Wednesday, February 3, 2021

നിയോനാറ്റോളജിസ്റ്റ്

 നിയോനാറ്റോളജി വലിയ സംഭവമാണെന്നാണ് അലോപ്പതിക്കാർ പറയുന്നത്. 


ഐ.എം.എയുടെ പെയിൻ്റ്, LED പോലെ മറ്റൊരു ബിസിനസ് പ്രൊമോഷനുള്ള പ്ലാറ്റ്ഫോമാണ് നിയോനാറ്റോളജി. നിയോ നാറ്റോളജിസ്റ്റുകളിൽ ഭൂരിപക്ഷവും അതിൻ്റെ എക്സിക്യൂട്ടീവുകളാണ് എന്നു എത്ര പേർക്കറിയാം. 

വിവരമില്ലാത്ത തന്തയ്ക്കും തള്ളയ്ക്കും പിറക്കേണ്ടിവരുന്ന കുഞ്ഞുങ്ങളുടെ ഓരോ ഗതികേടേ!

നവജാത ശിശുക്കളുടെ രക്ഷകരാണ് തങ്ങൾ എന്നാണ് അവരുടെ ഭാവം. ഒന്നുമല്ല. കുഞ്ഞിനെ വച്ച് കച്ചോടം നടത്തുന്ന ഭീകരരാണവർ.

ചെറിയൊരു സംഭവം പറയാം. ആരോഗ്യത്തോടെ പിറന്ന ഒരു കുഞ്ഞ്. തിരിച്ചിട്ടും മറിച്ചിട്ടും നോക്കി. കാര്യമായിട്ടൊന്നും തടയുന്നില്ല. സാധാരണ ഗതിയിൽ പൾസ് വേരിയേഷനോ കണ്ണിൻ്റെ കോണിപ്പോ ത്വക്കിനു നിറം മാറ്റമോ ഒക്കെ കണ്ടു പിടിക്കുന്നതാണ്. ഇതിനതൊന്നുമില്ല.

അവസാന ശ്രമമായിട്ടാണ് കാലു പിടിച്ചു നോക്കിയത്. കിട്ടിപ്പോയി!

'അടിച്ചു മോളേ...'

കൊച്ചിൻ്റെ ഗുദത്തിനൊരു ചരിവുണ്ട്. ഡോക്ടർ വിരട്ടി. ഭാവിയിൽ പ്രശ്നമാകും. ഉടനെ ഒരോപ്രേഷൻ ചെയ്താൽ ശരിയാക്കാം. സംഖ്യയിത്ര!

തള്ളനെലവിളി തുടങ്ങി. കടലാസു കൊണ്ടുവാ ഒപ്പിട്ടു തരാം എന്ന മട്ടിൽ കിടക്കുകയാണ്. കെട്ടിയോൻ തൊമ്മിയായിട്ട് ഒരു മൂലയ്ക്ക്പോയി നിൽപ്പുണ്ട്.

സീൻ കണ്ടപ്പോൾ കാറന്നോര് കണ്ണുരുട്ടി. ഇത്ര ഓമനത്തമുള്ള കുഞ്ഞിനെ എങ്ങനെ തീയറ്ററിൽ കേറ്റും? മൂക്കിലും വായിലും ട്യൂബിടും. അനസ്തിഷ്യയോടുള്ള പ്രതികരണമെന്തായിരിക്കും. കൊച്ചിൻ്റെ മുഖത്തു നോക്കിയാലറിയാം അതിനു പറയത്തക്ക കുഴപ്പമൊന്നുമില്ലെന്നു.

കുടുംബത്തു വേറെ ഡോക്ടറന്മാരുണ്ട്. അവരോട് ചോദിച്ചിട്ട് തീരുമാനിക്കാമെന്നു കാർന്നോർ മകളെ സമാധാനപ്പെടുത്തി. ഡിസ്ചാർജ് മേടിച്ച് തള്ളേം പിള്ളേം വീട്ടിലേക്ക് കൊണ്ടുപോയി.

കുടുംബത്തെ ന്യൂജെൻ മെഡിക്കോകൾ നിയോനാറ്റോളജിസ്റ്റിനൊപ്പം നിന്നു. സർക്കാർ സർവീസിൽ നിന്നു റിട്ടയർ ചെയ്ത ഒരു MBBS കാരൻ മാത്രം പറഞ്ഞു, 28 കഴിയട്ടെ. അപ്പോ നോക്കാം. ഒരു വിധം സമാധാനമായി.

28 കഴിഞ്ഞപ്പോൾ തള്ളയ്ക്ക് വീണ്ടും ഹിസ്റ്റീരിയാ തുടങ്ങി. റിട്ടേർഡ് ഡോക്ടർ വന്നു. 
'കൊച്ച് പാലു കുടിക്കുന്നുണ്ടല്ലോ. അപ്പിയിടുന്നുണ്ടല്ലോ?'
'ഉണ്ട്. വരുത്തുന്ന മൂന്നു പത്രോം കൊണ്ട് കോരിയാലും അപ്പി കോരിത്തീരത്തില്ല. പാല് കുടിയ്ക്കാൻ വലിയ ആർത്തിയാ'
(ഗുദത്തിനു പ്രശ്നമുള്ളതുകൊണ്ട് നാപ്പികെട്ടണ്ട എന്നൊരു പാര കിഴവൻ ഡോക്ടർ നേരത്തെ വച്ചിരുന്നു. ഇൻഫെക്ഷനുണ്ടാകാതെ നോക്കണം എന്ന ഉപദേശ രൂപേണെ. അവൾ അപ്പിത്തുണി കൊണ്ടക്കളഞ്ഞാപ്പോര കോരട്ടെ എന്നു വച്ചു കാണും)
'എന്നാ കുഴപ്പമില്ല. ഇനി കട്ടിയാഹാരം കൊടുത്തു തുടങ്ങുമ്പോൾ നോക്കാം. വിഷമമുണ്ടെങ്കിൽ അപ്പോൾ ചെയ്യാം'
ഡോക്ടർ പോയി.

കൊച്ച് അസൽ മോൺസ്റ്ററായി വളർന്നു. കട്ടിലേൽക്കേറി തലകുത്തി നിന്നു ഗുദം കാണിക്കുന്ന പരുവത്തിൽ എത്തിയപ്പോഴാണ് തള്ളച്ചിയ്ക്ക് സമാധാനമായത്. 

ഇങ്ങനെയുള്ള നിസാരകാര്യങ്ങൾ മാർക്കറ്റ് ചെയ്യാൻ കഴിവുള്ളവരാണ് പ്രശസ്ത നിയോ നാറ്റോളജിസ്റ്റുകളായി പേരെടുക്കുന്നത്.

ഇവരുടെ മറ്റൊരു ഏരിയ ബേബി ഫുഡുകളുടെ മാർക്കറ്റിങ്ങാണ്. 

1996 ൽ WHO മാതൃസൗഹൃദ ആശുപത്രികൾക്ക് നിർദ്ദേശം വച്ചു. അതനുസരിച്ച് മുലയൂട്ടൽ പ്രോത്സാഹിപ്പിക്കണമെന്നു സർക്കാരുകൾക്കെഴുതി. ആറു മാസം വരെ നിർബന്ധമായും രണ്ടു വർഷം തുടർച്ചയായും മൂലയുട്ടണം. അതു കൊണ്ടുള്ള പാരസ്പര്യവും വൈകാരികതയും കുഞ്ഞിൻ്റെ ആരോഗ്യവും അമ്മയുടെ സംതൃപ്തിയും ഹൈലൈറ്റ് ചെയ്ത് ബോധവൽക്കരണം നടത്തണം. ആശുപത്രികളിൽ മുലയൂട്ടുന്ന അമ്മയുടെ ചിത്രം പ്രദർശിപ്പിക്കണം. 

ഇതു കൊണ്ട് ഡിമ്മായത് ബേബിഫുഡ് നിർമ്മാതാക്കളുടെ കച്ചവടമാണ്. അവർ നിയോ നാറ്റോളജിസ്റ്റുകളെ വിലയ്ക്കെടുത്തു. എന്തെങ്കിലും കാരണം പറഞ്ഞ് മുലകുടി വിലക്കണം. അതിനാണോ കള്ളബഡുവകൾക്ക് കാരണമില്ലാത്തത്?

അമ്മയ്‌ക്കോ കുഞ്ഞിനോ പകർച്ചവ്യാധിയോ സാംക്രമിക രോഗങ്ങളോ ഉണ്ടെങ്കിൽ മുലപ്പാൽ കൊടുക്കാതിരിക്കാൻ നിർദ്ദേശിക്കാം. WHO അതിനു ഇളവു നൽകിയിട്ടുണ്ട്. കുട്ടിക്ക് ഗുരുതരമായ രോഗമോ മെഡിക്കൽ മാനേജ്മെൻറിൽ ഇരിക്കുകയോ ആണെങ്കിലും മുലപ്പാൽ തടയാം. അങ്ങനെയാണവർ കുഞ്ഞുങ്ങളിൽ രോഗങ്ങൾ എണ്ണിപ്പെറുക്കാൻ തുടങ്ങിയത്. ബേബിഫുഡ് കച്ചോടം കൊഴുക്കണമല്ലോ. 

മുലപ്പാൽ കഴിഞ്ഞാലോ അതിനൊപ്പമോ പശുവിൻ പാൽ കൊടുക്കുന്നതായിരുന്നു കേരളത്തിലെ രീതി. അതും ബേബി ഫുഡ് വ്യാപാരത്തിനു ഗുണകരമല്ല. അതു മനസിലാക്കി അതിനും അവർ പാര വച്ചു. 

പശുവിൻ പാലിനു ശുദ്ധിയില്ല. അത് രോഗം പരത്തും. കവർ പാൽ അപകടമാണ്. എന്നിട്ട് കമ്പിനി ഭക്ഷണം എഴുതിക്കൊടുക്കും. 

തള്ളമാരും അതൊരു സൗകര്യമായി എടുത്തു. കാച്ചണ്ട, ആറ്റണ്ട, കടുപ്പം നോക്കണ്ട. പൊടി കലക്കി ചുമ്മാ അണ്ണാക്കിലൊഴിച്ചു കൊടുത്താൽ മതി. ഡീസൽ അടിക്കുന്ന പോലെ ബേബി ഫുഡ് പമ്പുകളുണ്ടായിരുന്നെങ്കിൽ അവിടെപ്പോയി അടിച്ചേനെ.

പക്ഷെ, ഈ സ്പെഷലിസ്റ്റുകളോ വിദ്യാസമ്പന്നരായ തള്ളമാരോ ഒരു കാര്യം ആലോചിച്ചില്ല. മുലപ്പാൽ കുറുക്കിയെടുത്ത പൊടിയല്ല ശിശു ആഹാരത്തിൽ ചേർക്കുന്നത്. ഏതെങ്കിലും ഡയറിയിൽ നിന്നു പൊടി മേടിച്ച് ഉണ്ടാക്കുന്നതാണ്. അത് ഏതെല്ലാം മൃഗങ്ങളുടെ പാല് കലർത്തിയതാണെന്നു ഒരു പിടീമില്ല. പ്രോസസിങ്ങിനിടയിൽ എന്തൊക്കെ ചേർക്കുന്നുണ്ടെന്നു ആർക്കറിയാം.

വിദ്യാഭ്യാസം ഉണ്ടെന്നു വച്ച് ആർക്കും വിവരമുണ്ടാകണമെന്നില്ല. വിദ്യാഭ്യാസവും പദവിയും കൂടുന്തോറുമാണ് ചൂഷണവും കൂടുന്നത്. അവർ കുഞ്ഞുങ്ങളെപ്പോലും വെറുതെ വിടുകയില്ല. 

അതൊന്നും നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള നിയമവും ഈ രാജ്യത്തില്ല. 

തിരുപ്പതിയായല്ല്!

#അലോപ്പതി

Sunday, April 29, 2018

രഹസ്യമായി നിങ്ങളെ പ്രേമിക്കുന്നതാ‍രാണു?


പുസ്തകത്തിൽ ഉണ്ടെന്നു പറഞ്ഞ് വിശ്വസിപ്പിക്കുന്നതാണു സയൻസിന്റെ ഒരു രീ‍തി. ഏതു ബുദ്ധിമാനും അതിൽ വീണുപോകും. മനുഷ്യൻ ഉണ്ടായിട്ട് പതിനായിരം കൊല്ലമേ ആയിട്ടുള്ളു. ആഫ്രിക്കയിൽ നിന്നാണു തുടക്കം. കൃഷി  തുടങ്ങിയിട്ട് 6000 - 9000 വർഷമെ ആയിട്ടുള്ളു. ശിലായുഗം, വെങ്കലയുഗം, ഇരുമ്പുയുഗം  എന്നു മൂന്ന് ചരിത്ര കാലമേയുള്ളു എന്നൊക്കെ സയ്യൻസ് എഴുതിപ്പിടിപ്പിച്ചു. അതു ആവർത്തിച്ചു പഠിപ്പിച്ചപ്പോൾ ഓരോ തലമുറയും അതു വിശ്വസിക്കുകയും ചെയ്തു. ഈ ആധുനികകാലത്തും സർവ്വേപോലും ചെയ്യാത്ത കോടിക്കണക്കിനു ഹെക്റ്റർ സ്ഥലങ്ങൾ ഭൂമിയിലുള്ളപ്പോഴാ‍ണു ഈ ഗീർവ്വാണങ്ങളൊക്കെ. ഇതൊക്കെ എങ്ങനെ വിശ്വസിക്കുന്നു. ?
കോഗ്നിറ്റീവ് കണ്ടീഷനിങ് ഉപയോഗിച്ചാണു സയൻസ് ഇതു സാധിക്കുന്നത്.
പ്രത്യക്ഷത്തിൽ യുക്തിയുണ്ടെന്നു തോന്നിക്കും. എന്നാൽ യാഥാർത്ഥ്യം മറ്റൊന്നായിരിക്കും. അതിനെ പുസ്തകങ്ങളിൽ എഴുതിവച്ച് സത്യമാണെന്നു വിശ്വസിപ്പിക്കുക. അനുഭവമുണ്ടായാലും സയൻസിന്റെ യുക്തികളെ തള്ളിക്കളയാനാകാ‍ത്തവിധം തലച്ചോറിനെ പരുവപ്പെട്ടുത്തുക. ഇതാണു കോഗ്നിറ്റീവ് കണ്ടീഷണിങ്. മനുഷ്യ മസ്തിഷ്കത്തിൽ അതു ചെയ്യുന്ന ദോഷങ്ങൾ പ്രവചനാതീതമാണ്.
കച്ചവട മേഖലയിലെ മാർക്കെറ്റിങ്/പരസ്യ ജോലി ചെയ്യുന്നവർ കോഗ്നിറ്റീവ് കണ്ടീഷനിങ്ങ് ഉപയോ‍ഗാപ്പെടുത്താറുണ്ട്. ഉപഭോക്താക്കളെ വശീകരിക്കാൻ. അതുകൊണ്ടാണു ഏതെങ്കിലും കച്ചവടസ്ഥാപനം 100 ഓഡിക്കാർ കൊടുക്കുന്നുണ്ടെന്നു പറഞ്ഞാൽ നാം ചെന്നു ചരക്കുമേടിക്കുന്നത്.  ഉപഭോക്താക്കളിൽ അന്തർലീനിയമായ ആഡംബരത്വരയെ ദ്വോതിപ്പിച്ചാണു അവർ അതു സാധിക്കുന്നത്. ചില വ്യാപാരികൾ മനുഷ്യനിലെ സഹാനുഭൂതി, സ്നേഹം, ഗൃഹാതുരത്വം, ദുഖം തുടങ്ങിയ വികാരങ്ങളെ ഇതിനുപയോഗിക്കും. ബ്ലഡ് ബാങ്ക് തുടങ്ങാനാണെന്നു പറഞ്ഞ് നാട്ടിലൂടെയോടുമ്പോൾ തന്റെ കമ്പനിയുടെ  പരസ്യമാണു അയാൾ ലക്ഷ്യം വെക്കുന്നത്. പട്ടികളെ കൊല്ലണം എന്ന വിവാദവുമായി ഇറങ്ങിയാലും പമ്പു സെറ്റ് വിൽക്കാമെന്നവർക്കറിയാം. ചില മിടുക്കന്മാർ ഭാവിയിലേക്കുള്ള കച്ചവടത്തിനും ഇങ്ങനെ അടിത്തറയിടും. ഇപ്പോൾ അവയവദാനമാണു ട്രെൻഡ്.
കോഗ്നിറ്റീവ് കണ്ടീഷണിങ് വഴി പേടിയെ ഉണർത്തി കച്ചോടമുറപ്പിക്കുന്നവരുണ്ട്. സ്പെഷ്യാലിറ്റി ആശുപത്രികളും മരുന്നു, വാക്സിൻ കമ്പനികളുമൊക്കെ ചെയ്യുന്നത് അതാണു. സയൻസ് / ടെക്നോളജി / ആധുനികമെന്നൊക്കെ പറഞ്ഞ് അവർ ഭ്രമിപ്പിക്കും. അനുഭവത്തിനോ ചിന്തയ്ക്കോ ഇടം കൊടുക്കാതെ   തുടരെത്തുടരെ അവർ പ്രചാരണത്തിലേർപ്പെട്ടുകൊണ്ടിരിക്കും. സയൻസ് പുരോഗമിച്ചിട്ടും രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നതെന്താണെന്നു ചോദിച്ചാൽ മസൂരി നിർമ്മാർജ്ജനത്തെക്കുറിച്ചാകും അവരുടെ മറുപടി. പിന്നെയുള്ളത് ഇല്ലാത്ത കണക്ക് ആവർത്തിക്കുക എന്നതാണു. ആയുസ്സിനെപ്പറ്റി അവർ പറയുന്നത് അങ്ങനെയാണു. ഒരു നൂറുകൊല്ലം മുൻപ് ആയുസ് രേഖപ്പെടുത്തുന്ന സംവിധാനം ഇല്ലായിരുന്നു. എന്നാലും സയൻസ് പക്ഷപാതികൾ പറയും അന്നത്തെ ആയുർദൈർഘ്യം 45 വയസായിരുന്നു എന്നു. ഇങ്ങനെയുള്ള​ നുണകൾ പ്രോസ്സസ്സ് ചെയ്ത് പതിരു തിരിക്കാൻ സമയം കൊടുക്കാത്തവിധം പരാമീറ്ററുകൾ മാറ്റിക്കളിച്ചാണു ആധുനിക മെഡിക്കൽ വ്യവസായം നിലനിൽക്കുന്നത്. ഏതു നുണയും അനേകതവണ ആവർത്തിച്ചാൽ അത് സത്യമാണെന്നു തോന്നിപ്പോകും. ഇതൊക്കെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ് എന്നാണു അവർ പറയുക. അതായതു അവർ ഫോളോ ചെയ്യുന്ന പുസ്തകത്തിലുണ്ടെന്നു. 

കോഗ്നിറ്റീവ് കണ്ടീഷണിങ്ങിന് വിധേയമാക്കി കാശടിക്കുന്ന വേറൊരു വർഗ്ഗമാണു ആർക്കിടെക്റ്റുകൾ. വാസ്തുവാണു അവരുടെ ടൂൾ. ഇവരൊക്കെ പഠിച്ച സയൻസും വാസ്തുവും തമ്മിൽ എന്തു ബന്ധമെന്നു ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഭാരതീയതയും ടെക്നോളജിയും ചേർത്തു മനുഷ്യനെ പറ്റിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നത് സയൻസ് പഠിച്ചവരാണു എന്നതാണു വിരോധാഭാസം.

സയൻസ് പുസ്തകത്തിലുണ്ടെന്നു സയന്റിസ്റ്റുകൾ പറയുമ്പോൾ മതവും ആ വഴി തന്നെ തെരെഞ്ഞെടുത്തു. സയൻസ് പുസ്ത്കങ്ങൾ ഉണ്ടാകുന്നതിനു മുൻപേയുള്ള പുസ്തകങ്ങളിൽ ഉള്ളകാര്യമാണു തങ്ങൾ പറയുന്നതെന്നു മതങ്ങൾ പരസ്യം ചെയ്യുന്നു. സയൻസ് അനുഭവയോഗ്യമല്ലാതായിത്തീർന്നതോടെ മതത്തിനോട് മത്സരിക്കാനും കഴിയാതെയായി. മതം പറയുന്നതിലേക്കു ജനം ആകർഷിക്കപ്പെടുന്ന ഒരു കാലത്തിലാണു നാമിപ്പോൾ. കഴിഞ്ഞ നൂറ്റാണ്ട് സയൻസിന്റെയായിരുന്നെങ്കിൽ ഇപ്പോഴത് മതാന്ധവിശ്വാസങ്ങളുടേതായി. ലാഭക്കൊതിമൂത്തു സയൻസ് എടുത്തുചാടിപ്പോയതാണു കുഴപ്പമായത്.

Saturday, April 28, 2018

കോഴിക്കടകളും മൃഗബലിയും


1193 കുംഭത്തിലെ തിരുവോണം ഇന്നലെയായിരുന്നു. ചെമ്പട്ട് വിരിച്ച് വ്രതവിശുദ്ധിയോടെ കൊടുങ്ങല്ലൂരിൽ കോഴിക്കല്ല് മൂടി. ആചാരപ്രകാരം കോഴികളെ സമർപ്പിച്ചു. ഒരു പത്തൻപതു വർഷം മുൻപ് ഇതായിരുന്നില്ല രീതി. സമർപ്പിക്കുന്ന കോഴികളെ വെട്ടും. ഇന്നത് അനുവദിക്കില്ല. ജന്തുബലി നിരോധനത്തിന്റെ ഭാഗമായി അതു നിരോധിച്ചു. എന്നിട്ടും സമൂഹത്തിൽ ജന്തുബലി അവസാനിച്ചോ? ചുറ്റിലും നിറയെ ‘കോഴിക്കടകൾ’. ഇന്നിപ്പോൾ അമ്പലത്തിലൊഴികെ എല്ലായിടത്തും കോഴിവെട്ടാണു. ഭക്ഷണത്തിന്റെ പേരിൽ ആ ഹിംസയെ നിങ്ങൾ ന്യാ‍യീകരിക്കും. പക്ഷെ അതും ജന്തുബലി തന്നെ. മറ്റ് ഭക്ഷണം ലഭിക്കാതിരിക്കുമ്പോൾ മൃഗങ്ങളെ കൊന്നുതിന്നാൽ‌പ്പോരെ? ഇന്ത്യയിലിന്നു ഭക്ഷണസ‌മൃദ്ധിയുണ്ട്. പിന്നെ നാടൊട്ടുക്ക് ‘കോഴിവെട്ടിന്റെ ആവശ്യമുണ്ടോ?’.

കൊടുങ്ങല്ലൂരിൽ കോഴികളെ സമർപ്പിച്ചിരുന്നതും ബലിയർപ്പിച്ചിരുന്നതും കൃഷിയും മറ്റുപണികളും ചെയ്തിരുന്ന സാധാരണക്കാരായിരുന്നു. ബലിശേഷമായി കിട്ടിയിരുന്ന കോഴിയിറച്ചി അവർ അമൃതുപോലെ ഭക്ഷിച്ചു. ആണ്ടിലൊരിക്കലുള്ള ആഡംബരമാണത്. അതിനേ അവർക്കു കഴിയു. ഇന്നു നിങ്ങൾ എല്ലാദിവസവും കോഴിയെ തിന്നുന്നു. നിങ്ങളെപ്പോലെ അന്നവർക്കു അതിനു പാങ്ങില്ലായിരുന്നു. അവർ ആശപൂർത്തീകരിച്ചിരുന്നത് ആണ്ടിലൊരിക്കൽ ദേവിക്കു സമർപ്പിക്കുന്ന കോഴിയെ കഴിച്ചുകൊണ്ടാണു. ദേവീ പ്രീതിയെന്ന മനോബലം അവരെ രോഗങ്ങളിൽ നിന്നും ഒഴിച്ചു നിർത്തി. ഇന്നു നിങ്ങൾ ശാസ്ത്രീയമായി കോഴിയെക്കഴിച്ച് രോഗികളാകുന്നു.

മൃഗബലി നിരോധനം പുരോഗമനപരമായിരിക്കാം. പക്ഷെ അതു പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ജീവിതത്തിനു നേർക്കുള്ള കയ്യേറ്റമായിപ്പോയി. നിങ്ങൾ നിങ്ങളുടെ മാത്രം നീതിവച്ചു എല്ലാം തീരുമാനിച്ചു. അവരെക്കേട്ടില്ല. എന്തൊരു അസഹിഷ്ണുതതയാണത്. തിരുവിതാംകൂറിൽ ‘ക്ഷേത്രപ്രവേശനം’ അനുവദിക്കുന്നതിനും എത്രയോ നൂറ്റാണ്ടുകൾക്കു മുൻപേ ദളിതർക്കും, പിന്നാക്കക്കാർക്കും, നായന്മാർക്കുമൊക്കെ കൊടുങ്ങല്ലൂരിൽ പ്രവേശനമുണ്ടായിരുന്നു. വർഷത്തിൽ 27 ദിവസത്തെ പൂജകൾ നടത്തുന്നത് അവരാ‍ണു. അതിന്റെ ഭാഗമായി അവർ ആടുകയും, പാടുകയും, മാംസം ഭക്ഷിക്കുകയും ചെയ്തിട്ടുണ്ടാവും. അതിനെ മനുഷ്യസാധാരണമായി നിങ്ങൾ കണ്ടില്ല. ഇക്കാലത്തിരുന്നു ചിന്തിച്ച് മതമെന്നും പ്രാകൃതമെന്നുമൊക്കെ മുദ്രകുത്തി. നിരോധിച്ചു. പക്ഷെ ഒന്നോർക്കണം ഇന്നത്തേക്കാൾ ജാതിയും, മതവും, സംസ്കാരവും സങ്കുചിതമായ കാലത്താണു അവർക്കു ആ അവകാശമുണ്ടായിരുന്നത്! അതിന്റെ പിന്നിൽ ഒരു ലോജിക് ഉണ്ടാവില്ലെ? അവർ അന്നു ചെയ്തതൊക്കെ വ്യക്തിസ്വാതന്ത്ര്യത്തിന്റെയും, ഭക്ഷണസ്വാതന്ത്ര്യത്തിന്റെയും, പൊളിറ്റിക്കൽ കറക്റ്റനെസ്സിന്റെയുമൊക്കെ പേരിൽ ഇന്നു നിങ്ങൾ ചെയ്യുമ്പോൾ കുഴപ്പമില്ല. അതു വല്ലാത്ത ന്യായം?  അന്നു മനം നൊന്തവരുടെ പ്രാകിക്കാണും. അതാണു വെട്ടും തെറിയുമൊക്കെ ഇന്നു അമ്പലത്തിനു പുറത്തു വ്യാപകമായിരിക്കുന്നത്. ഒരു പക്ഷെ കൊടുങ്ങല്ലൂരിൽ പാരമ്പര്യം തുടരാൻ അനുവദിച്ചിരുന്നെങ്കിൽ സമൂഹം ഇത്ര മോശമാകുമായിരുന്നില്ല. ഇപ്പോൾ എല്ലാവർക്കും സന്തോഷമായിക്കാണുമല്ലോ.

Friday, April 6, 2018

ഒരൊറ്റമുണ്ടിന്റെ കഥ

കഴിഞ്ഞദിവസം ബാങ്കിൽ പോകാനൊരു ഒറ്റമുണ്ടാണു ഉടുത്തതു. മാനേജർക്കതു പിടിച്ചില്ലെന്നു തോന്നുന്നു. ഒരു വക്രിച്ച മുഖഭാവം. ആഗോളവൽക്കരണ കാലത്തെ കസ്റ്റമർ കെയർ പാഠങ്ങൾ ഹൃദിസ്ഥമായിരുന്നതു കൊണ്ടാവാം മാനേജർ സഹിച്ചു. കസ്റ്റമറയെ പീഡിപ്പിക്കാൻ വേറെ എത്രയോ മാർഗ്ഗങ്ങൾ ഉണ്ട്. അതുകൊണ്ടാവാം ‘വൃത്തിയായി വസ്ത്രം ധരിച്ചുകൊണ്ടു വന്നൂടേടോ‘ എന്നൊന്നും ചോദിച്ചില്ല! എന്നാലും അടുത്ത കോൺഫ്രൻസിൽ ഇതൊരു വിഷയമാകാനിടയുണ്ട്. ബാങ്കിൽ വരുന്നവർക്ക് ഒരു ഡ്രസ്സ്കോഡ് വേണമെന്നു ആവശ്യപ്പെട്ടാൽ അത്ഭുതപ്പെടാനില്ല.ലോകം ഇപ്പോൾ പുറം‌മോടിക്ക് അത്ര പ്രാധാന്യം കൊടുക്കുന്നുണ്ട്.

ഒറ്റമുണ്ടുകളേപ്പറ്റി ഓർക്കുമ്പോൾ എനിക്ക് അച്ഛനെയാണു ഓർമ്മ വരുന്നതു. ഗസറ്റഡ് റാങ്കുള്ള ഒരു ഉദ്യോഗസ്ഥനായിരുന്നു അച്ഛൻ. എങ്കിലും ഒറ്റമുണ്ടുടുത്താണു ഓഫീസിൽ പോയിരുന്നതു. നാലു പോക്കറ്റുള്ള ബുഷ് ഷർട്ടും. ഇടതു മുകളിലുള്ള പോക്കറ്റിൽ ഒരു തടിയൻ മഷിപ്പേന കുത്തിയിരിക്കും. വലതു പോക്കറ്റിൽ കുറച്ച് പണം. വലതുവശത്തു താഴെയുള്ള പോക്കറ്റിലാണു പണിയായുധം.  താഴെ ഇടതുവശത്തു ഒരു നോട്ട്പാഡ്. രണ്ടു നിറത്തിലുള്ള ബുഷ് ഷർട്ടേ അച്ഛൻ ഉപയോഗിച്ചിരുന്നുള്ളു. ഇളം നീലയും വെണ്ണയും നിറത്തിലുള്ളവ. അച്ഛന്റെ മേലുദ്യോഗസ്ഥനു ഒരു ധ്വരയുടെ മട്ടാണു. അമേരിക്കയിലൊക്കെ പോയി പഠിച്ചിട്ടുണ്ട്. എങ്കിലും അദ്ദേഹവും വ്യത്യസ്ഥതയുള്ള വസ്ത്രങ്ങളൊന്നും ധരിക്കാറില്ല. കോഫി ബ്രൌൺ, അല്ലെങ്കിൽ കറുപ്പ്, പാന്റ്സും ഇളം നിറത്തിലുള്ള ടെർലിൻ ഷർട്ടുകളും. ടെർലിന്റെ മണമാസ്വദിക്കാൻ ചിലപ്പോഴൊക്കെ ഞാൻ അദ്ദേഹത്തെ ചുറ്റിപ്പറ്റി നടക്കുമായിരുന്നു. അദ്ദേഹത്തെ ഓർമ്മിക്കുമ്പോഴെല്ലാം ആ ഇളംനീല നിറവും മണവും ഓർമ്മ വരും.

ധ്വരയെപ്പോലെയായിരുന്നെങ്കിലും മേലുദ്യോഗസ്ഥനു അച്ഛന്റെ ഒറ്റമുണ്ടിനോട് ഒരു വൈക്ലബ്യവും ഉണ്ടായിരുന്നില്ല. തൊഴിലിന്റെ ഭാഗമായി പാന്റ്സ് ഇടണമെന്നു വേണമെങ്കിൽ നിർബ്ബന്ധിക്കാമായിരുന്നു. അച്ചടക്കത്തിനു പേരുകേട്ട ആ ഉദ്യോഗസ്ഥൻ ഒരിക്കലും അതാവശ്യപ്പെട്ടില്ല. എന്നുമാത്രമല്ല ഒറ്റമുണ്ട് ഉടുത്തിരുന്നതു കൊണ്ട് ഒരു സൌഹാർദ്ദക്കുറവും കാണിച്ചതുമില്ല.

അച്ഛനെപ്പോലെ മുണ്ട് ഉടുത്തിരുന്നതു എന്റെ മൂത്ത ജ്യേഷ്ഠൻ മാത്രമായിരുന്നു. ഖദർ മുണ്ടും ഷർട്ടും. അതാണല്ലോ കോൺഗ്രസുകാരുടെ ഡ്രസ്സ് കോഡ്! ഈ ഖദർമുണ്ട് ഒരിക്കൽ ഒരു വലിയ തമാശയുണ്ടാക്കിയിട്ടുണ്ട്. ഒരിക്കൽ കെ.പി.ഉണ്ണിക്കൃഷ്ണനെ ഞങ്ങളുടെ നാട്ടിൽ ഒരു യോഗത്തിൽ പങ്കെടുപ്പിക്കാൻ കൊണ്ടുവന്നു. സഫാരി സ്യൂ‍ട്ടിലാണ് അദ്ദേഹം അവതരിച്ചത്. അങ്ങനെ സ്റ്റേജിൽ കേറ്റാൻ കോൺഗ്രസ്സുകാർ തയ്യാറാവില്ലല്ലോ‍. അതുകൊണ്ട് ഉണ്ണികൃഷ്ണനെ മുണ്ടിലവതരിപ്പിക്കാനുള്ള ശ്രമം തുടങ്ങി. ഒരു ഖദർമുണ്ട് ചുറ്റി നോക്കി. കുഴപ്പമില്ല. പക്ഷെ ഒരടിവച്ചാൽ മുണ്ടിന്റെ ഇരുപാളികളും അകന്നുപോകും. അങ്ങനെ നേതാവിനെ സ്റ്റേജുവരെ നടത്തിക്കൊണ്ടുപോകാനുള്ള ധൈര്യം നേതാക്കന്മാർക്കുണ്ടാ‍യില്ല. പിന്നെയൊന്നും ആലോചിച്ചില്ല ചേട്ടൻ ആളെവിട്ട് അടുത്തുള്ള തുണിക്കടയിൽ നിന്നു മൂന്നുമീറ്റർ മല്ലു വാങ്ങിപ്പിച്ചു. അതു കെ.പിയെ ചുറ്റി. ഉണ്ണിക്കൃഷ്ണനു ആത്മവിശ്വാസം. പാർട്ടിപ്രവർത്തകർക്ക് ആശ്വാസം!

ഇനി, ഞാൻ മുണ്ടുടുക്കാൻ തുടങ്ങിയ കഥ. അത് പിന്നൊരിക്കൽ........