Thursday, June 21, 2007

ഗര്‍ഭം എന്ന രോഗം, പ്രസവം എന്ന ചികിത്സ

ആരോഗ്യരംഗത്ത്‌ നാം വളരെ പുരോഗമിച്ചിട്ടുണ്ടെന്നാണു പറയുന്നത്‌.
ലക്ഷങ്ങള്‍ മുടക്കുന്ന വൈദ്യ വിദ്യാഭ്യാസം. കോടികള്‍ ചിലവഴിച്ച്‌ നിര്‍മ്മിച്ച ആശുപത്രികള്‍.
നൂതന സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ എണ്ണമറ്റ ഉപകരണങ്ങള്‍.
അവയെ പ്രവര്‍ത്തിപ്പിക്കാനും പരിപാലിക്കാനും എണ്ണമറ്റ ടെക്കനീഷ്യന്മാര്‍.
അവര്‍ എടുത്ത്‌ കൊടുക്കുന്ന റിപ്പോര്‍ട്ടുകള്‍ക്കനുസരിച്ച്‌ ചികിത്സ നിശ്ചയിക്കുന്ന വൈദ്യബിരുദധാരികള്‍.
അവരെ സഹായിക്കാന്‍ ചുറുചുറുക്കും തന്റേടവുമുള്ള പെണ്‍കുട്ടികളും ആണ്‍കുട്ടികളും.
എന്നിട്ടും ലോകമെമ്പാടുമുള്ള മനുഷ്യന്റെ 'ആരോഗ്യം' മെച്ചപ്പെട്ടിട്ടുണ്ടെന്ന് പറയാന്‍ കഴിയുമോ? വേണ്ടാ ലോകം മൊത്തമുള്ള കണക്കെടുക്കേണ്ട. ചുറ്റുവട്ടത്തെ ഒരു കണക്ക്‌ പറഞ്ഞാല്‍ മതി. അതുമല്ലെങ്കില്‍ വീട്ടുകാരുടേയും ബന്ധുക്കളുടേയും കണക്ക്‌.
നമുക്ക്‌ അറിയാവുന്നവരില്‍ നിത്യവും മരുന്ന് കഴിക്കുന്നവര്‍ എത്ര?
ആശുപത്രികളും ടെസ്റ്റുകളുമായി കഴിയുന്നവര്‍ എത്ര?
കീമോയും, ഡയാലിസിസ്സുമായി കഴിയുന്നവര്‍ എത്ര?
ഒരുപാട്‌ പേരുണ്ടാകും.
ഇനി അടുത്ത കൂട്ടരെ എടുക്കുക. യാതൊരു ചികിത്സയും നടത്താതെ, മരുന്ന് കഴിക്കാതെ, പൂര്‍ണ്ണാരോഗ്യത്തോടെ ഇരിക്കുന്ന എത്രപേരുണ്ട്‌? ഈ ചോദ്യത്തിനു ഉത്തരം കിട്ടുമ്പോള്‍ നമ്മള്‍ വിഷമിച്ച്‌ പോകും.
കോടി കോടികള്‍ മുടക്കുന്ന ആരോഗ്യരംഗത്തിനു ആ കള്ളിയില്‍ ഇടാന്‍ ചെറിയൊരക്കമേ കാണു. അതിന്റെ അര്‍ത്ഥം?
ഭൂരിഭാഗം ആളുകളും രോഗാതുരരായി ജീവിക്കുന്നു.
ഇതാണോ ആരോഗ്യത്തിന്റെ ആധുനിക ലക്ഷണം?
ഇനി വേറൊന്ന് നോക്കാം. പ്രകൃത്യാ, ആരോഗ്യത്തോടെ പ്രസവിക്കുന്ന എത്ര സ്ത്രീകള്‍ നമുക്ക്‌ ചുറ്റുമുണ്ട്‌?ആ കാലമൊക്കെ കഴിഞ്ഞ്‌ പോയിരിക്കുന്നു.
ഗര്‍ഭം ഇന്ന് ഒരു 'രോഗ'മാണു!
ഡോക്ടര്‍ക്കും, മരുന്ന് കമ്പനികള്‍ക്കും, ആശുപത്രി മുതലാളിക്കും പണം വാരാവുന്ന ഒരു ബിഗ്‌ ബിസിനസ്സ്‌!! റിസ്ക്‌ വളരെക്കുറവ്‌. ജീവികള്‍ ഗര്‍ഭം ധരിച്ചാല്‍ പ്രസവിക്കും. അത്‌ പ്രകൃതി നിയമം. പക്ഷെ അത്‌ പണമാക്കാന്‍ പ്രത്യേക വൈഭവം വേണം. വൈദ്യന്മാര്‍ക്കതുണ്ട്‌.
അതിന്റെ ആദ്യപടിയാണു ഗര്‍ഭം രോഗമാക്കുക!
ഗൈനക്കോളജിസ്റ്റിന്റെ മുന്നില്‍ ഓരോ ഗര്‍ഭിണിയും ഒന്നുകില്‍ ഒരു Out Patient അല്ലെങ്കില്‍ ഒരു In patient. ശരിയല്ലെ?
അല്ലാതെ ഒരു 'നിയുക്ത അമ്മ' അല്ല.
വെറും ഒരു രോഗി.
ഗര്‍ഭം ഒരു രോഗമാണെന്ന് അവളേയും വീട്ടുകാരേയും വിശ്വസിപ്പിക്കാന്‍ ആധുനിക വൈദ്യശാസ്ത്രത്തിനു കഴിഞ്ഞു. അതിലെ ആര്‍ത്തിപൂണ്ടവര്‍ വേണ്ടുവോളം അത്‌ മുതലെടുക്കുന്നുമുണ്ട്‌. ഇതും ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഒരു പുരോഗതിയായി എണ്ണാം?
പണ്ട്‌ ഗര്‍ഭിണിയാകുന്നത്‌ ഒരു ജീവിതസാഫല്യമായി കരുതിയിരുന്നു. പ്രസവത്തോടടുക്കുന്നതുവരെ ഏതാണ്ട്‌ എല്ലാ ജോലികളും ഗര്‍ഭിണി ചെയ്തിരുന്നു. ആശുപത്രികളില്‍ ചെന്നുള്ള പീര്യോഡിക്ക്‌ മോണിറ്ററിംഗ്‌ ഉണ്ടായിരുന്നില്ല. കുട്ടി ആണോ പെണ്ണോ എന്ന് മുന്‍ കൂട്ടി അറിഞ്ഞിരുന്നില്ല. എന്നിട്ടും കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമില്ലാതെ സ്ത്രീകള്‍ എട്ടും പത്തും വരെ പ്രസവിക്കുകയും അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ജീവിക്കുകയും ചെയ്തു.
അതിനിടെയില്‍ വല്ലപ്പോഴുമാണു രക്തസ്രാവമരണമോ ഗര്‍ഭാശയത്തകരാറുകൊണ്ട്‌ ചാപിള്ള പിറക്കുന്നതോ സംഭവിക്കുന്നത്‌.
ഇന്ന് അതാണോ സ്ഥിതി?
ആശുപത്രികള്‍ ഉണ്ട്‌. അവയില്‍ ആധുനിക ഉപകരണങ്ങള്‍ ഉണ്ട്‌. അണുവിമുക്തമാക്കിയ തീയറ്ററുകള്‍ ഉണ്ട്‌. ഏഴും പത്തും വര്‍ഷം പഠിച്ച ഡോക്ടറന്മാരുണ്ട്‌.
അപ്പോള്‍ പ്രസവത്തെ തുടര്‍ന്ന് സ്ത്രീകള്‍ മരിക്കാമോ? ചാപിള്ള പിറക്കാമോ?പ്രസവത്തേത്തുടര്‍ന്നുള്ള മരണങ്ങള്‍ ഇന്ന് വര്‍ദ്ധിച്ചിട്ടുണ്ട്‌. നവജാത ശിശുക്കള്‍ക്കുണ്ടാകുന്ന രോഗങ്ങളും വളരെക്കൂടി.
ജനസംഖ്യാനുപാതികമായി അന്നത്തേയും ഇന്നത്തേയും കണക്കുകള്‍ പരിശോധിച്ചാല്‍ ആര്‍ക്കും ഇതൊക്കെ ബോദ്ധ്യമാകാവുന്നതേയുള്ളു.
ഇതാണോ മറ്റൊരു പുരോഗതി?
പഠിപ്പില്ലാത്ത വയറ്റാട്ടികള്‍ പ്രസവം എടുത്തിട്ട്‌ അപകടമുണ്ടാകുന്നു എന്ന് പറഞ്ഞാണു പ്രസവം ആശുപത്രിയിലേക്കാക്കിയത്‌. ഇപ്പോള്‍ പഠിപ്പുള്ള വയറ്റാട്ടികള്‍ പ്രസവം എടുത്തിട്ട്‌ അപകടമുണ്ടാകുമ്പോള്‍ എന്തു പറയും? (ഗൈനക്കോളജിസ്റ്റുകള്‍ പരിഭവിക്കരുത്‌. ഒരേതൊഴില്‍ ചെയ്യുന്നവര്‍ക്ക്‌ എന്തിനാ രണ്ട്‌ പേര്‍). അപ്പോള്‍ സ്വാഭാവികമായും അത്തരം അപകടങ്ങള്‍ ഇക്കാലത്ത്‌ കുറയണം.
പക്ഷെ കുറഞ്ഞതായി കാണുന്നില്ല.
മറ്റൊരു കാരണം പറഞ്ഞത്‌ വീടിനുള്ളില്‍ ബാക്ടീരിയയും, വൈറസ്സും, മറ്റ്‌ അണുജീവികളുമുണ്ടെന്നും അത്തരം സാഹചര്യത്തില്‍ പ്രസവിച്ചാല്‍ അണുബാധയുണ്ടാകുമെന്നാണു. ആശുപത്രിയിലെ അണുവിമുക്ത മുറികളില്‍ അതിനു സാദ്ധ്യതയില്ലെന്ന് നമ്മളെ വിശ്വസിപ്പിച്ചു.
ആശുപത്രികളുടെ അണുവിമുക്തി നമുക്കിപ്പോള്‍ ഏതാണ്ട്‌ ബോദ്ധ്യമായിട്ടുണ്ട്‌. പക്ഷെ അതിനു 38 കുരുന്നുകളുടെ ജീവന്‍ ബലി കൊടുക്കേണ്ടി വന്നു. അതില്‍ പലതും ജനിച്ച്‌ വീണത്‌ നക്ഷത്ര സൗകര്യമുള്ള സ്വകാര്യ ആശുപത്രികളിലായിരുന്നു എന്നാണു കേള്‍വി. എന്നിട്ട്‌ അതിന്റെ പഴി മുഴുവനും ചുമക്കേണ്ടി വന്നത്‌ മിനിമം സൗകര്യം പോലുമില്ലാത്ത ഗവണ്മെന്റാശുപത്രിക്ക്‌!
ഇനി അണുബാധ മാത്രമേയുള്ളോ ഭയക്കാന്‍ എന്ന് ചോദിച്ചാല്‍, അല്ല. ആശുപത്രി ജന്യമായ അനേകം രോഗങ്ങള്‍ വേറേയുണ്ട്‌. അവയില്‍ പലതുമായിട്ടാണു അമ്മയും കുഞ്ഞും ഇന്ന്, പലപ്പോഴും വീട്ടിലേക്ക്‌ മടങ്ങുന്നത്‌.
പണ്ട്‌ വീട്ടില്‍ പ്രസിച്ചിരുന്നപ്പോള്‍ ആ ഭയം വേണ്ടായിരുന്നു
സ്റ്റാര്‍ ഹോട്ടലുകളെ വെല്ലുന്ന സൗകര്യമുള്ള ആശുപത്രികള്‍, വിദഗ്ദരായ ഗൈനക്കോളജിസ്റ്റുകള്‍, പരിചയ സമ്പന്നരായ നഴ്സുമാര്‍, ആധുനിക ഉപകരണങ്ങള്‍, പതിനായിരങ്ങളുടെ ചെലവ്‌ ഒക്കെ ഉണ്ടായിട്ടും പൂര്‍ണ്ണാരോഗ്യമുള്ള അമ്മയുടേയും കുഞ്ഞിന്റേയും എണ്ണം കുറഞ്ഞ്‌ കുറഞ്ഞ്‌ വരുന്നതെന്തേ?.
അതും ആധുനിക ആരോഗ്യപരിപാലനത്തിന്റെ ഒരു മെച്ചമായിരിക്കും?
ഇന്ന് കേരളത്തിലെ സ്ത്രീകള്‍ പ്രസവിക്കുന്നത്‌ ഒന്നോ അല്ലെങ്കില്‍ ഒന്നു കൂടിയോ മാത്രമാണു. എന്നിട്ടും അമ്മയ്ക്കും കുഞ്ഞിനും അസുഖം!
ഒരു മുപ്പത്‌ മുപ്പത്തഞ്ച്‌ വയസ്സാകുമ്പോഴേക്കും സ്ത്രീയുടെ സിസ്റ്റമൊക്കെ ആകെ തകരറിലാകുന്നു.
ഗര്‍ഭ പാത്രത്തില്‍ ഫൈബ്രോയിഡ്‌ അല്ലെങ്കില്‍ ട്യൂമര്‍.അതുമല്ലെങ്കില്‍ യൂട്രസ്സിലും സെര്‍വ്വിക്സിലും കാന്‍സര്‍.
ധാരാളം പേര്‍ക്കു സ്തനാര്‍ബ്ബുദം.
പലതരം പ്രമേഹങ്ങള്‍.
30-35 വയസ്സില്‍ അവയ്ക്കുള്ള ചികിത്സ തുടങ്ങുന്നു.
കുട്ടികള്‍ക്ക്‌ ഏറെ ശ്രദ്ധവേണ്ട കാലത്ത്‌ അമ്മ ആശുപത്രിക്കിടക്കയില്‍. കുത്തിവയ്പും കീറലും മുറിക്കലുമായി.
അതിനിടയിലുണ്ടാകുന്ന അപകടങ്ങള്‍ കുടുംബത്തെ തന്നെ പിടിച്ച്‌ ഉലച്ചേക്കാം.
അങ്ങനെ എന്തെങ്കിലും സംഭവിക്കുമ്പോള്‍ കുടുംബത്തിന്റെ സമാധാനം ആകെ നഷ്ടപ്പെടുന്നു. ചികിത്സിച്ച്‌ ചികിത്സിച്ച്‌ സാമ്പത്തികമായി തകര്‍ന്നിരിക്കുമ്പോഴാണു അത്തരം അത്യാഹിതങ്ങള്‍. ആധുനിക വൈദ്യശാസ്ത്രബിസിനസ്സ്‌ ചികിത്സയിലൂടെ കേരള സമൂഹത്തിനു വരുത്തുന്ന മാറ്റങ്ങള്‍ സാമൂഹികശാസ്ത്രജ്ഞന്മാര്‍ പഠനവിധേയമാക്കണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഇതെല്ലാം കഴിഞ്ഞ്‌ രക്ഷപ്പെട്ടു വന്നാല്‍ പൂര്‍ണ്ണാവയത്തോടെ ജീവിച്ചിരിക്കുന്ന എത്ര സ്ത്രീകള്‍ ഇന്ന് കേരളത്തില്‍ കാണും?
വികലാംഗരുടെ ഒരു നീണ്ട നിര ആധുനിക വൈദ്യത്തിന്റെ ഒരു മികവല്ലേ?
മറ്റൊരു പ്രശ്നം സ്ത്രീകളിലെ വര്‍ദ്ധിച്ച്‌ വരുന്ന വിഷാദ രോഗമാണു. ഭര്‍ത്താവിനോടും കുട്ടികളോടും സമൂഹത്തിനോടും വെറുപ്പ്‌.
ഇതിന്റെ കാരണം അന്വേഷിച്ചപ്പോള്‍ കിട്ടിയ ഉത്തരം അമ്പരപ്പിക്കുന്നതായിരുന്നു.
പലര്‍ക്കും ദാമ്പത്യത്തോടു തന്നെ അറപ്പും വെറുപ്പുമായിക്കഴിഞ്ഞു.
പ്രസവമുറിയില്‍ നിന്നുണ്ടായ തിക്താനുഭവങ്ങളാണു പലരേയും കുടുംബത്തില്‍ നിന്ന് അകന്നു പോകാന്‍ പ്രേരിപ്പിക്കുന്നത്‌ എന്നറിയുന്നു.
ഗര്‍ഭംധരിക്കുന്നതും പ്രസവിക്കുന്നതും ഏതാണ്ട്‌ തെറ്റായ ഒരു സംഗതിയായിപ്പോയി എന്ന് തോന്നത്തക്ക വിധമുള്ള ശകാരവും പുലഭ്യം പറച്ചിലുമാണു പലപ്പോഴും ഗൈനക്കോളജിസ്റ്റുകളില്‍ നിന്ന് ഗര്‍ഭിണികള്‍ക്ക്‌ കേക്കേണ്ടി വരുന്നത്‌.
തന്റെ ജീവിത സാഫല്യമായ കുഞ്ഞ്‌ യാഥാര്‍ത്ഥ്യത്തിലേക്കടുക്കുമ്പോള്‍ കേള്‍ക്കേണ്ടി വരുന്ന തെറിയഭിഷേകവും, പൂരപ്പാട്ടും യുവതികളുടെ മനോനില തെറ്റിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളു.
വീണ്ടും ഒരു കുട്ടിക്കുവേണ്ടി ആഗ്രഹിക്കാനോ, ജനിച്ചതിനെത്തന്നെ സ്നേഹത്തോടെ വളര്‍ത്താനോ പിന്നെ ആകുമോ?
ആധുനിക വൈദ്യത്തിലെ പഠിപ്പുള്ള സൂതികര്‍മ്മിണിയുടെ ഒരു നേട്ടമായി നമുക്കതിനെ കാണാം.
ഈ ഭര്‍ത്സനം ആധുനികമാണു.
നാം അക്കാര്യത്തില്‍ വളരെ പുരോഗമിച്ചിട്ടുണ്ട്‌.
പതിച്ചി പേറ്റു നോവുകാരിയെ ചീത്ത പറഞ്ഞിരുന്നില്ല! തല തടവിക്കൊടുക്കുകയും എത്രനേരം വേണമെങ്കിലും കാത്തിരുന്ന് പേറെടുക്കുകയും ചെയ്യുമായിരുന്നു.
വീഗാലാന്‍ഡില്‍ പോകണമെന്ന് പറഞ്ഞ്‌ പ്രസവം നീട്ടി വയ്ക്കുകയോ നേരത്തേ ആക്കുകയോ ചെയ്യുന്ന ശാസ്ത്രം അവര്‍ക്കറിയില്ലായിരുന്നു.
അമ്മയുടെ കാര്യം വിട്ടിട്ട്‌ കുഞ്ഞുങ്ങളുടെ കാര്യം ആലോചിച്ചാലോ?
പഴയ കാലത്തേ അപേക്ഷിച്ച്‌ ആരോഗ്യത്തോടെ പിറക്കുന്ന എത്ര കുഞ്ഞുങ്ങളുണ്ട്‌?
ഓട്ടിസം, പെറ്റിറ്റ്‌ മാല്‍, ഗ്രാന്‍ഡ്‌ മാല്‍ ഒക്കെ ബാധിച്ച കുട്ടികളുടെ എണ്ണം കൂടിക്കൂടി വരുന്നു.
ബ്രെയിന്‍ എപ്പിലെപ്സി സര്‍വ്വ സാധാരണമായി.
പത്ത്‌ മാസം ഒരു ഗൈനക്കോളജിസ്റ്റ്‌ നിഷ്കര്‍ഷയോടെ പരിശോധിച്ച്‌ മരുന്ന് കൊടുത്ത്‌ പ്രസവിക്കുമ്പോഴാണു ഇതൊക്കെ ഉണ്ടാകുന്നതെന്ന് ആലോചിക്കണം.
പണ്ട്‌, നെല്ലും പൊരുന്നക്കോഴിയും ഇരിക്കുന്ന മുറിയില്‍ പതിച്ചി പേറെടുത്തിരുന്നപ്പോള്‍ ഇതൊക്കെ സംഭവിച്ചിരുന്നെങ്കില്‍ നമുക്ക്‌ പറയാമായിരുന്നു അശാസ്ത്രീയമായ സൂതികര്‍മ്മമാണു ഇതിനൊക്കെ കാരണമെന്ന്.
ഇന്നിപ്പോള്‍ അത്‌ പറയാനാകുമോ?
വളര്‍ന്ന് മൂന്നും നാലും വയസ്സാകുമ്പോഴേക്കും പല കുട്ടികള്‍ക്കും കണ്ണട വേണ്ടി വരുന്നു. കോജെനിറ്റല്‍ സിഫിലിസ്‌ ഉള്ള കുട്ടികള്‍ വേറെ.
പതിനഞ്ച്‌ വയസിനു താഴെയുള്ള കുട്ടികളില്‍ സാധാരണമല്ലാതിരുന്ന ന്യൂറോസിസ്സും ഇന്ന് വ്യാപകമായുണ്ട്‌.
ഇതൊക്കെ ഹ്രാസമാണോ, വികാസമാണോ?
ചിന്തിക്കേണ്ടതുണ്ട്‌.
പ്രകൃതിയില്‍ നിന്നുള്ള അകല്‍ച്ചയും ആധുനിക ജീവിതക്രമവുമാണിതിനൊക്കെ കാരണമെന്ന് പറഞ്ഞ്‌ ചിലരെങ്കിലും കൈ കഴുകാന്‍ ശ്രമിച്ചേക്കും.
പക്ഷെ ഇവിടെ ഒരു ചോദ്യമുണ്ട്‌.
പ്രകൃതിയെ കീഴടക്കിയ ആധുനിക ശാസ്ത്രം എല്ലാത്തിനും പരിഹാരം തരുന്നുണ്ട്‌ എന്ന് പ്രചരിപ്പിച്ചല്ലേ ആശുപത്രിയുടെ പഞ്ചനക്ഷത്ര സൗകര്യങ്ങളിലേക്ക്‌ ആളുകളെ ആകര്‍ഷിച്ചത്‌.
നൂറ്റാണ്ടുകളിലൂടെ അനുഭവമായി മാറിയ പാരമ്പര്യത്തെ നിസ്സാരമായി തള്ളിക്കളഞ്ഞു.
എന്നിട്ട്‌ പിടിച്ച്‌ നില്‍ക്കാനാവാതെ വരുമ്പോള്‍ വീണ്ടും പ്രകൃതിയേയും പാരമ്പര്യത്തേയും കുറ്റം പറയുന്നത്‌ ശരിയാണോ?
സത്യത്തിന്റെ മുഖം സ്വര്‍ണ്ണപ്പാത്രം കൊണ്ട്‌ മറച്ചിട്ട്‌ എന്ത്‌ പ്രയോജനം?
">Link http://www.orkut.com/Profile.aspx?uid=7558426525359753485

38 comments:

വേണു venu said...

മാഷേ,
പ്രകൃതി, ഞാനും നമ്മള്ളും എന്ന തിരിച്ചറിവു നഷ്ടപ്പെട്ട സാഹചര്യ്ങ്ങളെ ഭയക്കുക, എതിര്‍ക്കുക. ഞാന്‍‍ പ്രകൃതിയാകമ്പോള്‍‍ എനിക്കു് ലഭിക്കുന്ന സ്ഥായീ ഭാവത്തില്‍‍ എനിക്കു ജീവിക്കാനാകുന്നു. കുറിഞ്ഞി ഓണ്‍‍ ലയിനെന്ന ബ്ലോഗിലെ ലേഖനം വായിച്ചിവിടെ വന്നപ്പോള്‍‍ എനിക്കു തോന്നുന്നു എന്തൊക്കെ ഇനി നഷ്ടപ്പെടാനിരിക്കുന്ന്നു.:)

Retheesh said...

കര്‍ത്താ സാറെ വളരെ നന്നായിരിക്കുന്നു, ആദ്യ പ്രസവത്തിനു നാട്ടിലെ ലേബര്‍ റൂമിലെ പൂരപ്പാട്ട് കേട്ട് നാണം കെട്ട് രണ്ടാമത്തെ കുട്ടിയെ എത്ര ചെലവു വന്നാലും ഇവിടെത്തന്നെ (ഖത്തര്‍)പ്രസവിക്കണമെന്നു പറഞ്ഞ എന്‍റെ അടുത്തയൊരു കുടുബത്തെയാണ്' ഇതു വായിച്ചപ്പോള്‍ എനിക്ക് ഓര്‍മ്മ വരുന്നത്. വളരെ യാഥാസ്ഥിതികരും ദൈവഭയവുമുള്ള ഒരു സ്ത്രീക്ക് കേള്‍ക്കേണ്ടി വന്ന ജല്പനങ്ങള്‍ ആ സ്ത്രീയെ എത്രമാത്രം വേദനിപ്പിച്ചിട്ടുണ്ടാവുമെന്ന് ഊഹിക്കാവുന്നതെയുള്ളു. കുഞ്ഞുങ്ങള്‍ക്ക് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വെച്ചുതന്നെ ശ്രവണ ശക്തിയുണ്ടെന്ന് പറയുന്ന സ്ഥിതിക്ക്, പുറം ലോകത്തേക്ക് വരുന്ന ഓരോ കുഞ്ഞും ആദ്യമായി കേള്‍ക്കേണ്ടി വരുന്ന ഈ അണ്‍പാര്‍ലിമെന്‍ററിയെ നമുക്ക് ഈ ആധുനിക വയാറ്റാട്ടികളുടെ പേരില്‍ പൊറുക്കാം.
വിദേശങ്ങളില്‍ പ്രസവസമയത്ത് ഭര്‍ത്താവ് ഒപ്പം നില്‍ക്കുന്നത് ഇപ്പോള്‍ സാധാരണമായിട്ടുണ്ട് നാട്ടിലും ഈ രീതി എല്ലാ ആശുപത്രികളില്‍ നടപ്പില്‍ വരുത്തിയാല്‍ ഒരു പരിധിവരെ ഈ പൂരപ്പാട്ടെങ്കിലും കുറയുമെന്നു പ്രതീക്ഷിക്കാം.
പിന്നെ സാറെ ഇതു വേദനയില്ലാത്ത 'ഡെലിവറീയുടെ' കാലമാണ്'...അതായത് പണ്ട് അഞ്ജലോട്ടക്കാരന്‍ (രി) ഒരുപാട് ഓടി ബുദ്ധിമുട്ടിയിട്ടുണ്ട് ഇന്ന് ഇ.മെയിലിന്‍റെ കാലമാ...അല്ലെങ്കിലും 'വിത്തിടുന്നവനോ' അത് 'വിളയിക്കുന്നവരോ' അല്ലല്ലോ ലാഭം കൊയ്യുന്നത്. ആതുരരംഗം ഒരു നല്ലൊരു വിപണീയാണ്.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കര്‍ത്താവേ തികച്ചും വസ്തുനിഷ്ഠമായ വിലയിരുത്തല്‍.
ഈ അവസ്ഥയില്‍ നിന്നും കരകയറണമെങ്കില്‍ ജനം തന്നെ ബോധവാന്മാരാകേണ്ടിയിരിക്കുന്നു.
പ്രതീക്ഷക്കു വലിയ വകയൊന്നും ഉണ്ടെന്നു തോന്നുന്നില്ല.
1984-85 കാലഘട്ടത്തിലെ മനോരമ പത്രങ്ങളിലൊന്നില്‍ "പണം വാരാന്‍ നിര്‍ബന്ധപ്രസവം" എന്ന തലക്കെട്ടോടു കൂടി ഒരു കുറിപ്പുണ്ടായിരുന്നു മുന്‍പേജില്‍ തന്നെ. അതിന്റെ കോപ്പി മനോരമയില്‍ നിന്നും കിട്ടും എങ്കില്‍ ഒന്നു പുനര്‍പ്രകാശനം ചെയ്യുന്നത്‌ ഉചിതമായിരിക്കും ഇതില്‍.
വളരെ രസകരമായിരിക്കും എങ്കില്‍ ഈ ചര്‍ച്ച

vimathan said...

“എന്നിട്ടും കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമില്ലാതെ സ്ത്രീകള്‍ എട്ടും പത്തും വരെ പ്രസവിക്കുകയും അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ജീവിക്കുകയും ചെയ്തു. അതിനിടെയില്‍ വല്ലപ്പോഴുമാണു രക്തസ്രാവമരണമോ ഗര്‍ഭാശയത്തകരാറുകൊണ്ട്‌ ചാപിള്ള പിറക്കുന്നതോ സംഭവിക്കുന്നത്‌. ഇന്ന് അതാണോ സ്ഥിതി? ”

കര്‍ത്താ, പക്ഷെ, കണക്കുകള്‍, സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കുന്നത്, പ്രസവത്തില്‍ മരിക്കുന്ന സ്ത്രീകളുടെയും, ശിശുക്കളുടെയും എണ്ണവും ,infant mortalityയും ആധുനിക വൈദ്യശാസ്ത്രത്തിന്റെ കടന്നുവരവോടെ ഗണ്യമായികുറഞ്ഞിരിക്കുന്നു എന്നാണ്.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇക്കഥയുടെ ബാക്കിപത്രമാണ്‌

"പണം വാരാന്‍ നിര്‍ബന്ധപ്രസവം"
എന്ന തലക്കെട്ടോടു കൂടി പിറ്റേ ദിവസത്തെ മലയാള മനോറമ Cochin Edition ല്‍ വന്നത്‌.

Kuttyedathi said...

വളരെ വളരെ നന്നായെഴുതിയിരിക്കുന്നു. നമ്മുടെ നാട്ടിലുള്ളത്ര സി സെക്ഷന്‍ പ്രസവങ്ങള്‍ വേറെ എവിടെയുമില്ലെന്നു തോന്നുന്നു. എന്റെ കൂട്ടുകാരികളുടെയൊക്കെ , സി സെക്ഷനു പറഞ്ഞ കാരണങ്ങളൊക്കെ വിചിത്രമായി തോന്നി. വിദേശത്തൊക്കെ അവസാന നിമിഷം വരെ നോക്കിയിട്ടേ വെട്ടിക്കീരുകയുള്ളൂ. ആദ്യത്തെ പ്രസവം സി സെക്ഷനായിട്ടും, രണ്ടാമത്തെ നോര്‍മല്‍ ഡെലിവറി വരെ ഇവിടെ നടക്കുന്നു.

പിന്നെ, പ്രസവത്തോടെയുള്ള മരണങ്ങള്‍ പണ്ടത്തേതിനെക്കാള്‍ കുറഞ്ഞു എന്നതാവണം സത്യം.

ലേബര്‍ റൂമിലെ പൂരപ്പാട്ട് - ഇതെന്താണു സംഭവം ? ആദ്യമായിട്ടു കേള്‍ക്കുന്നു. ആരെങ്കിലും അനുഭവസ്ഥര്‍ വിവരിക്കുമോ ? ഗര്‍ഭിണിയെ ചീത്ത പറയുമെന്നാണോ ? അവിശ്വസനീയം...

qw_er_ty

സുമേഷ് said...

കര്‍ത്താ സര്‍ , ആ പൂരപ്പാട്ട് എങ്ങനെ താങ്കള്‍ കേട്ടു?
എങ്ങനെയാണു ആ സര്‍വേ എടുത്തത്? എല്ലാ ആശുപത്രികളിലും അന്വേഷിച്ചിരുന്നോ? തീര്‍ച്ചയായും ആധുനിക ശാസ്ത്രതിന്റെ ലജ്ജാവഹമായ കണ്ടുപിടുതതങ്ങളില്‍ ഒന്നാണ് ഈ പൂരപ്പാട്ട് !
കര്‍ത്താ സര്‍, കലക്കന്‍ പോസ്റ്റ്, എനിക്കിഷ്ടപ്പെട്ടത് താങ്കളുടെ തെളിവു സഹിതമുള്ള വിവരണങ്ങളാണ് !!
ഗുഡ് സ്റ്റാറ്റിസ്റ്റിക്സ്! I am missing your kind of people in US. Here people are all going to hospitals for delivery. May be I can translate your article and enlighten them on this, to make everything at home. May be it will open up good job opportunities too !! :-)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കുട്ട്യേടത്തിയും ബ്ലോഗിളും US ലാണെങ്കില്‍ ഈ പൂരപ്പാട്ടിനെ പറ്റി കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുമായിരിക്കും. എന്നാല്‍ ഞാന്‍ ഒരിക്കല്‍ സ്വയം ഒരു refresher course എടുക്കാമെന്നു കരുതി (ജോലിയില്‍ തല്‍ക്കാലം ആവശ്യം വന്നതു കൊണ്ട്‌) അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പരിശീലനത്തിനു പോയി.
സാധാരണ വൈദ്യവിദ്യാഭ്യാസകാലത്ത്‌ ആദ്യവര്‍ഷം ശ്വാസം നിര്‍ത്താതെ എത്ര സമയം സാധിക്കുമോ അത്രയും സമയം ലോകത്തിലെ ഏറ്റവും പുളിച്ച തെറികള്‍ ഇടതടവില്ലാതെ പറയിക്കുന്നത്‌ ഞങ്ങളുടെ കാലത്തെ റാഗിങ്ങില്‍ പെട്ട്‌അ ഒരിനമായിരുന്നു. അതു കഴിഞ്ഞ ഞങ്ങള്‍ക്കൊന്നും ഇതൊന്നും പുത്തരിയാകേണ്ടതല്ല . എന്നാല്‍ എനിക്കനുഭവമുള്ള പല ഇടങ്ങളിലും സ്ഥിതി കര്‍ത്താവു പറഞ്ഞതുപോലെ ആണ്‌ - as per my old experiences.
അവിടങ്ങളില്‍ അങ്ങനെയല്ലെന്നറിയുന്നതില്‍ സന്തോഷവും ഉണ്ട്‌.
നാമൊക്കെ എന്നാണാവോ നന്നാകുന്നത്‌?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

Mr. Kartha Labour roomലെ പൂരപ്പാട്ടിനെ കുറിച്ച്‌ എഴുതിയല്ലൊ. അതെല്ലാം gynecologist മാര്‍ മാത്രമാണ്‌ നടത്തുന്നത്‌ എന്നാണോ അര്‍ത്ഥമാക്കുന്നത്‌?
Gynecologists എല്ലാം ഇതു പോലെ ആണ്‌ എന്ന തരം അടക്കി ആക്ഷേപിക്കുന്ന ഈ രീതി ഒന്നു നിര്‍ത്തിയാല്‍ നന്ന്‌.
ഗര്‍ഭത്തിനുത്തരവാദിയായ ഭര്‍ത്താവിനെ തെറി പറയുന്ന ഭാര്യമാരെയും, പ്രസവിക്കുവാന്‍ വന്ന സ്ത്രീയുടെ shaving നടത്തിയതിന്‌ കൈമടക്കു കൊടുക്കാഞ്ഞതിന്‌ അവരുടെ ചെരുപ്പുകള്‍ പിടിച്ചെടുക്കുന്ന തരം തൊഴിലാളികളേയും, മറ്റ്‌ സ്റ്റാഫിനേയും ഞങ്ങള്‍ കാണുന്നുണ്ട്‌. അതു സമൂഹത്തിന്റെ തകരാറാണ്‌.
ചര്‍ച്ചയാണുദ്ദേശം എങ്കില്‍ കുറച്ചുകൂടി നല്ല രീതിയില്‍ പോയിന്റുകള്‍ കൊടുത്ത്‌ ലേഖനം എഴുതുവാന്‍ ശീലിക്കുക. ഇതു വെറുതേ ആളുകളെ വെറുപ്പിക്കുവാനേ ഉതകൂ.

Hari Raj | ഹരി രാജ് said...

സര്‍, വളരെ കാലികപ്രസക്തവും അഭിനന്ദനീയവുമായ ലേഖനം.. ഇവിടെ കുവൈറ്റില്‍, എന്റെ ഭാര്യയുടെ പ്രസവ സമയത്ത് എനിക്കു ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നും കിട്ടിയ ഓഫര്‍, 1500 ദിനാര്‍ (ഏകദേശം 210000 ഇന്‍ഡ്യന്‍ രൂപ) അധികമായി അടച്ചാല്‍, പ്രസവം മുഴുവന്‍ വീഡിയോയില്‍ പകര്‍ത്താനുള്ള സൌകര്യം ചെയ്തു തരും എന്നായിരുന്നു..ലൈറ്റ്, ക്യാമറ ഒക്കെ ഉള്‍പ്പെടെ! (‘വീഡിയോഗ്രാഫറെയും അവര്‍ തന്നെ അറേഞ്ച് ചെയ്യുമോ‘ എന്ന ഒരു നാട്ടിന്‍പുറത്തുകാരന്റെ സ്വാഭാവിക ഭയത്താല്‍ ഓഫര്‍ എന്തായാലും സ്വീകരിച്ചില്ല!)
ഇത്തരം ഓഫറുകള്‍ ഏറെ താമസിയാതെ നമ്മുടെ നാട്ടിലെ സ്വകാര്യ ആശുപത്രികളുടെ ബോര്‍ഡിലും സ്ഥാനം പിടിക്കുന്ന കാലം വിദൂരമാകില്ല! അവരോടു മത്സരിക്കാനും ഫണ്ട് കണ്ടെത്താനും നമ്മുടെ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും ഈ രീതി പിന്നീട് സ്വീകരിക്കവുന്നതാണ്..എന്തിനും ഒരു തുടക്കം കിട്ടിയാല്‍ മതിയല്ലോ!

ശാലിനി said...

ഈയടുത്ത സമയത്ത് ഗ്യഹലക്ഷ്മി മാസികയിലാണെന്നു തോന്നുന്നു, സ്വന്തം വീട്ടില്‍തന്നെ പ്രസവം നടത്തിയ ഒരു പെണ്‍കുട്ടിയെ കുറിച്ച് എഴുതിയിരുന്നു.

നാട്ടിലെ പല കൂട്ടുകാരും പറഞ്ഞുകേട്ടിട്ടുണ്ട് ഈ പൂരപ്പാട്ടിനെകുറിച്ച്, സര്‍ക്കാര്‍ ആശുപത്രികളില്‍മാത്രമല്ല, വലിയ തുക ഈടാക്കുന്ന മിഷന്‍ ആശുപത്രികളില്‍ പൊലും ഇതു നടക്കുന്നുണ്ട്. പക്ഷേ എന്റെ അനുഭവം മറിച്ചായിരുന്നു, അതും ഒരു മിഷന്‍ ആശുപത്രിയായിരുന്നു, സ്നേഹത്തൊടെ ചുറ്റും നിന്ന് പ്രാര്‍ത്ഥന ഉരുവിട്ട് ആശ്വസിപ്പിച്ച്, കാലും പുറവുമൊക്കെ തടവിത്തന്ന ആ സഹോദരിമാരെ ഞാനൊരിക്കലും മറക്കില്ല. ഏറെ സ്നേഹത്തോടെയാണ് ഡൊക്ടറും മറ്റെല്ലാവരും പെരുമാറിയത്. ഓപ്പറേഷന്‍ തീയേറ്ററില്‍ ഡോക്ടര്‍ എനിക്കിഷ്ടപ്പെട്ട ഭക്തിഗാനം പ്ലേ ചെയ്തിരുന്നു. ഇവിടെ കുവൈറ്റില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വിദേശിയരായ ഡോക്ടറും മറ്റു സഹായികളും നല്ല സ്നേഹത്തോടെതന്നെയാണ് പെരുമാറിയത്. അല്പമെങ്കിലും വിഷമമുണ്ടായെങ്കില്‍ അതു മലയാളികളായ നേഴ്സുമാരുടെയടുത്തുനിന്നുമാത്രമാണ്. എന്നുവച്ച് എല്ലാ നേഴ്സുമാരും അങ്ങനെയാണെന്നല്ല, എല്ലാ വിഭാഗങ്ങളിലുമുണ്ടല്ലോ വിവിധതരക്കാര്‍.

കുവൈറ്റില്‍ നിന്നും എഴുതിയിരിക്കുന്നയാള്‍ പ്രൈവറ്റ് ആശുപത്രിയുടെ ഓഫര്‍ എഴുതിയിരിക്കുന്നത് കണ്ടിട്ട് അത്ഭുതം തോന്നുന്നു, ഇതൊക്കെ വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്ത് വയ്ക്കാന്‍ താത്പര്യമുള്ള ആള്‍ക്കാരുമുണ്ടല്ലേ?

K.P.Sukumaran said...
This comment has been removed by the author.
K.P.Sukumaran said...

കേരളത്തിലെ സര്‍ക്കാര്‍ ആസ്പത്രികളിലെ പ്രസവ വാര്‍ഡുകളില്‍ നടന്നു വരുന്നതാണീ പൂരപ്പാട്ടും,തെറിയഭിഷേകവും. എന്നാല്‍ സ്വകാര്യ ആസ്പത്രികളില്‍ താരതമ്യേന കുറവാണു . സഹിക്കുകയണു എല്ലാവരും. എന്തു ചെയ്യും പ്രസവിക്കാന്‍ ആസ്പത്രികളെ ആശ്രയിക്കാതിരിക്കാന്‍ പറ്റുമോ ? ജനങ്ങള്‍ പ്രതികരിക്കാന്‍ തുടങ്ങിയാല്‍ ഒരു പരിധി വരെ തടയാന്‍ കഴിഞ്ഞേക്കും. എന്നാല്‍ ഇതൊന്നും ആരും പുറത്ത് പറയാറില്ല. ലേബര്‍‌റൂമിലെ സീനിയര്‍ നഴ്‌സുമാരില്‍ ഭൂരിഭാഗവും രക്തരക്ഷസ്സുകളെ അനുസ്മരിപ്പിക്കുന്ന വിധം ക്രൂരകളാണു. എവിടെയുമെന്ന പോലെ അല്പം ചില നല്ല നഴ്‌സുമാരും ഇല്ലാതില്ല. പ്രസവം എന്ന പ്രക്രിയ തന്നെ ഒരു പീഢാനുഭവമായതിനാല്‍ ഇതും കൂടി സഹിക്കുകയാണു പാവം പെണ്ണുങ്ങള്‍ !!

അശോക് കർത്താ said...

പ്രിയ ബ്ലോഗിള്‍, പൂരപ്പാട്ട്‌ താങ്കളെ അത്ഭുതപ്പെടുത്തിയതായി കാണുന്നു. അക്ഷരക്കഷായത്തില്‍ വരുന്ന ഓരോ വാക്കും വരിയും നേരിട്ടോ വിശ്വസനീയരുമായ ആളുകള്‍ക്കു ഉണ്ടായിട്ടുള്ള അനുഭവമോ അടിസ്ഥാനമാക്കിയുള്ളതാണു. നാട്ടില്‍ പരിചയമുള്ള ഏതെങ്കിലും ലേബര്‍ റൂം നഴ്സിനോട്‌ ചോദിച്ചാല്‍ പൂരപ്പാട്ടിനേപ്പറ്റി പറഞ്ഞ്‌ തരും. നല്ല അടുപ്പമുള്ള ആളാണെങ്കില്‍ ഒരു മൊബെയില്‍ വാങ്ങിക്കൊടുത്താല്‍ ലൈവായി കേള്‍ക്കാം.
കുട്ട്യേടത്തിയും ഇത്‌ ശ്രദ്ധിക്കുമല്ലോ?
ഗര്‍ഭിണിയെ ഡോക്ടറന്മാര്‍ നല്ല പുളിച്ച തെറി പറയും. ഒരു ഡോക്ടര്‍ കൂടിയായ ഇന്ത്യാ ഹെറിറ്റേജ്‌ അത്‌ ശരിവച്ചിരിക്കുന്നത്‌ കണ്ടില്ലെ?
ഒരു സാമ്പിള്‍ വേണമെങ്കില്‍ കേട്ടോളു-
ഉന്തിയ വയറുമായി വേദന കൊണ്ട്‌ പുളയുന്ന ഒരു 'നിയുക്ത അമ്മ'യോട്‌ വിദേശ ഡിപ്ലോമ അടക്കം മൂന്ന് ബിരുദമുള്ള ഒരു ആധുനിക പതിച്ചി ചോദിച്ചത്‌ : " എന്തവാടി കെടന്ന് മോങ്ങണതു? ങേ! എന്നോട്‌ ചോദിച്ചിട്ടാ നീ വയറ്റിലൊണ്ടാക്കിയത്‌? ....മലച്ച്‌ കെടക്കുമ്പോ ഓര്‍ക്കണമാരുന്ന്...."
ഇതു താരതമ്യേന സഭ്യമായ ഒന്നാണു. ബ്ലോഗ്‌ പോലെ ഒരു പൊതു മാദ്ധ്യമത്തില്‍ ഇതില്‍ കൂടുതല്‍ വീര്യമുള്ള ഡയലോഗ്‌ ഇടാന്‍ പറ്റില്ല.
ചിലരൊക്കെ കൈയും ചുരുട്ടി സുരേഷ്‌ ഗോപി സ്റ്റെയിലിലാണത്രെ ലേബര്‍ റൂമില്‍ പ്രത്യക്ഷപ്പെടുന്നത്‌. തുടക്കത്തില്‍
"ഫ്‌! പുല്ലെ...."
എന്ന ആ ടിപ്പിക്കല്‍ ഡയലോഗ്‌ പറയുമോ എന്നറിയില്ല. തുടര്‍ന്നുള്ള സാഹിത്യം രഞ്ജിത്തിനോ രഞ്ജീപ്പണിക്കര്‍ക്കോ വഴങ്ങുന്നതല്ല. ഒരു പക്ഷെ ഇന്ത്യാ ഹെറിറ്റേജിനു ഇക്കാര്യത്തില്‍ കൂടുതല്‍ വെളിച്ചം നല്‍കാന്‍ കഴിഞ്ഞേക്കും. അതാകുമ്പോള്‍ ആധികാരികമാണല്ലോ.
ഈ അന്വേഷണത്തില്‍ മനസിലാക്കിയ മറ്റു ചില വസ്തുതകളുണ്ട്‌. 1.ഉന്നത കുലജാതരും വിദ്യാഭ്യാസമുള്ളവരുടെ കുടുംബങ്ങളില്‍ നിന്നുള്ള ഗൈനെക്കുകളാണു ഉളുപ്പില്ലാതെ തെറിപറയുന്നത്‌. 2.ജാതിയില്‍ തീരെ താഴ്‌ന്നവരില്‍ നിന്ന് വന്നിട്ടുള്ള ഡോക്ടറന്മാര്‍ പൊതുവേ പ്രസവമെടുക്കുമ്പോള്‍ ഒരലിവും മര്യാദയും കാണിക്കാറുണ്ട്‌. 3.പുരുഷ ഗൈനെക്കുകള്‍ ചില്ലറ കമന്റടിക്കുമെന്നല്ലാതെ സാധാരണ പച്ചത്തെറി പറയാറില്ല.(ഡി&സിക്ക്‌ ചെല്ലുമ്പോഴണു ആ വൈഭവം അവര്‍ പ്രകടിപ്പിക്കുക.) 4.ഡോക്ടര്‍ക്ക്‌ കൈമടക്ക്‌ കൊടുത്താലും തെറിക്ക്‌ കുറവുണ്ടാകില്ല. 5.സ്വകാര്യ ആശുപത്രിയും ഗവണ്മെന്റാശുപത്രിയും തമ്മില്‍ തെറിവിളിയില്‍ വലിയ വ്യത്യാസമില്ല. 6.രണ്ട്‌ ലാര്‍ജ്ജ്‌ കൂടുതല്‍ അടിച്ചിട്ട്‌ സിസേറിയനു കേറുന്ന ഗൈനക്കുകള്‍ അനവധിയാണു. 7. പലപ്പോഴും സിസേറിയന്‍ നടത്തുന്നത്‌ നഴ്സുമാരാണു. ഡോക്ടര്‍ നോക്കി നില്‍ക്കും. 8. നോര്‍മ്മല്‍ ഡെലിവറിയിലേക്ക്‌ പോകാന്‍ സാദ്ധ്യതയുള്ള കേസുകള്‍ 'നോവ്‌' താമസിക്കാന്‍ കുത്തിവയ്പ്‌ നടത്താറുണ്ട്‌. എന്നിട്ടും പ്രസവിക്കാന്‍ ശ്രമിച്ചാല്‍ തെറിവിളിക്കൊപ്പം അടിയും കിട്ടും. 9. മുലപ്പാല്‍ പിഴിഞ്ഞെടുത്ത്‌ വില്‍ക്കുന്ന ഒരു മാഫിയ രംഗത്തുണ്ട്‌. അതിന്റെ ഉപയോഗം വ്യക്തമല്ല. ഏതോ MNCയുടെ ഗവേഷണത്തിനാണെന്നാണു സൂചന.
മൊത്തം കുറ്റവും ഗൈനെക്കിന്റെ പുറത്ത്‌ ചാരുന്നതില്‍ ഇന്ത്യാഹെറിറ്റേജിനുള്ള വ്യാകുലത മനസിലാക്കുന്നു. സംഘത്തിനകത്തായിപ്പോയത്‌ കൊണ്ടാണു പരിഭവം തോന്നുന്നത്‌. പക്ഷെ നിര്‍വ്വാഹമില്ല! കാരണം ഡോക്ടര്‍ വിചാരിച്ചാല്‍ മതി ഇതിനൊക്കെ മാറ്റം വരുത്താം. പൈ ഡോക്ടര്‍, ഡോ.എം.എസ്‌.വല്യത്താന്‍, ഡോ.ചന്ദ്രശേഖരന്‍, ഡോ.ടി.എന്‍.എന്‍.ഭട്ടതിരിപ്പാട്‌ തുടങ്ങിയവര്‍ക്ക്‌ മുന്നില്‍ അവര്‍ക്ക്‌ താഴെയുള്ള ഉദ്ദ്യോഗസ്ഥര്‍ മാന്യമായി പെരുമാറിയിരുന്നില്ലെ? അതിനുള്ള ആജ്ഞാശക്തിയും മൂല്യബോധവും നേടിയെടുത്താല്‍ മതി.

Anonymous said...

ഗര്‍ഭധാരണവും പ്രസവവും -
ഇവരണ്ടും സ്വാഭാവികപ്രക്രിയ എന്നതു മാറി ഇന്നു ചികിത്സ വേണ്ട ‘രോഗാവസ്ഥകളാ’യി മാറി..
ഒരുപക്ഷെ, മാറ്റി എന്നു പറയുന്നതാവും ശരി.
സ്വാഭാവികമായി നടക്കേണ്ട പേറു പോലും കീറ് ആക്കി മാറ്റി കാശുണ്ടാക്കുന്ന വിദ്യ പല സ്വകാര്യാശുപത്രികളും പ്രയോഗത്തില്‍ വരുത്തുന്നുണ്ടെന്നത് സത്യം തന്നെ.
“ആധുനിക വൈദ്യശാസ്ത്രബിസിനസ്സ്‌ ചികിത്സയിലൂടെ കേരള സമൂഹത്തിനു വരുത്തുന്ന മാറ്റങ്ങള്‍ സാമൂഹികശാസ്ത്രജ്ഞന്മാര്‍ പഠനവിധേയമാക്കണ്ട സമയം അതിക്രമിച്ചിരിക്കുന്നു.“
-വളരെ ഗൌരവമായ ഒരു അഭിപ്രായമായി തോന്നുന്നു.
*****************************
ഭാര്യ്യുടെ പ്രസവം സര്‍ക്കാറാശുപത്രിയിലായിരുന്നു.
പൂരപ്പാട്ടിനെപ്പറ്റി പറഞ്ഞുകേട്ടു. മറ്റു അനുഭവസ്ഥരഇല്‍ നിന്നും പറഞ്ഞുകേട്ടിട്ടുണ്ട്..
എന്താണിതിനു പ്രേരകം? ഒരുതരം സംതൃപ്തി...?ആര്‍ക്കറിയാം....?

Unknown said...

സമൂഹത്തില്‍ അടിമുടി ബാധിച്ചിരിക്കുന്ന അപമാനവീകരണത്തിന്റെ ഒരു ഭീബത്സമായ പ്രതിഫലനമാണു ലേബര്‍ റൂമില്‍ പതിവായി കേള്‍ക്കപ്പെടുന്നു എന്നു പറയുന്ന ഈ പൂരപ്പാട്ട്. ഏതൊരു സ്ത്രീയും ഏറ്റവും അനുകമ്പയും ദയാമസൃണമായ പരിചരണവും അര്‍ഹിക്കുന്ന ആ നിര്‍ണ്ണായകമായ സമയത്ത് ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ പിന്‍‌തുടര്‍ച്ചക്കാരായ നഴ്‌സുമാര്‍ തന്നെ ഇങ്ങിനെ പെരുമാറുന്നു എന്നു കേള്‍ക്കുമ്പോള്‍ കഷ്ടം തോന്നുന്നു. അവരും ഇതൊക്കെ തരണം ചെയ്തതല്ലേ ? നാളെ അവരുടെ പെണ്‍‌മക്കള്‍ക്ക് ഇത്തരത്തിലുള്ള അനുഭവം ഉണ്ടാകന്‍ അവര്‍ ഇഷ്ടപ്പെടുമോ ? ഒരു സ്ത്രീയെ സംബന്ധിച്ചെടുത്തോളം ഒരു അമ്മയാവുക എന്നത് ജന്മസാഫല്യമാണു . ഈ ലോകത്തില്‍ ഏറ്റവും മാനിക്കപ്പെടേണ്ടതാണു മാതൃത്വം ! അത്തരമൊരു അവസരത്തില്‍ ഈ ക്രൂരത അവരോട് പാടുണ്ടോ ? ലേബര്‍ റൂമില്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നവര്‍ ചിന്തിക്കട്ടെ !

Adv.P.Vinodji said...

പത്തു മാസം മോണിറ്റര്‍ ചെയ്തതിനു ശേഷം....
സിസേറിയന്‍....
പിന്നെ കുഞ്ഞിന് മഞ്ഞനിറം.....
ആദ്യത്തെ antibiotic അപ്പോള്‍ തുടങ്ങും....
zoology lab-ലെ തവളയെ പോലെ ലൈറ്റിട്ട് 2 ദിവസം......
ബില്‍ എല്ലാം കൂടി കാല്‍ ലക്ഷം അടുത്ത്...
ഇതാണ് modern medicine...

അശോക് കർത്താ said...

നാളെ അവരുടെ പെണ്‍‌മക്കള്‍ക്ക് ഇത്തരത്തിലുള്ള അനുഭവം ഉണ്ടാകന്‍ അവര്‍ ഇഷ്ടപ്പെടുമോ ?
ഈ മെഡിക്കല്‍ ബിസിനസ്സിന്റെ മുഖം അത്രക്ക് ഭീകരമാണു, സര്‍.

Anonymous said...

i disagree with a lot of statements made in this article. most of them are unsubstantiated generalizations .

however I was a witness to verbal abuse by Dr. Shyamala of SAT hospital TVM (recently suspended from service after the 'klebsiella' pneumonia deaths of infants). She was a professor while I was a student there. and I have seen her 'low class' verbal abuse of pregnant women who were in stage 2 delivery crying in pain, using filthy language .

I have to admit that many , including me found it amusing at the time ( we were very young... barely 19-20 yrs) , but now I am apalled by such behaviour.

since then ethics and behavioral science has been incorporated into medical curriculum, and we hope it will encourage the future docs to make a change!!

അശോക് കർത്താ said...

ക്ഷമിക്കണം അജ്ഞാതാ.
ഡോക്ടറന്മാരുടെ മൂല്യം ഒട്ടും വര്‍ദ്ധിച്ചതായിക്കാണുന്നില്ല. മാത്രമല്ല അതിപ്പോള്‍ ദുസ്സഹമായ വിധത്തില്‍ വഷളുമായിട്ടുണ്ട്. തെളിവ് ആശുപത്രി ഉപഭോക്താക്കളുടെ സാക്ഷ്യ്മ്. പിന്നെ മൂല്യത്തെക്കുറിച്ചുള്ള ചര്‍ച്ച നിങ്ങളുടെ ഫോറങ്ങളിലാണു ആദ്യം ആരംഭിക്കേണ്ടത്

Kaithamullu said...

വളരെ കാലികമായ, ചിന്താവിധേയമാക്കേണ്ട വിഷയം!
കര്‍ത്താ, അഭിനന്ദനങ്ങള്‍!

“ലേബര്‍ റൂമിലെ പൂരപ്പാട്ട് - ഇതെന്താണു സംഭവം ? ആദ്യമായിട്ടു കേള്‍ക്കുന്നു. ആരെങ്കിലും അനുഭവസ്ഥര്‍ വിവരിക്കുമോ ? ഗര്‍ഭിണിയെ ചീത്ത പറയുമെന്നാണോ ? അവിശ്വസനീയം...“

കുട്ട്യേടത്തീ, എന്റെ ഭാര്യയുടെ ആദ്യപ്രസവം തൃശ്ശൂര്‍ മിഷ്യന്‍ ഹോസ്പിറ്റലിലായിരുന്നു. (അവള്‍ പറയും വരെ ഞാനും ഇതൊന്നും വിശ്വസിച്ചിരുന്നില്ല.) കൂട്ടത്തില്‍ പ്രസവവാര്‍ഡിലുണ്ടായിരുന്ന ഒരു യുവതി ഉറക്കെയുറക്കെ കരയാന്‍ തുടങ്ങിയപ്പോഴാണത്രേ ചില നര്‍സുമാരും ആയകളും കൂടി ഈ ‘തെറിതെറാപി’ സ്റ്റാര്‍ട്ട് ചെയ്തത്. കൊടുങ്ങല്ലൂര്‍ ഭരണിക്കാര്‍ പാടുന്ന തെറിപ്പാട്ട് അവിടെ ഒന്നുമല്ലത്രേ!
(അറച്ചറച്ച് അന്ന് എന്റെ ധര്‍മപത്നി പറഞ്ഞ ചില ‘സംഭവങ്ങള്‍/പ്രയോഗങ്ങള്‍’ മനസ്സിലോര്‍ക്കുന്നു, ഞാന്‍ ഇപ്പോള്‍. നിങ്ങള്‍ക്ക് വേണമെങ്കില്‍ സ്വയം കാല്പനികലോകത്തേക്ക് ഉയര്‍ന്ന് ആസ്വദിക്കാം) ഇത് കേട്ട് കിടന്നിരുന്നതിനാല്‍ വേദനയുടെ മൂര്‍ദ്ധന്യാവസ്ഥയിലും ‍ ശബ്ദം പുറത്ത് വരാതിരിക്കാന്‍ അവള്‍ സ്വയം ശ്രദ്ധിച്ചുവത്രേ!

ശാലിനി, ഇത് സംഭവിച്ചത് ഒരു മിഷ്യന്‍ ഹോസ്പിറ്റലില്‍ ആയിരുന്നുവെന്നോര്‍ക്കുക.

- എന്റെ മകളെ പ്രസവിച്ചത് ദുബായ് റഷീദ് ഹോസ്പിറ്റലില്‍ ആയിരുന്നു. എത്ര സുഖ(!)കരമായിരുന്നു ആ അനുഭവം എന്ന് ഭാര്യ ആണയിട്ട് പറയുന്നു.(ആദ്യാനുഭവവുമായി താരതമ്യപ്പെടുത്തുമ്പോള്‍)

ഒന്‍പത് പ്രസവിച്ച എന്റെ അമ്മ ഒരിക്കലും (ആ ആവശ്യത്തിന്നായി) ആസ്പത്രി സന്ദര്‍ശിച്ചിട്ടില്ല എന്നതും ഓര്‍ക്കേണ്ടതുണ്ട്.

Anonymous said...

പൂരപ്പാട്ടിനെപ്പറ്റി ആദ്യമായി ആണ്‍ കേള്‍ക്കുന്നത്..അവിശ്വസനീയം തന്നെ..വെറുതെയല്ല ഇടയ്ക്കിടയ്ക്കൊക്കെ ആള്‍ക്കാര്‍ ഈ കൂട്ടരെ കൈവയ്ക്കുന്നതും തരിപ്പു മാറ്റുന്നതും..Now I feel its well justified...കര്‍ത്താജീ, thanks for enlightening..

padmanabhan namboodiri said...

കണ്ടു വായിച്ചു.രസകരമായ അവതരണം

Vempally|വെമ്പള്ളി said...

ഇതു വളരെ ഇന്‍ററസ്റ്റിങ്ങ് ആയിട്ടുള്ള ലേഖനം തന്നെ. നാട്ടിലെ പ്രസവം ഇത്ര സുഖകരം ആണ് എന്നറിയില്ലായിരുന്നു. ഗര്‍ഭിണികള്‍ക്കുള്ള വേദനാസംഹാരി ഇതാണെങ്കില്‍, കഷ്ടം തന്നെ!
പലപ്പോഴും ഈ അവസ്ഥയില്‍ക്കുടി കടന്നു പോയിട്ടുള്ള സ്ത്രീകളും ഇങ്ങിനെ പെരുമാറുമ്പോള്‍ അത് ഏറെ കഷ്ടം. മൂന്നു പ്രാവശ്യം മുഴുവന്‍ സമയവും കൂടെനിന്ന് ഡോക്ടര്‍ കത്രിക കൈയിലെടുത്ത് തന്ന് പൊക്കിള്‍ കൊടിയും കട്ടു ചെയ്ത എനിക്ക് ഈ വായിച്ചതൊക്കെ അവിശ്വസനീയമായിതോന്നുന്നു.
നല്ല ലേഖനം.

അശോക് കർത്താ said...

സംസാരപ്പെട്ടി വഴി വന്നത് :
(xxxxx): labour roomile theriye kurichu oru anony doctor ezhuthiya comment vayichu. athil parayunna (FFFFF) bheekara kaikkoolikkariya. pavangalanelum mind cheyyanamenkil veettil chennu sadharana doctormarkku kodukkunnathilum kooduthal kashu kodukkanam.
enicku avarude swabhavam nerittariyam


Ashok: ithu off record ano? eduthu blogil idatte?
ano aayittu


(xxxxx): njan paranjennu parayathe ittikollu
satyamanu


Ashok: anonimous aayi idunu


(xxxxx): ente wifente garbha kalathu nokkikondirunna doctor 8th month pettenu transfer aayi. avar nalla doctor aayirunnu. athe weekday's -l charge ullathu pinne ivarkkayirunnu. ivar veettil scanner adakkam vechanu parishodana. nerathe ivarude aduthu chellathirunnathu kondu ivar nokkilla ennu palarum paranju. thudarnnu, ivare veettil kanan chennappozhe kashu chodichu. veruthe onnu nokkunnathinu 300 roopa. koodathe avar parayunnidathu poyi vere scan cheythu report konduvaranamennum paranju. njan journalist aanennathonnum avar koosiyilla. pinne alppam bandhangal udayirunnathu kondu, SUTyile asst principal dr. Saravanan aanu case kaikaryam cheythathu. ichiri complicate aayirunnu. He did not demanded or received a single penny. athe samayam ee (FFFFF) labour roomil vannu theri vilikkukayum cheythu.

Anonymous said...

Offtopic - To add to the ignominy in the labor room, here's some more news. Hope everybody knows about it by now :-

http://www.ibnlive.com/news/health/06_2007/15yrold-operates-docs-outraged-43299.html

അശോക് കർത്താ said...

പത്ത്‌ മാസം ഒരു ഗൈനക്കോളജിസ്റ്റ്‌ നിഷ്കര്‍ഷയോടെ പരിശോധിച്ച്‌ മരുന്ന് കൊടുത്ത്‌ പ്രസവിക്കുമ്പോഴാണു ഇതൊക്കെ ഉണ്ടാകുന്നതെന്ന് ആലോചിക്കണം.

കുട്ടു | Kuttu said...

“എടീ ‌‌‌‌----- മോളേ... നിനക്കെന്താടി ദിവ്യഗര്‍ഭമാണൊ ഇത്ര മോങ്ങാ‍ന്‍...?“

(ഒരു ലൈംഗിക അവയവത്തിന്റെ പേര്‍ ചേര്‍ത്ത് പൂരിപ്പിക്കുക.)

ഈ തെറിയാണത്രെ ഏറ്റവും ലളിതമായത് എന്ന് വിശ്വസനീയ കേന്ദ്രത്തില്‍ നിന്നുള്ള അറിവ്. പിന്നെല്ലാം ഇതിലും ഡിഗ്രീ കൂടിയതാ...

പ്രസവ സമയത്ത് ഭര്‍ത്താക്കന്മാര്‍ കൂടെ നില്‍ക്കാനുള്ള സംവിധാനം വന്നാ‍ല്‍ ഇത് ഒരു പരിധി വരെ ഒഴിവാകും. ഭര്‍ത്താവ് കൂടെയുള്ളത്, ഭാര്യക്ക് ഒരു സപ്പോര്‍ട്ടും ആകും.

ഒരു കാര്യം കൂടി,

ഇതു വായിക്കുന്ന സ്ത്രീകളെ, നിങ്ങള്‍ക്കൊ, കൂട്ടുകാരികള്‍ക്കൊ ഇങ്ങനെ അനുഭവം ഉണ്ടായാല്‍ ആശുപത്രി വിടുന്നതിനു മുന്‍പേ ഭര്‍ത്താക്കന്മാരോടോ വീട്ടുകാരോടോ പറയാന്‍ മടിക്കരുത്. നേരെ ചെന്ന് ചെകിടത്ത് രണ്ടെണ്ണം കൊടുക്കുക എന്ന ദൌത്യം അവര്‍ സന്തോഷപൂര്‍വ്വം ഏറ്റെടുത്തുകൊള്ളും. നാട്ടുകാര്‍ കൈവച്ചാലേ ഇവര്‍ പാഠം പഠിക്കൂ...

ഒരു അഞ്ചു പേര്‍ക്ക് അടികിട്ടിയതായി വാര്‍ത്ത വന്നാല്‍ പിന്നെ, ബാക്കിയുള്ളവര്‍ താനെ ശരിയായിക്കൊള്ളും.

ജനങ്ങള്‍ ചുട്ട അടികൊടുക്കാന്‍ തുടങ്ങിയാല്‍ ഏത് മേഖലയും താനേ നന്നാകും.

ശാലിനി said...

കൈതമുള്ളേ,

ഞാന്‍ എഴുതിയത് രണ്ടു മിഷന്‍ ആശുപത്രികളെകുറിച്ചാണ്. എന്റെ കൂട്ടുകാരി ഒരു മിഷന്‍ ആശുപത്രിയില്‍ ഈ പൂരപ്പാട്ട് അനുഭവിച്ചു എന്ന് അതില്‍ ഉണ്ട്.(തിരുവല്ലയില്‍ ഇപ്പോള്‍ മെഡിക്കല്‍ കൊളേജ് ആയി ഉയര്‍ത്തപ്പെട്ട ആശുപത്രി.)എന്നാല്‍ എനിക്കുണ്ടായത് വേറൊരു അനുഭവമാണ് എന്നാണ് ഉദ്ദേശിച്ചത്. ഞാന്‍ പോയ ആശുപത്രിയില്‍ സീനിയര്‍ നേഴ്സുമാരും സീനിയര്‍ ഡോക്ടര്‍മാരും (!) ഇല്ലായിരുന്നു അതാവാം കാരണം.

എന്റെകൂട്ടുകാരി, ഇനിയൊരു കുഞ്ഞു വേണ്ട എന്നുപ്പോലും ആ സമയത്ത് പറയുമായിരുന്നു, അത്രയ്ക്ക് മനസിനെ വേദനിപ്പിച്ചു ലേബര്‍ റൂമിലെ അനുഭവം, പലരേയും അത് മാനസികമായി തകര്‍ത്തിട്ടുണ്ട്. ഈ പൂരപ്പാട്ട് പാടുന്നവരും സ്ത്രീകളാണ്, അമ്മമാരുമാണ്.

KUTTAN GOPURATHINKAL said...

മാഷെ,
ഇന്നലെ ടീവീയില്‍ കണ്ടു, കല്‍ക്കത്തയിലെ ഒരു ഡോക്ടര്‍
താനെടുത്ത പ്രസവത്തില്‍ തള്ള മരിച്ചതിനു
നരഹത്യയ്ക്കു സ്വന്തം പേരില്‍ കേസെടുക്കാന്‍ പോലീസു
കാരോട്‌ അപേക്ഷിച്ചിരിക്കുന്നുവത്രെ!
ദൈവമെ, ഇനിയെന്തൊക്കെ കാണാനും, കേള്‍ക്കാനും
ഇരിയ്കുന്നാവോ !

അനില്‍ ഐക്കര said...

പഠിപ്പില്ലാത്ത വയറ്റാട്ടികള്‍ പ്രസവം എടുത്തിട്ട്‌ അപകടമുണ്ടാകുന്നു എന്ന് പറഞ്ഞാണു പ്രസവം ആശുപത്രിയിലേക്കാക്കിയത്‌. ഇപ്പോള്‍ പഠിപ്പുള്ള വയറ്റാട്ടികള്‍ പ്രസവം എടുത്തിട്ട്‌ അപകടമുണ്ടാകുമ്പോള്‍ എന്തു പറയും? (ഗൈനക്കോളജിസ്റ്റുകള്‍ പരിഭവിക്കരുത്‌. ഒരേതൊഴില്‍ ചെയ്യുന്നവര്‍ക്ക്‌ എന്തിനാ രണ്ട്‌ പേര്‍). അപ്പോള്‍ സ്വാഭാവികമായും അത്തരം അപകടങ്ങള്‍ ഇക്കാലത്ത്‌ കുറയണം.
പക്ഷെ കുറഞ്ഞതായി കാണുന്നില്ല.

This humour sense makes you more and more readable.
You are really accurate in your articles. congratulations...some quotings I will definitely take.

continue this.please.
come to mandaram with this wits!

ദേവന്‍ said...

മര്യാദയില്ലാത്ത ശാസനകള്‍ കൊണ്ട് ലേബര്‍ റൂം ഭരിക്കുന്ന ചിലരുണ്ടെന്ന് കേട്ടിട്ടുണ്ടെങ്കിലും പച്ചത്തെറി തെറാപ്പിയെക്കുറിച്ച് ആദ്യമായാണു കേള്‍ക്കുന്നത്. പണിക്കര്‍മാഷും മറ്റും പറഞ്ഞില്ലെങ്കില്‍ വിശ്വസിക്കാന്‍ എനിക്കു തോന്നില്ലായിരുന്നു.

തെറിനയം വ്യക്തമാക്കുന്നു:
എന്റെ കയ്യിലിരിക്കുന്ന കാശോ എന്റെ വോട്ടിന്റെ പുറത്തു ജീവിക്കുന്ന സര്‍ക്കാരിന്റെ കാശോ പ്രതിഫലമായി വാങ്ങുന്ന ആളുകള്‍ പ്രശസ്തരോ പ്രഗത്ഭരോ എന്തിനു സാക്ഷാല്‍ അശ്വിനീദേവകള്‍ പുനര്‍ജ്ജനിച്ചതോ ആകട്ടെ, മര്യാദക്ക് പെരുമാറിയേ തീരൂ. എന്റെ വീട്ടിലെ സ്ത്രീകളെ തെറി പറഞ്ഞാല്‍ അസ്സല്‍ ക്വട്ടേഷന്‍ പാര്‍ട്ടികളെ കാശു ബ്ലേഡില്‍ നിന്നെടുത്തെങ്കിലും കൊടുത്ത്വാടകയ്ക്കെടുത്ത് ഞാന്‍ അയച്ച് ഡാക്റ്റന്റെ കയ്യുലു കാലുലു തല്ലി ഒടിക്കലു.. കട്ടായം.

Unknown said...

ദേവേട്ടന്‍ പറഞ്ഞത് തന്നെയേ പറയാനുള്ളൂ:
എന്റെ കയ്യിലിരിക്കുന്ന കാശോ എന്റെ വോട്ടിന്റെ പുറത്തു ജീവിക്കുന്ന സര്‍ക്കാരിന്റെ കാശോ പ്രതിഫലമായി വാങ്ങുന്ന ആളുകള്‍ പ്രശസ്തരോ പ്രഗത്ഭരോ എന്തിനു സാക്ഷാല്‍ അശ്വിനീദേവകള്‍ പുനര്‍ജ്ജനിച്ചതോ ആകട്ടെ, മര്യാദക്ക് പെരുമാറിയേ തീരൂ. എന്റെ വീട്ടിലെ സ്ത്രീകളെ തെറി പറഞ്ഞാല്‍ അസ്സല്‍ ക്വട്ടേഷന്‍ പാര്‍ട്ടികളെ കാശു ബ്ലേഡില്‍ നിന്നെടുത്തെങ്കിലും കൊടുത്ത്വാടകയ്ക്കെടുത്ത് ഞാന്‍ അയച്ച് ഡാക്റ്റന്റെ കയ്യുലു കാലുലു തല്ലി ഒടിക്കലു.. കട്ടായം.

അടി മാത്രമേ മരുന്നായി കാണുന്നുള്ളൂ. നല്ല പെട വീട്ടില്‍ വന്ന് കിട്ടും എന്ന് വന്നാല്‍ ഒക്കെ ശരിയാവും. അടിയ്ക്കും മീതെ ഒരു ഒടിയില്ല എന്നാണല്ലോ.

കുട്ടു | Kuttu said...

അതെന്നെ കാര്യം...
അടിയ്ക്കും മീതെ ഒരു ഒടിയില്ല

Sethunath UN said...

അശോക് ക‌‌ര്‍ത്താ,

താങ്ക‌ളുടെ ഈ പോസ്റ്റിലേയ്ക്ക് ദേവ‌നും viswaprabha വിശ്വപ്രഭയും ത‌ന്ന ലിങ്കു വഴിയാണ് ഇവിടെയെത്തിയത്. ഒക്ടോ.6 ന് ഞാനിട്ട "പ്രസവിയ്ക്കുന്നെങ്കില്‍..." എന്ന പോസ്റ്റിന്റെ കമന്റിലാണ് അദ്ദേഹ‌ം ഇതിന്റെ ലിങ്ക് തന്നത്. വായിച്ചു. പ‌ച്ചയായ യാഥാ‌‌ര്‍ത്ഥ്യങ്ങ‌ള്‍ തുറന്നുകാട്ടുന്ന ലേഖ‌നം. നന്നായി. അനുഭവ‌‌സ്ഥ‌നായതുകൊണ്ട് ഇതിന്റെ സ‌ത്യാവ‌സ്ഥയെക്കുറിച്ച് എനിയ്ക്ക് ആരോടും തിര‌ക്കേണ്ട ആവ‌ശ്യം തന്നെയില്ല. ആല‌പ്പുഴയില്‍ സൂപ്പ‌ര്‍ സ്പെഷ്യാലിറ്റി ആശുപ‌ത്രിക‌ള്‍ കുറവായതുകൊണ്ട്... അഥവാ ഈ സൂപ്പ‌ര്‍ സ്പെഷ്യാലിറ്റി ആശുപ‌ത്രിക‌ളില്‍ എന്തെങ്കിലും അബ‌ദ്ധ‌ം പിണഞ്ഞാല്‍ അവ‌ര്‍ പുറന്ത‌ള്ളുന്ന കേസുക‌ളും എത്തുന്ന‌ത് ആല‌പ്പുഴ മെഡിക്ക‌ല്‍ക്കോളേജില്‍. ഒരുപാടു പൈസ വാങ്ങിയിരിയ്ക്കുന്ന ‌ഗ‌ര്‍ഭിണിക‌ളെപ്പോലും വെറുതെ വിടാത്ത‌വ‌ര്‍ മ‌റ്റുള്ള ആശുപ‌ത്രിക‌ളില്‍ നിന്നും കൈയ്യൊഴിഞ്ഞ‌വരെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് പ‌റയേണ്ടതില്ലല്ലോ. ന്യായീക‌രമില്ലെങ്കിലും ജ‌നം കൈവെക്കുന്നതിന് ഒരത്ഭുതവും ഇല്ല.

Anonymous said...

പ്രസവ കിടക്കയില്‍ എനിക്കു തീര്‍തും വ്യത്യസ്തമായ അനുഭവമനുണ്ടായത്‌. ഇതു വായിച്ചപ്പോഴാണു മനസ്സിലായതു എത്ര ബുദ്ധിമുട്ടിയാണു അമ്മമാര്‍ കേരളത്തില്‍ പ്രസവിക്കുന്നതെന്ന്. എന്‍റ്റെ മോനുണ്ടായതു ത്രിശ്ശൂര്‍ അശ്വനി ആശുപത്രിയിലാണ്‍. അവിടെ നല്ല പരിചരണമായിരുന്നു. Drലളിത എന്‍റ്റെ വയര്‍ തിരുമ്മി കൊണ്ടിരുന്നു. പാവത്തിനു വലിവുണ്ടായിരുന്നിട്ടും അവര്‍ ആ രാത്രി എനിക്കു കൂട്ടിരുന്നു. കൂടെ രണ്ട്‌ ന്ഴ്സ്‌ കുട്ടികളുമുണ്ടായിരുന്നു. കീറി എടുത്തെ പറ്റൂ എന്ന അവസ്ത ആയപ്പൊള്‍ operation theatre ലേക്കു കൊണ്ടു പോയി. എന്തു സംഭവിക്കും ന്ന് ആലോചിചു ബേജാറായി കിടക്കുന്ന എന്‍റ്റെ ചെവിയില്‍ എനിക്ക്‌ ഏേറ്റവും ഇഷ്ടപ്പെട്ട ഗാനം എത്തി."ഒരു ചെംബനീറ്‍..."....അവിടെ നിന്നും തിരിച്ചു ലേബര്‍ റൂമില്‍ എത്തിയ്പ്പഴും അവിടെയും പാട്ടുകള്‍ ഇട്ടിരുന്നു. ഒരു സംഗീത പ്രേമിയായ എനിക്ക്‌ അതു നല്ലൊരു ആശ്വാസമായിരുന്നു... അപ്പൊ കൂട്ടുകാരെ dubai യിലും US സിലും മാത്രല്ലാട്ടോ നല്ല ആസ്പത്രീ ള്ളതു

Vasanth said...

പ്രസവ വാര്‍ഡിലെ പൂരപ്പാട്ടിനെപ്പറ്റി കാര്യമായി ഒന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.എന്റെ ഭാര്യ പറഞ്ഞാണ് ഞാനിതറിയുന്നത്. പ്രസവ സമയത്ത് വേദന കൊണ്ട് അവര്‍ പുളയുമെന്നൊക്കെ അവര്‍ പറഞ്ഞതും ചിലരൊക്കെ കണ്ടതുമായ അറിവേ നമുക്കുള്ളൂ. എന്നാല്‍ ലേബര്‍ റൂമിലെ നഴ്സുമാര്‍ ഇത് അനുഭവിച്ചറിഞ്ഞവരല്ലേ. അവര്‍ സ്വന്തം സഹോദരിമാരോട് ഇങ്ങനെ പെരുമാറുന്നതെന്തു കൊണ്ടാണ്. യഥാര്‍ത്ഥത്തില്‍ സാംസ്കാരികമായി മറ്റു പലരേക്കാളും മഹാമോശമാണ് നമ്മള്‍ എന്നുള്ളത് ഒരു വസ്തുതയാണ്. ആള്‍ക്കാരോട് പെരുമാറുന്ന കാര്യത്തില്‍ ഇന്ഗ്ലീഷുകാര്‍ നമ്മെക്കാള്‍ എത്രയോ മുന്നിലാണ്.

Vasanth said...

പ്രസവ വാര്‍ഡിലെ പൂരപ്പാട്ടിനെപ്പറ്റി കാര്യമായി ഒന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.എന്റെ ഭാര്യ പറഞ്ഞാണ് ഞാനിതറിയുന്നത്. പ്രസവ സമയത്ത് വേദന കൊണ്ട് അവര്‍ പുളയുമെന്നൊക്കെ അവര്‍ പറഞ്ഞതും ചിലരൊക്കെ കണ്ടതുമായ അറിവേ നമുക്കുള്ളൂ. എന്നാല്‍ ലേബര്‍ റൂമിലെ നഴ്സുമാര്‍ ഇത് അനുഭവിച്ചറിഞ്ഞവരല്ലേ. അവര്‍ സ്വന്തം സഹോദരിമാരോട് ഇങ്ങനെ പെരുമാറുന്നതെന്തു കൊണ്ടാണ്. യഥാര്‍ത്ഥത്തില്‍ സാംസ്കാരികമായി മറ്റു പലരേക്കാളും മഹാമോശമാണ് നമ്മള്‍ എന്നുള്ളത് ഒരു വസ്തുതയാണ്. ആള്‍ക്കാരോട് പെരുമാറുന്ന കാര്യത്തില്‍ ഇന്ഗ്ലീഷുകാര്‍ നമ്മെക്കാള്‍ എത്രയോ മുന്നിലാണ്.