Monday, June 3, 2013

മാധവിക്കുട്ടി അല്ല കമലാ സുരയ്യ : മരണക്കുഴിതോണ്ടിയ വെളിപാടുകൾ


വേണ്ട, വേണ്ട എന്നു വിചാരിച്ചാലും ഈ മാദ്ധ്യമങ്ങൾ സമ്മതിക്കില്ല. നാലപ്പാട്ടെ കമല മലയാളത്തിൽ സുന്ദരൻ കഥകളും ഇംഗ്ലീഷിൽ സുന്ദരിക്കവിതകളും എഴുതി നമ്മളെ ആനന്ദിപ്പിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു. അതുമതി ആയമ്മയുടെ ജന്മം ഇവിടെ രേഖപ്പെടുത്താൻ. പക്ഷെ അവർ മതം മാറി എല്ലാരേയും ഞെട്ടിച്ചു. മാധവിക്കുട്ടി മതം മാറിയാലും ഇല്ലെങ്കിലും മലയാളിക്കൊന്നും വരാനില്ലായിരുന്നു. എന്നാൽ മതം‌മാറ്റത്തിന്റെ പിന്നിൽ ഒരു പ്രണയമുണ്ടെന്ന രഹസ്യം അവർ ഒട്ടിച്ചുവച്ചു. പരിണാമഗുപ്തി വെളിപ്പെടുത്താത്ത നോവൽ പോലെ. എന്നിട്ട് ആയമ്മ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.

പ്രണയമെന്നു കേൽക്കുമ്പോൾ മലയാളിക്ക് ഒരു തരിപ്പ് കേറും. വിക്ടോറിയൻ കാമത്തിന്റെ സൂക്കേടാണത്. കുറേ ഭാവന ചെയ്യുമ്പോൾ അതങ്ങ് പോകണ്ടതാണു. അങ്ങനെ പോയിരിക്കുകയുമായിരുന്നു. അപ്പോഴാണു ഉണ്ടിരിക്കുകയായിരുന്ന ഇന്ദു നായർക്ക് (മേനോൻ) ഒരു വിളി കിട്ടിയത്. ആയമ്മ പ്രണയിച്ചത് ഒരു പണ്ഡിതനെയാണെന്ന (പേരിപ്പോൾ എല്ലർക്കുമറിയാം) വെളിപ്പെടുത്തൽ മേനോത്തി പുറത്തുവിട്ടു. കിണറ്റിൽ വീണു മരിക്കുന്ന കുട്ടിയേയും അമ്മയച്ഛന്മാർ ഞെക്കിക്കൊല്ലുന്ന കുട്ടിയേയും ഒരേതലത്തിൽ കാണുന്ന പാണ്ഡിത്യവിശേഷമുള്ള ഒരു വിദ്വാനാണു കക്ഷി. (ഞാനൊരു പുലിയാണെങ്കിൽ അയാളൊരു കോലാടാണെന്നു ആയമ്മ പറഞ്ഞത് അങ്ങനെ കറക്ടുമായി) ഇന്ദുപ്പെണ്ണ് ഇത്രയും വലിയൊരു മത്താപ്പ് കത്തിച്ചപ്പോൾ അടുത്ത നായർക്കും സോറി മേനോത്തിക്കും കിട്ടി ഒരു വിളി. കാച്ചി തന്റെ വക വേറൊരെണ്ണം. പണ്ഡിതനു കഷ്ടകാലമാണെന്നു തോന്നുന്നു. ഏത് ഖരാനയിലുള്ള ഗസലുപാടിയാലാണു ഇനി ഒന്നു പിടിച്ചു നിൽക്കാൻ കഴിയുക? ആയമ്മ മണ്ണിനടിയിൽ കിടന്നു പൊട്ടിച്ചിരിക്കുകയാകും! എന്റെ കഥ എഴുതി അതിന്റെ ദുരൂഹത തീർക്കാതെ മരിച്ചയാളാണു കമല. ജീവിതം കൊണ്ടുപോലും നോവൽ എഴുതാൻ കഴിയുന്ന മാധവിക്കുട്ടിയ്ക്ക് നോബേൽ പുരസ്കാരം കൊടുക്കേണ്ടതുതന്നെയായിരുന്നു............

ഈ കഥയ്ക്ക് വളരെ രസകരമായ ഒരു മറുവശമുണ്ട്. ഇന്ത്യയിലെ ഏതെങ്കിലും സംഘിക്കോ ഹിന്ദുപുളകിതനോ കഴിയാതെ പോയകാര്യം. തങ്ങളുടെ എതിരാളിയായ മതത്തെ ഇത്രയേറെ ചുറ്റിക്കാൻ മറ്റാർക്കും കഴിഞ്ഞില്ല. മതം‌മാറ്റത്തെത്തുടർന്നു ശരിയത്തുപഠിപ്പിക്കാൻ മുക്രിമാരുടെ ഘോഷയാത്രയായിരുന്നു. എല്ലാം ആസ്വദിച്ചിട്ട് ആയമ്മ കാച്ചി : “ഈ അത്തറുകാരെക്കൊണ്ട് പൊറുതിമുട്ടിയല്ലോ എന്റെ ഗുരുവായൂരപ്പാ....” ഓത്തുമുഴവൻ ആവിയായില്ലെ? പുറകെ വന്നു അടുത്ത ഗുണ്ട് : “ഞാനിപ്പോഴും ഉള്ളിൽ രാധയാണു“. മറ്റേവിദ്വാനു ഓടക്കുഴൽ വശമില്ലല്ലോ. അറിയാവുന്നതു ഗസലുമാത്രം. തസ്ലീമാ നസ്രിനൊക്കെ പുകഞ്ഞുനിൽക്കുന്ന കാലത്താണു ഇതൊക്കെ പുറത്തുവരുന്നത്. ഒന്നും സംഭവിച്ചില്ല. ഒടുവിൽ മരിച്ചപ്പോൾ മയ്യത്തുകൊണ്ടും കളിച്ചു ഒരു കളി. സ്ത്രീയുടെ മയ്യത്തിൽ മകനുപോലും അത്ര സ്വാതന്ത്ര്യമില്ലാത്ത ഒരു മതത്തിൽ അതുമായി കേരളം ചുറ്റിക്കറങ്ങി. അതിനു അന്നത്തെ സാംസ്കാരിക കർദ്ദിനാളിനേയും നമിക്കണം. തൂവാല ചുറ്റുന്നതിൽ‌പ്പോലും മതപരമായ അഭിപ്രായമുള്ള മതത്തിലെ ഒരൊറ്റ പണ്ഡിതൻ പോലും ഒന്നും മിണ്ടിയില്ല. വിക്റ്റർലീനസിന്റെ ഒരു കഥയുടെ പേരാണു : സമുദ്രപരിണാമം. ആയമ്മയുടെ കുസൃതികൾക്ക് ഒരു പേരിടണമെങ്കിൽ ആ പേർ കടമെടുക്കാം. മതപരിണാമം. മതവും ഒരു വലിയ സമുദ്രമാണല്ലോ.

ഗുണപാഠം : പ്രതിഭയെ ഏതുമതവും അംഗീകരിക്കും. സ്വയം ഒതുങ്ങിയിട്ടാണെങ്കിലും. അതൊരു ശുഭസൂചനയാണു..............

വൈറൽ പനികളും ആയുർവ്വേദവും

“പനി. ശരീരമാസകലം വേദന. തലക്ക് പെരുക്കും. കണ്ണ് കഴപ്പ്. അരക്കെട്ടിനും പാദങ്ങൾക്കും കഠിനമായ വേദന. അനങ്ങാൻ പ്രയാ‍സം. മൂന്നു ദിവസം വിയർക്കും. ചിലർക്ക് മൂക്കിൽ നിന്നു ചോരവരും. അഞ്ചാം നാൾ പനി പെട്ടെന്നു കൂടും. ലക്ഷണങ്ങൾ ശക്തമായി ആ‍വർത്തിക്കും. രണ്ടു മൂന്നു ദിവസം കഴിഞ്ഞ് പനിവിടുകയും വീണ്ടും ആവർത്തിക്കുകയും ചെയ്യും................“

ആഗന്തുകജ്വരങ്ങളുടെ സ്വഭാവത്തെക്കുറിച്ച് ഗുരുനാഥൻ പറഞ്ഞു.

പണ്ടും കേരളത്തിലെ ചിലപ്രദേശങ്ങളിൽ ആഗന്തുക ജ്വരം ഉണ്ടായിട്ടുണ്ട്. അതിനു ആയുർവ്വേദത്തിൽ ചികിത്സയുമുണ്ട്. നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ ആയുർവ്വേദം ഇത്തരം രോഗങ്ങളിൽ പഠനം നടത്തിയിട്ടുള്ളതാണു. ഇവ ശ്രദ്ധിച്ചില്ലെങ്കിൽ പകർച്ചവ്യാധികളായി പരിണമിക്കുമെന്നു ആചാര്യന്മാർക്ക് അറിയാമായിരുന്നു. അപ്പോൾ ഭയം വർദ്ധിക്കുകയും മരണസംഖ്യ വലുതാവുകയും ചെയ്യും.

രസധാതുവിനെ ബാധിക്കുന്ന രോഗമാണു ഇത്തരം പനികൾ. വളർത്തു ജന്തുക്കളും, കൊതുക്, ഈച്ച, എലി തുടങ്ങിയ വീടുകളിൽ കാണപ്പെടുന്ന അന്യജന്തുക്കളും ഇതു വ്യാപകമാക്കാറുണ്ട്. എന്നാൽ അവയേ ഒന്നും തന്നെ വ്യത്യസ്ഥപേരുകൾ ഇട്ട് വിളിക്കണ്ട കാര്യമില്ല. ശുദ്ധവൃത്തികൾ നഷ്ടപ്പെടുന്നതും മാലിന്യം കുന്നുകൂടുന്നതുമാണു രോഗങ്ങൾ ആരംഭിക്കാൻ കാരണം. പാരമ്പര്യത്തിൽ നിന്നും വ്യതിചലിച്ച ജീവിതം മറ്റൊരു കാരണമാണു. ഭക്ഷണ ശീലം മാറുന്നതാണു പാരമ്പര്യ വ്യതിചലനത്തിന്റെ ആദ്യത്തെ ലക്ഷണം. പിന്നെ തൊഴിൽ, കുടുംബബന്ധങ്ങൾ അങ്ങനെ ഓരോന്നും മാറുമ്പോൾ അതു പൂർണ്ണമാകുന്നു...........

ചില സന്ദർഭങ്ങളിൽ ഇതൊന്നും തടയുവാൻ ആർക്കും കഴിയില്ല. അതു കാലസ്വഭാവമാണു. ‘കാലോ ജഗത് ഭക്ഷക” എന്നാണല്ലൊ. കാലം ഈ ജഗത്തിനെ തിന്നു തീർക്കും. ഭുക്ക് വർദ്ധിക്കുമ്പോൾ കാലവും ആർത്തിയോടെ തിന്നെന്നിരിക്കും. കാലത്തിനു മനുഷ്യൻ രുചിപ്രദമായ ഒരു ഭക്ഷണമാണു. ഇതൊക്കെ മനസിലാക്കിയിരുന്ന പുർവ്വികർ പുണ്യമുള്ളവരെ സംരക്ഷിക്കാനായി ഇതിനു പ്രത്യൌഷധങ്ങൾ നിർദ്ദേശിച്ചു.

ഒന്നു മുതിരരസം. മുതിരയോ മാംസമോ സൂപ്പുവച്ച് അതിന്റെ ആവി കൊള്ളുന്നതും ഉത്തമമാണു. ആന്ദഭൈരവ രസം, ശീതാംശുരസം എന്നു രണ്ട് ഔഷധങ്ങൾ ഉണ്ട്. വൈദ്യന്മാർ നിർമ്മിക്കുന്നതാണവ. അവയോരോന്നും ഈരണ്ട് അരിമണി വലുപ്പം ഇഞ്ചിനീരും തേനും ചേർത്തു സേവിച്ചാൽ ഏതു അത്യാസന്ന നിലയിൽ നിന്നും രോഗിയെ രക്ഷിക്കാൻ കഴിയുമെന്നു ആചാര്യന്മാർ പറയുന്നു. പനിയോടൊപ്പം തൊണ്ടവേദനകാണും. അതിനു താലീസപത്രാദി. പഞ്ചകോലം കഷായവും കഴിക്കണം. ഏറ്റവും മികച്ച ഔഷധം പ്രകൃതി നേരിട്ട് തരുന്നതാണു. അതിൽ കലർപ്പുണ്ടാകാൻ ഇടകുറവാണു. 41 വെള്ളില കഞ്ഞിവെച്ചു കുടിക്കാം. ചെറുകടലാടി അരച്ചും കഴിക്കാം. രണ്ടുമാകാം. ഇതൊക്കെ മതിയാകും രസധാതുവിനെ ബാധിക്കുന്ന പനികൾ അകറ്റുവാൻ.

ഇന്നു കാണുന്ന പനികൾക്ക് പേരുകൾ പലതുണ്ടെങ്കിലും സ്വഭാവത്തിൽ അവ ആഗന്തുകജ്വരത്തിൽ നിന്നു വ്യത്യസ്ഥമല്ല. പുണ്യമുള്ളവർക്ക് ആയുർവ്വേദം വാതിൽ തുറന്നു വച്ചിട്ടുണ്ട്.

മേമ്പൊടി : ആഗന്തുക ജ്വരങ്ങൾക്ക് കാലാകാലങ്ങളിൽ മാർക്കറ്റ് ചെയ്യപ്പെടുന്ന വിവിധതരം പനികളുമായി എന്തെങ്കിലും സാമ്യം തോന്നുന്നുണ്ടെങ്കിൽ അതു വാസ്തവമാണു.

Wednesday, May 29, 2013

ഇന്ത്യൻ യുക്തിവാദം

ഒരു യുക്തിവാദിയുടെ ജൈവപൈതൃകം എത്ര തലമുറകൾ വരെ പിന്നിലേക്ക് യുക്തി ഭദ്രമായി തെളിയിക്കാനാവും? അച്ഛൻ, അപ്പുപ്പൻ, അപ്പുപ്പന്റെ അച്ഛൻ അങ്ങനെ പിന്നിലേക്ക് പോയാൽ...........

അച്ഛന്റെ കാര്യം അമ്മ പറയുന്നത് വിശ്വാസത്തിലെടുത്തില്ലെങ്കിലും ജനിതക പരീക്ഷണങ്ങളിലൂടെ തെളിയിക്കാമെന്നു വയ്ക്കാം. അച്ഛൻ മരിച്ചുപോയാലും മതപരമായ വിശ്വാ‍സത്തിന്റെ പുറത്തു സൂക്ഷിച്ചിട്ടുള്ള വല്ല എല്ലോ കരിയോ പരീക്ഷിച്ചാലും പിടികിട്ടുമെന്നു വയ്ക്കാം. ഇവിടെ യുക്തിവാദിയെ രക്ഷിക്കാനെത്തുന്നത് അന്ധവിശ്വാസമാണെന്നു ഓർക്കണം. സഞ്ചയിച്ചു വച്ചിരിക്കുന്ന പിതൃശിഷ്ടം.

ആ പരമ്പരയ്ക്കും പിന്നിലേക്ക് പോകുമ്പോൾ ജൈവചങ്ങലയിലെ കണ്ണി ഭിത്തിയിലിരിക്കുന്ന ഒരു ഫോട്ടോ മാത്രമായി എന്നു വരാം. ഫോട്ടോ ഒരു തെളിവാനൊ? അതു എത്രകണ്ട് ശാസ്ത്രീയവും യുക്തിഭദ്രവുമാണു. അമ്മയോട് ചോദിച്ചപോലെ ചോദിക്കാൻ ആളില്ലെങ്കിൽ കുഴങ്ങി. ഫോട്ടോയിലിരിക്കുന്ന ആൾ തന്നെയാവണം യഥാർത്ഥ സൂത്രധാരൻ എന്നില്ലല്ലോ. അവിടെ നിന്നും പിന്നിലേക്കു പോകുമ്പോൾ പൈതൃകം നാമങ്ങളിലേക്ക് ഒതുങ്ങുന്നതു കാണും. രേഖകളിലൊക്കെ കാണുന്ന പേർ മുത്തച്ഛന്റെയോ മുത്തച്ഛന്റെ അച്ഛന്റെയോ ആണെന്നു പറഞ്ഞ് അങ്ങ് വിശ്വസിക്കുകയാണു. തെളിവൊന്നുമില്ല. അല്ലെങ്കിൽ നിയമപരമായ തെളിവ് മാത്രമേ ഉള്ളു. ജൈവപരമായി എന്തുതെളിവു കിട്ടും, ആ പറയുന്ന ആൾ തന്നെയാണു പിതാമഹൻ എന്നു? പിന്നയും പുറകിലോട്ട് പോയാലോ, കേട്ട് കേഴ്വികൾ മാത്രമാകും. അതൊക്കെ ചുമ്മാ അങ്ങ് വിശ്വസിക്കണം. യുക്തിവാദികൾ എതിർക്കുന്ന അന്ധവിശ്വാസത്തിൽ അവർ അങ്ങനെ എത്തിച്ചേരുന്നു............ എന്നാൽ വിശ്വാസിയെ സംബന്ധിച്ചിടത്തോളം എല്ലാം ഒരു വിശ്വാസമായതു കൊണ്ട് ഇതിൽ പ്രശ്നമൊന്നും വരുന്നില്ല.

സ്വന്തം പൈതൃകത്തെപ്പോലും ജൈവപരമായി തെളിയിക്കാൻ കഴിയാത്ത യുക്തിവാദി ഏതെങ്കിലും അമ്പലത്തിലിരിക്കുന്ന വിഗ്രഹത്തെ സംബന്ധിച്ച് യുക്തിപരമായ ചോദ്യങ്ങൾ ഉന്നയിച്ചാൽ അതിനു എത്രമാത്രം സാധുതയുണ്ട്? ആ ക്ഷേത്രത്തിലിരിക്കുന്ന വിഗ്രഹത്തിനു നിഗ്രഹാനുഗ്രഹ ശക്തിയുണ്ടെന്നു വിശ്വാസിപറയുന്നതിനെ സ്വന്തം ജൈവശൃംഗലയിലെ പത്താമത്തേയോ ഇരുപതാമത്തേയോ ആളിന്റെ പേരുപോലും ഓർക്കാത്ത യുക്തിവാദി എങ്ങനെ യുക്തിപൂർവ്വം നിഷേധിക്കും? ശിലയിലോ തടിയിലോ ചെയ്തുവച്ചിരിക്കുന്ന ഒരു എഞ്ജിനിയറിങ്ങിനെ അതിന്റെ യുക്തി കൊണ്ട് നിഷേധിക്കാൻ അറിയില്ലെങ്കിലും അതിനു പണ്ട് സാധുതയുണ്ടായിരുന്നോ ഇല്ലയോ എന്നു ഒരു യുക്തിവാദി എങ്ങനെ നിശ്ചയിക്കും? ചുരുക്കത്തിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ തങ്ങൾക്ക് മനസിലാകുന്നില്ലെന്നും അതിനെ നിഷേധിക്കാൻ ഒരു യുക്തികണ്ടുപിടിക്കാൻ കഴിയാത്തതുകൊണ്ട് അതു ഉപേക്ഷിക്കുന്നു എന്നു വേണമെങ്കിൽ യുക്തിവാദിക്ക് തീരുമാനിക്കാം. എന്നുവച്ച് വിശ്വാസിയുടെ വിശ്വാസത്തെ തള്ളിപ്പറയാനുള്ള അവകാശം അതു നൽകുന്നില്ല. വിശ്വാസത്തെ യുക്തിഭദ്രമായി നിഷേധിക്കാനുള്ള കോപ്പുകൾ കിട്ടുന്നതുവരെ യുക്തിവാദി അടങ്ങിയിരിക്കുന്നതായിരിക്കില്ലെ യുക്തി?

ഓം..ശാന്തി!...ശാന്തി


ലേബൽ : ജീവിതത്തിനില്ലാത്ത യുക്തി മറ്റുകാര്യങ്ങളിൽ ഉപയോഗപ്പെടുത്തിയാലുള്ള ഫലം

ജാതി ചോദിക്കണം, പറയണം.............


ജാതി പറയുകമാത്രമല്ല; ജാതിരാഷ്ട്രീയത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യും
ഡോ.എം.എ കുട്ടപ്പന്‍

*****************************************

ഡോ.എം.എ കുട്ടപ്പന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ജാതി ചോദിക്കണം. അഭിമാനത്തോടെ സ്വന്തം ജാതി പറയണം.

കേരളത്തിന്റെ യഥാർത്ഥ അവകാശികൾ ഡോ.എം.എ കുട്ടപ്പന്‍ ഉൾപ്പെടുന്ന ദളിത് ജനതയാണു. നൂറ്റാണ്ടുകളായി കേരളത്തെ ലോകശ്രദ്ധയിൽ നിലനിർത്തിയ കാർഷികവൃത്തി അവരുടെ നേതൃത്വത്തിലായിരുന്നു. അവരുടെ ജീവിതം എന്നും പ്രകൃതിയോട് ഇണങ്ങിയതായിരുന്നു. ആധുനികനേപ്പോലെ പ്രകൃതിയെ നശിപ്പിച്ചുകൊണ്ടായിരുന്നില്ല അവർ ആവാസവ്യവസ്ഥ കെട്ടിപ്പടുത്തത്. പ്രകൃതി ഉപേക്ഷിക്കുന്ന വസ്തുക്കൾ കൊണ്ടവർ വീടു കെട്ടി. ലളിതമായിരുന്നു അവരുടെ ജിവിതം. ചുറ്റുപാടുകളെ ഒരു പോറൽ പോലും ഏൽക്കാതെ കാത്തുസൂക്ഷിച്ചു. അതുവിശിഷ്ടമായ ഔഷധങ്ങൾ അവർ കണ്ടെത്തി. അവരിൽ ഭൂരിപക്ഷവും വിഗ്രഹാരാധകരായിരുന്നില്ല. പക്ഷെ പ്രകൃതിയുടെ അന്ത:സത്തയെ ഉപാസിച്ചു. അതിന്റെ നന്മ എല്ലാർക്കുമായി പങ്കുവെച്ചു.

വരത്തന്മാരായ ബ്രാഹ്മണരും, അവരിൽ നിന്നും ഉൽഭവിച്ച നായരീഴവാദികളും സ്വകാര്യസ്വത്തു സമ്പാദിക്കുകയും ജന്മികളായി മാറുകയും ചെയ്തിട്ടും ദളിതർ പ്രകൃതിയിൽ വിശ്വാസമർപ്പിച്ച് കഴിഞ്ഞു. എല്ലാവർക്കും സ്വന്തമായ പ്രകൃതി ഒരു വിഭാഗം കയ്യടക്കാൻ തുടങ്ങിയിട്ടും അവർ പരിഭവിച്ചില്ല. കാരണം അവർ കർമ്മ നിരതർ മാത്രമായിരുന്നു. ‘കസ്യസി ധനം?’ എന്ന ഉപനിഷ്ത് പ്രശ്നം സ്വയം ചോദിച്ച് അതിന്റെ ഉത്തരം തിരിച്ചറിഞ്ഞ ഒരു ജനതയായിരുന്നു, ദളിതുകൾ.

16 ആം നൂറ്റാണ്ടോടെയാണു അവർക്ക് പതിത്വം കല്പിച്ചു തുടങ്ങിയത്. അതു യൂറോപ്യന്മാരുടെ വരവോടെ ആയിരുന്നു താനും. എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ട പ്രകൃതിയെ യൂറോപ്യന്മാരായ അക്രമണകാരിൽ പങ്കു വച്ചു. കാടുകൾ കയ്യേറി. ദളിതുകളുടെ ഉപാസനകളെ വെല്ലുവിളിച്ചു. അതിനു ഇതരരേയും കൂട്ടുപിടിച്ചു. തങ്ങളുടെ ഉച്ഛിഷ്ടത്തിന്റെ ഒരു പങ്ക് ഈ കൂട്ടാളികൾക്ക് കൊടുത്തു. നായരും ഈഴവനും നമ്പൂതിരിയുമായിരുന്ന അവരിൽ പലരേയും മതം മാറ്റി. ഈ ഉന്നതജാതിക്കാർ നിസ്സാരമായി സ്വന്തം വിശ്വാസത്തെ ത്യജിക്കുന്നവരാണെന്നു കണ്ട് പാശ്ചാത്യർ സന്തോഷിച്ചു. അപ്പോഴും കേരളത്തിലെ ദളിതർ സ്വന്തം സ്വത്വം സൂക്ഷിക്കുകയാണു ചെയ്തത്. അവർ സ്വന്തം വിശ്വാസത്തിൽ ഉറച്ചു നിന്നു. മതം മാറിയ മറ്റുവർണ്ണികളാണു ദളിതരെ പ്രലോഭിപ്പിച്ചും പ്രകോപിപ്പിച്ചും മതം മാറ്റാൻ തുടങ്ങിയത്. അതു മിക്കവാറും അവരുടെ Work Force നിലനിർത്താനാവണം. അപ്പോഴേക്കും ലോകം ചൂഷണം കൊണ്ട് ജീർണ്ണിക്കാൻ തുടങ്ങിയിരുന്നു.

ഡോ.എം.എ കുട്ടപ്പന്‍ ജാതിരാഷ്ട്രീയത്തിനായി പ്രവർത്തിക്കുമെന്നു പറയുമ്പോൾ ദളിതരുടെ സ്വത്വം നിലനിർത്തുന്ന ഒരു രാഷ്ട്രീയമായിരിക്കണം മുന്നിൽ കാണേണ്ടത്. അതു തിരിച്ചറിയാൻ പുറത്തു നിന്നു ആരുടേയും സഹായം ആവശ്യമില്ല. അതിനു ദളിത് പാരമ്പര്യത്തിലേക്ക് ഒന്നു ഉറ്റുനോക്കിയാൽ മതി. ഇന്നത്തെ സാമൂഹിക ഘടനയിൽ നിന്നു കൊണ്ട് ദളിതരെ പരിഷ്കരിക്കാൻ പോയാൽ പരാജയമാകും ഫലം. ഡോക്ടർക്ക് ഒന്നും ചെയ്യാൻ കഴിയില്ല. പേരിനു മറ്റൊരു സംഘടയുണ്ടാക്കി സംഘർഷം വർദ്ധിപ്പിക്കാൻ കഴിഞ്ഞേക്കും. എന്നാൽ ദളിത്‌സമൂഹത്തിനുള്ള അപാരമായ അറിവിന്റെ ഖനി ആ പ്രവർത്തനത്തിനു ഉപയോഗപ്പെടുത്തിയാൽ അത്ഭുതങ്ങളാകും സംഭവിക്കുക. കൃഷിയിലും, മൃഗപരിപാലനത്തിലും, വൈദ്യത്തിലുമുള്ള അവരുടെ പാരമ്പര്യ അറിവുകളെ തങ്ങളുടെ നഷ്ടപ്രതാപം വീണ്ടെടുക്കാൻ ഉപയോഗിക്കുക. മറ്റുവർണ്ണക്കാരാണു ഇന്നതു മാർക്കറ്റ് ചെയ്തു കോടികൾ സമ്പാദിക്കുന്നത്. അതു ദളിതന്റെ സ്വത്താണു. ദളിതർ അതു തിരിച്ചറിയണം. തിരിച്ചെടുക്കണം.

മലയാളിയുടെ ഡ്രസ്സ്കോഡ്

ഏഴെട്ടുവയസ്സുവരെ ആണിനും പെണ്ണിനും കാര്യമായി തുണിയുടുപ്പൊന്നുമില്ല. കഷ്ടി ഒരു കൂമ്പാളയോ, കട്ടിക്കോണകമോ അരയിൽ കണ്ടേക്കും. കുറച്ച്കൂടി മുതിർന്നാൽ ഒരു ചുട്ടിത്തോർത്തു. മുണ്ട് ഒരു ആഡംബരമാണു. എത്ര വലുതയാലും അർദ്ധനഗ്നർ. പൊതുക്കുളത്തിൽ നിന്നു കുളിച്ചെന്നു വിചാരിച്ച് ആരും ഒളിഞ്ഞുനോക്കാൻ ചെല്ലില്ല. മാറിടം കാട്ടിനടന്നിട്ടും ആർക്കും വികാരമൊന്നുമുണ്ടായി കയറിപ്പിടിച്ചില്ല. ഇന്നത്തെപ്പോലെ സ്കൂളിലോ, കോളേജിലോ പോയി പഠിച്ചവരൊന്നുമല്ല. അക്ഷരമെഴുത്തും വായനയും കഷ്ടി. എന്നാലും വിവേകമുണ്ടായിരുന്നു. പിന്നീടാണു ബ്ലൌസിടാനുള്ള സമരം വന്നത്. പെട്ടെന്നു നാണം വരാൻ കാരണമെന്താണെന്നു മനസിലാകുന്നില്ല. ഇവിടുത്തെ അർദ്ധനഗ്നരേക്കാൾ സാമൂഹികവും, സാമ്പന്തികവുമായി പിന്നോക്കമായി കഴിഞ്ഞ ഒരു കൂട്ടർ വന്നതിൽ പിന്നെയാണു അതുണ്ടായത്. പണ്ടൊരു പാതിരി വന്നപ്പോൾ പരാതിപ്പെട്ടത് “ഇവിടെ ഒരു തുന്നൽക്കാരൻ പോലുമില്ല” എന്നാണു. മലയാളിയുടെ ഡ്രസ്സ് കോഡ് വളരെ സിമ്പിളായിരുന്നു. സായിപ്പ് വന്നതോടെ പെട്ടെന്നു നമ്മുടെ സംസ്കാരം പ്രാകൃതമായി. ശരീരത്തിലെ അവയവങ്ങൾക്ക് അതുവരെയില്ലാത്ത വിവേചനം വന്നു. എന്നിട്ട് അവർ പറഞ്ഞതു കേട്ട് അതു മൂടിവച്ച് ഒരു ഒന്നൊന്നര നൂറ്റാണ്ടു കഴിഞ്ഞപ്പോൾ പഴയ പ്രാകൃതരെ ലജ്ജിപ്പിക്കുന്ന വിധത്തിൽ മനുഷ്യന്റെ സ്വഭാവം മാറി. സർവ്വത്ര പീഡനം! ഒരു 600 കൊല്ലത്തെ കേരള ചരിത്രത്തിലേക്ക് നോക്കിയിരുന്നപ്പോൾ തോന്നിയതാണു. എന്താ...........