Sunday, April 19, 2009

അമേരിക്കയിലെ വെടിയൊച്ചകള്‍

അമേരിക്കയിലും യൂറോപ്പിലുമാ‍യി നിരപരാധികള്‍ ആക്രമിക്കപ്പെടുന്നത് വ്യാപകമാവുകയാണു. കഴിഞ്ഞവാരത്തില്‍ ബിങ്‌ഹാംന്റെണില്‍ 12 പേരെ വെടിവച്ചു കൊന്ന് അക്രമി ആത്മഹത്യ ചെയ്തു. അമേരിക്കന്‍ സിവിക്ക് അസ്സോസിയേഷന്‍ ഓഫീസ് പരിസരത്താണു സംഭവം. അമേരിക്കയിലേക്ക് കുടിയേറുന്നവരെ സഹായിക്കാനുള്ള സ്ഥാപനമാണു സിവിക്ക് അസ്സോസിയേഷന്‍. തൊഴില്‍ നഷ്ടപ്പെട്ടതിലും ഇംഗ്ലീഷ് അറിയാത്തതിലുമുള്ള നിരാശ്ശയാണു വെടിവെപ്പിനും ആത്മഹത്യയ്ക്കും കാരണമെന്ന് എഫ്.ബി.ഐ പറയുന്നു. പ്രതി 42 കാരനായ ഗിവേര്‍ലി വൂങ് എന്ന വിയറ്റനാം കാരനാണെന്ന് സംശയമുണ്ട്.

സംഭവത്തിന്റെ സാങ്കേതിക വശങ്ങള്‍ എന്തു തന്നെയായാലും അതിന്റെ സാമൂഹിക വശം ഭീകരമാണു. സ്വര്‍ഗ്ഗരാജ്യമെന്ന് വിശേഷിപ്പിച്ച് ലോകം ഉറ്റുനോക്കിയിരുന്ന അമേരിക്കന്‍ ഐക്യ നാടുകളില്‍ ഇതൊക്കെ സംഭവിക്കാമ്മോ? അവിടെ ജീവസുരക്ഷ ഇല്ലാതായോ? അമേരിക്ക മാന്ദ്യവും അക്രമങ്ങളും കൊണ്ട് താമസിയാതെ ഒരു ഇരുണ്ട ഭൂഖണ്ഡമാകുമോ? അമേരിക്കയുടെ യഥാര്‍ത്ഥ അവസ്ഥയെന്താണു?

FBI അവകാശപ്പെടുന്നപോലെ വ്യക്തിപരമായ നിരാശ്ശയാകുമോ ഇതിനു കാരണം? IBM ല്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ട വ്യക്തിയാണു വൂങ് എന്ന് വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ തങ്ങളുടെ പേറോളില്‍ ഇങ്ങനെ ഒരു പേരുകാരന്‍ ഉള്ളതായി അവര്‍ സമ്മതിച്ചിട്ടില്ല. അതിനും മുങ്കൂറായി ഒരു ന്യായം FBI യുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. വൂങ് എന്നത് കള്ളപ്പേരാകാനിടയുണ്ട് എന്നാണു അവരുടെ വാദം. വൂങിന്റെ സഹോദരി പക്ഷെ അത് അംഗീകരിച്ചിട്ടില്ല.

അമേരിക്കപോലെ ഒരു ‘ദരിദ്രരാജ്യ’ത്തില്‍ തൊഴില്‍ നഷ്ടം ഭ്രാന്ത് പിടിപ്പിക്കും. അതില്‍ അയഥാര്‍ത്ഥതയൊന്നുമില്ല. ‘ദരിദ്രരാജ്യം’ എന്ന് വിശേഷിപ്പിച്ചത് ആരേയും പരിഹസിക്കാനല്ല. ഒരു യാഥാര്‍ത്ഥ്യമാണത്. അംഗീകരിക്കാന്‍ പ്രയാസമാണെങ്കില്‍ പോലും. നന്നായി ആലോചിച്ചാല്‍ ഇത് സത്യമാണെന്ന് ബോദ്ധ്യമാകും. ഒരു ദിവസം പണിയില്ലെങ്കില്‍ അന്ന് അവിടെ അപ്പം കഴിക്കാനാവില്ല. ഓരോ ദിവസവും വരുമാനമുണ്ടായി അത് ചെലവഴിച്ചു വേണം കഴിഞ്ഞുപോകാന്‍. ഭൂരിഭാഗത്തിനും മിച്ചം എന്നൊന്നില്ല. കടങ്ങളുടെ വലയ്‍ക്കുള്ളിലാണു പൌരന്മാര്‍. കടമുള്ളവന്‍ ഏങ്ങനെ സമ്പന്നനാകും? അങ്ങനെ വരുമ്പോള്‍ ഇന്ത്യയിലെ ഒരു ദിവസക്കൂലിക്കാരന്റത്രപോലും സാമ്പത്തികമായി സുരക്ഷിതരല്ല അമേരിക്കന്‍ പൌരന്മാര്‍! നാമും ആ അവസ്ഥയിലേക്ക് എത്തിച്ചേരണമെന്നാണു നമ്മുടെ സാമ്പത്തികശാസ്ത്ര്ജ്ഞന്മാരും പറയുന്നത്.

മയ്യനാട്ടും മല്ലപ്പള്ളിയിലുമുള്ള ചിലരെങ്കിലും ഇതിനെ എതിര്‍ത്തേക്കാം. അമേരിക്കയിലും ഇംഗ്ലണ്ടിലും ഒക്കെയുള്ളവര്‍ അവര്‍ക്ക് സമ്പന്നരായി തോന്നിയേക്കാം. NRI യുടെ നാ‍ട്ടിലെ പത്രാസുവച്ച് വിലയിരുത്തുന്നതു കൊണ്ടാണു അങ്ങനെ തോന്നുന്നത്.

വിദേശ രാജ്യങ്ങള്‍ ആകര്‍ഷകമായിരിക്കുന്നത് അവിടെ സുഭിക്ഷതയുള്ളതു കൊണ്ടല്ല. അവിടെ കിട്ടുന്ന ഡോളറും പൌണ്ടും ജീന്‍സ് ടൈറ്റാക്കി മിച്ചം പിടിച്ചാല്‍ ഇന്ത്യന്‍ രൂപയിലേക്ക് അത് മാറ്റുമ്പോള്‍ വലിയൊരു തുക കിട്ടും. അതുകൊണ്ടിവിടെ ധാരാളിക്കുമ്പോള്‍ അവര്‍ പണക്കാരായി കരുതപ്പെടും. അത്രേയുള്ളു. ഗള്‍ഫിലുള്ളവരുടെ കാര്യം നമുക്ക് അറിയാമല്ലോ. അവര്‍ക്ക് അവിടെയൊരു ജീവിതമില്ല. അടിമയെപ്പോലെ പണിയെടുത്ത് പണമുണ്ടാക്കി യാതൊരു അദ്ധ്വാനവും ചെയ്യാത്തവര്‍ക്ക് അയച്ചുകൊടുക്കുന്നു.

ഓരോ ദിവസവും തീറെഴുതിവച്ചിട്ടാണു അമേരിക്കപോലുള്ള വിദേശരാജ്യങ്ങളില്‍ പൌരന്മാര്‍ ജിവിക്കുന്നത്. അങ്ങനെ വരുമ്പോള്‍ ഒരു ദിവസം വരുമാനമുണ്ടാകില്ല എന്ന് അറിഞ്ഞാല്‍ അരിശമുണ്ടാകുന്നത് സ്വാഭാവികം. അത് മനോരോഗമായി പരിണമിക്കുമ്പോള്‍ ഇത്തരം അക്രമങ്ങള്‍ ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളു. ഇതിപ്പോള്‍ അവിടങ്ങളില്‍ തുടര്‍ക്കഥയാവുകയാണു.

എന്താണു ഇതു പോലെയുള്ള സംഭവങ്ങള്‍ നമുക്ക് നല്‍കുന്ന സന്ദേശം?

ജീവിതത്തിനു അമേരിക്കന്‍ മോഡല്‍ അപകടകരമാണെന്നാണോ? സത്യം അതാണെങ്കിലും നാം ഇനിയും അത് വിശ്വസിക്കാന്‍ തയ്യാറായിട്ടില്ല. ഇപ്പോഴും അമേരിക്കന്‍ സ്വപ്നങ്ങള്‍ക്ക് പിമ്പേ പായാനാണു ഇന്ത്യക്കാരന് താല്‍പ്പര്യം. അതെത്ര അപായകരമായാല്‍ പോലും.

അക്രമത്തിന്റെ സ്വഭാവം പരിശോധിച്ചാല്‍ പിന്നെയും സംശയങ്ങള്‍ ബാക്കി. അതീവ ക്രൂരമാണു കൊലപാതകങ്ങള്‍ നടത്തിയിരിക്കുന്നത്. വെറും ഒരു നിരാശ്ശക്കാരനു ചെയ്യാവുന്ന വിധത്തിലല്ല ഇത്തരം നരഹത്യകള്‍ നടന്നിരിക്കുന്നത്. രക്തം കട്ടപിടിക്കുന്ന കൂട്ടക്കുരുതിയാണു ചെയ്തിരിക്കുന്നത്. അത്തരം നീചപ്രവര്‍ത്തി ചെയ്യത്തക്കവിധം അമേരിക്കന്‍ മനസ് വികലമായി എന്നാണെങ്കില്‍ ആ സാമൂഹിക വ്യവസ്ഥിതിയെ ചങ്ങലക്കിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പൌരന്മാര്‍ക്ക് ഭ്രാന്ത് പിടിച്ചാല്‍ ചുറ്റുമുള്ളവരെ ചുട്ടുകൊല്ലാം എന്നുവന്നാല്‍ മുഖ്യപൌരനു ഭ്രാന്ത് പിടിച്ചാല്‍ എന്തായിരിക്കും സംഭവിക്കുക? ലോകം മുഴുവന്‍ നാലഞ്ചുവട്ടം ചുട്ട് ചാമ്പലാക്കാനുള്ള ബോംബുണ്ടകള്‍ അമേരിക്കയുടെ കൈവശമുണ്ട് എന്നാണു കേള്‍വി.

സംഭവങ്ങളുടെ മറ്റൊരുവശം പരിശോധിച്ചാല്‍ അറപ്പില്ലാതെ വെടിയുതിര്‍ക്കാന്‍ കഴിയുന്നവരാണു ആക്രമികള്‍ എന്ന് മനസിലാകും. ഇംഗ്ലീഷ് സിനിമകളിലെ വില്ലന്മാരെപ്പോലെ. അത് അഭിനയമാണെങ്കില്‍ ഇത് യാഥാര്‍ത്ഥ്യം. ലക്ഷ്യം തകര്‍ക്കാനുള്ള ഉന്നമുള്ളവരുമാണു അവര്‍. ഇതൊന്നും പെട്ടെന്ന് നിരാശ്ശ ബാധിച്ചവര്‍ നടത്തുന്നതായി വിചാരിക്കാന്‍ വയ്യ. പരിശീലനം കിട്ടിയവരാണ് ഇവരെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ അക്രമികള്‍ എവിടെ നിന്ന് വരുന്നു?

ഇവിടെയാണ് അമേരിക്ക പാപത്തിന്റെ ശമ്പളം കൈപ്പറ്റുകയാണോ എന്ന് സംശയിക്കേണ്ടത്. ആയുധവില്‍പ്പന പ്രോത്സാഹിപ്പിക്കാനായി ലോകത്തിന്റെ പലഭാഗങ്ങളിലും അമേരിക്ക കലാപമുണ്ടാക്കിയിട്ടുണ്ട്. അതിനുവേണ്ടി അവര്‍ പടച്ചു വിട്ട സ്വകാര്യസൈന്യം ഇപ്പോള്‍ കാര്യമായ പണിയില്ലാതെ കഴിയുകയാണു. വേണ്ടത്ര പരിശീലനമുള്ള അവരെ ആരെങ്കിലും ഉപയോഗിച്ചാല്‍ അത്ഭുതപ്പെടാനില്ല. ചാവേറായിട്ടോ അക്രമിയായിട്ടോ. ക്രൂരമായ ഇത്തരം സംഭവങ്ങള്‍ കാണുമ്പോള്‍ ന്യായമായും അങ്ങനെ സംശയിച്ചു പോകും. പക്ഷെ ഉപചാരങ്ങളില്‍ അധിഷ്ഠിതമായ ഒരു കൃത്രിമ ജീവിതരീതി അനുവര്‍ത്തിച്ചുവന്ന പാശ്ചാത്യസമൂഹം ഇത്തരം സന്ദേഹങ്ങളെ ആലോചിക്കാന്‍ പോലും ഭയക്കും. അപ്പോള്‍ അത് യാഥാര്‍ത്ഥ്യമാണെന്നെങ്ങാനും പുറത്തറിഞ്ഞാല്‍ അമേരിക്ക ഭയം കൊന്ട് വിറങ്ങലിച്ച് തകരും. വേള്‍ഡ് ട്രെയിഡ് സെന്റര്‍ അക്രമസമയത്ത് ലോകം അത് കണ്ടതാണു. അതുകൊണ്ടായിരിക്കാം മന്ദബുദ്ധികള്‍ പോലും ചിരിച്ചു പോകുന്ന ന്യായങ്ങള്‍ പറയാന്‍ അധികൃതര്‍ ഒരുമ്പെടുന്നത്. പക്ഷെ ഈ തമാശ അപകടകരമാണെന്ന് താമസിയാതെ അവര്‍ തിരിച്ചറിയും.

8 comments:

അശോക് കർത്താ said...

അമേരിക്കപോലെ ഒരു ‘ദരിദ്രരാജ്യ’ത്തില്‍ തൊഴില്‍ നഷ്ടം ഭ്രാന്ത് പിടിപ്പിക്കും. അതില്‍ അയഥാര്‍ത്ഥതയൊന്നുമില്ല. ‘ദരിദ്രരാജ്യം’ എന്ന് വിശേഷിപ്പിച്ചത് ആരേയും പരിഹസിക്കാനല്ല. ഒരു യാഥാര്‍ത്ഥ്യമാണത്. അംഗീകരിക്കാന്‍ പ്രയാസമാണെങ്കില്‍ പോലും. നന്നായി ആലോചിച്ചാല്‍ ഇത് സത്യമാണെന്ന് ബോദ്ധ്യമാകും

പാമരന്‍ said...

i agree. well said.

Anonymous said...

അമേരിക്കന്‍ അമ്മായി കണ്ടില്ലേ ഇത്....

അശോകിനെ ഗദ്ഗദ കൊണ്ട് അടിച്ച് ഉന്‍ രത്തത്തെ കുടിച്ച് ഓംകാരനടനമാടിയേനെ.

ഏതായാലും നന്നായി പറഞ്ഞിരിക്കുന്നു സത്യങ്ങള്‍.

Jayasree Lakshmy Kumar said...
This comment has been removed by the author.
Jayasree Lakshmy Kumar said...

ഉപ്പു തിന്ന് വെള്ളം കുടിക്കുന്നവർ

“മയ്യനാട്ടും മല്ലപ്പള്ളിയിലുമുള്ള ചിലരെങ്കിലും ഇതിനെ എതിര്‍ത്തേക്കാം. അമേരിക്കയിലും ഇംഗ്ലണ്ടിലും ഒക്കെയുള്ളവര്‍ അവര്‍ക്ക് സമ്പന്നരായി തോന്നിയേക്കാം. NRI യുടെ നാ‍ട്ടിലെ പത്രാസുവച്ച് വിലയിരുത്തുന്നതു കൊണ്ടാണു അങ്ങനെ തോന്നുന്നത്.
വിദേശ രാജ്യങ്ങള്‍ ആകര്‍ഷകമായിരിക്കുന്നത് അവിടെ സുഭിക്ഷതയുള്ളതു കൊണ്ടല്ല. അവിടെ കിട്ടുന്ന ഡോളറും പൌണ്ടും ജീന്‍സ് ടൈറ്റാക്കി മിച്ചം പിടിച്ചാല്‍ ഇന്ത്യന്‍ രൂപയിലേക്ക് അത് മാറ്റുമ്പോള്‍ വലിയൊരു തുക കിട്ടും. അതുകൊണ്ടിവിടെ ധാരാളിക്കുമ്പോള്‍ അവര്‍ പണക്കാരായി കരുതപ്പെടും. അത്രേയുള്ളു.“

സലാം

ജോഷി said...

വളരെ സങ്കീർണ്ണമായ ഒരു കാര്യം നിസ്സാരമായി സാമാന്യവത്ക്കരിച്ചു കളഞ്ഞു!

Unknown said...

ഇതിയാ‍നിപ്പം അമേരിക്കേ നന്നാക്കാന്‍ ഇറങ്ങിയിരിക്കുകയാ‍ണെന്ന് തോന്നുന്നു. ഒബാമ ശ്രദ്ധിക്കണം.

Melethil said...

രാജേഷ് , ഹ ഹ ഹ ഹ ഹ !