Tuesday, March 20, 2007

ഭക്ഷണപ്പുരകള്‍

ഭക്ഷണപ്പുരകള്‍

‍നമ്മുടെ നാട്ടില്‍ ജൂവലറികളും തുണിക്കടകളും കഴിഞ്ഞാല്‍ കൂടുതലായിക്കാണുന്നത്‌ ഭക്ഷണപ്പുരകളാണു.
ഇതിത്ര വ്യാപകമായിട്ട്‌ പതിനഞ്ചോ ഇരുപതോ കൊല്ലമേ ആയിട്ടുള്ളു. തട്ടുകടള്‍, ചായക്കടകള്‍, നാടന്‍ ഹോട്ടലുകള്‍, നക്ഷത്ര ഹോട്ടലുകള്‍ എന്നിങ്ങനെ അതിപ്പോള്‍ ശ്രേണിയായി വികസിച്ച്‌ പോകുന്നു. ഇവിടെയെല്ലാം നല്ല തിരക്കും ആവശ്യത്തിനു കച്ചവടവും നടക്കുന്നുണ്ട്‌.
വീട്ടില്‍ ഭക്ഷണമുണ്ടാക്കി കഴിക്കുന്ന ശീലമായിരുന്നു മലയാളിക്കു ഉണ്ടായിരുന്നത്‌. കാര്‍ഷിക സമൂഹത്തിന്റെ പ്രത്യേകതയാണു അതെന്ന് പറയാം. ഒന്നര നൂറ്റാണ്ട്‌ മുമ്പ്‌ അതിനു മാറ്റം വന്നു. മെക്കാളേയുടെ വിദ്യാഭ്യാസമാണു അതിനു കാരണം. ഭാരതത്തിന്റെ പാരമ്പര്യാധിഷ്ഠിതമായ അറിവിനെ തകര്‍ക്കാനും സമ്പത്ത്‌ കൊള്ളയടിക്കാനും തീരുമാനിച്ച ദരിദ്ര ബ്രിട്ടീഷ്‌ ഭരണകര്‍ത്താക്കള്‍ മെക്കാളെയുടെ വിദ്യാഭ്യാസം ഇവിടെ നടപ്പാക്കി. ദാരിദ്ര്യം കൊണ്ട്‌ ചെയ്തു പോയതാണു. ദാരിദ്ര്യമില്ലാതിരുന്നെങ്കില്‍ കപ്പലുകേറി ഇത്ര ദൂരം വന്ന് പാവം ബ്രിട്ടീഷുകാര്‍ കഷ്ടപ്പെടുമായിരുന്നോ? മെക്കാളെ ബ്രിട്ടീഷ്‌ പാര്‍ലമെന്റില്‍ നടത്തിയ ഒരു പ്രസംഗം ഇതിനു തെളിവാണു. നാമിപ്പോള്‍ ഗള്‍ഫില്‍ പോകുന്നതിന്റെ പ്രേരണയും ഒരു തരം ദാരിദ്ര്യമല്ലേ? ചിന്തിച്ചു നോക്കുക.
മെക്കാളെയുടെ വിദ്യാഭ്യാസം നമ്മുടെ പരമ്പരാഗത അറിവിനെ വികൃതമാക്കി. അതേറ്റവും ബാധിച്ചതു അടുക്കളയേയാണു. നമ്മുടെ ഭക്ഷണശീലം മോശമാണെന്ന് നമുക്ക്‌ തോന്നിത്തുടങ്ങി. പുതിയ തലമുറകള്‍ അത്‌ വിശ്വസിച്ചു. നമ്മുടെ പാരമ്പര്യത്തെ പുശ്ചത്തോടെ നോക്കാന്‍ നമുക്കിപ്പോള്‍ തെല്ലും ലജ്ജയില്ല.പുതുലോകത്തിന്റെ പ്രതീക്ഷയില്‍'അടുക്കളയില്‍' നിന്നും സ്ത്രീ അരങ്ങത്തേക്ക്‌ വന്നു. അടുക്കള തകരുകയും അതിരുകളില്ലാത്ത മത്സരങ്ങളുടെ ലോകം സ്ത്രീക്ക്‌ തുറന്നുകിട്ടുകയും ചെയ്തു. അടുക്കള മോശമാണെങ്കിലും ആണുങ്ങള്‍ കുശിനിക്കാരാകുന്ന സര്‍വ്വകലാശാലാ വിദ്യാഭ്യാസം പിന്നീടുണ്ടാകുന്നതു കാണാം. സംഗതി അപ്പോള്‍ അത്ര മോശമല്ലെന്ന് ചുരുക്കം. സ്ത്രീകളെ അടുക്കളയില്‍ നിന്നും ഇറക്കണമെന്നേ "അടുക്കളയില്‍ നിന്ന് അറങ്ങത്തേക്ക്‌" എന്ന മുദ്രാവാക്യത്തിനു ലക്ഷ്യം ഉണ്ടായിരുന്നുള്ളു എന്നു വിചാരിക്കാം. സ്ത്രീകള്‍ പതുക്കെ കുടുംബം വിട്ടിറങ്ങി. പരമ്പര വഴി കിട്ടിയിരുന്ന അറിവിനെ അവര്‍ ഉപേക്ഷിച്ചു!തീയും പുകയുമേറ്റ്‌ കരിയുന്ന അസ്വതന്ത്ര ലോകങ്ങളില്‍ നിന്ന് സ്ത്രീ മോചിതയായി. അടുക്കളയും, കുടുംബവും ഒന്നും ഇപ്പോള്‍ അവളുടെ പരിഗണനയില്‍ ഇല്ല.
യഥാര്‍ത്ഥത്തില്‍ ഒരു അത്ഭുത ലോകമാണു അടുക്കള. അതു മനസ്സിലാകുന്നവര്‍ ചുരുക്കമാണു. ഓരോ അടുക്കളയും ഓരോ രസ പരീക്ഷണശാലകളാണു. കഞ്ഞിയായാലും സദ്യവട്ടമായാലും അതു നിര്‍മ്മിക്കപ്പെടുന്നത്‌ ആരോഗ്യം ഉണ്ടാവണമെന്ന സങ്കല്‍പത്തോടെയാണു. പണമല്ല അവിടുത്തെ ലക്ഷ്യം. എന്നാല്‍ ഭക്ഷണപ്പുരകള്‍ അങ്ങനെയല്ല. അവിടെ കാശു മാത്രമേ നോട്ടമുള്ളു. നമ്മുടെ ആരോഗ്യം പോയാലും മുതലാളിക്ക്‌ പണമുണ്ടാകണം. അമ്മയുടെ മനസ്സ്‌ അങ്ങനെയല്ല. അമ്മയാണല്ലോ അടുക്കളയുടെ അധിപ.അടുക്കളയില്‍
അമ്മ രസാദ്ധ്യക്ഷയാണു. കുടുംബാംഗങ്ങള്‍ ഭക്ഷണം വഴി എതൊക്കെ രസങ്ങള്‍ കഴിച്ചാല്‍ നല്ല ആരോഗ്യത്തോടെ ഇരിക്കും എന്നാണു അമ്മ ആലോചിക്കുന്നതു. രസങ്ങള്‍ തീരുമാനിക്കുന്നതു കൊണ്ട്‌ രസാദ്ധ്യക്ഷയായി. ഇന്നത്തെ അമ്മമാര്‍ക്ക്‌ ഇത്‌ തീരെ യോജിക്കില്ലെന്നറിയാം. അതിനുള്ള കഴിവ്‌ അവര്‍ക്കില്ല. അവര്‍ക്ക്‌ തീരുമാനിക്കാന്‍ കഴിയുന്നതു രസങ്ങളല്ല, ഫാസ്റ്റ്‌ ഫുഡ്‌ ഹോട്ടലുകളുടെ പേരുകള്‍ മാത്രമാണു. അവിടെക്കാണുന്നതൊക്കെ യാതൊരു വിവേചനവുമില്ലാതെ കുട്ടികള്‍ക്ക്‌ വാങ്ങിക്കൊടുക്കുകയും സ്വയം വെട്ടി വിഴുങ്ങുകയും ചെയ്യും. ആരോഗ്യത്തെ ഇതൊക്കെ ബാധിക്കുമോ എന്നൊന്നും നോക്കാറില്ല.
ഒരു വീട്ടില്‍ പലേതരത്തിലുള്ള ആള്‍ക്കാര്‍ ഉണ്ടാകും. അതുകൊണ്ടു എല്ലാവര്‍ക്കും ഒരേതരത്തിലുള്ള ഭക്ഷണം പോര. പഠിക്കുന്ന കുഞ്ഞിനുള്ള ആഹാരമല്ല പറമ്പില്‍ പണിയെടുക്കുന്നാള്‍ക്ക്‌ കൊടുക്കേണ്ടത്‌. അച്ഛനും ഭര്‍ത്താവിനും വ്യത്യസ്ഥമായിരിക്കണം ഭക്ഷണം. ഇങ്ങനെ ഓരോത്തര്‍ക്കും അവരുടെ ആവശ്യത്തിനനുസരിച്ച്‌ ആഹാരം വ്യത്യസ്ഥമാക്കിക്കൊടുക്കുന്ന മായാജാലം അമ്മമാര്‍ക്ക്‌ മാത്രമറിയുന്നതാണു. അതു പരമ്പരയായി മാത്രമേ ലഭിക്കു.ഒരൊറ്റ വയ്പേ വീട്ടില്‍ കാണുകയുള്ളൂ. എങ്കിലും എല്ലാവര്‍ക്കും വ്യത്യസ്ഥ ഭക്ഷണം കിട്ടുകയും ചെയ്യും. ഭക്ഷണം വിളമ്പുന്നതു വഴിയാണു അതു സാധിക്കുന്നതു. പുഴുങ്ങിയ കോഴിമുട്ട സ്കൂളില്‍പ്പോകുന്ന മകന്റെ/മകളുടെ ചോറ്റുപാത്രത്തിലേക്ക്‌ അറിയാതെ കയറിപ്പോകുന്നതും, പറമ്പില്‍ ജോലിക്കു പോകുന്ന ആളെ രണ്ടു കഷണം കപ്പ കൂടുതല്‍ തീറ്റിക്കുന്നതും ഒരു വിദ്യ. വിശ്രമിക്കുന്ന ഗൃഹനാഥനു പൊടിയരിക്കഞ്ഞിയും പപ്പടവും. ഗര്‍ഭിണിയായ സഹോദരിക്ക്‌ വ്യാക്കിനു പറ്റുന്ന വിധം ഒരു പുളിയന്‍ കറി. ഭക്ഷണം നല്‍കുന്നതില്‍ പൊടിക്കൈ അനേകമുണ്ട്‌. രോഗം വന്നിരിക്കുന്ന മുത്തശ്ശിക്കു പാല്‍ വളെരെ നീട്ടി ഒരു പാനീയം. ഒന്നര വയസ്സുകാരനു ഏത്തക്കായ കൊണ്ട്‌ ഒരു കുറുക്ക്‌. രസാദ്ധ്യക്ഷയുടെ മായാജാലം ഇങ്ങനെ അനവധിയുണ്ട്‌. ഇതൊക്കെ വലിച്ചെറിഞ്ഞാണു കേരള സമൂഹം ഷെഫുകളുടെ രസതന്ത്രത്തില്‍ ചെന്നു ചാടിയത്‌. പിന്നെ മൊത്തം ഗ്യാസ്സായി. സ്പോണ്ടുലോസ്സിസ്സായി. കാന്‍സറായി. ജീവിതം രോഗാതുരമായി.
ഏതിനും ഒരു നല്ല വശമുണ്ടാകുമല്ലോ. ഇവിടെയും അതില്ലെന്ന് പറയാന്‍ പറ്റില്ല. ആശുപത്രികളും ഡോക്ടറന്മാരും അതിനോട്‌ ചുറ്റിപ്പറ്റി കുറേ മനുഷ്യരും ജീവിക്കുന്നു.
തൊഴിലിനായി പട്ടണപ്രവേശം നടത്തിയപ്പോള്‍ നമുക്ക്‌ നഷ്ടമായതു വലിയൊരു പാരമ്പര്യവും അറിവുമാണു. സാമ്പത്തികമായും, സാമൂഹികമായും, ആരോഗ്യപരമായും ഈ ചുവടുമാറ്റം നമുക്ക്‌ ഗുണം ചെയ്തിട്ടുണ്ടോ?ആള്‍ പ്രതിയുള്ള വരുമാനം റുപ്പികയുടെ കണക്കില്‍ വര്‍ദ്ധിച്ചു എന്ന് സമ്മതിക്കാം. പക്ഷെ ചിലവിനത്തില്‍ എന്തു മാറ്റം ഉണ്ടായി എന്നാരും കണക്ക്‌ പറയുന്നില്ല. വീട്ടുവാടക, യാത്രക്കൂലി, ചികില്‍സാ ചെലവുകള്‍, പച്ചക്കറികള്‍ക്കും, ധാന്യത്തിനുമുള്ള വില ഒക്കെ പരിഗണിക്കുമ്പോള്‍ സാമ്പത്തികമായി പോലും മെച്ചമുണ്ടെന്ന് പറയാമോ?ആരോഗ്യത്തിന്റെ കാര്യമെടുക്കുമ്പോള്‍ അതിലും കഷ്ടമാണു കാര്യം. രോഗമില്ലാത്തവര്‍ ഇന്ന് ചുരുക്കമാണു. കഴിക്കുന്ന ആഹാരം കൊണ്ട്‌ പോഷിപ്പിക്കപ്പെടുന്നതാണു ശരീരമെന്ന് നാം മറന്നിരിക്കുന്നു. കുട്ടികളൊക്കെ ചെറുപ്പത്തിലെ കണ്ണട ധരിക്കാനും ഇന്‍ഹേലര്‍ കൊണ്ട്‌ നടക്കാനും തുടങ്ങി. ഭക്ഷണത്തിലുള്ള അപാകതയാണു പലപ്പോഴും രോഗങ്ങള്‍ക്ക്‌ കാരണം. ഭക്ഷണപ്പുരകള്‍ അതിലേക്ക നല്‍കുന്ന സംഭാവന വളരെ വലുതാണു.
പരമ്പരാഗതമായ പലതും വിട്ടപ്പോള്‍ നെല്ലും തേങ്ങയും അക്കൂട്ടത്തില്‍ പോയി. തേങ്ങക്ക്‌ വില 8ഉം 10ഉം ആകുമ്പോള്‍ മലയാളിക്ക്‌ സന്തോഷം. കുറയുമ്പോള്‍ സങ്കടം.ഒരു തേങ്ങാക്കച്ചവടക്കാരന്റെ സ്ഥാനത്ത്‌ നിന്ന് ചിന്തിക്കാനാണു മലയാളിക്ക്‌ എപ്പോഴും താല്‍പര്യം. അല്ലാതെ തേങ്ങയും വെളിച്ചെണ്ണയും ഉപയോഗിച്ചാല്‍ ആരോഗ്യമുണ്ടാകുമെന്നും അതു വഴി ഗവണ്മെന്റിനു പൊതുജനാരോഗ്യ വകുപ്പില്‍ പണച്ചെലവു കുറയുമെന്നും ആരും ചിന്തിച്ചു കാണുന്നില്ല. ഒരു തരം കച്ചവടമനസ്ഥിതിയാണു നാം ഭക്ഷണമുള്‍പ്പെടെ എല്ലാ പ്രധാന കാര്യങ്ങളിലും പിന്തുടരുന്നത്‌. നമ്മുടെ പാരമ്പര്യത്തിലെ ഒരു ശക്തമായ കണ്ണിയായിരുന്ന തെങ്ങ്‌ വെട്ടിമാറ്റിയിട്ടു വലിച്ചാല്‍ നീളുന്നതും വിട്ടാല്‍ പൂര്‍വ്വസ്ഥിതിയെ പ്രാപിക്കുന്നതുമായ റബ്ബര്‍ അവിടെ പ്രതിഷ്ഠിച്ചു.എന്തിനു? നാലു കാശിനു. കാശു കണ്ടാല്‍ മലയാളി എന്തും നക്കും. ഒരു തരം ഉളുപ്പില്ലാത്ത ഇലാസ്റ്റിസിറ്റി റബ്ബര്‍ നമുക്ക്‌ സംഭാവന ചെയ്തു കഴിഞ്ഞു! മലയാളിയുടെ ജെനോം മാപ്പ്‌ കൂലങ്കഷമായി ഒന്ന് പഠിക്കണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
അടുക്കളയുടെ സാമ്പത്തികവശം ആരും നോക്കിയിട്ടില്ല. ഒരു നേരത്തെ ഭക്ഷണത്തിനു ശരാശരി 20 രൂപ വച്ച്‌ 4 അംഗങ്ങള്‍ ഉള്ള കുടുംബത്തിനു ഒരു ദിവസം 240 രൂപാ ചെലവാകും. ഒരു മാസത്തേക്കാകുമ്പോള്‍ 7200. കുടുംബ അടുക്കള ഇതിന്റെ അഞ്ചിലൊന്നോ ആറിലൊന്നോ കൊണ്ട്‌ ഓടിക്കാന്‍ കഴിയും. എല്ലാ ദിവസവും തങ്ങള്‍ പുറത്തു പോയിക്കഴിക്കാറില്ലെന്ന് പറയുന്നവരോട്‌ ഒന്നു പറയട്ടെ? പുറത്ത്‌ പോകുമ്പോള്‍ നിങ്ങള്‍ 240 രൂപയില്‍ കൂടുതല്‍ ഒരു നേരത്തിനു ചെലവാക്കുന്നുണ്ട്‌. ആലോചിച്ചാല്‍ ശരിയല്ലെ?ഇതു കൊണ്ട്‌ ആരോഗ്യം മെച്ചപ്പെടുന്നുണ്ടോ? സാദ്ധ്യത കുറവാണു.
മലയാളി ആര്‍ത്തിയോടെ വെട്ടിവിഴുങ്ങുന്നതായ ഒരു ഭക്ഷണം എടുക്കാം. പോട്ടി. അതു കഴിക്കുന്നതിനെക്കുറിച്ച്‌ ഒന്ന് ചിന്തിക്കുക. അതാണല്ലോ ഇപ്പോഴത്തെ ദേശീയ ഭക്ഷണം. പണ്ട്‌ ഈ സാധനം കഴിച്ചു കൊണ്ടിരുന്നതു വളര്‍ത്തു നായ്ക്കളാണു. അപൂര്‍വ്വം ചില അവസരങ്ങളില്‍ നായാടി വര്‍ഗ്ഗത്തില്‍പ്പെട്ടിരുന്നവരും ഉപയോഗിച്ചിരുന്നു. അതും ചത്ത മൃഗത്തിന്റെ നല്‍പ്‌ നോക്കിയിട്ട്‌ മാത്രം. ഇന്നത്‌ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്‌.മൃഗക്കുടലാണു പോട്ടിയുടെ അടിസ്ഥാന ഘടകം. പശു, കാള, ആട്‌ തുടങ്ങിയവയാണെങ്കില്‍ പുല്ലും, പന്നിയാണെങ്കില്‍ മിക്കവാറും മലവുമായിരിക്കും ആ കുഴലിലൂടെ മുന്‍പ്‌ കടന്നു പോയിക്കൊണ്ടിരുന്നത്‌. അത്‌ കഴുകി വൃത്തിയാക്കി അതില്‍ ഓരോതരം ഭക്ഷ്യവസ്തുക്കള്‍ സ്റ്റഫ്‌ ചെയ്ത്‌ തരികയാണു ചെയ്യുന്നത്‌. ഇനി നിങ്ങള്‍ ആലോചിക്കുക....
1. എത്ര ഭംഗിയായി കഴുകണം അതൊന്ന് സാമാന്യമായി വൃത്തിയാകണമെങ്കില്‍?
2. അങ്ങെനെ വൃത്തിയായി കഴുകാനുള്ള സാവകാശമൊക്കെ കച്ചവടക്കാര്‍ക്ക്‌ ഉണ്ടാകുമോ?
3. M N C.കളുടെ സ്ഥാപനങ്ങള്‍ക്കു പോലും വീറും വൃത്തിയും സൂക്ഷിക്കാനാവുന്നില്ലെന്ന് റിപ്പോര്‍ട്ട്‌ ഉണ്ട്‌. ചത്ത പല്ലി, എലിക്കാട്ടം, ചോരയൊക്കെ അവര്‍ വിളമ്പുന്ന ഭക്ഷണത്തിലും കണ്ടത്തിയിട്ടുണ്ട്‌. എങ്കില്‍ തട്ടു കടക്കാരനില്‍ നിന്ന്....?
4. പണ്ടുള്ളവര്‍ നമ്മെക്കാള്‍ വിദ്യാഭ്യാസം കുറഞ്ഞവരും, വിവരദോഷികളും ആയിരുന്നിട്ടും എന്തു കൊണ്ട്‌ ഇതു ഉപയോഗിച്ചില്ല. ദാരിദ്രമായിരുന്നെങ്കില്‍ വേണ്ടുവോളവും ഉണ്ടായിരുന്നു. എന്നിട്ടും...പോട്ടി...? ഇല്ല.
അപ്പോള്‍ അവര്‍ എവിടെ നിന്നോ മനസ്സിലാക്കി ഇതു ആരോഗ്യത്തിനു പറ്റുന്നതല്ല. ഇന്ന് നമുക്ക്‌ ഭക്ഷണത്തേപ്പറ്റി അങ്ങനെ ഒരു അറിവില്ല. നാവിനുപറ്റുമെന്ന് കാണുന്ന എല്ലാം അങ്ങ്‌ തട്ടുകയാണു. ശരീരത്തിനു പറ്റിയതാണോ എന്ന് നോക്കാറില്ല. കുറഞ്ഞ വിലക്ക്‌, ചിലപ്പോള്‍ വെറുതെ തന്നെ കിട്ടുന്ന റോ മറ്റീരിയല്‍ കൊണ്ട്‌ ഉണ്ടാക്കാവുന്ന വമ്പിച്ച ലാഭമാണു പോട്ടിയുണ്ടാക്കുമ്പോള്‍ ഹോട്ടലുകാരന്റെ മനസ്സില്‍. അല്ലാതെ അതു കഴിക്കുന്നവന്റെ ആരോഗ്യമല്ല, അതിനു അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ഇന്ന് എല്ലാവരും ലാഭം നോക്കിയാണു ജീവിക്കുന്നത്‌. ഹോട്ടലുകാരനും വ്യത്യസ്ഥനല്ല.
മലയാളിക്ക്‌ ഒരുപാട്‌ കാര്യങ്ങള്‍ അറിയാം. എന്നാല്‍ ആവശ്യമുള്ളതു പലപ്പോഴും അവനറിയില്ല.
ഒരു പുതിയ സാരി വാങ്ങുമ്പോള്‍ എന്തൊക്കെയാണു നമ്മുടെ സ്ത്രീകള്‍ നിരീക്ഷിക്കുന്നതെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? ലാഭം നോക്കും. സ്റ്റഫ്‌ നല്ലതാണോ എന്നു നോക്കും. ഏതു കമ്പനിയുടേതാണു? ഏതു കടയില്‍ നിന്നാണു വാങ്ങേണ്ടതു. ഒക്കെ നല്ല ശ്രദ്ധയാണു! പോച്ചമ്പള്ളിയോ ഭൂതാരിയോ മെച്ചം? ഇഴയടുപ്പെം എങ്ങനെ? ബോര്‍ഡര്‍ നന്നായിട്ടുണ്ടോ? ബോഡിക്കളറുമായി മാച്ച്‌ ചെയ്യുമോ? എന്തൊക്കെയാ ചര്‍ച്ചകള്‍?
എന്നാല്‍ ഒരു ഹോട്ടലില്‍ കയറി ഫുഡ്‌ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ഇങ്ങനെ വല്ലതും ചെയ്യുമോ? അവിടെ ഭക്ഷണം എങ്ങനെയാണൂ ഉണ്ടാക്കുന്നതു എന്ന് അന്വേഷിക്കാറുണ്ടോ? മാവും വെജിറ്റബള്‍സുമൊക്കെ നല്ലതായിരുന്നോ? ഇറച്ചിയെടുത്ത മൃഗത്തിനു പേയോ വസന്തയോ മറ്റോ ഉണ്ടായിരുന്നോ? അടുക്കളയുടെ വൃത്തി എങ്ങനെയുണ്ട്‌? ഭക്ഷണം ഉണ്ടാക്കുന്നവനു എന്തെങ്കിലും അസുഖമുണ്ടോ?(മിക്ക കുശിനിക്കാര്‍ക്കും കുഴിനഖമെങ്കിലും കാണും) ഭക്ഷണത്തില്‍ ചേര്‍ക്കുന്ന കറിക്കൂട്ടുകള്‍ കാന്‍സര്‍ പോലുള്ള വ്യാധികള്‍ ഉണ്ടക്കുമോ? ആരും ഇതൊന്നും അന്വേഷിച്ചിട്ടല്ല ഭക്ഷണം കഴിക്കുന്നത്‌. ചുമ്മാതങ്ങ്‌ തട്ടും.
ഒരു കമ്മലോ ഇട്ടാല്‍ പത്തു ദിവസം കഴിയുമ്പോള്‍ കീറിപ്പോകുന്ന സാരിയോ വാങ്ങുമ്പോഴുള്ള അന്വേഷണത്വരയുടെ നാലിലൊന്നു പോലും ഈ ശരീരത്തെ പോഷിപ്പിക്കുന്ന ആഹാരം വാങ്ങുമ്പോള്‍ നാം കാണിക്കാറില്ല. ഇതാണു മുന്‍പ്‌ പറഞ്ഞതു ആവശ്യമുള്ള കാര്യത്തില്‍ മലയാളിക്ക്‌ വിവേകമില്ല. അതവനെ വിചിത്രമായ ഒരു അവസ്ഥയിലാണു കൊണ്ടെത്തിച്ചിരിക്കുന്നതു. ഭക്ഷണം കഴിച്ച്‌ ആത്മഹത്യ ചെയ്യുന്ന ഒരു സമൂഹം! മലയാളികളേപ്പോലെ ഇങ്ങനെ ഒരു വര്‍ഗ്ഗത്തെ ലോകത്തില്‍ വേറെങ്ങും കാണാന്‍ കഴിയുമെന്ന് തോന്നുന്നില്ല. കാശുകൊടുത്ത്‌ ആരോഗ്യം നഷ്ടപ്പെടുത്താനും രോഗം വാങ്ങാനും മലയാളിയേ ഉള്ളു. അതിനു മലയാളിക്ക്‌ ഒരു മടിയുമില്ല.
മലയാളിക്ക്‌ "മടി"ഇല്ല എന്ന് പറയുന്നതു അത്ര കണ്ട്‌ ശരിയല്ല. ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ മാത്രമാണു മടി. അതിനു മടി മാത്രമേയുള്ളുതാനും.
ശമ്പളം വാങ്ങുമെങ്കിലും ജോലിചെയ്യാന്‍ മടിയാണു.
മണ്ണിളക്കാനും കൃഷി ചെയ്യാനും മടിയാണു. അതൊക്കെ തമിഴനു വിട്ടു കൊടുത്തിരിക്കുന്നു.
അവന്‍ അരി കൊണ്ടത്തന്നാലും ചോറുവയ്ക്കാന്‍ മടിയാണു. അതു കൊണ്ട്‌ ഹോട്ടലില്‍ പോയി ഉണ്ണുന്നു.
കഞ്ഞി വക്കാന്‍ മടിയാണു, അതുകൊണ്ട്‌ രാത്രിയില്‍ പാര്‍സലുമായി മടങ്ങുന്നു.
ഇഡലിക്ക്‌ മാവരയ്കാന്‍ മടിയാണു അതു കൊണ്ട്‌ അരച്ചമാവ്‌ മേടിക്കുന്നു. ഒപ്പം രോഗാണുക്കള്‍ ഫ്രീ.
കാറു മേടിക്കാന്‍,
സാരി മേടിക്കാന്‍,
സ്വര്‍ണ്ണം പുതുക്കി മേടിക്കാന്‍,
വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കറങ്ങിനടക്കാന്‍, ഇതിനൊന്നും മടിയില്ല.
പക്ഷെ ഒരു ചമ്മന്തിയരക്കാന്‍,
അടയുണ്ടാക്കാന്‍,
ചായയിടാന്‍ ഒക്കെ മടിയാണു സ്ത്രീക്ക്‌.
പുരുഷനാണെങ്കില്‍ അങ്ങനെയല്ല.
യാതൊരു മടിയും കൂടാതെ ചില കാര്യങ്ങളെങ്കിലും ചെയ്യും.
വൈകിട്ടെന്താ പരിപാടിയെന്നാലോചിച്ചു കൊണ്ട്‌ നേരെ ബിവറേജസ്‌ കോര്‍പ്പറേഷന്റെ മുമ്പില്‍ പോയി ക്യൂ നില്‍ക്കും.
അല്ലെങ്കില്‍ ബാറില്‍പ്പോയി രണ്ട്‌ ലാര്‍ജ്ജ്‌ ഫിറ്റ്‌ ചെയ്യും.
അങ്ങനെ അര്‍ദ്ധനാരീശ്വര സങ്കല്‍പ്പം കേരളത്തില്‍ പൂര്‍ണ്ണമാകുന്നു.
ശുഭം
മേമ്പൊടി :
തെറി പറയാന്‍ ആഗ്രഹിക്കുന്നവര്‍ ദയവായി അതു മനസിലൊതുക്കാതെ കമന്‍സില്‍ ഇടുക. ലേഖകന്‍ അത്‌ അര്‍ഹിക്കുന്നുണ്ട്‌. ഇനി, എഴുതാന്‍ പറ്റാത്തവല്ലതുമുണ്ടെങ്കില്‍ മൊബീല്‍ ഫോണിലേക്ക്‌ വിളിച്ചു പറയാം. അതിനു നമ്പര്‍ ആവശ്യമുള്ളവര്‍ ഓര്‍ക്കുടില്‍ സ്കാര്‍പ്പിട്ടാല്‍ നല്‍കുന്നതായിരിക്കും.

32 comments:

Unknown said...

ഡീയര്‍ സര്‍ , താങ്കളുടെ ലേഖനം വളരെയേറെ കാലികപ്രസക്തിയുള്ളതും,മലയാളിസമൂഹത്തില്‍ വന്നു ഭവിച്ചിരിക്കുന്ന ജീര്‍ണ്ണതകളുടെ ഒരു ഭാഗം തുറന്നു കാണിക്കുന്നതുമാണ്.എല്ലാ വീടുകളിലും വളരെ അടിയന്തിരമായി ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വിഷയം കൂടിയാണിത്. പക്ഷെ ആരെങ്കിലും അങ്ങിനെ ചെയ്യുമെന്ന് എനിക്ക് പ്രതീക്ഷയില്ല. കാരണം വീടുകളില്‍ ഇന്ന് സീരിയലുകള്‍ ഒഴിഞ്ഞിട്ട് നേരമില്ല. മലയാളിയുടെ ഈ വിധത്തിലുള്ള പെരുമാറ്റവൈകൃതങ്ങള്‍ക്ക് ,അങ്ങ് മെക്കാളെ പ്രഭുവിനെ വരെ പോയി കുറ്റം പറയുന്ന ആ ശൈലിയോട് എനിക്ക് യോജിപ്പില്ല സര്‍. നമ്മള്‍ പൊതുവെ പാശ്ചാത്യ സംസ്കാരത്തിലുള്ള എത്രയോ നന്മകള്‍ അവഗണിക്കുകയും,അതിലുള്ള തിന്മകള്‍ മൊത്തത്തില്‍ സ്വാംശീകരിച്ചെടുക്കുകയുമാണ് ചെയ്യുന്നത്.മലയാളികള്‍ക്ക് മാത്രമുള്ള ഈ സ്വഭാവദൂഷ്യത്തിന് അവരെ കുറ്റം പറയുന്നതെന്തിന്? നാം നന്നാവുകയെന്നത് നമ്മുടെ മാ‍ത്രം ചുമതലയല്ലെ ? ജീവിതത്തിന്റെ സമസ്ത മേഖലകളും കേരളത്തില്‍ കച്ചവടവല്‍ക്കരിക്കപ്പെടുന്നു. ഇതിനു ആഗോളീകരണത്തെ കുറ്റം പറഞ്ഞിട്ടെന്ത് കാര്യം സര്‍ ? നമുക്കതിനെ പ്രതിരോധിക്കാനും അതിന്റെ നല്ല സാധ്യതകള്‍ പ്രയോജനപ്പെടുത്താനും കഴിയേണ്ടതല്ലേ ? കേരളം ഒരു ഉപഭോഗസംസ്ഥാനമണെന്ന് രാഷ്ട്രീയക്കാരന്‍ അഭിമാനപൂര്‍വ്വം പറയുന്നു. നമുക്ക് വേണ്ടതെല്ലാം അയല്‍‌സംസ്ഥാന (അന്യസംസ്ഥാനം എന്ന പ്രയോഗം പലരും ഉപയൊഗിച്ചുകാണാറുണ്ട്.)ക്കാര്‍ കുറഞ്ഞവിലയില്‍ ഉല്‍പ്പാദിച്ചുതരണം പോലും! സര്‍, ഇതിനെയെല്ലാം കുറ്റപ്പെടുത്തേണ്ടത് നമ്മളെത്തന്നെയാണ്. നമ്മളാണ് ഇതിനൊക്കെ ഉത്തരവാദികള്‍. താങ്കളുടെ ഈ പോസ്റ്റ് വളരെ സീരിയസ്സായ ഒന്നാണ്.അര്‍ഹിക്കുന്ന ഗൌരവത്തോടെ ഇത് ചര്‍ച്ച ചെയ്യപ്പെട്ടെങ്കില്‍ എന്ന് ഞാന്‍ ആശിക്കുന്നു......!!

vimathan said...

മലയാളികളുടെ പാരമ്പര്യ ഭക്ഷണശീലങള്‍ ഇല്ലാതാകുന്നു എന്നാണ് താങ്കളുടെ ലേഖനത്തിന്റെ വിവക്ഷ എന്നാണ് ഞാന്‍ മനസ്സിലാകുന്നത്. അത് അങിനെയാണെങ്കില്‍ ദയവു ചെയ്ത്, ആദ്യം, “മലയാളി”ആര്, അതിനു ശേഷം ആ മലയാളിയുടെ പരമ്പരാഗത ഭക്ഷണം ഏതൊക്കെ എന്നൊന്ന് നിര്‍വചിച്ചാല്‍ / വിശദീകരിച്ചാല്‍ കൊള്ളാമായിരുന്നു.

krish | കൃഷ് said...

നല്ല ഒരു ലേഖനം. കണ്ടതും കിട്ടിയതും കിട്ടിയേടത്തുനിന്നെല്ലാം വലിച്ചു വാരി തിന്നുന്നവര്‍ ഇതൊന്നു വായിച്ചാലും.
നമ്മുടെ പരമ്പരാഗത പാചക/ഭക്ഷണ രീതി കുറച്ചൊക്കെ മാറിവരുന്നു എന്നുള്ളത്‌ ശരി തന്നെയാണ്‌. അതുകൊണ്ട്‌ നഷ്ടപ്പെടാനുള്ളത്‌ നമ്മുടെ ആരോഗ്യവും.

പ്രിയംവദ-priyamvada said...

4ത്‌ പാര മുതല്‍ യോജിക്കാന്‍ പറ്റുന്ന കാര്യങ്ങള്‍..താങ്കളുടെ ആശയങ്ങള്‍ നന്നു..ഉദേശശുദ്ധി നന്നു ..പക്ഷെ ആവേശം സംവേദനത്തിനു അല്‍പം തടസ്സമ്മാകുന്നില്ലെ എന്നു ആശങ്ക..

മലയാളികളെ മാത്രമല്ല ഇതൊക്കെ ബാധികുന്നതു..ആണോ?

എന്റെ ഒരു കുറിപ്പു ഇവിടെ ഉണ്ടു



http://priyamvada-priyamvada.blogspot.com/2006/12/blog-post_29.html
qw_er_ty

അശോക് കർത്താ said...

സുകുമാര്‍ജി മെക്കാളേയോട്‌ എനിക്ക്‌ വിരോധമൊന്നുമില്ല. സാര്‍ അദ്ദേഹം ബ്രിട്ടീഷ്‌ പാര്‍ലമെന്റില്‍ നടത്തിയ ആ പ്രസംഗം ഒന്നു വായിച്ചു നോക്കുക. എന്റെ പ്രൊഫിലില്‍ അതുണ്ടു. അദ്ദേഹത്തിന്റെ സത്യസന്ധതയില്‍ ബഹുമാനമുണ്ട്‌. പക്ഷെ നാടന്‍ സായുവിനു ചിലപ്പോള്‍ അതിഷ്ട്പ്പെട്ടെന്ന് വരില്ല. അത്രേയുള്ളു. സീരിയലൊന്നും ഇതിനു കാരണമായിപ്പറയാനാവില്ല. നമ്മളേക്കാള്‍ ആഘോഷത്തോടെ ജീവിക്കുന്ന തമിഴനും ഗോസായിമൊന്നും അവന്റെ ഭക്ഷണശീലത്തിനു മാറ്റം വരുത്തിയതായിക്കാണുന്നില്ല.
ഞാന്‍ മലയാളിയേപ്പറ്റി വല്ലതും പറഞ്ഞോ വിമത സുഹൃത്തേ. നമ്മള്‍ കേരളീയരെന്നല്ലേ......
ജന്മിയുടെ വീട്ടിലേക്ക്‌ വിളിപ്പിക്കപ്പെട്ട കോരന്‍സാകുന്നു മലയാളി. അവന്‍ തമ്പ്രാനെ തൊഴുന്നതിനു മുന്‍പായി തകരയെ തൊഴും. കാരണമറിയുമോ. ഇരിക്കത്തമ്പ്രാനേക്കാള്‍ വലിയവനാ "തകരത്തമ്പ്രാന്‍" അവന്റെ ഭക്ഷണമാകുന്നു മലയാളി ഭക്ഷണം. അതായിരുന്നു പണ്ട്‌ കുടില്‍ മുതല്‍ കൊട്ടാരം വരെ പാചകം ചെയ്തിരുന്നതു.

അശോക് കർത്താ said...

"പക്ഷെ ആവേശം സംവേദനത്തിനു അല്‍പം തടസ്സമ്മാകുന്നില്ലെ എന്നു ആശങ്ക.."

വായിച്ചപ്പോള്‍ പ്രിയംവദക്ക്‌ അവേശമുണ്ടായി എന്നറിയുന്നതില്‍ സന്തോഷം. എന്നാല്‍ അതു സംവേദനത്തെ ബാധിക്കുന്നു എന്നറിയുന്നതില്‍ ഖേദമുണ്ട്‌. ഇനി ശ്രദ്ധിക്കാം.

പ്രിയംവദ-priyamvada said...

എന്റെ ഈശൊയെ (കറ്ത്താവെ)!
താങ്കളുടെ എഴുത്തിലെ അമിതാവേശം വിഷയുമ്മയുള്ള വായനക്കാരുടെ സംവേദനത്തിനു തടസ്സമ്മാകുന്നില്ലെ എന്നു ആയിരുന്നു ശങ്ക.
qw_er_ty

Vempally|വെമ്പള്ളി said...

പണ്ട് അരച്ചു കുട്ടാന്‍ തേങ്ങായും ആവശ്യത്തിനുള്ള അരിക്കുള്ള നിലം ക്രിഷിയും അഭിമാനമായിരിന്നെങ്കില്‍ ഇന്ന് കടയില്‍ നിന്നും വാങ്ങിക്കുന്നതാണ് പലര്‍ക്കും അഭിമാനം കാലം മാറിയിരിക്കുന്നു. നല്ല ലേഖനം

കരീം മാഷ്‌ said...

ഇതു വായിച്ചു ഇനി പുറത്തു നിന്നു വാങ്ങിക്കഴിക്കാന്‍ പേടിയായല്ലോ!

Viswaprabha said...

അശോകേ, (അതോ അശോക് കര്‍ത്താവേ എന്നോ വിളിക്കേണ്ടത്!?) :-),

നല്ല അടിപൊളി ലേഖനം.
ഇതൊക്കെയാണു പറയേണ്ടത്.
ഒട്ടും ആവേശം കുറയ്ക്കണ്ട. ധൈര്യമായി പറഞ്ഞോളൂ. ഈ സത്യങ്ങള്‍ക്കൊക്കെ നേരെയാണ് പൊങ്ങച്ചക്കാര്‍, നാം കേരളീയര്‍, കണ്ണടയ്ക്കുന്നത്!


കേരളീയന്റെ ഒറിജിനല്‍ ഭക്ഷണം എന്തായിരുന്നു?

കാലത്ത് ചുടുചുടാ കഞ്ഞി. അന്നുവീണ പ്ലാവിലയില്‍ കൊരുത്ത സ്പൂണില്‍!(സ്റ്റെറൈല്‍ ആകണമെന്നില്ല, വേണ്ടത്ര കഴുകാതെ പിന്നെയും വെച്ചുനീട്ടുന്ന ഹോടല്‍‌പാത്രങ്ങളെക്കാളും എത്ര വൃത്തിയായിരുന്നു അവയ്ക്ക്‌!) അല്ലെങ്കില്‍ തലേന്നു വൈകുന്നേരം മോരോ തൈരോ ഇട്ടു വെച്ച (അല്ലെങ്കില്‍ അതുമില്ലാതെ വെറുതെ ഉപ്പിട്ടുവെച്ച)വെള്ളച്ചോറ്. (ഫ്രിഡ്ജും കിഡ്ജും ഒന്നും വേണ്ടായിരുന്നു. ബാക്കിവന്ന ചോറു കളയുകയും വേണ്ടായിരുന്നു.)

ചിലപ്പോള്‍ കപ്പ പുഴുങ്ങിയതോ ഉലര്‍ത്തിയതോ.പത്തിരി, വെള്ളയപ്പം...
പിന്നെ ചിലപ്പോള്‍ ചക്ക, കാവത്ത്, മധുരക്കിഴങ്ങ്, കൂര്‍ക്ക, കൂവപ്പൊടി, ചാമ, കന്നിപ്പുല്ല്. കപ്പപ്പൊടികൊണ്ട് പുട്ട്, കൊഴുക്കട്ട, പരിപ്പും ചക്കക്കുരുവും സാമ്പാര്‍‍‍, വല്ലപ്പോഴും ഒരിക്കല്‍ ആവതനുസരിച്ച് മീനും പിന്നെ വല്ലപ്പോഴും (വര്‍ഷത്തില്‍ നാലോ എട്ടോ പ്രാവശ്യം) കോഴിയിറച്ചിയോ ആട്ടിറച്ചിയോ പോത്തിറച്ചിയോ അതിനു തരവും വഴിയുമുള്ള വീടുകളില്‍.

പിന്നെ കാലമനുസരിച്ച് മുരിങ്ങ, പയറ്, ചീര, ചേമ്പ്, ചേന ഇലകള്‍,
നല്ല തുടുതുടുത്ത പുതുപുതുത്ത പച്ചക്കറികള്‍....

അട പണ്ടേ ഉണ്ടായിരുന്നിരിക്കണം.അവിലും മലരും പൊരിയും കായ വറുത്തതും.
പക്ഷേ ഇഡ്ഡലിയും ദോശയും പോലും പിന്നെയൊക്കെയാണു വന്നത്. വെറും 40-50 കൊല്ലത്തിനുള്ളില്‍.

പഴയതിലേക്കു തന്നെ തിരിച്ചുപോകാന്‍ പറ്റില്ല, ശരി തന്നെ. പക്ഷേ തിന്നുന്ന ചവറിലെന്തൊക്കെയുണ്ടെന്നു നോക്കാനെങ്കിലും കണ്ണൊന്നു തുറന്നുകൂടേ നമുക്ക്?

അശോക്, ഇനിയും ഇതുപോലെ നമ്മുടെത്തന്നെ തൊലിപൊളിക്കുന്ന ലേഖനങ്ങള്‍ എഴുതിക്കൊണ്ടിരിക്കുക!

ഭാവുകങ്ങള്‍‍!

ബിന്ദു said...

ഇതു മലയാളിക്കു മാത്രമുള്ള കുഴപ്പമാണെന്നെനിക്കും തോന്നുന്നില്ല. ആഹാരം മാത്രമല്ലല്ലൊ, എല്ലാ ജീ‍വിത രീതിയും മാറി വരികയല്ലെ. പിന്നെ, ഹോട്ടല്‍ ഭക്ഷണത്തിലെ വൃത്തി, ശരിയാണ് മേശയില്‍ കാണുന്ന വൃത്തി ചിലപ്പോള്‍ അടുക്കളയില്‍ കണ്ടോളണം എന്നില്ല. കയ്യില്‍ ഗ്ലൌസൊന്നും ഇടാതെ ആവും മാവൊക്കെ കുഴയ്ക്കുന്നത്. പിന്നെ, ആ പോട്ടി എന്താ?

ദേവന്‍ said...

ലേഖനത്തിന്റെ പ്രതിപാദ്യ വിഷയം ഏറെ ഇഷ്ടമായി അശോക്‌. ഇതിന്റെ കാലികപ്രാധാന്യം മനസ്സിലാകുന്നുണ്ട്‌. ഹോട്ടലുകാരന്‍ നമ്മുടെ ജീവിതത്തിലേക്ക്‌ അടിച്ചു കയറ്റിയ സാധനങ്ങളില്‍ ഏറ്റവും വൃത്തികെട്ട ഒന്നാണു പൊറോട്ട. മൈദ എണ്ണയില്‍ അടിച്ച്‌ റബ്ബറാക്കിയ ഈ സാധനം കുറച്ചുവര്‍ഷം കൊണ്ട്‌ എങ്ങനെ മലയാളിക്കു പ്രിയപ്പെട്ടതായി എന്ന് ഒരു പിടിയും ഇല്ല.

ബിന്ദൂ,
പോട്ടി/ബോട്ടി എന്നാല്‍ കുടലു കറി.
കയ്യില്‍ ഗ്ലൌസോ? ഏതുനാട്ടിലെ കാര്യമാ പറഞ്ഞെ? പത്തു വയസ്സുള്ള പാണ്ടിച്ചെക്കനെക്കൊണ്ട്‌ വര്‍ഷങ്ങളായി കഴുകാതെ കിടക്കുന്ന ആട്ടുകല്ലോ ഗ്രൈന്‍ഡറോ പ്രവര്‍ത്തിപ്പിക്കും. വളരെയധികം പലവ്യഞ്ജനങ്ങളും ഭക്ഷണാവശിഷ്ടങ്ങളും നിറയുന്ന ഇടമായതുകൊണ്ട്‌ ഇടക്കിടെ വന്നു ചാടുന്ന പാറ്റ, പൂച്ചി, ചിലന്തി, പല്ലി, ഈച്ച ഒക്കെ ചെക്കന്‍ കാണുന്നതിനു മുന്നെ മാവില്‍ ലയനം നടന്നില്ലെങ്കില്‍ അവന്‍ ചിലപ്പോ അരിപ്പകൊണ്ട്‌ കോരിക്കളഞ്ഞെന്നിരിക്കും, അതവന്റെ മൂടുപോലെ.

പൊറോട്ട ബെഞ്ചിലിട്ടടിക്കണം എന്നതിനാല്‍ മരച്ചുവട്ടിലാകും, വിയര്‍ത്ത്‌ നാറുന്നൊരു പണിയല്ലേ, ഇടക്ക്‌ കാക്കയെങ്ങാണും മിസ്സൈല്‍ അടിച്ചാല്‍ ഒരു ചാക്ക്‌ മൈദ ഒരുമണിക്കൂര്‍ തുണിയലക്കുമ്പോലെ ചാമ്പിയത്‌ കൊണ്ടു കളയും എന്ന് പ്രാന്തന്മാരു പോലും വിശ്വസിക്കില്ല.

കോമഡി അവിടെ നില്‍ക്കട്ടെ, സീരിയസ്സായ കാര്യം:
1. പാചകം ചെയ്യാനുള്ള എളുപ്പത്തിനു വേണ്ടി
ഹോട്ടലുകളെല്ലാം അളവില്‍ വളരെക്കൂടുതല്‍ എണ്ണ ഉപയോഗിക്കുന്നു (എണ്ണമച്ചാനെ ശരിക്ക്‌ അറിയാന്‍ എന്റെ പഴയ സ്നേഹസാരം നോക്കുക) ഒരുപാട്‌ എണ്ണ ഉപയോഗിക്കേണ്ടി വരുന്നതിനാല്‍ പാമോയില്‍ തുടങ്ങി കോട്ടണ്‍സീഡ്‌ ഓയില്‍ വരെ (ഭാഗ്യത്തിനു പുന്നക്കായ കിട്ടാനില്ല, പണ്ടതും ഉണ്ടായിരുന്നു) ഉപയോഗിക്കുന്നു. വട പഴം പൊരി മീന്‍ വറുത്തത്‌ തുടങ്ങിയവ ഉണ്ടാക്കുന്ന എണ്ണ കട തുടങ്ങിയ കാലം മുതലേ ഉള്ള മുതല്‍ ആണ്‌. ഓങ്കോളജി ഡിപ്പാര്‍ട്ടുമെന്റും കാര്‍ഡിയോളഞ്ഞി ഡിപ്പാര്‍ട്ട്മെന്റും ഈ എണ്ണത്തമ്പുരനെ അന്നദാതാവായി നമിക്കുന്നു)

2. നമ്മള്‍ ഹോട്ടലില്‍ കയറി എന്തു പറഞ്ഞാലും അപ്പോള്‍ കിട്ടുന്നത്‌ എങ്ങനെ എന്ന് ആലോചിച്ചിട്ടുണ്ടോ? പെപ്പര്‍ ചിക്കന്‍ റെഡി, ജിഞ്ജര്‍ ചിക്കന്‍ റെഡി, ഗാര്‍ളിച്ച്‌ ചിക്കന്‍ റെഡി, ബട്ടര്‍ ചിക്കനും റെഡി ആള്‍ റെഡി.

ഇറച്ചി പുഴുങ്ങി ഫ്രിഡ്ജില്‍ വയ്ക്കുകയാണ്‌ ഇതിന്റെ ഗുട്ടന്‍സ്‌. മസാല പുരട്ടുന്നു എണ്ണയിലൊന്നു ചൂടാക്കുന്നു വല്ല ഉള്ളിയോ കിള്ളിയോ ഇട്ട്‌ ഒരുലത്ത്‌. എന്തും റെഡി.

3. എസ്സന്‍സുകള്‍, എം എസ്‌ ജി, ഹൈഡ്രജനേറ്റഡ്‌ ഫാറ്റ്‌ തുടങ്ങി ആളെ ഒരരുക്കാക്കുന്ന സാധനങ്ങള്‍ ഉപയോഗിക്കുന്നതില്‍ നക്ഷത്രന്‍ മുതല്‍ തട്ടുകട വരെ മത്സരമാണ്‌.

4. പാത്രം വൃത്തിയായിരിക്കാന്‍ ഡിഷ്‌ വാഷ്‌ ലിക്വിഡ്‌ ഉപയോഗിക്കുന്നു, അതിന്റെ അംശമെല്ലാം പോകുന്നതുവരെ അലമ്പിക്കൊണ്ടു നില്‍ക്കാന്‍ കഴിക്കാന്‍ വരുന്നത്‌ അടുക്കളയില്‍ നില്‍ക്കുന്നയാളിന്റെ
അമ്മാവിയപ്പനൊന്നും അല്ലല്ലോ.

പിന്നെ ഫൂഡ്‌ ഇന്‍സ്പക്റ്റര്‍. അങ്ങോരു കടയിലേക്കു വരാറേ ഇല്ല. അതവാ വന്നാല്‍ പത്തോ അമ്പതോ മണീസ്‌..

reshma said...

നല്ല വിഷയം.

ദേവേട്ടാ, മൈദയും, തുമ്പപ്പൂ നിറമുള്ള ചോറും- രണ്ടും മാതമാറ്റിക്സ് അല്ലേ?

Siji vyloppilly said...

ദേവേട്ട,
ഒരു സുഹൃത്ത്‌ പറയാറുണ്ട്‌ കറിയില്‍ പകുതിയും പാചകക്കാരുടെ തുപ്പല്‍ ആയിരിക്കും എന്ന്.

റീനി said...

നല്ല ലേഖനം!

ദിവസം മൂന്നുപ്രാവശ്യം ഹോട്ടല്‍ ഭക്ഷണം കഴിച്ച ഒരാഴ്ചത്തെ വെക്കേഷനുശേഷമാണല്ലോ ഞാനിത്‌ വായിച്ചത്‌ എന്നൊരു ആശ്വാസം മാത്രം എനിക്കിപ്പോള്‍. എന്നു വച്ച്‌ ഞാനിനിയും ഹോട്ടലില്‍ നിന്നും കഴിക്കില്ല എന്നതിന്‌ ഗ്യാരന്റി ഒന്നുമില്ല.

Mubarak Merchant said...

വായിച്ചാല്‍ എന്തെങ്കിലുമൊക്കെ മനസ്സിലാവുന്ന ലേഖനം. ആവശ്യമില്ലാതെ ഹോട്ടല്‍ നിരങ്ങുന്ന പതിവു നിര്‍ത്താന്‍ പ്രചോദനമേകി ഇത്.

Rasheed Chalil said...

അശോക് ജീ... നല്ല ലേഖനം...

Kala said...

സര്‍, താങ്കളുടെ ലേഖനം ഉറങ്ങുന്ന ജനത്തിന്റെ(മലയാളിയുടെ) കണ്ണുതുറപ്പിക്കട്ടെ..ഇന്ന് അടുക്കളയില്‍ കയറി പാചകം ചെയ്യാന്‍ നേരമില്ല.. കാറുകളുടെയും ഫ്ലാറ്റുകളുടെയും പ്ലോട്ടുകളുടെയും പിന്നാലെ ഓടുന്ന ഓട്ടത്തിനിടയില്‍ അടുക്കളയ്ക്ക് എവിടെ സമയം....

Unknown said...

നല്ല ലേഖനം. എങ്കിലും ഉച്ചയ്ക്ക് ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കുകയല്ലാതെ വേറെ നിവര്‍ത്തിയില്ല. :-)

Siju | സിജു said...

Jess: I think restaurants have become too important.
Marie: Mmm I agree. Restaurants are to people in the eighties what theatre
was to people in the sixties.(©When Harry Met Sally)


വളരെ സത്യമായൊരു കാര്യം ശക്തമായി തന്നെ പറഞ്ഞിരിക്കുന്നു. പിന്നെ ഇതു മലയാളികളുടെ മാത്രം സ്വഭാവമാണെന്നു പറയാന്‍ പറ്റില്ല. ലോകമെങ്ങും ഇതു തന്നെ നടന്നു വരുന്നു. ഇനി മാറുമെന്നു പ്രതീക്ഷിക്കാനും വയ്യ.

ഓടോ: പണ്ടാറമടക്കാനായിട്ട് ഇന്നിനി പട്ടിണിയായി; പിന്നെ വിശന്നു കഴിയുമ്പോ ഈ പോസ്റ്റും ദേവേട്ടന്റെ കമന്റും അങ്ങ് മറക്കാം

എന്‍റെ ഗുരുനാഥന്‍ said...

ഹഹഹഹഹഹ.........ബൂലോകത്തിനൊരുണര്‍വ്വുണ്ടായി.

വേണു venu said...

സിഗററ്റു വലി ആരോഗ്യത്തിനു് ഹാനികരം എന്നറിഞ്ഞു കൊണ്ടു്, സിഗററ്റു വലിക്കുന്നതു പോലെ, പലപ്പോഴും ഹോട്ടലിലെ പാഴ്സലില്‍ അഭയം തേടേണ്ടി വരുന്നതിനു കാരണം ഇന്നത്തെ ജീവിതരീതിയില്‍ വന്ന മാറ്റങ്ങള്‍ തന്നെ എന്നു തോന്നുന്നു. പകല്‍ മുഴുവന്‍‍ ഓഫീസ്സുകളിലെ തെരക്കുകളില്‍ സമയം തള്ളിയിറങ്ങി വീട്ടിലെത്തുന്ന ദമ്പതികള്‍ മറ്റൊരു പാചക കസര്‍ത്തിനു നില്‍ക്കാതെ പാഴ്സലുകളേയോ അടുത്ത തട്ടു കടകളേയോ സമീപിക്കുന്നതു് മറ്റൊരു മാര്‍ഗ്ഗം ഇല്ലാത്തതിനാലാണു്.
കൂട്ടു കുടുംബ രീതികള്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഈ കാല ഘട്ടത്തില്‍ ഈ ജീര്‍ണ്ണത കൂടാനെ വഴികള്‍ കാണുന്നുള്ളു. അശോകേ, ഇതു മലയാളിയുടെ മാത്രം സ്വഭാവ ദൂഷ്യവുമല്ല. ഇതു് എല്ലായിടത്തും കാണാന്‍ കഴിയുന്ന ഒരു പ്രതിഭാസം തന്നെയാണു്.
ശ്രി.ദേവന്‍ പറഞ്ഞതു പോലെ , ഇതൊക്കെ ശരിയാക്കേണ്ടവര്‍......ഫൂഡ്‌ ഇന്‍സ്പക്റ്റര്‍. അങ്ങോരു കടയിലേക്കു വരാറേ ഇല്ല. അതവാ വന്നാല്‍ പത്തോ അമ്പതോ മണീസ്‌..
ലേഖനം ഇഷ്ടപ്പെട്ടു.

sanju said...

അശോകേട്ടാ,well said..താങ്കളുടെ ലേഖനം നന്നെ ഇഷ്ടപ്പെട്ടു.പക്ഷെയിതു മലയാളികളില്‍ മാത്രം കണ്ടുവരുന്ന ഒരു പ്രതിഭാസമൊന്നുമല്ല.താങ്കള്‍ പറഞ്ഞത് പോലെ പണ്ടത്തെ കാലത്ത് സ്ത്രീകള്‍ അടുക്കളയില്‍ മാത്രം ഒതുങ്ങിക്കൂടിയിരുന്നു..എന്നാല്‍ ഇന്നൊ ? അവള്‍ പുരുഷനോടൊപ്പം തന്നെ ഉയരങ്ങള്‍ കീഴടക്കാനുള്ള നെട്ടോട്ടത്തിലാണ്..And she's forced to do multitasking..അപ്പോള്‍ രസാദ്ധ്യക്ഷയാകാനൊ ഈ രിസര്‍ച്ചൊക്കെ നടത്താനുള്ള സമയമില്ലാതെയായി.പിന്നെയെന്തു ചെയ്യും...ഈ ഭക്ഷണപ്പുരകള്‍ത്തന്നെ ശരണം..
വീട്ടില്‍നിന്നും അകന്ന് നില്‍ക്കുന്നത് കൊണ്ട് വല്ലപ്പോഴുമെങ്കിലും പുറത്ത് നിന്നും കഴിക്കാറുണ്ട്. അതെന്തായാലും ഈ ലേഖനം വായിച്ച് കഴിഞ്ഞ് കുറയുമെന്ന് തോന്നുന്നു :-) വീണ്ടും വരാം..

അശോക് കർത്താ said...

എല്ലാവര്‍ക്കും നന്ദി. പ്രത്യേകിച്ച്‌ ദേവേട്ടനു(?). ഭക്ഷണപ്പുര വിപുലപ്പെടുത്താനുള്ള കുറേ അധികം അറിവുകള്‍ അതിലുണ്ട്‌. പിന്നെ ഭക്ഷണപ്പുര ഒഴിവക്കാന്‍ കഴിയാത്തവരോട്‌, അവരുടെ നിശ്വാസങ്ങളോട്‌.....ഇതൊരു പ്ലാന്‍ ഒന്നുമല്ല. ഇന്നപ്പോള്‍ നടത്തണമെന്ന മട്ടില്‍...ഒരു തിരിച്ചറിവായി മാത്രം കണക്കാക്കുക. അല്ലെങ്കില്‍ മറന്നുപോയ ഒരു കാര്യം ഓര്‍മ്മിക്കുന്നതു പോലെ കരുതുക. അറിവു സ്വയമേവ അതിന്റെ നടപ്പു വഴി തുറന്നു കൊണ്ട്‌ വരും.

അശോക് കർത്താ said...

വ്യത്യസ്തത്തിനു പകരം വ്യത്യസ്ഥമെന്ന തെറ്റ്‌ റ്റൈപ്പ്‌ ചെയ്തതു ചൂണ്ടിക്കാണിച്ച രജീഷിനു നന്ദി.

...: അപ്പുക്കിളി :... said...

[b]Blog check cheythu...abhiprayathe manikunnu..pakshe keralathile motham sthree purushan mare aa ganathil pedutharuthu...innum paithrukam kathu sookshikunnavar...alla sookshikan srumikunnavar undenna vasthutha marakaruthu.....Ethu mattatheyum pettennu jeevithathileku kondu varnna samoohamanu malayali....Ahankaram koodumbozhanu matullavarekalum njan valuthakena menna agrahm undakunnathu...athu ettavum kooduthalayi gulf malayaliyil kanam...Ivide coat aninja randu tamilan maru nerku nerethiyal samsarikunnathu tamilum...athe sthanathu malaali anenkil Englishum anu....Swontham jeevithathileku paschathyan varendathu athyavashyamanennu chilar karuthunnu...ithinu avar vikasana vadham ennu vilikukayum cheyyunnu....Sir ezhuthiyathu oru ganathe udheshichu kondu mathram kanan njan agrahikunnu...work nannayirikunnu...abhinandhanangal......

Reghunathan Parali said...

bakshanappurakalekkurichu paranhathu sraddeyamaaya kaaryangalaanu.. madyam kuzhappamaanennariyaatheyaano aalukal madyapikkunnathu..? palayidathum kannu chimmaan seelichittullavaraanu nammal.

അനൂപ് അമ്പലപ്പുഴ said...

അശൊകെട്ടാ,ഈതു വളരെ ആനുകാലിക പ്രസകതി ഉല്ല ഒന്നായതിനാല്‍ പ്രത്യേക പറാധാന്യം അര്‍ഹിക്കുന്നു. ഭക്ഷണപുരകലിലെ വെല്ലതിന്റെ കുറിചും കൂട്ടി സൂചിപ്പിചല്‍ നന്നയിരുന്നൂ. പ്രത്യെകിചും ഈ ചൂട്ടു കാലതു ഒട്ടും ഹൈജീനിക് അല്ലാത കുപ്പി വെല്ലം ഈടതു കൈലും വറുത പലഹാരഗല്‍ അടഗിയ പായ്ക്കറ്റ് വലതു കൈലും പിടിചുകൊന്ടു ഓടുന്ന എക്സികുട്ടന്‍ മാര്‍ ഓടി നടക്കുന്ന തീവണ്ഡീ സ്റ്റാന്ഡും നും ബസ് സ്റ്റാന്ഡും നമുക്കു കാഴ്ച ആണ്‍. നല്ല പച്ച്മുളകും ഈഞ്ഞീ യും ഈട്ട സംഭാരവും കരിക്കിന്‍ വെല്ലവും നാരഗ്ഗാ വെല്ലവും കുടിച്ചിരുന്ന നാമിപ്പൊല്‍ എവിടെ? ഭക്ഷണപുരകലിലെ (മലിന)ജല സംഭരനികള്‍ നല്കുന്നതെന്തും കൂടി നമുക്കു ഒരു ബൊനസ് ആയി വാഗ്ഗി പൊക്കറ്റില്‍ ഈടാം , ഈതിനൊടൊപ്പം .........

സു | Su said...

വൃത്തിയുടെ കാര്യത്തില്‍ ശ്രദ്ധിക്കാറുണ്ട്. വീട്ടില്‍. അല്ലാതെ അന്യരുടെ വീട്ടില്‍ പോയി, നിങ്ങളുടെ ഗ്ലാസ്സും, പാത്രവും, ഇളം ചൂടുവെള്ളത്തില്‍ കഴുകി, നിങ്ങളുടെ കൈ, ല്വിക്കിഡ് ഹാന്‍ഡ് വാ‍ഷ് ഉപയോഗിച്ച് കഴുകി വരണം എന്ന് പറയാറില്ല.


ഒരു കാര്യം ശരിയാണ്. തുണിക്കടകളിലും ആഭരണശാലകളിലും പോയാല്‍, ഒന്നും രണ്ടും മണിക്കൂര്‍ ഇരുന്നു, ഓരോന്നും നോക്കി നോക്കി കുറവും ഗുണവും കണ്ടുപിടിച്ചാണ് പലരും വാങ്ങുന്നത്. പക്ഷെ, ഒരു ഹോട്ടലിലും, നമ്മളെക്കൊണ്ടുപോയി അടുക്കള കാണിച്ച്, പച്ചക്കറി, കഴുകിയിട്ടാണോ അരിയുന്നത്, വെള്ളം തിളപ്പിച്ചാണോ എടുക്കുന്നത് എന്ന് ആരും കാണിച്ചു തരില്ല. ഒരു പ്രാവശ്യം നമ്മള്‍, വൃത്തിക്ക് തെളിവ് കാണിക്കാന്‍ ആവശ്യപ്പെട്ടാല്‍ത്തന്നെ, അടുത്ത പ്രാവശ്യം ആ ഹോട്ടലില്‍ ചെന്നാല്‍, അവര്‍ കണ്ട ഭാവം കാണിക്കില്ല. ഒരു ഹോട്ടലില്‍ കയറി ഇറങ്ങിപ്പോരേണ്ടി വന്ന അനുഭവം ബ്ലോഗില്‍ ഇട്ടിട്ടുണ്ട്. അങ്ങനെ പല അനുഭവങ്ങളും ഉണ്ട്.

ഭക്ഷണരീതി പാടേ മാറി എന്നുള്ളത് സത്യമാണ്. പഴകിയ ഭക്ഷണങ്ങള്‍, വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുന്നു. നമ്മുടെ വയറ് ഒരു കച്ചറപ്പെട്ടി ആക്കുന്നു. എന്റെ വീട്ടില്‍ ഇതൊന്നും നടത്താറില്ല, എന്ന് സന്തോഷപൂര്‍വ്വം അറിയിക്കുന്നു. പഴകിയത്, ഫ്രിഡ്ജില്‍ വെച്ചത് ഒക്കെയുണ്ടെങ്കില്‍,”തന്റെ സൃഷ്ടി താന്‍ തീനി” എന്നല്ലാതെ വേറെ ആരും തൊട്ടുനോക്കില്ല. അങ്ങനെ, ഒരു നിവൃത്തിയുമില്ലാത്ത സന്ദര്‍ഭങ്ങള്‍ വന്നാല്‍ത്തന്നെ, ഫ്രിഡ്ജില്‍ നിന്നെടുത്ത് കുറേ നേരം പുറത്തുവെച്ചാല്‍ മതി, വീണ്ടും ചൂടാക്കല്ലേന്ന് പറയും. ഭക്ഷണം, എന്റെ അച്ഛന്റേയും അമ്മയുടേയും അടുത്ത് കഴിക്കാന്‍ ആണ് എനിക്കേറ്റവും ഇഷ്ടം. അവിടെ ഒരു നേരം വെച്ചത്, അടുത്ത നേരത്തേക്ക്, മിക്കവാറും ഉപയോഗിക്കില്ല. പിന്നെ കണ്ടതും കടിയതും ഒന്നും ഉണ്ടാവില്ല. അവിടെയിപ്പോ ഒരു പച്ചക്കറിത്തോട്ടവും ഉണ്ട്.

സ്ത്രീകളുടെ കാര്യം എഴുതിയത് ശരിയാണ്. ബ്രെഡില്‍, ജാം പുരട്ടാന്‍ പോലും മടിയുള്ളവര്‍ ഉണ്ട്. സാരിയുടേയും മറ്റു വസ്ത്രങ്ങളുടേയും, ഭംഗി നോക്കിയും, അതിനു മാച്ച് ചെയ്യുന്ന ആഭരണങ്ങള്‍ തെരഞ്ഞെടുത്തും കളയുന്നതിന്റെ പകുതി സമയം പോലും വേണ്ട, ഒരല്‍പ്പം കഞ്ഞിയും പയറും ചമ്മന്തിയും ഉണ്ടാക്കാന്‍. പക്ഷെ കൊച്ചമ്മമാര്‍ അതൊന്നും ചെയ്യില്ല. കുറച്ചിലല്ലേ. ;) പിന്നെ, ഒന്നിനും നേരമില്ലല്ലോന്നൊരു ലേബലും കൂടെ ഇട്ടാല്‍ ഒക്കെയായി. പണ്ടുള്ള സ്ത്രീകള്‍ക്കൊക്കെ പിന്നെ നേരം കൊണ്ടൊരു കളിയല്ലായിരുന്നോ.

എനിക്കിഷ്ടമാണ് ഹോട്ടലില്‍ കഴിക്കാന്‍. കുറേ ദിവസങ്ങളില്‍, ഞാന്‍ തന്നെ വെച്ചുണ്ടാക്കുന്ന വിഭവങ്ങള്‍ മടുക്കുമ്പോള്‍, എനിക്കൊരു ചെയിഞ്ചാണ് ഹോട്ടലിലെ ഭക്ഷണം. അത്രയേ ഉള്ളൂ. ആവശ്യപ്പെട്ടത് കൊണ്ടുവെക്കുമ്പോള്‍, നന്നല്ല എന്നു തോന്നിയാല്‍ ഇറങ്ങിപ്പോരും. സ്ഥിരം ഹോട്ടല്‍ ആണെങ്കില്‍, പരാതിയും പറയും.

നന്ദി. ഈ ലേഖനത്തിന്.

Kaithamullu said...

അശോക്,
printout എടുത്തിട്ടുണ്ട്. സാവകാശം വായിച്ച് (ഭാര്യയേക്കൂടി വായിപ്പിച്ച്) അഭിപ്രായം പറയാം.
ഇത് ഞാനിവിടെ വന്നു എന്നറിയിക്കാന്‍ മാത്രം!

asdfasdf asfdasdf said...

നല്ല ലേഖനം. ഭക്ഷണപ്പുരകളുടെ പെരുപ്പത്തിനു പല കാരണങ്ങളാണ്.
1. സമയക്കുറവ്.
2. ആരോഗ്യകാര്യങ്ങളില്‍‍ മലയാളിയുടെ ശ്രദ്ധയില്ലായ്മ
3. ഭക്ഷണം ഉണ്ടാക്കാനുള്ള താത്പര്യക്കുറവ്. മലയാളി മങ്കമാര്‍ക്ക് ചായതിളപ്പിക്കാനറിയില്ലെന്ന് പറയുന്നത് തന്നെ ഇന്നൊരു ക്രെഡിറ്റാണെന്ന് തോന്നുന്നു.
4. ഞങ്ങളിന്നലെ ‘ആ ഹോട്ടലില്‍ നിന്നും കഴിച്ചു’ വെന്ന് വീമ്പ് പറയാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നത്
5. പഞ്ചായത്തിലോ മുന്‍സിപ്പാലിറ്റിയിലോ ചില്ലറകൊടുത്താല്‍ ഫുഡ് ഇന്‍സ്പെക്ടര്‍മാര്‍ ഇഷ്ടം പോലെ ലൈസന്‍സ് കൊടുക്കുന്നത്..
അങ്ങനെ പല കാരണങ്ങളാണ്.

ജ്യോതിര്‍മയി /ज्योतिर्मयी said...

വളരെ നല്ല ലേഖനം എന്നു തോന്നി.
വീട്ടിലെല്ലാവര്‍ക്കും പാചകം അറിയാവുന്നതുകൊണ്ട്, പാചകം പലപ്പോഴും, വിശേഷാവസരങ്ങളീല്‍ പ്രത്യേകിച്ചും നല്ല രസമായി അനുഭവപ്പെടാറുണ്ട്.
എല്ലാം പാക്കറ്റുകള്‍ വാങ്ങിയാല്‍ ഈ രസം, ഈ കൂട്ടായ്മ- കിട്ടാതാവില്ലേ? അപ്പോള്‍ പിന്നെ get together നുവേണ്ടി ‘outing' നടത്തേണ്ടിവരും.
(ഞാന്‍ ഹോട്ടലില്‍ നിന്നു കഴിക്കാറില്ല എന്നൊന്നും ഇതിനര്‍ഥമില്ല :)
qw_er_ty