Sunday, March 31, 2013

രണ്ട് സൌദി നിതാഖത് പോസ്റ്റുകൾ

ഒന്നു

സൌദിയിലെ ‘നിതാഖത്’ ആരിലാണു ഇത്ര പരിഭ്രാന്തിയുണ്ടാക്കുന്നത്?

ഏതാണ്ട് 12 ലക്ഷം ഇന്ത്യക്കാർ സൌദിയിൽ ഉണ്ടെന്നാണു പറയപ്പെടുന്നത്. അതിൽ 5.8 ലക്ഷം മലയാളികളാണു. നിതാഖത് നടപ്പാക്കുന്നതോടെ അവരിൽ രേഖകൾ ഇല്ലാതെ തൊഴിൽ ചെയ്യുന്നവർ പുറത്തു പോകും. ജീവനോപാധി തേടിപ്പോയ ജോലിക്കാരെ അതു ബാധിക്കുമെന്നതിൽ സംശയമില്ല. പക്ഷെ അവർക്ക് പണിയെടുക്കാനറിയാമെങ്കിൽ മറ്റെവിടെയെങ്കിലും തൊഴിൽ കിട്ടും. എന്നാൽ അവരെ ഉപയോഗിച്ചിരുന്നവർക്ക് ആ കൂലിയിൽ ഇനി ആളെ കിട്ടില്ല. അങ്ങനെ ആദ്യം പരിഭ്രാന്തരാകുന്നത് സൌദി സ്പോൺസറന്മാർ തന്നെ.

പക്ഷെ ഈ സ്പോൺസറന്മാർ ഒറ്റത്തെങ്ങ് പോലെ നിലക്കുന്ന ഒരു വർഗ്ഗമല്ല. അവർക്ക് ഇന്ത്യൻ ഏജന്റുമാരുമായി ബന്ധമുണ്ട്. അതായത് കുറഞ്ഞവിലക്ക് ആളെകൊണ്ടക്കൊടുക്കുന്നവരുമായി. അത്തരം ഏജന്റന്മാർക്ക് ചങ്കിടിക്കുക തന്നെ ചെയ്യും. കാരണം അവരുടെ ഭീമമായ ലാഭമാണു നഷ്ടപ്പെടാൻ പോകുന്നത്. സൌദ്ദിയിൽ ജോലിയുണ്ടെന്നു പറഞ്ഞ് ഇനി ആളെവിളിക്കാൻ ചെന്നാൽ ജനം കൃത്യമായ രേഖകൾ ആവശ്യപ്പെടും. അതു അത്ര സുഖമുള്ള കാര്യമല്ല.

ഇതിനേക്കാൾ ഒക്കെ ആശങ്കപ്പെടുന്ന ഒരു വിഭാഗമുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ നിന്നു കേരളത്തിൽ മാനവവിഭവം വിതരണം ചെയ്യുന്നവർ. അവർ വലിയൊരു സംഘമാണു. എല്ലാ മത, ജാതി, രാഷ്ട്രീയകക്ഷികൾക്കും അതിനുള്ള സംവിധാനമുണ്ട്. കേരളത്തിലെ വിജയം വരിച്ച ഒരു വ്യവസായസ്ഥാപനത്തിനു ഒരു മതസ്ഥാപനമാണു Man Power സപ്ലൈ ചെയ്യുന്നതെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? നിർമ്മാണത്തൊഴിലാളികളെ കൊടുക്കുമ്പോൾ ‘ഞങ്ങളുടെ സംരക്ഷണം ഉറപ്പുണ്ട്’ എന്നവർ വാക്കു കൊടുക്കുന്നു. കൂലിയും കുറവാണു. തൊഴിൽ നിയമങ്ങൾ ബാധകമല്ല. ഇതു പോലെ അസംഘടിത മേഖലയിൽ, ടെക്സ്റ്റൈൽ, ജൂവലറി രംഗത്തൊക്കെ മാനവവിഭവ വിതരണമുണ്ട്. പള്ളികളും പാർട്ടികളും മതസംഘടനകളുമൊക്കെ ചേർന്നു നടത്തുന്ന ഈ മനുഷ്യവാണിഭത്തിനു ഒരു ഭീഷണിയാണു സൌദിമടക്കക്കാർ.

അങ്ങനെ വരുമ്പോൾ മാദ്ധ്യമങ്ങളിൽ കാണുന്ന ഈ കോലാഹലങ്ങൾ അവരുടെ വ്യാപാരം നിലനിർത്താനുള്ള പങ്കപ്പാടാണു. സാധാരണക്കാർക്ക് അതു കൊണ്ട് ഒരു മെച്ചവുമില്ല. കാരണം നിയമം നടപ്പാവുക തന്നെ ചെയ്യും. രാഷ്ട്രീയം എല്ലായിടത്തും ഒരുപോലെയാണു. ഏതു സർക്കാരും അസംതൃപതരെ അടക്കി നിർത്താൻ ദുർബ്ബലരെ ബലി കൊടുക്കും


രണ്ട്

സൌദിയിലെ സ്വദേശിവൽക്കരണം തടയണമെന്നു നാം ആശിക്കുന്നത് ഒട്ടും ചിതമല്ല. ഇക്കാര്യത്തിൽ ബഹു.പ്രവാസികാര്യമന്ത്രി പറഞ്ഞതാണു ന്യായം. സൌദി ഒരു സ്വതന്ത്രപരമാധികാര റിപ്പബ്ലിക്കാണു. അവരുടെ നിയമങ്ങളെ വെല്ലുവിളിക്കരുത്.

നമ്മുടെ പ്രശ്നം തൊഴിൽ നഷ്ടപ്പെടുന്നു എന്നുള്ളതാണു. അതിനു പരിഹാരമുണ്ടാക്കണം. പക്ഷെ സൌദിസർക്കാരിന്റെ ചെലവിൽ തന്നെയാകണം അതെന്നു എന്താണിത്ര നിർബ്ബന്ധം? ആരും മറുനാടുകളിലേക്ക് തൊഴിലന്വേഷിച്ച് പോകുന്നത് ആരെങ്കിലും ക്ഷണിച്ചിട്ടല്ല. തൊഴിലവസരം ഉണ്ടെന്നു അറിഞ്ഞിട്ട് കയറിച്ചെല്ലുകയാണു. ആദ്യകാലത്ത് അവർ നമ്മെ സ്വീകരിച്ചു. ഇപ്പോൾ അവർക്ക് സ്വദേശികൾക്ക് തൊഴിൽ കൊടുക്കേണ്ടതുണ്ട്. അപ്പോൾ സ്വാഭാവികമായും മറുനാട്ടുകാരോട് തിരികെ പോകാൻ പറഞ്ഞെന്നിരിക്കും.

ഇന്ത്യയിൽ തന്നെ പൊതുമേഖലാ സ്ഥാപനങ്ങൾ തൊഴിലാളികളെ കുറച്ചപ്പോൾ പ്രവാസികൾ അതു ഗുണകരമാണെന്ന ഒരു നിലപാട് എടുക്കുകയാണു ചെയ്തത്. അതുപോലെ ഒരു അടുക്കും ചിട്ടയും വരുത്തുകയാണു സൌദി സർക്കാരും. അതിനോട് വിവേകപൂർവ്വം സഹകരിക്കണം.

സൌദിയിൽ പണിയെടുക്കുന്ന ഒരു സാധാരണപ്രവാസി തൊഴിലാളിക്ക് ലഭിക്കുന്ന പ്രതിഫലം 10000-15000 ഘടനയിലുള്ളതാണു. ഒന്നോ ഒന്നരയോ ലക്ഷം മുടക്കിയാണു ആ പാക്കേജിൽ കയറിപ്പറ്റുന്നത്. തൊഴിൽ രംഗം അവിടെ കഠിനമാണു. ക്ഷീണിച്ചാൽ പോലും ഒന്നു കയറി ഇരിക്കാനാവില്ല. തൊഴിലല്ലാതെ വേറൊന്നും ചെയ്യാനില്ലാത്തതു കൊണ്ടും തൊഴിൽ നിയമങ്ങളുടെ സ്വാതന്ത്ര്യമില്ലാത്തതു കൊണ്ടും അവിടെ കഠിനാദ്ധ്വാനം ചെയ്യുന്നു. ആ മനോഭാവം ഇവിടെയും പ്രകടിപ്പിച്ചാൽ ഇവിടെയും തൊഴിലവസരങ്ങൾ ഉണ്ട്. പക്ഷെ അവിടുത്തേപ്പോലെ ജോലി ചെയ്യണം. അവിടെ ലഭിക്കുന്ന പ്രതിഫലം മതിയെന്നു വയ്ക്കണം.

ഇന്നിപ്പോൾ അസംഘടിത മേഖലയിൽ അനവധി തൊഴിലവസരങ്ങൾ കേരളത്തിലുണ്ട്. അവിടെ ലഭിക്കുന്ന കുറഞ്ഞകൂലി 600 രൂപയാണു. കായികമായോ മാനസികമായൊ സൌദിയിലുള്ളത്ര പ്രയാസം ഇവിടെയില്ല. ഇന്ത്യയുടെ തന്നെ പലഭാഗങ്ങളിലും തൊഴിലവസരങ്ങൾ വേറെ ഉണ്ട്. തമിഴ്നാട്ടിൽ പല വ്യവസായ മേഖലകളിലും തൊഴിലാളിയെ കിട്ടാനില്ല. കേരളത്തിലെ ഒരു കിൻഫ്രാപാർക്ക് തൊഴിലാളികളെ കിട്ടാനില്ലാതെ പൂട്ടി. ഇത്തരം തൊഴിലവസരങ്ങൾ അറിഞ്ഞ് അവിടേക്ക് കയറിച്ചെല്ലണം. ഇക്കാര്യത്തിൽ സർക്കാർ സഹായിക്കുന്നത് ഉചിതമായിരിക്കും. എന്നു വച്ച് തൊഴിൽ ആവശ്യമുള്ളവർ അതിനു കാത്തുനിൽക്കരുത്. ജോലി ചെയ്യാൻ തയ്യാറായി നേരെ ചെല്ലുക. ഉറപ്പായും നിങ്ങൾക്ക് ഒരു തൊഴിൽ ലഭിച്ചിരിക്കും.

വിദേശത്ത് തൊഴിലവസരങ്ങൾ കുറയുന്നതു കൊണ്ട് വിഷമിക്കുന്നത് റിക്രൂട്ടിങ്ങ് സംഘങ്ങളും രാഷ്ട്രീയക്കാരുമാണു. അവർ ഇരുവരുടേയും വരുമാനത്തെ അതു ബാധിക്കും. അതു കൊണ്ട് ഇപ്പോഴുണ്ടാകുന്ന ഈ പ്രതികരങ്ങൾ അവരുടെയാണെന്നു ധരിക്കണം. അതിനു ചെകിടുകൊടുത്തു പ്രവാസിതൊഴിലാളികൾ തുലയരുതു. പണിയറിയാവുന്നവനും അതിനു തയ്യാറുള്ളവനും എവിടേയും തൊഴിലും പ്രതിഫലവുമുണ്ട്.

 

ജലതരംഗം

തരിശുകിടക്കുന്ന നെല്പാടങ്ങളും, വരണ്ടുണങ്ങിയ പറമ്പും ചുറ്റിക്കണ്ട് മടങ്ങുന്ന പഴയ ഒരു കർഷകനായ നാരായണനെ ഇന്നലെ വഴിയിൽ വച്ചു കണ്ടു. വെറുതെ ഓരോന്നു പറഞ്ഞകൂട്ടത്തിൽ, ആകാശത്തിൽ ജ്വലിച്ചു നിൽക്കുന്ന സൂര്യനെ നോക്കി നാരായണൻ പറഞ്ഞു : “കടുത്ത വേനലാ വരാൻ പോകുന്നത്. തൊള്ളി വെള്ളം കാണുകേല. എങ്ങനെ കാണാനാ. ഇക്കണ്ട മനുഷ്യരൊക്കെ വെള്ളം വെറുതെ കളയുകയല്യോ? പൈപ്പിക്കൂടെ വെള്ളം വരുന്നതു കൊണ്ട് വെള്ളം കോരണ്ട. അപ്പോ അതിനൊന്നും ഒരു അദ്ധ്വാനവും വേണ്ട. അദ്ധ്വാനിക്കാതെ കിട്ടുന്ന എന്തും പാഴിൽക്കളയുന്ന സ്വഭാവം മനുഷ്യനുണ്ട്......”

ആലോചിച്ചപ്പോൾ അദ്ദേഹം പറയുന്നതിൽ കാര്യമുണ്ടെന്നു തോന്നി. പണ്ടൊക്കെ വെള്ളം കോരി എടുക്കണം. അന്നു വെള്ളം ഉപയോഗിക്കുന്നതിൽ ഒരു ശ്രദ്ധയുണ്ട്. പല്ലുതേക്കാനാണെങ്കിലും കുളിക്കാനാണെങ്കിലും സൂക്ഷിച്ചേ വെള്ളം ഉപയോഗിക്കു. ഇന്നു അങ്ങനെയാണോ? പൈപ്പ് തുറന്നിട്ട് ബ്രഷിൽ പേസ്റ്റ് തേച്ച് പല്ലുരയ്ക്കാൻ തുടങ്ങും. പല്ലു തേപ്പ് കഴിയുന്നതുവരെ പൈപ്പിൽ നിന്നും വെള്ളം പൊയ്ക്കൊണ്ടിരിക്കും. കുളിക്കുമ്പോൾ ഷവറിൽ നിന്നാണെങ്കിലും കാര്യം അങ്ങനെ തന്നെ. സോപ്പ് തേക്കുന്നതു ഷവർ തുറന്നിട്ടുകൊണ്ടായിരിക്കും. മൊന്തയിൽ വെള്ളം എടുത്തു പല്ലു തേക്കുന്നതും, മഗ്ഗ് കൊണ്ട് കോരിക്കുള്ളിക്കുന്നതും നാം നിർത്തി. പുതുതലമുറയ്ക്കു അതൊന്നും ചിന്തിക്കാൻ പോലും കഴിയുന്നില്ല. ഇതിനിടയിൽ നഷ്ടപ്പെടുന്ന വെള്ളം എത്രയാണു? അതുപോലെ തന്നെയാണ് ഫ്ലഷുകളിലൂടെ ഒഴുകിപ്പോകുന്ന ജലം. ഓരോ മൂത്രമൊഴിപ്പിനും ഓരോ ഫ്ലഷ് വെള്ളം. അതിൽ നിയന്ത്രിതമായി വെള്ളമൊഴുക്കാനുള്ള സംവിധാനമുണ്ടെങ്കിലും ഫുൾഫ്ലഷ് അടിച്ചു വിട്ടാലെ നമുക്കൊരു തൃപ്തി വരു. പാത്രം കഴുകാൻ പണ്ട് ചരുവത്തിൽ വെള്ളം പിടിച്ചു വയ്ക്കും. പാത്രം തേച്ചു കഴിഞ്ഞാൽ ആദ്യത്തെ ഒന്നു രണ്ട് തവണ ചരുവത്തിലെ വെള്ളത്തിൽ. പിന്നെ ഒന്നോ രണ്ടോ തവണ ശുദ്ധജലത്തിൽ. ഇപ്പോഴോ? അവിടെയും പൈപ്പ് തുറന്നിടുന്നു. കുബേരനേയാണെങ്കിലും അശ്രദ്ധമായ ചിലവ് പാപ്പരാക്കും. മലയാളി വെള്ളത്തിന്റെ കാര്യത്തിൽ താമസിക്കാതെ പാപ്പരാകും.

“വെള്ളം മനുഷ്യനു മാത്രമൊള്ളതല്ല. സകല ജീവജാലങ്ങൾക്കും അതാവശ്യമുണ്ട്. ഈ ചെടീം മരോമൊക്കെയാ ജലത്തിന്റെ അളവ് നിശ്ചയിക്കുന്നത്. മരമെത്രയുണ്ടോ അതിനു വേണ്ട വെള്ളമാ മഴയുടെ കണക്ക്..............”

നാരായണൻ തന്റെ അറിവ് പങ്കുവെച്ചു. റബ്ബർ മരങ്ങൾ വർദ്ധിച്ചതാണു മഴകുറയാൻ കാരണമെന്നാണു നാരായണന്റെ നിരീക്ഷണം. റബ്ബറിനു അധികം വെള്ളം ആവശ്യമില്ല. പ്ലാവും, തെങ്ങും, മാവുമൊക്കെ നിന്ന പറമ്പുകൾ വെട്ടിവെടുപ്പാക്കിയാണു റബ്ബറ് നട്ടതു. അപ്പോൾ ഇലച്ചാർത്തു കുറഞ്ഞൂ. പിന്നെന്തിനാ വെറുതെ മഴപെയ്യിക്കുന്നതെന്നു പ്രകൃതിക്ക് തോന്നിക്കാണും. ചെടികളെ കണക്കാക്കിയാണു പ്രകൃതി മഴപെയ്യിക്കുന്നത്. ബാക്കിയുള്ള ജന്തുജാലങ്ങൾ അതുമായാണു ബന്ധപ്പെട്ടിരിക്കുന്നത്. അതുപോലെ നെല്ലും, മറ്റുവിളകളും കുറഞ്ഞപ്പോൾ മഴയും കുറഞ്ഞൂ.

ഇതു പരിഹരിക്കാൻ സിയാൽ മാതൃകയിൽ കമ്പനിയുണ്ടാക്കീട്ടൊന്നും കാര്യമില്ല. ആറ്റിൽ നിന്നും തോട്ടിൽ നിന്നുമൊക്കെ വെള്ളം പിടിക്കാമെന്നു കമ്പനി നടത്തുന്നവർ വിചാരിക്കുന്നുണ്ടായും. മഴപെയ്യുന്നില്ലെങ്കിൽ അവയിൽ വെള്ളം കാണുമോ? അതും പോരാത്തതിനു എത്ര നീർച്ചാലുകൾ ഉണ്ട് വിശ്വസിക്കാവുന്നതായി. മിക്കതിലും വെള്ളത്തേക്കാൾ കൂടുതൽ വിഷമാണു. ചിലതിൽ മെർക്കുറി. ആ വെള്ളം കുടിച്ച് ആളുകൾ എല്ലാം തളർവാതം പിടിച്ചു കിടന്നോളും. അപ്പോൾ വെള്ളത്തിന്റെ ഉപഭോഗം കുറയുമായിരിക്കും. ഇപ്പോഴാണെങ്കിൽ ആ നദികൾക്ക് ചുറ്റുമുള്ളവർക്കേ അത്തരം സൂക്കേടുകൾ വരു. വലിയ കമ്പനിയൊക്കെ ഉണ്ടാക്കുമ്പോൾ ആ വെള്ളം നാടൊട്ടുക്ക് ഒഴുക്കും. എല്ലാവർക്കും കിട്ടും രോഗം.

നാരായണനു പരിഹാരമുണ്ട്. മഴപെയ്യിക്കണം. അതിനു മരം വെച്ചു പിടിപ്പിക്കണം. പച്ചപ്പ് കൂടണം. ഈ കമ്പനിയൊക്കെ ഉണ്ടാക്കുന്ന കാശുകൊണ്ട് അതു ചെയ്താൽ കാര്യങ്ങൾ മെച്ചപ്പെടും. വേറൊന്നുള്ളത്. നിർമ്മാണമേഖലയിലെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവക്കണം. കെട്ടിടനിർമ്മാണമാണു വെള്ളം ദുരുപയോഗം ചെയ്യുന്ന ഒരു മേഖല. എന്നു മാത്രമല്ല മരങ്ങൾക്ക് നിൽക്കാനുള്ള ഇടങ്ങൾ ഇത്തരം പണിത്തരങ്ങൾ കയ്യടക്കുകയും ചെയ്യുന്നു. ഇതൊക്കെ അറിയാവുന്ന പണ്ടുള്ളവർ സ്വാഭാവികമായ ചെറിയ വീടുകളിൽ താമസിച്ചു. പണിയിടങ്ങൾ സ്ഥിരമായി ഉണ്ടാക്കിയില്ല. ആശാരിയും, കല്ലനും, മോട്ടോർമെക്കാനിക്കുമൊക്കെ പണിയിരിക്കുന്നിടത്തു ചെന്നു പണിതു. നമുക്കിപ്പോൾ അതൊന്നും പോരാ. എല്ലാത്തിനും ഷോറൂം വേണം. മനുഷ്യനേയും താമസിക്കാതെ ഷോറൂമിൽ കൊണ്ടുവന്നു വയ്ക്കും!

അപ്പോൾ നാം എന്തു തീരുമാനിക്കുന്നു? സർക്കാരും ഉദ്യോഗസ്ഥരും മുതലാളിമാരും അതിന്റെ വഴിക്കു പോകട്ടെ. നമുക്ക് ചെയ്യാവുന്ന കൊച്ചു കൊച്ചുകാര്യങ്ങൾ ഉണ്ടല്ലോ. അതു ചെയ്യാൻ ഉദ്ദേശിക്കുന്നോ, അതോ വിയർത്തും, ദാഹിച്ചും, തളർവാതം പിടിച്ചും കിടക്കുന്നോ?

Friday, March 29, 2013

വാസ്കോഡഗാമ



വാസ്കോഡഗാമ കാപ്പാട്ട് കടവിറങ്ങി എന്നു നാം എന്തിനാണു അഭിമാനപൂർവ്വം സ്മരിക്കുന്നത്? അയാൾ ഇന്ത്യയിലേക്ക് വരികയും കേരളത്തിൽ എത്തിപ്പെടുകയും ചെയ്തെങ്കിൽ പോർട്ടുഗല്ലിലെ സ്കൂൾകുട്ടികൾ അതൊക്കെ അവരുടെ ചരിത്രമായി പഠിക്കട്ടെ. നാം എന്തിനു പിച്ചക്കാരുടെയും തെമ്മാടികളുടേയും കണക്ക് സൂക്ഷിക്കണം?

ഗാമ ഇന്ത്യയിലേക്ക് വരുമ്പോൾ ഇന്ത്യ ഒരു ഉല്പാദകരാജ്യവും യൂറോപ്പ് വിപണിയുമായിരുന്നു. യൂറോപ്യന്മാർ കടുത്ത ദാരിദ്ര്യത്തിലും. അറബികളുടെ കമ്മീഷൻ ഒഴിവാക്കി കച്ചവടം നടത്തുക എന്ന മിതമായ ലക്ഷ്യമേ അവർക്കുണ്ടായിരുന്നുള്ളു. അല്ലാതെ ഇന്ത്യയെ സഹായിക്കാനൊന്നും വന്നതല്ല. യൂറോപ്പിനേപ്പോലെ നാമൂം ദാരിദ്ര്യത്തിലായിരുന്നെങ്കിൽ അവരൊന്നും ഈ വഴി തിരിഞ്ഞു നോക്കില്ലായിരുന്നു. സോമാലിയയിൽ പോകാൻ ആരെങ്കിലും കൊതിക്കുമോ? ഇവിടെ കനത്തരീതിയിൽ നിക്ഷേപമുണ്ടെന്നും അതു ചൂഷണം ചെയ്യാനുള്ള വഴി തേടിയുമാണു വിദേശികൾ വന്നതും വന്നുകൊണ്ടിരിക്കുന്നതും. അല്ലാതെ ഇന്ത്യാക്കാരെ ഗുണപ്പെടുത്താനല്ല. ഇതു മനസിലാകാതെ അവരെയൊക്കെ കെട്ടി എഴുന്നെള്ളിക്കുന്നവരുടെ ജനിതകങ്ങൾ പരിശോധിക്കേണ്ടതാണു.

രോഗങ്ങൾ മാർക്കറ്റ് ചെയ്യപ്പെടുകയാണോ?

1957ൽ ഇംഗ്ലണ്ടിലെ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസിൽ അംഗമായ യുവഡോക്ടർ ആയുർവ്വേദമടിസ്ഥാനമാക്കി താൻ രചിച്ച പ്രബന്ധം സയന്റിഫിക് കമ്മ്യൂണിറ്റി തമസ്കരിച്ചപ്പോൾ ഒരു തീരുമാനമെടുത്തു. ഈ രംഗത്തു തുടർന്നിട്ട് ഫലമില്ല. ഇന്ത്യയിലേക്ക് മടങ്ങി ഒരു നഗ്നപാദ ഡോക്ടറായി ബാക്കികാലം കഴിച്ചു കൂട്ടാൻ വിചാരിച്ച് അമ്മാവൻ ജോലി നോക്കിയിരുന്ന ഉത്തരഖണ്ഡിലേക്ക് പോയി. അനേകം സാധുക്കൾ ചുറ്റിക്കറങ്ങുന്ന ഇടം. വൈദ്യത്തേക്കാൾ താല്പര്യം അലഞ്ഞുതിരിയുന്നതിലായിരുന്നതിനാൽ അദ്ദേഹം ഹിമാലയൻ സാനുക്കളിൽ ചുറ്റിത്തിരിയാൻ ആരംഭിച്ചു. അവിടെ പരിചയപ്പെട്ട സാധുക്കൾ പല ചെടികളും മരുന്നുകളും പരിചയപ്പെടുത്തി. അവ ഒരു നോട്ടുപുസ്തകത്തിൽ കുറിച്ച് നാട്ടിലുള്ള മച്ചുനനു അയച്ചു കൊടുത്തുകൊണ്ടിരുന്നു. അവർക്കവിടെ വൈദ്യമുണ്ടായിരുന്നു. ഇംഗ്ലീഷ്വൈദ്യം പഠിച്ചിട്ടും അതു വേണ്ടെന്നു വച്ചു തെണ്ടിത്തിരിയുന്ന യുവാവിനെ നാട്ടിലെല്ലാർക്കും പുച്ഛമായിരുന്നു. അക്കാലത്താണു ഇന്ത്യാ ചൈനാ യുദ്ധം. അതിർത്തിയിൽ നിൽക്കാൻ പറ്റാത്തതു കൊണ്ട് അദ്ദേഹം പിന്നീട് എവിടേക്കോ പോയി. പിന്നെയാരും ആ യുവഡോക്ടറെ കണ്ടിട്ടില്ല.


ഡോ.റാം കാലിഫോർണിയയിൽ ആണു. ന്യൂ‍റോ മെഡിസിനിൽ ഉന്നതപഠനം കഴിഞ്ഞ് പ്രഫസറായും ഫിസിഷ്യനായും ജോലി നോക്കുന്നു. അദ്ദേഹത്തിന്റെ പ്രശ്നം അച്ഛന്റെ വയറിനുള്ളിലെ മുഴയാണു. സാമാന്യപരിശോധനയൊക്കെ കഴിഞ്ഞു. ചില്ലറ ചികിത്സകളും തുടങ്ങി. പക്ഷെ ഈ മല്ലു ഡോക്ടേഴ്സിന്റെ  ഉറപ്പില്ലാത്ത ഒരുതരം ഡയഗണോസിസ് റാമിനെ ശുണ്ഠിപിടിപ്പിച്ചു. ഒരാൾ പറയുന്നതല്ല, വേറൊരാൾ പറയുന്നത്. രണ്ടു ടെസ്റ്റുകളും ഒരുപോലെ ഇരിക്കുന്നില്ല. വയറ്റിൽ മുഴയുണ്ടോ എന്നു തുറന്നു നോക്കിയാൽ പറയാം എന്നു പറയുന്നയാൾ തന്നെ തുറന്നാൽ എന്തും സംഭവിക്കാമെന്നും പറയുന്നു. ആകെയൊരു അനിശ്ചിതത്വം. അപ്പോഴാണു സ്റ്റോക്ക് റൂമിൽ പൊടിതട്ടിക്കിടന്ന ആ പ്രബന്ധം ശ്രദ്ധയിൽ പെട്ടത്. ദുവാച്ചെടിയെ ആസ്പദിച്ചുള്ള ഒരു പ്രബന്ധമയിരുന്നു അത്. അതിൽ നിന്നും വേർതിരിച്ചെടുക്കാവുന്ന Biological Active Elements വിവിധതരം രോഗങ്ങളെ ഭേദപ്പെടുത്തുന്നതായി അതിൽ സ്ഥാപിച്ചിട്ടുണ്ട്. അവയിലൊന്നു ശരീരത്തിൽ വരുന്ന മുഴകളാണു. ഡോ. റാം ഒട്ടും അമാന്തിക്കാതെ പ്രബന്ധകാരനെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു. നിർഭാഗ്യവശാൽ ആ പേരുകാരൻ ഇന്ത്യയിൽ ഒരിടത്തുമുണ്ടായിരുന്നില്ല. പക്ഷെ അയാളുടെ കുടുംബം എവിടെയാണെന്നു കണ്ടുപിടിക്കാൻ കഴിഞ്ഞൂ. അവിടെ ഇപ്പോൾ വൈദ്യശാലയില്ലെങ്കിലും  വൈദ്യമറിയാവുന്നവർ ഉണ്ട്. അതു മതിയെന്നു റാം തീരുമാനിച്ചു. കാരണം എന്തെങ്കിലും അത്ഭുതമരുന്നു അവർക്കറിയാമായിരിക്കും എന്നൊരു വിശ്വാസം. അവരോട് സംസാരിക്കാം. മറുപടി കേട്ടാൽ തനിക്ക് മനസിലാകും. കാരണം താൻ വൈദ്യം പഠിച്ചിട്ടുണ്ട്. ഉഡായിപ്പിറക്കിയാൽ അപ്പോൾ മനസിലാകും.


നേരെ അവിടേക്ക് ലാൻഡ് ചെയ്തു. പഴയ ഒരു നാലു കെട്ട്. പക്ഷെ മിറ്റത്തു റബ്ബർ ഉണങ്ങാനിട്ടിട്ടുണ്ട്. സന്ദർശകർ ഉണ്ടെന്നറിഞ്ഞപ്പോൾ ഒരാൾ ഇറങ്ങി വന്നു. കാഴ്ചയിൽ തന്നെ  ഉഗ്രൻ. കാര്യം പറഞ്ഞപ്പോൾ, താൻ ചികിത്സ നിർത്തിയെന്നും, അതിനുള്ള ലൈസൻസ് തനിക്കില്ലെന്നും പറഞ്ഞ് ഒഴിയാൻ നോക്കി. അദ്ദേഹം മറ്റൊരു വൈദ്യനെപരിചയപ്പെടുത്തി തരാമെന്നു പറഞ്ഞു.സംസാരിച്ചപ്പോൾ കാര്യം പിടികിട്ടി. ടിയാനു വൈദ്യം മാത്രം ചെയ്യാൻ താല്പര്യം ഇല്ല. പെണ്ണും പിടക്കോഴിയുമൊന്നുമില്ല. ഇഷ്ടം പോലെ റബറും, മറ്റാദായങ്ങളുമുണ്ട്. എന്നാലും ആരെങ്കിലും ചെന്നാൽ ഭക്ഷണവും കൊടുത്ത് സംസാരിച്ചിരിക്കാൻ ഇഷ്ടമാണു.  

എന്തായാലും റാം കാര്യം എല്ലാം വിശദീകരിച്ചു പറഞ്ഞു. കേട്ടുകഴിഞ്ഞപ്പോൾ ഒരു സുഖമില്ലാത്ത മറുപടി പുറത്തുവന്നു.
- ഓ, ഇത്രേയൊള്ളോ? എനിക്കു ചികിത്സിക്കാനുള്ളതേയുള്ളു. പക്ഷെ ഇപ്പോ ഇംഗ്ലീഷ് ചികിത്സ നടക്കുകല്ലെ, അതു കഴിയട്ടെ. പിന്നെ നിങ്ങൾക്കിതിൽ വല്ല വിശ്വാസവും ഉണ്ടോ? ഉണ്ടാകില്ല. കാരണം ആയുർവ്വേദം ഒരു തരം അന്ധവിശ്വാസമാണെന്നല്ലെ ശാസ്ത്രീയമായി പഠിച്ച നിങ്ങളൊക്കെ വിചാരിച്ചിരിക്കുന്നത്.
-അതു ശരിയാണു. അതിനൊരു കാരണമുണ്ട്. മരുന്നിനെ പറ്റി പറയുന്നുണ്ടെങ്കിലും അതിന്റെ രസതന്ത്രം വിശദീകരിക്കുന്നില്ല.
-എന്നാരു പറഞ്ഞു? നിങ്ങൾ ആയുർവ്വേദത്തിലെ പുസ്തകങ്ങൾ പഠിച്ചിട്ടുണ്ടോ?
-ഇല്ല. റിവ്യൂകൾ കണ്ടിട്ടുണ്ട്.
-അതു ശരിയാണോ എന്നു പരിശോധിച്ചോ
-ഇല്ല. അതിന്റെ ആവശ്യം തോന്നിയില്ല. കാരണം അത്രമാത്രം ക്രെഡിബിലിറ്റിയുള്ളവരാണു അതൊക്കെ എഴുതിയിരിക്കുന്നത്. പിന്നെ അവിശ്വസിക്കേണ്ടെന്നു തോന്നി.
-അതായത് നിങ്ങൾ അന്ധവിശ്വാസത്തിനു ഒരു യുക്തി കണ്ടുപിടിച്ചെന്നു ചുരുക്കം. എന്തായാലും അലോപ്പതി ചികിത്സ തുടർന്നു കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് ചെയ്യാനാവില്ല. തൽക്കാലം അതു തുടരട്ടെ. അവർ വേണ്ടെന്നു വച്ചാൽ നമുക്ക് നോക്കാം.
-അതു പറ്റില്ല. കാരണം അതിന്റയകത്തു ഒരു കെണിയുണ്ട്. എന്റെ അച്ഛൻ എനിക്ക് വളരെ പ്രിയപ്പെട്ടവനാണു. അദ്ദേഹത്തിന്റെ പരമാവധി ആയുസ്സും എന്റെ ഒപ്പം ഉണ്ടാകണമെന്നാണു. ഇപ്പോഴത്തെ ചികിത്സ തുടർന്നാൽ അതു സാധികുമെന്നു തോന്നുന്നില്ല.
-അതെന്താ.
-അതൊരു മെഡിക്കൽ വ്യവസായത്തിന്റെ രഹസ്യമാണു. അങ്ങയോടെന്നല്ല ഞങ്ങളുടെ ജൂണിയേഴ്സിനോടു പോലും ഡിസ്കസ്സ് ചെയ്യാത്ത ഒരു കാര്യമാണു. എങ്കിലും പറയാം. രണ്ടാം ലോകമഹായുദ്ധം ലക്ഷ്യമാക്കിയാണു മെഡിക്കൽ പ്രൊഫഷൻ ലോകത്ത് വളർന്നു വന്നത്. ഒന്നാം ലോകമഹായുദ്ധത്തിലെ നിബന്ധനകൾ നടപ്പാകാതെ വന്നു തുടങ്ങിയപ്പോഴെ രണ്ടാം യുദ്ധം ഉറപ്പായി. അതിൽ മെഡിക്കൽ പ്രഫഷനു വമ്പിച്ച കുതിച്ചുകയറ്റമുണ്ടാകുമെന്നു വ്യാവസായിക ലോകം നേരത്തെ തന്നെ കണക്കുകൂട്ടി. അങ്ങനെ കൂടുതൽ പ്രഫഷണലുകളും അനുബന്ധവ്യവസായങ്ങളും ഉണ്ടായി. മരുന്നു കമ്പനികൾ കൂണു പോലെ മുളയ്ക്കാൻ തുടങ്ങി. പക്ഷെ രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞപ്പോൾ ഇവയ്ക്കെല്ലാം കൂടി പിടിച്ചു നിൽക്കാൻ പാടായി. പന്നിയെലി പെരുകിയാൽ തമ്മിൽ കടിച്ചുകീറുമെന്നു പറഞ്ഞ അവസ്ഥ. 1960ഓടെ അതിനു ഒരു പരിഹാരം കണ്ടെത്തി. രോഗങ്ങൾ മാർക്കറ്റ് ചെയ്യുക. അടിസ്ഥാന ഗവേഷണങ്ങൾക്ക് പണം കൊടുക്കുന്ന പരിപാടി കമ്പനികൾ നിർത്തി. സ്പെഷലൈസേഷനുകളിലും അതിന്റെ മാനേജുമെന്റിലുമായി അവരുടെ ശ്രദ്ധ. അങ്ങനെയാണു അതുവരെ ഫിസിഷ്യനും സർജ്ജനും മാത്രം ചികിത്സിച്ചിരുന്ന മെഡിക്കൽ രംഗം പലതായി പിരിഞ്ഞു വളരാൻ തുടങ്ങിയത്. എഴുപതുകളിൽ മത്സരം രൂക്ഷമായി. ഓരോ ശാഖയ്ക്കും വേണ്ടത്ര ആളിനെ കിട്ടാൻ പിന്നെ കാൻ‌വാസിങ്ങായി. അങ്ങനെയാണു, സാധാരണമായ പലരോഗങ്ങളും ഹൃദ്രോഗത്തിലേക്കും, കാൻസറിലേക്കും റഫർ ചെയ്യപ്പെട്ടു തുടങ്ങിയത്. രോഗപരിശോധനയുടെ തുടക്കത്തിൽ ഫിസിഷ്യനും പിന്നീട് സ്പെഷലിസ്റ്റുകൾക്കും നിർലോപം പങ്കു കിട്ടുമെന്നൊരുഗുണം ഇതിനുണ്ട്. എന്റെ അച്ഛനെ അങ്ങനെ ചികിത്സിച്ചാൽ അദ്ദേഹം രക്ഷപ്പെടില്ല.



ഡോ.റാം പറഞ്ഞു നിർത്തിയപ്പോൾ ഇതിനൊരു ഇന്ത്യൻ അനുബന്ധമുണ്ടെന്നു പറഞ്ഞ് ഉഗ്രൻ തുടങ്ങി.

-ഞാൻ ഒരു കാര്യം കേട്ടിട്ടുണ്ട്. ശരിയാണോ എന്നറിയില്ല. 1930കളിൽ ബ്രിട്ടീഷ് സ്വാധീനമുള്ള പ്രദേശങ്ങളിൽ മാത്രം നിലനിന്ന ഒന്നാണു അലോപ്പതി. ഇന്ത്യ മൊത്തമായി എടുക്കുമ്പോൾ ഹോമിയോപ്പതിയും അലോപ്പതിയും കൂടി ഒരു 5% മേ ചികിത്സാരംഗത്തുണ്ടായിരുന്നുള്ളു. ബാക്കി 95%വും ആയുർവ്വേദത്തിന്റെ കൈവശമായിരുന്നു. അതിൽ കുറേഭാഗം മന്ത്രവാദം കയ്യടക്കി. ഈ ചികിത്സ കൊണ്ട്, പിന്നീട് അലോപ്പതി ആരോപിച്ച പോലുള്ള ആരോഗ്യപ്രശ്നമൊന്നും ഉണ്ടായിരുന്നില്ല. ഔഷധികൾ കൊണ്ടും, നാടൻ രീതിയിൽ നിർമ്മിക്കുന്ന മരുന്നുകൾ കൊണ്ടും ഒട്ടുമിക്കരോഗങ്ങളേയും ഫലപ്രദമായി നേരിട്ടു. മിക്ക വീട്ടമ്മമാരും പകുതി വൈദ്യകളുമായിരുന്നു. കുടുംബാംഗങ്ങളിൽ ആരിലെങ്കിലും ആരോഗ്യവ്യതിയാനമുണ്ടാകുമ്പോൾ ആദ്യം അത് അമ്മമാരുടെ ശ്രദ്ധയിലാണു പെടുന്നത്. അവരത് ആഹാരത്തിൽ മാറ്റം വരുത്തി നേരിടും. ഒരു ഉദാഹരണം പറയാം. കണ്ണിനു താഴെ തടിപ്പ് കണ്ടാൽ അയാൾക്ക് ചേമ്പും കിഴങ്ങും കൊടുക്കില്ല. കൊളസ്ട്രോൾ വർദ്ധിച്ചു കാണുമെന്നു അവർക്ക് പറയാനറിയില്ലെങ്കിലും അവർ അതിനുള്ള മരുന്നു കൊടുക്കും. സംഭാരത്തിൽ കറിവേപ്പിലയും ജാതിപത്രിയും നന്നായിട്ട് അരച്ചു ചേർത്തു. പക്ഷെ ഇത്തരം ചികിത്സ മെഡിക്കൽ വ്യവസായത്തിനു അനുഗുണമല്ല എന്നു മനസിലാക്കി ഗവൺമ്മെന്റുകളെ പ്രേരിപ്പിച്ച് ആയുർവ്വേദത്തിനു എതിരെ തിരിച്ചു. അലോപ്പതി രംഗം വളർന്നു വളർന്നു ഇന്നു രോഗം ചികിത്സിച്ചാൽ ഭേദമാ‍കാതെയായി. ഇപ്പോൾ അതു കൊണ്ട് Biological Active Elements തേടിനടക്കുകയാണു ആധുനിക വൈദ്യം.
-സമ്മതിച്ചു. പക്ഷെ എനിക്കെന്റെ അച്ഛന്റെ ജീവൻ രക്ഷിക്കാൻ എന്താ വഴി?

ഉഗ്രൻ മുണ്ട് മടക്കിക്കുത്തി പറമ്പിലേക്കിറങ്ങി. ഡോക്ടർ റാമും ഞാനും പിന്നാലെ ചെന്നു. അതിരിൽ നിന്ന ഒരു ചെടിപിഴുത് റാമിനെ കാണിച്ചു.
-ഇതെന്താണെന്നറിയാമോ?
-അറിയാം.
-ഉം, ഇതിന്റെ വേരരച്ച് അപ്പം ചുട്ട് ഒരു 11 ദിവസം കഴിപ്പിച്ചിട്ട് വാ. അന്നേരം മുഴയുണ്ടെങ്കിൽ നോക്കാം, വേറെ മരുന്നു വേണോന്നു.

രണ്ടാഴ്ചയ്ക്ക് ശേഷം ഞാനും റാമും വീണ്ടും ഉഗ്രന്റെ അടുത്തെത്തി. പുതിയ സ്കാനിൽ മുഴ കാണുന്നില്ല. അപ്പോൾ ആദ്യത്തെ മുഴ എവിടെപ്പോയി. ബന്ധപ്പെട്ട ഡോക്ടർ പറഞ്ഞത് ആദ്യമെടുത്ത റിപ്പോർട്ട് തെറ്റായിരിക്കുമെന്നാണു. അപ്പോൾ അതിനു മുൻപെടുത്ത റിപ്പോർട്ടുകളോ. അതിന്റെ അടിസ്ഥാനത്തിൽ കഴിച്ച മരുന്നുകളോ? ഡോക്റ്റർക്ക് മറുപടിയില്ലാരുന്നു.

എന്തായാലും റാം ആശ്വസിച്ചു. മടങ്ങാൻ തുടങ്ങുമ്പോൾ മനോഹരമായി ബയന്റ് ചെയ്ത ഒരു ഫയൽ ഉഗ്രനു നേരെ നീട്ടി.
-എന്തായിത്?
-ദുവാച്ചെടിയേക്കുറിച്ച് ഈ കുടുംബത്തിലെ ഡോക്ടർ നടത്തിയ പഠന റിപ്പോർട്ടാണു. അങ്ങേയ്ക്ക് ഉപകാരപ്പെടും.
-ഇംഗ്ലീഷിലല്ലെ? എനിക്ക് ഇംഗ്ലീഷറിയില്ല.


Sunday, March 24, 2013

കൃഷിയെപ്പറ്റി രണ്ട് പോസ്റ്റുകൾ




ഒന്നു

ചുമ്മാ ഒരു ചെടി നട്ടുവളർത്തുമ്പോഴറിയാം അതിന്റെ പാട്!

ശാസ്ത്രം പഠിച്ചതു കൊണ്ടൊന്നും ചെടിവളരില്ല. അതിനു കൃഷി അറിയണം. ശാസ്ത്രം പഠിച്ചവർ കൃഷിയെ നശിപ്പിച്ചിട്ടേയുള്ളു. കൃഷി ചെയ്യാനാണെങ്കിൽ കാർഷിക സർവ്വകലാശാലയിലൊന്നും പോകണ്ട കാര്യമില്ല. കർഷകന്റെ പാരമ്പര്യമറിഞ്ഞിരുന്നാൽ മതി. പണിയെടുക്കാതെ പണം കിട്ടാൻ വേണ്ടിയാണു ശാസ്ത്രം പഠിക്കുന്നതു തന്നെ. പാന്റിടണം. വെയിലു കൊള്ളാതിരിക്കണം. നല്ല വരുമാനവും മാന്യതയും വേണം. അതിനാണു കൃഷിശാസ്ത്രം പഠിക്കുന്നത്. അല്ലാതെ കൃഷി ചെയ്യാനല്ല. കൃഷിശാസ്ത്രജ്ഞനുകൊടുക്കുന്ന അത്രയും പണം കൊടുത്ത് കൃഷി നടത്താനുള്ള പാങ്ങ് നമുക്കില്ല. കൃഷിക്ക് പകരം കൃഷിശാസ്ത്രജ്ഞന്മാരെ നിയമിക്കാൻ പണം വകയിരുത്തിയതു കൊണ്ടാണിവിടെ കൃഷി മുടിഞ്ഞത് തന്നെ. നമുക്ക് വേണ്ടത് കാർഷിക ശാസ്ത്രജ്ഞന്മാരല്ല, തനി കർഷകരാണു.


രണ്ട്


നമ്മൾ മലയാളികൾക്കിടയിലെ ഒരു അന്ധവിശ്വാസമാണു കൃഷി ഓഫീസർ കൃഷിയെ രക്ഷിക്കുമെന്നത്. അതിൽ യാതൊരു സത്യവുമില്ല. അല്ലെങ്കിൽ ഇന്നു കേരളം കാർഷിക സമൃദ്ധി കൊണ്ട് തിങ്ങിവിങ്ങുമായിരുന്നു. കാരണം എല്ലാ പഞ്ചായത്തിലും കൃഷിഭവനുണ്ട്. അവിടെല്ലാം കൃഷിഓഫീസറുമുണ്ട്. എന്നാൽ അതിൽ കൃഷി നടത്തുന്ന ഓഫീസറന്മാർ നൂറിൽ താഴെ. ബാക്കിയെല്ലാരുടേയും കൃഷി ഏട്ടിലാണു. സർക്കാർ പദ്ധതി നടപ്പാക്കാനുള്ള വെറും ഗുമസ്തന്മാരാണവർ. ശാസ്ത്രജ്ഞന്മാരെ വിശ്വസിച്ചു കൊണ്ട് കൃഷിതുടങ്ങുകയോ, കാലിവളർത്തുകയോ ചെയ്യരുത്.........