Monday, May 25, 2015

രോഗികളുടെ അനുഭവ സാക്ഷ്യങ്ങൾ വിശ്വസിക്കണോ?

ഏതെങ്കിലും വിദഗ്ദന്റെയടുത്തോ, സൂപ്പർ സ്പെഷാലിറ്റിയിലോ പോയി കാശെല്ലാം അവർ മേടിച്ചുകഴിഞ്ഞാൽ പിന്നെ രോഗിയെ തണ്ടേൽ എടുത്തു വീട്ടിൽ കൊണ്ടുവന്നു കിടത്തും. ഡോക്ടർ ഒരു തീയതി പറഞ്ഞിട്ടുണ്ടാകും, ചാകാൻ. അതറിഞ്ഞ് അവരെ കാണാനെത്തുന്ന ആരെങ്കിലും വല്ല പച്ചിലയോ, പടത്തിക്കായോ കൊടുത്തു ചിലരെങ്കിലും പിന്നീട് രക്ഷപ്പെടാറുണ്ട്. ലാടത്തിലോ, നാട്ടുവൈദ്യത്തിലോ, ഗൃഹവൈദ്യത്തിലോ ഉള്ള എന്തെങ്കിലും അറിവായിരിക്കും അങ്ങനെ പ്രവർത്തിക്കുന്നതു. ഇന്നു കേരളത്തിൽ അങ്ങനെ രക്ഷപ്പെടുന്ന അനേകരുണ്ട്. കാശുപോകത്തുമില്ല. ജീവൻ തിരിച്ചു കിട്ടുകയും ചെയ്യും.
ഇത്തരം അനുഭവമുള്ളവരിൽ ഉന്നതരായ രാഷ്ട്രീയക്കാരും, ഐ.എ.എസ്സ്/ഐ.പി.എസ്, എഞ്ജിനിയർ, ഡോക്ടർ, വ്യവസായികൾ, വ്യാപാരികൾ തുടങ്ങി പാടത്തു പണിയെടുക്കുന്നവരും പാട്ടപെറുക്കുന്നവരും വരെയുണ്ട്. ഉന്നതരും പാവപ്പെട്ടവരും രോഗം ഭേദമായിക്കഴിഞ്ഞാൽ അവരുടെ പാടുനോക്കിപ്പോകും. ജീവിതം തിരിച്ചു കിട്ടിയല്ലോ. അതു മതി! കടി മുഴുവൻ മറ്റേവർഗ്ഗത്തിനാണു. ഇടത്തട്ടുകാരനു. അവനു എല്ലാവരേയും നന്നാക്കിയേ അടങ്ങു. അവരിൽ ഭൂരിഭാഗവും ഗുമസ്തന്മാരായിരിക്കും. ടെക്കനിക്കലോ മിനിസ്റ്റീരിയലോ. അതിന്റെ ചൊറിച്ചിലാണതു. അവർക്കിതു പത്തുപേരോട് പറഞ്ഞില്ലെങ്കിൽ സുഹമാകത്തില്ല.
ഇതിനവർ ചെയ്യുന്നതു ചാനലുകളുടേയും, പത്രങ്ങളുടേയും ലൈനറന്മാരെ പിടിക്കുകയാണു. അവർക്കാണെങ്കിൽ സെക്കന്റിനും സെന്റീമീറ്ററിനുമാണു പ്രതിഫലം. അതുകൊണ്ടുതന്നെ അതിനെ വാർത്തയാക്കിക്കൊടുക്കാൻ ഉത്സാഹമാണു. ചികിത്സയുടെ റിക്കാർഡെല്ലാം എടുത്തു ഹെഡ്ഡാപ്പീസിലേക്ക് അയക്കും. അതിൽ ചത്തുതള്ളിയതിന്റെ സൂപ്പർ സ്പെഷാലിറ്റി റിപ്പോർട്ടും, പിന്നീട് ഗോമൂത്രമോ, ഞവരയരിയോ കഴിച്ച് ഭേദമായപ്പോൾ മറ്റൊരിടത്തു നിന്നെടുത്ത റിപ്പോർട്ടും കാണും. അതു കിട്ടിയാലുടൻ മാദ്ധ്യമക്കമ്പനിയുടെ ഫൈനാൻസ് മാനേജർ ഫോണെടുത്തു കുത്തി സൂപ്പർ സ്പെഷാലിറ്റിയുടെ അഡ്മിനിസ്ട്രേറ്ററെ വിളിക്കും. ഇങ്ങനെയൊരു സംഭവം എത്തിയിട്ടുണ്ടെന്നറിയിക്കും. സംഗതി സത്യമായിരിക്കുമെന്നു ആശുപത്രിക്കാർക്കുമറിയാം. അവർ ചെയ്യുന്നതു ചികിത്സയല്ലല്ലോ. അതിലൊന്നും രോഗി മനുഷ്യനല്ലല്ലോ. വെറും കേസുകെട്ടു മാത്രമല്ലെ. അവർ ചികിത്സിക്കുകയല്ലല്ലോ ചെയ്യുന്നതു. മരുന്നു വില്പനയും, സാങ്കേതികസേവനങ്ങൾക്ക് ഫീസുവാങ്ങലുമല്ലെ. ആരോഗ്യപരിരക്ഷയല്ല, ആരോഗ്യവ്യവസായമാണു അവരുടെ ലക്ഷ്യം. അതുകൊണ്ട് ഇങ്ങനെയൊരു വാർത്ത എയറിൽ പോകുന്നതു അപകടമാകുമെന്നവർക്കറിയാം. പിന്നെ എത്ര തുകയ്ക്കതു സെറ്റിൽ ചെയ്യാമെന്നായിരിക്കും ചോദ്യം. അങ്ങനെ അതു കോമ്പ്ലിമെന്റ്സാക്കും.
എങ്കിലും ഇതുപോലുള്ള കേസുകൾ ഇനിയും കിട്ടണമെല്ലോ എന്നു വിചാരിച്ച് മാദ്ധ്യമങ്ങൾ വാർത്ത കൊടുക്കും. കൂടുതൽ വാർത്തകൾ വന്നാലെ കൂടുതൽ ബാർഗെയിൻ ചെയ്യാൻ പറ്റു. പക്ഷെ അവർ നന്ദികേട് കാണിക്കുകേല. ആശുപത്രിയുടെ പേരു വാർത്തയിലോ പരിപാടിയിലോ സൂചിപ്പിക്കില്ല. പിന്നെ അസുഖം ഭേദമായതു ചാ‍ച്ചപ്പനോ ചിരുതക്കുട്ടിയോ മരുന്നു കൊടുത്തിട്ടാണെന്നും പറയിക്കില്ല. അങ്ങനെ പറഞ്ഞാൽ അതിനൊരു പഞ്ച് കിട്ടുകേല എന്നാണു അവരുടെ ന്യായം. അതിനു മാദ്ധ്യമങ്ങളുടെ ലിസ്റ്റിൽ പേരുള്ള ചില വൈദ്യർ, ഹോമിയോപാത്, പ്രകൃതിചികിത്സകരും അവരുടെ സ്ഥാപനങ്ങളുമുണ്ട്. ആ പേരു പറയണം. അതിലുമുണ്ടൊരു ബിസിനസ്സ്. ഇതൊക്കെ സമാന്തരന്മാർക്കുള്ള പ്രചരണമാണു. അതിനു കാശു വേറെ കിട്ടും. മോഡേൺ മെഡിസിനായാലും, ലാടചികിത്സയായാലും സ്ഥാപനവൽക്കരിച്ച ചികിത്സയിലൂടെയേ ഫലം കിട്ടു എന്നൊരു സന്ദേശം പ്രചരിപ്പിക്കാൻ കൂടി വേണ്ടിയാണിതു. എല്ലാവരും അടിസ്ഥാനപരമായി കച്ചവടക്കാരാണല്ലോ. മദ്ധ്യവർഗ്ഗത്തിനു ഇതൊന്നും പ്രശ്നമല്ല. അവനു അവന്റെ അളിഞ്ഞമോന്ത ഒന്നു ചാനലിലോ, പത്രത്തിൽ പേരോ വന്നു കണ്ടാൽ മതി. അതിനു രാമൻ കുട്ടി പറഞ്ഞു തന്ന മരുന്നായാലും ഡോ.കേശവൻ കുട്ടി പറഞ്ഞാതാണെന്നു പറഞ്ഞോളും.
ഇങ്ങനെ ചാനലിലൊക്കെ പ്രത്യക്ഷപ്പെടുന്നവർ പക്ഷെ സൂക്ഷിക്കണം. ആശുപത്രി മാഫിയ ഉടൻ രംഗത്തിറങ്ങും. ഇതു തിരിച്ചു തെളിയിക്കേണ്ടതു അവരുടെ ബിസിനസ്സിനു ആവശ്യമാണു. അതിനു, അവർ ആൾക്കാരെ ഇറക്കും. അതു പുരോഹിതന്റെയോ ബ്രഹ്മചാരിയുടേയോ രൂപത്തിലായിരിക്കും അവതരിക്കുക. അവർ വന്നു അസുഖം മാറിയതിൽ അഭിനന്ദിക്കുന്നിടത്തായിരിക്കും തുടക്കം. അതിനിടയിലൊരു ചൂണ്ടയിടും. “അസുഖം എന്തായാലും ഭേദമായല്ലോ. നാട്ടുവൈദ്യമൊക്കെയല്ലെ കഴിച്ചതു. അതിലെല്ലാം ഒരുപാട് ഹെവിമെറ്റത്സ് കാണും. അതിന്റെ സൈഡ് ഇഫക്റ്റ് ഒന്നു പരിശോധിപ്പിക്കുന്നതു കൊള്ളാം” ആയുസ്സു തിരിച്ചു കിട്ടിയവന്റെ ചങ്കു കാളും. “പേടിക്കണ്ട, അതിനു നമ്മുടെ ആശുപത്രിയിലോട്ടു ചെന്നോ. കാശൊന്നും കൊടുക്കണ്ട. ഞാൻ പറഞ്ഞേക്കാം” പോണോ, വേണ്ടായോ എന്നു രോഗവിമുക്തൻ കുറച്ചു ദിവസം ആലോചിക്കും. ഇതിനിടയിൽ ബന്ധുക്കൾ, സുഹൃത്തുക്കൾ, ഭജനസംഘം തുടങ്ങിയ മറ്റു ഉത്സാഹക്കമ്മിറ്റിക്കാരും രംഗത്തെത്തും. “ഒന്നു, പോയി നോക്കെന്നെ. ചെലവൊന്നുമില്ലല്ലൊ“. ഒടുവിൽ ആൾ വഴങ്ങും. പിന്നെയാണു ചീട്ടു തിരിഞ്ഞുവീഴുന്നതു. ആദ്യം കണ്ടുപിടിച്ച രോഗമില്ല. പക്ഷെ മറ്റൊരു ഭീകരരോഗം ഉടലെടുത്തിരിക്കുന്നു. അതിനു കാരണം നാട്ടുചികിത്സയാണു. എന്നമട്ടിലാണു പിന്നത്തെ മാനേജുമെന്റ്. മുൻപ് ഇതുപോലെ പറഞ്ഞിട്ട് ചികിത്സ ചെയ്താണു തണ്ടേൽ വീട്ടിൽ കൊണ്ടുവരേണ്ടി വന്നതെന്നു അപ്പോൾ ഓർക്കില്ല. എല്ലാവരും കൂടി നിർബ്ബന്ധിക്കുമ്പോൾ വീണ്ടും ആശുപത്രി ചികിത്സ തുടങ്ങും. ഇത്തവണ രോഗി രക്ഷപ്പെടില്ല. ചാകും. ഉടൻ തന്നെ അതു മറ്റൊരു വാർത്തയാകും. വ്യവസ്ഥാപിതമല്ലാത്ത ചികിത്സതേടി ആളുകൾ ചത്തൊടുങ്ങുന്നു.....ഇവരൊന്നും ആരേയും സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കില്ല. അവർക്ക് അതു ചെയ്തേ പറ്റൂ. അത്വരുടെ ബിസിനസ്സാണു.
അതുകൊണ്ട് ഇങ്ങനെയൊക്കെ സമാന്തരമായി എന്തെങ്കിലുമൊക്കെ ചെയ്തു ജിവിതം തിരിച്ചുകിട്ടിയവർ കഴിവതും മിണ്ടാതെ ഒരിടത്തു അടങ്ങിയിരുന്നു ശിഷ്ടജീവിതം സ്വസ്ഥമായി കഴിച്ചുകൂട്ടണം. നിങ്ങളുടെ സാക്ഷ്യം പറച്ചിലൊന്നും മെഡിക്കൽ രംഗത്തെ കൊള്ളരുതായ്മകൾ ഇല്ലാതാക്കാൻ പോകുന്നില്ല. ഇത്തരം ചികിത്സകളൊക്കെ മറ്റൊരു നിവർത്തിയുമില്ലാഞ്ഞിട്ടാണു ആളുകൾ ചെയ്യുന്നതു. അതിനു ഇത്രയും പ്രചാരമൊക്കെ മതി. ആവശ്യക്കാർ അതുള്ളിടത്തു ചെന്നു കണ്ടുപിടിച്ചുകൊള്ളും. നിങ്ങളുടെ സഹായമൊന്നും വേണ്ട.
ഇനി, മറ്റുള്ളവരേ ഇതൊക്കെ അറിയിച്ച് ആരോഗരംഗത്തു വിപ്ലവകരമായ ഒരു മാറ്റമുണ്ടാക്കാനാണു ഉദ്ദേശിക്കുന്നതെങ്കിൽ അതിനു വ്യവസ്ഥാപിത മാദ്ധ്യമങ്ങളെ സമീപിക്കരുതു. ഈ സോഷ്യൽ നെറ്റ്‌വർക്കിലൊക്കെ നിങ്ങൾക്ക് അതിനു വേണ്ടത്ര സ്ഥലമുണ്ടല്ലോ. എല്ലാ വിവരങ്ങളും ഇടാം. അതിന്റെ രേഖകൾ അറ്റാച്ചു ചെയ്യാം. നിർദ്ദേശങ്ങളും, ദിശയും പറഞ്ഞുകൊടുക്കാം. അതിലൊക്കെ നിങ്ങളുടെയും, നിങ്ങളെ ചികിത്സിച്ചു കുളമാക്കിയ സ്ഥാപനങ്ങളുടേയും ഐഡന്റിയൊക്കെ മറച്ചുവച്ച് വച്ചാൽ ആശുപത്രി മാഫിയാകളുടെ വിരോധത്തിൽ നിന്നു ഒഴിഞ്ഞുനിൽക്കുകയും ചെയ്യാം. പക്ഷെ അപ്പോൾ നിങ്ങൾക്ക് വിപ്ലവം നടത്തി എന്നു തോന്നിയെന്നു വരില്ല. മോന്തയും, പേരും കൊണ്ടുകിട്ടുന്ന പ്രശസ്തിയും ലഭിക്കില്ല. പക്ഷെ മെഡിക്കൽ രംഗം പുനർവിചിന്തനത്തിനു വിധേയമാകും. അതുപോരെ?

No comments: