Monday, March 10, 2008

രോഗമെന്ന ഭീതിയില്‍ നിന്ന് മോചനം

കഴിഞ്ഞ പോസ്റ്റില്‍ ഒരു ചോദ്യത്തിലാണു നിര്‍ത്തിയത്‌. അവിടെ നിന്നുമാരംഭിക്കാം.

രോഗങ്ങള്‍ പൂര്‍വ്വജന്മകൃതം പാപമാണെങ്കില്‍ ചികിത്സയുടെ സാംഗത്യമെന്താണു?

ഏത്‌ ബോധസത്തയിലൂടെയാണോ രോഗം വന്നുകയറിയത്‌ ആ ബോധസത്തയിലേക്ക്‌ ആണ്ടിറങ്ങി ഹേതുവായിരിക്കുന്ന ബോധത്തെ തന്നെ മാറ്റിവയ്ക്കാന്‍ കഴിയുന്ന ഒരു ചികിത്സക്കുമാത്രമേ മാനവരാശിയെ അരോഗാവസ്ഥയിലേക്ക്‌ നയിക്കാനാവു. അതിനു രോഗി, താന്‍ ഇപ്പ്പ്പോള്‍ രോഗിയല്ല, രോഗം തന്റെ ശാശ്വതമായ സ്വഭാവമല്ല, തനിക്ക്‌ രോഗമില്ല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു, ആ കാലത്തിലേക്ക്‌ തിരിച്ച്‌ പോകാന്‍ കഴിയും എന്നറിയുന്നതാണു ആ ചികിത്സയുടെ സ്വരു‌പം.

ഇതു കൊള്ളാം, രോഗി താന്‍ രോഗിയല്ലെന്ന് വിചാരിച്ചാലുടന്‍ രോഗമങ്ങ്‌ പോകുമോ? ഇതൊരു തരം വിശ്വാസചികിത്സയല്ലെ?

അല്ലല്ലോ. തനിക്ക്‌ രോഗമില്ലെന്ന് രോഗി വിചാരിച്ചാല്‍ പോകാനുള്ളതേയുള്ളു രോഗങ്ങളെല്ലാം. വിചാരം കൊണ്ട്‌ രോഗത്തെ നിയന്ത്രിച്ച്‌ നിര്‍ത്താമെന്നതിനു തെളിവുകള്‍ ആവശ്യമുണ്ടോ? രോഗത്തെ ഒരു വരുമാനമാര്‍ഗ്ഗമാക്കുന്ന യാചകരെ കണ്ടിട്ടില്ലെ? ഓച്ചിറയിലും, മലയാറ്റൂരുമൊക്കെ പോയാല്‍ അത്തരക്കാരെ കാണാം. മെഡിക്കല്‍ സയന്‍സിനെ വെല്ലുവിളിച്ചു കൊണ്ട്‌ രോഗവുമായി അവര്‍ ജീവിക്കുന്നു. സാധാരണ ഒരു മദ്ധ്യവര്‍ഗ്ഗ രോഗിയാണെങ്കില്‍ ഡോക്ടറന്മാര്‍ 6 മാസം അല്ലെങ്കില്‍ ഒരു വര്‍ഷമൊക്കെയേ ജീവിച്ചിരിക്കു എന്ന് വിധിയെഴുതുന്ന രോഗങ്ങളുമായി അവര്‍ വളരെക്കാലം ജീവിക്കുന്നു. അവര്‍ക്ക്‌ രോഗത്തെ ഭയമില്ല. കാരണം രോഗമാണു അവരുടെ ജീവിതോപാധി. അതില്ലെങ്കില്‍ ഭക്ഷണം നേടാനാവാതെ അവര്‍ മരിച്ച്‌ പോകും. അതു കൊണ്ട്‌ രോഗത്തിന്റെ ഭീകരതയെ അവര്‍ മനസ്സ്‌ കൊണ്ട്‌ അകറ്റി നിര്‍ത്തും. ഇതു പോലെ ജീവിച്ചിരിക്കണമെന്ന് നിര്‍ബ്ബന്ധബുദ്ധിയുള്ളവര്‍ സാധാരണകാരായിരുന്നാലും രോഗത്തെ മറികടക്കുന്നത്‌ കണ്ടിട്ടുണ്ട്‌. യുദ്ധമുന്നണികളിലൊക്കെ രക്തം വാര്‍ന്ന് വീഴുന്ന എത്രയോ ഭടന്മാര്‍ രക്ഷപ്പെടുന്നു. ഒരു സാധാരണ സാമാജികനാണു ആ അവസ്ഥയില്‍ പെടുന്നതെങ്കില്‍ അത്രജീവിച്ചിരിക്കുമെന്ന് ഉറപ്പ്‌ പറയാനാവില്ല. ഇതൊക്കെ ചില ഉദാഹരണങ്ങള്‍....

പിന്നെയെന്താ ഈ ചികിത്സ അല്ലെങ്കില്‍ councilling വ്യാപകമാകാത്തത്‌?

അതിനു ഇന്ന് പ്രായോഗികമായി പല തടസ്സങ്ങളുമുണ്ട്‌. കേരളത്തിലാണെങ്കില്‍ ഇത്‌ വളരെ രൂക്ഷവുമാണു. ഇവിടെ സാമാന്യവിദ്യാഭ്യാസം ലഭിച്ച ഏതൊരാളും രോഗത്തിന്റെ പൂര്‍വ്വരൂപം, നിദാനം, ചികിത്സ എന്നിവയേക്കുറിച്ച്‌ അപൂര്‍ണ്ണവും വികലവുമായ അനേകം അറിവുകള്‍ സ്വയമേവ നേടിവച്ചിട്ടുണ്ട്‌. മെഡിക്കല്‍ രംഗത്തെ വ്യവസായികള്‍ മാദ്ധ്യമങ്ങളെ ഉപയോഗിച്ച്‌ ചെയ്തൊരു ചതിവാണത്‌. രോഗവും ചികിത്സയും എല്ലാവര്‍ക്കും പഠിക്കാവുന്ന ചര്‍ച്ച ചെയ്യാവുന്ന ഒരു വിഷയമായി മാറി. പണ്ട്‌ എട്ടും പത്തും കൊല്ലം ഒരു വൈദ്യന്റെ കീഴില്‍ നിന്ന് സംസ്കൃതവും വൈദ്യഗ്രന്ഥങ്ങളും പഠിക്കുകയും, രോഗികളെ പരിചരിക്കുകയും മരുന്ന് അരച്ചും ഉരുട്ടിയും ഉണ്ടാക്കിയും ഒക്കെ കഴിഞ്ഞാലെ വൈദ്യസംബന്ധമായി എന്തെങ്കിലും പറയാന്‍ തന്നെ പ്രാപ്തനാകു. പുതിയ വിദ്യാഭ്യാസരീതിയിലും ഇതിനൊക്കെ സമാനമായി ആറേഴു കൊല്ലം ചെലവഴിക്കാതെ തരമില്ല. അവരുടെ മേഖലയാണു സാമാന്യ വിദ്യാഭ്യാസം മാത്രമുള്ള സാമാജികര്‍ക്ക്‌ തുറന്നിട്ട്‌ കൊടുത്തിരിക്കുന്നത്‌.

ശരീരശാസ്ത്രത്തിന്റേയോ ചികിത്സയുടേയോ സാമാന്യ തത്ത്വം പോലുമ്മറിയാത്തവരാണു പലപ്പോഴും ഇത്തരം ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്‌. പേരിനു ഒരു വൈദ്യനോ ഡോക്ടറോ കാണും. സാധരണക്കാരന്‍ വിളമ്പുന്ന വിഢിത്തം എത്ര കണ്ട്‌ വൈദ്യം പഠിച്ച ഒരാള്‍ക്ക്‌ തിരുത്തിക്കൊടുക്കാനാകും? മാദ്ധ്യമപ്രവര്‍ത്തകര്‍ ഇതൊന്നും ഗവേഷണം ചെയ്തിട്ടല്ല വാര്‍ത്തകള്‍ നിര്‍മ്മിക്കുന്നത്‌. അവര്‍ക്ക്‌ മനസിലാകുന്ന അരികും മൂലയും വച്ച്‌ ചമയ്ക്കും. പലപ്പോഴും അത്‌ പമ്പര വിഢിത്തവുമാകും. എന്നു മാത്രമല്ല വാര്‍ത്തകള്‍ ചെന്നെത്തുന്നവരെ അമ്പരപ്പിക്കുക എന്ന ലക്ഷ്യത്തില്‍ അതിശയോക്തികള്‍ വേണ്ടത്ര ചേര്‍ക്കുകയും ചെയ്യും. ഇതൊക്കെ കാരണം ഇന്നൊരു തലവേദന വന്നാല്‍ ഒരു സാമാന്യപൗരന്‍ ചിന്തിക്കുന്നത്‌ അത്‌ 'ബ്രെയിന്‍ ട്യൂമര്‍' ആയിരിക്കുമോ എന്നാണു. അത്രയ്ക്‌ വ്യാപകവും അബദ്ധജടിലവുമായിരിക്കുന്നു പോപ്പുലര്‍ വൈദ്യവിൂജ്ഞാനം! ആ ഒരര്‍ത്ഥത്തില്‍ ഈ പോസ്റ്റുകള്‍ പോലും അപകടരങ്ങളാണു.

വിഷയം മാറിയോ എന്ന് ഒരു സംശയം. ചികിത്സയെപ്പറ്റി വിവരിച്ചില്ല......

അതിലേക്ക്‌ വരികയാണു....ഇങ്ങനെ ചര്‍ച്ചചെയ്യമെന്നാകുമ്പോള്‍ ഭീതദങ്ങളായ ആരോഗ്യപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുകയും, അത്‌ ഒരറിവായി ബോധത്തില്‍ കടന്ന് കൂടുകയും ചെയ്യും. അത്തരം ചര്‍ച്ചകളുടേയും പഠനങ്ങളുടേയും നിഗൂഢതകളില്‍ ഭീതി നിലനില്‍ക്കുമ്പോള്‍ ബാഹ്യമായി തനിക്ക്‌ രോഗമില്ലാ എന്ന് പറയാന്‍ തന്റേടം കാട്ടുന്നത്‌ കൊണ്ട്‌ പ്രയോജനമില്ല. ഉള്ള്‌ അപ്പോഴും എതിര്‍ പക്ഷത്തായിരിക്കും. കാരണം അതിനു തക്ക യുക്തികളോടെയാണത്‌ സ്വാംശീകരിച്ചത്‌.

ഈ പദ്‌മവ്യൂഹത്തില്‍ നിന്ന് പുറത്ത്‌ കടക്കാന്‍ എന്താണൊരു മാര്‍ഗ്ഗം?

ആന്തരികമായ ഭീതി പോകണമെങ്കില്‍ അതിനു തക്കതായ ഒരു വിദ്യാഭ്യാസം നേടണം. ചെറുതിലെ അതാരംഭിക്കണം. നമ്മുടെ പാരമ്പര്യത്തില്‍ അത്‌ വേണ്ടുവോളമുണ്ടായിരുന്നു. ആധുനികതയ്ക്ക്‌ വേണ്ടി നാമത്‌ ഉപേക്ഷിച്ചു. എന്നിട്ട്‌ ഇപ്പോള്‍ രോഗഭീതിയുടെ നാല്‍ക്കവലയില്‍ അന്തിച്ച്‌ നില്‍പ്പാണു. 'വെളുക്കുമ്പോള്‍ ഉണരണം, വെളുത്തമുണ്ടുടുക്കണം' എന്നൊക്കെ ചൊല്ലിപ്പഠിപ്പിച്ചപ്പോള്‍ അതിലൊക്കെ ആരോഗ്യത്തിന്റെ പാഠങ്ങള്‍ ഉണ്ടായിരുന്നു. അതൊക്കെ 'മതപരം' 'അന്ധവിശ്വാസം' എന്നൊക്കെ പറഞ്ഞ്‌ നാം മാറ്റി വച്ചു. എന്നിട്ട്‌ രോഗങ്ങളെ കണ്ട്‌ ഭയപ്പെട്ടു നില്‍ക്കുന്നു. ഇത്രയും ശരിയാണോ എന്നാലോചിക്കുക.

സ്ഥൂലത്തില്‍ നിന്ന് സൂക്ഷ്മത്തിലേക്ക്‌ പോകുന്ന പഠനരീതിയാണു പ്രാചീനര്‍ കൈക്കൊള്ളുന്നത്‌. ഒരു കുഞ്ഞു ജനിക്കുന്നതിനു മുമ്പ്‌ അമ്മയുടെ ഉദരത്തിലുണ്ട്‌. അവിടെയെത്തുന്നതിനു മുമ്പ്‌ അമ്മയില്‍ അണ്ഡമായും അഛനില്‍ ബീജമായും ഇരിക്കുകയായിരുന്നു. അതിനും എത്രയോ മുമ്പ്‌ ഔഷധമായോ അന്നമായൊ അതുണ്ട്‌! കാരണം എട്ടൊന്‍പത്‌ വയസ്സുള്ളപ്പോള്‍ ഈ കുഞ്ഞിനു കാരണമായത്‌ അച്ഛനമ്മമാരില്‍ ഇല്ല. സസ്യങ്ങള്‍ക്കും അപ്പുറത്തേക്ക്‌ ആ ചിന്തയെ കൊണ്ടു ചെന്നാല്‍ മേഘങ്ങളിലിരിക്കുന്ന ജലകണമായും സൂര്യന്‍ ചൊരിയുന്ന പ്രകാശമായും അതിനെ കണ്ടെത്താനാവും!

ഇതുപോലെ തന്നെ ഒരാള്‍ രോഗിയാകുമ്പോള്‍, തനിക്ക്‌ രോഗമില്ലാതിരുന്ന ഒരവസ്ഥ അതിനു മുമ്പുണ്ടായിരുന്നുവെന്നും രോഗമുണ്ടാകാനുള്ള സാദ്ധ്യത ഒരു ബീജമായി ഏതോ ജന്മത്തില്‍ കടന്ന് കൂടിയിട്ടുണ്ടെന്നും മനസിലാക്കണം. രോഗത്തിന്റെ പ്രാദുര്‍ഭവം അനേക നാളുകളിലിരുന്ന് അനുകൂലമായ പരിതസ്ഥിതിയെ ഉണ്ടാക്കി, ആ പരിതസ്ഥിതിയും കൂടി അനുകൂലമായപ്പോള്‍ രോഗമായി പുറത്തേക്ക്‌ വന്നുവെന്നേയുള്ളു എന്നറിയണം. ആ അറിവ്‌ രോഗമെന്ന ഭീതിയെ അകറ്റിക്കളയും. അതിനു യോജിച്ച ഒരു വിദ്യാഭ്യാസമാണു ഉണ്ടാകണമെന്ന് പറഞ്ഞത്‌. അത്തരമൊരു വിദ്യാഭ്യാസത്തിനു മാനവരാശിയെ രോഗമില്ലാത്ത ഒരു അവസ്ഥയിലേക്ക്‌ കൊണ്ടു ചെന്നെത്തിക്കാന്‍ കഴിയും.

അപ്പോള്‍ ആധുനിക സാങ്കേതിക വിദ്യയും മറ്റുമുപയോഗിച്ചുള്ള ഇന്നത്തെ നൂതന ചികിത്സാരീതിക്ക്‌ ഒരര്‍ത്ഥവുമില്ലെന്നാണോ?

അതിനേപ്പറ്റിയൊന്നും വിധി നിര്‍ണ്ണയിക്കാന്‍ ഞാന്‍ ആളല്ല! പക്ഷെ, ബോധത്തിലെ ബീജം രോഗമായി പരിണമിക്കുന്ന പരിതസ്ഥിതികളെ മാറ്റി നിര്‍ത്തുമ്പോള്‍ താല്‍ക്കാലികമായി രോഗം മാറി നില്‍ക്കുന്നു എന്ന് മാത്രം.(പരിതസ്ഥിതി നിലനില്‍ക്കാത്തതു കൊണ്ട്‌). രോഗത്തിന്റെ ബീജം അപ്പോഴും അയാളില്‍ ഉണ്ടായിരിക്കും. വീണ്ടും പരിതസ്ഥിതി അനുകൂലമാകുമ്പോള്‍ അത്‌ പുറത്ത്‌ വരും. ഒരു കാന്‍സര്‍ കരിച്ചു കളയുമ്പോഴും അവിടെ രോഗാതുരമായ 10 മില്യണ്‍ കോശങ്ങള്‍ വരെ പിന്നെയും നിലനില്‍ക്കാം എന്ന് പറയുന്നു. ഇത്‌ വച്ച്‌ പ്രാചീനന്റെ ചിന്തയെ ഒന്ന് വിശകലനം ചെയ്തു നോക്കുക.

ബോധത്തില്‍ നിന്നും രോഗത്തെ നീക്കം ചെയ്യുന്ന ചികിത്സ ഭാരതത്തില്‍ പ്രചാരത്തിലുണ്ടായിരുന്നു?

തീര്‍ച്ചയായും. ഉണ്ടായിരുന്നു എന്നു മാത്രമല്ല ഇപ്പോഴുമുണ്ട്‌. അത്‌ അനുവര്‍ത്തിച്ചാല്‍ ചികിത്സ കഴിയുമ്പോള്‍ മരുന്ന് നിര്‍ത്താം. രോഗത്തെ മാനേജു ചെയ്യുകയല്ല, രോഗത്തെ മാറ്റിക്കളയുകയാണവിടെ ചെയ്യുന്നത്‌. അതേപ്പറ്റി കൂടുതലായി പിന്നൊരിക്കല്‍......

17 comments:

അശോക് കർത്താ said...

അപ്പോള്‍ ആധുനിക സാങ്കേതിക വിദ്യയും മറ്റുമുപയോഗിച്ചുള്ള ഇന്നത്തെ നൂതന ചികിത്സാരീതിക്ക്‌ ഒരര്‍ത്ഥവുമില്ലെന്നാണോ?

Dr.Blog said...

ഉണ്ടായിരുന്നെങ്കില്‍ താങ്കള്‍ കഴിക്കുന്ന മനോരോഗ ഗുളികകള്‍ക്ക്‌ എന്തെങ്കിലും ഫലമുണ്ടായേനെയല്ലോ കര്‍ത്താവേ. അതില്‍ നിന്നു തന്നെ ഈ ആധുനിക ചികില്‍സാ രീതികള്‍ വെറുതെയാണെന്ന് നമുക്ക്‌ മനസ്സിലാക്കാവുന്നതേ ഉള്ളു.

പിന്നെ പണ്ടത്തെപ്പോലത്തെ ചൂരല്‍ക്കഷായം- അതു ചിലപ്പോള്‍ താങ്കള്‍ക്ക്‌ ഫലിച്ചെന്നിരിക്കും !

ഒരു “ദേശാഭിമാനി” said...

ഈ പോസ്റ്റിനു നന്ദി! അനുഭവ്ത്തിലുള്ള ഒരു കാര്യം പറയാം. എനിക്കു ഡുയോഡിനല്‍ അള്‍സര്‍ ബാധിച്ചു മൂര്‍ച്ചിച്ചു 5-6 വര്‍ഷം ചികത്സിച്ചിട്ടും ഭേദമാകാതെ,കാര്യം പോക്കാണ് എന്നൂ കരുതിയിരുന്നപ്പോളണു, എനിക്കു ഒരു ഹോമിയോ ഡക്ടറെ പരിചയപ്പെടാന്‍ ഇടയായതു. കേവലം ഒരുആഴ്ച കൊണ്ടു രോഗം ആശ്വസം തരാനും, 3 മാസം കൊണ്ടു മുഴുവനായി മാറാനം അദ്ദേഹത്തിന്റെ ചികത്സാരീതി സഹായിച്ചു. ആദ്യം താങ്കള്‍ സൂച്പ്പിച്ച പോലെ രോഗവസ്ത്തയെ പറ്റി ഒരു “മനസ്സിലാക്കിക്കല്‍” തന്നു. അതോടെ മനസ്സിനു കാര്യം മനസ്സിലായി. പിന്നെ എന്റ്റെ മനസ്സും, ശരീവും, പിന്ന്നെ ഞാനും കൂടി ആണു ഡോക്ടറുടെ മരുന്നു പ്രയോഗം നടത്തിയതു.

ഓരൊ ദിവസവും ഞാന്‍ മനസ്സു കൊണ്ടു എന്റെ പഴയ സന്തോഷകരമായ അസുഖമില്ലാത്ത പഴയ അവസ്തയെ ഓര്‍ത്തും, ഓരോ ഡോസു കഴിക്കുന്ന മരുന്നു, എന്നെ പൂര്‍വ്വ് സ്തിതിയിലേക്കു തിരിച്ചുകൊണ്ടു പോവുകയാണന്നും ഉറച്ചു വിശ്വസിച്ചു.

1986-87 ലെ കാര്യമാണു,ഇതു. Dr. N.H Barlas, Dr.Phiroshi Mehta Road, Bomaby.(അന്നു P.M. Road ല്‍ വലതു വശത്തു 3മത്തെ കെട്ടിടത്തില്‍ ആയിരുന്നു ക്ലിനിക്ക്. കെട്ടിടത്തിന്റെ പേരു മറന്നു പോയി)

ചികത്സാ രംഗത്തു രോഗിയുടെ മനോനില വളരെ മുഖ്യമായ പങ്കു വഹിക്കും എന്നു പിന്നീടു അദേഹം പറഞ്ഞു. രോഗിക്കു-വൈദ്യന്‍-മരുന്നു ഇവയില്‍ വിശ്വാസവും, രോഗം ശ്വാശ്വതമല്ലാത്ത് ഒരു അവസ്ഥ് ആണന്നും സ്വയം തോന്നണം. എന്നാല്‍ കാണുന്നവരൊക്കെ രോഗിയെ ഇങ്ങനെ ഉപദേശിച്ചുകൊണ്ടിരുന്നാല്‍, മാനസിക ഇറിറ്റേഷന്‍ കാരണം ഉദ്ദേശിച്ച ഫലം ലഭിക്കാതെയും ഇരുന്നേക്കാം.

അതുകൊണ്ട്, വൈദ്യ രംഗത്തുള്ളവര്‍ രോഗിയുടെ “സ്വഭാവവും, മനോനിലയും അനുസരിച്ചു ഒരു കൌണ്‍സിലിങ്ങിനു ശേഷം ചികത്സ തുടങ്ങുന്നത് ഗുണം ചെയ്യുമെന്നു അനുഭവം പഠിപ്പിക്കുന്നു”

, ആരും രോഗികളാകാതിരിക്കട്ടെ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ടു ! എല്ലാവരോടും സ്നേഹത്തോടെ,

ഒരു “ദേശാഭിമാനി” said...

ഞാന്‍ മുന്‍‌പു സൂചിപ്പിച്ച കാര്യം എല്ലാവര്‍ക്കും ബാധകമാകണമെന്നില്ല. പോസിറ്റീവ് ചിന്ത ആണു ആവശ്യം

അശോക് കർത്താ said...

ദേശാഭിമാനിക്ക്,
പണ്ഡിതര്‍ക്ക് കടലാസിലുള്ളത് പ്രധാനം. സാധാരണക്കാര്‍ക്ക് അനുഭവമാണു പ്രധാനം. എല്ലാവര്‍ക്കും അനുഭവമുണ്ടാകണമെന്നില്ല എന്ന താങ്കളുടെ അഭിപ്രായം ശരിയാണു.

അങ്കിള്‍ said...

ബൈപാസ്സ്‌ കഴിഞ്ഞ, ഹൈ ഡയബെറ്റിക്കായ ഞാന്‍ ഇതൊന്നുമില്ലെന്ന ധാരണയില്‍ പ്രവര്‍ത്തിക്കുന്നതു കൊണ്ടാകാം എനിക്കുള്ള ഈ അസുഖങ്ങളെപറ്റി അറിയുമ്പോള്‍ ചിലരെങ്കിലും അമ്പരക്കുന്നത്‌. പക്ഷേ, കൃത്യമായി ഞാന്‍ മരുന്നു കഴിക്കുന്നുണ്ട്.

ഡി .പ്രദീപ് കുമാർ said...

മാനസികമായി തളരാതിരുന്നാല്‍ രോഗങ്ങളെ ഒരു പരിധി വരെ അതിജീവിക്കാം എന്നത് സത്യം.അതില്‍ നിന്ന് അതിവായന നടത്തിയാല്‍ അനാദികാലദോഷങ്ങളാണു രോഗ ഹേതുവെന്നു വരെ കണ്ടെത്താം.ബോധത്തില്‍ നിന്ന് റോഗബീജത്തെ അകരാനുള്ള തന്ത്ര-മന്ത്രാദികളും കൂടോത്രവും കൂടി പറഞ്ഞുതന്നെങ്കില്‍ നന്നായി!

Suresh said...

തന്ത്ര-മന്ത്രാദികളും കൂടോത്രവും പഠിപ്പിക്കാന്‍ ഒരു സര്‍വ്വകലാശാലയും കൂടി തുടങ്ങിയാല്‍ ഭാരതം രോഗങ്ങളില്‍ നിന്ന് മുക്തമാവും. അതിന് കൂടി ഉത്സാഹിച്ചാല്‍ നന്നായേനേ

ജ്യോതിര്‍ഗമയ said...

ഒരു വൈദ്യന്‍ പറഞ്ഞത് :- പൂര്‍വ ജന്മത്തില്‍ ചെയ്ത പാപം രോഗമായി വരാം എന്നാണ് ആയുര്‍വേദം പറയുന്നത്.

കര്‍ത്താവ് പറയുന്നത് :- പൂര്‍വ ജന്മത്തിലെ പാപങ്ങളാണ് രോഗങ്ങള്‍.

രണ്ടിന്റെയും വ്യത്യാസം നോക്കൂ :-
‘ മഴ പെയ്തതുകൊണ്ടാണ് തവള കരഞ്ഞത്.’
‘തവള കരഞ്ഞതുകൊണ്ടാണ് മഴ പെയ്തത്’.

എങ്ങനെയുണ്ട് ഞായം??!

ഇതുപോലുള്ള ചരക്കുകളെ വേണം മെഡിക്കല്‍ യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സിലറാക്കാന്‍!

ജ്യോതിര്‍ഗമയ said...

റെജിസ്ട്രെഷന്‍ പോലുമില്ലാ‍തെ ആളെ ചികിത്സിച്ചു കൊല്ലാനിറങ്ങിയിരിക്കുന്ന കര്‍ത്താവിനെതിരേ പൊതുജനം സംഘടിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു. ഒരു പെറ്റീഷന്‍ ഫയല്‍ ചെയ്യാനുള്ള ഒരുക്കത്തിലാണ് ബൂലോകത്തെ ചിലര്‍.

അശോക് കർത്താ said...

സ്വന്തമായി ഒരു പേരു പോലുമില്ലാത്ത റവല്യൂഷന്‍സേ,

"കേസ്സെടുത്തളയും" എന്നൊക്കെ പറഞ്ഞ്‌ നടക്കുന്നത്‌ ഒരു ചീപ്പ്‌ പരിപാടിയാ. അതേ കയ്യിലുള്ളു എന്നറിയാഞ്ഞിട്ടല്ല! പക്ഷെ അതൊക്കെ ചെലവാകുന്ന വേറെ സ്ഥലം നോക്കുന്നത്‌ നന്നായിരിക്കും. സ്വന്തം അടിത്തറ ഇളകുമ്പോള്‍ അസിഹിഷ്ണുത ഉണ്ടാകുന്നത്‌ സ്വാഭാവികം. അതിന്റെ പേരില്‍ വായില്‍ തോന്നുന്നത്‌ പറഞ്ഞ്‌ നടന്നെന്നുമിരിക്കും. ആരു ശ്രദ്ധിക്കുന്നു. ശ്രദ്ധപിടിച്ച്‌ പറ്റാന്‍ വേണ്ടിയായാണൊ കോടതിയെ സമീപിക്കും എന്ന് ഇപ്പോള്‍ പറയുന്നത്‌? എങ്കില്‍ അതങ്ങ്‌ കയ്യിലിരിക്കട്ടെ. ചില തരം താണ കവലച്ചട്ടമ്പികളെപ്പോലെ അതൊക്കെ പറഞ്ഞ്‌ വിലസി നടക്കുന്നത്‌ എന്തിനാ? അത്‌ ഭീരുത്വമാണു. അതങ്ങ് ചെയ്താല്‍ പോരെ. ഇങ്ങനെ പറഞ്ഞ് നടക്കണോ? ഇത് എന്തിനാണു എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസിലാകുന്നില്ല. പിന്നെ ഈ സര്‍വ്വകലാശാലകള്‍ നല്‍കുന്ന ഡിഗ്രിയൊന്നും എനിക്കില്ല. ശ്രമിക്കാഞ്ഞിട്ടല്ല. സ്വന്തം ജീവിതത്തിനു ഉതകുന്നതൊന്നും അവിടങ്ങളിലെ പഠിപ്പില്‍ നിന്ന് കിട്ടാതായപ്പോള്‍ പകുതി വഴിക്ക്‌ ഇട്ടിട്ട്‌ പോന്നതാണു. അങ്ങനെ മൂന്നു നാലെണ്ണമുണ്ട്‌. ഇപ്പോ ചെയ്യതിനു അതൊന്നും അവശ്യമുണ്ടെന്ന് തോന്നിയില്ല. അതിനു കേസ്സ്‌ കൊടുക്കുന്നെങ്കില്‍ വെറുതെ പറഞ്ഞ്‌ സമയം കളയാതെ അതങ്ങ്‌ കൊട്‌...........

positron said...
This comment has been removed by the author.
positron said...

ak യുടെ പോസ്റ്റുകള്‍ വായിച്ച്‌ പോകുമ്പോള്‍ ശാസ്ത്രമാണെന്ന് പെട്ടെന്ന് തോന്നാം. ആലോചിച്ച്‌ നോക്കുമ്പോള്‍ ചിലതൊക്കെ അനുഭവങ്ങളാണു താനും. അത്‌ പോസ്റ്റിന്റെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. പക്ഷെ പോസ്റ്റില്‍ പറയുന്ന കാര്യങ്ങള്‍ പരീക്ഷണവിധേയമായി തെളിയിക്കാനുള്ള തെളിവുകളോ പരീക്ഷണരീതികളോ അതില്‍ ഇല്ല. പ്രമാണങ്ങള്‍ക്ക്‌ ശാസ്ത്രീയാടിത്തറയില്ലെന്ന് ചുരുക്കം. ഇന്നത്തെ ശസ്ത്രം അത്‌ കൊണ്ടു തന്നെ അത്‌ അംഗീകരിക്കുകയുമില്ല. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്തു കൊണ്ട്‌ മികവുകാട്ടി എന്നതിനു ak യുടെ പോസ്റ്റില്‍ ഉത്തരമുണ്ട്‌. അനുഭവം കൊണ്ട്‌ അത്‌ കുറച്ചൊക്കെ ശരിയുമാണെന്ന് വിശ്വസിക്കാം. പക്ഷെ അതിനു ശാസ്ത്രീയ തെളിവുകള്‍ ഇല്ല. സച്ചിനൊപ്പം പ്രാക്ടീസു ചെയ്തവര്‍ സച്ചിനേക്കാള്‍ മികച്ചവരാകാന്‍ ശാസ്ത്രയുക്ത്യാ ഘടകങ്ങള്‍ ഉണ്ടായിട്ടും എന്തുകൊണ്ട്‌ സച്ചിനേപ്പോലെ മികവുള്ളവരായില്ല എന്നുള്ളതിനു ഇന്നത്തെ ശാസ്ത്രത്തിനും മറുപടിയില്ല.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പ്രിയ അശോക്‌ കര്‍ത്താ,

നന്നായി എഴുതിയിരിക്കുന്നു. പക്ഷെ
"ദൃഷ്ടാപചാരജഃ കശ്ചിത്‌
കശ്ചിത്‌ പൂര്‍വാപരാധജഃ" എന്നു കൂടി അഷ്ടാംഗഹൃദയത്തില്‍ തന്നെ ഉണ്ടല്ലൊ. അതും കൂടി കണക്കില്‍ടുക്കണം.
വിദ്യാഭ്യാസരീതി മാറിയതിന്റെ ഗുനവും ദോഷവും രണ്ടും കണക്കിലെടുക്കേണ്ടതു തന്നെ ആണ്‌ എന്നാലേ പുരോഗമനം സാധ്യമാകൂ.

അശോക് കർത്താ said...

ഇന്ത്യാ ഹെറിറ്റേജ്,
താങ്കളേപ്പോലുള്ളവര്‍ ശക്തമായി ഇടപെടുമ്പോഴെ ഇത്തരം പോസ്റ്റുകള്‍ സാര്‍ത്ഥകമാകു. അക്ഷരക്കഷായം ഒരു ശാസ്ത്ര ബ്ലോഗല്ല. പാരമ്പര്യത്തിലേക്ക് തുറന്ന് വച്ചിരിക്കുന്ന ഒരു ജാലകം മാത്രം. താല്‍പ്പര്യവും ആവശ്യവുമുള്ളവര്‍ മുന്നോട്ട് പൊയ്ക്കൊളും. അവരെ നയിക്കാനുള്ള ഈട് വയ്പുകള്‍ എത്രവേണമെങ്കിലും ഭാരതീയ വൈജ്ഞാനികത്തിലുണ്ടല്ലോ. നന്ദി
ak

Anonymous said...

yaadruchikamaayaanu ee blogil ethiyathu.. enthu pinnaakka vaidyare ezhuthivachekkunne? koottinu oru murivaidyan vereyum..Vivaramulla kuttyol kaarkkichu thuppum ....
Edo, anubhavam aanu ningale nayikkunnathenkil, athinu ivide aarum ethiralla. Ningalkku anubhavichu kazhinhaal athu theernnu.Ennaal oro anubhavathinum oru padu kaarya kaaranangal olinhu kidappundu..Athu chikayalaanu saasthram.Thanikku thala pukayaan vayyenkil vendedo..

അഹങ്കാരി... said...

പൂര്‍വ ജന്മത്തില്‍ ചെയ്ത പാപം രോഗമായി

കര്‍ത്താവ് പറയുന്നത് :- പൂര്‍വ ജന്മത്തിലെ പാപങ്ങളാണ് രോഗങ്ങള്‍.



revolutions.. എനിക്കു രണ്ടിനും തമ്മില്‍ വലിയ വ്യത്യാസമൊന്നും തോന്നിയില്ല , രണ്ടാമത്തേതിനു ഉറപ്പ് കൂടുതലാണ് എന്നല്ലാതെ....

താങ്കള്‍ വ്യാഖ്യാനിച്ചതല്‍പ്പം കടന്നു പോയില്ലേ?