊറ്റ രോഗത്തിനേ ചികിത്സിക്കു. വൈദ്യനെ സന്ദര്‍ശ്ശിക്കുമ്പോള്‍ കാണുന്ന രോഗരാജനാരോ അവനെ. രാജാവിനൊപ്പം പരിവാരങ്ങളും പോകും. തന്റേടമുണ്ടെങ്കില്‍ മരുന്ന് കഴിക്കാതെയും സ്വയം രോഗം മാറ്റാം)

അശോക് കർത്താ said...

പ്രിയ ദില്‍ബുജി, അഷ്ടാംഗഹൃദയം ഒന്നു വായിക്കണം. സാഹിത്യസുഖത്തിനൊപ്പം അറിവുകളുടെ ഒരു ഘനി തുറന്ന് തരികയും ചെയ്യും. അതിന്റെ വായന കൊണ്ട് തന്നെ പകുതി രോഗങ്ങളും ഗള്‍ഫിന് പൊക്കോളും.

absolute_void(); said...

അഷ്ടാംഗഹൃദയവും സുശ്രുതവും വായിച്ചാല്‍ മൂറിവൈദ്യനാകുമെന്ന് ആര് പറഞ്ഞു? മുഴുവന്‍ വൈദ്യന്‍ തന്നെ ആകൂം.

ഈ പ്രസ്താവന കടന്ന കൈയായി പോയില്ലേ എന്നൊരു സംശയം. ഒരുതരം മൌലികവാദത്തിന്റെ സ്വഭാവമുണ്ടതിന്. ഇന്ത്യാഹെറിറ്റേജും ഡോ. സൂരജും തമ്മില്‍ നടന്ന തര്‍ക്കങ്ങള്‍ വെറുതെയെങ്കിലും ഒന്ന് വായിക്കുന്നത് നന്നായിരിക്കും. പണിക്കര്‍ സാര്‍ ഒരിക്കലും ഈ പ്രസ്താവന ശരിവച്ചുതരികയില്ല.

Unknown said...

കര്‍ത്താ മാഷേ,
അഷ്ടാംഗഹൃദയം കൈയ്യിലുണ്ട്. കോട്ടക്കല്‍കാരനാണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല ഗൌരവപൂര്‍ണമായ ഒരു വായന നടത്തിയിട്ടില്ല ഞാന്‍ ഇത് വരെ. എന്റെ തെറ്റാണ്.

KUTTAN GOPURATHINKAL said...

പ്രിയ അശോക്,
താങ്കള്‍ എന്താണു ശ്രമിക്കുന്നത്?. മനോരമയെ തരംതാഴ്ത്തിക്കാണിക്കാനോ? ഞങളേപ്പോലുള്ള ലക്ഷോപലക്ഷം വായനക്കാരുടെ ഏക ആശ്രയമാണു ആ പത്രം. അതുവായിക്കതെ പ്രഭാതകൃത്യങള്‍ നടത്താന്‍ ഞങള്‍ക്കു വിഷമമാണു.
ലൈ സെത്സ്, ആന്റ് ട്രൂ ലൈ സെത്സ് ട്രൂലി..

അശോക് കർത്താ said...

സെബിനു.
ഞാന്‍ പറഞ്ഞത് 100% ശരിയാണ്. വൈദ്യനാകും എന്ന് പറഞ്ഞാല്‍ ഉടന്‍ ചിന്തിക്കുന്നത് പ്രൊഫഷണല്‍ പ്രാക്ടീസിന്റെ കാര്യമാണ്. അതുകൊണ്ടാണീ അമ്പരപ്പ്. വൈദ്യചികിത്സാരംഗം ഇന്നൊരു മതമാണ്. അതില്‍ തീവ്രവാദവുമുണ്ട്. തീവ്രവാദികള്‍ സ്റ്റാറ്റസ്‌ക്കോയ്ക്ക് വേണ്ടി വാശി പിടിക്കും. സാധാരണക്കാര്‍ അത് പരിഗണിക്കേണ്ടാ. അഷ്ടാംഗഹൃദയവും ചരകവുമൊക്കെ നമ്മുടെ ആരോഗ്യചിന്തയെ വിശാലമാക്കും. അത് ഡോക്ടറുടെ തൊഴിലിനെ ബാധിക്കുന്നത് നമ്മുടെ പ്രശ്നമാണോ?

ammu said...

അശൊക് അനിയാ,
ഹിറ്റ് എന്ന പാറ്റസംഹാരിയുടെ പരസ്യം പോലെ , സകല ക്ഷുദ്രജീവികളെയും അതിരുകടത്തി വിടുന്ന ഈ പ്രവണത ശരിയല്ല. അതും ഗള്‍ഫിലേയ്ക്ക്! ഞങ്ങള്‍ടെ കാര്യം തന്നെ നോക്കിയാല്‍, ഇവിടെ പേരിനു പാവം സുല്‍താന്‍ കബൂസ് ഭരിക്കുന്നു എന്നെള്ളു, ഇത് മലയാളികള്‍ടെ സ്വന്തം നാടാ.

മനോരമയ്ക്ക് നേരെ വച്ചിരിക്കുന്ന ഈ കണ്ണാടി പ്രയോഗത്തില്‍ അധികവും തെളിയുന്നത്, മുരുട്ടും മുഷ്ക്കും മൂരാച്ചിത്തരവും ജാതിയും ഗോത്രവും ഭാരതം കേരളം കായംകുളം ആയി ചുരുങ്ങി ഇടുങ്ങി ഇരുട്ടു കുത്തി അഴുകി , ദ്രവിച്ച ഒരു കാര്‍ന്നരുടെ പരിഭ്രമിച്ച , അന്തം വിട്ടു കുന്തം വിഴുങ്ങിയ ഒരു മുഖം. ആരാത്?

ഡി .പ്രദീപ് കുമാർ said...

അത് നമ്മുടെ പുതു തലമുറ ആം-ചെയര്‍ ജേറ്ണ്ണലിസ്റ്റ്കുട്ടന്മാരുടെ വികൃതിയാകാനേ തരമുള്ളൂ.സ്വാമിയാണെങ്കില്‍ ആളു ദിവ്യനും.വിശ്വാസചികിത്സകനുംമാണെന്നു വച്ചു കാച്ചിയതാകും.
അതെന്തായാലും,ആരോഗ്യകരമായ ഒരു സംവാദം തുടങ്ങിയല്ലോ.നന്നായി.

കുട്ടു | Kuttu said...

മനോരമയോടുള്ള മാനസികമായ അടുപ്പം/എതിര്‍പ്പ് മാറ്റി വച്ച് സ്വതന്ത്രമായി ആ ലക്കം “ആരോഗ്യം“ ഒന്നു വായിക്കാന്‍ ഇവിടെ തര്‍ക്കിക്കുന്നവര്‍ ദയവായി ഒന്ന് തയ്യാറാകുമോ?

യാതൊരു കാമ്പുമില്ലാതെ, ഒന്നിനേയും ആഴത്തില്‍ പഠിക്കാ‍തെ എഴുതിയിരിക്കുന്ന ഒരു “അഡ്‌വെര്‍ട്ടൈസ്മെന്റ് കോപ്പി”. അവസാനം ഒരു ഡിസ്‌ക്ലൈമറും. അതിലും കൂടുതല്‍ ഒന്നുമില്ല ആ ലക്കത്തില്‍.

കഷ്ടം!! (എന്റെ കാശ് പോയി..!!)

എസ്സ് ശിവപ്രസാദ് said...

കായില്ലാത്ത കൊമ്പില്‍ കൊഴുവെറിയുന്ന സ്വഭാവം പണ്ടേ മനോരമയ്ക്കില്ല.... കറ കറക്ട് !!
അലോപ്പതി ചികിത്സാരംഗം ഇന്നൊരു പ്രതിസന്ധിയിലാണ്. ........ശുദ്ധ അസംബന്ധം !!

അലോപ്പതി ഒരു ചികിത്സാരംഗമാണെന്നവകാശപ്പെടുന്നവര്‍ക്ക് അതൊരു വ്യവസായമാണെന്നും , “ലാഭം , ലാഭം , കൂടുതല്‍ ലാഭം” എന്നതില്‍ കവിഞ്ഞ് മറ്റൊരു ലക്ഷ്യവും ഒരു വ്യവസായിക്കില്ലെന്നും വ്യക്തമായ തിരിച്ചറിവുണ്ട്. ആ ധര്‍മ്മം അലോപ്പതി ഭംഗിയായി നിര്‍വഹിക്കുന്നുമുണ്ട്. പിന്നെ , ഫലസിദ്ധി ഇല്ലായ്മയെ എങ്ങിനെ പ്രതിസന്ധി എന്ന് പറയുവാന്‍ സാധിക്കും. മാക് ഡൊണാള്‍ഡ്സില്‍ നിന്നും കെ എഫ് സി യില്‍ നിന്നും ചിക്കിങ്ങില്‍ നിന്നും മറ്റും അമിത പണം ചെലവാക്കി കഴിക്കുന്ന ഭക്ഷണം ഫലസിദ്ധി നല്‍കുന്നുണ്ടോ? അത് കൊണ്ട് മേല്‍ സൂചിപ്പിച്ച സ്ഥാപനങ്ങളൊക്കെ പ്രതിസന്ധി നേരിടുകയാണോ?

വിസ്വാസചികിത്സയെക്കുറിച്ച് “ദ് വീക്ക് ” 1998 ല്‍ പുറത്തിറക്കിയ സ്പെഷ്യല്‍ പതിപ്പില്‍ ഈ കാര്യങ്ങളൊക്കെ തന്നെ പൂര്‍ണ സമതുലിതയോടെ കൊണ്ടുവന്നിരുന്നു. “മല്‍യാലം” വായിക്കുന്നവര്‍ക്കായി ഇറക്കാന്‍ താമസിച്ചു എന്ന് മാത്രം.

സുദര്‍ശനക്രിയയെ കുറിച്ച് പതഞ്ജലി യോഗസൂത്രത്തില്‍ പറയുന്നുണ്ട്. ഡബിള്‍ ശ്രീയുടെ പൂര്‍വാശ്രമം ശ്രദ്ധയര്‍ഹിക്കുന്ന ഒന്നാണ്. വിഷയത്തില്‍ നിന്നു വ്യതിചലിക്കാതിരിക്കാനായി അതിലേക്ക് കടക്കുന്നില്ല.

നിര്‍മ്മലാനന്ദഗിരി സ്വാമിയിലേക്ക് കടക്കുന്നതിന് മുന്‍പ് , പറഞ്ഞു കൊള്ളട്ടേ, സ്വാമി റാംദേവിനൊപ്പം അദ്ദേഹത്തെ ഉള്‍പ്പെടുത്താന്‍ സാധിക്കില്ല. റാംദേവ് സ്വാമി , “ആയുര്‍വേദ ഔഷധങ്ങള്‍” ഉല്പാദിപ്പിച്ച് വിശ്വാസികളുടെ പ്ലാറ്റ്ഫോമിനെ മാര്‍ക്കറ്റായി ഉപയോഗപ്പെടുത്തിയ നല്ലൊരു വിപണന തന്ത്രം ഉപയോഗിക്കുക മാത്രമേ ചെയ്തുള്ളൂ. (ബഹുരാഷ്ട്രക്കുത്തകളോടും മറ്റുമുള്ള അദ്ദേഹത്തിന്റെ എതിര്‍പ്പിനെ മാനിച്ചു കൊണ്ട് തന്നെയാണിത് പറയുന്നത്. രോഗമോചനത്തിനായും ആരോഗ്യജീവനത്തിനായും അദ്ദേഹത്തിന്റെ തന്നെ ബ്രാന്‍ഡ് യോഗയും പ്രചരിപ്പിക്കുന്നുണ്ടെന്ന്‍ മറക്കുന്നില്ല)

ഋഷീവര്യനായ നിര്‍മ്മലാനന്ദഗിരി സ്വാമിയെ പ്രതിരോധിക്കാന്‍ മുതിര്‍ന്ന അങ്ങയെ ആദ്യമായി അഭിനന്ദിച്ചു കൊള്ളട്ടെ.
ഒറ്റപ്പാലത്തെ ആശ്രമത്തിലുള്ളത് കൂടാതെ എല്ലാ മാസത്തേയും രണ്ടാം ശനിയാഴ്ച പാലായിലുള്ള ചിന്മയാമിഷനിലും സ്വാമി ചികിത്സയും പ്രഭാഷണവും നടത്തി വരുന്നുണ്ട്.
“ആയുര്‍വേദവും ആധുനിക ജീവിതവും” എന്ന വിഷയത്തെ ആസ്പദമാക്കി 2002 ല്‍ തൊടുപുഴയില്‍ വച്ച് സ്വാമി നടത്തിയ പ്രഭാഷണം അത്യന്തം വിജ്ഞാനദായകമായിരുന്നു. പ്രപഞ്ചോല്‍പ്പത്തിയില്‍ തുടങ്ങി പഞ്ചഭൂതങ്ങളില്‍ കൂടി ആയുര്‍വേദത്തിന്റെയും മനുഷ്യ ശരീരത്തിന്റേയും പരസ്പരപൂരകങ്ങളായ നിലനില്‍പ്പിനേക്കുറിച്ചുള്ള ആ അമൃതവര്‍ഷം ഏവരും കേട്ടിരിക്കേണ്ടതാണ് . അതിന്റെ സീ ഡി എന്റെ കൈവശമുണ്ട്. ആവശ്യമുള്ളവര്‍ക്ക് അയച്ചു തരാം. പഴയകാല എം ബി ബി എസ്സ് വിദ്യാര്‍ഥികള്‍ പഠിച്ചിരുന്ന “മെറ്റീരിയാ മെഡിക്ക” എന്ന പുസ്തകത്തില്‍ ശസ്ത്രക്രിയയെ സംബന്ധിക്കുന്ന ഭാഗത്ത് ചരകനും ശുശ്രുകനും ശസ്ത്രക്രിയ നടത്തുന്ന ഒരു ചിത്രം കൊടുത്തിരിക്കുന്നുവത്രേ. സ്വാമി പറഞ്ഞത് ശരിയാണോയെന്ന എന്റെ അന്വേഷണം ഡോ. മാത്യു പാറക്കന്റെ വീട്ടിലവസാനിക്കുകയും ആ ചിത്രം കാണാന്‍ സാധിക്കുകയും ചെയ്തു. മണ്ണിരയ്ക്ക് സംസ്കൃതത്തില്‍ “ഭൂനാഗം” എന്നാണ് പറയുക തുടങ്ങിയ നര്‍മ്മവും വിജ്ഞാനവും കൂട്ടിക്കലര്‍ത്തിയ വാഗ്ചാതുരിക്കുടമയായ സ്വാമിയെ ദൈവവചന/രോഗശാന്തി പ്രഘോഷകന്‍ ബ്രദര്‍. മുരിക്കുമ്പുഴ കുഞ്ഞൌസേപ്പിനൊപ്പം സ്ഥാപിച്ച മാത്തുക്കുട്ടിച്ചായനും ഹല്ലേലുയ്യാ... സ്തോത്രം !!

ഒരു അടൂര്‍ ഭാസി ഫലിതം :- ആയുര്‍വേദചികിത്സയും അലോപ്പതി ചികിത്സയും തമ്മിലുള്ള വ്യത്യാസം. ചോറുണ്ണുമ്പോള്‍ ഈച്ച വന്നിരുന്നാല്‍ ആയുര്‍വേദവൈദ്യന്‍ ഈച്ചയെ ഓടിച്ചിട്ട് ആ ഭാഗത്തെ ചോറ് മാറ്റുന്നു, ബാക്കി കഴിക്കുന്നു. അലോപ്പതി ഡോക്ടര്‍ ഡി ഡി റ്റി അടിച്ച് ഈച്ചയെ ഓടിക്കുകയോ കൊല്ലുകയോ ചെയ്ത ശേഷം ചോറുണ്ണുന്നു. (പപ്പേട്ടന്‍ പറഞ്ഞത്)

അശോക് കർത്താ said...

പ്രദീപ് പറയുന്നത് ശരിയാണ്. ആം-ചെയര്‍ പത്രക്കാരുടെ കാലമാണിത്. ഐസ്&സോഡായുടെ കമന്റ് കൂടി നോക്കുക. 1998 ലെ വീക്കിന്റെ പുനരാവര്‍ത്തനം കൂടിയാണിതെന്ന് കാണാം. ഐസ്&സോഡായ്ക്ക് നിര്‍മ്മലാനന്ദഗിരിയെ കൂടുതല്‍ അറിയാമെന്ന് തോന്നുന്നു. താങ്കള്‍ പറയുന്ന സിഡി ലഭിക്കാന്‍ എന്തു ചെയ്യണം? കുട്ടുവിനു നന്ദി. മേലില്‍ ഇത്തരം പ്രസിദ്ധീകരണത്തേക്കുറിച്ചോ ‘പത്രശുംഭന്മാ’രുടെ കസേര ജേണലിസത്തെപ്പറ്റിയോ പോസ്റ്റിടെണ്ട എന്ന ഒരു തീരുമാനം എടുക്കാമെന്ന് തോന്നുന്നു. കാരണം വായനക്കാര്‍ ഈ പോസ്റ്റിന്റെ സന്ദേശം ഗ്രഹിച്ച് കഴിഞ്ഞിട്ടുണ്ട്. അതു കാണുമ്പോള്‍ ഒരു സന്തോഷമുണ്ട്.

Anonymous said...

It's genuinely very difficult in this busy life to listen news on TV, therefore I simply use the web for that reason, and get the newest news.

Look at my web-site: league of legends Hack

vsthampiblog said...

ഓം നമശിവായ ചികിത്സ യിൽ മാത്രമല്ല ആളുകളിലും ജാതി വർണ്ണ വത്യാസം ഉണ്ട് അതു അറിയുവാൻ താല്പര്യം ഉള്ളവർ ഇമെയിൽ tampisnagarjuna@gmail.com,
ഇവിടെ വിഷയം ആരോഗ്യം എന്നു മാത്രമായത്‌കൊണ്ട് വിസ്താരഭയത്താൽ അതിൽ മാത്രം ഒതുക്കാം വായു വലിച്ചു നിക്കുമ്പോൾ എങ്ങനെ അതി5ൽ നിന്നും രക്ഷപെടും എന്നല്ലേ രോഗി ചിന്തിക്കുക 100

vsthampiblog said...

ഈ രോഗം അവർ കച്ചോട കണ്ണോടു കൂടി നിർമിച്ചതാണ് എന്നുള്ള ചതി മനസ്സിലാക്കുമ്പോൾ മാത്രമേ അതിന്റെ ഭീകരത മനസിലാകൂ ആയിരക്കണക്കിന് വര്ഷങ്ങളായി ഭാരതം കാർഷീക രാജ്യമാണ്, പഞ്ചാബ്, സൗത്ത് ഇന്ത്യ എന്നിവിടങ്ങളിൽ കഴിഞ്ഞ് 10 വർഷമായി, വിളവ് കഴിഞ്ഞു പടത്തിനു തീയിടുമ്പോൾ ഡൽഹി ചെന്നായ എന്നീ നഗരങ്ങൾ മൂടൽ മഞ്ഞിലും അലര്ജി രോഗങ്ങളിലും പെടുന്നു നിങ്ങൾ അതിന്റെ കാര്യം തിരക്കിയോ? GMO ജനിതക മാറ്റം വരുത്തിയ അന്തക് വിത്താണ് കാരണം ഒരിക്കൽ കൃഷി ചെയ്യതാൽ അതിൽ നിന്നു അടുത്ത കൃഷി പറ്റില്ലല്ലോ, വിഷം കുത്തി വച്ചു രോഗികൾ ഉണ്ടാവാൻ ഉള്ള കുല്സിത ശ്രമം ആണു, കോടിക്കണക്കിനു മുതൽ മുടക്കി അലര്ജി ഹോസ്പിറ്റലിൽ, സൂര്യ പ്രകാശത്തിൽ നിന്നുമുള്ള വൈറ്റമിൻ -ഡി കുവരെ മൾട്ടി സ്പെഷ്യൽ ആശുപത്രി, 50 വർഷം ആയി അവർ അധമ ആഹാരത്തിൽ കൂടേ നമക്ക് ഉണ്ടാക്കിയ രാഗ രോഗങ്ങൾ ആണു, പ്രേമേഹം, അർബുദം തുടങ്ങി നൂറോളം അതുകൊണ്ട് ബോധപൂർവം ഉള്ള ആഹാരം തിരിഞ്ഞ് എടുക്കുക, നാം അവരുടെ പരസ്യത്തിന്റ അടിമകൾ ആവരുത്, കപ്പലണ്ടിയും ശർക്കരയും നെയ്യും ഉള്ള നമ്മൾ അവരുടെ ബ്രാൻഡഡ്, തേങ്ങാ, കപ്പലണ്ടി, ഏത്തക്ക തൊലി, പഞ്ചസാര ഉത്പന്നങ്ങൾ വാങ്ങി കുട്ടികളെ കൊല്ലുന്നു,
ശംഭോ മഹാദേവാ ഉത്തിഷ്ടത ജാഗ്രത, തമ്പി നാഗാർജുന