Wednesday, October 20, 2010

ഒരു ദേശാടനത്തിന്റെ കഥ

അഖില കേരള വൈദിക സുരക്ഷാസമിതി. ഇതൊരു സംഘടനയാണെന്ന് മനസിലായി. പക്ഷെ ആ പേരിന്റെ അർത്ഥം ബോധിച്ചില്ല.

വേദം അനാദിയാണെന്നാണു അറിവുള്ളവർ പറഞ്ഞിട്ടുള്ളത്. അതായത് അത് ആരെങ്കിലും തുടങ്ങിയതല്ല. പ്രപഞ്ചോൽ‌പ്പത്തിക്കൊപ്പം വേദവും ഉണ്ടായി. ബ്രഹ്മൻ സ്മരിച്ചു എന്നാണു പലേടത്തും കാണുന്നത്. അതിനെ പാവം മനുഷ്യൻ എങ്ങനെ സംരക്ഷിക്കും എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.

ആ സംഘടന ഒരു പ്രസ്താ‍വന ഇറക്കിയത് അതിനേക്കാൾ കേമമായി.

താന്ത്രിക അധികാരം ബ്രാഹ്മണർക്ക് മാത്രമുള്ളതാണു. ബ്രാഹ്മണന്റെ നിർവ്വചനം പ്രസ്താവനയിൽ നിന്ന് ഊഹിച്ചെടുക്കാം. ക്ഷേത്രങ്ങളിൽ പൂജ നടത്തുവാനുള്ള ജാതിക്കാർ. അവരുടെ സംഖ്യ കുറയുന്നതായി പ്രചരിപ്പിച്ച് മറ്റുള്ള ജാതിക്കാരെ പൂജാകാര്യങ്ങൾ ഏൽ‌പ്പിക്കുന്നതായി കാണുന്നു. അത് പാടില്ല എന്നതാണു സംഘടനയുടെ ആവശ്യം.

ഇപ്പോൾ സംഗതി ഒന്നു കൂടി ഉഷാറാകുന്നു.

വേദാധികാരം ബ്രാഹ്മണനാണു. അത് സമ്മതം. പക്ഷെ ബ്രാഹ്മണൻ ഒരു ജാതിയാണോ? ആണെങ്കിൽ തന്നെ ആ ജാതിക്ക് ഇപ്പോൾ അതിനുള്ള അർഹത ഉണ്ടോ? വേദങ്ങളിൽ പറയുന്ന നിബന്ധനകൾ വച്ചു ജീവിക്കുന്നവരാണോ അവർ? സ്വാദ്ധ്യായം തപസ്സ് ഒക്കെ ഇപ്പോഴും ഉണ്ടോ? ഉപജീവനത്തിനാ‍യി പൂജ ചെയ്യുന്നവനെ അധമനായിട്ടാണു ബ്രാഹ്മണ സമൂഹം കണ്ടിരുന്നത്. എപ്പോഴാണത് മാറിയത്? അതൊക്കെ അവർ ആലോചിക്കട്ടെ.

കേരളത്തിലെ ബ്രാഹ്മണർ ഏത് താന്ത്രിക വിഭാഗത്തിൽ പെടും? ശങ്കരനെ പിൻ പറ്റുന്നവരാണെങ്കിൽ സമയാചാരികൾ ആകണം. അവർക്ക് എന്തു ക്ഷേത്രം. എന്തു കർമ്മങ്ങൾ.

പ്രപഞ്ചത്തിലെ അനേക കോടി ജീവികൾക്ക് ആഹാരമാകേണ്ട അന്നം അഗ്നിയിൽ വാരിവിതറുകയും പോഷണം ചെയ്യണ്ട തേൻ ഒഴുക്കിക്കളയുകയും നെയ്യ് കത്തിച്ചു പുക പറത്തുകയും ചെയ്തതിനെ അപലപിച്ചവരാണവർ. ഇതര സംബ്രദായങ്ങൾ അവർക്ക് പഥ്യമല്ല. അത്തരക്കാർ അസ്പൃശ്യരുമാണു.
കേരളത്തിലെ ബ്രാഹ്മണരുടെ താന്ത്രിക മതം ഇതാണെന്നാണു പൊതുവിൽ കാണുന്നത്. അതിന്റെ സംരക്ഷണമാണോ സംഘടനയുടെ ലക്ഷ്യം? എങ്കിൽ നല്ലത്.

ബ്രാഹ്മണ്യത്തിന്റെ ആ പാരമ്പര്യത്തിൽ പഠനവും തപസുമായി കഴിഞ്ഞ അനേകം സാധുക്കൾ ഉണ്ടായിരുന്നു. ജനോപകാരപ്രദമായി അവർ ജീവിച്ചു. ആർക്കെങ്കിലും എന്തെങ്കിലും കൊടുത്തതല്ലാതെ ആരിൽ നിന്നും ഒന്നും വാങ്ങിയില്ല. കാലത്തിന്റെ മാറ്റത്തിലും തങ്ങളുടെ പിതൃസമ്പത്ത് കൈവിടാതെ അവർ പിടിച്ചു നിന്നു. വേദനയിലും ദാരിദ്രത്തിലും മുഴുകിയാണെങ്കിലും ദശപാപങ്ങൾ ചെയ്യാതെ അവർ മനമുരുകി കഴിഞ്ഞു. ആക്ഷേപങ്ങൾക്കും ആക്രമണങ്ങൾക്കും മുന്നിൽ അവർ ധ്യാനനിരതരായി മാറി. അവരുടെ ജീവിതം നിശബ്ദമായ ഒരു സഹനമായിരുന്നു. അവരാരെങ്കിലുമാണോ ഈ സംഘടനയുമായി മുന്നോട്ട് പോകുന്നത്. ആവാനിടയില്ല. അവർക്ക് സംഘടിക്കുവാൻ ആകില്ല. ഏകത്വത്തിൽ വിശ്വസിക്കുമ്പോൾ എങ്ങനെ സംഘടനയുണ്ടാക്കാൻ പറ്റും? ആരോട് സമരം ചെയ്യും? തന്റെ ഉള്ളിലെ വാസനകളോടല്ലാതെ. സകലതും ബ്രഹ്മമാകുമ്പോൾ വേറെ ഏത് ജാതി?

ഈ മനോഭാവം ഇതരരും പിന്തുടണമെന്ന് പ്രചരിപ്പിക്കുകയാണോ സംഘടനയുടെ ഉദ്ദേശം? അല്ലെന്ന് അവരുടെ പ്രഖ്യാപനത്തിൽ തന്നെ കാണാം.

അപ്പോൾ ഇത് സംഗതി വേറെയാണു.

ഇവിടെ കുറേക്കാലം മുമ്പെറങ്ങിയ ഒരു സിനിമാക്കഥ അനുബന്ധമായി പറയട്ടെ. കേരളത്തെ ഏങ്ങലടിപ്പിച്ച ഒരു ചിത്രം. ആരുടെ കണ്ണൂം ഈറനണിയിക്കുന്ന ഒരു കുട്ടിയുടെ ജീവിത ചിത്രീകരണം അതിലുണ്ടായീരുന്നു. നിങ്ങൾ ഓർക്കുന്നുണ്ടാകും. ഇന്നും അതിലെ പാട്ടുകൾ കേൾക്കുമ്പോൾ കരളിൽ വേദനയുണ്ടാകും. സന്യാസത്തിലേക്ക് നിർബ്ബന്ധപൂർവ്വം വലിച്ചിഴയ്ക്കപ്പെടുന്ന ഒരു ബ്രാഹ്മണക്കുട്ടി. അമ്മയുടെ സ്നേഹത്തിനു മീതേ ബ്രാഹ്മണ്യത്തിന്റെ കരാളഹസ്തങ്ങൾ കടന്നു വന്നു അവനെ പറിച്ചു കൊണ്ടു പോകുന്നു. അതിന്റെ ഏറ്റവും വലിയ വിശേഷം അതെഴുതിയത് ഒരു ബ്രാഹ്മണനായിരുന്നു എന്നതാണു. അതു കൊണ്ട് ആ കഥക്കുള്ള വിശ്വാസ്യത ഏറി. പക്ഷെ അദ്ദേഹം വലിയൊരു അപരാധം ചെയ്തു. അയഥാർത്ഥമായ കാര്യങ്ങൾ ചിത്രീകരിച്ച് തന്റെ സ്വത്വത്തേയും ഭാരതത്തിന്റെ സന്യാസപാരമ്പര്യത്തേയും അവഹേളിച്ചു. ഇന്ത്യയിൽ നിലനിൽക്കുന്ന സന്യാസി സംബ്രദായത്തിൽ അത്തരം ഒരു പിടിച്ചു പറി ഉണ്ടോ?

ഒരു കുട്ടിയെ സന്യസിപ്പിക്കണമെങ്കിൽ ആദ്യം വേണ്ടത് അമ്മയുടെ അനുവാദമാണു. തിളങ്ങുന്ന ഉദാഹരണം ശങ്കരാചാര്യർ. മറ്റൊരു വിധിയുള്ളത് ആചാര്യൻ ഒരു കുട്ടിയെ സ്വപ്നത്തിൽ കാണുകയാണു. അങ്ങനെ ഒരു ഗുരു കണ്ടെന്നിരിക്കട്ടെ, അവനെ ചുമ്മാ കൊണ്ടുപോകാനാവില്ല. ആചാര്യനൊപ്പം ആ നിയോഗം അമ്മ കൂടി സ്വപനം കാണണം. കണ്ടു എന്ന് വെറുതെ പറഞ്ഞാൽ പോര. ഭർത്തൃഹരിയുടെ സ്വപ്നസിദ്ധാന്തങ്ങൾ ഉണ്ട് അത് പരീക്ഷിക്കാൻ. പണ്ടുള്ളവർ അങ്ങനെ വെറുതേ ഒന്നും പറയില്ല എന്നത് വേറെ കാര്യം. അത്തരം ഒരു സ്വപ്നം ഏതെങ്കിലും അമ്മ കണ്ടാൽ ആ മകൻ ലോകോപകാരപ്രദമായ കർമ്മത്തിനു ഇറങ്ങിത്തിരിക്കുകയാണെന്നും അതിനു യുക്തനായ ആചാര്യനാണു അവനെ കൊണ്ടുപോകുന്നതെന്നും അറിഞ്ഞു സന്തോഷിക്കുകയും ജീവിത സാഫല്യം നേടിയവളുമായിത്തീരുകയണ് ചെയ്യുന്നത്.

ഒരു ബ്രാഹ്മണനെന്ന നിലയിൽ, ആരറിഞ്ഞില്ലെങ്കിലും അതിന്റെ തിരക്കഥാകൃത്ത് അതറിയണമായിരുന്നു. എന്നാൽ ഒരു ഉളുപ്പുമില്ലാതെ, മദ്ധ്യകേരളത്തിൽ സംഭവിക്കാവുന്ന വെറും ഒരു ‘നേർച്ച‘ക്കഥ സ്വന്തം സമുദായത്തിന്റേയും ഭാരതീയ പാരമ്പര്യത്തിന്റേയും വ്യവസ്ഥകളെ വക്രീകരിച്ച് ചിത്രമാക്കാൻ എഴുതിക്കൊടുത്തു. മദ്ധ്യകേരളത്തിൽ പൌരൊഹിത്യത്തിനു നേർച്ച കൊടുക്കുകയും അത് പിന്നീട് ഗുലുമാലാകുകയും ചെയ്ത അനേകം സംഭവങ്ങൾ ഉണ്ട്. പക്ഷെ അതൊന്നും ബ്രാഹ്മണ സമുദായത്തിലല്ല. ആ കഥ എഴുതിയാൽ പശ്ചാത്തലവും കഥാപാത്രങ്ങളൂം മാറും. പിന്നെ സിനിമ പുറത്തിറങ്ങില്ല. അതിനു സ്വന്തം സമുദായത്തെ തന്നെ വ്യഭിചരിക്കുക. അന്ന് ഈ സംഘടന ഇതിനെതിരേ എന്തെങ്കിലും പറഞ്ഞിരുന്നോ? ഓർക്കുന്നില്ല!

ഇതിപ്പോൾ, ഒരു കാലത്ത് തപസ്വികളായ ബ്രാഹ്മണർ കൈകാര്യം ചെയ്തിരുന്ന വിഷയം വ്യാപകമായി വിപണനം ചെയ്യപ്പെടുന്നത് കണ്ടിട്ടുള്ള അസൂയയാണു. നവലിബറൽ കോർപ്പറേറ്റ് മനസ്സ് ബ്രാഹ്മണരിലും പ്രവർത്തിച്ചു തുടങ്ങി. പ്രസ്താവനയിൽ പേരെഴുതപ്പെട്ട രണ്ടു പേരെങ്കിലും സ്വന്തം പാരമ്പര്യമുപേക്ഷിച്ച് അന്യവൃത്തികൾ ചെയ്ത് ഉപജീവിച്ചവരാണു. തങ്ങൾ കണ്ടെത്തിയ പ്രവർത്തിയേക്കാൾ ലാഭകരമാണു അച്ഛന്റെയും അപ്പുപ്പന്റെയും കൈകലാശം എന്നു കണ്ട് അത് തിരിച്ചു പിടിക്കാനുള്ള ഒരു നീക്കം മാത്രമാണിതെന്ന് പച്ചയായി പറയാം. അതിൽ കുറേ ശരി കാണാതെ വരുമോ. അവർ മുന്നോട്ട് പോകട്ടെ.

പക്ഷെ ചില ചോദ്യങ്ങൾ ബ്രഹ്മാസ്ത്രം പോലെ തേടി വരും.

ഈശ്വരസേവയ്ക്ക് ജാതിയുണ്ടെന്ന് സമ്മതിക്കാം. സ്ത്രീസേവയ്ക്ക് എന്താ ആ നിബന്ധനയില്ലാത്തത്? (അന്യമതസ്ഥയുമായി ഒരു താന്ത്രികൻ പിടികൂടപ്പെട്ടപ്പോൾ ഈ സംഘടന എന്ത് നിലപാടെടുത്തു?)
മൂലമന്ത്രം ഏതാണെന്ന് ചോദിച്ചാൽ ആ, ആർക്കറിയാം എന്ന് കൈമലർത്തുന്ന മഹാതാന്ത്രികരില്ലെ?
(അവർക്ക് എന്ത് ശിക്ഷയാണു നൽകിയത്?)
യഥാർത്ഥ വിഗ്രഹങ്ങൾ അമേരിക്കയിലേക്കും യൂറോപ്പിലേക്കും കടത്താൻ സഹായിക്കുന്ന ‘പുനപ്രതിഷ്ഠ‘ക്ക് അരുനിന്നു കൊടുക്കുന്ന തന്ത്രം ഏതാണു?
(പഴയ കൂട്ടുകൾ വച്ചുണ്ടാക്കിയ വിഗ്രഹങ്ങൾക്ക് രോഗപ്രതിരോധശക്തിയുണ്ടെന്ന് ഗ്രഹിച്ച് പരീക്ഷണം നടത്താനാണു കടത്തുന്നതെന്ന് കേൾക്കുന്നു)
പുണ്യാഹം തളിച്ചാൽ വെള്ളം തെളിയുമോ എന്ന് ആഗതനോട് ചോദിക്കുന്ന പൂജാരികളല്ലേ പലരും?
(ദൈവത്തെ ഭാവന ചെയ്യാൻ ഇവർക്ക് കഴിയുമോ?)
ശിവ!ശിവ!!

നമ്മുടെ നാട് ഗോഡ്സ് ഓൺ കണ്ട്രി. ദൈവം അല്ലാതെ മറ്റാരുമില്ല നമ്മളെ രക്ഷിക്കാൻ. ഇവരുടെ തന്ത്രങ്ങളിൽ നിന്ന് ദൈവം നമ്മെ രക്ഷിക്കട്ടെ!

മേമ്പൊടി:
ശ്രീനാരായണ ഗുരുദേവൻ ഈ നാട്ടിൽ പലയിടത്തും പ്രതിഷ്ഠകൽ നടത്തി. എന്നിട്ട് ഈശ്വരൻ കോപിച്ചില്ല. അതിലും വലിയ തപസ്വി ആരാ പ്രസ്താവനയിൽ ഒപ്പ് വച്ചത്. ഞാനൊന്ന് നമസ്കരിക്കട്ടെ!

7 comments:

അശോക് കർത്താ said...

ഈശ്വരസേവയ്ക്ക് ജാതിയുണ്ടെന്ന് സമ്മതിക്കാം. സ്ത്രീസേവയ്ക്ക് എന്താ ആ നിബന്ധനയില്ലാത്തത്?

Dr.Jishnu Chandran said...

അതൊക്കെ പണ്ടല്ലേ ഇപ്പൊ മറ്റെന്തിക്കളും ലാഭം 'കുലത്തൊഴില്‍' ആണെന്ന് അവര്‍ തിരിച്ചറിഞ്ഞു... അബ്രാഹ്മണര്‍ പൂജ ചെയ്താല്‍ ഒരു കൈ കൊണ്ട് മണി അടിക്കുകയും മറു കൈകൊണ്ട് ദീപം വട്ടത്തില്‍ ഉഴിയുകയും ചെയ്യുന്ന പരിപാടി പറ്റില്ലെന്നും... അത് ബ്രാഹ്മണര്‍ക്ക് മാത്രം ദൈവം കൊടുത്ത വരദാനം ആണെന്നും ഒരു ബ്രാഹ്മണന്‍ എന്നോട് തര്‍ക്കിച്ചു പണ്ട്..

Dr.Jishnu Chandran said...

.

raj said...

ബ്രാഹ്മണ്യത്തിന്റെ ആ പാരമ്പര്യത്തിൽ പഠനവും തപസുമായി കഴിഞ്ഞ അനേകം സാധുക്കൾ ഉണ്ടായിരുന്നു. ജനോപകാരപ്രദമായി അവർ ജീവിച്ചു. ആർക്കെങ്കിലും എന്തെങ്കിലും കൊടുത്തതല്ലാതെ ആരിൽ നിന്നും ഒന്നും വാങ്ങിയില്ല. കാലത്തിന്റെ മാറ്റത്തിലും തങ്ങളുടെ പിതൃസമ്പത്ത് കൈവിടാതെ അവർ പിടിച്ചു നിന്നു. വേദനയിലും ദാരിദ്രത്തിലും മുഴുകിയാണെങ്കിലും ദശപാപങ്ങൾ ചെയ്യാതെ അവർ മനമുരുകി കഴിഞ്ഞു. ആക്ഷേപങ്ങൾക്കും ആക്രമണങ്ങൾക്കും മുന്നിൽ അവർ ധ്യാനനിരതരായി മാറി. അവരുടെ ജീവിതം നിശബ്ദമായ ഒരു സഹനമായിരുന്നു.--- അങ്ങനെ ധ്യാന നിരതരായി ദാരിദ്ര്യത്തിലും വേദനയിലും മുഴുകി കഴിഞ്ഞിരുന്ന ഒരു സമൂഹം.. ഉണ്ടായിരുന്ന സ്വത്തുക്കൾ നായരും നമ്പ്യാരും കണക്കപ്പിള്ള കർത്താകളും കൂടി ഊ.. അടിച്ഛു മാറ്റി.... അത്താഴപ്പൂജ കഴിഞ്ഞു ബാക്കി വന്ന പടച്ചോറിലും നിവേദ്യത്തിലും അരപ്പട്ടിണിയിലും മുഴുപ്പട്ടിണിയിലും കഴിഞ്ഞു കൂടിയ അവരെ ഒരു പട്ടിപോലും തിരിഞ്ഞു നോക്കിയില്ല.. പുതിയ തലമുറയിൽ പെട്ട ചിലരൊക്കെ പൂജയും ശാന്തിയും ഉപേക്ഷിച്ഛ് മറ്റു തൊഴിലുകൾ തേടിപ്പോയി..,പലരും ബ്രാഹ്മണ്യം പോലും ഉപേക്ഷിച്ഛു.. എന്നിട്ടും അവരെ ആരും അന്വേഷിച്ഛില്ല.. ബക്കിയുള്ളവർക്കെല്ലാം സംവരണവും സാമ്പ്രാണിയും കൊടുത്ത് ഉദ്ധാരണം ഉണ്ടാക്കിക്കൊടുത്തു. അപ്പോഴും ബ്രാഹ്മണരെ ഒരു പട്ടീം അന്വേഷിച്ഛില്ല.. ഒരു ചുരുക്കം കൂട്ടർ ഇപ്പോഴും ശാന്തിയും പൂജയുമായി കഴിഞ്ഞു കൂടുന്നു. അതും കൂടി അടിചു മാറ്റാൻ കരുതുക്കൂട്ടിയുള്ള ചിലരുടെ ശ്രമങ്ങളെ ചെറുക്കാനുള്ള അവരുടെ നിരുപദ്രവമായ ശ്രമം .. അതിനെ ഇങ്ങനെ അവഹേളിക്കേണ്ടിരുന്നില്ല. ബാക്കി മതക്കാർക്ക് എന്തു കൂതറപ്പരിപാടിയും കാണിക്കാം. കട്ടച്ഛിറ മാതാവിന്റെ കരച്ഛിലു മുതൽ അനാഥപ്പിള്ളാരെ കാട്ടി ലോകം മുഴുവൻ പിരിവു നടത്തി തീവ്രവാദികളെ പടക്കുന്ന യതിം ഖാന വെരെ.. അതിനൊന്നും ചോദിക്കാനും പറയാനും ഇവിടാരുമില്ല.. പാവം ബ്രാഹ്മണരോട് കുതിര കേറി ബുദ്ധിജീവികളാവാനുള്ള ശ്രമം എത്രത്തോളം നന്നാവുന്നുണ്ടന്ന് സ്വയം ആലോചിക്ക്..
വാൽക്കഷണം.. മലർന്നു കിടന്നു തുപ്പരുത്..

അശോക് കർത്താ said...

“ബാക്കി മതക്കാർക്ക് എന്തു കൂതറപ്പരിപാടിയും കാണിക്കാം.........”
എന്ന് വച്ച് ബ്രാഹ്മണൻ അത് അനുവർത്തിച്ചാൽ പിന്നെ രണ്ടും തമ്മിൽ എന്തു വ്യത്യാസം? അവന്റെ സ്വത്ത്വത്തിലും അറിവിലും ഉറച്ചു നിക്കാനുള്ള തന്റേടം ബ്രാഹ്മണനുണ്ടോ? അതിനു പഠിപ്പുള്ള എത്ര ബ്രാഹ്മണർ ഇന്നുണ്ട്? അല്ലാതെ ലവന്മാരടെ ലൈൻ ഇതാ, അത് കൊണ്ടും നമുക്കും ഇതാകാം എന്ന് പറയരുത്. സാമ്പത്തികമായി മെച്ചപ്പെട്ടുവന്ന താഴേക്കിടയിൽ എന്ന് ഒരുകാലത്ത് ബ്രാൻഡ് ചെയ്യപ്പെട്ട സമുദായാംഗങ്ങളാണു ക്ഷേത്രങ്ങളേയും ആചാരങ്ങളേയും പുനരുദ്ധരിച്ചു കൊണ്ട് വന്നതും അതിനു പണം മുടക്കാൻ തയാറായതും. അത് മുതലാക്കാനാണു ഈ സംഘടന കോപ്പ് കൂട്ടുന്നത്.

രജീഷ് said...

എല്ലാം വായിച്ചിട്ട് തോന്നുന്നത് - ചിലരുടെ ലക്‌ഷ്യം മറ്റൊന്നുമല്ല ; സനാതന ധര്‍മ്മത്തിന്റെ പേരില്‍ ചൂഷണം നടത്തി വന്ന പാരമ്പര്യത്തിന്റെ പുനരുജ്ജീവനം .... ഹൈന്ദവരുടെ സാമുഹിക - ആത്മീയ അപചയത്തിന്റെ കാരണം രാജിനെ പോലെ ഉള്ളവര്‍ ഒരിക്കല്‍ എങ്കിലും ഒന്ന് ആലോചിച്ചു നോക്കുന്നത് നന്ന്.. പിന്നെ ഉണ്ടായിരുന്ന സ്വത്തുക്കളുടെ കാര്യം... പരദേശികള്‍ ഭൂവുടമകള്‍ ആകുന്ന പ്രതിഭാസം കണ്ണീരും ചോരയും ചതിയും കലരാത്തത് അല്ലെന്നു മാനവ ചരിത്രം ...

Sree pathe said...

"യോഗസ്തപോ ദമോ ദാനം സത്യം ശൗചം ദായാ ശ്രുതം ,
വിദ്യാ വിജ്ഞാനമാസ്തിക്യമേതദ് ബ്രാഹ്മണലക്ഷണം.."
ധ്യാനയോഗം ,തപസ്സ് ,ദമം (ഇന്ദ്രിയ നിഗ്രഹം) ,ദാനം ,സത്യം, ശുചിത്വം, ദയ ,വേദാഭ്യാസം (ഇതരവിദ്യകള്‍), വിശേഷ ജ്ഞാനം (ആത്മ ജ്ഞാനം ഉള്‍പ്പടെ) ,ഈശ്വര വിശ്വാസം എന്നീ പത്തു ഗുണങ്ങള്‍ ഉള്ള വരേ ബ്രാഹ്മണന്‍ എന്ന പേരു പൂര്‍ണ്ണമായി അര്‍ഹിക്കുന്നുള്ളൂ....ഉപനയനത്തിന്റ്യും ജന്മകുലത്തിന്റെയും പേരില്‍ പൂര്‍ണ്ണത ലഭിക്കില്ല...വെറുതെ വിളിക്കാം..

അതോടൊപ്പം തന്ത്രം ഉള്‍പ്പടെ ആചാര്യ പദവി വഹിക്കണമെങ്കിലോ അതിനു ശാസ്ത്രങ്ങളില്‍ പറയുന്നത്
"ആചാരഃ പരമോ ധര്‍മ്മഃ ശ്രുത്യുക്ത സ്മാര്‍ത്ത ഏവ ച,
തസ്മാദസ്മിന്‍ സദാ യുക്തോ നിത്യം സ്യാദാത്മവാന്‍ ദ്വിജഃ" എന്നാണു
വേദോകത്‌വും സ്മൃതി പ്രോക്തവുമായ കുലധര്‍മ്മങ്ങള്‍ സ്വയം ആചരിക്കുന്നതാണു ഏറ്റവും വലിയ ധര്‍മ്മം...ആതിനാല്‍ ആത്മജ്ഞാനിയായ ബ്രാഹ്മണന്‍ സദാ അതില്‍ ഏര്‍പ്പെട്ടിരിക്കണം..
"ആചാരഃ പരമാ വിദ്യാ ആചാരഃ പരമാഗതിഃ" എന്നാണു സദാചാരമാകുന്നു ഏറ്റവും വലിയ വിദ്യ ആചരണമാണു ശ്രേഷ്ഠമായ മാര്‍ഗ്ഗം..ഇങ്ങനെ ഉള്ളവരെ ആചാര്യന്‍ എന്നു പറയാന്‍ പറ്റൂ...അല്ലാതെ.. പറയാനും കേള്‍ക്കാനു എളുപ്പമാണു...സ്വയം ആചരിക്കാനാണു ബുദ്ധിമുട്ട്..

വിപ്രന്‍ എന്ന ശബ്ദത്തിന്റെ അര്‍ത്ഥം തന്നെ --വിശേഷണ പാപാദാത്മാനം പരഞ്ച പാതീതി...അതായത് തന്നെയും മറ്റുള്ളവരെയും പാപത്തില്‍ നിന്ന് നന്നായി രക്ഷിക്കുന്നവന്‍ എന്ന് അര്‍ത്ഥം... ഇവ സാധിക്കണമെങ്കില്‍ മേല്‍ പറഞ്ഞ് പത്ത് ഗുണങ്ങള്‍ക്ക് പ്രാധാന്യം ഉണ്ട്...