Friday, April 6, 2018

ഒരൊറ്റമുണ്ടിന്റെ കഥ

കഴിഞ്ഞദിവസം ബാങ്കിൽ പോകാനൊരു ഒറ്റമുണ്ടാണു ഉടുത്തതു. മാനേജർക്കതു പിടിച്ചില്ലെന്നു തോന്നുന്നു. ഒരു വക്രിച്ച മുഖഭാവം. ആഗോളവൽക്കരണ കാലത്തെ കസ്റ്റമർ കെയർ പാഠങ്ങൾ ഹൃദിസ്ഥമായിരുന്നതു കൊണ്ടാവാം മാനേജർ സഹിച്ചു. കസ്റ്റമറയെ പീഡിപ്പിക്കാൻ വേറെ എത്രയോ മാർഗ്ഗങ്ങൾ ഉണ്ട്. അതുകൊണ്ടാവാം ‘വൃത്തിയായി വസ്ത്രം ധരിച്ചുകൊണ്ടു വന്നൂടേടോ‘ എന്നൊന്നും ചോദിച്ചില്ല! എന്നാലും അടുത്ത കോൺഫ്രൻസിൽ ഇതൊരു വിഷയമാകാനിടയുണ്ട്. ബാങ്കിൽ വരുന്നവർക്ക് ഒരു ഡ്രസ്സ്കോഡ് വേണമെന്നു ആവശ്യപ്പെട്ടാൽ അത്ഭുതപ്പെടാനില്ല.ലോകം ഇപ്പോൾ പുറം‌മോടിക്ക് അത്ര പ്രാധാന്യം കൊടുക്കുന്നുണ്ട്.

ഒറ്റമുണ്ടുകളേപ്പറ്റി ഓർക്കുമ്പോൾ എനിക്ക് അച്ഛനെയാണു ഓർമ്മ വരുന്നതു. ഗസറ്റഡ് റാങ്കുള്ള ഒരു ഉദ്യോഗസ്ഥനായിരുന്നു അച്ഛൻ. എങ്കിലും ഒറ്റമുണ്ടുടുത്താണു ഓഫീസിൽ പോയിരുന്നതു. നാലു പോക്കറ്റുള്ള ബുഷ് ഷർട്ടും. ഇടതു മുകളിലുള്ള പോക്കറ്റിൽ ഒരു തടിയൻ മഷിപ്പേന കുത്തിയിരിക്കും. വലതു പോക്കറ്റിൽ കുറച്ച് പണം. വലതുവശത്തു താഴെയുള്ള പോക്കറ്റിലാണു പണിയായുധം.  താഴെ ഇടതുവശത്തു ഒരു നോട്ട്പാഡ്. രണ്ടു നിറത്തിലുള്ള ബുഷ് ഷർട്ടേ അച്ഛൻ ഉപയോഗിച്ചിരുന്നുള്ളു. ഇളം നീലയും വെണ്ണയും നിറത്തിലുള്ളവ. അച്ഛന്റെ മേലുദ്യോഗസ്ഥനു ഒരു ധ്വരയുടെ മട്ടാണു. അമേരിക്കയിലൊക്കെ പോയി പഠിച്ചിട്ടുണ്ട്. എങ്കിലും അദ്ദേഹവും വ്യത്യസ്ഥതയുള്ള വസ്ത്രങ്ങളൊന്നും ധരിക്കാറില്ല. കോഫി ബ്രൌൺ, അല്ലെങ്കിൽ കറുപ്പ്, പാന്റ്സും ഇളം നിറത്തിലുള്ള ടെർലിൻ ഷർട്ടുകളും. ടെർലിന്റെ മണമാസ്വദിക്കാൻ ചിലപ്പോഴൊക്കെ ഞാൻ അദ്ദേഹത്തെ ചുറ്റിപ്പറ്റി നടക്കുമായിരുന്നു. അദ്ദേഹത്തെ ഓർമ്മിക്കുമ്പോഴെല്ലാം ആ ഇളംനീല നിറവും മണവും ഓർമ്മ വരും.

ധ്വരയെപ്പോലെയായിരുന്നെങ്കിലും മേലുദ്യോഗസ്ഥനു അച്ഛന്റെ ഒറ്റമുണ്ടിനോട് ഒരു വൈക്ലബ്യവും ഉണ്ടായിരുന്നില്ല. തൊഴിലിന്റെ ഭാഗമായി പാന്റ്സ് ഇടണമെന്നു വേണമെങ്കിൽ നിർബ്ബന്ധിക്കാമായിരുന്നു. അച്ചടക്കത്തിനു പേരുകേട്ട ആ ഉദ്യോഗസ്ഥൻ ഒരിക്കലും അതാവശ്യപ്പെട്ടില്ല. എന്നുമാത്രമല്ല ഒറ്റമുണ്ട് ഉടുത്തിരുന്നതു കൊണ്ട് ഒരു സൌഹാർദ്ദക്കുറവും കാണിച്ചതുമില്ല.

അച്ഛനെപ്പോലെ മുണ്ട് ഉടുത്തിരുന്നതു എന്റെ മൂത്ത ജ്യേഷ്ഠൻ മാത്രമായിരുന്നു. ഖദർ മുണ്ടും ഷർട്ടും. അതാണല്ലോ കോൺഗ്രസുകാരുടെ ഡ്രസ്സ് കോഡ്! ഈ ഖദർമുണ്ട് ഒരിക്കൽ ഒരു വലിയ തമാശയുണ്ടാക്കിയിട്ടുണ്ട്. ഒരിക്കൽ കെ.പി.ഉണ്ണിക്കൃഷ്ണനെ ഞങ്ങളുടെ നാട്ടിൽ ഒരു യോഗത്തിൽ പങ്കെടുപ്പിക്കാൻ കൊണ്ടുവന്നു. സഫാരി സ്യൂ‍ട്ടിലാണ് അദ്ദേഹം അവതരിച്ചത്. അങ്ങനെ സ്റ്റേജിൽ കേറ്റാൻ കോൺഗ്രസ്സുകാർ തയ്യാറാവില്ലല്ലോ‍. അതുകൊണ്ട് ഉണ്ണികൃഷ്ണനെ മുണ്ടിലവതരിപ്പിക്കാനുള്ള ശ്രമം തുടങ്ങി. ഒരു ഖദർമുണ്ട് ചുറ്റി നോക്കി. കുഴപ്പമില്ല. പക്ഷെ ഒരടിവച്ചാൽ മുണ്ടിന്റെ ഇരുപാളികളും അകന്നുപോകും. അങ്ങനെ നേതാവിനെ സ്റ്റേജുവരെ നടത്തിക്കൊണ്ടുപോകാനുള്ള ധൈര്യം നേതാക്കന്മാർക്കുണ്ടാ‍യില്ല. പിന്നെയൊന്നും ആലോചിച്ചില്ല ചേട്ടൻ ആളെവിട്ട് അടുത്തുള്ള തുണിക്കടയിൽ നിന്നു മൂന്നുമീറ്റർ മല്ലു വാങ്ങിപ്പിച്ചു. അതു കെ.പിയെ ചുറ്റി. ഉണ്ണിക്കൃഷ്ണനു ആത്മവിശ്വാസം. പാർട്ടിപ്രവർത്തകർക്ക് ആശ്വാസം!

ഇനി, ഞാൻ മുണ്ടുടുക്കാൻ തുടങ്ങിയ കഥ. അത് പിന്നൊരിക്കൽ........



No comments: