Friday, August 29, 2014

ആരാണു ബ്രാഹ്മണൻ?

“തറവാട്ടിലേക്ക് മടക്കം (ഘര്‍ വാപസി). പല ഘട്ടങ്ങളിലായി മറ്റു മതങ്ങളിലേക്ക് പോയവരെ തിരികെ ഹിന്ദു മതത്തിലേക്ക് കൊണ്ടുവരാനുള്ള സംഘപരിവാര്‍ പദ്ധതി. നല്ല കാര്യം തന്നെ, പക്ഷെ തിരിച്ചു കൊണ്ടുവരുമ്പോള്‍ ബ്രാഹ്മണനായി കൊണ്ടുവന്നു കൂടെ?”

നമ്മുടെ സ്നേഹിതൻ Anish KS ന്റെയാണു ചോദ്യം.

അതു തന്നെയാണു വേണ്ടതു. പക്ഷെ അത്രയ്ക്കുള്ള ഉൾക്കാഴ്ച സംഘപരിവാർ സംഘടനകൾക്കുണ്ടോ എന്നേ സംശയമുള്ളു.

ചാതുർവർണ്ണ്യത്തെക്കുറിച്ച് ചർച്ച ചെയ്യുന്ന ഒരു ഉപനിഷത് നമുക്കുണ്ട്. ‘വജ്രസൂചികോപനിഷദ്’. അതിൽ ബ്രാഹ്മണനെ നിർവ്വചിക്കുന്നതു കാണാം.

വേദങ്ങളും സ്മൃതികളും ചാതുർവർണ്ണ്യത്തെ അംഗീകരിക്കുന്നു. അതിൽ ബ്രാഹ്മണ്യമാണു പരമോന്നതം. എങ്കിൽ ആരാണു ഈ ബ്രാഹ്മണൻ? വജ്രസൂചികോപനിഷത്തിൽ അതിന്റെ ചർച്ചയുണ്ട്.

ജീവനാണോ ബ്രാഹ്മണൻ എന്നു ചോദിച്ചുകൊണ്ടാണു അതാരംഭിക്കുന്നതു. ‘അല്ല’ എന്നു ഉടൻ നിഷേധവും വരുന്നു. എന്താ കാരണം? പുൽനാമ്പ് തൊട്ട് നാനാജാതി മനുഷ്യർ വരെ എല്ലാറ്റിലും ഒരേ ജീവനാണു പ്രവർത്തിക്കുന്നതു. പിന്നെ അതെങ്ങനെ ഒരു ബ്രാഹ്മണൻ മാത്രമാകും?

എങ്കിൽ ശരീരമായിരിക്കും? ലോകത്തു അനേകം ശരീരങ്ങൾ ഉണ്ട്. അവയിൽ ഒന്നിനെ ചൂണ്ടിക്കാണിച്ച് ബ്രാഹ്മണൻ എന്നു പറയാമോ? അതും പറ്റില്ല. ഏതു ശരീരം പരിശോധിച്ചാലും അതെല്ലാം പഞ്ചഭൂതാത്മകമാണെന്നു കാണാം. എല്ലാ ശരീരത്തിന്റെയും അടിസ്ഥാനം ഈ 5 മുലകങ്ങളാണു. നായർക്കായാലും, നമ്പൂരിക്കായാലും, നസ്രാണിക്കായാലും, പട്ടികജാതിക്കാരനായാലും ചോറുചെന്നാലെ വിശപ്പടങ്ങു. എല്ലാവർക്കും രോഗം വരികയും ചെയ്യും. രോഗം വരുമ്പോൾ നമ്പൂരിക്കും, പട്ടികജാതിക്കാരനും വെവ്വേറെ രോഗങ്ങളല്ല വരുന്നതു. വിശപ്പും രോഗവും ജാതിമത ഭേദമെന്യേ വരുമെങ്കിൽ ബ്രാഹ്മണ്യം ശരിരത്തിലാണെന്നു പറയുന്നതിൽ അർത്ഥമില്ല.

ഓ, അപ്പോൾ ജന്മം കൊണ്ടായിരിക്കും ബ്രാഹ്മണ്യം ഉണ്ടാകുന്നതു. അങ്ങനെ നോക്കിയാൽ ഋശ്യശൃംഗനെ എങ്ങനെ ബ്രാഹ്മണൻ എന്നു വിളിക്കും? മനുഷ്യനിൽ നിന്നുപോലുമല്ല ആ മുനി ഉണ്ടായതു. എന്നിട്ടും ബ്രാഹ്മണനാണെന്നു പറയുന്നു. ദർഭയിൽ നിന്നുണ്ടായിട്ടും കൌശികൻ ബ്രാഹ്മണനാണു. ആട്ടക്കാരിയായ ഉർവ്വശിയിൽ പിറന്നയാളാണു വസിഷ്ഠൻ. അഗസ്ത്യൻ കുംഭസംഭവൻ. അതിലെന്തെങ്കിലും കുഭാരകസൂചനയുണ്ടോ? ഇനി കേരളപ്പഴമ എടുത്തുനോക്കിയാൽ കാണാം പറയി പെറ്റ പന്തിരുകുലം. അഗ്നിഹോത്രി മുതൽ പാക്കനാർ വരെ 12 പേർ. എല്ലാവരുടേയും അമ്മ ഒരാൾ. പട്ടികജാതിക്കാരി. ആ അമ്മ പെറ്റതിൽ ഒരാൾ ബ്രാഹ്മണനും. അഗ്നിഹോത്രി! അപ്പോൾ ഉല്പത്തിയുമല്ല ബ്രാഹ്മണ്യത്തിനു അടിസ്ഥാനം.

പിന്നെ? ബ്രഹ്മജ്ഞാനമായിരിക്കുമോ? അതിനും സാദ്ധ്യതയില്ല. എല്ലാ ജാതിയിൽ പെട്ടവർക്കും അതു ലഭിച്ചിട്ടുണ്ട്. ജനകൻ ക്ഷത്രിയനാണു, സത്യകാമൻ ചണ്ഡാളനാണു, വാൽമീകി, വ്യാസൻ, നാരായണഗുരു. ഇവരൊക്കെ ദളിതുകൾ. അപ്പോൾ ജാതിമതങ്ങൾക്കനുസരിച്ചല്ല ബ്രഹ്മജ്ഞാനം ലഭിക്കുന്നതെന്നു ഉറപ്പായി. മറ്റെന്തോവാണു അതിന്റെ അളവുകോൽ.

കർമ്മമാണു അതിനു അടിസ്ഥാനമെന്നു പറയാൻ പറ്റുമോ? ശാസ്ത്രീയമായി അതും ശരിയല്ല. കർമ്മകുശലത വ്യക്തികൾക്ക് അനുസരിച്ചാണു. ജാതികൾക്കനുസരിച്ചല്ല. ചെമ്പൈ ബ്രാഹ്മണനാണു. നെയ്യാറ്റിങ്കര ജാതിശ്രേണിയിൽ പ്രത്യേക ഒരു വിഭാഗത്തിൽ പെട്ടയാളാണു. യേശുദാസ് കൃസ്ത്യാനിയാണു. ഇവരിൽ പൊതുവായിട്ടുള്ളതു സംഗീതത്തിലുള്ള വ്യുൽ‌പ്പത്തിയാണു. കർമ്മകുശലത കൊണ്ടാണു ബ്രാഹ്മണ്യമുണ്ടാകുന്നതെങ്കിൽ എല്ലാ നമ്പൂരാരും കൂടി ഈ കേരളത്തെ പടി പാട്ടിന്റെ പാലാഴി ആക്കുമായിരുന്നില്ലെ?

ഇതൊന്നുമല്ല ബ്രാഹ്മണ്യത്തിന്റെ അടിസ്ഥാനമെങ്കിൽ അതെന്തായിരിക്കും? വജ്രസൂചികോപനിഷത് നിങ്ങൾക്കതു പറഞ്ഞു തരട്ടെ. സംഘികൾക്കും.

അധിക വായനയ്ക്ക് : ബ്രഹ്മാനന്ദ തീർത്ഥപാദരുടെ ‘ചാതുർവർണ്ണ്യപ്രകാശികാ വ്യാഖ്യാനം’

Wednesday, August 27, 2014

ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കിയില്ലെങ്കിൽ?

ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കിയില്ലെങ്കിൽ എന്തു? പ്രകൃതിയുമായി ചേർന്നു പോകേണ്ടതു മനുഷ്യന്റെ മാത്രം ആവശ്യമാണു. പ്രകൃതിയുടെയല്ല. മറ്റുജീവജാലങ്ങളേപ്പോലെയേ മനുഷ്യനേയും അവൾ പരിഗണിച്ചിട്ടുള്ളു. വിവേകപൂർവ്വം ജീവിക്കാനുള്ള ഒരു തലച്ചോർ കൊടുത്തിട്ടുണ്ടതെന്നു ഒഴിച്ചാൽ മറ്റുജീവജാലങ്ങളിൽ നിന്നും മനുഷ്യനു ഒരു പ്രത്യേകതയുമില്ല. പക്ഷെ അതവൻ പ്രകൃതിയെ ചൂഷണം ചെയ്യാനും, അതിനുള്ള ന്യായം കണ്ടെത്താനുമാണിപ്പോൾ ഉപയോഗിക്കുന്നതു.

തന്റെ പൌരുഷമുപയോഗിച്ച് പ്രകൃതിയിൽ മാറ്റം വരുത്തുന്ന ഏക ജന്തു മനുഷ്യൻ മാത്രമാണെന്നു തോന്നുന്നു. ബാക്കിയൊക്കെ പ്രകൃതിയോട് താദാത്മ്യപ്പെട്ടുപോകാനാണു ശ്രമിക്കുന്നതു. ജലാശയം വറ്റിയാൽ കൊക്കുകൾ വെള്ളമുള്ള ദിശയിലേക്ക് പറന്നു പോകും. അതിനുള്ള ആന്തരികപ്രചോദനം പ്രകൃതി അതിൽ വച്ചിട്ടുണ്ട്. അങ്ങനെയൊരു സന്ധിയിൽ ആധുനിക മനുഷ്യൻ കുടിനീർവറ്റിയതിനു തന്റെ എന്തു പ്രവർത്തിയാണു കാരണമായതെന്നു ആലോചിക്കാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു മുൻപിൽ പോയി ധർണ്ണയിരിക്കും. താനൊഴികെ ബാക്കിയുള്ളവരെ കുറ്റം പറയും.

ബുദ്ധിയുണ്ടെന്നു വിചാരിക്കുന്ന മനുഷ്യരെ പ്രകൃതി പ്രചോദിപ്പിക്കുന്നില്ല. അതിന്റെ ആവശ്യമില്ല. വിവേകം കൊണ്ടവൻ ജീവിക്കണം. ബുദ്ധിയോ കൌശലമോ അല്ല കാണിക്കേണ്ടതു. വേണ്ടതു പാരസ്പര്യമാണു. സമസ്തപ്രപഞ്ചത്തേയും ഒന്നായിക്കാണാനുള്ള ഭാവനയാണു. അതിനാണു പ്രകൃതി അവനിൽ വിവേകമായി ഇരിക്കുന്നതു തന്നെ. തനിക്കു ചുറ്റുമുള്ള കാഴ്ചകളിൽ നിന്നു പ്രകൃതിയുമായി ഇണങ്ങിപ്പോകാനുള്ളതു കണ്ടെത്തുമ്പോഴെ മനുഷ്യൻ പൂർണ്ണനാകുന്നുള്ളു.

മനുഷ്യൻ എത്ര ആഗ്രഹിച്ചാലും പ്രകൃതി കാലത്തിലൂടെ അതിന്റെ വഴിക്കു പോകും. തികച്ചും ഒരു സ്വേച്ഛയാണതു. അതു തിരിച്ചറിയണം. അത്യാഗ്രഹവും, ചൂഷണത്ത്വരയും കൊണ്ട് മനുഷ്യൻ പ്രകൃതിയെ എത്ര മാന്തിപ്പൊളിച്ചാലും, അവൾക്കുമീതേ എത്ര എടുപ്പുകൾ കെട്ടിപ്പൊക്കിയാലും പ്രകൃതിയുടെ സമഗ്രതയ്ക്കു കോട്ടമുണ്ടായാലുടൻ തിരിച്ചടിയുണ്ടാകും. അവൾ കുലുങ്ങും. മഴയായി ചൊരിയും. കാറ്റായി വീശും. ഉരുളുകൾ അടർന്നു വീഴും. അപ്പോൾ ഈ ഉത്സാഹക്കമ്മിറ്റിക്കാരൊന്നും കാണില്ല. പിന്നെ നിലവിളിച്ചിട്ടൊരു കാര്യവുമില്ല. പ്രകൃതിദുരന്തം ഉണ്ടായാൽ അതുവരെ കാണിച്ച അഹന്തയും അഹങ്കാരവുമൊക്കെ ഓടിയൊളിക്കും. അപ്പോൾ ഒഴുകിവരുന്ന മലവെള്ളത്തോടോ, പാറിവീഴുന്ന ഇടിമിന്നലിനോടോ വാദം പറയാൻ അവനു തോന്നില്ല. എങ്ങനെയും രക്ഷപ്പെട്ടാൽ മതിയെന്നാകും അപ്പോൾ വിചാരം.

പ്രകൃതിയുടെ മുഖമൊന്നു കറുത്താൽ മതി അപ്പോൾ മനുഷ്യൻ ദയനീയനാകുന്നതു കാണാം. ആ നിമിഷം മുതൽ അവൻ നിഷേധിച്ച ഈ സമസ്തപ്രപഞ്ചത്തിന്റേയും സഹായം വേണം. കൃഷിചെയ്യാൻ വേണ്ടി മുൻപ് പിടിച്ചുവച്ച ഭൂമിയിലേക്കു ഭീതിയോടെ നോക്കും. ഇതൊന്നും വേണ്ടായിരുന്നെന്നു തോന്നും. താൻ വെറുമൊരു അഭയാർത്ഥി മാത്രമാണെന്നു തിരിച്ചറിയും. ക്യാമ്പുകളിൽ വിശന്നു പൊരിയുമ്പോൾ താൻ ഉല്പാദിപ്പിച്ചു എന്നു അഭിമാനിച്ച വിളകളൊന്നും സഹായത്തിനെത്തുന്നില്ല എന്നു മനസിലാക്കും. അപ്പോൾ ലോകത്തിന്റെ മറ്റൊരുഭാഗത്തു പ്രകൃതി കനിവോടെ വിളയിച്ചിട്ട വിഭവങ്ങൾ തന്നെ വേണ്ടിവരുന്നു ജീവൻ നിലനിർത്താൻ! ഒരു നാണവുമില്ലാതെ അതൊക്കെ ഭുജിക്കേണ്ടി വരുമ്പോൾ മനുഷ്യാ എവിടെപ്പോകുന്നു നിന്റെ അഹങ്കാരം? അപ്പോഴെന്താ നദിയെ നിന്നെ ഞാൻ മാറ്റിയൊഴുക്കും എന്നു പറയാത്തതു? നിന്റെ നെഞ്ചുതുറന്നു പാറയെടുക്കും എന്നു വാശിപിടിക്കാത്തതു? ഇപ്പോഴുള്ള ധീരതയൊക്കെ അപ്പോഴില്ലാതെ വരുന്നതെന്താണു?

ഇങ്ങനെ ആരുടെയൊക്കയോ ഔദാര്യത്തിനു വേണ്ടി ദയനീയമായി നിൽക്കാതെ വരട്ടെ എന്നു പ്രകൃതി ആഗ്രഹിക്കുന്നതുകൊണ്ടാണു ഗാഡ്ഗിൽ പോലുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നതു. മനുഷ്യവിവേകത്തിന്റെ സൂചന മാത്രമാണതു. അത് കണ്ടില്ലെന്നു നടിച്ചാൽ ആർക്കും നിങ്ങളെ രക്ഷിക്കാൻ കഴിയില്ല. ഗാഡ്ഗിൽ റിപ്പോർട്ടിലെ സൂചനകൾ നടപ്പാക്കിയില്ലെങ്കിൽ ഈ പ്രപഞ്ചത്തിനു ഒന്നും സംഭവിക്കാനില്ല. എത്രയോ മഹാനഗരങ്ങളെ നിസ്സാരമായി കടപുഴക്കി എറിഞ്ഞതാണു ഈ പ്രകൃതി. പിന്നെയാണു ഒരു കൊച്ചുകേരളം. നൊടിമതി കേരളമെന്ന ഈ പരീക്ഷണശാലയെ നിശ്ശേഷം തകർത്തെറിയാൻ. പിന്നെ പഠിക്കാനോ, നടപ്പാക്കാനോ ബാക്കിയൊന്നുമുണ്ടാവില്ല. ചരിത്രത്തിൽ‌പ്പോലും കേരളമെന്ന പേരുമുണ്ടാവില്ല.

Monday, August 25, 2014

കേരളത്തിൽ ജന്മിത്തമുണ്ടായിരുന്നോ?

ബ്രിട്ടീഷുകാരുടെ വരവോടെയാണു കേരളത്തിൽ സ്വകാര്യസ്വത്തു ഉണ്ടാകുന്നതു. അതിനിടയാക്കിയതോ അവർ നടത്തിയ ലാൻഡ് ക്ലാസിഫിക്കേഷനും. അതുവരെ ഭൂമി ഗ്രാമത്തിന്റെ പൊതുസ്വത്തായിരുന്നു. നികുതി വരുമാനം കൂട്ടാൻ വേണ്ടി ബ്രിട്ടീഷുകാർ കണ്ടുപിടിച്ച പണിയാണു സ്വകാര്യസ്വത്തുണ്ടാക്കൽ. അതുവരെ ദേശത്തിന്റെ പ്രധാനവരുമാനം കയറ്റുമതിയിൽ നിന്നുള്ള ചുങ്കമായിരുന്നു. ചുങ്കം വർദ്ധിപ്പിച്ചാൽ അതു തങ്ങൾക്ക് നഷ്ടമുണ്ടാക്കും എന്നു കണ്ടാണു അവർ ഭൂമിക്ക് നികുതി ഏർപ്പെടുത്തിയതു. ചുങ്കം കൂട്ടിയാൽ ഇവിടുന്നുള്ള കയറ്റുമതി ചരക്കുകൾ വിദേശത്തു എത്തുമ്പോൾ വിലകൂടും. പൊതുവിൽ ദാരിദ്ര്യത്തിൽ കഴിയുന്ന ബ്രിട്ടണെ അതു ഒന്നുകൂടി ദരിദ്രമാക്കുകയേയുള്ളു എന്നവർ മനസിലാക്കി. ചൂഷണത്തിനു ഭൂനികുതി എന്ന പുതിയ ആശയം അങ്ങനെയാണവർ കൊണ്ടുവരുന്നതു. അതുവഴി തങ്ങളുടേയും സാമന്തന്മാരുടെയും ചെലവിനും ആർഭാടത്തിനുമുള്ള വക നമ്മുടെ നാട്ടിൽ നിന്നും പിരിക്കാൻ കഴിയും. അതിന്റെ ആദ്യപടിയാണു വസ്തുക്കളെ പട്ടികതിരിച്ച് ചാർത്തിക്കൊടുത്തതു. നികുതിയുടെ ബാദ്ധ്യത വ്യക്തികളിൽ അധിഷ്ഠിതമാക്കി കേന്ദ്രീകരിച്ചാൽ നികുതിപിരിവ് സുഗമമാകുമെന്നു കൊള്ളക്കാർ കണ്ടു. ബ്രിട്ടീഷുകാർ പ്രബലമായിരുന്ന ബംഗാളിലും ഇതു സംഭവിച്ചു. അക്കാലത്തു പാർവ്വത്യാർ വരുന്നതു കണ്ടാൽ ആളുകൾ ഭയന്നു ഓടി മാറും. അയാൾ വസ്തു തന്റെ പേരിലെങ്ങാനും എഴുതിവച്ചാലോ എന്നു പേടിച്ചു. വ്യക്തികൾ ഏറ്റെടുക്കാത്ത ഭൂമി ഒക്കെയും ബ്രഹ്മസ്വവും, ദേവസ്വവുമായി മാറ്റി. അങ്ങനെ ഉടമ അടിമ സംവിധാനം വന്നു. തൊഴിൽ ചെയ്യുന്നതും മൂലധനം ആസ്വദിക്കുന്നതുമായ രണ്ടുവിഭാഗങ്ങളുമുണ്ടായി. അതിനുള്ള വരുമാനം ഭൂമിയിൽ നിന്നുള്ള പാട്ടമായി നിശ്ചയിച്ചു. അതുവരെ കർഷകർ സ്വയം നൽകിയിരുന്ന വിളവു വീതമേ ഗ്രാമഭരണങ്ങൾക്ക് ലഭിച്ചിരുന്നുള്ളു. അതു ഗ്രാമദേവതയുടെ വിഹിതമാണു. വർഷത്തിലൊരിക്കൽ ഗ്രാമദേവത കർഷകന്റെ അടുത്തു ചെന്നു അതു പറയെടുക്കും. അതു കൊണ്ട് വിളവ് പൊലിക്കാൻ ഗ്രാമദേവതയ്ക്കും ധാർമ്മികമായ ഒരു ഉത്തരവാദിത്തമുണ്ടായിരുന്നു. വിളവുമുടിഞ്ഞാൽ പറയില്ല! ഇക്കാരണത്താൽ ഭൂമി‌ഉപയോഗത്തിൽ ഗ്രാമങ്ങൾ ജാഗരൂഗരായിരുന്നു. ചുമ്മാ വയലു നികത്താനോ, ക്വാറി സ്ഥാപിക്കാനോ കഴിയില്ല. എന്തിനു ഒരു വരമ്പ് മുറിച്ചാൽ‌പ്പോലും വിവരമറിയും. ബ്രിട്ടീഷുകാരുടെ വരവോടെ അതൊക്കെ നഷ്ടമായി.

ഓ.ടോ : കേരളത്തിലെ (ബംഗാളിലും) കമ്മ്യൂണിസ്റ്റ് മുന്നേറ്റങ്ങൾക്ക് ഇടയാക്കിയതു ഈ ലാൻഡ് ക്ലാസ്സിഫിക്കേഷൻ വഴിയുണ്ടായ മൂലധനകേന്ദ്രീകരണമായിരുന്നു. അല്ലാതെ ജന്മിത്തമൊന്നുമല്ല. ഇവിടെ അതുണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കിൽ ഒരുമാതിരിപ്പെട്ട ജന്മിമാരൊന്നും കമ്മ്യൂണിസം സംഘടിപ്പിക്കാൻ ഇറങ്ങുകയുമില്ല. പാർട്ടിയുടെ ചരിത്രം നോക്കിയാൽ മുലധനവ്യതിയാനം വന്നപ്പോൾ ജന്മികൾ തന്നെ മാറ്റത്തിനുവേണ്ടി ഇറങ്ങിത്തിരിക്കുകയായിരുന്നു എന്നു കാണാം. ജന്മിത്വമാണു വിപ്ലവത്തിനു ഊർജ്ജം പകർന്നതെങ്കിൽ യഥാർത്ഥ ജന്മിത്വം നിലനിന്നിരുന്ന ഉത്തരേന്ത്യയിലായിരുന്നു കമ്മ്യൂണിസ്റ്റുപാർട്ടി കാട്ടുതീപോലെ ആദ്യം പടന്നു പിടിക്കേണ്ടിയിരുന്നതു. അതു സംഭവിച്ചില്ല. എന്തുകൊൻണ്ടെന്നു ഒരു ചരിത്രകാരനും അന്വേഷിച്ചില്ല. ഹ്രസ്വദൃഷ്ടികളായ അവർക്ക് അതൊന്നും കാണാൻ താല്പര്യമില്ല. അവരൊക്കെ ബ്രിട്ടീഷ്മേൽക്കോയ്മയെ അംഗീകരിച്ച് അവർക്ക് ഓശാന പാടി നടക്കുന്നവരാണു.

Saturday, August 23, 2014

ശവസംസ്കാരം : കത്തോലിക്കാസഭയും ചിതയൊരുക്കുന്നു

വിശ്വാസികൾക്ക് മൃതദേഹം ദഹിപ്പിക്കാൻ കത്തോലിക്കാസഭ അനുമതി നൽകുന്നു. ഹൈന്ദവാചാരങ്ങൾ പലതും ക്രിസ്തീയസഭകൾ സ്വീകരിച്ചിട്ടുണ്ട്. നിവേദ്യത്തിനു സമാനമായ അപ്പവും വീഞ്ഞും വാഴ്ത്തലുമാണു ഏറ്റവും പഴയതു. കാവി വസ്ത്രവും, നിലവിളക്കും, പഞ്ചവാദ്യവും, കൊടിമരവുമാണു അടുത്തകാലത്തായി സഭയിലേക്ക് കടന്നുവന്നതു. ഇപ്പോൾ ശവസംസ്കാരത്തിനും അനുമതിയായി. സഭ കൂടുതൽ കൂടുതൽ ഹൈന്ദവവൽക്കരിക്കപ്പെടുകയാണോ?

മൃതദേഹം ദഹിപ്പിച്ചുകളയുന്നതു ഹിന്ദുസമുദയത്തിലെ എല്ലാവരും പിന്തുടരുന്ന ആചാരമല്ല. ഗോത്രസൂത്രാദികളിൽ സംശയവും ദീക്ഷയില്ലായ്മയുമുള്ളപ്പോഴാണു ശവദാഹം നടക്കുന്നതു. ഉപനയനം നടന്നു, വേദശാസ്ത്രങ്ങൾ പഠിച്ച്, അർത്ഥപൂർണ്ണമായ ഒരു ജീവിതം നയിച്ചശേഷം ജീവന്മുക്തിക്കായി അല്പജീവനോടെ സമാധിയിരുത്തുന്നതാണു ശരിയായ രീതി. പ്രളയകാലത്തു ബ്രഹ്മപ്പിതാമഹൻ അങ്ങനെയുള്ള ജീവനുകൾക്ക് ഉടലോടെ മുക്തിനൽകും. അവർ അതിന്റെ തുടർച്ചയായി ബ്രഹ്മലോകത്തു ജീവിക്കും. അതാണു ഹൈന്ദവസങ്കല്പം.

അനേകകോടി മനുഷ്യർ ഉണ്ടാകുമ്പോൾ എല്ലാവർക്കും ഈ ഗതിയുണ്ടാകില്ല. എന്നെപ്പോലുള്ള അല്പപ്രാണികൾ ദുർബ്ബലന്മാരായും, അജിതേന്ദ്രിയന്മാരായും പാപങ്ങളൊക്കെ ചെയ്തു ജീവിക്കും. അങ്ങനെയുള്ളവർക്ക് ഈ ശരീരം ഒരു ഭാരമാണു. കാരുണ്യമുള്ള ബ്രഹ്മപ്പിതാമഹൻ അവർക്ക് നൽകുന്ന ഒരു ഔദാര്യമാണു ശവം ദഹിപ്പിക്കാനുള്ള അനുമതി. ആ ശരീരം അങ്ങനെ പഞ്ചഭൂതാത്മകമായി വിഘടിച്ച് പ്രകൃതിയിൽ ലയിക്കും. പ്രാണനോ സൂക്ഷ്മരൂപാകാരേണ ആകാശത്തിൽ സഞ്ചരിച്ചുകൊണ്ടുമിരിക്കും. അപ്പോൾ ഈശ്വരകൃപയാൽ നല്ലജീവിതം നയിക്കാൻ ഉതകുന്ന ഒരു ശരീരം പഞ്ചഭൂതാത്മകമായി ഉണ്ടായിവരും. നേരത്തെ ചാരവും, വാതവുമായിപ്പോയ ഉടലുകൾ സസ്യലതാദികളിലൂടെയും പക്ഷിമൃഗാദികളിലൂടെയും, ജലത്തിലൂടെയുമൊക്കെ ഭൌതികമായി പരിണമിച്ച് അന്നരൂപേണ മനുഷ്യരിൽ തിരിച്ചെത്തുന്നു. അതു അനുയോജ്യരായ ഒരു ജോടി അച്ഛനമ്മമാരിൽ അണ്ഡമായും ബീജമായും വന്നിരിക്കും. അവയുടെ സംയോഗം നടക്കുമ്പോൾ ഈശ്വരനിയോഗത്താൽ സൂക്ഷ്മശരീരരൂപിയായ പ്രാണൻ അതിൽ പ്രവേശിച്ച് പുത്രനോ പുത്രിയോ ആയി പുനർജനിക്കുന്നു. മുൻപ് കഴിഞ്ഞജീവിതത്തിന്റെ തുടർച്ചയാണു അപ്പോൾ അനുഭവിക്കുന്നതു. അങ്ങനെ ഒരു ഉടൽ തന്നതിനുള്ള കടപ്പാടാണു മാതാപിതാക്കളോടുള്ള ഉത്തരവാദിത്തം നിർവ്വഹിക്കൽ. പിന്നീട് നല്ലവ്യക്തിജീവിതം നയിച്ചാൽ പ്രളയകാലത്തു മുക്തനാകാം. അല്ലെങ്കിൽ മൃതികളുടെ ആവർത്തനത്തിൽ പെടും. പെട്ടാൽ ആ ഉടൽ വീണ്ടും ദഹിപ്പിക്കും.

ദീക്ഷസ്വീകരിക്കുന്ന ഗോത്രങ്ങളിലൊക്കെ സമാധിയിരുത്തലാണു രീതി. അതു പിന്തുടരാനാണ് യേശുദേവനും തന്റെ ശിഷ്യന്മാരോട് ആവശ്യപ്പെട്ടതു. നല്ലവ്യക്തിജീവിതം നയിച്ച് ആ ഉടലുകൾ സൂക്ഷിച്ചുവച്ചാൽ അന്തിവിധിനാളിൽ യഹോവാ മുക്തി നൽകും. ഹിന്ദുസമുദായത്തിൽ തന്നെ ജന്മദീക്ഷയുള്ള, കലർപ്പില്ലാത്ത സമുദായജീവിതമുള്ള ഈഴവർ, ഗോത്രവർഗ്ഗക്കാർ, പട്ടികജാതിക്കാർ എന്നിവർക്കിടയിൽ ശവദാഹമില്ല. വീരശൈവർക്കും, പിഷാരടികൾക്കുമില്ല. സന്യാസിമാർ സമാധിയിരുത്തുകയാണു. ആദ്യകാലത്തു രാമകൃഷ്ണാമിഷൻ സന്യാസിമാരെ ദഹിപ്പിച്ചപ്പോൾ വിവേകാനന്ദൻ എതിർത്തിട്ടുണ്ട്. വസൂരി, കോളറാ പോലുള്ള ജനപഥരോഗങ്ങൾ ബാധിച്ചവരെ മാത്രമാണു പണ്ട് ചിതയിൽ ദഹിപ്പിച്ചിരുന്നതു. നായന്മാർ ശവദാഹത്തിൽ ആകൃഷ്ടരായതു അവരുടെ ഗോത്രപരമായ കലർപ്പുകൊണ്ടാവണം. അതുകൊണ്ടുതന്നെയാവണം അവരുടെ മരണാനന്തരകർമ്മങ്ങൾ വളരെ സങ്കീർണ്ണമായിരിക്കുന്നതും. നായർ സമുദാ‍യത്തെപ്പോലെ കത്തോലിക്കാസഭയിലും കലർപ്പിന്റെ കാറ്റ് വീശിത്തുടങ്ങിയോ? ശവംദഹിക്കപ്പെട്ടാൽ അന്ത്യവിധിനാളിൽ അവർക്കെങ്ങനെ സ്വർഗ്ഗത്തിൽ പ്രവേശിക്കാനാവും? അതോ നായന്മാർ ചെയ്യുന്നപോലെ സായൂജ്യപൂജകളിലേക്ക് സഭയും എത്തിച്ചേരുമോ? അതോ രണ്ടും ഒന്നുതന്നെയാണോ?

Wednesday, August 20, 2014

ഫെമിനിസം എന്ന രോഗം

ഈ ഫെമിനിസത്തെ പണ്ടുമുതലേ എനിക്ക് സംശയമായിരുന്നു. അവർ അവകാശപ്പെടുന്ന ഈ ലിംഗസമത്വം പ്രകൃതിയിലൊരിടത്തും കണ്ടിട്ടില്ല. ഒന്നിച്ചു ഇരതേടുന്ന ജീവികളെ ചൂണ്ടിക്കാണിച്ചാലും അവയുടെ ജീവിതം അതാതു ലിംഗത്തിൽ അധിഷ്ഠിതമാണു. പൂച്ചക്കുഞ്ഞുങ്ങളെ അതിന്റെ തള്ളയ്ക്കൊപ്പമേ കാണാറുള്ളു. കണ്ടൻ പൂച്ച പൂച്ചക്കുഞ്ഞുങ്ങളുമായി എലിപിടുത്തം പഠിപ്പിക്കുന്ന നഴ്സറിയിൽ പോകുന്നതു ആരെങ്കിലും കണ്ടിട്ടുണ്ടോ? ജന്തുജാലങ്ങൾക്കിടയിൽ ജില്ലകൾ തിരിച്ച് ഫാമിലികോർട്ടുണ്ടോ? കുടുംബം മനുഷ്യന്റെ ഒരു സ്ഥാപനമാണു. അതിന്റെ ചിട്ടകൾ വേറെ. അതിൽ നിന്നുകൊണ്ട് ഒരു വ്യക്തിക്കും - ആണിനായാലും പെണ്ണിനായാലും - സ്വാതന്ത്ര്യം പ്രഖ്യാപിക്കാനാവില്ല. സ്വാതന്ത്ര്യം വേണമെന്നുമുള്ളവർ കുടുംബം, സമൂഹം തുടങ്ങിയ സ്ഥാപനങ്ങൾ ത്യജിക്കണം.

പ്രകൃതിയിലെ ഓരോ ജീവിയും തനതും വ്യത്യസ്ഥവുമായിരിക്കും. ഒന്നിനു മറ്റൊന്നിനോട് സമാനതയില്ല. അതിനു പിന്നിൽ അവയുടെ ജനിതകബാർ കോഡുകളാണു. അതിനെ മറികടന്നാണു മനുഷ്യൻ ഭാവന കൊണ്ട് കുടുംബവും സമൂഹവും സൃഷ്ടിച്ചതു. പുറമേയ്ക്ക് സാമൂഹികതുല്യത ആവശ്യപ്പെടുമ്പോഴും ഫെമിനിസ്റ്റുകൾ ആഗ്രഹിക്കുന്നതു തുല്യതയേക്കാൾ കൂടുതൽ പരിരക്ഷയും സംവരണവുമാണു. അവർ ആവശ്യപ്പെടുന്ന നിയമങ്ങളിൽ നിന്നും അതു വ്യക്തവുമാണു. ജൈവതുല്യതയുണ്ടെങ്കിൽ പിന്നെ ആരിൽ നിന്നു എന്തു പരിരക്ഷ? എതിർലിംഗത്തിന്റെ ലോകത്തിലേക്ക് പ്രവേശിക്കാൻ തങ്ങളെ അനുവദിക്കു എന്നാണു ഫെമിനിസ്റ്റുകളുടെ കാഹളം. സ്ത്രീത്വത്തിനു തീർത്തും അപമാനകരമാണെന്നു അവർ തന്നെ വാദിക്കുന്ന പുരുഷമേധാവിത്വലോകമാണു ഫെമിനിസ്റ്റുകളുടെ ഡിമാന്റ്. അല്ലാതെ സ്ത്രീത്വത്തിന്റെ ഉദ്ഗ്രഥനമല്ല.എന്തുകൊണ്ടായിരിക്കും ഫെമിനിസ്റ്റുകൾ ഇങ്ങനെയൊരു ചിന്തയിലേക്ക് പോയതു?

ഡോ.Kanam Sankara Pillai ‘ഉഭയജീവി‘ എന്നപേരിൽ ഫേസ്ബുക്കിൽ ഇട്ടിരുന്ന കുറിപ്പ് ഇതിലേക്ക് വെളിച്ചം വീശുമെന്നു തോന്നുന്നു. പണ്ട് സ്ത്രീകളിൽ അപൂർവ്വമായി ഉണ്ടായിരുന്ന ഒരു പ്രതിഭാസമാണു "ടെസ്റ്റിക്കുലാര്‍ ഫെമിനൈസേഷന്‍ സിന്‍ഡ്രോം". അതേക്കുറിച്ചുള്ള ഒരു അനുഭവക്കുറിപ്പാണു ഡോക്ടർ പ്രസിദ്ധീകരിച്ചതു.

ഇതൊരു ഉഭയ ലിംഗ പ്രതിഭാസമാണു. സ്ത്രീശരീരത്തിൽ പുരുഷ സ്വഭാവം ഉണ്ടാക്കുന്ന ഗ്രന്ഥികൾ പ്രബലമാകുമ്പോഴുള്ള അവസ്ഥ. സ്ത്രീ ശൈലിയിലുള്ള മുടിയും, മൃദുത്വവും, ആകാരവും കാണുമെങ്കിലും ഗര്‍ഭ പാത്രം.അണ്ഡവാഹിനിക്കുഴല്‍,അണ്ഡാശയം ഇവയൊന്നും കാണാതിരിക്കുകയോ സുപ്തമായിരിക്കുകയോ ചെയ്യും. പലർക്കും വൃഷണവും കാണും. എങ്കിലും സാധാരണ പോലെ ദമ്പതിക്രിയ സാദ്ധ്യമാണു. പക്ഷെ ഗർഭംധരിക്കാനും പ്രസവിക്കാനും പ്രയാസമായിരിക്കും.

ആധുനിക വൈദ്യലോകം ഇതിനെ വിളിക്കുന്നതു complete androgen insensitivity syndrome എന്നാണു. പാശ്ചാത്യനാടുകളിൽ, ഇവിടുത്തേ ഗുപ്തപൌരഷത്തിൽ നിന്നും വിട്ട് ശരിക്കും ഉഭയജീവികളായി (She Man) ജനിക്കുന്നവരുടെ എണ്ണം കൂടിവരികയാണു. ഗർഭാവസ്ഥയിലെ മ്യൂട്ടേഷനുകളാണു ഈ പ്രതിഭാസത്തിന്റെ പിന്നിൽ. മനുഷ്യനെ വെറുമൊരു യന്ത്രത്തിനപ്പുറം ജീവനുള്ള ശരീരമായിക്കാണാൻ ഇനിയും ശാസ്ത്രജ്ഞന്മാർ തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ ഈ ഒരു പ്രതിഭാസമുണ്ടാകാൻ ഇടയാക്കുന്ന ‘മനസി’നെ വേണ്ടരീതിയിൽ ഉൾക്കൊള്ളാനോ വിശകലനം ചെയ്യാനോ അവർക്കായിട്ടില്ല. ശരിക്കും എല്ലാ മ്യൂട്ടേഷനുകൾക്കു പിന്നിലുമുള്ളതു മനസ്സാണു.

മാനസികമായി തുടങ്ങി ശാരീരികമായി മാറിയ ഈ ഗുപ്തപൌരുഷമാണു ലോകമെമ്പാടുമുള്ള ഫെമിനിസത്തിന്റെ ചാലകശക്തി. മഹാഭാരതത്തിലെ ശിഖണ്ഡിയാണു പൂർവ്വകാലത്തെ സ്പെസിമൻ. സ്ത്രീയ്ക്കുള്ളിൽ ഒരു പുരുഷനെ വളർത്തി ഭീഷ്മരെവീഴ്ത്തിയ ഇതിഹാസ കഥാപാത്രം. ഫെമിനിസ്റ്റുകളും ആ പാതയാണു പിന്തുടരുന്നതു. സ്ത്രീത്വത്തിന്റെ നിസ്സഹായത ഉയർത്തിക്കാട്ടിയും പൌരുഷത്തെ നിന്ദിക്കുകയും ചെയ്തുകൊണ്ട് അതേ പൌരുഷം തന്നെ പിൻ‌പറ്റുന്നു. ആണിന്റെ വേഷം കെട്ടണമെന്നും, ആണിനേപ്പോലെ നടക്കണമെന്നും, ആണുങ്ങൾ ചെയ്യുന്നതെല്ലാം ചെയ്യണമെന്നും പറയുമ്പോൾ പുരുഷനാകാനുള്ള ത്വരയാണു അവരിൽ സജീവമെന്നു വ്യക്തം. കുട്ടികളുണ്ടാ‍കാനുള്ള സാദ്ധ്യതയില്ലാത്ത ഫെമിനിസ്റ്റുകൾക്ക് ഫ്രീസെക്സിനു പ്രേരിപ്പിക്കാം. പക്ഷെ ഇതിലൊക്കെ വീണു പരിക്കുപറ്റുന്നതു complete androgen insensitivity syndrome ഇല്ലാത്ത സാധാരണസ്ത്രീകളാണു.

ഫെമിനിസത്തിന്റെ മറുപുറം ക്ലീബത്വമാണു. അവരിൽ സ്ത്രൈണജനികതയാണു പ്രബലം. ഫെമിനിസ്റ്റുകളോട് അടുക്കുന്ന പുരുഷന്മാരെ ശ്രദ്ധിച്ചാൽ അതു മനസിലാകും. ഇരുവരും ചേർന്നു ജനിതക വൈകല്യങ്ങളുടെ പുതിയൊരു ലോകം ഉയർത്തിക്കൊണ്ടു വരികയാണു.